ഫ്രാൻസീസ് മാർപാപ്പാക്ക് പുലിക്കുന്നേൽ സാറെഴുതിയ കത്ത് 2013
ജൂലൈ ലക്കം 'സത്യജ്വാല'
മാസികയിൽ ഞാനും വായിക്കുകയുണ്ടായി. വത്തിക്കാൻ രാഷ്ട്രത്തലവനും ഭരണാധികാരിയുമായ മാർപാപ്പാക്ക് വത്തിക്കാന്റെ ഇന്ത്യൻ പ്രതിനിധിയായ ന്യൂണ്‍ഷിയോ വഴിയാണ് ഔദ്യോഗിക കത്തുകൾ കൈമാറേണ്ടത്. തപാൽവഴി വത്തിക്കാന് നേരിട്ടയക്കുന്ന കത്തുകൾ പരിഗണിക്കപ്പെടാതെ നശിപ്പിച്ചുകളയുകയാണ് പതിവ്. ഔദ്യോഗികമായ എഴുത്തുകുത്തുകൾക്ക് കർശനമായ രഹസ്യസ്വഭാവവും ഉണ്ടെന്നുള്ള വസ്തുതയും മനസിലാക്കേണ്ടതാണ്. പുലിക്കുന്നേൽ സാറിന്റെ മാർപാപ്പാക്കുള്ള കത്ത് മാസികയിൽ പ്രസിദ്ധീകരിച്ചപ്പോൾ ഞാനും വിചാരിച്ചത് ആ കത്ത് തപാലിൽ അയച്ചതാണെന്നാണ്.
മാർപാപ്പയുടെ മറുപടിയെന്നോണം സരസമായും എന്നാൽ വളരെ ആശയപുഷ്ടി നിറഞ്ഞതുമായ ഒരു കത്ത് ജോസഫ് മാത്യു എഴുതി അല്മായശബ്ദത്തിൽ പോസ്റ്റ്ചെയ്തത് വെറുമൊരു സരസ ഹാസ്യമാണെന്ന് (satire) വായനക്കാർക്ക് മനസിലാക്കാൻ സാമാന്യബുദ്ധിയുടെ ആവശ്യമേയുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ പ്രധാനമന്ത്രിയേയും ഉമ്മൻ ചാണ്ടിയേയും അപരന്മാരുടെ ഷോകൾ ടെലിവിഷനിൽ കണ്ട് നിങ്ങൾ രസിക്കാറില്ലേ.
പിന്നെ എന്തുകൊണ്ട് അപരനാമത്തിലുള്ള ഒരു ലേഖനത്തെയും ഹാസ്യഭാവനയായി കരുതുന്നില്ല? ഒരിക്കൽ അദ്ദേഹം അല്മായശബ്ദത്തിൽ യേശുവും മഗ്ദലനായും തമ്മിലുള്ള നാടൻ പ്രേമക്കഥ എഴുതി. അന്നാരും അത് സത്യമാണെന്ന പരാതിയുമായി വന്നില്ല.
വായിച്ചു തുടങ്ങിയപ്പോഴേ ഇതൊരു താമാശനിറഞ്ഞ കത്താണന്നും എന്നാൽ വർത്തമാനകാലത്തിന്റെ ആവശ്യങ്ങളും നൊമ്പരങ്ങളും മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നെഴുതാൻ അദ്ദേഹത്തിന്റെതന്നെ നർമ്മഭാവന ഉപയോഗിച്ചെന്നും ഞാൻ മനസിലാക്കി. വായിച്ചുകഴിഞ്ഞപ്പോൾ ജോസഫ് മാത്യു അല്മായശബ്ദം വായനക്കാർക്കായി ഈടുറ്റ ഒരു ലേഖനം കാഴ്ച്ചവെച്ചതായിട്ടാണ് എനിക്ക് തോന്നിയത്. ഉടൻതന്നെ അദ്ദേഹത്തെ ടെലഫോണ്‍ ചെയ്ത് അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ കുറെ വായനക്കാർ അത് മാർപാപ്പായുടെ യഥാർത്ഥ കത്താണെന്ന് തെറ്റിധരിച്ചുവെന്ന് ഇപ്പോൾ അറിയുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള ഔദ്യോഗിക കത്തിടപാടുകളെപ്പറ്റി അജ്ഞരായവർക്ക് ഇത്തരം തെറ്റിധാരണകൾക്ക് പഴുതുണ്ടെങ്കിലും ഒരു മാർപാപ്പാ പുലിക്കുന്നേൽ സാറിനെ കാണാൻ ഇടമറ്റത്തു വരാൻ പോകുന്നില്ലെന്നെങ്കിലും ചിന്തിക്കണമായിരുന്നു.
