Translate

Thursday, June 22, 2017

'ചര്‍ച്ച് ആക്ട്' ക്രൈസ്തവരെ തകര്‍ക്കാനോ? IV

ജോര്‍ജ് മൂലേച്ചാലില്‍, Mobile No: 9497088904

(സത്യജ്വാല ജൂണ്‍ 2017, എഡിറ്റോറിയല്‍)

നിര്‍ദ്ദിഷ്ട ബില്ലിനെക്കുറിച്ചു പഠിച്ച് അടുത്ത പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്ന് ഉദ്‌ബോധിപ്പിച്ച രൂപതാനേതൃത്വം വിശ്വാസിസമൂഹത്തിന് അതിനവസരം നല്‍കാതെ അവര്‍ക്കുമുമ്പില്‍ 'ചര്‍ച്ച് ആക്ടി'നെ തെറ്റിദ്ധരിപ്പിച്ചും വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും, അതിനെതിരെ നുണപ്രസ്താവനകള്‍ നടത്തിയും അവതരിപ്പിച്ചുവെന്നതും, ന്യൂനപക്ഷമതവികാരം ആളിക്കത്തിച്ച് കലാപത്തിന് ആഹ്വാനംനടത്തിയെന്നതും ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ആത്മവിശ്വാസക്കുറവ് തുറന്നുകാട്ടാന്‍ പോരുന്നതാണ്.
ബൗദ്ധികസത്യസന്ധത അല്പമെങ്കിലുമുണ്ടായിരുന്നെങ്കില്‍, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്ലിനെ അനുകൂലിക്കുമായിരുന്നു. കാരണം, അദ്ദേഹം എഴുതിയ 'Law of St.Thomas' എന്ന ഗവേഷണഗ്രന്ഥത്തില്‍ കേരള ക്രൈസ്തവരുടെ സഭാഭരണസമ്പ്രദായത്തെപ്പറ്റി വിവരിച്ചിട്ടുള്ള അതേ മാതൃകതന്നെയാണ് 'ചര്‍ച്ച് ആക്ടി'ലും അവലംബിച്ചിരിക്കുന്നത്. മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: ''സഭയുടെ ഭരണം നടത്തിയിരുന്നത് 'യോഗം' എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സംഘമായിരുന്നു. മൂന്നുതരം യോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം (മലബാര്‍/മലങ്കരസഭയുടെ മഹായോഗം അഥവാ പൊതുയോഗം, അല്ലെങ്കില്‍ പള്ളിയോഗം)'' (Law of Thomas Page: 41-42, സ്വന്തം തര്‍ജ്ജമ).
നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്‍ വിഭാവനം ചെയ്തിരിക്കുന്നതും ഇതേ മാതൃകയില്‍ മൂന്നു തട്ടുകളിലുള്ള യോഗസമ്പ്രദായമാണെന്ന് അതു പഠിക്കുന്ന ആര്‍ക്കും മനസ്സിലാവും. ചുരുക്കത്തില്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ കാലാനുസൃതമായ പുനരാവിഷ്‌ക്കരണംമാത്രമാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച് ബില്‍. ഇക്കാര്യം, മുമ്പ് ഉദ്ധരിച്ചിട്ടുള്ള അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളില്‍ത്തന്നെ സൂചിപ്പിച്ചിട്ടുള്ളതുമാണ്. ഈ സഭയുടെ പരമ്പരാഗത പള്ളിഭരണസമ്പ്രദായത്തെ ഭരണഘടനാപരമായി അംഗീകരിക്കുന്നതിലാണോ, ഒരു ആധികാരികനിയമത്തിന്റെ പദവി നല്‍കി അതിനെ ആദരിക്കുന്നതിലാണോ, ആ സമ്പ്രദായത്തിന്റെ വക്താവായിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇപ്പോള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സഹകാരികളും ഗൂഢാലോചനനടത്തി രൂപംകൊടുത്തതാണ് നിര്‍ദ്ദിഷ്ട ചര്‍ച്ച്ബില്‍ എന്ന വാദം, 'മാര്‍ത്തോമ്മായുടെ നിയമ'ത്തിന്റെ പൈതൃകംകൂടി