Translate

Friday, August 10, 2018

കപ്യാരന്മാര്‍ക്കും സംഘടന.

എറണാകുളം: ട്രേഡ് യൂണിയനുകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ കപ്യാരന്മാര്‍ക്കും സംഘടന. രാജ്യത്ത് ഇതാദ്യമായി ക്രൈസ്തവ ദൈവായങ്ങളില്‍ ജോലി ചെയ്യുന്ന കപ്യാരന്മാര്‍ തൊഴിലാളി സംഘടനക്ക് രൂപം കൊടുക്കുന്നു. ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍എന്നാണ് സംഘടനയുടെ പേര്. തുടക്കത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പള്ളികളിലെ കപ്യാരന്മാരാണ് ഈ സംഘടനക്ക് രൂപം കൊടുത്തിരിക്കുന്നത്.
ഓഗസ്റ്റ് ആറാം തിയതി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് എറണാകുളം ബോട്ട് ജെട്ടിയിലെ ഒരു ബോട്ടില്‍ വെച്ചായിരുന്നു സംഘടനയുടെ ആദ്യ യോഗം നടന്നത്. അഭിഭാഷകനായ അഡ്വ.പോളച്ചന്‍ പുതുപ്പാറയുടെ കാര്‍മികത്വത്തിലായിരുന്നു സംഘടനയുടെ ആദ്യ യോഗം ചേര്‍ന്നത്. ഈ അടുത്ത കാലത്ത് മലയാറ്റൂര്‍ കുരിശ്മുടിയിലെ ദേവാലയത്തിലെ കപ്യാര്‍ ജോണിക്ക് വികാരിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളാണ് ഇത്തരം ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ഇടയാക്കിയതെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു.
എറണാകുളത്തെ വിവിധ ദേവാലയങ്ങളില്‍പ്പെട്ട അമ്പതിലധികം കപ്യാരന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. ന്യായമായ വേതനം നല്‍കാതെ വൈദികരും പള്ളി ഭാരവാഹികളും കപ്യാരന്മാരെ കള്ളക്കേസില്‍ കുടുക്കുന്നത് പതിവാണ്. കാരണം കൂടാതെ ജോലിയില്‍ നിന്ന് പിരിച്ച് വിടുന്നതും നിത്യ സംഭവങ്ങളാണ്. ഇടവക വികാരിമാര്‍ നേര്‍ച്ചപെട്ടികള്‍ തുറന്നുവെച്ച് ആളെക്കൂട്ടി കപ്യാര്‍ പണംതട്ടിയെന്ന് ആരോപിക്കുന്നതും സ്ഥിരം സംഭവങ്ങളാണ്. ചില വികാരിമാര്‍ പള്ളിപണിയുടെ പണം തട്ടിയെടുത്ത ശേഷം കണക്ക്ബുക്കും മറ്റും കത്തിക്കുന്നത് പതിവാണെന്നും കപ്യാരന്മാര്‍ യോഗത്തില്‍ വെളിപ്പെടുത്തി.
പത്ത് കുര്‍ബാനക്ക് പണം വാങ്ങി ഒറ്റ കുര്‍ബാന അര്‍പ്പിച്ച് മുങ്ങുകയാണ് വൈദികരുടെ സ്ഥിരം പരിപാടി. ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന അഴിമതിക്കും വിശ്വാസ്യരാഹിത്യങ്ങള്‍ക്കും തങ്ങള്‍ നിത്യസാക്ഷികളാണെന്നും അവര്‍ യോഗത്തില്‍ തുറന്ന് പറഞ്ഞു. എറണാകുളം ജില്ലയിലെ ലത്തീന്‍, സീറോ മലബാര്‍ സഭകളിലെ കപ്യാരന്മാര്‍ ചേര്‍ന്നാണ് സംഘടനക്ക് രൂപം കൊടുത്തിരിക്കുന്നത്. ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്ത ശേഷം വിപുലമായ രീതിയില്‍ അംഗത്വവിതരണം നടത്തുമെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു. സംഘടനക്ക് രൂപം കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭകളിലെ മൂന്ന്     റീത്തുകളിലായി കേരളത്തില്‍ പതിനായിരത്തിലധികം ക്രൈസ്തവ ദേവാലയങ്ങള്‍ ഉണ്ടെന്നാണ് അനുമാനം. ഇതിനും പുറമേ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, സിഎസ്‌ഐ, തുടങ്ങിയ സഭകളിലും നിരവധികപ്യാരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രേഡ് യൂണിയന്‍ നിലവില്‍ വരുന്നതോടെ കപ്യാരന്മാര്‍ക്ക് സ്ഥിരം ശമ്പളവും പിഎഫ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സഭകള്‍ ബാധ്യസ്ഥരാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടനയുടെ ഭാരവാഹികള്‍-പ്രസിഡന്റ് ആന്റണി പുത്തന്‍വീട്ടില്‍(തെക്കന്‍ ചിറ്റൂര്‍ തിരുകുടുംബ ദേവാലയം), സെക്രട്ടറി- ഒ.ജെ വര്‍ഗീസ്(കാരുണ്യമാതാ പള്ളി,പൊന്നാരിമങ്കലം), ട്രഷറര്‍-മാര്‍ട്ടിന്‍ പോറസ് ഡിസല്‍വ(തേവര സെന്റ് ജോസഫ് പള്ളി), വൈസ് പ്രസിഡന്റ്- ഫ്രാങ്കി വൈലാശേരി(പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്), ജോയിന്റ് സെക്രട്ടറി- ആന്റണി മാളിയേക്കല്‍(വെണ്ണല അഭയമാതാ ചര്‍ച്ച്).

No comments:

Post a Comment