Translate

Monday, July 30, 2018

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യങ്ങ'ളായി!


(5-ാം ഭാഗം)
പ്രൊഫ. പി.എല്‍. ലൂക്കോസ് ഫോണ്‍: 9446578174

ശിശുക്കളുടെ മാമ്മോദീസ എന്തിന്?         
ഇല്ലായ്മയില്‍നിന്നു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നതുപോലെ ഇല്ലായ്മയില്‍നിന്ന് ആഗസ്തീനോസ് സൃഷ്ടിച്ച ഉത്ഭവപാപത്തിനു ചില ക്രിസ്തീയസഭകള്‍ കണ്ടുപിടിച്ച പരിഹാരക്രിയയാണ് ശിശുക്കളുടെ മാമ്മോദീസാ. ജ്ഞാനസ്‌നാനത്തിനുള്ള കല്പന യേശു നല്കിയിട്ടുണ്ടല്ലോ എന്ന വാദത്തിനു ഇവിടെ പ്രസക്തിയില്ല. മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷങ്ങളുടെ സമാപനം ഉത്ഥിതനായ ക്രിസ്തു ശിഷ്യഗണത്തെ ഏല്പിക്കുന്ന  പ്രേഷിതദൗത്യത്തോടും ജ്ഞാനസ്‌നാനപ്പെടുത്താനുള്ള നിര്‍ദ്ദേശത്തോടും കൂടിയാണ് എന്നതു ശരിതന്നെ. പക്ഷേ, യേശു വളരെ വ്യക്തമായി പറഞ്ഞത് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിച്ച് വിശ്വസിക്കുന്നവരെ ജഞാനസ്‌നാനപ്പെടുത്താനാണ്. മറ്റേതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നവനോ ഒരു മതത്തിലും വിശ്വസിക്കാത്തവനോ കാര്യങ്ങള്‍ വേണ്ടവിധം പഠിച്ച്  സ്വന്തം ഇഷ്ടപ്രകാരം ക്രിസ്തീയവിശ്വാസം സ്വീകരിക്കുമ്പോള്‍ ജ്ഞാനസ്‌നാനം നല്കുന്നത് തീര്‍ച്ചയായും അര്‍ത്ഥവത്താണ്. ഔപചാരികമായ വിശ്വാസപ്രഖ്യാപനം നടത്താതെതന്നെ ക്രിസ്ത്യാനികളായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടി ക്രിസ്ത്യാനിയായിട്ടും ഹൈന്ദവര്‍ക്കു പിറക്കുന്ന കുട്ടികള്‍ ഹിന്ദുക്കളായിട്ടുമല്ലേ സമൂഹം കണക്കാക്കുന്നത്? പത്തോ ഇരുപതോ ലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്നു എന്നു സങ്കല്പിക്കപ്പെടുന്ന ആദിമാതാപിതാക്കള്‍ ചെയ്തതെന്നു കരുതുന്ന അജ്ഞാതമായ ഏതോ പാപത്തിന്റെ കറ നീക്കാനായി ഏഴോ എട്ടോ ദിവസം പ്രായമുള്ള ശിശുവിന്റെ തലയില്‍ വെള്ളമൊഴിക്കാന്‍ യേശുവോ പൗലോസ് ശ്ലീഹയോ നിര്‍ദ്ദേശിച്ചിട്ടില്ല. റോമാക്കാര്‍ക്കെഴുതിയ ലേഖനം 6:3-ലും ഗലാത്തിയക്കാര്‍ക്കുള്ള ലേഖനം 3:27-ലും പൗലോസ് ശ്ലീഹാ പരാമര്‍ശിക്കുന്നത്, യേശുവിനോട് ഐക്യപ്പെടാന്‍വേണ്ടി താനും അനുയായികളും സ്വീകരിച്ച മുതിര്‍ന്നവര്‍ ബോധപൂര്‍വ്വം പുതിയ വിശ്വാസം സ്വീകരിക്കുന്ന അനുരഞ്ജനത്തിന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ചാണ്. പ്രായപൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെ ഒരാഴ്ചയോ ഒരു മാസമോമാത്രം പ്രായമായ കുഞ്ഞിനു മാമോദീസനല്കുന്നത് ശൈശവവിവാഹം പോലെ ബാലാവകാശ ലംഘനമായി പരിഗണിക്കേണ്ടതാണ്.
അനുതാപവും മാനസാന്തരവും പരസ്യമായി വെളിപ്പെടുത്തുന്ന മമ്മോദീസ അനാവശ്യമാണെന്ന് വിവരമുള്ളവരാരും വാദിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍, ഉത്ഭവപാപം ഇല്ലെന്ന് നൂറുശതമാനം ഉറപ്പുള്ളപ്പോള്‍, ഇല്ലാത്ത ആ ബാധ നവജാതശിശുക്കളില്‍നിന്ന് ഒഴിപ്പിക്കാനായി ആഭിചാരക്രിയ നടത്തുന്നതുപോലെ കാട്ടിക്കൂട്ടുന്ന കോപ്രായം വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ശക്തിയായി എതിര്‍ക്കണം. ഇടവകജനങ്ങളെ വരുതിക്കു നിറുത്താനായി  സഭ ദുരുപയോഗിക്കുന്ന ഒരായുധമാണ് ശിശുക്കളുടെ മാമ്മോദീസ എന്ന് എല്ലാവരും മനസ്സിലാക്കുക.. ഈ അനുഷ്ഠാനത്തിന്റെ  ആദ്യഭാഗം എത്രമാത്രം അരോചകമാണെന്ന് പ്രബുദ്ധരായ ദൈവജനം ശ്രദ്ധിക്കുന്നില്ല. ഒരാള്‍ക്കു ചെയ്യാന്‍ പറ്റുന്ന എല്ലാ ദുഷ്‌കൃത്യങ്ങളും ചെയ്യുന്ന കൊടിയ പാപികളും അഭിസാരികകളും നിര്‍ബ്ബാധം പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ 'മാലാഖാക്കുഞ്ഞ് ' എന്നു വിശേഷിപ്പിക്കാറുള്ള നവജാത ശിശുവിനെ പള്ളിക്കകത്തു കയറ്റാതെ വാതിലിനുപുറത്തു നിറുത്തി പിശാചുക്കളെ ഓടിക്കാനുള്ള മന്ത്രവാദംപോലെ നടത്തുന്ന അനുഷ്ഠാനത്തെ എങ്ങനെ നീതീകരിക്കാനാകും? പള്ളിയിലേക്കു നേരെ കടന്നുവരുന്ന മഹാപാപികളുടെ കൂടെ വരാത്ത എത്ര കുപ്പിണി പിശാചുക്കളാണ് ഈ മാലാഖാക്കുഞ്ഞിന്റെ പിറകേ വരുന്നത് ? എത്ര അപലപനീയമായ അനുഷ്ഠാനം!
പ്രായപൂര്‍ത്തിയായ ഒരാള്‍ ദൈവഹിതത്തിനു വിധേയമായി ജീവിച്ചുകൊള്ളാം എന്ന പ്രതിജ്ഞയോടെ സ്വീകരിക്കേണ്ട വിശ്വാസത്തിന്റെ കൂദാശയായ മാമ്മോദിസാ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നല്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്യുന്നവരോട് ചിലര്‍  ചോദിക്കാറുള്ളത് യേശു സ്‌നാപകയോഹന്നാനില്‍നിന്നു മാമ്മോദിസാ സ്വീകരിച്ചില്ലേ എന്നാണ്.  യോഹന്നാന്‍ എതിര്‍ത്തിട്ടും യേശു എന്തിന് പശ്ചാത്താപത്തിന്റെയും മാനസാന്തരത്തിന്റെയും പ്രതീകമായ ജ്ഞാനസ്‌നാനം ചോദിച്ചു വാങ്ങി എന്നതിന് സ്വീകാര്യമായ ഒരുത്തരം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്വന്തം ഭവനത്തോടും ബന്ധുമിത്രാദികളോടും വിടപറയുന്നതിന്റെ പ്രതീകാത്മകമായ ചടങ്ങായിരുന്നു യേശുവിന്റെ ജ്ഞാനസ്‌നാനം എന്ന വിശദീകരണമാണ് എറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ യോഹന്നാനില്‍നിന്നു മാമ്മോദിസാ സ്വീകരിക്കുന്നതിന് 16 വര്‍ഷം മുന്‍പു തന്നെ യേശുവിന്റെ പരസ്യജീവിതം തുടങ്ങിയിരുന്നുവെന്ന് വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഇന്നുവരെ അറിഞ്ഞിട്ടില്ല ; സഭയാകട്ടെ അറിഞ്ഞിട്ട് അറിഞ്ഞതായി ഭാവിക്കുന്നില്ല. യേശുവിന്റെ മുന്‍കാല ജീവിതം അജ്ഞാതമായിരുന്നു. അല്പം ചിലതൊക്കെ അറിഞ്ഞിരുന്ന ലൂക്കാ 'യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു' എന്ന് ഒഴുക്കന്‍ മട്ടിലെഴുതി യേശുവിന്റെ ചരിത്രത്തിന്റെ പൂര്‍വ്വാര്‍ദ്ധം ഉപസംഹരിച്ചു. ഉല്പത്തിപ്പുസ്തകത്തിന്റെ ആദ്യഭാഗം ചികഞ്ഞുപെറുക്കി കഴിയുന്നിടത്തോളം വിശ്വാസസത്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള വ്യഗ്രതയില്‍ യേശുവിന്റെ 16 വര്‍ഷങ്ങളെപ്പറ്റി ഗവേഷണം നടത്താന്‍ ക്രിസ്തീയസഭകള്‍ക്കൊന്നും താത്പര്യമുണ്ടായില്ല.
          മറിയത്തെയും ജോസഫിനെയും വിട്ട് 13-ാ മത്തെ വയസ്സില്‍ സാര്‍ത്ഥവാഹകസംഘത്തിന്റെ കൂടെ യേശു പോന്നത് ഇന്ത്യയിലേക്കായിരുന്നു. ഹിന്ദു-ബുദ്ധ മതക്കാരുടെ ഗ്രന്ഥങ്ങളും വിശ്വാസ- നിയമ
സംഹിതകളും പഠിയ്ക്കുകയായിരുന്നു ലക്ഷ്യം. 14-ാ മത്തെ വയസ്സു മുതല്‍ ആറു വര്‍ഷക്കാലം ആര്യന്മാരുടെ ഊഷ്മളമായ ആതിഥ്യം സ്വീകരിച്ച് സിന്ധുനദീതടമായ ഓറിസ് പ്രോവിന്‍സിലെ Juggernaut, Rajegriha എന്നിവിടങ്ങളിലും ബനാറസ്സിലുമായി താമസിച്ചു. വേദങ്ങളും പുരാണങ്ങളും ആര്യന്മാര്‍തന്നെ പഠിപ്പിച്ചു. എന്നാല്‍ ത്രിമൂര്‍ത്തികള്‍, ബ്രഹ്മാവും വിഷ്ണുവും ശിവനും, പരബ്രഹ്മത്തില്‍ നിന്നുടലെടുത്ത അവതാരങ്ങളാണെന്ന സിദ്ധാന്തം യേശു നിഷേധിച്ചു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും വിധികര്‍ത്താവുമായ അനശ്വരശക്തി അവിഭാജ്യമായ (indivisible) ഒരേയോരു അരൂപിയാണെന്ന് അവരെ ബോധ്യപ്പെടുത്താനാണ് യേശു ശ്രമിച്ചത്.  വിഗ്രഹാരാധനയെയും മനുഷ്യ-മൃഗബലികളെയും  എതിര്‍ക്കുകയും, ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കുമുള്ള എല്ലാ യോഗ്യതകളും അവകാശങ്ങളും വൈശ്യര്‍ക്കും ശൂദ്രര്‍ക്കും ഉണ്ടെന്നു വാദിക്കുകയും ചെയ്തതോടെ സവര്‍ണ്ണരുടെ അപ്രീതിക്കു പാത്രമായി. ബന്ധം വഷളായതോടെ ഇസ്സാ (ISSA) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യേശു ബുദ്ധമത കേന്ദ്രങ്ങളിലേക്കു കടന്നു. ഈ ആത്മീയതിര്‍ത്ഥാടകനെ ബുദ്ധഭിക്ഷുക്കള്‍ സന്തോഷത്തോടെ സ്വീകരിച്ചു. ബുദ്ധമത ഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരുന്ന പാലി (Pali) ഭാഷ പഠിച്ച് ആറുവര്‍ഷം കൊണ്ട് ആ ഗ്രന്ഥസമുച്ചയങ്ങള്‍ ഹൃദിസ്ഥമാക്കി. മടക്കയാത്രയില്‍ ഏതാനും മാസക്കാലം പേര്‍ഷ്യയില്‍ താമസിച്ച് സൊറോവാസ്ട്രിയന്‍ മതക്കാരുമായി സംവദിച്ചശേഷമാണ് ഇരുപത്തൊന്‍പതാമത്തെ വയസ്സില്‍ ഇസ്സാ സ്വന്തം  നാട്ടില്‍ തിരിച്ചെത്തിയത്. അത് പരസ്യജീവിതം ആരംഭിക്കാനല്ല, അതു പൂര്‍ത്തിയാക്കാനായിരുന്നു. പതിനാറു വര്‍ഷത്തെ പ്രവാസം കഴിഞ്ഞു വന്നപ്പോള്‍ സ്വന്തക്കാരുടെകൂടെ തിരിച്ചുചേരുന്നതിന്റെ പ്രതീകമായിട്ടായിരിക്കാം യേശു ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മരപ്പണിക്കാരനായി നസ്രത്തിലോ അടുത്തെവിടെയെങ്കിലുമോ യേശു താമസിച്ചിരുന്നെങ്കില്‍, 'ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ?' എന്നൊക്കെ യഹൂദര്‍ വിസ്മയഭരിതരായി ചോദിക്കേണ്ടിവരുമായിരുന്നില്ല. പശ്ചിമേഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍വഴി കൂടെക്കൂടെ ഇന്ത്യയിലും ടിബറ്റിലും എത്തിയിരുന്ന സാര്‍ത്ഥവാഹകരില്‍ നിന്നാണ് തങ്ങളുടെ പ്രിയപ്പെട്ട ഇസ്സായെ പീലാത്തോസ് തൂക്കിലേറ്റിയ വിവരം ബുദ്ധഭിക്ഷുക്കള്‍ അറിയുന്നത്. ദുഃഖിതരായ അവര്‍ ഇസ്സായെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നതും ഇസ്സായുടെ അന്ത്യത്തെപ്പറ്റി സാര്‍ത്ഥവാഹകര്‍ പറഞ്ഞ് അറിഞ്ഞതുമായ കാര്യങ്ങള്‍ ചര്‍മ്മപത്രങ്ങളില്‍ (Parchments) എഴുതി ഭദ്രമായി സൂക്ഷിച്ചു.
          ഉല്പത്തിപ്പുസ്തകംപോലെ ഇതൊന്നും ആരുടെയും ഭാവനാസൃഷ്ടിയല്ല. 1887- ല്‍ സഞ്ചാര പ്രിയനായിരുന്ന നിക്കോളാസ് നോട്ടോവിച്ച് (Nicolas  Notovitch) എന്ന റഷ്യാക്കാരന്‍ അഫ്ഗാനിസ്ഥാനിലും പശ്ചിമ ഭാരതത്തിലും സഞ്ചാരം പൂര്‍ത്തിയാക്കി ഹിമാലയത്തിലെത്തി. പിന്നീട് അക്കാലത്തു ടിബറ്റിന്റെ ഭാഗമായിരുന്ന, ലിറ്റില്‍ ടിബറ്റ് എന്നറിയപ്പെട്ടിരുന്ന, ലഡാക്കില്‍ എത്തിച്ചേര്‍ന്നു. കുതിരപ്പുറത്തുനിന്നു തെറിച്ചുവീണ നിക്കോളാസ് ലഡാക്കിലെ പ്രസിദ്ധമായ ഹിമിസ് (HIMIS) സന്ന്യാസിമഠത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള ചര്‍മ്മപത്രച്ചുരുളുകളുടെ (Scrolls) കാര്യം മഠാധിപനായ ലാമാ പറയുന്നതും, ലാമാ വായിച്ചു കേള്‍പ്പിച്ച പാലി ഭാഷയിലുള്ള ചുരുളുകളുടെ  ഉള്ളടക്കം ദ്വിഭാഷിയുടെ സഹായത്തോടെ നിക്കോളാസ് കുറിച്ചെടുത്തതും.  തനിക്കു ലഭിച്ച അത്ഭുതകരമായ വിവരം ചില പുരോഹിതശ്രേഷ്ഠന്മാരെ നിക്കോളാസ് അറിയിച്ചതാണ്. തന്റെ കൈവശമുണ്ടായിരുന്ന കൈയെഴുത്തുപ്രതി തട്ടിയെടുത്ത് മറച്ചുവയ്ക്കാനും നശിപ്പിക്കാനുമായിരുന്നു കുടിലമനസ്‌കരായ ആ പുരോഹിതരുടെ ഉന്നം എന്നു മനസ്സിലാക്കിയ നിക്കോളാസ് അവരുടെ താത്പര്യത്തിനു വഴങ്ങിയില്ല. പിന്നീട് നിക്കോളാസ് നോട്ടോവിച്ച് തനിയെ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണ് 'The Unknown Life of Jesus Christ.'
          നാലു സുവിശേഷങ്ങളും എഴുതപ്പെട്ടത് എ.ഡി. 65-95 കാലഘട്ടത്തിലാണെങ്കില്‍ ഹിമിസിലേയും ലാസ്സായിലെയും ബുദ്ധമഠങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ചര്‍മ്മപത്രങ്ങള്‍ ക്രിസ്തുവിന്റെ മരണശേഷം മൂന്നു വര്‍ഷത്തിനുള്ളിലാണ് തയ്യാറാക്കിയത് എന്ന വസ്തുത വളരെ പ്രധാനമാണ്.           (തുടരും)


