Translate

Thursday, May 15, 2014

ഇടുക്കിയില്‍ വെടിക്കെട്ട്‌!

പ്രതീക്ഷിച്ചത് തന്നെ ഇടുക്കിയില്‍ നടന്നു, സഭ അവഹേളിക്കപ്പെട്ടു. 36% വോട്ടറന്മാരും കത്തോലിക്കര്‍ ആയുള്ള ഇടുക്കി ലോകസഭാ മണ്ഡലത്തില്‍, കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രമായി സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന 30-35% വോട്ടുകള്‍ കത്തോലിക്കാ സഭയുടെ 36% വുമായി ചേര്‍ത്താല്‍ എങ്ങിനെ കൂട്ടിയാലും 60% ത്തിലേറെ വോട്ട് ജോയിസ് ജോര്‍ജ്ജിന് കാണണം. പക്ഷെ, ഒരു എക്സിറ്റ്‌ പോള്‍ സര്‍വ്വേയും ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് 45%ത്തിനപ്പുറം നേടാനുള്ള സാധ്യത പറഞ്ഞില്ല. ഒരു മെത്രാനും രൂപത മുഴുവനും, പള്ളികളില്‍ പ്രസംഗരൂപത്തിലായിട്ടും, ലേഖനരൂപത്തിലായിട്ടും നേരിട്ട് വീടുകളില്‍ എത്തിയും, ചിലപ്പോള്‍ ഭീഷണിയുടെ സ്വരം ഉയര്‍ത്തിയും നിരവധി അഭിഷിക്തരുടെ നേതൃത്വത്തില്‍ നിരന്തരം പണിതിട്ടും ആകെയുള്ള കത്തോലിക്കരുടെ പകുതിപോലും വോട്ട് നേടാനായില്ലായെന്നത്‌ ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ഇടുക്കി മെത്രാന് കഴിഞ്ഞു – അപാര കഴിവ്തന്നെ. മലമടക്കുകള്‍ക്ക് എന്ത് പറ്റി? സഭാധികാരികള്‍ക്കു സുബോധം അറ്റുപോയോ? കോതമംഗലം രൂപതയില്‍നിന്ന് കേട്ട ‘ദൈവ സ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ’യെന്ന ഗാനവും അതിന് ന്യുമാന്‍ കൊളെജിലൂടെ നല്‍കിയ ഉദാഹരണവുമാണ് സംഗതി കുഴപ്പമാക്കിയതെന്ന സംസാരം മലമടക്കുകളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ കഴമ്പുണ്ട് താനും.

