Translate

Wednesday, February 28, 2018

സർവ്വരാജ്യ കുഞ്ഞാടുകളെ സംഘടിക്കുവിൻ.....

സീറോമലബാർ സഭയുടെ കാര്യം ഓർക്കുന്തോറും ചിരി വരും. ഈ ആഴ്ച്ച ചിരിക്കാനൊരു പ്രത്യേക കാര്യമുണ്ട്, അടുത്തിടെ മാർ തട്ടിലിന്റേതായ  ഇന്ത്യയിലെ പ്രവാസി കത്തോലിക്കർക്കുള്ള ഒരു വീഡിയോക്ലിപ്പ് വാട്സാപ്പിൽ എനിക്കും കിട്ടി. അതിൽ പറയുന്നു, പ്രവാസികളാരും ബേജാറാവണ്ട, നമുക്ക് നമ്മുടെതായ ഒരു സംവിധാനം ഉണ്ടാകുന്നതുവരെ ഷംഷാബാദ് രൂപതയിൽ തൽസ്ഥിതി തുടരുന്നതാണെന്നും, പരി. പിതാവ് വാത്സല്യപൂർവ്വം, തന്നെ പ്രവാസികളുടെ ക്ഷേമാർത്ഥം നിയമിച്ചതാണെന്നുമൊക്കെ (ഇത്രയും എളിമയോടെയും വിനയത്തോടെയും സംസാരിക്കുന്ന ഒരു പിതാവിനെ സത്യത്തിൽ ഞാൻ കണ്ടിട്ടില്ലെന്നു പറയാതെ വയ്യ - അതും ലോകത്തിലെ ഏറ്റവും വലിയ രൂപതയുടെ മെത്രാനും, നാലു ദിശകളിലായി നാലു പീഠങ്ങളുടെ അധിപനുമായിരുന്നിട്ടും). ഒക്കെയാണെങ്കിലും, പരി. പിതാവിന്റെ വാൽസല്യമെന്നു പറഞ്ഞാൽ എനിക്കത്ര ഉറപ്പില്ല. സഭയുടെ വാതിലിനും ഭരണിക്കും രാജകുമാരനുമൊക്കെ പറ്റിയത് അറിയാമല്ലോ. പരി. പിതാവിന്റെ കാരുണ്യം അൽപ്പം കൂടിപ്പോയോ എന്നാണ് കോട്ടയം രൂപതക്കാരുടെ സംശയമെന്നതും ശ്രദ്ധിക്കണം.

ഈ ക്ളിപ്പു കണ്ടതേ ഒരു കരിഞ്ഞ മണം വന്നതു പോലെ തോന്നി. അഹമ്മദാബാദിനടുത്ത് സബർമതിയിലുള്ള അനിലിനെ (എന്റെ ബന്ധു) ഞാൻ ഫോണിൽ വിളിച്ചപ്പോഴാണ്, സർവ്വടത്തും പ്രശ്നങ്ങൾ മുളക്കുന്നുവെന്ന് മനസ്സിലായത്; അവനാണ്, അഹമ്മദാബാദിൽ സംഘർഷ സാദ്ധ്യതയുണ്ടെന്നും പറഞ്ഞത്. അഹമ്മദാബാദിലെ തൽത്തേജ് പള്ളി ഗോവക്കാരും ഗുജറാത്തുകാരും മലയാളികളും ഒന്നിച്ചു നിന്നു പണിതിട്ട് 20 വർഷങ്ങളായിക്കാണില്ല. ഉദ്ഘാടനത്തിന് മുമ്പേ സീറോക്കാർ അവിടെ സ്വന്തം പണി തുടങ്ങിയതാണെന്നവൻ പറഞ്ഞു. രണ്ടു ദുഃഖവെള്ളി രണ്ടു ക്രിസ്മസ്സ് എന്നിവയൊക്കെ നടത്തി, ഒരേ ക്രിസ്തുവിന്റെ പേരിലെങ്കിലും, കഴിയുന്നത്ര അകന്നാണവർ കഴിഞ്ഞിരുന്നതെന്നാണ് അനിൽ പറഞ്ഞത്. അന്യമതസ്ഥർ മുഴുവൻ ഭയന്നു കഴിയുന്ന അഹമ്മദാബാദിൽ ഈ ഭിന്നിപ്പു വിളിച്ചു വരുത്തുന്ന അപകടത്തെ എല്ലാവരും ഭയക്കുന്നുവെന്ന് എനിക്കു മനസ്സിലായി. പിടിയിൽപെട്ട് അലറിക്കരഞ്ഞുകൊണ്ടിരുന്ന ആട്ടിൻകുട്ടിയോടൊരു ചെന്നായ ചോദിച്ച ചോദ്യം ഞാനോർമ്മിക്കുന്നു - "നീയെന്തിനാ കരയുന്നത്, നിന്നെ ഞാൻ കൊന്നില്ലല്ലൊ!" ഒരു വിധത്തിൽ നോക്കിയാൽ അഹമ്മദാബാദുകാരെന്തിനാ ഭയപ്പെടുന്നത്, 'പാരമ്പര്യം'  മുഴുവനിങ്ങു വന്നില്ലല്ലോ! നിങ്ങൾക്കു വേണ്ടാത്ത 'നമ്മുടെ സംവിധാന'വുമായി ആരെങ്കിലും വന്നാൽ സി. ജെസ്മിയെ അഹമ്മദാബാദിൽ കൊണ്ടുവന്നു പ്രസംഗിപ്പിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. കുറെക്കാലം മുമ്പു തൃശ്ശൂരുണ്ടായിരുന്ന ചില ആചാരങ്ങളെപ്പറ്റി സി. ജസ്മി പറയും.

സീറോ മലബാർ വന്നാൽ സംഭവിക്കുന്നത് അറിയണമെങ്കിൽ തൃശ്ശൂരുള്ള (തട്ടിൽ പിതാവിന്റെ രൂപത) ഒല്ലൂർ ഫൊറോനാപ്പള്ളിയിൽ വന്നാലും മതി. പള്ളിയുടെ വരവുചിലവു കണക്കുകൾ കാണണമെന്നും പൊതുയോഗം വിളിക്കണമെന്നും ഒരു വിഭാഗം ജനം - അടി, ബഹളം, ബിഷപ്പിനു പരാതി, ബിഷപ്പ് ആലപ്പുഴക്കു പോകുന്നു. അടികൊണ്ടവൻ പോലിസ് സ്റ്റേഷനിൽ പോകട്ടെയെന്നു ബിഷപ്പ്. ഇപ്പോൾ ബിഷപ്പു വക അന്വേഷണക്കമ്മിഷനും, ഇടവകജനം വക പ്രതിരോധക്കമ്മറ്റിയും നേർക്കു നേർ നിൽക്കുന്നു. എറണാകുളത്താണെങ്കിൽ സർവ്വത്ര തരികിട; ടാക്സ് അടക്കുന്ന കാര്യത്തിനു ട്രസ്റ്റ്, വാങ്ങൽ-വിൽപ്പനക്ക് കാനോൺ! കാനോൺ പ്രകാരം, സഭയുടെ വകയായ ദീപികയെന്നല്ല എന്തും ബിഷപ്പിനു വിൽക്കാം, ഹെലിക്കൊപ്റ്റർ മുകളിൽ താഴത്തക്ക രീതിയിൽ അരമനകൾ പണിയുകയും ചെയ്യാം, ലംബോർഗിനി ഓഡി ബി എം ഡബ്ള്യു മുതലായവ സ്വന്തമാക്കുകയും ചെയ്യാം, ഏതു രാഷട്രീയത്തിലും കളിക്കുകയും ചെയ്യാം, കാശുണ്ടാക്കുന്ന എന്തു പണിയും ചെയ്യുകയുമാവാം; മാത്രമല്ല, റ്റി വി ചാനലുകൾ തുടങ്ങുകയും ഇഷ്ടം പോലെ തെറി കേൾക്കുകയും ചെയ്യാം. സഭാംഗങ്ങളുടെ ഭൂമി ഏതു വിധേനയും സ്വന്തമാക്കാനും ഇതിൽ ക്ളോസ്സ് കാണുമായിരിക്കണം. പ്രത്യേക കാനോനികാവകാശപ്രകാരം ആധാരത്തിൽ കാണിക്കുന്നതും കൈമാറുന്നതും രണ്ടു തുകയായാലും കുഴപ്പമില്ലെന്നു തോന്നുന്നു. എന്തായാലും, കൃത്യമായും ദൈവത്തിനുള്ളതു ദൈവത്തിനും രാജ്യത്തിനുള്ളത് രാജ്യത്തിനും കൊടുത്ത് സത്യസന്ധമായും മാതൃകാപരമായും ഒരു കൂട്ടർ കർത്താവിനു പൂർണ്ണമായും കീഴ്പ്പെട്ട് വിനയത്തോടെയും ലാളിത്യത്തിലും കഴിയുന്നു. ഒരു വല്ലാത്ത സഭ തന്നെ! പിരിക്കുമ്പോൾ 'നമ്മുടേ'തും പിരിവു കഴിഞ്ഞാൽ 'എന്റേ'തുമാകുന്ന ഇത്തരമൊരു സാധനം ലോകത്തിൽ ഇവിടെ മാത്രമേ കാണൂ. അവസാനമിതാ, എന്റെ രാജ്യം ഇവിടെയല്ല അങ്ങു റോമിലാണെന്നൊരു ബോംബും (ആലഞ്ചേരിപ്പിതാവിനെ കാണേണ്ടവർ ഇപ്പോൾ കണ്ടുകൊള്ളുക. പിടിവീഴുമെന്നു കണ്ടാൽ മല്യായും നീരവും മുങ്ങിയതുപോലൊരു മുങ്ങൽ അദ്ദേഹവും നടത്തിയേക്കാം. റോമിനാണെങ്കിൽ, ഇങ്ങിനെ കേസിൽ കുടുങ്ങിയ ഒരു മെത്രാനെ മരണംവരെ സംരക്ഷിച്ച പാരമ്പര്യവുമുണ്ട്, 'എന്റേതാ'യി റോമിൽ ഒരു വലിയ കെട്ടിടവുമുണ്ട്, അതിൽ വിശാലമായ അടുക്കളയുമുണ്ട്).

സീറോ മലബാർ പാരമ്പര്യം വന്നാൽ മാമ്മോദിസാക്ക് മാസത്തിൽ നിശ്ചിതദിവസം, വിശ്വാസികളുടെ ഡെബിറ്റ്/ക്രെഡിറ് കാർഡും അറ്റാച്ച് ചെയ്യണം (ഉദാ: അമേരിക്ക); വാർഡ്മീറ്റിങ് - എല്ലാവർക്കും മാസത്തിൽ ഒരു നേരം സദ്യ! മാസികകൾ/പത്രങ്ങൾ/ലഖുലേഖകൾ - മെത്രാൻ നിർദ്ദേശിക്കുന്നവകളെല്ലാം വരുത്തിയിരിക്കണം, മെത്രാൻ പറയുന്നതെല്ലാം വിശ്വസിച്ചിരിക്കണം. ആദ്യകുർബ്ബാന - അതിനഡ്മിഷൻ കിട്ടാൻ കുടുംബത്തിലാർക്കും ബാദ്ധ്യതകളൊന്നും പാടില്ല. വേദപാഠം - യൂണിഫോം, അൾത്താരബാലസംഘത്തിൽ നിർബന്ധിത സേവനം. ഞായറാഴ്ചകളിൽ പ്ളസ്സ് റ്റു വിദ്യാർത്ഥികൾക്ക് പ്രത്യേക 'എണ്ട്രൻസ്മുടക്കു' ക്യാറ്റക്കിസം, സർവർക്കും വല്യ അവധിക്ക് ഉഥാനോത്സവം പിന്നെ ഇന്റൻസീവും.  വിവാഹത്തിനു ഫോം എ, ബി, സി എന്നിവകൾ പൂരിപ്പിക്കണം. കുടുംബജീവിതത്തെപ്പറ്റി, അതു നടത്തിയിട്ടില്ലാത്തവർ തരുന്ന കോച്ചിങിലും പങ്കെടുക്കേണ്ടിവരും, ഓരോരുത്തരും കന്യകാ-കന്യകന്മാരെന്നു ബോദ്ധ്യപ്പെടുത്തേണ്ടിയും വന്നേക്കാം, ദശാംശം കൊടുത്തതിന്റെ കണക്കു കമ്പ്യുട്ടറിൽ വികാരി നോക്കിയെന്നുമിരിക്കും. രണ്ടു വർഷത്തോളം, ഏതെങ്കിലും പാർട്ടി മുഴുവനായോ ഭാഗികമായോ പുറത്തെങ്ങാനും ആയിരുന്നെങ്കിൽ/പോയിരുന്നെങ്കിൽ പെട്ടു! ഇതെല്ലാം ഓക്കെയാണെങ്കിലും ചോദിക്കുന്ന പണം കൊടുത്താലെ ഉദ്ദേശിക്കുന്ന സമയത്തു കുറികിട്ടൂ. കല്യാണത്തിന്റെ തലേന്ന് വധുവിന്റെയും വരന്റെയും വീട്ടിൽ വൈദികന്റെ നേതൃത്ത്വത്തിൽ പ്രത്യേക പ്രാർത്ഥന (പുതുതായി തുടങ്ങിയത്), തുടർന്നു വാർഡിലുള്ളവർക്കെല്ലാം സദ്യ. വൈദികന് എന്തെങ്കിലും കൊടുത്തേക്കുക രണ്ടായിരമോ, അയ്യായിരമോ... ഇഷ്ടം പോലെ. ഇവിടെ വേറെ ചില ആചാരങ്ങളുമുണ്ട്, അന്യജാതിക്കാരുമായാണു വിവാഹമെങ്കിൽ കുറി വേണ്ട (സിനിമാ നടികൾക്കും പരിഗണനയുണ്ട്). അവർക്കു പ്രീ കാനായുടെ കാര്യത്തിലും ഇളവുണ്ട്. രജിസ്റ്റർ ചെയ്ത വിവാഹങ്ങളാണെങ്കിൽ വികാരിയച്ചനിഷ്ടപ്പെട്ട തുക കൊടുത്താൽ പിന്നീട് ശരിയാക്കാം. കുറി ഇന്റർനെറ്റിലാക്കിയാൽ വികാരിക്കെന്തു വില? കല്യാണത്തിന്റെ തലേന്ന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കുറിക്കുവേണ്ടി പറക്കേണ്ടിവന്ന സത്യവിശ്വാസിയുടെ കഥ ആർക്കു മറക്കാനാവും? നിയമമനുസരിച്ച്, അച്ചൻ വെഞ്ചരിക്കുന്നതെന്തും സഭയുടെ വക. അതിൽ കെട്ടിക്കൊണ്ടു വരുന്ന പെണ്ണും കാണുമോയെന്ന് അറിഞ്ഞു കൂടാ. എല്ലാത്തിനും ഉദാഹരണങ്ങൾ ഇഷ്ടം പോലെ! പള്ളി തരുന്ന ഒരു സർട്ടിഫിക്കറ്റും ആർക്കും വേണ്ടായെന്നതും അവയ്ക്കു സർക്കാരിൽ ഒരു വിലയുമില്ലെന്നതും വേറൊരു കാര്യം.

പള്ളിക്കകത്തേക്കു വന്നാൽ കാതടപ്പിക്കുന്ന പാട്ടും പ്രസംഗവും ഫ്രീ (ആമ്പ്ളിഫയർ കണ്ടു പിടിച്ചവനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ; അതില്ലെങ്കിൽ കരിസ്മാറ്റിക്കുമില്ലല്ലോ!) പിരിവ്, എല്ലാ ഞായറാഴ്ചകളിലുമുണ്ടാവും; വാരിക്കൊടുത്തോണം. എല്ലാവർക്കും ദൈവം തരുമത്രേ (എന്നാ പിന്നെയവർക്കു ദൈവത്തിന്റെ കൈയ്യീന്നു നേരിട്ടു വാങ്ങിക്കൂടേ?). എത്ര കിട്ടിയാലും 'മതി'യെന്നൊരു വാക്ക് ഏതെങ്കിലും മെത്രാൻ ഉറക്കത്തിൽ പോലും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. മിക്കവാറും ഇടയലേഖനമുണ്ടാവും (അന്നു വേറേതെങ്കിലും പള്ളിയിൽ പോയി രക്ഷപ്പെടുക). ആണ്ടിൽ മിനിമം ഇരുപതു തിരുന്നാളുകൾ, അതിനു ചേർന്ന നേർച്ചഭക്ഷണം രണ്ടു കരിസ്മാറ്റിക് ധ്യാനം മുതലായവ എക്സ്ട്രാ. വീടു വെഞ്ചരിച്ചതിന്റെ കാലാവധി വൈദികന്റെ സൗകര്യമനുസരിച്ചു മാറും. പട്ടം കിട്ടിയെന്നോർത്തോണ്ട് ലോകമാസകലം പോയി വചനം പ്രസംഗിക്കാമെന്നും കൂദാശ കൊടുക്കാമെന്നും അച്ചന്മാരും ഓർക്കണ്ട. കർത്താവു പറഞ്ഞതൊന്നും നടപ്പുള്ള കാര്യമല്ല! തോമ്മാശ്ളീഹാ നാടുനീളെ നടന്നു മാമ്മോദിസാ മുക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്തെന്നു കാണുക. സീറോ മലബാറിൽ എല്ലാറ്റിനും പ്രവർത്തന പരിധിയുണ്ട് - പറയുന്നതിനും പ്രവർത്തിക്കുന്നതിനും. അത്മായനു വചനം പറയണമെങ്കിൽ ബിഷപ്പിന്റെ അനുവാദം വേണം. മരിച്ചാലോ? ശവം പള്ളിക്കു വല്ലതും കൊടുക്കാനുണ്ടായിരുന്നോയെന്നു നോക്കി ബാക്കികാര്യങ്ങൾ നിശ്ചയിക്കുന്ന മതങ്ങളിൽ സീറോമലബാറുമുണ്ടെന്ന് അനുഭവങ്ങൾ! ശവക്കുഴിക്കുള്ള സ്ഥലത്തിന്റെ വിലനിലവാരം ഇപ്പോഴത്തെ സ്ഥിതിയിൽ ഒരേക്കറിന് ശരാശരി 26 കോടി (ഗ്രാമപ്രദേശങ്ങളിൽ) വന്നേക്കാം. ഇനി പള്ളിക്കു ശവക്കോട്ട സ്വന്തമായില്ലെങ്കിൽ, പൊതുസ്ഥലത്തിന്റെ ഏതെങ്കിലും കോണ് വാടകക്കെടുക്കുകയും ഏകദേശം ആനുപാതികമായി ഈ വില പള്ളിക്കു കിട്ടത്തക്ക രീതിയിൽ (ഷിക്കാഗോയിൽ ചെയ്തതുപോലെ), കല്ലറക്കുള്ള സ്ഥലം വ്യക്തികൾക്ക് വിതരണം ചെയ്യുകയും ചെയ്യും. ഒറ്റയടിക്കെല്ലാം പറയാൻ വയ്യ! അനുഭവിച്ചറിയണം. ഇപ്പറഞ്ഞതിനെന്തിനെങ്കിലും കർത്താവുമായോ തോമ്മാശ്ളീഹായുമായോ ബന്ധമുണ്ടോയെന്നു ചോദിക്കരുത്. ചുരുക്കത്തിൽ, 365 ദിവസങ്ങളിൽ 250 ദിവസങ്ങളും വിശ്വാസിക്കു പണിയും കിട്ടും, നാലു കാശിനു പണിയുന്ന ബാക്കി ദിവസങ്ങളിലെ വരുമാനവും പോയിക്കിട്ടും! ആ നിലക്ക് നോക്കിയാൽ അഹമ്മദാബാദിലുള്ളവർ ഭയക്കുന്നതിൽ കാര്യമുണ്ട്! തലമുടി നാരിഴക്കാണല്ലൊ, ഡൽഹിക്കാർ രക്ഷപ്പെട്ടത്.

