Translate

Friday, October 27, 2017

മാര്‍ട്ടിന്‍ ലൂഥറിന്റെ 95 വാദമുഖങ്ങള്‍



[ലൂഥറിന്റെ 95 വാദമുഖങ്ങള്‍ സംക്ഷിപ്തമാക്കി 'The 95 Thesis-a Modern Translation' എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുള്ള ഇംഗ്ലീഷ് പരിഭാഷയുടെ തര്‍ജ്ജമ] 

 തര്‍ജമ ചെയ്തത്: 

 ജോസഫ് പടന്നമാക്കല്‍,  ചാക്കോ കളരിക്കല്‍



1 'പശ്ചാത്തപിക്കുക' എന്ന് യേശു പറഞ്ഞപ്പോള്‍ വിശ്വാസികള്‍ ആജീവനാന്തം പശ്ചാത്തപിക്കണമെന്നാണ് അവന്‍ അര്‍ത്ഥമാക്കിയത്.
2. ദൈവത്തിനുമാത്രമേ നിത്യരക്ഷ നല്‍കാന്‍ സാധിക്കൂ; പുരോഹിതര്‍ക്കതു സാധ്യമല്ല.
3. ആന്തരികപശ്ചാത്താപം അതിനനുയോജ്യമായ പരിവര്‍ത്തനത്തോടെ ജീവിതശൈലിയില്‍ പ്രതിഫലിക്കണം.
4. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതുവരെ നാമെല്ലാവരും പാപത്തിലായിരിക്കും.
5. പോപ്പിന്റെ പ്രവൃത്തികള്‍ കാനോന്‍നിയമമനുസരിച്ചായിരിക്കണം.
6. പാപം ക്ഷമിക്കാന്‍ ദൈവത്തിനുമാത്രമേ സാധിക്കൂ;  ദൈവം ക്ഷമിക്കുമെന്ന് മനുഷ്യര്‍ക്ക് ഉറപ്പു നല്‍കാന്‍ മാത്രമേ പോപ്പിനു കഴിയൂ.
7. ദൈവം കുറ്റം ക്ഷമിക്കുന്നതിനുമുന്‍പ് പാപി തന്റെ പുരോഹിതനുമുന്‍പില്‍ വിനയപ്പെടണം.
8. ജീവിച്ചിരിക്കുന്നവര്‍ക്കുമാത്രമേ കാനോന്‍നിയമം ബാധകമാകൂ. മരിച്ചവര്‍ക്കതു ബാധകമല്ല.
9. എന്നിരുന്നാലും ആവശ്യമെങ്കില്‍, പരിശുദ്ധ റൂഹാ ഇക്കാര്യത്തില്‍ അപവാദങ്ങള്‍ ഉണ്ടാക്കും.
10.മരിക്കുന്നവരെ ശുദ്ധീകരണസ്ഥലത്തെ ശിക്ഷ ചൂണ്ടിക്കാട്ടി പുരോഹിതന്‍ ഭയപ്പെടുത്താന്‍ പാടില്ല.
11. സഭയുടെ ശിക്ഷാനടപടികള്‍വഴി സഭ ഉല്‍പ്പാദിപ്പിക്കുന്നത് മനുഷ്യകളകളുടെ വിളവാണ് (human crop of weeds).
12. യഥാര്‍ത്ഥ മനസ്താപത്തിലൂടെ തെറ്റില്‍നിന്നു മോചിക്കപ്പെടുന്നതിനുമുമ്പ് പള്ളി പാപപരിഹാരം നിശ്ചയിക്കുന്ന കാലം കടന്നുപോയിരിക്കുന്നു.
13. നീ മരിക്കുന്നതോടെ പള്ളിയോടുള്ള നിന്റെ കടങ്ങളെല്ലാം മായ്ക്കപ്പെടുന്നു. നിത്യവിധിയില്‍നിന്നും ആ കടങ്ങള്‍ മുക്തമാണ്.
14. ഒരുവന്‍ മരിക്കുന്ന സമയത്ത്, സഭയ്‌ക്കെതിരെ മോശമായതും തെറ്റായതുമായ ചിന്തകള്‍ ഉണ്ടായതിനെയോര്‍ത്ത് ഭയപ്പെട്ടിരിക്കാം. ആ ഭയം മതിയായ പ്രായശ്ചിത്തമാണ്.
15. ആത്മശുദ്ധീകരണത്തിന് ആ കഠിനഭയം മതിയാകും.
16. ശുദ്ധീകരണസ്ഥലം നരകത്തിനും സ്വര്‍ഗം വാഗ്ദാനത്തിനും സമമാണ്.
17.ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്‌നേഹം കണ്ടെത്തണം.  സ്‌നേഹം വര്‍ദ്ധിക്കുമ്പോള്‍ അവരുടെ പാപങ്ങള്‍ കുറയുന്നു.
18. പാപിയായ ഒരാത്മാവ് എന്നും പാപത്തിലായിരിക്കണമെന്നില്ല. അതു ശുദ്ധീകരിക്കപ്പെടാം.
19. ഒരു വ്യക്തി പാപവിമുക്തനാണെന്നുള്ളതിന് തെളിവില്ല.
20. പാപമോചനം വാഗ്ദാനം ചെയ്യുന്ന പോപ്പിനുപോലും സ്വന്തം പാപങ്ങളെ പരിപൂര്‍ണമായി ക്ഷമിക്കാന്‍ സാധ്യമല്ല.
21. ദണ്ഡവിമോചനം ഒരുവനെ രക്ഷിക്കില്ല.
22. മരിച്ച ആത്മാവിനെ ദണ്ഡവിമോചനംകൊണ്ട് രക്ഷിക്കാനാവില്ല.
23. വളരെ ചുരുക്കം പാപികള്‍ക്കേ മാപ്പുകൊടുക്കാന്‍ സാധിക്കൂ. അവര്‍ പരിപൂര്‍ണരായിരിക്കണം.
24. അതിനാല്‍ ഭൂരിഭാഗം ജനങ്ങളും ദണ്ഡവിമോചനത്താല്‍ ചതിക്കപ്പെടുകയാണ്.
25. ശുദ്ധീകണസ്ഥലത്തിന്മേല്‍ ഒരു പുരോഹിതനുള്ള അതേ അധികാരംതന്നെയാണ് പോപ്പിനുമുള്ളത്.
26. ഒരു വ്യക്തിയെ രക്ഷിക്കാന്‍ പോപ്പ് ഇടപെടുമ്പോള്‍ അത് ദൈവതിരുമനസ്സിനനുസരിച്ചായിരിക്കും.
27. ശുദ്ധീകരണസ്ഥലത്തു വസിക്കുന്ന മരിച്ച ഒരാത്മാവിനെ പണം കൊടുത്ത് രക്ഷിക്കാമെന്നു പഠിപ്പിക്കുന്നത് വിഡ്ഢിത്തമാണ്.
28. പണം അത്യാഗ്രഹത്തിന് കാരണമാകുന്നു. ദൈവത്തിനുമാത്രമേ ആത്മാക്കളെ രക്ഷിക്കാന്‍ കഴിയൂ.
29. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് രക്ഷപെടണമെന്ന ആഗ്രഹമുണ്ടെന്ന് നമുക്കറിയാമോ?
30. ഒരുവന്റെ വാസ്തവികമായ പശ്ചാത്താപത്തെപ്പറ്റി അവനുതന്നെ നിശ്ചയമില്ല;  തന്മൂലം, മാപ്പു പരിപൂര്‍ണമായി ലഭിച്ചു എന്നാര്‍ക്കും തീര്‍ച്ചപ്പെടുത്താനുമാവില്ല.
31.യഥാര്‍ത്ഥത്തില്‍, സത്യസന്ധമായി ദണ്ഡവിമോചനം വാങ്ങിക്കുന്നവര്‍ (അത് എന്താണോ ആയിരിക്കുന്നത്, അപ്രകാരം വിശ്വസിക്കുന്നവര്‍), മുഴുവന്‍ പാപങ്ങളെയും കുറിച്ച് മനസ്തപിക്കുന്നവര്‍ വിരളമായിരിക്കുന്നതുപോലെതന്നെ, വളരെ വിരളമായിരിക്കും.
32. ദണ്ഡവിമോചനത്തിലൂടെ നിത്യരക്ഷയില്‍ ജീവിക്കാന്‍കഴിയും എന്നു വിശ്വസിക്കുന്നവര്‍, അങ്ങനെ പഠിപ്പിക്കുന്നവരോടൊപ്പം നാശത്തില്‍പ്പെടുന്നു.
33. പോപ്പിന്റെ ദണ്ഡവിമോചനം നിത്യരക്ഷ നല്‍കുന്ന അത്ഭുതകരമായ സമ്മാനമാ
ണെന്നു പറയുന്നവരെ വിശ്വസിക്കരുത്.
34. ദണ്ഡവിമോചനത്തിനു വാഗ്ദാനംചെയ്യുവാന്‍ കഴിയുന്നത്, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനുമായി നടത്തിയ ഉടമ്പടിയിലെ എന്തെങ്കിലും കാര്യം മാത്രമാണ്. 
35. നിത്യരക്ഷ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നവരെ പശ്ചാത്താപത്തിന്റെ ആവശ്യമില്ലെന്ന് നാം പഠിപ്പിക്കരുത്.
36. ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്ന ഒരുവന്‍ പാപവിമുക്തനായിരിക്കും-ദണ്ഡവിമോചനം ആവശ്യമില്ല.
