Translate

Tuesday, October 29, 2019

കുമാരാ! കന്യാസ്ത്രീ മഠം നിയമങ്ങളും കമ്പനി നിയമങ്ങളും ഒന്നുതന്നെയോ?


ഫേസ് ബുക്കിൽ സിസ്റ്റർ ലൂസിയെ അവഹേളിച്ചുകൊണ്ടുള്ള ബാലിശമായ നിരവധി പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. ചില ഫേക്ക് പേജുകൾക്കു ചുക്കാൻ പിടിക്കുന്നതു പുരോഹിതരാണെന്നും തോന്നിപ്പോവുന്നു. ലൂസിയെ താറടിക്കാൻ, വ്യക്തിഹത്യ നടത്താൻ നേതൃത്വം കൊടുക്കുന്നവരിൽ ഫാദർ നോബിൾ പാറക്കന്റെ പേര് എടുത്തുപറയേണ്ടിയിരിക്കുന്നു. ലൂസിയെന്ന വെറും ഒരു സാധാരണ കന്യാസ്ത്രിയെ ഇത്രമാത്രം ഭയപ്പെടുന്നുണ്ടെങ്കിൽ സഭയിൽ അവർ ചലനങ്ങൾ സൃഷ്ടിച്ചുവെന്നു വേണം കരുതാൻ! ചിലരുടെ വികാരപ്രകടനങ്ങൾ കാണുമ്പോൾ പള്ളിയിലെ വികാരിയുടെ അതെ ആവേശമാണ് പ്രത്യക്ഷ്യത്തിൽ കാണുന്നത്.

മഠം നിയമങ്ങളുമായി കമ്പനി നിയമങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട്, ഫാദർ നോബിൾ പാറക്കന്റെ  ഒരു ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിരുന്നു. കമ്പനികളിൽ നിയമങ്ങൾ തെറ്റിക്കുന്നവരെ, തൊഴിലാളികൾ മുതൽ മാനേജ്‌മെന്റ് വരെയുള്ളവരെ പറഞ്ഞുവിടുമെന്നും അതുപോലെ മഠം നിയമങ്ങൾ ലംഘിക്കുന്നവരെ പറഞ്ഞു വിടാൻ മഠത്തിനും അധികാരമുണ്ടെന്നാണ് പാറക്കന്റെ വാദം. പാറക്കൻ, ബാങ്കളൂരിൽ പി.എച്ച്.ഡി യ്ക്ക് ഗവേഷണ വിദ്യാർത്ഥിയാണെന്നാണ് അറിവ്! കഴിഞ്ഞകാല സംഭവങ്ങൾ മാത്രം കൂട്ടിയോജിപ്പിക്കുമ്പോൾ വിവരക്കേടുകൾ മാത്രം പറയുന്ന, പ്രവർത്തിക്കുന്ന ഒരു പുരോഹിതനാണ്! പാറയ്ക്കൻ എന്നതിൽ സംശയമില്ല. അടിക്കടി സഭയെ നാണം കെടുത്തിക്കൊണ്ടിരിക്കുന്ന മാനന്തവാടി രൂപത ഈ പുരോഹിതനെതിരെ ശബ്ദിക്കുവാനോ അദ്ദേഹത്തെ നിശബ്ദനാക്കുവാനോ ധൈര്യപ്പെടുകയില്ല.

