Translate

Tuesday, March 31, 2015

ഉണരൂ സോദരരെ...

കേരള കത്തോലിക്കാ സഭ പാരമ്പര്യത്തിന്‍റെ പിന്നാലെ പോയി, എന്ന് സഭയുടെ സനാതന മൂല്യങ്ങള്‍ ബലികഴിച്ചോ അന്ന് തുടങ്ങിയതാണ്‌ സഭയ്ക്കുള്ളിലെ മുറുമുറുപ്പുകളും. ഒരു വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്ന സീറോമലബാര്‍ സഭ, രാഷ്ട്രിയ പിന്‍ബലത്തോടെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചു പോന്നു. ആ ചരിത്രമാണ് കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം (KCRM) ഇപ്പോള്‍ തകിടം മറിക്കുന്നത്. ഇതര നവീകരണ പ്രസ്ഥാനങ്ങളോട് വിവേചനമില്ലാതെ സമരസപ്പെട്ട്‌, അച്ചടക്കത്തോടെയും നിശ്ചയധാര്‍ഢ്യത്തോടെയും KCRM രംഗത്തിറങ്ങിയപ്പോള്‍ അതിന്‍റെ ഫലവും കണ്ടു. മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സി. അനിതയ്ക്ക് സഭാ ചരിത്രത്തില്‍ ആദ്യമായി നഷ്ടപരിഹാരം നല്‍കിയത്കൊണ്ട് തീരുന്നതല്ല KCRM ന്‍റെ മുന്നേറ്റം. അടിച്ചമര്‍ത്തപ്പെട്ട എല്ലാ സഭാംഗങ്ങള്‍ക്കും നീതി കിട്ടുന്നിടം വരെ അത് തുടരും.
KCRM ന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനം ചരിത്രത്തിന്‍റെ ഭാഗമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞിരുന്നു. KCRM ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും നിന്നുള്ള സഭാംഗങ്ങളുടെ നിലക്കാത്ത ആശംസകളാണ്, അന്ന് ഇതിന്‍റെ പ്രവര്‍ത്തകരെ വരവേറ്റത്. KCRM ന്‍റെ മുഖപത്രമായ സത്യജ്വാലയുടെ മാര്‍ച്ച് ലക്കം രണ്ടായിരം കോപ്പികള്‍ കൂടി പുന:പ്രസിദ്ധികരിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. സത്യജ്വാലയുടെ ലക്കങ്ങള്‍ ആവശ്യമുള്ളവര്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.  KCRM ന്‍റെ ഔദ്യോഗിക അന്താരാഷ്ട്ര മാധ്യമമായ Church Citizens’ Voice ല്‍ നിന്ന് അവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
മാസിക തപാലില്‍ വേണ്ടവര്‍,  KCRM ന്‍റെ State Bank of Travancore – Pala Branch A/c No.67117548175
A/c Name: Kerala Catholic Church Reformation Movement
IFSC Code:SBTR0000120 അക്കൌണ്ടില്‍ പണം അടച്ച് almayasabdam@gmail.com എന്ന വിലാസത്തില്‍ എഴുതുക. വരിസംഖ്യാ നിരക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.
Subscription
India
Abroad
Single Copy
Rs.15/-
Rs.70/-
One year
Rs.150/-
Rs.750/-
5 Years
Rs.600/-
Rs.3000/-

ലോകമെമ്പാടുനിന്നുള്ള കത്തോലിക്കാ സഭാ സംബന്ധമായ എല്ലാ വാര്‍ത്തകളും വിവേചനമില്ലാതെ വായിക്കാന്‍ Church Citizens Voice പ്രയോജനപ്പെടുത്താനും എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കെ നമ്മെ കൂടുതല്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ. നമ്മുടെ വെബ്സൈറ്റിലും ബ്ലോഗ്ഗിലും ഓരോ പോസ്ടിന്റെയും അടിയില്‍ കൊടുത്തിരിക്കുന്ന സോഷ്യല്‍ മീഡിയാ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ മുമ്പില്‍ അത് എളുപ്പം എത്തിച്ചേരാന്‍ ഇടവരും. എറണാകുളം സമ്മേളന വാര്‍ത്തകള്‍ ഏതാണ്ട് മുപ്പതു ലക്ഷം സഭാംഗങ്ങളുടെ സോഷ്യല്‍ മീഡിയ/മെയില്‍ അക്കൌണ്ടുകളില്‍ എത്തിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ മുഴുവന്‍ സഭാംഗങ്ങളിലും എത്തിക്കാന്‍ വളരെ വേഗം നമുക്ക് കഴിയണം.

KCRM ന്‍റെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് മീഡിയാ ചലിപ്പിക്കാന്‍ ലോകമെമ്പാടുനിന്നുമായി പത്തോളം പേര്‍ സദാ പ്രവര്‍ത്തന നിരതരാണെന്ന് സദയം ഓര്‍ക്കുക. അധികാരത്തിന്‍റെയും അഹന്തയുടെയും സ്വരം എവിടൊക്കെ ഉണരുന്നുവോ അവിടെല്ലാം KCRM ന്‍റെ പ്രവര്‍ത്തകരും സഹായവുമായി ഉണ്ടാവും. ഒരു സംശയവും വേണ്ട! അടിക്കടി അടിത്തറ ദുര്ബ്ബലമായിക്കൊണ്ടിരിക്കുന്ന കേരള കത്തോലിക്കാ സഭയെ തകര്‍ക്കുക എന്നതല്ല KCRM ന്‍റെ ലക്‌ഷ്യം. ആയിരുന്നെങ്കില്‍ സി. അനിതാ കേസ് ഇങ്ങിനെയായിരുന്നില്ല തീരുമായിരുന്നത്. അന്തസ്സായി എണീറ്റു നിന്ന് ഞാന്‍ സീറോ മലബാര്‍ ക്രിസ്ത്യാനി എന്ന് പൊതു സമൂഹത്തില്‍ പറയാന്‍ മടിക്കുന്ന ഒരു തലമുറയ്ക്ക് അഭിമാനമായി മാറുന്ന ഒരു സഭാ സമൂഹം ഇവിടുണ്ടാകും. അതിനു കൂടുതല്‍ ഒന്നും ചെയ്യേണ്ടതുമില്ല, അധികാര പ്രമത്തരായ സഭാധികാരികളില്‍ നിന്ന് സഭയെ വേര്‍പെടുത്തി അത് അത്മായര്‍ക്കു തിരിച്ചു കൊടുക്കുകയേ വേണ്ടൂ. ആ ലക്‌ഷ്യം നേടുന്നത് വരെ അത്മായാ സമൂഹവും പ്രവര്‍ത്തന നിരതരായി ഇവിടുണ്ടാവും. പണവും സ്വാധീനവുമല്ല KCRM ന്‍റെ ശക്തി, പകരം ഈശ്വര കൃപ തന്നെ. അത് വേദനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും കൂടെയല്ലെങ്കില്‍ പിന്നെവിടെ?

എന്റെ സത്യാന്വേഷണ ആത്മീയ കഥകൾ

By Dr.ജെയിംസ്  കോട്ടൂർ 
 (മലയാളം വീക്ഷണം: ജോസഫ് പടന്നമാക്കൽ)

(ഇംഗ്ലീഷിൽ ശക്തമായ പദപ്രയോഗങ്ങൾ കൊണ്ട് ഭാവനയോടെ   സ്ഥിരം ലേഖനങ്ങൾ എഴുതുന്ന ജെയിംസ് കോട്ടൂരിനെ  അഭിനന്ദിച്ചേ മതിയാവൂ. അദ്ദേഹം ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾക്കും ഭാവനകൾക്കും നീതി പുലർത്തി മലയാളത്തിൽ എഴുതുവാൻ ബുദ്ധിമുട്ടാണ്. തനതായ എന്റെ ശൈലിയിൽ ലളിതമായ മലയാളത്തിൽ അദ്ദേഹത്തിൻറെ ആശയങ്ങൾ  ഞാനിവിടെ  പകർത്തിയെന്നേയുള്ളൂ.  ഇംഗ്ലീഷിൽ എഴുതിയ അസ്സൽ  ലേഖനം   അല്മായ ശബ്ദത്തിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. -ജോസഫ്  പടന്നമാക്കൽ)  



കുറേക്കാലം ഒരു പുരോഹിതനായിരുന്ന ഞാൻ,  കടന്നു വന്ന വഴികളെ  തുറന്ന ഹൃദയത്തോടെ ആത്മകഥാ രൂപത്തിൽ ഇവിടെ കുറിയ്ക്കുകയാണ്.  ഇതെന്റെ ആത്മാന്വേഷണവും  സഞ്ചരിച്ച കല്ലും മുള്ളും നിറഞ്ഞ വഴികളും   ചെറിയ ലോകവും ഒപ്പം സഞ്ചരിച്ചവരും അനുഭവങ്ങളും പാളീച്ചകളുമാണ്. വായനക്കാരാ, ഹൃദ്യമായ ഭാഷയിൽ  വികാരഭാവങ്ങളോടെ മനസുതുറന്നുകൊണ്ട് തന്നെ  ഞാൻ നിങ്ങളോട് സംസാരിക്കട്ടെ. ഇതിൽ കുറിച്ചിരിക്കുന്ന സത്യങ്ങളെല്ലാം  കർത്താവിന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്ത പുരോഹിതനായിരുന്ന എന്റെ കഥയാണ്. ഒരിയ്ക്കൽ  ക്രിസ്തുവിന്റെ ബലിപീഠത്തിങ്കൽ, നിഷ്കളങ്കനായി ഒരു മാലാഖയെപ്പോലെ  പൌരോഹിത്യത്തിൽ ഞാൻ ചെക്കേറി. അതേ സത്യത്തിന്റെ ദീപം കൊളുത്തി പൌരോഹിത്യം ഉപേക്ഷിക്കുകയും ചെയ്തു. പൌരോഹിത്യത്തിൽ പ്രവേശിക്കുന്ന സമയം സ്വപ്നങ്ങൾകൊണ്ടുള്ള ഒരു കൂടാരം എന്റെ മനസിൽ  നെയ്തെടുത്തിരുന്നു. ആത്മീയതയുടെ മടിത്തട്ടിൽ പലതും ഞാൻ നേടിയെങ്കിലും കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്ന ഭാവനകളനുസരിച്ച് പൌരോഹിത്യത്തെ താലോലിക്കാൻ എനിയ്ക്ക് സാധിക്കാതെ പോയി. എന്നെപ്പോലെ തന്നെ അന്ധമായ വിശ്വാസത്തിലാണ് കൌമാരപ്രായത്തിൽ പലരും സെമിനാരിയിൽ പ്രവേശിക്കുന്നത്. സ്വപ്നലോകത്തിൽ നിശാടനം ചെയ്യുന്നവർക്കേ  അത്തരം ഒരു ജീവിതം തെരഞ്ഞെടുക്കാൻ സാധിക്കുള്ളൂ. കുട്ടിക്കാലത്ത് ഞാനും  മയങ്ങിയവനെപ്പോലെ ആത്മീയ ഗുരുക്ഷേത്രത്തിൽ പ്രവേശിച്ചു. ഒന്നുമറിയാത്ത പ്രായത്തിൽ ജീവിതത്തെ കണ്ടെത്താത്ത ഞാൻ അവിടെ എന്താണ് ജീവിതമെന്നും കണ്ടെത്തി.

മുമ്പോട്ടു തുഴഞ്ഞു പോവുന്ന ഞാൻ പുറകോട്ടു നോക്കി വന്ന വഴിയേ  ചിന്തിക്കുകയാണെങ്കിൽ എന്റെ ജീവിത യാത്രകൾക്ക് ഇനിയും അർത്ഥം കൽപ്പിക്കാൻ സാധിക്കാതെ വരും. ജീവിത ചക്രങ്ങളെ പുറകോട്ടു തിരിച്ചാൽ കഴിഞ്ഞ എണ്‍പതു വർഷങ്ങളിലെ ഭീതിയും ഭയാനകവും നിറഞ്ഞ ജീവിതത്തെ വലിച്ചു നീട്ടേണ്ടി വരും.  ഗീതയിൽ പറയുമ്പോലെ എല്ലാം ചുരുക്കി 'സംഭവാമി യുഗേ യുഗേ'  എന്നും പറയേണ്ടി വരും. സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞു. എല്ലാം നന്മയ്ക്കു വേണ്ടി മാത്രം.  ഞാനായിട്ട് ഈ ലോകത്തിലേയ്ക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. ഒന്നും തനതായി ഉണ്ടാക്കിയിട്ടില്ല. ഞാനൊന്നും നശിപ്പിച്ചിട്ടില്ല. ഈ ലോകത്തിൽ എനിയ്ക്കുള്ളതെല്ലാം നാളെ മറ്റൊരുവന്റെതാണ്. എന്റെ മാറ്റങ്ങൾ പ്രകൃതിയുടെ നിയമങ്ങളെ തെറ്റിക്കാനും സാധിക്കില്ല. മാറ്റങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഘടകങ്ങളെന്ന് ആദ്യമായി ഞാൻ പഠിച്ചത് കർദ്ദിനാൾ  ന്യൂമാനിൽ നിന്നായിരുന്നു.  ഒരു പക്ഷെ സഭയുടെ ഉയർന്ന ശ്രേണിയിൽ സഞ്ചരിക്കുന്ന രാജകുമാരന്മാർക്ക് മാറ്റങ്ങൾ സാധിക്കില്ലായിരിക്കാം. എങ്കിലും ജീവിക്കുന്ന ലോകത്ത് മാറ്റങ്ങൾ സംഭവിച്ചേ മതിയാവൂ. മരിച്ചു പോയവർക്ക്  ഭാവിയെ അറിയേണ്ടാ. മാറ്റങ്ങൾ വേണ്ടാ. ആഴത്തിലുള്ള കുഴിമാടത്തിൽ അടക്കിയിരിക്കുന്ന ശവപ്പെട്ടിയ്ക്കുള്ളിൽ അവർ ദ്രവിച്ചു പൊയ്ക്കൊള്ളും. ദൈവമേ,  ദുർബലമായ എന്റെ അറിവില്ലായ്മയെ  തട്ടിമാറ്റി  എന്റെ വഴികൾ സുഗമമാകാൻ നീ തെളിച്ചുകൊണ്ടിരുന്നു.' കുണ്ടും മുള്ളും നിറഞ്ഞ വഴിയേ  ഞാനും സഞ്ചരിച്ചു.

എന്റെ ജീവിതം പന്തുകളത്തിലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്ന പന്തിനു തുല്യമായിരുന്നു.ഞാൻ സ്വയം എന്റെ പന്തിനെ തട്ടി. തെറിച്ചു വീണത് ലക്ഷ്യമില്ലാ ലോകത്തിലേയ്ക്കും. സൃഷ്ടാവായ ദൈവം അവന്റെ സൃഷ്ടികളുമൊത്തു നസ്രത്തിൽ ആശാരി ചെറുക്കനായ യേശുവിന്റെ വഴിയേ, ചെറു പന്തുകൾ തട്ടുകയാണോ? അറിയില്ല. ഞാൻ തട്ടുന്ന പന്ത് കാരിരുമ്പിനെക്കാളും ശക്തിയേറിയതായിരുന്നു. ആദ്യത്തെ പന്ത് ചെന്നയിലെ പൂങ്കാവന സെമിനാരിയിൽ ആഞ്ഞടിച്ചു. അവിടെ എന്റെ യൗവനത്തിലെ ആദ്യത്തെ പത്തു വർഷക്കാലം ചെലവഴിച്ചു. അവിടെ നിന്ന് ഒരു പന്ത് തട്ടി, എത്തിയതോ റോമ്മായിലും. അവിടെ തീയോളജിയും സോഷ്യോളജിയും പഠിച്ചു. പിന്നീട് ഫ്രഞ്ച് പഠിക്കാൻ ഫ്രാൻസിൽ പോയി. അവിടുന്ന് ലണ്ടൻ, മ്യൂണിക്ക്, ബർളിൻ, നെതർലാൻഡ്, ബല്ജിയം, സ്വിറ്റ്സർലണ്ട്, ഇസ്രായേൽ അങ്ങനെയങ്ങനെ ലോകം ചുറ്റിയുള്ള  ജൈത്ര യാത്ര തുടർന്നു. അലഞ്ഞുള്ള  ദേശാടന യാത്രയിൽ റോമ്മായിൽ എത്തി. അവിടുന്ന് ആഞ്ഞൊരു തട്ടിൽ പത്രപ്രവർത്തനം പഠിക്കാൻ അമേരിക്കയിലെ 'മാർഖാ' യൂണിവേഴ്സിറ്റിയിൽ;    നാലു വർഷം പഠിച്ചു ഡിഗ്രീ നേടി. വീണ്ടും ഞാനാകുന്ന പന്ത് വീണത് ചെന്നയിലായിരുന്നു. നാഷണൽ ന്യൂ ലീഡർ കാത്തലിക്ക് വീക്കലി  എഡിറ്റു ചെയ്യാനുള്ള ചുമതലയും ഏല്പ്പിച്ചു.

സുന്ദരമായ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും  സഹോദരി സഹോദരന്മാരുമൊത്തുള്ള ഒരു ജീവിതം. അന്നുള്ള കൂട്ട പ്രാർത്ഥന സൃഷ്ടാവായ ദൈവവുമായുള്ള ഒരു സല്ലപിക്കലായിരുന്നു. സന്ധ്യാ സമയങ്ങളിൽ ഞങ്ങൾ ഒത്തുകൂടി നാഥനെ വാഴ്ത്തുമായിരുന്നു. ഞാനിങ്ങനെ പ്രാർത്ഥിക്കുമായിരുന്നു, "ദൈവമേ അന്ധകാരത്തിൽ നിന്നും   എന്റെ അജ്ഞതയെ നീക്കി നീ എന്നെ പ്രകാശത്തിലേയ്ക്കു നയിക്കണമേ.   എനിയ്ക്കു മുമ്പേ വഴികാട്ടിയായി എന്നെ നയിക്കുവാൻ നീ സഞ്ചരിക്കുന്നു.  എന്റെ സഞ്ചാര വീഥിയിലെ കുണ്ടുകുഴികൾ നിരത്തി നീ എനിയ്ക്ക് ആത്മദീപം  പ്രകാശിപ്പിച്ചു തരൂ! "

ഞാനൊന്ന് കഴിഞ്ഞ കാലങ്ങളെ തേടി പുറകോട്ടൊന്ന്  എത്തി നോക്കി. എന്റെ സേവനങ്ങളെ വിലമതിക്കാത്ത  കാലങ്ങളെ പഴിക്കാനും തോന്നി.   എന്നെപ്പറ്റിയുള്ള മുഖവുരയോടെ   കടന്നുപോയ ജീവിതാനുഭവങ്ങളെ  ഒന്ന് വിലയിരുത്തട്ടെ. ജീവിതം പച്ച പിടിക്കും മുമ്പ്  കപട രഹിതമെന്നു  വിചാരിച്ച  ഈ ലോകത്തിലെ ഒന്നുമറിയാത്ത  നിഷ്കളങ്കനായ ഒരു ബാലനായിരുന്നു ഞാൻ. ജീവിതം കണ്ടിട്ടില്ലാത്ത,  ജീവിതം എന്തെന്നറിയാതെ, ജീവിതത്തിലേയ്ക്ക് കാലു കുത്തിയ പാവം ഒരു കൊച്ചൻ.  പഴയ നിയമത്തിലെ ദാവീദിനെപ്പോലെ സന്തോഷവും ഭാഗ്യവും തേടി നടന്ന ഒരു ആട്ടിടയ ചെറുക്കൻ. കുഞ്ഞായിരുന്നപ്പോൾ ആടുമാടുകൾക്കൊപ്പം ഞാനും ഓടുമായിരുന്നു.  തേൻ മാവിൻ കൊമ്പത്തിരിക്കുന്ന അണ്ണാർക്കണ്ണനോട് പാടുമായിരുന്നു, "കാറ്റേ വാ, കടലേ വാ, മാവിൻ കൊമ്പത്തിരിക്കുന്ന അണ്ണാർക്കണ്ണനും തന്നാലായത്" മലയോരങ്ങളിലും താഴ്വരകളിലും കാട്ടിലും വെള്ളത്തിലും ഊടുവഴികളിലും  ശുദ്ധമായ നീരുറവകളിലും തത്തി കളിക്കുമായിരുന്നു.  അന്ന് ഏഴു മൈൽ കാൽ നടയായി സ്കൂളിൽ പോവേണ്ട ദിനങ്ങളും ഓർക്കുന്നു. ഫുട്ട്ബാൾ കളിക്കും. പന്തുകൾ തട്ടാൻ ഞാൻ മിടുക്കനായിരുന്നു. നീണ്ട മണിക്കൂറോളം അദ്ധ്യാപകരുടെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുകയെന്നത് എന്നെ സംബന്ധിച്ച് ദുഷ്ക്കരമായിരുന്നു. ഞാനായിരുന്നു ക്ലാസ്സിൽ പഠിക്കാൻ മിടുക്കൻ. എന്നും ഒന്നാമനായിരുന്നു. അതിൽ ആർക്കും പരാതിയില്ലായിരുന്നു. നല്ലൊരു അതലറ്റും ഫുട്ട്ബാൾ കളിക്കാരനുമെന്ന നിലയിൽ അധ്യാപകരുടെയും സഹപാഠികളുടെയും  പ്രശംസകൾ നേടുമ്പോൾ സ്വയം അഭിമാനിച്ചിരുന്നു. ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. അക്കാലങ്ങളിൽ തോക്കാതെ പഠിക്കുന്നവർ വളരെ വിരളമായേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പഠനത്തിൽ അധികം ശ്രദ്ധിക്കാറില്ലായിരുന്നു. വീടിനുള്ളിലും അനുസരണയോടെ നടക്കാൻ ചില ചിട്ടകളും നിയമങ്ങളും  ഉണ്ടായിരുന്നു. പുസ്തകങ്ങൾ വായിച്ചു ഞാൻ എന്റെ മുത്തച്ചനെ കേൾപ്പിക്കുമായിരുന്നു. അദ്ദേഹമെന്നും എനിയ്ക്ക് പ്രിയപ്പെട്ടവനും. അതുപോലെ ഞാൻ അദ്ദേഹത്തിനും.

