Translate

Sunday, December 29, 2019

പുലിക്കുന്നേൽ എന്ന പോരാളിക്ക് ആദരാഞ്ജലികൾ..

അഡ്വ. ബോറിസ്  പോൾ 


ജോസഫ് പുലിക്കുന്നേൽ അൽമായരായ ക്രിസ്ത്യാനികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി നേടിയത് ഒരു പൂവല്ല! പൂക്കാലം തന്നെയാണ്.
ക്രൈസ്തവ സഭാധികാരികളുടെ ജനാധിപത്യവിരുദ്ധത തുളുമ്പുന്ന വ്യവസ്ഥിതിക്കെതിരെ അദ്ദേഹം പോരാടിയപ്പോൾ കൂടെ കൂടാൻ ക്രിസ്ത്യാനികൾ കുറവായിരുന്നു. സഭ എന്ന വമ്പൻ വ്യവസ്ഥിതിക്കെതിരെ പോരാടാനിറങ്ങിയ "മണ്ടൻ" ആയിട്ടാണ് ക്രിസ്ത്യാനി സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ഭൂരിഭാഗം അൽമായർ പോലും ധരിച്ചത്. എന്നാൽ "ഓശാന'' മാസികയിലൂടെ അദ്ദേഹം ഊതി വിട്ട കാറ്റ് കൊടുങ്കാറ്റായി മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധമില്ലാത്തതും പുരോഹിത വേഷധാരികളെ അന്ധമായി വിശ്വസിച്ച് ആരാധിക്കുന്നവരുമടങ്ങുന്ന ഒരു സമൂഹത്തിലാണ് പുലിക്കുന്നേൽ ചിന്തകളുടെ സ്ഫുരണങ്ങൾ ഉയർത്തി വിട്ടത്. ളോഹ ശരീരത്തെ മാത്രമല്ല മറ്റ് പലതിനെയും മറയ്ക്കുന്ന വേഷമാക്കി മാറ്റിയ കപട പുരോഹിതർ പലപ്പോഴും പുലിക്കുന്നേലിന്റെ ആക്രമണത്തിൽ നഗ്നരാക്കപ്പെട്ടു. ക്രൈസ്തവ സമൂഹത്തിനെ പിന്നോട്ടടിക്കുന്ന കപടപാതിരിഭരണക്രമം അനാവരണം ചെയ്യപ്പെട്ടു. പാതിരിമാർ ആദ്യമായി ചോദ്യങ്ങൾ നേരിടാൻ തുടങ്ങി. കോടതികളിൽ പാതിരിമാരുടെ അനീതികൾക്കെതിരെ കേസുകൾ ബോധിപ്പിക്കാൻ ആളുണ്ടായി. മാറ്റം പ്രകടമായി... സഭാധികാരികൾ കുലുങ്ങി... പുലിക്കുന്നേലിനെപ്പോലെ ഒറ്റപ്പെട്ട അതികായർ സഭയ്ക്ക് തലവേദനയായി. എന്റെ പിതാവ് ഡോ.സേവ്യർ പോളിന്റെ സുഹൃത്തെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ അടുത്ത് പരിചയമുണ്ടായതിൽ ഞാൻ അഭിമാനിക്കുകയാണ്. അന്ധകാരം മൂടിക്കിടന്ന ക്രൈസ്തവസഭയിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള അദ്ദേഹത്തെ പോലുള്ളവരുടെ ശ്രമങ്ങളുടെ ഫലമായിരുന്നു ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കി കേരള സർക്കാരിന് മുമ്പാകെ സമർപ്പിച്ച "The Christian Church Properties and Institutions Trust Bill" എന്ന കരട് നിയമം. കഴിഞ്ഞ സർക്കാർ അത് കണ്ടില്ലെന്ന് നടിച്ചു. ഇടത് സർക്കാർ പുലിക്കുന്നേലിന്റെ പ്രവർത്തനങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവും അംഗീകാരവുമായിരിക്കും ആ നിയമം നിയമസഭയിൽ പാസ്സാക്കി നടപ്പിലാക്കുകയെന്നത്. പാതിരിമാർ ന്യൂനപക്ഷവും അൽമായർ ഭൂരിപക്ഷവുമാണ്. പണ്ടേപോലെ ളോഹ കണ്ട് ഭയക്കുന്ന അടിമകളല്ല ഇന്നത്തെ ക്രൈസ്തവ സമൂഹം!
രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയുക.
പുലിക്കുന്നേൽ സാറിന് എന്റെ ഹൃദയപൂർവ്വമായ ആദരാഞ്ജലികൾ....

Friday, December 27, 2019

ജോസഫ് പുലിക്കുന്നേല്‍ മരണവാര്‍ഷിക അനുസ്മരണം

 ചാക്കോ  കളരിക്കൽ

ജോസഫ് പുലിക്കുന്നേല്‍ മരണവാര്‍ഷിക അനുസ്മരണം: ഡിസംബര്‍ 28, 201

ഡിസംബര്‍ 28, 2019 ശ്രീ ജോസഫ് പുലിക്കുന്നേല്‍ ആന്തരിച്ചതിന്റെ രണ്ടാം വാര്‍ഷികം അനുസ്മരിക്കുകയാണ്. ആധുനിക സഭാനവീകരണ പ്രസ്ഥാനം കേരളസഭയില്‍ രൂപപ്പെടുത്തിയതിന്റെ ബഹുമതിക്ക് അര്‍ഹനായ പുലിക്കുന്നേലിനെ ഇന്നു നാം വിശേഷാല്‍ ഓര്‍മിക്കുകയാണ്. സഭയെ നവോത്ഥാനത്തിലേക്കു നയിക്കുക എന്ന പാവനകര്‍മത്തിന് സ്വയം സമര്‍പ്പിച്ചിട്ടുള്ള അനേകര്‍ ഉണ്ടെങ്കിലും, അവര്‍ക്കെല്ലാമിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു, അദ്ദേഹത്തിന്റെ മാന്യസ്ഥാനം.

