കത്തോലിക്കാ സഭ എങ്ങോട്ട് ചെരിയുന്നു മറിയുന്നു, എങ്ങിനെയാണ് അതായിരിക്കേണ്ടത് ഇതൊക്കെ പറയാന്‍ കെല്‍പ്പും ചങ്കൂറ്റവും ഉള്‍ക്കാഴ്ച്ചയുമുള്ള പ്രഗത്ഭരാണ് എക്കാലവും സഭാ വിപ്ലവങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ശ്രി. ഇപ്പന്റെ ഇരുത്തം വന്ന ഈ വിലയിരുത്തല്‍ വളരെ ശ്രദ്ധേയം തന്നെ - എഡിറ്റര്‍
ഇപ്പൻ
ആരും ക്ഷുഭിതരാകരുത്. പുതിയ പാപ്പാ
മനുഷ്യനെന്ന നിലയിൽ മനുഷ്യനായ യേശുവിനെ ലേശം മറികടക്കുന്നില്ലേ എന്നു ഞാൻ
സംശയിക്കുന്നു. യേശുവിന്‍റെ ദൈവികമായ സഹസ്രകോടി സൂര്യപ്രഭയിൽ ആ കാഴ്ച
മങ്ങിപ്പോകുന്നുവെന്നേയുള്ളൂ. പ്രവാചകന്മാരെ പൂർത്തീകരിക്കാനാണു താൻ വന്നതെന്നു
പറഞ്ഞ യേശു, തന്‍റെ വചനങ്ങളെ പൂർത്തീകരിക്കാൻ ശ്രമിക്കുന്ന പാപ്പായെ
ശ്ലാഘിക്കുകയേയുള്ളൂ. അന്നത്തെ അഭിജാതസമൂഹം യേശുവിനെ തച്ചന്‍റെ മകൻ എന്നാണു
വിശേഷിപ്പിച്ചിരുന്നത്. തച്ചന്‍റെ മകനും ഇപ്പനെപ്പോലുള്ള ശപ്പന്മാർക്കും 'എന്തും' പറയാം. ഈ 'എന്തും'
ലോകത്തെ ഞെട്ടിക്കുന്ന വിപ്ലവകരങ്ങളായ ആശയങ്ങളാണ്. 'രക്ഷ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ നീ നിനക്കുള്ളതെല്ലാം വിറ്റു
ദരിദ്രർക്കുകൊടുക്കുക' എന്ന് യേശു പറഞ്ഞത് അത്തരമൊരാശയമാണ്.
ഇത്തരം ആശയങ്ങൾ കയ്യാഫാസോ ഹേറോദേസോ അന്നു പ്രസംഗിച്ചുകൊണ്ടു
നടന്നിരുന്നുവെന്നിരിക്കട്ടെ; തച്ചന്‍റെ മകനു കല്പിച്ചുകൊടുത്തതിലും എത്രയോ മടങ്ങു മഹത്വം
മനുഷ്യരെന്ന നിലയിൽ അവർക്കു കല്പിച്ചുകൊടുക്കേണ്ടതാണ്. ഇത്തരം വിപ്ലവകരങ്ങളായ
ആശയങ്ങൾ ക്രിസ്തു പറഞ്ഞുകൊണ്ടു നടന്നതിന്‍റെ പേരിലാണ് ബുദ്ധിയുള്ള മനുഷ്യർ
ക്രിസ്ത്യാനികളായിരിക്കുന്നത്. ബുദ്ധിയില്ലാത്ത മനുഷ്യർക്ക് യേശു ഒരു ദൈവികബിംബം
മാത്രമാണ്. നാഗാരാധകർക്ക് നാഗംപോലെ.
