Translate

Thursday, May 24, 2012

KCRM - ന്റെ ഏപ്രില്‍മാസ ചര്‍ച്ചാപരിപാടി - റിപ്പോര്‍ട്ട്


2012 ഏപ്രില്‍ 28 ശനിയാഴ്ച 2 pm മുതല്‍ 6 pm വരെ, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 'ആത്മീയത ഇന്ന് - ഫാ. എസ് കാപ്പന്റെ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടന്നു. കാപ്പനച്ചന്റെ പ്രകാശിതവും അപ്രകാശിതവുമായ രചനകള്‍ ശേഖരിച്ചും തര്‍ജ്ജമ ചെയ്തും പുസ്തകങ്ങളാക്കി, തന്റെ മാനുഷം പബ്ലിക്കേഷനിലൂട പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന, കാപ്പനച്ചന്റെ സഹോദരീപുത്രനും കൂടിയായ, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റമാണ് വിഷയം അവതരിപ്പിച്ച് ചര്‍ച്ച നയിച്ചത്. കെ. സി. ആര്‍. എം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മോഡറേറ്ററായിരുന്നു.
ഫാ. കാപ്പനെയും അദ്ദേഹത്തിന്റെ ദര്‍ശനത്തെയും ഹ്രസ്വമായി പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രൊഫ. വട്ടമറ്റം വിഷയാവതരണത്തിലേക്കു കടന്നത്. ഒരു 'പുതിയ ആകാശത്തിന്റെയും പുതിയ ഭൂമി'യുടെയും ആഗമനത്തിലുള്ള പ്രത്യാശ ഹൃദയത്തില്‍ കുടിയേറ്റിയ ഒരു ചിന്തകനായിരുന്നു ഫാ. കാപ്പനെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, യേശു പ്രഘോഷിച്ച ദൈവരാജ്യസങ്കല്പത്തില്‍ അദ്ദേഹം ഏറെ ആകൃഷ്ടനായിരുന്നു. അതുപോലെ, സ്വതന്ത്രകമ്മ്യൂണുകളുടെ കൂട്ടായ്മയായ ഒരു വര്‍ഗ്ഗരഹിതനവലോകത്തെ വിഭാവനം ചെയ്ത മാര്‍ക്‌സിന്റെ സോഷ്യലിസ്റ്റ് ദര്‍ശനത്തോടും അദ്ദേഹത്തിനു വലിയ ആഭിമുഖ്യമുണ്ടായിരുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ വേരുകളും 'പുതിയ ആകാശവും പുതിയ ഭൂമിയും' സംബന്ധിച്ചുള്ള യഹൂദ-ക്രൈസ്തവ സങ്കല്പത്തിലാണുള്ളെതന്ന്് ഫാ. കാപ്പന്‍ വിശ്വസിച്ചിരുന്നു. മരണംവരെ അദ്ദേഹത്തില്‍ ശക്തമായിരുന്ന ഈ രണ്ട് ആഭിമുഖ്യങ്ങളുടെ പ്രേരണയിലാണ്, ബൈബിളിന്റെ വെളിച്ചത്തില്‍ മാര്‍ക്‌സിസത്തെയും മാര്‍ക്‌സിസത്തിന്റെ വെളിച്ചത്തില്‍ ബൈബിളിനെയും പുനര്‍വ്യാഖ്യാനിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടത്. പാര്‍ട്ടിഘടനയിലൂടെ മാര്‍ക്‌സിയന്‍ ദര്‍ശനവും, പുരോഹിതഘടനയിലൂടെ യേശുദര്‍ശനവും അപചയപ്പെട്ടുകഴിഞ്ഞ നമ്മുടെ സമൂഹത്തില്‍, അദ്ദേഹത്തിന്റെ ഈ തലത്തിലുള്ള മൗലികചിന്തകള്‍ വലിയ മുതല്‍ക്കൂട്ടാണ്. 
