സ്റ്റീഫന്‍ മാത്യു വെള്ളാന്തടം ഫോണ്‍: 9605114468
[കന്യാസ്ത്രീകളുടെ അടിമത്തസാഹചര്യത്തെയും അതില്‍നിന്നുള്ള മോചനമെങ്ങനെ എന്നതിനെയും കുറിച്ച്, ലേഖകന്‍ തന്റെ രണ്ടാഴ്ചക്കാലത്തെ നിരാഹാര സത്യഗ്രഹത്തിനിടയില്‍ തയ്യാറാക്കിയ ലേഖനം. എഡിറ്റര്‍, സത്യജ്വാല]
ആമുഖം:
സൂര്യന്‍ അസ്തമിക്കാത്ത റോമാസാമ്രാജ്യത്തിന്റെ BC-AD കാലഘട്ടങ്ങളിലെമ്പാടുമായി
പടര്‍ന്നുകിടക്കുന്ന ചരിത്രം മുഴുവന്‍ പരിശോധിച്ചാലും, യേശു എന്ന ഒന്നാംകിട വിപ്ലവകാരിയുമായി ഐക്യപ്പെടുന്ന ഒരു
ഉദാഹരണംപോലും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍, യേശു ഉള്‍പ്പെടെ ലോകം
കണ്ട എല്ലാ ധര്‍മസംസ്ഥാപകരുടെയും സകല നീതിമാന്മാരുടെയും രക്തക്കറ റോമിന്റെ
ചരിത്രത്താളുകളില്‍ കണ്ടെത്താന്‍ നിഷ്പ്രയാസം കഴിയുന്നുമുണ്ട്. വിചിത്രമെന്നു
പറയട്ടെ, ആധുനിക റോമന്‍ സാമ്രാജ്യമായ
കത്തോലിക്കാസഭയുടെ ലാപ്‌ടോപ്പിലെ സ്‌ക്രീന്‍സേവര്‍ പരിശോധിച്ചാല്‍, അവരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒന്നാമനായി അവര്‍
വേഷംകെട്ടിച്ച് നിര്‍ത്തിയിരിക്കുന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ വിപ്ലവകാരിയായ
യേശുവിനെയാണെന്ന് കാണാം. അതുകൊണ്ടുതന്നെ,
ആഗോള
വ്യാപാരി- വ്യവസായി ഏകോപനസമിതിയിലെ പ്രഥമരായി ഈ റോം ഇന്നും വിലസുന്നു.
റോമന്‍ കത്തോലിക്കാസഭയിലെ ഒരു കന്യാസ്ത്രീയെ ഒരു പുരോഹിതന്‍ കടന്നുപിടിച്ചാല്‍
അയാളോട് അരുതെന്നു പറയാന്‍ ആ കന്യാസ്ത്രീക്ക് അവകാശമില്ല; കാരണം, മേലധികാരികളെ
അക്ഷരംപ്രതി അനുസരിച്ചുകൊള്ളാമെന്നുള്ള 'അനുസരണവ്രതം' എടുത്തവരാണ് കന്യാസ്ത്രീകളായ ഞങ്ങള്‍''- ഈ അടുത്തകാലത്ത് ഒരു കന്യാസ്ത്രീ എന്നോടു പറഞ്ഞതാണിത്.
മറ്റൊരു കന്യാസ്ത്രീ, അവര്‍ കോളേജ് പ്രൊഫസര്‍
ആയിരുന്നിട്ടും കനത്ത ശമ്പളം ഗവണ്മെന്റില്‍നിന്നു കൈപ്പറ്റിയിരുന്നിട്ടും പത്തു
പൈസ പോക്കറ്റ് മണിയില്ലാതെയാണ് 53 വര്‍ഷമായി ഇന്നും
ജീവിക്കുന്നത്! സ്വന്തം അധ്വാനഫലം എണ്ണി നോക്കുകപോലും ചെയ്യാതെ മേലധികാരികളെ ഏല്‍പ്പിച്ചശേഷം
ദാരിദ്ര്യവ്രതത്തില്‍ ജീവിക്കുന്നവരാണ് കന്യാസ്ത്രീകള്‍!