ന്യുമാന്‍ കോളേജില്‍ പ്രൊഫ. ടി ജെ ജൊസഫ് ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കി, രൂപത അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ ഫെയിസ് ബുക്കിലൂടെ വായിക്കുന്ന കഥകള്‍  ശരിയെങ്കില്‍ കോളേജില്‍ നിന്ന് തന്നെയാണ് ഇതിന്‍റെ കോപ്പികള്‍ പുറത്തുപോയത്. ഒരിക്കല്‍പോലും സഭാധികാരികളോട് പ്രതിക്ഷേധിക്കാതെ മെത്രാന്‍റെ കാല്‍ക്കല്‍ പലതവണ മാപ്പ് ചോദിച്ച പ്രഫസറോട് ക്ഷമിക്കാന്‍ മെത്രാന്‍ തയ്യാറായതുമില്ല, അദ്ദേഹത്തിന്‍റെ കൈ വെട്ടിയപ്പോള്‍ അത് തെറ്റാണെന്ന് സമ്മതിച്ചതുമില്ല. ആ കുടുംബത്തെ പൊലീസ് വേട്ടയാടിയപ്പോള്‍ പ്രതിക്ഷേധിച്ചുമില്ല, പകരം രൂപതയില്‍ ആരെയും സംശയിക്കരുതെന്നും അദ്ദേഹം കുറ്റക്കാരനാണെന്നും പറഞ്ഞ് ഇടയലേഖനം ഇറക്കുകയാണ് ചെയ്തത് (ഇതാകട്ടെ, പ്രഫസറുടെ ഇടവകയായ മൂവാറ്റുപുഴ പള്ളിയില്‍ വായിച്ചുമില്ല). ഈ ലേഖനം ഇറങ്ങിയത്‌ എളിമയുടെയും ക്ഷമയുടെയും സ്നേഹത്തിന്‍റെയും സന്ദേശം ഏറ്റവും കൂടുതല്‍ പ്രസംഗിക്കപ്പെട്ട വലിയ നോയമ്പ്കാലത്തായിരുന്നെന്നും ഓര്‍ക്കണം. ആ കുടുംബം പതിനായിരങ്ങള്‍ ചെലവ് ചെയ്ത് ട്രിബ്യുണലിന്‍റെ കേസ് അവധിക്ക് തിരുവനന്തപുരത്ത് എത്തുമ്പോള്‍ രൂപതാവക്കീല്‍ തടസ്സവാദം ഉന്നയിച്ച് കേസ് നിരവധി തവണ അവധിക്ക് വെപ്പിക്കുകയും ചെയ്തെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സലോമിയുടെ ഏഴാം ചരമദിനത്തിനു  വീട്ടില്‍ വന്ന് അവരെ ആശ്വസിപ്പിച്ച മെത്രാനാണ് പിന്നിട് വിവാദമായ  ഇടയലേഖനം ഇറക്കിയതെന്ന് കാണുമ്പോള്‍ അദ്ദേഹം അന്ന് പൊഴിച്ചത്  കള്ളക്കണ്ണിര്‍ ആയിരുന്നെന്നും അല്ലെങ്കില്‍ മറ്റാരോ മെത്രാനെ വരിഞ്ഞു മുറുക്കിയെന്നോ കാണാവുന്നതെയുള്ളൂ. അവര്‍ അനുഭവിച്ച ദാരിദ്ര്യം അന്നും മെത്രാന്‍ അറിഞ്ഞില്ലായെന്നാണ് പറയുന്നതെങ്കില്‍ അദ്ദേഹത്തെ ഈ തൊപ്പിയല്ല ധരിപ്പിക്കേണ്ടത്. "റ്റി. ജെ. ജോസഫിനെ തിരികെ ജോലിയിൽ എടുക്കുന്നതടക്കമുള്ള വിഷയങ്ങളിൽ കോതമംഗലം രൂപതയുടെയും ബിഷപ്പിന്‍റെയും നടപടി വിവേകശൂന്യവും മനുഷ്യത്വരഹിതവുമായിപ്പോയി." ഫാ. എസ്. ജെ. അടപ്പൂര്‍ എഴുതിയതിങ്ങിനെയാണ്. ഫാ. പിച്ചളക്കാടന്‍റെ അമേരിക്കയിലേക്കുള്ള ഒളിച്ചോട്ടം അദ്ദേഹത്തിന് ഇതില്‍ കാര്യമായ പങ്കുണ്ടായിരുന്നുവെന്നു സംശയിക്കാന്‍ പര്യാപ്തമായി. ഈ സ്ഥലംമാറ്റം അമേരിക്കയിലേക്കായിരുന്നുവെന്നത് മെത്രാന് എത്രമേല്‍ പ്രിയങ്കരനാണ് അദ്ദേഹമെന്നും സൂചിപ്പിക്കുന്നു.
 