സീറോ മലബാര്‍സഭ വളരെ ഗുരുതരമായ ഒരു അന്തരീക്ഷത്തില്‍ക്കൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍, മാര്‍തോമാക്രിസ്ത്യാനികളുടെ പൗരാണികത, സമുദായത്തിന്റെയും സഭാമേലധികാരികളുടെയും മുമ്പില്‍ 
വ്യക്തമായും ശക്തമായും തുറന്നുകാട്ടാന്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം പരിശ്രമിച്ചു. മാര്‍തോമായുടെ മുന്തിരിത്തോട്ടം നശിപ്പിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹശൂന്യരായ, മാമോന്‍പ്രിയരായ സഭാധികാരികള്‍ക്കെതിരെ അദ്ദേഹം ഒറ്റയാള്‍ പോരാട്ടംനടത്തി. പുലിക്കുന്നേലിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും സേവനങ്ങളും ബഹുമുഖങ്ങളായിരുന്നു. അതുവഴിയായി സഭയിലും സമൂഹത്തിലും വളരെയധികം പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുയെന്നും എടുത്തു പറയാതെ വയ്യ.

കേരളത്തിലെ നസ്രാണികള്‍ അപ്പോസ്തല കാലഘട്ടത്തിലെ വിശ്വാസികളുടെ കൂട്ടായ്മപോലെ പരസ്പര സ്‌നേഹത്തില്‍ വളര്‍ന്നവരായിരുന്നു. പതിനാറാം നൂറ്റാണ്ടോടുകൂടി പാശ്ചാത്യര്‍ മലബാര്‍ പ്രദേശങ്ങളില്‍ വരുകയും മാര്‍തോമാ ക്രിസ്ത്യാനികളുടെമേല്‍ അവരുടെ ആധിപത്യം ഉറപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി സീറോ മലബാര്‍സഭയില്‍ ഹയരാര്‍ക്കിയല്‍ ഭരണ സമ്പ്രദായം ഉടലെടുക്കുകയും പാശ്ചാത്യസഭയിലെപ്പോലെ അധികാരവും സമ്പത്തും മെത്രാന്മാരുടെയും വൈദികരുടെയും പിടിയിലമരുകയും ചെയ്തു. സീറോ മലബാര്‍സഭയെ സ്വയംഭരണാധികാരമുള്ള ഒരു സ്വതന്ത്രസഭയായി റോം പ്രഖ്യാപിക്കുകയും റോമന്‍ പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമം സീറോ മലബാര്‍സഭയ്ക്കും ബാധകമാക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ശ്രീ പുലിക്കുന്നേലിന്റെ സഭാനവീകരണസംരംഭങ്ങള്‍ ശക്തിപ്രാപിച്ചത്. സഭ ആദിമസഭയുടെ കൂട്ടായ്മാസമ്പ്രദായത്തിലേക്കു തിരിച്ചുപോകണമെന്നും പുരോഹിതര്‍ ദൈവജന ശുശ്രൂഷയില്‍ വ്യാപൃതരാകണമെന്നും പള്ളിഭരണം അല്മായരുടെ അവകാശമാണെന്നും വിശുദ്ധഗ്രന്ഥത്തെയും നസ്രാണി ഇടവക പള്ളിപൊതുയോഗ ഭരണ പാരമ്പര്യത്തെയും ആധാരമാക്കി അദ്ദേഹം വാദിച്ചു. ആ വാദമുഖങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഒരു സഭാധികാരിക്കും സാധിക്കുകയില്ല. കാരണം, ശ്രീ പുലിക്കുന്നേല്‍ മുന്നോട്ടുവെച്ചിരിക്കുന്ന നവീകരണ വാദമുഖങ്ങള്‍ സുവിശേഷാധിഷ്ഠിതവും മാര്‍തോമാ നസ്രാണിസഭാ ഭരണ പാരമ്പര്യങ്ങളില്‍ വേരൂന്നിയതുമാണ്.

ഇന്ന് പുലിക്കുന്നേലിനെ അനുസ്മരിക്കുമ്പോള്‍, സഭയില്‍ കാലികമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം 'ഓശാന' മാസികവഴിയും പുസ്തകങ്ങള്‍വഴിയും സംവാദങ്ങള്‍ വഴിയും പ്രഭാഷണങ്ങള്‍വഴിയും നമുക്കു നല്‍കിയിട്ടുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഏറ്റെടുക്കുക എന്ന ദൗത്യം നാം തിരിച്ചറിയുകയാണുവേണ്ടത്. സഭയെ അധികാരഭരണത്തില്‍നിന്ന് അജപാലന ശുശ്രൂഷാവേലയിലേക്കു മാറ്റുന്നതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ കേരള െ്രെകസ്തവസമുദായത്തിനു വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നസ്രാണികള്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാഭരണസംവിധാനത്തെ, അതായത് പള്ളിപൊതുയോഗ ജനാധിപത്യ ഭരണസമ്പ്രദായത്തെ, അട്ടിമറിച്ച് വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാരീഷ്‌കൗണ്‍സില്‍ അവതരിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ മെത്രാന്‍ സിനഡ് ഏകാധിപത്യഭരണം സഭയില്‍ നടപ്പിലാക്കി. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. പള്ളി പുരോഹിതരുടേതല്ലെന്നും   പള്ളിക്കാരുടേതാണെന്നുമുള്ള  തിരിച്ചറിവ് നസ്രാണികള്‍ക്കെന്നുമുണ്ട്.