പറയുന്ന ആളിന്‍റെ സാമൂഹികപദവി പറയുന്ന
കാര്യത്തിന്‍റെ ഗൗരവത്തെ ശതഗുണീഭവിപ്പിക്കുന്നു. ടാറ്റായും ബിർളായും അംബാനിയും
കണക്കുപ്രകാരം വരുമാനനികുതിയും സ്വത്തുനികുതിയും കൊടുക്കണമെന്ന് വിപ്ലവകാരിക്കു
പറയാം, നരേന്ദ്ര മോഡിക്കു പറയാനാവില്ല. പറഞ്ഞാൽ
പിറ്റേദിവസം അദ്ദേഹം പ്രധാനമന്ത്രിക്കസേരയിൽ ഉണ്ടാവില്ല. പക്ഷേ, ഈ പദവിയിലിരുന്ന് അദ്ദേഹം അതു പറഞ്ഞാൽ നക്ഷത്രങ്ങൾ താഴേക്ക്
എത്തിനോക്കുമെന്നു തീർച്ച.
ചിന്തിക്കുന്ന മനുഷ്യരുടെ ദൃഷ്ടിയിൽ
പേപ്പസിതന്നെ ഒരു മുഴുത്ത അസംബന്ധമാണ്. പക്ഷേ, ചിന്തിക്കുന്നവർ കുറവാണല്ലോ.
സാമാന്യലോകത്തിന്‍റെ ദൃഷ്ടിയിൽ ലോകത്തിലെ ഏറ്റവും വലിയ പദവിയാണ് പോപ്പിന്‍റെത്.
ലോക്കൽ സിദ്ധന്മാരായ കയ്യാഫാസിന്‍റെയും ഹേറോദേശിന്‍റെയും പദവികളെക്കാൾ എത്രയോ
ഉന്നതമായ പദവി! അമേരിക്കൻ പ്രസിഡന്റുമാർപോലും പോപ്പിനെ അങ്ങോട്ടു പോയി കാണുകയാണ്
പതിവ്. ആ പദവിയിലിരുന്ന് ഒരു മനുഷ്യൻ യേശുവിന്‍റെ ഭാഷയിൽ ചിന്തിക്കുകയും
സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ അതീവഗൗരവത്തോടെ
കാണേണ്ടിയിരിക്കുന്നു. മാത്രമല്ല കത്തോലിക്കാ മാഫിയായ്ക്ക് ഈ പോപ്പിനെ ഇരുത്തി
വാഴിക്കുന്നതിൽ എന്തെങ്കിലും ഹിഡൻ അജണ്ടയുണ്ടോ എന്നും സൂക്ഷ്മപരിശോധന
നടത്തേണ്ടതുണ്ട്. ഒരു കാര്യം തീർച്ച;
ഫ്രാൻസീസ് മാർപ്പാപ്പാ ലോകത്തിലെ എട്ടാമത്തെ
അത്ഭുതമാണ്. ചരിത്രത്തിലൊരു പോപ്പും വിപ്ലവക്കൊടുങ്കാറ്റിനെ ഇതുപോലെ നെഞ്ചേറ്റി
ലാളിച്ച് ആഘോഷിച്ചിട്ടില്ല. 23-)0 ജോൺ
മാർപ്പാപ്പായെപ്പോലുള്ള അപൂർവ്വം ചിലരുടെ കരളിനുള്ളിലതു കൂടുകെട്ടിയിരിക്കാം.
വിരിയുന്നതിനു മുമ്പേ തല്ലിക്കൊഴിച്ച കുസുമമാണ് ജോൺ പോൾ ഒന്നാമൻ പാപ്പാ. ചരിത്രമിങ്ങനെയിരിക്കെ, ഈ
പോപ്പ് എന്തുകൊണ്ട് വധിക്കപ്പെടുന്നില്ല എന്നത് ആഴത്തിലുള്ള ആലോചന അർഹിക്കുന്നു.
ലോകമുതലാളിത്തലോബിയുടെ
ബുദ്ധികേന്ദ്രത്തിന്‍റെ ഇടപെടൽ ഇതിലുണ്ടെന്നു ഞാൻ കരുതുന്നു. സംഘടിതമതങ്ങൾ എന്നും
മുതലാളിത്തത്തിന്‍റെ ബലിഷ്ഠമായ അടിത്തറയും അംബരചുംബിയായ കോട്ടയും ആഴമേറിയ കിടങ്ങും
ആയി വർത്തിച്ചിരുന്നു. സംഘടിതമതത്തിന്‍റെ നീരാളിക്കൈകൾ സമ്പന്നപക്ഷത്തെ
തലോടുന്നതും ദരിദ്രപക്ഷത്തെ തല്ലുന്നതും സൂക്ഷ്മനേത്രങ്ങൾക്കേ കാണാൻ കഴിയൂ.