37. മരിച്ചവനോ ജീവിച്ചിരിക്കുന്നവനോ ആയ ഒരു ക്രിസ്ത്യാനിക്ക് ദണ്ഡവിമോചനമില്ലാതെതന്നെ ക്രിസ്തുവിന്റെ ആനുകൂല്യവും സ്‌നേഹവും നേടാനാകും.
38. പോപ്പിന്റെ മാപ്പിനെ നിന്ദിക്കേണ്ടതില്ല. എങ്കിലും അദ്ദേഹത്തിന്റെ മാപ്പ് സുപ്രധാനമല്ല.
39.ഉന്നതവിദ്യാഭ്യാസമുള്ള ദൈവശാസ്ത്രജ്ഞര്‍ക്ക് ദണ്ഡവിമോചനത്തെപ്പറ്റിയും യഥാര്‍ത്ഥ പശ്ചാത്താപത്തെപ്പറ്റിയും ഒരേസമയം ധാര്‍മ്മികോദ്‌ബോധനം നടത്താന്‍ സാധിക്കയില്ല.
40. യഥാര്‍ത്ഥത്തില്‍ പശ്ചാത്തപിക്കുന്ന ഒരുവന്‍ തന്റെ പാപത്തെ
പ്പറ്റി അനുതാപമുള്ളവനായിരിക്കുകയും സന്തോഷപൂര്‍വം അവയ്ക്കു പരിഹാരം ചെയ്യുകയുംചെയ്യും. ദണ്ഡവിമോചനം അതിനെ നിസാരമാക്കുന്നു.
41. പാപപ്പൊറുതിക്കാണ് സല്‍പ്രവൃത്തികളേക്കാള്‍ പ്രാധാന്യമെന്നു ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ശ്രദ്ധയോടെ മാത്രമേ മാപ്പു നല്‍കാവൂ.
42. ദണ്ഡവിമോചനം വിലയ്ക്കുവാങ്ങിക്കുന്നതും ക്രിസ്തുവിനാല്‍ പാപം ക്ഷമിക്കപ്പെടുന്നതുംതമ്മില്‍ താരതമ്യമില്ലെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കണം.
43. സാധുക്കളെ സഹായിക്കുകയും ആവശ്യക്കാര്‍ക്ക് കടംകൊടുക്കുകയും ചെയ്യുന്ന ഒരു ക്രിസ്ത്യാനി പാപപ്പൊറുതി വിലയ്ക്കു വാങ്ങിക്കുന്നവനെക്കാള്‍ ദൈവദൃഷ്ടിയില്‍ മഹത്വമേറിയവനായിരിക്കും.
44.       അതെന്തുകൊണ്ടെന്നാല്‍, മറ്റുള്ളവരെ സ്‌നേഹിക്കുന്നതു
മൂലമാണ് സ്‌നേഹം വളരുകയും നിങ്ങള്‍ നല്ല വ്യക്തിയായി
ത്തീരുകയും ചെയ്യുന്നത്. ദണ്ഡവിമോചനം വാങ്ങിക്കുന്ന ആള്‍ കൂടുതല്‍ നല്ല വ്യക്തിയായിത്തീരുന്നില്ല. 
45. യാചകന്റെ സമീപത്തുകൂടെ കടന്നുപോകുന്ന ഒരുവന്‍ അവനെ അവഗണിച്ച് ദണ്ഡവിമോചനം വാങ്ങിയാല്‍ ദൈവത്തിന്റെ ക്രോധത്തിനും ഇച്ഛാഭംഗത്തിനും അര്‍ഹനായിത്തീരും.
46. ഒരു ക്രിസ്ത്യാനി ജീവിതത്തിന് അത്യാവശ്യമുള്ളവ വാങ്ങണം; ദണ്ഡവിമോചനത്തിനായി പണം പാഴാക്കരുത്.
47. ദണ്ഡവിമോചനത്തിന്റെ ആവശ്യമില്ലെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കണം.
48. സുകരമായ പണത്തേക്കാള്‍ അര്‍പ്പിതമനസ്സോടുകൂടിയ പ്രാര്‍ത്ഥനയ്ക്കായുള്ള ആഗ്രഹമാണ് പോപ്പിനുണ്ടാ
യിരിക്കേണ്ടത്.
49. ദണ്ഡവിമോചനത്തില്‍ ആശ്രയിക്കരുതെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കണം. അതിലൂടെ ഒരിക്കലും അവര്‍ക്ക് ദൈവഭയം നഷ്ടപ്പെടാനിടയാകരുത്.
50. ഒരു ദണ്ഡവിമോചനത്തിനുവേണ്ടി ജനങ്ങള്‍ക്കുമേല്‍ എത്രമാത്രം തുകയാണ് ഈടാക്കുന്നതെന്ന് ഒരു പോപ്പ് അറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹം വിശുദ്ധ പത്രോസിന്റെ ദേവാലയം ഇടിച്ചുപൊളിച്ചു കളയാന്‍ കൂടുതല്‍ ഇഷ്ടപ്പെടുമായിരുന്നു.
51. പാപപരിഹാരാര്‍ത്ഥികളില്‍നിന്നു ദണ്ഡവിമോചനത്തിനായി വാങ്ങിയ പണം മാര്‍
പാപ്പാ സ്വന്തം സമ്പത്തില്‍നിന്ന് അവര്‍ക്കു തിരിച്ചു കൊടുക്കണം.
52. പാപപ്പൊറുതിക്കായി ദണ്ഡവിമോചനത്തെ ആശ്രയിക്കുന്നത് നിഷ്ഫലമാണ്.
53. ദൈവവചനം പ്രസംഗിക്കുന്നവരെ വിലക്കുകയും പാപപരിഹാരം പ്രസംഗിക്കുകയും ചെയ്യുന്നവര്‍ പോപ്പിന്റെയും ക്രിസ്തുവിന്റെയും ശത്രുക്കളാണ്.
54. ദൈവവചനം പ്രസംഗിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ദണ്ഡവിമോചനം പ്രസംഗിക്കുന്നത് ദൈവനിന്ദയാണ്.
55. ദൈവവചനത്തിന് ഏറ്റം പ്രാധാന്യംനല്‍കി മാര്‍പാപ്പ അതു നടപ്പില്‍ വരുത്തണം. മഹത്തായ ദൈവവചനം  ദണ്ഡവിമോചനത്തെക്കാള്‍ കൂടുതലായി, പ്രഘോഷിക്കപ്പെടണം.
56. ക്രിസ്തുവിന്റെ അനുയായികള്‍ക്കിടയില്‍ സഭയുടെ യഥാര്‍ത്ഥ നിധിശേഖരത്തെക്കുറിച്ച് മതിയായ അറിവില്ല.
57. സഭയുടെ നിധിശേഖരം ഐഹിക (termporal)മാണ്.
58. തിരുശേഷിപ്പുകളൊന്നും ക്രിസ്തുവിന്റെ തിരുശേഷിപ്പുകളല്ല, പുറമേക്ക് അങ്ങനെ കാണപ്പെട്ടാല്‍പ്പോലും. യഥാര്‍ത്ഥത്തില്‍, അത് തിന്മയുടെ സങ്കല്പമാണ്.
59.       തിരുശേഷിപ്പുകള്‍ക്കും പാപപ്പൊറുതിക്കുംവേണ്ടി ദരിദ്രര്‍ പള്ളിക്കു പണം കൊടുക്കുന്നു എന്നാണ് വിശുദ്ധ ലോറന്‍സ് ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ളത്.
60. ആത്മരക്ഷ സഭയില്‍ക്കൂടി അന്വേഷിക്കാം. കാരണം, ക്രിസ്തു അത് സഭയെ ഏല്പിച്ചിട്ടുള്ളതാണ്.
61. പാപപൊറുതിക്ക് സഭയുടേമാത്രം അധികാരം മതിയെന്നു വ്യക്തമാണ്.
62.       സഭയുടെ പ്രധാനപ്പെട്ട നിധി സുവിശേഷങ്ങളും ദൈവകൃപയുമായിരിക്കണം.
63.       നന്മയെന്ന് അന്യായമായി തോന്നിക്കുന്ന ദണ്ഡവിമോചനം സൃഷ്ടിക്കുന്നത് അങ്ങേയറ്റത്തെ തിന്മയെയാണ്.
64.       അതുകൊണ്ട്, പ്രായശ്ചിത്തവും പാപമോചന വുംകൂടാതെയുള്ള തിന്മ നന്മയായി കാണപ്പെടുന്നു.
65. സുവിശേഷങ്ങളില്‍, മീന്‍പിടുത്തക്കാര്‍ ഉപയോഗിച്ചിരുന്ന വലകളെ അമൂല്യവസ്തുക്കളായി പ്രതിപാദിച്ചിട്ടുണ്ട്.
66. ദണ്ഡവിമോചനത്തെ ധനവാന്മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വലയാക്കിയിരിക്കുകയാണ്.
67. കച്ചവടക്കാര്‍ ദണ്ഡവിമോചനത്തെ പുകഴ്ത്തുന്നതു തെറ്റാണ്.
68.       അവര്‍ ദൈവകൃപയില്‍നിന്നും കുരിശിനോടുള്ള ഭക്തി-സ്‌നേഹങ്ങളില്‍നിന്നും ബഹുദൂരത്താണ്.
69.       ദണ്ഡവിമോചനവില്പനയും അതിനെ അനുകൂലിക്കലും മെത്രാന്മാരുടെ ചുമതലയും അവരുടെ ജോലിയുടെ ഭാഗവുമാക്കിയിരിക്കയാണ്.
