ജോർജ് മൂലേച്ചാലിൽ
എഡിറ്റോറിയൽ, സത്യജ്വാല മെയ് 2021
'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിലെ പ്രസിദ്ധമുദ്രാവാക്യത്തെ അനുകരിച്ചുള്ള ഈ ശീർഷകവാക്യം, ആ കമ്യൂണിസ്റ്റ് മുദ്രാവാക്യംപോലതന്നെ ഒരു പാഴ്മുദ്രാവാക്യമല്ലേയെന്ന് ആർക്കും പെട്ടെന്ന് തോന്നിയേക്കാം. മാർക്‌സിന്റെ കമ്യൂണിസ്റ്റ് മുദ്രാവാക്യം പാഴ്‌വാക്കായത്, അദ്ദേഹത്തിന്റെ ചരിത്രവിശകലനത്തിലും വർഗസമരസിദ്ധാന്തത്തിലും ദാർശനികനിലപാടിൽത്തന്നെയും അന്തർഭവിച്ചിട്ടുള്ള പാളിച്ചകളും ആന്തരികവൈരുദ്ധ്യങ്ങളും മൂലമാണെന്ന് മുമ്പെന്നത്തെയുംകാൾ ഇന്നു മനസ്സിലാക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, മനുഷ്യന്റെ മൂല്യാവബോധവും സംസ്‌കാരമാകെത്തന്നെയും രൂപംകൊള്ളുന്നത് സാമ്പത്തികഘടനകളുടെ ഉല്പന്നമായിമാത്രമാണെന്നാണ് മാർക്‌സ് സിദ്ധാന്തിച്ചത്. അതായത്, സാമ്പത്തികഘടനയാണ് അടിത്തറ; സംസ്‌കാരമെന്നത് അതിനുമേൽ പണിയപ്പെടുന്ന മേൽക്കൂരമാത്രം! ഇപ്രകാരം, മനുഷ്യനെ അടിസ്ഥാനപരമായി കേവലമൊരു സാമ്പത്തികജീവിയാക്കിക്കൊണ്ട് അവന്റെ സാംസ്‌കാരികമാനത്തെ മൗലികമായിത്തന്നെ നിരാകരിക്കുകയാണ് മാർക്‌സ് ചെയ്തത്. അതൊരു പാളിച്ച. അതേസമയം, ഇന്ത്യയിൽ എന്താണ് ചെയ്യേണ്ടതെന്നതു സംബന്ധിച്ച് ബ്രിട്ടന് മാർക്‌സ് നൽകിയ നിർദ്ദേശം, 'ഇന്ത്യയിലെ പുരാതനമായ ഏഷ്യാറ്റിക് സംസ്‌കാരത്തെ തകർത്ത്, അതിന്റെ സ്ഥാനത്ത് പാശ്ചാത്യസംസ്‌കാരത്തിന് ഭൗതികമായ അടിത്തറയിടണം' എന്നതായിരുന്നു! (കാണുക, പവനൻ തർജമ ചെയ്ത 'ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരം' by മാർക്‌സ് & എംഗൽസ്). ഒരിടത്ത്, സംസ്‌കാരത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണെന്നു പറയുന്നു! മറ്റൊരിടത്ത് പാശ്ചാത്യസംസ്‌കാരം അടിച്ചേല്പിച്ച് ഇന്ത്യയിൽ പാശ്ചാത്യസാമ്പത്തിക സംഘടനയ്ക്ക് അടിത്തറയിടണമെന്ന് പറയുന്നു! മാർക്‌സിസത്തിലെ വീക്ഷണവൈകല്യത്തിനും ആന്തരികവൈരുദ്ധ്യത്തിനും ഇതിൽപ്പരം എന്ത് ഉദാഹരണമാണ് വേണ്ടത്?
എന്നാൽ, സാമൂഹികമാറ്റംസംബന്ധിച്ച യേശുവിന്റെ, ''നിങ്ങൾ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കിൽ ഇവയൊക്കെയും (ലൗകികക്ഷേമവും) കൂടി നിങ്ങൾക്കു നൽകപ്പെടും'' (മത്താ. 6: 33) എന്ന പ്രബോധനവും അതിനോടു ചേർന്നുപോകുന്ന മറ്റു പഠിപ്പിക്കലുകളും യാതൊരു ന്യൂനതയുമില്ലാതെ, ഒരു ആന്തരികവൈരുദ്ധ്യവുമില്ലാതെ, സനാതനസത്യംപോലെ സത്യംസത്യമായി ഇന്നും പരിലസിക്കുന്നു. ലോകത്തിൽ എപ്പോഴൊക്കെ, എവിടെയൊക്കെ യേശുവിന്റെ പ്രാവർത്തിക ആദ്ധ്യാത്മികദർശനം പ്രവർത്തിമായിട്ടുണ്ടോ, അവിടെയൊക്കെ യേശു പറഞ്ഞതരത്തിൽ ഐശ്വര്യം നിറഞ്ഞതും പരസ്പരാനന്ദകരവുമായ സമൂഹങ്ങൾ, ദൈവരാജ്യമാതൃകകൾ, മുളപൊട്ടിവളർന്നിട്ടുണ്ട്.
