Translate

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, July 24, 2015

നമ്മുടെ ലോകം

എന്റേത് നമ്മുടേത്‌ ആകാതെ മനുഷകുലത്ത്തിനു ഭാവിയില്ല. എന്റേത് എന്ന ചിന്ത മനുഷവ്യക്തികള്‍ക്ക് മാത്രം സാധ്യമായ ഒന്നാണ്. അതിന്റെ അതിപ്രസരമാണ് ഏത്‌ സംസ്കാരത്തെയും കാപട്യത്തിലൂടെയും ധനാര്‍ത്തിയിലൂടെയും ശിഥിലമാക്കിക്കളയുന്നത്. നമ്മുടെ രാഷ്ട്രത്തെ ഇന്നഭിമുഖീകരിക്കുന്ന വിഭ്രാന്തിയും മറ്റൊന്നല്ലല്ലോ.

വ്യക്തിബോധമുദിക്കാത്ത മനുഷ്യരുടെ കൂട്ടായ്മയായിരുന്നു ആദിസമൂഹങ്ങള്‍. ഇന്നും മിക്ക ആദിവാസി സമൂഹങ്ങളിലും ഈ സ്വഭാവം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് അവരുടെയിടയില്‍ തനതുസമ്പത്ത് എന്നൊന്നില്ലാത്തത്. അവര്‍ക്ക് എല്ലാം പൊതുസ്വത്താണ്. വ്യക്തിക്ക് കേവല മൂല്യവത്ത ആവശ്യമില്ലാത്ത ഈ അവസ്ഥ ഒരു കുറവല്ല, മറിച്ച് ഒരു നേട്ടമായിത്തീരാമെന്നു ഇന്നത്തെ ധനാര്‍ത്തിയുടെ ദൂഷിതവലയങ്ങളില്‍പെട്ട് നട്ടംതിരിയുന്ന നമുക്ക് മനസിലാകേണ്ടിയിരിക്കുന്നു. അതുപോലെ, യുക്തിസഹമായി ചിന്തിച്ചാല്‍, നമുക്ക് വീണ്ടും മനസിലാക്കാം, എവിടെ വ്യക്തിയുടെ ചിരന്തനമൂല്യം ഒരു വിഷയമല്ലാതായിത്തീരുന്നുവൊ, അവിടെ സര്‍വജനീന സ്നേഹവും സര്‍വാശ്ലേഷിയായ മനുഷ്യത്ത്വവും സാധ്യമാകുന്നുവെന്ന്.

പരിഷ്കാരമെന്നത് വ്യക്തിവികാസത്തിന്റെ കഥയാണ്‌. എല്ലാ ഈഗോയിസവും വഞ്ചനയും കവര്‍ച്ചയും ഞാനെന്ന തോന്നലില്‍ ഉടലെടുക്കുന്നു. മൌനത്തില്‍ ലയിച്ചിരുന്ന ഒരു സൂഫിഗുരുവിന്റെയടുത്ത് ഒരാളോടിവന്നു പറഞ്ഞു: 'ഒരു കുരങ്ങനതാ ഒരു കറാരയുമായി വരുന്നു, എന്തേലും ചെയ്യണം, വേഗം!' 'പേടിക്കേണ്ടാ, അതൊരു പരിഷ്കൃത മനുഷ്യനല്ലാത്തിടത്തോളം.' ഗുരു ശാന്തനായി പറഞ്ഞു.
(പി. എന്‍. ദാസിന്റെ കൃതിയില്‍ നിന്ന്)

പ്രയോഗികാര്‍ത്ഥത്തില്‍ മാനുഷികമായ വികാസത്തിന് വ്യക്തിബോധം കാതലായി ഒന്നും സംഭാവന ചെയ്യുന്നില്ല. വ്യക്തിബോധം വരുത്തിവച്ചത്, നേരേമറിച്ച്, വിനയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാലംചെല്ലുന്തോറും, മനുഷ്യരുടെയിടയില്‍ മുമ്പൊരിക്കലുമുണ്ടാകാത്തത്ര ഭീകരതയും ഹിംസയും എവിടെയും കൂടിവരുന്നു. എന്റേത്, ഞങ്ങളുടേത് എന്ന ബോധമാണിതിനു പിന്നില്‍. അതിനു പകരം നമ്മുടേത്‌ എന്ന് ചിന്തിക്കാന്‍ പഠിക്കാതെ മുന്നോട്ടുപോകാന്‍ ഇനി സാധ്യമല്ല എന്ന നിലയിലെത്തിനില്‍ക്കുന്നു, നമ്മള്‍. കാലാകാലങ്ങളില്‍ ഉദിച്ചുയര്‍ന്ന മതങ്ങളെല്ലാം ശ്രമിച്ചത് സാഹോദര്യം സമത്വം തുടങ്ങിയ ഉദാത്താശയങ്ങള്‍ വ്യക്തികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാനാണ്. എന്നാല്‍ ഇവയൊക്കെ വ്യക്തിമനസ്സിന്റെ ഉപരിതലത്തെ മാത്രമെ സ്പര്‍ശിച്ചുള്ളൂ. ആന്തരികതലത്തിലെ അഗാധതയിലേക്കു ഇവ വേരിറക്കിയില്ല. അതുകൊണ്ടല്ലേ, മതങ്ങളുടെ ശക്തമായ സ്വധീനമുണ്ടായിരുന്ന മൂന്നു മധ്യകാലനൂറ്റാണ്ടുകളില്‍ മതയുദ്ധങ്ങളുടെ രക്തം തളംകെട്ടിയത്. ഇന്നും മതത്തിന്റെ ആചാരാനുനുഷ്ഠാനങ്ങളും ദൈവപ്രീണനങ്ങളും, കേരളത്തിലെ മാര്‍ക്സിസത്തിന്റെ ചെങ്കൊടിയും ജാഥകളും പോലെ, ബാഹ്യചേഷ്ടകള്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു.

മതേതര ദാര്‍ശനികധിഷണയായ മാര്‍ക്സിസം പോലും ഒരിടത്തും മനുഷ്യന്റെ സ്ഥായിയായ രക്ഷക്കുതകിയില്ല. കാരണം, ഇവയുടെ മൂല്യങ്ങള്‍ ഉള്ളിലേക്ക് വേരിറക്കാന്‍, അതിനിടയില്‍ വികസിച്ചു വന്ന വ്യക്തിത്വങ്ങളുടെ കഠിനപ്രതലം അനുവദിച്ചില്ല. സ്വാര്‍ത്ഥതല്പരരായ ഏതാനും വ്യക്തികള്‍ കേരളത്തിലും ബംഗാളിലും ഈ മഹത്വാശയത്തിന്റെ ശവക്കുഴി തോണ്ടിക്കഴിഞ്ഞത് നാം കണ്ടു. ഇന്നുള്ള ഏത്‌ മതസമൂഹത്തെയും പോലെ, മാര്‍ക്സിസവും അപഹാസ്യമായ സംസ്കാരപ്രകടനം മാത്രമായി ശോഷിച്ചുപോയിരിക്കുന്നു.

വ്യക്തിത്വങ്ങളുടെ അതിപ്രസരമാണിതിനെല്ലാം ഉത്തരവാദി. ഉദാഹരണത്തിന്, അമേരിക്ക ഒരു സമുദായമായിട്ടല്ല, ബുഷ്‌ എന്ന ഒരൊറ്റ നികൃഷ്ടന്റെ അഹന്തയിലൂടെയാണ് അതുല്ല്യസംസ്കാരങ്ങളായ അഫ്ഗാനിസ്ഥാന്റെയും ഇറാക്കിന്റെയും നശീകരണത്തിനു കാരണമായി ഭവിച്ചത്. അധികാരം, അതിന്റെ ഏത്‌ ഭാവത്തിലും, അശ്ലീലവും അധമവുമാണ്. കാരണം, അതിലൂടെ സമൂഹം വ്യക്തിക്ക് കീഴ്പ്പെടേണ്ടിവരുന്നു.

പൊതുവുടമസമ്പ്രദായം നിലനില്‍ക്കുകയും സമൂഹത്തിലെ മുതിര്‍ന്നവര്‍ പരസ്പരധാരണയുടെ ബലത്തില്‍ പൊതുപ്രശ്നങ്ങള്‍ക്ക് തീര്‍പ്കല്‍പ്പിക്കുകയും ചെയ്തുപോന്ന പുരാവര്‍ഗ്ഗവ്യവസ്ഥയില്‍ മാത്രമാണ് സമഭാവന ഒരളവുവരെയെങ്കിലും സാക്ഷാത്കരിക്കപ്പെട്ടത്. എന്നാല്‍, സംസ്കാരമെന്ന മാനവവികൃതി പുരാവര്‍ഗ്ഗങ്ങളെ നശിപ്പിക്കുകയും തല്‍സ്ഥാനത്ത് ഭിന്നിപ്പിക്കുന്ന വേര്‍തിരിവുകള്‍ വളര്‍ത്തുകയും ചെയ്തു. സമൂഹത്തിന്റെ ആകെ മുക്തിയെന്നത് കയ്യൂക്കുള്ളവന്റെ മാത്രം മുക്തിയായി തരംതാണുപോകുന്നതിന് ഇന്നത്തെ ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും ആവോളം ഉദാഹരണങ്ങളുണ്ടല്ലോ.

നമ്മുടെ ഓരോ അണക്കെട്ടും ഇപ്പറഞ്ഞതിനു സാക്ഷിയാണ്. വന്‍ അണക്കെട്ടുകള്‍ക്ക് വേണ്ടിമാത്രം ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്! അതില്‍ നല്ലപങ്കും ആദിവാസികള്‍. ഛത്തിസ്‌ഘട്ട്, ജാര്ഖണ്ട്‌, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിവിധ വിദേശ കുത്തകകമ്പനികള്‍ക്കായി രാജ്യത്തെ വില്കുന്ന ഭരണകൂടം ചെയ്യുന്നത്  പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് പിരിച്ചു കൊല്ലുക എന്നതിലുപരി പട്ടിണിപ്പാവങ്ങളെ അകാലമൃത്യുവിലേക്ക് തള്ളിവിടുകയാണ്‌.

എക്കാലത്തെയും മതങ്ങളില്‍ രക്ഷയെന്നത് വ്യക്തിയുടെ അന്വേഷണവും നേട്ടവുമായി കരുതപ്പെട്ടുപോന്നു. ദൈവസങ്കല്‍പം പോലും മാനുഷികമായ വികാരങ്ങളും ചേഷ്ടകളും സാദ്ധ്യമായ ഒരു വ്യക്തിയെന്ന ധാരണയിലേക്ക് മിക്ക മതങ്ങളും ഒതുക്കിക്കളഞ്ഞു. ഐശ്വരയുഗം അല്ലെങ്കില്‍ ദൈവരാജ്യം എന്ന സങ്കല്പത്തിലൂടെ യേശു ഉയര്‍ത്തിക്കാട്ടിയത് ഒറ്റപ്പെട്ട വ്യക്തികളുടെ മോക്ഷമല്ല, മറിച്ച്, മനുഷ്യവംശത്തിന്റെയാകെ അനുസന്ധാനമായിരുന്നു. എന്നിട്ടും, വ്യഷ്ടി സമഷ്ടിക്കും സമഷ്ടി വ്യഷ്ടിക്കും ബലിയര്‍പ്പിക്കപ്പെടുന്നയനുഭവമാണ് ക്രിസ്തുമതത്തിന്റെ ചരിത്രത്തിലുടനീളം കണ്ടിട്ടുള്ളതും ഇന്നും കാണുന്നതും.

യഹൂദ-ക്രൈസ്തവ പാരമ്പര്യമാണ് ഇന്ന് നാം നേരിടുന്ന പരിസ്ഥിതി വിനാശത്തിന് വിത്തുവിതച്ചത് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത്. ഉത്പത്തിയുടെ പുസ്തകത്തിലെ സൃഷ്ടിപുരാണം തൊട്ട് തുടങ്ങുന്നു ഈ കഥ. പെറ്റുപെരുകി ഭൂമി നിറഞ്ഞ്‌, അതിനെ കീഴടക്കി സകലത്തിന്റെയുംമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നാണുപോലും യഹോവ മനുഷ്യനോടു കല്പിച്ചത്! എല്ലാ ജീവൻറെയും അമ്മയും അസ്തിത്വാടിസ്ഥാനവുമായ പ്രകൃതിയോടുള്ള ഈ കലാപനിലപാടാണ് ശാസ്ത്രസാങ്കേതിക വിദ്യകള്‍ പ്രതിനിധാനം ചെയ്യുന്ന ഏത്‌ സംസ്കാരത്തിന്റെയും ഉള്‍ക്കാമ്പ്. പ്രകൃതിയെ മാത്രമല്ല, മറ്റു മനുഷ്യരെയും കീഴടക്കുകയാണ് ഇന്ന് പണംകൊണ്ട് ശക്തരായ ഏവരും ലക്ഷ്യംവയ്ക്കുന്നത്. പ്രത്യേകിച്ച്, വെള്ളക്കാര്‍ക്കു സ്വാധീനമുള്ള അന്യനാടുകളിലെല്ലാം ഒന്നാന്തരം പകല്‍ക്കൊള്ളയാണ് നടക്കുന്നത്. മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെന്നപോലെ, ഇന്ത്യയിലും പണക്കാരുടെ പ്രീതിക്കായി ഇതുതന്നെയല്ലേ സർക്കാർ പാവങ്ങളോട് ചെയ്യുന്നത്?

മനുഷ്യനും ദൈവത്തിനും ചേരാത്ത വിശുദ്ധലിഖിതങ്ങളുടെ വിശുദ്ധിയെ ചോദ്യംചെയ്യേണ്ട കാലം പണ്ടേ കഴിഞ്ഞു. മനുഷ്യനെയും അവന്റെ ഈശ്വരനെയും പ്രകൃതിയുടെ ഭാഗമായി, പ്രകൃതി തന്നെയായി, കാണാന്‍ പഠിക്കാതെ ഈ തെറ്റ് തിരുത്താനാവില്ല എന്ന് പോപ്‌ ഫ്രാൻസിസ് നമ്മെ ഓർമിപ്പിക്കുന്നു. ജീവിക്കാനാണ്, ലാഭമുണ്ടാക്കാനല്ല മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കേണ്ടത്. "ഞാന്‍ നിന്നില്‍നിന്നു ഖനനം ചെയ്തെടുക്കുന്നത്‌ വീണ്ടും നിറഞ്ഞ്‌ കുമിയട്ടെ. നിരാമയത്വം തരുന്നവളേ, ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ മര്‍മ്മബിന്ദുക്കളോളം, നിന്റെ ഹൃദയത്തോളം, എത്താതിരിക്കട്ടെ." എന്ന അഥര്‍വവേദസൂക്തം പ്രകൃതിയും മനുഷ്യനുമായുള്ള പരിശുദ്ധമായ ബന്ധത്തെ കൃത്യമായി സൂചിപ്പിക്കുന്നു. സ്ത്രീപുരുഷബന്ധം പോലെ പരസ്പരപൂരകവും, പരസ്പരപോഷകവുമായിരിക്കണം അത്.

ചുരുക്കി പറഞ്ഞാല്‍, എന്റേത് എന്നതിന് പകരം, നമ്മള്‍, നമ്മുടേത്‌ എന്ന ബോധ്യം മനുഷ്യരെ തമ്മില്ത്തമ്മിലും മനുഷ്യരെയും പ്രകൃതിയിലുള്ള എല്ലാറ്റിനെയും തമ്മിലും ബന്ധിപ്പിക്കാതെ, നമുക്ക് അതിജീവനം അസാദ്ധ്യമാണ്. ഇങ്ങനെയൊരു തിരുത്തിലൂടെയുള്ള പൂര്‍ത്തീകരണം ക്രൈസ്തവപാരമ്പര്യത്തിനും അനിവാര്യമാണ്. ഫ്രാന്‍സിസ് അസ്സീസി, മൈസ്റ്റര്‍ എക്ഹാര്‍ട്ട്, തെയ്യാര്‍ ദ് ഷര്‍ദാന്ഗ് തുടങ്ങിയവര്‍ ഈ കാഴ്ചപ്പാടിന്റെ ഉപജ്ഞാതാക്കളായിരുന്നു.

ഇങ്ങനെയൊരു മതസംസ്കൃതി രൂപംകൊള്ളണമെങ്കില്‍, മനുഷ്യവ്യക്തിത്വത്തെ മാത്രമല്ല അമിതപ്രാധാന്യത്തില്‍ നിന്നു വിമുക്തമാക്കേണ്ടത്; ഈശ്വരസങ്കല്പവും ഇന്ന് വ്യാപകമായിതീര്‍ന്നിട്ടുള്ളതിതില്‍ നിന്ന് വ്യത്യസ്തമാകണം. അതായത്, മനുഷ്യനും പ്രകൃതിക്കും മേലേയെവിടെയോ വാഴുന്ന ഒരു വിശ്വവ്യക്തിയായി ഈശ്വരനെ കാണുന്നതിനു പകരം എല്ലാ അസ്തിത്വത്തിന്റെയും ആഴവും ചൈതന്യവുമായി ആ ശക്തിയെ കാണാന്‍ നമുക്ക് കഴിയണം. ദൈവം എന്ന വാക്ക് പോലും ഇന്ന് ബാലിശമായ സങ്കല്‍പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു - നമ്മുടെയെല്ലാ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങളിലും വെറും പുകഴ്ത്തലുകളിലൂടെയും യാചനകളിലൂടെയും പാട്ടിലാക്കാവുന്ന ഒരപ്പൂപ്പന്‍ എന്ന മട്ടില്‍. ഈ കാഴ്ചപ്പാട് വളര്‍ത്തുന്നതില്‍ യേശുവിന്റേതായി കുറിക്കപ്പെട്ടിട്ടുള്ള ചില വചനങ്ങളും പങ്കുവഹിച്ചിട്ടുണ്ട്‌. "സ്വര്‍ഗസ്ഥനായ പിതാവ്" എന്ന സംജ്ഞക്ക് വ്യക്തിത്വത്തിലൂന്നിയ ചില പരിമിതികളുണ്ട്. അതു ദൈവത്തെ മനുഷ്യസമാനനാക്കുന്നു. കൂടാതെ, അതു ദൈവതത്തെ പ്രകൃതിയില്‍നിന്നു വേര്‍തിരിക്കയും ചെയ്യുന്നു. ഇതിനെല്ലാമുപരി, പിതാവ്, പുത്രന്‍, പരിശുദ്ധാരൂപി എന്ന കടിച്ചാല്‍ പൊട്ടാത്ത ത്രിത്ത്വൈകസമസ്സ്യയും. അതും പോരാഞ്ഞ്, മൂവര്‍ക്കും പുല്ലിംഗഭാവങ്ങളും ഗുണങ്ങളും! ഇത്തരം ലളിതവത്ക്കരണങ്ങളില്‍ മുറുകെപ്പിടിക്കുന്നവരാണ് എല്ലാ വചനപ്രഘോഷകരും. ഈ തെറ്റിധാരണയിൽനിന്ന് മോചനം നേടാന്‍ ഒരു സത്യക്രിസ്ത്യാനിക്കും സാധ്യമല്ലതന്നെ. കാരണം, ഇതെല്ലാം പക്വതയെത്താത്ത ചെറുപ്രായം മുതല്‍ തന്നെ അബോധമനസ്സിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിശ്വാസപ്രമാണങ്ങളുടെ കാതലില്‍ പെടുന്നു. അന്ധമായ ഇത്തരം മാനസികാടിമത്തം ചിലതരം വികാരപ്രീണനങ്ങള്‍ക്ക് ഉപകരിക്കുമെങ്കിലും, വൈയക്തികമായതൊന്നും അനന്തബോധവുമായി ഉള്‍ചേര്‍ന്ന്പോകാന്‍ പക്വമായ യുക്തിയനുവദിക്കുകയില്ല. അതുപോലെതന്നെ, എത്ര ശ്രമിച്ചാലും, മനുഷ്യാവതാരമെന്ന സൂത്രപ്പണി സര്‍വാസ്തിത്വത്തിന്റെയും കാതലായ ദൈവതവുമായി കൂട്ടിച്ചേര്‍ക്കുക തീര്‍ത്തും ബാലിശം തന്നെയെന്നു പറയേണ്ടിവരും. ദൈവത്തില്‍നിന്നു വേര്‍പെട്ടുനില്‍ക്കുന്ന ഒരു പ്രകൃതിയില്‍ അവള്‍ക്കെതിരെ പോരാടുന്ന മനുഷ്യന്റെ വ്യക്തിജന്യമായ ഭയപ്പാടുകളാണ് ദൈവാവതാരങ്ങളുടെ ആവശ്യമനുഭവപ്പെടുത്തുന്നത്. എല്ലാം നമ്മെ ഉള്‍ക്കൊള്ളുകയും നാം എല്ലാറ്റിന്റെയും ഭാഗമെന്ന അനുഭവമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് സമഗ്രമായ ഒരുദ്ഗ്രഹണത്തിന്റെ പാതയില്‍ നാം എത്തിച്ചേരുക.