ജനാധിപത്യമൂല്യമോ സാമാന്യമര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. സഭാധികാരികളുടെ ആ യേശുവിരുദ്ധ നിലപാടിനെ പുലിക്കുന്നേല്‍ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് ചോദ്യം ചെയ്തു. തല്ഫലമായി പള്ളികളുടെ സാമ്പത്തിക ഭരണത്തിന് സിവില്‍ നിയമം എന്ന ആശയം സഭയില്‍ അവതരിപ്പിച്ചു. പിന്നീട് കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ 'ദ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍, 2009' എന്ന കരടുനിയമം കേരള സര്‍ക്കാരിന് സമര്‍പ്പിക്കുകയുമുണ്ടായി. ആ നിയമം പാസായി കിട്ടാന്‍ വിശ്വാസികള്‍ സമരത്തിലാണിപ്പോള്‍. ശ്രീ പുലിക്കുന്നേലിന്റെ ചരമ വാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തില്‍ സ്‌നേഹപൂര്‍വമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം 2020ല്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കി അദ്ദേഹത്തെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

Wednesday, December 25, 2019

ചാക്കോ പിള്ളയുടെ ദൈവത്തെ അന്വേഷിച്ചു വന്നവർ!

(from Wattsapp)

ഒരു ദിവസം രാവിലെ ബിഷപ്പ് ഹൗസിന്റെ കോളിംഗ് ബെൽ അടിച്ചു. സെക്രട്ടറിയച്ചനാണ് വാതിൽ തുറന്നത്.  രണ്ടു മക്കൾ അവരുടെ അപ്പനെ താങ്ങിയെടുത്തുകൊണ്ടു വന്നിരിക്കുന്നു. ഒപ്പം അമ്മയുമുണ്ട്. വയസായി ക്ഷീണിച്ച ആ അപ്പന്റെ പേര് ദാമോദരൻനായർ. അവർക്ക് ബിഷപ്പിനെ കാണണം, സംസാരിക്കണം. തീർന്നില്ല,  അപ്പോൾത്തന്നെ മാമോദീസാ സ്വീകരിക്കണം; ക്രിസ്ത്യാനികളായി മാറണം!
             
ബിഷപ്പു വന്നു, അവരോടു ചോദിച്ചു:
" നിങ്ങൾ പോട്ടയിലോ മറ്റേതെങ്കിലും ധ്യാനകേന്ദ്രങ്ങളിലോ പോയി യേശുവിനെ അറിഞ്ഞ്, സ്നേഹിച്ച് മാമോദീസാ മുങ്ങാൻ വന്നതാണോ?"
ഉത്തരം - "അല്ല"
"പിന്നെ, ബൈബിൾ മുഴുവൻ വായിച്ച് യേശുവിനെ രക്ഷകനായി സ്വീകരിക്കാൻ വന്നതാണോ?"
"അല്ല!"
"പിന്നെ എന്തിനാണ് നിങ്ങൾ മാമോദീസാ മുങ്ങാൻ, യേശുവിനെ രക്ഷകനായി സ്വീകരിക്കാൻ തയ്യാറായി വന്നിരിക്കുന്നത്?"
        
അതിന് അവർ കൊടുത്ത മറുപടി ഓരോ ക്രിസ്ത്യാനിയെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്:
          
ചാക്കോമാപ്പിളയും ദാമോദരൻനായരും പണ്ടു് മലബാറിലേക്ക് കുടിയേറിയ രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ്. രണ്ടു പേരും വിവാഹം കഴിച്ചു, മക്കളുണ്ടായി, അടുത്തടുത്ത് താമസവുമായി. ഒരു ദിവസം, പെട്ടന്ന് ദാമോദരൻ നായർ സ്ട്രോക്കുണ്ടായി തളർന്നു വീണു, ആ കടുംബത്തിന്റെ കാര്യം അവതാളത്തിലായി.ദാരിദ്രമവിടെ കൂടുകെട്ടി വാഴുമെന്നായി.

 എന്നാൽ ചാക്കോച്ചേട്ടൻ അവരെ കൈവിട്ടില്ല. തന്റെ വയലിൽ കന്നു  പൂട്ടിക്കഴിയുമ്പോൾ, ചാക്കോ മാപ്പിള മക്കളോടു പറയും,
'' മക്കളേ, ദാമോദരൻ നായരുടെ കണ്ടം കൂടി പൂട്ടി വിതച്ചു കൊടുക്കണം, കേട്ടോ."

തന്റെ പറമ്പിൽ കപ്പ (മരച്ചീനി) നട്ടു കഴിയുമ്പോൾ മക്കളോടു പറയും,
"മക്കളെ, ദാമോദരന്റെ പറമ്പിലും കപ്പയിട്ടു കൊടുക്ക്."

 തന്റെ മക്കളുടെ സ്കൂളിലേയും കോളേജിലേയും ഫീസ് കൊടുക്കേണ്ട സമയമാകുമ്പോൾ, അവരുടെ കൈയ്യിൽ പണം കൊടുത്തിട്ടു പറയും,
"ആ ദാമോദരന്റെ മക്കളുടെ ഫീസുകൂടി അടച്ചേക്ക്!"
          
ഒരു ദിവസം ദാമോദരൻ നായരുടെ ഭാര്യ ചാക്കോ യോട് ചോദിച്ചു, "ചാക്കോ മാപ്പിള എന്തിനാ ഇങ്ങനെ ഞങ്ങളെ സഹായിക്കുന്നതു്? ഒന്നും തിരിച്ചു തരാൻ പറ്റുന്ന അവസ്ഥയിലല്ലല്ലോ ഞങ്ങൾ."