ഇതിപ്പോള്‍ മറ്റൊരു കൊടുംകാറ്റിനു വഴിമരുന്നിട്ടിരിക്കുകയാണെന്നും പറയാതെ വയ്യ. അമേരിക്കയില്‍ തണുത്തുകിടന്ന അത്മായ പ്രതിക്ഷേധക്കാര്‍ ഇപ്പോള്‍ പുതിയ അത്മായസംഘടനയും രൂപീകരിച്ച് ആഞ്ഞടിക്കാന്‍ മുന്നോട്ടു വന്നുവെന്നത് ചെറിയ കാര്യമല്ല. മുഴുവന്‍ അമേരിക്കന്‍ മലയാളികളും തൊടുപുഴ സംഭവം അറിഞ്ഞുകഴിഞ്ഞു, ഫാ. പിച്ചളക്കാടനെ പരിചയപ്പെട്ടും കഴിഞ്ഞു. സലോമിയുടെ ശാപം അദ്ദേഹത്തെ പിന്തുടരുന്നുവെന്നു ഞാന്‍ സംശയിക്കുന്നു. അടുത്ത കാലത്ത് കണ്ട ഒരു കാര്യം പങ്കുവെച്ചാല്‍, പണ്ടത്തെപ്പോലെ മെത്രാന്മാരുടെ സൂത്രപ്പണികള്‍ ഇനി നടക്കാന്‍ സാദ്ധ്യതയില്ലെന്ന് തന്നെയാണ്. ഒരിടത്ത് ഒരില അനങ്ങിയാല്‍ അപ്പോള്‍ തന്നെ ലോകം മുഴുവന്‍ അറിയുന്ന സ്ഥിതിയാണ്. വൈദികര്‍ മെത്രാന്‍റെ നേതൃത്വത്തില്‍ അത്മായരെ കൊള്ളയടിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ കുപ്രസിദ്ധി ആര്‍ജ്ജിച്ച ഒരു വികാരി (ഇപ്പോള്‍ പണിയൊന്നുമില്ല) ഒരു വര്ഷംപോലും തികക്കാത്തെ കൊച്ചച്ചന്‍ സ്ഥലം മാറിപ്പോയപ്പോള്‍ സമ്മാനം കൊടുക്കാന്‍ ഇടവക്കാരോട് ആവശ്യപ്പെട്ടത് ഒരു കാര്‍; ആ കാറുമായാണ് കൊച്ചച്ചന്‍ പോയത്. ഇടവകയില്‍ വീടില്ലാതെയും അരിയില്ലാതെയും ആരെങ്കിലും വിഷമിക്കുന്നുണ്ടോയെന്ന ചിന്ത ഇവര്‍ക്കില്ല. അവര്‍ ഉദ്ദേശിച്ച രീതിയില്‍ ഏതു വക്രബുദ്ധിയും ഉപയോഗിച്ച് പള്ളിയും പണിയും മുറിയും പണിയും, അത്രതന്നെ. ഒരു പേ ആന്‍ഡ്‌ പ്രേ പാരിഷ് കൌണ്‍സില്‍ ഉണ്ടായിട്ടെന്താ കാര്യം? ഈ ധാര്‍ഷ്ട്യമാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. ന്യുമാന്‍ കോളേജുണ്ടാക്കാന്‍ ഒരു മെത്രാനും ഒരു പൈസയും പോക്കറ്റില്‍ നിന്നെടുത്തിട്ടുണ്ടാവില്ല പക്ഷെ, അവിടെ ഒരു വിവാദം ഉണ്ടായപ്പോള്‍ ഒരു പൊതുജനാഭിപ്രായമല്ല മെത്രാന്‍ പരിഗണിച്ചത്. അത്മായര്‍ നല്‍കിയ സംഭാവനകള്‍കൊണ്ട് പടുത്തുയര്‍ത്തിയ  പ്രസ്ഥാനങ്ങള്‍ ഭരിക്കാന്‍ ഒരു മെത്രാനും, ഭരിക്കപ്പെടാന്‍ കുഞ്ഞാടുകളും – കേള്‍ക്കാന്‍ ഇതത്ര രസമുള്ളതല്ല. പൌരോഹിത്യം യേശു സ്ഥാപിച്ചെങ്കില്‍ പുരോഹിതര്‍ എളിമയുടെയും സ്നേഹത്തിന്‍റെയും പര്യായങ്ങള്‍ ആയിരിക്കണമെന്നു കൂടി യേശു ഉദ്ദേശിച്ചിട്ടുണ്ട്. ഒരു ക്രിസ്ത്യാനി  എങ്ങിനെയായിരിക്കണം എന്ന് കാണിക്കാനാണ് യേശു ശിക്ഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്. കുറേക്കാലം മുമ്പ് ഇവിടെ കേരളത്തില്‍ നടന്ന ഒരു സംഭവം, ഒരു മെത്രാനോട് വേറൊരു മെത്രാന്‍ ഒരു പ്രത്യേക അച്ചനെ അവിടെ മെത്രാനാക്കണമെന്ന് ഒരു കുറിപ്പ് കൊടുത്തു വിട്ടതാണ്. ആ കുറിപ്പില്‍ തന്നെ മെത്രാന്‍റെ മറുപടി വന്നു: ‘എന്‍റെ കുശിനിക്കാരനെ നിയമിക്കുന്നതു ഞാനാണെന്ന്’. ഇപ്പറഞ്ഞത്‌ ഞാന്‍ അന്ന് വിശ്വസിച്ചില്ല, പക്ഷെ അത് സത്യമായിരിക്കാമെന്ന് ഇന്ന് തോന്നുന്നു. സ്വന്തം പെങ്ങടെ മകനെ മെത്രാനാക്കാന്‍ വേണ്ടി കാനോന്‍ നിയമം പോലും മറികടന്ന് ഒരു സീറോ മലബാര്‍ മെത്രാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് ഇയ്യിടെ വായിക്കാനിടയായി. ഇവിടെ നല്ല മെത്രാന്മാരും ഉണ്ട് നിരവധി നല്ല വൈദികരുമുണ്ട്. അവരെയെല്ലാം അപമാനിക്കുവാന്‍ പോന്നതാണ് ഏതാനും പേര്‍ കാണിക്കുന്ന ഈ അതിക്രമങ്ങള്‍ എന്ന് പറയാതെ വയ്യ. മതസ്വത്തുക്കളുടെ മേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണമില്ലാത്തത് ക്രൈസ്തവസഭയുടെ കാര്യത്തില്‍ മാത്രമാണ്.