കാപ്പനച്ചന്റെ ചിന്തകളില്‍ പുരോഹിതരും കന്യാസ്ത്രീകളുമുള്‍പ്പെടെ വളരെപ്പേര്‍ ആകൃഷ്ടരായി. യേശുവിനെയും മാര്‍ക്‌സിനെയും പുതിയൊരു കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ അവര്‍ നിര്‍ബന്ധിതരായി. ഉദയംകൊണ്ടുകഴിഞ്ഞിരുന്ന വിമോചനദൈവശാസ്ത്രചിന്താപദ്ധതിക്ക് അദ്ദേഹത്തിന്റെ ചിന്തകള്‍ പുതിയൊരു മാനം നല്‍കി. കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖലകളിലും മറ്റ് പരമ്പരാഗത തൊഴില്‍മേഖലകളിലും വിമോചനത്തിന്റെ കാഹളധ്വനികളുയര്‍ത്തിയ നേതാക്കളിലേറെയും കാപ്പനച്ചന്റെ ശിഷ്യരായിരുന്നു. 
ദൈവത്തെക്കുറിക്കുന്നതിന് 'ദിവ്യത' (The Divine) എന്ന വാക്കാണ് കാപ്പനച്ചന്‍ ഉപയോഗിക്കുന്നത്. അത് എല്ലാവരിലും എല്ലാറ്റിലുമുണ്ട്. ആ ദിവ്യതയെ സ്വയം കണ്ടെത്താനാകാത്തവിധം വളച്ചൊടിക്കുകയും മറയ്ക്കുകയുമാണ് പുരോഹിത-മത വ്യാഖ്യാനങ്ങള്‍ പൊതുവേ ചെയ്തിട്ടുള്ളത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇത്തരം വ്യാഖ്യാനങ്ങള്‍ കാണാനാവും. അദ്ദേഹം പറയുന്നു, ദിവ്യതയെ സ്വയം കണ്ടെത്തുന്നതാണ് ആത്മീയത. ദിവ്യതയെ കണ്ടെത്തുന്ന ആരും, യേശുവിനെപ്പോലെ, എല്ലാ അധികാരശക്തികളെയും തള്ളിപ്പറയും. പക്ഷേ, പൗലോസിന്റെ വ്യാഖ്യാനമനുസരിച്ച്, എല്ലാ അധികാരവും ദൈവത്തില്‍നിന്നാകയാല്‍, വിശ്വാസികള്‍ അധികാരികളെ അനുസരിക്കണം. ക്രൈസ്തവസഭയുടെ ആത്മീയശോഷണപരിണാമം അവിടെത്തുടങ്ങി. 4-ാം നൂറ്റാണ്ടില്‍ കാനോന്‍ നിയമം ക്രോഡീകൃതമായതോടെ, യേശു ദര്‍ശിച്ച ദിവ്യത സഭയില്‍ നിശ്ശബ്ദമാക്കപ്പെട്ടു. ആ ദിവ്യതയുടെ വ്യാഖ്യാനാധികാരം പൗരോഹിത്യത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ട്, ആ ആത്മീയതയെ സ്വതന്ത്രമായി ഉള്‍ക്കൊള്ളാനുള്ള അവകാശംപോലും വിശ്വാസികള്‍ക്കു നിഷേധിക്കപ്പെട്ടു. അങ്ങനെ, നിശ്ശബ്ദമാക്കപ്പെട്ട ദിവ്യത മൃതപ്രായമാവുകയും ക്രമേണ 'അദൈവ' (ungod)മായി പരിണമിക്കുകയും ചെയ്തു എന്നാണ് ഫാ. കാപ്പന്‍ പറയുന്നത്. 'അദൈവ'മെന്നാല്‍, സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള തങ്ങളുടെ അമിതാസക്തിയെ ന്യായികരിക്കുന്നതിന് ക്രൈസ്തവര്‍ രൂപംനല്‍കിയ 'ദൈവം' എന്നാണ് കാപ്പനച്ചന്‍ നിര്‍വ്വചിക്കുന്നത്. ഫലത്തില്‍ അത്, വിപണിയുടെ അധിനായകനായ പണം, അഥവാ മാമോന്‍, ആണ്. അവിടെ ദിവ്യത ഒരു ഉല്‍പന്നവും ചരക്കുമായിത്തീര്‍ന്നു. യേശുവും പുനര്‍നിര്‍മ്മിക്കപ്പെട്ടു. അധികാരശക്തികളെ വെല്ലുവിളിക്കുകയും അതിന്റെ പേരില്‍ വധിക്കപ്പെടുകയും ചെയ്ത നസ്രത്തിലെ പ്രവാചകന്‍ മഹാപുരോഹിതനാക്കപ്പെട്ടു. പിന്നീട്, 'ക്രിസ്തുരാജ'നും 'വിശ്വരക്ഷക'നുമായി വേഷം കെട്ടിച്ചു. അങ്ങനെ, പല വിധത്തില്‍ മനുഷ്യനിലെ ആത്മീയത തടവിലായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു. അത് എവിടെയങ്കിലും മരണപ്പെടാതെ നിലനില്‍ക്കുന്നുവെങ്കില്‍, സഭയുടെ പാഴ്സ്ഥലങ്ങളിലോ, സോഷ്യലിസ്റ്റ് പാരമ്പര്യങ്ങളിലോ മാത്രമാണ്.