ഇത്രയും അറിഞ്ഞപ്പോള്‍ എനിക്കുണ്ടായ സംശയം ഇതാണ്. റോമന്‍ കത്തോലിക്കാസഭയിലെ
കന്യാ സ്ത്രീ സമൂഹത്തിന്റെ പ്രഥമവും പ്രധാന വുമായ വ്രതം കന്യാവ്രതമല്ലേ? ആ വ്രതമെടുക്കാന്‍ നിര്‍ബന്ധിക്കുന്നവര്‍തന്നെ അവരുടെ
കന്യാത്വം കവര്‍ന്നെടുക്കാന്‍ കടന്നുപിടിക്കുന്നത് എന്തുകൊണ്ടാണ്? ഇതിനുള്ള മറുപടി ഒരു പുരോഹിതന്‍തന്നെ, ഒരു കന്യാസ്ത്രീയോട് പറഞ്ഞതിങ്ങനെയാണ്: ''മാതാപിതാക്കള്‍ മഠത്തിലേക്കു പറ ഞ്ഞയയ്ക്കുന്ന തങ്ങളുടെ
പെണ്മക്കള്‍ പരിശുദ്ധ കന്യാമറിയത്തെപ്പോലെ പരിശുദ്ധിയുള്ളവരായിട്ടാണ്
ജീവിക്കുന്നതെന്ന് എക്കാലവും അവരുടെ വീട്ടുകാരെയെങ്കിലും വിശ്വസിപ്പിക്കുന്നതിന്
ഇങ്ങനൊരു കന്യാവ്രതചടങ്ങ് ആവശ്യമാണ്. പക്ഷേ,
കന്യാമറിയംപോലും
അങ്ങനെയായിരുന്നില്ലെന്ന് ബൈബിള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ (മത്താ:1-25). ബൈബിള്‍ പറയുംപ്രകാരം യാക്കോബ്, യോസെ, യൂദാ, ശീമോന്‍ എന്നീ നാലു ആണ്മക്കളും ഒന്നിലധികം പെണ്‍മക്കളും
യേശുവിന്റെ സഹോദരങ്ങളായി യൗസേഫ്-മറിയം ദമ്പതികള്‍ക്ക് ജനിച്ചിട്ടുണ്ട് എന്നു
വിശ്വസിക്കുന്ന കോടിക്കണക്കിന് ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിലുണ്ട്.
ഇത്രയുമായപ്പോള്‍ ഞാന്‍ കുറെയധികം കന്യാസ്ത്രീകളോട് സംശയനിവാരണം നടത്തി ഒരു
കാര്യം ഉറപ്പിച്ചു. കന്യാവ്രതം, ദാരിദ്ര്യവ്രതം, അനുസരണവ്രതം എന്നിവയ്ക്കുപിന്നില്‍ യേശു ഇല്ല, ബൈബിള്‍ ഇല്ല, സഭയുടെ 99% വരുന്ന വിശ്വാസികളും ഇല്ല. സഭയിലെ വെറും ഒരുശതമാനത്തില്‍ത്താഴെമാത്രമായ
പുരോഹിതപ്പരിഷകള്‍ പാവപ്പെട്ട നമ്മുടെ സഹോദരിമാരുടെമേല്‍ കെട്ടിയേല്‍പ്പിച്ച
കിരാതമായ മതമാരണങ്ങളാണ് പ്രസ്തുത മൂന്നു വ്രതങ്ങള്‍. കന്യകമാരെ ചൂഷണം ചെയ്യാന്‍
പുരോഹിതര്‍ തീര്‍ത്ത മുച്ചങ്ങലയാണ് ഇവ. യേശുവിന് ഇതില്‍ യാതൊരു പങ്കുമില്ല. എത്രയോ
നൂറ്റാണ്ടുകളായി ലക്ഷക്കണക്കായ കന്യാസ്ത്രീസമൂഹത്തെ ഈ മുച്ചങ്ങലയാല്‍
ബന്ധിച്ചതിനുശേഷം, ബലാല്‍സംഗവും
സാമ്പത്തികക്കൊള്ളയും ആത്മീയാടിമത്തവും അവരുടെമേല്‍ അടിച്ചേല്‍പ്പിച്ചു
കൊണ്ടിരിക്കുന്ന, സഭയിലെ ഒരു ശതമാനത്തില്‍താഴെമാത്രംവരുന്ന
പുരോഹിതരുടെ ഈ പാപം പൊറുക്കാനാകുമോ? ഇനിയും നമ്മള്‍ ഇതു
വെച്ചുപൊറുപ്പിക്കണമോ?
