Translate
Wednesday, August 26, 2020
പ്രാർഥനകളിലെ ഉഗ്രൻ തമാശകൾ
ജോസഫ് പുലിക്കുന്നേൽ
Tuesday, August 25, 2020
ക്രിസ്തു അനാവരണം ചെയ്ത ദൈവശാസ്ത്രത്തിന്റെ മര്‍മം
ജോസഫ് പുലിക്കുന്നേൽ
(ഓശാന മാസിക, 1985 ജനുവരി)
രണ്ടു തരം മതവീക്ഷണങ്ങളുണ്ട്.
1) പാപിയായ മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചു ചെല്ലുന്നു. അവന്‍ ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ബലിയും വഴിപാടുമായിട്ടാണ് ദൈവത്തിങ്കലേക്ക് ചെല്ലുന്നത്.
2) ദൈവം തന്റെ അനന്ത സ്‌നേഹത്താല്‍ പാപിയായ മനുഷ്യനെ അന്വേക്ഷിച്ചു വന്നു. അവനെ വീണ്ടെടുക്കുന്നു. അവനെ തന്റെ സ്‌നേഹത്തിന് അര്‍ഹനാക്കുന്നു.
ക്രൈസ്തവവിശ്വാസം രണ്ടാമത്തെ വിധത്തിലുള്ള മതവീക്ഷണത്തിലാണ് ഊന്നി നില്‍ക്കുന്നത്. യേശു മൂന്ന് ഉപമകളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഒരാടിനെ തേടി അലയുന്ന ഇടയന്‍ (ലൂക്കാ.15.3-7). വെള്ളിനാണയം നഷ്ടപ്പെട്ട സ്ത്രീ(ലൂക്കാ. 15.8).ധൂര്‍ത്തപുത്രനെ സ്‌നേഹിച്ച പിതാവ്(ലൂക്കാ.15.24).
ഈ ഉപമകള്‍ പ്രത്യേകം പഠനാര്‍ഹങ്ങളാണ്. ആട് വിശേഷബുദ്ധിയില്ലാത്തതാണ്. ഇടയനാകട്ടെ ആടിന് വിശേഷബുദ്ധിയില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആടിനെ അന്വേഷിച്ച് ഇറങ്ങുന്നു. രണ്ടാമത്തെ ഉപമയില്‍ നാണയം അചേതനമാണ്. അതിന്നു തന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാനാവില്ല. എങ്കിലും ഉടമസ്ഥന്‍ ആ നാണയത്തിനുവേണ്ടി വീട് അടിച്ചുവാരുന്നു. ധൂര്‍ത്തപുത്രന്റെ ഉപമയിലാകട്ടെ അയാള്‍ വിശേഷബുദ്ധിയുള്ള മനുഷ്യനാണ്. എന്നാല്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് പിതാവിന്റെ പക്കലേക്ക് അയാള്‍ ഓടിയെത്തുന്നു. അയാളെത്തന്നെയല്ലാതെ തന്റെ തെറ്റിനു പരിഹാരമായി എന്തെങ്കിലും തന്റെ പിതാവിന്നു നല്‍കാന്‍ അവന് ഉണ്ടായിരുന്നില്ല. എങ്കിലും സ്‌നേഹനിധിയായ പിതാവ് അവനെ സ്വീകരിച്ചു.
നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവസഭകളില്‍ പലതും ഇന്നു സ്വകര്‍മം കൊണ്ടും വഴിപാടുകൊണ്ടും പണം കൊണ്ടും പ്രീതിപ്പെടുത്താവുന്ന ഒരു ദൈവത്തിന്റെ മുഖമാണ് പൊതുജനമധ്യത്തില്‍ അനാവരണം ചെയ്യുന്നത്. നിത്യസഹായ മാതാവിന്ന് നൊവേന കഴിച്ചെന്നാല്‍ ദൈവം പ്രീതിപ്പെടും. വേളാങ്കണ്ണിക്ക് തീര്‍ഥാടനം പോയാല്‍ദൈവം അനുഗ്രഹിക്കും. ചാവറ കുര്യക്കോസ് അച്ചന് പണം കൊടുക്കാമെന്നേറ്റാല്‍ ദൈവത്തില്‍ നിന്ന് കുര്യക്കോസ് ഏലിയാസച്ചന്‍ ദുബായില്‍ ജോലി വാങ്ങികൊടുക്കും. അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പോയി പ്രാര്‍ഥിച്ചാല്‍ വന്ധ്യ പ്രസവിക്കും. മണര്‍കാട് ഭജനമിരുന്നാല്‍, കോഴിയെ കൊടുത്താല്‍ ദൈവം പ്രസാദിക്കും. ഇവിടെയെല്ലാം മനുഷ്യന് കര്‍മം കൊണ്ട് പ്രീണിപ്പിക്കാന്‍ കഴിയുന്ന ഒരു ദൈവത്തെയാണ് വരച്ചുവെച്ചിരിക്കുന്നത്.