കൂട്ടുകാരുമൊത്ത് സായം കാലങ്ങളിൽ മുറ്റത്തെ വരിയ്ക്കപ്ലാവിനു കീഴെ സമ്മേളിക്കുന്ന സമയം ഭാവിയെപ്പറ്റിയും  ചർച്ചാ വിഷയങ്ങളുണ്ടായിരുന്നു. എന്നോടൊപ്പമുള്ള കുട്ടികൾക്കും അതൊരു ചിന്താവിഷയമായിരുന്നു. എന്നെ സംബന്ധിച്ച് നാളെയെപ്പറ്റി  ഞാനൊരിക്കലും അത്തരം ചിന്തകളുമായി  തല പുകച്ചിരുന്നില്ല. എന്റെ ചെറിയ ലോകത്തിൽ  എന്നെ മാത്രം ഞാൻ കണ്ടിരുന്നു. വലിയവനോ പണക്കാരനോ, ബിസിനസ്കാരനോ ഡോക്ടറോ എഞ്ചിനീയറോ  ഒന്നും എന്റെ ഭാവനയിൽ ഉണ്ടായിരുന്നില്ല. എന്നാൽ S S L C പഠിക്കാൻ തുടങ്ങിയ കാലങ്ങൾ മുതൽ ചിന്തകൾക്കും മാറ്റം വരാൻ തുടങ്ങി. കഴുത്തിൽ മാലയിട്ടു വരുന്ന അയൽവക്കത്തെ  കുട്ടികളെ കാണുമ്പോൾ എനിയ്ക്കും അങ്ങനെയൊരു  മാല  അണിയണമെന്ന് മോഹമുണ്ടായിത്തുടങ്ങി. ഒരിക്കൽ ഞാൻ എന്റെ മുത്തശ്ശിയോട്   അമ്മേ, എനിക്കും ഒരു മാല മേടിച്ചു തരാമോയെന്ന് ചോദിച്ചു. പുഞ്ചിരിയോടെ ഒരു വ്യവസ്ഥയുടെ മേൽ മുത്തശ്ശി സമ്മതിച്ചു. ആദ്യം ഞാൻ S S L C പാസാകണം. പിന്നീടൊരിക്കലും   SSLC പാസാകും വരെ  മാലയ്ക്കായി  മുത്തശ്ശിയെ ശല്യപ്പെടുത്തിയിട്ടില്ല.  ഞങ്ങൾ മക്കൾ നാലു സഹോദരരും മൂന്നു സഹോദരികളും ഒന്നിച്ച് വീട്ടിൽ താമസിച്ചിരുന്ന കാലവുമായിരുന്നു. അവരിൽ രണ്ടുപേർ പുരോഹിതരും മൂന്നുപേർ കന്യാസ്ത്രീകളുമായി. അവരെങ്ങനെ കന്യാസ്ത്രീകളും പുരോഹിതരുമായി എന്നുള്ളത് മറ്റൊരു കഥയാണ്.  ദൈവകൃപയാൽ അവരിൽ ഞാൻ മാത്രം താഴെ വീണു.

ഞങ്ങളുടെ കുടുംബത്തിൽ ഭയഭക്തിബഹുമാനംകൊണ്ട് അപ്പച്ചനോടും അമ്മച്ചിയോടും ആരും ഒന്നും ചോദിക്കില്ലായിരുന്നു. അവർ സദാ കൃഷികാര്യങ്ങളിലും അടുക്കള കാര്യങ്ങളിലുമായി  ജോലികളിൽ മുഴുകിയിരുന്നു. മുത്തശ്ശി വഴിയോ മുത്തച്ഛൻ വഴിയോ ഞങ്ങളുടെ കൊച്ചുലോകത്തിലെ ചെറിയ ചെറിയ  ആവശ്യങ്ങൾ നേടിയിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങളെ ബൈബിൾ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. പ്രത്യേകിച്ച് പഴയ നിയമത്തിലെ കഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. കുട്ടികളുടെ മിഷ്യൻ ലീഗിൽ ചേർന്ന് പാവങ്ങളെയും രോഗികളെയും   മറ്റു ആശ്രയം ഇല്ലാത്തവരെയും സഹായിക്കാൻ ദൂരെസ്തലങ്ങളിൽ പോയിരുന്നു. SSLC കഴിഞ്ഞ് മുമ്പോട്ടു പഠിക്കാനുള്ള ഭാവനകളും മൊട്ടിട്ടു തുടങ്ങി. എന്തു പഠിക്കണം, എങ്ങോട്ട്, എന്നൊക്കെ മാർഗ നിർദ്ദേശങ്ങൾ തരാൻ അന്നാരുമുണ്ടായിരുന്നില്ല.

എന്റെ സ്കൂൾ ജീവിത കാലങ്ങളിൽ കണക്ക് പഠിക്കാൻ  സമർത്ഥനായിരുന്നില്ല. എന്റെ മൂത്ത ചേട്ടായി കൂട്ടാനും കുറയ്ക്കാനുമുള്ള  ചില ടെക്കനിക്കുകൾ   പഠിപ്പിക്കുമായിരുന്നു. ഞാനും എന്റെ ചേട്ടായിയുമായി വൈകാരികമായ ഒരു ബന്ധവും ഉണ്ടായിരുന്നു. കണക്കിൽ എനിയ്ക്കുണ്ടാകുന്ന സംശയങ്ങൾ അദ്ദേഹത്തോട് ചൊദിച്ച് മനസിലാക്കും. കണക്ക് പഠിക്കുകയെന്നത് വെള്ളം ഒരു ചാലിൽക്കൂടി ഒഴുകുന്നതിനെക്കാളും എളുപ്പമെന്ന് അദ്ദേഹം പറയുമായിരുന്നു. ചേട്ടായി പറയും, അനുജാ വീട്ടിൽ നിത്യവും സായം കാലങ്ങളിൽ നാം പ്രാർത്ഥിക്കാറുള്ള 32 പ്രാർത്ഥനകളിൽ "നന്മ നിറഞ്ഞ മറിയമ്മേ  നിനക്കു സ്വസ്തി കർത്താവ്  നിന്നോടു  കൂടെ" എന്ന പ്രാർത്ഥന  നിത്യവും ഉരുവിടുന്നത്  നീ ഓർക്കാറില്ലേ? ദിനം പ്രതി ആവർത്തിച്ചാവർത്തിച്ചുള്ള ആ പ്രാർത്ഥന അത്താഴത്തിനു മുമ്പുള്ള സന്ധ്യാ നമസ്ക്കാരത്തിന്റെ ഭാഗമായിരുന്നു.  സ്കൂളിലെ വ്യായാമം പോലെ പ്രാർത്ഥനയും  അധരം കൊണ്ടുള്ള ഒരു വ്യായാമമായിരുന്നു. അടുത്തുള്ള കൊച്ചരുവിയിൽ ദിവസവും കുളിച്ച് വീട്ടിൽ വന്നു വരാന്തയിൽ മുട്ടുകുത്തി കിഴക്കോട്ടു തിരിഞ്ഞ് പ്രാർത്ഥിക്കുമായിരുന്നു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന അമ്മയ്ക്ക് കേൾക്കത്തക്ക വിധം ഉച്ചത്തിൽ പ്രാർഥിക്കണമായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ആർത്തിയിൽ, അതിധൃതിയിൽ  നൂറു മൈയിൽ സ്പീഡിൽ പ്രാർത്ഥനകളും ഗീതങ്ങളും ആലപിക്കുമായിരുന്നു. എനിക്കേറ്റം ഇഷ്ടം അമ്മ മേരിയോടുള്ള പ്രാർത്ഥനയായിരുന്നു.  ചേട്ടായി കൂടെ കൂടെ ചോദിക്കും, അനുജാ, പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന എങ്ങനെയുണ്ട്? പ്രാർത്ഥനയുടെ അർത്ഥമോ ഉച്ചത്തിൽ പ്രാർത്ഥിക്കുന്ന കാരണമോ അന്നെനിക്കറിയില്ലായിരുന്നു. പ്രാർത്ഥനകൾ മനസിലാക്കുക പ്രയാസവുമായിരുന്നു.  പ്രാർത്ഥനകൾ ആത്മീയതയെക്കാളുമുപരി മനസിന്റെ ആശ്വാസത്തിനെക്കാളുമുപരി അധരങ്ങൾക്കൊരു വ്യായാമമായിരുന്നു. പ്രശ്നങ്ങൾ  ഉണ്ടാകുമ്പോൾ, ദുഃഖങ്ങൾ ഉണ്ടാവുമ്പോൾ സർവ്വതും മാതാവായ മറിയത്തിന്റെ മുമ്പിൽ സമർപ്പിക്കുമായിരുന്നു. എന്റെ അന്നുള്ള അന്ധമായ വിശ്വാസങ്ങളെ അങ്ങനെ പ്രകാശിപ്പിച്ചിരുന്നു. ജീവിത വിജയങ്ങൾ മുഴുവനും പ്രാർത്ഥനകളിൽ കൂടി നേടുമെന്നും വിശ്വസിച്ചിരുന്നു. 32 പ്രാർത്ഥനകളിൽ പരിശുദ്ധ മറിയത്തോടുള്ള പ്രാർത്ഥന എന്നെ സംബന്ധിച്ച് അർത്ഥമുള്ളതായി തോന്നിയിരുന്നു. എന്റെ ആത്മീയതയ്ക്ക് ഉണർവും  നല്കിയിരുന്നു. മെയ് മാസത്തിലെ വണക്ക മാസ ദിനങ്ങളും പടക്കം പൊട്ടീരും ബാല്യത്തിലെ അനുഷ്ടാനങ്ങളും അന്നത്തെ ആഘോഷങ്ങളായിരുന്നു. പിന്നീട് സലേഷ്യൻ സഭയിലെ പ്രായോഗിക ജീവിതത്തിലും  എന്റെ പ്രാർത്ഥനകളിൽ മേരിയോടുള്ള  ഭക്തി നിറഞ്ഞിരുന്നു.

പ്രാർത്ഥനകളുടെ സഹായമോ അല്ലാതെയോ SSLC  പരീക്ഷ ഉയർന്ന നിലയിൽ തന്നെ ഞാൻ പാസ്സായി. കാത്തു കാത്തിരുന്ന സ്വർണ്ണ മാലയെപ്പറ്റി  മുത്തശ്ശിയെ  ഒർപ്പിച്ചു. അത് കണക്കുകൂട്ടികൊണ്ടിരുന്ന എന്റെ സ്വപ്ന ലോകത്തിലെ ആശയായിരുന്നു. പാവം എന്റെ മുത്തശ്ശി വാഗ്ദാനം പാലിച്ചു. പല്ലുകളില്ലാതെ മോണ കാട്ടി ചിരിച്ചുകൊണ്ട്  അവരെന്റെ നെറ്റിത്തടത്തിൽ സന്തോഷം കൊണ്ട് ഒരു ഉമ്മ വെച്ചു. കഴുത്തിലൊരു സ്വർണ്ണമാലയണിയിച്ചു. പൂനിലാവുള്ള ആ രാത്രിയിൽ ലോകം മുഴവനും പുഞ്ചിരിക്കുന്നതായും തോന്നി. മോനെ, പഠിച്ചുയരൂവെന്ന് അവരുടെ അധരങ്ങൾ മന്ത്രിക്കുന്നതായും തോന്നി.  അറിയാതെ എന്റെ കണ്ണുകൾ സന്തോഷ ബാഷ്പങ്ങൾ കൊണ്ട് നിറഞ്ഞു. അതിനുശേഷം ഷർട്ടിന്റെ ബട്ടനിടാതെ കൂട്ടുകാരുടെയിടയിൽ അഭിമാനത്തോടെ മാല കാണാൻ  കഴുത്തും നീട്ടി നടക്കുമായിരുന്നു. ബാല്യം മുതലുണ്ടായിരുന്ന എന്റെയൊരു മോഹം പൂവണഞ്ഞതായും തോന്നിപ്പോയി.


SSLC  പാസ്സായ ഞാൻ ഇനി എങ്ങോട്ടെന്ന ചിന്തകളും വേട്ടയാടിക്കൊണ്ടിരുന്നു.  ഞാൻ എന്താകണമെന്നുള്ളതും എന്റെ മുമ്പിലുള്ള ഒരു ചോദ്യചിൻഹമായി മാറി. ഉയർന്നുയർന്നു പഠിക്കണമെന്നുള്ള മോഹങ്ങളും അലട്ടിക്കൊണ്ടിരുന്നു. എന്നെ സ്നേഹിക്കുന്നവരും അമ്മാവനും ഞാനൊരു പുരോഹിതനാകാനാഗ്രഹിച്ചു.  കേരളത്തിലെ സെമിനാരികളിൽ പഠിക്കാൻ  ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.  കാരണം, ഇടവകകളിൽ ഇരിയ്ക്കുന്ന അഹങ്കാരികളായ പുരോഹിതരുടെ പെരുമാറ്റങ്ങൾ  എന്നെ വേദനിപ്പിച്ചിട്ടുണ്ടായിരുന്നു.  അവരെ വെറുത്തിരുന്നു. അവരിലെ പ്രഭുത്വ മനോഭാവം നിഷ്കളങ്കനായ എന്നിലുണ്ടായിരുന്ന  ആശാരി ചെറുക്കന്റെ  ജീവിതവുമായി പൊരുത്തപ്പെട്ടിരുന്നില്ല. പാവങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന മിഷിനറിമാരുടെ ജീവിതത്തിന്റെ പരിപാവനതകളെപ്പറ്റി എന്റെ മുത്തശ്ശിയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഒരു മിഷിനറി  പുരോഹിതനായി സേവനം ചെയ്യുന്നതിന് അന്നെന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല.

ഒരു മിഷിനറിയാകാൻ എന്റെ വിധിയെങ്കിൽ അത് സ്വീകരിക്കാനും തയ്യാറായിരുന്നു. അപ്പോഴായിരുന്നു ദൈവദൂതൻ  പ്രത്യക്ഷപ്പെട്ടപോലെ  എവിടെനിന്നോ ഒരു മിഷിനറി  ഞങ്ങളുടെ നാട്ടിൽ വന്നത്. ആ മിഷിനറി ജോസഫ് തൈപ്പറമ്പിൽ എന്ന ഒരു മെലിഞ്ഞ പുരോഹിതനായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടു കൂടിയ സൗഹാർദ്ദം പുലർത്തുന്ന നല്ലൊരു പുരോഹിതൻ. അദ്ദേഹത്തിൻറെ വ്യക്തിത്വം എന്നെ നന്നാ ആകർഷിച്ചു. കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ സേവനം ചെയ്യാൻ കുഞ്ഞനുജന്മാരെ തേടി വരുന്ന മിഷിനറിമാർ അന്ന് വീടു തോറും കയറിയിറങ്ങില്ലായിരുന്നു. ഞങ്ങളുടെ അഭിമുഖ സംഭാഷണം അധികമൊന്നും ഉണ്ടായിരുന്നില്ല. എന്റെ പഠനത്തെപ്പറ്റിയും SSLC മാർക്കിനെപ്പറ്റിയും ചോദിച്ചു. രണ്ടാമത് നിന്നിലെ ശുദ്ധി നിയന്ത്രിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോയെന്നും   ചോദിച്ചു. എനിക്കതിന്റെ അർത്ഥം അന്നറിയില്ലായിരുന്നു. ആ ചോദ്യംകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നും മനസിലായില്ല.  എന്റെ  ഉത്തരത്തിലെ നിഷ്കളങ്കതയിൽ  ഒരു പക്ഷെ അദ്ദേഹം തൃപ്തനായിരിക്കാം. ഞാൻ  ദിവസവും കുളിക്കുന്ന കാര്യത്തിലും ദേഹശുദ്ധി വരുത്തുന്നതിലും  കർശനക്കാരനാണെന്നും  അഭിമുഖവേളയിൽ അച്ചനോട് പറഞ്ഞു.

ഒരു സുപ്രഭാതത്തിൽ സെമിനാരിയിൽ പഠിക്കാൻ എന്നെ തെരഞ്ഞടുത്ത കാര്യം വീട്ടിൽ അറിയിച്ചു. പെട്ടിയും ബാഗുമായി എനിക്കുടൻ  തമിഴ് നാട്ടിലേക്ക് പുറപ്പെടണം. വെറും കുഗ്രാമത്തിൽ ജീവിതം നയിച്ചിരുന്ന ഗ്രാമീണ യുവാവായിരുന്ന എന്നെ സംബന്ധിച്ചടത്തോളം അക്കാലത്ത് ചെന്നയിൽ പോവുകയെന്നത് ചന്ദ്രനിൽ പോവുന്ന പ്രതീതിയായിരുന്നു. എട്ടു ജോഡി ഡ്രസ്സുകളുമായുള്ള  എന്റെ യാത്രയ്ക്കുള്ള ഒരുക്കവുമായി. മൂന്നു വർഷത്തിൽ ഒന്നെ ഇനി വീട്ടിൽ മടങ്ങി വരാൻ സാധിക്കുള്ളൂ. ഞാൻ സ്നേഹിക്കുന്ന  എന്റെ മാതാ പിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി , സഹോദര സഹോദരികൾ എല്ലാവരോടും ഇനി യാത്ര പറയണം. ചുറ്റുമുള്ള അയല്ക്കാരും  സ്നേഹമുള്ള കൂട്ടുകാരും എന്നെ കാണാൻ വന്നിരുന്നു. ജനിച്ച തറവാടും ആടുമാടുകളും പൂക്കളും ഒഴുകുന്ന അരുവികളും കളിച്ചു നടന്ന പന്തുകളവും  സ്കൂളിൽ പോയിരുന്ന ഊടുവഴികളും എന്റെ യാത്രയിൽ പങ്കു  ചേരുന്നുവെന്നും തോന്നിപ്പോയി.

യുവത്വത്തിന്റെ സമ്മിശ്രങ്ങളായ  വിചാര വികാര വീഥികളിൽ ഞാൻ എന്ത്, എങ്ങോട്ട്, ജീവിത ലക്ഷ്യമെന്ത് എന്നുള്ള അന്വേഷണങ്ങൾ  മനസിനെ അലട്ടിക്കൊണ്ടിരുന്നു. പാവങ്ങളെ സേവിക്കാൻ പോവുന്ന എന്റെ കഴുത്തിലെ സ്വർണ്ണമാല  ഒരു അധികപ്പറ്റാണെന്നും തോന്നി.  ഈ ആഭരണം ഒരു മിഷിനറിയും കഴുത്തിലണിയുന്നതല്ല.  എന്റെ  മുത്തശ്ശി   തന്ന ഈ സമ്മാനം എത്ര വില കല്പ്പിച്ചാലും മതിയാവില്ലായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ നീറുന്ന ഹൃദയത്തോടെ  കഴുത്തിൽനിന്നും   മാലയൂരി എന്റെ കുഞ്ഞിപെങ്ങടെ കഴുത്തിൽ  ആ മാല ഞാൻ അണിയിച്ചു. 'മോളെ  ഈ മാല എനിയ്ക്കിനി  ഭൂഷണമല്ല. ഇതു ധരിക്കാൻ  ഇനിമേൽ യോഗ്യത നിനക്കാണെന്നും പറഞ്ഞു. ചുറ്റുമുള്ളവർക്ക് അതൊരു ഞെട്ടലായിരുന്നു. എന്റെ കുഞ്ഞുതോളിൽ പഴഞ്ചൻ ചിന്താഗതികൾ നിറച്ച തലയാണുള്ളതെന്നും അവർ ചിന്തിച്ചിരിക്കാം. കുടുംബ വക ഏതാനും ഏക്കർ സ്ഥലം വീതമായി  കിട്ടുമെന്നും എനിയ്ക്കറിയാമായിരുന്നു.  എന്തിന് എന്റെ തീരുമാനങ്ങൾ നീട്ടുന്നതെന്നും വിചാരിച്ചു. ഞാൻ അപ്പനോടായി  "അപ്പാ എനിയ്ക്കൊന്നും അപ്പന്റെ സ്വത്തുക്കൾ വേണ്ടാ". എന്റെ അവകാശങ്ങൾ പൂർണ്ണമായും അവർക്ക് വിട്ടു കൊടുത്തു. പുരോഹിതർക്ക്  കുടുംബത്തെ സഹായിക്കാൻ പ്രത്യേക ഫണ്ടുള്ളതായും  സംസാര വിഷയമായി.   ഞാൻ പറഞ്ഞു, 'ഇനി എന്നിൽ നിന്നും യാതൊരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കരുത്. എന്റെ വീട്ടിൽ നിന്നും  ഇനിമേൽ ഞാനൊരു പൈസാ പോലും ചോദിക്കില്ല.'  ശരിയോ തെറ്റോ, എന്തെന്നറിഞ്ഞു കൂടാ; എന്റെ തീരുമാനങ്ങളിൽ അപ്പൻ നിശബ്ദനായിരുന്നു. എന്നെക്കൊണ്ട് ഭാവിയിലുള്ള കണക്കു കൂട്ടലുകൾ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും മറുപടി പറയാതെ ഇരുന്നതേയുള്ളൂ.