സൂക്ഷ്മനേത്രനായ വയലാർ അതു കണ്ടെത്തുന്നു:
''കൊന്തകളാൽ പൂണൂലാൽ നിങ്ങൾ ചെന്നവരെവരി-
ഞ്ഞന്ധകാരങ്ങളിൽ തള്ളിയിട്ടു!''
കൊന്തയും പൂണൂലുമൊക്കെ ദരിദ്രനെ കെട്ടിവരിയാനുള്ള
ചങ്ങലകളാണെന്നുള്ള സത്യം ദരിദ്രന് അറിഞ്ഞുകൂടാ എന്നതാണ് ചങ്ങലയുടെ ദാർഢ്യം
വർദ്ധിപ്പിക്കുന്നത്. അതറിയുന്ന നിമിഷം മത്തദരിദ്രഗജം വാഴനാരുപോലെ ആ ചങ്ങല
പൊട്ടിക്കും.
സംഘടിതമതം പരത്തുന്ന അന്ധവിശ്വാസങ്ങൾ
ദരിദ്രന്‍റെ പ്രതികരണശേഷിയെ വന്ധ്യംകരിക്കുന്നു. എല്ലാം ഈശ്വര ഹിതമാണെന്ന വിശ്വാസം
നോക്കുക:
''അരമനകളിൽ
വിടുവേലയ്ക്കീശ്വരഹിതമെന്നോതി-
ചിരമവരെ നിയമിച്ചോരാണു നിങ്ങൾ.''
നിന്റെ ദാരിദ്ര്യം ഈശ്വരഹിതമാണ്.
മുജ്ജന്മപാപഫലമാണ്. നീ അതു നിശ്ശബ്ദം സഹിക്കുക..... ഇതു ദാരിദ്ര്യത്തെ നിശ്ശബ്ദം
സഹിക്കാൻ ദരിദ്രനെ പ്രേരിപ്പിക്കുന്നു. ദാരിദ്ര്യത്തിന്‍റെ മൂലകാരണങ്ങളായ അഴിമതിക്കും
അനീതിക്കും ചൂഷണത്തിനുമെതിരെ പോരാടുന്നതിൽ നിന്ന് അവനെ പിന്തിരിപ്പിക്കുകയും
ചെയ്യുന്നു.
'വിത്തനാഥന്‍റെ
ബേബിക്കു പാലും നിർദ്ധനച്ചെറുക്കനുമിനീരും
ഈശ്വരനിശ്ചയമെങ്കിലമ്മട്ടുള്ളീശ്വരനെ
ചവിട്ടുക നമ്മൾ',
എന്നു ചങ്ങമ്പുഴ പാടിയതാണു ശരി.
അങ്ങനെയൊരീശ്വരനുണ്ടെങ്കിൽ അയാൾ ചവിട്ടുമാത്രമല്ല, ഒരു
തൊഴിയുംകൂടി അർഹിക്കുന്നു. പക്ഷേ, നമ്മുടെ സ്‌നേഹപ്രവാചകരായ ഈശ്വരന്മാർ
അങ്ങനെയുള്ളവരല്ലല്ലോ. നീതിക്കുവേണ്ടി ഒരുപാടു പീഡകൾ സഹിക്കണമെന്നു നമ്മുടെ ഈശ്വരൻ
ആഹ്വാനംചെയ്തു. അനീതിയാണ് നിർദ്ധനച്ചെറുക്കന് ഉമിനീരുറവ സമ്മാനിക്കുന്നതെന്ന്
അവിടുത്തേക്കറിയാമായിരുന്നു. ധർമ്മത്തിനുവേണ്ടി പോരാടാൻ കൃഷ്ണഭഗവാനും ഉദ്‌ബോധിപ്പിക്കുന്നു.