ഒരേ പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരായവരെന്നു നമ്മള്‍ വിശ്വസിക്കുന്ന
കന്യാസ്ത്രീകളും പുരോഹിതരുംതമ്മില്‍ ഒരു താരതമ്യപഠനംകൂടി ശ്രദ്ധിക്കുക.
ഉല്പത്തിപ്പുസ്തകംമുതല്‍ വെളിപാടുവരെയും,
തുടര്‍ന്ന്
കത്തോലിക്കാസഭയുടെ കാനോന്‍ നിയമവും മുഖവിലയ്‌ക്കെടുത്തു പരിശോധിച്ചാല്‍, കന്യാസ്ത്രീകള്‍ അഭിഷിക്തരോ ആ നിലയിലുള്ള ഒരു കൂദാശക്ക്
അവര്‍ അര്‍ഹമോ അല്ലെന്നു കാണാം. പക്ഷേ, പുരുഷന്മാരായ പുരോഹിതര്‍
അഭിഷിക്തരും തിരുപ്പട്ടം എന്ന കൂദാശയ്ക്ക് അര്‍ഹരുമാണ്! ബൈബിളില്‍ സംഖ്യ
പുസ്തകത്തില്‍ അധ്യായം 31-ല്‍ പറയുന്നത് 'കന്യകകളായ സ്ത്രീകളെ പുരോഹിതര്‍ക്കും രാജാക്കന്മാര്‍ക്കും
ഉപയോഗിക്കുവാനായി സൂക്ഷിക്കുക, ബാക്കിയുള്ളവരെ
കൊന്നുകളയുക' എന്നാണ്. നമ്മുടെ
കന്യാസ്ത്രീകളുടെ കാര്യത്തില്‍ ഈ 'ബൈബിള്‍ തിരുവചനം' ആണ് പുരോഹിതര്‍ ഇന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പക്ഷേ, കാലം മാറിയപ്പോഴാണ്, കന്യാസ്ത്രീകളെ കാമശമനത്തിന് ഉപയോഗിക്കുവാന്‍
തിരുവചനംകൊണ്ടുമാത്രം കഴിയാതെവന്നപ്പോഴാണ്,
കത്തോലിക്കാസഭയിലെ
കാളക്കൂറ്റന്മാര്‍ തങ്ങളുടെ കരുത്തുകൂട്ടാനുള്ള ഉത്തേജകമരുന്നായി കാനോന്‍നിയമംകൂടി
എഴുതിയുണ്ടാക്കിയതും കന്യാസ്ത്രീകളെ കരുതല്‍ തടങ്കലലാക്കുന്ന ദാരിദ്ര്യവ്രതവും
അനുസരണവ്രതവുംകൂടി ഏര്‍പ്പെടുത്തിയതും. കന്യാവ്രതമെന്നത് പുറമേക്കുമാത്രം
പറഞ്ഞുണ്ടാക്കിയ ഒരു വഞ്ചനാവ്രതംമാത്രമാണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ
ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ സ്ത്രീവഞ്ചനയെ, സ്ത്രീവിരുദ്ധതയെ, ഇങ്ങനെ സംഗ്രഹിക്കാം:
1) കാനോന്‍ നിയമപ്രകാരം, എല്ലാ
സ്വത്തുക്കളുടെയും ഉടമസ്ഥര്‍ പുരുഷന്മാരായ പുരോഹിതരാണ്. കന്യാസ്ത്രീകള്‍
ദാരിദ്ര്യവും അനുസരണവുംമാത്രം കൈമുതലാക്കി ജീവിക്കേണ്ടവര്‍!
