Translate

Friday, October 30, 2015

മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യങ്ങള്‍

കെ എം റോയ്

നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ്മയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ ഫാ. ബെനഡിക്‌ട് എന്ന കത്തോലിക്കാ വൈദികനു കൊല്ലം സെഷന്‍സ്‌ കോടതി വധശിക്ഷ നല്‍കിയതും. 1967-ല്‍ ആ വധശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു.

അതു കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൊലപാതകമാണ്‌. അന്നു ഞാന്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തില്‍ സഹപത്രാധിപരായി ജോലി ചെയ്യുകയായിരുന്നു. ഫാദര്‍ ബെനഡിക്‌ട് മാത്രമല്ല ആ കേസുമായി ബന്ധപ്പെട്ട മിക്കവാറും പേര്‍ മൃതിയടഞ്ഞുകഴിഞ്ഞിരിക്കുന്നു. ഈ സംഭവത്തില്‍ ഫാദര്‍ ബെനഡിക്‌ട് നിരപരാധിയാണെന്നും മറ്റാരോ ആണു കൊലപാതകം ചെയ്‌തതെന്നും കൊലപാതകിയുടെ കുടുംബാംഗങ്ങള്‍ കുറ്റം തുറന്നുസമ്മതിക്കുന്നുണ്ടെന്നും പത്തുവര്‍ഷം മുമ്പു ചില പത്രവാര്‍ത്തകള്‍ വന്നു.

അതിനുശേഷം ഈയിടെ ഫാ. ബെനഡിക്‌ടിനെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കത്തോലിക്കാ സഭയിലെ അതിരമ്പുഴയിലുള്ള ഒരു വിഭാഗം വൈദികര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അത്തരം ശ്രമങ്ങളെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം കത്തോലിക്കരുമുണ്ട്‌. മറിയക്കുട്ടി വധത്തെക്കുറിച്ച്‌ അക്കാലത്ത്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡിവൈ.എസ്‌.പിയായിരുന്ന കെ.വി. രാമനാഥന്‍ എന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ എന്റെ ധാര്‍മികചുമതലയായി എനിക്കു തോന്നി. കേരള സര്‍ക്കാര്‍ സര്‍വീസില്‍ സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ സഹോദരനാണു രാമനാഥന്‍.

എറണാകുളം ഭാരത്‌ ടൂറിസ്‌റ്റ് ഹോമിലെ മുറിയിലിരുന്നാണ്‌ സന്ദര്‍ഭവശാല്‍ കെ.വി. രാമനാഥന്‍ ആ സംഭവം വിവരിച്ചത്‌. അദ്ദേഹത്തിനു പോലീസ്‌ മേലധികാരികള്‍ നല്‍കിയ നിര്‍ദേശം തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ആ കൊലപാതകത്തെക്കുറിച്ചു സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ്‌. രാമനാഥന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ മുറിയില്‍ ദേശബന്ധു പത്രത്തിന്റെ ഉടമ പി. നാരായണന്‍നായരും (സ്വരാജ്‌ മണി) പിന്നീടു മന്ത്രിയായി മാറിയ പി.എസ്‌.പി. നേതാവ്‌ പി.കെ. കുഞ്ഞുമുണ്ടായിരുന്നു.

ഒരു കത്തോലിക്കാ വൈദികന്‍ ഒരു കൊലക്കേസില്‍ ഉള്‍പ്പെടുന്ന സംഭവം കേരളത്തില്‍ ആദ്യത്തേതായിരുന്നു. സാധാരണ ഗതിയില്‍ കേരള പോലീസ്‌ അങ്ങനെയൊരു കേസ്‌ അന്വേഷിക്കുമായിരുന്നില്ല. പക്ഷേ, കലാനിലയം കൃഷ്‌ണന്‍നായരുടെ പത്രമായ 'തനിനിറ'ത്തില്‍ മറിയക്കുട്ടിയുടെ കൊലപാതകത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‌ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കപ്പെട്ടു. കത്തിക്കുത്തേറ്റ ഏതാനും മുറിവുകളോടെ അര്‍ധനഗ്നയായി കിടക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോ ആയിരുന്നു അത്‌. തുടര്‍ന്നു പല ദിവസങ്ങളായി അതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അങ്ങനെയാണു സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിവൈ.എസ്‌.പി. കെ.വി. രാമനാഥനെ സര്‍ക്കാര്‍ ഏല്‍പിച്ചത്‌. അന്വേഷണം നടത്തി വളരെ വ്യക്‌തമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ വേണ്ടത്ര തെളിവില്ലെന്ന കാരണം പറഞ്ഞ്‌ ആ കേസ്‌ റഫര്‍ ചെയ്‌തു കളയാനായിരുന്നു പോലീസ്‌ മേലധികാരികളുടെ നിര്‍ദേശം. രാമനാഥന്‍ പറഞ്ഞതു വേണ്ടത്ര തെളിവില്ല എന്ന കാരണത്താല്‍ കേസ്‌ റഫര്‍ ചെയ്‌തു കളയാന്‍ തന്റെമേല്‍ വലിയ സമ്മര്‍ദവും പ്രലോഭനവും ഉണ്ടായിയെന്നാണ്‌. അതിനുവേണ്ടി അദ്ദേഹത്തിന്‌ എത്ര പണം കൈക്കൂലിയായി നല്‍കുന്നതിലും കത്തോലിക്കാസഭയില്‍ വലിയ സ്വാധീനമുള്ളവര്‍ മുന്നോട്ടുവന്നു. പക്ഷേ, തന്റെ മനഃസാക്ഷിയോടു സത്യസന്ധത കാണിക്കാനാണു താന്‍ തീരുമാനിച്ചതെന്നു രാമനാഥന്‍ പറഞ്ഞു.

കൊല്ലം പോലീസ്‌ ക്ലബില്‍ വച്ചാണു ഫാ. ബെനഡിക്‌ടിനെ രാമനാഥനും സംഘവും ചോദ്യം ചെയ്‌തത്‌. സത്യം പറയിപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഒരൊറ്റ അടി മാത്രമേ ഫാ. ബെനഡിക്‌ടിനു നല്‍കിയിട്ടുള്ളൂ എന്നാണു രാമനാഥന്‍ പറഞ്ഞത്‌. പോലീസ്‌ ക്ലബില്‍ ഒരു കസേരയില്‍ അച്ചന്‍ ഇരിക്കുമ്പോള്‍ പിറകില്‍ നിന്നു കഴുത്തിനു പിറകില്‍ ഒരടി കൊടുത്തു. ആ അടിയില്‍ അച്ചന്‍ പുളഞ്ഞുപോയി. സാധാരണ ഗതിയില്‍ അത്തരം മര്‍ദനമേറ്റു വേദന സഹിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. ഹാബിച്വല്‍ ക്രിമിനല്‍ എന്നു പറയാവുന്ന സ്‌ഥിരം കുറ്റവാളികളൊന്നും അങ്ങനെ മര്‍ദിച്ചാലും സത്യം പറയില്ലെന്നതു മറ്റൊരു കാര്യം.

തന്നെ രാമനാഥന്‍ മര്‍ദിക്കുകയുണ്ടായില്ലെന്നും അതേസമയം മര്‍ദിക്കാന്‍ ശ്രമിച്ച ഒരു പോലീസ്‌ കീഴുദ്യോഗസ്‌ഥനെ രാമനാഥന്‍ തടയുകയാണു ചെയ്‌തിട്ടുള്ളതെന്നുമാണു വര്‍ഷങ്ങള്‍ക്കു ശേഷം ഫാ. ബെനഡിക്‌ട് പറഞ്ഞിട്ടുള്ളത്‌. തന്റെ ഈ ഒരൊറ്റ അടിയെ തുടര്‍ന്ന്‌ എല്ലാ സംഭവങ്ങളും കിളി പറയുന്നതുപോലെ ഫാദര്‍ ബെനഡിക്‌ട് വിവരിച്ചു എന്നാണു രാമനാഥന്‍ എന്നോടു പറഞ്ഞത്‌. അങ്ങനെയാണു വ്യക്‌തമായ തെളിവുകളോടെ ഐ.ജിയടക്കമുള്ള പോലീസ്‌ മേധാവികളുടെ മുമ്പാകെ രാമനാഥന്‍ കാര്യങ്ങള്‍ വിവരിച്ചത്‌.

പക്ഷേ, പോലീസ്‌ മേധാവികളില്‍നിന്നു ലഭിച്ച നിര്‍ദേശം എത്ര വ്യക്‌തമായ തെളിവുകളുണ്ടെങ്കിലും അത്‌ അന്നത്തെ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു കാവുകാട്ടിനെ അരമനയില്‍ ചെന്നു കണ്ടു വിവരിച്ചുകൊടുക്കണമെന്നാണ്‌. അതിനുശേഷം ബെനഡിക്‌ട് അച്ചന്റെ മേല്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യേണ്ട എന്നാണ്‌ ആര്‍ച്ച്‌ ബിഷപ്‌ പറയുന്നതെങ്കില്‍ ഈ കേസ്‌ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ റഫര്‍ ചെയ്‌തു കളഞ്ഞേക്കൂ എന്നായിരുന്നു മേലധികാരികളുടെ നിര്‍ദേശം. അങ്ങനെയാണു ആര്‍ച്ച്‌ ബിഷപ്പിനെ കാണാന്‍ അദ്ദേഹം ചങ്ങനാശേരിയിലേക്കു പോയത്‌.

പ്രാരംഭ അന്വേഷണം നടത്തുമ്പോഴൊന്നും തന്നെ ഫാ. ബെനഡിക്‌ടിനെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ തനിക്കു യാതൊരു വാശിയുമില്ലായിരുന്നു എന്നാണു കെ.വി. രാമനാഥന്‍ പറഞ്ഞത്‌. ''അതുകൊണ്ടു തന്നെയാണു ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പിനെ കാണാനും ഞാന്‍ മനസിലാക്കിയിട്ടുള്ള എല്ലാ വിവരങ്ങളും അദ്ദേഹത്തെ ധരിപ്പിക്കാനും ഞാന്‍ അരമനയില്‍ പോയത്‌.

ദീര്‍ഘകായനായ ആര്‍ച്ച്‌ ബിഷപ്‌ കാവുകാട്ട്‌ വളരെ സാത്വികനായ ഒരു മതശ്രേഷ്‌ഠനാണെന്നു കാഴ്‌ചയില്‍ എനിക്കു ബോധ്യമായി. അദ്ദേഹത്തോടൊപ്പമിരുന്ന്‌ എനിക്കു ശേഖരിക്കാന്‍ കഴിഞ്ഞ വിവരങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. ഫാ. ബെനഡിക്‌ടാണു മറിയക്കുട്ടിയെ കൊലപ്പെടുത്തിയതെന്നുള്ള തെളിവുകള്‍ മുഴുവന്‍ വിശദീകരിച്ചു.''

''എല്ലാം കേട്ടതിനുശേഷം ആര്‍ച്ച്‌ ബിഷപ്‌ എന്നോടു ചോദിച്ചതു ഫാ. ബെനഡിക്‌ട് തന്നെയാണ്‌ ഈ കൊലപാതകം ചെയ്‌തതെന്നു താങ്കള്‍ക്കു പൂര്‍ണമായും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടോ എന്നാണ്‌. അതെ എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ആര്‍ച്ച്‌ ബിഷപ്‌ പൂര്‍ണ നിശബ്‌ദനായി.

അല്‍പനേരം ധ്യാനനിരതനായി എന്നവണ്ണം കണ്ണുകളടച്ചിരുന്നതിനു ശേഷം എന്റെ നേരേ തിരിഞ്ഞു പറഞ്ഞത്‌, എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ബെനഡിക്‌ട് അച്ചന്റെ പേരില്‍ കൊലക്കുറ്റത്തിനു കേസ്‌ ചാര്‍ജ്‌ ചെയ്യണമെന്നാണ്‌.''

അങ്ങനെയാണു ഫാ. ബെനഡിക്‌ടിന്റെ പേരില്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യുന്നതിനു സംസ്‌ഥാന പോലീസ്‌ ഐ.ജി. തനിക്ക്‌ അനുമതി നല്‍കിയതെന്നും അങ്ങനെ കൊലക്കുറ്റം ചാര്‍ജ്‌ ചെയ്‌തുവെന്നും രാമനാഥന്‍ അന്ന്‌ എന്നോടു പറഞ്ഞു.

ഈ കൊലക്കേസ്‌ വിചാരണ ചെയ്‌ത കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി ഫാ. ബെനഡിക്‌ടിനു വധശിക്ഷ വിധിക്കുകയും ചെയ്‌തു. ആ വിധിയിന്മേലുള്ള അപ്പീലപേക്ഷയില്‍ കേരള ഹൈക്കോടതിയിലെ ജസ്‌റ്റിസുമാരായ പി.ടി. രാമന്‍നായരും വി.പി. ഗോപാലന്‍ നമ്പ്യാരും കുറ്റം അസന്ദിഗ്‌ധമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല എന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേ വിടുകയാണുണ്ടായത്‌. ബെനഡിക്‌ട് അച്ചനുവേണ്ടി ഇന്ത്യയില്‍ അന്നത്തെ പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകനായ എ.എസ്‌.ആര്‍. ചാരിയാണു വാദിച്ചത്‌.

അന്നു കേരളത്തില്‍ സി.പി.എം. നേതാവ്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്‌തകക്ഷി മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. ആ മുന്നണിയിലെ ഫാ. ജോസഫ്‌ വടക്കന്‍ നയിക്കുന്ന കര്‍ഷകത്തൊഴിലാളി പാര്‍ട്ടി അംഗവും അതിന്റെ എം.എല്‍.എ.യുമായ ബി. വെല്ലിംഗ്‌ടണ്‍ ആരോഗ്യവകുപ്പുമന്ത്രിയുമായിരുന്നു.

ഫാ. വടക്കന്‍ മുന്നണി നേതൃത്വത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി ഹൈക്കോടതി വിധിയിന്മേല്‍ അപ്പീല്‍ കൊടുക്കേണ്ടതില്ലെന്ന്‌ ഇ.എം.എസ്‌. മന്ത്രിസഭ തീരുമാനിക്കുകയാണുണ്ടായത്‌. സെഷന്‍സ്‌ കോടതി ശിക്ഷിച്ച ഒരു കേസിലെ പ്രതിയെ ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതിരുന്നു എന്നതു ജുഡീഷ്യറിയിലെ തന്നെ അസാധാരണ സംഭവമായിരുന്നു.

1966 ജൂണ്‍ പതിനാറിനാണു മന്ദമരുതി വനപ്രദേശത്ത്‌ മറിയക്കുട്ടി കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. 1966 നവംബര്‍ പതിനെട്ടാം തീയതി ഫാ. ബെനഡിക്‌ടിനു കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചു. 1967 മേയ്‌ ഏഴാം തീയതി കേരള ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേവിടുകയും ചെയ്‌തു.

പത്തുവര്‍ഷം മുന്‍പ്‌ ഫാ. ബെനഡിക്‌ട് വാര്‍ധക്യവും പക്ഷാഘാതവും മൂലം മൃതിയടഞ്ഞു. കൊലപാതകം നടന്നു 34 വര്‍ഷം കഴിഞ്ഞ്‌ കാഞ്ഞിരപ്പള്ളിയിലെ ഒരു ഡോക്‌ടറുടെ ഭാര്യയും മക്കളും വന്നു ബെനഡിക്‌ട് അച്ചനെ കണ്ടുവെന്നും ഒരു എസ്‌റ്റേറ്റ്‌ ഉടമ മൂലം ഗര്‍ഭിണിയായിത്തീര്‍ന്ന മറിയക്കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള തന്റെ ഭര്‍ത്താവിന്റെ ശ്രമത്തിനിടയില്‍ മറിയക്കുട്ടി മരണമടഞ്ഞുവെന്നും തുടര്‍ന്ന്‌ തന്റെ ഭര്‍ത്താവും മറ്റും ചേര്‍ന്നു കുത്തി മുറിവേല്‍പ്പിച്ചു മന്ദമരുതി വനത്തില്‍ കൊണ്ടുപോയി മറിയക്കുട്ടിയുടെ ശവശരീരം ഇടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞതായാണു പിന്നീട്‌ പത്രവാര്‍ത്തകള്‍ വന്നത്‌.

വിവാദപുരുഷനായ ആ ഡോക്‌ടറുടെ കുടുംബാംഗങ്ങള്‍ തന്നെ ഒരു കെട്ടുകഥയാണെന്നു പറഞ്ഞ്‌ ആ സംഭവങ്ങള്‍ നിഷേധിക്കുകയുണ്ടായി എന്നതു മറ്റൊരു കാര്യം.