ക്രിസ്തുവിന് ഏതാണ്ട് നാലു സഹസ്രാബ്ദങ്ങൾക്കുമുമ്പ് കാർഷികവ്യവസ്ഥയിലേക്കു മനുഷ്യൻ കാലുകുത്തിയ ഇന്ത്യയിലുൾപ്പെടെ പല നാടുകളിലും ഉദയംകൊണ്ട കാർഷികവ്യവസ്ഥിതിയിലാണ് മനുഷ്യരിൽ അസ്തിത്വസംബന്ധിയായ അന്വേഷണബുദ്ധി ഉണർന്നതെന്നും ആദ്ധ്യാത്മികദർശനങ്ങൾ മുളപൊട്ടിത്തുടങ്ങിയതെന്നും മൂല്യാവബോധമുള്ള ഒരു സാംസ്‌കാരികജീവിയായി അവൻ ഉയർന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ സംസ്‌കൃതിയിൽ, ഒരു വിശാലകുടുംബോധത്താലെന്നവണ്ണം, ഗ്രാമീണരെല്ലാം പരസ്പരം ഹൃദയബന്ധം പുലർത്തുകയും ഒരു കൂട്ടായ്മാജീവിതവ്യവസ്ഥ, അഥവാ ഗണജീവിതസമ്പ്രദായം സ്വാഭാവികമെന്നപോലെ രൂപപ്പെടുകയും ചെയ്തിരുന്നുവത്രേ! ഉദാഹരണമായി, വടക്കേ അമേരിക്കയിലുള്ള ഇറാക്വായിലെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന കൂട്ടായ്മാജീവിതസമ്പ്രദായത്തെക്കുറിച്ച് ഫ്രെഡറിക് എംഗൽസ് ഇങ്ങനെ എഴുതുന്നു: ''ശിശുസഹജമായ ലാളിത്യം നിറഞ്ഞൊഴുകുന്ന ഈ ഗണസംവിധാനം ആശ്ചര്യകരംതന്നെയാണ്. പട്ടാളമോ പോലീസോ ഇല്ലെങ്കിലും പ്രഭുക്കന്മാരോ രാജാക്കന്മാരോ ഗവർണ്ണർമാരോ ന്യായാധിപരോ ഇല്ലെങ്കിലും, ജയിലുകളില്ലെങ്കിലും വിചാരണകളില്ലെങ്കിലും ഇവിടെ കാര്യങ്ങളെല്ലാം എത്ര സൈ്വരമായിട്ടാണ് നടക്കുന്നത്! നമ്മുടെ ഭരണക്രമത്തിലെ വ്യാപകവും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതുമായ നടപടികളൊന്നും അവർക്ക് ആവശ്യമില്ലതന്നെ. ബന്ധപ്പെട്ടവർ ചേർന്ന് എല്ലാ കാര്യങ്ങൾക്കും തീരുമാനമെടുക്കും'' (K Marx and F Engels, Selected Works, Vol. 3 പേജ് 266- മലയാളം ഉദ്ധരണി: സെബീനാ റാഫി, പോഞ്ഞിക്കര റാഫി എന്നിവർ ചേർന്നെഴുതിയ 'ശുക്രദശയുടെ ചരിത്രം' എന്ന ഗ്രന്ഥത്തിൽനിന്ന്; പേജ് 99).