വേർപാടിന്റെ  മൂന്നു വർഷം അങ്ങകലെ കണ്ടുകൊണ്ട്  യാത്ര പറയാൻ സമയമായി. എല്ലാവരുടെയും കണ്ണുകളിലും യാത്രയയക്കാനുള്ള  മംഗള  ഭാവങ്ങളും  കാണാമായിരുന്നു. വീട്ടിൽ നിന്ന് പിരിഞ്ഞു പോകുന്നതിലുള്ള  ഹോം സിക്കനസ്  എന്റെ പോരായ്മയായിരുന്നില്ല. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കായി തൈപ്പറമ്പിൽ  അച്ചനോടൊപ്പം സെമിനാരിയിൽ ചേരുന്ന മറ്റു പന്ത്രണ്ടു കുട്ടികളും ഉണ്ടായിരുന്നു.  നീണ്ട  പുകയുന്ന തീവണ്ടി യാത്ര.   യുവത്വം മൊട്ടിട്ടിരുന്ന നാളുകളിൽ  കറുത്ത പുക തുപ്പിക്കൊണ്ട് പാഞ്ഞു പോവുന്ന ഈ തീവണ്ടി എവിടെയ്ക്കാണ് പോവുന്നതെന്ന് അറിയില്ലായിരുന്നു.  ചൂളം വിളികളോടെ തീവണ്ടി മുമ്പോട്ട് പോകുംതോറും  ലക്ഷ്യ സ്ഥാനം  അറിയാതെ മനസുകളെവിടെയോ  ദൂരദൂരം സഞ്ചരിച്ചുകൊണ്ടിരുന്നു.

തീവണ്ടി പാഞ്ഞു പോകും തോറും കൂടെയുണ്ടായിരുന്ന എല്ലാ യുവാക്കളും ചുറ്റും കാണുന്ന കാഴ്ചകളിൽ  വിസ്മയഭരിതരായിരുന്നു. തീവണ്ടിക്കുള്ളിൽ പാട്ടും കൂത്തും കൈകൊട്ടി കളിയുമായി  അവർ യാത്രയെ മംഗളമാക്കി.  ഓരോരുത്തരുടെയും ഓർമ്മിക്കേണ്ട ആദ്യത്തെ തീവണ്ടി യാത്ര.  ട്രെയിൻ യാത്രയിൽ  ചിന്തിക്കാൻ സാധിക്കാത്ത ഒരു ദുരന്തം അന്നു  സംഭവിച്ചു. എന്റെ കാലിലെ തുടകൾ നിറയെ വോൾക്കാന പോലെ ഒരു ലാവാ പോട്ടിത്തെറിച്ചു. അത്  ജീവിതത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ധരിച്ചിരുന്ന അടിവസ്ത്രവും ഫാന്റും നനഞ്ഞു. ഭയം കൊണ്ട് ഞാൻ വിറച്ചു.  കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്താണ് ഇതെന്ന് എനിയ്ക്കറിയില്ലായിരുന്നു. കൌമാരം മുറ്റി നില്ക്കുന്ന പെണ്‍ക്കു‍ട്ടികൾക്കെങ്കിൽ അത് തീണ്ടാരം (മെൻസസ് ), നിരാശയായ  ഗർഭപാത്രത്തിന്റെ രക്ത കണ്ണുനീരെന്നു  പറയും. ആണ്‍ക്കുട്ടികൾക്ക്  'വിത്തുകൾ പൊട്ടി ചിതറിയെന്ന' ഭാഷയിലില്ലാത്ത വാക്കുകളും പറയും.  ഭൂമിയിൽ സംഭവിക്കാത്ത എന്തോ എനിയ്ക്ക് സംഭവിച്ചെന്നും  ഓർത്തു. ഏതോ  മാരകമായ രോഗമെന്നും വിചാരിച്ചു പോയി. എന്റെയടുത്ത് എന്നോട് പറയാൻ,  ഉപദേശിക്കാൻ  സഹായിക്കാൻ അമ്മയുണ്ടായിരുന്നില്ല.   ലൈംഗിക  അറിവ് ഒട്ടുമില്ലായിരുന്ന ഞാൻ എത്രമാത്രം നിഷ്കളങ്കനായിരുന്നുവെന്ന്   ഇപ്പറഞ്ഞ കഥയിൽ നിന്നും വ്യക്തമാണ്.

രണ്ടാമത് ഒർമ്മിക്കാനുള്ളത്  എന്റെ അറിവു കേടിനെപ്പറ്റിയാണ്. തമിഴ് നാട്ടിലുള്ള സെമിനാരിയുടെ കൂറ്റൻ കെട്ടിടത്തിലെ പടി വാതിക്കൽ എത്തിയപ്പോൾ  ഞാൻ ആദ്യം കണ്ടു മുട്ടിയത് വിശുദ്ധ ജീവിതം നയിക്കുന്ന ഫാദർ വില്ലോഗ്രിയാ SDB യെയായിരുന്നു.  കറുത്ത താടിയുള്ള അഴകാർന്ന പുഞ്ചിരിക്കുന്ന ആ പുരോഹിതൻ ഇന്നും എന്റെ മനസിന്റെ വേലിയേറ്റങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.  അദ്ദേഹത്തിന്റെ മുമ്പിൽ  ഞാനൊരു കൊച്ചുകുട്ടി മാത്രമായിരുന്നു. ആ വന്ദ്യ പുരോഹിതൻ തല കുനിഞ്ഞുകൊണ്ട്  ഇംഗ്ലീഷിൽ എന്നോട് ചോദിച്ചു, ഡിഡു  യൂ ഈറ്റ് (നീ വല്ലതും ഭക്ഷിച്ചോ). അന്നദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞ വാക്കുകൾ എനിക്ക് മനസിലായില്ല. മനസിലാകാതെ, മറുപടി പറയാനറിയാതെ  നിസഹായനായി  അദ്ദേഹത്തെ കണ്ണ് മിഴിച്ചു മാത്രം നോക്കി. രണ്ടാമതും ഇംഗ്ലീഷിൽ അതേ ചോദ്യം തന്നെ ചോദിച്ചു. എന്റെ അറിവില്ലായ്മയെ ഞാൻ പഴിച്ചുകൊണ്ട് മറുപടി പറയാതിരുന്നു. അദ്ദേഹം ശ്രമം വിട്ടില്ല. മൂന്നാം പ്രാവിശ്യം വാക്കുകൾ  മുറിച്ചു കൊണ്ട് പയ്യെ പയ്യെ ഡിഡ് ...യൂ ...ഈറ്റ് എന്നു ചോദിച്ചു. ഏതോ ജേതാവിനെപ്പോലെ പതുങ്ങിയ സ്വരത്തിൽ യേസ് (Yes) എന്നു  പറഞ്ഞു. എന്തോ വലിയ കാര്യം നേടിയപോലെ ഞങ്ങൾ രണ്ടുപേരും പരസ്പ്പരം ചിരിച്ചു. SSLC യ്ക്കു ശേഷവും  സെമിനാരി ജീവിതത്തിലും ഞാൻ പഠിച്ച  ആദ്യത്തെ  ഇംഗ്ലീഷ് വാക്കുകളായിരുന്നു   അന്ന് അച്ചനിൽ നിന്നും   നേടിയത്.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിൽ എത്രമാത്രം ഞാനന്ന്  അറിവു കെട്ടവനായിരുന്നുവെന്നും എക്കാലവും ഓർക്കുമായിരുന്നു. ഒരുകൂട്ടം സെമിനാരി പിള്ളേർ എന്റെ അന്നത്തെ കഴിവുകേടിന്റെ  ഡ്രാമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ എന്നെ ആശ്വസിപ്പിച്ചു. ആരും കളിയാക്കിയില്ല. ഒരു സെമിനാരി കുട്ടി എന്റെ കൈകളിൽ പിടിച്ചുകൊണ്ട് പുറത്തേയ്ക്ക് കൊണ്ടുപോയി.' സെമിനാരി നിയമമനുസരിച്ച് എല്ലാവരും ഇംഗ്ലീഷ് സംസാരിക്കണമെന്നുള്ളത് നിർബന്ധമാണെന്നും, പറഞ്ഞു. ' പിന്നീട് ഇംഗ്ലീഷിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യണം. പേടിക്കേണ്ടാ, നിന്നെ സഹായിക്കാൻ ഞങ്ങളുണ്ടെന്നും' പറഞ്ഞു. ഒരു പക്ഷെ എന്റെ സെമിനാരി ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു. എങ്ങനെ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുമെന്നും ഞാനതിശയിച്ചു. എന്തു വില കൊടുത്തും കഠിനാദ്ധ്വാനത്തോടെ ഇംഗ്ലീഷ് പഠിക്കണമെന്നും  തീരുമാനിച്ചു. ഇംഗ്ലീഷ് പഠിക്കുകയെന്നത് നിലയില്ലാ വെള്ളത്തിൽ എന്നെ എറിയുന്നതിനു  തുല്യമെന്നും വിചാരിച്ചു. അവിടെ തുഴഞ്ഞു നീന്തുകയോ അഗാധമായ വെള്ളത്തിൽ പൂണ്ടു താഴുകയോ ചെയ്യണം. രക്ഷപെടാതെ വെള്ളത്തിൽ  താഴുകയെന്ന പ്രശ്നമില്ല. അതുകൊണ്ട് ആത്മാർത്ഥമായി ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. കിട്ടുന്ന  പുസ്തകങ്ങൾ എല്ലാം വായിക്കുമായിരുന്നു. വാക്കുകളുടെ അർത്ഥങ്ങൾ കണ്ടു പിടിക്കാൻ കൂടെക്കൂടെ ഡിക്ഷ്ണറിയും നോക്കുമായിരുന്നു.  ലൈബ്രറിയിൽ കാണുന്ന പുസ്തകങ്ങൾ മുഴുവൻ വായിക്കും. ഇന്നും ആ സ്വഭാവം കൈവെടിഞ്ഞിട്ടില്ല. രാവിലെ നാലുമണി  മുതൽ ചിലപ്പോൾ പതിനൊന്നു മണി രാത്രി വരെ തുടർച്ചയായി പുസ്തകങ്ങൾ വായിച്ചിരുന്നു. അജ്ഞതയെ നീക്കാൻ അടുക്കളയിലോ പൂന്തോട്ടത്തിലോ സമയം കളഞ്ഞിരുന്നില്ല. ഇന്ന് ആരെങ്കിലും എന്റെ ഇംഗ്ലീഷിനെ അഭിനന്ദിക്കുന്നുവെങ്കിൽ ലോകത്തിൽ ആർക്കും അത് നേടാൻ സാധിക്കുമെന്നാണ്  ഞാൻ കരുതുന്നത്. അതിനായി നാം കഠിനാദ്ധ്വാനം ചെയ്യണം. സെമിനാരിയിലെ ജീവിതം ഒരു മിലിട്ടറി ജീവിതം പോലെയായിരുന്നു.  ഓരോ നിമിഷവും വായനയിൽ ചെലവഴിക്കുന്നതു കൊണ്ട്  എന്റെ മനസ്  പിശാചിന്റെ കളിസ്ഥലമെന്നും തോന്നിപോയിട്ടുണ്ട്. ഇന്ന് ഞാനായ ഞാനായത്, അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേയ്ക്ക് വന്നത് എന്റെ കഠിന പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്.

(ബാക്കി ഡോ. ജെയിംസ്  കോട്ടൂരിന്റെ ലേഖനത്തിൽ   വായിക്കുക)

Monday, March 30, 2015

പൗരോഹിത്യ/സന്ന്യസ്ത ജീവിതവും അതിലെ വിരോധാഭാസവും


ചാക്കോ കളരിക്കൽ


ലോകമെമ്പാടും  ലക്ഷകണക്കിന് പുരോഹിതരും സന്ന്യാസീസന്ന്യാസിനികളും കത്തോലിക്കാസഭയിൽ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എങ്കിലും അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. വൈദികവൃത്തിയും സന്ന്യസ്തജീവിതവും ഉപേക്ഷിച്ച് പുരോഹിതരും കന്യാസ്ത്രികളും പുറം ലോകത്തേയ്ക്ക് പോകുന്നതാണ് അതിനുള്ള ഒരു കാരണം. ആയിരക്കണക്കിന് പുരോഹിതരും കന്യാസ്ത്രികളും സഭാവസ്ത്രം ഉപേക്ഷിച്ച് പോകുന്ന ഈ കാലഘട്ടത്തിൽ അവരുടെ ഭാവി ക്ഷേമത്തിനായി കത്തോലിക്കാ സഭാധികാരവും അവർ സേവനം ചെയ്തിരുന്ന രൂപതകളോ സന്ന്യാസാശ്രമങ്ങളോ മഠങ്ങളോ കുടുംബക്കാരോ സഭാപൗരർ മൊത്തത്തിലുമോ ക്രിയാത്മകമായി എന്തു ചെയ്യുന്നു എന്നതിലേയ്ക്ക് ഒരെത്തിനോട്ടവും അതിലേയ്ക്കായി ചില നിർദേശങ്ങളുമാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്.

പൗരോഹിത്യ/കന്യാസ്ത്രി ജീവിതത്തിൽനിന്നും അല്മായ ജീവിതത്തിലേയ്ക്കുള്ള മാറ്റത്തിൽ വന്നുകൂടുന്ന ജീവിതപ്രശ്നങ്ങൾ വളരെയാണ്. അവർ ഇന്ന് വേദനാജനകമായ ജീവിത സാഹചര്യങ്ങളിൽകൂടിയാണ് കടന്നുപോകുന്നത് എന്ന സത്യം എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

ചെറുപ്രായത്തിൽ അവർ സഭാസേവനത്തിനായി ചേരുന്നു; അതല്ലെങ്കിൽ സഭാധികാരികൾ അതിനായി അവരെ റിക്രൂട്ടുചെയ്യുന്നു. കാനോൻ നിയമപ്രകാരം 17 വയസ് തികഞ്ഞ കുട്ടികളെ നോവിഷ്യേറ്റിലേയ്ക്ക് സ്വീകരിക്കാം (കാനോന: 517. 1). 18 വയസ് തികഞ്ഞവർക്ക്‌ താല്കാലിക വ്രതവാഗ്ദാനം ചെയ്യാം. രണ്ട് വ്രതനവീകരണങ്ങൾക്കുശേഷം നിത്യവ്രതവാഗ്ദാനവും ചെയ്യാം. വിവേകം, ഉപവി, അറിവ്, ഭക്തി, സന്ന്യാസാവസ്ഥയുടെ അനുഷ്ടാനത്തിലുള്ള മികവ് എന്നീ ഗുണങ്ങൾ ഉള്ളവരെയാണ് വ്രതവാഗ്ദാനം ചെയ്യാൻ അനുവദിക്കുന്നത്. ഭാവിയിൽ അവർ രൂപതയ്ക്കോ ആശ്രമങ്ങൾക്കോ മഠത്തിനോവേണ്ടി വേലചയ്ത് ജീവിക്കുന്നു. അവർ സഭാസേവനത്തിൽ ആയിരിക്കുന്നിടത്തോളംകാലം പല കാര്യങ്ങളിലും പല വിധത്തിലും സുരക്ഷിതരുമാണ്. രൂപതക്കുവേണ്ടി പട്ടമേക്കുന്നവർ മെത്രാൻറെ ഇഷ്ടപ്രകാരം ഇടവകകളിലോ മറ്റെവിടെയോ സേവനം ചെയ്യുന്നു. സന്ന്യാസീസന്ന്യാസിനികൾ  ലക്ഷ്യം, പ്രകൃതി, സ്വഭാവമെല്ലാം സ്ഥിതീകരിക്കപ്പെട്ട ഒരു പ്രത്യേക സമൂഹത്തിൽചേർന്ന് അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ മൂന്ന് പരസ്യവ്രതങ്ങൾ ചെയ്ത് ആ സഭയുടെ പ്രത്യേകമായ ആധ്യാത്മികതയെ അനുധാവനം ചെയ്യുന്നു. ആ സമൂഹത്തിൻറെ പ്രത്യേക വേലകളിൽ പങ്കാളികളായി ജീവിക്കുന്നു. നിത്യവ്രതം കഴിഞ്ഞാൽ അവർ ആ സഭയുടെ പൂർണ്ണഅംഗങ്ങളായി അംഗീകരിക്കപ്പെടുന്നു. അവരുടെ സമൂഹത്തിൻറെ സാമ്പത്തിക അഭിവൃത്തിക്കുവേണ്ടിയുള്ള ജോലികൾപോലും ‘ദൈവസേവനം’ എന്ന പേരിലാണ് അറിയപ്പെടുന്നത്!

കത്തോലിക്കാസഭയിലെ കന്യാസ്ത്രികൾ സഭയിലെ ജോലിക്കാരായ തേനീച്ചകളാണ്. കാരണം വർക്കർ ബീസ് എല്ലാം സ്ത്രീവർഗത്തിൽ പെട്ടതും അവരുടെ ലൈംഗീകത പ്രകൃതിയാൽത്തന്നെ നിഷേധിക്കപ്പെട്ടതും ജീവിതകാലം മുഴുവൻ അവറ്റകളുടെ കോളനിക്കുവേണ്ടി അഹോരാത്രം വേലചെയ്ത് അവസാനം ചത്തടിയുകയും ചെയ്യുന്നു. കന്യാസ്ത്രികൾ സെക്സ് സ്വമനസാ വേണ്ടന്നുവെച്ച് ജീവിതകാലം മുഴുവൻ ശബളമില്ലാതെ സ്വന്തം സഭക്കുവേണ്ടി രാപകലില്ലാതെ വേലചെയ്ത് മരിക്കുമ്പോൾ സ്വർഗം പൂകാമെന്ന് വിശ്വസിക്കുന്നു. കന്യാസ്ത്രികളായ തേനീച്ചകളുടെ ജോലിയുടെ വ്യാപ്തി അളക്കാൻ സാധ്യമല്ല. ഈ പാരിദോഷികമില്ലാത്ത ജോലി സ്ഥാപനവൽക്കരിക്കപ്പെടുകയും ലോകം അതിനെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അത് കഷ്ടം തന്നെയെന്ന് പറയാതിരിക്കാൻ വയ്യ. സഭയിലെ ഈ സാമൂഹിക  അനീതിയെ സഭതന്നെ തിരുത്തേണ്ടതാണ്. അതിനുള്ള കാഴ്ചപ്പാടും വീക്ഷണവും മൂല്ല്യവിചാരവും വിവേകപൂർവമായ തീരുമാനങ്ങളും ഉണ്ടായാൽ മാത്രം മതി.

കന്യാസ്ത്രികളുടെ പലവിധജോലികൾ കത്തോലിക്കാസഭയുടെ നടത്തിപ്പിന് ആവശ്യമാണ്. അവരുടെ സേവനസംഭാവനകൾവഴി സഭയുടെ പ്രവർത്തനങ്ങൾ ഫലപ്രദവും സ്വാധീനം ചെലുത്തുന്ന ശക്തിയുമായിത്തീരുന്നു. എഴുപതും എണ്‍പതും വയസ്സുള്ള കന്യാസ്ത്രികളുടെ നീണ്ട ജീവിത അദ്ധ്വാനഫലംകൊണ്ടാണ് മഠങ്ങൾ സാമ്പത്തീകമായി അഭിവൃത്തിപ്പെട്ടിട്ടുള്ളത്. കന്യസ്ത്രികളുടെ വേതനമില്ലാത്ത ബൃഹത്തായ ജോലിസംഭാവനകൾ സ്ഥാപനവൽക്കരിക്കപ്പെടുകമൂലം കോടിക്കണക്കിന് രൂപയുടെ വരുമാനം സഭക്ക് ലഭിക്കുന്നു. ഈ കന്യാസ്ത്രികൾ പലവിധ ജോലികളാണ് സാമ്പത്തീക പ്രതിഫലമില്ലാതെ ചെയ്യുന്നത് - അധ്യാപികമാർ, പ്രഫസർമാർ, ഡോക്ടർമാർ, നേഴ്സുമാർ, കുട്ടികൾക്കും വൃദ്ധർക്കുംവേണ്ടിയുള്ള ആതുരസേവനം, മിഷ്യൻസ്ഥലങ്ങളിലെ സേവനം, മഠങ്ങളിലെ ജോലികൽ, തുടങ്ങിയവ. കൂടാതെ സ്വന്തം സമൂഹത്തിൻറെ അഭിവൃത്തിക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്നു. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ഓർഫണേജുകൾ, മഠങ്ങൾ  തുടങ്ങിയ വൻപ്രസ്ഥാനങ്ങൾ എല്ലാം കന്യാസ്ത്രികൾ നിയന്ത്രിച്ച് പണിത് നടത്തികൊണ്ടിരിക്കുന്നു. വളരെ ഉത്തരവാദിത്വമുള്ള നിരവധി സ്ഥാപനങ്ങൾ നടത്തുന്നു. സ്വന്തം സമൂഹത്തിനുവേണ്ടി ധനം ശേഖരിക്കുന്നു. കൂടാതെ മറ്റ് മഠങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ സ്ഥലം മാറ്റപ്പെടുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ഈ കന്യാസ്ത്രികൾ ധന്യമാക്കുന്നു, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ.