ചാക്കോ മാപ്പിള മറുപടി പറഞ്ഞു. കണ്ണു തുറപ്പിച്ച ഒന്നൊന്നര മറുപടി:

"എന്റെ കർത്താവു പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്യുന്നത്, എനിക്കുള്ള പ്രതിഫലം എന്റെ കർത്താവു തരും. "
      
ആ സ്ത്രീ ബിഷപ്പിനോടു പറഞ്ഞു,
" ഞങ്ങൾക്ക് ചാക്കോ മാപ്പിളയുടെ ആ ദൈവത്തെ വേണം, അതിനാണ് ഞങ്ങൾ മാമോദീസാ മുങ്ങാൻ തയ്യാറായി വന്നിരിക്കുന്നത്"
............


 എന്റെ ജീവിതം കണ്ടിട്ട് എന്റെ ദൈവത്തെ വേണമെന്നോ, കൂടുതലറിയണമെന്നോ ആരെങ്കിലും പറയാൻ ഇടയായിട്ടുണ്ടോ? ഇടയുണ്ടോ? ഇല്ലെങ്കിൽ പിന്നെന്തു ക്രിസ്തീയസാക്ഷ്യമാണ്  ഞാനീ സമൂഹത്തിന് നൽകുന്നത്?

സത്യജ്വാല ഡിസംബർ 2019

https://almayasabdam.com/sathyajvala/sathyajvala-2/

ചർച്ച് ആക്റ്റ് ക്രൂസേഡ് : ഇതിഹാസം! – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ, നവംബർ 27, അതിന്റെ ബാക്കി പത്രം – പ്രൊഫ. പി സി ദേവസ്യാ, സിസ്റ്റർ ലൂസിയുടെ ഉദ്ഘാടന പ്രസംഗം, ചർച്ച് ആക്റ്റ് ക്രൂസേഡിൽ ഡോ.വൽസൻ തമ്പു നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം, ‘ചർച്ച് ആക്റ്റ് ക്രൂസേഡി’ന്റെ മഹാവിജയം സർക്കാരിനോട് പറയുന്നത് – ജോസഫ് വെളിവിൽ, ‘ചർച്ച് ആക്റ്റ് ക്രൂസേഡി’ലൂടെ കേരളം വീണ്ടും ലൊക്കത്തിനു മാതൃകയായി – സ്വാമി അഗ്നിവേശ്, ചർച്ച് ആക്റ്റ് ക്രൂസേഡ്: ഒരു അവലോകനം – എം എൽ ജോർജ്ജ്, തിരുവനന്തപുരത്തു വെച്ചു നടന്ന ചർച്ച് ആക്റ്റ് ക്രൂസേഡ് റാലിയും ധർണ്ണയും വൻ വിജയം – ചാക്കോ കളരിക്കൽ, കേരള ഗവർണ്ണർക്കു സമർപ്പിച്ച മെമ്മോറാണ്ടം, ചർച്ച് ആക്റ്റ് ക്രൂസേഡ്: മാധ്യമങ്ങളുടേ തമസ്കരണ തന്ത്രം – തങ്കച്ചൻ ലെന, ‘ക്രൂസേഡ് ഇതിഹാസത്തിന്റെ’ ആഘാത തരംഗങ്ങൾ – ജോർജ്ജ് മൂലേച്ചാലിൽ, റമ്പാച്ചൻ എന്ന അവതാര പുരുഷൻ! – അഡ്വ. ബോറിസ് പോൾ, ചർച്ച് ആക്റ്റ് ക്രൂസേഡ് സന്നാഹങ്ങൾ, വിജയ ശിൽപ്പികൾ – അഡ്വ. ബോബൻ വർഗീസ്, റമ്പാച്ചൻ ഒരു ചൂണ്ടുപലക – സ്റ്റീഫൻ മാത്യു ഉഴവൂർ, ജയിൽ നിറക്കൽ സമരത്തിന്റെ തത്ത്വചിന്ത – മാർ യൂഹന്നാൻ റമ്പാൻ, സഭയിൽ എണങ്ങർ സംസ്കാരം തിരികെ കൊണ്ടു വരിക – ഡോ. സ്കറിയാ സക്കറിയാ, ചർച്ച് ആക്റ്റ് എന്ന ആറ്റം ബോംബ് – ഷൈജു ആന്റണി, എനിക്കു പറയാനുള്ളത് – ജോസഫ് മറ്റപ്പള്ളി, സി. ലൂസി കളപ്പുരയുടെ രണ്ടാം അപ്പീൽ, മഠം വിട്ടു വരുന്നവരുടെ ദുരവസ്ഥ: ഒരു കേസ് സ്റ്റഡി – കെ ജോർജ്ജ് ജോസഫ്, കന്യാസ്ത്രി മഠം ഞങ്ങൾക്കൊരു ദുരന്തം – കല്ലറ ജോസ്, തങ്കമ്മ ജോസ്, നിശ്ശബ്ദതയുടെ മതിൽ തകർത്ത് സിസ്റ്റർ ലൂസി – ഡോ വൽസൻ തമ്പു, പ്രിയപ്പെട്ട കാരക്കാമല ഇടവക ജനങ്ങളെ – ലൂക്കോസ് ചുള്ളിക്കര, ഒരു ക്നാനായാ രോമാഞ്ചം – ജോർജ്ജ് ജെ പൂഴിക്കാല, കോട്ടയം അതിരൂപതാ മെത്രാന്മാരും വൈദികരും കന്യാസ്ത്രികളും ക്നാനായാക്കാരല്ല! – ജോയി ഒറവണക്കുളം, ആത്മീയ തട്ടിപ്പുകളായി മാറുന്ന ധ്യാനകേന്ദ്രങ്ങൾ – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, യേശുവിന്റെ പ്രവർത്തന പദ്ധതിയും പ്രമാണതത്ത്വങ്ങളും – ഡോ. ജെ സി കുമരപ്പ, ‘അടിമകളെ സ്നേഹിച്ച …. വി. ചാവറയച്ചൻ’ – ഫ്രാൻസിസ് കിളിമല, റിപ്പോർട്ടുകൾ, അറിയിപ്പുകൾ…..

