Translate

Showing posts with label ഭാരതസഭ. Show all posts
Showing posts with label ഭാരതസഭ. Show all posts

Friday, November 25, 2016

സഭാജയിലുകൾ

(സത്യജ്വാലയുടെ നവംബർ മാസത്തിലെ എഡിറ്റോറിയൽ - സീറോ മലബാർ സഭയുടെ സാംസ്കാരികാനുരൂപണവും രൂപതകളുടെ ആഗോളവിന്യാസവും - പ്രചോദിപ്പിച്ച കുറിപ്പ്)   

ശ്രീബുദ്ധന്റെ ചിന്താപദ്ധതി മനുഷ്യന് സ്വാതന്ത്യത്തിന്റെ വഴി തെളിച്ചപ്പോൾ മറ്റൊരു ബുദ്ധനായിരുന്ന (ബോധോദയം സംഭവിച്ചവൻ) യേശുവിന്റെ "അനുയായികൾ" ലോകത്തിനു വച്ചുനീട്ടുന്നത് വിശ്വാസത്തിന്റെ അടിമത്തമാണ്. സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് അടിമത്തം. ഇന്ന് മതത്തിന്റെ പേരിൽ വളർന്നുപടരുന്നതൊക്കെ ഭയപ്പാടും ആർത്തിയും രൂപം കൊടുക്കുന്ന പൊള്ളയായ ദൈവസങ്കല്പങ്ങൾ മാത്രമാണ്. അവയിൽ യേശുവിന് യാതൊരു പങ്കുമില്ല.


അത്യാർത്തിയാണ് വിശ്വാസികളെ പള്ളികളിലേക്കും തീർത്ഥകേന്ദ്രങ്ങളിലേക്കും പേരെടുക്കാനാഗ്രഹിക്കുന്ന ധ്യാനഗുരുക്കളുടെ പക്കലേയ്ക്കും നയിക്കുന്നത്. ദൈവം എല്ലാവർക്കും കൊടുക്കുന്നതൊന്നും പോരാത്ത ഇത്തരക്കാരാണ് നല്ല വിശ്വാസികൾ എന്നാണ് വൈദികരും പഠിപ്പിക്കുന്നത്. പൂഞ്ഞാറിനു കിഴക്കുള്ള അടിവാരം പോലൊരു കുഗ്രാമത്തിൽ നിന്നുപോലും ആഴ്ചതോറും വേളാങ്കണ്ണിക്കും മലയാറ്റൂറിനുമൊക്കെ ബസ്സുകൾ നിറച്ച് യാത്രയാകുന്നത് തങ്ങൾക്ക് അദ്ഭുതങ്ങൾ തന്നെ വേണം എന്ന ആർത്തിയുള്ളവരാണ്. അതു പ്രോത്സാഹിപ്പിക്കാൻ പുരോഹിതരും!

അസ്തിത്വം മുഴുവൻ ദൈവികത്വം നിറഞ്ഞു നില്ക്കുമ്പോഴും ഇവർക്ക് തികയുന്നില്ല. അവർ വ്യക്തിപരവും സവിശേഷവുമായ അനുഗ്രഹങ്ങൾക്കായി യാചിച്ചു കൊണ്ടേയിരിക്കുന്നു. മദ്ധ്യസ്ഥരെ മാറി മാറി തേടിയലയുന്നു. വീര്യം കുറഞ്ഞുപോയ യുദായെ വിട്ടിട്ടു് പുതുതായി കളത്തിലിറക്കിയ എവുപ്രാസിയെ പിടിക്കുന്നു.

എന്നാൽ ബുദ്ധന് പ്രാർത്ഥന അസാധ്യമാണ്. കാരണം, ഉള്ളിൽ ദൈവംതന്നെ നിറഞ്ഞിരിക്കുന്നവൻ എന്തിനായിട്ടാണ് പ്രാർത്ഥിക്കുക? ദൈവത്തെ അറിഞ്ഞവർ മൗനികളായിത്തീരുകയാണ് ചെയ്യുന്നത്. ആരോടും ഒന്നും പറയേണ്ടയാവശ്യം അവർക്കുണ്ടാകുന്നില്ല. ഏറ്റവും നല്ല പ്രാർത്ഥന ശുദ്ധമായ മൗനമാണ്. മുഴുവൻ അസ്തിത്വത്തെയും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രണാമമാണത്. എല്ലാം നന്ദിയോടെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന ഹർഷോന്മാദമാണത്. പ്രാർത്ഥിക്കുകയല്ല, മറിച്ച് പ്രാർത്ഥനയിൽ ആയിരിക്കുക എന്നതുതന്നെയാണ് ധ്യാനം. അവിടെ സ്വത്വം അപ്രത്യക്ഷമാകുന്നു. അഹംബോധമില്ലാതാകുന്നു. അതുകൊണ്ടു് വ്യക്തിപരമായതെല്ലാം മായുന്നു. സുന്ദരമായ അസ്തിത്വത്തിന്റെ മഹാഭൂമികയായിത്തീരുക എന്നതാണ് ധ്യാനത്തിൽ സംഭവിക്കുന്നത്. അഹത്തിന്റെയഭാവം സൃഷ്ടിക്കുന്ന സംശുദ്ധ ശൂന്യത! പ്രാർത്ഥനയിൽ സ്വാർത്ഥകേന്ദ്രമായ "ഞാൻ" നിറഞ്ഞു നില്ക്കുമ്പോൾ ധ്യാനത്തിൽ "ഞാൻ" അപ്രത്യക്ഷനാകുന്നു. "ഒരു ചെടി പുഷ്പിക്കുന്നത് അതിന്റെ ധ്യാനമാണെന്ന് ഓഷോ പറയുന്നു.

ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിക്കും ഇത് മനസ്സിലാവില്ല. കാരണം, 'ഞാൻ' നിറഞ്ഞു തുളുമ്പുന്ന യാചനകളുടെ ആവർത്തനമാണ് വിശ്വാസസാക്ഷ്യം എന്നാണവർ ധരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് എണ്ണിയാലൊടുങ്ങാത്ത നൊവേനകളും കൊന്ത നമസ്ക്കാരങ്ങളുടെ ചങ്ങലകളും.
മറിച്ചൊന്ന് പറഞ്ഞുകൊടുക്കാനുളള വിവരം ഒരു പരോഹിതനും ഒട്ടില്ല താനും. നമ്മൾ അയ്യോപാവം പറയുമ്പോൾ പ്രസാദിക്കുകയും അല്ലാത്തപ്പോൾ കണ്ടില്ലെന്നു വയ്ക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തെയാണ് നമ്മുടെ പുരോഹിതർക്കും അവരുടെ സ്പെഷൽ പതിപ്പ് ക്രിസ്തുമതത്തിനുമറിയാവുന്നത്. അപരിമേയവും അനന്തവുമായ ഉണ്മയെപ്പറ്റിയും അതിന്റെ വർത്തമാനാനുഭവമായ സ്വന്തം അല്പാസ്തിത്വത്തെപ്പറ്റിയും ലഭ്യമായ അവബോധത്തിൽ ഈശ്വരാനുഭവത്തിലും മാറ്റം വരാം എന്നു വകവയ്ക്കാനുള്ള ധൈര്യം ക്രിസ്തുമതത്തിന് ഒരിക്കലും കൈവരില്ല. കാരണം, അതത്ര യാഥാസ്ഥിതികമാണ്. വാതസവത്തിൽ, പിതാവായ ദൈവമെന്ന സങ്കല്പം തന്നെ ബാലിശമാണ്, പ്രാകൃതമാണ്. ആൺകോയ്മയുടെയും പിതൃസ്വരൂപത്തിന്റെയും അധിനിവേശത്തിൽ നിന്നുരുവായതാണ് ആ സങ്കല്പം. യേശുവും അതിനു വഴിപ്പെട്ടെങ്കിൽ അത് സ്വാഭാവികം മാത്രം. സുവിശേഷത്തെ ആധാരമാക്കി ആ ആശയത്തിൽ പിടിമുറുക്കുന്നതിൽ അർത്ഥമില്ല. കൂടുതൽ ആഴമായവയിലേക്ക് പോകാനാകാത്തവർക്ക് ഇത്തരം അത്താണികൾ ആവശ്യമായി വരും. അതനുവദിക്കുക. വ്യാജമായ രോഗങ്ങൾക്ക് വ്യാജമായ മരുന്നുകൾ ഫലപ്രദമാകാൻ പ്രകൃതി പലപ്പോഴും അനുവദിക്കാറുണ്ടല്ലോ.