മനുഷ്യർ പലതരക്കാർ എന്നപോലെ കന്യാസ്ത്രികളും പലതരത്തിലുള്ള വ്യക്തികളാണ്. വ്യക്തിപരമായി നല്ല ഗുണങ്ങൾ ഉള്ളവരും പൊതുസാഹചര്യവുമായി ഒത്തുചേർന്ന്പോകുന്നവരും നിശ്ചയദാർഡ്യക്കാരും എന്നാൽ വഴങ്ങുന്ന സ്വഭാവക്കാരും അനുസരണത്തിൻകീഴിൽ ജീവിച്ച് താനായിരിക്കുന്ന സമൂഹത്തിൻറെ നന്മയ്ക്കായി സ്വയം കാഴ്ച്ചവെച്ച് സഹപ്രവത്തനം നടത്തുന്നവരുമാണവർ. പണ്ടുകാലങ്ങളിൽ വ്രതംചെയ്ത കന്യാസ്ത്രികൾ ജീവിതകാലം മുഴുവൻ അവരുടെ സമൂഹത്തിൽത്തന്നെ ജീവിച്ച് മരിക്കുമായിരുന്നു. കാലം മാറി. ഇപ്പോൾ അവർ അവരുടെ ജീവിതാവസ്ഥയെ പുനർവിചിന്തിനം ചെയ്യുകയും തനിക്ക് പറ്റിയതല്ലെന്ന് തോന്നിയാൽ വ്രതത്തിൽനിന്ന് ഒഴിവുവാങ്ങി മാത്തിൻറെ നാല് ഭിത്തികളെ ഭേദിച്ച് പുറം ലോകത്തേയ്ക്ക് കടന്നുപോകുന്നു. രണ്ടാം വത്തിക്കാൻ കൌണ്‍സിലും പോൾ  ആറാമൻ മാർപാപ്പയും സന്ന്യാസ സമൂഹങ്ങൾക്കുള്ളിൽ കാലോചിതമായ നവീകരണം നടപ്പിലാക്കണമെന്ന് നിർദേശിക്കുകയുണ്ടായി. അതിൻറെ പരിണതഫലമായി പണ്ടുകാലങ്ങളിൽ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു. സംവാദങ്ങൾ നടത്തി. ആധുനിക കാലഘട്ടത്തിൻറെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് വേണ്ട തിരുത്തലുകൾ വരുത്തി സന്ന്യസ്ഥജീവിതത്തെ പുനർനിർവചിക്കാൻ ആരംഭിച്ചു. കന്യാസ്ത്രികൾ പ്രത്യേകിച്ച് പാശ്ചാത്യദേശങ്ങളിലെ സഹോദരികൾ വ്യക്തിപരമായിത്തന്നെ സ്വജീവിതത്തിൻറെ അർത്ഥം/ലക്ഷ്യം നിർണയിക്കാൻ തുടങ്ങി. തല്ഫലമായി ആയിരക്കണക്കിന് കന്യാസ്ത്രികൾ തങ്ങളുടെ ജീവിതാന്തസ് ഉപേക്ഷിച്ചുപോയി. ഇന്നും ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. ഭാവി കത്തോലിക്കാസഭ ഇന്ന് നാം കാണുന്നതുപോലെ ആയിരിക്കുകയില്ല.
ഓരോ കന്യാസ്ത്രിയും മഠത്തിൽനിന്നും പോകുന്നത് ഓരോരോ കാരണങ്ങൾകൊണ്ടായിരിക്കും. അത് ആധ്യാത്മികതയായിരിക്കാം; ജോലിയായിരിക്കാം; ജീവിതരീതിയായിരിക്കാം; ശാരീരികവും മാനസീകവുമായ അനാരോഗ്യമായിരിക്കാം; സഭാഘടനയായിരിക്കാം; സഭാധികാരികളായിരിക്കാം; കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക മനോഭാവമായിരിക്കാം; വെറും വ്യക്തിപരമായിരിക്കാം. ചില കന്യാസ്ത്രികൾക്ക് കുറെക്കാലം കഴിയുമ്പോൾ വേറൊരു ജീവിതാന്തസായിരിക്കും ഇഷ്ടം. മറ്റുചിലർക്ക് വിവാഹിതരായി കുട്ടികളെ ജനിപ്പിച്ചുവളർത്തി യഥാർത്ഥ അമ്മമാരാകുന്നതിലായിരിക്കും താല്പര്യം. ഈ സ്ത്രീകളുടെ കത്തോലിക്കാ വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിക്കുന്നില്ല. വിശ്വാസത്തിൻറെ പുതിയ ആവിഷ്ക്കാരത്തിലൂടെ അത് സാക്ഷാൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്വന്തം ജീവിതത്തിൻറെ എല്ലാ തലങ്ങളെയും ആഴമായി പഠിച്ച് പക്വമായ ഒരു തീരുമാനം വഴിയാണ് വ്രതങ്ങളിൽനിന്നു വിടുതൽ വാങ്ങിക്കുന്നത്. മുമ്പ്  ചിന്തിക്കപോലും ചെയ്തിട്ടില്ലാത്ത അനിശ്ചിതമായ പുറംലോക ജീവിതത്തിലേയ്ക്ക് കാലെടുത്തുകുത്താൻ ഒരു കന്യാസ്ത്രിക്ക് ആത്മധൈര്യവും  ഉദ്ദേശദാർഡ്യവും ഒപ്പം ആവശ്യമാണ്. കാരണം മഠത്തിലെ സുരക്ഷിതവും ഭദ്രവുമായ ജീവിതം, ആധ്യാത്മീകത, സന്ന്യസ്ഥജീവിതത്തോടുള്ള മാനസീകവും ശാരീരികവും വൈകാരികവുമായ അടുപ്പവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നു. തൻറെ യൗവനകാലം മുഴുവൻ മഠത്തിലും മഠത്തിനുവേണ്ടിയും ജീവിച്ചു. ഇനി ഇതാ പുറം ലോകത്തേയ്ക്കിറങ്ങുന്നു.  അതിനാൽ സങ്കടത്തിൻറെയും കുറ്റബോധത്തിൻറെയും അനിശ്ചിതത്വത്തിൻറെയും ഗൃഹാതുരത്വത്തിൻറെയും ശീലിച്ച ജീവിതരീതിയെ വിട്ടുപോരുന്നതിൻറെയും സഹപാഠികളെ ഉപേക്ഷിച്ചുപോരുന്നതിൻറെയുമായ എല്ലാ വേദനകളെയും തരണം ചെയ്യണം. സ്വന്തം കുടുംബത്തെ ഉപേക്ഷിക്കുന്നതുപോലെത്തന്നെയാണ് സ്വന്തം മഠത്തെ ഉപേക്ഷിച്ചുപോകുന്നതും.

നിത്യവ്രതം വാഗ്ദാനംചെയ്തവർ ഗുരുതരമായ തെറ്റിലകപ്പെട്ടാൽ  മാത്രമെ ആശ്രമങ്ങളിൽനിന്നോ മഠങ്ങളിൽനിന്നോ പുറംതള്ളാവൂ  എന്ന് കാനോന അനുശാസിക്കുന്നുണ്ട് (കാനോന: 500. 2. 1). കൂടാതെ പുറത്താക്കലിന് മുന്നോടിയായി പുറത്താക്കൽ ഭീഷണിയോടുകൂടിയ രണ്ട് മുന്നറിയിപ്പ് നൽകേണ്ടതുമാണ്‌ (കാനോന: 500. 2. 2). കാനോൻ നിയമത്തിലെ വകുപ്പുകളൊന്നും സന്ന്യാസസഭാധികാരികൾ പലപ്പോഴും നോക്കാറില്ല. ഒരു കന്യാസ്ത്രിയെ പുറംതള്ളണമെന്നവർ തീരുമാനിച്ചാൽ ആ കന്യാസ്ത്രിയെ പുറംതള്ളിയിരിക്കും. പുറംതള്ളപ്പെടുന്ന ഒരു സാധു സ്ത്രീയ്ക്ക് സഭാധികാരത്തോട് പൊരുതി  ജയിക്കാൻ നിർവാഹമൊന്നുമില്ല.ഉത്കൃഷ്ടമായ ഒരു ജീവിതാന്തസായി കന്യാസ്ത്രിജീവിതത്തെ കുടുംബക്കാർ കണ്ടിരുന്നെങ്കിൽ മഠമുപേക്ഷിച്ച് വീട്ടിലേയ്ക്ക് തിരികെചെല്ലുബോൾ അവരുടെ പ്രതികരണം എന്തായിരിക്കും? ഇന്നവൾ പാതിപ്രായക്കാരിയല്ല. മദ്ധ്യവയസ്ക്ക ആയിരിക്കാം. വരുമാനമൊന്നുമില്ലെങ്കിൽ അവൾ എന്തുചെയ്യും?

പൌരസ്ത്യ സഭകളുടെ കാനോനകൾ 503: 1. “ആശ്രമാത്തിൽനിന്ന് നിയമപ്രകാരം വിട്ടുപോവുകയോ അതിൽനിന്നു നിയമാനുസൃതം പുറത്താക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് താൻ അവിടെ ചെയ്ത ഏതെങ്കിലും സേവനത്തെപ്രതി അവിടെനിന്ന് ഒന്നും ആവശ്യപ്പെടാനാവുന്നതല്ല.”


2. “എങ്കിലും ആശ്രമം അതിൽനിന്നു വേർപിരിഞ്ഞ ആളുടെനേരെ ഉചിതവും സുവിശേഷാത്മകവുമായ ഉപവി കാണിക്കണം.”

മഠത്തിൽനിന്നു പുറത്താക്കപ്പെടുന്നവർക്കും സ്വമനസ്സാ പുറത്തേയ്ക്ക് പോകുന്നവർക്കും പ്രതിഫലത്തിനോ നഷ്ടപരിഹാരത്തിനോ അർഹത ഇല്ലന്ന് കാനോന വ്യക്തമായി പറയുന്നു. ഈ കാനോനയിൽ യേശുവിൻറെ സ്നേഹത്തിൻറെ അരൂപി തൊട്ടുതേച്ചിട്ടില്ലന്ന് വ്യക്തമാണ്. കൂടാതെ ആശ്രമം ഉപവിക്കു ചേർന്ന വിധത്തിൽ അവരോട് പെരുമാറണമെന്നും ഉപദേശിക്കുന്നു. ആ ഉപദേശംകൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്? വളരെ അവ്യക്തമാണ് ഈ കാനോന.

മഠംവിട്ടുപോകുന്നവരുടെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച്  മേൽപറഞ്ഞ ഈ ഒരു കാനോന മാത്രമേ ഉള്ളൂ. സഭ വിട്ടുപോകുന്ന കന്യാസ്ത്രികളുടെ ജീവിതബുദ്ധിമുട്ടുകളെപ്പറ്റി സഭ പഠിക്കണം. സഭയുടെ ഔദ്യോഗിക വ്യക്തികൾ അത് മനസ്സിലാക്കണം. വേദനാജനകമായ അവരുടെ ജീവിത സാഹചര്യങ്ങളെ സഭ അറിയണം. അവരുടെ വ്രതങ്ങളിൽനിന്നും ഒഴിവ് നല്കുന്നതുമാത്രം പോരാ അവർക്ക് നിത്യവൃത്തിക്കുള്ള ധനസഹായവും ചെയ്യണം. കന്യാസ്ത്രി ജീവിതത്തിൽനിന്നും അല്മായജീവിതത്തിലേയ്ക്കുള്ള മാറ്റത്തിൽ വന്നുകൂടുന്ന ജീവിതപ്രശ്നങ്ങൾക്ക് പുതിയ മാനങ്ങൾ കണ്ടുപിടിക്കാൻ സഭ സഹായകമാകണം.

സന്ന്യാസം വിട്ടുപോകുന്ന സഹോദരികൾ ഒരു പുതിയ ജീവിതത്തെ കണ്ടുപിടിക്കുമ്പോൾ ചില അത്യാവശ്യകാര്യങ്ങൾ (പാർപ്പിടം, വസ്ത്രം, വീട്ടുപകരണങ്ങൾ, ജോലി, താല്കാലിക ചിലവിനുള്ള കുറെ പണം) ഉടനടി നടക്കേണ്ടതായിട്ടുണ്ട്. കൂടാതെ ദീർഘകാലാടിസ്ഥാനത്തിലും പല കാര്യങ്ങളും നടക്കേണ്ടതായിട്ടുണ്ട്.

1. സ്വന്തം കുടുംബവുമായി പുതിയ ബന്ധം സ്ഥാപിക്കണം.

2. കന്യാസ്ത്രി അവസ്ഥയിൽനിന്നും അല്മായ സ്ത്രീ എന്ന അവസ്ഥയിലേക്കുള്ള മാറ്റത്തെ അംഗീകരിക്കണം.

3. സ്വന്തം ശരീരത്തെയും മനസിനെയും ആരോഗ്യപരമായി സംരക്ഷിക്കണം.

4. ഒരു അല്മായ സ്ത്രീയായി പൊതുജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടാൻ പഠിക്കണം.

5. ലൈംഗികതയേയും ലൈംഗികജീവിതത്തെയും പുതുതായി കണ്ടുപിടിക്കണം.

6. വിശ്വസ്ഥരായ പുതിയ സുഹൃത്തുക്കളെ കണ്ടെത്തണം.

7. അനുദിന ജീവിതത്തിനുതകുന്ന സമയനടപടിക്രമം ശീലിക്കണം.

8. സാധാരണക്കാരുടെ ജീവിതത്തെ ആശ്ലേഷിക്കാൻ പഠിക്കണം.

9. സ്ത്രീപുരുഷന്മാരുമായി പുതിയ സ്നേഹബന്ധങ്ങൾ സ്ഥാപിച്ചെടുക്കണം.

10. വരുമാനമുള്ള ഒരു ജോലി കണ്ടുപിടിക്കണം.

ചുരുക്കിപറഞ്ഞാൽ മഠം ഉപേക്ഷിക്കുന്ന ഓരോ കന്യാസ്ത്രിക്കും നവമായ ഒരു സ്വയം തിരിച്ചറിവ് ഉണ്ടാകണം.

മഠം ഉപേക്ഷിക്കുന്ന കന്യാസ്ത്രികളുടെ മുഖ്യപ്രശ്നം സഭയുടെ അവരോടുള്ള പെരുമാറ്റമാണ്. അത് എപ്പോഴുംതന്നെ തൃപ്തികരമല്ലാത്തതും അനീതി നിറഞ്ഞതുമാണ്. സഭതന്നെയാണ് ഈ വിഷയത്തിലെ പ്രധാന പ്രശ്നം. അതിൻറെ അനന്തരഫലം വിദൂരമാണ്.

കന്യാസ്ത്രി സന്ന്യസ്തം ഉപേക്ഷിച്ചുപോയാൽ അതല്ലായെങ്കിൽ എന്തെങ്കിലും കാരണങ്ങൾകൊണ്ട് മഠത്തിൽനിന്നും പുറംതള്ളപ്പെട്ടാൽ അവർ ജനിച്ചുവളർന്ന കുടുംബത്തിൽവരെ ചെന്നുപറ്റാനുള്ള വണ്ടിക്കൂലിമാത്രം കൊടുത്ത് മഠത്തിൻറെ പടിയിറക്കിവിടുന്നത് അതിക്രൂരമല്ലേ? എന്നാൽ കേരളത്തിലെ കത്തോലിക്കാ സഭകളിൽ ഇന്നതാണ് നടക്കുന്നത്.

ഓരോ കന്യാസ്ത്രിയുടെയും പ്രായം, വിദ്യാഭ്യാസം, നിലവാരം, ജോലിസാധ്യത, ആരോഗ്യം, മാനസികവും ശാരീരികവും ആധ്യാത്മികവുമായ അവസ്ഥ, കുടുംബത്തിൽനിന്നുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ധനസഹായത്തിന് വിലയിരുത്തപ്പെടണം. പൌരോഹിത്യവും കന്യാസ്ത്രിജീവിതവും ഉപേക്ഷിച്ചുപോകുന്ന വ്യക്തികളുടെ നിലനില്പിനായി ട്രസ്റ്റ് ഫണ്ട് സ്ഥാപിക്കണം. 1965 മുതൽ പാശ്ചാത്യ രാജ്യങ്ങളിലും ആസ്റ്റ്രേലിയായിലുമെല്ലാം മഠംവിട്ടുപോകുന്ന കന്യാസ്ത്രികൾക്ക് ധനസഹായം ചെയ്യാനായി ട്രസ്റ്റ് ഫണ്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. പുറംലോകത്തുള്ള അവരുടെ ജീവിതത്തെ കെട്ടിപ്പടുക്കാൻ അത് സഹായകമാകുന്നുണ്ട്. സഭവിട്ടുപോകുന്ന സഹോദരികളെ സഹായിക്കാൻ അവർ ആയിരുന്ന സമൂഹത്തിന് കടമയുണ്ട്. അവർ പോകുന്നതിൻറെ കാരണം ഇക്കാര്യത്തിൽ പ്രസക്തമല്ല. അപ്രകാരം ആ സമൂഹം അവരോട് പെരുമാറിയില്ലങ്കിൽ ആ സഹോദരികൾക്ക് നീതി ലഭിക്കുന്നില്ല. സഭാധികാരികളുടെ തീരുമാനങ്ങൾ  പലപ്പോഴും നല്ലതോ, ബുധിപൂർവമൊ ന്യായീകരിക്കത്തക്കതോ ആയിരിക്കണമെന്നില്ല. പിരിഞ്ഞുപോകുന്ന കന്യാസ്ത്രികളെ എല്ലാ തലങ്ങളിലും പ്രത്യേകിച്ച് സാമ്പത്തികകാര്യങ്ങളിൽ സഹായിക്കാൻ തയ്യാറാകാത്തത് കഷ്ടമാണ്. മഠങ്ങളിൽനിന്നുള്ള ധനസഹായമോ സാമ്പത്തിക വായ്പ ലഭിക്കാതിരിക്കുകയോ മറ്റ് ബുദ്ധിമുട്ടുകളിൽ സഹായഹസ്തം ഇല്ലാതിരിക്കുകയോ ചെയ്‌താൽ ആ കന്യാസ്ത്രിയുടെ മഠത്തിൽനിന്നുള്ള പോക്ക് ഗുരുതരമായ ഒരവസ്ഥയിൽ ചെന്നവസാനിക്കും. സന്ന്യാസത്തിൽനിന്ന് സാധാരണ ജീവിതത്തിലേക്കുള്ള മാറ്റത്തിന് സഹായകമാകുന്നതൊന്നും ഇന്ന് മഠങ്ങൾ ചെയ്യുന്നില്ല. കാരണം വ്യക്തമാക്കാതെ തിരുവസ്ത്രത്തോടെ മഠത്തിൽകയറ്റാതെ ഇറക്കിവിടുന്നത്‌ പച്ച മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തരമാണ്. ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ. സഭാധികാരികളുടെ മനസ്സിലിരിപ്പും അതുതന്നെ. ഇക്കാര്യത്തിൽ ഓർഡെറുകളോ കണ്‍ഗ്രിഗേഷനുകളോ തമ്മിൽ പരസ്പര ധാരണയോ പഠനമോ ഒന്നുമില്ലാത്തത് ഖേദകരം തന്നെ. ഇതു സംബന്ധിച്ച്  ലോകവ്യാപകമായ ഒരു ധാരണ കത്തോലിക്കാ സഭയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്.