അതിന്റെ നിജസ്‌ഥിതിയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. അതില്‍ എനിക്കൊട്ടു താല്‍പ്പര്യവുമില്ല. സത്യമെന്താണെന്ന്‌ അറിയാവുന്നവര്‍ മൂന്നുപേര്‍ മാത്രമാണുള്ളത്‌. മറിയക്കുട്ടിയും മറ്റൊന്നു ഫാ. ബെനഡിക്‌ടും മറ്റൊന്ന്‌ ദൈവവും. മറിയക്കുട്ടിയും ബെനഡിക്‌ട് അച്ചനും ഇന്നു ജീവിച്ചിരിപ്പില്ല എന്നതുകൊണ്ട്‌ അവരുടെ മൊഴിയെ ആശ്രയിക്കാന്‍ ഇനി ആര്‍ക്കും സാധ്യമല്ല.

ബെനഡിക്‌ട് അച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ ചില വൈദികരും ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്ന്‌ ശ്രമമാരംഭിക്കുകയും അച്ചനെ അടക്കം ചെയ്‌തിരിക്കുന്ന അതിരമ്പുഴ പള്ളിയിലുള്ള കല്ലറ ഇപ്പോള്‍ ഒരു തീര്‍ഥാടനകേന്ദ്രമാക്കി മാറ്റുകയും ചെയ്‌തിട്ടുള്ള പശ്‌ചാത്തലത്തില്‍ മറിയക്കുട്ടി കൊലക്കേസ്‌ അന്വേഷണത്തെക്കുറിച്ച്‌ 44 വര്‍ഷം മുന്‍പ്‌ ഡിവൈ.എസ്‌.പി. കെ.വി. രാമനാഥന്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടു പറഞ്ഞ കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ സാമൂഹ്യമായ ഒരു കര്‍ത്തവ്യമായി എനിക്കു തോന്നിയതുകൊണ്ട്‌ അതിവിടെ കുറിച്ചിടുകമാത്രമാണു ഞാന്‍ ചെയ്യുന്നത്‌. ഒരു കൊലപാതക സംഭവത്തില്‍ ആരെയെങ്കിലും വിധിക്കാന്‍ ഒരു വിധത്തിലും ഞാന്‍ ആളല്ലല്ലോ?
കെ എം റോയ്

നമ്മള്‍ അറിയാതെ പോകുന്നത് ഒരു പുനര്‍വായന

ഇടവകധ്യാനങ്ങള്‍ക്ക് ഒരു മാതൃക

ഇന്നലെ ഒരു യഥാര്‍ഥ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഇടയായി. പ്ലാശനാല്‍ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഈ വര്‍ഷം നടത്തിയ ദിവ്യകാരുണ്യാനുഭവധ്യാനം. അതു നയിച്ചത് കാലടി ദിവ്യകാരുണ്യ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സൈജു തുരുത്തിയില്‍ MCBS. ''നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍കയറി നിന്റെ വാതിലടച്ച് അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക'' എന്ന യേശുവചനത്തോടു  നീതിപുലര്‍ത്തിയ വചനപ്രഘോഷണം. (ഇന്നും വൈകുന്നേരം 5 മുതല്‍ അതു തുടരുന്നുണ്ട്).

അവിടെ കേട്ട കാര്യങ്ങളില്‍ പകുതിയിലേറെയും അല്മായശബ്ദവും 'സത്യജ്വാല'യും KCRM ഉം സഭാംഗങ്ങളോടു പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍തന്നെ. നാം പറയുമ്പോള്‍ അതു വിമതശബ്ദം. പള്ളിയില്‍ ഒരു പുരോഹിതന്‍ പറഞ്ഞതുകൊണ്ട് ജനം ശ്രദ്ധിക്കാന്‍ തയ്യാറായി. ഇങ്ങനെയും പ്രസംഗിക്കുന്ന പുരോഹിതരുണ്ടെന്ന് ഒരു ഇടവകയില്‍ മാത്രമുള്ള ജനങ്ങള്‍മാത്രം അറിഞ്ഞാല്‍ പോരല്ലോ. അതുകൊണ്ടാണ് താമസിയാതെതന്നെ ഈ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. (അച്ചനോടു പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കേട്ട യോജിപ്പുള്ള കാര്യങ്ങള്‍ മാത്രമേ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നുള്ളു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ആണല്ലോ നമ്മുടെ ബ്ലോഗ്.)
 

ആദ്യമേതന്നെ ആഹാരകാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ജീവിതശൈലീരോഗങ്ങളില്‍നിന്നുള്ള മുക്തിക്കും ആയുസ്സും ആരോഗ്യവും വര്‍ധിപ്പിക്കുന്നതിനും വീട്ടില്‍ത്തന്നെ ആഹാരസാധനങ്ങളുണ്ടാക്കി കഴിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.  ആഹാരം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെമാത്രമല്ല, ആധ്യാത്മികജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാത്വികഭക്ഷണവും ഉപവാസവും യോഗപരിശലനവും ഉള്‍പ്പെടുത്തി താന്‍ ധ്യാനിപ്പിച്ച ഒരിടവകയില്‍ പെരുന്നാളിനോടനനുബന്ധിച്ചുള്ള  സ്‌നേഹവിരുന്ന് സസ്യാഹാരമാക്കാന്‍ കഴിഞ്ഞതും ആ രീതി ഇന്നും അവിടെ തുടരുന്നതും ചാരിതാര്‍ഥ്യത്തോടെ അദ്ദേഹം അനുസ്മരിച്ചു. ഒച്ചപ്പാടോടുകൂടിയ വചനപ്രഘോഷണങ്ങള്‍ പതിവായി നടന്നിരുന്ന ഒരിടവകയില്‍ നിശ്ശബ്ദതയ്ക്കു പ്രാധാന്യം നല്കുന്ന തന്റെ ധ്യാനം നടത്തിയതിനെത്തുടര്‍ന്ന് സമീപവാസികളായ ഹിന്ദുക്കള്‍ വന്നു ധ്യാനത്തില്‍ പങ്കെടുത്തതും മറ്റൊരിടവകയില്‍ മൈക്ക് ഓപ്പറേറ്റരായിവന്ന മുസ്ലീം അവരുടെ പള്ളിയിലും യോഗാധ്യാനം നടത്താമോ എന്ന് ആരാഞ്ഞതും വചനപ്രഘോഷണം ഇതരമതസ്ഥരെ സ്വാധീനിക്കുന്നത് ഒച്ചപ്പാടും പ്രകടനങ്ങളും കൊണ്ടല്ല എന്നതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോടികള്‍ മുടക്കി പള്ളികളും വ്യാപാരസമുച്ചയങ്ങളും പണിയുന്ന സഭയുടെ ഇന്നത്തെ രീതിയും നാടുമുഴുവന്‍ കുലുങ്ങുമാറ് ഉച്ചത്തില്‍ ഹല്ലേലുയ്യാ വിളിച്ചും പ്രകടനങ്ങള്‍ നടത്തിയും നടത്തപ്പെടുന്ന വചനപ്രഘോഷണങ്ങളും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്ന് വ്യക്തമാക്കാന്‍ അച്ചന്‍ മടിച്ചില്ല. 'ഈ ആശുപത്രി നാളെത്തന്നെ അടച്ചുപൂട്ടാന്‍ ഇടയാകട്ടെ' എന്ന് ആശംസിച്ചുകൊണ്ട് മഹാത്മാഗാന്ധി ഒരാശുപത്രി ഉദ്ഘാടനംചെയ്ത സംഭവവും ആലോചനാമൃതമാംവിധം അദ്ദേഹം ധ്യാനത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

സുവിശേഷഭാഗങ്ങള്‍ യഥോചിതം ഉദ്ധരിച്ചുകൊണ്ടുള്ള  ധ്യാനത്തിലെ പകുതിസമയവും അര്‍ഥമറിഞ്ഞ് പ്രാര്‍ഥിക്കുകയും ദിവ്യബലിയിലും മറ്റും പങ്കെടുക്കുകയും ചെയ്യേണ്ടതെങ്ങനെ എന്നു വ്യക്തമാക്കുന്നതായിരുന്നു. 
എന്നാല്‍, ബഹളങ്ങളില്‍നിന്ന് അകന്ന് നിശ്ശബ്ദതയില്‍ കുറെ സമയം കഴിച്ചുകൂട്ടാനുള്ള പരിശീലനമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം എന്ന് ആ ഭാഗത്തും അദ്ദേഹം വ്യക്തമാക്കി. ചെറിയ കുട്ടിയായിരിക്കുന്ന കാലംമുതല്‍ നല്‌കേണ്ടതാണ് ഈ പരിശീലനം. അത് അവരുടെ
ജീവിതവീക്ഷണത്തിലും സ്വഭാവസംസ്‌കരണത്തിലും പ്രതിഫലിക്കും. കുടുംബബന്ധങ്ങളും അയല്‍ബന്ധങ്ങളും സാമൂഹികമാറ്റങ്ങളും ഹൃദയംഗമവും ഹൃദയസ്പര്‍ശിയുമാകാന്‍ ഒറ്റയ്ക്കിരുന്നുകൊണ്ടു പിതാവിനോടു സംസാരിക്കുന്ന രീതിയിലുള്ള പ്രാര്‍ഥനയും ധ്യാനവും വളരെ സഹായിക്കും. 
ആഹാരത്തിന്റെയും കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും മൊബൈല്‍ഫോണിന്റെയും ടിവിയുടെയും കമ്പ്യൂട്ടറിന്റെയും ദുഃസ്വാധീനത്തില്‍നിന്ന് പുതിയ തലമുറയെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഒക്കെ പരാമര്‍ശിച്ചുകൊണ്ടുള്ള ജീവിതഗന്ധിയായ ഈ ധ്യാനം എല്ലാ ഇടവകകളിലും നടത്തുന്നത് നന്നായിരിക്കും.

Thursday, October 29, 2015

സ്വർഗസ്ഥനായ പിതാവ്

വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന്നെ ഇളം മനസ്സുകളിൽ തിരുകിക്കയറ്റുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അതിന്റെ ഫലം പ്രതീക്ഷിക്കുന്നതിന്റെ വിപരീതമായിത്തീരാം.

സത്യത്തിൽ മനുഷ്യന്റെ വളർച്ചയെ സാരമായി, പക്ഷേ വിപരീതമായി ബാധിക്കുന്ന ഒന്നാണ് അടിച്ചേല്പ്പിക്കുന്ന ദൈവവിശ്വാസം. കാരണം, അവിടെ അറിവായിത്തീരാത്ത ഒരു ദൈവസങ്കല്പം അറിവില്ലാത്തവരിലേയ്ക്ക്  കൈമാറപ്പെടുകയാണ് ചെയ്യുന്നത്. ദൈവസങ്കല്പങ്ങൾക്ക്  എപ്പോഴും പരിമിതിയുണ്ട്. എത്ര വികലമായ ആശയങ്ങൾക്കാണ് 'സ്വർഗസ്ഥനായ പിതാവ്'എന്ന സങ്കൽപം വഴിതെളിക്കുന്നതെന്ന് ശരിക്കും ഒന്ന് വിചിന്തനം ചെയ്തുനോക്കൂ. ദൈവത്തെ പിതാവും സൃഷ്ടികളെ മക്കളുമായി സങ്കല്പിക്കുന്നത് തെറ്റല്ല, നല്ല കാര്യം തന്നെ. എന്നാൽ അതുവഴി ദൈവമെന്ന സത്ത വളരെയധികം പരിമിതപ്പെടുത്തപ്പെടുന്നുണ്ട്. സ്വർഗസ്ഥൻ എന്ന വിശേഷണം തന്നെ ഒരു വലിയ പരിമിതിയാണ്. ആ വാക്ക് 'നിത്യം ആനന്ദത്തിലിരിക്കുന്ന സത്ത' എന്ന ബോധമുണർത്തുമെങ്കിൽ അതിൽ ഭാഗികമായ നന്മയുണ്ട്. എന്നാൽ അതല്ല സാധാരണക്കാർക്ക്‌ മനസ്സിലുദിക്കുന്ന സങ്കൽപം. അവർക്കു തെളിഞ്ഞു കിട്ടുന്നത് സ്വർഗമെന്ന സർവസുഖങ്ങളുടെയും ആസ്ഥാനവും അവിടെ നമ്മെ കൊണ്ടുപോകുന്ന ഒരു പിതൃസത്തയുടെ പരിവേഷവുമാണ്. 'നിന്റെ രാജ്യം വരേണമേ' എന്നുംകൂടിയാകുമ്പോൾ, ഈ പിതാവ് ഒരു രാജാവുകൂടെ ആയിത്തീരുന്നു. രാജാവുണ്ടെങ്കിൽ പ്രജകളും വേണം. അത് നമ്മളാണ്. പിന്നെയുള്ളതെല്ലാം പ്രജകൾക്കുള്ള ഉപഭോഗവസ്തുക്കളാണ്. കണ്ടോ, എങ്ങനെയാണ് അതോടേ പ്രപഞ്ചത്തിന്റെ സർവ ഘടനയും സങ്കുചിതമായി നിർവചിക്കപ്പെടുന്നതെന്ന്. യേശു പഠിപ്പിച്ചത് എന്ന നിലയ്ക്ക് ക്രിസ്ത്യാനികൾ സ്വായത്തമാക്കിയ ഒരു പ്രാർഥനപോലും ദൈവാവബോധത്തെ എങ്ങനെ വഷളാക്കുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കാൻ സഭ സമ്മതിക്കുമോ? സഭയുടെ തീര്ത്തും ഉപരിപ്ലവമായ വിശ്വാസപ്രമാണത്തെ എന്നപോലെ ഈ പ്രാർഥനയെയും തിരുത്തിയെഴുതാൻ പൌരോഹിത്യം അനുവദിക്കുമോ? ഒരിക്കലുമില്ല. പക്ഷേ, കഴമ്പില്ലാത്ത ഒരു വെറും പിടിവാശി മാത്രമാണത്.