2) കാലാകാലങ്ങളില്‍ നിയമം നിര്‍മ്മിക്കാനും നിയമം വ്യാഖ്യാനിക്കാനും നിയമം
നടപ്പാക്കാനുമുള്ള അധികാരം പുരോഹിതനില്‍മാത്രം നിക്ഷിപ്തമാണ്. അഗതികളും കുടികിടപ്പുകാരുമായ
കന്യാസ്ത്രീകള്‍ പുരോഹിതരെ അക്ഷരംപ്രതി അനുസരിച്ചുകൊള്ളണം.
3) പുരോഹിതന്റെ ആവശ്യങ്ങള്‍ നിറവേറ്റിയശേഷം മിച്ചമുള്ള കന്യാസ്ത്രീജീവിതം
പുരോഹിതന്റെ നിര്‍ദ്ദേശാനുസരണം പൊതുസമൂഹത്തിനായി ഉഴിഞ്ഞുവെച്ചുകൊള്ളണം.
ഇവിടെയിപ്പോള്‍ കേരളസമൂഹംമാത്രമല്ല,
ലോകസമൂഹംതന്നെ
തിരിച്ചറിയേണ്ട വസ്തുതയെന്തെന്നാല്‍, ജനാധിപത്യം എന്ന
ലോകോത്തരഭരണസമ്പ്രദായത്തിന്റെ ശവക്കുഴിയാണ് കാനോന്‍ നിയമം എന്നതാണ്.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ ശവപ്പെട്ടിയാണ് കാനോന്‍ നിയമം. ഈ പുരോഹിതതിന്മയെ
മുഴുവന്‍ മറച്ചുപിടിച്ചു പൊതിഞ്ഞുസൂക്ഷിക്കുന്ന വര്‍ണ്ണക്കടലാസും
കുന്തിരിക്കധൂമപരിമളവും മെഴുകുതിരിവെളിച്ചവുമാണ്, ഇന്നത്തെ കന്യാസ്ത്രീകള്‍. അവരുടെ രക്ഷയ്ക്കായി നമ്മള്‍ ശ്രമിക്കുമ്പോള്‍
യഥാര്‍ത്ഥത്തില്‍ രക്ഷിക്കപ്പെടുന്നത് അവര്‍ മാത്രമല്ല, സ്ത്രീസമൂഹവും പൊതുസമൂഹവുംകൂടിയാണ്. അതിലൂടെ നാം
വീണ്ടെടുക്കുന്നത് മനുഷ്യന്റെ മനുഷ്യത്വംകൂടിയാണ്.
'സേവ് ഔര്‍ സിസ്റ്റേഴ്‌സ്'(SOS) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ നേരിടുന്ന
വെല്ലുവിളികള്‍ ഇവയാണ്:
1. കന്യാസ്ത്രീകള്‍ തലമുറകളായി
പേറുന്ന ഈ പുരോഹിതച്ചങ്ങല (കന്യാവ്രതം, ദാരിദ്ര്യവ്രതം, അനുസരണവ്രതം) അവരില്‍ പലര്‍ക്കും ശീലമായി, ഭാരമല്ലാതായിത്തീര്ന്നിരിക്കു ന്നു! മാത്രമല്ല, ആ അടിമത്തം അവര്‍ക്ക് ആചരിച്ചേ പറ്റൂ എന്ന സ്ഥിതിവിശേഷവും
നിലനില്‍ക്കുന്നു. സതി, ശൈശവവിവാഹം, മുത്തലാക്, ബാധയൊഴിപ്പിക്കല്‍, ദുര്‍മന്ത്രവാദം,
നരബലി
എന്നിവയൊക്കെ മതവിശ്വാസികളുടെ അവകാശമായിരുന്നതുപോലെതന്നെയാണ് ഇപ്പോഴത്തെ
കന്യാസ്ത്രീകളുടെ പൊതുമനോഭാവവും അവസ്ഥയും.