ഒരു കമ്പനി എന്നാൽ എന്ത്!...ഒരു മഠം എന്ത്‌...എന്നുള്ള നിർവചനം പോലും കുമാരൻ പാറയ്ക്കനു വ്യക്തതയുണ്ടോയെന്നും അറിയില്ല. ഒരു കമ്പനിയെ അതിന്റേതായ നിയമസംഹിതകൾ ഉൾപ്പെടുത്തി  രജിസ്റ്റർ ചെയ്തിരിക്കണം. മഠത്തിലെ സന്യസ്തരുടെയിടയിലുള്ള വ്രതംപോലെ കമ്പനിയിൽ ഒരു ജോലിക്കാരനു വ്രതങ്ങൾ അനുഷ്ഠിക്കേണ്ടതായില്ല. കമ്പനിക്ക് വേണ്ട കാലത്തോളം അയാൾ അവിടെ കാണും. കമ്പനി, അയാൾക്ക് വേതനവും ലാഭവീതവും കൊടുത്തുകൊണ്ടിരിക്കും. പിരിഞ്ഞുപോകുമ്പോൾ ബോണസ് സഹിതം വലിയ ഒരു തുകയും കമ്പനി നൽകും. മറിച്ച്, കന്യാസ്ത്രീയുടെ വരുമാനം പോലും തട്ടി പറിക്കുന്ന പ്രസ്ഥാനമാണ് മഠം എന്നു  പറയുന്നത്. മഠം ഒരു കന്യാസ്ത്രിയെ പുറത്താക്കുമ്പോൾ അവരുടെ അദ്ധ്വാനഫലം മുഴുവൻ അധികാരികൾ പിഴുതെടുത്തുകഴിഞ്ഞിരിക്കും. പിരിഞ്ഞുപോവുമ്പോൾ അവർക്ക് നഷ്ടപരിഹാരവും നൽകാറില്ല. മഠത്തിൽനിന്നു നിസഹായരായ ഈ സ്ത്രീകളെ പുറത്താക്കുന്നതിനു പുറമെ അവരുടെ പെട്ടിയും കിടക്കയും വെളിയിലേക്ക് വലിച്ചെറിയുന്ന സംഭവങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പാവങ്ങളായ ഈ സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ ചോദ്യം ചെയ്യാൻ സാമൂഹിക പ്രവർത്തകരാരും  അവിടെയെത്താറില്ലായെന്നതും ഖേദകരമാണ്.

ഫേസ് ബുക്കിൽ പാറക്കന്റെയോ അല്ലെങ്കിൽ ഏതെങ്കിലും ഫേക്കിന്റെയോ പോസ്റ്റ് തുടങ്ങുന്നത്, "ധീര വനിതയായ ലൂസിക്ക് പിമ്പിൽ  ഉറച്ചുനിൽക്കുന്ന മഹാനുഭാവരോടൊരു ചോദ്യം" എന്നാണ്. തികച്ചും പരിഹാസത്തോടെയുള്ള ഒരു പ്രതികരണം. 'ധീര വനിത' എന്നാൽ ഒരു പ്രസ്ഥാനത്തിനുവേണ്ടി സുധീരം പോരാടുന്നവളെന്നാണ് അർത്ഥം. ഇവിടെ ലൂസിയുടെ സ്ത്രീത്വം ഒരു പുരോഹിതൻ അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജേർണലിസ്റ്റുകളുമായി ചർച്ചകൾ നടത്തുന്നുവെന്ന വീഡിയോ അപമര്യാദയായി പാറയ്ക്കൻ ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചതോടെ അദ്ദേഹം കുപ്രിസിദ്ധിയുള്ള ഒരു പുരോഹിതനായി മാറിക്കഴിഞ്ഞിരിക്കുന്നു. വെറും ഒരു കൊമേഡിയനായി പലപ്പോഴും സ്വയം താഴുകയും ചെയ്യുന്നു.

ഫ്രാങ്കോയെന്ന ലൈംഗിക കുറ്റാരോപിതനായ ഒരു ബിഷപ്പിനെതിരെ നിലകൊള്ളുകയും  പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രിയെ അനുകൂലിക്കുകയും അവർക്കുവേണ്ടി സമരത്തിനിറങ്ങുകയും ചെയ്തെന്നുള്ള കാരണമാണ് ലുസിക്കുമേൽ മഠം കണ്ട ഒരു തെറ്റ്. സമരപ്പന്തലിൽ സത്യാഗ്രഹത്തിനിരുന്നുകൊണ്ട് പീഡിതയായ കന്യാസ്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചതും സഭയ്ക്കുള്ളിലെ അഴുക്കുമാലിന്യങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് അവർ ഫ്ലാറ്റ് ഫോറങ്ങളിൽപ്രസംഗങ്ങൾ നടത്തിയതും ഒരു സ്ത്രീയുടെ ധീരമായ മുന്നേറ്റം തന്നെയായിരുന്നു. ബാലികയായിരുന്നപ്പോൾ മുതൽ! വീടും നാടും ബന്ധുക്കളെയും ഉപേക്ഷിച്ച്, യൗവനവും അതിനുശേഷമുള്ള കാലങ്ങളും മഠം മതിൽക്കൂട്ടിനുള്ളിൽ അടിമപ്പണി ചെയ്തു ജീവിച്ച ശേഷം പുറത്തുപോകാൻ ആവശ്യപ്പെടുന്ന ഒരു പ്രസ്ഥാനത്തിനെതിരെയാണ് അവർ സമരം ചെയ്യുന്നത്. അതിൽ അവരെ ആരെങ്കിലും ധീരയെന്നു സംബോധന ചെയ്യുന്നുവെങ്കിൽ അതിന് തികച്ചും അവർ അർഹയെന്നും മനസ്സിലാക്കണം.