ശാസ്ത്രാവബോധം നിറഞ്ഞുനില്ക്കുന്ന ഇന്നത്തെ തലമുറ സ്വർഗസ്ഥനായ പിതാവിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് തീർച്ചയായും സഭ ചിന്തിക്കുന്ന കാര്യങ്ങളിൽ വന്നുപെടുകയില്ല. കാരണം, സഭയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കാലാകാലങ്ങളായി മരവിപ്പിച്ചു വച്ചിരിക്കുന്ന സനാതന സത്യങ്ങളാണ്. ദൈവമെന്നു പറയുമ്പോൾ തന്നെ വിശ്വാസിയുടെ കണ്ണുകൾ മേല്പോട്ടുയരുക ഒരു ശീലമാണ്. എന്നാൽ, ഇന്നത്തെ തലമുറക്കത് ശീലമാവില്ല എന്ന് ചിന്തിക്കാന്മാത്രം വീണ്ടുവിചാരം സഭയിലെ പൌരോഹിത്യത്തിന് ഉണ്ടാവില്ല. നമ്മൾ ഗോളാകൃതിയിലുള്ള ഒരു ഗഹത്തിലെ നിവാസികളാണ്. ആ ഗ്രഹം കറങ്ങിക്കൊണ്ടുമിരിക്കുന്നു. അതുകൊണ്ട് ഈ ഗോളത്തിന്റെ എവിടെനിന്ന് എങ്ങോട്ട് നോക്കിയാലും ഒരുപോലെയാണ്. കാരണം, ഈ പ്രപഞ്ചത്തിൽ മുകളിലും താഴെയും എന്നൊന്നും ദിശകളില്ല എന്നതാണല്ലോ സത്യം. ഒരു മുറിയിലിരുന്നോ, നമ്മുടെ ആവാസസ്ഥലം പരന്ന ഒരു തകിടാണെന്ന് കരുതിയിട്ട് അതിൽ നിന്നുകൊണ്ടോ മാത്രമേ നമുക്ക് വശങ്ങളും ദിശകളും കല്പ്പിച്ചുണ്ടാക്കാനാവൂ. അതിബ്രുഹത്തായ ഈ പ്രപഞ്ചത്തിൽ പിന്നെ ബാക്കിയാവുന്നത് അകത്തേയ്ക്കോ പുറത്തേയ്ക്കോ നോക്കുകയാണ്. പുറത്തേയ്ക്ക് ഒരു പരിധിയിൽ കവിഞ്ഞുള്ള കാഴ്ച കണ്ണുകൾക്കില്ല. ശാസ്ത്രത്തിന്റെ കൃത്രിമ കണ്ണുകള്കൊണ്ട് നമ്മൾക്ക് വളരെയധികം വിദൂരതയിലേയ്ക്ക് കാണാമെന്നായിട്ടുണ്ട്. എന്നാൽ ഉള്ളിലേയ്ക്ക് നമുക്ക് പോകാവുന്നതിന് പരിധിയില്ലെന്നു തന്നെ പറയാം. സംഭവിക്കുന്നതെല്ലാം അകത്താണെന്നുതന്നെ ഇന്ന് ശാസ്ത്രവും സമ്മതിക്കുന്നു.
അങ്ങനെ എല്ലാം ഉള്ളിൽ നിന്ന് സംഭവിക്കുമ്പോൾ സ്വർഗസ്ഥനായ ദൈവം എന്നത് നമ്മെ എത്രമാത്രം ചുരുക്കിക്കളയുന്ന ഒരു ഭാവന മാത്രമാണ്! നമ്മുടെ ശരീരസൃഷ്ടിപോലും ഉള്ളിലാണ് നടന്നതെങ്കിൽ, നാം സൃഷ്ടിക്കുന്നതെല്ലാം ഉള്ളിൽനിന്നാണെങ്കിൽ, ഈ സൃഷ്ടിയുടെയെല്ലാം ഉറവിടത്തെ നമുക്കെങ്ങനെ 'മുകളിൽ' വാഴുന്ന ഒരു രാജാവായി സങ്കൽപ്പിക്കാനാവും? മറിച്ച്, അതൊരു സർവസാന്നിദ്ധ്യമാവുമ്പോൾ കാര്യങ്ങൾ അഗാധവും അതേ സമയം ലളിതവും അനന്തമായി പവിത്രവുമായിത്തീരുന്നു. അത് ഇന്നത്തെ ഇളം തലമുറക്കും ഉൾക്കൊള്ളാനാവും. അതുകൊണ്ട്, ഓരോരോ സംസ്കാരങ്ങളിലേയ്ക്ക് ഒതുങ്ങിപ്പോയ ദൈവസങ്കല്പത്തെ ഇനിയെങ്കിലും തിരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ മനുഷ്യന്റെ വളർച്ച ഇനിയും മുരടിച്ചുപോകും. സഹസ്രാബ്ദങ്ങളായി ഈ മുരടിപ്പാണ് എല്ലാ മതങ്ങളും പിടിവാശിയോടെ പിന്തുടരാൻ ശഠിക്കുന്നത്. വളര്ച്ചയെന്നത്‌ ശരീരത്തിന്റേതോ സമ്പത്തിന്റേതോ സുഖസൗകര്യങ്ങളുടേതോ അറിവിന്റേതോ തലത്തിലല്ല, മറിച്ച്, കാഴ്ച്ചപ്പാടിന്റേതാണ് എന്നാണു നമ്മൾ മറക്കരുതാത്തത്. സൃഷ്ടിയെപ്പറ്റി നമുക്കധികമൊന്നും അറിയില്ല. നാം കാണുന്നത് പരിണാമത്തിന്റെ ചില രൂപങ്ങൾ  മാത്രമാണ്. സൃഷ്ടിയെന്തെന്ന് മതത്തിനോ ശാസ്ത്രത്തിനോ ഒന്നും കൃത്യമായി പറയാനറിയില്ല. അതുകൊണ്ടാണ് വളരെ പരിമിതമായ ഒരു ദൈവസങ്കല്പം വഴി നമ്മൾ സംതൃപ്തരാകാൻ ശ്രമിക്കുന്നത്. വേണ്ടത്ര സൂക്ഷ്മമായി ഉള്ളിലേയ്ക്ക് നോക്കാൻ പഠിച്ചാൽ ശരിക്കുള്ള ഉറവിടത്തിലെത്താമെന്നു മനസ്സിലാക്കിയവർ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. അത്തരക്കാർക്ക് ദൈവം ഒരു വിഷയമേയല്ല. കാരണം, നാമറിയുന്നില്ലെങ്കിലും നമ്മൾ സൃഷ്ടിയുടെ ഉറവിടത്തിലാണ്, സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്, ഒന്നിനെ മറ്റൊന്നായി മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നവർ കണ്ടെത്തിയിരിക്കുന്നു. അങ്ങനെയല്ലേ നമ്മൾ കഴിക്കുന്ന ആഹാരം നാം തന്നെയായി മാറുന്നത്? അതൊരു വിശ്വാസമല്ല, അറിവാണ്. ദൈവവിശ്വാസം അനാവശ്യമായിത്തീരുന്നു എന്ന് പറഞ്ഞത് ആ അർഥത്തിലാണ്. You will not fail എന്ന തന്റെ പുതിയ കൃതിയിൽ അലെക്സ് പൈകട എഴുതുന്നു: Life unfolds in myriad forms and one has to learn over time to be rather than to prove. 

എതു കാര്യമെടുത്താലും ഒന്നുകിൽ അതെപ്പറ്റി നമുക്കറിയാം അല്ലെങ്കിൽ അറിയില്ല. അറിയില്ലാത്ത കാര്യങ്ങളും അറിയാമെന്ന് നടിക്കുന്നിടത്താണ് വിശ്വാസം കടന്നുവരുന്നത്. അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയണമെങ്കിൽ സത്യസന്ധത വേണം, ലാളിത്യം വേണം. അതിനുപകരം നമുക്കറിയില്ലെങ്കിലും അറിവുണ്ടെന്നു നടിച്ചവരെ ചാരിനിന്ന് നമുക്കും അറിയാമെന്ന് നടിക്കുമ്പോൾ ആണ്‌ വിശ്വാസം അന്ധമാകുന്നത്. അറിവിനേക്കാൾ ശക്തമായ സ്വേശ്ചാധിപതി ആകാൻ പോലും ഇത്തരം വിശ്വാസത്തിനാകും. അത്തരം വിശ്വാസത്തിനുവേണ്ടി മനുഷ്യർ മരിക്കുന്നുണ്ട്. എനിക്കറിയില്ലാത്ത കാര്യത്തെ താങ്ങിനിറുത്താൻ എന്റെ ജീവൻ കൊടുക്കുക എന്ന് പറഞ്ഞാൽ എന്താണത്? ഭ്രാന്തല്ലേ? അതേപ്പറ്റിയുള്ള എന്റെ അറിവ് നിസ്സാരമാണ്, അല്ലെങ്കിൽ എനിക്കതേപ്പറ്റി ഒന്നുമറിയില്ല എന്ന് പറയാൻതക്ക ആര്ജ്ജവമില്ലായെന്നതല്ലേ സത്യം? അതങ്ങ് സമ്മതിച്ചാൽ വിശ്വാസവും അവിശ്വാസവും അനാവശ്യമായിത്തീരും. സ്വന്തം അറിവില്ലായ്മയെ അംഗീകരിക്കുക എന്നതാണ് അടിസ്ഥാന മഹത്ത്വം. അപ്പോൾ മാത്രമേ സത്യത്തെ തിരയാൻ ആഗ്രഹമുദിക്കൂ. അറിയാമെന്നു നടിക്കുന്നത് അറിയാൻ ആരും ഇറങ്ങിപ്പുറപ്പെടുകയില്ല. അതുതന്നെയാണ് എല്ലാ വിശ്വാസവും അന്ധവിശ്വാസമാണെന്ന് പറയുന്നതിനു കാരണം. അറിവന്വേഷിക്കുക എന്നത് അദ്ധ്വാനമാണ്. അതിനു തയ്യാറല്ലാത്തവർ അന്ധരായി തുടരാനാണ് ഇഷ്ടപ്പെടുക. അങ്ങനെ എല്ലാത്തിനും കൊള്ളിക്കാവുന്ന ഒറ്റമൂലിയായി വിശ്വാസത്തെ മനുഷ്യർ മുറുകെപ്പിടിക്കുന്നു. അത് ദയനീയമായ ഒരു സത്യമാണ്. വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും ഒരുപോലെ ദയനീയമാണ്. കാരണം, രണ്ടും ഓരേപോലെ അന്ധമാണ്‌. രണ്ടുകൂട്ടരും സത്യത്തെ അന്വേഷിക്കാൻ ധൈര്യമോ താത്പര്യമോ ഇല്ലാത്തവരാണ്.

ജീവിതത്തിനു സ്ഥിരത നല്കുന്ന ഏതാനും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നങ്ങുറപ്പിച്ചു പറഞ്ഞ് അറിവില്ലാത്തവരെ അതിൽ വിശ്വസിപ്പിക്കുന്നതുകൊണ്ടാണ് മതങ്ങൾ വളര്ത്തുന്നത് വെറും മിഥ്യയാണെന്ന് ഞാൻ വാദിക്കുന്നത്. എതു മതത്തിലുള്ളവരും തങ്ങളുടെ മതത്തിന് ആദ്ധ്യാത്മികതയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തങ്ങളുടേത് ആദ്ധ്യ്യത്മികതയുടെ കേന്ദ്രങ്ങളാണെന്നു തന്നെ വിശ്വസിക്കുന്നു. ആത്മീയ ലാഞ്ചനക്കുള്ള ചിലതെല്ലാം അവിടെയുണ്ടെന്നല്ലാതെ ആദ്ധ്യാത്മികതയെ മതങ്ങൾ പണ്ടേ ഉപേക്ഷിച്ചു എന്നതാണ് സത്യം. ഇത്തരം മിഥ്യകൾകൊണ്ട് സഹസ്രാബ്ദങ്ങൾ വരെ മനുഷ്യരെ നടത്തിക്കൊണ്ടുപോകാൻ മതങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അത് മനുഷ്യന്റെ മഹത്ത്വത്തിനു ചേരുന്നതല്ല. ഇത്തരം മിഥ്യകളെ ഉടച്ചുകളയേണ്ട ഒരു കാലം വരും. ഇപ്പോഴത്തേത് അത്തരം ഒരു കാലമാണ്. 

ബൈബിൾ ഉൾപ്പെടെയുള്ള പുരാണ ഗ്രന്ഥങ്ങളിൽ തട്ടിക്കൂട്ടിയെടുത്ത കഥാപാത്രങ്ങളെ ദൈവമായി കരുതി ആരാധിക്കുന്ന സമ്പ്രദായം എത്ര ബാലിശമാണെന്ന് ഒന്നോർത്തുനോക്കേണ്ടതേയുള്ളൂ. പക്വമായ മനുഷ്യബോധത്തിൽ അനന്തമായി തുടരാൻ അവർക്ക് എന്തർഹതയണുള്ളത്? അങ്ങനെയെങ്കിൽ ബലി ചോദിക്കുന്ന യഹോവയ്ക്കും, മഹാരാജാവായി സ്വർഗത്തിൽ വാഴുന്ന പിതാവിനും, ഒരു ഓക്സിജൻ സിലണ്ടർ പോലും കരുതാതെ ഈ ഭൂമിയിൽനിന്ന് ശരീരത്തോടെ ഉയർന്നുപോയ യേശുവിനും മറിയത്തിനുമൊക്കെ പകരം അന്തര്യാമിയായ ഒരു സർഗ്ഗശക്തിയെപ്പറ്റിയുള്ള അവബോധത്തിലെത്താൻ നാം കിണഞ്ഞു ശ്രമിക്കേണ്ട സമയമല്ലേ ഇത് എന്ന് നമുക്ക് ചിന്തിച്ചുതുടങ്ങാം.

2015 ഒക്ടോബറിലെ സത്യജ്വാലയിൽ എഡിറ്റർ ശ്രീ മൂലെചാലിൽ എഴുതിയ ഒരു മറുപടിക്കുറിപ്പിൽനിന്ന് ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് നിറുത്താം. "ഇനി, 'കത്തോലിക്കാസഭയില്‍ എന്താണ് അന്ധവിശ്വാസവും വിഗ്രഹാരാധനയും അല്ലാതായുള്ളത്?' എന്നെഴുതിയതിനെപ്പറ്റി. എന്റെ വീക്ഷണത്തില്‍ ക്രൈസ്തവജീവിതമെന്നാല്‍, യഥാശക്തി ദൈവരാജ്യത്തിനായും ദൈവനീതിക്കായും പ്രവര്‍ത്തിച്ചുകൊണ്ടും, മറ്റുള്ളവരെയും തന്നെപ്പോലെതന്നെ കണ്ടുകൊണ്ടുമുള്ള ജീവിതമാണ്. അതിനാവശ്യമായ ഒരു ദൈവദര്‍ശനവും സ്‌നേഹമാര്‍ഗവും കൂട്ടായ്മാജീവിതത്തെ ഉത്തേജിപ്പിക്കാനുള്ള ജീവിതാനുഷ്ഠാനങ്ങളും യേശു അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് ഇതില്‍നിന്നെല്ലാം മനുഷ്യനെ വ്യതിചലിപ്പിക്കുന്ന പുരോഹിതസൃഷ്ടമായ വിശ്വാസസത്യങ്ങളില്‍ വിശ്വസിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന അനുഷ്ഠാനങ്ങള്‍ ആചരിക്കണമെന്നുമാണ്, കത്തോലിക്കാ സഭാധികാരം അനുശാസിക്കുന്നത്. ഇവിടെ മനുഷ്യന്‍ വിശ്വസിക്കുന്നത് പുരോഹിതസൃഷ്ടമായ ദൈവശാസ്ത്ര തത്ത്വങ്ങളിലാണ്, ദൈവത്തിലല്ല, എന്നു തിരിച്ചറിയേണ്ടതുണ്ട്. വാസ്തവത്തില്‍, ദൈവാന്വേഷണത്തിലേക്കോ ദൈവവിശ്വാസത്തിലേക്കോ ഉള്ള വഴി മനുഷ്യരുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ദൈവശാസ്ത്രവിശ്വാസത്തെ ദൈവവിശ്വാസമായി മനുഷ്യര്‍ തെറ്റിദ്ധരിക്കുകയാണ്; അന്ധമായി വിശ്വസിക്കുകയാണ്."
             

ആ പ്രഭാതം അകലെയല്ല - CCV പത്രാധിപ സമിതി


കേരളാ കാത്തലിക് ചർച്ച് റിഫോർമേഷൻ (കെ സി ആർ എം) ന്റെ ആഭിമുഖ്യത്തിൽ, സീറോ മലബാർ കത്തോലിക്കരുടെ പ്രശ്നങ്ങൾ ആഗോളതലത്തിൽ ചർച്ച ചെയ്യുകയെന്ന  ഉദ്ദേശത്തോടേ ആരംഭിച്ച Church Citizens' Voice - CCV (almayasabdam.com) ഈ ഒക്ടോബറിൽ ഒരു വർഷം പൂർത്തിയാക്കുകയാണ്. ഭാരതത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന മൂന്നു പ്രമുഖ ഓണ്‍ലൈൻ മതപ്രസിദ്ധീകരണങ്ങളുടെയൊപ്പം Church Citizens' Voice, കേരളത്തിലെ സഭാ നവീകരണ പ്രസ്ഥാനങ്ങളുടെ അഭിമാനമായി ഇന്നു തല ഉയർത്തി നിൽക്കുന്നുവെങ്കിൽ അതിൽ സന്തോഷിക്കാൻ ഇതിന്റെ എല്ലാ പ്രവർത്തകർക്കും അഭ്യൂദയകാംഷികൾക്കും അവകാശമുണ്ട്. കെ സി ആർ എം ന്റെ അല്മായാശബ്ദം ബ്ലോഗ്ഗിനെക്കാൾ Church Citizens' Voice  വളരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ, വെബ്സൈറ്റുകളുടെ ലോക റാങ്കിങ്ങിൽ ബ്ലോഗ്ഗ് 984,703 മതും CCV 417,734 മതും സ്ഥാനങ്ങളില്ലാണിപ്പോൾ.

Church Citizens' Voice ആരോടും വിവേചനം കാട്ടിയിട്ടില്ല, ആരെയും ഭയന്നിട്ടുമില്ല; അലക്ഷ്യമായി വസ്തുതകൾ വളച്ചൊടിച്ചിട്ടുമില്ല, പ്രസിദ്ധീകരിച്ച ഒരു വാക്ക് പോലും പിൻവലിക്കേണ്ടിയും വന്നിട്ടില്ല;  24 മണിക്കൂറും CCV പ്രവർത്തന നിരതമാണെന്നതാണ് സത്യം. ഇന്ന് CCV യുടെ സുഹൃത് വലയം വളരെ വലുതാണ്. നമ്മുടേതെന്നു പറയാൻ സ്ഥിരം ലേഖകരുമുണ്ട്, വാർത്തകൾ അപ്പപ്പോൾ എത്തിച്ചു തരാൻ സ്വന്തം പ്രതിനിധികളുമുണ്ട്. നിരവധി പ്രസ്ഥാനങ്ങൾ CCV യോടൊപ്പം നില്ക്കുന്നു. അത്മായരും സഭാ 'പിതാക്കന്മാരും' ഒരുപോലെ ഇത് വായിക്കുകയും ഇതിൽ എഴുതുകയും ചെയ്യുന്നു. ആഗോള കത്തോലിക്കാ സഭയുടെ സ്പന്ദനങ്ങൾ അത് പോലെ കാണാൻ  CCV സഹായിക്കുന്നു. 