2. സമൂഹത്തിനുമേല്‍
ഇന്ത്യാഗവണ്മെന്റിനോ ഇന്ത്യന്‍ ഭരണഘടനയ്‌ക്കോ യാതൊരു അധികാരവുമില്ല. അവരെ
ഭരിക്കുന്നത് വത്തിക്കാന്‍ രാഷ്ട്രത്തലവനാണ്. ആ രാജ്യത്തിന്റെ ഭരണഘടന (കാനോന്‍നിയമം)യനുസരിച്ച്
കത്തോലിക്കാമെത്രാന്മാരും പുരോഹിതന്മാരും കന്യാസ്ത്രീസമൂഹത്തിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍സ്
ആണ്. യഥാര്‍ഥ അധികാരിയാകട്ടെ, വത്തിക്കാന്‍
ഗവണ്മെന്റും കാനോന്‍നിയമവുമാണ്.
3. വത്തിക്കാന്‍ നിയമമനുസരിച്ച്
കന്യാസ്ത്രീസമൂഹത്തിന് സ്വന്തമായി ഒന്നും ഉണ്ടാകാന്‍ പാടില്ല. അവര്‍ ചവിട്ടി നില്‍ക്കുന്ന
മണ്ണും അന്തിയുറങ്ങുന്ന ഭവനവും വത്തിക്കാന്‍ രാജ്യത്തിന്റെ പ്രതിനിധിയായ
ബിഷപ്പിന്റെ സ്വന്തമാണ്. നമ്മുടെ നാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പുരോഹിതജന്മിമാരുടെ
കീഴിലെ കുടികിടപ്പുകാര്‍മാത്രമാണ് കന്യാസ്ത്രീകള്‍! ഇത്രയും പ്രശ്‌നങ്ങള്‍ക്കു പരിഹാരംകാണാന്‍ 'സേവ് ഔര്‍ സിസ്റ്റേഴ്‌സ്' ഐക്യദാര്‍ഢ്യസമിതിയുടെ പോക്കറ്റ് മണി മതിയാകില്ല. അതുകൊണ്ട് 'സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്റ്റ്' അഥവാ 'നണ്‍സ് ആക്റ്റ്' എന്ന ഒരു ഗവണ്മെന്റ് നടപടിതന്നെയാണ് നമുക്കുമുന്നിലെ ഏക
പോംവഴി.
കുടികിടപ്പ്, അടിമത്തം, സ്വാതന്ത്ര്യം ഇതൊക്കെ എന്താണെന്നുപോലും അറിയാതിരുന്ന
പാവപ്പെട്ട കുടികിടപ്പുകാര്‍ക്കുവേണ്ടി കുടികിടപ്പവകാശനിയമം ഉണ്ടാക്കിയ പഴയ
ഇ.എം.എസ്. ഗവണ്മെന്റുമുതല്‍, അന്ധവിശ്വാസത്തിനും
ദുര്‍മന്ത്രവാദത്തിനും നരബലിക്കുമെതിരെ സ്വമേധയാ കേസെടുക്കുകയും നിയമം ഉണ്ടാക്കാന്‍
തയ്യാറാകുകയുംചെയ്ത ഉമ്മന്‍ ചാണ്ടി ഗവണ്മെന്റും, മുത്തലാഖിനെതിരെ നിയമം ഉണ്ടാക്കാനിറങ്ങിയ മോഡി ഗവണ്മെന്റുംവരെയുള്ള മാതൃകകള്‍
നമുക്കുണ്ട്.
72 വയസുള്ള സ്വതന്ത്രഭാരതത്തെ, നമ്മുടെ ഭാരതമാതാവിനെ,
ഇപ്പോഴും
ഒരു ജാരന്‍ പീഡിപ്പിക്കുന്നു. 125 കോടി മക്കള്‍ അതു
നോക്കിനില്‍ക്കുന്നു, അഥവാ കണ്ടില്ലെന്ന്
നടിക്കുന്നു! എങ്കില്‍, സീതാദേവിയെപ്പോലെ
നമ്മുടെ ഭാരതമാതാവിനെയും ഭൂമീദവി ഏറ്റെടുക്കട്ടെ എന്നാണോ? ഭാരതത്തിലെ മുസ്ലീങ്ങളെയും ഇവിടത്തെ വഖഫ് ബോര്‍ഡിനെയും സൗദി
അറേബ്യന്‍ ഭരണഘടനപ്രകാരം സൗദിരാജാവ് തന്റെ പ്രതിനിധികളെ നിയോഗിച്ച് ഭരിക്കാന്‍
മുതിര്‍ന്നാല്‍ നമ്മളെങ്ങനെ പ്രതികരിക്കും?