70. ദണ്ഡവിമോചനപ്രസംഗകര്‍ മാര്‍പാപ്പ അധികാരപ്പെടുത്തിയിരിക്കുന്നതിനപ്പുറം, തങ്ങളുടെതന്നെ അഭിലാഷങ്ങള്‍ പ്രസംഗിക്കുന്നുണ്ടോയെന്നു സൂക്ഷ്മനിരീക്ഷണംചെയ്യാന്‍ മെത്രാന്മാര്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു.
71.       അപ്പോസ്തലന്മാരുടെ പാപമോചനം നിരസിക്കുന്നവര്‍ ശപിക്കപ്പെട്ടവരായിരിക്കും.
72. പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്നു ചിന്തിക്കുന്നവര്‍    അനുഗൃഹീതരാകുന്നു.
73.       തന്റെ മാപ്പുനല്‍കല്‍ അര്‍ത്ഥശൂന്യമെന്ന് ചിന്തിക്കു'ന്നവരില്‍ മാര്‍പാപ്പ കുപിതനായിരിക്കുന്നു.
74. ദണ്ഡവിമോചനത്തിന്റെപേരില്‍ പരിശുദ്ധ സിംഹാസനത്തെ വിമര്‍ശിക്കുവരുടെമേല്‍ മാര്‍പാപ്പ അങ്ങേയറ്റം രോഷാകുലനാണ്.
75. മാര്‍പാപ്പയുടെ ദണ്ഡവിമോചനത്തില്‍ക്കൂടി എല്ലാ പാപങ്ങളില്‍നിന്നും മോചിക്കപ്പെടുമെന്നു ചിന്തിക്കുന്നതു തെറ്റാണ്.
76. മാര്‍പാപ്പാ പാപം ക്ഷമിച്ചുകഴിഞ്ഞാലും നിനക്കു കുറ്റബോധം അനുഭവപ്പെടും. മാര്‍പാപ്പയുടെ പാപപ്പൊറുതി കുറ്റബോധത്തെ മാറ്റിക്കളയുന്നില്ല.
77. വിശുദ്ധ പത്രോസിനുപോലും കുറ്റബോധത്തെ നീക്കിക്കളയാന്‍ സാധിക്കില്ല.
78. എന്നിരുന്നാലും, വിശുദ്ധ പത്രോസിനും മാര്‍പാപ്പയ്ക്കും കൃപയുടെ വരദാനമുണ്ട്.
79. പദവിമുദ്രയിലെ കുരിശ് ക്രിസ്തുവിന്റെ കുരിശിനു തുല്യമാണെന്നു പറയുന്നത് ദൈവദൂഷണമാണ്.
80. അങ്ങനെ പ്രസംഗിക്കാന്‍ അധികാരപ്പെടുത്തുന്ന മെത്രാന്‍ അതിനു സമാധാനം ബോധിപ്പിക്കേണ്ടിവരും.
81. മാര്‍പാപ്പയുടെ ഉന്നതപദവികാരണം പാപപരിഹാരാര്‍ത്ഥികള്‍ ധിഷണാശാലികളെ അവഹേളിതരായി പ്രത്യക്ഷപ്പെടുത്തുന്നു.
82. മാര്‍പാപ്പ എന്തുകൊണ്ട് പണത്തിനായിട്ടല്ലാതെ പരിശുദ്ധമായ സ്‌നേഹംകൊണ്ട് പാദങ്ങള്‍ കഴുകുന്നില്ല?
83. മരിച്ചവര്‍ക്കുവേണ്ടി വാങ്ങിച്ച ദണ്ഡവിമോചനത്തിന്റെ തുക മാര്‍പാപ്പ തിരിച്ചു നല്‍കണം.
84. ദൈവത്തിന്റെ സ്‌നേഹിതരായ ദരിദ്രര്‍ക്കു വാങ്ങാന്‍ കഴിയാത്ത നിത്യരക്ഷ ദുര്‍വൃത്തര്‍ വാങ്ങാന്‍ പാടില്ല.
85.എന്തുകൊണ്ട് ഇന്നും സഭയില്‍നിന്നു ദണ്ഡ വിമോചനം വാങ്ങിക്കുന്നു?
86. മാര്‍പാപ്പ സ്വന്തം പണംകൊണ്ട് സെന്റ് പീറ്റേഴ്‌സ് പുതുക്കിപ്പണിയട്ടെ.
87. പശ്ചാത്താപംകൊണ്ട് പാപമോചനം നേടിയവര്‍ക്ക് മാര്‍പാപ്പ എന്തിനു പാപമോചനം നല്‍കണം?
88. ഓരോ ദിവസവും മാര്‍പാപ്പ നൂറുകണക്കിന് ആളുകളോട് ക്ഷമിക്കുന്നതുകൊണ്ട് സഭയ്ക്ക് എന്തു ഗുണമാണു ലഭിക്കുന്നത്?
89. മാര്‍പാപ്പയ്ക്ക് യുക്തമെന്ന് തോന്നുമ്പോള്‍മാത്രം എന്തുകൊണ്ട് ദണ്ഡവിമോചനവില്പന നടത്തുന്നു?
90. മുകളില്‍ പറഞ്ഞ കാര്യങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍, അത് പള്ളി എന്താണെന്നു തുറന്നു കാട്ടപ്പെടുകയാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ അസന്തുഷ്ടരാവുകയും ചെയ്യുന്നു.
91.       മാര്‍പാപ്പ ചെയ്യേണ്ടïവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍, മുകളില്‍ പ്രസ്താവിച്ച തര്‍ക്കവിഷയങ്ങളൊന്നും നിലവില്‍ വരുകയില്ലായിരുന്നു.
92. സഭയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു പറയുന്നവര്‍ സഭയില്‍നിന്നു പോകണം. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുകയാണു വേണ്ടത്.
93.       സഭയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവകാശപ്പെടുന്നവര്‍ സഭയ്ക്കു പുറത്തുപോകുകതന്നെ ചെയ്യണം.
94.       എന്തുവില കൊടുത്തും ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ അനുധാവനംചെയ്യണം.
95. നിലവിലുള്ള കത്തോലിക്കാപഠനത്തിനനുസരിച്ച് തെറ്റായ ഒരു ജീവിതം നയിക്കുന്നതിനുപകരം, ക്രിസ്ത്യാനികള്‍ പ്രശ്‌നങ്ങളെ അനുഭവത്തില്‍ക്കൂടി അറിഞ്ഞ് അവയെ തരണംചെയ്യുവാന്‍ തയ്യാറാകട്ടെ!



മാര്‍ട്ടിന്‍ ലൂഥറിന്റെ മതനവീകരണവിപ്ലവത്തിന്റെ പശ്ചാത്തലം

സത്യജ്വാല സഭാനവീകരണസ്പെഷ്യലിൽനിന്ന്     

ജോര്‍ജ് നെടുവേലില്‍ - USA

''ഇരുപതാം നൂറ്റാണ്ടിന്റെ നെട്ടപ്പുറത്തിലൂടെ തീര്‍ത്തറഞ്ഞ ഒരു ചാട്ടവാറ്''-അര്‍ത്ഥഗര്‍ഭമായ ഈ വാചകം കൊണ്ടാണ് ആംഗലസാഹിത്യകാരനായ ഏ. ജി. ഗാര്‍ഡിനര്‍ ജോര്‍ജ് ബര്‍നാര്‍ഡ് ഷായെ വിശേഷിപ്പിച്ചത്.
വിക്ടോറിയന്‍ ഇംഗ്ലണ്ടിന്റെ വങ്കത്തങ്ങളും പള്ളിമതത്തിന്റെ പൊള്ളത്തരങ്ങളുമാണ് ഷായെ ചൊടിപ്പിച്ചത്.
പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്കാപള്ളിയുടെ കടിഞ്ഞാണില്ലാത്ത അനീതികള്‍ക്കും അഴിമതികള്‍ക്കും നേരെയാണ് മാര്‍ട്ടിന്‍ ലൂഥര്‍ ചാട്ടവീശിയത്. മതനവീകരണം (Reformation) എന്ന പേരില്‍ ചരിത്രത്തില്‍ അത് അറിയപ്പെടുന്നു. 1517 ഒക്ടോബര്‍ 31 -ന് ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ് പള്ളിയിലായിരുന്നു അതിന്റെ പിറവി. ലോകമെമ്പാടും മാര്‍ട്ടിന്‍ ലൂഥറിന്റെ മതനവീകരണയത്‌നത്തിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിച്ചുകൊണ്ടിരിക്കുന്നു, 2008 -ല്‍ ആരംഭിച്ച് 2017 അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒരു ദശാബ്ദക്കാലത്തേക്ക്.
2016 ഒക്ടോബര്‍ മാസത്തില്‍ സ്വീഡനില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ ധര്‍മ്മോപദേശം ഫ്രാന്‍സീസ് പാപ്പായുടേതായിരുന്നു. കത്തോലിക്കാസഭയിലെ ചില തലതിരിഞ്ഞ താപ്പാനകള്‍ അതില്‍ ധാര്‍മ്മികരോഷം കൊള്ളുകയുണ്ടായി.
സാഹിത്യകാരനായ ഷായുടെ നാക്കിനെയും തൂലികയെയുംകാള്‍ മൂര്‍ച്ചയേറിയതായിരുന്നു സഭാസ്‌നേഹിയായ ലൂഥറിന്റെ വാക്കുകളും തൂലികയും. അര്‍ജുനന്റെ ശരങ്ങള്‍പോലെ അവ ലക്ഷ്യവേധിയായി ഭവിച്ചു.