തുടക്കത്തിൽ തന്നെ നിരവധി പ്രതിബന്ധങ്ങളെ CCV ക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ഏതാണ്ട് 8 ഓളം പ്രാവശ്യം ഈ വെബ്സൈറ്റ് ഹാക്ക് ചെയ്യപെട്ടു. അത് ബോധപൂർവ്വമായ ഒരു നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നു സ്പഷ്ടം. ദൈവിക പരിപാലന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്  കാണാൻ ഇതിന്റെ പ്രവർത്തനത്തിലേക്ക് നോക്കിയാൽ മാത്രം മതി. സ്തോസ്ത്രകാഴ്ചയായോ സംഭാവനയായോ കൂലിയായോ ഒരു നയാപൈസാ പോലും CCV വാങ്ങിയിട്ടില്ല. ഈ വെബ്സൈറ്റ്‌ നിർമ്മിച്ചതും അതിന്റെ ചെലവുകൾ വഹിക്കുന്നതും, അത് മെയിന്റൈൻ ചെയ്യുന്നതും, ഇന്ത്യയിലെ ഒരു പ്രമുഖ വെബ്സൈറ്റ് നിർമ്മാണ കമ്പനിയാണ്. സൗജന്യമായി ആ സേവനം നമുക്കു ലഭിക്കുന്നു. ഒരു ലേഖകനും CCV പ്രതിഫലം കൊടുക്കുന്നില്ല, ഇതിന്റെ മുഴുവൻസമയ പത്രാധിപരിൽ ആർക്കും ആരും ശമ്പളവും കൊടുക്കാറില്ല, എങ്കിലും ഇതിനെ സംരക്ഷിക്കാൻ അണികളുണ്ട്, ഇതിനു നിയമോപദേശം നല്കാൻ പ്രഗൽഭരായ അഭിഭാഷകരുമുണ്ട്. ഒരു ബാങ്കക്കൗണ്ട് പോലും ഇല്ലാതിരുന്നിട്ടും CCV അതിവേഗം മുന്നേറുന്നു, സഭയെ ചൂഷണം ചെയ്യുന്നവർക്ക്  ഭീഷണിയായി!

2014 നവമ്ബറിലാണ് CCV പൂർണ്ണതോതിൽ പ്രസിദ്ധീകരണം ആരംഭിച്ചത്. കഴിഞ്ഞുപോയ ഏതു ദിവസത്തെ വാർത്തകളും ആർക്കും എളുപ്പത്തിൽ കണ്ടുപിടിക്കുകയും വായിക്കുകയും ചെയ്യാവുന്ന രീതിയിലാണ് CCV യുടെ വെബ്സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞയാഴ്ച സമാപിച്ച, നമ്മുടെ മെത്രാന്മാർ തീർത്തും അവഗണിച്ചുകളഞ്ഞ റോമായിലെ സിനഡിൽ നടന്ന ഓരോ ചർച്ചയും അതിന്റെ അനുദിന വിലയിരുത്തലുകളും നമ്മുടെ അല്മായശബ്ദം സൈറ്റ് വായനക്കാരിൽ എത്തിച്ചുകൊണ്ടാണിരുന്നത്. അല്ലായിരുന്നെങ്കിൽ കേരളത്തിലെ കത്തോലിക്കരും വളരെയേറെ അകത്തോലിക്കരും ഇങ്ങനെയൊരു സംഭവത്തെപ്പറ്റി അറിയുകപോലും ഇല്ലായിരുന്നു എന്നുതന്നെ പറയാം. CBCI ഇക്കാര്യത്തിൽ കാണിച്ച അലംഭാവത്തിനും അവഗണനക്കും അവർ തക്കതായ പിഴയടക്കേണ്ടിവരും. CCVയുടെ പ്രവർത്തനങ്ങൾകൊണ്ട് വളരെയധികം പ്രയോജനമുണ്ടായ നിരവധി സന്ദർഭങ്ങൾ ഇതിന്റെ വായനക്കാർക്ക് പറയാനുണ്ട്. ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തവർ അല്മായശബ്ദം ബ്ലോഗും (www.almayasabdam.blogspot.com) CCVയും (www.almayasabdam.com) സന്ദർശിക്കണമെന്ന് ഞങ്ങൾ വളരെ ഹൃദയപൂർവം ആഗ്രഹിക്കുന്നു. അനീതി വിൽക്കുകയും വിളമ്പുകയും ചെയ്യുന്നവരെല്ലാം ഈ രണ്ട് ഡിജിറ്റൽ മാദ്ധ്യമങ്ങളെയും ഭയപ്പെടുന്നു. അത് പോരാ! യേശുവിനെ അപമാനിക്കുന്ന ഭരണാധികാരികളിൽ നിന്ന് വിശ്വാസികൾ പൂര്ണ്ണമായും മോചിതരാകുന്നിടം വരെ നമുക്ക് പോകേണ്ടതുണ്ട്. ആ പ്രഭാതം അകലെയല്ല താനും!

പത്രാധിപ സമിതി 

Wednesday, October 28, 2015

സിനഡ് സിന... സിന... ഡും....

പട്ടികൾക്കു വേണ്ടി വാദിക്കാൻ ഒരുപാടു മനുഷ്യരുണ്ട്, പക്ഷേ മനുഷ്യനു വേണ്ടി വാദിക്കാൻ ഒരു പട്ടിയുമില്ലെന്നു പറയുന്നതു കേട്ടിട്ടില്ലെ? അതുപോലെയാ കത്തോലിക്കാ സഭയിലെ കാര്യവും. മെത്രാന്മാർക്കുവേണ്ടി വാദിക്കാൻ ഒരുപാടു വിശ്വാസികളുണ്ട്, പക്ഷെ വിശ്വാസികൾക്കുവേണ്ടി വാദിക്കാൻ ഒരു മെത്രാനുമില്ലെന്ന അവസ്ഥയാണുള്ളത് (പശ്ചിമ ഘട്ടത്തിലുള്ളവർ ക്ഷമിക്കുക). നമ്മളൊരു വിചിത്ര സമൂഹമായി ലോകത്തിൽ കാണും! ഇംഗ്ലണ്ടിലുള്ള സായിപ്പന്മാർ ഓർത്തത് നമ്മളും കത്തോലിക്കരല്ലേ വരട്ടേയെന്നാണ്, അവരുടെ പള്ളികൾ  മലയാളികൾ ഉപയോഗിച്ചോട്ടെയെന്നും അവർ കരുതി. കളി തുടങ്ങിയപ്പോളല്ലേ വിവരം മനസ്സിലായത്. മറ്റുള്ളവർക്കല്ലേ നമ്മുടെ പോരായ്മ നന്നായി കാണാനാവൂ! മലയാളം കുർബ്ബാനയെ അവർ വിശേഷിപ്പിച്ചതു രണ്ടു മണിക്കൂർ നീളുന്ന ഹലാ ഹലാ തരികിട ബഹളം എന്നാണെന്നു പത്രങ്ങളിൽ വായിച്ചു. ഇംഗ്ലിഷിൽ കുർബ്ബാന ചൊല്ലുകയുമില്ല, ശാന്തമായി അൽപ്പനേരം അവിടെയിരിക്കാൻ ആരെയും സമ്മതിക്കുകയുമില്ലെന്നാണ് പഴയ ബ്രിട്ടീഷ് ക്രിസ്ത്യാനികൾ ഇപ്പോൾ പറയുന്നത്. പ്രിസ്റ്റണിൽ സംഗതി വലിയ തർക്കവുമായി! ഞങ്ങൾ പണിത പള്ളി ഇവർക്ക് കൊടുക്കാൻ മെത്രാനെന്തവകാശം എന്നാണ് പ്രിസ്റ്റൺകാർ ഇപ്പോൾ ചോദിക്കുന്നത്. കേരളീയർ കാടന്മാരാണെന്നു കാണിക്കാൻ ബ്രിട്ടീഷ് മാധ്യമങ്ങൾ നമ്മുടെ ചെണ്ടകൊട്ടിന്റെയും വാദ്യമേളങ്ങളുടേയും നേർച്ചപ്പെട്ടികളുടേയും താലപ്പൊലികളുടെയും ആചാരാനുഷ്ടാനങ്ങളുടേയും ചിത്രങ്ങൾ വല്യ മുഴുപ്പിൽ കൊടുക്കുന്നു. ഒരു കർദ്ദിനാളിനെ സ്വീകരിക്കാൻ അവിടെ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ മുഴുവൻ ഇംഗ്ലീഷുകാരും കണ്ടു. അത് മിടുക്കായി കരുതുന്നവരോട്  ഞാനെന്തു പറയാൻ? നമ്മുടെ കാർന്നോർക്ക് ആരെന്തെല്ലാം കാണിച്ചാലും ഒരു കുലുക്കവുമില്ല താനും. 

ഈയിടെ ഒരു മദ്രാസ് കോടതിവിധി കണ്ടു, കുട്ടികളെ പീഢിപ്പിക്കുന്നവരെ പിടിച്ച്, അവരുടെ എക്സ്ടേണൽ ഹാർഡ്‌ ഡിസ്ക് ഡീആക്റ്റിവേറ്റ് ചെയ്തു വിടണമെന്നാണു കോടതി പറഞ്ഞത്. എന്റെ അഭിപ്രായം, കന്യാസ്ത്രിമാർക്ക് നിത്യവൃതവാഗ്ദാനം ഉള്ളതു പോലെയും, മുസ്ലീമുകൾക്കു സുന്നത്തുള്ളതുപോലെയും ശെമ്മാശ്ശുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് വൈദിക വിദ്യാർത്ഥികൾക്ക് ഡീആക്ടിവേഷൻ നിർബ്ബന്ധമാക്കണം എന്നാണ്. ഇഷ്ടം പോലെ തിന്നാമെന്നും, ആരെയും ഭരിക്കാമെന്നും, എന്തു വിഡ്ഢിത്തരവും എവിടെയും വിളിച്ചുകൂവാമെന്നും കരുതി ളോഹയിടാൻ പോകുന്നവർ മര്യാദക്കിരുന്നോളും. ആർഭാടവും ജാടയും ഇഷ്ടപ്പെടുന്ന സർവ്വ സിവിൽ (എഞ്ചിനീയർ) വൈദികർക്കും നാഡിയിടിപ്പു കൂടുതലായിരിക്കും; ഒരു സംശയവും വേണ്ട. എല്ലാ ഇടവകകളിലും ഇടവക്കാരുടെ വക ഒരു മോണിട്ടറിങ് കമ്മറ്റിയും വേണം. അല്ലെങ്കിൽ, സി. ജസ്മി പറഞ്ഞതുപോലെ, കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ കാണണമെന്നു ചിലർക്കു തോന്നിയെന്നിരിക്കും, സഞ്ചാരം വീഡിയോകൾ ചിലരുടെ കളക്ഷനിൽ കണ്ടെന്നുമിരിക്കും. കുറ്റക്കാരനെന്നു കണ്ടിട്ടും വൈദിക പ്രതിയെ ഇവിടെനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു കയറ്റി അയക്കുന്ന മെത്രാന്മാരെ താമരക്കുരിശും ചുമപ്പിച്ചു തെരുവിലൂടെ നടത്തണമെന്നും എനിക്കഭിപ്രായമുണ്ട്. ഫ്ലോറിഡാ കേസ് വെറും ഒരാരോപണമായിരുന്നെങ്കിൽ ആ അച്ചൻ ചിക്കാഗോയിൽ കുർബ്ബാന ചൊല്ലാൻ വന്നപ്പോൾ നാട്ടുകാർ സഹകരിച്ചേനേ. വാദിഭാഗം ആരോപിക്കുന്നതുപോലെയെല്ലാം സംഭവിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. അമേരിക്കയിലെ അച്ചന്മാരെ അടച്ചു ന്യായീകരിക്കാനും ഞാനില്ല. ഒരു വിശ്വാസിയുടെ ഭാര്യയുമായി അവിടെനിന്നൊരു ഒരു വൈദികൻ മുങ്ങിയെന്നതു സത്യം തന്നെയാണ്. 

ഈയിടെ സിനഡിൽ ആലഞ്ചേരി പ്രസംഗിച്ചതു കേട്ടില്ലേ? ദീപിക അതു പ്രസിദ്ധീകരിച്ചിരുന്നു. കുടുംബങ്ങളുടെ തകർച്ചക്കു പറഞ്ഞ കാരണങ്ങളിൽ സർവ്വത്ര ലൈംഗികം. മഠങ്ങൾ പൂട്ടാൻ പോകുന്നതിന്റെ കാരണം ആലഞ്ചേരിപ്പിതാവിനോട് ആരും ചോദിക്കരുതെന്നു ഞാൻ അഭ്യർത്ഥിക്കുന്നു. കുടുംബങ്ങൾ നിലനിൽക്കുന്നതു കാണണമെങ്കിൽ വരൂവെന്ന വെല്ലുവിളിയോടെയാണദ്ദേഹം സിനഡിലെ പ്രസംഗം നിർത്തിയതെന്നു കേൾക്കുന്നു. മാനസികാസ്പത്രികളിൽ അഡ്മിറ്റായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളുടേ എണ്ണവും കൂടി റോമിൽ നിന്നു വരുന്നവർ ശ്രദ്ധിക്കണം. വരുന്നവർ പോലീസ് സംരക്ഷണം കൂടി സ്വന്തം നിലയിൽ ഉറപ്പു വരുത്തിക്കോണം (പാലാ സിനഡിന്റെ കാര്യം ഓർത്ത്‌ പോയതാ). കുടുംബം എന്നു പറയുന്നതു ലൈംഗികം മാത്രമാണോ കാർന്നോന്മാരേ? സഭയിൽ കുടുംബങ്ങൾക്കാണു പ്രാധാന്യം എന്നു മാർപ്പാപ്പാ! ആരു കേൾക്കാൻ? സമ്പത്തും കർത്താവുമായി ഒത്തുപോകില്ലെന്നു മാർപ്പാപ്പാ, ഇങ്ങോട്ടു വാ കാണിച്ചു തരാമെന്ന് ഇക്കാപ്പാ. രണ്ടും കൂടി ഒരൊറ്റ കട്ടിലിൽ കിടക്കുമെന്നു നമ്മുടെ മെത്രാമാർ കാണിച്ചു കൊടുക്കും. സിനഡിന്റെ അവസാനം മാർപ്പാപ്പാ പറഞ്ഞു, ഹൈരാർക്കിയുടെ മുകളിലായിരിക്കും ഇനിമേൽ വിശ്വാസികളുടെ സ്ഥാനമെന്ന്. എല്ലാം മനസ്സിലായി എന്നപോലെ തന്നെയാണ് നമ്മുടെ കേരള മെത്രാന്മാർ സിനഡിന്‌ പോയതുതന്നെ ഒന്നും മനസ്സിലാക്കാതെയാണ്.  മടങ്ങിയതും  ഒന്നും മനസ്സിലാക്കാതെ. ഇനി, അവർക്കെന്തെങ്കിലും മനസ്സിലായതുകൊണ്ടും ഇവിടെ ഒന്നും മാറാനും പോകുന്നില്ല. 

ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ചത് ഇതൊന്നുമല്ല. തട്ടിൽ മെത്രാന്റെ നേതൃത്വത്തിൽ പ്രാർത്ഥന തുടങ്ങിയിരിക്കുന്നു, 2033നെ വരവേൽക്കാൻ! ഞാനിതറിയാൻ എന്താ താമസിച്ചുപോയതെന്നു പിടികിട്ടുന്നില്ല. 2033 ലാണല്ലോ കർത്താവു മരിച്ചതിന്റെ രണ്ടായിരാം ശ്രാദ്ധം വരുന്നത്. ഈ തൊപ്പിക്കാർക്കു സുബുദ്ധി ഉപദേശിക്കാൻ ആരുമില്ലേ? ദൈവത്തിനു ശ്രാദ്ധം വെക്കുന്നു! കർത്താവു ജനിച്ചത് എ ഡി ഒന്നിലാണെന്ന് ഒരു ചരിത്രകാരനും പറഞ്ഞിട്ടില്ലെന്നോർക്കണം, ഈ ജൂലിയൻ/ഗ്രിഗൊറിയൻ കലണ്ടർ പ്രചാരത്തിലായത് എ ഡി 525 ലാണ്. യേശുവിന്റെ ജനനം മറ്റു ചരിത്രക്കണക്കുമായി അൽപ്പമെങ്കിലും ചേരണമെങ്കിൽ ഒരു നാലഞ്ചു വർഷമെങ്കിലും പിറകിലേക്കു നാം പോകേണ്ടി വരുമെന്നും ചരിത്രകാരന്മാർ പറയുന്നു. ഹേറോദേസ് രാജ്യം ഭരിച്ച കാലമെങ്കിലും നോക്കണ്ടേ വല്യപ്പാ? ബൈബിൾ പ്രകാരം യേശൂ ജനിച്ചപ്പോൾ ഹേറോദേസ് ഉണ്ടായിരുന്നു. ചരിത്ര രേഖകൾ പ്രകാരം ബി സി നാലിൽ ഹേറോദേസ് മരിച്ചു. യേശുവിന്റെ ജനനം ബി സി 7 ലായിരിക്കണം. ഒരു ദിവസം, തോമ്മാസ്ലീഹായുടെ കൃത്യമായ ജനന സർട്ടിഫിക്കറ്റുമായും ഇവർ വരാതിരിക്കില്ല. നിത്യവും പൌരോഹിത്യ ജൂബിളികളുടെ വാർത്തകൾ കാണാം. ഇപ്പോഴിതാ ദൈവപുത്രനും ജൂബിലി വരുന്നു! ഇവരിങ്ങനെ ഈ ജൂബിലികളും തീറ്റയും പിരിവുമായി എത്രകാലം സഭ പോകും? ആഘോഷങ്ങൾക്ക് പകരം കർത്താവു പറഞ്ഞ എന്തെങ്കിലുമൊന്നു ചെയ്യ്‌ പിതാക്കന്മാരേ. ഒരു കാര്യം തറപ്പിച്ചു പറയാം - ഈ നിലയിൽ ഒരു സീറോ മലബാർ 2033ൽ ഇവിടുണ്ടാവില്ല. ഉറപ്പ്! വെടീം പടേമായിറങ്ങിയ ടൈറ്റാനിക്ക് പോലും മുങ്ങി. രണ്ടായിരം വർഷങ്ങൾ സഭ കാത്ത ദൈവം ഇനിയും അതിനെ നോക്കും എന്നാണു മെത്രാന്മാർ പറയുന്നത്. രണ്ടായിരം വർഷങ്ങൾക്ക്മേൽ പഴക്കമുള്ള വേറെയും മതങ്ങൾ ഇവിടുണ്ട് തമ്പ്രാന്മാരേ. ചെകുത്താനും ആരോഗ്യത്തോടേ ഇവിടുണ്ട്. സഭ പുറത്താക്കിയ എറണാകുളത്തെ മെത്രാനും ഇപ്പോൾ ജീവിച്ചിരുപ്പുണ്ട്. ഒരു തോമ്മായും ഈ തലതിരിഞ്ഞ സഭയെ സഹായിക്കാൻ വരില്ല! അതു കൊക്കനച്ചനും അറിയാം, എഡ്വിനച്ചനും അറിയാം ആലഞ്ചേരി ബെയാറ്റിറ്റ്യൂഡിനും അറിയാം. പോരേ? ഇനി അഥവാ  രക്ഷിച്ചാലും റോമിലുള്ള ലത്തിൻ സഭയെ ആയിരിക്കും ദൈവം സംരക്ഷിക്കുക, അല്ലാതെ കാക്കനാട് കേന്ദ്രമായുള്ള തലതിരിഞ്ഞ ഈ റീത്തിനെയായിരിക്കില്ല.

ആലഞ്ചേരിക്ക് സർക്കസ് അറിയാമെന്നെനിക്കറിയില്ലായിരുന്നു. ഇപ്പഴാ അങ്ങേര് ശരിക്കും നേതാവായത്. ഇന്നാൾ മോചന സമരം നടത്തിയപ്പോൾ പിതാക്കന്മാരെന്താ പറഞ്ഞത്? പാലാ സിനഡ് കഴിഞ്ഞപ്പോഴും 'അത്മായൻ', 'രാഷ്ട്രീയം' എന്നൊക്കെ കേട്ടതായി ഓർമ്മയുണ്ട് . ഏതായാലും കോഴിക്കോട് ബിഷപ്സ് ഹൗസിലെത്തിയ ഉമ്മൻ ചാണ്ടി ഇത്രയും പ്രതീക്ഷിച്ചില്ല. എന്തൊരു സന്തോഷമായിരുന്നു അവിടുള്ളവർക്ക്. പണ്ടു പിണറായിയെ വിളിച്ചു ചായ കൊടുത്ത റമീജിയൂസ്സ് മെത്രാനും മാലയും വളയുമായി ഉമ്മൻ ചാണ്ടിയെ സ്വീകരിക്കാൻ കോഴിക്കോട്ട് എത്തിയെന്ന് പറഞ്ഞാലെന്താ സ്ഥിതി? സർക്കാരിനെ മുട്ടു കുത്തിക്കുമെന്നോ കൊല്ലുമെന്നോ ഒക്കെ കഴിഞ്ഞ കൊല്ലം ആരൊക്കെയോ പറഞ്ഞതുപോലെ എനിക്കു തോന്നുന്നു. അതെല്ലാം മാറി കർത്താവിന്റെ വഴിയാണ്‌ കത്തോലിക്കനെന്നു മേജർ പറയണമെങ്കിൽ എ കെ സി സി ക്കെന്തെങ്കിലും പറ്റിക്കാണണം. പറ്റിച്ചത് അത്മായർ തന്നെ! സത്യത്തിൽ ആരുടെയും ഹൃദയം തകരും, കേരളത്തിലുടനീളം കാണുന്ന പോസ്റ്ററുകൾ ശ്രദ്ധിച്ചാൽ. മണി മണി പോലത്തെ പേരുകളുള്ള ക്രിസ്ത്യാനികൾ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുന്നു; ഹല്ലേലൂജാ...!

ഒരു സഹജീവി കൊല്ലപ്പെട്ടാൽ ഏതു പൊട്ടനും പോലീസിൽ പരാതിപ്പെടും; പാലായിലെ കന്യാസ്ത്രികളാണെങ്കിൽ ആരുമറിയാതെ ഒതുക്കും. ഇപ്പോൾ കേൾക്കുന്നത്, പോലീസുപട്ടി വന്നിട്ട് തിരിച്ചോടുന്നത് പള്ളിമുറീടെ സൈഡിൽ കൂടി ആകുമോയെന്ന് ആരൊക്കെയോ ഭയപ്പെട്ടിരുന്നുവെന്നാണ്! എങ്ങിനെ കേസ് ഒതുങ്ങാതിരിക്കും?

ഡോ. ആംക മരിയ സെർണേയ നടത്തിയ പ്രഭാഷണം


link: https://www.lifesitenews.com/news/romanian-doctor-makes-blunt-powerful-plea-to-pope-and-bishops-in-presentaticernea
Read the text in www. almayasabdam.com
ഡോ. ആംക മരിയ സെർണേയ നടത്തിയ പ്രഭാഷണം ഫ്രാൻസിസ് മാർപാപ്പയെപ്പോലും ആശ്ചര്യപ്പെടുത്തി! -വാർത്ത...
അതെ, അവർക്ക് അങ്ങനെ തുറന്നു പറയാൻ മടിയില്ല, ഉണ്ടാകുകയുമില്ല. കാരണം, അവൾ ഒരു കുടുംബിനിയാണ്. അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, തൊഴിലിൽ ഒരു ഡോക്ടറുമാണ്. അതുകൊണ്ട്...? പറയാം...:
ആ തൊഴിലിൽ അവർ ദൈവത്തെക്കാണുന്നവരുമാണ്. കണ്ടുമുട്ടുന്ന രോഗികളിൽ ആശ്വാസത്തിന്റെ മരുന്ന് പുരട്ടുന്ന അവർക്ക് ചികിത്സ ദൈവവേലയാണ്. അവർക്ക് ആതുരസേവനവും ആതുരാലയങ്ങളും കച്ചവടമല്ല.
അടച്ചുപൂട്ടിയ മുറിയിൽ ഇഷ്ടവിവിഭവങ്ങള നിറഞ്ഞ മൃഷ്ടാഹ്നഭോജനവും ശാപ്പിട്ട്, അന്യന്റെ വിയർപ്പിന്റെ ഫലം ദൈവത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്ന കൌശലക്കാരിയുമല്ല.
ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ പുത്തൻ വിപണി കണ്ടെത്തി ഓരോ കൂദാശയും തൂക്കി നോക്കി വില്ക്കുകയും, കുർബാനയും കാറ്, വീട് മുതലായ വെഞ്ചരിപ്പുകളടക്കം അനുഗ്രഹങ്ങളും ആശീർവാദങ്ങളും കരിഞ്ചന്തയിലെന്നപോലെ വിൽക്കുകയും ചെയ്യുന്ന കച്ച്ചവടക്കാരിയല്ലേയല്ല.
"സ്തോത്രകാഴ്ച"യെന്ന പേരിൽ ഏതൊരു ചടങ്ങിലും പിരിച്ചെടുക്കുന്ന പണത്തിന്റെ തൂക്കം മാത്രം സ്വപ്നം കാണുന്ന പരാന്നഭോജിയുമല്ല. ഓരോ ദിവസവും ഓടിനടന്ന് അഞ്ചും ആറും പള്ളിമുറികളിൽ/ഹാളുകളിൽ കുർബാന വില്ക്കുന്ന, അതിനിടയിലെ "സ്തോത്രകാഴ്ച"കളുടെ കണക്കുകൾക്ക് കണക്കു സൂക്ഷിക്കുന്ന, പരീശന്മാരുടെ ഓർമ്മ നിലനിർത്തുന്ന ചുങ്കക്കാരിലൊരാളുമല്ല.
മലയാളികൾ ഉള്ളിടത്തെല്ലാം ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ച്, അവിടങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ ധ്യാനപ്പെരുന്നാളുകളും ഇടയ്ക്ക് മെഗാധ്യാനാഘോഷങ്ങളും നടത്തുന്ന കൊള്ളക്കാരുടെ ആൾ ആകാൻ ഒരു സാദ്ധ്യതയുമില്ല.
ലക്ഷങ്ങൾ മുടക്കി നടത്തുന്ന വിമാനയാത്രകളുടെ അകമ്പടിയുമായി കൃത്യമായ ഇടവേളകളിൽ സൃഷ്ടിക്കുന്ന മെഗാ ധ്യാനഘോഷങ്ങൾക്ക് ധ്യാനിപ്പിച്ചു വട്ടാക്കുന്ന ചില വിശേഷകുരുക്കന്മാരുടെ പിണിയാളല്ലവർ.
ജറൂസലേം പള്ളിയിൽ നിന്ന് ക്രിസ്തു ചാട്ടവാറിനടിച്ചോടിച്ച നാണയം മാറ്റക്കാരുടെയും പ്രാവ് വില്പനക്കാരുടെയും മുകളിൽ പറഞ്ഞതു പോലെയുള്ള പിന്മുറക്കാരുടെ പ്രതിനിധിയുമല്ല.
സാധാരണക്കാരന്റെ വേദന നൊന്തുപെറ്റ ഒരമ്മയെന്ന നിലയിൽ, കുടുംബനാഥയെന്ന നിലയിൽ, പ്രായമായ മാതാപിതാക്കളുടെ മകളെന്ന നിലയിൽ ഒക്കെ.... ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ കണ്ടും അനുഭവിച്ചും വളര്ന്ന ഒരു സ്ത്രീയാണവർ.
ഇനിയുമുണ്ട്.., വിശ്വാസം സ്നേഹം, കാരുണ്യം എന്നിവ മാത്രം കൈമുതലായുള്ള ഒരു പാവം സാധാരണ "അല്മേനി"യാണവർ. അതാണ്‌, അത് മാത്രമാണ് വ്യത്യാസം.
അത് കൊണ്ടാണ് ഡോ. ആംക മരിയ സെർണേയ നടത്തിയ പ്രഭാഷണം ഫ്രാൻസിസ് മാർപാപ്പയെപ്പോലും ആശ്ചര്യപ്പെടുത്തിയത്.

Tuesday, October 27, 2015

കന്യകാലയങ്ങള്‍ കാമഭ്രാന്താലയങ്ങളാകുമ്പോള്‍!

(ഒക്ടോബര്‍ ലക്കം 'സത്യജ്വാല' മാസികയില്‍നിന്ന്)