എങ്കില്‍
പറയൂ, ഇന്ത്യന്‍ ഭരണഘടനയെ കാലങ്ങളായി
പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന, ബലാല്‍സംഗം
ചെയ്തുകൊണ്ടിരിക്കുന്ന, കാനോന്‍ നിയമത്തെയും
അതിന്റെ പ്രത്യക്ഷ പ്രയോക്താക്കളായ കത്തോലിക്കാ പൗരോഹിത്യത്തെയും ഇന്ത്യയുടെ
മണ്ണില്‍നിന്നും തുടച്ചുനീക്കുവാന്‍ ഇനിയും നാം കാത്തിരിക്കണോ? അങ്ങനെ കാത്തിരിക്കുന്നത്, സ്വന്തം അമ്മയെ ബലാല്‍ക്കാരംചെയ്യാന്‍ കൂട്ടുനില്‍ക്കുന്നതുപോലെയല്ലേ?
'കന്യാസ്ത്രീ ആക്റ്റി'നു മുന്‍പായി ആരാണ് കന്യാസ്ത്രീ എന്നുകൂടി നാമറിയണം.
മഠങ്ങളിലെ അടിച്ചുതളിക്കാരിയും അടുക്കളത്തോട്ടത്തിലെ പച്ചക്കറിക്കൃഷിക്കാരിയും
ആടു-മാടുവളര്‍ത്തുകാരിയും മാത്രമായല്ല, ഡോക്ടറായും
പ്രൊഫസറായുമൊക്കെ നമ്മള്‍ കന്യാസ്ത്രീകളെ കാണാറുണ്ട്. സാധാരണമനുഷ്യര്‍ തൊടാനോ
നോക്കാനോപോലും അറച്ചുനില്‍ക്കുന്ന, അഴുക്കുചാലുകളിലും
ആശുപത്രിവരാന്തകളിലും കിടക്കുന്നവരെ വാരിയെടുത്ത് ചേര്‍ത്തുപിടിച്ചു
സംരക്ഷിക്കുന്നവര്‍, കന്യാസ്ത്രീകള്‍. സമൂഹത്തില്‍
നന്മയും സ്‌നേഹവും സേവനവും ചൊരിഞ്ഞുകൊണ്ട് സ്വയം ഉരുകിത്തീരുന്നവര്‍, കന്യാസ്ത്രീകള്‍. ആധുനികസമൂഹത്തില്‍ അവശേഷിക്കുന്ന
നന്മയുടെ ആള്‍രൂപങ്ങളായവര്‍, കന്യാസ്ത്രീകള്‍...!
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ നന്മയുടെ ഫലം അനുഭവിക്കാത്തവര്‍ ആരുണ്ട് നമ്മുടെ
ഇടയില്‍?! നമ്മുടെ ദുഃഖവും ദുരിതവും
രോഗവും നിരക്ഷരതയുമെല്ലാം അകറ്റാന്‍ ആജീവനാന്തം പ്രയത്‌നിക്കുന്ന ഈ മാലാഖമാര്‍, ഒരു സുപ്രഭാതത്തില്‍ തോട്ടിലോ തൊടിയിലോ കിണറ്റിലോ
ഭ്രാന്താശുപത്രിയിലോ വീട്ടുതടങ്കലിലോ മരിച്ചും മരിക്കാതെയും കിടക്കുന്ന വാര്‍ത്തകള്‍
സര്‍വസാധാരണമായിരിക്കുന്നു. എത്രയോപേര്‍ വാര്‍ത്തകള്‍പോലുമാകാതെ
വിസ്മൃതിയിലാകുന്നു!