യേശു ചൂണ്ടിക്കാണിച്ച ദൈവം മനുഷ്യനെ അന്വേഷിക്കുന്ന ദൈവമാണ്. വഴിപാടുകളിലും ബലികളിലും കോഴികളിലും നൊവേനയിലും ആചരണങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രീതിപ്പെടുന്ന ദൈവമല്ല യേശു. മനുഷ്യനെ ദൈവവുമായി രമ്യപ്പെടുത്തിയത് സ്വന്തം രക്തം വിലയായി കൊടുത്താണ്. അതാകട്ടെ ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തിന്റെ പ്രതിഫലനവുമായിരുന്നു. യേശു അനാവരണം ചെയ്ത ദൈവം പ്രതികാരദാഹിയായ ദൈവമല്ല. മനുഷ്യന്റെ ഭൗതിക വസ്തുക്കള്‍കൊണ്ട് പ്രീണിപ്പെടുത്താവുന്ന ദൈവവുമായിരുന്നില്ല. ഇതാണ് ക്രിസ്തു അനാവരണം ചെയ്ത ദൈവശാസ്ത്രത്തിന്റെ മര്‍മം.
Sunday, August 23, 2020
സത്യജ്വാലാനാളം I മാർച്ച് 2012
(സത്യജ്വാല മാസികയുടെ ആദ്യ ലക്കത്തിന്റെ എഡിറ്റോറിയൽ )
ജോര്‍ജ് മൂലേച്ചാലില്‍ - 9497088904
'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM), 'സത്യജ്വാല' എന്ന പേരില്‍ ഒരു മാസിക ആരംഭിക്കുകയാണ്. സഭാകാര്യങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഒരു വേദി ഒരുക്കുകയാണ് ലക്ഷ്യം.
ഈയിടെ (2011 നവംമ്പര്‍ 6 മുതല്‍), ഞങ്ങള്‍ 'അല്മായശബ്ദം' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്‌ളോഗ് (www.almayasabdam.blogspot.com) തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള അനവധി മലയാളി കത്തോലിക്കര്‍ അതിന്റെ വായനക്കാരാണിന്ന്. ഈ കുറഞ്ഞ കാലംകൊണ്ടുതന്നെ ഈ ബ്‌ളോഗില്‍ 35000 -ത്തോളം അനുവാചക സന്ദര്‍ശനങ്ങള്‍ (Hits) ഉണ്ടായിക്കഴിഞ്ഞു! മുപ്പതിലേറെ ഔദ്യോഗിക രചയിതാക്കള്‍ (contributors) ഉള്ള ഈ ബ്‌ളോഗ് 750 - ലധികംപേര്‍ ദിവസേന വായിക്കുന്നുണ്ട്. ഈ എണ്ണം ഓരോ ദിവസവും കൂടി വരുകയുമാണ്.
ബ്ലോഗുകളുടെ ചരിത്രത്തില്‍ 'അല്മായ ശബ്ദ'ത്തിനു ലഭിച്ച അഭൂതപൂര്‍വ്വമായ ഈ പ്രചാരണത്തിനു കാരണം, സഭാകാര്യങ്ങള്‍ സ്വതന്ത്രമായും തുറന്നും ചര്‍ച്ച ചെയ്യാന്‍ മലയാളി കത്തോലിക്കരില്‍ വളരെപ്പേര്‍ ആഗ്രഹിക്കുന്നു എന്നതാണെന്ന് ഞങ്ങള്‍ കരുതുന്നു. ചര്‍ച്ചയോ സംവാദമോ ആത്മവിമര്‍ശനമോ സുതാര്യതയോ ഇല്ലാത്ത സഭയുടെ അടഞ്ഞ വ്യവസ്ഥ വിശ്വാസിസമൂഹത്തിന് അസഹ്യമായിക്കഴിഞ്ഞു. അതുകൊണ്ടാകാം, സഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചുവരുന്ന ഗഇഞങ - ന്റെ ഈ തുറന്ന ചര്‍ച്ചാവേദിക്ക് ഇത്രയും പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും, ഈ ബ്‌ളോഗ് അനുഭവം ഞങ്ങള്‍ക്ക് വളരെയേറെ ആത്മവിശ്വാസം പകര്‍ന്നു നല്കിയിരിക്കുകയാണ്. ഒരു അച്ചടി മാധ്യമത്തെപ്പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്കു ധൈര്യം തന്നതും മറ്റൊന്നല്ല. ഒരു ആഴ്ചപ്പതിപ്പ് ഇറക്കാന്‍ പോരുന്നത്ര ഈടുറ്റ ധാരാളം രചനകളാണ് അല്മായശബ്ദം ബ്ലോഗില്‍ അനുദിനം നിറഞ്ഞുകൊണ്ടിരിക്കുന്നത്! അതില്‍ നിന്നു തിരഞ്ഞെടുത്ത രചനകളുടെ ഒരു പതിപ്പ് മാസംതോറും ഇറക്കാമെന്ന് വിചാരിക്കുന്നു.