കന്യാസ്ത്രി ജീവിതം ഉപേക്ഷിച്ചുപോകുന്ന സഹോദരികളുടെ നിസഹായാവസ്തയെപ്പറ്റി സഭാധികാരികൾ മനസിലാക്കേണ്ടതാണ്. ഈ വിഷയം അവരുമായി പങ്കുവയ്ക്കുമ്പോൾ സഭയുടെ ഇന്നത്തെ നിലപാടിനാധാരമായ ചില കാര്യങ്ങൾ അവർ പറയാറുണ്ട്. സഭയിൽ ചേരുന്ന കന്യാസ്ത്രികൾക്ക് നിത്യവ്രതവാഗ്ദാനത്തിനുമുൻപ് സഭയിൽനിന്നുപോകാൻ ധാരാളം സമയമുണ്ടായിരുന്നു. കാര്യം ശരിതന്നെ. പക്ഷെ നിത്യവ്രതവാഗ്ദാനാവസരത്തിലും അതിനുശേഷവും ഭാവിയെന്തെന്നും എന്തിലേയ്ക്കാണ് കാലുകുത്തുന്നതെന്നും ആർക്കും അറിയാൻ പാടില്ലന്നുള്ളതാണ് സത്യം. കാലങ്ങൾ കഴിയുമ്പോൾ ചില സഹോദരികൾക്ക്‌ അവരുടെ സന്ന്യാസ ജീവിതം മടുത്തെന്നിരിക്കും. ഇത് സാധാരണ സന്ന്യാസ ജീവിതത്തിൻറെ പരാജയമല്ല; മറിച്ച്, അത് മാനസിക വളർച്ചയുടെ ഭാഗമാണ്. 'ദൈവവിളി' ഇല്ലാതെ മഠങ്ങളിൽ കയറിക്കൂടിയവരാണ് മഠത്തിലെ ജീവിതം ഇട്ടെറിഞ്ഞിട്ടു പോകുന്നതെന്നാണ് മറ്റൊരഭിപ്രായം. എന്താണാവോ ഈ പറയപ്പെടുന്ന ദൈവവിളി? ദൈവവിളി എല്ലാവർക്കുമില്ലേ ഓരോരോ രീതിയിൽ? സാധാരണ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി കണ്ടുപിടിച്ച ഒരു തട്ടിപ്പുപദമാണ് ദൈവവിളി എന്ന പദം. ദൈവവിളി ഉണ്ടോ ഇല്ലയോ എന്നതല്ല ഇക്കാര്യത്തിൽ പ്രധാനം. മഠത്തിലെ ഓരോ കന്യാസ്ത്രിയും സ്വന്തം സമൂഹത്തിൻറെ അഭിവൃത്തിക്കായി അഹോരാത്രം പരിശ്രമിച്ചിരുന്നു എന്നതാണ് ഇവിടെ പ്രസക്തം. അപ്പോൾ ഒരു സഹോദരി അവളുടെ സന്ന്യാസ സമൂഹം വിട്ടുപോകാൻ തീരുമാനിച്ചാൽ മാന്യവും പക്ഷപാതരഹിതവും നീതിപൂർവവുമായ പെരുമാറ്റവും കൈയ്യഴിഞ്ഞ സാമ്പത്തിക  സഹായവും ആ സഹോദരിയുടെ പുതുജീവിതത്തിലേയ്ക്കുള്ള കാൽവയ്പ്പിന് ആവശ്യമാണ്.
മഠത്തിലെ സന്ന്യാസജീവിതവുമായി പോരുത്തപ്പെട്ടുപോകാൻ സാധിക്കാത്തവരാണ് പുറത്തുപോകുന്നത്. അതുകൊണ്ട് അവർക്ക് വേണ്ട സഹായങ്ങൾ മഠാധികാരികൾ ചെയ്തുകൊടുക്കണമെന്നുള്ള ഉത്തരവാദിത്വത്തിൽനിന്ന് അവരെ ഒഴിവാക്കുന്നില്ല. മഠത്തിന് സഹായിക്കാൻ സാധിക്കുമോ ഇല്ലയോ എന്നതല്ലാ ഇവിടെ പ്രശ്നം. പോകുന്ന വ്യക്തിക്ക് ജീവസന്ധാരണത്തിനുള്ള വരുമാനമുണ്ടോ എന്നതാണ് പ്രശ്നം. സീറോ മലബാർ സഭ ഇന്ന് നികുതി കൊടുക്കാത്ത (not for profit) കേരളത്തിലെ ഏറ്റവും സമ്പന്നമായ ഒരു സംഘടനയാണ്. അതിൻറെ സ്വത്ത് കണക്കുകൂട്ടാൻ സൂപ്പർ കമ്പ്യൂട്ടർ തന്നെ വേണം. ആസ്ഥിതിക്ക് പട്ടവും സന്ന്യാസവും ഉപേക്ഷിക്കുന്നവരെ സഹായിക്കാൻ സഭയ്ക്ക് യാതൊരു പ്രയാസവുമില്ല. അതിനുള്ള നന്മനസ് മാത്രം ഉണ്ടായാൽ മതി. സാമൂഹ്യനീതിയെ അടിസ്ഥാനപ്പെടുത്തി പരിതാപകരമായ ഇന്നത്തെ സ്ഥിതിയെ തിരുത്താനും അതിനുള്ള പരിഹാരമാർഗം കണ്ടുപിടിക്കാനും സീറോ മലബാർ സഭയ്ക്ക് നിഷ്പ്രയാസം സാധിക്കും. ഈ കാര്യത്തിനു മാത്രമായി സഭ ഒരു ചർച്ച് ഫണ്ട് രൂപീകരിക്കേണ്ടതാണ്.

ചുരുക്കി പറഞ്ഞാൽ അതിനുള്ള ഒരു വീക്ഷണവും മൂല്ല്യബോധവും നന്മനസും അതിനായി മുതൽകൂട്ടും ഉണ്ടായാൽ മതി. ഒന്നാമതായി സീറോ മലബാർ കത്തോലിക്കാ സഭ വൈദികരുടെയും  കന്യാസ്ത്രികളുടെയും സേവനങ്ങളെ വിലമതിച്ച് വിലയിരുത്തണം. അതിൻപ്രകാരം സേവനം ഉപേക്ഷിച്ച് പോകുന്നവർക്ക് ജീവസന്ധാരണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യണം. രണ്ടാമതായി അവരെ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി സഹായിക്കാൻ ഒരു എൻഡോവ്മെൻറ് ഫണ്ട് സ്വരൂപിക്കണം. മൂന്നാമതായി ഈ എൻഡോവ്മെൻറ് ഫണ്ട് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഒരു സമതി രൂപീകരിക്കണം. പാശ്ചാത്യരാജ്യങ്ങളിൽ കന്യാസ്ത്രികളുടെ റിട്ടയർമെൻറ്റിലേയ്ക്കായി ഫണ്ടുകൾ സ്വരൂപിച്ച് അവരെ വാർദ്ധക്യത്തിൽ സഹായിക്കുന്നുണ്ട്. ഇടവകകളിൽനിന്നുപോലും ആ ഫണ്ടിലേയ്ക്കുള്ള ധനസഹായാഭ്യർത്ഥനകൾ നടത്താറുണ്ട്. എന്തുകൊണ്ട് സീറോ മലബാർ സഭയ്ക്കും ആ വഴിയെ ചിന്തിച്ചുകൂടാ? ഈ ഫണ്ട് സീറോ മലബാർ സഭയുടെ മൊത്തത്തിലുള്ളതായിരിക്കണം. സ്വതന്ത്രമായ ഒരു സമതിയുടെ നിയന്ത്രണത്തിലായിരിക്കണം. മതിയായ തുക ഈ ഫണ്ടിലുണ്ടായിരിക്കണം. ഈ സമതിയിൽ പരിചയ സമ്പത്തുള്ളവരും സത്യസന്ധരും പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരും പ്രഗത്ഭരുമായ വൈദികരും സന്ന്യസ്ഥരും അല്മായരും ഉണ്ടായിരിക്കണം. ഫണ്ട് വിവേകപൂർവം കൈകാര്യം ചെയ്യണം. അർഹതപ്പെട്ടവർക്ക് നീതിയുക്തമായ രീതിയിൽ ഈ ഫണ്ടിൽനിന്നും സാമ്പത്തിക  സഹായം ചെയ്യണം. ഫണ്ട് ദാനമായോ ലോണായോ നല്കാൻ സാധിക്കണം. ഫണ്ടിൻറെ കൈകാര്യകത്രിത്വം സുതാര്യമായിരിക്കണം. സഭയിൽനിന്നുള്ള സംഭാവന, ആശ്രമങ്ങളിൽനിന്നുള്ള സംഭാവന, മഠങ്ങളിൽനിന്നുള്ള സംഭാവന, ഇടവകകളിൽനിന്നുള്ള സംഭാവന, സമ്പന്നരായ വ്യക്തികളിൽനിന്നുള്ള സംഭാവന എല്ലാം ഈ ഫണ്ടിൻറെ മുതൽ കൂട്ടിന് ഉപയോഗപ്പെടുത്തണം.

പോയ, പോകാനിരിക്കുന്ന സന്ന്യസ്ഥരുടെയും പുരോഹിതരുടെയും സാമ്പത്തികവും മറ്റ് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകളെ ആധാരമാക്കി അതിനുള്ള നിവാരണമാർഗത്തിലേയ്ക്കുള്ള ഒരു വിരൽ ചൂണ്ടലാണ് ഈ ലേഖനം. ഈ വിഷയത്തെ സംബന്ധിച്ച് സഭാധികാരികൾ , പുരോഹിതർ, കന്യാസ്ത്രികൾ, സഭാപൌരർ തുടങ്ങിയവരിൽനിന്നുള്ള പ്രതികരണങ്ങൾ പ്രതിക്ഷിക്കുന്നു.

http://www.malayalamdailynews.com/?p=148068

കന്യാസ്ത്രീക്ക് 12 ലക്ഷം - കെ. സി . ബി. സി.ക്ക് അഭിനന്ദനം.

 റെജി ഞള്ളാനി 
കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ 
വൈദികന്റെ പീഡനശ്രമം ചെറുത്ത് ചാരിത്ര്യം സംരക്ഷിച്ചതിന് മഠത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആലുവ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അഗാത്ത കോണ്‍വെന്റിലെ കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി. ഈ വിഷയത്തില്‍ കെ.സി.ആര്‍. എം ശക്തമായ ഇടപെടലുകളാണ് നടത്തിയത്. കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻറെ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഈ കന്യാസ്ത്രീയെ ആദരിച്ചിരുന്നു. തുടര്‍ന്ന് ഈ സംഭവത്തില്‍ സിസ്റ്ററെ ചേര്‍ത്ത് കെ.സി.ആര്‍. എം കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും കൊച്ചി ബിഷപ്പിനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. പ്രശ്‌നപരിഹാരം ഉണ്ടാവാത്ത പക്ഷം 2015 ഏപ്രല്‍ 6 ന് മഠത്തിനു മുന്നില്‍ നിരാഹാരം ഇരിക്കുമെന്നും അറിയിച്ചിരുന്നു.

സന്യാസത്തില്‍ നിന്നും വിട്ടുപോരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്ന് കെ. സി. ആര്‍ എം കൊച്ചി സമ്മേളനം സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇത്തരമൊരു തീരുമാനമെടുത്ത കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും അഭിനന്ദനം അറിയിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നഷ്ട്പരിഹാരത്തുക നല്കുന്നത്. ഇത് സംഘടനയുടെ നയതന്ത്ര വിജയം കൂടിയാണ്.

ഈ കന്യാസത്രീക്കു നല്‍കിയ തുക വളരെ കുറഞ്ഞുപോയി എന്ന പരാതി സംഘടനക്കുണ്ട്. 12 വര്‍ഷം കന്യാസ്ത്രീയായി ഇന്‍ഡ്യയിലും ഇറ്റലിയിലും മഠത്തില്‍ സേവനം അനുഷ്ടിക്കവേ സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു സിസ്റ്റ്ര്‍. വിദേശത്തും സ്വദേശത്തും ലഭിച്ച ശമ്പളത്തിന്റ തുക കൂട്ടിയാല്‍ മാത്രം 50 ലക്ഷത്തിനു മുകളില്‍ വരും. കൂടാതെ സിസ്റ്റ്‌റുടെ യൗവ്വനകാലം നഷ്ടമാവുകയും ചെയ്തു. മഠത്തില്‍ കൊടിയ ശാരീരീക, മാനസിക പീഡനങ്ങളും പട്ടിണിയും അനുഭവിക്കേണ്ടി വന്നു. കുടുബ വിഹിതം മഠത്തില്‍ ചേര്‍ന്നപ്പേള്‍ നല്‍കേണ്ടിവന്നു. ചാരിത്ര്യം സംരക്ഷിക്കുവാന്‍ അപമാനം സഹിക്കേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം വളരെ പരിതാപകരമാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ സിസ്റ്ററിന് എഴുപതു ല്ക്ഷം രൂപക്കു മേല്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ട്. ഈ തുക അനുവദിക്കണമെന്നുതന്നെയാണ് സംഘടനയുടെ നിലപാട് സിസ്റ്റര്‍ക്ക് നീതി ലഭിച്ചിട്ടില്ലന്നും, നീതി ലഭിക്കണമെന്നുമാണ് സംഘടനയുടെ നിലപാട്. അനുവദിച്ചിട്ടുള്ള തുക മുന്നോട്ടുള്ള ജീവിതത്തിന് അപര്യാപ്തമായതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. എങ്കിലും കീഴ്‌വഴക്കങ്ങള്‍ മറികടന്ന് 12 ലക്ഷം രൂപയെങ്കിലും കൊടുക്കുവാന്‍ തയ്യാറായ കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും കെ.സി.ആര്‍.എം.  
പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ അനുമോദനം അറിയിക്കുന്നു.

മുന്നോട്ടുള്ള കാലങ്ങളിലും കെ. സി . ബി. സി. യുമായി ഇതുപോലെ നല്ല ബന്ധത്തിലും സൗഹാര്‍ദ്ദത്തിലും മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം.

മാര്‍പാപ്പയുടെ മരണവും വത്തിക്കാന്‍ ബാങ്കും


കെ എ ജോണി

ജോണ്‍ പോള്‍ ഒന്നാമന്റെ മരണവും വത്തിക്കാന്‍ ബാങ്കിന്റെ ഇടപാടുകളും തമ്മില്‍ബന്ധമുണ്ടോ? ജെറാള്‍ഡ് പോസ്‌നര്‍ ഒമ്പതു വര്‍ഷത്തെ ഗവേഷണത്തിനു ശേഷം എഴുതിയ 'God's Bankers' എന്ന ഗ്രന്ഥം വത്തിക്കാന്റെ നിഗൂഢമായ സാമ്പത്തിക ചരിത്രത്തിലൂടെയുള്ളയാത്രയാണ്. അപൂര്‍വമായ വായനാനുഭവമാണ് ഈ പുസ്തകം.

ജോണ്‍ പോള്‍ ഒാമന്‍ മാര്‍പ്പാപ്പയുടെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
ഐ.ഒ.ആര്‍ (Istituto le opere di Religione ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വത്തിക്കാന്‍ബാങ്കിനെക്കുറിച്ച് പുറം ലോകത്തിനറിയാവുന്നത്് വളരെക്കുറച്ച് മാത്രമാണ്. ലോകത്തിലെഏറ്റവും നിഗൂഢമായ ബാങ്ക് എന്നാണ് വത്തിക്കാന്‍ ബാങ്കിനെ ഫോബ്‌സ് വിശേഷിപ്പിച്ചത്.കത്തോലിക്കാ സഭയുടെ പരമോന്നത പീഠമായ വത്തിക്കാന്റെ പണമിടപാടുകള്‍ കൈകാര്യംചെയ്യുന്ന ഈ ബാങ്കിനെക്കുറിച്ചാണ് ജെറാള്‍ഡ് പോസ്‌നര്‍ 'God's Bankers ' എന്ന പുസ്തകത്തില്‍എഴുതുന്നത്. അമേരിക്കയിലെ വാള്‍ സ്ട്രീറ്റില്‍ ഔദ്യോഗിക ജിവിതം തുടങ്ങിയ ജെറാള്‍ഡ്പോസ്‌നര്‍ 2005 മുതല്‍ 2014 വരെ ഒമ്പതു വര്‍ഷം നീണ്ട ഗവേഷണത്തിനു ശേഷമാണ് ഈ പുസ്തകംഎഴുതിയത്. രഹസ്യങ്ങളുടെ രാവണന്‍ കോട്ടയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന വത്തിക്കാന്‍ബാങ്കിനെക്കുറിച്ച് അമേരിക്കയുള്‍പ്പെടെ വിവിധ രാഷ്്രടങ്ങളുടെ പുരാരേഖ സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ മുങ്ങിത്തപ്പിയും നൂറുകണക്കിന് പേരുമായി അഭിമുഖങ്ങള്‍ നടത്തിയുമാണ്പോസ്‌നര്‍ ഗംഭീരം എന്നു മാത്രം വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥം എഴുതിത്തീര്‍ത്തത്.

രഹസ്യങ്ങളുടെ കോട്ടവാതിലുകള്‍ തുറക്കുക എളുപ്പമായിരുന്നില്ലെന്ന് പോസ്‌നര്‍ ആമുഖത്തില്‍എഴുതുന്നുണ്ട്. വിശ്വാസത്തിന്റെ താക്കോലുകള്‍ കൊണ്ടാണ് വത്തിക്കാന്‍ പണമിടപാടുകള്‍പലപ്പോഴും നിയന്ത്രിച്ചിരുന്നത്. വിധേയത്വത്തിന്റെയും അഗാധമായ കൂറിന്റെയും ശിലകളില്‍പടുത്തുയര്‍ത്തിയ വത്തിക്കാന്‍ ബാങ്കിന്റെ ഉള്ളുകള്ളികളിലേക്കുള്ള യാത്ര അതുകൊണ്ടു തന്നെഅതീവ ദുഷ്‌കരമായിരുന്നെന്നും പോസ്‌നര്‍ രേഖപ്പെടുത്തുന്നു. തന്റെ പുസ്തകംക്രിസ്തുമതത്തെക്കുറിച്ചോ, ദൈവ വിശ്വാസത്തെക്കുറിച്ചോ അല്ലെന്ന് പോസ്‌നര്‍വ്യക്തമാക്കുന്നുണ്ട്. പക്‌ഷേ, വത്തിക്കാന്‍ ബാങ്കിനെ ഇഴ കീറി പരിശോധിക്കുമ്പോള്‍കത്തോലിക്കാ സഭയുടെ ചരിത്രം അതില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ലെന്നതാണ് വാസ്തവം.

''പരിശുദ്ധ മറിയമേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന കൊണ്ടു മാത്രം സഭ കൊണ്ടുനടക്കാനാവില്ലെന്ന്്'' ഒരു ആര്‍ച്ച് ബിഷപ് നടത്തിയ പരാമര്‍ശം പോസ്‌നര്‍ ഉദ്ധരിക്കുന്നുണ്ട്.വത്തിക്കാന്‍ ബാങ്കിന്റെ തലപ്പത്ത് ദീര്‍ഘകാലം ഇരിക്കുകയും ''ദൈവത്തിന്റെ ബാങ്കര്‍' എന്നഇരട്ടപ്പേര് സമ്പാദിക്കുകയും ചെയ്ത ആര്‍ച്ച് ബിഷപ് മാര്‍സിങ്കസ് ആയിരുന്നു ഈവാക്യത്തിന്റെ ഉടമ. ''ലാഭം... ഐ ബി എമ്മിലെന്ന പോലെ ലാഭം സഭയ്്ക്കും പ്രധാനമാണ്.''ഓഷ്‌റിറ്റ്‌സിലെ ഗ്യാസ് ചേംബറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരില്‍ഒരാളായ ഏലിയട്ട് വെല്‍സിന്റെ ഈ വാക്കുകള്‍ പുസ്തക രചനയിലുടനീളം തന്റെമുന്നിലുണ്ടായിരുന്നെന്നും പോസ്‌നര്‍ രേഖപ്പെടുത്തുന്നു.

ലണ്ടനിലെ കൊലപാതകം
ഒരു ത്രില്ലര്‍ പോലെ വായിച്ചു പോകാവുന്ന പുസ്തകമാണിത്. 1982 ല്‍ ലണ്ടനില്‍ ബഌക്ക്ഫ്രയേഴ്‌സ് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു ഇറ്റലിക്കാരനെക്കുറിച്ചുപറഞ്ഞുകൊണ്ടാണ് പോസ്‌നര്‍ തന്റെ പുസ്തകം തുടങ്ങുന്നത്. ഇറ്റലിയിലെ അറിയപ്പെടുന്നബാങ്കുകളിലൊന്നായിരുന്ന ബാങ്കോ അംബ്രോസിയാനൊയുടെ ചെയര്‍മാനായിരുന്ന റോബര്‍ട്ടൊകാല്‍വിയെയാണ് ലണ്ടനിലെ പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരുകൊലപാതകമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. പക്‌ഷേ, കൊലയ്ക്ക് പിന്നില്‍ ആരാണ് എന്നുമാത്രം കണ്ടെത്താനായില്ല.