Thursday, July 26, 2018

ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ പ്രസംഗം


''കത്തോലിക്കാസഭയിലെ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീകളും കുട്ടികളും പ്രതികരിക്കുക''

''സഭയുടെ സ്വത്തു കൈകാര്യം ചെയ്യേണ്ടത് വിശ്വാസസമൂഹമാണ്'' 

 കത്തോലിക്കാസഭയിലെ ഏകാധിപത്യപ്രവണതയ്‌ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതാ വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി. ഭൂമി കുംഭകോണങ്ങളും പീഡനവാര്‍ത്തകളും ഇന്ന് വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന ആദിവാസികളുടെ മക്കള്‍ പട്ടിണികിടന്നു മരിക്കുന്ന ഈ കേരളത്തില്‍ നമ്മള്‍ ജീവിക്കുമ്പോഴാണ്, ഈ ഭൂമികുംഭകോണങ്ങള്‍ നടക്കുന്നത്. 130 വര്‍ഷത്തിനു മുമ്പുള്ള, പണം നല്കാന്‍ കഴിയാത്ത മനുഷ്യന്‍, തന്റെ വിയര്‍പ്പിന്റെകൂടി വില പള്ളിക്ക് നല്കണമെന്ന് ആഗ്രഹിച്ച ഒരു തലമുറ, പിടിയരി പിരിച്ച് സമാഹരിച്ച സ്വത്താണ് ധൂര്‍ത്തടിക്കപ്പെടുന്നത്. ജനത്തിന്റെ നിശ്വാസമാണ് ആ സ്വത്ത്. ജനം വിശ്വസിച്ചേല്പിച്ച സ്വത്ത്. അത് ധൂര്‍ത്തടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
            ചേര്‍ത്തല കോക്കമംഗലം മാര്‍ത്തോമ്മാ തീര്‍ഥാടനദേവാലയത്തില്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ്, സഭയിലെ അടിച്ചമര്‍ത്തലുകള്‍ക്കും ഏകാധിപത്യത്തിനുമെതിരെ അദ്ദേഹം തുറന്നടിച്ചത്. 'രാഷ്ട്രത്തിന്റെ നിയമംകൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കാമെന്ന് ആരെങ്കിലും കരുതുന്നത് തെറ്റാണെ'ന്ന് ഭൂമിവിവാദം കത്തിനില്ക്കുന്ന സമയത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളിയാഴ്ച സന്ദേശം നല്കിയ അതേ വേദിയില്‍ നിന്നുകൊണ്ടാണ് ഫാ.അഗസ്റ്റിന്‍ വട്ടോളി സഭയിലെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
            ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഭയപ്പെടേണ്ട. ഇതിലും വലിയ പ്രതിസന്ധിയിലൂടെ മധ്യകാലഘട്ടത്തില്‍ സഭ കടന്നുപോയിരുന്നു. ഇപ്പോള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും നിരാശപ്പെടരുത്. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. പലതും വെളിച്ചത്തേക്ക് വരുന്നു. പലതും മറച്ചുവച്ചിരുന്നു. അവ ഇന്ന് വെളിച്ചത്തേക്ക് വരികയാണ്. ഭയപ്പെടരുത്. ക്രിസ്തുവാണ് നമ്മെ നയിക്കുന്നതെന്നും ഫാ.അഗസ്റ്റിന്‍ വട്ടോളി ഓര്‍മിപ്പിച്ചു.
            ആത്മീയത എന്നു പറഞ്ഞാല്‍ വായ്പൂട്ടിയിരിക്കലല്ല. മനുഷ്യജീവിതങ്ങള്‍ ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ സഭ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ആ ദുരന്തത്തില്‍നിന്നു കരകയറണം. സഭയുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത് വിശ്വാസിസമൂഹമാണ്. ക്രിസ്തുവിന്റെ കാലത്ത് സ്ഥാവര-ജംഗമ വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത് ശിഷ്യന്മാരാണ്. ആദിമസമൂഹത്തിലും ഇപ്രകാരമായിരുന്നു. സ്വത്ത് മെത്രാന്മാരുടെയും മാര്‍പാപ്പയുടെയും കൈകളിലേക്ക് മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
            ഇന്ന് നമ്മുടെ കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. എങ്ങനെയാണ് നമ്മുടെ അമ്മമാര്‍ ഈ ലോകത്ത് ജീവിക്കുന്നത്? നമ്മുടെ കന്യാസ്ത്രീകള്‍ ഈ ലോകത്ത് അനുഭവിക്കുന്ന പാടുപീഡകള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ അധ്വാനമാണ് നമ്മുടെ പല സ്വത്തും. അത് പുരോഹിതമേധാവികള്‍ ധൂര്‍ത്തടിക്കുന്നു. സന്ന്യാസിനികള്‍ എന്ത് സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്? പുരോഹിതനേതൃത്വത്തി
നെതിരെ സംസാരിച്ചതിന്റെ പേരില്‍ ഒരു കന്യാസ്ത്രീയെ ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചു. ഭയന്നുപോയ അവര്‍ എഴുത്തുനിര്‍ത്തി. എന്നാല്‍ എഴുത്തു നിര്‍ത്തരുതെന്നും സംസാരം തുടരണമെന്നും അവരോട് നിര്‍ദ്ദേശിച്ചു. നാം സംസാരിക്കണം. സംസാരിക്കാത്തതാണ്, നിശ്ശബ്ദതയാണ,് ഈ സമൂഹത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.
            കൂട്ടായ്മകളില്ലാത്തതാണ് സഭയും ഓരോ കുടുംബവും മക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രശ്‌നങ്ങളില്‍ കൂട്ടുനില്ക്കാന്‍ ആരുമില്ലെന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. ലോകത്തെ 121 സംസ്‌കാരങ്ങളില്‍ 119 എണ്ണവും നശിക്കാന്‍ കാരണം പുറമേനിന്നുള്ള ആക്രമണമല്ല, ഉള്ളില്‍നിന്നുള്ള ചീഞ്ഞഴുകലായിരുന്നു. ഇതുതന്നെയാണ് ക്രിസ്തുവും പറഞ്ഞത്, അന്തഃഛിദ്രമുള്ള ഭവനങ്ങള്‍ തകര്‍ന്നുപോകു മെന്ന്. യൂറോപ്പിലും മറ്റും നമ്മുടെ പല പള്ളികളും ഇന്ന് ബാറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഡാന്‍സ്ബാറുകളുമായി മാറിക്കഴിഞ്ഞു. അതിന്റെ കാരണമന്വേഷിച്ചുപോകുമ്പോഴാണ് ചീഞ്ഞഴുകലിന്റെ ബാക്കിപത്രമാണ് അവിടെ സംഭവിച്ചതെന്ന് തിരിച്ചറിയുന്നത്.
            അകവും പുറവും ഒരുപോലെയാണെങ്കില്‍ ഉള്ളിലോട്ട് നോക്കാന്‍ ഭയപ്പെടേണ്ടതില്ല. ചിന്തയും പ്രവൃത്തിയും സമാനമാണെങ്കില്‍ ഉള്ളിലോട്ട് നോക്കാന്‍ ഭയപ്പെടേണ്ടതില്ല. അതുതന്നെയാണ് ക്രിസ്തുവിന്റെ ജീവിതവും. എന്നാല്‍ ചിന്തയും പ്രവൃത്തിയും വിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് നമ്മെ ഇല്ലാതാക്കുന്നത്. ക്രിസ്തുവിന്റെ ആത്മീയത ക്രിസ്തുവിന്റെ ജീവിതംതന്നെയാണ്.
            മധ്യകാല നൂറ്റാണ്ടുകളില്‍ സഭ ഇതിലും വലിയ പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ഭയപ്പെടേണ്ട. ഇതിലും ഭീകരമായ ചെയ്തികളാണ് നമ്മുടെ നേതാക്കള്‍ ചെയ്തത്. അതിന്റെ അടിസ്ഥാനകാരണം ചോദ്യംചെയ്യപ്പെടലുകളും വിലയിരുത്തലുകളും ഇല്ലാതെപോയതാണ്. ഏതൊരു സംസ്‌കാരവും നശിക്കാന്‍ കാരണം വിമര്‍ശനങ്ങള്‍ ഇല്ലാതെ പോകുന്നതാണ്. ഏകാധിപത്യ
പ്രവണതകള്‍ ഏറെ സജീവമാണ് എന്നു കാണാം. ലോകത്ത് ഒരുപാട് സംസ്‌കാരങ്ങള്‍ വന്നുപോയിട്ടുണ്ട്. ഒരിക്കലും നശിക്കാത്ത ഒരു സംസ്‌കാരം നിലനില്ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അതിന്റെ കൂട്ടുത്തരവാദിത്തമാണ്, കൂട്ടായ്മയാണ്. ഏകാധിപത്യപ്രവണതകളാണ് പല സംസ്‌കാരങ്ങളെയും നശിപ്പിച്ചത്; പല പ്രസ്ഥാനങ്ങളെയും നാടുകളെയും ഭവനങ്ങളെയും ഇല്ലാതാക്കിയത്. ഒറ്റയ്ക്കു തീരുമാനിക്കുന്ന പതിവ് ആദിവാസികള്‍ക്കിടയില്‍ ഇല്ല. അവിടെ താനാണ് രാജാവ് എന്ന ചിന്തയില്ല. എല്ലാവരും രാജാക്കന്മാരാണ്. കൂട്ടായ്മയിലേ തീരുമാനിക്കൂ. ഏതൊരു രാജ്യവും സ്ഥാപനവും ഭവനവും നിലനില്ക്കണമെങ്കില്‍ കൂട്ടുത്തരവാദിത്വമാണ് വേണ്ടത്.
            മുന്‍കാലത്ത് വന്ന വീഴ്ചകളില്‍, ഏകാധിപത്യപ്രവവണതകളില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടത്തിയ സ്വയം തിരുത്തലുകളാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന നേതാവാക്കിത്തീര്‍ത്തത്. ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തെ വിമര്‍ശിച്ചവരെ അദ്ദേഹം നിശ്ശബ്ദരാക്കിയിരുന്നു, അടിച്ചമര്‍ത്തിയിരുന്നു. അന്നത്തെ ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ത്തവരെ കുര്‍ബാന ചൊല്ലുന്നതില്‍നിന്നുവരെ വിലക്കിയിരുന്നു. ആ ജീവിതത്തില്‍നിന്ന് അദ്ദേഹത്തിനുണ്ടായ മാനസാന്തരമാണ്, തിരിച്ചറിവാണ് കൂട്ടുത്തരവാദിത്തവും കൂട്ടായ്മയും വളര്‍ത്തുന്ന ഒരു പ്രവര്‍ത്തനശൈലിയിലേക്ക് മാറുമെന്ന ഒരു തീരുമാനത്തിലെത്തിച്ചത്. ആ മാറ്റം ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും ഒളിഞ്ഞുനില്ക്കുന്ന സത്യം, അതുമാത്രല്ല. ആ സത്യം അദ്ദേഹം പ്രഘോഷിക്കുന്നതും നടപ്പാക്കുന്നതും കൂട്ടുത്തരവാദിത്വത്തിലും പങ്കാളിത്തത്തിലുമാണ്. ഇത്തരം കൂട്ടായ്മകളാണ് സഭയെ, ഭവനത്തെ, വ്യക്തിയെ നിലനിര്‍ത്തുന്നത്.
            നമ്മുടെ സഭയെ, സംസ്‌കാരത്തെ നിലനിര്‍ത്തുന്നത് വിയോജിപ്പുകളാണ്. പറയാനുള്ളത് പറയാന്‍ ധൈര്യം കാണിക്കണം. വിശ്വാസിസമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണത്. മാര്‍ത്തോമ്മാപാരമ്പര്യത്തിലേക്ക് തിരിച്ചുപോകണമെന്ന് എല്ലാവരും ഇപ്പോള്‍ പറയുന്നു. എന്താണ് മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പാരമ്പര്യം? അവിടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത് വിശ്വാസിസമൂഹമാണ്. ക്രിസ്തുവിന്റെ കൂട്ടത്തിലും പണം സൂക്ഷിച്ചിരുന്നത് ആരാണ്? ആ പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാനും മാര്‍പാപ്പയും ഏറ്റെടുത്തു. അന്നാരംഭിച്ചു, മാര്‍ത്തോമ്മാപാരമ്പര്യത്തിന്റെ തകര്‍ച്ച. വിശ്വാസിസമൂഹം ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം.
            ക്രിസ്തു പരിശോധിക്കാനാണ് പറഞ്ഞത്. വന്നു കാണുക എന്നാണ് പറഞ്ഞത്. എന്റെ അടുത്തുവരിക എന്നാണ് പറഞ്ഞത്. ഈ ആത്മാര്‍ഥതയിലേക്കാണ് ക്രിസ്തു നമ്മെ വിളിക്കുന്നത്; മാര്‍തോമ്മാ
ശ്ലീഹാ നമ്മെ ക്ഷണിക്കുന്നത്. മനുഷ്യജീവിതങ്ങള്‍ ഇല്ലാതെപോകുന്നതാണ് ഇന്നത്തെ സഭ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ആ ദുരന്തത്തില്‍നിന്ന് കരകയറണം. കരകയറും. അത് മിണ്ടാതിരുന്നു
കൊണ്ടല്ല, ചോദ്യം ചെയ്യാതിരുന്നുകൊണ്ടല്ല, സംസാരിക്കാതിരുന്നുകൊണ്ടല്ല, ഇടവക സംസാരിക്കണം. വിശ്വാസിസമൂഹം സംസാരിച്ചുതുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സന്ന്യാസിനീസമൂഹം സംസാരിക്കണം. പെണ്‍കുട്ടികള്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകള്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്നത് കുഞ്ഞുങ്ങളാണ്. അവര്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
            അങ്ങനെയുള്ള ഒരു കാലഘട്ടത്തില്‍ കൂട്ടായ്മയെക്കുറിച്ച്, ഒന്നിച്ചുനില്‌ക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ട കാലമാണ്. സൗഹൃദങ്ങളും കൂട്ടായ്മകളും ബന്ധങ്ങളുമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‌കേണ്ടത്. അതിനു കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ജാതിമതങ്ങള്‍ക്കും ലിംഗത്തിനും വര്‍ണത്തിനും ഭാഷയ്ക്കും ലോകത്തിനും അതീതമായിരിക്കണം ബന്ധങ്ങള്‍. ലോകത്ത് അത്രയ്ക്കും ധ്രുവീകരണമുണ്ട്. ജാതി-മത വര്‍ഗീയതകള്‍ ഏറ്റവും തീവ്രമാകുന്ന കാലഘട്ടമാണിത്. ഇത്തരം വര്‍ഗീയതകളെ നേരിടാന്‍ ഈ ക്രിസ്തീയസമൂഹത്തിന് പറ്റുന്നില്ല എന്നത് അതിഭീകരമാണ്.
            ആത്മീയത എന്നു പറഞ്ഞാല്‍ വായ്പൂട്ടിയിരിക്കലല്ല, നിശ്ശബ്ദമായിരിക്കലല്ല, സംസാരിക്കേണ്ടത് സംസാരിക്കുകയും അറിയേണ്ടതും തിരിച്ചറിയേണ്ടതും അന്വേഷിക്കുകയും ചെയ്യണം. പറയാനുള്ളത് പറയുന്നതും മുഖത്തുനോക്കി സംസാരിക്കുന്നതും നിര്‍ഭയമായി പറയുന്നതുമാണ് ആത്മീയത. ഒളിച്ചിരിക്കുന്നതും മറഞ്ഞിരിക്കുന്നതും മൗനംപാലിക്കുന്നതും ഭയപ്പെട്ടിരിക്കുന്നതുമല്ല ആത്മീയത. തോമാശ്ലീഹായും ക്രിസ്തുവും ശിഷ്യന്മാരും അപ്രകാരമാണ്. 'വെളളയടിച്ച കുഴിമാടങ്ങളേ' എന്ന് പുരോഹിതവര്‍ഗത്തെ നോക്കി ഗര്‍ജിച്ച സിംഹത്തിന്റെ ശിഷ്യന്മാരാണ് നമ്മള്‍. ആ ആത്മീയത തിരിച്ചെടുക്കണം. ആ ആത്മീയതയിലേക്കാണ് തോമാശ്ലീഹാ നമ്മെ വിളിച്ചിരിക്കുന്നത്. 'നമുക്കും ആ ഗര്‍ജിക്കുന്ന സിംഹത്തിന്റെ കൂടെപ്പോയി മരിക്കാം' എന്നു പറയുന്ന ആത്മീയത. അതിലേക്ക് നമ്മെ ജ്ഞാനസ്‌നാപ്പെടുത്താന്‍ നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, കൂട്ടായ്മകള്‍ക്ക്,  തിരുനാളുകള്‍ക്ക്  കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
(കടപ്പാട്: 2018 ജൂലൈ 2-ന് newsgil.comല്‍ വന്ന വാര്‍ത്ത)