സഭയുടെ അതിക്രമങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അനുഭവിച്ചവരാണ് ഇന്ന് ലോകമാസകലം സഭയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് ഒരു സംഘടനയുടെ നേതൃത്തിലോ ഒരു വ്യക്തിയുടെ നിയന്ത്രണത്തിലോ അല്ല നടക്കുന്നത്. പക്ഷെ, നിരവധി മാധ്യമങ്ങളില്‍കൂടി അനേകര്‍ സംസാരിക്കുന്നു. വൈദികരും മുഖ്യധാരാ മാധ്യമങ്ങളും ആലസ്യം വെടിഞ്ഞ് അരങ്ങത്തെത്തിയിരിക്കുന്നുവെന്നത് 2014ന്‍റെ പ്രത്യേകത. ഏതാനും മാസങ്ങളായി കാണുന്നത് പരിശോധിച്ചാല്‍ ഈ യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ പോലും സഭാധികാരികളെ അനുകൂലിക്കുന്നില്ലായെന്നതാണ്. അതുപോലെ, ഒരൊറ്റ വര്ഷംകൊണ്ടാണ് ഇത് ശക്തിയാര്‍ജ്ജിച്ചതെന്നും കാണാവുന്നതെയുള്ളൂ. ഓരോ മെത്രാന്മാരും കരുതുന്നത് പള്ളിയില്‍ വരുന്നവരെല്ലാം അവരെ ബഹുമാനിക്കുന്നവരാണെന്നാണ്. പുരിയിലെ നായയുടെ കഥ ഓര്‍ക്കുന്നു. ഉത്സവത്തിന്‍റെ ഹുമാനിക്കാനായിരിക്കുമെന്നാണ്nu   പ്രദക്ഷിണത്തിന്‍റെ മുമ്പില്‍ ഒരു തെരുവുപട്ടി നടക്കുമായിരുന്നത്രേ. പിന്നാലെ വരുന്ന ജനങ്ങളും കൊട്ടിക്കലാശങ്ങളും വര്‍ണ്ണാഭമായ പ്രദക്ഷിണവുമെല്ലാം അതിനെ ബഹുമാനിക്കാനായിരിക്കുമെന്നാണ് ഈ നായ ഓര്‍ത്തതെന്നാണ് കഥ. രവീന്ദ്രനാഥ ടാഗോറിന് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ അദ്ദേഹത്തിന് ഒരു സ്വീകരണം കൊടുക്കാന്‍ തീരുമാനിച്ചു. സ്വീകരണം ഏറ്റുവാങ്ങാന്‍ ടാഗോര്‍ തയ്യാറാകാതിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ അദ്ദേഹത്തോട് പറഞ്ഞത്, സ്വികരണം അദ്ദേഹത്തിനല്ല പകരം അദ്ദേഹത്തിനു കിട്ടിയ ബഹുമതിക്കാണെന്നാണ്. ഈ സത്യമാണ് കേരള മെത്രാന്മാര്‍ അവഗണിക്കുന്നത്. ഒരു മെത്രാനും തനിക്കു തെറ്റ് പറ്റിയിട്ടുണ്ടെന്ന് ചിന്തിക്കാന്‍ തയ്യാറാവാത്തിടത്തോളം കാലം ഈ യുദ്ധം മുറുകുകയെ ഉള്ളൂ; സഭ അതിന്‍റെ അംഗങ്ങളാല്‍ തന്നെ മുറിവേല്‍ക്കപ്പെടുകയും ചെയ്യും. കേരളത്തിനു പുറത്ത് നമ്മുടെ തന്നെ മെത്രാന്മാര്‍ പോലും സാധാരണ വേഷത്തില്‍ സഞ്ചരിക്കുകയും സാധാരണക്കാരുമായി ഇടപഴകുകയും ചെയ്യുമ്പോള്‍ നമ്മുടെ മെത്രാന്മാര്‍ക്കെന്താ മതിഭ്രമം? ഓഡി കാര്‍ ഉപയോഗിക്കുന്ന ഒരു മെത്രാന്‍ പറയുന്നത് ഇത് സമ്മാനം കിട്ടിയതാണെന്നാണ്‌. സമ്മാനമായി ഒരു കുടം കള്ള് കിട്ടിയാല്‍ ഇവര്‍ അതും സ്വീകരിക്കുമോ?