കർത്താവിന്റെ മുന്തിരിത്തോപ്പെന്നു പറഞ്ഞാണ് അവർ വേലയാരംഭിച്ചത്. മുപ്പതിൽപ്പരം വർഷങ്ങൾ  അടിമയായി ഈ മഠത്തിനുവേണ്ടി ജോലിചെയ്തു. അടിമയോട് ദയാപൂർവം പെരുമാറാനാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. അടിമയ്ക്ക് ഒന്നും കൊടുക്കാതെ തെരുവിലിറക്കാൻ യേശു  പറഞ്ഞിട്ടില്ല. സന്യസ്‌തം അവിടെ അടിയറവെച്ചുകൊണ്ട് മുപ്പതിൽപ്പരം വർഷങ്ങൾ ജോലിചെയ്തു കിട്ടിയ പ്രതിഫലം ചൂഷകരായ ഈ മഠം മുതലാക്കിക്കഴിഞ്ഞു. അതിന്റെ പലിശയും പലിശയ്ക്ക് പലിശയും മടക്കിക്കൊടുക്കാൻ മഠം ബാദ്ധ്യസ്ഥരാണ്. ഒരു ആയുസ്സുമുഴുവൻ മഠത്തിൽ ജീവിച്ചുകൊള്ളാമെന്ന് അവർ പ്രതിജ്ഞയും ചെയ്തിട്ടുണ്ടായിരുന്നു. അല്ലാതെ ഇത്ര വർഷം മാത്രം കന്യാസ്ത്രിയായിരിക്കാമെന്ന് അവർ എഴുതിക്കൊടുത്തിട്ടില്ലായിരുന്നു. നിത്യം സന്യസ്തയായി ജീവിക്കാൻ വാഗ്ദാനം ചെയ്ത അവരെ മഠം അധികാരികളാണ് അവർപോലും ആഗ്രഹിക്കാതെ പുറത്താക്കിയത്. ശിഷ്ടകാലം ജീവിക്കാനുള്ള മാന്യമായ ഒരു തുക പോലും മഠമധികാരികൾ വാഗ്ദാനം ചെയ്തിട്ടില്ല.

"ഒരു കുടുംബത്തിലെ അംഗങ്ങൾ സന്മാർഗനിരതരായി ജീവിക്കുന്നില്ലെങ്കിൽ മാന്യനായ അവിടുത്തെ അംഗം കുടുംബത്തെ വിമർശിക്കുക തന്നെ ചെയ്യും. രാജാവ് നഗ്നനെന്നു പറയുക തന്നെ ചെയ്യും. കൃസ്തു ആരെയും സ്വന്തം സമൂഹത്തിൽ നിന്നും പുറത്താക്കിയ ചരിത്രമില്ല. അവിശ്വാസിയായ തോമസിനെയും ഗുരുവിനെ തിരസ്‌ക്കിരിച്ച പീറ്ററിനെയും ഒറ്റുകാരൻ യൂദായെയും ഒപ്പം യേശു കൊണ്ടുനടന്നിരുന്നു. സഭയുടെ പ്രവൃത്തി നോക്കൂ. ഒരു നിമിഷം ചിന്തിക്കൂ. പീഡനക്കേസിൽ ജയിലിൽ കിടന്ന ഫ്രാങ്കോ സർവ്വാധികാരങ്ങളോടെ ബിഷപ്പായി വാഴുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിയെ പിന്തുണച്ചതിന് ലൂസി പുറത്ത്! അഭയയെ കൊന്ന കേസിലെ പ്രതി സിസ്റ്റർ 'സെഫി' യുടെ സ്ഥാനങ്ങൾക്ക് യാതൊരു ചലനവുമില്ല. ഒരു കാറ് മേടിച്ചെന്നും ഒരു ചൂരിദാറിട്ടെന്നും പറഞ്ഞുകൊണ്ട് ഏതു മാതാപിതാക്കളാണ് സ്വന്തം വീട്ടിൽ നിന്നും മക്കളെ ഇറക്കി വിട്ടിരിക്കുന്നത്!