വല്ലപ്പോഴും സിനഡ് കൂടുമ്പോൾ മെത്രാന്മാർ ചിന്തിക്കുക, എന്തുകൊണ്ട് ലോകമാസകലമുള്ള സ്വന്തം ജനം സ്വന്തം മതത്തെ ഇത്രമേൽ വെറുക്കുന്നുവെന്ന്. ദൈവാനുഗ്രഹം ഒരു ഗ്രാമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എറണാകുളം ഇത്രമേൽ പുകയില്ലായിരുന്നെന്നും, ഈ പോക്ക്‌ നാശത്തിലേക്കാണെന്നും മെത്രാന്മാർ മനസ്സിലാക്കുന്നതും നല്ലത്. ആവശ്യം വരുന്ന സമയത്ത് ശക്തിസ്രോതസ്സുകളായ കരിസ്മാറ്റിക്കുകാരും ഷെവലിയർമാരുമൊന്നും ഒപ്പം കാണില്ലെന്നും അനുഭവത്തിൽ നിന്ന് പഠിച്ചാൽ, അതും ഉപകാരപ്പെടും. എല്ലാവരോടും എനിക്കൊരെളിയ പ്രാർത്ഥനയുണ്ട്, 'ദയവായി നിങ്ങൾ വചനം പ്രസംഗിക്കരുത്!'  

Tuesday, February 27, 2018

അണിനിരക്കൂ! സഭയുടെ നിഗൂഢവ്യവസ്ഥിതിക്കെതിരായി, ചര്‍ച്ച് ആക്ടിന്റെ സുതാര്യവ്യവസ്ഥിതിക്കുവേണ്ടി



ജോർജ് മൂലേച്ചാലിൽ mobile: 9497088904 
എഡിറ്റോറിയൽ, സത്യജ്വാല ഫെബ്രുവരി 2018 

ഒന്നര വര്‍ഷത്തിലേറെ പഴക്കമുള്ള സഭയിലെ ഭൂമികുംഭകോണവിവാദം വെറും രണ്ടുമാസം മുമ്പുമാത്രമാണ് പുറം ലോകമറിയുന്നത്. അതുവരെ ആ സംഭവം ഒരു നിഗൂഢ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു, അതുമായി ബന്ധപ്പെട്ട സഭാധികൃതര്‍. ഇതുസംബന്ധിച്ച് എന്തൊക്കെയോ ഭിന്നതകള്‍ സഭാധികാരത്തിന്റെ അകത്തളങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നില്ലെങ്കില്‍, ഇന്നും ഈ വന്‍കുംഭകോണം നിഗൂഢമായിത്തന്നെ ഇരിക്കുമായിരുന്നു എന്നു കരുതണം. കാരണം, കൊല്ലം, തൃശ്ശൂര്‍, മാനന്തവാടി രൂപതാദ്ധ്യക്ഷന്മാര്‍ മുമ്പു നടത്തിയിരുന്ന അനധികൃത ഭൂമികച്ചവടങ്ങളെല്ലാം വര്‍ഷങ്ങളായി നിഗൂഢതയിലായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പ് ഉള്‍പ്പെട്ട ഭൂമികുംഭകോണവാര്‍ത്തയുടെ ആഘാതത്തില്‍ ഞെട്ടിയുണര്‍ന്ന വിശ്വാസിസമൂഹത്തിന്റെ ശ്രമഫലമായിമാത്രമാണ് അവയെല്ലാം പുറത്തായിക്കൊണ്ടിരിക്കുന്നത്.
സ്വാര്‍ത്ഥലക്ഷ്യങ്ങളും നിക്ഷിപ്തതാല്പര്യങ്ങളുമുള്ളിടത്താണ് നിഗൂഢത ആവശ്യമായിവരുന്നത്. ചെറിയ കള്ളന്മാര്‍ മുതല്‍ വന്‍ കോര്‍പ്പറേറ്റ് കള്ളന്മാര്‍വരെ നിഗൂഢതയില്‍ പ്ലാന്‍ ചെയ്താണ് തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നത്. ലക്ഷ്യത്തില്‍ ഉദ്ദേശ്യശുദ്ധിയോ മാര്‍ഗ്ഗത്തില്‍ സത്യസന്ധതയോ ഇല്ലാത്തതാണ് നിഗൂഢതയെ കൂട്ടുപിടിക്കാന്‍ അവരെയെല്ലാം നിര്‍ബന്ധിതരാക്കുന്നത്. നിഗൂഢതയുടെ ഇരുട്ടാണ് ഇക്കൂട്ടരെ നിലനിര്‍ത്തുന്നതുതന്നെ.
എന്നാല്‍, യേശുവിന്റെ സഭയിലെന്തിനാണ് ഈ നിഗൂഢത? ഹൃദയശുദ്ധിയും സത്യസന്ധതയും നന്മയും പ്രഘോഷിക്കുന്ന സഭാധ്യക്ഷന്മാര്‍ എന്തിനാണ്, കള്ളന്മാരെയും കൊള്ളക്കാരെയുംപോലെ, ഇരുട്ടിന്റെ നിഗൂഢതയെ അഭയംപ്രാപിക്കുന്നത്? സഭ ഒരു കുടുംബമാണ്, കൂട്ടായ്മയാണ് എന്നൊക്കെ പറഞ്ഞ് കുടുംബനാഥന്റെ സ്ഥാ നത്തു കയറിയിരുന്നിട്ട്, കുടുംബാംഗങ്ങളറിയാതെ കുടുംബസ്വത്തു കൈയ്ക്കലാക്കി രഹസ്യത്തില്‍ മറിച്ചു വില്‍ക്കുന്നുവെങ്കില്‍, അയാള്‍ കുടുംബനാഥനാകുന്നതെങ്ങനെ? 'എന്റെ ആടുകളെ മേയ്ക്കുക' എന്ന യേശുവിന്റെ വിളിക്കു പ്രത്യുത്തരം നല്‍കാനെന്നമട്ടില്‍ രംഗപ്രവേശംചെയ്തവര്‍ തൊഴുത്തിന്റെ മുന്‍വാതിലിലൂടെ അകത്തു കടക്കാന്‍ ധൈര്യപ്പെടാതെ കള്ളന്മാരെയും കവര്‍ച്ചക്കാരെയുംപോലെ മറുവഴിയിലൂടെയാണ് അകത്തു കടക്കുന്നതെങ്കില്‍ (യോഹ.10:1-5), അവരെയെങ്ങനെ യേശുവിന്റെ ആട്ടിന്‍പറ്റത്തിന്റെ ഇടയന്മാരായി കണക്കാക്കാനാവും? കള്ളന്മാരും കവര്‍ച്ചക്കാരുമായല്ലാതെ അവരെയെങ്ങനെ നോക്കിക്കാണാനാവും? ''ഇടയന്മാര്‍ എന്റെ ആടുകളെ അന്വേഷിക്കുകയോ തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ തീറ്റിപ്പോറ്റി.... ഇതാ, ഞാന്‍ ഇടയന്മാര്‍ക്ക് എതിരാണ്,........ ആടു മേയ്ക്കുന്ന ജോലിയില്‍നിന്നു ഞാന്‍ അവരെ നീക്കിക്കളയും... അവയെ അവരുടെ വായില്‍നിന്നു ഞാന്‍ രക്ഷിക്കും'' (എസെ. 34:710) എന്ന ദൈവികതാക്കീതു മനസ്സിലാക്കി ഇടയസ്ഥാനത്തുനിന്നു സ്വയം പുറത്തുപോകാന്‍ ഈ കള്ളയിടയന്മാര്‍ തയ്യാറായേ പറ്റൂ. അതിനവര്‍ വിസമ്മതിക്കുകയാണെങ്കില്‍, ഇരുട്ടിന്റെ നിഗൂഢതയില്‍ മറുവഴിയിലൂടെ കടന്നുവന്ന് തങ്ങളുടെ വസ്തുവകകള്‍ അപഹരിച്ച അവരെ അവിശ്വസ്തരായ കൂലിക്കാരെപ്പോലെ കരുതി സഭയെന്ന തൊഴുത്തിനു പുറത്താക്കാന്‍ ദൈവത്തിന്റെ ആട്ടിന്‍പറ്റവും തയ്യാറാകേണ്ടിയിരിക്കുന്നു. കാരണം, യേശുവിന്റെ സഭയെ കൊള്ളക്കാരുടെ ഗുഹയാകാതെ നോക്കാനുള്ള കടമ സഭാസമൂഹത്തിനുമുണ്ട്.
ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത്, വാര്‍ത്ത പുറത്തായിട്ടു രണ്ടു മാസമായിട്ടു കര്‍ദ്ദിനാള്‍ ആലഞ്ചേരി താന്‍ നേതൃത്വം കൊടുത്ത ഈ ഇടപാടു സംബന്ധിച്ച വസ്തുതകള്‍ സഭാസമൂഹത്തോടു തുറന്നുപറയാന്‍ വിമുഖത കാട്ടുന്നു എന്നതുകൊണ്ടാണ്. എന്തിന്, തന്റെ സഹായമെത്രാന്മാരോടോ വൈദികസമൂഹത്തോടോപോലും വസ്തുതകള്‍ വിശദീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. കാര്യങ്ങള്‍ ആരാഞ്ഞ തന്നെ അപമാനിക്കുകയാണ് കര്‍ദ്ദിനാള്‍ ചെയ്തതെന്ന് മാര്‍ എടയന്ത്രത്ത് പറയുന്നതിന്റെ ശബ്ദരേഖയും ലോകം മുഴുവന്‍ കേട്ടു. ഒരു ഉന്നത സഭാസ്ഥാനിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ സമീപനം തീര്‍ച്ചയായും യേശുവിന് എതിര്‍സാക്ഷ്യമാണ്. കേരളകത്തോലിക്കര്‍ക്ക് വലിയ ഇടര്‍ച്ചയ്ക്കാണ്, തന്റെ കുറ്റകരമായ മൗനത്തിലൂടെ അദ്ദേഹം കാരണമായിരിക്കുന്നത്. പൊതുസമൂഹത്തില്‍ അവരെയെല്ലാം ലജ്ജിതരാക്കുകയുംചെയ്യുന്നു, അദ്ദേഹം.
അസ്ഥാനത്തുള്ള ഈ മൗനത്തിലൂടെ അദ്ദേഹം ഒന്നിനൊന്നു പരിഹാസ്യനായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയെങ്കിലും അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഭൂമിയിടപാടു സംബന്ധിച്ച് ഗൗരവതരമായ അനവധി ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ തലയ്ക്കുമേല്‍ തൂങ്ങിനില്‍ക്കുമ്പോള്‍ അവയ്‌ക്കെല്ലാംകൂടി, 'സാങ്കേതികപ്പിഴവുണ്ടായി' എന്ന ഒരേയൊരു മറുപടി ആവര്‍ത്തിക്കുമ്പോള്‍ എങ്ങനെ അദ്ദേഹം പരിഹാസ്യനാകാതിരിക്കും! തന്റെ ഭാഗത്ത് സാങ്കേതികമായ തെറ്റേ ഉണ്ടായിട്ടുള്ളൂ എന്നു പറയുമ്പോള്‍, യഥാര്‍ത്ഥ തെറ്റുകാര്‍ വേറെയാണ് എന്നാണല്ലോ അതിനര്‍ത്ഥം. മൗനം പാലിച്ച് ആ യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. 'എന്റെ പരിമിതികള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍കൊണ്ടു പരിഹരിക്കപ്പെടും' എന്നും, 'സത്യത്തിന്റെ പ്രകാശം പരക്കുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടു'മെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ 'പുണ്യപ്രസ്താവനകള്‍' എത്രയോ ബാലിശവും പരിഹാസ്യവുമാണ്! ഭൂമികുംഭകോണം സംബന്ധിച്ച സത്യത്തിന്റെ പ്രകാശം പരക്കാനിടവരാതിരിക്കാന്‍ വായ മൂടിക്കെട്ടിവെച്ചിരിക്കുന്ന അദ്ദേഹംതന്നെ സത്യത്തിന്റെ പരക്കുന്ന പ്രകാശത്തെപ്പറ്റി വാചാലനാകുമ്പോള്‍ അതെത്ര വലിയ വിരോധാഭാസമാണ്! ഇത്ര ഗുരുതരമായി ആരോപണവിധേയനായിട്ടും, യാതൊരു ജാള്യതയും കൂടാതെ, ഭാവി പാത്രിയര്‍ക്കീസ് കസേരയില്‍ കയറിയിരുന്ന് അഹങ്കാരപ്രദര്‍ശനം നടത്തിയത് എത്ര അപഹാസ്യമായിപ്പോയി! അദ്ദേഹം തന്റെ വിശ്വാസ്യതയും പ്രതിച്ഛായയും ഏറ്റവുമേറെ കളഞ്ഞുകുളിച്ചത്, താന്‍ അത്മായരുടെ തടങ്കലിലാണ് എന്നു പറഞ്ഞ് വൈദികസമ്മേളനത്തില്‍ പങ്കെടുക്കാതെ നാടകം കളിച്ചതിലൂടെയാണ്. സഭയിലെ സുതാര്യതയ്ക്കുവേണ്ടി, അതിരൂപതയില്‍ രൂപംകൊണ്ട 'അൃരവറശീരലമെി ങീ്‌ലാലി േളീൃ ഠൃമിുെമൃലിര്യ'(അങഠ) എന്ന അത്മായ-വൈദികപ്രസ്ഥാനം അങ്കമാലിയില്‍ നടത്തിയ യോഗം കലക്കാന്‍ 'കാഞ്ഞിരപ്പള്ളി-ചങ്ങനാശ്ശേരി സ്റ്റൈലി'ല്‍ പള്ളിഗുണ്ടകള്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ധാര്‍മ്മികമുഖം വീണ്ടും വികൃതമായി. അല്ലെങ്കില്‍, ഏറ്റവും അടുത്ത നിമിഷത്തില്‍ത്തന്നെ അദ്ദേഹം അതിനെ അപലപിക്കുകയും അതിനു നേതൃത്വം കൊടുത്തവരെ തള്ളിപ്പറയുകയും ചെയ്യണമായിരുന്നു. വളരെ വൈകി നടത്തിയ ഖേദപ്രകടനവും ഒരു നാടകമായിരുന്നുവെന്ന് അങഠ ജനു. 4-നു വൈക്കത്തു നടത്തിയ ഫൊറോനാതല യോഗം കലക്കാന്‍ അതേ വിശുദ്ധഗുണ്ടകള്‍ ആക്രോശവുമായി വീണ്ടും രംഗത്തെത്തിയപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഭൂമിവിവാദം സംബന്ധിച്ചു പുറത്തുവന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടു ചര്‍ച്ചചെയ്യാനോ, സഭയുടെ സാമ്പത്തികഇടപെടലുകളില്‍ സുതാര്യത ആവശ്യപ്പെടാനോ ഒന്നും, എല്ലാ സഭാസ്വത്തുക്കളുടെയും യഥാര്‍ത്ഥ ഉടമകളായ അത്മായര്‍ക്ക് അവകാശമില്ലപോലും! ഇവരൊക്കെ എന്താണു വിചാരിച്ചുവെച്ചിരിക്കുന്നത്, സീറോ-മലബാര്‍ സഭ ഒരു വെള്ളരിക്കാപ്പട്ടണമെന്നോ?
കാനോന്‍ നിയമപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതാസ്വത്തുക്കളുടെമേല്‍ തനിക്കു ലഭ്യമാക്കിയിരിക്കുന്ന ഉടമസ്ഥാവകാശത്തിലും ഭരണാധികാരത്തിലുമുള്ള അമിതവിശ്വാസമാകാം, ആരെന്തു പറഞ്ഞാലും അതിനൊന്നും ഉത്തരം പറയാനുള്ള ബാധ്യത തനിക്കില്ലെന്ന തരത്തിലുള്ള മൗനത്തിനും ഈ പെരുമാറ്റങ്ങള്‍ക്കുമെല്ലാം അടിസ്ഥാനകാരണം. ഭൂമികുംഭകോണം ആരോപിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ മറ്റു മെത്രാന്മാരും ഇതേ മൗനത്തിലാണെന്നോര്‍ക്കുക. അവയൊന്നും കാര്യമായ വാര്‍ത്താപ്രാധാന്യം നേടുന്നില്ലെന്നതും ശ്രദ്ധിക്കുക. എറണാകുളത്തു ചോദ്യങ്ങള്‍ ചോദിക്കുന്നത് സഹായമെത്രാന്മാരും വൈദികരുമായിരുന്നില്ലെങ്കില്‍, കൊല്ലം-മാനന്തവാടി രൂപതകളിലെന്നപോലെ അത്മായര്‍ മാത്രമായിരുന്നെങ്കില്‍, സാങ്കേതികപ്പിഴവു പറ്റിയെന്ന കുറ്റസമ്മതംപോലും ഉണ്ടാകുമായിരുന്നില്ലെന്നു ചുരുക്കം. ഇടവകയിലെയോ രൂപതയിലെയോ ഏതെങ്കിലും ഒരു നടപടിയെ ചോദ്യംചെയ്ത്, അല്ലെങ്കില്‍ അതിനു പരിഹാരംതേടി, ഒരു മെത്രാനെ സമീപിക്കുന്ന ഒരു അത്മായനോ അത്മായസംഘത്തിനോ എന്തു പരിഗണനയാണ് ഇന്നു രൂപതയില്‍ ലഭിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മിക്കവാറും വാദി പ്രതിയാകും, അല്ലെങ്കില്‍ മൗനംതന്നെയായിരിക്കും ഉത്തരം. സ്വേച്ഛാധികാരിയായ രാജാവ് പ്രജകളോടു പെരുമാറുന്നതുപോലെയാണ്, ഇന്നത്തെ മെത്രാന്മാര്‍ അത്മായരോട് പെരുമാറുന്നത്. തങ്ങളോട് ഉത്തരം പറയാനുള്ള ബാധ്യത രാജാവിനുണ്ടെന്ന് തലയുയര്‍ത്തിനിന്നു പറയാന്‍ പ്രജകള്‍ ഭയക്കുമെന്ന് രാജാവിനറിയാം. അവിശുദ്ധമായ ഇതേ അറിവിന്റെ ബലത്തിലാണ്, റോമന്‍  മനുസ്മൃതി എന്നു വിശേഷിപ്പിക്കാവുന്ന കാനോന്‍നിയമം കുട്ടിരാജാക്കന്മാരായി വിശ്വാസിസമൂഹത്തിന്റെ തലയ്ക്കു മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മെത്രാന്മാരും മാര്‍ ആലഞ്ചേരിയോട് ഇടഞ്ഞു നില്‍ക്കുന്ന മെത്രാന്മാരടക്കം എല്ലാ മെത്രാന്മാരും. കാനോന്‍നിയമം തങ്ങള്‍ക്കു കനിഞ്ഞരുളിയിരിക്കുന്ന രാജകീയാധികാരത്തില്‍ സന്തുഷ്ടരാണ് എന്നതാണു വസ്തുത.
അപ്പോള്‍ അടിസ്ഥാനപ്രശ്‌നം മാര്‍ ആലഞ്ചേരിയുടെയോ മാര്‍ സ്റ്റാന്‍ലി റോമന്റെയോഒന്നും തെറ്റായ മനോഭാവമോ പെരുമാറ്റദൂഷ്യമോ അല്ല; മറിച്ച്, അവരെ അങ്ങനെയാക്കുന്ന, അവരെ സര്‍വ്വാധിപതികളാക്കുന്ന കാനോന്‍നിയമമാണ്. അതിനെ നിയന്ത്രിക്കാന്‍ അതിനുമീതെ ഒരു നിയമം ഇന്ത്യയിലില്ല എന്നതാണ്. സഭാശുശ്രൂഷകരില്‍ ആത്മീയത നിറയ്‌ക്കേണ്ടതിനുപകരം, അവരില്‍ അധികാരമദോന്മത്തത നിറയ്ക്കുന്ന ഈ അക്രൈസ്തവനിയമഗ്രന്ഥമാണ്, നമ്മുടെ പുരോഹിതരെയും മെത്രാന്മാരെയുമെല്ലാം സഭയുടെ ഭൗതികാധികാരികളാക്കുന്നത്. സത്യോന്മുഖതയും അന്വേഷണബുദ്ധിയും തനതുദര്‍ശനവും സ്വഭാവശുദ്ധിയുമുള്ള വ്യക്തിത്വങ്ങള്‍ക്കുമാത്രമേ, വച്ചുനീട്ടപ്പെടുന്ന ഭൗതികാധികാരകെണിയില്‍ വീഴാതെ ആദ്ധ്യാത്മികമൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കാനാവൂ. നമ്മുടെ മെത്രാന്‍സംഘത്തില്‍ ഒരാള്‍പോലും ഈ ആദ്ധ്യാത്മികധീരതയും ആത്മബലവും ഉള്ളതായി തെളിയിച്ചിട്ടില്ല. അല്ലായിരുന്നുവെങ്കില്‍, സഭാസമൂഹത്തിന്റേതാണെന്നു കൃത്യമായറിയാവുന്ന സഭാസ്വത്തുക്കളും സ്ഥാപനങ്ങളും ഒറ്റയടിക്കു മാര്‍പാപ്പയുടേതാക്കിത്തീര്‍ത്ത കാനോന്‍ നിയമത്തിനെതിരെ ഒരു എതിര്‍ശബ്ദമെങ്കിലും ഉയര്‍ന്നേനെ; അത്, 'അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്', 'മോഷ്ടിക്കരുത്' എന്നീ ദൈവകല്പ്പനകളുടെ ലംഘനം ഉള്‍ക്കൊള്ളുന്നതാണെന്നു കണ്ട് തള്ളിക്കളഞ്ഞേനെ. ആദ്ധ്യാത്മികാവബോധത്തിന്റെ ഒരു കണികയെങ്കിലും നമ്മുടെ മെത്രാന്മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍, അധികാരകേന്ദ്രീകൃതമായിരുന്ന അന്നത്തെ റോമന്‍ സമ്പ്രദായത്തെ ചൂണ്ടിക്കാട്ടി, 'ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്' എന്നും 'എല്ലാവരുടെയും ഭൃത്യരാകണ'മെന്നുമുള്ള യേശുവിന്റെ കല്പന (മത്താ. 20:25-28) ചവറ്റുകുട്ടയിലെറിഞ്ഞ് രൂപതാമെത്രാനെ രൂപതാതിര്‍ത്തിക്കുള്ളിലുള്ളവരുടെമേല്‍ നിയമനിര്‍മ്മാണ, നിയമവ്യാഖ്യാന, നിയമനിര്‍വ്വഹണാധികാരങ്ങളോടെ വാഴുന്ന കുട്ടിരാജാവാക്കി പ്രതിഷ്ഠിക്കുന്ന കാനോന്‍നിയമത്തെ അസ്വീകാര്യമെന്നു പറഞ്ഞ് അവര്‍ തിരസ്‌കരിക്കുമായിരുന്നു. യേശുവിന്റെ സുവിശേഷസാരം അല്പമെങ്കിലും ഇവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍, യേശുവിനെ പരീക്ഷിക്കാന്‍ പിശാചു വെച്ചുനീട്ടിയ സാമ്പത്തികവും അധികാരപരവും മഹത്വകാംക്ഷാപരവുമായ അതേ പ്രലോഭനങ്ങളാണതിന്റെ ഉള്ളടക്കമെന്നു മനസ്സിലാക്കി ഈ റോമന്‍ രാജകീയപരീക്ഷണത്തെ  നമ്മുടെ മെത്രാന്മാര്‍ അതിജീവിക്കുമായിരുന്നു. എന്നാല്‍, യേശുവിനെ തങ്ങളുടെ സാമ്പത്തിക-അധികാര-മഹത്വവാഞ്ഛകളുടെ സാക്ഷാത്കാരത്തിനുള്ള ഒരു ഉപകരണംമാത്രമായി കണ്ട കേരളത്തിലെ മെത്രാന്മാര്‍ സുവിശേഷഗ്രന്ഥം മാറ്റിവെച്ച് റോമന്‍ കാനോന്‍നിയമഗ്രന്ഥം ഏറ്റുവാങ്ങി പ്രതിഷ്ഠിക്കുകയാണുചെയ്തത്.
തിരിഞ്ഞുനോക്കിയാല്‍, കേരളത്തില്‍ കാനോന്‍നിയമം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍മുതലാണ് ഇവിടെ പുരോഹിത ധാര്‍ഷ്ട്യത്തിന്റെയും യജമാനത്തത്തിന്റെയും തോത് കുത്തനെ ഉയരാന്‍ തുടങ്ങിയത്; വികാരിമാര്‍ പോലീസ് എസ്.ഐ.മാരെപ്പോലെയും മെത്രാന്മാര്‍ ഡി.ജി.പി.മാരെപ്പോലെയും വിശ്വാസികളോടു പെരുമാറിത്തുടങ്ങിയത്; അവര്‍ ആഢംബര സുഖഭോഗജീവിതം ആരംഭിച്ചത്; ബലാത്സംഗവീരന്മാരും കൊലപാതകികളുമായ പുരോഹിതരെ സംരക്ഷിക്കാന്‍ നേര്‍ച്ചപ്പണത്തില്‍നിന്ന് കോടികള്‍ കോടതിച്ചെലവിനായി മാറ്റാനാരംഭിച്ചത്; അവസാനം, സഭാസ്വത്തുക്കള്‍ സ്വകാര്യസ്വത്തുപോലെ വിറ്റു തുലയ്ക്കാനാരംഭിച്ചത്.... ഇതിനെല്ലാമെതിരെ എത്ര പ്രതികരിച്ചാലും ഒച്ചവെച്ചാലും മറുപടി പറയാതെ മിണ്ടാതിരിക്കുന്നതും കാനോന്‍നിയമം അവര്‍ക്കു നല്‍കുന്ന നിയമപരമായ പരിരക്ഷയുടെ ബലത്തിലാണ്; സഭാസ്വത്തു ഭരിക്കാന്‍ ഇന്ത്യയിലൊരു നിയമമില്ല എന്ന സുരക്ഷിതബോധത്തിലാണ്.
അതുകൊണ്ട്, ഒച്ചവച്ചും പ്രതിഷേധിച്ചും സമരം ചെയ്തും കേസുകള്‍കൊടുത്തുമൊക്കെ അവരെ പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലുമാക്കുന്നതിനോടൊപ്പം, സഭാസ്വത്തുക്കള്‍ ഭരിക്കാനാവശ്യമായ ഒരു നിയമനിര്‍മ്മാണത്തിനുവേണ്ടിയുള്ള ശക്തമായ ഒരു സംയോജിതനീക്കത്തിനുകൂടി അഖിലകേരളാടിസ്ഥാനത്തില്‍ രൂപംകൊടുക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അതിനുവേണ്ടിയുള്ള ഉദ്യമങ്ങള്‍ ഇപ്പോള്‍ത്തന്നെ പാതിവഴി എത്തിനില്‍ക്കുകയുമാണ്. അതായത്, ഈയിടെ അന്തരിച്ച ശ്രീ ജോസഫ് പുലിക്കുന്നേല്‍ 2004-ല്‍ 'ചര്‍ച്ച് ആക്ട്' എന്ന ആശയം അവതരിപ്പിച്ചപ്പോള്‍മുതലുള്ള അദ്ദേഹത്തിന്റെയും ഒട്ടേറെ സ്വതന്ത്രസഭാസംഘടനകളുടെയും പ്രവര്‍ത്തനഫലമായി, ഈ വിഷയം കേരളഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ നിയോഗിക്കപ്പെട്ട നിയമപരിഷ്‌കരണ കമ്മീഷനില്‍ അതൊരു വിഷയമാക്കാനും, കമ്മീഷന്‍ രൂപംകൊടുത്ത 'The Kerala Christian Church Properties and Institution Trust Bill'- എന്ന കരടുനിയമം ഗവണ്‍മെന്റിനുമുമ്പില്‍ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. വിവിധ രൂപതകളില്‍ സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിലുണ്ടായ ഭൂമികുംഭകോണങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരെ ജനരോഷം ഇരമ്പിനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഇവരെയെല്ലാം തളയ്ക്കാനും സഭാസ്വത്തുക്കള്‍ സംരക്ഷിക്കാനും പര്യാപ്തമായ പ്രസ്തുത 'ട്രസ്റ്റ് ബില്ലി'ലേക്ക്, അഥവാ 'ചര്‍ച്ച് ആക്ടി'ലേക്ക്, ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും ശ്രദ്ധതിരിപ്പിക്കുക ഇന്ന് താരതമ്യേന എളുപ്പമാണ്. ചുരുക്കത്തില്‍, വരമ്പത്തിരിക്കുന്ന ചര്‍ച്ച് ആക്ടിനെ ശക്തമായും നിശ്ചയദാര്‍ഢ്യത്തോടുകൂടിയും ഒന്നു തള്ളിയാല്‍മതി, ഇനി അതു നിയമമാകാന്‍. അതോടെ കുറ്റവാളികളായ സഭാമേലദ്ധ്യക്ഷന്മാരെ നിയമത്തിനുമുമ്പിലെത്തിക്കാനും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനും വിശ്വാസിസമൂഹത്തിനു കഴിയും.
നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ടിന്റെ പ്രത്യേകത അത് ബൈബിളധിഷ്ഠിതവും ആദിമസഭയുടെയും കേരളസഭയുടെയും വിശുദ്ധപാരമ്പര്യങ്ങള്‍ക്കനുസൃതവും ആണെന്നുള്ളതാണ്. അപ്പോസ്തലന്മാരെല്ലാവരും ഒന്നിച്ചുചേര്‍ന്ന്, സഭാഭരണം സംബന്ധിച്ച് നടത്തിയ നയപ്രഖ്യാപനമാണ് (അപ്പ. പ്രവ. 6:2-4) ചര്‍ച്ച് ആക്ടിന് അടിത്തറ. ഈ നയപ്രഖ്യാപനത്തിന്റെതന്നെ വികസിതരൂപമായിരുന്നു, മൂന്നുതട്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നസ്രാണികളുടെ പള്ളിയോഗ സഭാഭരണസമ്പ്രദായം. അതനുസരിച്ച്, സഭാസമൂഹം തിരഞ്ഞെടുക്കുന്ന കമ്മിറ്റികളിലാണ് സഭയുടെ ഭൗതികഭരണം നിക്ഷിപ്തമായിരുന്നത്. അതേ മാതൃകയില്‍, ഇടവകകളില്‍നിന്നുള്ള പ്രതിനിധികളടങ്ങിയ ഇടവക-രൂപതാ-സംസ്ഥാനതല ട്രസ്റ്റ് അസംബ്ലികളും അവ തിരഞ്ഞെടുക്കുന്ന ട്രസ്റ്റ് കമ്മിറ്റികളുമാണ് സഭാഭരണത്തിനായി നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് വിഭാവനം ചെയ്തിരിക്കുന്നത്. വികാരിക്കും മെത്രാനും മേജര്‍ ആര്‍ച്ചുബിഷപ്പിനും അതാതു ട്രസ്റ്റ് കമ്മിറ്റികള്‍ക്കും ട്രസ്റ്റ് അസംബ്ലികള്‍ക്കും ആദ്ധ്യക്ഷ്യംവഹിക്കാനും ധാര്‍മ്മികോപദേശങ്ങള്‍ നല്‍കാനുംമാത്രമാണ് അവകാശമുണ്ടാവുക. കാനോന്‍നിയമം ഉടമകളായ വിശ്വാസികളെ ഉപദേശാവകാശം മാത്രമുള്ളവരായി തരംതാഴ്ത്തിയെങ്കില്‍, ചര്‍ച്ച് ആക്ട് സുതാര്യമായി തീരുമാനങ്ങളെടുത്തു മുന്നോട്ടുപോകാന്‍ അധികാരമുള്ളവരാക്കി അവരെ ഉയര്‍ത്തുന്നു.
ചര്‍ച്ച് ആക്ട് പ്രാബല്യത്തിലാക്കിക്കൊണ്ടുമാത്രമേ, സഭയില്‍ വളര്‍ന്നുവരുന്ന സഭാഭരണപ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ നമുക്കാവുകയുള്ളൂ. ഇതു മനസ്സിലാക്കി, ചര്‍ച്ച് ആക്ട് നടപ്പിലാക്കുക എന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഒരു വിശാലവേദി കേരളത്തിലുണ്ടാകേണ്ടത് അവശ്യം ആവശ്യമായിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള സ്വതന്ത്രസഭാസംഘടനകളും ഈ ദിശയില്‍ പുതുതായി ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളും തമ്മില്‍ത്തമ്മില്‍ കൈകോര്‍ത്താല്‍ മതി, അതു സാക്ഷാത്കരിക്കപ്പെടും.