'പ്രാചീനകമ്യൂണിസ്റ്റ് വ്യവസ്ഥിതി' എന്നു പരിചയപ്പെടുത്തി അതിനുദാഹരണമായി എംഗൽസ് എഴുതിയ ഈ ഭാഗം ഇവിടെ ഉദ്ധരിച്ചതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ആദ്യത്തേത്, ആദിമക്രൈസ്തവസമൂഹവുമായി അതിനുള്ള സാമ്യം എടുത്തു കാട്ടുക എന്നതാണ്. ''വിശ്വാസികളുടെ ആ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു; തങ്ങളുടെ സ്വത്തുക്കൾ തങ്ങളുടേതുമാത്രമാണെന്ന് ആരും അവകാശപ്പെട്ടില്ല; അവർക്കുണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു... അവരുടെയിടയിൽ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല'' എന്നാണല്ലോ, അപ്പോ. പ്രവ. 4: 32-34 വാക്യങ്ങളിൽ ആദിമക്രൈസ്തവസമൂഹത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ ഉദ്ദേശ്യം, സാമൂഹികമാറ്റം സംബന്ധിച്ച യേശുവിന്റെ മുൻസൂചിപ്പിച്ച മാർഗ്ഗനിർദ്ദേശം, യേശുവിന് മുമ്പെന്നോ പിമ്പെന്നോ വ്യത്യാസമില്ലാതെ, ക്രൈസ്തവസമൂഹമെന്നോ ഇതരസമൂഹങ്ങളെന്നോ വ്യത്യാസമില്ലാതെ എവിടെയും എന്നും സാധ്യവും പ്രയോഗക്ഷമവുമാണെന്നും, അതിനാൽ ശാസ്ത്രീയമാണെന്നുമുള്ള സത്യം എടുത്തുകാട്ടുക എന്നതാണ്. മതമേതായാലും, മതമില്ലെങ്കിലും മനുഷ്യരിൽ സ്‌നേഹമെന്ന ആത്മീയത ഉണ്ടായാൽമതി, അവിടെ മാനുഷികമായ ഒരു നവസമൂഹം സ്വർഗ്ഗത്തിൽനിന്നെന്നപോലെ ഭൂമയിലേക്കിറങ്ങിവരും. അതായത്, ഭൗതികസമൃദ്ധിയോടുകൂടിയ സാമൂഹികനവോത്ഥാനം ആഗ്രഹിക്കുന്നെങ്കിൽ, അതിനുള്ള ആദ്ധ്യാത്മികാടിത്തറ മനുഷ്യൻ ആദ്യമേതന്നെ കെട്ടിപ്പെടുക്കണം. സമസൃഷ്ടിസ്‌നേഹവും പരാർത്ഥതാഭാവവും മനസ്സുകളിൽ നിറയണം. ഇവിടെയാണ് യേശുവിന്റെയും മറ്റ് ആദ്ധ്യാത്മാകാചാര്യന്മാരുടെയും ഊന്നൽ മാർക്‌സിന്റേതിനു നേർവിപരീതമാകുന്നത്. സാമ്പത്തികഘടനയാണ് പ്രാഥമികം എന്ന് മാർക്‌സ് പറയുമ്പോൾ, യേശുവും മറ്റാചാര്യന്മാരും പറയുന്നു, പ്രാഥമികം മനുഷ്യന്റെ ആദ്ധ്യാത്മികമനോഭാവമാണെന്ന്, മനോഘടനയാണെന്ന്. അപ്പോൾമാത്രമേ, ദൈവാജ്യത്തിന്റെയും ദൈവനീതിയുടെയും തേടലിന് യേശു ആവശ്യപ്പെടുന്നതുപോലെ, പ്രഥമപരിഗണന നൽകാൻ മനുഷ്യൻ പ്രാപ്തനാകൂ.
ഈ പ്രാപ്തി നേടിയെടുക്കുകയെന്നതാണ്, അവനവനിൽനിന്ന് അപരനിലേക്കു മനസ്സുകളെ വിടർത്തുകയെന്നതാണ്, പരാർത്ഥതാഭാവത്തിലേക്കു മാനസാന്തരപ്പെടുക എന്നതാണ് ഒരു പുതിയ ലോകം കാംക്ഷിക്കുന്ന എല്ലാ മതസ്ഥരുടെയും അടിസ്ഥാനപരമായ കടമ. എന്നാൽ ദൈവരാജ്യത്തിന്റെ, 'വസുധൈവകുടുംബകം' എന്ന വിശ്വകുടുംബസങ്കല്പത്തിന്റെ ഈ സുവിശേഷം ഏറ്റവും വ്യക്തതയോടെ പ്രത്യക്ഷമായി പറഞ്ഞതും, അതു ലോകമെങ്ങും പ്രഘോഷിക്കണം എന്നു കല്പിച്ചതും യേശുവാണ് എന്നതുകൊണ്ട് അതിനുള്ള ഉത്തരവാദിത്വം ഏറ്റവും കൂടുതലുള്ളത് ക്രൈസ്തവർക്കാണെന്നും പറയണം. അതിന്, സഭാസംവിധാനം ഈ കൃത്യനിർവ്വഹണത്തിനുള്ള ഉപകരണമാകുകയേ വേണ്ടൂ.