കന്യാസ്ത്രി മഠങ്ങൾ അസൂയയും ഏഷണിയും നിറഞ്ഞ സ്ഥലങ്ങളാണ്. അതുകൊണ്ടാണ് ഇത്തരം നിസാരകാര്യങ്ങൾക്ക് ലൂസിക്കെതിരെ വിലപിച്ചുകൊണ്ടു നടക്കുന്നത്? നാണമില്ലേ സ്ത്രീകളെ! നിങ്ങൾ കരുതുന്ന ആ തിരുവസ്ത്രം ധരിച്ചുകൊണ്ട് ഇതുപോലുള്ള ബാലിശമായ ന്യായവാദങ്ങളുമായി നടക്കാൻ! എത്രമാത്രം നുണകളാണ് പുരോഹിതരുൾപ്പടെയുള്ള ചില കന്യാസ്ത്രികൾ മൈക്കിൽക്കൂടി വിളിച്ചുപറഞ്ഞു കൊണ്ട് നടക്കുന്നത്. അടിമത്വ ചങ്ങലയിൽ കിടക്കുന്ന കന്യാസ്ത്രികൾ, ഭയംകൊണ്ട്  കോടതിയിൽ കള്ളസാക്ഷി പറഞ്ഞും മോശയുടെ പ്രമാണങ്ങളെ ലംഘിച്ചും സന്യസ്‌തം നയിക്കുന്നു.

"മുപ്പത് വർഷത്തെ ലൂസിയുടെ ശമ്പളം മുഴുവൻ തട്ടിയെടുത്തിട്ട് അത് തിരിച്ചുകൊടുക്കാതെ വെറും കയ്യോടെ ഒന്നും കൊടുക്കാതെ അവരെ പുറത്താക്കുന്ന സഭാധികാരികൾ എന്ത് ക്രൂരരാണെന്നും   ചിന്തിക്കൂ! ഒരു മകൻ പ്രായപൂർത്തിയായി കഴിഞ്ഞാൽ, അവനിൽ നിന്നും വരുമാനം പ്രതീക്ഷിക്കാൻ അവകാശമില്ല. മകൻ എന്തെങ്കിലും കുടുംബത്തിൽ സഹായം ചെയ്യുന്നുണ്ടെങ്കിൽ അത് അവന്റെ ഔദാര്യമെന്നും കണക്കാക്കിയാൽ മതി. ഒരാളിനെ കന്യാസ്ത്രികൾ ഒന്നടങ്കം മഠത്തിനുള്ളിൽ  ഒറ്റപ്പെടുത്തി പോരു കുത്തുന്നതും മനുഷ്യത്വരഹിതം മാത്രം. 