ഞാന്‍ ചുരുക്കട്ടെ, ഇന്ന് ക്രൈസ്തവ സഭയിലുള്ള റിത്തുകളില്‍ ഏറ്റവും യാഥാസ്ഥിതികരായാണ് സീറോ മലബാര്‍ സഭ അറിയപ്പെടുന്നത്. മാര്‍പ്പാപ്പാ പറയുന്ന യാതൊന്നും ഇവിടെ നടപ്പാകുന്നില്ല. വിശ്വാസികളുടെ കത്തുകള്‍ വായിക്കാനോ കിട്ടുന്ന കത്തുകള്‍ക്ക് മറുപടി അയക്കാനോ ഉള്ള സന്മനസ്സ് കേരളാമെത്രാന്മാരിൽ പലര്‍ക്കുമല്ല. റോമില്‍ ചെല്ലുന്ന നമ്മുടെ മെത്രാന്മാരോട് അധ:കൃതരോടെന്നപോലെ ലത്തിന്‍കാര്‍ പെരുമാറുന്നുവെന്നാണ് പരാതി. അത് മാറ്റാന്‍ സ്വന്തമായി എപ്പാര്‍ക്കിയല്ല വേണ്ടത്, സ്വഭാവമഹിമയാണെന്ന് ഇവര്‍ മനസ്സിലാക്കുമ്പോള്‍ ഒരു പക്ഷെ സഭ രക്ഷപ്പെട്ടേക്കാം. വിധിക്കാന്‍ ഒരു വര്‍ഗ്ഗവും വിധിക്കപ്പെടാന്‍ ഒരു വര്‍ഗ്ഗവും – ഏതായാലും ഈ സ്വര്‍ഗ്ഗം ഇവിടെ പണിയണ്ടാ.     