എന്നാൽ ഇത്തരം ശരാശരി അർത്ഥവ്യതിയാനങ്ങൾ മാത്രമാണോ ക്രിസ്ത്യാനിറ്റിയും അതിന്റെ പൗരോഹിത്യവും സൃഷ്ടിക്കുന്നത്? അല്ലല്ലോ. തങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന നിർലജ്ജമായ മാനസ്സിക തടവറയെയും അവർ കെട്ടിയുണ്ടാക്കി വിശ്വാസികളെ അതിനുള്ളിൽ ബന്ധിക്കുന്നു. വേലികളില്ലാത്ത മനസ്സിൻറെ വിശാലതയാണ് സ്വാതന്ത്ര്യം. ക.സഭയിൽ, എന്ന് എവിടെ തിരിഞ്ഞാലും, വേലികളുടെ സമൃദ്ധിയാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇന്നാകട്ടെ, കരുണയുടെ വർഷം കടന്നുപോയിട്ടും, അവ ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. മതത്തിലായാലും അതിനു വെളിയിലായാലും ഏതെങ്കിലും പ്രത്യേകതകൾ അവകാശപ്പെടുന്ന ഓരോ ഗ്രൂപ്പും മനുഷ്യനെ സംബന്ധിച്ച് ഒരു തടവറയാണ്. അവ മനുഷ്യരെ വെട്ടിമുറിക്കുകയും വേർതിരിക്കുകയും മാത്രമാണ് ചെയ്യുന്നത്. എൻറെ മതം, അതിൻറെ വിശ്വാസങ്ങൾ, എൻറെ രൂപത, എൻറെ ഇടവക, എൻറെ റീത്ത് എന്നതെല്ലാം ഓരോരോ ജയിലുകളാണ്. ആ ജയിലുകളിലുള്ളവർ തങ്ങളുടെ ജയിലാണ് മെച്ചമെന്ന് അത്തരം മറ്റു ജയിലുകളിൽ കഴിയുന്ന മരമണ്ടന്മാരോടു് കയർക്കുന്നു. അന്യനാടുകളിൽ ചെന്നുപോലും ഈ ജയിലുകളുടെ ശാഖകൾ പടുത്തുയർത്തുന്നു, സീറോ മലബാർ സഭ. ഇത്തരം സഭാജയിലുകൾ USAയിൽ, ആസ്ത്രേലിയയിൽ, ഇംഗ്ലണ്ടിൽ ഒക്കെ സ്ഥാപിതമായിക്കഴിഞ്ഞു. ഫരിദാബാദിലും കൽക്കട്ടയിലും ചെന്നൈയിലും അവരത് പണ്ടേ ചെയ്തുവച്ചു.

മാനസിക തടവറ-നിർമ്മിതിയുടെ ഈ സംസ്കാര ശോഷണത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിലാണ് നമ്മുടെ മെത്രാന്മാരും പുരോഹിതരും, അടുത്ത കാലത്ത് പ്രത്യേകിച്ചും, ഏറ്റെടുത്തിരിക്കുന്നത്. അതുവഴി അവർ അന്യരെ വഞ്ചിക്കുകയാണെന്ന് അവരിൽ മിക്കവർക്കും അറിയാം. അത് ഏറെ നാൾ തുടരുമ്പോൾ, സ്വയം വഞ്ചിക്കുകയാണെന്ന കാര്യംപോലും അവർ മറക്കുന്നു. അജ്ഞതയുടെയും കാപട്യത്തിന്റെയും കൂമ്പാരങ്ങളാണ് ഇത്തരം മേലാളന്മാർ. മനുഷ്യരെ ശുദ്ധീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാൻ പര്യാപ്തരല്ലാത്ത അവർ സ്വന്തം മതത്തെയും സമൂഹത്തെയും ജീർണിപ്പിച്ചുകൊണ്ടിരിക്കുന്നു.

സഹസ്രാബദങ്ങളുടെ ചരിത്രം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. അണലി സന്തതികളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും യേശു വളിച്ചത് മനുഷ്യ സമൂഹത്തിൻറെ ഇത്തരം അപനിർമാണങ്ങളിൽ വ്യാപൃതരായ പുരോഹിതരെയാണ്.

Monday, March 9, 2015

സംസ്ഥാനത്ത് വിവാഹമോചിതരാകാന് കാത്തിരിക്കുന്നത് 18,500 ദമ്പതിമാര്

In Mathruboomi, 9/3/15

(This news report in Mathruboomi, should wake  up leaders and members, especially of the Catholic Church, busy seeking solutions to break up of Catholic Families.  What are they doing to give ground reality reports to Pope Francis busy working for the fruitful conclusion of the Ordinary Synod in Rome, this coming October? James Kottoor)

ആലപ്പുഴ: സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി വിവാഹമോചനത്തിനുവേണ്ടി കേസ് നല്കിയിട്ടുള്ളത് 18,500 ദമ്പതിമാര്‍. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ ഹൈക്കോടതി പുറത്തുവിട്ട 2014 ലെ കണക്കുകളിലാണ് കേരളത്തിലെ കുടുംബശിഥിലതയുടെ ഭീകരത വ്യക്തമാക്കുന്നത്. 

പുതിയ കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിവാഹ മോചനത്തിനൊരുങ്ങുന്നത് എറണാകുളം നഗരത്തിലാണ്. വ്യവസായ നഗരത്തില്‍ 1739 പേരാണ് വേര്‍പിരിയാനൊരുങ്ങുന്നത്. വിവാഹമോചനത്തിന്റെ തലസ്ഥാനമെന്നുള്ള പദവി ഇതോടെ തിരുവന്തപുരത്തിന് നഷ്ടമായി. 2013 വരെ ഏറ്റവും കൂടുതല്‍പേര്‍ വിവാഹമോചനത്തിന് അപേക്ഷ നല്കിയിരുന്നത് തിരുവന്തപുരം നഗരത്തിലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ കുടുംബകോടതിയില്‍ മാത്രം ലഭിച്ചിട്ടുള്ള അപേക്ഷ 1160 ആണ്.

