വര്‍ഗീസാന്റണി
അധികാരത്തിന്റെ ഉറവിടങ്ങള്‍
അധികാരത്തെ വ്യക്തിപരമായ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍, ഒരുവന്റെ കരത്തില്‍ അധികരിച്ച് (അധികമായി) എന്തൊക്കെയുണ്ടോ
അതൊക്കെ അയാള്‍ക്ക് ഓരോ അധികാരമായി മാറുന്നു. അധികമായുള്ളത് സമ്പത്താകാം, മെയ്ക്കരുത്താകാം,
മനക്കരുത്താകാം, സൗന്ദര്യമാകാം. അതൊക്കെ അയാളില്‍ ഓരോതരം അധികാരമായി
മാറുന്നു. (ഇതൊക്കെയുണ്ടായിട്ടും ബുദ്ധനോ,
ക്രിസ്തുവോ, ഗാന്ധിയോ അങ്ങനെയായില്ല. അതെല്ലാം കൈയൊഴിഞ്ഞു. സ്വയം
അധികാരരഹിതനായി) അതുപയോഗിച്ച് അയാള്‍ മറ്റുള്ളവരെ തന്റെ വരുതിയിലാക്കുന്നു.
അധികാരമുള്ളവന്‍ വിധാതാവും അധികാരമില്ലാത്തവന്‍ വിധേയനുമാകുന്നു. വിധേയന്
നഷ്ടപ്പെടുന്നത് സ്വന്തം സ്വത്വവും സ്വാതന്ത്ര്യവുമാണ്. വൈരുദ്ധ്യമാണ് അധികാരത്തെ
പ്രസവിക്കുന്നത്. മനുഷ്യന്‍ സാമൂഹികജീവിതം ആരംഭിച്ചതോടെ അധികാരം ജനിച്ചു.
പ്രകൃത്യാലുള്ള വൈരുദ്ധ്യവും സാമൂഹ്യജീവിതത്താല്‍ സൃഷ്ടിക്കപ്പെട്ട
വൈരുദ്ധ്യമുണ്ട്. വൈരുദ്ധ്യങ്ങളിലൂടെ ഏറ്റുമുട്ടലിലൂടെ അധികാരത്തിന്റെ രൂപവും
ഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കും. അധികാരത്തിന് വൈയക്തികതലവും സാമൂഹികമായ
തലവുമുണ്ട്. അതിന് ആത്മീയവും ഭൗതികവുമായ രൂപമുണ്ട്.
ഗോത്രവ്യവസ്ഥയില്‍ സോഷ്യലിസംവരെയുള്ളവ അധികാരത്തിന്റെ സാമൂഹ്യരൂപങ്ങളാണ്.
ഭരണകൂടം അതിന്റെ മൂര്‍ത്തരൂപവും കേന്ദ്രവുമാണ്. വിശ്വാസ ആചാരങ്ങളുടെ സംഘടിതരൂപമാണ്
ജാതിയും മതവും. അവ ആത്മീയമായ അധികാര രൂപങ്ങളാണ്. ദൈവമാണ് അവയുടെ കേന്ദ്രം. (ദൈവ
കേന്ദ്രിതമല്ലാത്ത മതങ്ങളുണ്ട്. ഉദാ: ബുദ്ധ ജൈന മതങ്ങള്‍). എല്ലാ അധികാരവ്യവസ്ഥയും
നിലനില്‍ക്കുന്നത് അതിന്റെ വിധേയരില്‍ ഭയവും അനുസരണവും ജനിപ്പിച്ചുകൊണ്ടാണ്.
അങ്ങനെ നോക്കുമ്പോള്‍ ദൈവം അതീതങ്ങളില്‍ കുടികൊള്ളുന്ന അദൃശ്യമായ അധികാര
ശക്തിയാണ്. പ്രപഞ്ചനിയന്താവ്. പഴയനിയമത്തിലെ യഹോവ അങ്ങനെയുള്ള ദൈവമാണ്.
ഭയത്തിന്റെയും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ആവിഷ്‌ക്കാരങ്ങളാണ് മതങ്ങള്‍
സൃഷ്ടിച്ചിട്ടുള്ള ആചാരാനുഷ്ഠാനങ്ങള്‍. ഭയവും വിശ്വാസവും ഇല്ലാത്തവരും അതു
ശിലിച്ചുകഴിഞ്ഞാല്‍ ഇത് യാന്ത്രികമായി അനുഷ്ഠിച്ചുകൊണ്ടിരിക്കും.
യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും ഈ കാലത്ത് ഭൂരിഭാഗംപേരും അങ്ങനെ
ചെയ്യുന്നവരാണ്. ജാതിയുടെയും മതത്തിന്റെയും പ്രമാണങ്ങളേയും പ്രവര്‍ത്തനങ്ങളേയും
യുക്തിയും ശാസ്ത്രവും അറിഞ്ഞും അറിയാതെയും സ്വാധീനിക്കുന്നുണ്ട്. അവ പരിവര്‍ത്തനപ്പെടുന്നുണ്ട്.
അതിന്റെ പ്രത്യക്ഷഫലങ്ങളിലൊന്നാണ് നവോത്ഥാനം.
ക്രിസ്തുവിന്റെ നവദൈവസങ്കല്പം
ആത്മീയ അധികാരസ്ഥാപനങ്ങളോടാണ് ക്രിസ്തു ഏറ്റവും കൂടുതല്‍ കലഹിച്ചത്. ഭരണകൂടത്തെക്കാള്‍
മതമാണ് മനുഷ്യനെ കൂടുതല്‍ സ്വാധീനിക്കുന്നത്. മനുഷ്യന്റെ അബോധത്തിലാണ് മതം അതിന്റെ
പിടിമുറുക്കിയിട്ടുള്ളത്. മനുഷ്യനെ മാറ്റണമെങ്കില്‍ അവിടെത്തന്നെ പിടിക്കണമെന്ന്
ക്രിസ്തുവിനറിയാം. ദൈവം എന്ന അതിഭൗതിക അധികാരഘടനയെത്തന്നെ ക്രിസ്തു പൊളിച്ചെഴുതി.
ഇടപെട്ട മേഖലകളിലെല്ലാം തച്ചന്റെ, വാസ്തുശില്പിയുടെ
സൂക്ഷ്മതയോടെ ക്രിസ്തു പ്രവര്‍ത്തിച്ചു. പഴയനിയമത്തിലെ യഹോവ എന്ന ഭയാനക
ദൈവസങ്കല്പത്തെ ക്രിസ്തു തിരുത്തി. ഭയത്തിന്റെ സ്ഥാനത്ത് സ്‌നേഹത്തെ
പ്രതിഷ്ഠിച്ചു. ഭയസ്വരൂപനായ ദൈവത്തെ ക്രിസ്തു സ്‌നേഹരൂപനാക്കി. അതിനര്‍ഥം ദൈവം സ്‌നേഹമാണ്
എന്നാണ്. ആചാര അനുഷ്ഠാനങ്ങളിലും ക്രിസ്തു ഇടപെട്ടു. അതിന്റെ ഒരു ഉദാഹരണമാണ് ''മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണ്'' എന്നത്. ആചാര അനുഷ്ഠാനങ്ങള്‍ ദൈവമുണ്ടാക്കിയതല്ല. മനുഷ്യന്‍ ഉണ്ടാക്കിയതാണ്. ഓരോ കാലത്ത് ഓരോ
ആവശ്യത്തിനുവേണ്ടി. ആവശ്യവും കാലവും മാറിയാല്‍ അവയെ മാറ്റണം. മാറ്റിയില്ലെങ്കില്‍
അതു മനുഷ്യനെ മാറ്റും. മനുഷ്യനെ സര്‍ഗശൂന്യനാക്കും.
അധികാരവും അതിനോടുള്ള ഭയവും അതിന്റെ ഉച്ചനീചത്വവും നിലനില്‍ക്കുന്നിടത്ത് സ്‌നേഹത്തിന്
നിലനില്പ്പില്ല. സ്‌നേഹത്തിന് പ്രവര്‍ത്തിക്കാനാവില്ല. ഈ സ്‌നേഹശൂന്യതയ്‌ക്കെതിരെയാണ്
ക്രിസ്തു കലഹിച്ചത്. സമൂഹമനസ്സിലും വ്യക്തിമനസ്സിലും സ്‌നേഹത്തിന് പ്രവര്‍ത്തിക്കാനുള്ള
ഇടം ഉണ്ടാക്കാനാണ് ക്രിസ്തു നിരന്തരം യത്‌നിച്ചത്. നിലവിലുള്ള യഹൂദമതവും
പൗരോഹിത്യവും അതിന്റെ ആചാര അനുഷ്ഠാനങ്ങളും ജീര്‍ണാധികാരമായി മാറി. അത് വ്യക്തികളെ
വിധേയത്വമുള്ള അന്ധ വിശ്വാസികളാക്കി മാറ്റി. വ്യക്തിത്വവും സ്വാതന്ത്ര്യവും വറ്റി.
സ്‌നേഹം അന്യമായി. വ്യക്തിയും സമൂഹവും പരസ്പരം അന്യമായി. നഷ്ടപ്പെട്ട ഈ
മൂല്യവ്യവസ്ഥയെ തിരിച്ചുപിടിക്കാന്‍ യഹൂദമതം എന്ന ആത്മീയ അധികാരവ്യവസ്ഥയോടും
റോമാസാമ്രാജ്യം എന്ന ഭൗതിക അധികാരവ്യവസ്ഥയോടും ക്രിസ്തു കലഹിച്ചു. അതിന്റെ
തിരിച്ചടിയാണ് കുരിശുമരണം. സ്‌നേഹം പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത
ഒരാളോടുള്ള ഏറ്റവും സ്‌നേഹശൂന്യമായ പ്രതികരണം. ക്രിസ്തു നല്കിയത് സ്‌നേഹമാണ്.
ക്രിസ്തുവിന് നല്കിയത് മരണമാണ്. പക്ഷേ സ്‌നേഹത്തിന് മരണമില്ല. ''സ്‌നേഹം പ്രതിബന്ധം അറിയുന്നില്ല'' എന്ന് ക്രിസ്തു.
സ്‌നേഹം സകല അധികാര രൂപങ്ങള്‍ക്കും എതിരാണ്. ഉച്ചനീചത്വത്തിനും എതിരാണ്.
മനുഷ്യജീവിതത്തെ യാന്ത്രികമാക്കുന്ന ആചാര അനുഷ്ഠാനങ്ങള്‍ക്കും എതിരാണ്. അത്
വ്യക്തിയെ സര്‍ഗാത്മകതയിലേയ്ക്കു നയിക്കുന്നു. അത് അവനെ നിര്‍ഭയനാക്കുന്നു. മുന്‍വിധികളെ
റദ്ദാക്കുന്നു. തുല്യതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. നീതിക്കുവേണ്ടി
നിലകൊള്ളുന്നു. ത്യാഗത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. സ്വാതന്ത്ര്യത്തെ
സാക്ഷാത്കരിക്കുന്നു. സ്‌നേഹത്തെ ക്രിസ്തു മൂല്യവ്യവസ്ഥയുടെ കേന്ദ്രത്തില്‍
പ്രതിഷ്ഠിച്ചു. ഇതൊക്കെ അന്യമായ ഇതിനെയൊക്കെ ഭയപ്പെടുന്ന ആധിപത്യവ്യവസ്ഥയുടെ
ബലിയാടാണ് ക്രിസ്തു. അവിടെ മതവും ഭരണകൂടവും കൈകോര്‍ക്കുന്നു. സ്‌നേഹിക്കുന്നവനെ
കൊല്ലാം. സ്‌നേഹത്തെ കൊല്ലാനാകില്ല, നീതിമാനെ കൊല്ലാം
നീതിയെ കൊല്ലാനാകില്ല. സ്വതന്ത്രനെ കൊല്ലാം. സ്വാതന്ത്ര്യത്തെ കൊല്ലാനാകില്ല. ഇത്
ക്രിസ്തുവിന്റെ ഘാതകര്‍ക്കറിയില്ല. അതുകൊണ്ടാണ് അവര്‍ ക്രിസ്തുവിനെ കുരിശില്‍
തറച്ചത്. അവര്‍ അന്ധവിശ്വാസികള്‍ കൂടിയാണ്. അതുകൊണ്ടാണ് ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കാന്‍
അവര്‍ ക്രിസ്തുവിന്റെ കല്ലറയില്‍ ഭാരമേറിയ കല്ലുരുട്ടി വച്ചത്. കാവല്‍ക്കാരനെ
നിയോഗിച്ചത്. അവരുടെ ശിലീഭവിച്ച അന്ധതയുടെയും കാഠിന്യത്തിന്റെയും അടയാളമാണത്. അവര്‍ക്കു
തെറ്റി. ഉയിര്‍ത്തെഴുന്നേറ്റത് ക്രിസ്തുവിന്റെ ശരീരമല്ല ക്രിസ്തുവിന്റെ സത്തയാണ്.
ക്രിസ്തുവിന്റെ സ്‌നേഹദര്‍ശനമാണ്.
ക്രിസ്തുവിന്റെ രാഷ്ട്രസങ്കല്പം
ക്രിസ്തുവിന്റെ രാഷ്ട്രസങ്കല്പമാണ് സ്വര്‍ഗരാജ്യം. സ്വര്‍ഗരാജ്യം നിര്‍മിക്കാനുള്ള
സംസ്‌കൃതപദാര്‍ഥമാണ് സ്‌നേഹം. ദൈവത്തെ സ്‌നേഹിക്കുക, അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ സ്‌നേഹിക്കുക
എന്നിങ്ങനെ ക്രിസ്തു സ്‌നേഹത്തെ നിരന്തരം ധാരകോരി. ഒരാളുടെ കരത്തില്‍ അധികരിച്ച്
ഉണ്ടാകേണ്ടത് സ്‌നേഹമാണ്. സ്വാതന്ത്ര്യമാണ്. നീതിയാണ്, ത്യാഗമാണ്. അങ്ങനെയുള്ള ഒരുവന്റെ മനസ്സ് സ്വര്‍ഗരാജ്യത്തിന്റെ
മിനിയേച്ചര്‍ പതിപ്പാണ്. അങ്ങനെയുള്ള മനുഷ്യര്‍ കൂടിച്ചേര്‍ന്ന ലോകമാണ് സ്വര്‍ഗരാജ്യം.
ജാതിയോ മതമോ, ഭരണകൂടമോ ആവശ്യമില്ല. അവിടെ
ഉച്ചനീചത്വവും ഹിംസയുമില്ല.
യജമാനന്‍ ദാസനായിരിക്കുക
''നിങ്ങളില്‍ യജമാനനാകുവാന്‍
ആഗ്രഹിക്കുന്നവന്‍ എല്ലാവരുടേയും ദാസനായിരിക്കുക'' എന്ന വാക്യത്തില്‍ ക്രിസ്തുവിന്റെ അധികാരദര്‍ശനത്തിന്റെ കാതല്‍ കാണാം. ഈ
വാക്യത്തെ തിരിച്ചിട്ടാല്‍ ഇങ്ങനെയാകും;
നിങ്ങളില്‍
ദാസനാകുവാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരുടേയും യജമാനനായിരിക്കുക. നിലവിലുള്ള
അധീശത്വഘടനയെ ഈ വാക്യത്തിലൂടെ ക്രിസ്തു കീഴ്‌മേല്‍ മറിച്ചു. അധികാരത്തിന്റെ
വ്യക്തിതലവും സാമൂഹ്യതലവും ഈ വാക്യത്തില്‍ ഉള്‍ച്ചേരുന്നു. ദാസനാകുവാന്‍
ആഗ്രഹിക്കുന്നവന്‍ യജമാനനായാല്‍ ആ യജമാനത്വം ഹിംസാത്മകമാകുകയില്ല. അയാള്‍
അധികാരപ്രമത്തനാകുകയില്ല. അതുപയോഗിച്ച് അയാള്‍ അധികമായി ഒന്നും
കരസ്ഥമാക്കുന്നില്ല. അവിടെ വിധാതാവും വിധേയനുമില്ല. അവിടെ തുല്യതയും നീതിയും സ്‌നേഹവുമുണ്ടാകും.
അയാള്‍ അഭിപ്രായങ്ങള അടിച്ചേല്‍പ്പിക്കുന്നതിനു പകരം അഭിപ്രായസ്വാതന്ത്ര്യം
അനുവദിക്കും. അയാള്‍ കസേര ബാധിച്ച പിശാചല്ല. അപ്പോള്‍ ലോകം സ്വര്‍ഗരാജ്യമായി
മാറും. പക്ഷേ ലോകത്തില്‍ സംഭവിക്കുന്നതെല്ലാം മറിച്ചാണ്. യജമാനനാകുവാന്‍
ആഗ്രഹിക്കുന്നവന്‍ ദാസനാകുന്നില്ല. ദാസനാകാന്‍ ആഗ്രഹിക്കുന്നവന്
യജമാനപദവിയിലെത്താനുമാകുന്നില്ല. അങ്ങനെയാണ് ലോകം ഇത്ര ഹിംസാത്മകമായത്.
നരകരാജ്യമായത്. പക്ഷേ അതുകൊണ്ടൊന്നും ക്രിസ്തു പിന്മാറാന്‍ തയ്യാറല്ല. അതുകൊണ്ടാണ്
ഞാന്‍ വീണ്ടും വരുമെന്നു പറഞ്ഞുപോയത്.