കാള്‍ മാര്‍ക്‌സ് വിഭാവനംചെയ്ത സോഷ്യലിസ്റ്റ് സങ്കല്പമാണ് ഒരു പുതുയുഗപ്പിറവി സംബന്ധിച്ച യഹൂദ-ക്രൈസ്തവ പ്രത്യാശയെ ഒരളവോളം സ്വാംശീകരിക്കുകയും നാളെകള്‍ക്കായി സംരക്ഷിക്കുകയും ചെയ്തത് എന്ന് കാപ്പനച്ചന്‍ പറയുന്നു. അത് ജീര്‍ണ്ണിച്ചത് സോവിയറ്റ് യൂണിയന്റെ പതനത്തോടെയല്ല; മറിച്ച്, സര്‍വ്വാധിപത്യത്തിന്റെ ആയുധങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടതോടെയാണ്. പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ മാര്‍ക്‌സിയന്‍ സോഷ്യലിസ്റ്റ് സങ്കല്പത്തെയും, ദൈവശാസ്ത്രവ്യാഖ്യാനങ്ങള്‍ യേശുവിന്റെ ദൈവരാജ്യസങ്കല്പത്തെയും തകര്‍ക്കുകയായിരുന്നു. മഹത്തായ ഈ 'യുട്ടോപ്യ' (utopia)യുടെ പതനം സൃഷ്ടിച്ച ശൂന്യതയില്‍, അവയുടെ നേരേ എതിര്‍ദിശയിലുള്ള മറ്റൊരു 'യുട്ടോപ്യ'(counter utopia) ഉദയംകൊണ്ടു - 'ഉപഭോഗത്തിന്റെ യുട്ടോപ്യ'. കമ്പോളത്തെ, അല്ലെങ്കില്‍ മൂലധനത്തെ, ദൈവമാക്കിയുള്ള 'യുട്ടോപ്യ'യാണത്. 'സഭയ്ക്കു പുറമേ രക്ഷയില്ല' എന്ന് പാശ്ചാത്യസഭാധികാരം മുമ്പു പറഞ്ഞിരുന്ന ആപ്തവാക്യത്തിനു സമാനമായി പാശ്ചാത്യകൊളോണിയല്‍ ശക്തികള്‍ 'കമ്പോളത്തിനു പുറമേ രക്ഷയില്ല' എന്ന പുതിയൊരു ആപ്തവാക്യം ഉദ്‌ഘോഷിക്കുകയാണിന്ന്. അതനുസരിച്ചുള്ള നവകൊളോണിയല്‍ അധിനിവേശമാണ് ഇന്നു നടന്നുവരുന്നത്. പാശ്ചാത്യക്രിസ്തീയത സൃഷ്ടിച്ച അദൈവം ഇന്ന് ക്രിസ്തുമതത്തിന്റെ അരങ്ങില്‍ മാത്രമല്ല, ലോകചരിത്രത്തിന്റെതന്നെ മുഖ്യവേദിയില്‍, മനുഷ്യന്റെ എല്ലാ ആത്മീയചോദനകളെയും തല്ലിക്കെടുത്തിക്കൊണ്ട്, വിരാജിക്കുകയാണ്. 
ഈ അവസ്ഥ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് മൂന്നാംലോകരാഷ്ട്രങ്ങളിലുള്ളവര്‍ക്ക,് നാശത്തിന്റെ നാന്ദി കുറിക്കുമെന്ന് കാപ്പനച്ചന്‍ മുന്നറിയിപ്പു നല്‍കുന്നു. നമ്മെ അത് അസമവും വിവേചനാപരവുമായ വ്യാപാരബന്ധങ്ങളില്‍ കുടുക്കുകയും സാംസ്‌കാരികത്തനിമകളുടെ അടിത്തറ മാന്തുകയും ചെയ്യും. 