Thursday, December 19, 2019

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക ഡിസംബർ 11, 2019 (December 11, 2019) ബുധനാഴ്ച്ച നടത്തിയ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് കൊച്ചിയിൽനിന്ന് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികം ആൾക്കാർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ റവ ഡോ വൽസൻ തമ്പു (Rev. Dr. Valson Thampu) ആയിരുന്നു. വിഷയം: "മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ" (Religion for man, or man for religion). ഡോ തമ്പു യാത്രയിലായിരുന്നതിനാൽ കൊൽക്കത്ത എയർപോർട്ടിലിരുന്നാണ് സംസാരിച്ചത്.

വിഷയസംബന്ധമായി അവതരിപ്പിക്കപ്പെട്ട പ്രധാന പോയിൻറുകൾ ചുവടെ കൊടുക്കുന്നു. മാർക്കോസിൻറെ സുവിശേഷം 2: 28, “സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യൻ സാബത്തിനുവേണ്ടിയല്ല”. മതങ്ങളിൽ വ്യതിയാനങ്ങൾ എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. യേശുവിൻറെ കാലത്ത് യഹൂദമതം അനീതിനിറഞ്ഞ് ലജ്ഞാകരമായ അവസ്ഥയിലായിരുന്നു. മതങ്ങളിൽ പണം കുമിഞ്ഞുകൂടിയപ്പോൾ പുരോഹിത വർഗം ഉണ്ടായി. ധനവും അധികാരവും ഒന്നിക്കുമ്പോൾ നിരീശ്വരചിന്ത രൂപപ്പെടും. മതത്തെ സ്ഥാപനവൽക്കരിച്ചുകൊണ്ടാണ് പുരോഹിത വർഗം അധികാരം നിലനിർത്തുന്നത്. യേശു അന്ന് അഭിമുഖീകരിച്ചതും അതുതന്നെ.

പുരോഹിതർ ഇന്ന്, ദൈവത്തിനും മനുഷ്യനുമിടക്കുള്ള ഇടനിലക്കാരായായാണ് വർത്തിക്കുന്നത്. ആ ഇടനിലക്കാർ പാലമാകാതെ മതിലാകുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ടവർ മതിൽ കെട്ടുന്നു. അത് പാടില്ല. യേശു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തള്ളിപ്പറഞ്ഞു. ആചാരം യാന്ത്രികമാണ്; അടിമത്തമാണ്. ആചാരാനുഷ്ഠാനങ്ങളുടെ നാലുകെട്ടിൽനിന്ന് വെളിയിൽ വരണം. ശിഷ്യരെ പഠിപ്പിക്കുകയാണ് യേശു ചെയ്തത്. വളർച്ചയുടെ സംസ്കാരത്തിലേക്ക് മാറണം. മത്തായിയുടെ 7: 7-ൽ പറയുന്നത് "....അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും...." എന്നാണ്. മതദർശനം ഊന്നിനിൽക്കണ്ടത് അന്വേഷണത്തിലാണ്. പാശ്ചാത്യമനുഷ്യർ വചനത്തോട് ബന്ധംവരുത്തി അന്വേഷിക്കാൻ തുടങ്ങി. അതോടെ അവർ ആചാരാനുഷ്ഠാനങ്ങളിൽനിന്നും മാറിത്തുടങ്ങി.

പുരോഹിതവർഗത്തിൻറെ ദൈവം ധനമാണ്‌. ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കുക സാധ്യമല്ല. പണം ദൈവമല്ലാത്ത ആത്മീയതയിലേക്ക്, മാമോനെ ആരാധിക്കാത്ത ആത്മീയതയിലേയ്ക്ക് സഭ മാറണം.