ചരിത്രകാരനായ ലൂയി സ്‌നയിഡര്‍ ലൂഥറിന്റെ മതനവീകരണപ്രസ്ഥാനത്തെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വഴിത്തിരിവ് ഒരു മഹാസംഭവത്തെ കുറിക്കുന്നു. എന്നാല്‍ മതനവീകരണപ്രക്രിയയെ വെറും ഒരു മഹാസംഭവംമാത്രമായി കാണാനാവില്ലെന്നാണ് ഹാര്‍വാര്‍ഡ് ചരിത്രകാരന്‍ സ്റ്റീവന്‍ ഒസ്‌മെന്റിന്റെ നിരീക്ഷണം. ഒസ്‌മെന്റിന്റെ വാക്കുകളില്‍: ''ലൂതറിന്റെ മതനവീകരണം മനുഷ്യരാശിക്കാകമാനം വിപ്ലവകരമായ മാറ്റത്തിന് പ്രചോദനമേകി. ആത്മീയസ്വാതന്ത്ര്യവും തുല്യതയും നേടിക്കൊടുത്തു. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു''.
മാര്‍ട്ടിന്‍ ലൂഥറിന്റെ മതനവീകരണവിപ്ലവത്തിന്റെ കാരണങ്ങള്‍ ആരായുമ്പോള്‍ മധ്യയുഗ യൂറോപ്പിലെ ക്രിസ്തീയസഭയും സാമൂഹികജീവിതവും പഠനമര്‍ഹിക്കുന്നു. മറ്റൊന്ന് പതിനാറാം നൂറ്റാണ്ടിലെ മതവും ജനജീവിതവുമാണ്.
യൂറോപ്പിലെ മധ്യയുഗം അന്ധകാരയുഗം എന്നും അറിയപ്പെട്ടിരുന്നു. അറപ്പ് ഉളവാക്കുന്ന ഗോഥിക് ദൃശ്യങ്ങളും ചുണ്ടനക്കി തലയാട്ടി ജപിച്ചിരുന്ന ഏകാന്തവാസികളായ സന്ന്യാസിമാരും കലഹപ്രിയരായ കര്‍ഷകരും കടുത്ത അന്ധവിശ്വാസങ്ങളും ഈ യുഗത്തിന്റെ മുഖമുദ്രയായിരുന്നു. പിള്ളത്തൊട്ടില്‍മുതല്‍ പള്ളിക്കുഴിവരെ, ശിശു ജ്ഞാനസ്‌നാനം മുതല്‍ അന്ത്യലേപനംവരെ പള്ളിപ്പഞ്ചാംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ക്രിസ്തീയജീവിതം. അധാര്‍മ്മികമായ അടിച്ചമര്‍ത്തലിന്റെയും കുടിലവും ദയാരഹിതവുമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നുകവും പേറിയായിരുന്ന യേശുമക്കള്‍ കാലം കഴിച്ചിരുന്നത്. പള്ളിമതത്തിന്റെ ചട്ടവട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മറുത്തുള്ള നിലനില്‍പ്പ് സ്വപ്‌നംകാണാന്‍കൂടി കഴിയുമായിരുന്നില്ല. വിശ്വാസികളുടെ അനുദിന ചര്യകള്‍, കലകളും കലാപ്രകടനങ്ങളും, ജീവിതലക്ഷ്യവും ജീവിതാന്ത്യവുമെല്ലാം നിയന്ത്രിച്ചിരുന്നതും നിശ്ചയിച്ചിരുന്നതും പള്ളിയായിരുന്നു. പള്ളിയുടെ വെച്ചുകെട്ടലുകളെല്ലാം ദൈവകല്പനകളാണെന്ന ബോധം നന്നേ ചെറുപ്പത്തിലേതന്നെ വിശ്വാസികളുടെ ശിരസ്സുകളില്‍ തറച്ചുകയറ്റിയിരുന്നു.
പുണ്യവാന്മാരെ വണങ്ങുന്നത് നിര്‍ബന്ധമായിരുന്നു. പുണ്യവാന്മാരുടെ നാമത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ യൂറോപ്പിലെങ്ങും സാധാരണമായിരുന്നു. ഓരോ കാര്യത്തിനും പാലകപുണ്യവാന്മാര്‍ (Patron Saints) ഉണ്ടായിരുന്നു. തൊഴില്‍, ഭവനം, കുട്ടികള്‍, അസുഖം, അപകടങ്ങള്‍, യാത്ര-എല്ലാത്തിനും പുണ്യവാന്മാരുടെ മാദ്ധ്യസ്ഥ്യം യാചിച്ചിരുന്നു. പുണ്യവാന്മാരുടെ പടത്തിനുമുന്നില്‍ സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടി വളരെ വേഗത്തില്‍ നിറയാന്‍ ഇതു സഹായിച്ചിരുന്നു. ക്രിസ്തു, വിട്ടുവീഴ്ച ചെയ്യാത്തവനെന്നാണ് വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നത്. ക്രിസ്തുവിനെ നേരിട്ടു സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു. തന്മൂലം, പുണ്യവാന്മാരുടെ മാദ്ധ്യസ്ഥ്യം ആവശ്യമായിരുന്നു.
തിരുശേഷിപ്പുകളുടെ പേരിലായിരുന്നു വിശ്വാസികള്‍ മറ്റൊരു ശുദ്ധമാന തട്ടിപ്പിന് ഇരയായിരുന്നത്. കന്യകാമറിയത്തിന്റെ മുലപ്പാല്‍, ഉണ്ണിയേശുവിന്റെ തൊട്ടിലും തുണിയും, നല്ല കള്ളന്റെ കുരിശ്, യേശുവിന്റെ മുള്‍മുടി, യേശുവിന്റെ മുഖഛായ പതിഞ്ഞ വെറോനിക്കായുടെ തൂവാല, ഉണ്ണിയേശുവിനെ കിടത്തിയ ഗോശാലയിലെ കച്ചി, യേശുവിനെ കുരിശില്‍ തറച്ച ആണികള്‍, യൂദാസിനു കിട്ടിയ ഒറ്റുകാശ് - എന്നിങ്ങനെ അനേകം തിരുശേഷിപ്പുകള്‍ പണം കൊടുത്തു വണങ്ങുവാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിരുന്നു.
സര്‍വ്വാധികാരിയായ പള്ളിയായിരുന്നു വിശ്വാസികളുടെ അനുദിനവ്യാപാരങ്ങളുടെ ശരിതെറ്റുകള്‍ വ്യാഖ്യാനിച്ചിരുന്നത്. പാപം, പശ്ചാത്താപം, പ്രായശ്ചിത്തം - ഈ വിഷമവൃത്തത്തില്‍ വീര്‍പ്പുമുട്ടിയായിരുന്നു മധ്യയുഗ ക്രിസ്ത്യാനി കഴിഞ്ഞുകൂടിയിരുന്നതെന്ന് ഡോക്ടര്‍ കിറ്റില്‍സണ്‍ നിരീക്ഷിക്കുന്നു.
ലോകത്തില്‍ ക്രിസ്തുവിന്റെ ഏക സ്ഥാനപതിയാണ് പാപ്പായെന്നും പാപ്പാ നയിക്കുന്ന പള്ളിയിലൂടെയല്ലാതെ സ്വര്‍ഗ്ഗം നേടാനാവില്ലെന്നും കത്തോലിക്കാമതം പഠിപ്പിച്ചിരുന്നു. ഭൂമിയില്‍ ജനിച്ചവരാരും സ്വര്‍ഗ്ഗരാജ്യത്തിനവകാശികളാകാന്‍ തക്കവണ്ണം പരിശുദ്ധരല്ലെന്നായിരുന്നു സഭയുടെ വിധി. എന്നാല്‍ പോരായ്മകള്‍ പരിഹരിച്ച് പരലോകാനന്ദം നേടുന്നതിനുതകുന്ന 'ബേസ്പുര്‍ക്കാന' (Purgatory) ചൂണ്ടിക്കാട്ടി, വിശ്വാസികള്‍ക്ക് ആശയും ആശ്വാസവും സഭ പ്രദാനംചെയ്തു. ബേസ്പുര്‍ക്കാനായിലെ യാമവും യാതനയും ഇളച്ചുകിട്ടുന്നതിനുള്ള വരദാനങ്ങളും സഭ കനിഞ്ഞരുളി.
സഭയുടെ ശുദ്ധീകരണസ്ഥല (Purgatory) വ്യാപാരം വളരെ ആകര്‍ഷകവും, ആദായകരവും വിപുലവുമായിരുന്നു. ശുദ്ധീകരണ സ്ഥലത്ത് യാതനയനുഭവിക്കുന്ന ആത്മാക്കള്‍ക്ക് 'ദോഷപൊറുതി'യും, 'തണുപ്പും' 'രക്ഷയും' ലഭിക്കുന്നതിനായി പ്രാര്‍ത്ഥനകളും പൂജയും (Holy Mass) പാരിതോഷികം സ്വീകരിച്ച്, അര്‍പ്പിക്കുന്നതിന് പുരോഹിതന്മാര്‍ സദാ സന്നദ്ധരായിരുന്നു. ഇക്കാര്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ പണശേഷിയുള്ള വിശ്വാസികള്‍ ഉത്സാഹിച്ചിരുന്നു. പണത്തിന് പാങ്ങില്ലാത്തവര്‍ കൂട്ടംചേര്‍ന്ന് പണം സ്വരൂപിച്ച് കാര്യം നടത്തിയിരുന്നു.
പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ മതപരമായ കാര്യങ്ങളില്‍ വിശ്വാസികള്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു. ചില മാറ്റങ്ങളും അവര്‍ ആഗ്രഹിച്ചു. പതിന്നാലാം നൂറ്റാണ്ടില്‍ ആശ്രമങ്ങള്‍ പല പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ട് വന്നു. മാര്‍പാപ്പാമാരും ചില്ലറ മാറ്റങ്ങള്‍ക്ക് മനസ്സ് കാണിച്ചു. സമൂല പരിഷ്‌ക്കരണം ആരും ആവശ്യപ്പെട്ടില്ല. എന്നാല്‍ ഒരു 'അടിച്ചുതളി' എല്ലാവരും അഭിലഷിച്ചു. യേശുക്രിസ്തുവിനെയും അക്കൂട്ടത്തില്‍ ചിലര്‍ ഉള്‍പ്പെടുത്തുകയുണ്ടായി. സമൂലപരിവര്‍ത്തനം ലൂഥറും ചിന്തിച്ചിരുന്നില്ല. പക്ഷേ വത്തിക്കാന്റെ അഹന്ത കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.
1305-ല്‍ ഫ്രാന്‍സ്‌കാരനായ ക്ലെമന്റ് അഞ്ചാമന്‍ മാര്‍പാപ്പായായി വാഴിക്കപ്പെട്ടു. മുന്‍ പാപ്പാമാരെപ്പോലെ, റോം ആസ്ഥാനമാക്കുവാന്‍ അദ്ദേഹം മടിച്ചു. ഫ്രഞ്ചുരാജാവിന്റെ പാവയായി, അവിഗ്‌നോനില്‍ (Avignon) അരമനയുണ്ടാക്കി വാഴ്ച്ചതുടങ്ങി. തുടര്‍ച്ചയായി എഴുപതു സംവത്സരം പാപ്പാമാര്‍ അവിഗ്‌നോനില്‍ തുടര്‍ന്നു. പാപ്പാസ്ഥാനത്തിനും കത്തോലിക്കാസഭയ്ക്കും നാണക്കേടുണ്ടാക്കിയ ഈ കാലഘട്ടം 'ബാബിലോണിയന്‍ അടിമത്തം' എന്ന് കുപ്രസിദ്ധമാണ്.
എഴുപതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം റോം ഒരു പുതിയ മാര്‍പാപ്പായെ വാഴിച്ചു. ചരിത്രത്തിലെ ഏറ്റവും ചപലനായ പാപ്പാ ആയിരുന്നു ഉര്‍ബന്‍ ആറാമന്‍ (Urban VI). അദ്ദേഹം ഫ്രാന്‍സിന് അഭിമതനായിരുന്നില്ല. ഫ്രഞ്ചു കര്‍ദ്ദിനാളന്മാര്‍ ക്ലെമന്റ് ഏഴാമനെ അവിഗ്‌നോന്‍ പാപ്പായായി വാഴിച്ചു. കത്തോലിക്കാസഭയിലെ പ്രഥമ എതിരാളി പാപ്പാ (Anti-Pope) ആയിരുന്നു ക്ലെമന്റ് ഏഴാമന്‍.
കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ പിളര്‍പ്പിന് (The great western schism of 1378-1419) അതു തുടക്കംകുറിച്ചു. പത്രോസിന്റെ കസേരക്ക് ഒരേ സമയം രണ്ടവകാശികള്‍! ഒരാള്‍ ഇറ്റലിയില്‍, അപരന്‍ ഫ്രാന്‍സില്‍. അവര്‍ പരസ്പരം മത്സരിച്ചും ഭര്‍ത്സിച്ചും വാണരുളി. കൂടാതെ രണ്ട് കര്‍ദ്ദിനാള്‍ക്കൂട്ടം, രണ്ട് കൂരിയാ (Curia)കള്‍, രണ്ട് സാമ്പത്തികസംവിധാനം. വിശ്വാസികള്‍ക്കിത് സംഭ്രാന്തിക്കും പാപ്പാസ്ഥാനത്തോട് പുച്ഛത്തിനും ഇടയാക്കി.
രണ്ട് പാപ്പാമാരും അവരവരുടെ സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരുന്നു. സഭയിലെ ഛിദ്രത്തിനു വിരാമമിടാന്‍ 1409-ല്‍ ഇറ്റലിയിലെ പിസ നഗരത്തില്‍ ഒരു സൂനഹദോസ് ചേര്‍ന്നു. ഇറ്റലിയിലെയും ഫ്രാന്‍സിലെയും പാപ്പാമാരെ സൂനഹദോസ് സ്ഥാനഭ്രഷ്ടരാക്കി. മൂന്നാമതൊരു മാര്‍പാപ്പായെ - അലക്‌സാണ്ടര്‍ അഞ്ചാമന്‍ - വാഴിച്ചു. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട പാപ്പാമാര്‍ കസേര ഒഴിയാന്‍ വിസമ്മതിച്ചു. മൂന്ന് പാപ്പാമാര്‍ ഒരേ സമയത്ത് ക്രിസ്തുവിന്റെ വികാരിമാരായി വിലസി!
കോണ്‍സ്റ്റന്‍സ് നഗരത്തില്‍ നടന്ന 1414 - 1418-ലെ സൂനഹദോസ് സഭയില്‍ ഐക്യം പുനഃസ്ഥാപിച്ചു. മാര്‍ട്ടിന്‍ അഞ്ചാമനെ പാപ്പാസ്ഥാനത്ത് അവരോധിച്ചു.
ഈ സൂനഹദോസ് ഒരു കാര്യം വ്യക്തമാക്കി: മേലില്‍ മാര്‍പാപ്പാമാരല്ല, സൂനഹദോസാണ് സഭയുടെ പരമോന്നത സംവിധാനം. റോമന്‍ കൂരിയയ്ക്കും പാപ്പാ സ്ഥാനത്തിനും ഇത് കനത്ത ക്ഷീണമുണ്ടാക്കി.
ലൂഥറിന്റെ മതനവീകരണപ്രസ്ഥാനത്തിനു തൊട്ടുമുന്‍പുള്ള കാലഘട്ടത്തിലെ സഭാപ്രശ്‌നങ്ങളും ലൂഥറിന്റെ കരങ്ങള്‍ക്കു കരുത്തേകി.
ഈ കാലഘട്ടത്തിലെ മാര്‍പാപ്പാമാര്‍ നവോത്ഥാനപാപ്പാമാര്‍ എന്നറിയപ്പെട്ടു. മാര്‍പാപ്പാമാരുടെ നേരിട്ടുള്ള ഭരണത്തില്‍ സംസ്ഥാനങ്ങളും സൈന്യങ്ങളുമുണ്ടായിരുന്നു. അവര്‍ ഏറെ സമയവും മുഴുകിയിരുന്നത് രാഷ്ട്രീയ, സാമ്പത്തിക, സൈനികകാര്യങ്ങളിലായിരുന്നു. ഒപ്പം, സ്വന്തം തറവാടിനെ തഴപ്പിക്കുന്നതിലും. വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍ താല്‍പര്യം കുറവായിരുന്നു. ശത്രുസംഹാരം, കലകള്‍, സാഹിത്യം, മൃഗയാവിനോദം, സുഖഭോഗം ഇവയായിരുന്നു അവരുടെ ഇഷ്ടകാര്യങ്ങള്‍.
ഉതപ്പും ഇടര്‍ച്ചയും എതിര്‍പ്പും വിശ്വാസികളില്‍ സൃഷ്ടിക്കുന്നതിന് ഇവയൊക്കെ കാരണമായി.
രാഷ്ട്രീയ-സാമ്പത്തിക പരിഗണനയില്‍ സ്ഥാനം കരസ്ഥമാക്കിയവരായിരുന്നു മെത്രാന്മാര്‍. മിക്കവരും ഉന്നതകുടുംബജാതരും ഭൂസ്വാമികളുമായിരുന്നു. മെത്രാനോ കര്‍ദ്ദിനാളോ ആകുന്നതിന് പുരോഹിതാന്തസ്സ് ആവശ്യമില്ലായിരുന്നു. കൗമാരം കടക്കാത്ത കര്‍ദ്ദിനാളും ഇക്കാലത്ത് ഉണ്ടായിരുന്നു.
കത്തോലിക്കാസഭയിലെ സാമ്പത്തിക അഴിമതികള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. സഭാധികാരികളുടെ ആര്‍ത്തിയും സാമ്പത്തികനയങ്ങളും ഇതിന് ആക്കവും ആഴവും നല്‍കി. മാര്‍പാപ്പാമുതല്‍ പുരോഹിതന്മാര്‍വരെ കോഴ, സ്വജനപക്ഷപാതം (Nepotism) ബഹുസ്ഥാനിത്വം (Pluralism) ചുമതലാബോധമില്ലായ്മ എന്നിവയില്‍ അഭിരമിച്ചിരുന്നു.
മാര്‍പ്പാപ്പാ നേരിട്ടു നടത്തുന്ന എല്ലാ നിയമനങ്ങളുടെയും ആദ്യവര്‍ഷാദായം (Annet) പാപ്പായ്ക്കുള്ളതായിരുന്നു. മെത്രാന്റെ പാലിയ (Pallium) ത്തിന് പടി വേറെ. ഈ പണമിടപാടുകള്‍ പള്ളിയുടെ വരുമാനത്തില്‍ തൊടരുതെന്ന നിബന്ധനയുണ്ടായിരുന്നു. തന്മൂലം, മെത്രാന്മാര്‍ അവരുടെ ചുമടുകള്‍ വിശ്വാസികളുടെ ചുമലില്‍ കെട്ടിവച്ചിരുന്നു.