            -എഡിറ്റര്‍ 

Monday, February 26, 2018

KCRM - NORTH AMERICA അഞ്ചാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



പ്രിയരേ,

KCRM - North America -യുടെ അഞ്ചാമത്തെ ടെലികോൺഫെറൻസ് ഫെബ്രുവരി 14, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂർ നീണ്ടുനിന്നതും ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോൺഫെറൻസിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി അനേകർ സജീവമായി പങ്കെടുക്കുകയുണ്ടായി.  ഇപ്രാവശ്യത്തെ ചർച്ച " ഫ്രാൻസിസ് പാപ്പയും സഭാനവീകരണ യഗ്നങ്ങളും” എന്ന വിഷയമായിരുന്നു. മൗന ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, എഴുത്തുകാരനും മത/സാമൂഹ്യ/രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യവുമുള്ള ശ്രീ ജോസ് കല്ലിടുക്കിൽ (ഷിക്കാഗോ) ചർച്ചാവിഷയം പണ്ഡിതോചിതമായി അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിൻറെ അവതരണത്തിലെ പ്രധാന ഭാഗങ്ങൾ ചുവടെ ചേർക്കുന്നു: ഒരു ബില്ല്യനിലധികം വരുന്ന കത്തോലിക്കാ സഭാ വിശ്വാസികളുടെ വലിയ ഇടയനായി 115 കർദിനാളന്മാർ ചേർന്ന് 2013 മാർച്ച് 13 -ന് അർജെൻറ്റിനാക്കാരനായ ജോർജ് മാരിയോ ബെർഗോളിയോയെ മാർപാപ്പയായി തെരെഞ്ഞെടുത്തു. ചുരുങ്ങിയ കാലയളവിനുള്ളിൽ ലോകം മുഴുവൻറെയും ആരാധാനാ പുരുഷനായി അദ്ദേഹം മാറി. സ്നേഹം, കരുണ, സമാധാനം, എളിമ, ലാളിത്വം തുടങ്ങിയ സദ്ഗുണങ്ങളുടെ നിറപറയും പ്രതീകവും ദൂതനുമായാണ് ലോകജനത അദ്ദേഹത്തെ വീക്ഷിക്കുന്നത്. ഈശോസഭയിൽനിന്നും മാർപാപ്പയായി ഉയർത്തപ്പെടുന്ന പ്രഥമ വൈദികനായ അദ്ദേഹം അസീസ്സിയിലെ ഫ്രാൻസിസ് എന്ന പുണ്യാത്മാവിൻറെ കാലടികളെ പിന്തുടരാനുള്ള ദൃഢനിശ്ചയത്തിലാണ്. ആടുകളുടെ മണമുള്ള ഇടയാനായിട്ടാണ് ലോകം അദ്ദേഹത്തെ വിലയിരുത്തുന്നത്.

കത്തോലിക്കാ സഭയ്‌ക്കൊപ്പം ലോകജനതയും അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളിലെല്ലാം ശക്തവും വ്യക്തവുമായ അഭിപ്രായ പ്രകടനം നടത്തുന്ന പോപ്പ് ഫ്രാൻസിസിൻറെ സമീപനം പലപ്പോഴും തൻറെ മുൻഗാമികളിൽനിന്നും വിഭിന്നമാണ്‌. പണമെന്നത് ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്താണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്ഥാനമേറ്റശേഷം ദാരിദ്ര്യത്തിൻറെ പാത സ്വീകരിച്ചു. പേപ്പൽ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് വെറും 50 ചതുരശ്ര മീറ്റർമാത്രം വിസ്തൃതിയുള്ള ഒരു അപ്പാർട്ട്‌മെന്റിൽ അദ്ദേഹം താമസമാക്കി. പോപ്പ് ഫ്രാൻസിസ് സ്വീകരിച്ച ലളിതജീവിതരീതി സഭയിലെ പട്ടക്കാർക്കും മേല്പട്ടക്കാർക്കും അനുകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് തികച്ചും നിർഭാഗ്യകരമാണ്.

കത്തോലിക്കാ സഭയുടെ മൂലധനം കോടിക്കണക്കിനുള്ള വിശ്വാസികളാണെന്ന ഉറച്ച വിശ്വാസമാണ് പോപ്പ് ഫ്രാൻസിസിനുള്ളത്.  ലോകത്തിലെ ഒൻപതിൽ ഒരാൾ പട്ടിണി അനുഭവിക്കുന്ന ഈ ലോകത്ത് 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണ ഉള്ളവരായിരിക്കുവിൻ' എന്നാണ് ഫ്രാൻസിസ് പാപ്പ അജപാലന രീതിയിൽ പറയുന്നത്.

തികഞ്ഞ യാഥാസ്ഥിതിക മനോഭാവമുള്ളതും ഏത് പുരോഗമന ആശയത്തെയും കണ്ണുമടച്ച് എതിർക്കുകയും ചെയ്യുന്ന വിവിധ റോമൻ കൂരിയാകളാണ് കത്തോലിക്കാസഭയുടെ നവീകരണത്തിനും പുരോഗമനത്തിനും വിഘാതം നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞ മാർപാപ്പ 2013 ഏപ്രിൽ 13 -ന് റോമൻ കൂരിയായെ നവീകരിക്കാൻ കർദിനാളന്മാരുടെ ഒൻപതംഗ കമ്മീഷനെ നിയമിച്ചു. മതപരമായ കാര്യങ്ങൾ സുഗമമാക്കാൻ 2013 ജൂൺ 24 -ന് 'ഇൻസ്റ്റിട്യൂട്ട് ഫോർ വർക്സ് ഓഫ് റിലിജിയൻ' (Institute for works of Religion) എന്ന പേരിൽ മറ്റൊരു കമ്മീഷനെയും നിയമിച്ചു. വത്തിക്കാൻ ബാങ്കിലെ സാമ്പത്തിക അഴിമതികളെ മനസ്സിലാക്കിയ പാപ്പ അതിലെ അധികാരഘടനയെ തകിടംമറിച്ച് ഒരു അഴിച്ചുപണി നടത്തി. അഴിമതി രഹിത വത്തിക്കാനാണ് അദ്ദേഹത്തിൻറെ സ്വപ്നം. ഈ സഹസ്രാബ്ദത്തിൽ നാം കണ്ട ഏറ്റവും കർമ്മനിരതനായ സഭാപരിഷ്കർത്താവാണ് ഫ്രാൻസിസ് മാർപാപ്പ. സമീപകാല മാർപാപ്പമാരിൽ ക്രിസ്തുവിൻറെ യഥാർത്ഥ ചൈതന്യവും സ്നേഹവും ഉൾകൊള്ളുന്ന പ്രതിപുരുഷനായി ഫ്രാൻസിസ് പാപ്പയെ ലോകജനത ഉറ്റുനോക്കുന്നതുകൊണ്ടാണ് അഞ്ചുവർഷം തുടർച്ചയായി ടൈം മാഗസിനിൻ ലോകത്തിലെ ഏറ്റവും അധികം സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെട്ടത്.

സ്ത്രീകളുടെയും ഇതര മതസ്ഥരുടെയും കാലുകൾ കഴുകിക്കൊണ്ട് പെസഹാ തിരുനാളിന് പുതിയയൊരു അർത്ഥവും വിശുദ്ധിയും പോപ്പ് നൽകി. ലോകം മുഴുവൻ പ്രശംസിച്ച സഹോദര്യത്തിൻറെ പ്രകടനം നൽകിയ ആ സന്ദേശത്തെ ഉൾകൊള്ളുവാനോ അനുകരിക്കാനോ സീറോ മലബാർ സഭ തയ്യാറായില്ലെന്നുള്ളത് തികച്ചും ഖേദകരമാണ്.