ഇപ്പന്‍

ചരിത്രം പിച്ചവെച്ച നാളുകളില്‍ കാര്‍മ്മികനായിരുന്നു കന്യാചര്‍മ്മഭേദനാവകാശവും. ബ്രാഹ്മണപുരോഹിതര്‍ കേരളീയരുടെ കാമിനീസമ്പത്തു കവര്‍ന്നെടുക്കാന്‍ കാട്ടിക്കൂട്ടിയ ആത്മീയകുതന്ത്രങ്ങള്‍ കേരളചരിത്രത്തിലെ നാണംകെട്ട ഏടുകളാണ്. നൂറ്റാണ്ടുയുദ്ധത്തിന്റെ അന്ത്യത്തില്‍ ചാവേര്‍പ്പടവെട്ടി വംശനാശം സംഭവിക്കുകയാണ് ക്ഷത്രിയപുരുഷകേസരികള്‍ക്ക്. ആണ്‍തുണയില്ലാതായ നായര്‍ പെണ്‍കിടാങ്ങള്‍ക്ക് 'ബീജദാന ശ്രമദാന'വാഗ്ദാനവുമായി ബ്രാഹ്മണപുരോഹിതരെത്തി. ഒരു നൂറ്റാണ്ടിനുള്ളില്‍ പുരുഷക്ഷാമം തീര്‍ന്നെങ്കിലും സംബന്ധം എന്ന അനാചാരം പത്തു നൂറ്റാണ്ടോളം തുടര്‍ന്നു. കാമഭ്രാ
ന്തനായ ഒരു ബ്രാഹമണപുരോഹിതനെ നിരാശനാക്കുന്നത് ദൈവകോപത്തിനു കാരണമാകുമെന്ന് അന്ധമായി വിശ്വസിക്കപ്പെട്ടു. 'ഇല്ലംവരെ ചെല്ലാന്‍ നേരമില്ല. ഇപ്പോള്‍ ഗ്രഹനില അത്യുത്തമം. ഉദ്ദണ്ഡപണ്ഡിതപുത്രലാഭം നിശ്ചയം' എന്നൊക്കെ മുരണ്ടുകൊണ്ട് ബ്രാഹ്മണപുരോഹിതര്‍ വിത്തുമൂരികളെപ്പോലെ നായര്‍ വീടുകള്‍വഴി അന്തിനേരങ്ങളില്‍ മുക്രയിട്ടു ചുരമാന്തി. നെയ്യൊഴിച്ചു തീ കെടുത്താന്‍ സാധിച്ചേക്കാം. പക്ഷേ കാമാഗ്നി കാമാസ്വാദനംകൊണ്ടു ശമിക്കില്ല. നീചനായ അഗ്നിവര്‍ണ്ണന്റെ പരസ്ത്രീഭോഗവര്‍ണ്ണന മാത്രമല്ല, പരംപൊരുളായ പരമശിവന്റെ പാര്‍വ്വതീഭോഗവര്‍ണ്ണനയും കാളിദാസന്‍ ഉപസംഹരിക്കുന്നത് കാമത്തീയുടെ ഉദ്ദാമത വര്‍ണ്ണിച്ചുകൊണ്ടാണ്. പക്ഷേ, പ്രപഞ്ചത്തെ നിലനിറുത്തുന്നത് കാമമാണ്. സംസ് കൃതവും നിയന്ത്രിതവുമായ കാമത്തിന്റെ അനിവാര്യത പരമശിവനും അംഗീകരിക്കുന്നിടത്താണ് കുമാരന്‍ സംഭവിക്കുന്നത്. ദഹിപ്പിച്ച കാമനെ സ്വന്തം ആവശ്യത്തിനുവേണ്ടി ഉയിര്‍പ്പിക്കേണ്ടിവരുന്ന ഗതികേടിലാണ് സന്ന്യാസം ഉപേക്ഷിച്ച ഈശ്വരന്‍. പാര്‍വ്വതിയുടെ കഠോരമായ തപസ്സ് കാമനെ ഉയിര്‍പ്പിക്കാനല്ലാതെ മറ്റൊന്നിനുമല്ല.
ബ്രാഹ്മണപുരോഹിതന്മാരുടെ കാമാസക്തമായ കുബുദ്ധിയാണ് ദേവദാസീസമ്പ്രദായത്തിനു തുടക്കം കുറിച്ചത്. സുന്ദരികളായ പെണ്‍കിടാങ്ങളെ ക്ഷേത്രങ്ങള്‍ക്കു സമര്‍പ്പിക്കുക. അവര്‍ ക്ഷേത്രവും പരിസരവും വൃത്തിയാക്കിയും ക്ഷേത്രകലകള്‍ അഭ്യസിച്ച് വിശ്വാസികളെ വിനോദിപ്പിച്ചും ജീവിതം കഴിച്ചുകൂട്ടുക. അവര്‍ അറിയപ്പെട്ടിരുന്നത് ദേവന്റെ അടിച്ചി (ദേവന്റെ ദാസി) അഥവാ തേവിടിച്ചി (ദേവദാസി) എന്നുതന്നെയാണ്. ഇന്നത്തെ സമൂഹത്തില്‍ ഒരു റവറന്റ് സിസ്റ്ററിനുള്ള മാന്യത അവര്‍ക്കന്നുണ്ടായിരുന്നു. അധികം താമസിച്ചില്ല, പുരോഹിതന്മാരവരെ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങി. ഋതുമതി ആകുന്നതിനുമുമ്പുതന്നെ വന്ന് ഊരാക്കുടുക്കില്‍പ്പെട്ടുപോയ അവര്‍ വഴങ്ങിക്കൊടുത്തെങ്കില്‍ അതിനവരെ എങ്ങനെ കുറ്റപ്പെടുത്താനാവും? ദേവദാസീസമ്പ്രദായം അധഃപതിച്ചതോടുകൂടി തേവിടി ച്ചി എന്ന പദത്തിന് അര്‍ത്ഥാധഃപതനം സംഭവിച്ച് ദുരര്‍ത്ഥപ്രതീതി കൈവന്നു. അതായത്, ദൈവത്തിന്റെ ദാസികള്‍ തേവിടിച്ചികളായി.
ബുദ്ധമതത്തിന്റെ അപചയഘട്ടത്തില്‍ ബുദ്ധമതവിഹാരങ്ങളിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ബുദ്ധഭിക്ഷുക്കളും ഭിക്ഷുകികളും ഭോഗസമുദ്രത്തില്‍ ആറാടിത്തിമിര്‍ത്തു. രാജാക്കന്മാരും പ്രഭുക്കന്മാരും ദരിദ്രനാരായണന്മാരും നൂറ്റുണ്ടുകളായി കൊടുത്ത ഭിക്ഷ പില്ക്കാലത്ത് അവരുടെ ധൂര്‍ത്തജീവിതത്തിന് ഇന്ധനമായി ഭവിച്ചു. അതങ്ങനെയേ വരൂ.
ഇനി നമ്മുടെ മതത്തിലേക്കു വരാം. കുമ്പസാരം എന്ന പ്രാകൃതമായ അനാചാരം ഉദ്ഭവിച്ചതിനു പല കാരണങ്ങളും പറഞ്ഞുകേട്ടിട്ടുണ്ട്. വിവാഹം നിഷേധിക്കപ്പെട്ട പുരോഹിതന്മാര്‍ക്ക് പറഞ്ഞുസുഖിക്കാനും കേട്ടുസുഖിക്കാനുമുള്ള അവസരം അതോടെ തരപ്പെട്ടു. ഇന്നത്തെ മൊബൈല്‍ സെക്‌സിന്റെ കാലപൂര്‍വ്വമാതൃക! ഇതൊന്നും ഞാനായിട്ടു പറഞ്ഞുണ്ടാക്കുന്നതല്ല. ലക്ഷങ്ങളെ കുമ്പസാരിപ്പിച്ച വടക്കനച്ചന്‍ തന്റെ ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തുന്നതാണ്. തസ്‌കരസംഘഭയം മുന്‍നിര്‍ത്തി മദ്ധ്യകാലങ്ങളില്‍ കന്യാസ്ത്രീമഠങ്ങള്‍ സന്ന്യാസാശ്രമങ്ങളുടെ സമീപത്തു സ്ഥാപിച്ചുതുടങ്ങി. സന്ന്യാസിമാര്‍ ഭൂമി തുരന്നു മഠങ്ങളിലെത്തി മദനോത്സവങ്ങളാടിത്തിമിര്‍ത്തു. ഗോവായില്‍ ചെന്നാല്‍ കാണാം, ഫ്രാന്‍സീസ് സേവ്യറിന്റെ തിരുശേഷിപ്പുപള്ളിയുടെ സമീപത്തായി അത്തരമൊരാശ്രമത്തിന്റെയും മഠത്തിന്റെയും തുരങ്കത്തിന്റെയും 'തിരുശേഷിപ്പ്'. സിസ്റ്റ ര്‍ ജസ്മി ഉള്‍പ്പെടെ ഈയിടെ പല കന്യാസ്ത്രീകളും നടത്തിയ ധീരമായ വെളിപ്പെടുത്തലുകള്‍ ഇന്നത്തെ കന്യാസ്ത്രീമഠങ്ങളില്‍ അരങ്ങേറുന്ന കന്ദര്‍പ്പപൂജകളുടെ നേര്‍സാക്ഷ്യങ്ങളാണ്.
കണിശ്ശമായും ഇതൊന്നും ആരെയും ചെളിവാരിയെറിയാന്‍ പറയുന്നതല്ല. ഇങ്ങനെയൊരു സംവിധാനം ഈയൊരു പരിണതിയിലെത്തിയില്ലെങ്കിലേ അതിശയമുള്ളൂ. സേവനൈകവ്യസനിതരായി മഠങ്ങളിലെത്തുന്ന ഒരു വിഭാഗം ഇന്നും ഉണ്ടെന്നുള്ളതു വിസ്മരിക്കുന്നില്ല. ഒപ്പം ചില തേവിടിച്ചികളും ക്രിമിനലുകളും അധര്‍മ്മപ്പെരുമഴയത്ത് ഊത്തപോലെ കയറിവരുന്നത് സ്വാഭാവികം. പോരാഞ്ഞ് മൊബൈലും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ ആര്‍ക്കു ലൈംഗികാരാജകത്വത്തിന്റെ പറുദീസായിലെത്തിച്ചേരാവുന്ന കാലം. അംഗസംഖ്യ 24000 കവിഞ്ഞുനില്‍ക്കുന്ന കര്‍മ്മലീത്താമഠത്തില്‍ അത്തരക്കാര്‍ കടന്നുകൂടിയിട്ടില്ലെന്ന് ആര്‍ക്കു പറയാന്‍കഴിയും? എത്രയോ പഠിച്ചകള്ളികളെയാണ് നമ്മള്‍ പത്രമാര്‍ഗ്ഗേണ പരിചയപ്പെടുന്നത്. കന്യാമഠങ്ങളിലെ വമ്പിച്ച സമ്പത്തും സുരക്ഷിതത്വവും ഹൈടെക് കുലടകളെയും ആകര്‍ഷിക്കാതിരിക്കുമോ? മഠങ്ങളി ല്‍ കയറിപ്പറ്റുന്ന ഏതു ക്രിമിനലിനെയും സംരക്ഷിക്കാന്‍ കത്തോലിക്കാമാഫിയായും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന രാഷ്ട്രീയവും മുതലാളിത്തവുംബാദ്ധ്യസ്ഥമാണെന്നുള്ള ദയനീയാവസ്ഥയാണ് ഏതു ക്രിമിനല്‍ കന്യാസ്ത്രീക്കും ശാശ്വത സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നത്. ഒരു കന്യാസ്ത്രീയുടെ പോലും അറസ്റ്റ് സഭയാകുന്ന സോ പ്പുകുമിളയ്ക്കു താങ്ങാനാവില്ല. കേരളത്തിന്റെ ചരിത്രത്തില്‍ പത്രയിടം ഏറ്റവും അപഹരിച്ചത് അഭയാക്കേസാണ്.
ലിസ്യൂമഠത്തിലെ അമല സിസ്റ്ററിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് നസ്രാണി ദീപികയില്‍മാത്രം വന്ന വാര്‍ത്തകളും, പാലാ രൂപതയുടെ ഔദ്യോഗികവക്താവിന്റെ പത്രസമ്മേളനവും, മതദാസ്യം അനുഷ്ഠിക്കുന്ന രാഷ്ട്രീയത്തോടു വിധേയത്വംപുലര്‍ത്താന്‍ ബാദ്ധ്യസ്ഥമായ പോലീസിന്റെ ഭാഷ്യങ്ങളുംമാത്രം നൂറുശതമാനം വിശ്വസിച്ചുകൊണ്ടു ചിന്തിക്കുന്ന ഒരാള്‍ക്കുപോലും, ചരിത്രബോധമുണ്ടെങ്കില്‍ ഈ ലേഖനത്തില്‍ ഞാന്‍ പിന്നിട്ട ചാരിത്രരഹിതമായ ചരിത്രമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കാതിരിക്കാനാവില്ല. ഇതൊരു സ്വയം വിശദീകരിക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ട്, പോലീസിനും പുരോഹിതനും പത്രത്തിനും ഒന്നും തമസ്‌കരിക്കാനാവുന്നില്ല.
എന്തുകൊണ്ടു തെളിവുനശിപ്പിച്ചതിനുശേഷംമാത്രം പോലീസിനെ അറിയിച്ചു? നമ്മളാരെങ്കിലും അത്ര ധൈര്യം കാട്ടുമോ? എന്തുകൊണ്ടു പോലീസിനെ അറിയിക്കാന്‍ വൈകി? നാടുനീളെ നടന്ന് ഒരു റിപ്പര്‍ കന്യാസ്ത്രീകളുടെ തല തല്ലി പ്പൊട്ടിച്ചിട്ട് എന്തേ നമ്മളാരും അറിഞ്ഞില്ല? ലക്ഷങ്ങള്‍ മോഷണം പോയിട്ടും എന്തേ മൗനം പാലിച്ചു? വടക്കേ ഇന്ത്യയില്‍ ഒരു കന്യാ സ്ത്രീയെ കമന്റടിച്ചാല്‍പ്പോലും പാലാ നിറഞ്ഞു കവിഞ്ഞ് കത്തോലിക്കാ കവാത്തു പതിവാണല്ലോ. ഇതില്‍നിന്നു നമ്മളെ ന്തനുമാനിക്കണം? കൊല പാതകം ഉള്‍പ്പെടെ എന്തു സംഭവിച്ചാലും അതു മൂടി പ്പൊതിഞ്ഞുവയ്ക്കാന്‍ എല്ലാ കന്യാസ്ത്രീ കളും നിര്‍ബന്ധിതരാവുന്നു. അവര്‍ക്ക് പരസ്പരം സംശയമാണ്. തങ്ങളിലാര്‍ക്കും കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് എങ്ങനെ ഉറപ്പിക്കാം? പഠിച്ച കള്ളന്മാര്‍ ആസൂത്രണംചെയ്യുന്ന ബാങ്കുകൊള്ളകളും മറ്റും തെളിയിക്കാന്‍ നമ്മുടെ സാദാപോലീസ് പ്രകടിപ്പിക്കുന്ന വൈദഗ്ദ്ധ്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കാണോ മഠങ്ങളിലെ കളവുകളും തലയ്ക്കടികളും ഒളിഞ്ഞു നോട്ടങ്ങളും തെളിയിക്കാന്‍ ബുദ്ധിമുട്ട്? മഠങ്ങളിലെ മൊബൈല്‍ ഫോണുകള്‍മാത്രം പോലീസിനു കൈമാറിയാല്‍ മതിയാവും. യഥാര്‍ത്ഥകന്യക കളെല്ലാം കൊല്ലപ്പെട്ടാലും സഭയുടെ മാനമാണു പ്രധാനം എന്ന നിലപാട് സഭാനേതൃത്വം സ്വീക രിച്ചാലെന്തു ചെയ്യും? സമയത്തു പൊട്ടിക്കാത്ത പരു അവസാനം പരിസരത്തുമുഴുവന്‍ ദുര്‍ഗന്ധം പരത്തിക്കൊണ്ട് പൊട്ടിത്തെറിക്കുകതന്നെ ചെയ്യും. അതാണ് കേരളത്തിന്റെ വത്തിക്കാനില്‍, ആഗോള സഭയ്ക്ക് ഏറ്റവുമധികം സന്ന്യസ്തരെ സംഭാവന ചെയ്തു എന്നു മേനിനടിക്കുന്ന പാലാരൂപതയുടെ തലസ്ഥാനത്ത്, സംഭവിച്ചത്.
രക്തം അശുഭസൂചകമാണ്. പക്ഷേ ചിലപ്പോള്‍ ആ രക്തം പരിണമിച്ച്  ചരിത്രത്തെ അമ്മിഞ്ഞപ്പാലൂട്ടിയേക്കാം. ഇവിടെ രണ്ടു നല്ല അമ്മമാര്‍ രക്തസാക്ഷികളായിരിക്കുന്നു. അറിയപ്പെടാത്ത രക്തസാക്ഷികള്‍ ഇനി എത്ര? മരിച്ചവരെ തിരിച്ചു കൊണ്ടുവരാനാവില്ല. ജീവിച്ചിരിക്കുന്നവര്‍ക്കു രക്തസാക്ഷിത്വത്തില്‍നിന്നു പാഠങ്ങള്‍ പഠിക്കാം. ബ്രഹ്മചര്യമാകുന്ന ഒറ്റയളുക്കില്‍ ആത്മീയതയാകുന്ന ആനയെ അടയ്ക്കാന്‍ ശ്രമിച്ച മുനിയാണു വിഭാണ്ഡകന്‍. മൂപ്പര്‍ സ്‌നാനത്തിനിടയില്‍ ആകാശത്തുകൂടിപോയ അപ്‌സരസിനെ ഒന്നു നോക്കിപ്പോയി. അതുമതിയായിരുന്നു, അങ്ങേര്‍ക്കു രതിമൂര്‍ഛയുണ്ടായി സ്ഖലനം സംഭവിക്കാന്‍. ഒഴുകിയെത്തിയ ബീജം ഒരു പെണ്‍മാന്‍ കുടിച്ചു ഗര്‍ഭിണിയായി. ആ മാന്‍ പ്രസവിച്ചുണ്ടായ പുത്രനാണ് ഋഷ്യശൃംഗന്‍. അച്ഛന്‍ വാശി യോടെ മകനെ അതികര്‍ക്കശമായ ബ്രഹ്മചര്യ വ്രതം അടിച്ചേല്പ്പിച്ചു വളര്‍ത്തി. ഒറ്റപ്പെണ്ണി നെയും കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗനെ വശീകരിക്കാന്‍ അയല്‍രാജാവു നിയോഗിക്കുന്നത് സുന്ദരികളായ തേവിടിച്ചികളെയാണ്. ആശ്രമത്തിലെത്തിയ അച്ഛനോട് ആ കടിഞ്ഞൂല്‍ പൊട്ടന്‍ പറയുകയാണ്, 'അച്ഛാ, ഇവിടെ ഇന്ന് കുറെ കൂട്ടുകാരന്മാര്‍ വന്നിരുന്നു. അവരുടെ നെഞ്ചില്‍ മനോഹരമായ രണ്ടു മുഴകളുണ്ട്. അവയുടെ മദ്ധ്യത്തില്‍ നമസ്‌കാര മുദ്രകളുണ്ട്.' ഇവിടെ സന്ന്യാസിക്കു സത്യവതിയില്‍ പിറന്ന ഋഷികവി ഒരു തുറന്ന ചിരി ചിരിച്ചിട്ടുണ്ടെന്ന് മാരാര്‍ പറയുന്നു.
ബ്രഹ്മചര്യത്തെ പരിഹസിച്ചെഴുതിയ ഈ കഥയില്‍ ഒരു ഗുണപാഠം ഒളിച്ചിരുപ്പുണ്ട്. പ്രേമോഷ്മളമായ ദാമ്പത്യം നിഷേധിക്ക പ്പെടുന്ന അരോഗദൃഢഗാത്രന്മാര്‍ കുലടകളുടെ കെണിയിലായിരിക്കും പെടുക. ന്യായമായ ദാമ്പത്യം സ്ത്രീകളുടെയും അവ കാശമാണ്. അതു നിഷേധിക്കപ്പെടുന്ന സാഹ ചര്യത്തില്‍ അവര്‍ റിപ്പര്‍ന്മാരെവരെ വിളിച്ചു കയറ്റിയാല്‍ അതിശയിക്കേണ്ടതില്ല.
ദാമ്പത്യം ആഗ്രഹിക്കുന്നവരെയെല്ലാം പുനരധിവസിപ്പിക്കാനുള്ള ബാദ്ധ്യത സഭയ്ക്കുണ്ട്. സഭാസ്ഥാപനങ്ങള്‍ക്കു വേണ്ട സാമ്പത്തികസുതാര്യതയും ഈ ദുരന്തം ആവര്‍ത്തിച്ചോര്‍മ്മിപ്പിക്കുന്നു. മരിച്ചത് ഒരു പ്രൊവിന്‍ഷ്യാളിന്റെ അനുജത്തിയാണെന്നുള്ളത് മറക്കരുത്. ഒന്നാമത്തെ കലഹമൂലം കനകമാണല്ലോ.
ഫോണ്‍: 9446561252

Monday, October 26, 2015

മേലുകാവുമറ്റം പള്ളിക്കിണര്‍ വികാരി നശിപ്പിച്ചു!