കാല്‍വിക്ക് വത്തിക്കാന്‍ ബാങ്കുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വത്തിക്കാന്‍ ബാങ്കിന്റെതലവനായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍സിങ്കസിന്റെ പല പണമിടപാടുകളിലും കാല്‍വിപങ്കാളിയായിരുന്നു. ഇറ്റലിയിലെ മറ്റൊരു പ്രമുഖ ബാങ്കറായിരുന്ന മിഷെല്‍ സിന്‍ഡൊണയാണ്ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍. ബാങ്ക് തട്ടിപ്പ് കേസില്‍ കുടുങ്ങി ഇറ്റലിയിലെജയിലിലടയ്ക്കപ്പെട്ട സിന്‍ഡൊണയെ ചിലര്‍ വിഷം കൊടുത്തുകൊല്ലുകയായിരുന്നു. അതീവസുരക്ഷാ സന്നാഹമുള്ള ജയിലില്‍ സിന്‍ഡൊണയുടെ ഭക്ഷണത്തില്‍ എങ്ങിനെയാണ് വിഷംകലര്‍ന്നതെന്ന് പക്‌ഷേ, പോലിസിന് കണ്ടെത്താനായില്ല.

ഹിറ്റ്‌ലറും മുസ്സോളിനിയും വത്തിക്കാനും
ഫാസിസവും നാസിസവും യൂറോപ്പിനെ ഗ്രസിച്ചപ്പോള്‍ വത്തിക്കാന്‍ നിശ്ശബദ്ത പാലിച്ചുവെന്നആരോപണം ശക്തമാണ്. ഈ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഒരര്‍ത്ഥത്തില്‍വത്തിക്കാന്‍ ബാങ്കിനെക്കുറിച്ച് പഠിക്കാന്‍ പോസ്‌നറെ പ്രേരിപ്പിച്ചത്. പിതാവു വഴി ജൂതനുംഅമ്മ വഴി കത്തോലിക്കനുമായ പോസ്‌നര്‍ക്കു മുന്നില്‍ ഈ ഗ്രന്ഥത്തിലേക്കുള്ള വഴി തുറന്നത്അര്‍ജന്റീനയില്‍ നിന്നും ലഭിച്ച ചില അമൂല്യ രേഖകളാണ്. വത്തിക്കാനും ഹിറ്റ്‌ലറുടെജര്‍മ്മനിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സൂചനകള്‍ ആ രേഖകളിലുണ്ടായിരുന്നു.

1933 ല്‍ ഹിറ്റ്ലറുടെ ഭരണകൂടത്തെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്ന് വത്തിക്കാനായിരുന്നു. ജര്‍മ്മനിയിലെ കത്തോലിക്കാ ബിഷപ്പുമാരും കര്‍ദിനാള്‍മാരും ജര്‍മ്മന്‍ഭരണകൂടത്തോട് വിധേയത്വം പ്രഖ്യാപിക്കണമെന്ന അനുശാസനം അംഗീകരിക്കുന്നതില്‍വിരോധമില്ലെന്ന് പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പ വ്യക്തമാക്കിയത് ഹിറ്റ്‌ലറെ കുറച്ചൊന്നുമല്ലസന്തോഷിപ്പിച്ചതെന്ന് പോസ്‌നര്‍ എഴുതുന്നുണ്ട്. നാസി പാര്‍ട്ടിയില്‍ അംഗമാവരുതെന്ന കര്‍ശനനിലപാടാണ് ജര്‍മ്മനിയില്‍ അതുവരെ കത്തോലിക്കാ സഭ എടുത്തിരുന്നത്.സഭാംഗങ്ങള്‍ നാസിചിഹ്‌നമായ സ്വസ്തിക ധരിക്കരുതെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. പക്‌ഷേ, 1933 ല്‍ഇതെല്ലാം തകിടം മറിഞ്ഞു. ഹിറ്റ്‌ലറുടെ ഏകാധിപത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ വത്തിക്കാന്‍സഭാംഗങ്ങളെ രക്ഷിക്കുന്നതിനുള്ള വഴിയായാണ് ഈ നയമാറ്റം സ്വീകരിച്ചത് എന്നാണ്വത്തിക്കാന്‍ ഉയര്‍ത്തിയ ന്യായീകരണം. സഭയുടെ പിന്തുണയ്ക്കുള്ള സമ്മാനമായികത്തോലിക്കരായ നികുതി ദായകരില്‍ നിന്നും 10 ശതമാനം നികുതി നേരിട്ട് പിടിച്ച് സഭയ്ക്ക്കൈമാറാന്‍ ജര്‍മ്മന്‍ ഭരണകൂടം തയ്യാറാവുകയും ചെയ്തു.

മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഏത്യോപ്യയെ ഇറ്റലി ആക്രമിച്ചപ്പോള്‍ വത്തിക്കാന്‍ അതിനുകൂട്ടു നിന്നതിനു പിന്നിലും സാമ്പത്തികം നിര്‍ണ്ണായകമായിരുന്നെന്ന് പോസ്‌നര്‍ പറയുന്നു.മുസ്സോളിനിയുമായും ഹിറ്റ്‌ലറുമായും ഒരിക്കല്‍ പോലും ഇടയുന്നതിന് വത്തിക്കാന്‍തയ്യാറായില്ലെന്ന് രേഖകള്‍ നിരത്തിയാണ് പോസ്‌നര്‍ വ്യക്തമാക്കുന്നത്.

പയസ് പതിനൊന്നാമന് കീഴില്‍ വത്തിക്കാന്‍ വിദേശമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നകര്‍ദിനാള്‍ യൂജിനൊ പസെലിയാണ് അടുത്ത മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.ജര്‍മ്മനിയില്‍ വത്തിക്കാന്‍ സ്ഥാനപതിയായി സേവനമനുഷ്ടിച്ചിട്ടുള്ള പസെലി ജര്‍മ്മന്‍ രാഷ്ട്രീയനേതാക്കളെല്ലാവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

പയസ് പന്ത്രണ്ടാമന്‍ എന്ന പേരില്‍ മാര്‍പ്പയായി സ്ഥാനമേറ്റ കര്‍ദിനാള്‍ പചെലിയാണ് 1939 മുതല്‍ 1958 വരെ വത്തിക്കാനെ നയിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കത്തോലിക്കാസഭയുടെപരമാദ്ധ്യക്ഷനായിരുന്ന പയസ് പന്ത്രണ്ടാമന്‍ പാലിച്ച തന്ത്രപരമായ നിശ്ശബ്ദതയാണ് യഹൂദര്‍ക്ക്നേരെയുള്ള നിഷ്ഠൂരമായ അതിക്രമം തുടരുന്നതിന് ഹിറ്റ്്‌ലര്‍ക്ക്്് സഹായകരമായതെന്നആരോപണം പോസ്‌നറുടെ ഗ്രന്ഥം കൃത്യമായി ഉയര്‍ത്തുന്നുണ്ട്. പല തവണ പലകര്‍ദിനാള്‍മാരും ബിഷപ്പുമാരും യഹൂദര്‍ക്കു നേരെയുള്ള ജര്‍മ്മന്‍ അതിക്രമങ്ങള്‍ പോപ്പിന്നേരിട്ട് റിപ്പോര്‍ട്ടു ചെയ്തപ്പോഴും ഇടപെടുന്നതില്‍ നിന്ന് പയസ് പന്ത്രണ്ടാമന്‍ ഒഴിഞ്ഞുമാറി.റോമിനു നേര്‍ക്ക് അമേരിക്കയുടെയും ഇംഗഌണ്ടിന്റെയും യുദ്ധവിമാനങ്ങള്‍ നടത്തിയ ഒറ്റപ്പെട്ടആക്രമണങ്ങള്‍ വരെ അതിശക്തമായി അപലപിച്ച പയസ് പന്ത്രണ്ടാമന്‍ തന്റെ മൂക്കിനു താഴെനിന്ന് റോമിലെ യഹൂദരെ നാസി പടയാളികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് ട്രാമുകളില്‍കുത്തി നിറച്ചു കൊണ്ടുപോയപ്പോള്‍ ഒരക്ഷരം പോലും എതിര്‍ത്തു പറഞ്ഞില്ലെന്നതാണ്ഞെട്ടിപ്പിക്കുന്ന വസ്തുത.

നൊഗാരയുടെ ബാങ്ക്
ബെര്‍ണാഡിനൊ നൊഗാര എന്ന ഇറ്റലിക്കാരനാണ് വത്തിക്കാന്‍ ബാങ്കിന്റെആധുനികവത്കരണത്തിന് അടിത്തറയിട്ടത്. പോപ്പ് പയസ് പതിനൊന്നാമന്റെ പ്രത്യേകക്ഷണപ്രകാരം വത്തിക്കാന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്യാനെത്തിയെ നൊഗാരയെപയസ് പന്ത്രണ്ടാമനും അതേ സ്ഥാനത്തു തന്നെ തുടരാനനുവദിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റിയല്‍ എസ്‌റ്റേറ്റിലേക്കും വിവിധ രാജ്യങ്ങളിലെ കെട്ടിടനിര്‍മ്മാണ കമ്പനികളിലേക്കും ബാങ്കുകളിലേക്കും വത്തിക്കാന്‍ ബാങ്കിന്റെ സ്വാധീനംവികസിപ്പിച്ചത് നൊഗാരയുടെ ബുദ്ധിയും ദീര്‍ഘവിക്ഷണവുമായിരുന്നു. ഈ കാലയളവില്‍പക്‌ഷേ, വത്തിക്കാന്‍ സമാഹരിച്ച ധനശേഷിക്കുമേല്‍ നാസികളുടെയും ഫാസിസ്റ്റുകളുടെയുംകരിനിഴല്‍ വല്ലാതെ വീണുകിടന്നിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പോസ്‌നറുടെ ഗവേഷണപഠനങ്ങള്‍ വെളിച്ചം വീശുന്നുണ്ട്. ജീവനു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ യഹൂദര്‍ഉപേക്ഷിച്ചതും പലപ്പോഴും അവരുടെ കൈയ്യില്‍ നിന്ന് നാസികള്‍ പിടിച്ചു പറിച്ചതുമായസ്വര്‍ണ്ണത്തില്‍ ഒരു പങ്ക് വത്തിക്കാന്റെ സേഫ് ലോക്കറുകളിലേക്കെത്തിയത്കാണാതിരിക്കാനാവില്ലെന്ന് പോസ്‌നര്‍ വ്യക്തമാക്കുന്നുണ്ട്.

പണം, അധികാരം, പ്രലോഭനം
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പല നാസി ഭീകരരും ലാറ്റിനമേരിക്കന്‍ രാഷട്രങ്ങളിലേക്ക്രക്ഷപ്പെട്ടത് വത്തിക്കാന്റെ സഹായത്തോടെയാണെന്ന് ആരോപണമുണ്ട്. ഈ രക്ഷപെടലുകള്‍ക്ക്നാസികള്‍ നല്‍കിയ വില പണമായിരുന്നു. നൊഗാരയുടെ കൃത്യമായ ആസൂത്രണവുംവത്തിക്കാന്‍ ബാങ്കിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി. ഇങ്ങനെ പടര്‍ന്നു പന്തലിച്ച ബാങ്കിന്റെതലപ്പത്താണ് അമേരിക്കക്കാരനായ ബിഷപ് പോള്‍ മാര്‍സിങ്കസ് എത്തിയത്. പോള്‍ആറാമനായിരുന്നു മാര്‍സിങ്കസിന്റെ വഴികാട്ടിയും ' തലതൊട്ടപ്പനും.'

പോള്‍ ആറാമന്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയ മാര്‍സിങ്കസിനെപ്പോലെ വത്തിക്കാന്‍ബാങ്കിന്റെ സൗകര്യങ്ങള്‍ ആസ്വദിച്ച മറ്റൊരു പുരോഹിതനുണ്ടായിട്ടില്ലെന്ന് പോസ്‌നര്‍കണ്ടെത്തുന്നുണ്ട്. പണമിടപാടു കേസുകളില്‍ എഫ് ബി ഐയും ഇറ്റാലിയന്‍ അന്വേഷണഏജന്‍സികളുമൊക്കെ മാര്‍സിങ്കസിനെതിരായി തിരിഞ്ഞെങ്കിലും മാര്‍പ്പാപ്പയുടെ തണലില്‍മാര്‍സിങ്കസ് അജയ്യനായി നിലകൊണ്ടു. സ്വതന്ത്ര രാഷ്രടമന്നെ ലേബലും കത്തോലിക്കാസഭയുടെപരമോന്നത പീഠമെന്ന ബഹുമതിയും ഉയര്‍ത്തിക്കാട്ടി മാര്‍സിങ്കസിനെതിരെയുള്ളആരേപാണങ്ങള്‍ പോപ്പ് പോള്‍ ആറാമന്‍ ഫലപ്രദമായി തടഞ്ഞു.

ജോണ്‍ പോൾ ഒന്നാമന്റെ മരണം
1978 ല്‍ പോള്‍ ആറാമന്റെ മരണത്തെതുടര്‍ന്ന് ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയായിതിരഞ്ഞെടുക്കപ്പെട്ടത് അപ്രതിക്ഷിതമായിട്ടായിരുന്നു. വെനിസിലെ കര്‍ദിനാളായിരുന്നഅല്‍ബിനൊ ലൂസിയാനിയാണ് ജോണ്‍ പോള്‍ ഒന്നാമന്‍ എന്ന പേര് സ്വീകരിച്ചത്. വെനിസില്‍കര്‍ദിനാളായിരിക്കുമ്പോള്‍ തന്നെ ലൂസിയാനിക്ക് ആര്‍ച്ച് ബീഷപ് മാര്‍സിങ്കസിനോട്താല്‍പര്യമുണ്ടായിരുന്നില്ല. വത്തിക്കാന്‍ ബാങ്കിന്റെ തലപ്പത്ത് മാര്‍സിങ്കസ് തുടരുന്നതിനോടുംഅദ്ദേഹത്തിന്റെ പല നടപടികളോടും തനിക്കുള്ള വിയോജിപ്പ് ലൂസിയാനി പരസ്യമായി തന്നെപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലൂസിയാനി മാര്‍പ്പാപ്പയായതോടെ വത്തിക്കാനില്‍അധികാരം നഷ്ടപ്പെട്ടേക്കാവുന്ന ആദ്യത്തെയാള്‍ മാര്‍സിങ്കസാവുന്നതിനുള്ള സാദ്ധ്യതഏറെയായിരുന്നു.

ജെറാള്‍ഡ് പോസ്‌നര്‍
1978 സപ്തംബര്‍ 5ന്, മാര്‍പ്പയായി അവരോധിക്കപ്പെട്ട് രണ്ടാം ദിവസം ജോണ്‍ പോള്‍ ഒന്നാമന്‍വത്തിക്കാനില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ ആര്‍ച്ച് ബിഷപ് നിക്കൊഡിമുമായി കൂടിക്കാഴ്ചനടത്തി. പോപ്പിന്റെ പരിചാരകര്‍ നല്‍കിയ കാപ്പിക്കപ്പില്‍ നിന്നും ഒരിറക്ക് കുടിച്ചയുടനെബിഷപ് നിക്കൊഡിം ശ്വാസത്തിനു വേണ്ടി പിടഞ്ഞു, പിന്നീട് പുറകിലെ ചെറിയൊരുമേശപ്പുറത്തേക്ക് തലയടിച്ചു വീണു. വത്തിക്കാനിലെ ഡോക്ടര്‍മാര്‍ എത്തിയപ്പോഴേക്കുംനിക്കൊഡിം മരിച്ചിരുന്നു. നേരത്തെ പല ഹൃദയാഘാതങ്ങളും നേരിട്ടിട്ടുണ്ടായിരുന്നതിനാല്‍നിക്കോഡിമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. ഹൃദയാഘാതം നിമിത്തമാണ് മരണംഎന്ന നിഗമനം പൊതുവെ അംഗീകരിക്കപ്പെടുകയായിരുന്നു.

എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ രണ്ട് ആരോപണങ്ങള്‍ ഉയര്‍ന്നു. ബിഷപ് നിക്കൊഡിമിനെ വിഷംകൊടുത്ത് കൊല്ലുകയായിരുന്നെന്നും പിന്നില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗമായ കെ ജി ബിആണെന്നുമായിരുന്നു ഒരാരോപണം. രണ്ടാമത്തേത്് ആര്‍ച്ച് ബിഷപ് മാര്‍സിങ്കസിനെഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. കാപ്പിയിലെ വിഷം പോപ്പ് ജോണ്‍ പോളിനെ ലക്ഷ്യംവെച്ചുള്ളതായിരുന്നെന്നും കാപ്പി കഴിക്കാതിരുന്നതിനാല്‍ പോപ്പ്രക്ഷപ്പെടുകയായിരുന്നുവെന്നുമായിരുന്നു ഈ ആരോപണം. രണ്ടാരോപണങ്ങളുംതെളിയിക്കപ്പെട്ടില്ല.

പക്ഷേ, സപ്തംബര്‍ 28ന് പോപ്പിന് കാപ്പിയുമായി രാവിലെ അഞ്ചുമണിയോടെയെത്തിയ സിസ്റ്റര്‍വിന്‍സെന്‍സ കണ്ടത് കിടക്കയില്‍ നിശ്ചലനായിരിക്കുന്ന ജോണ്‍ പോള്‍ മാര്‍പ്പാപ്പയെയാണ്.അദ്ദേഷത്തിന്റെ കൈയ്യില്‍ ഒരു ഫയലുണ്ടായിരുന്നു. തലേ ദിവസം രാത്രി പതിനൊന്നരയോടെപോപ്പ് മരിച്ചിട്ടുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. പോപ്പിന്റെകൈയ്യിലുണ്ടായിരുന്ന ഫയല്‍ ആര്‍ച്ച് ബിഷപ് മാര്‍സിങ്കസിനെതിരെയുള്ള ഒരു അന്വേഷണറിപ്പോര്‍ട്ടായിരുന്നെന്ന് പിന്നീട് ആരോപണമുയര്‍ന്നെങ്കിലും വത്തിക്കാന്‍ അത് നിഷേധിച്ചു.

പോപ്പ് ജോണ്‍ പോളിന്റെ മരണത്തിനു പിന്നില്‍ സംശയമുണ്ടെന്നും മൃതദേഹംപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ശക്തമായ ആവശ്യമുയര്‍ന്നെങ്കിലും കര്‍ദിനാള്‍മാരില്‍ഭൂരിപക്ഷവും അതംഗീകരിച്ചില്ല.അതുകൊണ്ടുതന്നെ പോപ്പ് ജോണ്‍ പോള്‍ ഒന്നാമന്റെ മരണംഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.

ജോണ്‍ പോള്‍ രണ്ടാമനും അമേരിക്കയും
പോളണ്ടില്‍ നിന്നുള്ള കര്‍ദിനാള്‍ വോയ്റ്റിലയാണ് ജോണ്‍ പോള്‍ ഒന്നാമനു ശേഷംമാര്‍പ്പാപ്പയായത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിനെതിരെ അതിശക്തമായ നിലപാടെടുത്തിരുന്നവോയ്റ്റില മാര്‍പ്പാപ്പയായതിനു പിന്നില്‍ സി ഐ എയുടെ ഇടപെടലുണ്ടായിരുന്നവെന്ന്ആരോപണമുയര്‍ന്നിരുന്നു.

മാര്‍പ്പാപ്പയായതിനു ശേഷം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വീഴ്ത്തുന്നതില്‍ജോണ്‍ പോള്‍ രണ്ടാമന്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അമേരിക്കയില്‍ നിന്നും പോളണ്ടിലെസൊളിഡാരിറ്റി പാര്‍ട്ടിക്ക് വത്തിക്കാന്‍ വഴി കോടികളാണ് കിട്ടിയതെന്ന് പോസ്‌നര്‍ രേഖകളുദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്.

നാസിസത്തെക്കാളും ഫാസിസത്തെക്കാളും വത്തിക്കാന്‍ പേടിച്ചിരുന്നത് കമ്മ്യൂണിസത്തെയാണ്. കമ്മ്യൂണിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ വത്തിക്കാന്‍ഒരിക്കലും സന്ധികള്‍ക്കോ അനുരഞ്ജനത്തിനോ തയ്യാറായിരുന്നില്ല. അമേരിക്കയില്‍ റീഗന്‍ഭരണത്തിലെത്തുന്നതും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലെത്തുന്നതും ജോണ്‍ പോള്‍രണ്ടാമന്റെ കാലത്താണ്. ഈ ത്രിശക്തി സഖ്യം കമ്മ്യൂണിസത്തിനെതിരെ ആഞ്ഞടിച്ചതിന്റെപര്യവസാനമായിരുന്നു ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയെന്ന നിരീക്ഷണത്തിലേക്ക് പോസ്‌നറുടെഗ്രന്ഥം വായനക്കാരനെ നയിച്ചാല്‍ തെറ്റുപറയാനാവില്ല. അമേരിക്കക്കാരനായ ആര്‍ച്ച് ബിഷപ്മാര്‍സിങ്കസ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ വിശ്വസതനായി തുടരുകയും ചെയ്തു. പോപ്പ്ബെനഡിക്റ്റ് പതിനാറാമനാണ് മാര്‍സിങ്കസിനെ വത്തിക്കാനില്‍ നിന്നുംഅമേരിക്കയിലേക്ക് തിരിച്ചയച്ചത്. 2006 ല്‍ അമേരിക്കയില്‍ വെച്ച് അദ്ദേഹം മരിക്കുകയുംചെയ്തു.

പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാന്റെ തലപ്പത്ത് പോപ്പ് ഫ്രാന്‍സിസ് എത്തിയതോടെ പുതിയൊരു യുഗാരംഭത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് പോസ്‌നര്‍ എഴുതുന്നു. പണത്തിനെയല്ല, മാനവികതെയസ്‌നേഹിക്കുന്ന മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ്. ദാരിദ്ര്യത്തെ ഉപാസിച്ചിരുന്ന ഫ്രാന്‍സിസ്പുണ്യവാളന്റെ പേരാണ് ബ്യൂണസ് അയേഴ്‌സിലെ കര്‍ദിനാളായിരുന്ന ബെര്‍ഗോഗ്ഌയൊതിരഞ്ഞെടുത്തത്. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ബെര്‍ഗോഗഌയോയുടെഅടുത്തിരുന്നിരുന്നത്് ബ്രസീലിലെ കര്‍ദിനാള്‍ ക്ലോഡിയൊ ഹ്യൂംസ് ആയിരുന്നു.ബെര്‍ഗോഗഌയോയുടെ നെറുകയില്‍ ആശംസ നേര്‍ന്നുകൊണ്ട് ചുംബിച്ച ശേഷം ഹ്യുംസ്പറഞ്ഞത് ഇതായിരുന്നു. '' പാവങ്ങളെ മറക്കരുത്.'' ഈ വാക്കുകളാണ് പോപ്പ് ഫ്രാന്‍സിസിനെനയിക്കുന്നതെന്ന് പോസ്‌നര്‍ വ്യക്തമാക്കുന്നുണ്ട്.

വത്തിക്കാന്‍ ബാങ്കിന്റെ നടത്തിപ്പ് ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കും പോപ്പ് ഫ്രാന്‍സിസ്തുടക്കമിട്ടു കഴിഞ്ഞതായും പോസ്‌നര്‍ എഴുതുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണത്തിനെതിരെകുരിശുയുദ്ധം നടത്തുന്നവരില്‍ പ്രമുഖനായ റെനെ ബ്രുല്‍ഹാര്‍ട്ടിനെ വത്തിക്കാന്‍ ബാങ്കിലേക്ക്പോപ്പ് ഫ്രാന്‍സിസ് കൊണ്ടു വന്നിട്ടുണ്ട്. തന്റെ നടപടികള്‍ ബാങ്കിലെ അഞ്ച് ഡയറക്ടര്‍മാര്‍തടസ്സപ്പെടുത്തുന്നതായി റെനെ പരാതിപ്പെട്ടപ്പോള്‍ ഈ അഞ്ചു പേരെയും മാറ്റാനും പോപ്പ്ഫ്രാന്‍സിസ് തയ്യാറായി എന്നത് ശുഭകരമായ ഭാവിയിലേക്കുള്ള ചൂണ്ടു പലകയാണെന്നുംപോസ്‌നര്‍ പറയുന്നു.

2013 സപ്തംബറില്‍ റെനെയുമായി പോസ്‌നര്‍ കൂടിക്കാഴ്ച നടത്തി. വലിയ പ്രതിക്ഷകളോടെയല്ല താന്‍ വത്തിക്കാന്‍ ബാങ്കിന്റെ ചുമതലയേറ്റെടുത്തതെന്നും പക്‌ഷേ, ബാങ്കിനെ വിവാദങ്ങളില്‍നിന്നും രക്ഷിച്ചെടുക്കാനാവുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും റെനെ പോസ്‌നറോട് പറയുന്നുണ്ട്. അഭിമുഖത്തില്‍ പോസ്‌നറുടെ ഒരു ചോദ്യമിതായിരുന്നു. ഇന്നിപ്പോള്‍ മാര്‍സിങ്കസ്വത്തിക്കാന്‍ ബാങ്ക് കണ്ടിരുന്നെങ്കില്‍ എങ്ങിനെയുണ്ടാവും?

ഇതിനുള്ള റെനെയുടെ മറുപടിയോടെയാണ് പോസ്‌നര്‍ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. ''അദ്ദേഹം ഈ ബാങ്കിനെ തിരിച്ചറിഞ്ഞേക്കില്ല. അത് ഒരു നല്ല കാര്യമാണ് താനും.''

Sunday, March 29, 2015

പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം


ആലുവ: വൈദികന്‍റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫാ. പോൾ തേലേക്കാട്ടിന്‍റെ സാന്നിദ്ധ്യത്തിൽ പീഡനം ചെറുത്ത കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയും പുറത്താക്കിയ ശേഷം കന്യാസ്ത്രീക്ക് ഇതുവരെ സംരക്ഷണം നൽകിയ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, സിസ്റ്റർ അനിതയുടെ ബന്ധു ബെന്നിചാക്കോ എന്നിവരുമായി ഇന്നലെ തോട്ടയ്ക്കാട്ടുകര സ്നേഹപുരം പള്ളിയിൽ നടന്ന ചർച്ചയിലാണ് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായത്.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആഗാത്ത കോൺവെന്റിന് കീഴിലുള്ള പ്രൊവിഡൻസ് കോൺവെന്റിലെ മദർ സുപ്പീരിയർ അനിതാമ്മയാണ് നഷ്ടപരിഹാരം നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചത്. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സിസ്റ്റർ അനിത സമ്മതിച്ചു. ധാരണയുടെ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്. സന്ന്യാസജീവിതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും തിരിച്ചെടുത്തില്ലെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്ന് സിസ്റ്റർ അനിത സഭയെ അറിയിച്ചിരുന്നു. തിരിച്ചെടുത്തില്ലെങ്കിൽ ന്യായമായ നഷ്ടപരിഹാരം നൽകാൻ സഭാ അധികൃതർ തയ്യാറാകണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയത്. എട്ടും പൊട്ടും തിരിയാത്തപ്പോൾ എടുത്തണിഞ്ഞ തിരുവസ്ത്രം വലിച്ചെറിഞ്ഞാൽ എന്ത് സംഭവിക്കും? അനുഭവങ്ങൾ പറയാൻ എക്സ് വൈദികരും കന്യാസ്ത്രീകളും ഒത്തു ചേർന്നപ്പോൾ പുറത്താക്കിയ കന്യാസ്ത്രീയെ തിരിച്ചെടുക്കില്ലെന്ന് സീറോ മലബാർ സഭ; അവരെ രണ്ട് തവണ പുറത്താക്കി; സിസ്റ്റർ ആരോപണങ്ങൾ ഉന്നയിക്കാതെ അനുയോജ്യമായ വഴി തിരഞ്ഞെടുക്കണമെന്ന് ഫാ. പോൾ തേലക്കാട്ട് മറുനാടനോട് മഠത്തിൽ നിന്ന് പുറത്താക്കാൻ ഞാൻ ചെയ്ത തെറ്റെന്താണ്? അരുതാത്തതു കണ്ടത് അറിയിച്ചതോ? അതോ വൈദികന്റെ ഇംഗിതത്തിനു വഴങ്ങാത്തതോ? പോകാനിടമില്ലാതെ ജനസേവാ കേന്ദ്രത്തിൽ അഭയം തേടിയ കന്യാസ്ത്രീക്കു പറയാനുള്ളത് തിരിച്ചെടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീയുടെ പത്രസമ്മേളനം; മരിക്കുന്നത് വരെ മഠത്തിന് മുമ്പിൽ നിരാഹാരം മതിൽചാടുന്നവർക്ക് തണൽവീട്; തിരുവസ്ത്രം ഉപേക്ഷിച്ച വൈദികർക്കും കന്യാസ്ത്രീകൾക്കും തൊഴിൽ പരിശീലനവും ഷെൽട്ടർ ഹോമും; കൊച്ചിയിലെ കൂട്ടായ്മയിൽ പദ്ധതിക്ക് തുടക്കമാകും.
40  കാരിയായ ഇവർ 13 വർഷം മുമ്പാണ് കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സഭാ ആസ്ഥാനത്തായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. അഞ്ച് വർഷം മുമ്പാണ് മദ്ധ്യപ്രദേശിലെ പാഞ്ചോറിൽ സഭയ്ക്ക് കീഴിലുള്ള സ്കൂളിൽ എത്തിയത്. ഇവിടെ അദ്ധ്യാപികയായിരിക്കെയാണ് ഇവിടത്തെ ധ്യാനഗുരുവായ ഇടുക്കി സ്വദേശിയായ വൈദികൻ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് സിസ്റ്റർ ചെറുത്തു. തുടർന്നാണ് സംഭവം പുറത്തറിയാതിരിക്കാൻ സിസ്റ്റർ അനിതയെ ഇറ്റലിയിലേക്കു മാറ്റിയത്. അവിടെ മൂന്നുവർഷം അടിമവേല ചെയ്യിച്ചു. പീഡനശ്രമം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തിൽനിന്ന് സഭാവസ്ത്രം ഊരിയെടുത്ത് പുറത്താക്കി.
എന്നാൽ തിരികെ മാതൃസ്ഥാപനമായ ആലുവ കോൺവെന്റിലെത്തിയ സിസ്റ്റർ അകത്തു പ്രവേശിപ്പിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ സഭാ അധികാരികൾ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്നം വഷളായി. പത്ത് മണിക്കൂറോളം ഗേറ്റിന് മുമ്പിൽ നിന്ന കന്യാസ്ത്രീയെ ഒടുവിൽ നാട്ടുകാരാണ് ആലുവ ജനസേവയിലെത്തിച്ചത്. തുടർന്നാണ് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സഭാനേതൃത്വത്തോട് സിസ്റ്റർ ആവശ്യപ്പെട്ടത് സമരം തുടങ്ങിയത്. സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീക്ക് സംരക്ഷണം നൽകിയത് ജനസേവ ശിശുഭവനായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ച വൈദികന്റെ പേരു വെളിപ്പെടുത്താനോ നിയമനടപടിക്കോ സന്ന്യാസിനി എന്ന നിലയിൽ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, സഭാ വിശ്വാസമനുസരിച്ച് ജീവിക്കാത്തവരെ പുറത്താക്കാൻ അധികാരമുണ്ടെന്നാണ് സഭാ അധികാരികൾ വിശദീകരണം നൽകിയത്. ഇറ്റലിയിലെ സഭാ അധികൃതരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ നീക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നിയിരുന്നില്ല



സഭയുമായുള്ള തർക്കത്തിന്‍റെ പേരിൽ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ മുൻ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മിയുടെ പാതയിലേക്കാണ് ഇപ്പോൾ സിസ്റ്റർ അനിതയും. കന്യാസ്ര്തീ ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' എന്ന ആത്മകഥ കേരളത്തിലെ കത്തോലിക്ക സഭയിലുണ്ടാക്കിയ പുകില് ഇനിയും അടങ്ങിയിട്ടില്ല. കന്യാസ്ത്രീ ജീവിതത്തിനിടയിലെ പീഡനങ്ങളെയും സ്വവർഗലൈംഗികതയെയും, ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ജെസ്മി കത്തോലിക്കാ സഭയ്ക്ക് ഇന്നും വെറുക്കപ്പെട്ടവളാണ്.