സത്യജ്വാല പത്രാധിപരുടെ കറിപ്പ്:

സീറോ-മലബാര്‍സഭ ജീര്‍ണ്ണതയില്‍ അമര്‍ന്നടങ്ങാതിരിക്കണമെന്നും പിളരാതിരിക്കണമെന്നും നവചൈതന്യത്തോടെ ഉയര്‍ത്തെണീക്കണമെന്നും ആഗ്രഹിക്കുന്ന മുഴുവന്‍ സഭാസമൂഹവും ഗൗരവപൂര്‍ണ്ണമായി എടുക്കേണ്ടവയാണ് ഈ വാക്കുകള്‍ എന്നുപറയാതെവയ്യ. സത്യത്തിനും നീതിക്കും സഭയിലെ സുതാര്യതയ്ക്കും വേണ്ടി മുറവിളികൂട്ടുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികസമൂഹത്തെയും അത്മായപ്രസ്ഥാനത്തെയും അടിച്ചൊതുക്കി അമര്‍ച്ചചെയ്യാന്‍ റോമിലെ പൗരസ്ത്യസംഘവും കേരളത്തിലെ കല്‍ദായവല്‍കൃത രൂപതകളും കൈകോര്‍ത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സീറോ-മലബാര്‍സഭയിലെ കണ്ണും കാതും നാവുമുള്ള മുഴുവന്‍ ജനത്തെയും ഉണര്‍ത്താനും നയിക്കാനും പോരുന്ന, പ്രവാചകശക്തിമുഴങ്ങുന്ന കാഹളനാദമായി ബഹു. വട്ടോളിയച്ചന്റെ ഈ പ്രസംഗത്തെ കാണാം.

Saturday, July 21, 2018

ക്രൈസ്‌തവസഭകളുടെ ലൗകീക സ്വത്തുഭരണത്തിന് ട്രസ്റ്റ് ബിൽ എന്തിന്?



ചാക്കോ കളരിക്കൽ

കുറെ ദിവസങ്ങൾക്കുമുമ്പ് ഇമെയിൽ, ഫേസ്ബുക്ക്, വാട്സാപ്പ്, ബ്ലോഗ് തുടങ്ങിയ നവമാധ്യമങ്ങളിൽകൂടി, നിയമപരിഷ്‌കരണ കമ്മീഷൻറെ ചെയർമാനായിരുന്ന അന്തരിച്ച ജസ്റ്റിസ് വി. ആർ. കൃഷ്‌ണയ്യർ തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ച കേരള ക്രൈസ്‌തവസഭകളുടെ വസ്‌തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ് ബില്ലിൻറെ കരടുനിയമം, പ്രസിദ്ധം ചെയ്തിരുന്നത് എല്ലാവരുംതന്നെ വായിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു. ആ കരടുനിയമത്തിൻറെ പശ്ചാത്തലത്തിൽ പള്ളിനിയമത്തിൻറെ അനിവാര്യതയെപ്പറ്റിയുള്ള ഒരു പഠനമാണ് ഈ ചെറിയ ലേഖനം.     

ക്രൈസ്തവസഭകളുടെ ഉത്ഭവത്തെക്കുറിച്ച് പ്രാദേശികമായി ചിന്തിച്ചാൽ രണ്ട് സ്രോതസ്സുകളാണുള്ളത്-ഒന്ന് റോമൻ സാമ്രാജ്യപരിധിയിലും മറ്റൊന്ന് ഭാരതത്തിലുമായിരുന്നു. അപ്പോൾ ശരിയായ അപ്പോസ്തലസഭകൾ റോമൻസഭയും ഭാരതസഭയുമാണ്. ഭാരതസഭ യേശുശിഷ്യനായ മാർ തോമായാൽ ഒന്നാംനൂറ്റാണ്ടിൽത്തന്നെ സ്ഥാപിക്കപ്പെട്ടുയെന്ന് നാം വിശ്വസിക്കുന്നു. ഭാരതനസ്രാണിസഭയ്ക്ക് ഭാരതത്തിൻറെ സാമൂഹ്യ-ആധ്യാത്മിക ചുറ്റുപാടിൽ വളർന്ന് വികസിക്കാൻ സാധിച്ചു.  അതിനുകാരണം ഒരു പ്രത്യേക മതമോ ഈശ്വരദർശനമോ ഭാരതത്തിലെ രാജാക്കന്മാരുടെ പ്രീണനത്തിന് ഇടയാക്കിയിരുന്നില്ല എന്ന യാഥാർഥ്യമാണ്. കൂടാതെ, ഭാരത മതസമൂഹത്തിൽ നിലനിന്നിരുന്ന മതനിരപേക്ഷ മനോഭാവം ഏറെ സഹായകമായിരുന്നു.

റോമൻസഭ കാലക്രമേണ റോമൻ സാമ്രാജ്യാതൃത്തിയുടെ അടിസ്ഥാനത്തിൽ പാശ്ചാത്യ/പൗരസ്ത്യ സഭകളായി വേർതിരിക്കപ്പെട്ടു. റോമൻ സാമ്രാജ്യ രാഷ്ട്രീയ സംഭവവികാസങ്ങൾ റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളെ ഗുരുതരമായി ബാധിച്ചു. കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ ഇടപെടലുകളും ദൈവശാസ്ത്രപരമായ ചേരിതിരുവുകളുമായിരുന്നു, അതിൽ മുഖ്യം. ചക്രവർത്തിയുടെ ഇടപെടൽമൂലം പള്ളികളുടെ സമൂഹസമ്പത്ത് റോമൻ രാഷ്ട്രഭരണംപോലെ പുരോഹിതരിലായി. അങ്ങനെ റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ ഭൗതികഭരണവും ആധ്യാത്മികശുശ്രൂഷയും പുരോഹിതപിടിയിലായി. അതാണ് റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ പള്ളിഭരണ ചരിത്രപശ്ചാത്തലം.

ആദിമസഭയിൽ ക്രിസ്‌തുശിഷ്യരായ അപ്പോസ്തലന്മാർ ദൈവവചനപ്രഘോഷണത്തിലും പ്രാർത്ഥനയിലും വ്യാപരിക്കാൻ തീരുമാനിച്ച്‌ ഭക്ഷണവിതരണംപോലുള്ള ഭൗതികഭരണം തെരഞ്ഞെടുക്കപ്പെട്ട സഹോദരരെ ഏല്പിച്ചു (അപ്പ. പ്രവ. 6: 2-4). വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള ശരിയായ ക്രൈസ്തവ രൂപമാതൃകയിലായിരുന്നു, ഭാരതസഭയുടെ ഭൗതികകാര്യങ്ങളിലെ ഭരണഘടന. അതായത്, ആധ്യാത്മികകാര്യനിർവ്വഹണം സഭാശുശ്രൂഷകരായ പുരോഹിതരും പള്ളികളുടെ ഭൗതികവസ്തുക്കളുടെ ഭരണം പള്ളിയോഗങ്ങൾവഴി സഭാസമൂഹവും നിർവ്വഹിച്ചിരുന്നു. പള്ളിയുടെ ഭൗതിക ഭരണത്തെയും ആദ്ധ്യാത്മിക ശുശ്രൂഷകളെയും ഇന്ത്യയിലെ ക്രൈസ്തവസമൂഹം ബൈബിൾ നിര്‍ദ്ദേശമനുസരിച്ച് രണ്ടായി കണ്ടു.

റവ. ഡോ. പ്ലാസിഡ് പൊടിപാറ, സി.എം.ഐ., റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. എ. എം. മുണ്ടാടന്‍, സി.എം.ഐ., റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍, റവ. ഡോ. ജോസ് കുറിയേടത്ത്, സി.എം.ഐ., പ്രഫ. ജോസഫ് പുലിക്കുന്നേൽ, ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, റവ. ഡോ. ജോസഫ് തെക്കേടത്ത് തുടങ്ങിയ പ്രശസ്ത സഭാചരിത്രകാരന്മാർ മാർതോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം പൂര്‍ണമായി പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു എന്നും, തികച്ചും ജനാധിപത്യരീതിയിലുമാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത് എന്നും സമ്മതിക്കുന്നു. വടവാതൂര്‍ സെമിനാരി സഭാചരിത്ര പ്രഫസര്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വ പാരമ്പര്യം സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എല്ലാമായിരുന്ന കൂടപ്പുഴ അച്ചൻറെ പള്ളിഭരണസംബന്ധമായ വിവരണംമാത്രം ഇവിടെ ഉദ്ധരിക്കട്ടെ: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിൻറെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവൻറെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍ നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.

പ്രാദേശികതാല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്.'' (ഭാരതസഭാചരിത്രം, പേജ് 198, 199).

മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ  പള്ളികളുടെ ഭരണം പൂര്‍ണ്ണമായി പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു എന്നും, തികച്ചും ജനാധിപത്യരീതിയിലാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത് എന്നും അതിൽനിന്ന് വ്യക്തമാണ്. അപ്പോൾ മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളിഭരണ ചരിത്ര പശ്ചാത്തലം റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽനിന്ന് വ്യത്യസ്തമാണ്. തന്നെയുമല്ല, റോമൻ സാമ്രാജ്യാതിർത്തിയിലുള്ള പൗരസ്ത്യസഭാ മെത്രാപ്പോലീത്തമാർ മാർതോമാ നസ്രാണികൾക്ക് ആധ്യാത്മിക ശുശ്രൂഷകൾ ചെയ്തുതന്നിട്ടുണ്ടെങ്കിലും ഭാരതത്തിലെ മാർതോമാ നസ്രാണിസഭ ഭരണതലത്തിൽ ഒരുകാലത്തും റോമൻ പൗരസ്ത്യസഭകളുടെ ഭാഗമോ കീഴിലോ ആയിരുന്നിട്ടില്ല. ആധ്യാത്മിക ശുശ്രൂഷകനായ മെത്രാന് ഇടവകകളുടെ ആഭ്യന്തര ഭരണത്തിൽ ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിസഭാഘടനാസംബ്രദായം അനുവദിച്ചിരുന്നുമില്ല.