(ഒക്ടോബര്‍ ലക്കം സത്യജ്വാല മാസികയിലെ ഇടവകകളിലൂടെ 

എന്ന പംക്തിയില്‍നിന്ന്)


ഉടമകളെ തൃണവല്‍ഗണിച്ച് കാര്യസ്ഥന്മാര്‍ തന്നിഷ്ടം നടത്തുന്ന തലതിരിഞ്ഞ സമ്പ്രദായമാണ് കേരളത്തിലെ പല പള്ളികളിലും നടമാടുന്നതെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ ഒന്നിനു പിറകേ മറ്റൊന്നായി നമുക്കു ചുറ്റുമുള്ള ഇടവകകളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈയിടെ പാലാ രൂപതയിലുള്ള മേലുകാവുമറ്റം ഇടവകയില്‍ നടന്ന സംഭവം ഇത്തരത്തിലുള്ള ഒന്നാണ്. സംഭവം ഇങ്ങനെ:
2015 സെപ്റ്റംബര്‍ 13-ന് മേലുകാവുമറ്റം പള്ളിയുടെ കണക്കുകള്‍ അവതരിപ്പിച്ചു പാസ്സാക്കുന്നതിനായി തിരട്ടുകമ്മിറ്റി കൂടുകയായിരുന്നു. കോറം തികയാത്ത ആ കമ്മിറ്റിയില്‍, പള്ളിമുറ്റത്ത് എണ്‍പതു വര്‍ഷത്തിലേറെയായി ഉള്ളതും, ഇടവകക്കാരും സ്‌കൂള്‍ കുട്ടികളും നാട്ടുകാരും ഉപയോഗിച്ചുവരുന്നതുമായ വറ്റാത്ത കിണര്‍ മൂടി പാര്‍ക്കിങ്ങ് ഏരിയാ ആക്കണം എന്ന ഒരു നിര്‍ദ്ദേശം വികാരി അവത
രിപ്പിച്ചു. ഈ വിഷയം അജണ്ടയില്‍ ഉള്ളതായിരുന്നില്ല.
പെട്ടെന്നു കൊണ്ടുവന്ന വിഷയമായിരുന്നതിനാല്‍ വ്യക്തമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ അംഗങ്ങള്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ യോഗത്തിനുശേഷം അവര്‍ മറ്റു കമ്മിറ്റിയംഗങ്ങളുമായി ആലോചിക്കുകയും,  വികാരിയുടെ തീരുമാനം സ്‌കൂള്‍കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായതിനാല്‍ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കമ്മിറ്റിക്കാര്‍ വിവരം പിറ്റേന്നു രാവിലെതന്നെ വികാരിയച്ചനെ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെങ്കില്‍ പതിനഞ്ചു കമ്മിറ്റിക്കാരെങ്കിലും ഒപ്പിട്ട് രേഖാമൂലം അറിയിക്കണമെന്നും അല്ലെങ്കില്‍ 16-ാം തീയതി ജെസിബി വന്ന് കിണര്‍മൂടുമെന്നും അച്ചന്‍ പറഞ്ഞു. അതനുസരിച്ച് പതിനേഴു കമ്മിറ്റിയംഗങ്ങള്‍ ഒപ്പിട്ട്, കിണര്‍മൂടരുതെന്ന് വികാരിയെ രേഖാമൂലം അന്നുതന്നെ അറിയിച്ചു. അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തു.
എന്നാല്‍, രണ്ടാഴ്ചകഴിഞ്ഞ് ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തിദിനത്തില്‍, യാതൊരു മുന്നറിയിപ്പും കൂടാതെ ജെ.സി.ബി ഉപയോഗിച്ച് വികാരി കിണര്‍ മൂടി. കമ്മിറ്റിക്കാര്‍ അന്നുതന്നെ പാലാ സഹായമെത്രാനെ വിവരം അറിയിച്ചു. പക്ഷേ ഇതുവരെ കിണര്‍ പുനഃസ്ഥാപിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.
ജലസ്രോതസ്സുകള്‍ മൂടുന്നതുപോലെയുള്ള പ്രവൃത്തികള്‍ ഭരണകൂടാനുമതിയോടെയേ പാടുള്ളൂ എന്നറിയാവുന്ന കമ്മിറ്റിക്കാര്‍, കിണര്‍ വീണ്ടും ഉപയോഗയോഗ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി
യംഗവും പാസ്റ്ററല്‍ കൗണ്‍സിലംഗവുമായ ശ്രീ അബു മാത്യു കയ്യാലയ്ക്കകത്തിന്റെ നേതൃത്വ ത്തില്‍  പാലാ ഞഉഛ -യെയും കളക്ടറെയും സമീപിച്ചിരിക്കുകയാണ്. തങ്ങ ളുടെ പൂര്‍വ്വികര്‍ നല്ല വിസ്താരത്തില്‍ നിര്‍മ്മിച്ചു നാട്ടുകാര്‍ക്കു നല്‍കിയ കിണര്‍ വികാരിയച്ചന്‍ തന്നിഷ്ടപ്രകാരം നശിപ്പിച്ചതില്‍ ഇടവകക്കാരും നാട്ടുകാരും ക്ഷുഭിതരായിരിക്കുകയാണ്.

 

.....ഈ വാര്‍ത്താക്കുറിപ്പെഴുതി ഒരാഴ്ചകഴിഞ്ഞതേയുള്ളു- ഇടവകക്കാരുടെ ധാര്‍മ്മികരോക്ഷം  ഒക്‌ടോബര്‍ 11-നു നടന്ന മാസത്തിരട്ടുയോഗത്തില്‍ അണപൊട്ടി. പള്ളിക്കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം, പന്ത്രണ്ടോളം വനിത അംഗങ്ങള്‍ ഉള്‍പ്പെടെ, വികാരിയച്ചനെയും കൈക്കാരന്മാരെയും  പള്ളിക്കിണര്‍ മൂടിയതിനെച്ചൊല്ലി രൂക്ഷമായി വിമര്‍ശിച്ചു. കൈക്കാരന്മാര്‍ അക്ഷരം മിണ്ടാതെ നാവിറങ്ങിയതുപോലെ ഇരുന്നു. വികാരിയച്ചന്‍ പറഞ്ഞു: ' തെറ്റുപറ്റിപ്പോയി; ക്ഷമിക്കണം. ബിഷപ്പിനുകൊടുത്ത പരാതിക്കും കളക്ടര്‍ക്കു കൊടുത്ത പരാതിക്കും കിട്ടുന്ന ശിക്ഷ എന്താണെങ്കിലും അത് ശിരസ്സാവഹിക്കും. ഇനി ഏതു വിഷയത്തിലും പള്ളിക്കമ്മിറ്റിയോഗങ്ങളില്‍ ആവശ്യത്തിനു സമയമെടുത്ത് ചര്‍ച്ചചെയ്‌തേ തീരുമാനമെടുക്കൂ...'
 

ഇടവകക്കാരും കമ്മിറ്റിക്കാരും ധീരമായി പ്രതികരിക്കാന്‍ തയ്യാറായാല്‍ പുരോഹിതധാര്‍ഷ്ട്യം തലകുനിക്കും എന്നതിന് ഉദാഹരണവും, മറ്റിടവകക്കാര്‍ക്ക് മാതൃകയുമായിത്തീര്‍ന്നിരിക്കുന്നു, മേലുകാവുമറ്റം പള്ളിക്കമ്മറ്റിക്കാരുടെ ധീരാദോത്തമായ പ്രകടണം.  മൂടിയ കിണര്‍ അച്ചനും കൈക്കാരന്മാരുംചേര്‍ന്ന്  സ്വന്തം ചെലവില്‍ ശരിയാക്കി പുന:സ്ഥാപിച്ചു തരണമെന്നാണ് ഇടവകക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 

യേശുവില്‍ ധീരരായി പുരോഹിതാധിപത്യത്തിനെതിരെ നീതിയുടെ ചാട്ടവാര്‍ കൈയിലെടുത്ത മേലുകാവുമറ്റം ഇടവകക്കാര്‍ക്കും കമ്മിറ്റിക്കാര്‍ക്കും കെ.സി.ആര്‍.എം.-ന്റെയും 'സത്യജ്വാല'യുടെയും അഭിവാദ്യങ്ങള്‍?

Friday, October 23, 2015

സഭാനവീകരണസംവാദം - ഒരു അനുബന്ധം



സത്യജ്വാല' മാസികയുടെ സെപ്റ്റംബര്‍ ലക്കത്തില്‍ പ്രൊഫ. പി.സി. ദേവസ്യ എഴുതിയിരുന്ന സഭാനവീകരണസംവാദം - ഒരു പ്രതികരണം എന്ന കുറിപ്പ് അല്മായശബ്ദത്തില്‍ 
 (http://almayasabdam.blogspot.in/2015/10/blog-post_13.html)  
ചേര്‍ത്തിരുന്നല്ലോ. അതിന്റെ അനുബന്ധമായി എഡിറ്റര്‍ 
ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ 
 എഴുതിയിരുന്ന പ്രതികരണമാണ് താഴെ: 

2015 മെയ് ലക്കത്തില്‍ സഭാനവീകരണത്തെപ്പറ്റി എഴുതിയിരുന്ന 'മുഖക്കുറി'യെയും, അതിനോടു പ്രതികരിച്ച് ശ്രീ റ്റി.റ്റി. മാത്യു തകിടിയേല്‍ എഴുതിയ ലേഖനത്തെയും, തുടര്‍ന്നുള്ള എന്റെ പ്രതികരണത്തെയുമെല്ലാം ഇത്ര സൂക്ഷ്മമായി വിലയിരുത്തുവാന്‍ താത്പര്യം കാണിച്ച സഭാനവീകരണരംഗത്തെ എന്റെ ആദ്യ ഗുരുനാഥന്‍കൂടിയായ പ്രൊഫ.പി.സി. ദേവസ്യാ സാറിനോടുള്ള നന്ദി ആദ്യമേ പ്രകടിപ്പിക്കട്ടെ. തകിടിയേല്‍ മാത്യുച്ചേട്ടനു ഞാന്‍ നല്‍കിയ മറുപടികളില്‍ ഭൂരിഭാഗവും ശരിയും തൃപ്തികരവുമെന്ന് അദ്ദേഹം അംഗീകരിച്ചുകണ്ടതിലുള്ള സന്തോഷവും ഇവിടെ രേഖപ്പെടുത്തുന്നു.

എന്നാല്‍ഈ വിഷയം അവസാനമായി ചര്‍ച്ചചെയ്ത ജൂലൈ ലക്കത്തില്‍, കാപട്യത്തെയും ആത്മവഞ്ചനയെയുംകുറിച്ച് മനുഷ്യമനസ്സുകളില്‍ വേരുപിടിച്ചുനില്‍ക്കുന്ന ചില ധാരണകളെ തിരുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ ആ ഉദ്യമം വായനക്കാരുടെ മനസ്സുകളില്‍ അപകടകരമാംവിധം അവ്യക്തതകളുയര്‍ത്താന്‍ കാരണമായിരിക്കുന്നുവെന്നാണ് ബഹു.ദേവസ്യാസാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തീര്‍ച്ചയായും ഇത് എന്നില്‍നിന്നും കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു.
 
സത്യാന്വേഷകരിലും സ്വതന്ത്ര ചിന്തകരിലും രൂഢമൂലമായി നിലനിന്നുപോരുന്ന ഒരു ആദര്‍ശതത്വമാണ്, 'ചിന്തിക്കുന്നതുതന്നെ പറയുക, പറയുന്നതുതന്നെ പ്രവര്‍ത്തിക്കുക' എന്നത്. അങ്ങനെ ചെയ്യാത്തവരെല്ലാം, സ്വാഭാവികമായും, അവരുടെ കണ്ണില്‍ ആത്മവഞ്ചകരും കപടനാട്യക്കാരുമായി കാണപ്പെടുന്നു. ഈ സമീപനം ശരിയാണോ എന്നാലോചിച്ചാല്‍, അത് അത്രയ്ക്കങ്ങു ശരിയല്ല എന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിയും. ഏതൊരു തത്വവും ആത്യന്തികമായി ശരിയായിരിക്കെത്തന്നെ ആപേക്ഷികമായിമാത്രം പ്രായോഗികമാക്കാവുന്നതുമാണ് എന്നു പറയാമെന്നു തോന്നുന്നു. ശരിയായ ഏതൊരു തത്വവും മനുഷ്യന്റെ ചിന്തയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാനദണ്ഡവും മാര്‍ഗദീപവുമായി വര്‍ത്തിക്കുക മാത്രമാണു ചെയ്യുന്നത്. രണ്ടു സമാന്തരരേഖകള്‍ അനന്തതയില്‍ കൂട്ടിമുട്ടും എന്നത് താത്വികമായി ശരിയാണെങ്കിലും പ്രായോഗികമായി അനന്തതയ്ക്ക് അന്തമില്ലാത്തതിനാല്‍ അവ ഒരിക്കലും കൂട്ടിമുട്ടാനിടവരുന്നില്ലല്ലോ. എന്നതുപോലെ, സമ്പൂര്‍ണ്ണമായ ഒരു തത്വത്തെ ലക്ഷീകരിച്ചു ശരിയായ ദിശയില്‍ നീങ്ങാമെന്നല്ലാതെ അപൂര്‍ണനായ മനുഷ്യന് സ്വന്തം ജീവിതത്തില്‍ ആ തത്വത്തെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കാന്‍ സാധ്യമാവുകയില്ല എന്നാണ് എന്റെ എളിയ അഭിപ്രായം. വ്യക്തിപരമായ സ്വന്തം പരിമിതികള്‍മാത്രമല്ല, സാഹചര്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന പരിമിതികള്‍കൊണ്ടുംകൂടിയാണ് ഇതു സാധ്യമാകാതെ വരുന്നത്.

ഗാന്ധിജി 'ഹിന്ദ് സ്വരാജ്' അവസാനിപ്പിക്കുന്നത്, ''എന്റെ ശിഷ്ടജീവിതം സമര്‍പ്പിച്ചിരിക്കുന്നത് ഈ സ്വരാജ് നേടുന്നതിനുവേണ്ടിയാണെന്ന് എന്റെ മനസ്സാക്ഷി സത്യംചെയ്യുന്നു'' എന്ന വാക്യത്തോടെയാണ്. എന്നാല്‍, ഈ പ്രതിജ്ഞ മാറ്റിവച്ച്, ഇന്ത്യയുടെ പാര്‍ലിമെന്ററി സ്വരാജിനു വേണ്ടിയാണ് അദ്ദേഹം പിന്നീടു പ്രവര്‍ത്തിച്ചത് എന്നു നമുക്കറിയാം. 'ഹിന്ദ് സ്വരാജി'ല്‍ അദ്ദേഹം ആവിഷ്‌കരിച്ച ഗ്രാമസ്വരാജ്‌ സങ്കല്പത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഈ ചുവടുമാറ്റം എന്നോര്‍ക്കണം. അദ്ദേഹം പറയുന്നു: ''....അതിലെ ആശയങ്ങളിലെനിക്കു വിശ്വാസം കൂടിയിട്ടേയുള്ളൂ.... എന്നാല്‍, പുസ്തകത്തില്‍ വിവരിച്ച മട്ടിലുള്ള സ്വരാജിനു വേണ്ടിയല്ല ഞാനിപ്പോള്‍ യത്‌നിക്കുന്നത്. അതിനുമാത്രം പക്വത ഇന്ത്യയ്ക്കു കൈവന്നിട്ടില്ല.... ഇന്ത്യാക്കാരുടെ ഹിതം മാനിച്ച് പാര്‍ലിമെന്ററി സ്വരാജ് നേടലാണ് ഇപ്പോഴത്തെ എന്റെ പൊതുപ്രവര്‍ത്തനലക്ഷ്യം'' (യംഗ് ഇന്ത്യ, ജനു. 1921). ബ്രിട്ടീഷ് മോഡല്‍പാര്‍ലിമെന്ററി ജനാധിപത്യസമ്പ്രദായത്തെ 'മച്ചിയും വേശ്യയും' എന്നു ക്രൂരമായി പരിഹസിച്ച ആളാണു ഗാന്ധിജി എന്നോര്‍ക്കുക.)

ഇവിടെ, ഗാന്ധിജി 'അതിനുമാത്രം പക്വത ഇന്ത്യയ്ക്കു കൈവന്നിട്ടില്ല' എന്നും, 'ഇന്ത്യാക്കാരുടെ ഹിതം പാര്‍ലിമെന്ററി സ്വരാജ് നേടലാണ്' എന്നും മനസ്സിലാക്കിക്കൊണ്ട് തനിക്കു വലിയ യോജിപ്പില്ലാത്ത ഒരു കാര്യത്തിനുവേണ്ടി തന്റെ പ്രവര്‍ത്തനപന്ഥാവ് മാറ്റുകയാണു ചെയ്തത്. മഹാന്മാര്‍ക്കുപോലും, നിലവിലുള്ള സാമൂഹികസാഹചര്യങ്ങള്‍ക്കും മനുഷ്യരുടെ ഹിതത്തിനും അനുസൃതമായേ പ്രവര്‍ത്തിക്കാനാവൂ എന്നും, അതൊന്നും കാപട്യമോ ആത്മവഞ്ചനയോ അല്ലെന്നുമാണ് ഇതു തെളിയിക്കുന്നത്. 