അനീതി അവരുടെ സൃഷ്ടിയും നിശ്ചയവും ആണെങ്കിൽ അനീതിക്കെതിരെ പോരാടണമെന്ന് ഈശ്വരന്മാർ
ആഹ്വാനംചെയ്യുമോ?
മുതലാളിത്തത്തിന്‍റെ കാവലാളായ ഭരണകൂടം
മതം വിതയ്ക്കുന്ന അന്ധവിശ്വാസങ്ങളെ ചരിത്രത്തിന്‍റെ തുടക്കം മുതൽ സമർത്ഥമായി
ഉപയോഗിച്ചുപോന്നു. യുദ്ധത്തിൽ മരിക്കുന്ന ഭടന് വീരസ്വർഗ്ഗം ലഭിക്കുമെന്ന വിശ്വാ സം
നോക്കുക. ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രം നടപ്പാക്കുന്നതിൽ ഭരണവർഗ്ഗത്തിന് മതം
ഏറെ പ്രയോജകീഭവിച്ചു. ദൈവം ഭീകരനാണെന്ന അബദ്ധവിശ്വാസം പ്രചരിപ്പിച്ച് സംഘടിതമതം
സമൂഹത്തിൽ ഭയസംക്രസ്തമായ ഒരു ദാർശനികാന്തരീക്ഷം സൃഷ് ടിച്ചു. ദൈവഭയം പ്രത്യക്ഷദൈവമായ
രാജാവിലേക്കും പകർന്നു.
പാശ്ചാത്യ മുതലാളിത്തം ഇന്നൊരു
തിരിച്ചറിവിലാണ്. ഊന്നുവടിയായിരുന്ന മതം ഇതാ ബൂമറാങ്ങുപോലെ തിരിച്ചടിക്കുന്നു.
ശീതസമരത്തിന്‍റെയും യുദ്ധങ്ങളുടെയും കാലം കഴിഞ്ഞു. ഹിരോഷിമയിലും നാഗസാക്കിയിലും
പൊട്ടിയത് വെറും ഏറു പടക്കങ്ങൾ മാത്രമാണെന്ന് കുഞ്ഞുങ്ങൾക്കും അറിയാം. അടുത്ത
ലോകമഹായുദ്ധം ഒരു സംഭവമേ അല്ലെന്നും എല്ലാ സംഭവങ്ങളും എന്നന്നേക്കുമായി
ഇല്ലാതാക്കലാണെന്നും എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഇന്നു
ലോകസമാധാനത്തിനു ഭീഷണി മതതീവ്രവാദമാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള മ്ലേച്ഛമായ
അവിഹിതബന്ധമാണ് മതതീവ്രവാദം ശക്തിപ്പെടാൻ കാരണം. പാശ്ചാത്യലോകം മതവും
രാഷ്ട്രീയവുമെന്ന സയാമീസ് ഇരട്ടയെ വിജയകരമായി ശസ്ത്രക്രിയ ചെയ്തു
വേർപെടുത്തിയിരിക്കുന്നു. ഇത് ഇന്നലെ വെട്ടിയ വെള്ളിടിയിൽ സംഭവിച്ചുപോയതൊന്നുമല്ല.
നവോത്ഥാനചിന്തകളുടെ പരിണതഫലമാണത്.