ആദിമസഭയെ അനുകരിച്ച് പള്ളിയോഗങ്ങൾവഴിയുള്ള പള്ളിഭരണം മാർതോമാക്രിസ്ത്യാനികളുടെ അസ്തിത്വത്തിൻറെ ഭാഗമായിരുന്നു; 'മാർതോമായുടെ മാർഗവും വഴിപാടും' മാർതോമാക്രിസ്ത്യാനികളുടെ ദൈവശാസ്ത്ര പൈതൃകത്തിൻറെ ഭാഗവുമായിരുന്നു. നമ്മുടെ പൂർവീകർ എന്തുമാത്രം ത്യാഗം സഹിച്ചും, യാതനകളനുഭവിച്ചുമാണ് അനന്തര തലമുറകളിലേയ്ക്ക് മാർതോമാ പൈതൃകത്തെ കൈമാറിയത് എന്ന് പഠിക്കുമ്പോളാണ് ഇന്നത്തെ മെത്രാന്മാർ ഒരു ലജ്ജയുമില്ലാതെ പള്ളികളുടെ ഭൗതികഭരണം സ്വയം ഏറ്റെടുത്തതിൻറെ ഗൗരവം നാം തിരിച്ചറിയുന്നത്.

റോമൻ കത്തോലിക്കരായിരുന്ന പോർട്ടുഗീസുകാരുടെ ആഗമനത്തോടെ (പതിനഞ്ചാം നൂറ്റാണ്ട്) ഭാരത നസ്രാണിസഭയുടെ ചരിത്രത്തിൽ പുതിയ ഒരു അധ്യായം ആരംഭിച്ചു. മലങ്കരയിലെത്തിയ പോർട്ടുഗീസുകാർക്ക് വാണിജ്യലക്ഷ്യത്തിനുപുറമെ മതപരമായ ലക്ഷ്യങ്ങൾകൂടി ഉണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൻറെ ആരംഭത്തോടെ  മിഷനറി പാതിരിമാർ മലങ്കരയിലെത്തിത്തുടങ്ങി. 1534-ൽ ഗോവാ രൂപതയും 1558-ൽ കൊച്ചി രൂപതയും സ്ഥാപിക്കപ്പെട്ടു. അതോടെ മാർതോമാ ക്രിസ്ത്യാനികളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ അവർ ആരംഭിച്ചു. നസ്രാണി സഭയിൽ നിലനിന്നിരുന്ന മല്‌പാൻ വൈദിക പരിശീലന സമ്പ്രദായത്തെയും പള്ളിയോഗത്തിൻറെ ദേശക്കുറി (ഇടവകക്കാരുടെ ചിലവിൽ ഇടവകക്കുവേണ്ടി മല്‌പാൻറെ കീഴിൽ പഠിക്കുന്ന വൈദികാർത്ഥിക്ക് പട്ടം നൽകാൻ അനുവദിച്ചും അഭ്യർത്ഥിച്ചുംകൊണ്ട് പള്ളിപൊതുയോഗം മെത്രാന് നൽകുന്ന കത്ത്) സമ്പ്രദായത്തെയും അവഗണിച്ച് പോർട്ടുഗീസുകാർ മാർതോമാ ക്രിസ്ത്യാനികളിൽ നിന്നുള്ളവർക്ക് സെമിനാരി പരിശീലനവും പട്ടവും നൽകിത്തുടങ്ങി. കൂടാതെ, നസ്രാണി വൈദികരും ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന നിർദേശവും മുൻപോട്ടുവെച്ചു. അതിനുംപുറമെ, പാശ്ചാത്യ സമ്പ്രദായത്തിലുള്ള രഹസ്യകുമ്പസാരം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നീ ചടങ്ങുകളും പൂജാവസ്ത്രങ്ങളും മിഷ്യനറിമാരുടെ സമ്മർദംമൂലം നസ്രാണിസഭയിൽ നടപ്പിലാക്കാൻ ആരംഭിച്ചു. എന്തിനധികം, 1599-ൽ ഗോവാ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന അലക്‌സിസ് മെനേസിസ് (Alexis Menesis) ഉദയമ്പേരൂർ എന്ന സ്ഥലത്ത് നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗം വിളിച്ചുകൂട്ടി. ഉദയമ്പേരൂർ സൂനഹദോസ് എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. മാർതോമാ ക്രിസ്ത്യാനികളുടെ തനിമയാർന്ന പള്ളിസംസ്‌കാരത്തെ തകർത്ത് പാശ്ചാത്യ മതരീതി കൊളോണിയൽ ആക്രമണത്തിൽകൂടി അടിച്ചേൽപ്പിച്ച സംഭവമായിരുന്നത്.  ഉദയമ്പേരൂർ സൂനഹദോസിനുശേഷം മാർതോമാ ക്രിസ്ത്യാനികളുടെ രൂപതാ ആസ്ഥാനമായിരുന്ന അങ്കമാലിയിൽ ഫ്രാൻസിസ് റോസ് എസ്. ജെ. (Francis Ros S. J., 1559-1624) നസ്രാണികളുടെ ആദ്യത്തെ പാശ്ചാത്യ മെത്രാനായി നിയമിക്കപ്പെട്ടു. ആ മെത്രാൻ ‘റോസിൻറെ  നിയമാവലി’ എന്നപേരിൽ നിയമമുണ്ടാക്കി നസ്രാണികളുടെ പള്ളിയോഗത്തെ ദുർബലപ്പെടുത്തി പള്ളിസ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. നമ്മുടെ കാരണവന്മാർ അതിനെയെല്ലാം അതിജീവിച്ചെങ്കിലും അവസാനം കൂനൻകുരിശു സത്യത്തിൽ (1653) ചെന്നവസാനിക്കുകയാണുണ്ടായത്. അതിനുശേഷം നാട്ടുമെത്രാനായ മാർ മാത്യു മാക്കീലാണ് (1851-1914) നസ്രാണികളുടെ പള്ളിസ്വത്തുക്കൾ മെത്രാൻറെ കീഴിലാക്കാൻ പരിശ്രമിച്ചത് (അദ്ദേഹത്തിൻറെ പള്ളിനിയമ ‘ദെക്രേത്തുപുസ്തകം’ കാണുക).

പ്രോട്ടുഗീസുകാരുടെ വരവിനുശേഷം പാശ്ചാത്യമാതൃകയിലുള്ള പള്ളിഭരണം സ്ഥാപിച്ചെടുക്കാൻ പല കാലഘട്ടങ്ങളിലും പല മെത്രാന്മാരും ശ്രമിച്ചെങ്കിലും നമ്മുടെ പൂർവീകരുടെ പള്ളിയോടുള്ള സ്നേഹവും ജാഗ്രതയും കാരണം അവരുടെ ശ്രമങ്ങൾ മുഴുവനായി ഫലപ്രദമായില്ല. 1991-ലെ പൗരസ്ത്യ കാനോൻനിയമം റോമൻ പൗരസ്ത്യ സഭകളിൽ പെടാത്ത മാർതോമാ നസ്രാണിസഭയായ സീറോ-മലബാർ സഭയിലും പൗരസ്ത്യ തിരുസംഘം കെട്ടിയേല്പിച്ചതുവഴിയാണ് നസ്രാണി സഭയുടെ പള്ളിസ്വത്തുക്കൾ പൂർണമായി മെത്രാന്മാരുടെ അധീനതയിലായത്. അങ്ങനെ സുവിശേഷാധിഷ്ഠിതമായ നമ്മുടെ പഴയ പള്ളിഭരണ സമ്പ്രദായത്തെ, മാർതോമാ ക്രിസ്ത്യാനികളുടെ  പള്ളിഭരണ പാരമ്പര്യത്തെ, പൗരസ്ത്യ കാനോൻ നിയമത്തിലൂടെ റോം അട്ടിമറിച്ചു. അതിൻറെ പരിണതഫലമോ? വികാരിയെ ഉപദേശിക്കാൻമാത്രം അവകാശമുള്ള ലത്തീൻ സഭയിലെ ഇടവക പാരിഷ്‌കൗൺസിൽ സമ്പ്രദായം സീറോ-മലബാർ സഭയിൽ നടപ്പിലാക്കി, ഇടവകകളുടെയും രൂപതയുടെയും സാമ്പത്തിക ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടായിരുന്ന പള്ളിയോഗത്തെ ഫലപ്രദമായി കൊന്ന് കുഴിച്ചുമൂടി. നമ്മുടെ മെത്രാന്മാർ അതിന് കൂട്ടുനിന്നുയെന്നത് ദുഃഖസത്യമാണ്. ആ അട്ടിമറിക്കലിൻറെ ഭവിഷത്തുകൾ ഇന്നുനാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാർപാപ്പയെ മാത്രം കണക്കുബോധിപ്പിക്കാനേ തനിക്ക് കടമയൊള്ളൂയെന്ന ധിക്കാരം പറയാൻ സീറോ-മലബാർ സഭാ മേലധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്ക് ധൈര്യം നൽകിയത് കാനോൻ നിയമമെന്ന കാട്ടാളനിയമമാണെന്ന സത്യം നാം ഒരിക്കലും മറക്കരുത്. സത്യം ക്രൂശിക്കപ്പെടും; കുഴിയിൽ അടക്കപ്പെടും; എങ്കിലും അത് ഒരുനാൾ ഉയർത്തെഴുനേൽക്കും.

പള്ളിസ്വത്തുക്കൾ കാനോൻ നിയമപ്രകാരമല്ലാ ഭരിക്കപ്പെടേണ്ടത്. അതിന് പല കാരണങ്ങളുണ്ട്. ക്രിസ്തു പഠിപ്പിച്ച പരസ്പരസ്നേഹത്തെ ആധാരമാക്കി ക്രോഡീകരിച്ച ഒരു നിയമമല്ല കാനോൻ സമയം. സ്നേഹത്തിൻറെ പശ അതിൽ തൊട്ടുതേച്ചിട്ടില്ല. വിശ്വാസിയെ വരിഞ്ഞുകെട്ടാനും മെത്രാന് പരമാധികാരം ഉറപ്പാക്കാനുംവേണ്ടി സമാഹരിച്ച ഒരു നിയമമാണത്. ആദിമക്രൈസ്തവ പാരമ്പര്യത്തിനോ മാർതോമാ നസ്രാണി സഭാ പാരമ്പര്യത്തിനോ ചേർന്ന ഒരു പള്ളിനിയമമല്ലത്. റോമാസാമ്രാജ്യത്തിനുള്ളിൽ വളർന്ന പാശ്ചാത്യ/പൗരസ്ത്യസഭകൾക്ക് നിയമതലത്തിൽ പൊതുവായ പൈതൃകമാണുള്ളത്. പാശ്ചാത്യസഭയില്‍ എല്ലാ അധികാരങ്ങളും മെത്രാനില്‍ കേന്ദ്രീകൃതമായിരുന്നു. എന്നാൽ മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകം വ്യത്യസ്തമാണ്. ഇന്ത്യയിലെ ഓരോ പള്ളിയും സ്വതന്ത്ര ഭരണമേഖലയായിരുന്നു. ആധ്യാത്മിക ശുശ്രൂഷകരായ മെത്രാന്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പള്ളിവസ്ത്തുക്കളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ആ പൈതൃകത്തെ പുനഃസ്ഥാപിച്ച്‌ സഭാസ്വത്തുക്കളുടെ ഭരണം സർക്കാർ നിർമ്മിത നിയമത്തിലൂടെ സുതാര്യമാക്കണമെങ്കിൽ ട്രസ്റ്റ് ബിൽ പാസാക്കി നടപ്പിലാക്കേണ്ടിയിരിക്കുന്നു.

മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ഹിന്ദു എന്നിങ്ങനെ നാല് മുഖ്യ മതവിഭാഗങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും അവരുടേതായ സാമൂഹ്യസമ്പത്തുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലിം, സിഖ്, ഹിന്ദു മതസമൂഹങ്ങളുടെ പൊതുസമ്പത്ത് പുരോഹിതപിടിയിൽനിന്നും നിയമനിർമാണത്തിലൂടെ വിമുക്തമാക്കി. എന്നാൽ ഭാരതത്തിലെ ക്രൈസ്തവരുടെ പള്ളികൾ ഭരിക്കുന്നത് സംബന്ധിച്ച് നിയമങ്ങളൊന്നും അവർ നിർമിച്ചില്ല. അതിന് പ്രധാന കാരണം ക്രൈസ്തവരുടെ സമൂഹസമ്പത്ത് പുരോഹിതർ ഒരിക്കലും അടക്കിഭരിച്ചിരുന്നില്ല എന്നതാണ്. ഇന്ത്യയിലെ പള്ളികളുടെ ഭരണ ചരിത്രപശ്ചാത്തലമാണ് ബ്രിട്ടീഷുകാർപോലും നിയമനിർമ്മാണം ചെയ്തില്ല എന്നതിൻറെ പ്രധാന കാരണം.

ട്രസ്റ്റ് ബില്ലിനെ പഠനവിധേയമാക്കിയശേഷം   അതിൻറെ അടിസ്ഥാനഘടകങ്ങൾ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കട്ടെ. 'ട്രസ്റ്റ് ബിൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരതീയമായ പാരമ്പര്യവും വീക്ഷണവും സഭയുടെ ഭൗതിക ഭരണത്തില്‍ പുനര്‍നിവേശിപ്പിക്കുക എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൊന്ന് കുഴിച്ചുമൂടപ്പെട്ട പള്ളിയോഗ ഭരണ സമ്പ്രദായത്തിൻറെ ഉയർത്തെഴുനേൽപ്പാണത്. സഭാവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവം അർഹിക്കുന്ന ട്രസ്റ്റ് ബില്ലിൻറെ രൂപരേഖയുടെ അടിസ്ഥാന ഘടകങ്ങള്‍ വ്യാപകമായ ചര്‍ച്ചകൾക്ക് വിധേയമാക്കേണ്ടതാണ്. ഈ ബില്ലുവഴി കേരളത്തിലെ ക്രിസ്തവ സഭകളുടെ മതപരമായ ആസ്തികളുടെ ഭരണത്തിൽ പൂർവകാലത്തെപ്പോലെയും ബൈബിളധിഷ്‌ഠിതമായുമുള്ള  ശരിയായ ജനാധിപത്യ ചട്ടക്കൂട് പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇടവക/രൂപത/സംസ്ഥാന തലങ്ങളിലെ സാമ്പത്തികഭരണം തെരഞ്ഞെടുക്കപ്പെട്ട ഇടവക പ്രതിനിധികളുടെ ട്രസ്റ്റ് കമ്മറ്റികൾവഴി നിർവഹിക്കപ്പെടുന്നു.

1.       യേശുക്രിസ്‌തുവിനെ ദൈവവും രക്ഷകനിമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു. 18 വയസ്സ് പൂര്‍ത്തിയായ എല്ലാ അംഗങ്ങളും വോട്ടവകാശത്തോടുകൂടി ഇടവക ട്രസ്റ്റ് അസംബ്‌ളി (സമാജം) രൂപീകരിക്കും. ഇടവക ട്രസ്റ്റ് അസംബ്‌ളി അംഗങ്ങളിൽനിന്നും ട്രസ്റ്റ് കമ്മിറ്റി യെയും ഇടവകയുടെ കണക്കു പരിശോധിക്കാൻ മൂന്ന് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.

