Translate

Tuesday, October 2, 2018

ദൈവനാമത്തില്‍ - മഹാപുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ നടന്ന രണ്ടാം ക്രൂശിക്കല്‍


ജെ.പി. ചാലി


(ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'ദൈവനാമത്തില്‍' എന്ന പുസ്തകത്തില്‍നിന്ന്) 

ആഗോളകത്തോലിക്കാസഭയുടെ സര്‍വ്വാധികാരിയായി മഹാഭൂരിപക്ഷം കര്‍ദ്ദിനാളന്മാരുടെ അംഗീകാരത്തോടെ തിരഞ്ഞെടുക്കപ്പെട്ട 'ദൈവത്തിന്റെ സ്വന്തം സ്ഥാനാര്‍ത്ഥി'യായിരുന്നു പോപ്പ് ജോണ്‍പോള്‍ ഒന്നാമന്‍. അധികാരമേറ്റ് 33-ാം ദിവസം നിസ്സഹായനായി. ഏകനായി അദ്ദേഹം മരിച്ചു. ആ മരണം ദുരൂഹമായിട്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍പോലും സഭാധികാരികള്‍ തയ്യാറായില്ല. മൃതദേഹം കണ്ടെത്തുന്നതിനുമുമ്പേ, അത് 'എംബാം' ചെയ്യാനുള്ളവരെ അവര്‍ തയ്യാറാക്കി നിറുത്തിയിരുന്നു. എന്നിട്ട്, പോപ്പിനെയും മരണത്തെയുംപറ്റി അവര്‍ കള്ളങ്ങള്‍തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
1978 സെപ്റ്റംബര്‍ 29 രാവിലെ 7.30-ന് വത്തിക്കാന്‍ റേഡിയോ പ്രഖ്യാപിച്ചു:
''ഇന്നലെ അര്‍ദ്ധരാത്രിക്കുമുമ്പായി പോപ്പ് ജോണ്‍പോള്‍ ഒന്നാമന്‍ മരിച്ചു. ഹൃദയത്തിലുണ്ടായ Myocardial Infarction ആണ് മരണകാരണം. ഇന്നു രാവിലെ 6.30 ന് പോപ്പിന്റെ സെക്രട്ടറി മാഗിയാണ് ആദ്യം പോപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. പതിവനുസരിച്ച് രാവിലെ ചാപ്പലില്‍ കാണാതിരുന്ന പോപ്പിനെത്തേടി ചെന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെഡ്‌ലാമ്പ് തെളിഞ്ഞുനിന്നിരുന്നു. പകല്‍ സമയത്ത് ധരിക്കുന്ന ഔദ്യോഗികവേഷമായിരുന്നു പാപ്പായുടേത്. കണ്ണട ധരിച്ച് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ''Imitation of Christ'' എന്ന ഗ്രന്ഥം കൈകളില്‍ വിടര്‍ത്തിപ്പിടിച്ചിരുന്നു.....''
ഈ വാര്‍ത്ത കേട്ട് വൈദ്യശാസ്ത്രലോകം ഞെട്ടി. ഒരു നിമിഷം വൈകാതെ ഇറ്റാലിയന്‍ മെഡിക്കല്‍ സൊസൈറ്റി പ്രസ്താവനയിറക്കി:
''മരണത്തിന് ദൃക്‌സാക്ഷിയല്ലാത്ത ഒരു ഡോക്ടര്‍ മരണകാരണം ഹൃദയസ്തംഭനമാണെന്നു രേഖപ്പെടുത്തുന്നത് നിരുത്തരവാദപരമാണ്. പോസ്റ്റുമോര്‍ട്ടം നടത്താതെ അദ്ദേഹം എങ്ങനെ തീരുമാനമെടുത്തു? പ്രത്യേകിച്ച് ഹൃദ്രോഗിയല്ലാത്ത ഒരാളിന്റെ കാര്യത്തില്‍. അദ്ദേഹത്തിന്റെ കുടുംബത്തില്‍പോലും ഹൃദ്രോഗികളില്ല!''