സംസ്ഥാനത്ത് 28 കുടുംബകോടതികളാണുള്ളത്. ഇതില്‍ ഏറ്റവും കുറച്ച് വിവാഹമോചന അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട്ടിലെ കല്‍പ്പറ്റയിലാണ്. 240 പേര്‍. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനം ആഗ്രഹിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. മൂന്നു കോടതികളിലായി 2,744 പേരാണ് ഇവിടെ അപേക്ഷകരായുള്ളത്.

പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള മനസ്സില്ലായ്മയാണ് വിവാഹമോചനം കൂടാന്‍ കാരണമെന്ന് കുടുംബ സംരക്ഷണവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മുതുകുളം മോഹനന്‍പിള്ള പറഞ്ഞു. ഭാര്യാഭര്‍ത്താക്കന്മാരുടെ അവിഹിതം, സ്ത്രീധനത്തോടുള്ള ആര്‍ത്തി, കുടുംബത്തര്‍ക്കക്കേസുകളിലിടപെടുന്ന നിയമപാലകരുടെ പക്വതയില്ലായ്മ എന്നിവയെല്ലാം വിവാഹമോചനത്തിനു കാരണമാകുന്നതായി കുടുംബ സംരക്ഷണവേദി നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറയിലെ പലരും പെണ്‍കുട്ടിയുടെ സ്വത്ത് ആഗ്രഹിച്ച് വിവാഹമോചനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്ത് കുടുംബകോടതികളില്‍ തര്‍ക്കപരിഹാരത്തിനായി നിലവില്‍ 50,000 ത്തിലധികം കേസുകള്‍ നിലനില്കുന്നുണ്ട്. പക്ഷേ ഇതിന്റെ പകുതിയില്‍ താഴെ മാത്രമാണ് വിവാഹമോചനത്തിനുള്ള അന്തിമ അപേക്ഷയിലേക്ക് എത്തുന്നതെന്നതാണ് അല്പം ആശ്വാസം പകരുന്നകാര്യം.

Wednesday, October 2, 2013

നാം നാമാകണം

ജോസഫ് പുലിക്കുന്നേല്‍ 
(ഓശാന, ജനുവരി 1976, എഡിറ്റോറിയല്‍ )

മൂന്നു വ്യാഴവട്ടം മുമ്പ് എഴുതിയ ഈ ലേഖനത്തിലെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ ഇതുവരെ സഭാധികാരികളാരും തയ്യാറായിട്ടില്ല. എന്തുകൊണ്ടായിരിക്കും?