2.       ഇടവക ട്രസ്റ്റ്, രൂപതാ/സംസ്ഥാനട്രസ്റ്റുകളിലേയ്ക്ക് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിൻറെ വിശദാശംസങ്ങൾ ട്രസ്റ്റ് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. രൂപതാ/സംസ്ഥാന ട്രസ്റ്റുകൾ അവകളുടെ കണക്ക് പരിശോധിക്കാൻ മൂന്ന് അംഗങ്ങളെവീതം തെരഞ്ഞെടുക്കുന്നു.

3.       ഇടവക/രൂപത/സംസ്ഥാനതല ട്രസ്റ്റുകൾ മാനേജിംഗ് ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നു. ന്യായമായ കാരണങ്ങൾക്ക് മാനേജിംഗ് ട്രസ്റ്റിയെയോ കണക്ക് പരിശോധകരെയോ നീക്കം ചെയ്യാനും പുതിയ മേൽ പറഞ്ഞവരെ തെരഞ്ഞെടുക്കാനും ഉള്ള അധികാരം ബന്ധപ്പെട്ട ട്രസ്റ്റ് സമാജങ്ങളിൽ നിക്ഷിപ്‌തമാണ്.

4.       അയോഗ്യരായവരെ ഉത്തരവാദിത്വപ്പെട്ട ചുമതലകളിൽനിന്നും ഒഴിവാക്കിയിരിക്കുന്നു.

5.       ട്രസ്റ്റിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾ, സ്ഥാവരജംഗമസ്വത്തുക്കൾ, മാറ്റുസ്വത്തുക്കൾ തുടങ്ങിയവകളിൽമേൽ കൂട്ടായ ഉടമസ്ഥാവകാശംവും അധികാരവും ഉണ്ടായിരിക്കും.

6.       എല്ലാ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളും രജിസ്റ്റർ ചെയ്യണം.

7.       ത്രിതല ട്രസ്റ്റുകളുടെ ഭരണത്തിനും നടത്തിപ്പിനും ന്യായമായ ചിലവുകൾ ട്രസ്റ്റ് കമ്മിറ്റി നൽകേണ്ടതാണ്.

8.       കണക്കുപുസ്തകങ്ങൾ ട്രസ്റ്റ് കമ്മിറ്റികൾ സൂക്ഷിക്കുകയും കണക്കുകൾ പരിശോധിക്കേണ്ടതുമാണ്.

9.       ഇടവക ട്രസ്റ്റ് അസംബ്‌ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷൻ വികാരി, രൂപതാ ട്രസ്റ്റ് അസംബ്‌ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷൻ മെത്രാൻ, സംസ്ഥാന ട്രസ്റ്റ് അസംബ്‌ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷൻ സംസ്ഥാനതല ആത്മീയാചാര്യൻ ആയിരിക്കും. മേല്പറഞ്ഞയാൾ നിയോഗിക്കുന്ന ആൾക്കും അദ്ധ്യക്ഷനാകാവുന്നതാണ്.

10.   ത്രിതല ട്രസ്റ്റിൻറെ അനുദിനഭരണം ബന്ധപ്പെട്ട ട്രസ്റ്റ് കമ്മിറ്റികളിൽ നിക്ഷിപ്‌തമാണ്.

11.   ത്രിതല ട്രൂസ്റ്റുകളുടെ അവകാശങ്ങളും കടമകളും ട്രസ്റ്റ് ബില്ലിൽ വിവരിച്ചിട്ടുണ്ട്.

12.   വരുന്ന വർഷത്തെ ബഡ്‌ജറ്റും പൂർത്തിയായ വർഷത്തെ കണക്കു പരോശോധനാ റിപ്പോർട്ടും ചാർട്ടേഡ് അക്കൗണ്ടൻറിൻറെ സാക്ഷ്യപ്പെടുത്തലോടെ സമർപ്പിക്കേണ്ടതാണ്.

13.   ട്രസ്റ്റ് ബിൽ നിയമമാകുമ്പോൾ അതിലെ വ്യവസ്ഥകളിലേതെങ്കിലും ലംഘിക്കുന്നത് രാജ്യത്തെ സിവിൽ/ക്രിമിനൽ നിയമത്തിൻകീഴിൽ ശിക്ഷാർഹമാണ്.

ട്രസ്റ്റ് ബില്ലിൽറെ വ്യക്തതയ്ക്കായി ഏതാനും ചില വ്യവസ്ഥകള്‍കൂടി ഉള്‍ക്കൊള്ളിക്കേണ്ടിയിരിക്കുന്നു എന്നാണ് എൻറെ അഭിപ്രായം.  ട്രസ്റ്റ് അസംബ്ലിയിലെ അംഗമാകാനുള്ള യോഗ്യത, ഭരണസമിതിയിൽ സ്ത്രീകൾക്കുള്ള സംവരണം, ട്രസ്റ്റ് കമ്മിറ്റി അധ്യക്ഷനുള്ള വോട്ടവകാശം, വികാരി/മെത്രാൻ തുടങ്ങിയവരുടെ നിയമന മാനദണ്ഡം, മെത്രാന്മാരും സിനഡുകളും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രൈബ്യൂണുകൾ, ട്രൈബ്യൂണലിൻറെ രൂപഘടനയും അധികാരങ്ങളും, സർക്കാരിൻറെ ഇടപെടൽ തുടങ്ങി നിരവധി കാര്യങ്ങൾ ട്രസ്റ്റ് ബില്ലിൽ കൂട്ടിച്ചേർക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. സർക്കാരിൻറെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുന്ന കരടുബില്ലാണിത്. ഈ ബില്ലിനെ സംബന്ധിച്ച് വളരെയധികം പഠനങ്ങൾ നടക്കേണ്ടതായിട്ടുണ്ട്. സഭയോട് ആത്മാർത്ഥതയും കൂറുമുള്ള വിശ്വാസികളും സഭാ മേലധികാരികളും മുൻപോട്ടുവന്ന് ഈ ബില്ലിനെപ്പറ്റി പഠിച്ച്‌ വേണ്ട തിരുത്തലുകളോടെ അത് നിയമമായി കിട്ടാൻ സർക്കാരിൽ സമ്മർദം ചെലുത്തുകയും ചെയ്യേണ്ടതാണ്.

അപ്പോസ്തലന്മാർ സഭയുടെ ഭൗതികഭരണത്തിൽനിന്നും ഒഴിഞ്ഞുനിന്നു എന്ന് നമുക്കറിയാം. അതുപോലെ, സഭയിലെ ആധ്യാത്മികശുശ്രൂഷകരായ മെത്രാന്മാരും വൈദികരും സഭയുടെ ഭൗതക കാര്യനിർവഹണത്തിൽനിന്നും പൂർണമായും ഒഴിഞ്ഞുമാറി, വിശ്വാസിസമൂഹത്തിൻറെ ആധ്യാത്മികശുശ്രൂഷയിൽ മുഴുകാൻ നിർദിഷ്ട ട്രസ്റ്റ് ബിൽ സഹായകമാകുമെന്നതിൽ സംശയമില്ല.

"ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാൻ നിങ്ങൾക്കു സാധ്യമല്ല." (മത്താ: 6 -24)

EMalayalee: http://www.emalayalee.com/varthaFull.php?newsId=166906

Tuesday, July 17, 2018

പ്രത്യേക അറിയിപ്പ്

കനത്ത മഴയും വൈദ്യുതിത്തകരാറും   മൂലം സത്യജ്വാല മാസിക ജൂലായ് ലക്കം ൨൨-നു മാത്രമേ തപാൽ വഴി അയയ്ക്കുകയുള്ളൂ . 

Monday, July 16, 2018

സത്യജ്വാല ജൂലായ് 2018 ലക്കം

https://drive.google.com/file/d/0B_N62l6KRx8bckRKU3I2UGRxQlpnak5RS3JEeE84UWxHZ2NJ/view?usp=sharin
മുകളില്‍ ക്ലിക്ക് ചെയ്ത് വായിക്കുക





Saturday, July 14, 2018

അസാന്മാർഗിക വൈദീകരും വിശുദ്ധ നുണകളും


ജോസഫ് പടന്നമാക്കൽ 

'ഓർത്തോഡോക്സ്', 'കത്തോലിക്ക' എന്ന രണ്ടു പ്രബല ക്രിസ്ത്യൻ സമൂഹങ്ങളിലുള്ള പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങൾ അടുത്ത കാലത്തായി ദൃശ്യ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയാകളിലും  പ്രധാന വാർത്തകളായി സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മലങ്കര ഓർത്തോഡോക്സ് പുരോഹിതരുടെയിടെയിലാണ് പുതിയ സംഭവവികാസങ്ങളിൽ ആദ്യത്തെ പീഡന കഥയാരംഭിച്ചത്. സാധാരണ ഇത്തരം കേസുകൾ കത്തോലിക്ക പുരോഹിതരുടെ ഇടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു ഓർത്തോഡോക്സ് പുരോഹിതരുടെ ലൈംഗിക കുറ്റാരോപണങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങൾ പഴി ചാരുന്നത് കത്തോലിക്കാ സഭയെയാണ്. ഓർത്തോഡോക്സ് സഭയിൽ അഞ്ചു പുരോഹിതർ വിവാഹിതയായ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആ സ്ത്രീയുടെ ഭർത്താവ് പരാതി നൽകിയിരിക്കുന്നത്. അവരിൽ നാലു പുരോഹിതരുടെ പേരിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു.

കത്തോലിക്ക സഭയിൽ ലൈംഗിക അപവാദത്തിൽ പ്രതി ഒരു ബിഷപ്പായതുകൊണ്ടാണ് വാർത്തകൾക്കു കോളിളക്കം സൃഷ്ടിക്കാൻ കാരണമായത്. ബിഷപ്പിനെതിരെ കുറ്റം ആരോപിച്ചത് ഒരു കന്യാസ്ത്രീയും. 2016 മുതൽ ജലന്ധറിലെ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ തന്റെ കീഴിലുള്ള ഒരു കോൺവെന്റിലെ കന്യാസ്ത്രിയെ പല കാലങ്ങളായി പതിമൂന്നു തവണകൾ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷെ ഈ രണ്ടു കേസുകളിലെയും സഭാ നേതൃത്വങ്ങൾ കേസുകളെ മറച്ചുവെക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട്ട് കന്യാസ്ത്രീകളുടെ മഠം വക അതിഥി മന്ദിരത്തിലെ ഇരുപതാം നമ്പർ മുറിയിൽ വെച്ച് കന്യാസ്ത്രിയെ പീഡിപ്പിച്ചുവെന്നാണ്, പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ജലന്ധറിൽ നിന്നും കൂടെ കൂടെ ബിഷപ്പ് അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും മഠത്തിൽ വെച്ച് അവരെ പ്രകൃതി വിരുദ്ധത ഉൾപ്പടെ പതിമൂന്നു തവണകൾ പീഡിപ്പിച്ചുവെന്നും   പീഡനം 2014 മുതൽ 2016 വരെയെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. 2014 മെയ് എട്ടാം തിയതി വൈദികരുടെ പട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് കാർമ്മികനായിരുന്നു. അതിനുശേഷമാണ് കുറവിലങ്ങാട്ട് ബിഷപ്പ് താമസിക്കാൻ വന്നത്. തൊട്ടടുത്ത ദിവസം തന്നെ കന്യാസ്ത്രീയുടെ കുടുംബത്തിലുള്ള ഒരു കുട്ടിയുടെ ആദ്യ കുർബാനയിലും ബിഷപ്പ് പങ്കുകൊണ്ടിരുന്നു. പീഡനം നടത്തിയ നാളുകളിലെല്ലാം ഫ്രാങ്കോ മഠത്തിൽ താമസിച്ചിരുന്നതായുള്ള രേഖകൾ മഠം വക രജിസ്റ്ററിൽനിന്നു പോലീസിനു ലഭിച്ചിട്ടുമുണ്ട്.

സ്ത്രീകൾ മാത്രം താമസിക്കാറുള്ള ഒരു മഠത്തിനുള്ളിൽ ബിഷപ്പിന് താമസിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഫോണിൽക്കൂടി നിത്യം ബിഷപ്പിന്റെ ശല്യം സഹിക്ക വയ്യാതെ സന്യാസിനി ജീവിതം ഉപേക്ഷിക്കാനായും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നതായും  പോലീസിനോടു ഇരയായ ഈ കന്യാസ്ത്രി  പറഞ്ഞു.  പള്ളി വികാരിയോട് പീഡന കഥകൾ പറഞ്ഞപ്പോൾ അദ്ദേഹം ഈ വിവരം പാലാ ബിഷപ്പിനെ അറിയിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. പാലാ ബിഷപ്പ് കുറവിലങ്ങാട്ടുള്ള പള്ളി മേടയിൽ വെച്ച് നേരിട്ട് കന്യാസ്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അതിനുശേഷം താൻ അനുഭവിച്ചതായ പീഡന കഥകളെപ്പറ്റി കന്യാസ്ത്രി ആലഞ്ചേരിക്ക് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു. വിവരങ്ങൾ ഒന്നൊന്നായി സത്യാവസ്ഥകൾ സഹിതം പുറത്തു വന്നതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമം നൂറ്റി അറുപത്തിനാലാം വകുപ്പനുസരിച്ചാണ് പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കന്യാസ്ത്രിയോട് മജിസ്‌ട്രേറ്റിന്റെ മുമ്പിൽ രഹസ്യ മൊഴി നൽകാനും പോലീസ് ആവശ്യപ്പെടുകയും അതനുസരിച്ച് അവർ മൊഴി നൽകുകയും ചെയ്തു. കന്യാസ്ത്രീയുടെ കന്യകാത്വത്തെ അറിയാൻ വൈദ്യ പരിശോധന നടത്തിയതിലും പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. അക്കാര്യം ഡോക്ടറും സ്ഥിതീകരിച്ചു. പതിമൂന്നു തവണകൾ പീഡിപ്പിച്ച ദിനങ്ങളിലെല്ലാം ബിഷപ്പ് മഠത്തിൽ വന്നതായി രജിസ്റ്റർ ബുക്കിൽ രേഖകളുമുണ്ട്. ഇക്കാലയളവിൽ മഠത്തിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴികളും ബിഷപ്പിന് അനുകൂലമായിരുന്നില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരങ്ങൾ കർദ്ദിനാൾ ആലഞ്ചേരിയെ അറിയിച്ചിട്ടും അദ്ദേഹത്തിൻറെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ജലന്ധർ രൂപതയിലെ ഒരു പുരോഹിതന്റെ റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹം പറയുന്നു, "കേരള കത്തോലിക്ക സഭകളുടെ തലവനെന്ന നിലയിൽ കർദ്ദിനാൾ ആലഞ്ചേരിയിൽനിന്ന് മാന്യമായ പ്രതികരണം പ്രതീക്ഷിച്ചു. അദ്ദേഹത്തിന് ഫോൺ നമ്പറും ഇമെയിലും കൊടുത്തിരുന്നു. കന്യാസ്ത്രീയുടെ ദുഃഖത്തിൽ പങ്കുചേർന്നുള്ള ഒരു മറുപടി പോലും ആലഞ്ചേരിയുടെ അരമനയിൽ നിന്നും ലഭിച്ചില്ല. അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തിയത് റോമിൽ നിന്നാണ്. റോമ്മാ സഭയിലെ കർദ്ദിനാളെന്ന സ്ഥാനത്തിന്റെ പേരിൽ ജലന്ധർ ബിഷപ്പിനു മുകളിൽ ആലഞ്ചേരിക്ക് തീർച്ചയായും ആദ്ധ്യാത്മിക അധികാരവും കാണേണ്ടതാണ്. എന്നാൽ അദ്ദേഹം സംസാരിക്കുന്നതെല്ലാം വസ്തുതകളെ മറച്ചുവെച്ചുകൊണ്ടായിരുന്നു. ചാനലുകാരുടെ മുമ്പിൽ ഒന്നും അറിഞ്ഞില്ലാത്ത വിധം കാര്യ കാരണ വിരുദ്ധമായി സംസാരിക്കുകയും ചെയ്യുന്നു. റോമിൽ നിന്ന് തുടങ്ങിയ സീറോ മലബാർ സഭ നിരുത്തരവാദപരമായ ഒരു സമീപനമാണ് കന്യാസ്ത്രീയുടെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്."