പുരോഹിതനിയമനത്തിനുള്ള കോഴ മെത്രാന്റെ കീശ വീര്‍പ്പിച്ചിരുന്നു. പുരോഹിതന്മാര്‍ അവരുടെ വിഹിതം വിശ്വാസികളെ പിഴിഞ്ഞെടുത്തു. മാമ്മോദീസ, കുമ്പസാരം, വിവാഹം, വിവാഹം അസാധുവാക്കല്‍, മരിച്ചടക്ക്: എല്ലാം പുരോഹിതന്മാര്‍ക്ക് ധനാഗമമാര്‍ഗ്ഗങ്ങളായിരുന്നു.
സഭാകോടതികളില്‍ കേസ്സുമായി പോകുന്നവര്‍ പടിയും പിഴയും കോഴയും കൊടുത്ത് മുടിഞ്ഞതുതന്നെ! ഒരു വിശ്വാസി സഭാഭ്രഷ്ടനാക്കപ്പെട്ടാല്‍, സമുദായം മൊത്തം അനുഭവിച്ചെന്നുവരാം! പുണ്യവാന്മാരുടെയും മതമേധാവികളുടെയും തിരുനാള്‍/ജന്മദിനങ്ങളില്‍ വിശുദ്ധപിരിവുകള്‍ സാധാരണമായിരുന്നു. തിരുശേഷിപ്പുകള്‍ വണങ്ങാത്തവരും തീര്‍ത്ഥാടനങ്ങള്‍ നടത്താത്തവരും ആത്മീയ അനുസരണക്കേടിന് ശിക്ഷിക്കപ്പെട്ടതുതന്നെ!
ഏറ്റവും വലിയ ചൂഷണം നടന്നിരുന്നത് ദണ്ഡവിമോചനക്കച്ചവടത്തിലായിരുന്നു. ''നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന നാണയത്തിന്റെ മുഴക്കം കേള്‍ക്കുന്നമാത്രയില്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് കുതിക്കുന്നു''- ജര്‍മ്മനിയുടെ നാല്‍ക്കവലകളില്‍ ഇതു വിളിച്ചറിയിച്ചുകൊണ്ടാണ് ജോണ്‍ ടെറ്റ്‌സല്‍ എന്ന വൈദികവൈശ്യന്‍ ദണ്ഡവിമോചനപത്രികകള്‍ ചൂടപ്പംപോലെ വിറ്റഴിച്ചിരുന്നത്.
കുരിശുയുദ്ധാവശ്യത്തിനുള്ള നല്ലൊരു ഭാഗം പണം സ്വരൂപിച്ചത് ദണ്ഡവിമോചനം വാഗ്ദാനംചെയ്തായിരുന്നു. സത്യരാജാക്കന്മാരും ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. വിറ്റുവരവില്‍ ഒരംശം സഭയ്ക്കുകൊടുത്തു. ശേഷിച്ചതുകൊണ്ട് അവര്‍ യുദ്ധങ്ങള്‍ നടത്തി, കൊട്ടാരങ്ങള്‍ തീര്‍ത്തു, കോട്ടകള്‍ കെട്ടിയുയര്‍ത്തി. വെപ്പാട്ടിമാരെ വച്ചു.
കത്തോലിക്കാസഭയുടെ പരമ്പരാചാരങ്ങളുടെ പോരായ്മകള്‍ വിളിച്ചറിയിച്ചുള്ളതായിരുന്നു പതിമ്മൂന്നാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ്‌ക്കന്‍ സഭാസ്ഥാപനവും, പതിനഞ്ചാം നൂറ്റാണ്ടിലെ ഹ്യൂസൈറ്റ്‌സുകളും (Hussites), ഡിവോഷനിസ്റ്റുകളും (Devotionists) മുന്നോട്ടുവച്ച നൂതനാശയങ്ങളും. എല്ലാവരും ഒന്നുപോലെ ആവശ്യപ്പെട്ടത് ത്യാഗവും ലാളിത്യവും തുളുമ്പിനിന്ന ആദിമ ക്രിസ്ത്യന്‍സമൂഹത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു.
ആദിമക്രിസ്ത്യാനികളുടെ നന്മകളില്‍ വേരൂന്നിനിന്നത് ലൂഥറിന്റെ മതനവീകരണയത്‌നത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കും വികസനത്തിനും വകയായി.
അച്ചടിവിദ്യയുടെ ആവിര്‍ഭാവത്തോടെ സാധാരണക്കാരുടെ സാക്ഷരത വര്‍ദ്ധിച്ചു. ലൂഥര്‍ രചിച്ച ജര്‍മ്മന്‍ ഭാഷയിലുള്ള ബൈബിള്‍ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. പുരോഹിതന്മാരുടെ പള്ളിപ്രസംഗത്തിനവര്‍ ചെവി വട്ടംപിടിക്കേണ്ടതില്ല എന്നുവന്നു. മെയിന്‍സ് നഗരത്തിലെ മെത്രാന്‍ അച്ചടിവിദ്യയെ വാഴ്ത്തിയത് സ്വര്‍ഗ്ഗീയകല എന്നാണ്.
യൂറോപ്പിലെങ്ങും സര്‍വ്വകലാശാലകള്‍ ഉയര്‍ന്നുവന്നു. സര്‍വ്വകലാശാലകളില്‍നിന്നു പഠിച്ചിറങ്ങിയവര്‍ സഭാധികാരികളുടെ കൊള്ളരുതായ്മകള്‍ക്കുനേരെ വിരല്‍ ചൂണ്ടി. മധ്യകാല സര്‍വ്വകലാശാലകളിലേറെയും സഭാമാതാവിന്റെ ഉത്സാഹത്തിലും ഉടമയിലും ജന്മംകൊണ്ടവയായിരുന്നു. അത്ഭുതം എന്നു പറയണം, ആ സര്‍വ്വകലാശാലകള്‍ ലൂഥറിന്റെ മതനവീകരണസംരംഭത്തിന്റെയും ജനനീപദം ഏറ്റെടുത്തു! ഒരുപക്ഷേ യേശുക്രിസ്തുവിന്റെ ആഗ്രഹമായിരുന്നിരിക്കാം!
ലൂഥറിന്റെ മതനവീകരണശ്രമത്തിന് അച്ചടിവിദ്യ ആക്കമേകി. മുന്‍ഗാമികള്‍ക്കിത് ലഭിക്കാതെപോയി. ലൂഥറിന്റെ രചനാപാടവവും അച്ചടിയുടെ ആശയപ്രസരണശക്തിയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ യൂറോപ്പിലെങ്ങും വളരെ വേഗം എത്തിച്ചു. മറ്റൊരു ശക്തമായ ഉത്തേജനമായിരുന്നു ജര്‍മ്മനിയില്‍ വളര്‍ന്നുവന്ന ദേശീയബോധം. വിശുദ്ധ റോമാസാമ്രാജ്യം, പാപ്പാമേധാവിത്വം, ലാറ്റിന്‍ഭാഷ - ഇവയെയെല്ലാം അവര്‍ വൈദേശികമായി വീക്ഷിച്ചു. മാതൃഭാഷയില്‍ ലഭ്യമായ സുവിശേഷപരിഭാഷയെ അവര്‍ ആവേശത്തോടെ സ്വീകരിച്ചു.
ദണ്ഡവിമോചനക്കച്ചവടം, പാപ്പായ്ക്കും പള്ളിക്കുംവേണ്ടിയുള്ള പലതരം കരംപിരിവുകള്‍, പിഴകള്‍ എന്നിവ വിശ്വാസികളെ രോഷംകൊള്ളിച്ചു. തങ്ങളുടെ സാമ്പത്തികവ്യവസ്ഥയെ കൊള്ളയടിച്ച് റോമിന്റെ പട്ടുപോയ പ്രതാപം പുലര്‍ത്താനുള്ള ശ്രമമായി ജര്‍മ്മന്‍
ജനത ഇവയെ കണ്ടു - എതിര്‍ത്തു.
മതനവീകരണ കാലത്തെ യൂറോപ്യന്‍ രാഷ്ട്രീയാന്തരീക്ഷവും ലൂഥറിന് ഗുണം ചെയ്തു. ശക്തരായ അനേകം രാജാക്കന്മാര്‍ ലൂഥറിനെ പിന്‍തുണച്ചു. ചുട്ടുകരിക്കപ്പെടാതെ സംരക്ഷിച്ചു. ലൂഥറിന്റെ ആശയങ്ങളെ ആശ്ലേഷിച്ചു.
ലൂഥറിന്റെ തലയ്ക്കു വിലയിട്ട പോപ്പില്‍നിന്നും, വേട്ടയാടാന്‍ ശ്രമിച്ച വിശുദ്ധ റോമാചക്രവര്‍ത്തിയില്‍ നിന്നും ലൂഥറിനെ സംരക്ഷിച്ച് അഭയംനല്‍കിയത് സാക്‌സോണിയിലെ ഫ്രെഡറിക്ക് രാജാവായിരുന്നു.
ഫ്രെഡറിക് രാജാവിന്റെയും മറ്റു രാജാക്കന്മാരുടെയും സംരക്ഷണമില്ലായിരുന്നെങ്കില്‍ ലൂഥറിന്റെയും ചരിത്രത്തിന്റെയും ഗതി മറ്റൊന്നാകുമായിരുന്നു. ലൂഥറിന്റെ മതനവീകരണപ്രസ്ഥാനത്തിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലൂഥറിനെ സംരക്ഷിച്ച രാജാക്കന്മാരെ നാം നന്ദിപൂര്‍വ്വം സ്മരിക്കണം.