സഭയും അധികാരവും
നിലവിലുള്ള കുടുംബഘടനയേയും സമൂഹഘടനയേയും രാഷ്ട്രീയഘടനയേയും അഴിച്ചുപണിത
വ്യക്ത്യാവബോധത്തേയും സാമൂഹ്യാവബോധത്തേയും തിരുത്തിക്കുറിച്ച ക്രിസ്തു എന്ന റിബല്‍
മതത്തിന്റെയും സഭയുടെയും ചട്ടക്കൂട്ടില്‍ ഒതുങ്ങില്ല. ഒതുക്കാന്‍ ശ്രമിച്ചാല്‍
ക്രിസ്തുവിന്റെ ജൈവസത്ത ജഡമാകും. അതാണിന്ന് സഭയ്ക്കും പൗരോഹിത്യത്തിനും പള്ളിക്കും
പറ്റിക്കൊണ്ടിരിക്കുന്നത്. കോടികള്‍ വാരിയെറിഞ്ഞ് പണിയുന്ന പടുകൂറ്റന്‍ പള്ളികള്‍
എങ്ങനെയാണ് പുല്‍ക്കൂട്ടില്‍ ജനിച്ച ക്രിസ്തുവിന്റെ ആലയമാകുന്നത്.
വസ്ത്രത്തേക്കാള്‍ ശരീരവും ശരീരത്തേക്കാള്‍ ആത്മാവും ശ്രേഷ്ഠമത്രേ എന്നു പറഞ്ഞ
ക്രിസ്തുവിനെ എത്രമാത്രം സാക്ഷാത്ക്കരിക്കാന്‍ പറ്റുന്നുണ്ട്. പുല്‍ക്കൂട്ടിലെ
ജനനത്തിലൂടെ, ആകാശത്തിലെ പറവകളേയും വയലിലെ
ലില്ലിച്ചെടിയുടേയും ഉപമകളിലൂടെ, മലമുകളിലെ
ഏകാന്തധ്യാനത്തിലൂടെ ക്രിസ്തു ഉയര്‍ത്തിപ്പിടിച്ച പാരിസ്ഥിതികാവബോധം സഭയ്ക്ക്
അന്യമല്ലേ? സ്‌കൂളുകളും
കോളേജുകളും സ്ഥാപിച്ച് വിദ്യാഭ്യാസത്തിലും ജ്ഞാനവിജ്ഞാനമേഖലകളിലും സഭ ഇടപെടുന്നത്
നല്ലതാണ്. പക്ഷേ അവിടെ ക്രിസ്തുവിനെ നവീനജ്ഞാനവിജ്ഞാനങ്ങളുടെ വെളിച്ചത്തില്‍
വായിക്കുവാന്‍ കഴിഞ്ഞാലേ ക്രിസ്തുവിനോടു നീതി പുലര്‍ത്താന്‍ കഴിയൂ. ക്രിസ്തുവിന്റെ
വെളിച്ചത്തില്‍ നവീനജ്ഞാനവിജ്ഞാനങ്ങളേയും വായിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റേയും
മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റേയും പുതിയ സന്ദര്‍ഭങ്ങളില്‍ ക്രിസ്തുവിനെ
കണ്ടെത്താന്‍ കഴിയണം. പകരം ചില സഭകള്‍ ക്രിസ്തുമത മൗലികവാദത്തിലേയ്ക്കാണ്
വീണുപോകുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് സഭ സ്ഥാപിച്ച വിദ്യാഭ്യാസ
സ്ഥാപനങ്ങളിലൂടെ പുതിയ കാലത്തോടും ലോകത്തോടും പ്രതികരിക്കുന്ന ക്രിസ്തുവിനെ
കണ്ടെത്താന്‍ കഴിഞ്ഞാല്‍ സഭയ്ക്ക് ക്രിസ്തുവിനോട് നീതിപുലര്‍ത്താന്‍ കഴിയും.
മതേതരത്വം എന്ന ആശയം പള്ളിയില്‍നിന്നും പുരോഹിതരില്‍നിന്നും തുടങ്ങട്ടേ.
ഒറ്റപ്പെട്ട പലപുരോഹിതന്മാരും ഈ വഴിയിലൂടെ നീങ്ങുന്നുണ്ട്. പക്ഷേ അവര്‍
ഒറ്റപ്പെടുകയാണ്. അവര്‍ക്ക് സഭയുടേയും വിശ്വാസികളുടേയും പിന്തുണ വേണം. അപ്പോള്‍
അത് മറ്റു മതങ്ങളും സ്വീകരിക്കും. അത് പുതിയൊരു ഇന്ത്യയെ സാധ്യമാക്കും. പുതിയൊരു
ലോകത്തെ സാധ്യമാക്കും. അതാണ് ഇന്നത്തെ സ്വര്‍ഗരാജ്യം.
(കടപ്പാട് : അസ്സീസി മാസിക
ഏപ്രില്‍ 2015)
No comments:
Post a Comment