ജോര്‍ജ് മൂലേച്ചാലില്‍
e-mail: geomoole @gmail.com, Mobil No: 9497088904
(സത്യജ്വാല
ജൂണ്‍ 2017, എഡിറ്റോറിയല്‍)
'ക്രൈസ്തവരെ
തകര്‍ക്കാന്‍ ചര്‍ച്ച് ബില്‍' എന്ന വലിയ തലക്കെട്ടോടെ,
തൃശൂര്‍ അതിരൂപതാ മുഖപത്രമായ
'കത്തോലിക്കാസഭ'യുടെ മെയ് ലക്കം
ഒരു 'ചര്‍ച്ച് ആക്ട് വിരുദ്ധ സ്‌പെഷ്യല്‍ പതിപ്പാ'യി ഇറക്കുകയുണ്ടായി. ഇരിഞ്ഞാലക്കുട രൂപതയുടെ 'കേരളസഭ'
എന്ന പേരിലുള്ള മുഖപത്രത്തിന്റെ മെയ്‌ലക്കവും സമാനമായൊരു 'ചര്‍ച്ച് ആക്ട് വിരുദ്ധ സ്‌പെഷ്യല്‍' ആയിരുന്നു.
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണകമ്മീഷന്‍ 2009-ല്‍ അന്നത്തെ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിരുന്നതും 'ചര്‍ച്ച്
ആക്ട്' എന്നു പൊതുവേ അറിയപ്പെടുന്നതുമായ 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രൊപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിട്യൂഷന്‍സ്
ട്രസ്റ്റ് ബില്‍-2009' സംബന്ധിച്ച് 'കേരള
ന്യൂനപക്ഷകമ്മീഷന്‍' അഭിപ്രായരൂപീകരണം നടത്തിവരുന്ന
പശ്ചാത്തലത്തില്‍, ആ നീക്കത്തെ അമര്‍ച്ച ചെയ്യുകയെന്ന
മുഖ്യലക്ഷ്യത്തോടെയാണ് ഈ 'സ്‌പെഷ്യല്‍ പതിപ്പുകള്‍' എന്നതു ശ്രദ്ധേയമാണ്. ഇവയിലെ റിപ്പോര്‍ട്ടുകളിലൂടെയും
എഡിറ്റോറിയലുകളിലൂടെയും, തൃശൂര്‍ ആര്‍ച്ചുബിഷപ്പിന്റെയും
ഇരിഞ്ഞാലക്കുട ബിഷപ്പിന്റെയും ബിഷപ്പ് സൂസാപാക്യത്തിന്റെയുമൊക്കെ
സമരാഹ്വാനങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, ഒരു ഉളുപ്പുമില്ലാതെ
കള്ളം പറയാനും കാര്യങ്ങളെ വളച്ചൊടിച്ചവതരിപ്പിക്കാനുമുള്ള ഇവരുടെ കഴിവുകണ്ട്
ബൗദ്ധികസത്യസന്ധത പുലര്‍ത്തുന്ന ആരും അത്ഭുതപ്പെട്ടുപോകും. ഉദാഹരണത്തിന്, 'ന്യൂനപക്ഷവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായതിനാല്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍
മാറ്റിവച്ചതാണ് ചര്‍ച്ച് ബില്‍' എന്ന് 'കത്തോലിക്കാസഭ'യുടെ എഡിറ്റോറിയലില്‍
എഴുതിയിരിക്കുന്നു! ഇതു വ്യാജപ്രസ്താവനയാണ്. കാബിനറ്റ് സബ്കമ്മിറ്റിയുടെ വിശദമായ
പഠനങ്ങള്‍ക്കുശേഷം ഈ കരടുബില്‍ ഇപ്പോള്‍ പൊതുഭരണ (ന്യൂനപക്ഷക്ഷേമ) വകുപ്പില്‍
ആണുള്ളത്. ഈ വകുപ്പില്‍നിന്ന് വിവരാവകാശനിയമപ്രകാരം, 'കേരളകാത്തലിക്
ഫെഡറേഷ'നു ലഭിച്ച മറുപടിയില്‍, ''ആയത്
വിശദമായ ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും അംഗീകരിക്കേണ്ട
വിഷയമായതിനാല്‍ നിയമമാക്കിയിട്ടില്ല'' എന്നാണു കാണുന്നത്;
അല്ലാതെ, ന്യൂനപക്ഷവിരുദ്ധവുമായതിനാല്‍
മാറ്റിവച്ചിരിക്കുകയാണ് എന്നല്ല. ചര്‍ച്ചയ്‌ക്കൊരുക്കുമ്പോഴേ, അതിലപടകം മണത്ത് കത്തോലിക്കാമെത്രാന്മാര്‍ ഒച്ചപ്പാടും
ബഹളവുമുണ്ടാക്കുന്നു എന്നതുമാത്രമാണ് പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും
നിലവിലുള്ള ഏക തടസ്സം.
നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ബില്‍'
ഭരണഘടനാവിരുദ്ധമാണെന്നു വരുത്തുന്നതിനായി, ഭരണഘടനയുടെ 26-ാം വകുപ്പ് തെറ്റായി തര്‍ജ്ജമചെയ്ത് അവതരിപ്പിക്കാന്‍പോലും കെ.സി.ബി.സി.
പ്രസിഡണ്ട് ബിഷപ്പ് മാര്‍ സൂസപാക്യം തയ്യാറായിരിക്കുന്നു! 26-ാം വകുപ്പ് 4-ാം അനുച്ഛേദം പറയുന്നത്, 'മതസ്വത്തുക്കള്‍ നിയമമനുസരിച്ച് ഭരിക്കുവാന്‍ അവകാശമുണ്ടായിരിക്കും'
(... shall have right (d) to administer such property in accordance with law.) എന്നാണ്. മാര്‍ സൂസപാക്യം അവിടെ 'നിലവിലുള്ള'
എന്ന വാക്കു കൂട്ടിച്ചേര്‍ത്താണ് വായനക്കാരെ
തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. സഭയില്‍ നിലവിലുള്ള നിയമം കാനോന്‍ നിയമമാണല്ലോ. 'നിയമം' എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുമ്പോള്‍
ഉദ്ദേശിക്കുന്നത് സംസ്ഥാന അസംബ്ലികളോ ഇന്ത്യന്‍ പാര്‍ലമെന്റോ പാസാക്കുന്ന
നിയമംമാത്രമാണ് എന്നിരിക്കെയാണ്, സഭയില്‍ നിലവിലുള്ള കാനോന്‍
നിയമത്തിന് ഭരണഘടനയുടെ അംഗീകാരമുണ്ടെന്നു തോന്നിപ്പിക്കുംവിധത്തില്‍ ബോധപൂര്‍വ്വം
ഈ ഭരണഘടനാവകുപ്പ് തെറ്റായി തര്‍ജ്ജമ ചെയ്തവതരിപ്പിച്ചിരിക്കുന്നത്!
ഭരണഘടനയെ മാത്രമല്ല, 'ചര്‍ച്ച് ആക്ടി'ന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെയും തെറ്റായി അവതരിപ്പിക്കുന്നു, തൃശൂര്‍-ഇരിഞ്ഞാലക്കുട രൂപതകളുടെ ആധികാരികമുഖപത്രങ്ങള്‍. മാത്രമല്ല,
ആ അവതരണം വിശ്വാസികളില്‍ തങ്ങളുടെ പള്ളിസ്വത്തുക്കളെ സംബന്ധിച്ച്
ഭയാശങ്കകള്‍ ഉണര്‍ത്തി സാമുദായികവികാരം ആളിക്കത്തിക്കുന്ന തരത്തിലുമാണ്.