മൃതശരീരം എംബാം ചെയ്ത വ്യക്തികള്‍ അചടഅ എന്ന വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്,  മരിച്ച പോപ്പിന്റെ കൈകളില്‍ എന്തൊക്കെയോ നോട്ടുകള്‍ കുറിച്ച പേപ്പറുകള്‍ ഉണ്ടായിരുന്നു എന്നാണ്.
അവര്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു: വത്തിക്കാന്‍ മൃതശരീരം കണ്ടെത്തിയെന്ന വാര്‍ത്താപ്രക്ഷേപണം നടത്തിയതിന് ഒരു മണിക്കൂര്‍ മുമ്പ,5.30-ഓടുകൂടി വത്തിക്കാന്റെ ഒരു വാന്‍ പാഞ്ഞെത്തി തങ്ങളെ കൂട്ടിക്കൊണ്ടു പോരുകയായിരുന്നുവെന്ന്.
എന്നാല്‍, വത്തിക്കാനിലെ സ്വിസ്സ് ഗാര്‍ഡുകള്‍ പറഞ്ഞത് പോപ്പിന്റെ മൃതശരീരം ആദ്യം കണ്ടെത്തിയത് ഒരു കന്യാസ്ത്രീയാണെന്നാണ്. മാത്രമല്ല, എംബാം ചെയ്യാനെത്തിയവരുടെ അഭിപ്രായത്തില്‍ പോപ്പ് ജോണ്‍പോള്‍ മരിച്ചിട്ട് ഒന്നോ രണ്ടോ മണിക്കൂറില്‍ കൂടുതല്‍ ആയിരുന്നില്ല. അതൊരു തണുത്ത രാത്രിയായിരുന്നു. ജനാലകളെല്ലാം തുറന്നിരുന്നു. എന്നിട്ടും ശരീരത്തില്‍നിന്ന് ചൂട് നിശ്ശേഷം പോയിരുന്നില്ല.
****
മൃതശരീരം ആദ്യം കണ്ടെത്തിയ സി. വിന്‍സെന്‍സ പത്രക്കാരോട് പറഞ്ഞു: ''പതിവുപോലെ രാവിലെ 4.30-നുതന്നെ ബെഡ് കോഫിയുമായി ഞാന്‍ പോപ്പിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. വാതിലില്‍ മുട്ടിയെങ്കിലും മറുപടിയുണ്ടായില്ല. ഒരു നിമിഷം നിന്നിട്ട് വീണ്ടും മുട്ടി, അല്പം കൂടി ശക്തിയോടെ, എന്നിട്ടും മറുപടിയില്ല.
പാപ്പാ പതിവായി 4 മണിക്കുതന്നെ ഉണരും. ഒരു കാരണവശാലും വൈകാതിരിക്കാന്‍ 4.30-ന് അല്പം മുമ്പുതന്നെ ക്ലോക്കിന്റെ അലാം ശബ്ദിക്കും. അഥവാ, ഉണര്‍ന്നിട്ടില്ലെങ്കിലും ശക്തമായ അലാം കേട്ട് പാപ്പാ ഞെട്ടിയുണരും.
അതായത്, പാപ്പാ 4 മണിക്കുതന്നെ ഉണര്‍ന്നിട്ടുണ്ടെന്ന് സിസ്റ്റര്‍ ഊഹിച്ചു. ഉണര്‍ന്നാലുടന്‍ അലാം  ഓഫ് ചെയ്യും. അദ്ദേഹം ബാത്ത് റൂമിലായിരിക്കുമെന്ന ധാരണയില്‍ സിസ്റ്റര്‍ വാതില്‍ തള്ളിത്തുറന്നു. മുറിയില്‍ കയറി ട്രേ മേശപ്പുറത്തുവച്ചിട്ട് തിരികെ പോകാനായിരുന്നു ഉദ്ദേശിച്ചത്.