8 comments:

  1. ഈ കുറിപ്പിൽ പറഞ്ഞുവച്ചത് എല്ലാതന്നെ ഒരു പ്രവചനമായി വിലയിരുത്തപ്പെടുന്ന കാലം അതിവിദൂരത്തല്ല. പ്രത്യേകിച്ച്, ഇലെക്ഷൻ ഫലം അറിയുന്നതിന് മുമ്പേ അത് പ്രവചിക്കാൻ കാണിച്ച ധൈര്യം അസാമാന്യമെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

    Tel. 9961544169 / 04822271922

    ReplyDelete
  2. Now what you say? We (voters) are donkeys and they ( bishops) Kingmakers ????? We are slaves to the system......No hope of change.....It is better to keep silent otherwise they will send you maledictions....ahhhahhah

    ReplyDelete
  3. Keeping quiet is our problem. Tit for tat ... always say aloud what's in your mind. Any layman knows more than what any bishop knows. A bishop only can pronounce maledictions, but we, people of the country, can pronounce also benedictions.

    ReplyDelete
  4. എല്ലാവരും കരുതുന്നത് മെത്രാന്‍ ജയിച്ചുവെന്നതാണ്, അത് സത്യവുമാണ്. പക്ഷെ, തോറ്റത് ആരാണെന്ന് ആരെങ്കിലും ശ്രദ്ധിച്ചോ? ഇടുക്കിയിലെ പാവപ്പെട്ട കര്‍ഷകരാണ് നിലം പരിശായത്. കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കഴിയാത്ത BJP ഒറിജിനല്‍ ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയാണെന്ന് ഓര്‍ക്കണം. അവരില്‍ നിന്ന് ഒരു സഹായവും ഇടുക്കിയിലെ കര്‍ഷകര്‍ ഉടന്‍ പ്രതിക്ഷിക്കണമെന്നില്ല. ഗാദ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, മുല്ലപ്പെരിയാറിന്റെ കാര്യത്തിലും ഒരു കൈ സഹായം ഉടനെങ്ങും ഡല്‍ഹിയില്‍ നിന്ന് ഉണ്ടാകാന്‍ ഇടയില്ല. ഒരു കോണ്ഗ്രസ്സ്കാരനും പറയുന്നതല്ലാതെ സഹായവുമായി ഇരുട്ടത്ത് ആ അരമനയിലേക്കു ഉടന്‍ വരാനും പോകുന്നില്ല. മെത്രാന്റെ സ്വന്തം MP ഡല്‍ഹിയില്‍ പോയി ഒറ്റയ്ക്ക് എന്ത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്? അവിടെ പോയിട്ടുല്ലവര്‍ക്കും, മോഡിയെ അറിയാവുന്നവര്‍ക്കും ഇതിന്റയൂത്തരം അറിയാം. വേറെയും കുറെ അബദ്ധങ്ങള്‍ ഇതിന്‍റെ ഇടയില്‍ കര്‍ഷകര്‍ക്ക് പറ്റി. അത് മറ്റൊരിക്കല്‍ പറയാം.
    ഇടുക്കിയില്‍ കുറെ ഹര്‍ത്താലുകളും കുറെ ഫോറസ്റ്റ് ഓഫിസ് കത്തിക്കലും ആശംസിക്കാനല്ലാതെ എനിക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണമെന്നോ, ചെയ്യേണ്ടത് ചെയ്യണമെന്നോ ഒക്കെ അര്‍ത്ഥമുള്ള കുറെ ചൊല്ലുകള്‍ ഇടുക്കിയിലും ഉണ്ടായിരുന്നല്ലോ. ഒരു പി ടി തോമസിനെ ഒതുക്കാനുള്ള ശ്രമത്തില്‍, കൊണ്ഗ്രസ്സുകാരോട് പക വീട്ടാനുള്ള ശ്രമത്തില്‍ വ്യാപൃതനായിരുന്ന മെത്രാന്റെ അഭിമാനം രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഇടുക്കിയിലെ സത്യ ക്രിസ്ത്യാനികള്‍ തീയിട്ടത് സ്വന്തം കൂരക്കായിപ്പോയി.