Saturday, February 14, 2015

വൈദികര്‍, കന്യാസ്ത്രികള്‍ കളം വിട്ടു പോരുന്നവര്‍


മുഖക്കുറി - ജോര്‍ജ്ജ് മൂലെച്ചാലില്‍

(ചീഫ് എഡിറ്റര്‍ സത്യജ്വാല)

സത്യജ്വാല ഫെബ്രുവരി ലക്കം ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

ആദിമസഭയിൽ വൈദികരോ കന്യാസ്ത്രീകളോ ഉണ്ടായിരുന്നില്ല. ക്രൈസ്തവസമൂഹത്തിൽ അന്നുണ്ടായിരുന്നത് വചനപ്രഘോഷകരും സഭാശുശ്രൂഷകരുമായിരുന്നു (അപ്പോ.പ്രവ.6:1-6). സാധാരണജീവിതം നയിച്ചുകൊണ്ടുതന്നെ വചനപ്രഘോഷകർ സഭയിൽ ആദ്ധ്യാത്മികശുശ്രൂഷയും, സഭാശുശ്രൂഷകർ സഭയ്ക്കാവശ്യമായ ഭൗതികശുശ്രൂഷയും നിർവ്വഹിച്ചുപോന്നു. അത്മായരെന്ന ഒരു വിഭാഗവും അന്നുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്, 'തിരഞ്ഞെടുക്കപ്പെട്ട വർഗ്ഗം'  'രാജകീയ പുരോഹിതഗണം', 'വിശുദ്ധജനത', 'ദൈവത്തിന്‍റെ  സ്വന്തം ജനംഎന്നിങ്ങനെ ഏറ്റവും മഹനീയനാമങ്ങൾകൊണ്ട് പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ച (1 പത്രോ.2:9)ദൈവജനമായിരുന്നു.

മറ്റൊരു ആദിമസഭയായ ഭാരതനസ്രാണിസഭയിലും അത്മായരോ വൈദികരോ കന്യാസ്ത്രീകളോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് 'ഇണങ്ങർ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദൈവജനവും, അവരുടെ ആദ്ധ്യാത്മികശുശ്രൂഷയ്ക്കായി അവർതന്നെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ചെടുക്കുന്ന കത്തനാരന്മാരും, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകർതൃത്വത്തിനായി കാലാകാലങ്ങളിൽ തിരഞ്ഞെടുത്തു നിയോഗിക്കുന്ന പള്ളിയോഗാംഗങ്ങളുമായിരുന്നു. ഈ എല്ലാ വിഭാഗങ്ങളും സാധാരണജീവിതം നയിച്ചുകൊണ്ടുതന്നെ തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചുപോന്നു.

ബൈബിളിൽ പരാമർശിച്ചിട്ടുള്ള ആദിമസഭ എ.ഡി. 312-ൽ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈനിന്‍റെ  മാനസാന്തരത്തോടെ അവസാനിച്ചു. റോമൻ കൊളോണിയലിസം അടിച്ചേൽപ്പിക്കാൻ പോർട്ടുഗീസ് മെത്രാപ്പോലീത്താ ഡോം മെനേസിസ്, രാഷ്ട്രീയ-സൈനിക-പിൻബലത്തോടെ കേരളത്തിൽ നടത്തിയ 1599-ലെ ഉദയംപേരൂർ സൂനഹദോസിലൂടെ ഭാരതനസ്രാണിസഭയും ഊർദ്ധ്വൻ വലിച്ചു.

ഇപ്പോൾ എല്ലായിടത്തുമുള്ളത്, യേശു അരുതെന്നു വിലക്കിയ (മത്താ 20:2528, മർക്കോ. 9:35; 10:42-45; ലൂക്കോ. 22:24-27; യോഹ. 13:13-17) വിജാതീയ അധികാരക്കമ്മട്ടത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി വാർത്തെടുത്ത് യേശുവിന്‍റെ പേരുകൊണ്ടു വെള്ളപൂശിയ റോമൻനിർമ്മിത (Made in Rome) സഭയാണ്. ഈ നിർമ്മിതസഭയിൽ ഇന്നു കാണുന്ന സകലതും ആ കമ്മട്ടത്തിൽത്തന്നെ കൃത്രിമമായി നിർമ്മിക്കപ്പെട്ടവയാണ്. അങ്ങനെ നിർമ്മിക്കപ്പെട്ട പലതിൽ ഒന്നുമാത്രമാണ്, നാലാം നൂറ്റാണ്ടിലാരംഭിച്ച്, എ.ഡി 500-ൽ പ്രത്യേക വസ്ത്രമുടുപ്പിച്ച്, എ.ഡി. 1079-ൽ വിവാഹനിരോധനത്തിലൂടെ ഷണ്ഡന്മാരാക്കി, കത്തോലിക്കാസഭ അവതരിപ്പിച്ച പൗരോഹിത്യം. ഇത്തരമൊരു പൗരോഹിത്യത്തിനനുകൂലമായി യേശു ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല എന്നതിൽനിന്നുതന്നെ, ഇന്നു കാണപ്പെടുന്ന കത്തോലിക്കാ പൗരോഹിത്യം യേശു വിഭാവനംചെയ്തതോ സഭയ്ക്ക് ആവശ്യമുള്ളതോ അല്ലെന്നു മനസ്സിലാക്കാം. ഒന്നര സഹസ്രാബ്ദത്തിലേറെയായി എത്രയോ തലമുറകളിലെ എത്രയോ ലക്ഷം മനുഷ്യജന്മങ്ങൾക്കാണ് അവർക്കവകാശപ്പെട്ട സ്വാഭാവികജീവിതം ഈ സംവിധാനം നിഷേധിച്ചത് എന്നോർത്തു നോക്കുക. മനുഷ്യനെ മയക്കുന്ന ഒരു തരം ദൈവികപരിവേഷത്തിൽ അത് ഇന്നും ശക്തിയാർജ്ജിച്ചുനിൽക്കുന്നു എന്ന വസ്തുതയും കാണുക.

ഇതെല്ലാം മനസ്സിലാക്കി പൗരോഹിത്യത്തെ നിഷേധിച്ചു ജീവിക്കുന്നവർ ക്രൈസ്തവസമൂഹത്തിൽ വളരെയുണ്ട്. ഇക്കാരണംകൊണ്ടുതന്നെ പള്ളികളിൽനിന്നും സഭയിൽനിന്നും മാറിനിൽക്കുന്നവരും വിട്ടുപോകുന്നവരും വളരെയാണ്. പക്ഷേ, അതുകൊണ്ടുമാത്രം ഒരു മാറ്റവും സംഭവിക്കുന്നില്ല. മനുഷ്യന്‍റെ ആദ്ധ്യാത്മികവളർച്ചയ്ക്കു തടസ്സംസൃഷ്ടിച്ചുകൊണ്ട് പൗരോഹിത്യം ഓരോ മനുഷ്യനെയും മുഴുവൻ ലോകത്തെയും ചൂഴ്ന്നുനിൽക്കുന്നു എന്ന യാഥാർത്ഥ്യബോധത്തോടെയുള്ള സൃഷ്ടിപരവും പ്രതിരോധാത്മകവുമായുള്ള പ്രവർത്തനങ്ങളാണ് ഇന്നാവശ്യമായിരിക്കുന്നത്. ഇതിൽ ആത്യന്തികമായിട്ടുള്ളത്, മതത്തെയും മതദർശനങ്ങളെയും പൗരോഹിത്യത്തിൽനിന്നു മോചിപ്പിച്ച് ആദ്ധ്യാത്മികാചാര്യന്മാരെ ഏല്പിക്കുക എന്നതാണ്. ഈ ആത്യന്തികലക്ഷ്യത്തിൽ ദൃഷ്ടിപതിപ്പിച്ചുകൊണ്ടുതന്നെ അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യം, പൗരോഹിത്യസമ്പ്രദായത്തിനിരകളാകുന്ന മനുഷ്യരെ രക്ഷിക്കാനുള്ള സംഘടിതശ്രമങ്ങൾക്കു തുടക്കംകുറിക്കുക എന്നതാണ്.

പൗരോഹിത്യസമ്പ്രദായത്തിന്‍റെ മുഖ്യ ഇരകൾ, മുമ്പു സൂചിപ്പിച്ചതുപോലെ, സ്വാഭാവികജീവിതം നിഷേധിക്കപ്പെട്ട പുരോഹിതർതന്നെയാണ്. എല്ലാ സന്ന്യാസിനീ-സന്ന്യാസികളും ആ ഗണത്തിൽപ്പെടുന്നു. മനുഷ്യസാധാരണമായ ഒരു ജീവിതം നിഷേധിക്കപ്പെട്ട് പുരോഹിത-സന്ന്യസ്താന്തസുകളിൽ ജീവിക്കേണ്ടിവരുന്ന ഇവർ തികച്ചും അക്രൈസ്തവമായ ഒരു സഭാസംവിധാനത്തിന്‍റെ ഇരകൾ മാത്രമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു മനസ്സിലാക്കൽ (understanding) ഉണ്ടാകുന്നപക്ഷം, ഈ വിഭാഗങ്ങളിലുള്ളവരോട് വലുതായ ഒരു അനുകമ്പ ആരുടെമനസ്സിലും കിനിയാതിരിക്കില്ല. സഭാധികാരഘടനയോടു ചേർന്നുനിന്ന് വിശ്വാസിസമൂഹത്തെ വർഗ്ഗാടിസ്ഥാനത്തിൽ അടിച്ചൊതുക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്നവരാണിവരിലേറെയും എന്ന അനുഭവമുള്ളവരിൽ ഉയർന്നുനിന്നേക്കാവുന്ന അമർഷത്തിന്‍റെ ജ്വാലകൾപോലും, പച്ചയായ മനുഷ്യജീവിതത്തിന്‍റെ അനുഭവാനുഭൂതികൾ നഷ്ടമായ അവരുടെ ജീവിതത്തെയോർത്തുള്ള നെടുവീർപ്പിൽ അമർന്നടങ്ങാനാണിട. ഓർത്തുനോക്കിയാൽ, അത്രയ്ക്കും ദൈന്യവും ഊഷരവുമാണ് ഓരോ വൈദികന്‍റെയും കന്യാസ്ത്രീയുടെയും ജീവിതം. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയും മെരുക്കലിലൂടെയും സ്വതന്ത്രചിന്തയും തനതു വ്യക്തിത്വവും നഷ്ടമാകുന്ന ഭൂരിപക്ഷം യാഥാസ്ഥിതിക പുരോഹിതർക്കും കന്യാസ്ത്രീകൾക്കും, ഒരുപക്ഷേ, ഇതു മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ദൈവവിളിക്കനുസൃതമായ ഒരു മഹത്ജീവിതമാണ് തങ്ങൾ നയിച്ചുകൊണ്ടിരിക്കുന്നത് എന്ന വിശ്വാസം മരിക്കുവോളം അവർ പുലർത്തിയേക്കാംതാനും.

എന്നാൽ, പള്ളിയിൽനിന്നുള്ള മണിമുഴക്കംമുതൽ, ധൂമക്കുറ്റിയിൽനിന്നുയരുന്ന കുന്തിരിക്കപ്പുകയുടെ അലൗകികമെന്നുതോന്നിക്കുന്ന പരിമളവും പാട്ടുകളുടെ ഇമ്പവും, മുത്തുക്കുടകളും മെഴുകുതിരിനാളങ്ങളും പുരോഹിതരുടെ സ്വർണ്ണവർണ്ണാങ്കിതമായ അങ്കിവസ്ത്രങ്ങളും അൾത്താരയും അരുളിക്കയും ആശീർവ്വാദവും, പശ്ചാത്തലത്തിൽ പറന്നു നിൽക്കുന്ന മാലാഖമാരും പെരുന്നാളും പ്രദക്ഷിണവും, പ്രദക്ഷിണമദ്ധ്യേ 'ദൈവഭയ'മുണർത്തി മുട്ടുകുത്തിക്കുന്ന എരിപൊരി മാലപ്പടക്ക-ഗുണ്ടുപ്രയോഗവുമെല്ലാം ചേർന്ന് ബാല-കൗമാര മനസ്സുകളിലുണർത്തുന്ന വിഭ്രാന്തമായ വ്യാജഭക്തിയിൽനിന്നുറവെടുത്തതായിരുന്നു തങ്ങളുടെ 'ദൈവവിളി' എന്ന് കാലംതെറ്റിയാണെങ്കിലും മനസ്സിലാക്കുന്നവരുടെ എണ്ണം ഇന്നു ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. പക്ഷേ, അവരിൽത്തന്നെ മഹാഭൂരിപക്ഷവും ജീവിതസുരക്ഷിതത്വത്തെയോർത്തുള്ള ആപത്ശങ്കയിൽ തങ്ങൾ അകപ്പെട്ടുപോയ ജീവിതാന്തസുകളിൽ എങ്ങനെയെങ്കിലുമൊക്കെ പൊരുത്തപ്പെടാൻ ശ്രമിച്ച് അസ്വസ്ഥജീവിതമാണു നയിച്ചുപോരുന്നത്. അവരിൽ പ്രതിഭാധനരായ ചിലർ സഭയ്ക്ക് എതിർപ്പുണ്ടാവില്ല എന്നുറപ്പുള്ളതും തങ്ങളുടെ അഭിരുചിക്കു ചേരുന്നതുമായ ഏതെങ്കിലും പ്രവർത്തനമേഖല കണ്ടെത്തി തങ്ങളുടെ ജീവിതത്തിന് അർത്ഥംനൽകാൻ ശ്രമിക്കുന്നു. ലോകത്തിൽനിന്നു മുഖംതിരിച്ച് തീർത്തും അന്തർമുഖരായി ഏകാന്തജീവിതം നയിക്കുന്ന ചുരുക്കം ചിലർ വേറെയുമുണ്ട്.  വളരെ കുറച്ചുപേർമാത്രം, ''ഈ ഇരട്ടമുഖജീവിതം അവസാനിപ്പിക്കൂകൈമോശം വന്ന സ്വാഭാവികജീവിതം തിരിച്ചുപിടിക്കൂ''എന്ന തങ്ങളിലെ ദൈവികസ്വരത്തിനു കാതുകൊടുക്കുന്നു. എങ്കിലും അവർക്ക്, വൈദിക-കന്യാസ്ത്രീജീവിതാന്തസുകൾ പ്രദാനംചെയ്യുന്ന ബഹുമാന്യതയും സാമൂഹികാന്തസ്സും ഭൗതികസുരക്ഷിതത്വവും ഒരുവശത്തും, സ്വന്തം കുടുംബത്തിന്‍റെയും സമുദായത്തിന്‍റെയും സഭയുടെയും തിരസ്‌കാരവും അവജ്ഞയും സാമ്പത്തികസുരക്ഷിതത്വമില്ലായ്മയും മറുവശത്തും കാണാതിരിക്കാനാവില്ല. തന്മൂലം, സംഘർഷത്തിന്‍റെതായ വലിയ വേലിയേറ്റങ്ങൾക്ക് അവർ വിധേയരാകുന്നു. വളരെ നാളുകളിലെ പ്രാർത്ഥനയ്ക്കും മൗനമുദ്രിതമായ ധ്യാനത്തിനും മനനത്തിനുമൊടുവിൽ മാത്രമേ, ഈ യഥാർത്ഥ ദൈവവിളിക്കു സ്വന്തം ജീവിതംകൊണ്ടു മറുപടി പറയാൻ അവർക്കാകൂ. അങ്ങനെ കടുത്ത തീരുമാനം സുചിന്തിതമായെടുത്ത സാഹസികരാണ് പൊതുവെ കളംവിട്ടു പുറത്തുപോരുന്ന വൈദികരും കന്യാസ്ത്രീകളും എന്നു നാം കാണേണ്ടതുണ്ട്. അതിന്‍റെതായ ആദരവും അംഗീകാരവും പിന്തുണയും അവർക്കു നൽകേണ്ടതുമുണ്ട്.

ഇന്നു സ്ഥിതി നേരെ മറിച്ചാണെന്ന് എല്ലാവർക്കും അറിയാം. അംഗീകാരത്തിനുപകരം അവഗണനയും, ആദരവിനു പകരം അവജ്ഞയുമാണ് അവർക്കു സ്വന്തം സഭയിൽനിന്നും സമുദായത്തിൽനിന്നും വീട്ടുകാരിൽ നിന്നും നാട്ടുകാരിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തിനു പേരുദോഷമുണ്ടാക്കിയ ആൾ എന്നപോലെ സ്വന്തം വീട്ടുകാരും, ഒരു പരസ്യപാപി എന്നപോലെ സ്വന്തം സമുദായവും, അവരെ കാണുകയും കൈയൊഴിയുകയും ചെയ്യുന്നു. പ്രതിജ്ഞ ലംഘിച്ച് സഭയെ  വഞ്ചിച്ചയാൾ എന്ന നിലയിൽ സഭയും കൈവിടുന്നു. അങ്ങനെ സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലർ ത്താൻ തീരുമാനിച്ചിറങ്ങിയതിന്‍റെ പേരിൽ ഓരോ വൈദികനും കന്യാസ്ത്രീയും നാനാവശങ്ങളിൽനിന്നും ഒറ്റപ്പെടുകയാണ്, ക്രൂശിക്കപ്പെടുകയാണ്. അതിനുപുറമേയാണ്, അവർ നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി.

സാധാരണ നിലയിൽ ഓരോരുത്തരുടെയും സാമ്പത്തികജീവിതം ഊന്നിനിൽക്കുന്നത്, സ്വന്തം കുടുംബസ്വത്തിലും ജോലിയിൽനിന്നുള്ള വേതനം, പെൻഷൻ എന്നിവയിലുമാണ്. ഔപചാരിക വിദ്യാഭ്യാസയോഗ്യതയുള്ള ചുരുക്കം ചിലർക്കുമാത്രമേ ജോലി സാധ്യതയുള്ളൂ. ബഹുഭൂരിപക്ഷവും ഒരു വരുമാന മാർഗ്ഗവും മുന്നിൽ കാണാതെയാണു വരുന്നത്. കുടുംബസ്വത്ത്, പലപ്പോഴും അവരെ ഉൾപ്പെടുത്താതെതന്നെ ഭാഗംവച്ചു കഴിഞ്ഞിരിക്കും. കന്യാസ്ത്രീകൾക്കു തീർച്ചയായും ഒരു ഓഹരിയും നീക്കിവച്ചിട്ടുണ്ടാവില്ല. കുടുംബത്തിന് അപമാനമുണ്ടാക്കിയ അംഗമെന്ന നിലയിൽ, മറ്റംഗങ്ങൾ ചേർന്ന് തിരിച്ചുവന്ന വൈദികനെ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടാകും. അല്ലെങ്കിൽ, ഓഹരിയെന്ന നിലയിൽ ഒരു ചെറിയ തുക നൽകി നാട്ടിൽനിന്നുതന്നെ ഒഴിവാക്കാൻ നോക്കും. സ്വന്തം തറവാട്ടുസ്വത്തിൽ ഒരു വീടുവയ്ക്കാനുള്ള സ്ഥലത്തിനുവേണ്ടി വീട്ടുകാർക്കെതിരെ കേസുകൊടുക്കേണ്ടിവന്ന അനുഭവം പല വൈദികർക്കുമുണ്ട്. രണ്ടാമത്തെ കുടുംബമെന്നപോലെ ജീവിക്കുകയും സേവനംചെയ്യുകയും ചെയ്ത സഭയും, പുകഞ്ഞ കൊള്ളി പുറത്ത് എന്ന സമീപനം സ്വീകരിച്ച്, തിരിച്ചുപോരുന്നവരുടെ ഭാവിജീവിതത്തിലുള്ള ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകി പിന്മാറുന്നു. എന്തെങ്കിലും ചോദിച്ചാൽ, പഠിപ്പിച്ചതിന്‍റെയും പരിശീലിപ്പിച്ചതിന്‍റെയും അത്രയും കാലം തീറ്റിപ്പോറ്റിയതിന്‍റെയും തുക തിരിച്ചുചോദിക്കും.

കത്തോലിക്കാസമൂഹത്തിൽ നിലനിൽക്കുന്ന ഈ ദുഷിച്ച സാഹചര്യം അപ്പാടെ മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി, സഭയിലെ ചിന്താശേഷിയും മനുഷ്യത്വവുമുള്ള എല്ലാവരും രംഗത്തിറങ്ങണം. സഭാതലത്തിൽത്തന്നെ അതിനു മുൻകൈയെടുക്കണമെന്നാവശ്യപ്പെടാൻ വിശ്വാസിസമൂഹം തയ്യാറാകണം. വൈദിക-കന്യാസ്ത്രീ ജീവിതാന്തസുകളിൽ തുടരാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ അതു വേണ്ടെന്നുവച്ചു തിരിച്ചുപോരുന്നത് ഒരു തെറ്റല്ലെന്നും, മനഃസാക്ഷിയെ വഞ്ചിച്ച് അതിൽ തുടരുന്നതിനെക്കാൾ കൂടുതൽ ശരി അതാണെന്നുമുള്ള അവബോധം സമൂഹത്തിനു പകരണം. തിരിച്ചുപോന്നാലത്തെ അരക്ഷിതാവസ്ഥ ഭയന്ന് ആവൃതിക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്നവർക്ക് ധൈര്യം പകരുന്ന പുനരധിവാസ ഷെൽട്ടറുകൾ ഉണ്ടാകണം.

ഇതെല്ലാം ലക്ഷ്യംവച്ചാണ് കെ.സി.ആർ.എം. ഈ മാസം 28-ന് കൊച്ചിയിൽ ഇവർക്കുവേണ്ടി ഒരു ദേശീയസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതു വലിയ പ്രതീക്ഷകൾ സമുദായത്തിൽ ഉയർത്തിക്കഴിഞ്ഞു. ഈ സംരംഭത്തിന് ലോകമെമ്പാടും നിന്നുള്ള വിജയാശംസാ പ്രവാഹം അതാണു സൂചിപ്പിക്കുന്നത്. ധാരാളം വൈദികരും കന്യാസ്ത്രീകൾപോലും, പേരു വെളിപ്പെടുത്തരുതെന്നഭ്യർത്ഥിച്ച്, അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും ഈ ഉദ്യമത്തിലുള്ള അവരുടെ പ്രതീക്ഷകളും പങ്കുവച്ചുകൊണ്ടിരിക്കുന്നു.

