Translate

Friday, August 3, 2018

സഭകളുടെ പൊതുസ്വത്തിന്റെ ഭരണം


ഡോ. എം.വി. പൈലി

(ഡോ. എം.വി. പൈലി:  കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അഖിലഭാരതപ്രശസ്തനായ വിദ്യാഭ്യാസചിന്തകനുമാണ്. ഇന്ത്യന്‍ ഭരണഘടനയെക്കുറി ച്ചും ലോകഭരണഘടനകളെക്കുറിച്ചും അനേകം ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ രചിച്ചിട്ടുണ്ട്. വിജ്ഞാനമേഖലയ്ക്ക് ഡോ. പൈലി നല്‍കിയ വമ്പിച്ച സംഭാവനകളെ മാനിച്ചുകൊണ്ട് ബനാറസ് യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. 
- പത്രാധിപര്‍, ഓശാന) 


ഇന്ത്യയിലെ പള്ളികള്‍ക്ക് വമ്പിച്ച സമ്പത്തുണ്ട്. ഇന്ത്യ സ്വാതന്ത്ര്യംനേടിയ 1947-ല്‍ ഇന്ത്യയിലെ പള്ളികള്‍ക്കുണ്ടായിരുന്ന സമ്പത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവയ്ക്ക് ഇന്നുള്ള സ്വത്ത് വളരെ മടങ്ങ് വലുതാണ്. ഭരണഘടന 27-ാം വകുപ്പനുസരിച്ച് പള്ളികളുടെ സമ്പത്ത് നികുതിവിമുക്തമാണ്. ഈ വിധത്തിലുള്ള വ്യവസ്ഥകളുടെ സഹായത്തോടെ ഭാവിയിലും സഭാവക സമ്പത്ത് വര്‍ദ്ധിക്കാനാണ് സാധ്യത. ഈ സമ്പത്തെല്ലാം ആരാണ് ഭരിക്കുന്നത്? ഇവ എങ്ങിനെയാണ്, ആരുടെ നന്മയ്ക്കുവേണ്ടിയാണ് ഭരിക്കപ്പെടുന്നത്? ഒരു മതസമൂഹത്തെ സംബന്ധിച്ച്, തികച്ചും മര്‍മപ്രധാനമാണ് ഈ ചോദ്യങ്ങള്‍.
സഭാവക സമ്പത്ത് സമുദായത്തിന്റേതാണ് എന്നാണ് പൊതുധാരണ. എന്നാല്‍, ഈ സമ്പത്തുകളുടെ കാര്യത്തില്‍, സമുദായത്തിന് യാതൊരു നിയന്ത്രണവുമില്ല എന്നതാണ് വസ്തുത. സഭാതലവന്‍, അതായത് മെത്രാന്‍, ആ സ്വത്തുക്കള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഭരിക്കുന്നത്. ഇത്തരം ഭരണം സ്വേഛാപരവും, പലപ്പോഴും ഏകാധിപത്യപരവുമാകും. നമ്മുടെ ജനാധിപത്യപരമായ ഭരണവ്യവസ്ഥയിലും നിയമവാഴ്ചയുടെ പശ്ചാത്തലത്തിലും എല്ലാ സഭകള്‍ക്കും ബാധകമായ ഒറ്റ നിയമത്തിന്‍കീഴില്‍ സഭയുടെ സമ്പത്ത് ഭരിക്കപ്പെടുന്നതാണ് ഉചിതം.
ക്രിസ്തു ഒരു പശുത്തൊഴുത്തില്‍ ദരിദ്രനായി ജനിച്ചു. ദരിദ്രരില്‍ ദരിദ്രനായി അവിടുന്നു കുരിശില്‍ മരിച്ചു. സമൃദ്ധിയുടെ തെളിവുകളൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. തന്റെ ജീവിതത്തിന്റെ അവസാനത്തെ മൂന്നു വര്‍ഷങ്ങളില്‍ അവിടുന്ന് ഒരു പരിവ്രാജകനോ സന്യാസിയോ ആയി ജീവിച്ചു. തന്റെ ശിഷ്യന്മാര്‍ പണത്തിനുപുറകെ പോകാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. സത്യത്തില്‍, അത്തരം പ്രവണതകള്‍ കാണിച്ചവരെ അവിടുന്നു ശാസിച്ചു. അവിടുന്നു കൈമാറിയ പൈതൃകം ഈശ്വരഭക്തിയുടെയും ഉപവിയുടെയും ദാരിദ്ര്യത്തിന്റേതുമായിരുന്നു.
എന്നാല്‍, അവിടുത്തെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട സഭകള്‍, ആയിരക്കണക്കിനു സഭകള്‍, ഇന്ന് ഒന്നൊഴിയാതെ സമ്പന്നവും തഴച്ചുവളരുന്നതും ശക്തവുമാണ്. ഇവയില്‍ ലോകവ്യാപകമായി വേരുകളുള്ള ശക്തമായ സംഘടനയോടുകൂടിയ കത്തോലിക്കാസഭയാണ് ഏറ്റവും സമ്പന്നം. സമ്പത്തിന്റെ അടിസ്ഥാനത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളോട് അതിനെ തുലനം ചെയ്യാനാവും.