സ്വന്തം നിലനില്പിന് ഉതകാത്ത മതം ഇന്നിന്‍റെ
ബാദ്ധ്യതയും നാളെയുടെ ഭീഷണിയുമാണെന്ന് പാശ്ചാത്യ സാമ്രാജ്യത്വത്തെയും
മുതലാളിത്തത്തെയും വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ഇറാക്കുയുദ്ധവും അഫ്ഗാൻ യുദ്ധവും
ആവർത്തിച്ചു പഠിപ്പിച്ചു. ഓരോ
അഞ്ചുവർഷംകൂടുമ്പോഴും ശാസ്ത്രവിജ്ഞാനം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണത്രേ; ഇങ്ങനെ പുരോഗമിച്ചാൽ കാൽനൂറ്റാണ്ടിനുള്ളിൽ ഒരു പൈശാചികപ്രതിഭ അവന്‍റെ
ബെഡ്‌റൂമിൽ സജ്ജീകരിച്ച ലാബറട്ടറിയിൽ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ പോന്ന ഒരായുധം
വികസിപ്പിച്ചെന്നുവരാം; ചുരുങ്ങിയപക്ഷം ഒരു സ്യൂട്ട്‌കേസ്
അണുബോംബെങ്കിലും. ഇതൊക്കെ മതതീവ്രവാദം ഉണർത്തുന്ന ഭീഷണിയുടെ ആഴം
വർദ്ധിപ്പിക്കുന്നു.
ഇതൊക്കെ കണക്കിലെടുത്ത്
പാശ്ചാത്യമുതലാളിത്ത ലോബിയുടെ ബുദ്ധികേന്ദ്രം ഒരു തീരുമാനത്തിലെത്തിയെന്നു ഞാൻ
കരുതുന്നു. ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന മുസ്ലീങ്ങളുടെ ഇടയിൽ അതിവേഗം
പ്രചരിക്കുന്ന മതതീവ്രവാദത്തെ അടിച്ചമർത്തുക അസാധ്യമാണ്. ക്രിസ്ത്യൻ
മതതീവ്രവാദമാണ് കുരിശുയുദ്ധങ്ങൾക്കു തുടക്കംകുറിച്ചത്. മുസ്ലീം മതതീവ്രവാദത്തിനു
വിത്തുവിതച്ചതും മറ്റൊന്നല്ല. അതുകൊണ്ട്, ഏകപക്ഷീയമായി
വെടിനിറുത്തിയാൽ മുസ്ലീം തീവ്രവാദം അപ്രത്യക്ഷമായിക്കൊള്ളും. രണ്ടു കൈകളുംകൂടി
കൂട്ടിയടിച്ചാലല്ലേ ശബ്ദം കേൾക്കൂ. ജീവിതക്കൊതി കൂടുതൽ മുതലാളിത്തത്തിനാണല്ലോ.
അതുകൊണ്ട് മുസ്ലീം മുതലാളിത്തലോബിയുടെ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നു കരുതാം.
മതം മാനവികതകൊണ്ടു നിറയുമ്പോൾ
തീവ്രവാദപ്രവണതകൾ അപ്രത്യക്ഷമാകും. മാനവികതാവാദിയായ ഒരു പോപ്പിന് ഇരുന്നുവാഴുവാൻ
അവർ കനിഞ്ഞനുവാദം കൊടുത്തതത് അതുകൊണ്ടാണ്. ഇതു മുതലാളിത്തം കനിഞ്ഞുനീട്ടിയ
ഭിക്ഷയല്ല. ചരിത്രത്തിന്‍റെ നിർദ്ദയസമ്മർദ്ദത്തിന്റെ ഫലമാണിത്. 'ചാർട്ടർ' ചെയ്ത ഒരു രഹസ്യപദ്ധതിയുടെ ഭാഗമായാണ്
യാഥാസ്ഥിതികനായിരുന്ന ബെനഡിക്റ്റ് പതിനാറാമന് കെട്ടുകെട്ടേണ്ടിവന്നതെന്നും ഞാൻ
ഊഹിക്കുന്നു. അല്ലാതെ, വത്തിക്കാനിലെ സാമ്പത്തിക ക്രമക്കേടിന്‍റെ
പേരിലൊന്നുമല്ല. വത്തിക്കാനിൽ എന്നാണ് സാമ്പത്തികക്രമക്കേടുകൾ ഇല്ലാതിരുന്നത്?
ലോകം സംഘടിതമതങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നേടി
ആരോഗ്യകരമായ ആത്മീയതയിലേക്ക് ഉണരുന്നതിന്‍റെ മുന്നോടിയായി ഇതിനെ കാണാം.
ഫോൺ: 9446561252