കേരളത്തിലെയും ഭാരതത്തിലെയും ക്രിസ്ത്യാനികള്‍ , നൂറ്റാണ്ടുകളോളം അവരുടെ വ്യക്തിത്വം നിലനിര്‍ത്തിപ്പോന്നു. ശ്ലീഹന്മാരടെ കാലത്തുതന്നെ, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ വിവിധസഭകളായി (കൂട്ടായ്മയായി) രൂപംകൊണ്ടിരുന്നു. സംസ്‌കാരവൈവിദ്ധ്യമുള്ള ജനങ്ങളോടാണ് ശ്ലീഹന്മാര്‍ ക്രിസ്തുവിന്റെ സന്ദേശം പ്രസംഗിച്ചത്; അവരുടെ പ്രാദേശികമായ ആചാരാനുഷ്ഠാനങ്ങളില്‍ , ക്രിസ്തുവിന്റെ പഠനങ്ങള്‍ക്ക് കടകവിരുദ്ധങ്ങളായവ ഒഴിച്ച്, എല്ലാം തന്നെ തുടര്‍ന്നുകൊണ്ടുപോകുന്നതിന് ശ്ലീഹന്മാര്‍ അനുവദിച്ചിരുന്നു. അവര്‍ വ്യക്തികള്‍ക്കോ പ്രദേശങ്ങള്‍ക്കോ പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങള്‍ക്കോ പ്രാധാന്യം കല്പിച്ചിരുന്നില്ല. മിശിഹാ ഒരു യൂദനായിരുന്നു; ശിഷ്യന്മാര്‍ എല്ലാം യൂദന്മാരായിരുന്നു. അക്കാരണം പറഞ്ഞ്, ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നവരെയെല്ലാം യൂദസംസ്‌കാരത്തിന്റെ ഭാഗമാക്കാന്‍ ആദികാലത്ത് ചിലര്‍ പരിശ്രമിച്ചു. മൂശയുടെ നിയമങ്ങളിലും അനുഷ്ഠാനപാരമ്പര്യങ്ങളിലും കെട്ടിപ്പടുക്കപ്പെട്ട ഒരു സംസ്‌കാരമായിരുന്നു യൂദന്മാര്‍ക്കുണ്ടായിരുന്നത്. ഈ പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അപ്രമാദിത്വം നല്‍കി, ക്രൈസ്തവ വിശ്വാസത്തിന്, യൂദസംസ്‌കാരത്തിന്റെ ആവരണം അണിയിക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. വിശ്വാസം സ്വീകരിച്ച ഫരീസരില്‍ ചിലര്‍ പറഞ്ഞു, “''വിജാതീയര്‍ പരിഛേദനം ചെയ്യപ്പെടണം; മൂശയുടെ നിയമം അനുസരിക്കാന്‍ അവരോട് ആജ്ഞാപിക്കയും വേണം'' (നടപടി 15: 5). ഈ പ്രശ്‌നത്തെ സംബന്ധിച്ച് പത്രോസ് ഇങ്ങനെ തീരുമാനിച്ചു. വിശ്വാസത്താല്‍ അവരുടെ ഹൃദയങ്ങളെ അവിടുന്നു വിശുദ്ധീകരിച്ചിരിക്കുന്നു. നാമും, അവരും തമ്മില്‍ യാതൊരു വ്യത്യാസവും അവിടുന്നു കല്പിക്കുന്നില്ല. ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ വഹിക്കാന്‍ കഴിയാതിരുന്ന നുകം ശിഷ്യന്മാരുടെ ചുമരില്‍വച്ച് നിങ്ങള്‍ എന്തിന് ദൈവത്തെ പരീക്ഷിക്കുന്നു. നമ്മുടെ കര്‍ത്താവായ ഈശോയുടെ കൃപയാല്‍ രക്ഷ പ്രാപിക്കുമെന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു'' (നടപടി 15: 10-12).
ക്രൈസ്തവ വിശ്വാസത്തെ, ഒരു സംസ്‌കാരത്തിന്റെ പരിവേഷം നല്‍കി, ഒരു ജനതയായി മാറ്റണം എന്ന് ഒരിക്കലും ശ്ലീഹന്മാര്‍ കരുതിയിരുന്നില്ല. അപ്പസ്‌തോലന്മാര്‍ സ്ഥാപിച്ച വിവിധ സഭകള്‍ (കൂട്ടായ്മകള്‍ ) അവരവരുടെ സംസ്‌കാരത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് വിശ്വാസം സ്വീകരിച്ചത്. വിശ്വാസം ''സ്വീകരിയ്ക്കുക എന്നത്, ആത്മീയമായ ഒരു പരിവര്‍ത്തനമാണ്. ഈ പരിവര്‍ത്തനത്തിന്റെ ഭൗതികമോ വ്യക്തിപരമോ ആയ പ്രകാശനം, ആ വ്യക്തിയുടെ പ്രവൃത്തിയില്‍ , ആ വിശ്വാസത്തിനുള്ള സ്വാധീനമാണ്; അല്ലാതെ വേഷവിധാനങ്ങളിലോ സംസാരഭാഷയിലോ ഒന്നും അത് പ്രദര്‍ശിപ്പിയ്‌ക്കേണ്ടതില്ല''. മിശിഹാ തന്റെ അന്ത്യ അത്താഴവേളയില്‍ , വിശ്വാസത്തിന്റെ കാതലായ അംശത്തെക്കുറിച്ച് വ്യക്തിപരമായി പ്രഖ്യാപിച്ചു. ''വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നില്‍ക്കൂടിയല്ലാതെ ഒരുത്തനും എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല........എന്നില്‍ വിശ്വസിക്കുന്നവന്‍ ഏവനോ, അവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും......എന്റെ കല്പനകള്‍ സ്വീകരിച്ചനുസരിക്കുന്നവനാണ് എന്നെ സ്‌നേഹിക്കുന്നവന്‍ ; എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവ് സ്‌നേഹിക്കും; ഞാനും അവനെ സ്‌നേഹിക്കും; എന്നെത്തന്നെ അവന് വെളിപ്പെടുത്തികൊടുക്കുകയും ചെയ്യും'' (യോഹ 14) ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലുകള്‍ ഈ വിശ്വാസവും വിശ്വാസത്തില്‍നിന്നു ജന്യമാകുന്ന കര്‍മ്മവും അത്രേ.
കേരളസഭ
ഭാരതം ക്രൈസ്തവ വിശ്വാസം ആദ്യമായി സ്വീകരിച്ചത്, ക്രിസ്തു ശിഷ്യനായ മാര്‍ത്തോമ്മായില്‍ നിന്നാണെന്നു കരുതപ്പെടുന്നു. (മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യാപ്രവേശനത്തെക്കുറിച്ച്, ഭാവനാധനരായ എഴുത്തുകാരും കെട്ടുകഥ മെനഞ്ഞെടുക്കുന്നതില്‍ വിദഗ്ദ്ധരും പല അവിശ്വസനീയങ്ങളായ ഐതിഹ്യങ്ങളും പടച്ചിറക്കിയിട്ടുണ്ട്) ഈ വിശ്വാസ സ്വീകരണം, നമ്മെ ഇന്ത്യാക്കാരല്ലാതാക്കിത്തീര്‍ത്തില്ല. നാം കേരള സംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമായിത്തന്നെ തുടര്‍ന്നു.
കോണ്‍സ്റ്റന്റയിന്റെ കാലം മുതല്‍ , റോമാസാമ്രാജ്യം ക്രിസ്തുമതത്തെ അംഗീകരിച്ചു. യൂറോപ്പിലും പൗരസ്ത്യരാജ്യങ്ങളിലും ക്രിസ്തുമതം പ്രചരിച്ചു. ക്രിസ്തുമതത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വകമായിരുന്നു. ഈ വളര്‍ച്ചയെ സഹായിക്കുന്നതിന്, ചരിത്രപരമായ ചില അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തില്‍ നിലനിന്ന സമാധാനം (Pora Romana) യാത്രാസൗകര്യം, മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ ഉണ്ടായിരുന്ന യൂദകോളനികള്‍, (Diaspora) അടിമകളുടെയും പാവങ്ങളുടെയും - അവര്‍ക്കാണല്ലോ സുവിശേഷത്തിന്റെ, സ്‌നേഹസന്ദേശത്തിന്റെ കുളിര്‍കാറ്റ് കൂടുതല്‍ കുളിര്‍മ്മ നല്‍കുക - ദയനീയമായ ജീവിതവ്യവസ്ഥ എന്നിവയായിരുന്നു അതില്‍ പ്രധാനമായവ. 5-ാം ശതകത്തില്‍ റോമാസാമ്രാജ്യം രണ്ടായി ഭാഗിക്കപ്പെട്ടു കോണ്‍സ്റ്റന്റിനോപ്പിളിലും റോമിലും രണ്ട് ചക്രവര്‍ത്തിമാര്‍ സിംഹാസനത്തില്‍ ആരൂഢരായി. രാഷ്ട്രീയമായി വിഭജിക്കപ്പെട്ടതിനെതുട
ര്‍ന്ന് റോമാസാമ്രാജ്യം മതപരമായും വിഭജിക്കപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിള്‍ , അന്ത്യോക്യാ, ബാബേല്‍ മുതലായ പാത്രിയാര്‍ക്കമാര്‍ , റോമയെ അനുസരിക്കാതെവന്നു. പാത്രീയാര്‍ക്കമാര്‍ തമ്മിലുള്ള മത്സരത്തില്‍ റോമാ വിജയിച്ചു. അതിനുകാരണം പൗരസ്ത്യറോമാസാമ്രാജ്യത്തെയും സഭകളെയും മുഹമ്മദീയശക്തി ഗ്രസിച്ചുകളഞ്ഞു എന്നതാണ്. ഏതായാലും, റോമാമാസഭയ്ക്ക് പൗരസ്ത്യസഭകള്‍ നഷ്ടപ്പെട്ടു. എങ്കിലും, യൂറോപ്പിനെ ഒറ്റക്കെട്ടായി, ഒരു അധികാരത്തിന്‍കീഴില്‍ നിറുത്താന്‍ റോമായ്ക്കു കഴിഞ്ഞു.