കമ്മ്യൂണിസ്റ്റുകാരുടെ നേട്ടമാക്കി മാറ്റുന്നതിനു തുല്യമാണെന്ന് അദ്ദേഹം അറിയുന്നുണ്ടോ എന്തോ? താന്‍ ഉയര്‍ത്തിക്കാട്ടിയ 'മാര്‍ത്തോമ്മായുടെ നിയമം' എന്ന സഭാപാരമ്പര്യത്തോട് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍, 'ചര്‍ച്ച് ആക്ട്' പാസാകുന്നതിനു മുമ്പുതന്നെ തൃശൂര്‍ അതിരൂപതയില്‍ അധികാരമുള്ള പള്ളിയോഗഭരണസമ്പ്രദായം അദ്ദേഹം വ്യവസ്ഥാപിക്കുമായിരുന്നു. 'മാര്‍ത്തോമ്മാനിയമം മഹാശ്ചര്യം! എനിക്കും കിട്ടണം ഡോക്ടറേറ്റ്' എന്നതായിരുന്നെന്നു തോന്നുന്നു അദ്ദേഹത്തിന്റെ പോളിസി. ഡോക്ടറേറ്റ് കിട്ടി, മെത്രാനായി, തൃശൂര്‍ രൂപതാരാജാവായി! ഈ രാജവാഴ്ചയ്ക്കു തടസ്സമായി ഇനി ആരും 'മാര്‍ത്തോമ്മായുടെ നിയമ'മെന്നും 'ചര്‍ച്ച് ആക്‌ടെ'ന്നും പറഞ്ഞ് വരരുത്; വന്നാല്‍ തകര്‍ത്തുകളയും എന്നതാണ് അദ്ദേഹത്തിന്റെ (എല്ലാ മെത്രാന്മാരുടെയും) നിലപാട്. അതുകൊണ്ടാണ്, ''ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട കേരളന്യൂനപക്ഷ കമ്മീഷന്‍തന്നെ, ക്രൈസ്തവരെമാത്രം തിരഞ്ഞുപിടിച്ച് അവരെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്'' എന്നും ''ശക്തമായി നേരിടും'' എന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമെന്നാല്‍, ന്യൂനപക്ഷസമുദായത്തിലെ അതിന്യൂനപക്ഷമായ മെത്രാന്മാരുടെ സംരക്ഷണമെന്നാണെന്നുതോന്നുന്നു, ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത്! ക്രൈസ്തവരെ സംബന്ധിച്ച് ഇന്നത്തെ അവസ്ഥയില്‍ ന്യൂനപക്ഷസംരക്ഷണമെന്നാല്‍, മെത്രാന്മാരില്‍നിന്നും വികാരിമാരില്‍നിന്നുമുള്ള സമുദായത്തിന്റെ സംരക്ഷണമാണ്. അതുകൊണ്ടുതന്നെ, 'ചര്‍ച്ച് ആക്ട്' പൊടിതട്ടിയെടുക്കാനുള്ള കേരള ന്യൂനപക്ഷകമ്മീഷന്റെ പരിശ്രമത്തെ അങ്ങേയറ്റം ശ്ലാഘനീയമായിമാത്രമേ വിശ്വാസിസമൂഹത്തിനു കാണാനാകൂ.
മെത്രാന്മാരുടെയും അവരുടെ പിണിയാളുകളുടെയും ഭീഷണികള്‍ക്കും ആക്രോശങ്ങള്‍ക്കും വഴിപ്പെടാതെ ധീരമായി മുന്നോട്ടുപോകാന്‍ കേരള ന്യൂനപക്ഷ കമ്മീഷനംഗങ്ങള്‍ക്കു കഴിയട്ടെ! 'നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍' എന്നു പറയാന്‍ ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും കഴിയട്ടെ! ഒപ്പം, തങ്ങളുടെ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ മാറ്റിവച്ച് കാര്യങ്ങളെ സത്യസന്ധമായും വസ്തുനിഷ്ഠമായും നോക്കിക്കാണാനും അംഗീകരിക്കാനുമാവശ്യമായ ദൈവകൃപ നമ്മുടെ മെത്രാന്മാര്‍ക്കു ലഭ്യമാകുകയും ചെയ്യട്ടെ!

(അവസാനിച്ചു)
NB

ഈ ലേഖനത്തിന്റെ പൂര്‍ണരൂപവും ചര്‍ച്ച് ആക്ട് സംബന്ധിച്ച നിരവധിലേഖനങ്ങളും അടങ്ങുന്ന സത്യജ്വാല മാസികയുടെ 2017 ജൂണ്‍ ലക്കം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തു വായിക്കാന്‍ http://almayasabdam.com/sathyajvala/sathyajvala-2/

No comments:

Post a Comment