2015 ഫെബ്രുവരി 28 കേരളാസഭാചരിത്രത്തിൽ ഒരു സുപ്രധാന വഴിത്തിരിവിനു നാന്ദിയാകട്ടെ! അന്നു തുടക്കം കുറിക്കുന്ന ‘KCRM Priests & Ex Priests - Nuns Association’ വൈദികരുടെയും സന്ന്യസ്തരുടെയും തിരിച്ചുപോന്നവരുടെയും ഇനി പോരാനാഗ്രഹിക്കുന്നവരുടെയും ഒരു വലിയ ആശാകേന്ദ്രമായി വളരട്ടെ! ഈ മഹാസംരംഭത്തി‘KCRM Priests & Ex Priests - Nuns Association’ വിജയത്തിനായി സമുദായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാകട്ടെ!

Friday, March 7, 2014

എന്‍റെ വിധി!

ഡോ. റൂപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് എന്ന ഇംഗ്ലിഷുകാരൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി. മോർഫിക് റെസൊണന്‍സ്' എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ കണികയിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും പ്രപഞ്ചമാകെ തത്തുല്യമായ അനുരണനങ്ങള്‍ക്ക് വഴിവെയ്കും എന്നാണദ്ദേഹം സ്ഥാപിച്ചത്. രസതന്ത്രത്തിലെ ‘കാരണവും ഫലവും’ സൂഷ്മമേഖലയിലും അപവാദങ്ങള്‍ക്ക് വിധേയമല്ലായെന്നാണ് അദ്ദേഹം വാദിച്ചത്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ഗ്രഹണസമയങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ, അതിലും ബഹുശതം വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയെ എന്തുമാത്രം സ്വാധീനിക്കുന്നുണ്ടാവും? നവഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും തര്‍ക്കമില്ല. ഒരു മെഴുകുതിരിയുടെ നുറുങ്ങുവെളിച്ചം പ്രപഞ്ചത്തിന്‍റെ അങ്ങേയഗ്രംവരെ എത്തുന്നുവെന്നും നാം കണ്ടെത്തിയില്ലേ?

ഒരിടത്തു നീലക്കുറിഞ്ഞി പൂത്താല്‍ മറ്റുള്ളിടത്തുള്ള നീലക്കുറിഞ്ഞികളും അതേ സമയം തന്നെ  പൂത്തിരിക്കും. ജിവജാലങ്ങള്‍  പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാന്‍  ലോറന്‍സ് ബ്ലെയര്‍, ലയാള്‍ വാട്ട്സൺ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി. ഒറ്റക്കോ കൂട്ടായോ ജീവജാലങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനം അതേ ഗണത്തിലുള്ള എല്ലാ ജീവജാലങ്ങളിലും, അവ എവിടെയായിരുന്നാലും, ഒരേ സമയത്തു സംഭവിക്കുന്നുവെന്നാണ് അവര്‍ തെളിയിച്ചത് (100th Monkey Effect). ഈ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം പച്ചക്കറി തിന്നുപഠിച്ചാല്‍ എല്ലാ സിംഹങ്ങളിലും പച്ചക്കറി തിന്നാനുള്ള ഒരു വാസന ഉണ്ടാകും (Total Consciousness). നിരവധി കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ഈ ഐക്യം നാം കണ്ടിട്ടുള്ളതാണ്. മുന്‍തലമുറ കുട്ടികളുടെ മാനസ്സിക നിലവാരമല്ലല്ലോ പുതുതലമുറക്കുള്ളത് - അതൊരിടത്തു മാത്രമല്ലല്ലോ സംഭവിക്കുന്നതും. ഒരേ സിദ്ധാന്തം അല്ലെങ്കില്‍ ഒരേ ആവിഷ്കാരം പലയിടങ്ങളിലായി ഒരേ സമയത്തു നടന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുമുണ്ട്. മികച്ചയൊരുദാഹരണം, റേഡിയോയുടെ കണ്ടുപിടുത്തം തന്നെ.

ഒരാള്‍ നന്നായാല്‍ അതിന്‍റെ ഫലം എല്ലാവരിലും അനുഭവപ്പെടും എന്നു പറയുന്നതിന്റെ പൊരുളിതാണ്. അതായത്, മറ്റുള്ളവരെ നന്നാക്കാനല്ല നാം സ്വയം നന്നാവാനാണ് ശ്രമിക്കേണ്ടത്. ഏകാന്തതയിലിരുന്നു ധ്യാനിക്കുന്ന താപസ്സന്മാര്‍ എന്ത് സേവനമാണ് ഭൂമിക്കു നല്‍കുന്നതെന്ന ചോദ്യത്തിനും ഇതുത്തരം നല്‍കും. നിശ്ശബ്ദരായ  സാത്വികർ ചെയ്യുന്ന സ്വാധീനം ഒരു വലിയ ജനാവലിയെ എന്നും അഭിമുഖീകരിക്കുന്ന ഒരു പ്രഭാഷകന്റേതിനേക്കാൾ പല മടങ്ങു വലുതാവാം. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ എതിര്‍പ്പുകളെ നേരിട്ട് നവീകരണത്തിന് മുന്‍കൈ എടുക്കുന്നവരും നിരാശപ്പെടേണ്ടതില്ലായെന്നുതന്നെയാണ് ഞാനും പറയുന്നത്. സമയമാകുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അത്ഭുതാവഹമായിരിക്കും. യേശുവിന്‍റെ കാലത്ത്, ആരും സ്വപ്നം കണ്ട കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്നേവരെയുണ്ടായിട്ടുള്ള ഒരു വിപ്ലവവും ഒരു വ്യക്തിയുടെ മാത്രം ഇശ്ചയുടെ ഫലമായിരുന്നില്ലെന്നു കാണുക. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല ഗുണം. ഏതു സാഹചര്യത്തിലും ചെയ്യേണ്ടത്  ചെയ്തുകൊണ്ടേയിരിക്കുക; അതാണ്‌ ഓരോ മനുഷ്യനും അനുവര്‍ത്തിക്കേണ്ട ജീവിതചര്യ.

ആകമാന ബോധതലത്തിന്‍റെ പ്രവര്‍ത്തന സവിശേഷതകളല്ല ഞാന്‍ പറഞ്ഞു വരുന്നത്, പകരം ഒരു കാരണം സൃഷ്ടിക്കപ്പെട്ടാല്‍, അതേതു സാഹചര്യത്തിലായാലും, അതിനൊരു ഫലവും കാണും എന്ന അനിഷേദ്ധ്യ സത്യമാണ്. ഈ കാരണ–ഫല ബന്ധം ഭൌതിക തലത്തില്‍ മാത്രമല്ലുള്ളത്. സൂഷ്മതലത്തിലും അതിസൂഷ്മതലത്തിലുമെല്ലാം ഈ നിയമമുണ്ട് - രൂപിയായാലും അരൂപിയായാലും അതു ബാധകവുമാണ്. ‘വിതക്കുന്നവന്‍ വിതച്ചത് കൊയ്യുമെന്നും’ ‘വാളെടുക്കുന്നവന്‍ വാളാലേ’യെന്നും യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്, നാം സൃഷ്ടിച്ച കാരണങ്ങള്‍ക്ക് തത്തുല്യമായ ഫലവും ഉണ്ടാകുന്നുവെന്ന് തന്നെയാണ്. തിന്മ ചെയ്യുന്നവന് നരകമെന്നും നന്മ ചെയ്യുന്നവന് സ്വര്‍ഗ്ഗമെന്നും പറയുമ്പോള്‍ ഈ നിയമം തന്നെയാണു മതങ്ങളും ആവര്‍ത്തിക്കുന്നത്. പക്ഷേ, കാരണം സൃഷ്ടിക്കുന്നവന്‍ തന്നെ ഫലം അനുഭവിക്കണമെന്നില്ല; മറ്റൊരാള്‍ക്ക് അപരനനുഭവിക്കേണ്ടിയിരിക്കുന്ന ഫലം ഏറ്റെടുക്കാന്‍ കഴിയും. ഫലം കൈമാറല്‍ യേശുവിന്‍റെ ജീവിതത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്; നമ്മുടെ അനുദിന ജീവിതത്തില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. ദോഷഫലങ്ങള്‍ മാറ്റിയെടുക്കാനുള്ള കുറുക്കു വഴികളെന്ന വിഭാഗത്തിലാണ് മതങ്ങള്‍ ഇന്ന് പ്രചരിപ്പിക്കുന്ന പല അനുഷ്ഠാനങ്ങളും പെടുക. ഫലദോഷങ്ങള്‍ മാനുഷിക ശേഷികൊണ്ട് പരിഹരിക്കാവുന്നവയെന്നും, ദൈവികസഹായം കൂടി ആവശ്യമുള്ളതെന്നുമുള്ള രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ തിരിച്ചറിവിന്‍റെ തലത്തില്‍നിന്നുകൊണ്ട് മാത്രമേ വിധിയെ നമുക്ക് നിർവ്വചിക്കാനാവൂ. എന്തു കാരണം കൊണ്ടാണ് ആദവും ഹവ്വയും ശിക്ഷിക്കപ്പെട്ടതെന്ന ചോദ്യം ഇവിടുണ്ടാവും. ആദം സൃഷ്ടിക്കപ്പെട്ടിട്ട് കേവലം ആറായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന പഴയനിയമ സാക്ഷ്യം ഇന്നാരും തന്നെ മുഖവിലക്കെടുക്കുന്നില്ല. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ചു കൂട്ടിയാൽ, ബൈബിളിലെ വംശാവലിപ്രകാരം നാലായിരം വർഷങ്ങൾ പോലും പഴക്കം കാണില്ല മനുഷ്യകുലത്തിന്. അവിടെ സൂചിപ്പിക്കുന്ന ഒരു ദിവസം (ബഹു കോടി കോടി കോടി വർഷങ്ങൾ ദൈർഘ്യമുള്ള) ഒരു ബ്രഹ്മദിവസത്തിന്റെ ഒരംശമായിരുന്നിരിക്കാമെന്നും ജീവന്‍റെ കണിക ഒരു മനുഷ്യനായി പരിണാമപ്പെടാന്‍ ഇത്രയും സമയം മതിയെന്നും, സത്യം പ്രതീകാത്മകമായി ജ്വലിപ്പിക്കുന്ന ഒരു മഹദ്ഗ്രന്ഥം മാത്രമാണ് പഴയനിയമപുസ്തകമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം; അല്ലാതെ, സൂര്യനുണ്ടാവുന്നതിനു മുമ്പും സൃഷ്ടാവ് ദിവസക്കണക്കു സൂക്ഷിച്ചെന്നു കരുതാനോ, ഏഴാം ദിവസം സൃഷ്ടാവ് മടുത്തു വിശ്രമിച്ചെന്നോ വിശ്വസിക്കാൻ എനിക്കു താൽപ്പര്യമില്ല. ഉൽപ്പത്തിയേയും യാദൃശ്ചികതകളെയും വിലയിരുത്തുന്നതില്‍ മതങ്ങളും ശാസ്ത്രങ്ങളും ഒരുപോലെ പരാജയപ്പെടുന്നുവെന്നും പറയാതെ വയ്യ. ഓരോ യാദൃശ്ചികതയുടെ അവസരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ഈശ്വരന്‍റെ സവിശേഷ ഇടപെടല്‍ എന്ന് വ്യാഖ്യാനിക്കുകയാവും ഉചിതം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ട്രെയിന്‍ കിട്ടാതെ അവിടെ ചെന്നെത്താൻ കഴിയാഞ്ഞവരുണ്ട്, ഷൂസ് നന്നാക്കാന്‍ വേണ്ടി യാത്ര മാറ്റിവെച്ചവരുണ്ട്. എന്തുകൊണ്ട് ചിലര്‍ക്ക് അങ്ങനെ സംഭവിച്ചു, ചിലര്‍ക്കങ്ങനെ സംഭവിച്ചില്ലായെന്നത് വിശദീകരിക്കുക ദുഷ്കരം. എങ്കിലും കാരണ-ഫല ചങ്ങലയില്‍ ഇവയും ഉൾപ്പെടുന്നുവെന്നത് കാണാതിരിക്കാൻ വയ്യ.

പണ്ഡിതനായ വരരുചിയുടെ കഥ ഭാരതീയ ഇതിഹാസങ്ങളില്‍ പറയുന്നു. രാജാവിന്‍റെ ആസ്ഥാനജോതിഷനായിരുന്ന അദ്ദേഹം താന്‍ വിവാഹം കഴിക്കേണ്ടിവരുന്നത് ഒരു പറച്ചിപെണ്ണിനെയാണെന്നു മുന്നേ കണ്ട് ആ പെണ്‍കുട്ടിയെ വധിക്കാന്‍ പട്ടാളക്കാരെ അയച്ചു. പക്ഷേ, രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ശ്ലോകം ഏതെന്നന്വേഷിച്ചലഞ്ഞ വരരുചി അവസാനം ബ്രാഹ്മണയുവതിയെന്നു കരുതി വിവാഹം കഴിച്ചതോ, ഇതേ പെണ്ണിനെ തന്നെ. പട്ടാളക്കാർ കരുണ തോന്നി നദിയിലൊഴുക്കിയ ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾ എടുത്തു വളർത്തിയത് വരരുചി കണ്ടില്ല. ആ പറച്ചി പെറ്റ പന്ത്രണ്ടു പേരില്‍പെടും നാറാണത്തുഭ്രാന്തന്‍. വിധിയെ തടുക്കാനാവില്ലായെന്നു തന്നെയാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ബലൂണിന്‍റെ ഒരു വശത്ത്‌ അമര്‍ത്തിയാല്‍ മറ്റൊരു വശം വികസിക്കുമെന്നതു പോലെയെയുള്ളൂ കുറുക്കു വിദ്യകള്‍കൊണ്ട് വിധിക്കു തടയിടുന്നത്.

ഒരിക്കലും അവസാനിക്കാത്ത കാരണ-ഫല ചങ്ങലയെപ്പറ്റി പ്രതിപാദിക്കുന്ന ഭാരതീയ കര്‍മ്മസിദ്ധാന്തം നാം അല്‍പ്പം മനസ്സിലാക്കുന്നത് നല്ലതാണ്. പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്. പുനര്‍ജന്മസിദ്ധാന്തം യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു - സ്നാപക യോഹന്നാന്‍തന്നെ പുനര്‍ജന്മത്തിനുദാഹരണവുമാണ്. യേശു പുനര്‍ജന്മത്തെ എതിര്‍ത്തതായി പുതിയ നിയമം പറയുന്നില്ല; മാത്രമല്ല, ഇക്കാര്യത്തിൽ ഒരു അന്തിമയനുശാസനം യേശുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.  എന്തായിരുന്നാലും, ജന്മലക്ഷ്യത്തിലേക്ക് ഏതൊന്നിനെയും നയിക്കുന്ന രീതിയിലുള്ള ദൈവികമായ ഒരിടപെടല്‍ എല്ലാ ജീവജാലങ്ങളുടെയും കാര്യത്തില്‍ ഉണ്ടെന്നത് തര്‍ക്കമറ്റയൊരു സത്യമാണ്. 

ജന്മോദ്ദേശ്യം മനസ്സിലാക്കാന്‍ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കഴിവുകളും ആയിരിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉപകാരപ്പെടും. ഓരോ മനുഷ്യനിലും അവനാവശ്യമുള്ളതെല്ലാം ജന്മനാതന്നെ നൽകപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കാതെ, സമൂഹം പ്രതീക്ഷിക്കുന്ന ഫലം നല്‍കാനുള്ള നമ്മുടെ തത്രപ്പാടുകളിലാണ് ലക്‌ഷ്യം സാധിക്കാതെ നാം പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നത്. അതായത്, നാം ഓരോ നിമിഷവും എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ആയിരിക്കേണ്ടതെന്നും അറിഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വളർച്ചയില്ല. ഇത് മനസ്സിലാക്കാന്‍, യേശുതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകം ശ്രദ്ധിച്ചാൽ മതി. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കട്ടെ എന്നാണതു പറയുന്നത്. ഓരോന്ന് ചെയുമ്പോഴും, അനുനിമിഷം,  അവിടുത്തെ (ഈശ്വരന്റെ/സൃഷ്ടാവിന്റെ) ഇഷ്ടം എന്തെന്ന് മനസ്സിലാക്കി അതിവിടെ നടപ്പാകാനുള്ള ഒരു ഉപകരണമായി നാം മാറുക - അതേ നാം ചെയ്യേണ്ടതുള്ളൂ. ആ പ്രവർത്തനപഥത്തിൽ നാമായിരിക്കുംപോൾ, നാം അനുഭവിക്കേണ്ട ദോഷഫലങ്ങള്‍ നാമറിയാതെ ഒന്നൊന്നായി അലിഞ്ഞില്ലാതെയാവും - ഒരു സൂത്രപ്പണിയും ആവശ്യമില്ല.

ഒരു കുടുംബത്തിലും ഒരു മാതാപിതാക്കന്മാര്‍ക്കും ഒരേപോലെ രണ്ടു കുട്ടികള്‍ ജനിക്കാറില്ല; മാതാപിതാക്കന്മാര്‍ ഒരു ഫാക്ടറിപോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണുക. ഓരോ ജന്മവും ഓരോ ആത്മാവിന്‍റെ ആവിഷ്കാരമാണെന്നുള്ള സത്യം, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആചാര്യന്മാര്‍ അടിവരയിട്ടു പഠിപ്പിച്ചിരുന്നു. അതിന്‍റെ ചുവടു പിടിച്ചാല്‍, ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണപ്രക്രിയയ്ക് അനുയോജ്യമായ ജന്മങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള വാദഗതിയിലെ പൊരുളും മനസ്സിലാക്കാം. 

മനുഷ്യനു മാത്രമെ, ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാൻ കഴിയൂ. പക്ഷെ, മനുഷ്യജന്മത്തില്‍ ലഭിക്കുന്നയീ ഇരട്ടബോധതലത്തില്‍  നാം ലക്‌ഷ്യം മറക്കുന്നു - അതാണിവിടെ സംഭവിക്കുന്നത്‌. അറിഞ്ഞുകൊണ്ട് പൂര്‍ണ്ണബോധത്തോടെ കര്‍മ്മഫലങ്ങളെ അനായാസം അവസ്ഥാന്തരം ചെയ്യാന്‍ മനുഷ്യജന്മത്തിനോളം പറ്റിയ വേറൊന്നില്ല - അതിൽതന്നെ പുരുഷ ജന്മം മികച്ചു നിൽക്കുന്നു. വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ദൌര്‍ഭാഗ്യങ്ങൾ നോട്ടക്കുറവുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കരുതാതെ,  അതുതന്നെയാണെനിക്ക് വേണ്ടിയിരുന്നതെന്നും ദൈവം കാരുണ്യപൂർവ്വം തനിക്കതു നല്‍കിയല്ലോയെന്നും ചിന്തിച്ച് അതിനെ അഭിമുഖീകരിക്കുവാന്‍ സഹജീവികളെ പ്രാപ്തരാക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പ്രാർത്ഥനയെന്നു പറയുന്നതപ്പോൾ ഹൃദയത്തിൽ നിന്ന് നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നന്ദിയുടേ ശീലുകൾ മാത്രമാവും.

നാം നിര്‍വ്വചിക്കുന്ന ദൌര്‍ഭാഗ്യങ്ങളും ഭാഗ്യങ്ങളുമെല്ലാം താരതമ്യാത്മകമാണെന്നും കാണേണ്ടതുണ്ട്. എനിക്ക് കാറില്ലായെന്നത് ദൌര്‍ഭാഗ്യമായി കരുതുന്നവരുണ്ടാവാം, സൈക്കിളെങ്കിലും സ്വന്തമായുള്ള അവസ്ഥ മഹാഭാഗ്യമായി കരുതുന്നവരുമുണ്ടാവാം. സ്വയം ആരുമായും താരതമ്യം ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം നിര്‍വ്വചന ദോഷങ്ങളില്‍ നിന്നും നമുക്ക് മുക്തി കിട്ടും. അതേ സമയം, അനുനിമിഷം നമ്മുടെ പോരായ്മകള്‍ നോക്കി, നമ്മെ ശിക്ഷിക്കാന്‍ വടിയോങ്ങിയിരിക്കുന്ന ഒരു ദൈവം ‘അനന്തവും പരിമിതികളില്ലാത്തതുമായ സ്നേഹ’ത്തിന്‍റെ പരിധിയില്‍ വരുന്നില്ലായെന്നതും നാം കാണേണ്ടതുണ്ട്. ദൈവം യാതൊന്നും ചെയ്യുന്നില്ല, നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌താല്‍ അത് നമുക്ക് തന്നിരിക്കുന്നുവെന്നു പറയുന്ന സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കും.