നികുതി നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ല എന്നറിയാമായിരുന്നിട്ടും, അതു സ്ഥാപിക്കാന്‍ ശ്രമിക്കാതെ, 'നികുതി പിരിവുകാര്‍ക്ക് ചിന്താക്കുഴപ്പം ഉണ്ടാക്കേണ്ട' എന്നു പറഞ്ഞ് നികുതിയടയ്ക്കാന്‍ പത്രോസിനെ ചുമതലപ്പെടുത്തുന്ന യേശുവും (മത്താ. 17:24-27), നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ പൂര്‍ണ്ണമായി അവഗണിച്ച്, സ്വന്തം കാഴ്ചപ്പാടനുസരിച്ച് മനുഷ്യനു ജീവിക്കാനാവില്ല എന്ന സത്യത്തിലേക്കല്ലേ വിരല്‍ചൂണ്ടുന്നത് എന്നോര്‍ത്തു നോക്കുക.

ഓരോ കാലത്തും അപ്പോള്‍ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിക്കും പൊതുസാംസ്‌കാരിക നിലവാരത്തിനും കുറെയെങ്കിലും വഴങ്ങിക്കൊണ്ടേ, എത്ര ഉന്നതമായ ആശയങ്ങളുള്ളവര്‍ക്കും ജീവിക്കാനും പ്രവര്‍ത്തിക്കാനുമാകൂ എന്നാണ് ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാനാകുന്നത്. 

അവനവന്റെ ജീവിതത്തിലേക്കു നോക്കിയാലും സ്വന്തം കാഴ്ചപ്പാടനുസരിച്ചു ജീവിക്കാന്‍ പലപ്പോഴും നമുക്കു കഴിയാറില്ല എന്നു കാണാനാകും. എന്നാല്‍ ചിന്തയ്ക്ക് അങ്ങനെയൊരു പരിമിതിയില്ല. ആര്‍ജ്ജിക്കുന്ന അറിവിനും മൂല്യബോധത്തിനുമനുസരിച്ച് താന്‍ ജീവിക്കുന്ന വ്യവസ്ഥിതിയെ നോക്കിക്കാണാനും അതിലെ ന്യൂനതകളും അനീതികളും മനസ്സിലാക്കാനും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചു ചിന്തിച്ച് ഒരു പുതിയ വ്യവസ്ഥിതി വിഭാവനംചെയ്യാനും മാര്‍ഗരേഖ ചമയ്ക്കാനുമൊക്കെ മനുഷ്യനു സാധിക്കും. അതൊക്കെ ജനങ്ങളോടു പറയാനും സാധിക്കും. എന്നുവച്ച്, അയാള്‍വിഭാവനം ചെയ്യുന്ന ആ ഭാവിലോകത്തെ മൂല്യവ്യവസ്ഥയ്ക്കനുസ്സരിച്ച് ഇന്നുതന്നെ അയാള്‍ക്കു ജീവിക്കാനാകുന്നതെങ്ങനെ? ജീവിച്ചുകാണിക്കാനാകുന്നില്ല എന്ന കാരണത്താല്‍ ചിന്തയും എഴുത്തും പറച്ചിലും ഒഴിവാക്കണമെന്ന് ആരെങ്കിലും വാദിക്കുമോ? (ചിലര്‍ അങ്ങനെയും  വാദിക്കും. എന്നെ വ്യക്തിപരമായി അറിയാവുന്ന ഒരു മുന്‍ വൈദികന്‍, എന്റെ 'യേശുവും സഭയും'' എന്ന ഗ്രന്ഥത്തിന്, ഒരു നിരൂപണം എഴുതിയതോര്‍ക്കുന്നു. പുസ്തകത്തിലെ ഒരു കാര്യവും പരാമര്‍ശിക്കാതെ, അങ്ങനെയൊരു പുസ്തകമെഴുതാനുള്ള എന്റെ അര്‍ഹതയെ വിശദമായി ചോദ്യം ചെയ്യുക മാത്രമാണ് അദ്ദേഹം അതില്‍ ചെയ്തത്. സ്വന്തം കുട്ടികളെ പള്ളിയില്‍ പോയി മാമോദീസാ മുക്കുകയുംമറ്റും ചെയ്തിട്ടുള്ള ഒരാള്‍ക്ക് സഭാകാര്യങ്ങളെ വിമര്‍ശിച്ചു പുസ്തകമെഴുതാന്‍ എന്തു യോഗ്യത എന്നതായിരുന്നു, അദ്ദേഹത്തിന്റെ വാദം! സ്വയം ജീവിച്ചു കാണിക്കാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ എഴുതുകയോ ചെയ്യാന്‍ പാടില്ല എന്ന്!)


വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരെ, അവരുടെ സാധാരണമായ പ്രായോഗികജീവിതം കണ്ട്, 'അയാള്‍പറയുന്നതുപോലെ ജീവിക്കുന്നില്ല' എന്നു പഴിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍, തെറ്റായ സാമൂഹിക- മതവ്യവസ്ഥിതികള്‍ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്ന നിസ്സഹായത തിരിച്ചറിയാത്തവരാണ്. വ്യക്തമായി തിരിച്ചറിയേണ്ട ഒന്നാണിത് എന്നു തോന്നിയതിനാലാണ് ഇത്ര വിശദമായി ഇതേക്കുറിച്ച് എഴുതിയത്.

തിരിച്ചറിയേണ്ട മറ്റൊന്ന്, സ്‌നേഹത്തെപ്രതിയുള്ള വിട്ടുവീഴ്ചാമനോഭാവത്തിന്റെ ആവശ്യകതയാണ്. കാരണം, അതും പലപ്പോഴും ആത്മവഞ്ചനയായും കാപട്യമായും തെറ്റിദ്ധരിക്കപ്പെടുന്നു. 'ശാബത്ത് മനുഷ്യനുവേണ്ടിയാണ്' എന്ന യേശുവചസ്സ് ഉദ്‌ബോധിപ്പിക്കുന്നത്, എല്ലാ നിയമങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും തത്ത്വസംഹിതകള്‍ക്കും മീതേയാണ് സ്‌നേഹവും മാനുഷിക ബന്ധങ്ങളും എന്നാണ്; ആദര്‍ശത്തിനും ബോദ്ധ്യങ്ങള്‍ക്കുംവേണ്ടി, അവ ശരിയാണെങ്കില്‍പ്പോലും, സ്‌നേഹത്തെ ബലികഴിക്കരുതെന്നാണ്. പ്രിയപ്പെട്ടവരുടെയും കാരണവന്മാരുടെയും ആഗ്രഹപ്രകടനങ്ങള്‍ക്കുമുമ്പില്‍, 'എന്റെ ബോധ്യങ്ങള്‍ അതിനെന്നെ അനുവദിക്കുന്നില്ല' എന്നു പറയുന്നത് സ്‌നേഹനിരാസമല്ലേ? ആണെന്നു ഞാന്‍കരുതുന്നു. പകരം, സ്വന്തം ബോധ്യങ്ങളില്‍ നിലനിന്നുകൊണ്ടുതന്നെ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതല്ലേ ക്രിസ്തീയം? പ്രതിമാവണക്കക്കാരുടെ പ്രശ്‌നത്തില്‍ അവരിലൊരാളായിനിന്നു പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലും, പൗരോഹിത്യത്തിന്റെ ഇരകളായിത്തീര്‍ന്ന അവരോടുള്ള സ്‌നേഹവും ആര്‍ദ്രഭാവവുമാണുള്ളത്. തീര്‍ച്ചയായും അത് ആത്മവഞ്ചനയോ കാപട്യമോ ആകുന്നില്ല. ഞാനുദ്ധരിച്ചിരുന്ന പൗലോസ് ശ്ലീഹായുടെ ലേഖനഭാഗം (1 കോറി. 9:20-23) അതു വ്യക്തമായി സമര്‍ത്ഥിക്കുന്നുണ്ടെന്നു ഞാന്‍കരുതുന്നു. 'അഭിനയം' എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നു സമ്മതിക്കുന്നു. അങ്ങേയറ്റം പോയാല്‍ അത്തരം പ്രവര്‍ത്തനങ്ങളെ ആര്‍ക്കും ദോഷം ചെയ്യാത്തതും സദുദ്ദേശ്യത്തോടെയുള്ളതുമായ അഭിനയം എന്നു വേണമെങ്കില്‍വിളിക്കാം എന്നു പറഞ്ഞെന്നു മാത്രം.

എന്റെ ഈ വിശദീകരണം, പി.സി. ദേവസ്യാസാര്‍ ഉന്നയിച്ചിരുന്ന 6 സന്ദേഹങ്ങളില്‍ ആദ്യത്തെ 4-നും ഉത്തരമാകും എന്നു കരുതുന്നു.

''സഭയും സമുദായവും രണ്ടാകേണ്ടതുണ്ട്''' എന്നു പറയുന്നത്, സഭയെന്നു പറഞ്ഞുകൊണ്ട് പൗരോഹിത്യം സമുദായത്തെ ഭൗതികമായിക്കൂടി ഭരിക്കുന്ന സാഹചര്യം നിലവിലുള്ളതുകൊണ്ടാണ്. ക്രൈസ്തവ വീക്ഷണമനുസരിച്ച് സഭയിലോ സമൂഹത്തിലോ ഭരണമില്ല; ശുശ്രൂഷയേയുള്ളൂ- ആദ്ധ്യാത്മിക ശുശ്രൂഷയും ഭൗതിക ശുശ്രൂഷയും. ഓരോ ശുശ്രൂഷയും ഉത്തരവാദിത്തവുംകൂടിയാണ്. അതായത്, തങ്ങളുടെ ആദ്ധ്യാത്മികശുശ്രൂഷകരെ തിരഞ്ഞെടുത്തു നിയോഗിക്കാനും സഭാസമൂഹത്തിന്റെ ഭൗതികകാര്യങ്ങള്‍ ഏറ്റെടുത്തു നിര്‍വ്വഹിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവ സമൂഹത്തിനുമുണ്ട്. സഭ (വിശ്വാസികളുടെ സമൂഹം) തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ആദ്ധ്യാത്മിക ശുശ്രൂഷകള്‍ ഏറ്റെടുത്തു നടത്തുവാനുള്ള ഉത്തരവാദിത്വമാണ് ആദ്ധ്യാത്മിക ശുശ്രൂഷകര്‍ക്കുള്ളത്. ഇവിടെ, വിശ്വാസികളെ ആത്മീയാവബോധത്തിലും വിശ്വാസത്തിലും വളര്‍ത്തുവാനും യേശുവിലുള്ള കൂട്ടായ്മയില്‍ ഒന്നിപ്പിക്കാനുമുള്ള ആദ്ധ്യാത്മിക ശുശ്രൂഷകരുടെ ദൗത്യവും, അവര്‍ക്കു വേണ്ടതായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനും കൂട്ടായ്മാസമൂഹത്തിന്റെ സാംസ്‌കാരികവും ഭൗതികവുമായ ഉല്‍ക്കര്‍ഷത്തിനായി പ്രവര്‍ത്തിക്കാനും പൊതു സമൂഹത്തിലും രാഷ്ട്രകാര്യങ്ങളിലും ഇടപെടാനുമുള്ള സഭാപൗരന്മാരുടെ ദൗത്യവും പരസ്പരബന്ധിതമെങ്കിലും വ്യത്യസ്തങ്ങളാണ്.

വിഭിന്നങ്ങളായ ഈ രണ്ടു ദൗത്യങ്ങളും യേശുവിന്റെ പ്രബോധനങ്ങള്‍ക്കും അപ്പസ്‌തോലിക മാതൃകകള്‍ക്കും വിരുദ്ധമായി സ്വയം ഏറ്റെടുത്തുകൊണ്ട് സഭയുടെ പേരില്‍ സാമുദായികകാര്യങ്ങളെയും കൈപ്പിടിയിലൊതുക്കിയിരിക്കുന്നു, പൗരോഹിത്യം ഇന്ന്. ഇവിടെ, സഭാപൗരന്മാരുടെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ അവരുടെതന്നെ കൈകളിലേക്കു തിരിച്ചുകൊണ്ടുവരേണ്ടത് സ'യുടെ ആരോഗ്യകരമായ നിലനില്പിനും വളര്‍ച്ചയ്ക്കും ആവശ്യമാണ്. അതിന് ആദ്യമായി, കൈവിട്ടുപോയ അവരുടെ സാമുദായിക ഉത്തരവാദിത്വങ്ങള്‍ ഇന്നത്തെ പൗരോഹിത്യഘടനയില്‍നിന്നു വേര്‍പെടുത്തിയെടുക്കേണ്ടതുണ്ട്. ഈ അര്‍ത്ഥത്തിലാണ് സഭയും സമുദായവും രണ്ടാകേണ്ടതുണ്ട് എന്ന് പറയുന്നത്.

ഇനി, ''കത്തോലിക്കാസഭയില്‍ എന്താണ് അന്ധവിശ്വാസവും വിഗ്രഹാരാധനയും അല്ലാതായുള്ളത്?'' എന്നെഴുതിയതിനെപ്പറ്റി. എന്റെ വീക്ഷണത്തില്‍ ക്രൈസ്തവജീവിതമെന്നാല്‍, യഥാശക്തി ദൈവരാജ്യത്തിനായും ദൈവനീതിക്കായും പ്രവര്‍ത്തിച്ചുകൊണ്ടും, മറ്റുള്ളവരെയും തന്നെപ്പോലെതന്നെ കണ്ടുകൊണ്ടുമുള്ള ജീവിതമാണ്. അതിനാവശ്യമായ ഒരു ദൈവദര്‍ശനവും സ്‌നേഹമാര്‍ഗവും കൂട്ടായ്മാജീവിതത്തെ ഉത്തേജിപ്പിക്കാനുള്ള ജീവിതാനുഷ്ഠാനങ്ങളും യേശു അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് ഇതില്‍നിന്നെല്ലാം മനുഷ്യനെ വ്യതിചലിപ്പിക്കുന്ന പുരോഹിതസൃഷ്ടമായ വിശ്വാസസത്യങ്ങളില്‍ വിശ്വസിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന അനുഷ്ഠാനങ്ങള്‍ ആചരിക്കണമെന്നുമാണ്, കത്തോലിക്കാ സഭാധികാരം അനുശാസിക്കുന്നത്. ഇവിടെ മനുഷ്യന്‍ വിശ്വസിക്കുന്നത് പുരോഹിതസൃഷ്ടമായ ദൈവശാസ്ത്ര തത്ത്വങ്ങളിലാണ്, ദൈവത്തിലല്ല, എന്നു തിരിച്ചറിയേണ്ടതുണ്ട്. വാസ്തവത്തില്‍, ദൈവാന്വേഷണത്തിലേക്കോ ദൈവവിശ്വാസത്തിലേക്കോ ഉള്ള വഴി മനുഷ്യരുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ദൈവശാസ്ത്രവിശ്വാസത്തെ ദൈവവിശ്വാസമായി മനുഷ്യര്‍ തെറ്റിദ്ധരിക്കുകയാണ്; അന്ധമായി വിശ്വസിക്കുകയാണ്.

അതുപോലെതന്നെ, സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ജീവിതാനുഷ്ഠാനമായിരുന്ന അപ്പം മുറിക്കല്‍ ശുശ്രൂഷയെ താന്ത്രിക വിധികളും മന്ത്രോച്ചാരണങ്ങളും അധരപ്രാര്‍ത്ഥനകളും നിറഞ്ഞ പൂജയും ബലിയുമൊക്കെയാക്കിക്കൊണ്ട് ജീവിതത്തില്‍നിന്നു വിച്ഛേദിച്ചു. അപ്പത്തെയും വീഞ്ഞിനെയും യേശുവിനെയും ആരാധനാവിഗ്രഹങ്ങളാക്കി മാറ്റി. അതാണ്, ഇന്നത്തെ കുര്‍ബാനയാചരണംപോലും വിഗ്രഹാരാധനയല്ലേ എന്നെഴുതിയത്. 

സൂക്ഷ്മമായി നോക്കിയാല്‍, സഭയിലെ എല്ലാ അനുഷ്ഠാനങ്ങളും വിഗ്രഹാരാധനയാണെന്നു കാണാം. ഇതു മനസ്സിലാക്കിയാല്‍ പ്രതിമാവണക്കമൊക്കെ, അതു കുരീപ്പുഴയിലേതായാലും അരുവിത്തുറയിലേതായാലും, അതിന്റെ ഉപോല്‍പന്നങ്ങള്‍ മാത്രമാണെന്നും നിസ്സാരപ്പെട്ടതാണെന്നും കാണാം.

പ്രൊഫ.ദേവസ്യാസാര്‍ ശ്രീ റ്റി.റ്റി. മാത്യു തകടിയേലിനോടു ചോദിക്കാനുദ്ദേശിച്ചതായി എഴുതിയിരുന്ന ചോദ്യങ്ങളോട് അദ്ദേഹംതന്നെ പ്രതികരിച്ചെഴുതും എന്നു കരുതുന്നു.