അതാ, ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നു. പോപ്പ് പകല്‍ ധരിക്കുന്ന വേഷത്തില്‍, അദ്ദേഹം എന്തോ പേപ്പറുകള്‍ കൈകളില്‍ പിടിച്ച് വായിച്ചുകൊണ്ടിരിക്കുന്നു! സിസ്റ്റര്‍ പതുക്കെ പറഞ്ഞു: ഗുഡ് മോര്‍ണിംഗ്! പക്ഷേ സിസ്റ്ററിനെ കബളിപ്പിക്കാനെന്നമട്ടില്‍ അദ്ദേഹം വായനയില്‍ മുഴുകി അനങ്ങാതെയിരുന്നു.
ഇരുപതു വര്‍ഷമായി സി. വിന്‍സെന്‍സ അദ്ദേഹത്തെ അനുഗമിക്കുന്നു. രസികനും സദാ സുസ്‌മേരവദനനുമായ അദ്ദേഹം പതിവായി തമാശപറഞ്ഞു പൊട്ടിച്ചിരിക്കും. പക്ഷേ അന്ന്, ഔദ്യോഗിക വേഷമണിഞ്ഞ് ബെഡ്ഡിലിരുന്ന് വായിക്കുന്ന പോപ്പ്!
തന്നെ കബളിപ്പിക്കാനുള്ള തമാശയാണെന്നാണ് സിസ്റ്റര്‍ ആദ്യം കരുതിയത്. കാരണം, അദ്ദേഹത്തിന്റെ ചുണ്ടത്ത് പുഞ്ചിരിയുണ്ട്. മാത്രമല്ല, കണ്ണടയും ധരിച്ചിരിക്കുന്നു. പോപ്പിന് വായിക്കാന്‍ കണ്ണട ആവശ്യമില്ല, നടന്നുപോകുമ്പോഴേ കണ്ണട ധരിക്കാറുള്ളൂ.
എന്നാല്‍, അദ്ദേഹത്തെ അടുത്തറിയാന്‍ വയ്യാത്ത ആര്‍ക്കോ അബദ്ധം പിണഞ്ഞിരിക്കുന്നു. പ്രസംഗപീഠത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം കണ്ണട ഉപയോഗിക്കുന്നത് പ്രേക്ഷകരെ ശ്രദ്ധിക്കാന്‍ വേണ്ടിയാണെന്ന് അറിയാന്‍ വയ്യാത്ത ആര്‍ക്കോ!
അസ്വസ്ഥയായ സി. വിന്‍സെന്‍സ ബഡ്ഡിനെ സമീപിച്ചു.
'എന്താണിതു പിതാവേ! തമാശ കളയൂ'.
ട്രേ മേശമേല്‍ വച്ചപ്പോഴേക്കും എന്തോ പ്രശ്‌നം സിസ്റ്റര്‍ മണത്തു.
സിസ്റ്ററിന്റെ സാക്ഷ്യവും എംബാം ചെയ്യാനെത്തിയവരുടെ സാക്ഷ്യവുമായി പൊരുത്തമുണ്ട്. പോപ്പിന്റെ കൈകളില്‍ പേപ്പറുകളുണ്ടായിരുന്നു. പുസ്തകം ആയിരുന്നില്ല. അതിനേക്കാള്‍ പ്രധാനം, മൃതദേഹം കണ്ടെത്തിയത് 4.30-നാണ്, 6.30 -നല്ല. ക്ലോക്കിന്റെ അലാറം അടിക്കേണ്ടതായിരുന്നു, പക്ഷേ, അടിച്ചില്ല. ഒന്നുകില്‍ പോപ്പുതന്നെ അത് ഓഫാക്കിയിരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശീലം അറിയാവുന്ന ആരെങ്കിലും അതു ചെയ്തിരിക്കാം. സിസ്റ്റര്‍ വാതില്ക്കലെത്തിയ സമയത്ത് ആ ഇലക്ട്രിക് ക്ലോക്കിന്റെ അലാറം അടിക്കേണ്ടതായിരുന്നു.