ഇന്ത്യയില്‍ കത്തോലിക്കാസഭ 150-ലേറെ മെത്രാന്മാരുടെ കീഴില്‍ സുസംഘിടതമായ ഒരു പ്രസ്ഥാനമാണ്. മതപരവും മതേതരവുമായ ആയിരക്കണക്കിന് സ്ഥാപനങ്ങളും അവരുടെ കീഴിലുണ്ട്. സഭയുടെ ആകെ സമ്പത്ത് എത്രയെന്ന് കണക്കാക്കുക നന്നേ വിഷമമാണ്. മെത്രാന്മാര്‍ ഈ വമ്പിച്ച സ്വത്ത് സ്വന്തമാക്കുകയും, ആരാലും ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തോടെ അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. സഭയ്ക്കുള്ളില്‍ ആരോടും കണക്കുപറയേണ്ടാത്ത വ്യവസ്ഥ നിലനില്‍ക്കുന്നു. മെത്രാന്മാരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് സഭയുടെ വമ്പിച്ച സ്വത്ത് സ്വന്തമെന്നപോലെ അവര്‍ ഭരിക്കുന്നു. ഇത് ശരിയാണോ, ന്യായമാണോ?
ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നതിന്, മദ്രാസ് ഹൈക്കോടതിയില്‍ വന്ന ഒരു കേസ് ഉദാഹരണമായി ചൂണ്ടിക്കാണിക്കട്ടെ. ഈ കേസില്‍ പരാതിക്കാര്‍ രണ്ട് അല്മായരായിരുന്നു. മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചു ബിഷപ്പ് 14 ലക്ഷം രൂപ ഒരു ഗണേഷ് അയ്യര്‍ക്കു നല്‍കി സഭയുടെ സമ്പത്ത് ദുരുപയോഗിച്ചു എന്നതായിരുന്നു അവരുടെ പരാതി. ഗണേഷ് അയ്യര്‍, ആചാര്യ പോള്‍ എന്ന പേരില്‍, ഇന്ത്യയിലെ ക്രൈസ്തവരുടെ ഉല്‍ഭവത്തെക്കുറിച്ച് ഗവേഷണം നടത്തി  വിഹരിക്കുകയായിരുന്നു. തിരുവള്ളുവര്‍ ഒരു ക്രിസ്ത്യാനിയായിരുന്നെന്നും, മൈലാപ്പൂരിലെ താപലേശ്വരര്‍ക്ഷേത്രവും തിരുവണ്ണാമലയിലെ അരുണാചലേശ്വരര്‍ ക്ഷേത്രവും ക്രൈസ്തവരുടെ വകയായിരുന്നെന്നും തെളിയിക്കുകയായിരുന്നു ഗവേഷണ ലക്ഷ്യം. വമ്പിച്ച സമ്പത്തുള്ള സഭയുടെ ഏക ട്രസ്റ്റി മെത്രാപ്പോലീത്തായാണെന്നും, പൊതുനന്മയ്ക്ക് എന്ന ലക്ഷ്യം കൈവിട്ട് അദ്ദേഹം സ്വേച്ഛാനുസരണം പ്രവര്‍ത്തിച്ച അനേകം സംഭവങ്ങളുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആര്‍ച്ചു ബിഷപ്പ് സഭയുടെ സമ്പത്ത് ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരെ, അതിന്റെ ശരിയായ വിനിയോഗത്തില്‍ താല്പര്യമുണ്ടായിരുന്ന കത്തോലിക്കര്‍ കേസ് ഫയല്‍ ചെയ്യേണ്ടിവരികയായിരുന്നു.
ആര്‍ച്ചുബിഷപ്പ് തന്റെ പത്രികയില്‍, കത്തോലിക്കരെന്ന നിലയില്‍  പരാതിക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മദ്രാസിലെ സഭാകോടതിയിലാണ് പറയേണ്ടിയിരുന്നത് എന്ന് വാദിച്ചു. പരാതിക്കാര്‍ അങ്ങിനെ ചെയ്യാതിരുന്നതിനാലും, തന്റെ അനുവാദം കൂടാതെ ഹൈക്കോടതിയില്‍ കേസു കൊടുത്തതിനാലും, പരാതിക്കാര്‍ കത്തോലിക്കരല്ലാതായിത്തീര്‍ന്നു എന്നും അദ്ദേഹം വാദിച്ചു. സഭാവകസമ്പത്തു ഭരിക്കുന്നതിന് തനിക്ക് സമഗ്രാധികാരമുണ്ടെന്നും മെത്രാപ്പോലീത്താ അവകാശപ്പെട്ടു.