ഒരു കന്യാസ്ത്രീയുടെ ജീവിതം തുടങ്ങുന്നത് കൂട്ടിനകത്ത് അടച്ചിട്ട കിളിയെപ്പോലെയാണ്. പല പുരോഹിതരും കന്യാസ്ത്രീകളെ വീക്ഷിക്കുന്നത് അവരുടെ ഭോഗ വസ്തുവായിട്ടും. സഭയെ വിശ്വസിച്ചേൽപ്പിച്ച പെൺകുട്ടികളെ കന്യാസ്ത്രി മഠങ്ങളിൽ ചിലർ അധികാരത്തിന്റെ മറവിൽ  ചവുട്ടി മെതിക്കുകയാണ് ചെയ്യുന്നത്. വീടും സ്വന്തം മാതാപിതാക്കളെയും സഹോദരരേയും ഉപേക്ഷിച്ചുകൊണ്ടാണ് ഒരു പെൺക്കുട്ടി മഠത്തിൽ ചേരുന്നത്. അങ്ങനെയുള്ള ഒരു കന്യാസ്ത്രീയുടെ ഹൃദയം തകർന്നുള്ള ശബ്ദമാണ് ജലന്ധർ ബിഷപ്പിനെതിരെ പ്രതികരിച്ചത്.

ശബ്ദിക്കാൻ കഴിയാത്തവരെ അതിക്രമിച്ചു കീഴടക്കുകയെന്നതാണ്, അധികാരം കൈമുതലായുള്ള  പുരോഹിതരുടെ നയം. സ്വന്തം കാമം പൂർത്തികരിക്കപ്പെട്ടശേഷം ഇവർ പാവപ്പെട്ട കന്യാസ്ത്രീകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരു മുതിർന്ന സിസ്റ്ററിനോട് ഇത്രമാത്രം അപകീർത്തികരമായ പ്രവർത്തികൾ ചെയ്ത ഈ ബിഷപ്പ് തീർച്ചയായും കൊച്ചു കന്യാസ്ത്രികളുടെയും കന്യകാത്വം അപഹരിച്ചു കാണും. സഭയ്ക്ക് അപകീർത്തികരമായ ലൈംഗിക കഥകൾ പുറത്തു വരുമെന്ന് ഭയപ്പെട്ട് 'ജലന്തർ രൂപത', കന്യാസ്‌ത്രിയെയും കന്യാസ്ത്രീയുടെ കുടുംബത്തെയും ഭീക്ഷണിപ്പെടുത്തിയതായ വാർത്തകളും പുറത്തു വരുന്നു.

പണവും പ്രതാപവും അധികാരവുമില്ലാത്ത പാവപ്പെട്ട ഒരു സാധാരണ വ്യക്തി എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്‌താൽ യാതൊരു ദയാ ദാക്ഷണ്യവും ഇല്ലാതെ നിയമവും വ്യവസ്ഥിതികളും പ്രതിയെ ഉടൻ അറസ്റ്റു ചെയ്യും. എന്നാൽ ഭാരതത്തിൽ ബിഷപ്പിനും പുരോഹിതർക്കും മറ്റൊരു നിയമമാണ് നിലവിലുള്ളത്. പരാതി കൊടുത്ത കന്യാസ്‌ത്രിയെയും കുടുംബത്തെയും കേസിൽ നിന്ന് പിൻവാങ്ങാനായി സമ്മർദ്ദവും കൊടുക്കുന്നുണ്ട്. കുറ്റക്കാരെ രക്ഷിക്കാൻ സഭ എത്ര പണം ചെലവാക്കിയും അധികാരികളെ പ്രീതിപ്പെടുത്തുകയും ചെയ്യും.

കന്യാസ്ത്രി മഠങ്ങളിൽ പോയി കന്യാസ്ത്രീകളെ പീഡിപ്പിക്കുകയെന്നത് ജലന്ധർ ബിഷപ്പിന്റെ വർഷങ്ങളായുള്ള പ്രവൃത്തികളായിരുന്നുവെന്ന് മറ്റു കന്യാസ്ത്രികളും ആരോപിക്കുന്നു. ഇന്ത്യയുടെ ശിക്ഷാ വിധിയനുസരിച്ച് ലൈംഗികാക്രമണ കേസുകളിൽ അറസ്റ്റ് ഉടൻ ഉണ്ടാവേണ്ടതാണ്. എന്നാൽ അങ്ങനെയൊന്ന് നിയമവ്യവസ്ഥ പാലിക്കേണ്ടവരുടെ വശത്തുനിന്നും ഉണ്ടായില്ല. നിരപരാധികളെ സ്വന്തം വീട്ടിൽനിന്നും പുറത്തിറക്കി ചവുട്ടി കൊല്ലാനുള്ള തന്റേടം പോലീസ് പ്രകടിപ്പിക്കാറുണ്ട്. കന്യാസ്ത്രിയുടെയും അവരുടെ സുഹൃത്തുക്കളായ കന്യാസ്ത്രികളുടെയും സ്വന്തം പിതാവിന്റെയും പരാതികൾ പോലീസിന്റെ കൈവശമുണ്ട്. പുരോഹിതർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപെടാൻ മതവും പൗരാഹിത്യവും അവരുടെ കുപ്പായങ്ങളും ദുരുപയോഗപ്പെടുത്തുന്നു. ഇന്ത്യയിലെ നിയമങ്ങൾ അവർക്ക് ബാധകമല്ലെന്നുള്ള മട്ടിൽ പെരുമാറുകയും ചെയ്യുന്നു. ഇതെല്ലാം മനസ്സിലാക്കിയിട്ടും വിശ്വാസികൾ അഴിമതിക്കാരായ പുരോഹിതരോടും വിധേയത്വം പുലർത്തി അവരെ ദൈവതുല്യരായി കരുതുകയും ചെയ്യുന്നു. ചൂഷണവും പീഡനവും അനുഭവിക്കുകയെന്നത് അല്മെനികളുടെ മതപരമായ താല്പര്യത്തിനും ആവശ്യമാണ്. അതുകൊണ്ടു ബിഷപ്പിന് ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയുമായിരിക്കും.

ഒരു പുരോഹിതൻ വ്യപിചാരക്കുറ്റത്തിനു പിടിക്കപ്പെട്ടാൽ സഭ കുറ്റം ചെയ്തവന്റെ പക്ഷത്തായിരിക്കും. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിക്ഷ്യരിൽ ഒരാളായ യൂദാ പിഴച്ച കഥയും വിളമ്പും. കൂടാതെ അനേകം പുരോഹിതർ നല്ലവരായി ജീവിക്കുന്ന മഹത്വവും മാതൃകയായി അവതരിപ്പിക്കും.  പിഴച്ചു പോയ പുരോഹിതരല്ല ക്രിസ്തുവാണ് സഭയെന്നൊക്കെ പറഞ്ഞു വിശ്വാസികളുടെ കണ്ണിൽ പൊടിയിടും. ഒരിക്കലും കുറ്റകൃത്യങ്ങൾക്കു ബലിയാടാകുന്നവരുടെ പക്ഷം കൂടി സംസാരിക്കുന്ന ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. 2017 ഫെബ്രുവരിയിൽ റോബിൻ വടക്കഞ്ചേരി എന്ന ലൈംഗിക കുറ്റവാളിയായ പുരോഹിതൻ പ്രായ പൂർത്തിയാകാത്ത പെൺക്കുട്ടിയെ ഗർഭിണിയാക്കി. അയാൾ മാനേജരായിരുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു, ആ കുട്ടി. എന്നാൽ പോലീസ് കുറ്റവാളിയെപ്പറ്റി അന്വേഷണം നടത്തുന്ന വേളകളിൽ അയാളുടെ കുറ്റകൃത്യങ്ങളെ മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടൻ മറച്ചു വെക്കാനാണ് ശ്രമിച്ചിരുന്നത്.

ഒരു പുരോഹിതനിൽ നിന്നും അവിഹിത ബന്ധത്തിൽ കുട്ടികളുണ്ടായാൽ അക്കാര്യം രഹസ്യമാക്കുവാൻ ഹോസ്പിറ്റലുകളും അനാഥാലയങ്ങളും സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചാലും സഭാവക ഹോസ്പിറ്റലുകളോ അവിടുത്തെ ഡോക്ടർമാരോ ഈ വിവരം അധികാരികളെ അറിയിക്കുകയുമില്ല. അവിഹിതമായി ജനിക്കുന്ന കുഞ്ഞുങ്ങളെ കന്യാസ്ത്രികൾ എടുത്തുകൊണ്ടു പോയി സഭാവക അനാഥാലയങ്ങളിൽ വളർത്തുകയും ചെയ്യും.

ക്രിസ്ത്യൻ സഭകളുടെ പ്രസിദ്ധീകരണമായ ശാലോം മാഗസിനിൽ വന്ന വാർത്തയും വിചിത്രമായിരുന്നു. ലൈംഗിക കുറ്റാരോപണ വിധേയനായ ഫാദർ റോബിനെ ന്യായികരിച്ചുകൊണ്ടുള്ള വാർത്തയായിരുന്നു അത്. ശാലോം മാസിക റോബിന്റെ കുഞ്ഞിനെ പ്രസവിച്ച കൗമാരക്കാരിയായ  അമ്മയെ ഉപദേശിച്ചുകൊണ്ടു എഴുതി, "മോളെ നിനക്ക് പതിനഞ്ചു വയസു കഴിഞ്ഞവളായിരുന്നു. എന്റെ മകളെപ്പോലെ നിന്നോട് ഞാൻ പറയട്ടെ, നീയും തെറ്റുകാരിയാണ്. ദൈവത്തിന്റെ മുമ്പിൽ ആദ്യം ഉത്തരം പറയേണ്ടത് നീയായിരിക്കും. നീ ഫാദർ റോബിനുമായി ലൈംഗിക ബന്ധം തുടർന്നപ്പോൾ അദ്ദേഹം ഒരു പുരോഹിതനായിരുന്ന കാര്യം നീ എന്തുകൊണ്ട് ചിന്തിച്ചില്ല? ദുർബല നിമിഷങ്ങളിൽ ബലഹീനതകൾ ഏതു മനുഷ്യനും വന്നു ഭവിക്കാം. അദ്ദേഹം ഒരു പുരോഹിതനെന്ന കാര്യവും ഓർത്തുകാണില്ലായിരിക്കാം. പരിശുദ്ധ കുർബാന സ്വീകരിക്കുന്ന കുഞ്ഞേ നീ എന്തുകൊണ്ട് അദ്ദേഹത്തെ തടഞ്ഞില്ല! തെറ്റാണെന്ന് അദ്ദേഹത്തെ ബോധവൽക്കരിച്ചുകൊണ്ടു തിരുത്തിയില്ല?"

2016 ഫെബ്രുവരിയിൽ 'എഡ്വിൻ ഫിഗരേസ്' എന്ന പുരോഹിതൻ! പതിന്നാലു വയസുള്ള ഒരു കുട്ടിയെ  പീഡിപ്പിച്ചിരുന്നു. 2015 ജനുവരിക്കും മാർച്ചിനും ഇടയ്ക്കായിരുന്നു അയാൾ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന് അയാൾക്ക് ഇരട്ടി ജീവപര്യന്തം ലഭിക്കുകയും ചെയ്തു. ഒമ്പതു വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 2014-ൽ തൃശൂരുള്ള 'രാജു കൊക്ക'നെന്ന മറ്റൊരു പുരോഹിതനെയും   അറസ്റ്റ് ചെയ്തിരുന്നു. ആദ്യകുർബാനയ്ക്കുള്ള ഡ്രസ്സിന്റെ അളവെടുക്കുന്ന വ്യാജേനയാണ് ഈ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. 2016-ൽ കോയമ്പത്തൂരിൽ ഫാദർ ആരോഗ്യ രാജിനെ പ്രായപൂർത്തിയാകാത്ത പതിനേഴു വയസുളള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നു കളഞ്ഞതിലും അറസ്റ്റു ചെയ്തു. നാളിതു വരെയായിട്ടും കേരള ഹൈക്കോടതി കേസിനു യാതൊരു തീരുമാനവും എടുത്തിട്ടില്ല. 2013ൽ ദുരൂഹ സാഹചര്യത്തിൽ ഈ പെൺകുട്ടി ഫാദർ ആരോഗ്യ രാജിന്റെ മുറിയിൽ മരിച്ചുകിടക്കുന്നതായിരുന്നു കണ്ടത്. ആദ്യം ഈ കേസ് ആത്മഹത്യയായി വരുത്തി വെച്ചു. എന്നാൽ കുട്ടിയുടെ അമ്മയുടെ തീവ്ര പരിശ്രമം മൂലം അതൊരു കൊലപാതകമെന്നും തെളിഞ്ഞു. പുരോഹിതൻ ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നു സമ്മതിച്ച പ്രകാരം പൗരാഹിത്യത്തിന്റെ ചുമതലകളിൽ നിന്നും അയാളെ മാറ്റുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഒരു കോൺവെന്റിലുണ്ടായിരുന്ന യുവ കന്യാസ്ത്രിയായ 'സിസ്റ്റർ അനിതയുടെ' പരാതിയും വാർത്തകളിൽ പ്രാധാന്യം നേടിയിരുന്നു. 2011-ൽ അവർ ഒരു ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന സമയം ഒരു പുരോഹിതൻ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ നിന്നുകൊടുത്തില്ല. അതിന്റെ പേരിൽ ആ പുരോഹിതൻ കന്യാസ്ത്രിയ്ക്കെതിരെ അധികാരം ഉപയോഗിച്ച് പലവിധ മാനസിക പീഡനങ്ങളും നല്കിപ്പോന്നു. കാമഭ്രാന്തു പിടിച്ച ആ പുരോഹിതന്റെ പീഡന വിവരം അധികാരികളെ അറിയിച്ചതിന് എല്ലാവിധ സഹനങ്ങളും ആ യുവ കന്യാസ്ത്രിക്ക് മഠത്തിലെ സഹ സിസ്റ്റേഴ്‌സിൽനിന്നും സഹിക്കേണ്ടി വന്നു. അതിന്റെ പേരിൽ ഇറ്റലിയിലേക്ക് അവർക്കു സ്ഥലം മാറ്റം കൊടുക്കുകയും ചെയ്തു. അവിടെയും ഇതിന്റെ പേരിൽ കൂടുതൽ പീഡനങ്ങൾ നേരിടേണ്ടി വന്നു. പാതിരാത്രിക്ക് യുവതിയായ ഈ കന്യാസ്ത്രിയെ മഠത്തിൽ നിന്നു ഇറക്കി വിടുകയുമുണ്ടായി. ചില മലയാളി സംഘടനകളുടെ സഹായത്തോടെ അവർ ഇന്ത്യയിൽ മടങ്ങി വന്നു. അവരുടെ ആലുവായിലുള്ള മഠം അവരെ അകത്തു കയറാൻ അനുവദിക്കാതെ വീണ്ടും പുറത്താക്കുകയും ചെയ്തു. കൊണ്ടുവന്ന പെട്ടിയും കിടക്കയും പുറത്തേക്ക് അവിടുത്തെ ക്രൂരരായ കന്യാസ്ത്രികൾ വലിച്ചെറിഞ്ഞു. സിസ്റ്റർ അനിത കോൺവെന്റിനു മുമ്പിൽ നിരാഹാര സത്യാഗ്രഹം കിടക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ എറണാകുളം രൂപത ഇതിൽ ഇടപെടുകയുണ്ടായി. പന്ത്രണ്ടു ലക്ഷം രൂപ കൊടുത്ത് കേസ് ഒത്തുതീർപ്പിലാക്കുകയും ചെയ്തു.