ഉദാഹരണത്തിന്, ''കേരളത്തിലെ ക്രൈസ്തവസഭകളുടെ മുഴുവന്‍
സ്വത്തുക്കളും പിടിച്ചെടുത്ത് ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ്
ഇടവകാംഗങ്ങളില്‍നിന്ന് എടുത്തുകളഞ്ഞ് രാഷ്ട്രീയപാര്‍ട്ടികളെ ഏല്‍പ്പിക്കുകയും
ചെയ്യുക'', ''മഠം, സെമിനാരി, സഭയുടെ ആശുപത്രികള്‍ തുടങ്ങിയ സഭാസ്ഥാപനങ്ങളെ രാഷ്ട്രീയക്കാരുടെ
കൈയിലൊതുക്കുക'', ''ക്രൈസ്തവരെ കേരളത്തില്‍നിന്നു
പുകച്ചുപുറത്തു ചാടിക്കുക'', ''ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു
തകര്‍ക്കുക'' എന്നീ ലക്ഷ്യങ്ങളാണ്, 'ചര്‍ച്ച്
ആക്ടി'നു പിന്നിലുള്ളതെന്ന് തട്ടിവിട്ടിരിക്കുകയാണ്, ഈ ആധികാരിക രൂപതാ പ്രസിദ്ധീകരണങ്ങള്‍! ''ഇടവകമുതല്‍
സഭയുടെ സര്‍വ്വതലങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന
കമ്മിറ്റികള്‍ക്കായിരിക്കും ഭരണപരമായ അവകാശം'' എന്ന
പച്ചക്കള്ളവും ഇതില്‍ എഴുതിവച്ചിട്ടുണ്ട്! ''സഭയുടെ
ഭൗതികകാര്യങ്ങള്‍ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണറാണു നിര്‍വ്വഹിക്കുക'',
''നിലവിലുള്ള എല്ലാ സഭാനിയമങ്ങളും ബില്‍ നിയമമാകുന്നതോടെ
അസാധുവാക്കപ്പെടും'' എന്നീ 'ഞെട്ടിക്കുന്ന'
വിവരങ്ങളും രണ്ടു രൂപതാമുഖപത്രങ്ങളിലും കൊടുത്തിട്ടുണ്ട്.
'ചര്‍ച്ച്
ആക്ടി'നു രൂപംകൊടുത്ത കമ്മീഷന്റെ ചെയര്‍മാന്‍ ജസ്റ്റീസ്
വി.ആര്‍. കൃഷ്ണയ്യര്‍ ലോകം ആദരിച്ചംഗീകരിക്കുകയും മലയാളികളെല്ലാം അഭിമാനത്തോടെ
സ്മരിക്കുകയുംചെയ്യുന്ന ഒരു മഹല്‍വ്യക്തിത്വമാണ് എന്നെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍,
'ചര്‍ച്ച് ആക്ടി'ന്റെ ലക്ഷ്യത്തെ ഇത്ര
വിലകുറഞ്ഞ ഭാഷയില്‍ അവതരിപ്പിച്ചു പരിഹാസ്യത സ്വയം ഏറ്റുവാങ്ങാതിരിക്കാന്‍ ഈ
രൂപതാപത്രങ്ങളുടെ സാരഥികള്‍ക്കു കഴിയുമായിരുന്നു.
നിര്‍ദ്ദിഷ്ട ചര്‍ച്ച്
ബില്ലില്‍ അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ വളരെ വ്യക്തമായി ഇങ്ങനെയാണ്
രേഖപ്പെടുത്തിയിരിക്കുന്നത്:
'1. ഉദ്ദേശ്യം
(Intention)
i. പുരാതനകാലം
മുതലേ കേരളത്തിലെ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനംപോലെ കൈകാര്യം
ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട്, ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ
സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന് ഒരു
ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്‍ ലക്ഷ്യംവയ്ക്കുന്നു. അതേസമയം
വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയ മാതൃകയ്ക്ക് ചേര്‍ന്നതുമായ ഭരണക്രമമാണ്
ബില്‍ വിഭാവനംചെയ്യുന്നത്.
ii സഭാസമൂഹത്തെ പല
തലങ്ങളായി തിരിച്ച് ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് ഈ ബില്‍
നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും അടിസ്ഥാനഘടകം ഇടവകയാണ്. അതിനു മുകളിലായി രൂപത
അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്. ഏറ്റവും മുകളിലായി സംസ്ഥാനഘടകം.
അടിസ്ഥാനഘടകമായ ഇടവകകളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള
തിരഞ്ഞെടുപ്പുപ്രക്രിയയിലൂടെ ഈ മൂന്നു തലങ്ങളിലുമുള്ള ട്രസ്റ്റ് അംഗങ്ങളെയും
ട്രസ്റ്റ് കമ്മിറ്റികളെയും മാനേജിംഗ് കമ്മിറ്റികളെയും തിരഞ്ഞെടുക്കുന്നു.
(തുടരും)
No comments:
Post a Comment