Wednesday, October 25, 2017

മാര്‍ട്ടിന്‍ ലൂഥര്‍ - ഒരു ജീവിതരേഖ



ജോസഫ് പടന്നമാക്കല്‍  USA ഫോണ്‍: (001) 8452678714


ജര്‍മ്മന്‍ പുരോഹിതനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ നവീകരണസഭകളുടെ (Protestant Churches) സ്ഥാപകപിതാവായി അറിയപ്പെടുന്നു. പണം കൊടുത്ത് പാപമോചനം നേടാമെന്നുള്ള സഭയുടെ അന്ധവിശ്വാസത്തിനു കനത്ത പ്രഹരമേല്പിച്ച കരുത്തനായിരുന്നു, അദ്ദേഹം. തന്റെ 95 വാദമുഖങ്ങളി(95 Thesis)ലൂടെ മാര്‍പാപ്പായ്‌ക്കെതിരെയും റോമന്‍ ചക്രവര്‍ത്തി ചാള്‍സ് അഞ്ചാമനെതിരെയും വെല്ലുവിളികളുയര്‍ത്തി, അദ്ദേഹം. അദ്ദേഹത്തിന്റെ വാദമുഖങ്ങളില്‍ രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ആദ്യത്തേത് ക്രിസ്ത്യന്‍വിശ്വാസത്തിന്റെ ആധികാരികത ബൈബിളില്‍മാത്രമാണ് എന്നതും, രക്ഷ വിശ്വാസത്തില്‍ക്കൂടിമാത്രമാണ്, പ്രവൃത്തികളില്‍ക്കൂടിയല്ല എന്നതുമാണ്. ലൂഥറിന്റെ ചരിത്രപ്രസിദ്ധമായ '95 തിസീസു'കള്‍ അവതരിപ്പിച്ചിട്ട് 2017 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തീയതി അഞ്ഞൂറു വര്‍ഷം തികയുന്നു.
ആധുനിക ജര്‍മ്മനിയുടെ ഭാഗമായ 'സാക്‌സോണിയില്‍ (Saxony) ഐസ്ലെബന്‍' (Eisleben)എന്ന സ്ഥലത്ത് 1483 നവംബര്‍ 10-ാം തീയതി മാര്‍ട്ടിന്‍ ലൂഥര്‍ ജനിച്ചു. ഹാന്‍സും മാര്‍ഗരേറ്റുമാണ് മാതാപിതാക്കള്‍. ഹാന്‍സിന് ലോഹം ഉരുക്കുന്ന വ്യവസായവും ഖനനവ്യവസായവും ഉണ്ടായിരുന്നു. മാര്‍ട്ടിനെ ഒരു നിയമജ്ഞന്‍ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. 1484-ല്‍ ഹാന്‍സിന്റെ കുടുംബം മാന്‍സ്ഫീല്‍ഡിലേക്കു താമസം മാറ്റി.
മാര്‍ട്ടിന്‍ ലൂഥറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം മാന്‍സ്ഫീല്‍ഡിലും മാഗ് ഡെബര്‍ഗിലുമായിട്ടാണു നടന്നത്. 1498-ല്‍ താന്‍ ജനിച്ച സ്ഥലമായ ഐസ്ലബെനിലെത്തുകയും അവിടെ ഗ്രാമറും ലോജിക്കും ഭൗതികശാസ്ത്രവും തത്ത്വമീമാംസയും പഠിക്കുകയുംചെയ്തു. 1501-ല്‍ ഇര്‍ഫര്‍ട് (Erfurt) യുണിവേസിറ്റിയില്‍ ചേരുകയും ആര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദം നേടുകയുംചെയ്തു.  1501-ല്‍ പിതാവിന്റെ ആഗ്രഹമനുസരിച്ച് അദ്ദേഹം എര്‍ഫെര്‍ട് യുണിവേഴ്‌സിറ്റിയില്‍ നിയമം പഠിക്കാനാരംഭിച്ചു. നിയമത്തില്‍ താല്പര്യം തോന്നാഞ്ഞതിനാല്‍ തത്ത്വശാസ്ത്രത്തിലേക്കു പഠനം മാറ്റി. പ്രധാനമായും അരിസ്റ്റോട്ടിലിന്റെ ജ്ഞാനദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പഠനമായിരുന്നു അദ്ദേഹം നടത്തിയത്. തുടര്‍ന്ന്, തത്ത്വശാസ്ത്രപഠനത്തിലും താല്‍പ്പര്യം കുറഞ്ഞുവന്നു.
1505 ജൂലൈയില്‍ അദ്ദേഹത്തിന് ഒരു മാനസികവിഭ്രാന്തിയുണ്ടായി. ആകാശത്തില്‍ വലിയൊരു ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് അദ്ദേഹം പേടിച്ചരണ്ടു. അത്യന്തം ഭയത്തോടെ പ്രാര്‍ത്ഥിക്കാനും തുടങ്ങി. ഭയത്തിന്റെ ആഘാതത്തില്‍ വിലപിച്ചുകൊണ്ട്, 'എന്നെ രക്ഷിക്കൂ, ഞാനൊരു സന്ന്യാസിയായിക്കൊള്ളാം' എന്ന് കുട്ടികളുടെ പുണ്യവതിയായ വിശുദ്ധ അന്നയോട് അദ്ദേഹം പ്രതിജ്ഞചെയ്തു.
ഒരു പുരോഹിതനാകാനുള്ള തീരുമാനത്തോട് മാര്‍ട്ടിന്റെ  പിതാവിന് ഒട്ടും യോജിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ആരുടെയും സ്വാധീനത്തിനു കീഴ്‌വഴങ്ങാതെ വിശുദ്ധയ്ക്കു നല്‍കിയ വാഗ്ദാനംപാലിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അല്ലെങ്കില്‍ നരകവും ദൈവത്തിന്റെ ശാപവും കിട്ടുമെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്ന് സന്ന്യാസജീവിതം തുടങ്ങി. പക്ഷേ, അദ്ദേഹം തേടിവന്ന, അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായിരുന്ന ആത്മീയത അവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ഒരു ഉപദേഷ്ടാവ് ക്രിസ്തുവിനെ ധ്യാനിച്ചു ജീവിക്കാന്‍ ഉപദേശിച്ചു. അതനുസരിച്ച്  ഓരോ ദിവസവും മണിക്കൂറുകളോളം ധ്യാനനിരതനായും പ്രാര്‍ത്ഥനകളും ഉപവാസങ്ങളുമായും അദ്ദേഹം സമയം ചെലവഴിച്ചു. കൂടാതെ, ഒരു യോഗിയെപ്പോലെ കഠിനവ്രതങ്ങള്‍ പാലിച്ചും പുതപ്പു പുതയ്ക്കാതെ തണുപ്പു സഹിച്ചും ശരീരത്തില്‍ സ്വയം ചാട്ടകൊണ്ടടിച്ചുമുള്ള ജീവിതചര്യയാണ് അദ്ദേഹം അനുഷ്ഠിച്ചുപോന്നത്.
തന്റെ ഇരുപത്തിയേഴാം വയസില്‍, 1510-ല്‍, റോമില്‍ ഒരു കോണ്‍ഫറന്‍സില്‍ അഗസ്റ്റീനിയന്‍ ആശ്രമത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലൂഥറിനു ലഭിച്ചു. അദ്ദേഹം റോം സന്ദര്‍ശിച്ചു. അവിടെ കണ്ട പുരോഹിതരുടെ പേക്കൂത്തുകളിലും അസാന്മാര്‍ഗികതകളിലും അഴിമതികളിലും അദ്ദേഹം ഞെട്ടിപ്പോയി. റോമില്‍നിന്നു മടങ്ങിവന്നശേഷം അദ്ദേഹം വിറ്റന്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍, തന്റെ ആളിക്കത്തുന്ന രോഷം ശമിപ്പിക്കാനും ആത്മീയത നേടാനും വീണ്ടും പഠനമാരംഭിച്ചു. അവിടുന്ന് അദ്ദേഹത്തിന് ഡോക്ടര്‍ ബിരുദം ലഭിക്കുകയും യൂണിവേഴ്സിറ്റിയുടെ പ്രൊഫസറായി നിയമിതനാവുകയും ചെയ്തു.
1513-ല്‍ ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കവേ, 22-ാം സങ്കീര്‍ത്തനം അദ്ദേഹത്തെ ആകര്‍ഷിച്ചു. തന്നില്‍ ദൈവപ്രകാശിതമായ ഒരു ജ്ഞാനോദയം ഉണ്ടായതാ
യുള്ള ഒരു തോന്നലുമുണ്ടായി. പൗലോസിന്റെ ലേഖനങ്ങളിലെ 'വിശ്വാസ'മെന്ന  സത്യമാണ് നീതിയുടെ ഉറവിടമെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായി.  ദൈവത്തെ ഭയപ്പെടുന്നതും മതത്തിന്റെ തത്ത്വങ്ങളില്‍ അടിമപ്പെടുന്നതുമല്ല രക്ഷയുടെ ആദ്ധ്യാത്മികതയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 
1517-ല്‍ ലിയോ പത്താമന്‍ മാര്‍പ്പാപ്പ 'സെന്റ് പീറ്റേഴ്‌സ് ബസിലിക്ക' പണിയുന്നതിനുള്ള ചെലവു കള്‍ക്കായി വിശ്വാസിസമൂഹത്തോട് പണം മേടിക്കാന്‍ പാപമോചനച്ചീട്ടു വില്പന എന്ന പദ്ധതി തയ്യാറാക്കി. പോപ്പിന്റെ ഈ തീരുമാനത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കുപിതനാവുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. 'പാപപൊറുതിക്ക് വിശ്വാസംമാത്രം പോരേ; അവിടെ സഭയ്‌ക്കെന്തിനു പണം കൊടുക്കണം' എന്നുള്ള വാദവുമായി മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തുവന്നു. പാപമോചനച്ചീട്ട് പണം വാങ്ങി വില്‍ക്കുന്നതിനെ ലൂഥര്‍ എതിര്‍ത്തു. അതവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലൂഥര്‍ മെയിന്‍സിലെ ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ടിന് ഒരു കത്തെഴുതുകയും ചെയ്തിരുന്നു.