ഇവിടെയാണ് ഇന്നത്തെ ക്രൈസ്തവർക്കുമുമ്പിൽ ഏറ്റവും വലിയ പ്രതിസന്ധി പ്രത്യക്ഷമാകുന്നത്. അതായത്, ഈ ദിശയിൽ ഒരിഞ്ചു നീങ്ങാൻപോലും നിലവിലുള്ള ഒരു ക്രൈസ്തവസഭയും വിശ്വാസികളെ അനുവദിക്കില്ല എന്നതാണത്. കാരണം, എല്ലാ ക്രൈസ്തവസഭകളും ഇന്ന് പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിലാണ്. മാത്രമല്ല, 'നിങ്ങളുടെയിടയിൽ അധികാരികളുണ്ടായിരിക്കരുത്' എന്നു കല്പിച്ച യേശുവിന്റെ പേരിലുള്ള ഓരോ സഭയുമിന്ന് ഓരോ അധികാരസാമ്രാജ്യമാണ്. അധികാരഭരണം ഭൗതികതയായതിനാൽ അവയെല്ലാം യഥാർത്ഥത്തിൽ കേവലം ഭൗതികസ്ഥാപനങ്ങളുമാണ്. 'രാജകീയപുരോഹിതഗണ'മെന്നും 'വിശുദ്ധജനത'യെന്നും 'ദൈവത്തിന്റെ സ്വന്തം ജന'മെന്നും പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ച ക്രൈസ്തവവിശ്വാസികളെ, ശുശ്രൂഷാപൗരോഹിത്യമെന്നു സ്വയം വിശേഷിപ്പിച്ചു കടന്നുവന്ന അനുഷ്ഠാനപൗരോഹിത്യം അടിമജനമാക്കിയിരിക്കുന്നു. ''ജീവനുള്ള കല്ലുകൾപോലെ നിങ്ങൾ സ്വയം ഒരു ആദ്ധ്യാത്മികഭവനമായി പരിണയപ്പെടുക'' (പത്രോ.2:5) എന്ന പത്രോസ് ശ്ലീഹായുടെ ആഹ്വാനം അപ്രസക്തമാക്കുംവിധം, ഈ പൗരോഹിത്യം അവരിലെ ആദ്ധ്യാത്മികജീവൻ ചോർത്തിക്കളഞ്ഞിരിക്കുന്നു. സഭയിൽ സ്‌നേഹത്തിന് ഒഴുക്കാനാകാത്ത തരത്തിൽ, ഏറ്റക്കുറച്ചിലുകളുള്ള അധികാരപദവികളുടെ മതിലുകൾ കെട്ടിയുയർത്തിരിക്കുന്നു. യേശുവിന്റെ ഒരേയൊരു സ്‌നേഹനിയമത്തിനുപകരം, ആയിരക്കണക്കിന് പുരോഹിതനിയമങ്ങൾകൊണ്ട്, 613 നിയമങ്ങളുമായി നിലകൊണ്ടിരുന്ന യഹൂദപൗരോഹിത്യത്തെ അതിശയിച്ചിരിക്കുന്നു, ഇന്നത്തെ ക്രൈസ്തവസഭകൾ. പിതാവായ ദൈവത്തിലും പിതാവിലായിരിക്കുന്ന തന്നിലും വിശ്വസിച്ചാൽമതി എന്നുപറഞ്ഞ യേശുവിന്റെ സഭകളിൽ ഇന്നൊന്നു ജീവിച്ചുപോകാൻ, അന്ധമായ നിരവധി 'വിശ്വാസസത്യ'ങ്ങളിലും പുരോഹിതസൃഷ്ടമായ അനവധി ദൈവശാസ്ത്രസിദ്ധാന്തങ്ങളിലുംകൂടി വിശ്വസിക്കേണ്ടിവന്നിരിക്കുന്നു, ക്രൈസ്തവർക്ക്. മാത്രമല്ല, ശ്രേണീബദ്ധമായ അധികാരപൗരോഹിത്യത്തെയും ദൈവകല്പിതമെന്ന് വിശ്വസിച്ച് അനുസരിക്കേണ്ടിവന്നിരിക്കുന്നു, അവർക്ക്!