സർവ്വമേഖലകളിലും സ്ത്രീകൾ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ മാർപാപ്പ പ്രോത്സാഹിപ്പിക്കുന്നു. ദൈവം തൻറെ ഛായയിൽ മനുഷ്യരെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. എന്നാൽ സമൂഹങ്ങളും മതങ്ങളും ദേശങ്ങളും സ്ത്രീകൾക്ക് എല്ലാ രംഗങ്ങളിലും തുല്യ പരിഗണന നൽകുന്നില്ല. ആ സ്ഥിതിയ്ക്ക് കത്തോലിക്കാസഭയിൽ മാറ്റം വരണം എന്ന സൂചന പോപ്പ് ഫ്രാൻസിസിൻറെ നടപടികളിൽ കാണുന്നു. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയുടെ റെക്ടറായി ഒരു സ്ത്രീയെ മാർപാപ്പ നിയമിച്ചു. വത്തിക്കാൻ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. ഫ്രാൻസിസ് മാർപാപ്പയുടെ സ്ത്രീപുരുഷ സമത്വ ദർശനം ആദരണീയവും അനുകരണീയവും പ്രശംസനീയവുമാണ്.

മെത്രാന്മാരുടെയും വൈദികരുടെയും പ്രഥമ ദൗത്യം പ്രാർത്ഥനയാണ്. സുവിശേഷം അവരെ സംരക്ഷിക്കുന്നു. അധികാരമനോഭാവം മെത്രാന്മാർക്കും പട്ടക്കാർക്കും പാടില്ല. എളിമയായിരിക്കണം അവരുടെ മുഖമുദ്ര. അരമനവാസത്തിൽനിന്ന് മെത്രാന്മാർ പുറത്തിറങ്ങി അല്മായരുമായി ഇടപഴകണം. ഫ്രാൻസിസ് പാപ്പയുടെ പ്രസംഗങ്ങളിലെല്ലാം ഊന്നൽ നൽകുന്നത് പുരോഹിത ശുശ്രൂഷയ്ക്കാണ്. "ചെമ്മരിയാടിൻറെ ഗന്ധം ധരിച്ചിരിക്കുന്ന വൈദികനെയാണ് നമുക്കുവേണ്ടത്." എന്ന് മാർപാപ്പ പറയുന്നു. വൈദികൻ ഒരു ഉദ്യോഗസ്ഥ മേധാവിയോ ഒരു സ്ഥാപനത്തിൻറെ വക്താവോ അല്ല. വൈദികർ ദൈവിക കാര്യങ്ങൾക്കുവേണ്ടി നിയോഗിക്കപ്പെട്ടവരാണ്. സമ്പാദ്യവും പദവിയും ബഹുമതിയും അച്ചന്മാർക്ക് വേണ്ടതല്ല എന്ന സന്ദേശമാണ് മാർപാപ്പ നൽകുന്നത്.

പ്രായപൂർത്തി ആകാത്തവരെ, പുരോഹിത ലൈംഗിക അതിക്രമത്തിൽനിന്നുള്ള സംരക്ഷണത്തിനുവേണ്ടി പൊന്തിഫിക്കൽ കമ്മീഷൻ സ്ഥാപിച്ചു. വേദനാജനകമായ നിരവധി ലൈംഗിക പ്രവർത്തികൾ വൈദികർ കാണിച്ചുകൂട്ടി. മേലധികാരികൾ ഈ വിഷയത്തിൽ നിരുത്തരവാദത്തോടെ പെരുമാറി. തന്മൂലം പാശ്ചാത്യ രാജ്യങ്ങളിലെ പല രൂപതകളും നഷ്ടപരിഹാരം കൊടുത്ത് സാമ്പത്തികമായി തകർന്നു. വിവാഹിതപൗരോഹിത്യത്തെപ്പറ്റി സഭാമേലധികാരികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മതത്തിൻറെ പേരിൽ കൊടും ക്രൂരതകൾ അരങ്ങേറാൻ പാടില്ലെന്ന പക്ഷത്താണ് മാർപാപ്പ. മതാന്തര സംവാദത്തിൻറെയും മത സൗഹാർദ്ദത്തിൻറെയും ആവശ്യകത അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. മത നവീകരണത്തിൻറെ ഭാഗമായിരിക്കണം മതസൗഹാർദ്ദമെന്നും. ദാരിദ്ര്യത്തോടുള്ള പോരാട്ടങ്ങളും പരിസ്ഥിതി സംരക്ഷണവും മതസൗഹാർദ്ദം വഴി നേടിയെടുക്കണമെന്നും അദ്ദേഹം നമ്മെ ഉപദേശിക്കുന്നു. കേരളത്തിലെ കേഴ്വികേട്ട മതമൈത്രി അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മതസഹിഷ്ണതയും മതമൈത്രിയും ലക്ഷ്യമിട്ട് ഫ്രാൻസിസ് പാപ്പ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ക്രൈസ്തവവിശ്വാസവുമായി പൊരുത്തപ്പെടാത്ത ആചാരങ്ങൾ, അവ എത്ര പ്രാചീനമാണെങ്കിൽകൂടി, പറ്റില്ലെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഫ്രാൻസിസ് പാപ്പയ്ക്കുള്ളത്. സമൂഹത്തിൽ കഷ്ടതകളും പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും അനുഭവിക്കുന്ന ജനതയ്‌ക്കൊപ്പമാണ് താനെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള പാപ്പ, വിവിധ ദേശങ്ങളിലുള്ള ഭരണാധികാരികളോടും സമ്പന്നവർഗത്തോടും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൻറെ ഭാഗമായി പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചിട്ടുമുണ്ട്.

വിഷയാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ സഭയിലെ വിശ്വാസികൾ നിർഭയരായി, സഭയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരായി മാർപാപ്പയോടൊത്ത് പോരാടണമെന്ന് അഭിപ്രായപ്പെട്ടു. "നിങ്ങൾ ഭയപ്പെടേണ്ട. ധൈര്യമായി പ്രതികരിക്കുക. സഭ നശിക്കുകയില്ല; നന്നാവുകയേയുള്ളൂ. സഭയെ സ്നേഹിക്കുന്നുയെങ്കിൽ സഭാധികാരികളുടെ തെറ്റുകൾ ചൂണ്ടികാണിക്കണം. അപ്പോൾ മാത്രമാണ് ഒരു വിശ്വാസി അവൻറെ കടമ നിർവഹിക്കുന്നത്." മാർപാപ്പയുടെ ഈ വാക്കുകൾ ടെലികോൺഫെറൻസിൽ പങ്കെടുത്തവർ ഏറ്റുപറയുന്നതുപോലെ തോന്നി. സഭാനവീകരണകാർക്കുള്ള സ്വർണ്ണഖനിയാണ് മാർപാപ്പയുടെ ഈ വാക്കുകൾ. കാരണം യേശുവിന് ജറുസലേം ദേവാലയത്തിൽ അനുഭവപ്പെട്ടതുതന്നെയാണ് ഫ്രാൻസിസ് പാപ്പയ്ക്ക്  വത്തിക്കാനിലും അനുഭവപ്പെടുന്നത്. മൂന്നാം ലിംഗക്കാരെ ദൈവത്തിൻറെ മക്കൾ എന്നു വിളിക്കുകയും നിരീശ്വര വാദികൾക്കും സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന് പരസ്യമായി പറയുകയും പത്തുവർഷത്തോളം ഒരുമിച്ചുജീവിച്ചവരെ പറക്കുന്ന വിമാനത്തിൽവെച്ച് ക്രിസ്തീയ വിവാഹം നടത്തികൊടുക്കുകയും സഭാദ്രോഹി എന്നറിപ്പെട്ടിരുന്ന മാർട്ടിൻ ലൂഥറെ സഭാ സ്നേഹിയായി കാണുകയും സ്വവർഗ്ഗരതിക്കാരെ വിധിക്കാതിരിക്കുകയും സഭാപരമായ വിവാഹമോചന നടപടിക്രമത്തെ ലഘൂകരിക്കുകയുമെല്ലാം ചെയ്ത ഫ്രാൻസിസ് പാപ്പയെ എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്.

കത്തോലിക്കാസഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കും അരാജകത്വത്തിനും മൂല്യച്ചുതിക്കും  മുഖ്യകാരണം മേലധ്യക്ഷന്മാരിലും വൈദികരിലും പ്രകടമായിട്ടുള്ള വിശ്വാസ ശോഷണം, ലൗകികതൃഷ്ണ, അഴിമതി, ആഡംബര ജീവിതം, അധികാരത്തോടും സ്വത്തിനോടുമുള്ള ആർത്തി എന്നിവയാണ്. ശക്തമായ നടപടികളിൽകൂടി മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുവാൻ കഴിയൂ. "വെള്ളയടിച്ച കുഴിമാടങ്ങളെ" എന്ന് വെറിപൂണ്ട് യേശു ആക്രോശിച്ചു. ഫ്രാൻസിസ് പാപ്പയുടെ ദൗത്യത്തിലും ആ സമീപനം സ്വീകരിച്ചേ മതിയാവൂ.

കത്തോലിക്കാ സഭയിലും സമൂഹത്തിലും മാറ്റങ്ങൾ അനിവാര്യമാണ്. വിശ്വാസികളുടെ അവകാശങ്ങളെ അംഗീകരിച്ച് അവരുടെ സ്വാതന്ത്യത്തെ മാനിച്ച് മുൻപോട്ടുകുതിക്കുന്ന ഒരു സഭയെ മാർപാപ്പ വിഭാവനം ചെയ്യുന്നു. നിരർത്ഥകങ്ങളായ ആചാരങ്ങളും  അനുഷ്ഠാനങ്ങളുംകൊണ്ട് കുത്തിനിറച്ചിരിക്കുന്ന നിലവിലുള്ള സഭയുടെ നല്ലഭാവിയെ അദ്ദേഹം സ്വപ്നം കാണുന്നു. സഭയെ രക്ഷിക്കാൻ വേണ്ടിയാണ് വിശ്വാസികൾ നിർഭയം പ്രതികരിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നത്. അതുകൊണ്ട് സഭാനവീകരണം എന്ന മഹത്തായ ലക്ഷ്യത്തിലേയ്ക്ക് മാർപ്പാപ്പയോടൊത്ത് അചഞ്ചലമായ ആത്മധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി നമുക്ക് മുന്നേറാം.

ഈ വരുന്ന മാർച്ചുമാസം പതിമ്മൂന്നാം  തീയതി ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ പ്രധാനാചാര്യനായിട്ട് അഞ്ചുവർഷം തികയുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തിൻറെ നവീകരണ യജ്ഞങ്ങൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്യൂന്നു.

KCRM - North America- യുടെ ആറാമത് ടെലികോൺഫെറൻസ് മാർച്ച് 14, 2018 ബുധനാഴ്ച വൈകീട്ട് ഒൻപതുമണിയ്ക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: " പൗരോഹിത്യവും അവിവാഹിതാവസ്ഥയും". ടെലികോൺഫെറൻസിലേയ്ക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹാദരവുകളോടെ,

ചാക്കോ കളരിക്കൽ

(ജനറൽ കോർഡിനേറ്റർ)

ഫെബ്രുവരി 22, 2018

Sunday, February 25, 2018

അഖിലകേരള ചര്ച്ച് ആക്ട് ആക്ഷന് കൗണ്സില് രൂപീകരിക്കപ്പെട്ടു


അധ്യക്ഷപ്രസംഗം - അഡ്വ.  ജോസ് ജോസഫ് 
കൊച്ചി: കെസിആര്‍എം മുന്‍കൈ എടുത്ത് എറണാകുളം ഐഎംഎ ഹാളില്‍ വിളിച്ചുകൂട്ടിയ ക്രൈസ്തവരുടെ സംസ്ഥാനതല നേതൃയോഗം അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ (All Kerala Church Act Action Council- AKCAAC)എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കി, ക്രൈസ്തവര്‍ക്ക് ഇന്ന് അവശ്യം ആവശ്യമായിത്തീര്‍ന്നിരിക്കുന്ന  ചര്‍ച്ച് ആക്ട് എന്ന വിഷയത്തില്‍ ഊന്നിനിന്ന് നിരന്തരമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
അഡ്വ. ജോസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സത്യജ്വാല എഡിറ്റർ ജോർജ് മൂലേച്ചാലിൽ സ്വാഗതം പറഞ്ഞു. അഡ്വ. ബോറിസ് പോൾ, പ്രൊഫ. ജോസഫ് വർഗീസ് (ഇപ്പൻ),  പ്രൊഫ. പി. സി. ദേവസ്യ, ശ്രീ എം. എൽ. ജോർജ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി.   
സ്വാഗതം - ജോർജ് മൂലേച്ചാലിൽ 
ഭൂമി കുംഭകോണങ്ങളും മറ്റു സാമ്പത്തിക ക്രമക്കേടുകളും ബിഷപ്പുമാരുടെ നേതൃത്വത്തില്‍ സഭയില്‍ നടക്കുന്നതില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു. ചര്‍ച്ച് ആക്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുവാന്‍ ഈ അവസരം തികച്ചും അനുകൂലമാണെന്ന് യോഗം വിലയിരുത്തി.
ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ഏറ്റവും അടുത്തുതന്നെ ഒരു സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തിയും മുഖ്യമന്തിക്ക് നിവേദനം സമര്‍പ്പിച്ചും പ്രവര്‍ത്തനപപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ യോഗം തീരുമാനിച്ചു.  തീയതിയും സമയവും തീരുമാനിക്കുന്നതിന് നിര്‍വ്വാഹക സമിതിയെ യോഗം ചുമതലപ്പെടുത്തി.
ചര്‍ച്ച് ആക്ടിന്റെ അനിവാര്യതയെ കുറിച്ച് കണ്‍വെന്‍ഷനുകള്‍, പൊതു സമ്മേളനങ്ങള്‍ സംസ്ഥാനതല ജാഥ, പോസ്റ്ററിംഗ് മുതലായവയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍, സെക്രട്ടേറിയറ്റ് ധര്‍ണ, സത്യാഗ്രഹ സമരം മുതലായ സമരപരിപാടികളും സംഘടിപ്പിക്കുവാന്‍ അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.                       
വി.കെ.  യോഗം താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ചെയര്‍മാന്‍ : കെ. ജോര്‍ജ്ജ് ജോസഫ്. (പാലാ), സെക്രട്ടറി: വി.കെ. ജോയ് (തൃശൂര്‍), ട്രഷറര്‍ : എല്‍. തങ്കച്ചന്‍ (കൊല്ലം).
വൈസ് ചെയര്‍മാന്മാരായി അഡ്വ. ബോറിസ് പോള്‍ (കൊല്ലം), എം. എല്‍ ജോര്‍ജ്ജ് (കോഴിക്കോട്), ഇ.ആര്‍ . ജോസഫ് (കോട്ടയം), എന്‍.ജെ ജോണ്‍ (മാനനന്തവാടി), ആന്റോ കോക്കാട്ട് (തൃശൂര്‍), പ്രൊഫ. പി.സി. ദേവസ്യ (തൊടുപുഴ), പ്രൊഫ. ജോസഫ് വര്‍ഗ്ഗീസ് (ഇപ്പന്‍ - എറണാകുളം ), പ്രൊഫ. ഫിലോമിന ജോസ് (തലശ്ശേരി), അഡ്വ. പോളച്ചന്‍ പുതുപ്പാറ (അങ്കമാലി), അഡ്വ. സി.ജെ. ജോസ് (കോട്ടയം), ലോനന്‍ ജോയ് തൃശൂര്‍), അഡ്വ. ബന്‍സന്‍ ജെ. ലോറന്‍സ് (ആലപ്പുഴ), ശ്രീമതി. സില്‍വി സുനില്‍ (എറണാകുളം), പി.ജെ. ആന്റണി(എറണാകുളം), ബേബി മാത്യു(എറണാകുളം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ അഡ്വ. ജയിംസ് മാനുവല്‍, അഡ്വ. പോളച്ചന്‍ പുതുപ്പാറ, ആഡ്വ. ബോറിസ് പോള്‍, അഡ്വ.  ഐവിന്‍, അഡ്വ. ചെറിയാന്‍ ഗൂഡല്ലൂര്‍, അഡ്വ. ഇന്ദുലേഖാ ജോസഫ്, അഡ്വ. ജേക്കബ്ബ് മുണ്ടയ്ക്കൽ എന്നിവരടങ്ങുന്ന ലീഗല്‍ സെല്ലും, അഡ്വ. ഇന്ദുലേഖാ ജോസഫ്, പ്രൊഫ. ഫിലോമിന ജോസ്, അലോഷ്യാ ജോസഫ്, ബിജി ജയിന്‍, സില്‍വി സുനില്‍ എന്നിവരടങ്ങുന്ന വനിതാ സെല്ലും രൂപീകരിച്ചു
സോഷ്യല്‍ മീഡിയാ ഇന്റര്‍ വെന്റര്‍ ആയി ക്രിസ്റ്റഫര്‍ ജി. യേയും 101 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുക്കപ്പെട്ടു.യോഗത്തിന്ു വരാന്‍ കഴിയാതെപോയ ഏതാനും പ്രവര്‍ത്തകരെക്കൂടി കോ-ഓപ്റ്റ് ചെയ്ത് 101 അംഗനിര്‍വാഹകസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
അഡ്വ. ബോറിസ് പോൾ 
2009 ല്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശിപാര്‍ശ ചെയ്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമമാക്കുന്നതിന് അഖിലകേരള അടിസ്ഥാനത്തില്‍ സമാന ചിന്താഗതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ക്രൈസ്തവസഭകളിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രസ്ഥാനം വിപുലീകരിക്കാന്‍ ശ്രമിക്കണമെന്നും യോഗം തീരുമാനിച്ചു. 