രാഷ്ട്രീയപാർട്ടികളും ആത്മീയ കേന്ദ്രങ്ങളും ഒന്നാണോ? മഠവും അത്രമാത്രം അധഃപതിച്ചോ? കള്ളം ചതി വഞ്ചന, സരിത, കൂട്ടിക്കൊടുപ്പ് ഇത്യാദി രാഷ്ട്രീയ പാർട്ടികളിൽ നിറഞ്ഞിരിക്കുന്നു. അതേ  നിയമങ്ങളാണ് മഠവും പിന്തുടരുന്നതെങ്കിൽ, ലൂസിയെ പുറത്താക്കുക തന്നെവേണം. സിസ്റ്റർ ലൂസിയെ പുറത്താക്കുന്നതോടെ സിസ്റ്റർ ജെസ്മി എഴുതിയ 'ആമ്മേൻ' എന്ന പുസ്തകം സത്യമാണെന്നും ജനങ്ങൾക്ക് ബോധ്യം വരുന്നു. ഒരു അടിവസ്ത്രം മേടിക്കുന്നതിനുപോലും മദർ സുപ്പീരിയറിന്റെ മുമ്പിൽ കൈനീട്ടേണ്ട അവസ്ഥയാണ് അടിമകളായ പാവം കന്യാസ്ത്രികൾക്കുള്ളത്. മാറ്റം വരണ്ടേ? നിങ്ങൾ ലുസിക്കെതിരെ പ്രകടനങ്ങളിൽക്കൂടി കളഞ്ഞ ഊർജം ചർച്ച് ആക്റ്റ് നടപ്പാക്കാൻ വേണ്ടി പ്രയോജനപ്പെടുത്തൂ! എന്നും അടിമകളായി, മിണ്ടാപ്രാണികളായി ജീവിക്കുന്ന നിങ്ങൾക്ക് മോചനവും ലഭിക്കും.

തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അത് തിരുത്തുകയാണ് വേണ്ടത്. അല്ലാതെ തെറ്റ് വിളിച്ചു പറയുന്നവരെ ശബ്ദരഹിതരാക്കുകയല്ല  വേണ്ടത്. അവരെ പുറത്താക്കുകയല്ല വേണ്ടത്. സഭയെ ഇല്ലാതാക്കാൻ ആർക്കും ഒരു ലക്ഷ്യവുമില്ല. സഭയെന്നാൽ അത്മായരുടേതാണ്, പുരോഹിതർ അത്മായരുടെ സേവകരാണ്.  മാറ്റങ്ങളുടെ പുതുയുഗവും ഓരോ അല്മായനും പ്രതീക്ഷിക്കുന്നുണ്ട്. ആമസോണിൽ വിവാഹിതർക്കും പൗരാഹിത്യം സ്വീകരിക്കാമെന്ന തീരുമാനം സഭയുടെ മാറ്റങ്ങളുടെ ഒരു പുത്തൻ മുഴക്കമായിരുന്നു.

സഭയിലെ പുരോഹിതരും കന്യാസ്ത്രികളും തമ്മിലുള്ള ലൈംഗികതയെ മാർപാപ്പാവരെ ഖണ്ഡിച്ചിട്ടുണ്ട്. അടുത്തകാലത്തെ മാർപാപ്പയുടെ പ്രസ്താവനകൾ അത് സാക്ഷിപ്പെടുത്തുന്നു. സിസ്റ്റർ ലൂസിയെ രക്തസാക്ഷിയായി ആരും കരുതേണ്ടയാവിശ്യമില്ല. മരിച്ചുകഴിഞ്ഞുള്ള വിശുദ്ധ പദവിയും അവർ ആഗ്രഹിക്കുന്നില്ല. സ്വയം മുറിവുണ്ടാക്കി, വനത്തിൽ ഏകാന്ത ധ്യാനം നടത്തി വട്ടുകാണിച്ചവരെയും  സീറോ മലബാർ സഭയിലെ ഒരു വിശുദ്ധയായി അടുത്തയിടെ വാഴിച്ചു കഴിഞ്ഞു!

സിസ്റ്റർ ലൂസിയ്ക്കൊപ്പം മറ്റൊരു കന്യാസ്ത്രീയും സമരം ചെയ്യുന്നില്ലെന്നാണ് പാറയ്ക്കന്റെ കണ്ടുപിടുത്തം. അവരോടൊപ്പം മറ്റു കന്യാസ്ത്രികളും അനുകൂലിച്ചിറങ്ങിയാൽ അവരെയും മഠം അധികാരികൾ പുറത്താക്കുമെന്നു ഭയപ്പെടുന്നു. പിന്നീട് അവരുടെ ജീവിതം തെരുവുകളിലായിരിക്കും. നല്ല പ്രായം മുഴുവൻ അടിമകളായി ജീവിച്ച അവരുടെ രക്തം മുഴുവൻ മഠം ഊറ്റിക്കുടിച്ചു. യാതൊരു ഉപയോഗവുമില്ലാതെ ചണ്ഡീയാകുമ്പോഴാണ് അവരെ പുറത്താക്കാറുള്ളത്. അതിനാൽ, പാവങ്ങളായ അവർ മഠം എന്ന അടിമപാളയത്തിൽ ശബ്ദമില്ലാതെ പേടിച്ചു കഴിയുന്നു.