ദൈവരാജ്യസംസ്ഥാപനമെന്ന യേശുവിന്റെ അത്യുദാത്ത സാമൂഹികലക്ഷ്യം മറച്ചുവച്ച്, യേശുവിനെ ദൈവമായി ആരാധിച്ചാൽ ലഭ്യമാകുന്ന ഒരു സ്വർഗ്ഗം സൃഷ്ടിക്കുകയാണ് പൗരോഹിത്യം ചെയ്തത്. തുടർന്ന് തങ്ങൾ സ്ഥാപിച്ചിട്ടുള്ള കൂദാശകളിലൂടെയും ആരാധനക്രമങ്ങളിലൂടെയും അവിടെയെത്താം എന്നു വ്യാമോഹിപ്പിച്ച് സ്വകാര്യസ്വർഗ്ഗമെന്ന സ്വാർത്ഥലക്ഷ്യത്തിലേക്ക് ജനങ്ങളെ ആകർഷിച്ചടുപ്പിക്കുന്നു. യഥാർത്ഥത്തിൽ ഇവിടെ സ്വാർത്ഥതയ്ക്ക് മതസാധൂകരണം ലഭിക്കുകകൂടിയാണ്. അങ്ങനെ, യേശുവിന്റെ ഒരു ഉപദേശവും പാലിക്കാതെയും, ആരെയും സ്‌നേഹിക്കുകയോ സേവിക്കുകയോ ചെയ്യാതെയും, നീതിക്കുവേണ്ടി അല്പംപോലും പാടുപീഡകൾ സഹിക്കാതെയും മനുഷ്യന് സർഗ്ഗം ലഭ്യമാക്കുന്ന ഒരു സംവിധാനമായി തഴച്ചുവളർന്നു, സഭ. യേശു പഠിപ്പിച്ച പ്രമാണതത്വങ്ങളും ഉപദേശിച്ച ദൈവരാജ്യമൂല്യങ്ങളും കാണിച്ച ജീവിതമാതൃകകളും ഈ സഭകളിൽ വിസ്മൃതമാക്കുകയും, പകരം റോമൻ സാമ്രാജ്യത്തിന്റെ അധികാരഘടനയോടുകൂടിയ ഒരു ഭൗതികസാമ്രാജ്യം യേശുവിന്റെ നാമത്തിൽ കെട്ടിപ്പടുക്കുകയുമാണ് പൗരോഹിത്യം ചെയ്തത്. അങ്ങനെ ശുശ്രൂഷാപൗരോഹിത്യം എന്നുപറഞ്ഞ് കയറിക്കൂടിയവർ വൈകാതെതന്നെ, യാതൊരു മറയുംകൂടാതെ സാമ്രാജ്യാധികാരചിഹ്നങ്ങളായ ചെങ്കോലും കിരീടവും മറ്റു രാജകീയവേഷവിധാനങ്ങളുമണിഞ്ഞ്, തങ്ങൾ അധികാരികൾതന്നെയാണെന്നും വിശ്വാസികൾ തങ്ങൾക്കധീനരായിരിക്കേണ്ടതുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു. ചുരുക്കത്തിൽ, ദൈവരാജ്യമാതൃകയിൽ രൂപംകൊണ്ട ആദിമസഭയെ പൗരോഹിത്യം ശീർഷാസനത്തിൽ നിർത്തിയിരിക്കുകയാണ്. അതിന്റെ അസ്വസ്ഥകളാണിന്ന് പല തട്ടുകളിൽ വിശ്വാസിസമൂഹവും സഭയാകെത്തന്നെയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
അക്രൈസ്തവമായ ഈ സഭാസാഹചര്യത്തെ തിരിച്ചാക്കിക്കൊണ്ടേ സഭയെ ക്രൈസ്തവമാക്കാനാവൂ. അതായത് യേശുവിന്റെ ഉപദേശസാരത്തെ, മൂല്യസംഹിതയെ സഭയിൽ തിരികെ കൊണ്ടുവന്നേ ഒക്കൂ. അതിനുള്ള പ്രാപ്തി മറ്റേതു ക്രൈസ്തവസമൂഹത്തെയുംകാൾ ഇന്ത്യൻ ക്രൈസ്തവർക്കുണ്ട്. അതിനു കാരണം, അവർ ക്രൈസ്തവരാണ് എന്നതല്ല, ഇന്ത്യാക്കാരാണ് എന്നതാണ്; ഇന്ത്യയുടെ ആദ്ധ്യാത്മികപൈതൃകത്തിന്റെ പാരമ്പര്യരേണുക്കൾ (DNA) ഇവിടുത്തെ ക്രൈസ്തവരും സംവഹിക്കുന്നു എന്നതാണ്. ഇന്ത്യയുടെ സവിശേഷതയെക്കുറിച്ച് ഓഷോ രജനീഷ് ഇങ്ങനെ പറയുന്നു: ''ഒരുപക്ഷേ, ഇന്ത്യമാത്രമാണ് അവബോധത്തിന്റെ പരിണാമത്തെക്കുറിച്ച് അഗാധമായ അന്വേഷണത്തിൽ മുഴുകിയത്, അതിലല്ലാതെ മറ്റൊന്നിലുംതന്നെ താത്പര്യം കാണിക്കാതിരുന്ന ഒരേയൊരു രാജ്യം... അത് ഈ രാജ്യത്തിനുചുറ്റും അതിഭീമമായ ഒരു ഊർജമണ്ഡലത്തെ സൃഷ്ടിച്ചിരിക്കുന്നു. അത് ഈ നാട്ടിലുടനീളമുണ്ട്. നിങ്ങൾ തയ്യാറാകുകയേ വേണ്ടൂ'' (ഇന്ത്യ എൻ പ്രിയങ്കരി- പേജ്:22).
