Translate

Thursday, July 12, 2018

എറണാകുളം-അങ്കമാലി അതിരൂപത - അതിജീവനത്തിന്റെ അടയാളം


ഷൈജു ആന്റണി ഫോണ്‍: 9388998006

കേരളസഭാചരിത്രം പഠിക്കുന്നവര്‍ തുറന്നുസമ്മതിക്കുന്ന കാര്യമാണ്, സഭയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രാമുഖ്യം. അതിരൂപത ഒരു സംസ്‌കാരമാണ്. തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും കടന്നുവന്ന എല്ലാ തത്വസംഹിതകളെയും ജനസമൂഹങ്ങളെയും ജീവിതരീതികളെയും വിശാലമനസ്ഥിതിയോടെ സ്വാഗതംചെയ്ത ചരിത്രമാണ് ഈ അതിരൂപതയ്ക്കുള്ളത്. ചരിത്രഗതിയില്‍ അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും കോളനിവല്‍ക്കരണത്തിന്റെയും അനന്തരഫലങ്ങള്‍, നന്മയായാലും തിന്മയായാലും, ഇത്രത്തോളം ഏറ്റുവാങ്ങിയ മറ്റൊരു രൂപത കേരളസഭയിലുണ്ടെന്നു തോന്നുന്നില്ല.
ക്രിസ്തുവിനുമുമ്പുതന്നെ യഹൂദരുടെ വാണിജ്യതാവളമായിരുന്ന കൊച്ചിയിലേക്ക് സുവിശേഷദൗത്യവുമായി കടന്നുവന്നുവെന്നു വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹായുടെ ആഗമനംമുതല്‍ ഇന്നോളം ചരിത്രകുതുകികള്‍ അടയാളപ്പെടുത്തുന്ന എത്രയോ സംഭവങ്ങള്‍ക്ക് അതിരൂപതാകേന്ദ്രമായ എറണാകുളവും സമീപപ്രദേശങ്ങളും, സാക്ഷ്യംവഹിച്ചു! കോട്ടക്കാവും കോക്കമംഗലവും മലയാറ്റൂരും കൂനന്‍കുരിശുസത്യം നടന്ന മട്ടാഞ്ചേരിയും സൂനഹദോസു നടന്ന ഉദയംപേരൂരും, പള്ളിപ്പുറം, വൈപ്പിക്കോട്ട, മംഗലപ്പുഴ സെമിനാരികളും അങ്കമാലി കല്ലറകളുമൊക്കെ മാറിമറിഞ്ഞുവന്ന ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
ലോകത്തിലെ എല്ലാ പ്രമുഖഭാഷകളും സംസാരിക്കുന്ന ജനസമൂഹങ്ങളും, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരികപ്പൊലിമയും, എല്ലാ പ്രബലമതവിഭാഗങ്ങളുടെയും സംഗമവേദിയും, െ്രെകസ്തസഭയുടെതന്നെ പുരാതനവും അത്യാധുനികവുമായ എല്ലാ വിഭാഗങ്ങളും നിവസിക്കുന്നതും ജാതി-വര്‍ഗ്ഗ-വര്‍ണ്ണഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങളെയും ഒരൊറ്റ സാംസ്‌കാരിക മൊസൈക്കില്‍ ചേര്‍ത്തിണക്കുന്നതുമായ ഭൂമികയും എറണാകുളത്തല്ലാതെ കേരളത്തില്‍ മറ്റെവിടെ കാണും? മെച്ചപ്പെട്ട ജോലിക്കും വ്യവസായത്തിനും ഉപജീവനമാര്‍ഗ്ഗത്തിനുമായി, കേരളത്തിന്റെയും ഭാരതത്തിന്റെയും വിവിധഭാഗങ്ങളില്‍നിന്നും രൂപതകളില്‍നിന്നും നഗരജീവിതത്തിലേക്കു കുടിയേറിയ ആയിരക്കണക്കിനു സുറിയാനി ക്രിസ്ത്യാനികള്‍ക്ക് നിറഞ്ഞ മനസ്സോടെ ആതിഥ്യമരുളിയ പാരമ്പര്യമാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ളത്.
കാലാകാലങ്ങളില്‍ അതിരൂപതയെ നയിച്ചിരുന്ന ക്രാന്തദര്‍ശികളും ഭരണനിപുണരും വിശാലഹൃദയരുമായിരുന്ന അഭിവന്ദ്യ പിതാക്കന്മാരുടെ ദീര്‍ഘവീക്ഷണത്തില്‍, അതിരൂപത സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ബൗദ്ധികവുമായ മേഖലകളില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തിയിരുന്നു. സുശക്തമായ അതിരൂപതാഭരണസംവിധാനവും, കെട്ടുറപ്പുള്ള ഇടവകഭരണരീതിയും, അനുകരണാര്‍ഹമായ സംഘടനാസംവിധാനങ്ങളും, ജനപ്രാതിനിധ്യസ്വഭാവത്തിലുള്ള പ്രവര്‍ത്തനശൈലിയും എറണാകുളം അതിരൂപതയില്‍ തുടങ്ങി മറ്റു രൂപതകള്‍ മാതൃകയാക്കുകയായിരുന്നു.