പുരോഹിതവർഗത്തെ വഷളാക്കുന്നത് അല്മായരാണ്. അത് പ്രധാനമായി രണ്ടു കാരണങ്ങൾ കൊണ്ടാണ്. പള്ളിയ്ക്ക് വീണ്ടും വീണ്ടും പണം കൊടുക്കുക. വൈദികർ പറയുന്നത് മുഴുവൻ വെട്ടിവിഴുങ്ങുക. മറുപടി പറയാൻ സഭയിൽ അവസരമില്ല. ചോദ്യം ചോദിക്കാത്ത ആത്മീയഅടിമത്തമാണ് ഇന്നുനടക്കുന്നത്. പുരോഹിതരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അല്മായർ പഠിക്കുക. ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ഇടനിലക്കാരായ പുരോഹിതർ വേണ്ട. പുരോഹിതവർഗത്തിൻറെ നുകത്തിൻകീഴിൽ കെട്ടിയിട്ട മനുഷ്യർ മനസ്സിലാക്കണം മനുഷ്യൻ മതത്തിനുവേണ്ടിയല്ലായെന്ന്. വസ്തുനിഷ്ഠമായും, വചനാധിഷ്ഠിതവുമായുള്ള നിരന്തര അന്വേഷണത്തിലൂടെ സമൂലമായ മാറ്റം അനിവാര്യമാണ്. ജീവിതം ഒരു അനുഭവമാണ്, രൂപാന്തരണമാണ്,സംസ്‌കാരമാണ്. അത് പുരോഹിതരുടെ നാടകംകളിയാകാൻ പാടില്ല. അന്ധവിശ്വാസത്തെ പരിപോഷിപ്പിച്ചാണ് പുരോഹിതർ നിലനിൽക്കുന്നത്.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി. ചില പ്രധാന പോയിൻറുകൾ ചുവടെ ചേർക്കുന്നു: യേശു ശിഷ്യരെയാണ് തെരെഞ്ഞെടുത്തത്. പുരോഹിതരെ നിയമിച്ചില്ല. യേശു മതം സ്ഥാപിച്ചിട്ടില്ല. സഹോദരർ പരസ്പരം സ്നേഹിക്കണമെന്ന് യേശു പഠിപ്പിച്ചു. ഇന്നത്തെ സഭ റോമാസാമ്രാജ്യത്തിൻറെ തനി പകർപ്പാണ്. പൗരോഹിത്യ മേധാവിത്വത്തിൽനിന്നും ജനങ്ങൾ രക്ഷപ്പെട്ടാൽ പുരോഹിതരുടെ കച്ചവടം പൂട്ടും. സഭയിൽ നിന്നുകൊണ്ട് നവീകരണം അസാധ്യമാണ്. യഹൂദ മത  ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് യേശു യഹൂദമതത്തെ പരിഷ്‌ക്കരിക്കാൻ ശ്രമിച്ച് പരാജയപ്പൂട്ടു. യഹൂദജനം തച്ചൻറെ മകനെ ആക്ഷേപിക്കുകയാണ് ചെയ്തത് (മത്താ. 13). അവസാനം കുരിശിൽ തൂക്കി കൊല്ലുകയും ചെയ്തു. യാതൊരുവക സംവാദത്തിനും സഭാധികാരം നില്ക്കില്ല. യുവതീയുവാക്കന്മാർ സഭയെ ഉപേക്ഷിച്ചു പോയിത്തുടങ്ങി.

ഡോ വൽസൻ തമ്പുവിൻറെ വിഷയാവതരണം ബൗദ്ധികമായ ഒരു ഉണർവിന് കാരണമായിയെന്ന് കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ഡോ വൽസൻ തമ്പുവിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് ജനുവരി 08, 2020 ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ ബോറിസ് പോൾ ആയിരിക്കും. വിഷയം: 'ക്രിസ്ത്യൻ സ്വത്തുഭരണത്തിലെ അഴിമതികളും ചർച്ച് പ്രോപ്പർട്ടീസ് ട്രസ്റ്റ് ബില്ലും'.

Sunday, December 15, 2019

FB VIDEO MESSAGE OF VALSAN THAMPU ON 14TH DECEMBER 2019

https://www.facebook.com/valson.thampu.7/videos/119698739505748/

Tuesday, December 10, 2019

സിസ്റ്റർ ലൂസി കളപ്പുര കർത്താവിന്റെ നാമത്തിൽ പുസ്തക പ്രകാശനം പ്രെസ്സ് ക്ലബ്ബ് എറണാകുളം

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് ഡിസംബർ 11, 2019-ന്


ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് ഡിസംബർ 11, 2019 ((December 11, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും ഓർമപ്പെടുത്തിക്കൊള്ളുന്നു.

 

വിഷയം: "മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ
മതത്തിനുവേണ്ടിയോ" (Religion for man, or man for religion)

അവതരിപ്പിക്കുന്നത്: റവ ഡോ വൽസൻ തമ്പു (Rev. Dr. Valson Thampu)

ടെലികോൺഫെറൻസ് മോഡറേറ്റ് ചെയ്യുന്ന ശ്രീ എ സി ജോർജ് കൊച്ചിയിലായതിനാൽ അദ്ദേഹം കൊച്ചിയിൽനിന്നായിരിക്കും മോഡറേറ്റ് ചെയ്യുന്നത്. ഡോ വൽസൻ തമ്പു ആ ദിവസങ്ങളിൽ കൊൽക്കത്ത (Culcutta)-യിലായതിനാൽ അദ്ദേഹം അവിടെനിന്നായിരിക്കും നമ്മോട് സംസാരിക്കുന്നത്.

 
കേരളത്തിലെ മതങ്ങളുടെ അതിപ്രസരം അവിടുള്ള ജനതയുടെ സ്വകാര്യ ജീവിതത്തിന് ശാപമായി മാറിയിരിക്കുകയാണ്, ഇന്ന്. മതമാകുന്ന ഭാണ്ഡവും പേറി വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയിരിക്കുന്ന പുതുതലമുറ യഥാർത്ഥത്തിൽ ഒരു ഊരാക്കുടുക്കിൽ പെട്ടപോലെയാണ്. ഒരു മനുഷ്യൻറെ ജീവിതത്തിൽ മതത്തിന് എന്തുമാത്രം പ്രാധാന്യം നൽകണം, അതോ മതത്തിനുവേണ്ടി ഒരുവൻ ജീവിക്കണമോ എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഒരു ഉത്തരം പ്രവാസികൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. ദൈവശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ വൽസൻ തമ്പു ഈ വിഷയത്തിൽ നമുക്ക് പ്രകാശം നൽകുമെന്നത് തീർച്ചയാണ്. അദ്ദേഹത്തിൻറെ പ്രഭാഷണം ശ്രവിക്കാനും സംശയങ്ങൾ ചോദിക്കാനും ചർച്ചയിൽ പങ്കെടുക്കാനും ലഭിക്കുന്ന ഈ സുവർണാവസരത്തിലേയ്ക്ക് നിങ്ങൾ ഏവരെയും ക്ഷണിക്കുകയും ഈ പരിപാടിയെ സംബന്ധിച്ച് വീണ്ടും ഓർമപ്പെടുത്തുകയും ചെയ്യുന്നു.