****
സിസ്റ്ററിന്റെയും എംബാം ചെയ്യാനെത്തിയവരുടെയും സാക്ഷ്യങ്ങള്‍ പ്രചരിക്കുമ്പോള്‍ മറ്റൊരു അഭ്യൂഹവും പരക്കുന്നുണ്ടായിരുന്നു. പോപ്പിന്റെ കൈയിലിരുന്ന പേപ്പറുകള്‍, സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരില്‍ മാറ്റി പ്രതിഷ്ഠിക്കേണ്ട കര്‍ദ്ദിനാളന്മാരുടെ ലിസ്റ്റായിരുന്നത്രേ! ഹയരാര്‍ക്കിയെ ഇളക്കി പ്രതിഷ്ഠിക്കാനുള്ള തീരുമാനം പാപ്പാ എടുത്തുകഴിഞ്ഞെന്ന വാര്‍ത്ത, തിരഞ്ഞെടുപ്പു കഴിഞ്ഞതേ പ്രചരിച്ചിരുന്നു.
****
എംബാം ചെയ്യുന്നവരെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ വിളിച്ചുണര്‍ത്തുകയായിരുന്നു എന്ന വാര്‍ത്ത മരണത്തിനുപിന്നില്‍ വിഷത്തിന്റെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള സംശയം ജനിപ്പിച്ചു. മാഫിയായുടെ ഒരു സ്ഥിരം പ്രോഗ്രാമായിരുന്നു അത്. വിഷം ഉള്ളില്‍ ചെലുത്തിയാണ് വധം നടപ്പാക്കിയതെങ്കില്‍ ഉടന്‍ എംബാം ചെയ്യുന്നു. അതോടെ ശരീരത്തിലെ വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ വയ്യാതാകുന്നു. അതുകൊണ്ട്, ഒരു വ്യക്തി മരിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മൃതദേഹം എംബാം ചെയ്യുന്നത് ഇറ്റലി നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
ശരിയാണ്, ഇറ്റലിയുടെ നിയമം വത്തിക്കാനു ബാധകമല്ല. എങ്കിലും, 1946-ല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം, പാപ്പാമാരുടെ മൃതദേഹങ്ങള്‍ മരിച്ച് 24 മണിക്കൂറിനുശേഷം മാത്രമേ വത്തിക്കാന്‍ എംബാം ചെയ്തിരുന്നുള്ളൂ. പന്ത്രണ്ടാം പീയൂസ്, ജോണ്‍ 23-ാമന്‍, പോള്‍ ആറാമന്‍ ഇവരുടെയൊക്കെ കാര്യത്തില്‍ ഈ നിയമം കാത്തിരുന്നു.
എന്നാല്‍, അചടഅ റിപ്പോര്‍ട്ടു ചെയ്യുന്നു; ജോണ്‍പോള്‍ ഒന്നാമന്റെ കാര്യത്തില്‍ എംബാം ചെയ്യുന്നവര്‍ അതിരാവിലെ അഞ്ചുമണിക്ക് വിളിച്ചു
ണര്‍ത്തപ്പെട്ടു. അതായത്, മൃതദേഹം കണ്ടെത്തിയെന്നു വത്തിക്കാന്‍ പ്രഖ്യാപിച്ച സമയത്തിന് ഒന്നരമണിക്കൂര്‍ മുമ്പ്. ജോണ്‍പോള്‍ മരിച്ച ദിവസം രാവിലെ 5.30-ന്, എംബാം ചെയ്യുന്നവരെ കൊണ്ടുവരാന്‍ ഒരു വത്തിക്കാന്‍ വാഹനം പോയതായുള്ള വ്യക്തമായ രേഖയുണ്ട്.