ഇതിനുപുറമേ, ക്രൈസ്തവസഭകളുടെ ഇന്നത്തെ അപചയത്തിന് സമാനമെന്നു പറയാവുന്ന ഒരു മഹാപ്രതിസന്ധിഘട്ടത്തെ ഇന്ത്യൻ മനസ്സ് വിജയകരമായി തരണം ചെയ്ത ഒരു അനുഭവപശ്ചാത്തലവും ഈ സംസ്‌കൃതിക്കുണ്ട്. യജ്ഞങ്ങളും യാഗങ്ങളും അതിലൂടെ കൈവരുന്ന പ്രമാണിത്തവും ലക്ഷ്യംവച്ച് വൈദികബ്രാഹ്‌മണർ 'ബ്രാഹ്‌മണങ്ങൾ' എന്ന പേരിൽ ഇന്ത്യയുടെ ആദ്ധ്യാത്മകദർശനങ്ങളായ വേദങ്ങൾക്ക്, അവയെ വളച്ചൊടിച്ചും അക്ഷരാർത്ഥത്തിലെടുത്തും വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും പുരാണകഥകളാക്കി അവതരിപ്പിക്കുകയും ചെയ്ത് മൃഗങ്ങളെ ബലികഴിച്ചുള്ള യാഗങ്ങളിലേക്കും യജ്ഞങ്ങളിലേക്കും ജനങ്ങളെ ആകർഷിച്ച ഒരു ബ്രാഹ്‌മണകാലഘട്ടം വേദകാലത്തെത്തുടർന്ന് ഇന്ത്യയിലുണ്ടായി. ''ഗാന്ധാരംമുതൽ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ ആകാശം അന്ന് ഏറ്റവും കലുഷിതമായിരുന്നു'' എന്നാണ് ഡോ.സുകുമാർ ആഴീക്കോട് ഈ കാലഘട്ടത്തെപ്പറ്റി എഴുതിയിരിക്കുന്നത് (തത്ത്വമസി - 12-ാം പതിപ്പ്, പേജ് 80). ഈ അവസ്ഥയിൽനിന്നാണ് ഉപനിഷത്തുകളിലൂടെ വേദസാരത്തെ തിരിച്ചുപിടിക്കാൻ ഭാരതസംസ്‌കാരത്തിന് കഴിഞ്ഞത്. സുകുമാർ അഴീക്കോട് എഴുതുന്നു: ''ഉപനിഷത്ത് എന്ന ഈ നവപ്രസ്ഥാനം അന്നത്തെ ചിന്താമേഖലയെയും സമൂഹത്തിലെ ആചാരമണ്ഡലത്തെയും നടുക്കംകൊള്ളിച്ചത്, അന്ന് ഭാരതീയ ജീവിത്തിൽ വേരുറച്ചുപോയ യജ്ഞപ്രസ്ഥാനത്തിനെതിരെ ഋഷികൾ തങ്ങളുടെ ഹിരണ്യസൂക്തങ്ങളെക്കൊണ്ട് ആഞ്ഞടിച്ചപ്പോഴായിരുന്നു'' (പേജ് 107).
ആചാര്യന്മാരിലൂടെ പുരോഹിതജന്യമായ വികലതകളെ തിരുത്തി മതത്തെയും സമൂഹത്തെയും ശുദ്ധീകരിച്ച് മുന്നോട്ടുപോകാനുള്ള ആർജ്ജവവും ആന്തരികോർജ്ജവും ഇന്ത്യൻ സംസ്‌കാരത്തിന് എന്നുമുണ്ടായിട്ടുണ്ട് എന്നോർക്കുക. അതുകൊണ്ടാണല്ലോ, ജാതിവ്യവസ്ഥയും തീണ്ടലും തൊടീലുമായി വീണ്ടുമിവിടെ ബ്രാഹ്‌മണകാലം ശക്തമാവുകയും, 'ബ്രഹ്‌മസ്വ'മെന്നപേരിൽ മുഴുവൻ ക്ഷേത്രസ്വത്തും കൈക്കലാക്കി ഭൂസുരന്മാരും തിരുമേനിമാരുമായി കേരളത്തിൽ വാണരുളുകയും ചെയ്ത നമ്പൂതിരിബ്രാഹ്‌മണർക്കൊക്കെ ഇന്ന് വെറും പൂജാരിമാരായി ജീവിക്കേണ്ടിവന്നത്.
ഇത്രയും പറഞ്ഞത്, പ്രബലമായ ഊർജസ്വലത പുറമേക്കു കാണാനില്ലെങ്കിലും, ഇന്ത്യൻ സംസ്‌കൃതിക്ക് ആന്തരികമയൊരു പുനരുജ്ജീവനശക്തി സഹജമായുണ്ട് എന്ന് എടുത്തുകാണിക്കാനാണ്; അതേ സാംസ്‌കാരിപൈതൃമുള്ളവരെന്ന നിലയിൽ, അതേ പുനരുജ്ജീവനശേഷിയുമായാണ് ഇവിടുത്തെ ക്രൈസ്തവരും പിറവികൊള്ളുന്നതെന്ന് ഓർമ്മിപ്പിക്കാനാണ്. ഈ ശേഷി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നപക്ഷം, അപചയം സംബന്ധിച്ച ഇവിടുത്തെ സഭകളെ പുനരുജ്ജീവിപ്പിക്കാൻപോരുന്ന, യേശുവിന്റെ ഉപദേശസാരത്തെ തിരിച്ചുപിടിക്കാൻപോരുന്ന, ഒരു 'ക്രൈസ്തവ ഉപനിഷത്ത് പ്രസ്ഥാന'ത്തിന് തുടക്കം കുറിക്കാൻ ഇന്ത്യൻ ക്രൈസ്തവർക്ക്, പ്രത്യേകിച്ച കേരളക്രൈസ്തവർക്ക്, അതിലും പ്രത്യേകിച്ച് കേരളകത്തോലിക്കർക്ക് സാധിക്കുകതന്നെ ചെയ്യും.
അതിനനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. വ്യത്യസ്ത ഊന്നലുകളോടുകൂടിയാണെങ്കലും, സഭാനവീകരണം ലക്ഷ്യമാക്കിയും പുരോഹിതചൂഷണങ്ങൾക്കെതിരായും പ്രവർത്തിക്കുന്ന മലയാളികത്തോലിക്കരുടെ ഒട്ടേറെ പ്രസ്ഥാനങ്ങൾ കേരളത്തിലും സംസ്ഥാനത്തിനു പുറത്ത് ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്ത് അനേകരാജ്യങ്ങളിലുമുണ്ട്. പ്രത്യേകിച്ച്, ഒരു സീറോ-മലബാർ സാമ്രാജ്യം കെട്ടിപ്പടുക്കാനും സാമ്പത്തികചൂഷണത്തിനുവേണ്ടിയും, സീറോ-മലബാർ വിശ്വാസികൾ എത്തിച്ചേർന്നിട്ടുള്ള ഇതരസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപതകൾ സ്ഥാപിച്ചുസ്ഥാപിച്ചു 'മുന്നേറിക്കൊണ്ടിരിക്കുന്ന' ഇന്നത്തെ സാഹചര്യത്തിൽ, സീറോ-മലബാർ വിശ്വാസികൾക്കിടയിൽ അത്തരം സ്വതന്ത്രവിശ്വാസിപ്രസ്ഥാനങ്ങൾ വർദ്ധിച്ചുവരികയുമാണ്. ഈ രംഗത്ത് കൂടിവരുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളെ ശ്രദ്ധിച്ചാൽത്തന്നെ ഈ വസ്തുത മനസ്സിലാക്കാനാവും. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം നേതൃത്വങ്ങളെ അന്വേഷിച്ചുകണ്ടെത്തി അവയുടെ ഒരു ഏകോപനവേദി ഉണ്ടാക്കുകയെന്നതാണ്, അനുകൂലമായ സാഹചര്യമൊരുക്കാൻ നാം ആദ്യമായി ചെയ്യേണ്ടത്.
സ്വതന്ത്ര അത്മായപ്രസ്ഥാനങ്ങളുടെ ഒരു ഏകോപനസമിതി എപ്പോൾവേണമെങ്കിലും സംഘടിപ്പിക്കാവുന്ന തരത്തിൽ, കേരളത്തിലെ അറിയപ്പെടുന്ന നവീകരണപ്രസ്ഥാനങ്ങളും അവയുടെ കൂട്ടായ്മകളായ 'അഖിലകേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ' (AKCAAC), 'ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ' (JCC), ‘JSL ആഗോളകൂട്ടായ്മ' എന്നിവയുടെ നേതൃത്വങ്ങൾ പരസ്പര ഐക്യത്തിലാണ്. കാഴ്ചപ്പാടിലും ഊന്നലിലും വ്യത്യസ്തതപുലർത്തുന്നുണ്ടെങ്കിലും, കർദ്ദിനാൾ ആലഞ്ചേരിയെ ഒരു കോണിലേക്കു തള്ളിയൊതുക്കി കൽദായഫാസിസത്തിൽനിന്ന് സഭയെ താല്ക്കാലികമായെങ്കിലും രക്ഷിക്കാൻ നേതൃത്വം കൊടുത്ത എറണാകുളത്തെ അത്മായമുന്നേറ്റവും 'അതിരൂപതാ സുതാര്യപ്രസ്ഥാന'വും, ആ ഒറ്റക്കാര്യംകാണ്ടുതന്നെ, മറ്റെല്ലാ പ്രസ്ഥാനങ്ങൾക്കും അഭിമതരുമാണിന്ന്. അത്മായശാക്തീകരണത്തിന് ഒരു ഏകോപനസമിതിക്കായി ശ്രമമുണ്ടായാൽ ആൾബലമുള്ള അവരും ഉറപ്പായും ഒപ്പമുണ്ടാവും.
അതുകൊണ്ട്, കേരളത്തിനുവെളിയിലുള്ള സ്വതന്ത്രസഭാപ്രസ്ഥാനങ്ങളെയും അവയുടെ നേതൃത്വങ്ങളെയും കണ്ടെത്തി ബന്ധപ്പെടുകയെന്നതാണ് ഇപ്പോൾ അവശ്യം ആവശ്യമായിരിക്കുന്നത്. അതെങ്ങനെ സാധ്യമാക്കാമെന്ന് ഗൗരവപൂർവ്വം ആലോചിക്കേണ്ടിയിരിക്കുന്നു, നാം.