സംഭവിക്കുന്നത് മുഴുവന്‍ ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു കണ്ട്  അതിനെ അഭിമുഖീകരിക്കാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കേണ്ടതെന്നാണ് എന്‍റെ പക്ഷം. ഒരു ദൈവിക പദ്ധതിയെന്ന് നിർവ്വചിച്ച് എല്ലാത്തിനെയും വേര്‍തിരിക്കുന്നതിലും നല്ലത് മാറ്റമില്ലാത്ത ദൈവിക നിയമം എന്നതിനെ വിളിക്കുന്നതാണ്. എഞ്ചിന്‍ നിലച്ചുപോയ പറന്നുകൊണ്ടിരുന്ന ഒരു വിമാനം, ഭൌതികനിയമങ്ങള്‍ മാറ്റിവെച്ചു ശാന്തമായി നിലത്തിറക്കാന്‍, ആ നിയമങ്ങള്‍ സ്ഥാപിച്ച ശക്തിതന്നെ എങ്ങനെ മുന്നോട്ടു വരും? ഈ പ്രാപഞ്ചിക ശരീരത്തില്‍ നമുക്ക് നമ്മുടെതായ ഒരു  പങ്കുണ്ട്. ജീവന്റെ തുടക്കത്തിൽ, ഒരു കോശം രോമവും മറ്റൊന്ന് കണ്ണും, വേറൊന്ന് എല്ലുമാകാന്‍ സ്വയം തീരുമാനിക്കുന്നതുപൊലെ നാമായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ദൌത്യം ശരിയായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതവും ലക്‌ഷ്യം കാണും. സൂര്യന്‍, അതിനു നല്ലതെന്നു തോന്നിയ രീതിയിലായിരുന്നു ചലിച്ചിരുന്നതെങ്കിലൊ, അതിന്‍റെ വിധിയെ മാറ്റാന്‍ അതെന്തെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിലോ ഇതെഴുതാന്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. വിധി മാറ്റിമറിക്കാന്‍ പോന്നതെന്ന പ്രഖ്യാപനത്തോടെ ഇവിടെ വിറ്റഴിക്കപ്പെടുന്ന അനുഷ്ടാനഗുളികകള്‍ ആത്യന്തിക വിശുദ്ധീകരണത്തിലേക്ക് ആരെയെങ്കിലും കൊണ്ടുപോകുമെന്നും ഞാന്‍ കരുതുന്നില്ല.

സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ഉപായങ്ങള്‍ കൊണ്ട് വ്യത്യാസപ്പെടുത്താന്‍ തീര്‍ത്തും സാധിക്കില്ലായെന്നല്ല ഞാന്‍ പറഞ്ഞത്. ആ മാറ്റങ്ങളും പുതിയ കാരണങ്ങളെ സൃഷ്ടിക്കുമെന്നും ഒരു പക്ഷേ, ആദ്യത്തേതിലും വലുതായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഞാന്‍ പറയുന്നത്. അതായത്, നമുക്ക് ലഭിച്ചതെന്തോ അതാണ്‌ നമ്മുടെ  വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായതെന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് ഒളിച്ചോടാനോ, വഴുതി മാറാനോയുള്ള എല്ലാ ശ്രമങ്ങളും നഷ്ടത്തിലാവും അവസാനിക്കുക. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, ഒരു കാരണമായേക്കാവുന്ന യാതൊന്നും സൃഷ്ടിക്കാതെയിരുന്നാലെ, ഫലങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിലും അർത്ഥമുള്ളൂ. അതു തിരിച്ചറിയാന്‍ ഒരു പക്ഷേ കാലചക്രം കുറേക്കൂടി കറങ്ങേണ്ടിവന്നേക്കാം എന്നേയുള്ളൂ. 

ജീവന്‍റെ ആദ്യ സ്പന്ദനം മുതൽ മുതല്‍ പ്രപഞ്ചത്തിന്റെ അന്ത്യശ്വാസം വരെയുള്ള സര്‍വ്വതും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു സദ്‌ഗുരുക്കന്മാര്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്തിടത്തോളം കാലം ഓരോ ആത്മാവും പൂർണ്ണതയിൽ നിന്നകലെയാണ്. പൂർണ്ണതയിലായിരിക്കുകയെന്നത് (സ്വർഗ്ഗപ്രാപ്തി) സുഖകരമായ ഒരവസ്ഥയെന്നാണ് നാം പഠിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഒരു തീജ്വാല ഊതി കെടുത്തിയാലെന്നതുപോലെ സമയത്തിനും കാലത്തിനും സര്‍വ്വ അഹംഭാവങ്ങള്‍ക്കും അതീതമായ ശൂന്യതയിലേക്കുള്ള ഒരു മാറ്റമാണതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്? മനുഷ്യന്‍ കര്‍മ്മഫലത്തെ ഭയക്കുന്നു. ആ ഫലഭീതി മനുഷ്യനില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ മതങ്ങള്‍ ജനിക്കുമായിരുന്നില്ല - സത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം പലരും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. 

ശൂന്യതയില്‍ നിന്നാരംഭിച്ചത് ശൂന്യതയില്‍ തന്നെ അവസാനിച്ചേ ഒക്കൂ. ഭാരതീയ സമയക്രമമനുസരിച്ച്‌ ഓരോ കല്പ്പത്തിനു ശേഷവും പ്രളയവും ബ്രഹ്മാവിന്‍റെ രാത്രിയും വരും. നേരം പുലര്‍ന്നാല്‍ വീണ്ടും പ്രപഞ്ചത്തിനുള്ളിലെ ജീവന്‍ വീണ്ടും മറ്റൊരു കല്‍പ്പചക്രത്തിലേക്ക് പ്രവേശിക്കും. അതായത് വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ  ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും. ഇവിടെ വിധിയെപ്പറ്റി ഞാന്‍ എഴുതിയത് അപ്പാടെ ശരിയെന്ന് വിധിയെഴുതുന്നവരെയല്ല ഞാന്‍ ബഹുമാനിക്കുന്നത്‌, പകരം ഇതിലും ശരിയുണ്ടായിരിക്കാം എന്ന് കരുതുന്നവരെയാണ്.

Wednesday, October 10, 2012

ഭക്തിയും പരിസ്ഥിതിയും

ഈയിടെ ജോസഫ് മാത്യു പോസ്റ്റ്‌ ചെയ്ത ഭക്തിയുടെ മനശാസ്ത്രം എന്ന ലേഖനത്തിന് അനുബന്ധമായി കരുതിയാണ് ഈ കുറിപ്പ്. വിശേഷിച്ച്, മനുഷ്യര്‍ ഭൂമിയെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരിസ്ഥിതിയെപ്പറ്റി ആഴമായി ധ്യാനിക്കാതെ ആരോഗ്യകരമായ ഭക്തിയില്‍ വളരുക എന്നത് ഇന്ന് ചിന്തനീയമേയല്ല. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്താന്‍ നാം സുവിശേഷങ്ങളിലും ഗീതയിലും ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയവ്യക്തിത്വമായ ഗന്ധിജിയിലും അന്വേഷിച്ചാല്‍ മതി. ചരാചരങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തനിയെ വേറിട്ടൊരു അസ്തിത്വം ഒന്നിനും സാദ്ധ്യമല്ല എന്നത് അതിപുരാതനമായ ഒരു ഭാരതീയദര്‍ശനമാണ്. എല്ലാ പൂര്‍വ്വ സംസ്കാരങ്ങളിലും ഈ ചിന്തയുണ്ടായിരുന്നു. അതാകട്ടെ വളരെ ലളിതവുമാണ്. അവയവങ്ങളെല്ലാം ശരീരത്തിന്റെ ഭാഗമാണെന്നും അങ്ങനെയായിരുന്നാല്‍ മാത്രമേ അതിനു ശരിയായ ആരോഗ്യം നിലനിര്‍ത്താനാകൂ എന്നതുപോലെ, നാമോരോരുത്തരും ഈ മഹാപ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു, ജീവികളെല്ലാം അന്യോന്യം പങ്കുവയ്ക്കുക എന്നത് ഓരോന്നിന്റെയും അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും കാതലാണെന്നും ഓര്‍ത്തുകൊണ്ടാല്ലാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ പ്രകൃതിനിയമം അനുവദിക്കുകയില്ല. ഈ സ്വരച്ചേര്‍ച്ചയിലൂടെയാണ് ഓരോ ജീവനും പൂര്‍ണ്ണതയിലെത്തുന്നത്. അറിഞ്ഞോ അറിയാതെയോ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന വ്യതിരിക്തത ഏതെല്ലാം വിനാശങ്ങളിലേയ്ക്കാണ് മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടെത്തിക്കുന്നത് എന്ന് നാം കണ്ടുതുടങ്ങിയിരിക്കുന്നു.  

നമ്മുടെ ഇപ്പോഴത്തെ സഭാനേതൃത്വം ഈ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണല്ലോ, പരിസ്ഥിതിക്ക് ദൂഷ്യം ചെയ്യുന്ന പ്രവൃത്തികള്‍ പാപമാണെന്നും അവയെപ്പറ്റി കുറ്റബോധം ഉണ്ടായി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കേണ്ടവയാണെന്നും അടുത്ത കാലത്തുണ്ടായ KCBCയുടെ ഓര്‍മ്മപ്പെടുത്തല്‍. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ആഴമായ സന്ദേശം ഇതാണ്. ഭൂമിയും അവളുടെ ധാരാളിത്വവും നമുക്ക് മുന്‍തലമുറയില്‍ നിന്ന് കിട്ടിയിട്ടുള്ള വീതമല്ല, മറിച്ച്, ഭാവിയെലെ കുഞ്ഞുങ്ങളില്‍ നിന്ന് നാം താത്ക്കാലികമായ ഉപയോഗത്തിനായി കടംകൊണ്ടിട്ടുള്ളവയാണ്‌ എന്നതത്രേ. ഭൂമിയെ നാം കുറെ നാളത്തേയ്ക്ക് മാത്രം ഉപയോഗിക്കുന്ന വാടകവീടായും കണക്കാക്കാം. അതില്‍ നമ്മള്‍ കേടുപാടുകള്‍ വരുത്തിയാല്‍ ഒരു പക്ഷെ, വാട്കചീട്ടു പുതുക്കിത്തരാതിരിക്കാന്‍ ഉടമസ്ഥന് തീരുമാനിക്കാം. അശ്രദ്ധ ഗുരുതരമെന്ന് കണ്ടാല്‍, താമസക്കാരെ നേരത്തെ ഒഴിപ്പിക്കാനും വകുപ്പുണ്ട് എന്ന് നാം മറക്കാതിരിക്കുന്നത് നന്ന്. എന്റെ വീടും പറമ്പും എന്ന ചിന്തക്ക് പകരം ഭൂമി മുഴുവന്‍ നമ്മുടെ വീടാണ് എന്നുകരുതാന്‍ പഠിക്കുക എന്നതാണ് ഇക്കൊളജിയുടെ അന്തരാര്‍ത്ഥം.

ഇന്ന് സംഭവിക്കുന്നതോ? എല്ലാം കച്ചവടമായി മാറുകയാണ്. ധനമാണ് എവിടെയും ചാലകവസ്തു. 'സമാന്തര ലോകങ്ങള്‍' എന്ന കൃതിയില്‍ മാര്‍ കുരീലോസ്‌ മെത്രാന്‍ പറയുന്നു: Economy (ധനവിനിമയം) oikos (വീട്) nomos (നിയമം) എന്ന ഗ്രീക്ക് മൂലങ്ങളില്‍ നിന്നാണ് ഉണ്ടായത്. ഇക്കോണമി എന്നാല്‍ വീടിന്റെ (ഭൂമിയുടെ) കാര്യനിര്‍വഹണം ആയിരിക്കണം. അപ്പോള്‍ സാമ്പത്തികശാസ്ത്രം ഒരു മതേതര വിഷയമായിരിക്കാനാവില്ല. അത് ഈ ഭൂമിയുമായി, അതിന്റെ നീതിപൂര്‍വമായ നടത്തിപ്പുമായി, ബന്ധപ്പെട്ടിരിക്കണം. ഈ നീതിയാകട്ടെ, മനുഷ്യനെ മാത്രം ബാധിക്കുന്നവയല്ല, മറിച്ച്, പരിസ്ഥിതിയെ മൊത്തം കണക്കിലെടുക്കുന്ന ഒന്നായിരിക്കേണ്ടതുമുണ്ട്.

ഫാ. ബോബിജോസ് യേശുവിന്റെ മരുഭൂവിലെ ഉപവാസത്തിനും ധ്യാനത്തിനും ശേഷമുള്ള പിശാചിന്റെ മൂന്നു പ്രലോഭനങ്ങളെ ആഴമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോള്‍ യേശു തനിച്ചായിരുന്നു. എന്നാല്‍ മൂന്നു സുവിശേഷങ്ങളിലും അതെപ്പറ്റി പരാമര്‍ശമുണ്ട്. ഇങ്ങനെയൊരു അനുമാനം ശരിയാകാം: അതില്‍ വളരെ കാതലായ സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നതിനാല്‍, യേശുതന്നെ ശിഷ്യരോട് തന്റെ അനുഭവം പങ്കുവച്ചിട്ടുണ്ടാവണം. ഈ പ്രലോഭനങ്ങളെല്ലാം ദൂരെക്കാഴ്ച്ചയെ മറക്കാനും തൊട്ടടുത്തുള്ള നേട്ടങ്ങളെ തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം വിശന്നുവലഞ്ഞിരിക്കുന്ന യേശുവിന് കല്ലിനെ അപ്പമാക്കിക്കൂടേ എന്നായിരുന്നു അതിലൊന്ന്. എന്നാല്‍ അപ്പം അത്ര പെട്ടെന്ന് കൈയില്‍ വരുന്ന ഒന്നല്ല. കല്ല്‌ പൊടിഞ്ഞുണ്ടാകുന്ന പാറപ്പൊടി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ പരിണാമത്തിനു ശേഷമാണ് ഉര്‍വ്വരതയുള്ള മണ്ണായിത്തീര്‍ന്ന് അപ്പമുണ്ടാക്കാനുള്ള ധാന്യത്തെ വളര്‍ത്തുന്ന മൂലകമായിത്തീരുന്നത്. അതിന് നീണ്ട ക്ഷമയും കാത്തിരിപ്പും ആവശ്യമുണ്ട്. അതിനു തയ്യാറല്ലാത്തവരാണ് കാണുന്ന പാറയെല്ലാം പൊട്ടിച്ച് ഉടനടി കാശാക്കി മാറ്റാന്‍ നോക്കുന്നത്. ഇത്തരം കുറുക്കുവഴികള്‍ പ്രകൃതിയെ കൊല്ലുന്നു എന്നു മനസ്സിലാക്കുക ഓരോരുത്തരുടെയും ഭക്തിയുടെ ഭാഗമായിത്തീരണം. അത് മറക്കുന്നിടത്തു ആത്മീയതയില്ല എന്ന് യേശുവിന്റെ പെരുമാറ്റത്തില്‍ നിന്ന് നാമറിയണം. രാസവളങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ നേരംകൊണ്ട് അധികം വിളവുണ്ടാക്കുന്നതും ഇതേ രീതിയിലുള്ള മണ്ണിനോടുള്ള കയ്യേറ്റമാണ്. കീടനാശിനികള്‍ ഒരു കണക്കുമില്ലാതെ മണ്ണില്‍ ചേര്‍ക്കുന്നത് ഭൂമിയെ വിഷംകൊടുത്ത് കൊല്ലുന്നതിനു തുല്യമാണ്. ഭൂമിയും അവള്‍ പോറ്റുന്ന ജീവികളും മനുഷ്യനെ വിശ്വസിക്കുന്നു, എന്നാല്‍ നമ്മള്‍ ആ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട്, വിഷംകൊടുത്ത് അവയെ സാവധാനം കൊല്ലുക എന്നത് വളരെ ഹീനമായ പാപമാണ്.

താഴേയ്ക്ക് ചാടൂ, മാലാഖാമാര്‍ നിന്നെ താങ്ങിക്കൊള്ളും എന്ന് പിശാചു പറയുമ്പോള്‍, പ്രകൃതിനിയമത്തെ ലംഘിക്കാം, ഒന്നും വരാന്‍ പോകുന്നില്ല എന്നാണ്‌ അവന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്നത്. കുറെ ചില്ലറ നേര്ച്ചയിട്ടിട്ട്, അല്ലെങ്കില്‍ ഒരു കുര്‍ബാന ചൊല്ലാന്‍ പണം കൊടുത്തിട്ട്, എന്റെ കാര്യത്തില്‍ ദൈവം പ്രകൃതിനിയമത്തെ വകവയ്ക്കാതെ ചില അത്ഭുതങ്ങള്‍ കാണിക്കണം എന്ന് ആവശ്യപ്പെടുന്നതും ഇത്തരം പ്രലോഭനത്തിനു വഴങ്ങുകതന്നെയാണ്. എല്ലാ പരിഷ്കൃതരാജ്യങ്ങളും കൈവെടിഞ്ഞ ആണവോര്‍ജ്ജ-സാങ്കേതികവിദ്യയുമായി കൂടംകുളം സ്റ്റൈലില്‍ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനുത്തരവാദികള്‍ പ്രതീക്ഷിക്കുന്നത്, നമ്മുടെ കാര്യത്തില്‍ ഒരദ്ഭുതം തന്നെ നടക്കും, ഇതിനു മുമ്പ് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ ഒരാപത്തും ഇവിടെ ഉണ്ടാവില്ല എന്നല്ലേ? പരിസരത്തിനും മനുഷ്യര്‍ക്കും വിപത്താകുമെന്ന്‌ നന്നായി അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം സാഹസങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന അധികാരികള്‍ക്കെതിരെ എല്ലാ വിധത്തിലും പ്രധിരോധം സൃഷ്ടിക്കാന്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കടമയുണ്ട്.

തന്നെ കുമ്പിട്ടാരാധിക്കുക എന്നാണ് യേശുവിനോട് മൂന്നാമതായി ശെയ്ത്താന്‍ പറഞ്ഞത്. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിക്കുന്നു എന്ന് (രക്ഷകര്‍ത്താക്കള്‍ വഴി) വാക്കുകൊടുത്തിട്ടാണ് ഓരോ കുഞ്ഞും ജ്ഞാനസ്നാനം ചെയ്യപ്പെടുന്നത്. സമ്പന്നതയുടെയും താത്ക്കാലിക സൌകര്യത്തിന്റെയും ഇത്തരം പ്രലോഭനങ്ങള്‍ക്കു സമ്മതം മൂളുമ്പോള്‍ അത് ഭൂമിയോടും സഹോദരങ്ങളോടും ഭാവിയിലെ കുഞ്ഞുങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്ന്, അത് തിന്മകള്‍ക്കു (പിശാചിനു) മുമ്പില്‍ മുട്ടുമടക്കുകയാണെന്ന് തിരിച്ചറിയുക ആത്മീയതയുടെ ഭാഗമാണ്. ഒരു കടിഞ്ഞാണുമില്ലാതെ, പരോക്ഷമായ തിന്മകളെയും പ്രത്യക്ഷമായ ആഡംബരങ്ങളെയും തിരഞ്ഞെടുത്ത്‌, സുഖലോലുപമായ ഒരു ജീവിതചര്യയെ മെനഞ്ഞെടുക്കാന്‍ മാടിവിളിക്കുന്ന റ്റി.വി. പരസ്യങ്ങള്‍ മണിക്കൂറില്‍ മുപ്പതു തവണയെങ്കിലും കാണുകയും അവയില്‍ ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു താക്കീതുപോലും നല്‍കാന്‍ കഴിയാതെവരികയും ചെയ്യുന്ന വിശ്വാസികളെ കാര്യത്തിന്റെ ഗൌരവം പറഞ്ഞു ബോധ്യപ്പെടുത്താന്‍ പള്ളിയില്‍ ദൈവവചനം പ്രഘോഷിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് അവസരം കണ്ടെത്തുന്നില്ല? അടിസ്ഥാന മൂല്യങ്ങള്‍ക്കു വിലയില്ലാതാകുമ്പോള്‍ പരിസ്ഥിതി നശിക്കും. പരിസ്ഥിതിബഹുമാനം തെല്ലും  ശീലിക്കാത്തവരുടെ ഭക്തി വെറും പുറംപൂച്ചാണ്.   

ഗീതയിലെ ഒരദ്ധ്യായം തന്നെ ഭക്തിയോഗത്തെപ്പറ്റിയാണ്‌. പാരിസ്ഥിതികമായ ധാരാളം കാഴ്ചപ്പാടുകള്‍ അതിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാരതീയര്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ നമുക്കും ആകണം. ഉദാ. പന്ത്രണ്ടാമദ്ധ്യായത്തില്‍ ഇങ്ങനെ വായിക്കാം.
              യേ തു ധര്മ്മ്യാ മൃതമിദം
              യഥോക്തം പര്യുപാസ തേ
              ശ്രദ്ധധാനാ മത്പരമാ:
              ഭക്താസ്തേ/തീവ മേ പ്രിയാ:
എന്നെത്തന്നെ പരമമായി കരുതി, ഈ ധര്മ്മ്യാമൃതത്തെ ഇപ്പറഞ്ഞതിന്‍പടി ആരെല്ലാം വേണ്ടുംവണ്ണം ഉപാസിക്കുന്നുവോ, ആ ഭക്തന്മാര്‍ എനിക്ക് ഏറ്റവും പ്രിയരാകുന്നു. സി. രാധാകൃഷ്ണന്‍ (ഗീതാദര്‍ശനം) ഇതിന്റെ അര്‍ത്ഥം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ഭക്തി എന്നത് സാര്‍വ്വലൌകികമായ നൈസര്‍ഗ്ഗിക ധര്‍മ്മമാണ്. കാരണം, എല്ലാ ജീവനും പ്രപഞ്ചജീവനോട്‌ സഹാജാഭിമുഖ്യമുണ്ട്. ജീവന്റെ അടിസ്ഥാനപരമായ ശേഷിയാണ് പങ്കുവയ്ക്കാനുള്ള (സ്നേഹിക്കാനുള്ള) കഴിവ്. ഭക്തി അതിന്റെ ഒരു ഭാഗമാണ്. മനുഷ്യജീവി എന്ന നിലയില്‍ നമുക്കുള്ള ധര്‍മ്മം അനുഷ്ഠിച്ചാല്‍ നമുക്കാവശ്യമുള്ളതൊക്കെ വന്നോളും എന്ന മനസ്സുറപ്പാണ് വേണ്ടത്. അതുണ്ടായാല്‍, എല്ലാ ദാരിദ്ര്യവും അവസാനിക്കും. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ആരുടേയും സ്വകാര്യസ്വത്തല്ല, ഉല്പന്നങ്ങളും സേവനങ്ങളും കച്ചവടച്ചരക്കാക്കരുത് എന്നാണു ഗീതയുടെ പാഠം. 

ജീവിതത്തില്‍ മനോസുഖവും ശാന്തിയും ആഗ്രഹിക്കുന്നെങ്കില്‍, അതിനു പ്രഥമപ്രധാനമായി വേണ്ട കാര്യം അകത്തും പുറത്തും സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ്. ഭൂമിയെ സംബന്ധിച്ചു പറയുമ്പോള്‍, കടലും മലകളും പുഴകളും വൃക്ഷങ്ങളും പക്ഷിമൃഗാദികളും അവരവരുടെ കൃത്യം നിര്‍വഹിക്കുന്നുണ്ട്. ഇവയെല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നു. ആന്തരികമായ ഈ ബന്ധത്തെ തകര്‍ത്ത്, അസ്വാരസ്യമുണ്ടാക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഒരു മരത്തിന്റെ ഉദാഹരണം മാത്രമെടുത്താല്‍, അത് വെട്ടിമാറ്റപ്പെടുമ്പോള്‍, ചുറ്റുപാടുമുണ്ടായിരുന്ന തണല്‍ നഷ്ടപ്പെടുന്നു. നിലം ചൂടാകുന്നു. ആ വൃക്ഷത്തെ ആശ്രയിച്ചിരുന്ന പക്ഷികളും മറ്റനേകം ജീവികളും സ്ഥലംവിടുന്നു. മരത്തിന്റെ ഇലകളുടെയും പൂക്കളുടെയും കനികളുടെയും ഗന്ധം ഇല്ലാതാകുന്നു. മണ്ണില്‍ ആഴ്ന്നിറങ്ങി അതിന്റെ വേരുകള്‍ സ്ഥാപിച്ചിരുന്ന വായു- ജൈവോര്‍ജ്ജസഞ്ചാരങ്ങള്‍ നിലക്കുന്നു. സന്തുലിതമായിരുന്ന ആ ഇടം അസന്തുലിതമായ മറ്റൊരു ഇടമായി മാറുന്നു.

മറ്റൊരു പ്രധാന വിഷയത്തിലേയ്ക്ക് വരാന്‍, നമുക്ക് മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ ഓരോ മരത്തെയും ഓരോ മനുഷ്യസ്ത്രീയുമായി പകരംവയ്ക്കുക. കാരണം, ഓരോ സ്ത്രീയും പടര്‍ന്നു പന്തലിച്ച ഒരു മരംപോലെ തനിക്കു ചുറ്റും വിശാലമായ ഒരു പരിസ്ഥിയെ സൃഷ്ടിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ അഭാവം ഒരു ചെറിയ കുടുംബത്തില്‍ പോലും തീരാനഷ്ടങ്ങള്‍ക്ക് കാരണമാകും. സഭയിലും അതിലെ ഭക്തിക്കാര്യങ്ങളിലും നിലനിന്നുപോന്നിട്ടുള്ള പുരുഷപ്രാധാന്യം പാരിസ്ഥിതികമായി നോക്കിയാല്‍ അങ്ങേയറ്റം വികൃതവും പാപപങ്കിലവുമാണ്. പല പ്രവാചകന്മാരും ജ്ഞാനികളും ഗുരുക്കന്മാരും, എന്തിന്, മുഹമ്മദ്‌ നബിയും യേശു തന്നെയും, സ്ത്രീകളെ ഒപ്പം നിര്‍ത്തിയാണ് ജീവിതകലയുടെ സന്തുലിതാവസ്ഥക്കും പൂര്‍ണ്ണതക്കും കളമൊരുക്കിയത്. സൂഫിസത്തിന്റെ ഹൃദയം എന്ന കൃതിയില്‍ ഇ. എം. ഹാഷിം ഇത്തരം ഗുരുക്കന്മാരുടെ ഒരു നിരതന്നെ എണ്ണിപ്പറയുന്നുണ്ട്. എന്നാല്‍, ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും  പരിണാമചരിത്രത്തില്‍ കൈമോശം വന്നുപോയ ഒരു പുണ്യമാണിത്. സ്ത്രീകള്‍ സഭയില്‍ അവഹേളിതരും നിഷ്ക്കാസിതരും ആയിത്തീര്‍ന്നു. പുരുഷാധിപത്യത്തിന്റെ ഈ പ്രവണതക്കെതിരെ എത്രമാത്രം വിമര്‍ശനമുണ്ടായിട്ടും, അതില്‍ ഭക്തിയുടെ പരിസ്ഥിതിയില്‍ സംഭവിച്ച ഒരു താളപ്പിഴയുണ്ടെന്ന് തിരിച്ചറിയാന്‍ ഇന്നും സഭാധികാരത്തിന്‌ സാധിച്ചിട്ടില്ല. ചരിത്രത്തിലുടനീളം, വിഖ്യാതരായിരുന്ന ധാരാളം മാന്യന്മാര്‍ കടുത്ത സ്ത്രീദ്വേഷികളായിരുന്നു. വി. അഗസ്റ്റിന്‍, വി. ജറം, വി. ക്ലെമെന്റ്, വി. അക്വീനാസ്, ലുതര്‍, റ്റെര്‍ടൂല്യന്‍, ജോണ്‍ വെസ്ലി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പെടും. ഇവരില്‍ സഭ വിശുദ്ധപദവി കൊടുത്തിട്ടുള്ളവരെ തിരഞ്ഞുപിടിച്ച്, ലിസ്റ്റില്‍ നിന്ന് പേര് വെട്ടേണ്ടതാണ്. കാരണം, സ്ത്രൈണവിരോധത്തിലൂന്നിയ ഏതെങ്കിലും ഭക്തിമാര്‍ഗ്ഗത്തിലൂടെ ആത്മവിശുദ്ധി അപ്രാപ്യമാണ്. അവരില്‍ എല്ലാവരും തന്നെ സത്യാന്വേഷികള്‍ ആയിരുന്നിരിക്കാം, പക്ഷെ, അവര്‍ കണ്ടെത്തിയതും മുറുകെപ്പിടിച്ചതും അര്‍ദ്ധസത്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവരെല്ലാം മതഭ്രാന്തരുമായിരുന്നു. ഇവരില്‍ ചിലരുടെ എഴുത്തുകളില്‍ കാണുന്ന സ്ത്രീവിദ്വേഷം നമ്മുടെ സര്‍വ്വ ഭാവനയെയും അതിശയിക്കുന്നതാണ്. അത്തരം ചിലത് താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ വായിക്കാം.
http://www.biblewheel.com/forum/showthread.php?3349-Anti-Woman-Quotes-by-Church-Fathers  

പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട മറ്റൊരു പ്രധാന കാര്യം മനുഷ്യരാശിക്ക് കൈമോശം വന്നുപോയ പ്രകൃതിയുടെ നിഗൂഡഭാഷയാണ്‌. പ്രകൃതിക്ക് ഒരു ഗൂഡാത്മകതയുണ്ട്. പ്രകൃതിയുടെ ഒരു കണ്ണിയായി കഴിഞ്ഞിരുന്നത്രയും കാലം മനുഷ്യനും അതില്‍ പങ്കുപറ്റിയിരുന്നു. തനതായ ഭാഷകള്‍ രൂപപ്പെടുത്തിയെടുക്കുന്നതുവരെ ജീവജാലങ്ങളുടെ മൌനഭാഷയുപയോഗിച്ച് അവനും മരങ്ങളും മൃഗങ്ങളും പക്ഷികളുമായി സംവദിച്ചിരുന്നു എന്നത് സ്വാഭാവികമാണ്. സാര്‍വത്രികവും ദൈവികവുമായ ഒരു തലം ആ ബന്ധത്തിലുണ്ടായിരുന്നു. പ്രപഞ്ചത്തിലുള്ള ബാക്കിയെല്ലാം ഇന്നും ഇങ്ങനെ പരസ്പരം സംവദിക്കുമ്പോള്‍, മനുഷ്യന്‍ മാത്രം ഒന്നും മനസ്സിലാക്കാനാവാതെ, സ്വന്തം വഴിക്ക് ചരിക്കുകയും അത് പ്രകൃതിക്ക് എതിരാവുകയും ചെയ്യുന്നു. പ്രാകൃതികമായ ഈ സംവാദനവിരുത് നാം തിരിച്ചുപിടിക്കണം. നമ്മുടെ ഇടപെടലുകള്‍ പ്രകൃതിയെ എങ്ങനെയെല്ലാം നോവിക്കുന്നു, മുറിപ്പെടുത്തുന്നു, കൊല്ലുന്നു എന്നൊക്കെ തിരിച്ചറിയാന്‍ അതാവശ്യമാണ്. പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറിയുന്നതിലൂടെ മാത്രമേ അതിലൊളിഞ്ഞിരിക്കുന്ന വശ്യതയും മനോഹാരിതയും നാം അനുഭവിച്ചറിയുകയുള്ളൂ.      
  

Monday, August 13, 2012

സമാന്തര ലോകങ്ങള്‍

വര്‍ഗീസ്‌ മാര്‍ കുറീലോസിന്റെ സമാന്തര ലോകങ്ങള്‍ വായിക്കുമ്പോള്‍



നിങ്ങള്‍ മനുഷ്യര്‍ക്കൊപ്പമാണോ അവര്‍ക്കെതിരാണോ എന്ന് ഭരണകര്‍ത്താക്കളോടും, നിങ്ങള്‍ എന്തുകൊണ്ടാണ് മനുഷ്യര്‍ക്കും ക്രിസ്തുവിനും എതിരാകുന്നത് എന്ന് സഭയോടും ആവര്‍ത്തിച്ചു ചോദിക്കുകയാണ് ഈ മെത്രാന്‍ തന്റെ ഏറ്റവും പുതിയ എഴുത്തിലൂടെ. അതിനായി അദ്ദേഹം കാലികമായ സംഭവവികാസങ്ങള്‍ പരിശോദ്ധിക്കുന്നു. അവയോരോന്നിലും സഭയും നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും ജനത്തെ നിര്‍ലജ്ജം വഞ്ചിക്കുന്നതിന്റെ എഴുന്നുനില്‍ക്കുന്ന ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ മെത്രാന്മാരില്‍ വെറും രണ്ട് ശതമാനമെങ്കിലും ഇദ്ദേഹത്തെപ്പോലെ ചിന്തയില്‍ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍, കേരളത്തിന്റെ വര്‍ത്തമാനവും ഭാവിയും കൂടുതല്‍ മാനുഷികമാകുമായിരുന്നു. തഴയപ്പെട്ടവരുടെ ഭാഗം പിടിക്കുന്ന ഒരു വൈദികശ്രേഷ്ഠന്റെ സന്ധിയില്ലാത്ത വക്കാലത്താണ് ഈ ഗ്രന്ഥം. ഈ കൃതിയില്‍ വിശകലനം ചെയ്തിട്ടുള്ള വിവിധ വിഷയങ്ങളില്‍ മൂന്നെണ്ണം മാത്രം തല്‍ക്കാലം സംഗ്രഹിച്ചെഴുതുകയാണ്. അതിന് ശേഷം, ഒരു പക്ഷേ, മറ്റ് ചിലതും - ( പരിസ്ഥിതിയും ലളിത് രാഷ്ട്രീയവും, ഒരു ബദല്‍ സാമ്പത്തിക ക്രമം, ചില ക്രൈസ്തവ മാര്‍ഗ്ഗരേഖകള്‍ ) സ്പര്‍ശിക്കാന്‍ ഒരു ശ്രമം നടത്താം. 



1. വിദ്യാഭ്യാസമേഖല
സ്വയം പര്യാപ്തിയിലേയ്ക്കുള്ള ഒരു ശിശുവിന്റെ വളര്‍ച്ചയില്‍ രൂപകല്‍പ്പനയിലും കര്‍മ്മത്തിലും ദൈവത്തോടോത്തു സഹകരിക്കുക എന്നതാണ് വിദ്യനല്കല്‍ എങ്കില്‍, ഇവിടെ നാം കുറ്റക്കാരാണ്. കാരണം, നീതി, സമാധാനം, സ്നേഹം, സൃഷ്ടിയുടെ സമഗ്രത എന്നിവയില്‍ അധിഷ്ഠിതമായിരുന്ന യേശുവിന്റെ ബോധനശാസ്ത്രത്തില്‍ നിന്ന് വളരെ അകന്നുപോയിരിക്കുന്നു ഇന്ന് സഭയും രാഷ്ട്രവും ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസം. ക്രൈസ്തവ മാനേജ്മെന്റുകള്‍ അതിനെ ലാഭമുണ്ടാക്കാനുള്ള കറവപ്പശുവായി മാറ്റിയിരിക്കുന്നു എന്ന് മാത്രമല്ല, അവരുടെ സ്കൂളുകളില്‍ ഇന്ന് പഠിപ്പിക്കുന്നതും ലാഭമുണ്ടാക്കാനുള്ള വിദ്യകള്‍ മാത്രമാണ് എന്നദ്ദേഹം തെളിച്ചുതന്നെ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം സാമൂഹിക ആവശ്യവും (അതുകൊണ്ട് അത് ഗവ. ന്റെ ചുമതലയാണ്) ഉന്നത വിദ്യാഭ്യാസം സ്വകാര്യ ആവശ്യവും (അത് കാശ് മുടക്കാവുന്നവര്‍ക്ക് മാത്രം മതി) എന്ന വേര്‍തിരിവ് സഭയുടെ സ്വാര്‍ത്ഥമായ നിലപാടായി മാറിയിരിക്കുന്നു. അങ്ങനെ സ്വാശ്രയസ്ഥാപനങ്ങള്‍ ലാഭം കൊയ്യുന്ന ധനകാര്യസ്ഥാപനങ്ങളായിത്തീര്‍ന്നു. അത് വലിയ തെറ്റു തന്നെ. മനസ്സാക്ഷിയുള്ള ക്രൈസ്തവര്‍ക്ക് ഇത് അസ്സഹനീയമാണ്.
ആദ്യ കമ്യൂണിസ്റ്റ് ഗവ.നെ താഴെയിറക്കിയ "വിമോചനസമരം" മൂലം കര്‍ഷകരുടെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടിയുള്ള സ്വപ്നങ്ങള്‍ ആണ് സഭ തകര്‍ത്തുകളഞ്ഞത്‌......; പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറയേണ്ട ഒരു വലിയ തെറ്റായി അതിനെ വിലയിരുത്തണം എന്ന് ഇദ്ദേഹത്തോട് ചേര്‍ന്ന് സമ്മതിക്കാന്‍ ഇന്നും മറ്റൊരു മെത്രാനും ധൈര്യപ്പെടുകയില്ല. അതല്ല, അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍, അദ്ദേഹം അല്മായശബ്ദത്തിലെ ഈ ചര്‍ച്ചയില്‍ മുഖം കാണിക്കട്ടെ.    




2. ഇടതുപക്ഷത്തിന്റെ വിലയിടിവ്
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഇതുവരെ അടങ്ങിയിരുന്നത് സാമൂഹിക നീതി, സാമ്പത്തിക നീതി, മതനിരപേക്ഷത, സാമ്രാജ്യത്വ വിരുദ്ധത എന്നിവയാണ്. ഇവയില്‍  മതനിരപേക്ഷത ഒഴിച്ചുള്ളവ ഇടതുപക്ഷം മന:പ്പൂര്‍വം കൈയൊഴിഞ്ഞിരിക്കുകയാണ്. ബംഗാളില്‍ എന്നപോലെ കേരളത്തിലും - സിന്ഗൂരും നന്ദിഗ്രാമും മൂന്നാറും ചെങ്ങരയും മുത്തങ്ങയും ഉദാഹരണങ്ങള്‍ - ഇടതുപക്ഷം എപ്പോഴും സ്വന്തം ജനത്തിനെതിരെയാണ് നീങ്ങിയത്. അപ്പോഴൊക്കെ, ബംഗാളില്‍ ബുദ്ധിജീവികള്‍ എങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കാനുണ്ടായിരുന്നു. കേരളത്തില്‍ അതുപോലും ഇല്ലാതെപോയി. ജനകീയാസൂത്രണത്തിലെ ലോകബാങ്ക് താല്പര്യങ്ങളെയോ, എ.ഡി.ബി, ഐ.എം. എഫ്, എന്നിവയുടെ അട്ടിമറി അജണ്ടാകളെയോ നിഷ്പക്ഷമായി വിലയിരുത്തി തിരിച്ചറിയാനോ  പ്രതിരോധിക്കാനോ കഴിയാത്ത ഒരു തരം റ്റീന (TINA- There is no alternative) സിണ്ട്രോമിലാണ് ഇന്ന് ഇടതുപക്ഷം. മുതലാളിത്ത മാതൃകയിലുള്ള വികസനം ജനദ്രോഹപരമാണെന്നു വാചാലരാകുമ്പോഴും പ്രവൃത്തിയില്‍ അവര്‍ ഇവയെയെല്ലാം പുല്‍കുന്നു എന്ന വൈരുദ്ധ്യാത്മക നിലപാട് ഖേദകരമാണ്. ഇടതുപക്ഷ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സാമ്പത്തിക ബന്ധങ്ങള്‍ക്കും ജീവിതശൈലിക്കും അടിപ്പെട്ടുപോയ ഇടതുപക്ഷ നേതൃത്വമാണ് ഇന്നിവിടെയുള്ളത്. അവര്‍ക്കിടയില്‍ അല്പമെങ്കിലും മന:സാക്ഷിയുള്ളവര്‍ നിശബ്ദരാക്കപ്പെടുകയുമാണ്.

3. മതവും മാര്‍ക്സിസവും
ചുരുക്കിപ്പറഞ്ഞാല്‍ "എല്ലാ മുന്നേറ്റങ്ങളും ആരംഭിക്കുന്നത് പ്രവാചകരിലാണ്; അവസാനിക്കുന്നതോ പോലീസുകാരിലും." (കര്‍ദിനാള്‍ ന്യൂമാന്‍ ) 

ഭാരതത്തിലെ ക്രൈസ്തവ സഭയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഗതകാല-വര്‍ത്തമാനങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയാണ്‌.... മുമ്പെങ്ങും ഉണ്ടാകാത്ത ഒരു ജനകീയ മുന്നേറ്റമായിരുന്നു യേശുവിന്റെ അനുയായികളുടെ സഭ. ശ്രേണീബദ്ധ പൌരോഹിത്യമേല്‍ക്കോയ്മ, ജാതി/വംശ വിവേചനം, ധനികവര്‍ഗ്ഗ, പുരുഷാധിപത്യങ്ങള്‍ അനുഷ്ഠാനങ്ങളിലുറച്ച അനാചാരങ്ങള്‍ എന്നിവയെ അത് എതിര്‍ത്തു. മര്‍ദിതരുടെയും ദരിദ്രരുടെയും പതിതരുടെയും മോചനമായിരുന്നു അതിന്റെ ലക്ഷ്യം. സ്വകാര്യസ്വത്തിന്റെ കുന്നുകൂടലിനെതിരെ വിഭവങ്ങളുടെ പങ്കിടലിനെ വളര്‍ത്തി. വെളിപാട് പുസ്തകം തന്നെ സാമ്രാജ്യത്വത്തോടുള്ള സഭയുടെ രാഷ്ട്രീയ പ്രതിരോധമാണ്. പിന്നത്തെ ചരിത്രം നമുക്കറിയാം. ഇന്ന് സഭ നവ മുതലാളിത്തത്തിന്റെയും ആണ്‍കോയ്മയുടെയും സ്വാധീനത്തിലാണ്. വര്‍ണ, വര്‍ഗ്ഗ, ലിംഗ വിവേചനങ്ങള്‍ വഴി ഇന്ന് ദളിതരും ദരിദ്രരും സ്ത്രീകളും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുവിന്റെ ദര്‍ശനങ്ങളും മൂല്യങ്ങളും കണികാണാന്‍ പോലുമില്ലെന്നായി.

ഇന്ത്യയില്‍ പൊതുവെയും, കേരളത്തില്‍ വിശേഷിച്ചും ഇത് തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ചത്. എ.കെ.ജിയും പി. കൃഷ്ണപിള്ളയുമൊക്കെ പ്രതിനിധാനം ചെയ്തത് ഒരു യഥാര്‍ത്ഥ അനകീയ മുന്നേറ്റമായിരുന്നു. അതിന് സംഭവിച്ച അപജയം നാം നേരത്തേ സൂചിപ്പിച്ചു. മാര്‍ കുറീലോസ് എടുത്ത്‌ പറയുന്ന ഒരു കാര്യം ജാതിവ്യവസ്ഥയെ തള്ളിപ്പറഞ്ഞു മുന്നേറിയ ഈ പ്രസ്ഥാനം അധികാരത്തില്‍ വന്നതോടെ, ദര്‍ശനത്തിലും പ്രയോഗത്തിലും ജാതിപ്രശ്നങ്ങളെ പാടേ നിരാകരിക്കുന്നു എന്നതാണ്. അതുകൊണ്ട് സംഭവിച്ചതെന്തെന്നാല്‍, സ്വത്വമില്ലാത്ത സഖാക്കളായി പാര്‍ട്ടിയുടെ പിന്നണിയില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്ന പട്ടികജാതിക്കാര്‍ (ദളിതര്‍ എന്ന സംജ്ഞ പാര്‍ട്ടി ഒരിക്കലും അംഗീകരിച്ചില്ല) എല്ലായിടത്തും ഒഴിവാക്കപ്പെട്ടു, കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്ക്കരണത്തില്‍ പോലും. ഇക്കാര്യം ദളിതര്‍ തിരിച്ചറിഞ്ഞതിന്റെ ഭാഗമാണ് ചെങ്ങറയും മുത്തങ്ങയും നന്ദിഗ്രാമും പ്ലാച്ചിമടയും മരങ്ങാടും മറ്റും. ഈ സമരങ്ങള്‍ ഭൂമിയുടെ രാഷ്ട്രീയത്തില്‍കൂടിയുള്ള സാമ്പ്രദായിക തൊഴിലാളിവര്‍ഗ്ഗ സമീപനത്തെ നിരാകരിക്കുകയാണ് എന്നതിനാല്‍, പാര്‍ട്ടി അവയെ എതിര്‍ക്കുന്നു. ക്രിസ്തീയ സഭയുടെ കാര്യത്തിലെന്നപോലെ, കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഒരു തരം സവര്‍ണ-ബ്രാഹ്മണിക മേല്‍ക്കോയ്മയായി വേഷം കെട്ടുന്നു. അതുകൊണ്ടവര്‍ ടാറ്റ, ഹാരിസന്‍ തുടങ്ങിയ കുത്തകകളോടു വിധേയത്വം പുലര്‍ത്തുന്നു. രണ്ടിലും നാം കാണുന്നത് കീഴാള മേലാള രാഷ്ട്രീയങ്ങളുടെ ഇടച്ചിലാണ്.

ഈ രണ്ട് പ്രസ്ഥാനങ്ങളിലും ആരംഭത്തില്‍ ഭൂരിപക്ഷം അനുയായികളും ദളിതരും തദ്ദേശീയരും ആയിരുന്നതിനാലും അവരുടെ ഉന്നമനം അന്തിമലക്ഷ്യം ആയിരുന്നതിനാലും ദര്‍ശനപരമായോ പ്രായോഗികതലത്തിലോ മുതലാളിത്ത വ്യവസ്ഥയുമായി സമരസപ്പെടാന്‍ ഇവയ്ക്കു സാധ്യമല്ല. അക്കാര്യം എത്ര വേഗം തിരിച്ചറിയുന്നുവോ, അത്രയും കൂടുതലായിരിക്കും വരുംകാലങ്ങളിലെ ഇവയുടെ നിലനില്‍പ്പിനുള്ള സാദ്ധ്യത തന്നെ. "The greatest tactical problem with modern Christianity is to reconcile its dependence upon the rich with its natural devotion to the poor." (Will Durant)

പ്രൊഫ. റ്റി.എം. യേശുദാസന്‍ തന്റെ പഠനത്തില്‍ പറയുമ്പോലെ, ഈ പുസ്തകം നമ്മളെ അസ്വസ്ഥമാക്കുന്നില്ലെങ്കില്‍ കേരളത്തിന്റെ സാമൂഹികമാറ്റത്തിന് എന്തെങ്കിലും സംഭാവന ചെയ്യാന്‍ നമ്മളെക്കൊണ്ടാവുമെന്നു കരുതേണ്ടതില്ല.    

Friday, August 3, 2012

ബൈബിള്‍വാക്യങ്ങള്‍ ഉദ്ധരിക്കുമ്പോള്‍

ബൈബിളിനെ പറ്റി ആഴമായി പഠിച്ച ശേഷം എഴുതുന്നവരും അതിലുള്ള ഓരോ വാക്കും ദൈവനിവേശിതവും അതുകൊണ്ട്  സത്യവുമായി കരുതി, ഏത്‌ വാദഗതിക്കും അവസാനവാക്കായി അവയെ ഉപയോഗിക്കുന്നവരും അല്മായശബ്ദത്തില്‍ ഏഴുതി കാണുന്നുണ്ട്. ഏതായാലും പള്ളിപ്രസംഗങ്ങളിലെയും ഷാലോംറ്റിവിയിലെയും പോലെ അന്ധമായി വാക്കിന് വാക്ക് അര്‍ത്ഥം വച്ച് വ്യാഖ്യാനിക്കുന്ന രീതിക്ക് നാം അടിപ്പെട്ടുപോകാതെ നോക്കേണ്ടതുണ്ട്. ഒന്നാമത്, പള്ളിയില്‍ നിന്നും ഷാലോംപ്രഘോഷകരില്‍ നിന്നും മറ്റും കിട്ടുന്ന ധാരണയും സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്ന യേശുവും തമ്മില്‍ വല്ലാത്ത അന്തരമുണ്ട്. ഇതൊരു പുതിയ കണ്ടെത്തലൊന്നുമല്ല. ബൈബിള്‍ പഠനം ഒരു സ്വതന്ത്ര വ്യവഹാരമായിത്തീര്‍ന്ന നാള്‍മുതല്‍ യേശുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ മനസ്സിലാക്കാന്‍.. എണ്ണമറ്റ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതേ സമയം, സുവിശേഷഗ്രന്ഥങ്ങളിലൂടെ ഉരുത്തിരിയുന്നത് വിശ്വാസയോഗ്യമായ യേശുച്ചരിത്രമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വൈരുദ്ധ്യാത്മകവുമായ ഒരു കൃതിയാണ് ബൈബിള്‍ എന്നറിയാത്തതുകൊണ്ടാണത്. 

ഉത്തമ വിശ്വാസിയയായ എന്റെയൊരു സുഹൃത്ത് തന്റെ പെണ്മക്കളെ ഒരു നല്ല ശീലം പഠിപ്പിച്ചു: ദിവസവും ബൈബിളിലെ ഒരദ്ധ്യായം വായിക്കുക. ഒന്നര വയസ്സിന്റെ പ്രായവ്യത്യാസം മാത്രമുള്ള അവരിരുവരും മുഴുവന്‍ പുസ്തകവും ഒരുവട്ടം വായിച്ചു. രണ്ടാം തവണ സംഭവിച്ചതെന്തെന്നോ? ആരോണ്‍ വടി നിലത്തിട്ടതേ, അതു സര്‍പ്പമായി മാറിയതും, ഇസ്രായേല്‍ജനത്തിന്റെ രക്ഷക്കായി കടല്‍ രണ്ടായി വിഭജിച്ചതും എത്തിയതോടെ, മൂത്തവള്‍ സംശയം ചോദിച്ചു തുടങ്ങി. ഇതൊക്കെ സംഭവ്യമാണോ, സത്യമാണോ? ഏതായാലും, അവള്‍ വായന നിറുത്തി. ഇളയവളാകട്ടെ,  വാച്യാര്‍‍ത്ഥങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, അവയൊക്കെ വളരെ രസമുള്ള കഥകളും കവിതകളുമായി വീണ്ടും ആസ്വദിച്ചുതന്നെ വായിച്ചുകൊണ്ടിരുന്നു. ബൈബിള്‍ സാവധാനം അവള്‍ക്കൊരു സാഹിത്യകൃതിയായി മാറുകയായിരുന്നു. അതുതന്നെയാണ് സത്യവും. ബൈബിളിന്റെ പഴയതും പുതിയതുമായ ഭാഗങ്ങള്‍ ചരിത്രകൃതികളല്ല, സാഹിത്യകൃതികളാണ്. അങ്ങനെയെടുത്താല്‍ അവ വായിക്കുക രസകരമാണ്. അവയുടെ ഉള്ളടക്കത്തെ അങ്ങനെത്തന്നെ ദൈവനിവേശിതവും അക്ഷരാര്‍ത്ഥത്തിലെടുക്കേണ്ടവയുമായി കരുതിയിരുന്ന കാലം പണ്ടേ കടന്നുപോയി. 

ദൈവവചനമായി യഹൂദര്‍ കരുതിപ്പോരുന്ന ഹീബ്രൂ ബൈബിള്‍ തന്നെയായിരുന്നു ഏതാണ്ട് ആദ്യനൂറ്റാണ്ടിന്റെ പകുതിവരെ ക്രിസ്ത്യാനികളുടെയും ഏക മതഗ്രന്ഥം. ആ സമയത്തോടടുത്തോ, അതിന് ശേഷമോ എഴുതപ്പെട്ട അനേകം സുവിശേഷകൃതികളില്‍ നാലെണ്ണവും, അപ്പോസ്തലരുടെ  പ്രവൃത്തികള്‍ എന്ന രചനയും, അവരുടെ 21 കത്തുകളും, വെളിപാട് എന്ന എഴുത്തും ഉള്‍പ്പെടുന്നതാണ് പതുക്കെപ്പതുക്കെ സഭയുടെ അടിസ്ഥാന വേദഗ്രന്ഥമായിത്തീര്‍ന്ന പുതിയ നിയമം. മേല്‍പ്പറഞ്ഞവയ്ക്ക് സമാനമായി ധാരാളം രചനകള്‍ വെളിച്ചം കണ്ടെങ്കിലും, അവയില്‍ നിന്ന്, അപ്പസ്തോലിക പാരമ്പര്യത്തോട് യോജിക്കുന്നവയെ തിരഞ്ഞെടുത്ത്, ഔദ്യോഗികമായ വേദഗ്രന്ഥസമാഹാരമുണ്ടാക്കിയത് നാലാം നൂറ്റാണ്ടോടുകൂടി മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക - Abington Dictionary of Living Religions). 

ഡിസംബര്‍ 24, 2006 ലെ മാതൃഭൂമി വാരികയില്‍ ഡോ. ജേക്കബ്‌ നാലുപറയിലിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അപ്പോക്രിഫാ സുവിശേഷങ്ങളെപ്പറ്റിയുള്ള ഈ വളെരെ നല്ല രചനക്ക് മുഖവുരയായി ഇങ്ങനെ കൊടുത്തിരുന്നു. "ഔദ്യോഗിക സുവിശേഷങ്ങള്‍ക്ക് വെളിയിലേയ്ക്ക് യേശുവിന്റെ വ്യക്തിത്വത്തെ വളര്‍ത്തുന്നുണ്ട്, നിഗൂഢഗ്രന്ഥങ്ങളായി അറിയപ്പെടുന്ന അപ്പോക്രിഫാ സുവിശേഷങ്ങള്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ക്രിസ്തീയതയുടെ ആത്മാവിനെയുള്‍ക്കൊള്ളുന്ന ഈ സുവിശേഷങ്ങളുടെ വായന ക്രിസ്തുവ്യക്തിത്വത്തെ വൈവിധ്യവത്ക്കരിച്ചുകൊണ്ട്, മഹത്വവത്ക്കരിക്കുന്നതിനോടൊപ്പം യൂദാസിനെയും മഗ്ദലന മറിയത്തെയും കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കുന്നുമുണ്ട് ... ... യേശു സ്ത്രീകള്‍ക്ക് നല്‍കുന്ന കേന്ദ്രസ്ഥാനത്തെ ഇവ ഉറപ്പിക്കുന്നു." ലേഖകന്‍ പരാമര്‍ശിക്കുന്ന മഗ്ദലന മറിയത്തിന്റെ, പത്രോസിന്റെ, ഫിലിപ്പിന്റെ, യൂദാസിന്റെ, തോമസിന്റെയൊക്കെ സുവിശേഷങ്ങള്‍ ഒരു കാലത്ത് ഉപയോഗത്തിലിരുന്നുവെന്നും ഈ കൃതികളിലൊന്നുപോലും രചിച്ചത് സൂചിതയായ/സൂചിതനായ വ്യക്തിയല്ലെന്നും ഗ്രഹിക്കണമെങ്കില്‍, സുവിശേഷഗ്രന്ഥരൂപീകരണത്തിന്റെ രീതിയും ചരിത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഡോ. നാലുപറയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, യേശുവിന്റെ ഭൌമികജീവിതം സുവിശേഷങ്ങളായി പരിണമിച്ചതിന്റെ ചരിത്രഗതി നാം അറിഞ്ഞിരിക്കേണ്ടതാണ്. 

ശാസ്ത്രീയ രീതികള്‍ അനുസരിച്ചുള്ള ബൈബിള്‍പഠനം കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. മൂല കൃതികളെ അതിസൂക്ഷ്മമായി വിശകലനം ചെയ്തും, അവയില്‍ ഉപയോഗിച്ചിരുന്ന ഭാഷാശൈലി, സാഹിത്യരൂപങ്ങള്‍ എന്നിവയെ അപഗ്രഥിച്ചും, രചനയുടെ കാലം, കര്‍ത്താവ് അല്ലെങ്കില്‍ കര്‍ത്താക്കള്‍ ആര് എന്നിവ കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. തത്ഫലമായി, അതുവരെ മുറുകെപിടിച്ചിരുന്ന പല നിഗമനങ്ങളേയും ചോദ്യംചെയ്യാന്‍ ശാസ്ത്രബോധവും സത്യസന്ധതയുമുള്ള ഗവേഷകര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഉദാഹരണത്തിന്, താന്‍ യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു, യേശു സവിശേഷമായി സ്നേഹിച്ചിരുന്നവനായിരുന്നു എന്നൊക്കെ നാലാമത്തെ സുവിശേഷകര്‍ത്താവ് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതില്‍ സത്യമില്ല എന്നതാണ് വസ്തുത. ആ കൃതിയുടെ ഉദ്ഭവത്തിന് നാല്പതു വര്‍ഷം മുമ്പെങ്കിലും തന്റെ സഹോദരന്‍ യാക്കൊബിനോടൊപ്പം യേശു ശിഷ്യനായിരുന്ന യോഹന്നാന്‍ വധിക്കപ്പെട്ടിരുന്നു. ഈ സുവിശേഷമാകട്ടെ, ഒരു ദൈവജനത്തിന്റെ നീണ്ട ധ്യാനമാണ്, അല്ലാതെ, കൃതിയുടെ ഏറ്റവുമൊടുവില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, "യേശുവിന്റെ ചെയ്തികളില്‍ ചിലതു മാത്രമാണ് താന്‍ കുറിച്ചിരിക്കുന്നത്" എന്നതിലെ വാച്യാര്‍ത്ഥം അസ്ഥാനത്താണ്. ചരിത്രബന്ധിതമായതൊന്നും ഈ സുവിശേഷം ഉള്‍ക്കൊള്ളുന്നില്ല എന്നാണ് പണ്ഡിതമതം. ഒടുവിലത്തെ അത്താഴവേളയിലേതായി നാം വായിക്കുന്ന യേശുവിന്റെ ഹൃദയസ്പര്‍ശിയായ, അതിസുന്ദരമായ ആ സംഭാഷണം അതേവിധം നടന്നതല്ല. ഒരു രാത്രിയിലവിടുന്ന് നിക്കദെമുസുമായി നടത്തിയ സംസാരവും പൊള്ളുന്ന വെയിലത്ത് ഒരു കിണറിന്റെ അരികിലിരുന്ന് ഒരു സമേരിയക്കാരി സ്ത്രീയുമായി ഉണ്ടായ ചര്‍ച്ചയുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെ ഗ്രന്ഥകര്‍ത്താക്കള്‍ പിന്നീട് നെയ്തെടുത്ത ഭാവനാസൃഷ്ടികളാണ്. അതുപോലെ കാനായിലെ കല്യാണവിരുന്നില്‍വച്ച് യേശു വെള്ളം വീഞ്ഞാക്കിയതും കുരിശിന്റെ ചുവട്ടില്‍ നിന്ന യോഹന്നാനെയും മറിയത്തെയും പരസ്പരം ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് സംസാരിക്കുന്നതുമൊക്കെ തഥൈവ. - നല്ല ഭാവനകള്‍. പക്ഷേ, ഒന്നുണ്ട്; ഈ ഗ്രന്ഥകര്‍ത്താവിനെപ്പോലെ ഒരിക്കല്‍ യേശുവിനെ ക്രിസ്തുവായി ഉള്ളില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, ഇവയെല്ലാം സംഭവ്യവും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി കാണുവാന്‍ സാധിക്കും. ആത്മാവിനെ വിളിച്ചുണര്‍ത്തുന്ന ആഴമായ ഉള്ക്കാഴ്ച്ചകളായി യേശുവചനങ്ങളെ അനുഭവിച്ചറിയുക എങ്ങനെയെന്ന് തിരിച്ചറിഞ്ഞ ഒരാളാണ് ഫാ. ബോബിജോസ് കട്ടിക്കാട്ട്. അദ്ദേഹത്തിന്‍റെ രീതിയാണ് നമുക്കും സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി. 

ഈ കാഴ്ചപ്പാടാണ് അതിപ്രധാനം. അതായത്, പുതിയനിയമ ഗ്രന്ഥങ്ങളില്‍ ഒരൊറ്റ വരിപോലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റിയല്ല, മറിച്ച്, അവയെല്ലാം നാഥനും രക്ഷകനുമായി വിശ്വാസികളുടെയുള്ളില്‍ രൂപമെടുത്ത ക്രിസ്തുവിനെപ്പറ്റിയാണ്. ഈ മാറ്റം സംഭവിക്കുന്നതോ, അദ്ദേഹത്തിന്‍റെ മരണശേഷം മാത്രവും. ഇത്രയുമംഗീകരിക്കാനായാല്‍ സുവിശേഷങ്ങളില്‍ കാണുന്ന പരസ്പര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ചിത്രീകരണങ്ങള്‍ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ വായനക്കാരനെ ശല്യപ്പെടുത്തുകയില്ല. കാരണം, ഐതിഹ്യരൂപത്തിലുള്ള സാഹിത്യ സംരംഭത്തില്‍ അതൊക്കെ അനുവദനീയമാണ്. യേശുവിന്റെ ജനനത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളൊക്കെ കാല്പനികങ്ങളാണ്. ദൃക്സാക്ഷികളുടെയോ കേട്ടുകേഴ്വിയുടെയോ യഥാതഥാ വിവരണങ്ങളുമായി ഏതെങ്കിലും ബന്ധം അവയില്‍ തിരയേണ്ടതില്ല. ആദ്യക്രിസ്ത്യാനികള്‍ തങ്ങളുടെ എതിരാളികളായിത്തീര്‍ന്ന യഹൂദരെ ആശയപരമായി നേരിടുന്നതിനും യേശുവിന്റെ പ്രബോധനങ്ങള്‍ എതിര്‍ജാതീയരില്‍ എത്തിക്കുന്നതിനുമായി വേണ്ടിയിരുന്നതൊക്കെ യഥാര്‍ത്ഥ ചരിത്രസമയത്തില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്ന് പോലും, വേര്‍പെടുത്തി ഈ കൃതികളില്‍ തിരുകി ചേര്‍ത്തിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.

സഭ അംഗീകരിച്ച സുവിശേഷങ്ങള്‍ പോലും അവയുടെ ആദ്യരൂപത്തിലല്ല ഇന്ന് നാം വായിക്കുന്നത്. യഹൂദരോട് പക്ഷപാതം കാണിക്കുന്ന, അന്യ ജാതികളെ താഴ്ത്തിക്കെട്ടി വിവേചനം നടത്തുന്ന ധാരാളം ഭാഗങ്ങള്‍ അവയിലുണ്ടായിരുന്നു. സഭ വികസിച്ചതോടെ, ഗ്രീക് ഭാഷക്കാരുടെയും റോമാക്കാരുടെയും മറ്റും എണ്ണം കൂടിവന്നു.  മേല്‍പ്പറഞ്ഞതരം ജാതിസൂചനകള്‍ ഒരു കീറാമുട്ടിയായി തിരിച്ചറിഞ്ഞ ഗ്രന്ഥകര്‍ത്താക്കള്‍ അതൊന്നു മയപ്പെടുത്താന്‍ ചില മിനുക്കുപണികള്‍ ചെയ്തു. യേശു യഹൂദരുടെ മാത്രം മിശിഹായല്ലാ, പുറംജാതിക്കാരും ദൈവരാജ്യത്തിലേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് കാണിക്കേണ്ടതുണ്ടായിരുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ ഒടുവിലത്തെ ഭാഗം ഇതിലൊരു ശ്രമമാണ്. "പോയി എല്ലാ ജാതികളെയും ശിഷ്യരാക്കുക; പിതാവിന്റെയും ... നാമത്തില്‍ അവര്‍ക്ക് സ്നാപനം നല്‍കുക ..." (മ. 28, 18-20). മത്തായി തന്നെയല്ലെങ്കില്‍, മറ്റാരെങ്കിലും മനപ്പൂര്‍വ്വം  തിരുകിച്ചേര്‍ത്തതുമാകാം ഈ ഭാഗം. അതുപോലെ, ഒരു ലോകരക്ഷകനോ ദൈവപുത്രനോ ചേരാത്ത ദേശീയ തീവ്രവാദത്തെ മായിച്ചുകളയാന്‍, കുറഞ്ഞത്‌, മയപ്പെടുത്തുകയെങ്കിലും ചെയ്യാന്‍ വേണ്ടി, ഓര്‍ക്കാപ്പുറത്ത് എന്നപോലെ യേശു വിദേശീയരെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ കല്പിച്ചെടുത്തതിനുദാഹരണമാണ് റോമാക്കാരന്‍ ശതാധിപന്റെ അടിമയെ സുഖപ്പെടുത്തല്‍ ( ലൂ. 7,2 ). ശതാധിപന് വേണ്ടി യഹൂദമൂപ്പന്മാരാണ് വക്കാലത്തുമായി എത്തുന്നത്. "കര്‍ത്താവേ, നീയെന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല..." എന്ന എളിമപ്രകടനം ഭൃത്യന്മാര്‍ വഴിയാണ് ശതാധിപന്‍ നടത്തുന്നത്. "ഇസ്രായേലില്‍ പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല" എന്ന് പറഞ്ഞ്, ദൂരെനിന്ന് തന്നെ യേശു രോഗിയെ സുഖപ്പെടുത്തുന്നു. അതുപോലെ നേരിട്ട് സംഭവസ്ഥലത്ത് എത്താതെയാണ് സീറോ-ഫിനീഷ്യക്കാരിയുടെ മകളെ സുഖപ്പെടുത്തുന്നതും. ഇതൊക്കെയായിട്ടും, ചില ഭാഗങ്ങള്‍ വിജാതീയവിദ്വേഷത്തിന്റെ വിഷം ഉള്‍ക്കൊള്ളുന്നവയായി ഇന്നും അവശേഷിക്കുന്നുണ്ട്. ഉദാ: തെറ്റുകാരെ തിരുത്താനുള്ള കടമയെപ്പറ്റി പറയുന്നിടത്ത് ഉപയോഗിക്കുന്ന വാക്കുകളുടെ അവസാനഭാഗം ശ്രദ്ധിക്കുക: "... അയാള്‍ അവരെയും ചെവിക്കൊള്ളുന്നില്ലെങ്കില്‍, സഭയോട് പറയുക. അയാള്‍ സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കയാള്‍ വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ." (മ.18, 15-17). യേശുവിന്റെ കാലമാണ് ഇവിടെ യഥാര്‍ത്ഥ സന്ദര്ഭമെങ്കില്‍ , സഭയെന്നുള്ള വിവക്ഷ തന്നെ ഇവിടെ അചിന്തനീയമാണ്. അതിനര്‍ത്ഥം, സമയബോധമില്ലാതെയാണ് യേശുവിനു ശേഷം ഉരുത്തിരിഞ്ഞ സഭയിലെ ഏതോ എഡിറ്റര്‍ ഇതെഴുതിച്ചേര്‍ത്തത് എന്നല്ലേ? അപ്പോഴും പക്ഷെ, വിജാതീയര്‍ ഏറ്റവും വെറുക്കപ്പെടേണ്ടവരുടെ കൂട്ടത്തിലായിരുന്നു എന്ന് സ്പഷ്ടം.  

പലപ്പോഴും ഇങ്ങനെ വിജാതീയരെ അകറ്റി നിറുത്തിയെങ്കിലും,  ക്രിസ്തുവായി രൂപാന്തരം കല്‍പ്പിക്കപ്പെട്ട ഗുരുവിന്‍റെ രക്ഷാവലയത്തില്‍ അവരും പങ്കുചേരേണ്ടതുണ്ട് എന്ന ദൈവശാസ്ത്രപരമായ ആവശ്യം വ്യക്തമായതോടെ, ഔദ്യോഗിക രചനകള്‍ അതിനനുസരിച്ചു മാറ്റിയെഴുതേണ്ടി വന്നു. അങ്ങനെ റോമാക്കാരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചമച്ചതായിരിക്കാം പീലാത്തോസിന്റെ രംഗപ്രവേശം. യേശു നിര്‍ദോഷിയാണെന്ന്‌ അയാളെക്കൊണ്ട് പറയിപ്പിക്കുന്നതും, "സത്യമായും ഇവന്‍ ദൈവത്തിന്റെ പുത്രനായിരുന്നു" (ഒരു ദൈവപുത്രനായിരുന്നു എന്നുമാകാം എന്ന്‌ ഓശാന ബൈബിള്‍ ) എന്ന് കുരിശിങ്കല്‍ നിന്നിരുന്ന റോമന്‍ പടയാളിയെക്കൊണ്ട് ഉരുവിടുവിക്കുന്നതും ഇത്തരം പരോക്ഷലക്ഷ്യം വച്ചായിരിക്കാം. ഇവരുടെ വായില്‍ ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ചേരുന്ന വാക്യങ്ങള്‍ തിരുകുന്നതുപോലെ തന്നെ, ലോകരക്ഷകനും സവ്വജ്ഞാനിയുമായ ഗുരുവെന്ന നിലയില്‍ യേശു അരുളി ചെയ്തിരിക്കേണ്ടതെന്നു കരുതിയ "യേശുവാക്യങ്ങളും" സുവിശേഷത്തിലുടനീളമുണ്ട്. തന്റെ പ്രത്യേക ദൌത്യത്തെപ്പറ്റി ബോധവാനായിരുന്നെങ്കിലും, സ്വയം മനുഷ്യനായി മാത്രം കണ്ടിരുന്ന ഒരാളില്‍നിന്ന് ഒരിക്കലും വരില്ലാത്ത വാക്യങ്ങളാണ് "ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു" തുടങ്ങിയവ. അതായത്, സഭയുടെ നിലനില്‍പ്പിന് അവ ആവശ്യമാണെന്ന്‌ തോന്നിയപ്പോള്‍ കൂട്ടിച്ചേര്‍ത്ത ഇത്തരം വാക്യങ്ങള്‍ എത്ര വേണമെങ്കിലും സുവിശേഷങ്ങളില്‍ ഉണ്ടെന്ന കാര്യം വളരെ വ്യക്തമാണ്. ഉരുത്തിരിഞ്ഞുവന്ന സഭയുടെ ഉദ്ദേശ്യലബ്ധിക്കായി മൂലകൃതിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നു സാരം. അതുകൊണ്ട്, നിത്യേന പള്ളികളിലും മറ്റും ഉദ്ധരിക്കപ്പെടുന്ന യേശുവചനങ്ങളില്‍ പലതും സഭയുടെ സ്വന്തം വ്യാഖ്യാനങ്ങളുടെ ബലത്തിനായി പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെന്ന കാര്യം മറന്നുകൂടാ.

സത്യാന്വേഷികളെ അലട്ടുന്ന മറ്റൊരു സംഗതിയാണ് അറിയാതെ തര്‍ജ്ജമയില്‍ കടന്നുകൂടിയ തെറ്റുകള്‍ . അവയില്‍ പലതും തിരുത്താന്‍ ഓശാന ബൈബിള്‍ ശ്രമിച്ചിട്ടുണ്ട് എന്നത് അനുമോദനാര്‍ഹമാണ്. ഈ വിഷയത്തെക്കുറിച്ച് മറ്റൊരിക്കല്‍ വിശദമായി എഴുതാം എന്ന് വിചാരിക്കുന്നു.  

Tuesday, July 24, 2012

പ്രാര്‍ത്ഥിക്കുന്നവര്‍

ശ്രീ ജോസഫ്‌ മറ്റപ്പള്ളിയുടെ ലേഖനത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് ചെന്നെത്തി. അക്കൂടെ പ്രാര്‍ത്ഥനയെപ്പറ്റി എന്റേതായി ഏതാനും വരികള്‍ ചേര്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ അതാ അതേ വിഷയത്തെക്കുറിച്ച് അമിതഭക്തി എന്ന ശീര്‍ഷകത്തില്‍ കെ. കുര്യാക്കോസ് ഏലിയാസിന്റെ ഒരു നര്‍മ്മഭാഷണം. അല്പം നീണ്ടതായതിനാല്‍,  ഈ കുറിപ്പ് പുതിയ പോസ്റ്റായി ഇടാനേ തരമുള്ളൂ.

ആസ്പിരിന്‍ ചിലപ്പോഴെല്ലാം തലവേദനക്ക് ശമനം വരുത്തുമെങ്കിലും അത്താഴം തന്നെ ആസ്പിരിന്‍ ആക്കിയേക്കാം എന്ന് വച്ചാലോ? ശ്രീ കുര്യാകോസ് ഈ ഉപമയിലൂടെ അമിതഭക്തിയുടെ സകല വശങ്ങളെയും സ്പര്‍ശിച്ചു. അദ്ദേഹം ഈ പറഞ്ഞിടത്തെല്ലാം പ്രാര്‍ത്ഥനയെന്ന പ്രവൃത്തി, ഒരു വിശ്വാസി, അവന്‍ ആരാധിക്കുന്ന ദൈവവുമായി, അല്ലെങ്കില്‍, ഒരു മദ്ധ്യസ്ഥനോടോ മദ്ധ്യസ്ഥയോടോ പുലര്‍ത്തുന്ന ഒരനുഗ്രഹംതേടലാണ്. സമ്മതിച്ചു, ഇത്തരം പ്രാര്‍ത്ഥന പലരുടെ ജീവിതത്തിലും ഒരു മാനസ്സിക ഔഷധമായി പ്രവര്‍ത്തിക്കാം. അത് യഹൂദ- ഇസ്ലാമികമതങ്ങളുടെ കണ്ടുപിടുത്തമാണ്. ക്രിസ്തുമതവും ഈ രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നേയുള്ളൂ. അവര്‍ക്കത് കാശുവച്ചുള്ള കളിയായിത്തീര്‍ന്നതോടെ, ആഴ്ചയില്‍ ഏഴു ദിവസവും സാബത്താക്കിയാലും വിരോധമില്ലെന്ന അവസ്ഥയും വന്നുചേര്‍ന്നു. പക്ഷേ, തത്ത്വത്തില്‍ തലവേദനക്ക് ആസ്പിരിന്‍ എന്നതില്‍ കവിഞ്ഞ മറ്റൊരര്‍ത്ഥവുമില്ലാത്ത വ്യായാമമാണ് ഇത്തരം ഭ്രാന്തുകള്‍ . കാരണം, ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുക എന്നത് ഒരു മനുഷ്യഭാവന മാത്രമാണ്.

എന്തുകൊണ്ടാണ് ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കക അസാധ്യമാകുന്നത്? ദൈവം ഒരു വ്യക്തിയല്ലായെന്നതാണ് അതിന്റെ ലളിതമായ കാരണം. എല്ലാ അസ്ഥിത്വത്തിന്റെയും ജീവന്റെയും അടിസ്ഥാനമായ ശക്തിയെന്നാണ് ദൈവശബ്ദംകൊണ്ടു മനസ്സിലാക്കേണ്ടത്. പ്രപഞ്ചത്തില്‍ വ്യക്തിത്വത്തിലേക്ക് വികസിച്ചത് നാമറിയുവോളം മനുഷ്യന്‍ മാത്രമാണ്. അതുതന്നെയാണ് അവനു വിനയായി ഭവിച്ചതും. കാരണം, എല്ലാ സ്വാര്‍ത്ഥതയുടെയും പിന്നില്‍ ഈ വ്യക്തിത്വബോധമാണുള്ളത്. വ്യക്തിത്വം വ്യതിരിക്തതയുടെ (വേര്‍പെട്ടുനില്‍ക്കലിന്റെ) പാരമ്യമായതിനാല്‍ ദൈവതത്തില്‍ വ്യക്തിത്വം ആരോപിക്കുക ബാലിശമാണ്. അതില്‍നിന്നു തന്നെയാണ് പ്രാര്‍ത്ഥനയുടെ കാര്യത്തിലുണ്ടാകുന്ന തെറ്റായ ധാരണയും വന്നുചേരുന്നത്. മറിച്ച്, ദൈവം മനുഷ്യരെ വ്യക്തികളായി കരുതുന്നുണ്ടെന്നുള്ളതിനുതകുന്ന എന്തെങ്കിലും തെളിവുകള്‍ അനുദിനജീവിതത്തില്‍ ഒരിടത്തും കാണാനാവില്ല. സംഭവിക്കുന്നവയെല്ലാം പ്രകൃതിയുടെ നിയമങ്ങളനുസ്സരിച്ചുണ്ടാകുന്നവയാണ്. അവയില്‍ നന്മതിന്മകളെ വേര്‍തിരിച്ചു കാണുന്നതും അവയെ അനുഗ്രഹങ്ങളും ശിക്ഷകളുമായി തരംതിരിക്കുന്നതും മനുഷ്യന്‍ മാത്രമാണ്. അവനു ചേരാത്തത് അവന്‍ തിന്മയായി കരുതുന്നു, അത്രതന്നെ. തന്നില്‍ത്തന്നെ സര്‍വ്വോന്നത നന്മയായതിനാല്‍ ദൈവത്തിനും, നന്മതിന്മയുടെ വേര്‍തിരിവറിയില്ലാത്തതിനാല്‍ പ്രകൃതിയിലുള്ള മറ്റൊന്നിനും തിന്മയെന്നൊന്നില്ല, ഉണ്ടായിരിക്കാനവില്ല. ദൈവകല്പ്പനയെ മറികടന്ന്, നന്മതിന്മകളുടെ വേര്‍തിരിവ് സ്വന്തം അവകാശപരിധിക്കുള്ളില്‍ കൊണ്ടുവന്നശേഷമാണ് "തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ" എന്ന് മനുഷ്യന് യാചിക്കേണ്ടിവന്നത്.

വ്യക്തിയാണ് തിന്മയുടെ സൃഷ്ടാവെന്ന് അല്പമാലോചിച്ചാല്‍ വ്യക്തമായി മനസ്സിലാകും. എന്തുകൊണ്ടാണ് ചില ചെടികളെ നാം കളകളെന്നു കരുതി നശിപ്പിക്കുന്നത്? നമുക്കുപകാരമുള്ള സസ്യങ്ങളെ പ്രത്യേക ശ്രദ്ധകൊടുത്തു പരിരക്ഷിക്കാന്‍ വേണ്ടി. ഇതേ കഴ്ച്ചപ്പാടുതന്നെയാണ് മറ്റു നന്മതിന്മകളുടെയും പ്രഭവസ്ഥാനം. ബോധോദയം സംഭവിക്കുക എന്നാല്‍ വ്യക്തിപരമായ തലത്തില്‍നിന്നുയര്‍ന്ന്, ചിന്തയിലും പ്രവൃത്തിയിലും അസ്തിത്വത്തിന്റെ ഭാഗമാകുക എന്ന് മാത്രമാണ്. അതുതന്നെയാണ് ദൈവവുമായുള്ള ഐക്യവും. അതുതന്നെയാണ് ശുദ്ധമായ പ്രാര്‍ത്ഥന. അല്ലാതെ, ഓരോ നിമിഷവും ഏതെങ്കിലും തരത്തിലുള്ള അപ്പത്തിനായി യാചിച്ചുകൊണ്ടിരിക്കുകയല്ല. മുട്ടുവിന്‍ തുറക്കപ്പെടും, നിരന്തരം പ്രാര്‍ഥിക്കുവിന്‍ എന്നൊക്കെ സുവിശേഷങ്ങളില്‍ വായിക്കുന്നത് അവനവന്റെ ഇഷ്ടത്തിനു വ്യാഖ്യാനിച്ചാല്‍ യേശുവിന്റെ ആത്മാവബോധത്തില്‍ എത്തുക അത്ര എളുപ്പമല്ല. തന്നെയല്ല, യുക്തിഭദ്രമായ ജീവിതമെപ്പോഴും സാധ്യമല്ല താനും. കാരണം, മിക്കപ്പോഴും മനസ്സിന്റെ നിയത്രണപരിധിയിലല്ല സുന്ദരമായ പലതും – സൌന്ദര്യാവബോധം, ധ്യാനചൈതന്യം, അകൈതവപ്രേമം തുടങ്ങിയവ. എന്നാലിവയൊക്കെയില്ലാതെ എന്ത് ജീവിതസാഫല്യം? പ്രാര്‍ത്ഥനയുടെ നിരന്തരഭാവമുള്ളവര്‍ക്ക് പള്ളികളും അമ്പലങ്ങളും അധികപ്പറ്റായി തോന്നും; അതില്ലാത്തവര്‍ക്കോ, ഉപയോഗശൂന്യവും. നമുക്കുചുറ്റുമുള്ള അനന്തമായ പ്രപഞ്ചവിസ്മയങ്ങള്‍ നമ്മെ നിരന്തരം ദൈവസാന്നിദ്ധ്യം  പഠിപ്പിക്കുന്നില്ലെങ്കില്‍ ദൈവത്തെ പിന്നെ എവിടെ തേടാനാണ്? ദൈവത്തോടുള്ള അടുപ്പമെന്നതുകൊണ്ട് പിന്നെയെന്താണ് ഒരാള്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യം വേണ്ടിവരുന്നതുതന്നെ വ്യാജമായ വ്യക്തിപൂജയെ (അത് അസ്സല്‍ ദൈവമോ ആള്‍ദൈവങ്ങളോ ആകട്ടെ) പ്രോത്സാഹിപ്പിക്കുന്ന മതപ്രവണതകളുടെ അതിപ്രസരംകൊണ്ടാണ്. പുണ്ണ്യവാളന്മാര്‍ , പൂജാരിപുരോഹിതര്‍ , ഖാന്‍ വട്ടായിമാര്‍ തുടങ്ങിയവര്‍ക്ക് ജനത്തിന്റെമേല്‍ ഇന്നുള്ള വെറുപ്പിക്കുന്ന സ്വാധീനവും അന്ധമായ വ്യക്തിസ്വാധീനത്തിന്റെ പാര്‍ശ്വഫലം മാത്രമാണ്. പ്രാര്‍ത്ഥനയെന്നാല്‍ ഇവരെയൊക്കെ ചുറ്റിപ്പറ്റി കഴിയുകയാണെന്നുള്ള അന്ധവിശ്വാസം സാധാരണക്കാരില്‍ ഇന്ന് കൂടുതലായി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അങ്ങനെ, സാമാന്യവിവക്ഷയില്‍ പ്രാര്‍ത്ഥന എന്നാല്‍ യാചന അല്ലെങ്കില്‍ സ്തുതിയായി തരംതാഴ്ത്തപ്പെടുന്നു. താനും ഈശ്വരനും ഒന്ന് തന്നെ എന്ന് തിരിച്ചരിഞ്ഞവന് ഇതിന്റെ രണ്ടിന്റെയും ആവശ്യം വരുന്നില്ല.

പ്രാ – അര്‍ത്ഥന എന്നാല്‍ അര്‍ത്ഥനക്ക് മുമ്പുള്ളത് എന്നാണ്‌. അതുകഴിഞ്ഞുള്ളതുമാണ്. യാചനയാകുന്ന പ്രാര്‍ത്ഥന വെറും അര്‍ത്ഥനയാണ്. അത് ജീവനില്ല്ലായ്മയുടെയും ശുഷ്ക്കതയുടെയും ലക്ഷണമാണ്. ആത്മജീവനുള്ളിടത്ത്, അര്‍ത്ഥനയല്ല, ആഘോഷമാണുണ്ടാവുക. മതിയാകാത്തിടത്താണ് യാചന വേണ്ടിവരുന്നത്. നേര്‍ച്ചകാഴ്ച്ചകളുടെയും അര്‍ച്ചനകളുടെയും ആവര്‍ത്തനപ്പാട്ടുകളുടെയുമൊക്കെ ബഹളങ്ങള്‍ അതൃപ്തിയുടെ സൂചനകളാണ്. എന്നാല്‍ സംതൃപ്തന്‍ (വേണ്ടതെല്ലാം തനിക്കുണ്ടെന്നുള്ള ബോദ്ധ്യത്തില്‍ കഴിയുന്നവന്‍) ഉള്ളതുകൊണ്ടാഘോഷിക്കും. ആള്‍ക്കൂട്ടവും കൂട്ടപ്രാര്‍ഥനയും അവനു വിരസതയേകുകയേയുള്ളൂ. ഇരന്നു വാങ്ങാനും വാരിക്കൂട്ടാനുമുനുള്ള ത്വര - അത് രോഗശാന്തിയോ മറ്റനുഗ്രഹങ്ങളോ ആകട്ടെ - ആത്മീയതയല്ല. അതിന്റെയഭാവമാണ്. എല്ലാം കിട്ടിയിട്ടുണ്ടെന്ന സംതൃപ്തിയില്‍ മാത്രമേ ആത്മീയത പുഷ്ടിപ്രാപിക്കൂ.

സത്യത്തില്‍ എന്താണ് പ്രാര്‍ത്ഥന എന്നത് എല്ലാ മതങ്ങളിലും വിവാദവിഷയമാണ്. അസ്തിത്വത്തിന്റെ ഏകാത്മതയെപ്പറ്റി അല്ലെങ്കില്‍ അഭേദതയെപ്പറ്റി ആഴമായ അവബോധത്തിലെത്തിയവര്‍ക്ക് ആ അവബോധം തന്നെയാണ് പ്രാര്‍ത്ഥന. "ആവേ മരിയാ, നന്മ നിറഞ്ഞവളേ, സ്വസ്തി, ദൈവം നിന്നോട് കൂടെ. നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നീ പ്രസവിച്ച യേശു അനുഗ്രഹീതനാകുന്നു." യേശുവിന് ജന്മം നല്‍കിയ മറിയത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്നില്ലെങ്കില്‍ ഇത് യഥാര്‍ത്ഥ പ്രാര്‍ത്ഥനയായി കണക്കാക്കാം. അപ്പോള്‍ അത് ഏത്‌ സ്ത്രീയെ കാണുമ്പോഴും, അല്ല, പ്രകൃതിയിലുള്ള എന്ത് കണ്ടാലും, നമുക്കുള്ളില്‍ അലയടിക്കുന്ന ഒരു സംഗീതമായിത്തീരും. എല്ലാറ്റിലും കുടികൊള്ളുന്ന അനന്തമായ വശ്യത, അനന്തമായ സൌന്ദര്യം, ദൈവമെന്നു നാം വിളിക്കുന്ന പരാശക്തിയുടെ നിരന്തര സാന്നിദ്ധ്യം, അതുണ്ടാക്കുന്ന കുളിര്‍മ്മയും അഭയവും സംതൃപ്തിയും നമ്മുടെതായിത്തീരുമ്പോള്‍ , ജീവിതം മൊത്തത്തില്‍ , എല്ലായ്പ്പോഴും  സുന്ദരമായ ഒരു പ്രാര്‍ത്ഥനയായി പരിണമിക്കുന്നു.

ഒരൊറ്റ നന്ത്യാര്‍വട്ടപ്പൂവ്‌ ഒരു കുഞ്ഞ് ഞങ്ങളുടെ കിടപ്പറയില്‍ കൊണ്ടുവന്നു വച്ചു. അതറിയാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ , ഹായ്, മുറി മുഴുവന്‍ വ്യാപിക്കുന്ന അതിന്റെ വശ്യമായ സുഗന്ധം എന്തെന്നില്ലാത്തെ ഒരനുഭൂതിയെയാണ് സൃഷ്ടിച്ചത്. അതും തുടര്‍ച്ചയായി നാല് ദിവസം. ഉണങ്ങിയിട്ടുപോലും അതിന്റെ വാസന തീരുന്നില്ല. ആ സസ്യത്തിന്റെ രഹസ്യ അടുക്കളയില്‍ ഭൂമിയുടെ ഗന്ധത്തിന്റെ ഒരംശമെടുത്ത് സ്വരുക്കൂട്ടിയതാണല്ലോ ഈ അത്ഭുതം. ഇതേ തരത്തിലുള്ള എത്രയെത്ര അത്ഭുതവിന്യാസങ്ങള്‍ പ്രകൃതിയിലുള്ള എന്തും ഏതും നിരന്തരം ഒരുക്കിക്കൊണ്ടിരിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ, മൂക്കുള്ളവര്‍ മണത്തറിയട്ടെ. ഓരോ ഇന്ദ്രിയവും പ്രാര്‍ത്ഥനക്കുള്ള മെഴുകുതിരികളായിത്തീരട്ടെ.

Wednesday, May 16, 2012

എന്നെ തേടിയുള്ള യാത്ര (3)


ഉപനിഷദീയം


ആത്മാവുമൊത്ത്   ഞാന്‍  നടക്കാനിറങ്ങി.  വഴിയില്‍ ശ്രദ്ധിച്ചവ കുറിച്ചുവച്ചു. അവയെ മറ്റാരെങ്കിലുമായി പങ്കുവയ്ക്കുവാന്‍ കൊതിച്ചു. ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ , "എല്ലാം ചെന്നെത്തുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പൂര്‍ണതയില്‍ നീയും ഞാനുമുണ്ട്, വളരെ അടുത്തു തന്നെ" എന്ന് പറഞ്ഞുകൊണ്ട്  തുടങ്ങട്ടെ.

ഒരു മുട്ട വിരിയുന്നു, ഒരു പൂവ് വിടരുന്നു, ഒരു സ്നേഹമുദിക്കുന്നു: യഥാക്രമം ജീവന്‍, സൌന്ദര്യം, സൌരഭ്യം. ഇവിടെയെല്ലാം ആസ്വാദകനായി ആരോ അരികെയുണ്ട്, നാം കാണുന്നും അറിയുന്നും  ഇല്ലാത്തപ്പോഴും.  ഈ സൃഷ്ടിതാളങ്ങളെല്ലാം ആത്മ-ബ്രഹ്മസംയോഗത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ടാണ്  ഇവിടെയെല്ലാം ജീവോത്സവവും ആനന്ദവും അനുഭവവേദ്യമാകുന്നത്.

ഹൃദയാഹ്ളാദത്തിലേയ്ക്കും സൌഹൃദത്തിലേയ്ക്കും നയിക്കുന്ന ഒറ്റ വഴിയേ ഉള്ളൂ - അദ്വൈദത്തിന്റേത് - എന്ന സത്യമാണ് ഉപനിഷത്തുകളിലൂടെ ഉരുത്തിരിയുന്നത്.  വ്യാഖ്യാനങ്ങള്‍ സഹായകമാകാമെങ്കിലും, മൂല്യവാക്യങ്ങളിലൂടെ പരതിനടന്നാല്‍ , ചില  വെളിപാടുകള്‍ നമുക്കും ലഭ്യമാകണം എന്ന ധൈര്യമവലംബിച്ച്,  ഞാനും വായന തുടങ്ങി. പലയിടങ്ങളിലും സ്തബ്ധനായി നിന്ന്   വിചാരം പൂണ്ടു. നേരിട്ട്   ഇടപെടുന്നില്ലാത്തിടത്തും എനിക്
കും നിനക്കും പങ്കുണ്ട്,  നന്മയായതും പുളകമണിയിക്കുന്നതും എവിടെയായിരുന്നാലും, അതു നമ്മുടേതുകൂടിയാണ്  എന്നൊക്കെയാണ്  ഉപനിഷദ്ജ്ഞാനത്തിന്റെ പൊരുള്‍ എന്നിടം വരെയെത്തി. ഇവ്വിധ ചിന്താകിരണങ്ങള്‍ ജീവിതസമസ്യകളില്‍ പ്രകാശവും ആത്മധൈര്യവും പകരുമെന്ന്  അനുഭവിച്ചറിയുകയും ചെയ്തു.

എന്നാല്‍ ,  ഉള്ളില്‍ ഗ്രഹിക്കുന്നവയും ആഗ്രഹിക്കുന്നവയും വര്‍ത്തമാനവൃ
ത്തികളില്‍ കൊണ്ടുവരുവാന്‍ തടസ്സമേറുമ്പോള്‍ , തിന്മയെപ്പറ്റി ബോധമുണരുന്നു. ഒഴുക്കാണ് നന്മയുടെയും പ്രകാശത്തിന്റെയും  പ്രഥമ ഗുണം. ഒഴുക്കിനെ തടയുന്നതെല്ലാം അഴുക്കാകുന്നു. അതുകൊണ്ടാണ്  പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടാതെ, എന്റേത്,  നിന്റേത് എന്ന ചിന്ത ഉറച്ചുപോയിടത്ത്  മനുഷ്യത്വം മുരടിച്ചുപോകുന്നത്. "അയം നിജ: പരോവേതി ഗണനാ ലഘു ചേതസാം." (എന്റേത് അപരന്റേത്    എന്ന ചിന്ത ചെറിയ മനസ്സിന്റേതാണ്.) ഒരാള്‍ക്ക്‌ മാത്രമായി എന്തെങ്കിലും മാറ്റിവയ്ക്കുക നന്മയായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നില്ല. എന്നില്‍ വന്നുനിറയുന്നവ കവിഞ്ഞൊഴുകി അന്യരിലേയ്ക്കും പ്രവഹിക്കുമ്പോള്‍ മാത്രമേ സമ്പന്നതയും സന്തുഷ്ടിയും സംജാതമാകൂ. കൂട്ടിവയ്ക്കുക ആത്മനിഗ്രഹത്തിനു തുല്യമാണ്.

വിഭജനമാണ് , വേദനകള്‍ക്കെല്ലാം നിദാനമെന്ന് ഉപനിഷത്തുകള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു.  എല്ലാ ധര്‍മത്തിന്റെയും അന്തിമലക്ഷ്യം സംയോജനമാണ്. ഈ രഹസ്യത്തിലേയ്ക്ക്  ഉള്‍ക്കാഴ്ച ലഭിക്കുന്നതോടെയാണ്  വിശുദ്ധിയുടെ ആരംഭം. ഈ വിശുദ്ധിയിലൂടെ ഭാവഭേദങ്ങളെല്ലാം ഒരേയൊരു പൂര്‍ണതയുടെ ഭാഗമായിത്തീരുന്നു. ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്ന പൂര്‍ണതയെയാണ്  ദിവ്യത അല്ലെങ്കില്‍ ദൈവം എന്ന സംജ്ഞകൊണ്ട്  മനസ്സിലാക്കേണ്ടത്.  ഈ ഏക ദൈവികത്വത്തില്‍നിന്നു വ്യതിചലിച്ച്  , ഇതിലല്ലെങ്കില്‍ മറ്റൊന്നിലാണ്  നന്മ, മേന്മ, സന്തോഷം എന്നുള്ള വേര്‍തിരിവിനു വഴിപ്പെടുന്നതിനെയാണ്  വിഗ്രഹാരാധനയായും  പാപമായും ആത്മീയഗുരുക്കന്മാര്‍ അപലപിചിട്ടുള്ളത്.  എല്ലാ വേദനകളുടെയും ഉദ്ഭവം ഈ വക വേര്‍തിരിവുകളിലാണ്. വേര്‍തിരിവുകളെ സൃഷ്ടിക്കുന്ന പ്രധാന  ഘടകം നമ്മുടെ വല്ലാത്ത ശരീരാവബോധമാണ്  -  " ഞാന്‍ ഈ ശരീരമാണ് " എന്ന അപക്വവും എന്നാല്‍ വിട്ടുമാറാത്തത്തതുമായ ചിന്തയാണ്.

എല്ലാ വേദനകളില്‍ നിന്നും മുക്തി തേടിയലഞ്ഞ പൂര്‍വസൂരികള്‍ നമുക്ക്  കാണിച്ചുതന്നതാണ്  ഉപനിഷത്തിന്റെ വഴി. അറിഞ്ഞവരുടെയടുത്തിരുന്ന്,  ശ്രദ്ധിച്ചുകേട്ടു പഠിക്കുക എന്നാണല്ലോ ഉപനിഷത്ത് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  അടുപ്പം അനുവദിക്കുക, അന്യോന്യമുരിയാടുന്ന വാക്കുകളുടെ അര്‍ത്ഥസാന്ദ്രതയിലേയ്ക്ക്  അലിഞ്ഞിറങ്ങി അവയെ ഉള്‍ക്കൊള്ളുക എന്നതിലാകുന്നു അന്വേഷിയുടെ വിജയരഹസ്യം. രാഗാനുരാഗങ്ങളിലൂടെയുള്ള ലയവും ഒഴുക്കുമാണ് സ്നേഹം എന്ന്  പറയുമ്പോഴും,  ശരീരങ്ങളല്ല, ആത്മങ്ങളാണ്  ഇവിടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. പരസ്പരം ഇതനുഭവിക്കുന്നവര്‍ പറയുന്നു: "നീ അടുത്തുള്ളപ്പോള്‍ , എന്റെ ബുദ്ധിയും ഹൃദയവും ഒന്നായിത്തീരുന്നു. ഇവ രണ്ടുകൊണ്ടും ഞാന്‍ കെട്ടിപ്പുണരുന്ന നീയും ഞാനും മറഞ്ഞുപോയി, (ശരീരങ്ങള്‍ സൃഷ്ടിക്കുന്ന  ബന്ധനങ്ങളില്‍ നിന്നു സ്വതന്ത്രരായി) ആത്മാവില്‍ നാം ഒന്നായിത്തീരുന്നു."

തൈത്തിരിയോപനിഷത്തില്‍ ഭൃഗു എന്ന യുവാവ്  ബ്രഹ്മത്തെ തേടിയിറങ്ങുന്നു. അന്നം, മനസ്സ്, ജ്ഞാനം എന്നിവയൊക്കെയാണ്  ബ്രഹ്മം എന്ന് ധരിച്ചുവശായി, അയാള്‍ തന്റെ പിതാവും ഗുരുവുമായ വരുണന്റെ അടുത്തെത്തുമ്പോള്‍ , പോയി ഇനിയും തിരയുക എന്ന ഉപദേശവുമായി അവന്‍ തിരിച്ചയയ്ക്കപ്പെടുകയാണ്. അവസാനം, ആനന്ദമാണ് ബ്രഹ്മം എന്ന ബോദ്ധ്യത്തോടെ വരുമ്പോള്‍ മാത്രമാണ് , അച്ഛന്‍ സംതൃപ്തനാകുന്നത് . (തൈത്തി. III, അ.1-6)

ഈ പറയുന്ന ആനന്ദത്തിന്റെ  ഉറവിടമെവിടെ? അസ്തിത്വമെന്നത് വെറുമൊരു ജഡപ്രക്രിയ മാത്രമല്ല. ശ്രദ്ധിക്കുമെങ്കില്‍  , "അതിനപ്പുറത്ത് എന്തുണ്ട്?" എന്ന് പ്രശ്നോപനിഷത്തില്‍ പിപ്പിലാദന്‍ എടുത്തെറിയുന്ന  ചോദ്യം നമ്മെയും അലട്ടുന്നുണ്ട്  എന്ന് നാം മനസ്സിലാക്കും. എല്ലാറ്റിലു
ം ജീവന്‍ നിറച്ചുകൊണ്ടിരിക്കുന്ന ആത്മത്തെ നാം ഒരിക്കലും മുഴുവനായി ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, അതിനുവേണ്ടിയുള്ള ഒരു ദാഹം നമ്മില്‍ എരിയുന്നുണ്ട്‌.  നിഷ്ക്കാമസുരഭിലമായ ഒരനുഭൂതിയുടെ രസം, അല്ലെങ്കില്‍ , ക്ഷണികവും അവ്യക്തവുമായ ഏതോ ആനന്ദത്തിന്റെ ആന്ദോളങ്ങള്‍ നമ്മെ തലോടുന്ന അസുലഭ നിമിഷങ്ങള്‍ നമുക്കുണ്ടാകാറില്ലേ? ഒരിക്കലും തീരാത്ത ഒരു ജ്ഞാനദാഹം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം? വിരാമമില്ലാതെ അത്  തുടര്‍ന്നിരുന്നെങ്കില്‍ , പണ്ടേ നാം ഈ പ്രപഞ്ചവുമായി ഒരഗാധവാത്സല്യത്തില്‍ ലയിച്ചുപോയേനേ. കാരണം, മനസ്സിനെ വിജ്രുംഭിപ്പിക്കുന്നതും ചിന്തയെ അലട്ടുന്നതും ബുദ്ധിയെ അതിശയിക്കുന്നതുംകൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പ്രപഞ്ചം. എന്നാല്‍ ,  സ്നേഹമില്ലാതെ, ഇവയെ പരാമര്‍ശിക്കുന്ന ഒരറിവും നമ്മെ സായൂജ്യത്തിലെത്തിക്കുന്നില്ല. മനുഷ്യാനുഭവങ്ങളെ ദീപ്തമാക്കുന്നത് പുരുഷപ്രകൃതികളുടെ പരസ്പരാകര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന സംയോജനവുമാണ്. ഏതെങ്കിലും തലത്തില്‍ ഇഷ്ടത്തിന്റെ തീപ്പൊരി ഊതി ജ്വലിപ്പിക്കാനാവില്ലെങ്കില്‍ ജീവതൃഷ്ണ  തന്നെ കെട്ടടങ്ങുന്നു.  "അനശ്വരതക്കുവേണ്ടിയുള്ള ഓട്ടമാണിത്.  ലക്ഷ്യമില്ലാതെയല്ല നാം ഓടുന്നത്. കാറ്റിനോട് മുഷ്ടിയുദ്ധം നടത്തുകയല്ല നാം" എന്ന് പോള്‍ കൊറീന്ത്യക്കാര്‍ക്ക്  എഴുതിയത്   (1 കൊറീ. 9, 26-27)  ആത്മജ്ഞാനത്തിന്റെയും നിര്‍വ്യാജസ്നേഹത്തിന്റെയും വഴിയില്‍ അവരെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ.

"നിന്റെ അനന്തമായ സ്നേഹവായ്പിലൂടെ ഞാന്‍ എന്നെ കവിഞ്ഞുള്ളതിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു" എന്നാണ് അഗാധമായ സ്നേഹത്തിലായവര്‍ അറിയാതെ തന്നെ അന്യോന്യം ഉരുവിട്ടുപോകുക. "നിന്റെ സാമിപ്യത്തിലെനിക്കു ലഭ്യമാകുന്നത്  കറകളഞ്ഞ ആനന്ദമാകുമ്പോള്‍ ,  എനിക്കത്  ബ്രഹ്മാനുനഭവമാണ്" എന്നാണ്  അതിനര്‍ത്ഥം. എല്ലാ തിരയലിന്റെയും ലക്ഷ്യം ഈ ആനന്ദമാണ്. സമുന്നതമായ, ഉണ്മയെ ആകെ നിറയ്ക്കുന്നയാനന്ദം എവിടെനിന്നു ലഭ്യമാകുന്നുവോ, അവിടെ ബ്രഹ്മസാന്നിദ്ധ്യമുണ്ട്.  നൈമിഷികമായിട്ടാണെങ്കില്‍ പോലും അപ്പോള്‍ നാം ബ്രഹ്മാംശങ്ങളായി സ്വയം തിരിച്ചറിയുന്നു. സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയെ അല്പമെങ്കിലും രുചിച്ചറിയാതെ ആന്തരികാനന്ദം സാദ്ധ്യമല്ല.

ഇഷ്ടപ്പെടുന്നതുമായി ഒന്നായിത്തീരുന്നതോടെ, വിപരീതാര്‍ത്ഥങ്ങളും വ്യത്യസ്തതകളും തകര്‍ന്നുവീഴുന്നു. അല്പത്വങ്ങളില്‍ ഒതുങ്ങിപ്പോകുന്ന  ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതല്പരമാണെന്ന്  അവയെ അനുഗമിക്കുന്ന വേദനകള്‍ നമുക്ക്  സൂചന നല്‍കിക്കൊണ്ടിരിക്കും. സ്നേഹത്തെ ശുദ്ധീകരിക്കാനുള്ള വ്യഗ്രത ഇതില്‍നിന്നുളവാകണം. അദ്വൈതാനുഭവത്തിലേയ്ക്ക്  മറ്റൊരു  വഴിയില്ല. മണ്‍കട്ടയെ അറിഞ്ഞുകഴിഞ്ഞാല്‍ അതുകൊണ്ട് ഉണ്ടാക്കുന്ന എല്ലാറ്റിനെയും അറിയുന്നതിന് തുല്യമായി എന്ന് തുടങ്ങുന്ന അനുശാസനത്തിന്റെ അന്ത്യത്തിലാണ്  ഉദ്ദലകന്റെ വിശ്വപ്രസിദ്ധമായ "തത്  സത്യം, സ ആത്മാ, തത്ത്വമസി, ശ്വേതകേതോ," (അതാണ്‌ സത്യം, അതാണ്‌ ആത്മാവ്, നീ അതാണ്‌, ശ്വേതകേതൂ!) എന്ന സൂക്ഷ്മസത്യപ്രഖ്യാപനം നടക്കുന്നത്. (ച്ഛാന്ദോ. VI, 1, 2-6)

 ***                                         ***                                         ***

 താത്പര്യമുള്ള ഉപാസകര്‍ക്കായി മനോഹരമായ ഒരു പ്രാര്‍ത്ഥന ചുവടേ ചേര്‍ക്കുന്നു.
 (എന്റെ സുഹൃത്ത്  എം.ദേവാനന്ദിനോട്  കടപ്പാട്)


സച്ചിദാനന്ദ സ്വരൂപനായ സര്‍വ്വേശ്വരാ,   
അനാദിയും അഖണ്ഡവും പൂര്‍ണവും, സര്‍വ്വാതിശായിയെങ്കിലും  
അന്തര്യാമിയുമായ നിന്നെ ഞാന്‍ വന്ദിക്കുന്നു. ഓം ശാന്തി. 
യുഗയുഗാന്തരങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രകാശിക്കുന്ന നിന്റെ തേജസ്സിനെ ഞാന്‍ വന്ദിക്കുന്നു.
നിന്റെ കാല്‍പ്പാടുകളും കരവേലകളും എങ്ങുമെവിടെയും വിവേചിച്ചറിയുവാന്‍  എന്നെ സഹായിക്കൂ.
എന്റെ ജീവിതത്തിന് നേരും നെറിവും നല്‍കി അതിനെ സമ്പന്നമാക്കേണമേ.
നിന്റെ സ്വരത്തിന് എന്റെ ചെവിയും ഹൃദയവും തുറക്കേണമേ.
നീ മാത്രം എന്റെ മാതാവ്, നീ മാത്രം എന്റെ പിതാവ്
നീ മാത്രം എന്റെ വിദ്യ, നീ മാത്രം എന്റെ ധനം.
സമ്പത്തും പേരും ഞാനാഗ്രഹിക്കുന്നില്ല
നിന്റെ സാന്നിദ്ധ്യമാണ് എന്റെ സുഖം.

വന്ദേ സച്ചിദാനന്ദം വന്ദേ
വന്ദേ സച്ചിദാനന്ദം വന്ദേ
പൂര്‍ണം ഭവതു സര്‍വ്വേശാം
സര്‍വേ ഭവന്തു സുഖിന:
അസതോമാ സത്ഗമയ:
തമസോമാ ജ്യോതിര്‍ഗമയ:
മൃത്യോര്‍മാ അമൃതംഗമയ:
ഓം ശാന്തി! ശാന്തി! ശാന്തി!
(തുടരും)