എന്നാല്‍ 16-ാം നൂറ്റാണ്ടില്‍ , യൂറോപ്പിലെ ക്രൈസ്തവസഭ രണ്ടായി പിളര്‍ന്നു. പ്രൊട്ടസ്റ്റന്റ് വിപ്ലവമെന്നറിയപ്പെടുന്ന ഈ മതവിപ്ലവം യൂറോപ്പില്‍ മാര്‍പാപ്പായ്ക്കുണ്ടായിരുന്ന മതപരമായ മേല്‍ക്കോയ്മയെ വെല്ലുവിളിച്ചു. യൂറോപ്പിലെ രാജാക്കന്മാര്‍ , മതപരമല്ലാത്ത കാരണങ്ങളാല്‍ , ഇരുഭാഗത്തും ഉറച്ചുനിന്നു.
ഈ കാലഘട്ടത്തിലാണ് വാസ്‌കോഡിഗാമ ഇന്‍ഡ്യയിലേക്ക് കപ്പല്‍ മാര്‍ഗ്ഗമുള്ള വഴി കണ്ടുപിടിച്ചത്. ആ കാലഘട്ടത്തിന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു.
(1) മുന്‍സൂചിപ്പിച്ചതുപോലെ അക്കാലമത്രയും ഒന്നായിരുന്ന യൂറോപ്പിലെ ക്രൈസ്തവസഭ, രണ്ടായി പിളര്‍ന്നു കഴിഞ്ഞിരുന്നു. ഈ രണ്ട് വിഭാഗങ്ങളേയും നയിച്ചിരുന്നത്, യൂറോപ്പിലെ രാജാക്കന്മാരാണ്. പോര്‍ട്ടുഗല്‍ , സ്‌പെയിന്‍ എന്നീ യൂറോപ്യന്‍രാജ്യങ്ങള്‍ റോമാസഭയുടെ അചഞ്ചല പിന്‍തുണക്കാരായിരുന്നു. ഇംഗ്ലണ്ട്, ഡച്ച് എന്നീ രാജ്യങ്ങള്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് ഉറച്ച പിന്‍തുണ നല്‍കി. (2) ഈ കാലഘട്ടത്തിലാണ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ക
ച്ചവടരംഗത്ത് തീവ്രമത്സരവുമായി പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം കച്ചവടമായിരുന്നു. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്, ഓരോ രാജ്യത്തിന്റെയും പ്രാധാന്യം യൂറോപ്പില്‍ നിശ്ചയിക്കപ്പെട്ടിരുന്നത്.
പൗരസ്ത്യരുമായുള്ള കച്ചവടത്തില്‍ പ്രമുഖസ്ഥാനം നേടുന്നതിനുവേണ്ടി കത്തോലിക്കാരാജ്യങ്ങളും പ്രൊട്ടസ്റ്റന്റു രാജ്യങ്ങളും പരസ്പരം മത്സരിച്ചു. കത്തോലിക്കാരാജ്യങ്ങളായ സ്‌പെയിനും പോര്‍ട്ടുഗലും റോമാമാര്‍പ്പാപ്പായുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പ്രത്യേകം അര്‍ഹരായി. മാത്രമല്ല പാര്‍പ്പാപ്പാ ഒരു കല്പന വഴി നൂതനലോകത്തെ സ്‌പെയിനിനും പോര്‍ട്ടുഗലിനുമായി പകത്തുകൊടുത്തു - അമേരിക്കയെ സ്‌പെയിനിനും ഇന്ത്യയെയും പൗരസ്ത്യദേശത്തെയും പോര്‍ട്ടുഗലിനും.
കച്ചവടത്തിനും സാമ്രാജ്യസ്ഥാപനത്തിനുമായി, മത്സരിച്ചിറങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മതപരമായ ചില സങ്കുചിത ഉദ്ദേശങ്ങള്‍കൂടി ഉണ്ടായിരുന്നു. തങ്ങളുടെ അധീനതയില്‍ വരുന്ന രാജ്യങ്ങളിലെ ജനങ്ങളെ മതപരമായി അതത് രാജ്യങ്ങളോട് അടുപ്പിച്ചുനിറുത്തുക. സാമ്രാജ്യ സംസ്ഥാപനത്തിനുവേണ്ടിമാത്രമുള്ള മത്സരമായിരുന്നില്ല ഇത്. മതപരമായ ഒരു മത്സരവും അന്ന് യൂറോപ്പില്‍ നിലവിലുണ്ടായിരുന്നു.
16-ാം നൂറ്റാണ്ടുവരെ കേരളത്തിലെ സഭ അതിന്റേതായ വ്യക്തിത്വവും ദേശീയ സ്വഭാവവും അന്യൂനം നിലനിര്‍ത്തിയിരുന്നു. (16-ാംനൂറ്റാണ്ടിനു മുന്‍പുള്ള കേരളസഭയില്‍ സെലുക്യന്‍, ബാബിലോണ്‍ സ്വാധീനം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിലും ആ ബന്ധം ഒരിക്കലും ആധിപത്യമായിരുന്നില്ല.) എന്നാല്‍ പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ ഈ ദേശീയവ്യക്തിത്വം നമുക്കു നഷ്ടപ്പെട്ടു.
റീത്തുകള്‍ എന്ന മാരണം
പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് റീത്തുവഴക്കുകള്‍ ശക്തിപ്പെട്ടത്. ഇന്നും ഈ റീത്ത് വഴക്ക് കേരള കത്തോലിക്കാസഭയില്‍ വളരെ ശക്തമായി കാണാം. ഈ റീത്തുവഴക്കുകളുടെ യഥാര്‍ത്ഥകാരണങ്ങളിലേക്ക് ആരും ചുഴിഞ്ഞിറങ്ങിയിട്ടില്ല എന്നതാണ് സത്യം.
റീത്തുവഴക്കിന്റെ സുറിയാനിപക്ഷം പറയുന്നത്, കേരളസഭയുടെ കാനോനകളും കുര്‍ബ്ബാനയും ആചാരങ്ങളും എല്ലാം സുറിയാനിയിലായിരുന്നെന്നും ഡോ. മെനസ്സിസ്സ് എന്ന് പറങ്കിമെത്രാന്‍ അനധികൃതമായി വിളിച്ചുകൂട്ടിയ ഉദയംപേരൂര്‍ (1599)സുനഹദോസില്‍വെച്ചാണ് ലത്തീനീകരണം നടന്നതെന്നുമാണ്. ഈ സുനഹദോസിനുശേഷം തുടര്‍ച്ചയായി വിദേശമെത്രാന്മാര്‍ കേരളത്തിലെ കത്തോലിക്കാസഭയെ ഭരിച്ചു. ''കേരളത്തിലെ പ്രാചീനമായ സുറിയാനിറീത്ത് ലത്തീനീ കരിക്കുകയെന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. സുറിയാനിക്കാര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുകയും പൗരസ്ത്യസുറിയാനിമെത്രാന്മാരെ ലഭിക്കുവാന്‍ വേണ്ട യത്‌നങ്ങള്‍ തുടരുകയും ചെയ്തു.'' (എം. ഒ.ജോസഫ്, ക്രിസ്തുമതവും ഭാരതവും, പേജ് 40) പ്ലാസിഡ്‌പൊടിപാറയും മറ്റും ഈ വാദക്കാരാണ്. ഭാരതത്തെ മുഴുവന്‍ ഒരു സുറിയാനിഹൈരാര്‍ക്കിയുടെ കീഴില്‍കൊണ്ടുവന്ന്, എല്ലാം സുറിയാനീകരിക്കുമെങ്കില്‍ ഭാരതത്തിലെ കത്തോലിക്കാസഭ രക്ഷപ്പെട്ടുവെന്നാണ് ഇവരില്‍ പലരുടെയും വാദം. ലത്തീന്‍ വിദേശീയമാണ്; ലത്തീന്‍ കുര്‍ബ്ബാനക്രമവും, കാനോനകളും, കേരളത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നാണ് സുറിയാനിക്കാരുടെ വാദം.
ഈ വാദം ഉന്നയിക്കുന്നവരോട് ന്യായമായും ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. 16-ാം നൂറ്റാണ്ടിനുമുമ്പ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന് പൂര്‍ണ്ണവ്യക്തിത്വത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ഇന്ന് ലത്തീന്‍കാരെ കുറ്റപ്പെടുത്തുന്ന സുറിയാനിക്കാര്‍ 16-ാംനൂറ്റാണ്ടുവരെ ക്രൈസ്തവമായ ദൗത്യം നിറവേറ്റുകയുണ്ടായോ? നിങ്ങള്‍ എല്ലാ ജാതികളോടും സുവിശേഷം അറിയിക്കാനുള്ള ക്രിസ്തുനാഥന്റെ കല്പനയെ അനുസരിക്കാതെ, കള്ളി-കാളികാവ്, പകലോമറ്റം, ശങ്കുരി, മുതലായ ഇല്ലങ്ങളുടെ ആഢ്യത്വവും പറഞ്ഞ് ക്രിസ്തീയവിശ്വാസമെന്ന താലന്തിനെ കുഴിച്ചിട്ട്, വര്‍ഗ്ഗവിശ്വസ്തത കാണിച്ചിരിക്കുകയായിരുന്നില്ലേ? ഇന്നും, തെക്കുംഭാഗക്കാര്‍ക്ക് സുവിശേഷഘോഷണം ഉണ്ടോ? ലത്തീന്‍കാരുടെ ആഗമനത്തിനുശേഷം മാത്രമല്ലേ, ഇവിടെ പുറജാതികളോട് ക്രിസ്തുവചനം പ്രസംഗിക്കുവാന്‍ തുടങ്ങിയത്. മുക്കുവനും പുലയനും ഒന്നും ക്രിസ്തുവിന്റെ വചനവും രക്ഷയും ആവശ്യമില്ലെന്നു കരുതിയ ആഢ്യന്മാരായിരുന്നില്ലേ, പാരമ്പര്യമഹത്വം അവകാശപ്പെടുന്ന സുറിയാനിക്കാര്‍ ? ഈ നിലയ്ക്ക് മാറ്റം വരുത്തിയത് ലത്തീന്‍കാരായിരുന്നു. അതിന് തീര്‍ച്ചയായും അവര്‍ കൃതജ്ഞത അര്‍ഹിക്കുന്നു. അന്ന് സഭയുടെ ഭരണം എങ്ങിനെയായിരുന്നു എന്ന് നോക്കാം.

ലേഖനം മുഴുവന്‍ വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക:
http://oshaanaa.blogspot.in/