തന്നെയുമല്ല,
പുലിക്കുന്നേൽ സാറിന്റെ പോപ്പിനുള്ള കത്ത്
ബ്ലോഗിന്റെ
അട്മിനിസ്റ്റ്രെറ്ററായ ജോസ് ആന്റണി ആണ്
പോസ്റ്റ്
ചെയ്തത്.
അപ്പോൾപിന്നെ പോപ്പിന്റെ മറുപടി
ജോസഫ് മാത്യുവിന് എങ്ങനെ
കിട്ടി
പോസ്റ്റ്
ചെയ്യാൻ സാധിച്ചെന്നും വായനക്കാർ
ഓർമ്മിക്കെണ്ടതായിരുന്നു.
ജോസഫ് മാത്യുവിനെ അല്മായ ശബ്ദത്തിലേക്കു കൊണ്ടുവന്നത് ഞാനാണ്.
അദ്ദേഹം അലിഗർ മുസ്ലിം യൂണിവേർഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി കോളേജ് അദ്ധ്യാപകനായിരിക്കെ അമേരിക്കയിലേക്ക് കുടിയേറി ലോകത്തിലെ രണ്ടാമത്തെ വലിയ വായനശാലയായ ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറിയിൽ മുപ്പത് വർഷത്തിനുമേൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചുതള്ളിയിട്ടുള്ള അദ്ദേഹം സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശമാണ്. നിങ്ങൾ ഒന്ന് തിരിഞ്ഞ് നോക്കുക.
അല്മായശബ്ദത്തിന് എത്രയോ വിലപ്പെട്ട ലേഖനങ്ങളും കമൻറുകളും അദ്ദേഹം ഈ ഇലക്ട്രോണിക്ക് പബ്ലിക്കേഷൻ തുടങ്ങിയ കാലംമുതൽ കാഴ്ച്ചവെച്ചിട്ടുണ്ട്. അല്മായശബ്ദത്തെ പുഷ്ടിപ്പെടുത്തുവാനുള്ള അറിവും കൂടാതെ സമയവും അദ്ദേഹത്തിനുണ്ടായിരുന്നു. യേശുവിന്റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികളെ നിശിതമായി വിമർശിക്കുവാൻ പുലിക്കുന്നേൽ സാർ 'ഓശാന' ഉപയോഗിക്കുന്നതുപോലെ ജോസഫ് മാത്യു അല്മായ ശബ്ദവും ഉപയോഗിച്ചിരുന്നു. അദ്ദേഹം തൻറ്റെ മനസിനെ ഒരു രഹസ്യമായി മറ്റുള്ളവരിൽനിന്ന് മാറ്റിവെച്ചില്ല.
മറ്റുള്ളവർ വിളിച്ചുപറയാൻ അറയ്ക്കുന്ന കാര്യങ്ങൾ ചങ്കൂറ്റത്തോടെ തുറന്നടിക്കാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല. കത്തോലിക്ക സഭയുടെ അഴുക്കുചാലുകളെയും തന്റെ ലേഖനങ്ങളിൽക്കൂടി അനാവരണം ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
സമവായ ചിന്തയോടെ സഭാനവീകരണത്തെ ഉന്നം വെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പേനാ ചലിപ്പിച്ചിരുന്നത്.
ചില വായനക്കാരുടെ അജ്ഞതമൂലമാണ് ജോസഫ് മാത്യു ഇന്ന് വ്രണപ്പെട്ടിട്ടുള്ളത്.
ചുരുങ്ങിയ കാലംകൊണ്ട് രണ്ടുലക്ഷം ഹിറ്റുകൾ കണ്ടെന്ന സംതൃപ്തിയോടെ അല്മായശബ്ദം കോണ്ട്രിബ്യൂട്ടർ സ്ഥാനത്തുനിന്ന് സ്വയം വിരമിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആരും ശ്രദ്ധിക്കാതിരുന്ന പുലിക്കുന്നേൽ സാറിന്റെ മാർപാപ്പാക്കുള്ള കത്തിനും മാർപാപ്പായുടെ സാങ്കൽപ്പികമറുപടിമൂലം ആഗോളതലത്തിലെ വായനക്കാർ ഇരച്ചുകയറിയെന്നും വിചാരിക്കണം.
അദ്ദേഹത്തിന്റെ ഹാസ്യ സാങ്കല്പ്പിക കത്തിനെ തെറ്റിധരിച്ചവർ ഇനിമേൽ അല്മായശബ്ദത്തെ മുന്നോട്ട് നയിക്കുമെന്ന് ഞാൻ കരുതുന്നു. ജോസഫ് മാത്യുവിന്റെ ഇതുപോലുള്ള എഴുത്തുകളും കാല്പ്പനിക ഹാസ്യരചനകളും നിറുത്താതെ തുടരാനും സഭക്കും സമൂഹത്തിനും ഗുണപ്രദമാകാനും ഭാവുകങ്ങൾ നേരുന്നു.