മാടത്തരുവി കേസും അഭയാ കേസും സഭയുടെ ചരിത്രത്തിൽ ഏറ്റവും വിവാദപരമായ രണ്ടു കേസുകളായിരുന്നു. മാടത്തരുവി കേസ്സിൽ മറിയക്കുട്ടിയെന്ന വിധവയായ സ്ത്രീയെ ഫാദർ ബെനഡിക്ക്റ്റ് കത്തികൊണ്ട് കുത്തി കൊന്നശേഷം മൃതദേഹം റാന്നിയ്ക്കടുത്തുള്ള മാടത്തരുവിൽ ഉപേക്ഷിച്ചു. ഈ കേസിൽ കീഴ്കോടതി അയാളെ തൂക്കാൻ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ സുപ്രസിദ്ധനായ വക്കീൽ 'ചാരി'യുടെ വാദത്താൽ ബെനഡിക്റ്റ് മോചിതനാവുകയും ചെയ്തു.  ബെനഡിക്റ്റ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയില്ലെങ്കിലും തെളിവുകളുടെ അഭാവത്തിൽ നിരുപാധികം മോചിപ്പിക്കുന്നുവെന്നായിരുന്നു വിധി.

1992-ൽ സിസ്റ്റർ അഭയ എന്ന ഇരുപതു വയസുകാരി കോട്ടയം പയസ് മൗണ്ടിലുള്ള കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തെ പോലീസ് ഈ കേസ് ഒരു ആത്മഹത്യയാക്കി മാറ്റി കേസ് ഇല്ലാതാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം 1993-ൽ കേസ് വീണ്ടും പുനാരാരംഭിച്ചു. സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. ഫാദർ പുതൃക്കയിലും ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഈ കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നുവെന്ന ആരോപണവും ഉയർന്നു. കുറ്റവാളികളെന്നു കരുതുന്ന ഇവർ മൂവരെയും അറസ്റ്റു ചെയ്യുകയും ചെയ്തു. സി.ബി.ഐ.യുടെ അന്വേഷണത്തിൽ ഈ രണ്ടു പുരോഹിതരും ഒന്നിച്ച് സിസ്റ്റർ സെഫിയുമായി പ്രകൃതി വിരുദ്ധ ലൈംഗികതയിൽ ഏർപ്പെട്ടിരുന്നത് സിസ്റ്റർ അഭയ കണ്ടുവെന്നായിരുന്നു. സിസ്റ്റർ സെഫി കോടാലിയുടെ കൈകൊണ്ട് സിസ്റ്റർ അഭയയുടെ തലക്കിട്ടു അടിച്ചുവെന്നും സി.ബി.ഐ. കരുതുന്നു. അതിനു ശേഷം പുരോഹിതരും കന്യാസ്ത്രിയുംകൂടി അഭയായെ കിണറ്റിൽ തള്ളിയെന്നും അനുമാനിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നീണ്ട ഒരു കുറ്റാന്വേഷണ ചരിത്രമാണിത്. ആ കേസ് ഇന്നും കോടതിയിൽ തീരുമാനമാകാതെ കിടക്കുന്നു.

സഭയ്ക്കുള്ളിലെ പീഡനങ്ങൾമൂലം ബലിയാടാകുന്നവർ മറ്റാരോടും പറയാതെ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ തൃശൂർ സെന്റ് മേരീസ് കോളേജിലെ പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ജെസ്മി 'ആമേൻ' എന്ന തന്റെ ആത്മകഥയിൽ പുരോഹിതരുടെ ലൈംഗിക അസാന്മാർഗിക ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. കോൺവെന്റിലെ സ്വവര്‍ഗ്ഗാനുരാഗികളായ കന്യാസ്ത്രികളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുരോഹിതരുമൊത്തുളള ലൈംഗികതയിൽ ഏർപ്പെടുന്ന കന്യാസ്ത്രികളും അവരുടെ മറ്റു ബന്ധങ്ങളും ജെസ്മിയുടെ പുസ്തകത്തിലുണ്ട്. 178 പേജുകളുള്ള ഈ പുസ്തകം സഭയ്ക്കുള്ളിലും പുറംലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സിസ്റ്റര്‍ മേരി ചാണ്ടിയുടെ "നന്മ നിറഞ്ഞവരേ സ്വസ്തി"യെന്ന ആത്മകഥാപുസ്തകം ഒരു കന്യാസ്ത്രീയുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍നിറഞ്ഞ ജീവിതകഥയാണ്. സഭയെ ഞെട്ടിപ്പിക്കുന്ന പൌരാഹിത്യ ലൈംഗിക വാര്‍ത്തകളുമായി ഗ്രന്ഥപ്പുരയില്‍ ഈ പുസ്തകം സ്ഥാനം പിടിച്ചു കഴിഞ്ഞു. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ അമ്മ മതിൽക്കെട്ടിനുള്ളില്‍, ജീവിതം ഹോമിച്ച് സന്യാസിനീജീവിതം ഉപേക്ഷിച്ച മേരി ചാണ്ടിയുടെ സ്വാനുഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. പണമുള്ള വീടുകളിലെ അവിഹിതഗര്‍ഭങ്ങളെല്ലാം സാധാരണ പുറത്തു വരുന്നതിനുമുമ്പു ആ കഥതന്നെ നാമാവിശേഷമാകും. അരമനക്കു പണം ഉള്ളടത്തോളംകാലം കന്യാസ്ത്രീമതില്‍ക്കെട്ടിലുള്ളിലെ അരമനരഹസ്യങ്ങളും ക്രൂരതകളും തുടരുക തന്നെചെയ്യും. അസഹ്യമായ അപമാനത്തിന്‍റെയും വേദനകളുടെയും കഥകളാണ് ആശ്രമ ജീവിതത്തിനുള്ളിലുള്ളത്. ചില പെൺകുട്ടികൾ ആശ്രമത്തില്‍‍നിന്നും രക്ഷപ്പെട്ട് ഒളിച്ചോടുന്നു. മറ്റു ചിലർ ആത്മഹത്യ ചെയ്യുന്നു. പെണ്‍ക്കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന പല പുരോഹിതരെയും കന്യാസ്ത്രീവളപ്പില്‍ കാണാം. അത്തരം സംഭവങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ ‍കുറ്റവാളിയായ പുരോഹിതനൊപ്പമേ സഹകന്യാസ്ത്രീകളും നില്‍ക്കുകയുള്ളൂ.

മേരി ചാണ്ടിയുടെ ജീവിതത്തിലും ദുഖകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആറാംവയസ്സുമുതല്‍ യേശുവിനെമാത്രം ഹൃദയത്തിലെന്നും താലോലിച്ചുനടന്ന ഈ സഹോദരിയെ ഒരു പുരോഹിതന്‍ ബലാല്‍സംഗം ചെയ്യാനായി ശ്രമിച്ചതും സംഭവിക്കരുതാത്ത ഒരു അനുഭവം ആയിരുന്നു. ‍തന്‍റെ ചാരിത്രത്തിനു കളങ്കം വരുത്തുവാന്‍ ശ്രമിച്ച അയാളെ മേരി നല്ലവണ്ണം കൈകാര്യം  ചെയ്തു. പുരോഹിതൻ എന്തു  തെറ്റുചെയ്താലും പ്രതികരിക്കരുതെന്നുള്ള എഴുതപ്പെടാത്ത ഒരു നിയമവും കന്യാസ്ത്രി മഠങ്ങളിലുണ്ടായിരുന്നു. അന്നു മേരിക്കു പ്രായം ഇരുപതുവയസ്സു മാത്രം. ചേവായൂര്‍മഠം ആശ്രമത്തിലാണു ബലാല്‍സംഗത്തിനു പുരോഹിതൻ തുനിഞ്ഞത്. ഒരു സുപ്രഭാതത്തില്‍ കുര്‍‍ബാനയ്ക്കുശേഷം രാവിലത്തെ ഭക്ഷണം നല്കിയപ്പോഴായിരുന്നു സംഭവം. പുരോഹിതന്‍റെ കള്ളനോട്ടം കണ്ടപ്പോഴേ മേരി വിറക്കുവാൻ തുടങ്ങിയിരുന്നു. പ്രഭാതഭക്ഷണം കൊടുക്കാതെ പിന്‍‍വാങ്ങാൻ ശ്രമിച്ചു. പുരോഹിതന്‍, ‍കസേരയില്‍നിന്നും എഴുന്നേറ്റു വാതിലിനു കുറ്റിയിടുകയും ബലമായി കൈകളില്‍ കയറിപ്പിടിക്കുകയും ചെയ്തു. "മേരി നിനക്ക് ഇതൊക്കെ അറിയില്ലേ" എന്നു പറഞ്ഞു അയാള്‍ മേരിയെ മാറോടമര്‍‍ത്തി. തന്‍റെ നിലവിളിച്ചുള്ള കരച്ചിലിന് ആരും ചെവികൊടുത്തില്ല. അയാളില്‍നിന്നും വിടുവിച്ച് ഓടിയ ഈ സഹോദരിയുടെ പിന്നാലെ പിടിക്കുവാന്‍ അയാൾ വീണ്ടും വന്നു. അപ്പോഴാണു കയ്യില്‍കിട്ടിയ സ്റ്റൂള്‍വെച്ച് നിര്‍ദ്ദയമായി പുരോഹിതനെ മര്‍ദ്ദിക്കേണ്ടിവന്നത്. അയാളുടെ നെറ്റിത്തടത്തില്‍നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു. മേരിയെ മഠം അധികാരികൾ ദ്രോഹിയായും കുറ്റവാളിയായും ചിത്രീകരിച്ചു.

ജെസ്മിയുടെ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത് !"ഒരു സ്ത്രീയുടെ ചാരിത്രം കവർ‍ന്നെടുത്താൽ, ലൈംഗികമായി പീഡിപ്പിച്ചാൽ‍ പ്രതികരിക്കുന്നവരില്ലേ? ആയിരത്തിലൊരാളെങ്കിലും പ്രതികരിക്കുകയില്ലേ? കന്യാസ്ത്രീ സഹോദരികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കൂ? നിസ്സഹായരായ അവർ ഒരിക്കലും പ്രതികരിക്കുകയില്ല. കന്യകാത്വം നഷ്ടപ്പെട്ടാൽ, സന്യാസിനിജീവിതം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു."

ബിഷപ്പ് ഫ്രാങ്കോയുടെ ഇരയായ കന്യാസ്ത്രീ കരഞ്ഞു. ചാരിത്രവ്രതം നഷ്ടപ്പെട്ടതിൽ ഒറ്റക്കും കരഞ്ഞു. ഒരു തീരുമാനത്തിനായി മുട്ടാവുന്ന വാതിലുകൾ എല്ലാം അവർ മുട്ടി. സഭയുടെ മൗനം മാത്രമായിരുന്നു അവർക്കുള്ള മറുപടി. പൂർവികരുടെ അദ്ധ്വാനഫലവും പിടിയരിയും കൊടുത്തു സമ്പാദിച്ച സ്വത്തുക്കൾ പുരോഹിതരുടെ ലൈംഗിക പീഡന കേസുകൾക്കായി ചെലവഴിക്കുന്ന കാഴ്ചകളാണ് ഇന്ന് കേരള കത്തോലിക്ക സഭയിൽ കാണുന്നത്. മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും അഭയാക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത അൾത്താരപ്പണം കുറ്റവാളികളായ പുരോഹിതർക്കു വേണ്ടി ചെലവഴിക്കുകയായിരുന്നു. പണവും പ്രതാപവും പിടിപാടും കാരണം ഈ രണ്ടു കേസുകളിലും ഉൾപ്പെട്ടിരുന്ന പുരോഹിതർ ഇന്ത്യൻ നിയമവ്യവസ്ഥയെ തന്നെ വിലയ്ക്കു വാങ്ങുകയും ചെയ്തു. ബെനഡിക്റ്റ് ഓണംകുളവും, സെഫിയും, കൊട്ടൂരും പുതൃക്കയുമെല്ലാം കുറ്റക്കാരെന്ന് യുക്തിപൂർവം ചിന്തിക്കുന്നവർക്ക് അറിയാമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതരുടെ നെയ്തെടുത്ത നുണകളേ വിശ്വസിക്കുള്ളൂ. അതുപോലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും വിശുദ്ധ നുണകൾകൊണ്ട് വിശ്വാസികളെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു.











Sunday, July 8, 2018

ചിതറിയ ചിന്തകൾ!

"ഏടോ ഫ്രാങ്കോ....!" 
"എന്തോ! വിളിച്ചോ?"
"നീ ഇങ്ങിനെയൊന്നുമായിരുന്നില്ലല്ലോ വിളി കേൾക്കുമായിരുന്നത്?"
"പെട്ടു പോയി! പിടിച്ചിട്ടു കിട്ടിയില്ല. ഞാൻ നോക്കുമ്പോൾ എല്ലോരും കടലിൽ പോകുന്നു. ഞാൻ വലയെടുത്തു കരക്കു വീശീ. അതിത്രവലിയ തെറ്റായിരുന്നോ?"
"വീശിയതും തെറ്റല്ല, പിടിച്ചതും, ഡ്രസ്സ് അഴിച്ചതും ഇടീപ്പിച്ചതുമൊന്നും തെറ്റല്ല; നീ അതിനെ ഫോർമാലിനിൽ മുക്കി, ആരും തിന്നില്ലാത്തതുപോലെയാക്കിയില്ലേ?"