    ReplyDelete
    Replies
    1. എലിയെ തോല്പ്പിക്കാൻ ഇല്ലം ചുട്ടു. എലിയൊട്ടു ചത്തുമില്ല, ഇല്ലം കത്തിക്കൊണ്ടുമിരിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?

      Delete
  5. അഭിപ്രായം പറയാൻ എളുപ്പമാണ്. ഞങ്ങൾ പറയും ദേശിയ പത 8 വരി ആക്കണമെന്ന് .കാരണം ഞങ്ങള്ക്ക് അവിടെ സ്ഥലം ഇല്ല . അതുപോലെ ഞങ്ങൾ നൂറ്റാണ്ടുകളായി ജീവിക്കുന്ന സ്ഥ ലതുനിന്നും ഒന്നും ഇല്ലാതെ ഇറങ്ങണം എന്ന് പറഞ്ഞാൽ അതിനെതിരായി ഏതു ചെകുതാനോട് കൂട്ട് പിടിച്ചാലും ഞങ്ങൾ പൊരുതും . മുല്ലപ്പെരിയാർ അണക്കെട്ടിണ്ടേ താഴെ താമസിക്കുന്നവരുടെ ചങ്കിടിപ്പ് അറിയണമെങ്കിൽ അവിടെ പോയി താമസിക്കണം . കഴിഞ്ഞ തവണ ഹർതാൽ നടത്തിയപ്പോൾ എറണാകുളം ഏരിയയിൽ താമസിക്കുന്നവർ / ലോ റേഞ്ച് ഏരിയയിൽ താമസിക്കുന്നവർ പങ്കെടുത്തില്ല കാരണം അവര്ക്ക് അവിടെ സ്ഥലം ഇല്ല . ഒന്ന് മനസിലാക്കണം ഇടുക്കി ജില്ലയിൽ രണ്ടു ലക്ഷം ആൾക്കാർ മരിച്ചാൽ താഴെ 40 ലക്ഷം ആൾക്കാർ മരിക്കും .അതുകൊണ്ട് സേഫ് ആയിട്ടുള്ള സ്ഥലത്ത് ഇരുന്നുകൊണ്ട് വാചകം അടിക്കാൻ എളുപ്പമാണ് . എന്തെങ്കില് സംഭവിച്ചാൽ അവര്ക്ക് ഒന്നും പോകാനില്ല . കഷ്ടം ആയിപ്പോയി എന്നൊരു പ്രസ്താവന ഇറക്കാം. കൂടെ കിടക്കുന്നവര്ക്കെ രാപ്പനിയുടെ ചൂട് അറിയൂ . കളിയാക്കല്ലേ ഞങ്ങളും മനുഷ്യരാണ്.ജീവിക്കണം . ഞങ്ങൾ ഒരു മരം വെട്ടിയാൽ നാല എണ്ണം വെക്കും .സഹ്യ പര്വതത്തെ നശിപ്പിച്ചത് ഞങ്ങളല്ല. ടൌണിൽ നിന്നും വന്ന ലഭാക്കൊതിയന്മാരന് റിസോർട്ടും ഹോട്ടെലും ഒക്കെ ഉണ്ടാക്കി നാടിനെ നശിപ്പിച്ചത് . ഞങ്ങള്ക്ക് സൂന്യനായി ഇവിടന്നു പോകാൻ പറ്റില്ല . എല്ലാരും എല്ലായ്പ്പോഴും ജയിക്കില്ലല്ലോ . കളിയാക്കിക്കോ.