ഇതിന്റെയെല്ലാംപിന്നില്‍ വെളുത്ത ളോഹയ്ക്കുള്ളിലെ കറുത്ത
ചെകുത്താന്മാരാണെന്നറിഞ്ഞിട്ടും നൂറ്റാണ്ടുകളായി നമ്മള്‍ നിശ്ശബ്ദമായി
സഹിക്കുന്നു. ഒടുവില്‍ ഓരോ കന്യാസ്ത്രീയുടെയും ജീവിതം തല്ലിക്കെടുത്തുമ്പോള്‍, ഓരോ 'ആക്ഷന്‍ കൗണ്‍സില്‍' രൂപീകരിച്ച്
തൃപ്തിപ്പെടേണ്ട സ്ഥിതിയാണിന്നുള്ളത്.
നന്മയുടെ ഈ ആള്‍രൂപങ്ങള്‍ക്ക് നമ്മള്‍ നല്‍കുന്ന മറ്റൊരു
പ്രതിഫലമെന്തെന്നുകൂടി പറഞ്ഞ് ഞാനിത് അവസാനിപ്പിക്കാം. 'കാത്തലിക് പ്രീസ്റ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ'(CPCI) എന്ന കത്തോലിക്കാ അഭിഷിക്തരുടെ സമിതി നടത്തിയ ഒരു
സര്‍വേഫലം പറയുന്നു: ''പതിനേഴാംവയസില്‍
വീടുവിട്ടിറങ്ങുന്ന പിഞ്ചുപെണ്‍മക്കള്‍ പിന്നീട് നേരിടേണ്ടി വരുന്ന അഗതി എന്ന
അവസ്ഥ, കുടികിടപ്പുകാര്‍ എന്ന അവസ്ഥ, അനുസരണാടിമത്തം, സമ്പന്നതയിലും
അനുഭവിക്കേണ്ടിവരുന്ന ദാരിദ്ര്യാവസ്ഥ, കന്യകാടിമത്തം, പലര്‍ക്കും നേരിടേണ്ടിവരുന്ന ലൈംഗികാടിമത്തം, അതിനെ ചെറുത്താലുണ്ടാകുന്ന ശാരീരികപീഡനവും മാനസികപീഡനവും, പിന്നെ മാതാപിതാക്കളുടെ മരണശേഷമുണ്ടാകുന്ന ശൂന്യതാബോധം
തുടങ്ങിയ കാരണങ്ങളാല്‍ ബഹുഭൂരിപക്ഷം കന്യാസ്ത്രീകളും ജീവിതമധ്യാഹ്നത്തില്‍ത്തന്നെ
മാനസികാഘാതത്തിലേക്കും മാനസികാധഃപതനത്തിലേക്കും ഒടുവില്‍ മാനസികരോഗാവസ്ഥയിലേക്കും
അമരുന്നു.''
'Save Our Sisters (SOS) കര്‍മ്മസമിതി'ക്ക് തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ ഗവണ്മെന്റിന്റെ സഹായം
കൂടിയേതീരൂ. 'കന്യാസ്ത്രീ ആക്റ്റ്' (Nuns' Act) എന്ന സമഗ്രപ്രശ്‌നപരിഹാര
നടപടിയിലൂടെമാത്രമേ കന്യാസ്ത്രീസമൂഹത്തിനു മിനിമം നീതിയെങ്കിലും ലഭിക്കുകയുള്ളു.
ഇനിയുള്ള നമ്മുടെ വിചാരവും വാക്കും പ്രവൃത്തിയും ആ ലക്ഷ്യപ്രാപ്തിക്കു
വേണ്ടിയാവട്ടെ! അതിനായി ജീവന്‍ വെടിയേണ്ടിവന്നാല്‍ ആദ്യത്തെ ജീവന്‍ ഞാന്‍ വാഗ്ദാനം
ചെയ്യുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതും ഈ അനീതിക്കെതിരെ
ചെലവഴിച്ചുകൊള്ളാമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു!