ഡോ. അബ്രഹാം കൂത്തോട്ടില്‍, അട്ടപ്പാടി
(സത്യജ്വാല 2016 ജൂലൈ ലക്കത്തിന്റെ തുടര്‍ച്ചയായ ഈ ലേഖനഭാഗം പ്രസിദ്ധീകരിക്കാന്‍ വൈകി: ക്ഷമിക്കുക)
സത്യജ്വാലയുടെ മുൻലക്കങ്ങൾ ഡൗൺലോഡ്ചെയ്ത്
വായിക്കാൻ സന്ദർശിക്കുക:
http://almayasabdam.com/sathyajvala/sathyajvala-2/
യേശു ദൈവത്തെ 'പിതാവേ' എന്നു വിളിച്ചു. അതുവഴി, യഹോവാ എന്ന സങ്കല്‍പ്പത്തില്‍നിന്നു തികച്ചും വ്യത്യസ്തമായൊരു ഈശ്വരദര്‍ശനത്തിന്
ബീജാവാപം ചെയ്യാനായിരുന്നു യേശു ശ്രമിച്ചത്. പക്ഷേ, യേശുവിനെ ശ്രവിച്ച ഇസ്രായേല്‍ മക്കള്‍ വിചാരിച്ചു, അവിടുന്ന് പിതാവേ എന്നു വിളിച്ചത് ഇസ്രായേലിന്റെ ദൈവമായി
വാണിരുന്ന യഹോവായെത്തന്നെ ആണെന്ന്. ക്രൈസ്തവര്‍ ഇന്നും ഈ ധാരണ കൊണ്ടുനടക്കുകയും
ധ്യാനകേന്ദ്രങ്ങള്‍ അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. ധ്യാനപ്രസംഗകര്‍
കൂടുതലായും പഴയനിയമത്തില്‍ നിന്നാണ് ഉദ്ധരിക്കുന്നതെന്നത് തീര്‍ത്തും
യാദൃച്ഛികമല്ല.
അതുപോലെ, ചരിത്രത്തിലെ വലിയൊരു
ട്രാജഡിയായി കണക്കാക്കേണ്ട യേശുവിന്റെ മരണത്തിനും കാലാന്തരത്തില്‍ പഴയനിയമത്തിന്റെ
ശൈലിയിലുള്ള വ്യാഖ്യാനം പ്രാബല്യത്തില്‍ വന്നു. യേശുവിന്റെ മരണത്തെ
രക്തംചിന്തിയുള്ള ബലിയാക്കിത്തീര്‍ത്തു. ''രക്തം ചിന്താതെ
പാപമോചനമില്ല'' എന്നൊക്കെ ബൈബിളില്‍ എഴുതി
ച്ചേര്‍ത്തു. 'യേശു രക്തംചിന്തി ലോകത്തിന്റെ
പാപക്കറകള്‍ മുഴുവനും തുടച്ചുനീക്കി', 'ലോകത്തിന്റെ പാപങ്ങള്‍
നീക്കുന്ന കുഞ്ഞാടാണ് അവിടുന്ന്' എന്നൊക്കെ
പറയുന്നതിന്റെ അര്‍ത്ഥമെന്തെന്ന് ചിന്തിക്കാന്‍ ആരും മിനക്കെടാറില്ല.
ബലിമൃഗങ്ങളുടെ രക്തംകൊണ്ടുള്ള ആചാരവിധികള്‍ പഴയനിയമത്തില്‍ വിവരിക്കുന്നതു
വായിക്കുമ്പോള്‍ ഇന്ന് അറപ്പാണ് തോന്നുന്നത്. മുട്ടാടുകളെയും കാളക്കൂറ്റന്മാരെയും
കൊന്ന് രക്തമെടുത്ത് ശരീരത്തിലും അള്‍ത്താരയിലും തളിക്കുന്ന ആചാരങ്ങളുടെ കര്‍മ്മവിധികള്‍
എത്ര വിശദമായാണ് പഴയ നിയമത്തില്‍ (പുറപ്പാട്,
29:20, 36, ലേവ്യര്‍ 16: 18,19) വിവരിച്ചിരിക്കുന്നത്!
രക്തംകൊണ്ട് വിശുദ്ധീകരിക്കാം, പാപങ്ങള്‍
തുടച്ചുനീക്കാം എന്നൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുക?
പുതിയനിയമത്തില്‍ രക്തത്തിന്റെ ഭാഷ ഏറ്റം സ്പഷ്ടമായി കാണുന്നത് യേശു തന്റെ
രക്തം പാനംചെയ്യാന്‍ അനുയായികളെ ഉദ്‌ബോധിപ്പിക്കുമ്പോഴാണ്. ''എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയുംചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു''(യോഹ. 6:56) എന്ന്
പ്രതീകാത്മകമായാണ് പറയുന്നത് എന്നു വ്യാഖ്യാനിക്കാം. ''എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും
ചെയ്യുന്നവന് നിത്യജീവനുണ്ട്'' (യോഹ.6:54) എന്ന് പറയുമ്പോഴും യേശുവിനെ നാം സ്വാംശീകരിക്കേണ്ടതിന്റെ
ആവശ്യകതയാണ് ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാക്കാം. യേശുവിനെ സ്വാംശീകരിക്കുന്നത്
അവിടുത്തെ ദര്‍ശനവും പ്രബോധനങ്ങളും ജീവിതരീതിയും നാം അനുവര്‍ത്തിക്കുമ്പോഴാണെന്നും
സമര്‍ത്ഥിക്കാം.
എന്നാല്‍, യേശുവിന്റെ സാക്ഷാല്‍ രക്തം, അതിപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ കൂദാശാവചനങ്ങള്‍ ഉച്ചരിച്ച്
സത്താമാറ്റത്തിലൂടെ അത്ഭുതകരമായി സൃഷ്ടിച്ചെടുക്കുന്ന രക്തം, നിത്യജീവന്‍ ലഭിക്കാന്‍വേണ്ടി കുടിക്കണമെന്നു നിഷ്‌കര്‍ഷിക്കുമ്പോള്‍, പ്രശ്‌നത്തിന്റെ ഗൗരവം കൂടുന്നു. മാംസഭുക്കുകളായവരോടുപോലും
രക്തം കുടിക്കാന്‍ പറഞ്ഞാല്‍ ഓക്കാനം വരുമെങ്കില്‍, മതപരവും സാംസ്‌കാരികവുമായ ബോധ്യങ്ങളുടെപേരില്‍ സസ്യഭുക്കുകളാകുന്നവരോട്, ''യേശുവിന്റെ മാംസം ഭക്ഷിക്കുക, രക്തം കുടിക്കുക'' എന്നൊക്കെ
ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങനെ? അങ്ങനെ നോക്കുമ്പോളാണ്, 'മനുഷ്യപുത്രന്റെ രക്തം കുടിച്ചിട്ടു കിട്ടുന്ന നിത്യജീവന്‍
എനിക്കു വേണ്ട' എന്നു പറയുവാനുള്ള
സ്വാതന്ത്ര്യം നമുക്കുണ്ടാകണം എന്നുവരുന്നത്. ഈ സ്വാതന്ത്ര്യത്തിലേക്കു വളരാന്‍
ക്രൈസ്തവര്‍ പ്രാപ്തരാകുമ്പോള്‍, റോമിലെ മാര്‍പ്പാപ്പ
മുതല്‍ ഇടവകപ്പള്ളിയിലെ അസ്‌തേന്തിയച്ചന്‍വരെ അനുദിനം അര്‍പ്പിക്കുന്ന
ദിവ്യബലികളുടെ സാംഗത്യം പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണെന്ന് അവര്‍
ചിന്തിച്ചുതുടങ്ങും.
ബലിയുടെ അര്‍ത്ഥമില്ലായ്മയും പ്രാകൃതത്വവും മനസ്സിലാക്കുമ്പോള്‍ സഭയിലെ
സന്ന്യാസജീവിതത്തെപ്പറ്റി പറയാതെവയ്യ. സന്ന്യാസജീവിതം വ്രതങ്ങളുടെ ജീവിതമാണ്.
വ്രതം ചെയ്യുമ്പോള്‍ ഒരാള്‍ സ്വയം ഹോമബലിയായി ദൈവത്തിന് സമര്‍പ്പിക്കുകയാണ് എന്നു
വ്യാഖ്യാനിക്കപ്പെടുന്നു. ആദ്യമാദ്യം രണ്ടോ മൂന്നോ പ്രാവശ്യം ഓരോരോ വര്‍ഷത്തേക്കായി
വ്രതമെടുക്കുന്നു. തുടര്‍ന്ന് നിത്യവ്രതങ്ങള്‍. നിത്യവ്രതങ്ങള്‍ എടുക്കുമ്പോള്‍
നിത്യബലിയായി ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നു. പിന്നെ മറ്റാര്‍ക്കും അയാളുടെ ജീവിതത്തിന്
അവകാശമില്ല എന്നര്‍ത്ഥം. നിത്യവ്രതംചെയ്ത സന്ന്യാസിയോ പുരോഹിതനോ ആ മാര്‍ഗ്ഗം
ഉപേക്ഷിക്കേണ്ടിവരുമ്പോള്‍ നിത്യവ്രതങ്ങള്‍ പൊട്ടാചങ്ങലകളായി അയാളുടെ മനഃസാക്ഷിയെ
വേദനിപ്പിക്കാറുണ്ട്. വ്രതങ്ങളില്‍നിന്നു മോചനംലഭിക്കാനായി അപേക്ഷകളും പിടിച്ച്
സഭാകോടതികള്‍ കയറിയിറങ്ങി കഷ്ടപ്പെടേണ്ടിവരുന്നു. വാസ്തവത്തില്‍ ബലികള്‍
സ്വീകരിക്കുന്നത് പഴയനിയമത്തിലെ ദൈവമാണെന്നും, അത് കാലഹരണപ്പെട്ട ദൈവസങ്കല്പമാണെന്നും,
യേശു നിര്‍ദ്ദേശിച്ച
യഥാര്‍ത്ഥ ദൈവത്തിന് ബലിയോ കാഴ്ചകളോ ആവശ്യമില്ലെന്നും, അതൊന്നും അവിടുന്നു സ്വീകരിക്കയില്ലെന്നും ഉള്ള
തിരിച്ചറിവില്‍ എത്തിച്ചേരാന്‍ കഴിഞ്ഞാല്‍ വിഹായസ്സിലേക്കു കുതിച്ചുയരുന്ന വിണ്‍യാനത്തിന്റെ
കെട്ടുകളും താങ്ങുകളും സ്വയം അഴിഞ്ഞു മാറുന്നതുപോലെ, നിത്യവ്രതങ്ങളുടെ അസത്യകെട്ടുപാടുകളില്‍നിന്നും മോചനം നേടി നിത്യവ്രതം
ചെയ്തവര്‍ക്ക് സ്വയം സ്വതന്ത്രരാകാവുന്നതാണ്. തന്നെയുമല്ല, ആണയിടുന്നതിനെയും ശപഥം ചെയ്യുന്നതിനെയും യേശു വ്യക്തമായി
എതിര്‍ത്തു പറഞ്ഞിട്ടുമുണ്ട് (മത്താ. 5:34-37).
ആദിമസഭയില്‍ വന്നുഭവിച്ച മറ്റൊരു ചിന്താവ്യതിയാനം യേശുവിന്റെ ഉത്ഥാനത്തെ
സംബന്ധിച്ചുള്ളതാണ്. യേശു മരിച്ചിട്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് നാല്‍പ്പതാം
നാള്‍ സ്വര്‍ഗ്ഗത്തിലേക്കു കരേറി ദൈവത്തിന്റെ, വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുന്നു എന്നുംമറ്റുമുള്ള വിശ്വാസം
ഉറപ്പിച്ചെടുക്കാന്‍ ആദിമസഭയുടെ ആചാര്യന്മാര്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. ''യേശുവിന്റെ ഉയിര്‍പ്പിനെക്കുറിച്ചും സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ചും
മര്‍ക്കോസിന്റെ സുവിശേഷത്തിലെ വിവരണം (മര്‍ക്കോ.16:9-20) ''എ.ഡി. 5-ാം നൂറ്റാണ്ടില്‍ എഴുതിച്ചേര്‍ത്തതാണെന്ന
സത്യം ഏതെങ്കിലും ബൈബിള്‍ പണ്ഡിതനു നിഷേധിക്കാന്‍ കഴിയുമോ?'' എന്ന റവ. ഡോ. ജെയിംസ് ഗുരുദാസിന്റെ ചോദ്യത്തിന് ആരെങ്കിലും
മറുപടി പറഞ്ഞോ എന്നറിയില്ല (സ്‌നേഹവാണി,
ജൂലൈ-സെപ്റ്റംബര്‍
2014). ഇവിടെ യേശുവിനെ സംബന്ധിച്ച
സത്യമെന്നതിനേക്കാള്‍ യേശുവിന്റെ പദ്ധതിയെ മതമാക്കിത്തീര്‍ക്കാനുള്ള വ്യഗ്രതയാണ്
കാണുന്നത്. വാസ്തവത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ യേശു ചെയ്യേണ്ടിയിരുന്നത് തന്റെ
ദൗത്യം പൂര്‍ണ്ണമാക്കാനും തന്റെ സുവിശേഷം ലോകംമുഴുവന്‍ എത്തിക്കാനും ഈ ലോകത്തില്‍ത്തന്നെ
തുടരുകയായിരുന്നു. തിന്‍മയും അധര്‍മ്മവും അനീതിയും ക്രൂരതയും വര്‍ദ്ധിച്ചുവരുന്ന ഈ
ലോകത്തില്‍ അവയ്‌ക്കെതിരായി പോരാടാന്‍ നില്‍ക്കാതെ സ്വര്‍ഗ്ഗത്തിലേക്ക് കരേറി
ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിട്ട് ആര്‍ക്ക് എന്തു ഗുണമാണുള്ളത്?
യേശുവിന്റെ ഉത്ഥാനം വ്യാഖ്യാനിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും
സ്റ്റേജില്‍ മരിച്ചുവീഴുന്ന ഒരു നടന്‍ കര്‍ട്ടന്‍ താഴുമ്പോള്‍
എഴുന്നേറ്റുപോകുന്നതുപോലെയാണ്. സത്യത്തില്‍, ഇത്തരം
വ്യാഖ്യാനങ്ങളും ധാരണകളും യേശുവിന്റെ മരണത്തിന്റെ മൂല്യം ചോര്‍ത്തിക്കളയുകയാണ്
ചെയ്യുന്നത്.
വാസ്തവത്തില്‍, അസഹിഷ്ണുത മുറ്റിയ
മതഫാസിസം ജീവിതത്തിന്റെ എല്ലാ മേഖലകളെയും പിടിമുറുക്കിയിരുന്ന ഒരു സമൂഹത്തില്‍
വ്യത്യസ്തമായി ചിന്തിച്ചതും പഠിപ്പിച്ചതുംമൂലമാണ് യേശുവിനെ അവര്‍ കഴുവിലേറ്റിയത്.
ആ മരണത്തിന്റെ പ്രാധാന്യം, അത് അവിടുത്തെ ദര്‍ശനങ്ങളുടെയും
പ്രബോധനങ്ങളുടെയും സത്യാവസ്ഥയ്ക്കുള്ള അച്ചാരമാകുന്നു എന്നതാണ്. അവിടുത്തെ
സുവിശേഷത്തിന്റെ മൂല്യം നിത്യമാണ്, അതൊരിക്കലും മരിക്കില്ല
എന്ന യാഥാര്‍ത്ഥ്യംതന്നെയാണ് യേശുവിന്റെ ഉത്ഥാനത്തിന്റെ അര്‍ത്ഥവും.
ഫോണ്‍: 9946010343
No comments:
Post a Comment