    ReplyDelete
  6. ഇടുക്കിയിലെ കര്ഷികരുടെ പ്രയാസം ആരും അറിയുന്നില്ല, നിങ്ങള്‍ ചിരിച്ചോളൂ എന്നെഴുതിയ സ്നേഹിതനോട് അങ്ങേയറ്റം ബഹുമാനം എനിക്ക് തോന്നുന്നു. പലരും അനുകൂലമായും പ്രതികൂലമായും നിരവധി പംക്തികളിലൂടെ ഇടുക്കിയുടെ പ്രശ്നം അവതരിപ്പിച്ചു. എല്ലാം കേട്ടപ്പോള്‍ എനിക്ക് മനസ്സിലായ കാര്യങ്ങള്‍ ചുരുക്കിയാല്‍, പശ്ചിമഘട്ടത്തെ ചൂഴ്ന്നെടുക്കുന്ന പാറ/മണല്‍/റിസോര്ട്ട് മാഫിയാകളെ മാറ്റി നിര്ത്താ്നും അങ്ങിനെ ഒരൊത്തു തീര്പ്പുണ്ടാക്കാനും സമര സമിതി തയ്യാറല്ല, അതിനെപ്പറ്റി ആരും മിണ്ടുന്നുമില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഗാട്ഗില്‍ റിപ്പോര്ട്ട് പശ്ചിമഘട്ട പ്രദേശത്തെ ചൂഷണം ചെയ്യുന്നതിനെയാണ് എതിര്ക്കുന്നത് അല്ലാതെ കര്ഷരകനെ അല്ല. (മറിച്ചാണ് സത്യമെങ്കില്‍ സദയം കാര്യകാരണ സഹിതം എഴുതുക). ഇപ്പോള്‍ അവിടെ രൂപം കൊണ്ട വിപ്ലവം മെത്രാന്‍ വിപ്ലവം എന്നല്ലാതെ കര്ഷക വിപ്ലവം എന്ന് സാധാരണ കേരളിയര്‍ കരുതുന്നില്ല എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
    പശ്ചിമഘട്ട കര്ഷ്കസമരം നയിക്കുന്ന മെത്രാന്‍ സംഘം ഇടുക്കിയില്‍ സ്ഥാനാര്ഥിയെ നിര്ത്തി . ഔദ്യോഗിക ആഹ്വാനം ഉണ്ടായിട്ടും, ജീവല്‍ പ്രശ്നം ആയിരുന്നിട്ടും കത്തോലിക്കരില്‍ പകുതിപോലും സമര സമിതിയുടെ സ്ഥാനാര്ഥിക്ക് വോട്ട് ചെയ്തിട്ടില്ല. ആരാധ്യനായ ഒരു മെത്രാന്റെ നേരെ സ്പോടക വസ്തുക്കള്‍ എറിയാന്‍ സമുദായാംഗങ്ങള്‍ തന്നെ മുന്നോട്ടു വന്നതിനെ ഒരിക്കലും നിസ്സാരമായി കാണാന്‍ ആര്ക്കും കഴിയില്ല. ശ്വാസം മുട്ടിക്കുന്ന നിയമങ്ങളിലൂടെ സമുദായത്തെ പ്രകോപ്പിക്കുന്ന മെത്രാന്മാരുടെ ധാര്ഷ്ട്യത്തിനെതിരെ വിശ്വാസികള്‍ അണിനിരന്നു തുടങ്ങി എന്നത് വസ്തുത തന്നെയാണ്. എന്റെ അഭിപ്രായത്തില്‍ കൊക്കനെയോ പിച്ചളക്കാടനെയോ അല്ല പൊതു സമൂഹം ടാര്ജെ്റ്റ്‌ ചെയ്തത്, മെത്രാന്മാരെ തന്നെയാണ്. ഒരു സ്വതന്ത്ര രാഷ്ട്രിയപാര്ട്ടിയായി പശ്ചിമഘട്ട സമരസമിതിയെ മാറ്റാനുള്ള ഇപ്പോഴത്തെ നീക്കം മെത്രാന്മാരുടെ ഒരു ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന് ഞാന്‍ ഉറപ്പു പറയുന്നു. ‘എല്ലാം പൂര്ത്തി്യാകേണ്ടതിന്’ ഇത് സംഭവിച്ചേ മതിയാവൂ' യെന്നെ എനിക്ക് പറയാനുള്ളൂ.

    ReplyDelete