****
പോപ്പിന്റെ വലതുകൈ നീട്ടിയാല്‍ എത്തുന്ന ദൂരത്തില്‍ ബെല്‍കോഡ് ഉണ്ടെങ്കിലും അത് എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമുമ്പേ മരണം കഴിഞ്ഞിരുന്നു. ബെല്ലടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍, താഴെ കോറിഡോറിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന കാവല്‍ക്കാരന്‍ പാഞ്ഞെത്തുമായിരുന്നു. മാത്രമല്ല, ഇന്റര്‍കോമിന്റെ സര്‍വ്വീസ് ബട്ടണുകള്‍ അമര്‍ത്താനും പോപ്പിനു സാധിച്ചില്ല. സാധിച്ചിരുന്നെങ്കില്‍, വത്തിക്കാന്‍ കൊട്ടാരത്തില്‍ പലയിടങ്ങളിലായി കഴിയുന്ന ആരെങ്കിലും അവിടെ പാഞ്ഞെത്തുമായിരുന്നു. ഇവയ്ക്കുപുറമേ, ഒരു എമര്‍ജന്‍സി ബട്ടണുമുണ്ടായിരുന്നു. ബെഡ്ഡിനോടു ചേര്‍ന്നുള്ള ആ ബട്ടണ്‍ അമര്‍ത്തിയാല്‍ പോപ്പിന്റെ ക്വാര്‍ട്ടേഴ്‌സിനു വെളിയിലുള്ള കോറിഡോറില്‍ ഒരു ഫ്‌ളാഷ് ലൈറ്റ് മിന്നുകയും 'ബുസ്സ്' ശബ്ദം പുറപ്പെടുവിച്ച് കാവല്‍ക്കാരനെ ഉണര്‍ത്തുകയും ചെയ്യുമായിരുന്നു.
വത്തിക്കാന്റെ വാര്‍ത്താപത്രികയില്‍ രസകരമായ ഒരു വാര്‍ത്ത വന്നു. പോപ്പിന്റെ മരണം നടന്നതിന്റെ തലേന്നു രാവിലെ, ഇലക്ട്രീഷ്യന്‍മാര്‍ ബെല്‍കോര്‍ഡ് എടുത്ത് പരിശോധിച്ചു. പോപ്പ് പോള്‍ പതിവായി ഇന്റര്‍കോം ഉപയോഗിച്ചിരുന്നതിനാല്‍ ബെല്‍കോര്‍ഡിന്റെ കാര്യം എല്ലാവരും മറന്നിരുന്നു. വര്‍ഷങ്ങളായി മറന്നുകിടന്ന ബെല്‍കോര്‍ഡ് പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ വളരെ ഉച്ചത്തില്‍ മണി മുഴങ്ങി. അതുകേട്ട് ഫയര്‍ എഞ്ചിനാണെന്നു കരുതി കൊട്ടാരത്തിലുള്ളവരെല്ലാം സ്റ്റെയര്‍കേസിന്റെ അടുത്ത് പാഞ്ഞെത്തിയത്രേ!
****
പോപ്പിന്റെ മരണസമയം വളരെ പ്രധാനപ്പെട്ടതാണ്, അതൊരു സാധാരണ മരണമാണെങ്കിലും കൊലപാതകമാണെങ്കിലും. വത്തിക്കാന്‍ റിപ്പോര്‍ട്ടുചെയ്തപോലെ, മരണം അര്‍ദ്ധരാത്രിക്കുമുമ്പാണ് നടന്നതെങ്കില്‍, അത് ഒരു സാധാരണ മരണമാണെന്നു കരുതാം. എന്നാല്‍, മരണം രാവിലെയാണു നടന്നതെങ്കില്‍, എംബാം ചെയ്യാനെത്തിയവര്‍ ഉറപ്പിച്ചുപറഞ്ഞതുപോലെ, ഒരു കൊലപാതകത്തിന്റെ സാന്നിദ്ധ്യമാണ് അനുഭവപ്പെടുന്നത്.
അര്‍ദ്ധരാത്രിക്കുമുമ്പാണു മരിച്ചതെങ്കില്‍, പാപ്പാ പകല്‍ സമയത്തു ധരിക്കുന്ന വേഷം രാത്രിയില്‍ എന്തിനു ധരിക്കണം? ഉറങ്ങുന്നതിനുമുമ്പ് അല്പനേരം എന്തെങ്കിലും വായിക്കാന്‍ ശ്രമിക്കുന്ന വ്യക്തി രാത്രിവേഷമല്ലേ ധരിക്കൂ?