എല്ലാ മതങ്ങളെയും ആദരവോടെ സമീപിച്ച്, അവയിലെ നന്മകളെ സ്വാംശീകരിക്കുന്ന മതാന്തരസംവാദവേദികളും, വിവിധ ക്രൈസ്തവസമൂഹങ്ങളുടെ കൂട്ടായ്മയെ പരിപോഷിപ്പിക്കുന്ന സഭൈക്യസംരംഭങ്ങളും, കത്തോലിക്കാസഭയിലെ മൂന്നു വ്യത്യസ്ത റീത്തുകളുടെ പാരമ്പര്യത്തിലധിഷ്ഠിതമായ സഹജീവനശൈലികളും, ജാതി-മത-വര്‍ഗ-വര്‍ണചിന്തകള്‍ക്കതീതമായി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഏറ്റെടുത്ത ബൃഹത്തായ സാമൂഹിക സേവനസംരംഭങ്ങളും അതിരൂപതയെ വ്യത്യസ്തമാക്കുന്നു. 'പൗരസ്ത്യസഭകള്‍ ആഗോള കത്തോലിക്കാസഭയ്ക്ക് വെറും അലങ്കാരംമാത്രമല്ല, സ്വതന്ത്രവ്യക്തിത്വമുള്ള സഹോദരസഭകള്‍ ആണ്' എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ധീരമായി പ്രഖ്യാപിക്കുകയും, 'മനുഷ്യന്‍ ആരാധനക്രമത്തിനുവേണ്ടിയല്ല, ആരാധനക്രമം മനുഷ്യനുവേണ്ടിയായിരിക്കണം' എന്ന് ലോകരോട് വിളിച്ചുപറയുകയുംചെയ്ത കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ ദര്‍ശനമാണ് അതിരൂപതയെ എന്നും നയിച്ചിരുന്നത്.
സീറോ-മലബാര്‍സഭ കാലഹരണപ്പെട്ട ഏതെങ്കിലും ആരാധനക്രമത്തിന്റെ മാമൂലുകളില്‍ തങ്ങിനിന്ന് ഒരു പുരാവസ്തുശേഖരമായിത്തീരാതെ, ഊര്‍ജസ്വലവും ചലനാത്മകവുമായി അതിനെ പിടിച്ചുനിര്‍ത്താന്‍ നേതൃത്വം കൊടുത്തത് എറണാകുളം-അങ്കമാലി അതിരൂപതയായിരുന്നു. സഭയിലെയും സമൂഹത്തിലെയും തിന്മകളെ ചോദ്യംചെയ്യാനും, നീതിക്കും സത്യത്തിനുംവേണ്ടി ധീരമായ നിലപാടുകളെടുക്കാനും അതിരൂപത തന്റെ മക്കളെ പഠിപ്പിച്ചിരുന്നു. മനുഷ്യമഹത്വവും ദൈവരാജ്യമൂല്യങ്ങളും അടിസ്ഥാനമാക്കി നന്മയ്ക്കുവേണ്ടി പോരാടാനും, അതിനെതിരെ നിലകൊള്ളുന്നവരെ എത്ര ഉന്നതരായാലും ചോദ്യംചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിലാണ് അവര്‍ വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെയാണ് എത്രവലിയ പ്രതിസന്ധികള്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചാലും തകരാത്ത ആത്മവിശ്വാസവും സ്വത്വബോധവും ധാര്‍മ്മികതയുമായി അതിരൂപത നിലകൊള്ളുന്നത്. ഈ ബഹുസ്വരസംസ്‌കൃതിയെ ഉള്‍ക്കൊള്ളാനും, അതിന്റെ നന്മകളെ അംഗീകരിക്കാനും സ്വാംശീകരിക്കാനും അതിരൂപതയ്ക്കു പുറത്തുനിന്നുവന്ന മെത്രാപ്പോലീത്താമാര്‍പോലും ഇതേവരെ സന്നദ്ധരായിരുന്നു. ജനനത്താല്‍ ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായിരുന്ന മാര്‍ അലോഷ്യസ് പഴേപറമ്പിലും മാര്‍ ആന്റണി പടിയറയും ദിവ്യരക്ഷകസഭാംഗമായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലും എറണാകുളത്തിന്റെ ഈ സാംസ്‌കാരികസമൃദ്ധിയുടെ നന്മ അംഗീകരിച്ചവരായിരുന്നു.