അതു സാധ്യമായാൽ, ലോകത്തുള്ള സകല സ്വതന്ത്ര സഭാപ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയുള്ള നേതൃതലസമ്മേളനങ്ങൾ ഓൺലൈനിൽ നടത്തി, എല്ലാവർക്കും സൗകര്യപ്രദമായ ഒരു സമയത്ത് കേരളത്തിൽ ഒരു പ്രതിനിധിസമ്മേളനം നടത്താനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാകും. ക്രമേണ, വിശ്വാസിസമൂഹത്തെ തരിമ്പും പ്രതിനിധീകരിക്കാത്ത മെത്രാൻസിനഡിനെ അപ്രസക്തമാക്കുംവിധം 'അത്മായസിനഡു'കൾ കൂടാനും, സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുവാനും, അവ നടപ്പാക്കാൻ മെത്രാൻസമിതിയോടാവശ്യപ്പെടാനുമുള്ള ശക്തി ഈ ആഗോളകൂട്ടായ്മയ്ക്കുണ്ടാകും. അതോടെ, വിശ്വാസികളുടെ പൗരോഹിത്യത്തോടുള്ള ഭയപ്പാടുകളകലുകയും കൂടുതൽകൂടുതൽ പേർ ഈ അത്മായശാക്തീകരണനീക്കത്തോട് അനുഭാവം പുലർത്തി മുന്നോട്ടുവരികയും ചെയ്യും.
ഇങ്ങനെ കേരളസഭയെന്ന ആദ്ധ്യാത്മികമരുഭൂമിക്കുമേൽ ആത്മീയതയുടെ മഴപെയ്യിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും യേശുശിഷ്യർ ജലധൂളികളായെത്തി ആകാശത്ത് മേഘപാളികൾ തീർക്കുമ്പോൾ, അതിനുള്ളിൽനിന്നുതന്നെ ആദ്ധ്യാത്മികതയുടെ മിന്നൽപ്പിണരുകൾ പായിച്ചും ഇടിമുഴക്കങ്ങളുയർത്തിയും പ്രവാചകന്മാരും, യേശുവിന്റെ ഉപദേശസാരം ആലിപ്പഴങ്ങളായുതിർത്ത് ആചാര്യഗുരുക്കന്മാരും പ്രത്യക്ഷപ്പെടും. ഒപ്പം സംഭവിക്കുന്ന ആത്മീയതയുടെ പെരുമഴപ്രളയത്തിൽ രണ്ടു കാര്യങ്ങൾ സംഭവിക്കും. ഒന്ന്, സഭാ മരുഭൂമികൾ നനഞ്ഞു കുതിർന്ന് ആർദ്രമാവുകയും അവിടങ്ങളിൽ മൂല്യങ്ങളുടെ ഓയസ്സിസുകൾ ഉണ്ടായിവരികയും ചെയ്യും. രണ്ടാമതായി, ആ പ്രളയക്കുത്തൊഴുക്കിൽ 'ക്രൈസ്തവബ്രാഹ്‌മണ'ങ്ങളും യാഗബലികളും എല്ലാത്തരം യാന്ത്രികാനുഷ്ഠാനങ്ങളും കടപുഴകി ഒഴുകിപ്പോകും. അതോടെ, 'ക്രൈസ്തവ ഉപനിഷത്ത്' ദർശനത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും പച്ചപ്പിൽ സ്വർഗ്ഗസമാനമായ ഒരു മാനുഷികജീവിതവ്യവസ്ഥ മുളപൊട്ടിവളരുകയും ചെയ്യും.
ഇന്ത്യയിൽ ഇതു സാധ്യമാണ്. മറ്റെല്ലായിടത്തും പുരോഹിതക്രിസ്തുമതം അസ്തമിച്ചതോടെ യേശുദർശനത്തിന്റെ സാധ്യതയും അസ്തമിക്കുകയാണു ചെയ്തത്. എന്നാൽ ഒരിക്കലും കെടാത്ത ആദ്ധ്യാത്മികനെരിപ്പോടു സൂക്ഷിക്കുന്ന ഇന്ത്യയിൽ യേശുവിന്റെ ആത്മീയദർശനം കെട്ടടങ്ങുകയില്ല. നെരിപ്പോട് ഊതിയുണർത്താൻ ആളുണ്ടായാൽമതി. ലോകത്തിനുതന്നെ വെളിച്ചംപകരാൻപോന്ന ക്രൈസ്തവ ആദ്ധ്യാത്മികതയുടെ പ്രകാശധാര ഇവിടെനിന്നു പ്രസരിച്ചുകൊള്ളും.
No comments:
Post a Comment