 1978 ഒക്‌ടോബര്‍ 10-ന് വത്തിക്കാന്‍ റേഡിയോ തിരുത്തിയ ബുള്ളറ്റിന്‍ ഇറക്കി:
''ജോണ്‍ പോളിന്റെ അവിചാരിത മരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അദ്ദേഹം low blood pressure കാരണം ബുദ്ധിമുട്ടിയിരുന്നു എന്ന കാര്യം മറക്കരുത്. അങ്ങനെ അദ്ദേഹം തീര്‍ത്തും ക്ഷീണിതനും അവശനുമായിരുന്നു. അവസാനനാളുകളില്‍ അദ്ദേഹത്തിന്റെ കാലുകള്‍ നീരുവന്നു വീര്‍ത്തിരുന്നു നടക്കാന്‍പോലും ബുദ്ധിമുട്ടിയിരുന്നു....
''വത്തിക്കാന്‍ ഹയരാര്‍ക്കിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമാണെന്ന് ജോണ്‍പോള്‍ ചിന്തിച്ചിട്ടുപോലുമില്ല....
''ഒരു കാര്യം തിരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പോപ്പിന്റെ സെക്രട്ടറി മാഗിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയതെന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ, അതു ശരിയല്ല. പതിവായി ബെഡ് കോഫി കൊണ്ടുപോയി നല്‍കുന്ന സിസ്റ്ററാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. അസ്വാഭാവികമായി എന്തോ അനുപ്പെട്ടപ്പോള്‍ അവര്‍ ഫാ. മാഗിയെ വിളിച്ചുവരുത്തു കയായിരുന്നു....
''മറ്റൊരു തിരുത്തുകൂടിയുണ്ട്. പരിശുദ്ധ പിതാവ് ''കാശമേശേീി ീള ഇവൃശേെ'' വായിച്ചുകൊണ്ടിരുന്നപ്പോഴാണ് മരണം സംഭവിച്ചതെന്നു റിപ്പോര്‍ട്ടുചെയ്തതും തെറ്റാണ്. പുസ്തകം വായിക്കുകയായിരുന്നില്ല; ചില കുറിപ്പുകള്‍ പരിശോധിക്കുകയായിരുന്നു. കുറിപ്പുകളെല്ലാം കൈകളില്‍ പിടിച്ചു പരിശോധിച്ചുകൊണ്ടിരുന്നപ്പോഴാണ് ദൈവസഹായത്താല്‍ ഹൃദയസ്തംഭനമുണ്ടായതും....
പരിശുദ്ധ പിതാവിനെ ആരാണ് ആദ്യം കണ്ടെത്തിയതെന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണല്ലോ. എപ്പോഴാണ് മൃതശരീരം കണ്ടെത്തിയതെന്നതും അപ്രധാനമാണ്. മരിച്ചത് എപ്പോഴാണെന്നത് അതിനേക്കാള്‍ അപ്രധാനമാണ്. ഇപ്പോള്‍ ഏറ്റവും പ്രധാനകാര്യം അദ്ദേഹം മരിച്ചു എന്നതാണ്...''
(തുടരും)    


NB
പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് യാലപ്പ് (David Yallop) രചിച്ച 'In God’s Name' എന്ന കോളിളക്കം സൃഷ്ടിച്ച ബെസ്റ്റ് സെല്ലറിന് ജെ.പി. ചാലിയുടെ പരിഭാഷ.
മാര്‍പാപ്പയായി 33-ാം ദിവസം ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജോണ്‍പോള്‍ ഒന്നാമന്റെ മരണത്തെയും ജീവിതത്തെയുംകുറിച്ചുള്ള സാഹസിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍!
ഡമി 1/8, 400 പേജ്, മുഖവില : Rs.360/
മുന്‍കൂര്‍ ബുക്കുചെയ്യുന്നവര്‍ക്ക് : Rs.250നു ലഭിക്കുന്നു.
പ്രകാശനം 2018 ഡിസംബറില്‍
ബുക്കുചെയ്യേണ്ട വിലാസം:
സത്യജ്വാല മാസിക, C/o പ്രിന്റ് ഹൗസ്
കൊട്ടാരമറ്റം, പാലാ, കോട്ടയം - 686575

ബന്ധപ്പെടാന്‍: ഫോണ്‍: 9846472868

No comments:

Post a Comment