എന്നാല്‍ ഏതാനും വര്‍ഷമായി സീറോ-മലബാര്‍ സഭാ ആസ്ഥാനം കേന്ദ്രീകരിച്ചും സഭാസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചില മേലദ്ധ്യക്ഷന്മാരുടെ ഒത്താശയോടെയും നടന്നുവരുന്ന അതിതീവ്ര കല്‍ദായവല്‍ക്കരണത്തിന്റെയും പാരമ്പര്യപുനരുദ്ധാരണത്തിന്റെയും പിടിയില്‍ സീറോ-മലബാര്‍ സിനഡും രൂപതകളും ഞെരിഞ്ഞമരുന്ന കാഴ്ചയാണ് നാം കാണുന്നത്. മനിക്കേയന്‍ കുരിശും, അള്‍ത്താരവിരിക്കുള്ളിലെ നിഗൂഢതയും കിഴക്കുനോട്ടവും, അനുഷ്ഠാനവിധികളിലെ കാര്‍ക്കശ്യവും വേഷഭൂഷാദികളിലെ ചിട്ടകളും സഭയെ മധ്യശതകങ്ങളിലേക്ക് പിന്നോട്ടുവലിച്ചുകഴിഞ്ഞു. ചരിത്രഗതിയില്‍ വിശ്വാസത്തിനും ആത്മീയതയ്ക്കും യാതൊരു വെല്ലുവിളിയും നേരിടേണ്ടിവന്നിട്ടില്ലാത്ത, സുരക്ഷിതമായ ഗ്രാമീണകാര്‍ഷികസംസ്‌കൃതിയില്‍ പുലരുന്ന രൂപതകളില്‍ ആരും ചോദ്യംചെയ്യാത്ത 'ദൈവികരഹസ്യങ്ങ'ളായി അവ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ചിന്താശേഷി ആര്‍ക്കും അടിയറവയ്ക്കാത്ത, ദൈവരാജ്യമൂല്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവയെ അപ്രസക്തമായി കരുതുന്ന, എറണാകുളം-അങ്കമാലി അതിരൂപതയെ സംബന്ധിച്ചിടത്തോളം, ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറത്താണ് ഈ തിരിച്ചുപോക്ക്. 'എതിര്‍പ്പുള്ളവരെ ഒതുക്കിത്തീര്‍ക്കുക' എന്ന തന്ത്രവുമായി കുറെ അഭിനവ കല്‍ദായക്കുഞ്ഞുങ്ങളെ മുന്നില്‍നിര്‍ത്തി എറണാകുളം-അങ്കമാലി അതിരൂപതയെ തകര്‍ക്കാനുള്ള ബ്ലാക്ക് മെയിലിങ്ങാണ് ഇന്നു നടക്കുന്നത്. അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരിക്കെത്തന്നെ ഈ നീക്കങ്ങള്‍ക്ക് മാര്‍ ആലഞ്ചേരിയുടെ മൗനമായ ആശീര്‍വ്വാദമുണ്ടായിരുന്നുവെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. തന്റെ മുന്‍ഗാമികളില്‍നിന്നു വ്യത്യസ്തമായി, കുരിശടയാളത്തില്‍ പരിശുദ്ധകുര്‍ബ്ബാന തുടങ്ങാനുള്ള, അഞ്ചുലക്ഷം വരുന്ന അതിരൂപതാംഗങ്ങളുടെ ഏറ്റവും ചെറിയ ആവശ്യം അംഗീകരിക്കുന്നതിന് ഭരണമേറ്റ് നാലുവര്‍ഷം അദ്ദേഹത്തിന് ആലോചിക്കേണ്ടിവന്നു.
കര്‍ദ്ദിനാള്‍ പാറേക്കാട്ടിലിനോടും മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയോടുമൊപ്പം സഭയില്‍ ശുദ്ധവായു കടന്നുവരണമെന്നാഗ്രഹിച്ച മഹാരഥന്മാരായ മാര്‍ ജോസഫ് കുണ്ടുകുളം, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരുടെ ഓര്‍മ്മകള്‍പോലും അവശേഷിപ്പിക്കാതെ തൃശ്ശൂര്‍, കോട്ടയം, മാനന്തവാടി, ഇരിങ്ങാലക്കുട, താമരശ്ശേരി എന്നീ രൂപതകളും കല്‍ദായവല്‍ക്കരണത്തിന്റെ സമ്മര്‍ദ്ദത്തിലമര്‍ന്നുകഴിഞ്ഞു. കേരളത്തിനുപുറത്ത് രൂപീകൃതമാകുന്ന പുതിയ രൂപതകള്‍ കല്‍ദായമേല്‍ക്കോയ്മ അംഗീകരിക്കുന്നവര്‍ക്കു മാത്രമായി സംവരണം ചെയ്തുവച്ചിരിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സന്താനങ്ങളായി അതിന്റെ നന്മകള്‍ അനുഭവിച്ചുവളര്‍ന്ന ചില മെത്രാന്മാരും വൈദികരും തെറ്റിദ്ധരിക്കപ്പെട്ട ചില അല്‍മായനേതാക്കളും ക്രിസ്തുവിനോടുള്ള സമര്‍പ്പണത്തെക്കാള്‍, സഭാവിധേയത്വത്തിന്റെ സുരക്ഷിതത്വത്തിലൊളിക്കുന്നതും കാണാമായിരുന്നു.
