Translate

Thursday, October 4, 2018

സഭയിൽ ഇരട്ടനീതീ നടപ്പിലാക്കുന്നത് വിശ്വാസികൾ ചോദ്യം ചെയ്യേണ്ടതുണ്ട്

റോസി തമ്പി 

(ഫേസ് ബുക്കിൽനിന്ന്)

പള്ളികളിലെ നേർച്ചപ്പെട്ടികളും വഴിപാടുകളും ഒഴിവാക്കേണ്ടതാണ്. പകരം അതാത് ഇടവകക്കാർ വരിയിട്ടെടുത്ത് പള്ളിച്ചെലവുകൾ സമയാസമയങ്ങളിൽ നടത്തുക. ഇങ്ങനെയെങ്കിൽ സമ്പത്തിന്റെ സുവിശേഷത്തിന് ഒരു നിയന്ത്രണമുണ്ടാകുകയും ആ പണം കൊണ്ട് പുരോഹിതർ മെത്രാൻമാർ തുടങ്ങിയവർ വിശ്വാസികളുടെ മേൽ കുതിര കയറുന്നത് അവസാനിക്കുകയും ചെയ്യും. ദൈവത്തിന്,അഥവ വിശുദ്ധർക്ക് ജീവിക്കാൻ നമ്മുടെ നേർച്ചപ്പണം കിട്ടിയിട്ടു വേണ്ടല്ലോ?
വൈദികനും (റോബിൻ) മെത്രാനും (ഫ്രാങ്കോ )കേസു വാദിക്കാൻ ചെലവഴിക്കുന്ന പണം വിശ്വാസികളുടെ നേർച്ച പണം ആണെന്ന ബോധ്യമുണ്ടാകേണ്ടതുണ്ട്.
ഒരേ സഭയിൽ പെട്ട മെത്രാനും കന്യാസ്ത്രികളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും പോലീസ് കേസായി മാറുകയും ചെയ്യുമ്പോൾ മെത്രാനെ രക്ഷിക്കാനും കന്യാസ്ത്രീകളെ ശിക്ഷിക്കാനും സഭ കാണിക്കുന്ന വഴിവിട്ട പരാക്രമങ്ങൾ പരിഹാസ്യമാണ്. തങ്ങൾ അടിമകളെല്ലെന്ന് കന്യാസ്ത്രീകളെ കൊണ്ട് ലേഖനം എഴുതിച്ചതുകൊണ്ട് കന്യാസ്ത്രീകളുടെ അടിമത്വം ഇല്ലാതാകുന്നതെങ്ങിനെ?
അങ്ങനെ എങ്കിൽ ഈ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ എന്തുകൊണ്ട് ഒറ്റപ്പെടുത്തുന്നു?
ജയിലിൽ പോയി മെത്രാനെ കാണുന്ന അതേ നീതീ തന്നെയല്ലെ സമരപന്തലിൽ പോയി കന്യാസ്ത്രീകളെ ആശ്വാസിപ്പിച്ചവരും ചെയ്തത്.
കുറ്റാരോപിതനായ മെത്രാനെ ആശ്വസിപ്പിക്കാനും അദ്ദേഹം നിരപരാധിയാണെന്നും ക്രിസ്തുവാണന്നും മറ്റൊരു മെത്രാനു പറയാമെങ്കിൽ എന്തു കൊണ്ടാണ് കന്യാസ്ത്രീകൾ, പീഡിപ്പിക്കപ്പെട്ടു എന്നു പരാതിപ്പെട്ട കന്യാസ്ത്രിയെ സന്ദർശിക്കാത്തത്? അവർ വ്യാകുലമാതാവാണ് എന്നു പറയാത്തത്?അതു തന്നെയല്ലേ കന്യാസ്ത്രീകളുടെ അടിമത്വത്തിന് തെളിവ്.കുറ്റാരോപിതൻ നിരപരാധിയെന്നു തെളിയിക്കും വരെ പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമെന്ത്? അങ്ങനെയെങ്കിൽ പോലീസ് കേസ് എടുക്കേണ്ടതില്ലല്ലോ?
മെത്രാൻ നിരപരാധി എന്നു തെളിയും വരെ പരാതിക്കാരിയായ കന്യാസ്ത്രീ കളവ് പറയുന്നു എന്ന് എങ്ങനെയാണ് മെത്രാൻ സംഘം തീരുമാനിക്കുന്നത്. അവരെ ഇങ്ങനെ ഒറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത്എന്തുകൊണ്ടാണ് ?
ഇത്ര പ്രത്യക്ഷമായി മെത്രാൻ സംഘം സഭയിൽ ഇരട്ടനീതീ നടപ്പിലാക്കുന്നത് വിശ്വാസികൾ ചോദ്യം ചെയ്യേണ്ടതുണ്ട്.

No comments:

Post a Comment