ജോസഫ്
പടന്നമാക്കൽ, ഡോ ജെയിംസ് കോട്ടൂർ, ചാക്കോ കളരിക്കൽ
ജനപ്രിയ എഴുത്തുകാരൻ ജോസഫ് മാത്യു പടന്നമാക്കൽ (75) കോവിഡ്-19 ബാധിച്ച് ന്യൂയോർക്കിൽ നിര്യാതനായി. ഏതാനും ദിവസങ്ങളായി ആശുപതിയിൽ ചികിത്സയിലായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ
പടന്നമാക്കൽ പി.സി. മാത്യുവിനും
അന്നമ്മയ്ക്കും ജനിച്ച ജോസുകുട്ടി അലിഗർ മുസ്ലിം യൂണിവേർഴ്സിറ്റിയിൽനിന്ന്
ബിരുദാനന്തര ബിരുദം (എം.കോം) നേടി. കോളേജ് അദ്ധ്യാപകനായിരിക്കെ വിവാഹിതനായി
അമേരിക്കയിലേക്ക് 1974-ൽ കുടിയേറി.
ലോകത്തിലെ രണ്ടാമത്തെ വലിയ വായനശാലയായ ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറിയിൽ മുപ്പത്
വർഷത്തിനുമേൽ സേവനം ചെയ്തശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. റോക്ലാന്‍ഡ് കൗണ്ടിയിലെ വാലി കോട്ടജില്‍ ആയിരുന്നു താമസം.
ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ്
(ന്യൂയോര്‍ക്ക്), ഡോ. ജിജി ജോസഫ് (ന്യൂയോര്‍ക്ക്), എന്നിവര്‍ മക്കളാണ്. അബി മരുമകനാണ്. പരേതനായ ജേക്കബ് മാത്യു (മൂവാറ്റുപുഴ) പി.
എം. മാത്യു (പൊന്‍കുന്നം) തോമസ് മാത്യു (ഷിക്കാഗോ) തെരേസ ജോസഫ് അന്ത്രപ്പേര്‍ [പൂച്ചാക്കൽ (ചേർത്തല)] സഹോദരരാണ്.
ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചുതള്ളിയിട്ടുള്ള പടന്നമാക്കൽ
സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശമായിരുന്നു. കഴിഞ്ഞ ആറേഴു വർഷത്തിനിടെ നൂറുകണക്കിന് വിലപ്പെട്ട
ലേഖനങ്ങൾ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് (http://padannamakkel.blogspot.com) ഏതു
വിഷയത്തെയും കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം രചിച്ച പടന്നമാക്കല്‍ കുടുംബചരിത്രം
കാഞ്ഞിരപ്പള്ളിയുടെ ഒരു ചരിത്രംകൂടിയാണ്. കാര്യങ്ങളെ അതായിരിക്കുന്ന വിധത്തിൽ തുറന്നെഴുതുവാനുള്ള അസാധാരണ കഴിവ്, വെറും സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന പടന്നമാക്കലിന് ഒരു സിദ്ധിയായിരുന്നു.
യേശുവിൻറെ വചനങ്ങളെ
വികൃതമാക്കുന്ന സഭാധികാരികളെ നിശിതമായി അദ്ദേഹം വിമർശിക്കുമായിരുന്നു. തുറന്ന
മനസ്സുണ്ടായിരുന്നതിനാൽ മറ്റുള്ളവർ വിളിച്ചുപറയാൻ മടിക്കുന്ന കാര്യങ്ങൾ
ചങ്കൂറ്റത്തോടെ തുറന്നടിക്കാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല. സമവായ
ചിന്തയോടെ ക്രിസ്ത്യൻ സഭകളുടെ നവോദ്ധാനത്തെ മുൻകണ്ടുകൊണ്ടായിരുന്നു അദ്ദേഹം തൻറെ
പേനാ ചലിപ്പിച്ചിരുന്നത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും സ്വതന്ത്രചിന്തകർക്ക് പള്ളിക്കകത്ത് സ്ഥാനംവേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. യേശുവിന്‍റെ വചനങ്ങൾ ജീവിതദർശിയാകുമ്പോൾ സഭാബന്ധത്തിന്‍റെ ചരടിൽ കുടുങ്ങേണ്ട
കാര്യമില്ലെന്നദ്ദേഹം വിശ്വസിച്ചിരുന്നു. ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാ മേലദ്ധ്യക്ഷന്മാരോടും പുരോഹിതരോടും അദ്ദേഹത്തിന് പുച്ഛമായിരുന്നു. തെറ്റുകൾ മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നു പറയുന്നതാണ് പ്രവാചകധർമം; അതദ്ദേഹം നിർവഹിച്ചിട്ടുണ്ട്. വർത്തമാനകാലത്തിന്‍റെ
നൊമ്പരങ്ങളും ലേഖന വിഷയങ്ങളായിരുന്നു. ഇടുങ്ങിയ
വൃത്തങ്ങളിൽ തടഞ്ഞു കിടക്കുന്നവർക്ക് അദ്ദേഹം ഒരു മാർഗദർശിയുമായിരുന്നു.
യേശുവിലും യേശുവചനങ്ങളിലും അടിയുറച്ചു വിശ്വസിച്ചിരുന്ന പടന്നമാക്കൽ സഭയുടെ സംഘടിതശ്രേണിയെയും
അതിന്‍റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിർത്തിരുന്നത്. ദൈവവിശ്വാസത്തിലും
മനുഷ്യസ്നേഹത്തിലും ഉറച്ച ക്രൈസ്തവതയെ അദ്ദേഹം എതിർത്തിരുന്നില്ല;
മറിച്ച്, ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.
കെസിആർഎം നോർത്ത്
അമേരിക്കയുടെ സഹപ്രവർത്തകനായിരുന്ന ജോസഫ് പടന്നമാക്കലിൻറെ ആകസ്മിക വേർപാടിൽ
സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡും മറ്റ് അംഗങ്ങളും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും
അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിൻറെ ജീവിതം ആഘോഷിക്കുകയും (celebrate his life) ചെയ്യുന്നു.
എൻറെയും എൻറെ കുടുംബത്തിൻറെയും സ്നേഹപൂർവ്വമായ ആദരാഞ്ജലികൾ.
അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു.
No comments:
Post a Comment