 
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 
December 11, 2019 Wednesday evening 09 pm Eastern Standard Time (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

Monday, December 9, 2019

ചർച്ച് ബില്ല് 2009 നിയമം ആകുമ്പോൾ കന്യാസ്ത്രീകൾക്ക് സുരക്ഷ ലഭിക്കും

https://www.facebook.com/MaccabiOfficial/videos/441591839885752/

Thursday, December 5, 2019

ചര്‍ച്ച് ആക്ട് ക്രൂസേഡില്‍ സിസ്റ്റര്‍ ലൂസിയുടെ ഉദ്ഘാടന പ്രസംഗം

https://drive.google.com/file/d/1HCmedgxP6Pd86AbgAaOZqSdYp08DvcxJ/view?usp=sharing

ചര്‍ച്ച് ആക്ട് ക്രൂസേഡില്‍ വല്‍സന്‍ തമ്പുവിന്റെ പ്രസംഗം

https://drive.google.com/open?id=1rmJTr5dE1rhb0NKpVXdcnb7WMJTHtbLL


നടന്നുപോയ ആധാരം പള്ളിമേടയിൽ തിരിച്ചെത്തി!

പുല്ലിച്ചിറയിൽ വൻ ആഘോഷം!

അഡ്വ ബോറിസ് പോൾ



ഇക്കഴിഞ്ഞ ഓശാന ഞായറിലെ ദിവ്യബലിയർപ്പണശേഷം കൊല്ലം പുല്ലിച്ചിറ ഇടവക വികാരി ഫാ അരുൺ ആറാടൻ വെളിപ്പെടുത്തി:
"പള്ളി വസ്തുവിന്റെ ആധാരം കാണാതായി"!
കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസ് ആധാരം അടിച്ചു മാറ്റിയെന്ന് പാതിരി ശിങ്കിടികൾ നാടാകെ പ്രചരിപ്പിച്ചു.
ഇടവക പൊതുയോഗം കൂടി.
പാതിരി ആധാരം പോയ കദനകഥ വിവരിച്ചു. കൈക്കാരൻ കടത്തി എന്ന നിലയിൽ തുടങ്ങിയ ചർച്ച വഴിതിരിഞ്ഞ് പാതിരിയുടെ പങ്കിലേക്കെത്തി!
ഉടൻ പാതിരി പ്രഖ്യാപിച്ചു:
"എന്നെ സംശയിച്ചാൽ ദൈവകോപം ഉണ്ടാകും"!
കുഞ്ഞാടുകൾ ഭയവിഹ്വലരായി.
പാതിരി ഒന്നുകൂടി വെളിപ്പെടുത്തി:
"ആധാരം നടന്നുപോകില്ല. അതിന് കൈയും കാലുമില്ല."
എന്നു വെച്ചാൽ അടിച്ചുമാറ്റിയത് തന്നെയെന്ന്!
വെളിപാടുണ്ടായ കുഞ്ഞാടുകൾ അടങ്ങി. പാതിരി കൊല്ലം മെത്രാസനത്തിലേക്ക് വാറോല അയച്ചു:
"കൈക്കാരൻ ആധാരം കടത്തി".
മെത്രാൻ റവ. പോൾ ആന്റണി മുല്ലശ്ശേരിയും വികാരി ജനറൽ റവ. വിൻസെന്റ് മച്ചാടോയും ചേർന്ന് ഉടനെ കുറ്റപത്രം തയ്യാറാക്കി: "കൈക്കാരൻ ആധാരമടിച്ചു മാറ്റി".
പിന്നെ മേമ്പൊടിക്ക് കുറച്ച് സാമ്പത്തിക ആരോപണങ്ങളും!
അന്വേഷണത്തിന് റിട്ടയർഡ് എസ്.പി ജയിംസിനെ നിയമിച്ചു.
എസ്.പിയദ്ദേഹം തകൃതിയായി അന്വേഷിച്ചു.
ആധാരം കൈക്കാരൻ അടിച്ചു മാറ്റിയത് തന്നെയെന്ന് സാക്ഷിമൊഴികളാലും രേഖകളാലും തനിക്ക് വെളിവായി എന്ന് ടിയാൻ കണ്ടുപിടിച്ച് റിപ്പോർട്ട് തയ്യാറാക്കി മെത്രാച്ചന് നൽകി.
റിപ്പോർട്ടിന് കാത്തുനിൽക്കാതെ സത്യം അരമണിക്കൂർ മുമ്പേ "ബോധ്യപ്പെട്ട" മെത്രാൻ കൈക്കാരനെ മാത്രമല്ല അജപാലന സമിതിയെ മൊത്തം പിരിച്ചുവിട്ടു.
19 ശിങ്കിടികളെ പുതിയ കമ്മിറ്റിയായി വികാരി ജനറൽ പ്രഖ്യാപിച്ചു. അജപാലന സമിതി ഓഫീസ് അന്ന് തന്നെ സീൽ വച്ചു പൂട്ടുകയും ചെയ്തു.
കേസ് കൊല്ലം മുൻസിഫ് കോടതിയിലെത്തി. സെക്രട്ടറി രാഹുൽ വിൻസെന്റ്, കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസ്, സമിതിയംഗം രാജൻ വിൻസെന്റ് എന്നിവരാണ് കേസ് ഫയൽ ചെയ്തത്. കേസ് നിലനിൽക്കേ, അജപാലന സമിതി ഓഫീസ് പൊളിച്ചു കയറുമെന്ന് കാണിച്ച് വികാരി ജനറൽ സെക്രട്ടറിക്കും കൈക്കാരനും നോട്ടീസയച്ചു.