*****************

"എടാ ഇർക്കീ"
"പ്ളീസ്..... എന്നെ എന്തു വിളിച്ചാലും ഞാനീ മൂത്രപ്പുരേന്നിറങ്ങില്ല."
"നീയെന്തിനാ ഇങ്ങിനെ പുറത്തിറങ്ങാതെ പാത്തിരിക്കുന്നത്?"
"എന്നെ കൊന്നാൽ വംശം നിന്നുപോകും അതോണ്ടാ."
"നീ എന്തു ധൈര്യത്തിലാ പച്ച പച്ചക്കള്ളം പറഞ്ഞത്?"
"പാളത്തൊപ്പി വെച്ചവരെ തൊടരുതെന്ന് മുകളീന്ന് ഉത്തരവുണ്ടല്ലോ, അതോണ്ടാ!"
****************

"എടാ യന്ത്രമേ, നീയെന്താ സ്റ്റാർട്ടാകാത്തത്?"
"എന്നെ ഇനിയും ചൂടാക്കരുത്, അൽപ്പം ഓയിലൊഴിച്ചു താ..."
"ഒരുത്തന്റെ കൈയ്യിൽ ഓയിലും ഗ്യാസും കൊടുത്തുവിട്ടിരുന്നല്ലോ!"
"അവനും വന്നില്ല, ഒപ്പമുണ്ടായിരുന്നവൻ ബുക്കും പേപ്പറും കൊണ്ടു പോവുകയും ചെയ്തു...."

*****************

"ഭയങ്കരീ.... നീയെന്നെ വഞ്ചിച്ചുവല്ലേ?"
"അതെങ്ങിനാ... നാലഞ്ചു പേരുണ്ടായിരുന്നല്ലോ, അതും കർത്താവിന്റെ മുന്നിൽ വെച്ച്."
"കർത്താവൊന്നും പറഞ്ഞില്ലേ?"
"കൊള്ളാം, നല്ല പെർഫോമൻസെന്ന് ആരോ പറയുന്നതു കേട്ടു. കർത്താവായിരിക്കണം!"

********************

"കായലീന്നു കിട്ടുന്ന കരിമീനിന്, കായലിനെന്തെങ്കിലും കൊടുക്കണോ? അപ്പോൾ കിട്ടുന്നതു ലാഭം!" 
"അതിനു വല വേണ്ടേ, പിടിക്കാൻ ആളുവേണ്ടെ, അതിനു വള്ളം വേണ്ടേ ...... ?"
"ശ്ശെടാ! കിട്ടിയതിന്റെ പകുതിയല്ലേ എടുത്തുള്ളൂ? അതിനാണോ വലിയവായിലെ നിലവിളിക്കുന്നത്? കാര്യമറിയാതെ ശ്വാസമെടുക്കരുതെന്ന് കടലിൽ പോകുന്നവരുടെ ഉത്തരവ് എല്ലാ കവലകളിലും പതിച്ചിട്ടുണ്ടല്ലോ!"

**********************

"കള്ളസാക്ഷി പറയരുതെന്നും അനീതിക്കെതിരെ പൊരുണമെന്നും എഴുതട്ടെ?"
"വേണ്ടേ വേണ്ടാ! അതു പ്രിന്റാവില്ല, ആ പ്രോഗ്രാമിട്ടാൽ സിസ്റ്റം നിന്നു പോകും."
"പ്പോപ്പിന്നെ എന്താ ചെയ്ക?"
"ആ ഫോൾഡർ പകൽ തുറക്കണ്ടാന്നു വെച്ചാ മതി! രാത്രിയിൽ ഏതു വൈറസാണെങ്കിലും ഉറങ്ങുമല്ലോ!"

***************** 
ചൊവ്വായ്ക്ക് ചുറ്റും മറ്റൊരു ഗ്രഹം കൂടി കണ്ടുപിടിച്ചു."
"അതിനു മുകളിൽ തട്ടുണ്ടോന്നു നോക്കിയോ?"
"കുന്തം നാട്ടിയപോലത്തെ ഒരു പാടുണ്ടെന്നാ കേട്ടത്."
"എങ്കിലതവൻ തന്നെ, വണ്ടി സ്റ്റാർട്ടാക്കാൻ പറ!"

*******************

Thursday, July 5, 2018

KCRM - North America-യുടെ ഒൻപതാമത് ടെലികോൺഫറൻസ്‌ റിപ്പോർട്ട്

ചാക്കോ കളരിക്കൽ

KCRM-North America-യുടെ ഒൻപതാമത് ടെലികോൺഫറൻസ്‌ ജൂൺ 13, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോർജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അനേകർ അതിൽ പങ്കെടുത്തു. അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽ പ്രസിഡൻറ് ശ്രീ. കെ. ജോർജ് ജോസഫ് ആയിരുന്നു, ‘ചർച്ച്‌ ആക്ട് ആക്ഷൻ കൗൺസിലിൻറെ പ്രവർത്തനങ്ങളും മെയ് 22, 2018-ൽ ചർച്ച്‌ ആക്‌ട്‌ നടപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ് മാർച്ചും, ഒരു അവലോകനംഎന്ന വിഷയം അവതരിപ്പിച്ചത്.

സഭാമേലധികാരികളായ പുരോഹിതരുടെയും മെത്രാന്മാരുടെയും സമ്പത്തിനായുള്ള ആർത്തിയും സുഖജീവിതവും അധികാര ദുർവിനയോഗവുമെല്ലാം സാധാരണ വിശ്വാസികൾക്കുപോലും വലിയ ഉതപ്പാണ്‌. മാർതോമാ നസ്രാണി സഭയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള പുരാതന സഭാഭരണ പാരമ്പ ര്യത്തിന് വിരുദ്ധമായി ഇന്ന് വിശ്വാസികളെ പള്ളിഭരണത്തിൽനിന്നും പൂർണമായി മാറ്റിനിർത്തിയിരിക്കയാണ്. ഭാരതത്തിലെ ക്രൈസ്തവരുടെ, പ്രത്യേകിച്ച് മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പൊതുസ്വത്ത് പുരോഹിത നിയമമായ കാനോൻ നിയമത്തിലൂടെയല്ലാ മുൻകാലങ്ങളിൽ ഭരിച്ചിരുന്നത്. പള്ളികളുടെ സാമ്പത്തീകകാര്യങ്ങൾ നിർവഹിച്ചിരുന്നത് പള്ളിപൊതുയോ ഗം വഴിയായിരുന്നു. ഈ അടുത്തകാലത്താണ് സീറോ മലബാർ സഭയ്ക്ക് പൗരസ്ത്യ കാനോൻ നിയമം ബാധകമാക്കിയത്. അതോടെ വികാരിമാരും മെത്രാന്മാരും പള്ളിഭരണം ഏറ്റെടുത്തു. അല്മായർ അദ്ധ്വാനിച്ച് സമാഹരിച്ച പള്ളിസ്വത്തുക്കൾ സ്വേച്ഛാധിപതികളായ കുറെ വികാരിമാരും മെത്രാന്മാരും നശിപ്പിച്ചതിനുള്ള കറതീർന്ന തെളിവാണ് ഒല്ലൂർ, കൊരട്ടി, ഇരവിപേരൂർ തുടങ്ങിയ ഇടവകകളിലും, മാനന്തവാടി, കോഴിക്കോട്, കൊല്ലം തുടങ്ങിയ രൂപതകളിലും, എറണാകുളം-അങ്കമാലി അതിരൂപതയിലും നടന്ന വമ്പിച്ച സാമ്പത്തിക ക്രമക്കേടുകൾ. സഭയിൽ നട ക്കുന്ന സാമ്പത്തിക അതിക്രമങ്ങൾക്ക് തടയിടാനാണ് Kerala Catholic church Reformation

Movement (KCRM) പോലെയുള്ള സഭാനവീകരണപ്രസ്ഥാനങ്ങൾ ഒത്തുചേർന്ന് അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽ എന്ന സംഘടന രൂപീകരിച്ചത്. ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുസ്വത്ത് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നപ്രകാരമുള്ള നിയമത്തിലൂടെ ആയിരിക്കണം ഭരിക്കപ്പെടേണ്ടത്. നിയമപരിഷ്‌കരണ കമ്മീഷ ൻ അധ്യക്ഷനായിരുന്ന ജസ്റ്റീസ് വി. ആർ. കൃഷ്‌ണയ്യർ ഇതുസംബന്ധമായ ഒരു കരടുബിൽ "The Kerala Christian Church Properties and Institutions Trust Bill, 2009' എന്ന പേരിൽ കേരളസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കാബിനറ്റ് സബ്‌കമ്മിറ്റിയുടെ പ്രാഥമിക പഠനമല്ലാതെ ഇന്നുവരെ മേൽനടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസി ലിൻറെ ഏക ദൗത്യം ബിൽ അസ്സംബ്ലിയിൽ സമർപ്പിച്ച് പാസാക്കാൻ സർക്കാരിൽ സമ്മർദ്ധം ചെലുത്തുക എന്നതാണെന്ന് ജോർജ് ജോസഫ് സാർ എടുത്തുപറയുകയുണ്ടായി.

അല്മായർ കാലാകാലങ്ങളായി സമാഹരിച്ചുകൂട്ടിയ പള്ളിസ്വത്തുക്കൾ പള്ളിയോഗ നടപടിപ്രകാരം അല്മായർതന്നെ സുതാര്യമായി കൈകാര്യം ചെയ്യണം. മെത്രാൻ നിയോഗിക്കുന്ന വികാരിവന്ന് അയാൾക്ക് തോന്നുന്നപ്രകാരം പള്ളിസ്വത്തുക്കൾ നശിപ്പിക്കാൻ പാടില്ല. ഇന്ന് പള്ളികളുടെ സാമ്പത്തികഭരണം നടക്കുന്നത് റോമൻസൃഷ്ടിയായ കാനോൻ നിയമപ്രകാരമാണ്. അതിൻറെ അടിസ്ഥാനത്തിലാണ് ആലഞ്ചേരി മെത്രാപ്പോലീത്തയ്ക്ക് താൻ കണക്കുബോധിപ്പിക്കേണ്ടത് മാർപാപ്പയെയാണ് എന്നുപറയാൻ ധൈര്യം കിട്ടിയത്. ഇന്ന് നിലനില്ക്കുന്ന സ്ഥിതിമാറ്റി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന വിധത്തിലുള്ള സർക്കാർ നിർമ്മിതമായ സിവിൽ നിയമപ്രകാരം സഭാസ്വത്തുക്കൾ ഭരിക്കപ്പെടണം.

ചർച്ച് പ്രോപ്പർട്ടീസ് ആക്‌ട് സംബന്ധിച്ച് വിശ്വാസികളുടെ ഇടയിൽ കാര്യമായ തെറ്റിദ്ധാരണകൾ ഉണ്ട്. ദേവസ്വം ബോർഡുപോലെ സർക്കാരിനെ പള്ളിസ്വത്തുക്കൾ ഏൽപ്പിക്കുന്ന ബില്ലാണിതെന്ന് അച്ചന്മാരും മെത്രാന്മാരും പള്ളികളിൽ പ്രസംഗിച്ചും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ചർച്ച് പ്രോപ്പർട്ടീസ് ആക്ടിനെപ്പറ്റി പാംബ്ളാനി മെത്രാൻറെ 'എലിയെ പേടിച്ച് ഇല്ലം ചുടലാണ്' എന്നുള്ള പ്രയോഗംതന്നെ അതിനുദാഹരണമാണല്ലോ. അച്ചന്മാരെയും മെത്രാന്മാരെയും ഒന്നുമല്ലാതാക്കുന്ന ഒരു ബില്ലല്ല ഇത്. ആത്‌മീയകാര്യങ്ങൾ അച്ചന്മാർ

കൈകാര്യം ചെയ്യുന്നു; ഭൗതികകാര്യങ്ങൾ അല്മായർ സിവിൽ നിയമത്തിലൂടെ സുതാര്യതയോടെ കൈകാര്യം ചെയ്യുന്നു. വൈദികരുടെ ആത്മീയ ഗുണവർദ്ധനവിന് അത് സഹായകമാകുകയും ചെയ്യും. ബില്ല് വായിച്ചുപോലും നോക്കാതെ അഭിപ്രായങ്ങൾ പറയുന്നവരാണധികവും. (ജസ്റ്റീസ് വി. ആർ. കൃഷ്‌ണയ്യർ കേരളസർക്കാരിന് സമർപ്പിച്ച കരടുബി ല്ലിൻറെ മലയാളം പകർപ്പ് 2009-'ഓശാന' പ്രസിദ്ധീകരിച്ചത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്). ചർച്ച്‌ ആക്ട് ക്രിസ്ത്യൻ സഭകളുടെ സ്വത്തുഭരണത്തിന് ഗുണകരമാണ് എന്നുള്ള ബോധവൽക്കരണമായിരിക്കണം സഭാനവീകരണക്കാരുടെ സമകാലിക മുഖ്യ അജണ്ട. സോഷ്യൽ മീഡിയ ഉപയോഗിച്ച് സാധാരണക്കാരെ ഈ വിഷയത്തിൽ ബോധവൽക്കരിക്കണമെന്നും അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽറെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്ത് സഹായിക്കണമെന്നും ജോർജ് ജോസഫ് സാർ എല്ലാവരെയും ഓർമ്മപ്പെടുത്തുകയുമുണ്ടായി.

പല ഇടവകകളിലും രൂപതകളിലും പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന തട്ടിപ്പിൻറെ പ്രധാന കാരണം ക്രിസ്ത്യൻ സമുദായത്തിൻറെ ഭൗതിക സ്വത്ത് അതിൻറെ യഥാർത്ഥ ഉടമകളായ വിശ്വാസികളാൽ ജനാധിപത്യപരവും സുതാര്യവുമായി ഭരിക്കപ്പെടുന്നില്ലന്നുള്ളതാണ്. ഈ സാഹചര്യത്തിൽ ചർച്ച് ആക്‌ടിൻറെ അനിവാര്യതയെ മനസ്സിലാക്കിയതുകൊണ്ടാണ് 'ചർച്ച് ആക്‌ട്‌ നടപ്പിലാക്കുക' എന്ന മുദ്രാവാക്യത്തോടെ മെയ് 22, 2018 -ൽ അഖില കേരള ചർച്ച്‌ ആക്ട് ആക്ഷൻ കൌൺസിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനജാഥയിലും ധർണയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തെന്നും പരിപാടി വൻ വിജയമായിരുന്നെന്നും ജോർജ് ജോസഫ് സാർ സെക്രട്ടേറിയറ്റ് മാർച്ചിനെ വിലയിരുത്തി. കൂടാതെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രണ്ടുപ്രാവശ്യം നേരിൽകണ്ട് മെമ്മോറാണ്ടം നല്‌കിയെന്നും പറയുകയുണ്ടായി.

വിഷയാവതരണത്തിനുശേഷം ദീർഘമായ ചോദ്യോത്തരചർച്ച നടക്കുകയുണ്ടായി.

വേനൽക്കാലമായതിനാൽ എല്ലാവരും വളരെ തിരക്കിലാണല്ലോ. അതുകൊണ്ട് വേറൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ KCRM-North-
America സംഘടിപ്പിക്കുന്ന ടെലികോൺഫറൻസ്‌ താൽക്കാലികമായി നിർത്തുന്നു എന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു

ചാക്കോ കളരിക്കൽ
Anyone with the link can view and edit