ലൂഥര്‍ ഈ സഭാനിലപാടിനെതിരെ 95 വാദമു ഖങ്ങള്‍  (95 theses) എഴുതിയുണ്ടാക്കുകയും 1517 ഒക്‌ടോബര്‍ 31-ന് വിറ്റന്‍ബര്‍ഗ് പള്ളിയുടെ ആനവാതിലില്‍ പതിപ്പിക്കുകയും ചെയ്തു. കാര്യകാരണസഹിതം പരസ്യപ്പെടുത്തിയ  ലൂഥറിന്റെ ഈ 'വാദമുഖങ്ങള്‍' രണ്ടാഴ്ചയ്ക്കുള്ളില്‍ ജര്‍മ്മനി മുഴുവനും, രണ്ടു മാസത്തിനുള്ളില്‍ യൂറോപ്പു മുഴുവനും  വ്യാപിച്ചു.
ലൂഥര്‍ തൊടുത്തുവിട്ട ഈ വാദമുഖങ്ങള്‍ പിന്‍വലിക്കാന്‍ സഭ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവ പിന്‍വലിക്കുകയില്ലെന്നും പിന്‍വലിക്കണമെങ്കില്‍ അവ തെറ്റാണെന്നു തെളിയിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. 1519-ല്‍ വിറ്റന്‍ബെര്‍ഗില്‍ മാര്‍ട്ടിന്‍ ലൂഥര്‍ സഭയുടെ അനീതികളെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്തിയതിനുപുറമേ ധാരാളം ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. ആ വര്‍ഷം ജൂണ്‍-ജൂലൈ മാസത്തില്‍, മാര്‍പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പ്രത്യേകമായ അധികാരമൊന്നുമില്ലെന്നും അദ്ദേഹം വാദിച്ചു. അത് മാര്‍പാപ്പയുടെ അധികാരത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു ആക്രമണംതന്നെയായിരുന്നു. എല്ലാ ക്രിസ്ത്യാനികളും പുരോഹിതരാണ് എന്നതായിരുന്നു, അദ്ദേഹത്തിന്റെ നിലപാട്. 1520-ജൂണ്‍ 15-ാം തീയതി ലൂഥറിന്റെ വിമര്‍ശനങ്ങളില്‍ സഹികെട്ട മാര്‍പാപ്പ ലൂഥറിനെ സഭയില്‍നിന്നു പുറത്താക്കുമെന്ന് അന്ത്യശാസനം നല്‍കി. മാര്‍പാപ്പയുടെ ഉത്തരവ് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ  ലൂഥര്‍ പരസ്യമായി കത്തിച്ചുകളഞ്ഞു.
1521-ല്‍ മാര്‍ട്ടിന്‍ ലൂഥറിനെ റോമന്‍ കത്തോലിക്കാസഭയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കി. ലൂഥറിനെ സഭാവിരോധിയായും കുറ്റക്കാരനായും പാഷണ്ഡിയായും വിധിച്ചു. നിയമപരമായി പിടികിട്ടാപ്പുള്ളിയായി വിളംബരവും ചെയ്തു. രാജകീയവിളംബരത്തിലും ലൂഥര്‍ കുറ്റക്കാരനെന്ന് വിധിച്ചു. ലൂഥര്‍ അപ്രത്യക്ഷനാവുകയും വാര്‍ട്ട്ബര്‍ഗിലുള്ള ഒരു കെട്ടിടത്തിനുള്ളില്‍ (Wartburg Castle)പത്തു മാസം ഒളിച്ചുതാമസിക്കുകയുംചെയ്തു.  1522-ല്‍ അദ്ദേഹം വിറ്റന്‍ബര്‍ഗില്‍ തിരിച്ചെത്തുകയും അനുയായികളുടെ സഹായത്തോടെ നവീകരണയത്‌നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അങ്ങനെ, ലൂഥറനിസം സ്ഥാപിക്കപ്പെട്ടു. ജര്‍മ്മന്‍ രാജകുമാരനുള്‍പ്പെടെ അനേകായിരം അനുയായികളെ അദ്ദേഹത്തിനു ലഭിച്ചു. 1524-ല്‍ കാര്‍ഷികവിപ്ലവമുണ്ടായപ്പോള്‍ ലൂഥര്‍ കര്‍ഷകര്‍ക്കെതിരായ നിലപാടുകളെടുത്ത് ഭരണാധികാരികള്‍ക്കൊപ്പം നിലകൊണ്ടതും ലൂഥറന്‍ സഭയുടെ വളര്‍ ച്ചയ്ക്കു കാരണമായി.
1525-ല്‍ അദ്ദേഹം കന്യാസ്ത്രീയായിരുന്ന കാതറീനാ ഫോണ്‍ ബോറ(Katharina von Bora)യെ വിവാഹം ചെയ്തു. കോണ്‍വെന്റില്‍നിന്നു പുറത്താക്കിയതുമൂലം വിറ്റന്‍ബര്‍ഗില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു, അവര്‍. പ്രൊട്ടസ്റ്റന്റ് സഭകളില്‍ പുരോഹിതര്‍ക്കും വിവാഹം കഴിക്കാമെന്നുള്ള നിലപാട് സ്വീകരിക്കപ്പെട്ടു. കാലക്രമത്തില്‍ ലൂഥര്‍-കാതറീനാ ദമ്പതികള്‍ക്ക് ആറു മക്കള്‍ ജനിക്കുകയുണ്ടായി.
ലൂഥറിനെ സംബന്ധിച്ച് സഭയെന്നാല്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമെന്നായിരുന്നു, അര്‍ത്ഥം.   നിത്യരക്ഷ ലഭിക്കുക കൂദാശകള്‍വഴിയല്ല; പകരം, വിശ്വാസത്തില്‍ക്കൂടിയാണെന്നതും അദ്ദേഹത്തിന്റെ പ്രമാണമായിരുന്നു. ആത്മരക്ഷയ്ക്ക് പൂര്‍ണ്ണഹൃദയത്തോടെ യേശുവിനെ നാഥനായി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം  വിശ്വസിച്ചിരുന്നു.
ജര്‍മ്മന്‍ ദേശീയവാദിയായിരുന്ന ലൂഥര്‍ ബൈബിള്‍ ലത്തീന്‍ഭാഷയില്‍നിന്നു സ്വന്തം മാതൃഭാഷയായ ജര്‍മ്മനിയിലേക്കു തര്‍ജ്ജമചെയ്തു. ഇംഗ്ലീഷ് പരിഭാഷയായ 'കിംഗ് ജെയിംസ്' ബൈബിളിന്റെ രചനയിലും ലൂഥറിന്റെ ജര്‍മ്മന്‍ ബൈബിളിന്റെ സ്വാധീനമുണ്ടായിരുന്നു. ലൂഥര്‍ കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.
കൂദാശകളെ അദ്ദേഹം ഏഴില്‍നിന്ന് രണ്ടാക്കി ചുരുക്കി. മാമോദീസായും ദിവ്യ അത്താഴവുംമാത്രം കൂദാശകളായി അംഗീകരിച്ചു. 'സഭയുടെ നിയമങ്ങളില്‍നിന്ന് വിശ്വാസികള്‍ ഇനിമേല്‍ സ്വതന്ത്രരാണെന്നും' അദ്ദേഹം പ്രഖ്യാപിച്ചു.
1546 ഫെബ്രുവരി 18-ാം തിയതി മാര്‍ട്ടിന്‍ ലൂഥര്‍ മരണമടഞ്ഞു. ലൂഥറിനു ശേഷം വന്ന  നവീകരണക്കാരായ കാല്‍വിന്‍, സ്വിംഗ്ലി, നോക്‌സ്, ക്രാന്മര്‍ (Calvin,Zwingli, Knox, and Cranmer) എന്നീ നവോത്ഥാനനായകരെല്ലാം അദ്ദേഹത്തില്‍നിന്ന്  ആവേശമുള്‍ക്കൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: 'എന്റെ കൈകള്‍ നിറയെ നിധികളുണ്ടായിരുന്നു. എനിക്കതെല്ലാം നഷ്ടപ്പെട്ടു. ദൈവത്തിന്റെ കരങ്ങളില്‍ എന്തെല്ലാം നിക്ഷേപിച്ചുവോ അതുമാത്രം ബാക്കിനില്‍ക്കുന്നു. ലോകം നാളെ കഷണം കഷണമായി പൊട്ടിച്ചിതറിയാലും ഞാന്‍ എന്റെ വാഗ്ദാനഭൂമിയില്‍ ആപ്പിള്‍ മരങ്ങള്‍ നട്ടുകൊണ്ടിരിക്കും.'