                                                                        വി.കെ. ജോയി,
സെക്രട്ടറി, അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍
            ഫോണ്‍: 9447037725, 9495839725
കൊച്ചി,
24/02/2018


വല്ലം ഫൊറോന പള്ളിയിലെ ദീപിക ഫ്രണ്ട്‌സ് ക്ലബ് ഉദ്ഘാടന ചടങ്ങിലെ വിശേഷങ്ങളിലേക്ക് ഒരെത്തിനോട്ടം

പി.സി റോക്കി മൊ: 9961217493

            എറണാകുളം -അങ്കമാലി അതിരൂപതയുടെ കീഴിലുള്ള വല്ലം ഫോറോന പള്ളിയില്‍ 2018  ഫെബ്രുവരി 18ന് കത്തോലിക്കാ സഭയുടെ ദീപിക ദിനപ്പത്രത്തിന്റെ പ്രചാരണത്തിനും വളര്‍ച്ചക്കും കത്തോലിക്കാ സഭാംഗങ്ങളില്‍ മാധ്യമ അവബോധത്തിനും വേണ്ടി ഒരു കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. ഇതില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, വല്ലം പള്ളി വികാരിമാര്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ക്രമ സമാധാന പാലന ചുമതലയുള്ള രണ്ട് പേരും പങ്കെടുക്കുകയുണ്ടായി. കൂടാതെ ഓരോരോ യൂണിററുകളിലെ ഭാരവാഹികളും പങ്കെടുത്തിരുന്നു.
            സഭയുടെ മുഖപത്രമായിരുന്ന ഇത് ഒരിക്കല്‍ സഭാധികാരികള്‍ കോടി രൂപയ്ക്ക് വന്‍ വ്യവസായികള്‍ക്ക് വിററിരുന്നു എന്ന് നാം മാധ്യമങ്ങളില്‍ വായിച്ചിരുന്നതാണ്.  കുറെ നാള്‍ കഴിഞ്ഞ് വീണ്ടും വാങ്ങിയിരുന്നയാള്‍ക്ക് കോടികള്‍ നല്‍കി തിരിച്ച് സഭയുടെ പ്രചാരപത്രമായി വീണ്ടും പുതുമയുടെ പുതുവസ്ത്രവുമണിഞ്ഞ് ഒരു നവോഡയെപ്പോലെ സഭയ്ക്കു വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് അന്ന് ഇത് വിററു എന്നോ, കടം കയറി മുടിഞ്ഞിട്ടാണോ, സര്‍ക്കുലേഷന്‍ മുടങ്ങിയിട്ടാണോ ഇന്നത്തെ സഭയുടെ  ഭൂമി വില്‍പ്പന പോലെ ആരെയും അറിയിക്കാതെ നടത്തിയെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. വിശ്വാസികളുടെ വിയര്‍പ്പ് തുള്ളികളുടെ ഫലമായ സഭയുടെ ഭൂമി  അവരോട് ആലോചിക്കാതെ വിററതുപോലെ ദീപികയ്ക്കു വേണ്ടി പണം മുടക്കി ഉന്നതിയിലെത്തുമ്പോള്‍ അവന് അതിലൊന്നും യാതൊരു അവകാശവുമില്ലാതെ ചങ്ങമ്പുഴയുടെ കവിതയിലേതുപോലെ മാടത്തെപ്പുലയന്‍ വാഴ വെച്ച് കുല തമ്പ്രാന് നല്‍കിയ അനുഭവമാകും എന്നും പലരും കളിയാക്കുന്നു.  
            നൂറുകണക്കിന് ഇടവകകളിലെ സഭാംഗങ്ങളും പതിനായിരക്കണക്കിന് വിശ്വാസികളും ഇത് ഏററു വാങ്ങുന്നു എന്ന് ഇതിന്റെ സപ്ലിമെന്റില്‍ പറഞ്ഞിരിക്കുന്നു. ഒന്നര വര്‍ഷത്തോളം മുമ്പ് ഇടവക പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകളിലെല്ലാം എല്ലാ വീടുകളിലും ദീപിക വരുത്തണമെന്നും 3000/- രൂപ ഒരു വര്‍ഷത്തിലെ വരിസംഖ്യ അടക്കുവാന്‍ പള്ളികളിലെല്ലാം ദീപികയുടെ പ്രതിനിധികളായ വൈദികര്‍ ആഹ്വാനിച്ചിരുന്നു.പിന്നീട് ഇതിപ്പോള്‍ പുതിയ അവതാരമായി വന്നിരിക്കുകയാണെന്ന് പലയിടത്തും കുശുകുശുപ്പ് കേള്‍ക്കുന്നു.
            ഞായറാഴ്ച തോറും സഭ ഇറക്കുന്ന സത്യദീപം, വചനോത്സവം, അമ്മ മാസിക, കൂടാതെ നാലഞ്ചു സഭാ ചാനലുകള്‍, ഇടവക തിരുനാളുകളുടെ സപ്ലിമെന്റുകള്‍ ഇതൊക്കെ പോരാഞ്ഞിട്ടാണോ ദീപികയുടെ ഫ്രണ്ട്‌സ് ക്ലബ് പരിപാടിയെന്ന് വിശ്വാസികളുടെ ഇടയില്‍ നിന്നും അഭിപ്രായങ്ങള്‍ കേള്‍ക്കാനിടയായി.

            ഉന്നത നീതിന്യായ പീഠങ്ങളിലിരിക്കുന്നവരും ക്രമസമാധാന ചുമതലയുള്ളവരും അതാത് മതത്തിന്റെ ഇത്തരം പരിപാടികളില്‍ അതിഥികളായി എത്തുന്നത് ഭൂഷണമല്ല എന്ന് മററ് മതവിഭാഗക്കാരില്‍ പലരും അഭിപ്രായപ്പെട്ടതായി കേള്‍ക്കുന്നു. മറിച്ച് ഒരു സാംസ്‌കാരിക, സാമൂഹ്യ  പരിപാടിയിലാണെങ്കില്‍ ഇവര്‍ പങ്കെടുക്കുന്നത് ഉചിതമായിരിക്കും. കൂടാതെ രോഗികള്‍ക്ക് ധനസഹായം, കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടം വിതരണം ചെയ്യല്‍ ഇവയിലൊക്കെ പങ്കെടുത്താല്‍ അതൊരു നല്ല കാര്യമായി അംഗീകരിക്കേണ്ടിയിരിക്കുന്നു. നാളെ ഹിന്ദു, മുസ്ലീം, ഹരിജന്‍, നായര്‍ എന്നിങ്ങനെ പല മതവിഭാഗങ്ങളില്‍ പെട്ടവരുടെയും പത്രമാസികകളുടെയും മററും പ്രചാരത്തിനു വേണ്ടി അതിഥികളായി എത്തി വേദി പങ്കിടുന്നത് ഒരു പുതിയ തുടക്കത്തിന് കാരണമാകുമെന്ന് നാട്ടിലാകെ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.       

Friday, February 23, 2018

ചര്ച്ച് ആക്ടിനു മാത്രമായി ഒരു അഖിലകേരളപ്രസ്ഥാനം

നേതൃതലകൂടിയാലോചന എറണാകുളത്ത്
2018 ഫെബ്രുവരി 24, ശനിയാഴ്ച 10.30 മുതല്‍
മഹാരാജാസ് കോളജിന്റെ പിന്‍ഭാഗത്ത് TD റോഡിലുള്ള IMA ഹാളില്‍
(IMA ബ്ലഡ്ബാങ്ക് ബില്‍ഡിങ്ങിന്റെ മുകള്‍നിലയിലാണ് IMA ഹാള്‍)
സ്വതന്ത്രസഭാസംഘടനകളിലെ ബഹുമാന്യരായ പ്രവര്‍ത്തകരേ, 
സത്യജ്വാലയുടെ പ്രബുദ്ധരായ വായനക്കാരേ,

ഫെബ്രുവരി മാസപരിപാടി പാലായിലല്ല നടത്തുന്നത് എന്നറിയിക്കട്ടെ. പകരം, ചര്‍ച്ച് ആക്ടിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരുടെ ഒരു നേതൃതല കൂടിയാലോചനായോഗം എറണാകുളത്തു നടത്തുകയാണ്. കേരളസഭ, പ്രത്യേകിച്ച് കത്തോലിക്കാസഭ, അതിസങ്കീര്‍ണ്ണമായൊരു പ്രതിസന്ധിഘട്ടത്തിലാണിന്ന്. അധികാരധാര്‍ഷ്ട്യവും ധനാര്‍ത്തിയും മൂത്ത രൂപതാദ്ധ്യക്ഷന്മാര്‍, വിശ്വാസിസമൂഹം വിയര്‍ത്തുണ്ടാക്കിയ കോടിക്കണക്കിനുമൂല്യമുള്ള സഭാസ്വത്തുക്കള്‍ സ്വന്തമെന്നപോലെ, ആരോടുമാലോചിക്കാതെ തന്നിഷ്ടപ്രകാരം വിറ്റുതുലച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനെ തടയാനോ ചോദ്യം ചെയ്യാനോ ക്രൈസ്തവരെ പ്രാപ്തരാക്കുന്ന ഒരു നിയമം ഇന്ത്യയില്‍ നിലവിലില്ല എന്നതാണ്, നാമിപ്പോള്‍ നേരിടുന്ന പ്രധാന തടസ്സം.
ഇത്തരുണത്തില്‍, ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണകമ്മീഷന്‍ ക്രോഡീകരിച്ച് ഗവണ്‍മെന്റിനു 2009-ല്‍ സമര്‍പ്പിച്ച 'ചര്‍ച്ച് ആക്ട്' ചര്‍ച്ചചെയ്ത് നിയമമാക്കണമെന്ന് അടിയന്തിരമായി ഗവണ്‍മെന്റിനോടു നാം ആവശ്യപ്പെടേണ്ടതുണ്ട്. 
ഇക്കാര്യത്തില്‍ വിശ്വാസിസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുമുണ്ട്. അതിന്, ശക്തമായ ഒരു പ്രസ്ഥാനം കേരളാടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കേണ്ടത് അവശ്യം ആവശ്യമായിരിക്കുന്നു. ഈ ചിന്തയുടെ അടിസ്ഥാനത്തിലും ഈ ചിന്ത പങ്കുവയ്ക്കുന്ന മറ്റു സംഘടനാനേതാക്കളുടെകൂടി താല്പര്യപ്രകാരവുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ സംഘടനയില്‍നിന്നും  5 പേരെയാണു ഈ കൂടിയാലോചനായോഗത്തിലേക്കു പ്രതീക്ഷിക്കുന്നത്. നിര്‍ദ്ദിഷ്ട അഖിലകേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ സ്വന്തം പ്രദേശത്ത് സംഘടന രൂപീകരിക്കാനോ, നിലവിലുള്ള ഏതെങ്കിലും പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനോ ആഗ്രഹിക്കുന്ന സത്യജ്വാലയുടെ മാന്യവായനക്കാര്‍ക്കും ഈ ആലോചനായോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. അവര്‍ താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേരു രജിസ്റ്റര്‍ ചെയ്യണമെന്നു താത്പര്യപ്പെടുന്നു.

ഷാജു ജോസ് തറപ്പേല്‍ (സെക്രട്ടറി, KCRM)
ഫോണ്‍: 9496540448

എന്നെ രണ്ടു ചീത്ത പറഞ്ഞാലും .....

(ശ്രീ. ജോസഫ് പുലിക്കുന്നേല്‍ തനിക്കെതിരെ വന്നിരുന്ന വിമര്‍ശനങ്ങളെ നേരിട്ടിരുന്നത് അതിലും മൂര്‍ച്ചയേറിയ ഫലിതാസ്ത്രങ്ങള്‍കൊണ്ടായിരുന്നു. 
അവ സമാഹരിക്കാനുള്ള ഒരു ശ്രമത്തിലാണ് ഞാന്‍. അവയിലൊന്ന് താഴെക്കൊടുക്കുന്നു. 
‘ഓശാന’ മാസികയുടെ മെയ് 1998 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)
ഞാന്‍ കോളജു വിദ്യാഭ്യാസം നടത്തിയിരുന്ന കാലത്ത് ഭരണങ്ങാനത്ത് എനിക്ക് ഒരു മുതിര്‍ന്ന സുഹൃത്തുണ്ടായിരുന്നു. (അദ്ദേഹം കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് മരണം പ്രാപിച്ചു. അതുകൊണ്ട് ആ സുഹൃത്തിന്റെ പേര് അജ്ഞാതമായിരിക്കട്ടെ.) തല്ക്കാലം, ശ്രീ കെ. നായര്‍ എന്ന് അദ്ദേഹത്തെ വിളിക്കാം. ഒന്‍ പതാം ക്ലാസ്സ് പാസ്സായ ഒരു സരസനായിരുന്നു കെ.നായര്‍. അദ്ദേഹം ഇടതുപക്ഷ നാടകങ്ങളില്‍ ഹാസ്യനടനായി അഭിനയിക്കുകയും കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കുകയും ചെയ്ത് കാലയാപനം നടത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പു വന്നുവീഴുന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ശ്രീ.എ.ജെ. ജോണായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിന്തുണയോടെ ജോണ്‍സാറിനെ എതിര്‍ത്തത് ശ്രീ. പി.എസ്. ഗോപാലപിള്ളയും. ന്യായമായും ശ്രീ. കെ. നായര്‍ പി.എസ് ഗോപാലപിള്ളയെ തെരഞ്ഞെടുപ്പില്‍ സഹായിക്കേണ്ടതായിരുന്നു.
ഒരു വെക്കേഷനു നാട്ടിലെത്തിയപ്പോള്‍ ഞാനറിഞ്ഞത് ശ്രീ കെ. നായര്‍, ജോണ്‍ സാറിന്റെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നുവെന്നും പലയിടങ്ങളിലും ജോണ്‍ സാറിനൊപ്പം അദ്ദേഹം പ്രസംഗിച്ചു എന്നുമായിരുന്നു. ഒരു ദിവസം മീനച്ചിലാറ്റില്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ശ്രീ. കെ. നായര്‍ മണല്‍ത്തിട്ടയില്‍ ഏകാന്തനായി ഇരിക്കുന്നു. സരസസംഭാഷണവിദഗ്ദ്ധനായ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയകൂറുമാറ്റത്തെക്കുറിച്ച് ഞാനന്വേഷിച്ചു.
അദ്ദേഹം പറഞ്ഞപ്രകാരം: ''എടാ, ഞാന്‍കൂടി പ്രവര്‍ത്തിച്ചാലും ഗോപാലപിള്ളച്ചേട്ടന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയില്ലായിരുന്നു. ഇന്നാരും ഇന്നാരുംകൂടി (അവരുടെ പേരുകള്‍ ഞാനിവിടെ പറയുന്നില്ല) എന്നെ സമീപിച്ച് ഞാന്‍ ജോണ്‍സാറിനെ സഹായിക്കണമെന്നാവശ്യപ്പെട്ടു. ഒരു വൈകുന്നേരം പിടിച്ചപിടിയാലേ എന്നെ അവര്‍ കൊട്ടുകാപ്പള്ളിയിലേക്കു കൊണ്ടുപോയി. അവിടെ എ.ജെ. ജോണ്‍സാറും മറ്റു പ്രമുഖരും ഉണ്ടായിരുന്നു. നല്ല കുശാലായ ഭക്ഷണം. ഇടതുപക്ഷക്കാരന്റെ നാടകത്തിനുപോയാല്‍ പരിപ്പുവടയും കട്ടന്‍കാപ്പിയുമാണ് കിട്ടാറ്. എന്നോട് ജോണ്‍സാറിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അവര്‍ നിര്‍ബന്ധമായി പറഞ്ഞു. മാത്രമല്ല, എ.ജെ. ജോണ്‍ തീര്‍ച്ചയായും ജയിക്കുമെന്നും അങ്ങനെ ജയിച്ചാല്‍ 9-ാം ക്ലാസ്സുകാരനായ എനിക്ക് ഒരു ജോലികിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ലെന്നും അവര്‍ സൂചിപ്പിച്ചു.
പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ എനിക്കു വിഷമമായിപ്പോയി. ആലോചിച്ചുപറയാം എന്നു പറഞ്ഞ് അവിടുന്നു രക്ഷപ്പെട്ടു. ഞാന്‍ ഗോപാലപിള്ളച്ചേട്ടനെ കണ്ട് എന്റെ ബുദ്ധിമുട്ടുകള്‍ അവതരിപ്പിച്ചു. ഒരു ജോലിയുടെ ആവശ്യം, കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ എല്ലാം. നല്ലവനായ ഗോപാലപിള്ളച്ചേട്ടന്‍ പറഞ്ഞു: 'എടാ, എന്നെ രണ്ടു ചീത്തപറഞ്ഞാലും നിനക്കതു ഗുണകരമാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ നീ ജോണ്‍സാറിന്റെ കൂടെ ചേരുക! നീ ജോണ്‍സാറിന്റെ കൂടെ ചേര്‍ന്നാലും എനിക്ക് ഒരു വോട്ടും നഷ്ടപ്പെടാന്‍ പോകുന്നില്ല. ജോണ്‍സാറിന് ഒരു വോട്ടും കൂടുതല്‍ കിട്ടാനും പോണില്ല. നിന്റെ ഭാര്യവരെ എനിക്കു വോട്ടു ചെയ്യും. എനിക്കൊന്നും നഷ്ടപ്പെടാനും പോണില്ല. പിന്നെ ഞാന്‍ മൂലം ഒരു നായരെങ്കിലും രക്ഷപ്പെടുമെങ്കില്‍ സന്തോഷമേയുള്ളൂ.'
പിറ്റെ ദിവസം മുതല്‍ കോണ്‍ഗ്രസ് ജീപ്പ് കാലത്തെ വരും. നേരേ പാലായില്‍ പോയി മോഡേണ്‍ ഹോട്ടലില്‍നിന്നും രണ്ടു മുട്ടയും നാലു പാലപ്പവും തിന്നും. ഉച്ചയ്ക്ക് ഏതെങ്കിലും കോണ്‍ഗ്രസുകാരനായ ക്രിസ്ത്യാനിയുടെ വീട്ടില്‍ ഗംഭീരമായ ഭക്ഷണം. എ.ജെ. ജോണ്‍സാര്‍ ഊണിനുണ്ടെങ്കില്‍ നാലുകാലും രണ്ടുകാലുമുള്ളവ പ്ലേറ്റില്‍ ഉണ്ട്. വൈകുന്നേരം രണ്ടോ മൂന്നോ പ്രസംഗം. അത്താഴവും കുശാല്‍. ഞാന്‍ ഭരണങ്ങാനം ഭാഗത്തെങ്ങും പ്രസംഗിക്കില്ല. എരുമാപ്രമറ്റം, ഇടമറുക്, അടിവാരം മുതലായ സ്ഥലങ്ങളിലാണെന്റെ പ്രസംഗം. എന്റെ പ്രസംഗംകൊണ്ട് ഗോപാലപിള്ളച്ചേട്ടനു നാലുവോട്ട് കൂടുതലായി കിട്ടിയതല്ലാതെ ജോണ്‍സാറിന് ഒറ്റവോട്ട് കൂടുതലായി കിട്ടിയെന്നു തോന്നുന്നില്ല.
ഞാന്‍ കമ്യൂണിസ്റ്റുകാരെ ചീത്ത വിളിച്ചു. ആ ചീത്തവിളി ഇപ്രകാരമായിരുന്നു: ''ഈ കമ്യൂണിസ്റ്റുപാര്‍ട്ടി പറയുന്നത് കുടികിടപ്പുകാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലം പതിച്ചുകൊടുക്കുമെന്നാണ്. അത് നടപ്പുള്ള കാര്യമല്ല. അവര്‍ പറയുന്നത് കൃഷിഭൂമിയില്ലാത്തവര്‍ക്ക് ഭൂമി പതിച്ചു കൊടുക്കുമെന്നാണ്. അതും നടപ്പുള്ള കാര്യമല്ല. പിന്നെ അവര്‍ പറയുന്നത് കര്‍ഷകതൊഴിലാളികള്‍ക്ക് നല്ല കൂലി നിശ്ചയിക്കുമെന്നാണ്. അതും നടക്കുന്ന കാര്യമല്ല. പി.എസ്. ഗോപാലപിള്ളക്ക് ഇതൊന്നും ചെയ്യാന്‍ സാധ്യമല്ല.'' എന്റെ പ്രസംഗം കോണ്‍ഗ്രസുകാര്‍ക്ക് രസിക്കുമായിരുന്നെങ്കിലും കുടികിടപ്പവകാശം, ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്ക് ഭൂമി, നല്ല കൂലി മുതലായവ വാഗ്ദാനം ചെയ്യുന്ന ഒരു പാര്‍ട്ടിക്കുവേണ്ടിയാണ് ഗോപാലപിള്ളച്ചേട്ടന്‍ നില്‍ക്കുന്നതെന്ന് എനിക്ക് സാധാരണക്കാരനെ മനസ്സിലാക്കിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് കുറെ വോട്ടെങ്കിലും ഗോപാലപിള്ളച്ചേട്ടന് കിട്ടിയിട്ടുണ്ടായിരിക്കണം. ഏതായാലും ജോണ്‍സാര്‍ ജയിച്ചു. എനിക്കിനിയൊരു ജോലികിട്ടും. അതിനുള്ള എല്ലാ പണികളും ചെയ്തിട്ടുണ്ട്.''
എന്നോട് കെ. നായര്‍ ചോദിച്ചു: ''എടാ, ഞാന്‍ ചെയ്തതു തെറ്റാണോ? ഞാന്‍ കമ്യൂണിസ്റ്റുകാരുടെ നാടകം അഭിനയിച്ചിട്ടുണ്ട്. കുറെ പരിപ്പുവടയും കട്ടന്‍കാപ്പിയും ഉണക്കച്ചോറും മുരിങ്ങക്കോലും തിന്നിട്ടുണ്ട്. കൈയില്‍ നിന്നു കുറച്ചു കാശും പോയിട്ടുണ്ട്. കോണ്‍ഗ്രസുകാരുടെ കൂടെ ചേര്‍ന്നപ്പോള്‍ ഒരു മാസത്തെ സുഭിക്ഷമായ ഭക്ഷണവും ഒരു ജോലിയും. അവര്‍ക്കുവേണ്ടിയിരുന്നത് ഒരു നായര്‍ക്കെതിരെ മറ്റൊരു നായരെയായിരുന്നു. ഞാന്‍ ശരിക്കു നിന്നുകൊടുത്തു. എടാ, ഇനി നീ പറ, ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ? കമ്യൂണിസ്റ്റുകാരുടെ കൂടെ നടന്നപ്പോള്‍ ഞാന്‍ നാടകം അഭിനയിച്ചു. കോണ്‍ഗ്രസുകാരുടെ കൂടെ നടന്നപ്പോഴും നാടകം അഭിനയിച്ചു. ഞാന്‍ കാരണം ഗോപാലപിള്ളച്ചേട്ടന് ഒരു വോട്ടും നഷ്ടപ്പെട്ടിട്ടില്ല. പിന്നെ എന്റെ കാര്യം നടക്കണ്ടേ.''
മനുഷ്യമനസ്സിന്റെ ദുരൂഹമായ ഊടുവഴികളിലേക്കു പ്രകാശം പരത്തുന്നതായിരുന്നു ശ്രീ കെ. നായരുടെ പ്രസ്താവന. ശ്രീ നായര്‍ക്ക് പ്രൈമറി സ്‌കൂളില്‍ അധ്യാപകനായും ഭാര്യയ്ക്ക് ഒരു ക്രാഫ്റ്റ് ടീച്ചറായും ജോലികിട്ടി. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയി കെ. നായര്‍ റിട്ടയര്‍ ചെയ്തു. അദ്ദേഹം ഇന്നില്ല.
ശ്രീ കച്ചിറമറ്റം എന്നെ ചീത്ത പറയാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം എനിക്ക് അത്ഭുതം തോന്നി. വ്യക്തിപരമായി ഞങ്ങള്‍ നല്ല സ്‌നേഹത്തിലായിരുന്നു. സക്കറിയായുടെ കഥയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ മെത്രാന്മാര്‍ ഇടപെടരുതെന്നായിരുന്നു ശ്രീ കച്ചിറമറ്റത്തിന്റെയും അപ്പോഴത്തെ വാദം. അനാവശ്യമായി സക്കറിയായ്ക്ക് പ്രചാരണം കൊടുക്കാനല്ലാതെ അത് ഉതകുകയില്ലെന്നദ്ദേഹം എന്നോടു പറഞ്ഞു. പിന്നെ കച്ചിറമറ്റം തന്റെ ''തൂലിക പടവാളാക്കി'' എനിക്കെതിരെ എ.കെ.സി.സി. ബുള്ളറ്റിനിലൂടെ കടന്നാക്രമണം നടത്തുന്നതാണു ഞാന്‍ കണ്ടത്.
സത്യം പറയട്ടെ കച്ചിറമറ്റത്തിന് 60 വയസു തികയാന്‍ പോകുന്നു എന്നെനിക്കറിഞ്ഞുകൂടായിരുന്നു. അദ്ദേഹം പണം മുടക്കുമായിരുന്നെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തി ഇത്രയും കെങ്കേമമായി എനിക്ക് സംഘടിപ്പിക്കുവാന്‍ കഴിയുമായിരുന്നോ? മെത്രാന്മാരെയും എം.പി.മാരെയും അണിനിരത്താന്‍ കഴിയുമായിരുന്നോ? അദ്ദേഹത്തിന് ഒരവാര്‍ഡു കൊടുക്കാന്‍ എനിക്കു കഴിയുമായിരുന്നോ? അദ്ദേഹത്തെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുന്നതിനു കരുനീക്കാന്‍ എനിക്കു കഴിയുമായിരുന്നോ? ഇല്ല. തീര്‍ച്ചയായും ഇല്ല.
ശ്രീ. കെ. നായര്‍ പറഞ്ഞതുപോലെ ഒന്നാലോചിച്ചാല്‍ കച്ചിറമറ്റംസാര്‍ എനിക്കെന്തെങ്കിലും ഉപദ്രവം ചെയ്തിട്ടുണ്ടോ? ഇല്ല. ഞാനും അദ്ദേഹവും സ്‌നേഹമായിരുന്നകാലത്ത് വികല പുരോഹിതര്‍ എനിക്കെതിരെ പ്രചരിപ്പിച്ചിരുന്നതും ആരും വിശ്വസിക്കാതിരുന്നതുമായ കള്ളക്കഥകള്‍ അദ്ദേഹം ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞു. എന്റെ സ്വകാര്യ സാഹിത്യപ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും അറിഞ്ഞുകൂടായിരുന്നു. 'ദാവീദ് മൂപ്പില്‍ നായര്‍' എന്ന എന്റെ കഥയ്ക്ക് അദ്ദേഹം തന്റെ 'തൂലികാ പടവാളി'ലൂടെ വമ്പിച്ച പ്രചാരണം കൊടുത്തു. മാത്രമല്ല സഭയ്ക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാന്‍ കഴിവുള്ളവനാണു ഞാന്‍ എന്ന ഒരു സര്‍ട്ടിഫിക്കറ്റും തന്നു. ''മനുഷ്യാവകാശ സംരക്ഷണസമിതി-കേരളസഭയില്‍'' എന്ന സംഘടനയുടെ സമ്മേളനം പാലായില്‍ വളരെ വിജയകരമായി നടന്നു. അതിന്റെ സംഘാടകകമ്മറ്റിയില്‍പോലും ഞാനുണ്ടായിരുന്നില്ല. എങ്കിലും അതിന്റെ മുഴുവന്‍ ക്രെഡിറ്റും കച്ചിറമറ്റം എനിക്കു ദയാപൂര്‍വ്വം നല്‍കി. അതുപോലെതന്നെ മാനിക്കേയന്‍ ചിഹ്നവും പള്ളിയോഗനടപടിക്രമഗ്രന്ഥവും കത്തിക്കാനുള്ള തീരുമാനം പുരോഹിതരുള്‍പ്പെടുന്ന സഭയിലെ വിവിധ സംഘടനകള്‍ എടുത്ത തീരുമാനമാണ് എന്നും അഗ്നിദാഹ തീരുമാനത്തിനത്തില്‍ എനിക്കു വലിയ പങ്കൊന്നുമുണ്ടായിരുന്നില്ല എന്നും അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറിയാം. പക്ഷെ, അതിന്റെയും ക്രെഡിറ്റു മുഴുവന്‍ കച്ചിറമറ്റം ഉദാരമായി എനിക്കും ക്രൈസ്തവപഠനകേന്ദ്രത്തിനും നല്കിയിരിക്കുന്നു! ശ്രീ കെ. നായരെപ്പോലെതന്നെ കച്ചിറമറ്റം സാറും സരസനാണെന്നു സമ്മതിച്ചേതീരൂ.

അദ്ദേഹത്തിന്റെ 'തൂലികാപടവാള്‍' പ്രയോഗം കൊണ്ട് എനിക്ക് ഒരപകടവും പറ്റിയില്ല. അദ്ദേഹത്തിന് വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ദീര്‍ഘമായ സഭാസേവനത്തോടൊപ്പം പാലാ കോര്‍പ്പറേറ്റ് മാനേജുമെന്റില്‍ അധ്യാപകജോലി ചെയ്ത് റിട്ടയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഒരു അനുമോദനയോഗമെങ്കിലും സംഘടിപ്പിക്കാന്‍ പാലാരൂപത തയ്യാറായില്ല. ഇതിനെക്കുറിച്ച് ധര്‍മ്മരോഷത്തോടുകൂടി അദ്ദേഹം എന്നോടു പറഞ്ഞതോര്‍ക്കുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിനുശേഷം പാലായിലെ കത്തോലിക്കാ പൊതുചടങ്ങുകള്‍ പലതിലും അദ്ദേഹത്തെ അവഗണിക്കുന്നു എന്ന സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ പാലാ അരമനയില്‍ കയറുകയില്ല എന്ന് എന്നോട് അഭിമാനത്തോടെ പറയുമായിരുന്നു. എന്തിന് സ്പീക്കര്‍ സാംഗ്മയ്ക്ക് പാലാ അരമനയില്‍ വിഭവസമൃദ്ധമായ സല്‍ക്കാരം നടത്തുകയും പാലായില്‍ പലരേയും ക്ഷണിക്കുകയും ചെയ്തിട്ടും അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റിന് ഊണുമേശയില്‍ ഒരു പ്ലേറ്റു വെക്കാന്‍ അരമന അധികാരികള്‍ തയ്യാറായില്ല. അതും അദ്ദേഹത്തെ ദുഃഖിപ്പിച്ചതായറിയാം. അദ്ദേഹത്തിന്റെ തൂലിക എനിക്കെതിരെ പടവാളാക്കിയതിനുശേഷം എന്തെല്ലാം മാറ്റങ്ങളാണുണ്ടായത്! അവിടെയാണ് ശ്രീ. കെ. നായരുടെയും കച്ചിറമറ്റത്തിന്റെയും ബുദ്ധിയും അഭിനയശേഷിയും! ആ കഴിവിന്റെ മുമ്പില്‍ ഞാന്‍ ദീര്‍ഘപ്രണാമം അര്‍പ്പിക്കുന്നു.

Thursday, February 22, 2018

അത്മായനിട്ടു തോണ്ടരുത്!

കുറച്ചുനാളായി ഒന്നും എഴുതാൻ പറ്റിയില്ല; മനസ്സില്ലാഞ്ഞിട്ടായിരുന്നില്ല. നല്ല തിരക്കായിരുന്നു.  ഞാൻ പെങ്ങളെയും അളിയനെയും കുട്ടികളെയുമൊക്കെ കാണാൻ മെൽബോണിനു പോകുന്ന വഴി കഴിഞ്ഞ മാസം ഒരു സംഭവമുണ്ടായി - ചുരുക്കിപ്പറയാം. വിമാനത്തിന്റെ വാലറ്റത്തുള്ള ടോയിലറ്റിലേക്ക് പോകുന്ന വഴി ഒരു മലയാളിയാന്റി ഒരു കുസൃതി ഒപ്പിച്ചു. അങ്ങോട്ടു പോയപ്പോൾ അരികിലിരുന്ന കുട്ടിയെ നോക്കി ഉച്ചത്തിൽ 'ഭോഷൻ' എന്നു പറഞ്ഞു. ഇങ്ങോട്ടു വന്നപ്പോൾ ആ കുട്ടിയെ 'ഫ്രാൻസിസ്' എന്നും വിളിച്ചു. മനസ്സിലായില്ലെ? ആ സ്ത്രീയെ ഞാനറിയും; ഞാൻ കത്തോലിക്ക സഭക്കെതിരെ എഴുതുന്നതിലുള്ള അമർഷം മനോഹരമായി ആ ആന്റി പ്രകടിപ്പിച്ചതായിരുന്നു - എന്നെ 'ഭോഷൻ ഫ്രാൻസിസ്' എന്നു വിളിച്ചതിലൂടെ. 

ആ ആന്റിയോട് എനിക്കൊന്നേ ചോദിക്കാനുള്ളു. ബഹുകോടികളുടെ വസ്തുക്കൾ പിടിയാവിലക്കു കച്ചോടം ചെയ്യുകയും അഡ്വാൻസു മാത്രം കൈപ്പറ്റി തീറെഴുതിക്കൊടുക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ആന്റിയുടെ വല്യപിതാവാണോ ഞാനാണോ ഭോഷൻ? നിങ്ങൾ പറ! ഇതുകൊണ്ടു തീർന്നോ? നമ്മുടെ മൂന്നു മുക്കുവർ ഇറ്റലിക്കാരുടെ വെടിയേറ്റു മരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർക്കുന്നുണ്ടോ? അതു പോട്ടെ, 2012 സെപ്റ്റംബർ 14 ന് ജർമ്മനിയിലുള്ള ഒരു ടോമി ഞാറമ്പറമ്പിലിന്, സീറോ മലബാറിന് റോമിൽ ഒരു കാര്യാലയം പണിയുന്നതിനുവേണ്ടി ഫ്രാങ്ക്ഫർട്ടിലും ഗ്രോസ്സ്ഗറാവുവിലുമുള്ള സുഹൃത്തുക്കളിൽ നിന്നു പിരിവെടുത്ത് അക്കൗണ്ടിൽ പണം അടക്കണമെന്ന് എഴുതിയ കാര്യം ഓർമ്മിക്കുന്നോ? 350 ച. മീറ്റർ കെട്ടിടമുള്ള, ഈ 4600 ച. മീറ്റർ സ്ഥലം (ഫാ.സ്റ്റീഫൻ ചിറപ്പണത്തിന്റെ ശ്രമഫലമായി ന്യായമായ വിലയായ 1,975,000 യൂറോക്ക് തരപ്പെട്ടതെന്ന് എഴുത്തിലുണ്ട്), വാങ്ങിയോ? (അവലംബം: ഒക്റ്റോബർ '12 ലെ സത്യജ്വാല). കേരളത്തിലെ സത്യവിശ്വാസികളിൽ നിന്ന് എത്രയോ കാര്യങ്ങൾ ആ പിതാവും സംഘവും മറച്ചു വെച്ചു. പഞ്ചവർണ്ണക്കിളിയേപ്പോലെ കിട്ടിയ സ്വീകരണം മുഴുവൻ (അതിൽ 16 ലക്ഷം ചിലവെഴുതിയതുമുണ്ട്) ഏറ്റുവാങ്ങിയ ശേഷം ഇതൊന്നും വേണ്ടിയിരുന്നില്ലെന്നു പറഞ്ഞു നടന്നപ്പോൾ ഓർക്കണമായിരുന്നു, അതേ ജനം ഒരിക്കൽ കൂവിയും സ്വീകരിക്കുമെന്ന് അല്ലെങ്കിൽ ഇവിടെ വിശക്കുന്നവർ ഉണ്ടെന്ന്. ഇക്കാണിച്ചവകളിലും ഭോഷത്തരമുണ്ടെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ഞാൻ ഉത്തരത്തിന്റെയും ആളല്ല കഴുക്കോലിന്റെയും ആളല്ല. എങ്കിലും, നമ്മുടെ പിതാക്കന്മാരോടു ചിലതു ചോദിക്കാനുണ്ട്. വിശ്വാസികളെ സഭ തിരിച്ചും മറിച്ചും പിഴിഞ്ഞപ്പോൾ, ആണ്ടുവട്ടത്തിലെ 365 ദിവസവും അവർക്കു പണികൊടുക്കാൻ പുണ്യവാന്മാരെയും അനുഷ്ടാനങ്ങളെയും സഭ ഒരുക്കിയപ്പോൾ, ആദ്യരാത്രി എങ്ങിനെ വേണമെന്നു പോലും യുവജനത്തെ പഠിപ്പിച്ചു തുടങ്ങിയപ്പോൾ, സ്ത്രീകൾക്കു വരെ വികാരിയച്ചന്മാർ പ്രസിഡന്റുമാരായ സംഘടനകൾ ഒരുക്കിയപ്പോൾ, സീലിങ്ങിലെ സിമിന്റ് അടർന്നുവീഴത്തക്ക ശബ്ദത്തിൽ പാട്ടു സംഘങ്ങൾ പള്ളികൾ തകർത്തു വാണപ്പോൾ....,  നിങ്ങളെന്തു ചെയ്യുകയായിരുന്നു? ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ പ്രണയിച്ചതു വഴി വ്യഭിചാരം ചെയ്തതാണെന്നും, ലോകാവസാനം അടുത്തുവെന്നുമുള്ള അർത്ഥത്തിൽ കരിസ്മാറ്റിക്കുകാർ പ്രസംഗിച്ചു നടക്കുന്നു; ആർക്കെങ്കിലും വല്ലതും പറയാനുണ്ടോ? രോഗശാന്തിശുശ്രൂഷക്ക് ബാനർകെട്ടി ഓരോരുത്തരും വിളിക്കുന്നു. നമ്മുടെ പിതാക്കന്മാർ ഹാർട്ട് അറ്റാക്ക് വരുമ്പോൾ അങ്ങോട്ടു പോവാത്തതെന്താ? മോഡി യേശുവിനു സമനാണെന്നും, ഫാ. റോബിൻ കേസിൽ പെൺകുട്ടിയാണു തെറ്റു ചെയ്തതെന്നും വിളമ്പിയ പുണ്യാത്മാക്കൾ ഇവിടുണ്ട്. വല്ലതും പറയാനുണ്ടോ? എന്റെ ഡാഡിയൊക്കെ ഏഴാം ക്ളാസ്സ് വരെയെ വേദപാഠം പഠിച്ചിട്ടുള്ളൂ. ഇന്നു തിയോളജി എം എ വരെയുണ്ട് അത്മായനു പഠിക്കാൻ. ഇതെല്ലാം കഴിഞ്ഞു മരിച്ചാലോ? പഴയ കണക്കുബുക്കിങ്ങെടുക്കും. എണ്ട്രൻസിനു പഠിക്കുന്ന കുട്ടിക്ക് അര മാർക്കു വരുത്തുന്ന വ്യത്യാസം അറിഞ്ഞിരുന്നെങ്കിൽ പന്ത്രണ്ടാം ക്ളാസ്സ് വേദപാപാഠം ഇവിടുണ്ടാകുമായിരുന്നില്ല. ഒരു സെക്കന്റിന്റെ അൻപതിലൊന്നു ഭാഗത്തിന്റെ  വിലയറിയാൻ പി റ്റി ഉഷയോടു ചോദിച്ചാൽ മതി. ചെയ്യേണ്ടതു സമയത്തു ചെയ്തിരുന്നെങ്കിൽ വിശ്വാസികൾ ഇതുപോലെ എടുത്തിട്ടലക്കുകയില്ലായിരുന്നു.

ഇവിടെ, അഭിഷിക്തരാൽ പീഡിക്കപ്പെടുകയും നീതികിട്ടാതെ അലയുകയും ചെയ്യുന്ന അനേകം പെൺകുട്ടികളുടേ ആത്മാക്കളുണ്ട്; കത്തോലിക്കാ ഐ സി യു കളിൽ ചികിൽസിക്കപ്പെട്ട ആത്മാക്കളുടെ കണക്കു വേറെ. അവരുടെയൊക്കെ ശാപം ഫലിക്കാതെ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതാണിപ്പോൾ കാണുന്നതും. ഇംഗ്ളണ്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു പ്രമുഖവൈദികൻ ഒരു പെൺകുട്ടിയുടെ മാറിൽ കടന്നു പിടിച്ചകേസ് പൊങ്ങിവരുന്നു, നടപടിയെടുക്കാനുള്ള ധൈര്യമുണ്ടെങ്കിൽ ചെയ്യ് - കെ സി ബി സിയിൽ അംഗത്വമുള്ള ആർക്കും കടന്നു വരാം. ഈ തൊഴുത്ത് ഉള്ളിലെ കുത്തുകൊണ്ട് തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു; പാരമ്പര്യത്തിന്റെ അപ്പസ്തോലനായ പവ്വത്തിൽത്തിരുമേനി ഇത്രയുമെങ്കിലും കണ്ടുവെന്നറിയുന്നതിൽ സന്തോഷം. ദൈവത്തിന്റെ പദ്ധതികൾ ഭയങ്കരം! 

എല്ലാവരും അപ്പസ്തോലപ്രവർത്തനങ്ങൾ വായിക്കുക, അവിടെ ഒരു കമ്മ്യുണിറ്റി സംസ്കാരത്തെപ്പറ്റി പറയുന്നുണ്ട്, അത്മായർക്കു പ്രാതിനിധ്യവും പിതാവേയെന്നു വിളിക്കപ്പെടുന്നവർ ഇല്ലാത്തതുമായ ഒരു സമൂഹത്തെപ്പറ്റി. നമുക്കാ സംസ്കാരത്തിലേക്കു മടങ്ങാം ജേഷ്ടന്മാരെ. മടയലേഖനങ്ങൾ അരങ്ങു വാഴുന്ന ഞായറാഴ്ചകൾ നമുക്കു വേണ്ട! അഭിഷിക്തരുടെ കാര്യമാണു കഷ്ടം! വിശ്വാസിക്കു നഷ്ടപ്പെടാൻ ഒന്നുമില്ല; അവൻ എങ്ങോട്ടു വേണമെങ്കിലും പറന്നെന്നിരിക്കും. ഓർക്കുക, (ആന്റിയായാലും ആശാരിയായാലും) അത്മായനിട്ടു തോണ്ടരുത്! 