Saturday, March 28, 2015

ഉയിർപ്പിന്‍റെ ചരിത്രവും വിശ്വാസങ്ങളും


By ജോസഫ് പടന്നമാക്കൽ

ക്രൂശിതനായ  ക്രിസ്തു ഉയർത്തതിന്‍റെ  പ്രതീകമായി  ക്രൈസ്തവ ലോകം പവിത്രമായ ഈസ്റ്റർ പെരുന്നാളുകൾ ആണ്ടുതോറും ആഘോഷിച്ചു വരുന്നു. എങ്കിലും ഈസ്റ്റർ പാരമ്പര്യങ്ങളോ  അതിനോടനുബന്ധിച്ചുള്ള കഥകളോ ആഘോഷങ്ങളുടെ ചരിത്രമോ  അധികമാരും ചിന്തിക്കാറില്ല. ക്രിസ്തു ക്രൂശിതനായശേഷം മരിച്ചു  മൂന്നാംനാൾ  ഉയർത്തുവെന്ന വിശ്വാസസത്യത്തിന്മേൽ ഈസ്റ്റർ ഒരു പുണ്യദിനമായി ആചരിക്കുന്നു. ആഘോഷവേളകളിൽ 'ഈസ്റ്റർ' ബണ്ണി  കുട്ടികൾക്ക് ആവേശം നൽകാറുണ്ട്. നിറമുള്ള അലംകൃതമായ ഈസ്റ്റർ മുട്ടകൾ, മിഠായികൾ, കാൻഡികൾ മുതലാവകൾ ആഘോഷമേളകൾക്ക് ഊഷ്മളതയും പകരുന്നു.
യൂറോപ്യൻ നാടുകളിലെ പേഗനീസ് മതങ്ങളിലുള്ള ദേവിയായ  ഇയോസ്ട്രാ (Eostra)യുടെ ആഘോഷദിനം പിന്നീട് 'ഈസ്റ്ററായി' അറിയപ്പെടാൻ തുടങ്ങി. ആ ദേവത വസന്തകാലത്തിന്‍റെയും പുഷ്ക്കലത്വത്തിന്‍റെയും സമ്പുഷ്ടതയുടെയും വിശ്വദേവിയായിരുന്നു. പുലരിയുടെയും ദേവിയായിരുന്നു. കിഴക്കുനിന്നുദിക്കുന്ന  പ്രശോഭ സൂര്യനെപ്പോലെ സുന്ദരിയുമായിരുന്നു. ശൈത്യകാലത്തിനു  വിരാമമിട്ടുകൊണ്ട് തെളിമയാർന്ന ദിനങ്ങളാക്കി പുതുജീവിതം നല്കുന്നതും ദേവിയായിരുന്നു. ദേവിയുടെ സാമിപ്യത്തിൽ ചെടികൾ പുഷ്പ്പിച്ചിരുന്നു. മനുഷ്യ-ജീവജാലങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിച്ചിരുന്നതും ദേവിയുടെ അനുഗ്രഹമെന്ന് വിശ്വസിച്ചിരുന്നു. പെറ്റു പെരുകാറുള്ള  മുയലുകൾ  അവരുടെ  ലാളിച്ചു താലോലിക്കുന്ന വളർത്തു മൃഗങ്ങളായി  കരുതുന്നു. സ്ത്രീകളുടെ ഹോർമോണായ 'എസ്ട്രോജൻ' ഇയോസ്ട്രാ ദേവിയുടെ ശബ്ദോൽപ്പത്തിയിൽ നിന്നും ലഭിച്ചതാണ്. പ്രസവിക്കാത്ത സ്ത്രീകൾ കുഞ്ഞുങ്ങളുണ്ടാകാൻ അനുഗ്രഹവും തേടിയിരുന്നു.
ഈസ്റ്റർ ബണ്ണിയെ 'ഈസ്റ്റർ റാബിറ്റ്', 'ഈസ്റ്റർ ഹെരെ' എന്നീ  പേരുകളിലും അറിയപ്പെട്ടിരുന്നു. ഇയോസ്ട്രാ (Eostra) യുടെ പ്രിയപ്പെട്ട കൂട്ടുകാരനായ 'ഹെരെ' എന്ന ദേവൻ ഈയോസ്ട്രാ ദേവിയുമൊത്ത് പ്രേമത്തിന്‍റെ സല്ലാപഗോപുരത്തിൽ ഒന്നിച്ചു സഹവസിക്കുന്നതായും എഴുതപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക്‌ ഈസ്റ്റർ ബണ്ണിയും സമ്മാനങ്ങളും  സമ്മാനിക്കുന്നത് ദേവിയുടെ ഇഷ്ടതോഴനായ ഹെരെദേവനാണെന്നും  വിശ്വസിക്കുന്നു.
ഈസ്റ്ററുമായി  അനുബന്ധിച്ചുള്ള  പൗരാണിക  ദേവിദേവതകളുടെ  ചരിത്രം എങ്ങനെ, എവിടെനിന്നു വന്നുവെന്നും വസ്തുനിഷ്ഠമായി  നാളിതുവരെ സ്ഥിതികരിച്ചിട്ടില്ല. ഈസ്റ്റർ ബണ്ണിയിലെ പ്രതിരൂപങ്ങളായ  മുയലുകൾ ഫലഭൂയിഷ്ടിയുടെയും ഹരിതക സസ്യവിളകളുടെ പുനർ ജീവന്‍റെയും അടയാളമായി കരുതുന്നു. ഈസ്റ്റർ ബണ്ണിയ്ക്ക് സമാനമായുള്ള ചിത്രങ്ങൾ മദ്ധ്യകാല ദേവാലയ ഭിത്തികളിലും കോത്തളങ്ങളിലുമുണ്ടായിരുന്നു. ക്രിസ്തുവിന്‍റെ  'ഉയർപ്പു നാളുകളിൽ പ്രത്യക്ഷപ്പെടുന്ന 'ഈസ്റ്റർ ബണ്ണി' പേഗൻ പാരമ്പര്യങ്ങളിൽ നിന്നും ഉത്ഭവിച്ചതാണ്.
ഒരിക്കൽ ഹിമക്കട്ടകൾ നിറഞ്ഞ ശൈത്യത്തിൽ നിന്നും വസന്തം വന്നെത്താൻ താമസിച്ചുപോയി. ഒരു പാവം പക്ഷിയുടെ ചിറകുകൾ  ചലിക്കാൻ മേലാതെ മഞ്ഞുകട്ടയ്ക്കുള്ളിൽ ഉറച്ചിരുന്നു. കരുണാമയിയായ 'ഇയോസ്ട്രാ ദേവി' ഹിമത്തിലകപ്പെട്ടുപോയ പക്ഷിയെ രക്ഷിച്ചു. ചിറകുകൾ നഷ്ടപ്പെട്ടെങ്കിലും അന്നുമുതൽ ദേവി ആ പക്ഷിയെ ലാളിക്കുകയും  പ്രേമത്തിന്‍റെ ലഹരിയിൽ ഇഷ്ടകാമുകനാക്കുകയും ചെയ്തു. ഇയോസ്ട്രാ ദേവി അവനെ 'ഹെരെ'യെന്നു വിളിച്ചു. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ അതിവേഗം ഓടാനുള്ള വരവും കൊടുത്തു. മുമ്പ് പക്ഷിയായിരുന്നതുകൊണ്ട് മഴവില്ലുപോലെയുള്ളവർണ്ണ നിറങ്ങളോടെയുമുള്ള മുട്ടകളിടാനും ദേവി അനുഗ്രഹിച്ചു. ഓരോ വർഷവും ഈസ്റ്റർ ദിനങ്ങളിൽ മാത്രമേ മുട്ടകളിടാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വർഷത്തിലൊരിക്കൽ 'മുട്ടകൾ' കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യാൻ 'ഹെരെ' ദേവൻ ഭൂമിയിൽ  വന്നെത്താറുണ്ടെന്നുള്ള ഐതിഹ്യ കഥകളുമുണ്ട്.
ഈസ്റ്റർ ആഘോഷങ്ങൾ യൂറോപ്പിൽ പ്രൊട്ടസ്റ്റനറ്  മതവിഭാഗക്കാരുടെയിടയിൽ പതിനേഴാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്.  അമേരിക്കയിൽ ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞ് ജർമ്മൻകാർ ഈസ്റ്റർ  ആഘോഷിക്കാൻ തുടങ്ങി. നിറം കലർത്തിയ ഈസ്റ്റർ മുട്ടകൾ പുതു ജീവിതത്തിന്‍റെയും വസന്തകാല വിരുന്നിന്‍റെയും പ്രതീതാത്മകമായി നിലകൊള്ളുന്നു. യൂറോപ്പിൽ പഴങ്കാലങ്ങളിലുള്ള ഈസ്റ്റർ ദിനങ്ങളിൽ  മുട്ട, വെണ്ണ, മാംസം, പാൽ മുതലായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ പാടില്ലായെന്ന നിബന്ധനകളുണ്ടായിരുന്നു. നിറം കലർത്തിയ മുട്ടകൾ കൊണ്ട് പരിസരങ്ങൾ അലങ്കരിക്കുകയെന്നത് പേഗൻ കാലങ്ങൾ മുതലുള്ള  പൌരാണിക സംസ്ക്കാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ റക്ഷ്യയിൽ   ഈ പാരമ്പര്യം രാജകീയമാക്കിയിരുന്നു. രാജകീയ സദസ്സിലുള്ളവരും  പ്രഭുക്കന്മാരും ഈസ്റ്റർ ദിനങ്ങളിൽ സമ്മാനങ്ങൾ കൈമാറുകയെന്നത്  സാംസ്ക്കാരികമാക്കിയിരുന്നു. 'പീറ്റർ കാൾ ഫാബർഗോ' എന്ന കലാ വിദഗ്ദ്ധനെ റക്ഷ്യയുടെ അലക്സാണ്ടർ മൂന്നാമൻ സാർ ചക്രവർത്തി രാജസദസ്സിനു വേണ്ടി നിയമിക്കുകയും ചെയ്തു. രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങൾ ഈസ്റ്റർ കാലങ്ങളിൽ വർണ്ണനിറങ്ങളാൽ  അലങ്കരിക്കുന്നതിനുപുറമേ ചക്രവർത്തിനി സാറിനിയ്ക്ക് കൈകളിലും കഴുത്തിലും അണിയാൻ കലാനിപുണതയോടെയുള്ള ആഭരണങ്ങൾ പണിയുകയും ചെയ്തിരുന്നു.
അമേരിക്കക്കാർ പൊതുവേ മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് ഈസ്റ്റർ ആഘോഷിച്ചിരുന്നത്. 90 മില്ല്യൻ ചോക്കളേറ്റുകളാണ് ഈസ്റ്റർ കാലങ്ങളിൽ അമേരിക്കയിൽ വിറ്റഴിക്കുന്നത്. ഓരോ വർഷവും 60 ബില്ലിയൻ 'ജില്ലിബിയൻസും' മാർക്കറ്റിൽ വിറ്റഴിയുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് 'ജില്ലിബിയൻസ്' ആദ്യമായി മാർക്കറ്റിൽ ഇറക്കിയത്. 1930 മുതൽ ഈസ്റ്റർ ക്യാൻഡിയും മാർക്കറ്റിൽ സ്ഥാനം നേടി. 'ഹല്ലോവിയൻ'   കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവുമധികം ക്യാൻഡി വിൽക്കുന്നത്  ഈസ്റ്റർ സമയങ്ങളിലാണ്. അമേരിക്കയിലെ 88 ശതമാനം  മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കായി ഈസ്റ്റർ ബാസ്ക്കറ്റുകൾ  തയ്യാറാക്കുന്നു. അങ്ങിനെ, അറിയാൻ പാടില്ലാത്ത പല കഥകളും ഈസ്റ്റർ ആഘോഷങ്ങളുമായി അനുബന്ധിച്ചുണ്ട്. 1885-ൽ റക്ഷ്യയിലെ സാറീന മരിയാക്ക് അലക്സാണ്ടർ ചക്രവർത്തി കലാവിരുതുള്ള ഈസ്റ്റർ മുട്ട സമ്മാനിച്ചതു മുതൽ ഈസ്റ്റർ ആഘോഷങ്ങൾ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുവാനും തുടങ്ങി.
ജനന മരണങ്ങൾക്കൊപ്പം  ഉയർപ്പെന്നുള്ളത് മനുഷ്യന്‍റെ ഉപബോധ മനസ്സിൽ തലമുറകളായി അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. ദൈവങ്ങളുടെ ഉയർപ്പും അതിന്‍റെ പ്രതിഫലനങ്ങളാണ്. ചരിത്രാതീത കാലംമുതൽ   ദൈവങ്ങളുടെ ഉയർപ്പുകൾ മനുഷ്യജീവിതത്തിന്‍റെ ബോധ മണ്ഡലങ്ങളിലുണ്ടായിരുന്നു. മരണവും ഉയർപ്പും മനുഷ്യമനസ്സുകളെ കീഴടക്കാൻ കാരണങ്ങളേറെയുണ്ട്. സസ്യങ്ങൾ വസന്തകാലത്തിൽ മുളക്കുന്നു. ശിശിരകാലങ്ങളിൽ തഴച്ചു വളരുന്നു. വേനൽ വരുമ്പോഴും മഞ്ഞു വീഴുമ്പോഴും തളിർത്ത ചെടികൾ നശിക്കുന്നു. വീണ്ടും കാലചക്രം തിരിയുമ്പോൾ ചെടികൾ മുളയ്ക്കുന്നു. ചെടികൾ മുളയ്ക്കുകയും വളരുകയും നശിക്കുകയും വീണ്ടും മുളയ്ക്കുകയും ചെയ്യുന്നത്  ദൈവങ്ങളുടെ ഉയർപ്പിനു സമാനമായി പ്രാചീന മനുഷ്യർ  കരുതിയിരുന്നു. ഉദിച്ചുയരുന്ന സൂര്യനും അസ്തമയവും, വീണ്ടും ഉദിക്കലും കാലാവസ്ഥ വ്യതിയാനവും രാത്രിയും പകലും രാത്രിയാകാശത്തിലെ കോളിളക്കങ്ങളും ശാന്തതയും മനുഷ്യന്‍റെ ഉണർവും ഉറക്കവും ചിന്തകളുടെ മാറ്റവും മരിച്ചുയർത്തെഴുന്നേല്ക്കുന്ന  ദൈവജ്ഞാനങ്ങളായി പ്രാചീന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.
ധാന്യവിളകളുടെ കൊയ്ത്തു കാലങ്ങൾ പുരാതന ജനതയിൽ പ്രത്യേക തരമായ   ആനന്ദാനുഭൂതികൾ  ജനിപ്പിക്കുമായിരുന്നു.  അന്നുള്ളവർ, ആ മുഹൂർത്തങ്ങളെ ഈശ്വരനുഗ്രഹമായി കരുതിയിരുന്നു.  തണുപ്പുകാലങ്ങളിൽ പഴയ ചെടികൾ നശിക്കുകയും വസന്തത്തിൽ പുതിയവ മുളച്ചു വരുകയും ചെയ്യുന്ന പ്രകൃതിയുടെ  ലീലാവിലാസങ്ങളിൽ   വിസ്മയഭരിതരാകുമായിരുന്നു. അന്നുള്ള ജനങ്ങളുടെ പരിമിതമായ അറിവുകൾ കൃഷിയിലും, മണ്ണ് ഉഴുതുന്നതിലും നടീലിലും വിത്തുകൾ ഭൂമിയിൽ പാകുന്നതിലുമായിരുന്നു.  കൃഷിയിറക്കാൻ അനുയോജ്യമായ കാലാവസ്ഥയും ഗ്രഹിച്ചിരുന്നു. പേഗൻ മതവിശ്വാസികളും അവരുടെ ആത്മീയാനുഭൂതിയിൽ ദൈവത്തിന്‍റെ മക്കളെന്നു വിശ്വസിച്ചിരുന്നു. വിത്തുകൾ ഭൂമിയിൽ കുഴിച്ചിട്ടു മുളയ്ക്കുന്നപോലെ ദൈവവും ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസം അവരുടെയിടയിൽ പ്രബലമായിരുന്നു.
വേനൽ, ശിശിരം, വസന്തംമഞ്ഞു ചതുർകാലങ്ങൾ ജനന-മരണ പുനർ ജന്മങ്ങളുടെ പ്രതീകങ്ങളായി കരുതിയിരുന്നു. സൂര്യപ്രഭ അവസാനിക്കുമ്പോൾ കൃഷികളും നശിക്കുന്നു. പ്രാചീനജനതകളിൽ   ധാന്യവിളകളുടെ വളർച്ചയും നശിക്കലും വീണ്ടും പൊട്ടി മുളയ്ക്കലും സൂര്യന്‍റെ ഉയർത്തെഴുന്നേൽക്കലും ഉയർപ്പെന്നമരണാനാന്തര  ജീവിതത്തിൽ വിശ്വസിക്കാൻ പ്രേരകമായി. വർഷത്തിലൊരിയ്ക്കൽ   സൂര്യൻ ഉദിക്കുകയും മരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാചീനർ വിശ്വസിച്ചിരുന്നു. അതുപോലെ സൂര്യാസ്തമയവും സൂര്യോദയവും ദൈവത്തിന്‍റെ മരണവും ഉയർപ്പുമായി കരുതിയിരുന്നു. മനുഷ്യന്‍റെ ഉപബോധമനസ്സിലുണ്ടായ അത്തരം മാനസികചലനങ്ങളെ  സത്യങ്ങളായും വിശ്വസിച്ചിരുന്നു.  ആകാശചലനങ്ങളും കാർമേഘങ്ങളും ഇടിയും മിന്നലും മഴക്കാറും മാറി, വീണ്ടും പ്രശാന്തസുന്ദരമായ ആകാശമാകുന്നതും നിരീക്ഷിച്ചിരുന്നു. കപ്പൽ യാത്രക്കാരും ആട്ടിടയന്മാരും സന്യസ്ത മുനികളും ഭയാനകമായ ആകാശഗംഗയുടെ നീക്കങ്ങൾ ഇമവെട്ടാതെ വീക്ഷിച്ചുകൊണ്ടിരുന്നു. ജനങ്ങൾ സമൂഹമായി ഒത്തൊരുമിച്ചുകൂടി ആശയങ്ങൾ കൈമാറിയിരുന്നു. വാനനിരീക്ഷണവും തിളങ്ങുന്ന നക്ഷത്രങ്ങളും വിലയിരുത്തിയിരുന്നു. ഓരോ രാത്രിയാമങ്ങളിലും ശോഭയാർന്ന നക്ഷത്രങ്ങൾ മരിക്കുകയും രാത്രിയുടെ തുടക്കത്തിൽ വീണ്ടും ജനിക്കുകയും ചെയ്യുന്നുവെന്നു വിലയിരുത്തി. പ്രകൃതി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്, ദൈവങ്ങളുടെ മരണവും ഉയർപ്പുമായി അനുമാനിച്ചിരുന്നു. അങ്ങനെ സൂര്യചന്ദ്രാദി  നക്ഷത്രങ്ങളും രാത്രിയും പകലും പ്രകൃതിയുമെല്ലാം ദൈവങ്ങളുടെ ഉയർപ്പും മരണവുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ചിന്തകളായിരുന്നു അന്നുള്ളവർക്കുണ്ടായിരുന്നത്. 
പ്രാചീന കൃതികളിൽ ഉറക്കത്തെ മരണമായി കരുതിയിരുന്നു.   ഉറക്കത്തിൽ ബോധം നശിക്കുകയും ഉണരുമ്പോൾ ബോധം വീണ്ടും വന്നു ചേരുകയും ചെയ്യുന്നു. രാവിലെ ഉണരുന്ന സമയങ്ങളിൽ നാം കൂടുതൽ ഉന്മേഷഭരിതരാകാറുണ്ട്. ഓരോരുത്തർക്കും ലഭിക്കുന്ന പ്രായോഗിക പരിജ്ഞാനം ഉണർവോടെ കൈമാറാൻ സാധിക്കുന്നതും ആരോഗ്യപരമായ ഉറക്കത്തിനു ശേഷമായിരിക്കും. ഉണരുകയും ഉറങ്ങുകയും വീണ്ടും ഉണരുകയും ചെയ്യുന്ന പ്രക്രീയകൾ മരണത്തിന്‍റെയും ഉയർപ്പിന്‍റെയും പ്രതീകങ്ങളായി മനുഷ്യന്‍റെ മാനസിക തലങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.
ചരിത്രാതീത കാലത്ത് പ്രകൃതിയെ  ആശ്രയിച്ചു ജീവിച്ചിരുന്ന മനുഷ്യർ  ഭാഗ്യദേവതയുടെ കടാക്ഷത്തിനായി പ്രാർത്ഥിച്ചിരുന്നു. വരൾച്ച കാലങ്ങളും യുദ്ധത്തിലുള്ള തോൽവികളും സമൂഹത്തിന്‍റെ മുഴുവനായ മരണമായി കരുതിയിരുന്നു. സമൂഹം ജനങ്ങളുടെ ജീവിതത്തിന്‍റെ പ്രധാന ഘടകവുമായിരുന്നു. ഒരു സമൂഹത്തിന്‍റെ സഹകരണമില്ലാതെ വ്യക്തിക്ക് ശാരീരികമായും മാനസികമായും നിലനില്പ്പ് അസാധ്യവുമായിരുന്നു.   പ്രശ്നസങ്കീർണ്ണങ്ങളായ ദിവസങ്ങൾ ഓരോ വ്യക്തിയിലും വന്നും പോയുമിരുന്നിരുന്നു. മനസ്സുകൾ അസ്വസ്ഥമാകുന്ന ദിനങ്ങളിൽ ലോകം മുഴുവനും ശോക പ്രവണതകളായി അവന് അനുഭവപ്പെടുമായിരുന്നു. ദുഃഖത്തിൽ നിന്നും ആനന്ദത്തെ പ്രാപിക്കുമ്പോൾ ലോകം സ്വർഗ ഭൂമിയായും കരുതി സമാധാനിച്ചിരുന്നു. മനുഷ്യനുണ്ടാകുന്ന ശോക പരമാനന്ദ മാറ്റങ്ങളും മാനസിക വ്യതിയാനങ്ങളും അവനിലെ പുതിയ ഉണർവും ഉയർപ്പുമായി കരുതിയിരുന്നു.
ചരിത്രാതീത കാലം  മുതലേ ഉയർപ്പെന്നുള്ള ഒരു മായാരൂപം മനുഷ്യ വർഗങ്ങളുടെ മനസ്സുകളെ വേട്ടയാടിയിരുന്നു. കാട്ടു ജാതിക്കാരുടെയിടയിലും മലവേടരിലും പൌരാണിക കഥ പറയുന്നവരിലും ഇത്തരം കഥകൾ പ്രചരിച്ചിരുന്നു.  ഗ്രാമീണ ട്രൈബൽ മൂപ്പന്മാർ അതാതു ദേശങ്ങളിൽ മരിച്ചുയർത്ത ദൈവതുല്യരായ മൂപ്പൻമാരെ പറ്റിയുള്ള ഡോക്കുമെന്റുകളും പരീക്ഷണവിധേയമായി  തയ്യാറാക്കിയിരുന്നു. ഒരുവൻ മരിച്ചുകഴിഞ്ഞ് അനേക വർഷങ്ങൾക്കു ശേഷം അവരുടെ ഉയർത്തെഴുന്നേറ്റ കഥകൾ ഇതിഹാസമാക്കുകയും ചെയ്തിരുന്നു. ജനിയ്ക്കുകയും ഉയർക്കുകയും ചെയ്യുന്ന ഇത്തരം കെട്ടു കഥകൾ ഒരു പ്രത്യേക പ്രദേശത്തുനിന്നും ഗ്രാമ പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു. മരിച്ചവരിൽനിന്നുയർത്ത യേശുവിന്‍റെ കഥകൾ പോലെ തന്നെ അനേക പേഗൻ ദൈവങ്ങളുടെ കഥകളുമുണ്ട്.
യേശുവിന്‍റെ ഉയർപ്പും പേഗൻ ദൈവങ്ങളുടെ ഉയർപ്പും വ്യത്യസ്ഥ രീതികളിലായിട്ടാണ് അറിയപ്പെടുന്നത്. പേഗൻ ദൈവങ്ങൾ  യേശുവിനെപ്പോലെ ചരിത്രത്തിലുള്ളവരല്ല. 'ഒരിക്കൽ ഒരിടത്ത് സംഭവിച്ചുവെന്നേ 'പുരാണ പേഗനീസ് ദേവന്മാരെ വാഴ്ത്താൻ സാധിക്കുകയുള്ളൂ. എന്നാൽ യേശുവിന്‍റെ ഉയർപ്പ് പ്രത്യേക ഒരു കാലഘട്ടത്തിലും ചരിത്രത്തിന്‍റെ അതിർവരമ്പിലുമായിരുന്നു. രണ്ടാമത്, പേഗൻ ദൈവങ്ങളുടെ കഥ തെളിവുകളില്ലാത്ത കെട്ടുകഥകളായി കരുതുന്നു. യേശുവിന്‍റെ കഥ ഒരത്ഭുതമായി ശിക്ഷ്യഗണങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുവിനെ കെട്ടുകഥകളെക്കാളുപരി   അമാനുഷനായ ഒരു ദിവ്യനായി, സാമൂഹിക വിപ്ലവകാരിയായിദരിദ്രരുടെ കണ്ണീരൊപ്പുന്നവനായി, രോഗികള്ക്കും ദുഖിതർക്കും ആശ്വാസമായി കരുതുന്നു. എത്രയെത്ര അന്വേഷിച്ചാലും യേശുവിനെപ്പറ്റിയുള്ള ഗവേഷണം തീരില്ല.
ഒരു കാര്യം ചിന്തിക്കണം, യേശുവിന്‍റെ ഉയർപ്പ് കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി മാറ്റമില്ലാതെ ജനഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.  അവിടുത്തെ സന്ദേശങ്ങൾ ശക്തമായിത്തന്നെ മാനവഹൃദയങ്ങളിൽ  നിലനില്ക്കുന്നു. അതിന്‍റെ മാറ്റൊലി മനുഷ്യജാതികളിൽ   അത്യുജ്ജലമായിരുന്നു. ആട്ടീസ്, അഡോണി, ഒസിറീസ് എന്നീ പേഗൻ ദൈവങ്ങളെ അധികമാർക്കും അറിഞ്ഞുകൂടാ. അവരുടെ കെട്ടുകഥകൾ നിലനിൽക്കുന്നുമില്ല. കെട്ടുകഥകൾക്കുപരി 'ആട്ടീസ്' എന്ന ദേവൻ  ജീവിച്ചിരുന്നുവെന്ന് ചരിത്രത്തിൽ ചികയാനും സാധിക്കില്ല. പേഗൻ  കെട്ടുകഥകൾ എക്കാലവും അവ്യക്തമായിരുന്നു. സന്മാർഗ്ഗ നിലവാരം പുലർത്തുന്ന കഥകളായിരുന്നില്ല. വിജ്ഞാനപ്രദമോ ചിന്തനീയമായ  കഥകളോ  താത്ത്വികമോ ആയിരുന്നില്ല.  യേശുവിന്‍റെ ഉയർപ്പെന്നുള്ള  കഥ കുടിലുതൊട്ട് കൊട്ടാരം വരെ ചരിത്രതാളുകളിൽ മാറ്റമില്ലാതെ തിളങ്ങി നില്ക്കുന്നു. ലോകമുള്ളടത്തോളം യേശുവെന്ന പ്രതിഭയ്ക്ക് മങ്ങലേൽക്കില്ല.
യേശുവിന്‍റെ ഉയർപ്പെന്ന സന്ദേശം ശ്രവിക്കുന്നവൻ  പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തിലും വിശ്വസിക്കുന്നു. യേശുവിന്‍റെ പുനരുദ്ധാരണം തങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചുവെന്നു സ്വയം പറയും. കെട്ടുകഥകൾ മാത്രം വിശ്വസിച്ച പഴങ്കാല ദൈവങ്ങളിൽ നിന്നും വ്യത്യസ്തനായി യേശുവെന്ന ദേവൻ പുതിയ ഉണർവും ഉന്മേഷവും നല്കും. അർത്ഥമില്ലാത്ത പ്രാചീന ദൈവങ്ങളെ മനസ്സിൽനിന്നും നീക്കി സത്യവും അഹിംസയും സംസാരിക്കുന്ന യേശുവിൽ ജനം ആശ്വാസം കണ്ടെത്താനും ശ്രമിക്കുന്നു. 'എനിയ്ക്കു ക്രിസ്തുവിനെ മതി, ക്രിസ്ത്യാനികളെ വേണ്ടായെന്ന്' ഗാന്ധിജി പറഞ്ഞു. യേശുവിന്‍റെ സന്ദേശങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുമെങ്കിലും 'ഉയർപ്പെന്ന' കഥ അവിശ്വാസികൾക്കും അക്രൈസ്തവർക്കും   ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. യേശുവിനെ ഉയർപ്പിച്ച അതേ ദൈവം തന്നെയാണ് ഭാവനകൾ നിറഞ്ഞ പേഗൻ ദൈവങ്ങളെ ജനിപ്പിക്കുകയും ഉയർപ്പിക്കുകയും ചെയ്തത്. അതേ ദൈവം തന്നെയാണ് പ്രപഞ്ച സൃഷ്ടാവും. യേശുവിന്‍റെ ഉയർപ്പെന്ന ഭാവനയും സൃഷ്ടാവുമായി ബന്ധിപ്പിച്ചാലേ യേശുവിൽ ദൈവദർശനം ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ.

എന്തുകൊണ്ട് സൃഷ്ടാവായ ദൈവം പ്രകൃതിയേയും മനുഷ്യ- ജീവജാലങ്ങളേയും ജനന മരണങ്ങളോടെ സൃഷ്ടിച്ചുവെന്നു  ചോദ്യമുയർന്നേക്കാം. അതിനുത്തരം, ദൈവം ഈ പ്രപഞ്ചം ശൂന്യതയിൽനിന്നു സൃഷ്ടിച്ചുവെന്നാകാം. ജീവിതം പോലെ മരണവും സൃഷ്ടി കർമ്മങ്ങൾക്കൊപ്പമാകാം. നിത്യതയിലെ സൃഷ്ടികർത്താവ് നിത്യതയിലെ യേശുവിനെയും ഉയർപ്പിച്ചു. അതേ നിത്യതയിലുള്ള യേശു വീണ്ടും വരുമെന്ന വിശ്വാസവും പുലർത്തുന്നു. ആദിയും അന്തവുമായവൻ വർത്തമാന കാലത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. അങ്ങനെ ഈസ്റ്റർ മുട്ടകളും, ഈസ്റ്റർ ബണ്ണിയും, ഉദയസൂര്യനും   വസന്തകാലാഘോഷങ്ങളും പുനർജീവിതത്തിന്‍റെ അർത്ഥസൂചക പഠനങ്ങളാണ്. ക്രിസ്ത്യൻ വിശ്വാസവും പേഗനീസവും ഒത്തൊരുമിച്ച  ഒരു സംസ്ക്കാര പാരമ്പര്യം ഈസ്റ്ററിന്‍റെ പുരാവൃത്തത്തിൽ നിഴലിച്ചിരിക്കുന്നതും കാണാം.