ഈ കേസിലെ വിധിയില്‍ ജഡ്ജി ഇങ്ങനെ പ്രസ്താവിച്ചു: ട്രസ്റ്റ് സ്വത്ത് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള ആര്‍ച്ചു ബിഷപ്പിന്റെ അവകാശവാദം ഞെട്ടിക്കുന്നതും ഇത്തരം അവകാശവാദം രാജ്യത്തിന്റെ സാംസ്‌കാരികചൈതന്യത്തിന് അന്യവുമാണ്. മതപരമായ സേവനത്തിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള പൊതുട്രസ്റ്റ് സമൂഹത്തിന്റെ സംഭാവനകൊണ്ട് നടത്തപ്പെടുന്നവയാണ്. അതുകൊണ്ട് ട്രസ്റ്റിന്റെ ശരിയായ ഭരണ ത്തില്‍ താല്പര്യമുള്ള ഏതു പൗരനും അതു സംബന്ധിച്ച് കേസു കൊടുക്കാന്‍ അവകാശമുണ്ട്. ട്രസ്റ്റ് ഫണ്ട് എങ്ങിനെ വിനിയോഗിക്കുന്നു എന്ന് പരസ്യപ്പെടുത്തുക മാത്രമേ ട്രസ്റ്റിക്ക് മാര്‍ഗ്ഗമുള്ളൂ. ബിഷപ്പ് സ്വയം, താന്‍  രൂപതയുടെ ഏക ട്രസ്റ്റി എന്നു പ്രസ്താവിച്ചിരിക്കെ, ഇക്കാര്യത്തില്‍ കാനോന്‍ നിയമത്തിന്റെ സഹായം അദ്ദേഹത്തിന് ആശ്രയിക്കാവുന്നതല്ല.
ആചാര്യ പോളിന് നല്‍കിയ പണത്തിന്റെ കാര്യത്തില്‍ മാത്രമായി പരിമിതപ്പെടുന്നതായിരുന്നില്ല ഈ കേസ്. ട്രസ്റ്റ് ഫണ്ട് ദുരുപയോഗിച്ചു എന്നു കാണിക്കുന്നതിനുള്ള ഒരു സംഭവം മാത്രമായിരുന്നു ഇത്. ആചാര്യ പോളുമായുള്ള തന്റെ ഇടപാടുകള്‍ സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് നല്കിയ പ്രസ്താവനകളെ വിശ്വാസത്തിലെടുക്കാവുന്നതല്ല എന്ന് കോടതി കണ്ടു.
കാനോന്‍ നിയമമനുസരിച്ചു പള്ളിസ്വത്തു ഭരിക്കാനുള്ള തന്റെ അധികാരത്തെക്കുറിച്ചുള്ള മെത്രാപ്പോലീത്തയുടെ അവകാശവാദത്തെ പരാമര്‍ശിച്ച്, ആ നിലപാട്, ഇത്തരം സ്വത്തുക്കളുടെ ശരിയായ ഭരണത്തിനുള്ള ഉചിതമായ നിയമനിര്‍മാണത്തിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നതായി ജഡ്ജി പറഞ്ഞു. ഏതെങ്കിലും ധീരരായ വ്യക്തികള്‍, ഇത്തരം ദുഷ്‌ചെയ്തികള്‍ അനാവരണം ചെയ്തുകാട്ടുമ്പോള്‍ മാത്രമാണ് ഇത് മറ്റുള്ളവര്‍ അറിയുന്നത്. ഹിന്ദു ചാരിറ്റബിള്‍ എന്‍ഡോവ് മെന്റ് നിയമം പോലെയോ, മുസ്ലിം വഖഫ് നിയമംപോലെയോ ഗുരുദ്വാരാ നിയമം പോലെയോ ഉള്ള നിയമം ക്രൈസ്തവരുടെ പൊതുസ്വത്തിനെ സംബന്ധിച്ച് പ്രാബല്യത്തില്‍ കൊണ്ടുവരുന്നപക്ഷം, സഭാസമ്പത്തിന്റെമേല്‍ ശരിയായ നിയന്ത്രണവും മേല്‍വിചാരണയും നടന്നു കൊള്ളും.
ജഡ്ജി തന്റെ വിധിന്യായത്തില്‍ തുടര്‍ന്നു പറഞ്ഞു: മെത്രാപ്പോലീത്തായുടെ ഏകാധിപത്യം അനുവദിച്ചുകൊടുത്താല്‍ രാജ്യതാല്പര്യത്തിനു വിരുദ്ധമായുള്ള കാര്യങ്ങള്‍ക്കുവേണ്ടി വമ്പിച്ച സമ്പത്തിക ദുര്‍വിനിയോഗമായിരിക്കും ഫലം.
ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാട്, വ്യക്തികള്‍ എത്ര ഉന്നതരായാലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ് എന്നതാണ്. സഭാസമ്പത്തിന്റെ ശരിയായ ഭരണത്തിന് ഉചിതമായ നിയമ നിര്‍മാണം നടത്തേണ്ടത്, അതിനാല്‍ അവശ്യം ആവശ്യമായിരിക്കുന്നു.

No comments:

Post a Comment