ഉപഭോഗാസക്തിയില്‍ അധിഷ്ഠിതമായ ഈ 'അദൈവവാഴ്ച' വ്യാവസായികരാഷ്ട്രങ്ങള്‍ക്കും ആപല്‍ക്കരമാണ്. കാരണം, അത് വിവരങ്ങളുടെ (information) പ്രളയം സൃഷ്ടിക്കുന്നതല്ലാതെ മനുഷ്യനെ ജ്ഞാനത്തിലേക്കു നയിക്കുന്നില്ല; സാങ്കേതിക വിജ്ഞാനങ്ങളെ ഉപഭോഗാതുരമായി പിന്തുടരുന്നതുമൂലം ലോകം പാരിസ്ഥിതികക്കെടുതികളില്‍ കൂടുതല്‍കൂടുതലായി നട്ടംതിരിയുന്ന സ്ഥിതിയുണ്ടാകും. അതുണ്ടായിക്കഴിഞ്ഞിരിക്കുന്നു.
ആധുനികമനുഷ്യന്‍ ലോകമെമ്പാടും ഇന്നു നേരിടുന്ന ഈ ദുരന്തസാഹചര്യത്തെ മറികടക്കാനുള്ള ഒരെയൊരുവഴി ഉറവിടങ്ങളിലേക്കു തിരിയുക എന്നതാണെന്നു ഫാ. കാപ്പന്‍ പറയുന്നു. ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനദൈവശാസ്ത്രം ചെയ്യാന്‍ ശ്രമിച്ചത് അതായിരുന്നു. അദൈവത്തിന്റെ പൊളിച്ചെഴുത്തും യേശുവും ബുദ്ധനും ഋഷിമാരും കണ്ടെത്തിയ ദിവ്യതയുടെ വീണ്ടെടുപ്പും സംഭവിക്കേണ്ടിയിരിക്കുന്നു. സ്ഥല-കാലപരിമിതികളില്ലാതെ, ദിവ്യത ഇപ്പോഴും ജീവിക്കുകയും കാതുള്ളവരോടു സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നതൊരു വസ്തുതയാണ്. അതു പ്രത്യക്ഷപ്പെടുന്നത് ദാനമായിട്ടും വെല്ലുവിളിയായിട്ടുമാണ്. സൗഹൃദത്തിലും പ്രത്യാശയിലും പോരാട്ടത്തിലും പങ്കുവയ്ക്കുന്ന കൂട്ടായ്മയിലും കലാസൃഷ്ടികളിലുമെല്ലാം ദിവ്യത, ഒരു ദാനമെന്നപോലെ, നമ്മില്‍ സന്നിഹിതമാണ്. എന്നാല്‍, എവിടെ മനുഷ്യന്‍ ചവിട്ടിമെതിക്കപ്പെടുന്നുവോ, എവിടെ ഭൂമിയുടെ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നുവോ, അവിടെയെല്ലാം, ഈ ദിവ്യത ഒരു വെല്ലുവിളിയായിട്ടാണു നമ്മെ നേരിടുന്നത്.
ഭൗതികതയ്‌ക്കോ ശാരീരികചോദനകള്‍ക്കോ എതിരായ എന്തോ ആണ് ആത്മീയത എന്ന പരമ്പരാഗത കാഴ്ചപ്പാട് ഫാ. കാപ്പന്‍ അംഗീകരിക്കുന്നില്ല. സ്വന്തം അസ്തിത്വത്തിന്റെ ആത്യന്തികസാധ്യതകള്‍ എല്ലാ തലങ്ങളിലും സഫലീകരിക്കാനുള്ള പോസീറ്റീവ് മനോഭാവവും കര്‍മ്മോത്സുകതയുമാണ് അദ്ദേഹത്തെ സംബന്ധിച്ച് ആത്മീയത. ദിവ്യതയുടെ ഈ സ്വയം വെളിപ്പെടലിന് മനുഷ്യന്റെ സഹകരണം ആവശ്യമാണ്.
നാളെത്തെ ആത്മീയത സാമൂഹികതയെ ശിഥിലീകരിക്കുന്ന വ്യക്തിമാത്രവാദത്തെയും, ബോധത്തെ ശിഥിലീകരിക്കുന്ന ശാസ്ത്രീയയുക്തിവാദത്തെയും പിന്തള്ളി, കൂട്ടായ്മാബോധത്തിന്റേതാകും എന്നാണ് ഫാ. കാപ്പന്‍ പ്രത്യാശിക്കുന്നത്. അവിടെ പൂര്‍ണ്ണത മോഹിക്കുന്ന മനുഷ്യന്റെ സ്വത്വം തന്റെതന്നെ ഉള്ളിലടയ്ക്കപ്പെട്ട 'ഞാന്‍' ആയിരിക്കില്ല; മറിച്ച്, അത് 'നമ്മളില്‍' ഇഴുകിച്ചേര്‍ന്ന 'ഞാന്‍' ആയിരിക്കും. കാമത്തിന്റെ സ്വാര്‍ത്ഥത അവിടെ പരാര്‍ത്ഥതയായിത്തീരുന്നു.
പരാര്‍ത്ഥതാബോധമെന്ന ഈ ആത്മീയതയില്‍, പ്രാദേശികകൂട്ടായ്മകള്‍ രൂപംകൊള്ളുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. ഈ അടിസ്ഥാനസമൂഹങ്ങള്‍ പക്ഷേ, പ്രാദേശികചിന്തയുടെ അടിസ്ഥാനത്തിലായിരിക്കില്ല രൂപംകൊള്ളുക; മറിച്ച്, വിശ്വമാനവികതയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രാദേശികതയും സാര്‍വ്വത്രികതയും അന്ന് ഭൂമിയുടെ ഏകതയില്‍ ലയിച്ചുചേരും. അങ്ങനെ, മനുഷ്യനുണ്ടായപ്പോള്‍ മുതല്‍ അവന്റെ/അവളുടെ സങ്കല്പത്തിലുള്ള ആ 'പുതിയ ആകാശവും പുതിയ ഭൂമിയും' ഈ ലോകത്തില്‍ ഉദയംകൊള്ളുകതന്നെ ചെയ്യും. ഈ പ്രത്യാശ ഫാ. കാപ്പന്‍ തന്റെ അന്ത്യനിമിഷംവരെ പുലര്‍ത്തിയിരുന്നു.
വിഷയാവതരണത്തെത്തുടര്‍ന്ന് പൊതുചര്‍ച്ച നടന്നു. സര്‍വ്വ. ശ്രീ. എം. എം. മാത്യു മൂക്കന്‍തോട്ടത്തില്‍, ജോസ് തെങ്ങുംപള്ളി, കെ. കെ. ജോസ് കണ്ടത്തില്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടു സംസാരിച്ചു. ഉന്നതചിന്തയും ലളിതജീവിതവും മുഖമുദ്രയാക്കിയ ഫാ. കാപ്പനെക്കുറിച്ചുള്ള തങ്ങളുടെ അറിവുകളും അവര്‍ പങ്കുവയ്ക്കുകയുണ്ടായി. പ്രവര്‍ത്തകരുടെ കര്‍മ്മോത്സുകതയെ ഉദ്ദീപിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹം സ്വയം ഒരു പ്രവര്‍ത്തകന്‍ (activist) ആയിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനോടു യോജിച്ചുകൊണ്ട,് പ്രവര്‍ത്തകനാകാതെ നിന്ന് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്ന ഒരുതരം രാസത്വരകത്തിന്റെ റോളാണ് അദ്ദേഹം വഹിച്ചിരുന്നതെന്നാണ് തന്റെയും വിലയിരുത്തലെന്ന് പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം പറഞ്ഞു.
കേരളം കണ്ട മഹാധിഷണശാലിയും മനുഷ്യസ്‌നേഹിയുമായ ഫാ. കാപ്പനച്ചന്റെ ആഴമേറിയ ചിന്തകള്‍ പങ്കുവച്ച ചര്‍ച്ചാസമ്മേളനം 6.00 pm -ന് പര്യവസാനിച്ചു.
ജോര്‍ജ്ജ് മൂലേച്ചാലില്‍ 
- സെക്രട്ടറി, KCRM (9497088904)






No comments:

Post a Comment