കത്തനാരേ, നീ ആരുടേയും പിതാവല്ല

സാമുവൽ കൂടൽ - 9447333494

മെത്രാനേ,  നീയിനിയും  തിരുമേനിയല്ല , ജനം ഇനിമേലിൽ  ഐമേനിയുമല്ല ! കത്തനാരേ,നീ ആരുടേയും പിതാവല്ല, ജനം നിന്റെ ചുമ്മാ മക്കളുമല്ല ! സ്വന്തം പിതാവിനെ തിരിച്ചറിഞ്ഞവരാരും വഴിയിൽ കണ്ട പാതിരിയെ ''പിതാവേ'' എന്ന് വിളിച്ചുസ്വന്തം അമ്മയെ ഇനിയൊരുനാളും ആക്ഷേപിക്കുകയുമില്ല!  വിശുദ്ധകുർബാന വിശുദ്ധമെങ്കിൽ അശുദ്ധനായ പുരോഹിതനെആ കർമ്മം ചെയ്യാൻ സഭ മേലിൽ അനുവദിച്ചുകൂടാ!അൾത്താര വിശുദ്ധസ്ഥലമെങ്കിൽ ആഭാസന്മാരെഅതിൽ യാതൊരുവേഷത്തിലും പ്രവേശിപ്പിച്ചുകൂടാ! സിബിഐ അന്വേഷിച്ചു അഭയാകേസുകളിലെവ്യഭിചാരിയോസന്മാർ കുറ്റവിമുക്തരാണെന്നു തെളിഞ്ഞാലും, വിശുദ്ധവസ്ത്രം അവർ മരണംവരെ അണിഞ്ഞുകൂടാ ! കാരണം കാലമതിനെ "നാറുന്ന ളോഹയെന്നു'' നാളെ ആക്ഷേപിക്കും നിശ്ചയം!മറ്റിതര സഭകളും ഇത് മാതൃകയാക്കുവീൻ ... കുറ്റമാക്ഷേപിക്കപ്പെട്ട പുരോഹിതരെ അവരുടെ വിശുദ്ധവസ്ത്രം ഉടൻ അഴിച്ചുമാറ്റി പുറത്താക്കണം! മറ്റു സഭാവേലയ്‌ക്കായിക്കൂടി അവരെ നിയോഗിക്കുവാൻ പാടില്ല; ഉദാഹരണം,  പള്ളിപ്പറമ്പിലെ തെങ്ങുകയറ്റവും ,റബര് ടാപ്പിംഗും വരെ!  മെത്രാന്മാർ ഇനിമുതൽ കല്പിക്കരുത്,  വെറുതെ പറഞ്ഞാൽ മതി ;ജനം മനസിലാക്കിക്കൊള്ളും !കല്പനകളും മടയലേഖനങ്ങളും ഇനിയും പള്ളികളിൽ അരുതു;  വെറും കത്തുകളും കുറിപ്പ്കളും വാർത്താക്കുറിപ്പുകളും മതി! നാലുനാളത്തേക്കു വിലസുന്ന മന്ത്രിമാരുടെ മാതിരി                         കൊടിവച്ച കാറുവേണ്ടാ മെത്രാനെ,; വെറും കാറ് മതി ! എളിമയറിയില്ലെങ്കിലും മെത്രാൻ ഇനിയും എളിമ അഭിനയിക്കണം!  പഴയനിയമത്തിലെ മൃഗബലി ഇന്ന് പള്ളിയിലില്ലാത്തതിനാൽ അരക്കെട്ടും നീണ്ട ളോഹയും വേണ്ട![അത് വെറും ജാഡയാണെന്നു ജനം അറിഞ്ഞുകഴിഞ്ഞു] NBദൈവമക്കളോടു ദൈവത്തിന്റെ മൗന നൊമ്പരം: ''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന് എന്റെ ഏകജാതൻ വന്നു നേരിൽ നിങ്ങളോടു പറഞ്ഞതല്ലേ മക്കളേ? അവൻ ശപിച്ച പൗരോഹിത്യം എവിടെ ആരാൽ നന്നാക്കപ്പെടുവാനാണ്? പുരോഹിതനുവേണ്ടി നിങ്ങളെക്കൊണ്ടവൻ പണിയിച്ച പള്ളിയെ                   ''കള്ളന്മാരുടെ ഗുഹ''എന്നല്ലയോ മനുഷ്യപുത്രൻ ആക്ഷേപിച്ചത്? കാലത്തിനതിനെ നല്ലയിടമാക്കാനാകുമോ ? 
ഓടിയകലുവീൻ..അല്ലാത്തവർ ചമ്മട്ടിയുമായി ചെല്ലുവീൻ .. അശുദ്ധനായ പുരോഹിതനെ പള്ളിയിൽ കണ്ടാൽ അവനണിഞ്ഞ നാറുന്ന ളോഹ ഒന്നാമതായി അഴിച്ചുമാറ്റുവീൻ..പകരം കൈലിയും ബനിയനും മതി പണിയെടുക്കാൻ..ഇതാണ് പുതിയ നിയമം!''    

Tuesday, February 20, 2018

ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചു വർഷങ്ങളും അജപാലനവും





ജോസഫ് പടന്നമാക്കൽ 

കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ജോർജ് ബെർഗോളിയോ (ഫ്രാൻസിസ് മാർപാപ്പ)  1936 ഡിസംബർ പതിനേഴാം തിയതി അർജന്റീനയിൽ ബ്യൂണസ് അയേഴ്സ് (Buenos Aires) എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് മാരിയോയും പിതാവ് റജീന ബെർഗോളിയുമായിരുന്നു. 2013-ൽ മാർപാപ്പയായി ചുമതലയേറ്റപ്പോൾ അസ്സീസിയിലെ ഫ്രാൻസീസിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. യുറോപ്യൻ രാജ്യങ്ങളിൽ നിന്നല്ലാത്ത പ്രഥമ മാർപാപ്പയായി  അറിയപ്പെടുന്നു. അതുപോലെ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽനിന്നും ആദ്യമായി മാർപാപ്പയുടെ കിരീടം അണിഞ്ഞുതും അദ്ദേഹമായിരുന്നു. ജെസ്യുട്ട്  സഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയായും ചരിത്രം കുറിച്ചു.

ഫ്രാൻസിസ് മാർപാപ്പ അർജന്റീനയിൽ സ്വന്തം നാട്ടിൽ കർദ്ദിനാളായിരുന്ന കാലത്തുപോലും സാധാരണക്കാരനെപ്പോലെ ജീവിച്ചിരുന്നു. കർദ്ദിനാൾമാർക്കുള്ള കൊട്ടാരത്തിൽ താമസിക്കാതെ ലളിതമായ അപ്പാർട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. യാത്രകൾ ചെയ്തിരുന്നത് കൂടുതലും  ട്രെയിനിലും മറ്റു പൊതു വാഹനങ്ങളിലുമായിരുന്നു. സെമിനാരിയിൽ പഠിക്കുന്നതിനു മുമ്പ് അദ്ദേഹം കെമിക്കൽ എഞ്ചിനീയറായിരുന്നു. കൂടാതെ നിശാക്ലബിൽ അതിഥികളായി വരുന്നവരെ ശ്രദ്ധിക്കാനായി ബൗൺസർ ജോലിയും ചെയ്തിരുന്നു. 1969-ൽ പൗരാഹിത്യം സ്വീകരിച്ചു.  മാർപാപ്പയായി തിരഞ്ഞെടുത്തയുടൻ ലോകത്തെ അനുഗ്രഹിക്കുന്നതിനു പകരം തനിക്കുവേണ്ടി പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടത്. മുൻഗാമികൾ താമസിച്ചിരുന്ന മനോഹര രാജമന്ദിരത്തിൽ  താമസിയ്ക്കാതെ അവിടെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു ചെറിയ വീട്ടിൽ താമസവും ആരംഭിച്ചു. .

മാർപാപ്പ കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് ക്രിയാത്മകവും പുരോഗമനപരവുമായ പ്രവർത്തനങ്ങളിൽക്കൂടി പ്രസിദ്ധനായി തീർന്നു. മാറ്റങ്ങളുടെ മാർപാപ്പയെന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. മനുഷ്യൻ എന്തു ജാതിയാണെങ്കിലും ഏതു മതത്തിൽ വിശ്വസിച്ചാലും ലോകത്ത് നടമാടിയിരിക്കുന്ന അനീതിയിലും അക്രമത്തിലും ലജ്ജിക്കണമെന്നു മാർപാപ്പ പറയുന്നു. സമത്വപൂർണ്ണമായ ഒരു ലോകത്തെയാണ് അദ്ദേഹം സ്വപ്നം കാണുന്നത്.

വിനയവും ലാളിത്യവും അദ്ദേഹത്തിൻറെ മുഖമുദ്രയാണ്‌. ദരിദ്ര ലോകത്തോടും രോഗികളോടും ഉത്‌കണ്‌ഠ പുലർത്തിക്കൊണ്ടുള്ള ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.  വ്യത്യസ്തമായ  ജീവിതരീതികളും സാംസ്ക്കാരിക ദർശനങ്ങളും ലളിതമായ ജീവിതവും കാരണം ഫ്രാൻസീസ് മാർപാപ്പ ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രിയപെട്ട പാപ്പയായി സ്ഥാനം പിടിച്ചു കഴിഞ്ഞു. ആഡംബര ജീവിതവും പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും എതിർക്കുന്നു. സ്വതന്ത്രമായ ഒരു സഭാന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ ധര്‍മ്മപ്രബോധവും സന്മാർഗവുമായ ജീവിതവും  ലോകത്തിനുതന്നെ ഒരു മാതൃകയാണ്.

ആഗോളതലത്തിൽ മാർപാപ്പയുടെ പ്രയത്‌നം ഏറ്റവുമധികം സഫലമായത് അമേരിക്കൻ ഐക്യനാടുകളും ക്യൂബയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിലൂടെയായിരുന്നു. അക്കാര്യത്തിൽ മാർപാപ്പയുടെ നേതൃത്വം ലോക സമാധാനത്തിനു നൽകിയ അനിവാര്യമായ ഒരു സംഭാവന തന്നെയാണ്.  ഒബാമ ഭരണകൂടവും ക്യൂബയുടെ  സർക്കാരും തമ്മിലുള്ള ഉടമ്പടികളുടെ ഗുണദോഷങ്ങളെപ്പറ്റി ട്രംപ് ഭരണകൂടത്തിൽ ഔപചാരികമായ ചർച്ചകളുണ്ടായിരുന്നു. എന്നിരുന്നാലും മാർപാപ്പയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടതും അതുവഴി ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതും അഭിനന്ദിനീയം തന്നെ.  2015 മെയ് ഇരുപത്തിയൊമ്പതാം തിയതി ക്യൂബായെ അമേരിക്കയുടെ ഭീകര ലിസ്റ്റിൽ നിന്ന് എടുത്തുകളയുകയും ചെയ്തു.  ശീത സമരത്തിനുശേഷം ക്യൂബായുമായുള്ള പ്രശ്നങ്ങൾക്ക് ഒരു ശമനമുണ്ടായതും ഫ്രാൻസീസ് മാർപാപ്പയുടെ  നേട്ടമായിരുന്നു.   മാർപാപ്പയുടെ ശ്രമഫലമായി ക്യൂബയിലും അമേരിക്കയിലും ജയിലിൽ കഴിയുന്ന തടവുകാരായ പൗരന്മാരെ മോചിപ്പിച്ചു. 2014 ഡിസംബറിൽ 'റൗൾ കാസ്ട്രോ' മാർപാപ്പയുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് പരസ്യമായി നന്ദി രേഖപ്പെടുത്തിയതും ചരിത്രമായിരുന്നു. 1959-ൽ ക്യൂബയിൽ ഫിദൽ കാസ്ട്രോ പള്ളികൾ പണിയുന്നത് നിരോധിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പയുടെ നയതന്ത്ര ഫലമായി ആ ഉപരോധം നീക്കം ചെയ്യുകയും ചെയ്തു.

മാർപാപ്പയായി ചുമതലയേറ്റ ശേഷം ഏതാനും മാസത്തിനുള്ളിൽതന്നെ വത്തിക്കാൻ ബാങ്കിനുള്ളിലെ ക്രമക്കേടുകളെ ഇല്ലാതാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വത്തിക്കാൻ ബാങ്കിൽ വമ്പിച്ച തോതിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടായിരുന്നു. ബാങ്കിങ്ങ് പ്രവർത്തനങ്ങളെ സമൂലമായി മാറ്റങ്ങൾക്കു വിധേയമാക്കിയും ബാങ്കിന്റെ വരവ് ചിലവുകളെപ്പറ്റി ശരിയായ ബാലൻസ്ഷീറ്റ് തയ്യാറാക്കിയും വത്തിക്കാൻ ബാങ്കിങ്ങ് വളരെയധികം കാര്യക്ഷമമുള്ളതാക്കി തീർത്തു. പരിഷ്ക്കരണങ്ങൾക്കായി പോപ്പ് ഫ്രാൻസിസ് ഒരു കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. കമ്മറ്റി ബാങ്കിന്റെ മുഴുവനുമുള്ള അക്കൗണ്ടുകളും ബാങ്കിനെ സംബന്ധിച്ചുള്ള അഴിമതികളും കുറ്റാരോപണങ്ങളും പരിശോധിക്കുകയും ചെയ്തു. ബാങ്കിന്റെ സുപ്രധാന ചുമതലകളുണ്ടായിരുന്ന  നാലഞ്ച് കർദ്ദിനാളന്മാരെ അവരുടെ സ്ഥാനമാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ വിരമിക്കുന്ന കാലത്ത് നിയമിച്ചവരായിരുന്നു. പകരം ബാങ്ക് നടത്താൻ കഴിവുള്ള വിദഗ്‌ദ്ധരെ അവരുടെ സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്തു. ബാങ്കിൽ പരിഷ്‌ക്കാരങ്ങൾ സാധിച്ചില്ലെങ്കിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ വിജയപ്രദമായില്ലെങ്കിൽ വത്തിക്കാന്റെ ഈ സ്വകാര്യ ബാങ്ക് നിർത്തൽ ചെയ്യുമെന്നും ഫ്രാൻസീസ് മാർപാപ്പ മുന്നറിയിപ്പ് കൊടുത്തിരുന്നു.

ജോൺ ഇരുപത്തിമൂന്നാമനു‌ ശേഷം പാവങ്ങൾക്കു വേണ്ടി സംസാരിക്കുന്ന സഭയ്ക്കു ലഭിച്ച  ഒരു മാർപാപ്പയായി  ഫ്രാൻസിസ് മാർപാപ്പയെ ലോകം കാണുന്നു.  ലിബറലും കൺസർവേറ്റിവും റാഡിക്കലുമൊത്തുചേർന്ന ചിന്തകളുള്ള അദ്ദേഹത്തെ മുൻഗാമികളായ മറ്റു മാർപാപ്പാമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.  അദ്ദേഹം സഭയുടെ ഭരണമേറ്റെടുത്ത നാളുകൾ മുതൽ വിശ്വാസികൾക്ക് സഭയോട് അടിസ്ഥാനപരമായ ഒരു അടുപ്പത്തിനും ആത്മീയബോധനത്തിനും വഴിതെളിയിച്ചു. ശരീര മാസകലം വൃണങ്ങൾകൊണ്ട് വൈകൃതമായിരിക്കുന്നവനെ ആലിംഗനം ചെയ്യുന്ന കാഴ്ചകളൊക്കെ കാണുമ്പോൾ സഭയെ ഫാസിസത്തിൽ നിന്ന് മോചിപ്പിക്കണമെന്ന്, മാർപ്പാപ്പ ആഗ്രഹിക്കുന്നുവെന്നു വേണം കരുതാൻ. ദരിദ്രരോടുള്ള സമീപനം വാക്കുകളേക്കാൾ പ്രവർത്തിയിൽ മാർപാപ്പ കാണിക്കുന്നു.

മാർപാപ്പയുടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലെ ഭരണകാലത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പദ്ധതികൾക്കും രൂപം നൽകിയിരുന്നു. ആഗോള ദാരിദ്ര്യത്തെപ്പറ്റിയുള്ള പരിഗണനകൾ വത്തിക്കാന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറിയിരുന്നു. സാമ്പത്തികമായി പുരോഗമിച്ച രാജ്യങ്ങളോട് ദരിദ്രരായ രാജ്യങ്ങളുടെ സ്ഥിതി വിശേഷങ്ങൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. പണത്തെ ബിംബമായി കാണരുതെന്നും അഭ്യർത്ഥിച്ചു.  അടിമത്വത്തെ അദ്ദേഹം ലോകനേതാക്കന്മാരുമൊത്തു ചേർന്ന്  അപലപിച്ചു. 2020 ആകുമ്പോൾ ആഗോള തലത്തിലുള്ള അടിമത്വം മുഴുവനായി അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിൽ ലോകനേതാക്കന്മാരുമൊത്ത് ഒപ്പു വെക്കുകയും ചെയ്തു. 'അടിമത്വം മനുഷ്യത്വത്തോടുള്ള പാപമാണെന്നും' പ്രഖ്യാപിച്ചു. 'അടിമകളാക്കി ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തിനെപ്പറ്റിയും' അപലപിച്ചു. ഈ വിഷയം സംബന്ധിച്ച് 2015ലെ ആഗോള സമാധാന സന്ദേശത്തിൽ അദ്ദേഹത്തിൻറെ ഒരു പ്രഖ്യാപനവുമുണ്ടായിരുന്നു. 'അടിമത്വത്തിനെതിരായി ലോകത്തുള്ള എല്ലാ രാജ്യങ്ങളും ജനവിഭാഗങ്ങളും ഒരുപോലെ പോരാടാൻ' അദ്ദേഹം ആവശ്യപ്പെട്ടു. 'മനുഷ്യരെല്ലാം സഹോദരി സഹോദരരെന്നും സ്വതന്ത്രമായി ജീവിക്കാൻ ഓരോരുത്തർക്കും തുല്യ അവകാശമുണ്ടെന്നും' മാർപാപ്പ പറഞ്ഞു.

ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വങ്ങളെ മാർപാപ്പ വിമർശിക്കാറുണ്ട്. ഉപഭോക്താക്കളുടെ ഉപയോഗ വസ്തുക്കൾ അമിതമായി പാഴാക്കുന്ന രീതികളെ വിമർശിച്ചു. അത് പ്രത്യേകിച്ച് അമേരിക്കയെയാണ് ബാധിക്കുന്നത്. അമിതമായി പാഴ്ചിലവുകൾ നടത്തുന്ന രീതികളാണ് പൊതുവെ അമേരിക്കൻ സംസ്ക്കാരത്തിലുള്ളത്. സമ്പത്ത് വ്യവസ്ഥിതിയെന്നുള്ളത് സമത്വത്തിലടിസ്ഥാനമായിരിക്കണം. പാവപ്പെട്ട ഒരു മനുഷ്യൻ മരിച്ചാൽ വളർത്തു മൃഗത്തിന്റെ വിലപോലും നൽകില്ല. സ്റ്റോക്ക് മാർക്കറ്റ് രണ്ടുശതമാനം താഴ്ന്നാൽ ആഗോള വാർത്തയാകും. വൻ കോർപ്പറേറ്റുകളുടെ സ്വാർത്ഥത നിറഞ്ഞ അമിത ലാഭമോഹങ്ങളെയും മാർപാപ്പ വിമർശിച്ചു.