ഭൂമികച്ചവടം ഒരു പ്രതീകം മാത്രമായിരുന്നു. സീറോ-മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രാമുഖ്യം തകര്‍ത്തെറിയുക എന്ന നിഗൂഢ അജണ്ടയുടെ ബാഹ്യലക്ഷണംമാത്രമാണത്. അതുകൊണ്ടുണ്ടായ ഒരു നേട്ടം, അകത്തും പുറത്തുമുള്ള കതിരും പതിരും അതിരൂപതയ്ക്ക് തിരിച്ചറിയാനായി എന്നുള്ളതാണ്. അതിരൂപതയ്ക്കു പുറത്തുള്ള സഭയിലെ മറ്റു മെത്രാന്മാരും വൈദികരും എട്ടുംപൊട്ടും തിരിയാത്ത കുറെ കല്‍ദായക്കുഞ്ഞുങ്ങളും, അതിരൂപതയ്ക്കകത്തുനിന്ന് പടനയിച്ച മെത്രാപ്പോലീത്തായും വ്യക്തിതാത്പര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തെ സംരക്ഷിക്കാന്‍ തയ്യാറായ ഏതാനും വൈദികരും എറണാകുളത്തെ മനസ്സിലാക്കാതെപോയ കുറെ കുടിയേറ്റക്രൈസ്തവരുംകൂടി അതിരൂപതയെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.
പ്രതിസന്ധികള്‍ക്കിടെ അതിരൂപതയെ നയിക്കാന്‍ നിയുക്തരായ സഹായമെത്രാന്മാര്‍ക്കും, അവര്‍ക്കുപിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന വൈദികസമൂഹത്തിനും, അതിരൂപതയെ നെഞ്ചോടു ചേര്‍ത്തുപിടിച്ച അല്‍മായ സഹോദരങ്ങള്‍ക്കുമെതിരെ ശക്തമായ ആരോപണക്കൊടുങ്കാറ്റും അച്ചടക്കനടപടികളുടെ ഉരുള്‍പൊട്ടലും ആക്രമണപേമാരിയും സാമ്പത്തികകെടുതികളുമുണ്ടായിട്ടും കുലുക്കമില്ലാതെ അതിരൂപത മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അത്, തലമുറകളായി ചങ്കില്‍ കൊളുത്തിവച്ചിരിക്കുന്ന അണയാത്ത നീതിബോധവും സ്വാതന്ത്ര്യതൃഷ്ണയും സത്യത്തോടുള്ള പ്രതിബദ്ധതയും മനുഷ്യനന്മയിലുള്ള ശുഭാപ്തിവിശ്വാസവും തകര്‍ക്കാനാവാത്ത ആത്മബോധവും കൊണ്ടാണ്. അതില്‍ വെള്ളംചേര്‍ക്കാന്‍ അതിരൂപതയ്ക്കാവില്ല. അത് ആത്മഹത്യാപരമാണ്.
എറണാകുളംഅങ്കമാലി അതിരൂപതയാകുന്ന അമ്മ ജന്മംകൊടുത്ത മക്കളും, അതിരൂപതയാകുന്ന ഉരുക്കുമൂശയുടെ (melting pot) സുരക്ഷിതത്വത്തിലേക്ക് പറിച്ചുനടപ്പെട്ട് കര്‍മ്മംകൊണ്ട് അതിരൂപതയുടെ ഭാഗമായിതീര്‍ന്നവരും ഈ പ്രതിസന്ധിയെ സധൈര്യം അതിജീവിച്ച് ആരോഗ്യമുള്ള ഭാവിയിലേക്ക് ഉറ്റുനോക്കുന്ന, യേശുവിന്റെ ചൈതന്യവത്തായ ദൈവരാജ്യമൂല്യങ്ങളില്‍ അടിയുറച്ച സഭയ്ക്ക് നേതൃത്വം കൊടുക്കാന്‍ ഇവിടെത്തന്നെയുണ്ടാകും. കാലം അതിന് സാക്ഷിയാകും.

No comments:

Post a Comment