- മനുഷ്യരില്‍ ആത്മീയാവബോധമുണര്‍ത്തി അവരുടെയുള്ളില്‍ മാനുഷിക മൂല്യങ്ങളുടെ കെടാവിളക്ക് തെളിക്കുക എന്നതാണ് മതങ്ങളുടെ ധര്‍മ്മം എന്നു ഞങ്ങള്‍ കരുതുന്നു. മതങ്ങളുടെ ഈ ധര്‍മ്മനിര്‍വ്വഹണം വേണ്ടവണ്ണം നടന്നാല്‍ മാത്രമേ, അവനവനെപ്പോലെ മറ്റുള്ളവരെയും കാണാനുള്ള കണ്ണ് മനുഷ്യനുണ്ടാവൂ. എങ്കില്‍ മാത്രമേ, 'അവനവന്‍ കടമ്പ' കടന്ന് മറ്റുള്ളവരിലേക്ക് ഹൃദയപൂര്‍വ്വം കടന്നുചെല്ലാനുള്ള പോസിറ്റീവ് മനോഭാവമുണ്ടാകൂ. സ്വകാര്യമാത്രപരതയെന്ന ഇടുങ്ങിയ ഭൗതിക മനോഭാവത്തില്‍നിന്നും പരാര്‍ഥതാഭാവമെന്ന വിശാലതയിലേക്ക്, ആധ്യാത്മികതയിലേക്ക്, പടര്‍ന്നുല്ലസിക്കാന്‍ അപ്പോഴേ മനുഷ്യന് പ്രാപ്തിയുണ്ടാകൂ. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക-രാഷ്ട്രീയ ജീവിതവ്യവസ്ഥ രൂപപ്പെട്ടുവരണമെങ്കിലും, മതങ്ങള്‍ ഈ ധര്‍മ്മാനുഷ്ഠാനം നിര്‍വ്വഹിക്കേണ്ടതുണ്ട്. മാനുഷികമൂല്യങ്ങളുടെ അടിത്തറയില്‍ മാത്രമേ മാനുഷികമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും കഴിയൂ.
ഇന്നിപ്പോള്‍, മാനുഷിക മൂല്യങ്ങളെയെല്ലാം ചതച്ചരച്ചുകൊണ്ട് കച്ചവടമൂല്യങ്ങളുടെ ബുള്‍ഡോസറുകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. അതിന് അടിസ്ഥാനകാരണം, മതങ്ങള്‍ അവയുടെ ധര്‍മ്മനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടതാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും. വിവിധ വീ്ക്ഷണകോണുകളിലൂടെയാണെങ്കിലും എല്ലാറ്റിനെയും ഏകാത്മകമായി ദര്‍ശിക്കുന്നവയാണ് എല്ലാ മതങ്ങളും. എന്നാല്‍ അവയെല്ലാംതന്നെ ഇന്ന് വിഭാഗീയവും പരസ്പരം മത്സരിക്കുന്നതുമായി മാറിക്കഴിഞ്ഞു. ഈ ദുരവസ്ഥയില്‍ മനുഷ്യനില്‍ ആദ്ധ്യാത്മികാവബോധമുണര്‍ത്താന്‍, മാനുഷികമുല്യങ്ങള്‍ നിറയ്ക്കാന്‍, അവയ്‌ക്കെങ്ങനെ കഴിയും? മതങ്ങളും മനുഷ്യരില്‍ മാത്സര്യത്തിന്റേതായ കച്ചവടമൂല്യങ്ങളാണ് വിതയ്ക്കുന്നതെങ്കില്‍പ്പിന്നെ, മറ്റെന്താണ് മനുഷ്യന് കൊയ്യാന്‍ കിട്ടുക? വ്യക്തികളും മതവിഭാഗങ്ങളും രാഷ്ട്രങ്ങളും പരസ്പരം ഗോഗ്വാവിളിക്കുന്ന ചന്തസംസ്‌കാരം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും; അതിന്റെ അടിസ്ഥാനത്തില്‍, ഒരു നവകൊളോണിയല്‍ ആഗോള ചന്തവ്യവസ്ഥിതിയും.
ഈ സാഹചര്യത്തില്‍നിന്ന് മോചനം പ്രാപിക്കാന്‍ മനുഷ്യര്‍ക്കു കഴിയണമെങ്കില്‍, അവരവര്‍ അംഗങ്ങളായിരിക്കുന്ന മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേക്ക് വിമര്‍ശനാത്മകമായും സൃഷ്ടിപരമായും അവരവര്‍തന്നെ നയിക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യത്വമൂശയില്‍ വാര്‍ക്കപ്പെട്ട കത്തോലിക്കാസഭ ആദിമസഭയുടെ ആദ്ധാത്മിക വിശുദ്ധിയിലേക്കും അധികാരവിമുക്തമായ സാഹോദര്യഭാവത്തിലേക്കും നയിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു കൈത്തിരി വെട്ടമായി 'സത്യജ്വാല' മാസികയെ കാണണമെന്നും എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.