ബുദ്ധമതവും വത്തിക്കാനുമായി നല്ലബന്ധം സ്ഥാപിക്കാനും മാർപാപ്പ ശ്രമിക്കുന്നു. ബുദ്ധമതക്കാരുടെയും കത്തോലിക്കരുടെയും ആത്മീയ നേതാക്കളുടെ കൂടിക്കാഴ്‌ച വത്തിക്കാനിലുണ്ടായിരുന്നു. ഈ സമ്മേളനം സംഘടിപ്പിച്ചത് വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലും അമേരിക്കയുടെ കാത്തലിക്ക് ബിഷപ്പ് കോൺഫെറൻസുമായിരുന്നു. ആഗോളതലങ്ങളിലുളള സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധമതക്കാരും കത്തോലിക്കരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കോൺഫെറൻസിനുള്ളിൽ മാർപാപ്പയുടെ പ്രസംഗത്തിനുശേഷം ബുദ്ധ മതക്കാരുടെ ആത്മീയ നേതാക്കൾ കത്തോലിക്ക ആത്മീയ നേതൃത്വവുമായി ഒന്നിച്ചു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. പരസ്പ്പരം ആത്മീയ വെളിച്ചത്തിൽ അനുഗ്രഹാശീശുകൾ അർപ്പിക്കുകയും ചെയ്തു. 2017-നവംബർ ഇരുപത്തിയേഴാം തിയതി ഫ്രാൻസീസ് മാർപാപ്പ ബുദ്ധമതാനുയായികളുടെ രാജ്യമായ മ്യാൻമാർ സന്ദർശിച്ചു. അവിടുത്തെ രാജ്യഭരണാധികാരിയായ മിലിറ്ററി നേതാവായും കൂടികാഴ്ചയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ 'റോഹിൻഗ്യ' പ്രശ്നങ്ങളൊന്നും ചർച്ച ചെയ്തില്ല. തുടർന്ന് ലോക സമാധാനത്തിനായി ഭാവിയിലും ഇരുമതങ്ങൾ തമ്മിലുള്ള ചർച്ചകൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മ്യാൻമാറിൽ മാർപാപ്പ സന്ദർശിച്ചപ്പോൾ റോഹിങ്കരുടെ അഭയാർത്ഥി പ്രശ്നങ്ങൾ പരാമർശിച്ചില്ലെങ്കിലും അദ്ദേഹത്തിൻറെ രണ്ടുദിവസത്തെ ബംഗ്ളാദേശ് സന്ദർശന വേളയിൽ  'റോഹിങ്ക' മുസ്ലിമുകളോട് മാർപാപ്പ മാപ്പ് പറഞ്ഞു.  റോഹിങ്കർ  അഭയാർഥികളുമായി അഭിമുഖ സംഭാഷണം നടത്തി. അഭയാർഥികളുടെ പ്രതിനിധികളായി പതിനാല് പേർ മാർപാപ്പയെ സന്ദർശിച്ചിരുന്നു. അവരുടെ കൈകൾ പിടിച്ചുകൊണ്ട് അവർക്കുണ്ടായ കഷ്ടപ്പാടുകളുടെയും വേദനകളുടെയും കഥകൾ അദ്ദേഹം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലോകം കാട്ടുന്ന ക്രൂരതകളോട് പ്രതികാരത്തിനു പോയാൽ കൂടുതൽ ഭവിഷ്യത്തുക്കൾക്ക് ഇടയാക്കുമെന്നും പ്രശ്നങ്ങളെ സമാധാനമായും ക്ഷമയോടെയും നേരിടണമെന്നും മാർപാപ്പ അവരോട് പറഞ്ഞു.

ചൈനയും റോമുമായുള്ള ഒരു ഒത്തുതീർപ്പു ഫോർമുലായ്ക്കായി ചർച്ചകൾ പുരോഗമിക്കുന്നു. പരസ്പ്പരം നയതന്ത്രം സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ചൈനയുമായി കത്തോലിക്ക സഭ ഒരു സൗഹാർദ്ദം സ്ഥാപിക്കുകയാണെങ്കിൽ അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമായിരിക്കാം. വത്തിക്കാൻ ചൈനയിലെ നാസ്തിക സർക്കാരിന് കീഴടങ്ങുമോയെന്നതാണ് പ്രശ്‍നം. ചൈനയിൽ കത്തോലിക്ക ജനസംഖ്യ വളരെ കുറവാണെങ്കിലും അവിടെ ബിഷപ്പിനെ നിയമിക്കുന്നത് സർക്കാരിന്റ ചുമതലയിലാണ്. ചൈനീസ് സർക്കാരിനെ പിന്താങ്ങുന്നവരും മാർപാപ്പയെ അനുകൂലിക്കുന്നവരുമായി കത്തോലിക്കർ അവിടെ രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞുകൊണ്ടു ആരാധനകൾ നടത്തന്നു. മാർപാപ്പയെ അനുകൂലിക്കുന്നവർ രഹസ്യമായ സങ്കേതങ്ങളിൽ മതപരമായ ചടങ്ങുകൾ നിർവഹിക്കുന്നു. ചൈനയുമായി ഒരു ഒത്തുതീർപ്പിൽ എത്തുന്നുണ്ടെങ്കിലും ചൈനയുടെ വ്യവസ്ഥകൾ മുഴുവനായി വത്തിക്കാൻ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബിഷപ്പുമാരെ നിയമിക്കുന്നത് അവിടെയുള്ള കമ്മ്യുണിസ്റ്റ് പാർട്ടിയാണ്. അങ്ങനെ വരുകയാണെങ്കിൽ ചൈനയിലെ കമ്മ്യുണിസത്തെ വത്തിക്കാൻ   മാനിക്കേണ്ടി വരും. ഫ്രാൻസിസ് മാർപാപ്പയുടെ ഈ നയതന്ത്രം ചൈനയ്ക്ക് നൽകുന്ന ഏകപക്ഷീയമായ ഒരു ഔദാര്യവുമായിരിക്കും. വത്തിക്കാൻ ഒരു നാസ്തിക സർക്കാരായ ചൈനയുടെ തീരുമാനത്തിന് വിധേയപ്പെടേണ്ടിയും വരും.

മാർപാപ്പയുടെ ഈ ദൗത്യം വിജയിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ 1.4 ബില്യൺ ജനസംഖ്യയുള്ള ചൈനയും ഏറ്റവും വലിയ മതം 1.2 ബില്ലിയനുള്ള കത്തോലിക്ക സഭയുമായി ഒരു ഐക്യം സ്ഥാപിക്കാൻ സാധിക്കും. മാർപാപ്പയെ അംഗീകരിക്കുന്ന പത്തു മില്യൺ കത്തോലിക്കർ മാത്രമേ ചൈനയിലുള്ളു. അവർ ആചാരങ്ങൾ നടത്തുന്നത് ഒളിവു സങ്കേതങ്ങളിൽ നിന്നുമാണ്. ചൈനയുടെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 70 മില്യൺ കത്തോലിക്കരിൽ വത്തിക്കാനു യാതൊരു സ്വാധീനവുമില്ല. അവരിൽ പ്രൊട്ടസ്റ്റന്റ് സഭകളും ഉൾപ്പെടും. ചൈനയിലെ കമ്മ്യുണിസ്റ്റ് നാസ്തിക സർക്കാർ കൂടുതൽ ഔദാര്യം കാണിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ട സംഗതിയാണ്.

 ഇന്ന് കത്തോലിക്ക സഭയുടെ സിനഡുകളിൽ നടക്കുന്ന സംവാദങ്ങളും ചർച്ചകളും മാർപാപ്പ നേരിട്ട് നടത്തുന്നതും ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ വത്തിക്കാനിലെ ബ്യുറോ ക്രാറ്റുകൾ അവരുടെ അധികാരം ഉപയോഗിച്ച് മെത്രാന്മാരുടെ സഭാ സിനഡ് വിളിച്ചുകൂട്ടുമായിരുന്നു. അഭിപ്രായങ്ങൾ പറയുന്നതും തീരുമാനങ്ങളെടുക്കുന്നതും വത്തിക്കാനിലെ അധികാരികളുടെ താൽപര്യങ്ങളിൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഫ്രാൻസിസ് മാർപാപ്പ നേരിട്ട് മാർപാപ്പയെ വിമർശിക്കുന്നവരെയും സിനഡിലേക്ക് ക്ഷണിക്കാറുണ്ട്. പൊതുവായ വിഷയം കൂടാതെ മെത്രാന്മാർക്ക് തുറന്ന അഭിപ്രായങ്ങളും ചർച്ചകളും നടത്താൻ കഴിയുന്നുവെന്നത് വത്തിക്കാനിലെ പുത്തൻ നടപടിക്രമങ്ങളിൽപ്പെട്ടതാണ്.

പരിസ്ഥിതി, ആഗോള താപനം എന്നീ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം ഒരു ചാക്രീയ ലേഖനം തന്നെ ഇറക്കിയിട്ടുണ്ട്. പ്രകൃതിയേയും പ്രകൃതിയുടെ സൃഷ്ടി ജാലങ്ങളെയും സംരക്ഷിക്കണമെന്നാണ് ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. നാശോന്മുഖമായിരിക്കുന്ന പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കാൻ, രക്ഷിക്കാൻ ലോകത്ത് ഇന്ന് ഏറ്റവും കഴിവുള്ള നേതാവായിട്ടാണ് മാർപാപ്പയെ കരുതിയിരിക്കുന്നത്. പരിസരങ്ങളും അന്തരീക്ഷവും മലിനമാക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ വാരങ്ങളിൽ അക്രൈസ്തവരുടെയും രോഗികളുടെയും ജയിൽ അന്തേവാസികളുടെയും സ്ത്രീകളുടെയും കാലുകൾ കഴുകി പാരമ്പര്യത്തെ പവിത്രീകരിക്കുകയും മാറ്റിയെഴുതുകയും ചെയ്തു.  ഇത്തരം വിനയപൂർവ്വമായ പ്രവർത്തികൾമൂലം  അദ്ദേഹത്തെ സ്നേഹത്തിന്റെ മൂർത്തികരണ ഭാവമായ മാർപാപ്പയെന്ന നിലയിൽ ലോകം ആദരിക്കാൻ തുടങ്ങി. മില്യൺ കണക്കിന് ചെറുപ്പക്കാരായ കത്തോലിക്കർ അദ്ദേഹത്തിൻറെ പടങ്ങളും നല്ല പ്രവർത്തികളും പ്രഭാഷണങ്ങളും പങ്കു വെക്കുന്നു. കത്തോലിക്ക സഭയിൽനിന്നു പിരിഞ്ഞു പോയ അനേകർ മാതൃസഭയിലേക്ക് മടങ്ങി വന്നുകൊണ്ടുമിരിക്കുന്നു.

ഗർഭചിന്ദ്രം കൊടുംപാപമായിട്ടാണ് സഭ കരുതിയിരുന്നത്. അതിനുള്ള പാപമോചനം ബിഷപ്പിന്റെ അധികാര പരിധിയിലായിരുന്നു. മാർപാപ്പ അതിന് മാറ്റം വരുത്തി അത് സാധാരണ പാപത്തിനു തുല്യമാക്കി. വിവാഹമോചന കാര്യത്തിലും മാർപാപ്പ ഇടപെട്ടു. മുമ്പൊക്കെ പുനർവിവാഹം ചെയ്യുന്നതിന് സഭാ കോടതി വേണമായിരുന്നു. ഇന്ന് ഒരു വിവാഹം റദ്ദാക്കാൻ (nullify) സ്ഥലത്തെ ബിഷപ്പിന് അനുവാദം കൊടുക്കാം. രണ്ടാമത് വിവാഹം ചെയ്യുന്നവർക്കും സഭയുടെ വാതിൽ തുറന്നു കൊടുക്കാൻ മാർപാപ്പ പറഞ്ഞു.

സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം ലിംഗ വിഭാഗക്കാരെ (transgenders)പിശാചിന്റെ മക്കളെന്നു വരെ വിളിച്ചപമാനിക്കുന്ന വ്യവസ്ഥിതിയാണുള്ളത്. അവർ ദൈവത്തിന്റെ മക്കളെന്നു മാർപാപ്പ ഉച്ചത്തിൽ പറഞ്ഞു. മാർപാപ്പ ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കെ, അങ്ങകലെ ലെജറാഗേ (Lejarrage) എന്ന ട്രാൻസ്‌ജെൻഡർ 'പാപ്പ' എനിക്ക് സഭയിൽ പ്രവേശനമുണ്ടോയെന്നു വിളിച്ചു ചോദിച്ചു. മാർപാപ്പ അയാളുടെ സമീപത്തു ചെന്ന് സഭയിലങ്ങനെ ഒരു വിവേചനമില്ലെന്നും അറിയിച്ചു.


മറ്റുള്ള മാർപാപ്പമാരിൽ നിന്നും വ്യത്യസ്തനായി സ്വവർഗ രതികളുടെ അവകാശങ്ങൾക്കായി ഫ്രാൻസീസ് മാർപാപ്പ വാദിക്കുന്നു. സ്വവർഗ രതികളുടെ നീതിക്കായി പോരാടുന്ന എൽ.ജി.ബി.റ്റി സംഘടനയെ പിന്താങ്ങുകയും ചെയ്യുന്നു. കത്തോലിക്ക സ്‌കൂളുകളിലെ വേദപാഠം ക്ലാസിലും സ്വവർഗ രതികളുമായി സഹവർത്തിത്വം പാടില്ലെന്നു പഠിപ്പിക്കാറുണ്ട്. സ്വവർഗ സമൂഹങ്ങൾ മാർപാപ്പയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാറുമുണ്ട്. പേപ്പസിയുടെ നിലവിലുള്ള നയങ്ങൾക്ക് മാറ്റങ്ങൾ വരുമെന്നും അവർ പ്രതീക്ഷിക്കുന്നു. 2015 ജൂലൈയിൽ ബ്രസീലിൽ നിന്നുള്ള മടക്കയാത്രയിൽ സ്വവർഗ രതിക്കാരെപ്പറ്റി മാർപാപ്പ പറഞ്ഞു, "ഒരാൾ സ്വവർഗാനുരാഗിയെങ്കിൽ അയാൾ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവനിൽ നന്മയുണ്ടെങ്കിൽ ഞാൻ ആര് അവനെ വിധിക്കാൻ." ബെനഡിക്റ്റ് പതിനാറാമൻ സ്വവർഗ രതിലീലകൾ ചാവു ദോഷമായി(Intrinsic sin) കരുതിയിരുന്നു. മാർപാപ്പ, അനുകൂലമായ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ടെങ്കിലും വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ സഭ സ്വവർഗരതികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനകൾ നടത്തിയിരുന്നു. മറ്റുളളവരെ വിധിക്കാതെ എല്ലാ മനുഷ്യർക്കും സഭയിൽ ആത്മീയതയ്ക്കായുള്ള അവസരങ്ങൾ നല്കണമെന്നുള്ളതാണ്, ഫ്രാൻസീസ് മാർപാപ്പാ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിൻറെ പാസ്റ്ററൽ ശുശ്രുഷ ലോകത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്. നല്ലവനായി, മാന്യനായി ജീവിക്കുന്ന നാസ്തികർക്കുപോലും സ്വർഗ്ഗമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്തു ബലിയർപ്പിച്ചത് കത്തോലിക്കരെ മാത്രം രക്ഷിക്കാനല്ല, എല്ലാവരും, ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും അതിൽ ഉൾപ്പെടും.

 ഫ്രാൻസീസ് മാർപാപ്പ സഭയുടെ ചരിത്രത്തിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും ദൈവശാസ്ത്ര മേഖലയിൽ കടുത്ത യാഥാസ്ഥിതികമായ ചിന്തകളാണ് അദ്ദേഹത്തിനുള്ളത്. ഗർഭഛിദ്രം, സ്ത്രീ പൗരാഹിത്യം, വൈദിക ബ്രഹ്മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ സഭയുടെ വിശ്വാസങ്ങളിൽ അദ്ദേഹം തന്റെ മുൻഗാമികളുടെ പാതകൾ തന്നെ പിന്തുടരുന്നു. മാറ്റങ്ങൾക്ക് കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല.  സ്വവർഗാനുരാഗത്തിന്റെ കാര്യത്തിലും അവരോട് കരുണ കാണിച്ചെങ്കിലും വത്തിക്കാന്റെ കീഴ്വഴക്കങ്ങൾക്കെതിരായി അദ്ദേഹം യാതൊരു പരിഷ്‌ക്കാരങ്ങൾക്കും മുതിർന്നിട്ടില്ല. സ്വവർഗ രതികൾ സഭയുടെ ദൃഷ്ടിയിൽ ഇന്നും കടുത്ത പാപമായി തന്നെ തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ലാറ്റിനമേരിക്കൻ നാടുകളിൽ കടുത്ത വിമോചന ശാസ്ത്രം പ്രചരിച്ചിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം മാർക്സിയൻ സിദ്ധാന്തങ്ങളും കൂട്ടിക്കുഴച്ചുള്ള  വിഷയങ്ങൾ സഭയൊന്നാകെ പ്രതിഫലിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പ കർദ്ദിനാളായിരുന്ന നാളുകളിൽ മാർക്സിയൻ തത്ത്വങ്ങളും ദൈവശാസ്ത്രവുമായി കലർന്ന തത്ത്വങ്ങളെ ശക്തിയുക്തം എതിർത്തിരുന്നു. മാർക്സിയൻ ചിന്താഗതികളെ എതിർത്തിരുന്ന മിലിറ്ററി ഏകാധിപത്യ ഭരണത്തെ അദ്ദേഹം പിന്താങ്ങിയിരുന്നു. അനേക പുരോഹിതരും വിമോചന ദൈവശാസ്ത്രത്തെ അനുകൂലിച്ചു. അവരെ ഇല്ലാതാക്കാൻ, കമ്മ്യുണിസത്തെ ചെറുക്കാൻ അന്നത്തെ മിലിട്ടറി ഭരണകൂടം കൊടും ക്രൂരതകളും കാണിച്ചിട്ടുണ്ട്. പുതിയ ദൈവശാസ്ത്രത്തെ അനുകൂലിച്ച പുരോഹിതരെ ജയിലിലുമടച്ചു. ചിലരെ വധിക്കുകയും ചെയ്തു. ഫ്രാൻസീസ് മാർപാപ്പ മിലിറ്ററി ഭരണകൂടത്തെ അനുകൂലിച്ചെങ്കിലും സാധാരണക്കാർക്ക് വേണ്ടിയും ദരിദ്ര കോളനികളിലും അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം മിലിട്ടറി ഭരണത്തിന്റെ ക്രൂരതയിൽ കണ്ടില്ലെന്നു ഭാവിച്ച് നിശ്ശബ്ദത പാലിച്ചതിലും വിമർശനങ്ങളുണ്ട്.

ഒരു മാർപാപ്പയുടെ ലളിതമായ ജീവിതം ഇത്രമാത്രം പ്രാധാന്യം കൊടുക്കണമോയെന്നു തോന്നിപ്പോവും! ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധനായ ഈ പാസ്റ്റർ ഇങ്ങനെ ലളിത ജീവിതം നയിക്കാൻ  പ്രതീക്ഷിക്കണമോയെന്നും ചോദ്യം വരാം. സംഘിടിത മതങ്ങളെല്ലാം 'അത് ചെയ്യണം, അത് ചെയ്യരുതെന്നുള്ള' തത്ത്വങ്ങളാണ് എഴുതിയുണ്ടാക്കിയിരിക്കുന്നത്. അങ്ങനെയുള്ള നിയമങ്ങൾ മനുഷ്യരെ യോജിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനു കാരണമാകുന്നു. അവിടെയാണ് ഫ്രാൻസീസ് മാർപാപ്പയുടെ ലാളിത്വത്തിന്റെ മഹത്വം വെളിവാകുന്നത്. മതത്തിന്റെ മൂല്യതയിൽ വിലമതിക്കാനും ഗർവ് കളഞ്ഞു വിനയശീലനാവാനും ഇത് സഭയിലുള്ള അംഗങ്ങൾക്കു പ്രചോദനമാകും. ദുഃഖിതരായവരെ സഹായിക്കുക, നമുക്കെതിരായുള്ളവരെയും തുല്യമായി കരുതുക എന്നീ തത്ത്വങ്ങൾ പ്രാവർത്തികമാക്കാനും സഹായകമാകും. കത്തോലിക്ക ലോകം വിവാദ വിഷയങ്ങൾ കൊണ്ട് പരസ്പ്പരം വിഘടിച്ചു ജീവിക്കുന്നു. മതസ്വാതന്ത്ര്യം, മൂല കോശ ഗവേഷണം (stem cell research) എന്നീ കാര്യങ്ങളിൽ സഭയൊന്നാകെ അഭിപ്രായ വിത്യാസങ്ങളിലാണ്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ മാർപാപ്പയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല.
Pope Francis meets a group of Rohingya refugees in Dhaka



President Raúl Castro of Cuba, left, with Pope