യേശുവിനെ അനുകൂലിച്ചവർ ഒരു ചെറിയ സമൂഹമായിരുന്നു. പുരോഹിതരും കയ്യാപ്പാസും വലിയ ഒരു ജനക്കൂട്ടവും യേശുവിനെ ക്രൂശിക്കാൻ വിധിയെഴുതി. ശിക്ഷ്യന്മാരും കൈ ഒഴിഞ്ഞു. അന്ന് ചില സ്ത്രീകൾ മാത്രം കുരിശിൻ ചുവട്ടിലുണ്ടായിരുന്നു. ലൂസി ഒറ്റക്കാണെങ്കിലും കൂട്ടത്തോടെയാണെങ്കിലും സത്യം മാറ്റമില്ലാതെ തുടരും!!!

(1)https://www.emalayalee.com/varthaFull.php?newsId=196374&fbclid=IwAR2jXTxFlaYoSP4pMo-kSenNLfDUpKWX5jszKwi575D43SOtaQx6jjHo7ME

(2)https://www.emalayalee.com/varthaFull.php?newsId=196144&fbclid=IwAR3wzZAOWfNMyGorBQZvWRyuI1DtLNbXvmsQW8zODH-FDJE2QN90y1Idxb8


Face Book Post:

"ധീര വനിതയായ ലൂസിയ്ക്ക് പിൻപിൽ ഉറച്ച് നിൽക്കുന്ന മഹാനുഭാവരോടൊരു ചോദൃം. നിങ്ങളിൽ ആരുടെയെങ്കിലും ഭവനത്തിൽ ഒരംഗം കുടുംബത്തിന്റ പൊതു രീതികൾക്കെതിരായി പൊതുവേദികളിൽ വിമർശനം നടത്തിയാൽ ആരെങ്കിലും അംഗീകരിക്കുമൊ. തനത് വരുമാനം കുടുംബാവശൃങ്ങൾക്ക് വേണ്ടി വിനിയോഗിക്കാതെ,ഞാൻ എന്റ് ശമ്പളം എനിക്കിഷ്ടപ്പട്ട രീതിയിൽ,എനിക്ക് കാറ് വാങ്ങാൻ എന്ന രീതിയിൽ പെരുമാറിയാൽ അവരെ കുടുംബാംങ്ങൾ ഒറ്റപ്പെടുത്തും, സംശയം വേണ്ട. ഏത് രാഷ്ട്രീയ പാർട്ടിയിലായാലും നിയമാവലിക്കെതിരായി,പൊതു അഭിപ്രായത്തിനെതിരായി ഒരംഗം പൊതുവേദിയിൽ പ്രസ്താവന നടത്തിയാൽ,പാർട്ടിയെ അധിക്ഷേപിച്ചാൽ അയാളെ പാർട്ടിക്കുള്ളിൽ നിലനിറുത്തുമൊ.ഒരിക്കലുമില്ല. പിന്നെന്തെ സഭയ്ക്കും,സനൃാസ വിഭാഗത്തിനെതിരെയും പടക്കിറങ്ങിയ ലൂസിയെ രക്തസാക്ഷിയാക്കാനുള്ള ഈ നീക്കം.സഭയെ ഇല്ലാതാക്കുക മാത്രം നിങ്ങളുടെ ലക്ഷൃം. നടക്കില്ല നിങ്ങളുടെ ഉദ്ദേശം.ലൂസിയല്ലാതെ മറ്റൊരു സനൃാസിനി അവർക്കൊപ്പമുണ്ടൊ"

No comments:

Post a Comment