വികാരിയുടെ ദുരുദ്ദേശം മനസ്സിലാക്കിയ അവർ കോടതിയെ സമീപിച്ചു.
കോടതി നിയമിക്കുന്ന അഭിഭാഷക കമ്മീഷൻ ഓഫീസ് തുറന്ന് സാധന സാമഗ്രികളുടെ പട്ടിക തയ്യാറാക്കാൻ ഉത്തരവായി.
പൊളിച്ചു കയറാനുള്ള മെത്രാസന ശ്രമം പാളി.
പുല്ലിച്ചിറയിൽ ഡിസംബറിൽ പെരുന്നാളാണ്.
വീണ്ടും ശിങ്കിടികൾ കുപ്രചരണം തുടങ്ങി.
ഓഫീസിൽ പെരുന്നാൾ സാധനങ്ങൾ പെട്ടു പോയതിനാൽ പെരുന്നാൾ മുടങ്ങുമെന്നായി പ്രചരണം.
രാഹുൽ വിൻസെന്റും, സെബാസ്റ്റ്യൻ കാർളോസും, രാജൻ വിൻസെന്റും അടുത്ത ഹർജി ഫയൽ ചെയ്തു.
അത് കോടതി അനുവദിച്ചു.
പെരുന്നാളിന് ആവശ്യമുള്ളതെല്ലാം കമ്മീഷണർ എടുത്ത് വികാരിക്ക് കൊടുത്ത് രസീത് വാങ്ങണം എന്ന് കോടതി ഉത്തരവായി.
കള്ള പ്രചരണം അതോടെ പൊളിഞ്ഞു.
ഇനിയാണ് ക്ലൈമാക്സ്:
കമ്മീഷനും കക്ഷികളും ഇരുഭാഗം വക്കീലന്മാരും പള്ളിയിലെത്തി.
ഓഫീസ് തുറന്നു.
പെരുന്നാളിന്‌ ഉപയോഗിക്കുന്ന ചില സാധനങ്ങൾ പള്ളിമേടയ്ക്കുള്ളിലെ മുറിക്കുള്ളിലെ ലോക്കർ മുറിയിലാണ്.
വികാരി സൂക്ഷിക്കുന്നതുൾപ്പെടെയുള്ള മൂന്ന് താക്കോലുകൾ ഉപയോഗിച്ച് ലോക്കർ തുറന്നു.
സ്വർണ്ണക്കിരീടമൊക്കെ പരിശോധിച്ച് വികാരി ഏറ്റുവാങ്ങി.
ലോക്കറിൽ അതാ ഒരു സ്യൂട്ട് കേസ് ഇരിക്കുന്നു.
ഉള്ളിൽ വിവിധ ആധാരങ്ങൾ.
കമ്മീഷണർ എല്ലാം പരിശോധിച്ച് ലിസ്റ്റ് തയ്യാറാക്കി.
അപ്പോഴതാ കൂട്ടത്തിൽ കൈക്കാരൻ "അടിച്ചുമാറ്റിയ" ആധാരം!
ഇപ്പോഴത്തെ വികാരിയും കൂട്ടരും ഞെട്ടി.
പള്ളിമേടയിൽ വികാരിയുടെ ഓഫീസ് മുറിക്കുള്ളിലാണ് ഈ ലോക്കർ മുറി!
അരുൺ ആറാടൻ എന്ന മുൻ വികാരി കൈക്കാരനെ പ്രതിയാക്കാനുപയോഗിച്ച ആരോപണം വെറും പച്ചക്കള്ളമെന്ന് തെളിഞ്ഞു.
റവ. മുല്ലശ്ശേരി മെത്രാൻ കൈയ്യൊപ്പിട്ട കുറ്റാരോപണ ചാർജ് വെറും പച്ചക്കള്ളമെന്നും തെളിഞ്ഞു.
കൈക്കാരന്റെ കുറ്റം തെളിഞ്ഞെന്ന് വിധി പറഞ്ഞ റിട്ട എസ്.പി ജയിംസിന്റെ വിധി നട്ടാൽ കുരുക്കാത്ത പച്ചക്കള്ളമായി മാറി.
ഇതാണ് ദൈവവിധി.
പക്ഷെ, ഈ ദൈവവിധി പുല്ലിച്ചിറക്കാരെ അറിയിക്കാനായി പള്ളിയിൽ വിളിച്ച് പറയണമെന്ന് സഭാധികാരികൾക്ക് തോന്നുന്നതേയില്ല!
മുൻ വികാരി പള്ളിമേടയ്ക്കുള്ളിലെ ലോക്കറിൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ചുവെച്ച സത്യം പുല്ലിച്ചിറ മാതാവിന്റെ ദിവ്യശക്തിയാലാവണം ഇത്ര പെട്ടെന്ന് പുറത്ത് വന്നതെന്ന് പുല്ലിച്ചിറക്കാർ വിശ്വസിക്കുന്നു.
ദൈവത്തിന്റെ കനത്ത പ്രഹരം കരണത്ത് ഏറ്റ ഈ കള്ളസാക്ഷ്യക്കാർ കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസിനോട് മാപ്പ് പറയണം.
അല്പമെങ്കിലും അന്തസ്സ് ഉണ്ടെങ്കിൽ.....
പുല്ലിച്ചിറ പെരുന്നാൾ വന്നെത്തി.
ഈ കള്ള സാക്ഷ്യക്കാർ പുല്ലിച്ചിറക്കാരോടും പരസ്യമായി മാപ്പിരക്കണം.
അതിനുള്ള ക്രൈസ്തവികത അവർ കാണിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.