Translate

Tuesday, April 14, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയാറാമത്‌ ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക, ഏപ്രിൽ 08, 2020 ബുധനാഴ്ച്ച നടത്തിയ ഇരുപത്തിയാറാമത്‌ ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ആ യോഗത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുമായി വളരെ അധികംപേർ പങ്കെടുത്തു. മോഡറേറ്റർ ശ്രീ എ സി ജോർജിൻറെ ആമുഖത്തിനുശേഷം COVID-19 ബാധിച്ചു മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജ് മുന്നധ്യാപകനും ഇപ്പോൾ consultant psychologist-മായ പ്രഫ. ഡോ. എം. കെ. മാത്യു ആയിരുന്നു. വിഷയം: ‘മതങ്ങളുടെ മനഃശാസ്ത്രം’. ചാക്കോ കളരിക്കൽ മാത്യുസാറിനെ പരിചയപ്പെടുത്തി.

വളരെ വിപുലവും ഗഹനവുമായ ഈ വിഷയം അവതരിപ്പിക്കാൻ അവസരം ഒരുക്കിയ സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മാത്യുസാർ പ്രഭാഷണം ആരംഭിച്ചത്. മനുഷ്യനുമാത്രമെ ദൈവവും മതവും ഉള്ളൂ. താഴ്ന്ന ഇനം ജീവികൾക്ക് ദൈവവും മതവും ഉള്ളതായി അറിവില്ല. അപ്പോൾ എന്തുകൊണ്ടാണ് മനുഷ്യന് മാത്രം ദൈവവും മതങ്ങളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം ഉള്ളത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാൽ മാത്രമെ ഈ വിഷയത്തോട് നീതി പുലർത്താൻ സാധിക്കുകയുള്ളു. കാര്യകാരണങ്ങളെ തിരിച്ചറിയുക (cause and effect relationship) എന്ന അടിസ്ഥാനപരമായ തൃഷ്ണ വിശേഷബുദ്ധിയുള്ള മനുഷ്യൻറെ സവിശേഷതകളിലൊന്നാണ്. താഴ്ന്ന ഇനം ജീവികൾക്കതില്ല. കാട്ടിൽ വസിച്ചിരുന്ന ദുർബലനായ ആദിമമനുഷ്യന് പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരുന്ന നിരവധി പ്രതിഭാസങ്ങളുടെ അവ്യക്തതയ്ക്കുള്ള ഉത്തരമായിട്ടായിരുന്നു ദൈവങ്ങളും മതങ്ങളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം ഉണ്ടായത്. അതതുപ്രദേശത്തെ ദൈവങ്ങൾ ആ പ്രദേശത്തെ ജനങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. അപ്പോൾ മനുഷ്യനിർമിതമാണ് മതങ്ങൾ. യുക്തിപരമായി അനുമാനിച്ചെടുത്ത ഒരു പ്രതിഭാസമല്ല ദൈവസങ്കല്പം. മതവിശ്വാസം അന്ധമാണ്. കാലാന്തരത്തിൽ പ്രാകൃതമതങ്ങൾ വിവിധ പ്രദേശങ്ങളിൽ സംഘടിതമതങ്ങളായി പരിണമിക്കപ്പെട്ടു. മതങ്ങൾ തമ്മിൽ സാമ്യതകളുണ്ട്. പ്രബലമതങ്ങൾ അടിസ്ഥാനപരമായി പഴഞ്ചനും കാലഹരണപ്പെട്ടതും നാടുവാഴിത്ത സ്വഭാവമുള്ളതുമാണ്. ദൈവം മനുഷ്യൻറെമേൽ അധികാരമുള്ളവൻ, ഉടയവൻ, മുതലാളി, രാജാവ് എല്ലാമാകുമ്പോൾ നിലാരംബരായ മനുഷ്യൻ അശക്തനും ആശ്രിതനും സേവയ്ക്ക് ഒരുക്കമുള്ളവനുമാകുന്നു. ദൈവത്തെ ആരും ഇന്നുവരെ കണ്ടിട്ടില്ല.

നിർഗുണ പരബ്രഹ്മമാണ് ദൈവം. ഈശ്വരൻ നമ്മുടെ ഉള്ളിൽത്തന്നെയാണുള്ളത് (Aham Brahmasmi). മതവിശ്വാസി ഈശ്വരനെ കാണുന്നത് ഒരു വല്യേട്ടനെപ്പോലെയാണ്. ആ വല്യേട്ടനെ പ്രീണിപ്പിച്ചാലേ കാര്യങ്ങൾ സാധിച്ചുകിട്ടൂ. അർഹതപ്പെട്ടത്‌ ലഭിക്കാൻ ദൈവത്തെ പ്രീണിപ്പിക്കണമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ദൈവം കൈക്കൂലിക്കാരനും മുഖസ്തുതി കേൾക്കാൻ ഇഷ്ടപ്പെടുന്നവനുമല്ല. ധാർമികതയില്ലാത്ത അഴിമതിക്കാരനായി ഈശ്വരനെ കാണരുത്. എന്ത് തോന്യാസം ചെയ്താലും, ഏതു മാർഗത്തിലൂടെ സമ്പാദിച്ചാലും ദൈവത്തിന് ഒരു വിഹിതം നല്കി പ്രശ്നപരിഹാരം കാണുന്നത് ദൈവത്തെ അഴിമതിക്കാരനായി കാണുന്നതുകൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാൽ, അത് ബ്ലാക്ക് മണിയെ വൈറ്റ് മണിയാക്കിമാറ്റുന്ന ആധ്യാത്മിക മിമിക്രിയാണ്.

ആത്മീയതയെയും (Spirituality) മതപരതയെയും (Religiosity) ഒന്നായിക്കാണുന്നത് അറിവില്ലായ്മകൊണ്ടാണ്. ഞാൻ ആരാണ്, മരണശേഷം എവിടേയ്ക്ക് എന്ന അന്വേഷണത്തിന് ദൈവവുമായി ബന്ധം വേണമെന്നില്ല. അന്ധവിശ്വാസങ്ങൾ വിഭ്രാന്തിയെ ജനിപ്പിക്കുന്നു. 'സദാനന്ദൻറെ സമയം' എന്ന ചലച്ചിത്രം അതിന് ഉദാഹരണമാണ്. കാര്യസാധ്യത്തിനായി പ്രാർത്ഥനയെ ഉപയോഗിക്കുന്നു. ചിലപ്പോൾ അത് ഒരു കാട്ടിക്കൂട്ടലായി അധഃപ്പതിക്കുന്നു. ആശ്രിതമനസിൻറെ പ്രകടനമാണ് പൂജകളും ആചാരങ്ങളും. ഈശ്വര പ്രസാദത്തിനുവേണ്ടിയാണ് അനുഷ്ഠാനങ്ങൾ. ദൈവം ഉപാസിക്കപ്പെടേണ്ടവനാണ് എന്ന നിർബന്ധബുദ്ധിയാണ് മതം. സ്വന്തം ഉത്തരവാദിത്വത്തെ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നവരാണ് വിധിയിൽ വിശ്വസിക്കുന്നത്. ഈശ്വരൻ സ്വേച്‌ഛാധിപതിയാണെന്നുള്ള ധാരണയിൽനിന്നാണ് മതാത്മകത ഉടലെടുക്കുന്നത്. മതാത്മകത ആവശ്യമില്ല; ആത്മീയതയാണ് വേണ്ടത്. അപ്പോൾ മതം അനാവശ്യമാണ്; നിർഗുണബ്രഹ്മനായ ഈശ്വരാവബോധമാണ് ആവശ്യം. പ്രാർത്ഥിക്കുന്നവൻറെയും പുരോഹിതൻറെയുംകൂടെ ദൈവം വസിക്കില്ല എന്നാണ് രബിന്ദ്രനാഥ് ടാഗോറിൻറെ അഭിപ്രായം. റാൾഫ് എമേഴ്സൻറെ (1803-1882) നിഗമനം പ്രാർത്ഥന മനസിൻറെ രോഗമായിരിക്കുന്നതുപോലെ വിശ്വാസവും അവരുടെ ധിഷണയുടെ രോഗമാണ് ("As men's prayers are a disease of the will, so are their creeds a disease of the intellect").

മനഃശാത്രവും മതവും പരസ്പരം ബന്ധിതമായി കിടക്കുന്നു. അതിന് പല കാരണങ്ങളുണ്ട്. മനുഷ്യൻറെ മനോഭാവ മാറ്റം (attitude change), ഉത്കണ്ഠ (anxiety) കൈകാര്യം ചെയ്യുന്ന വിധം, വ്യക്തിത്വ മാറ്റം (personality change), ആത്മനിയന്ത്രണം എല്ലാം മതങ്ങൾ എളുപ്പത്തിൽ സാധിച്ചെടുക്കുന്നു. അതിൻറെ കാരണമെന്ത്? മനുഷ്യൻ എന്തുകൊണ്ട് മതത്തിൻറെയും മതാനുഷ്ഠാനങ്ങളുടെയും പുറകെ പരക്കം പായുന്നു? വിശ്വാസത്തിൻ പൊരുത്തക്കേടുവരുമ്പോൾ മനസ്സിൻറെ വിവേചനാധികാരത്തിൽ (വിവേകത്തിൽ) കുറവുസംഭവിക്കുന്നതിൻറെ കാരണമെന്ത്? ചില ചട്ടവട്ടങ്ങൾ ചെയ്താൽ എല്ലാം ശരിയാകും എന്ന വിശ്വാസംകൊണ്ടാണ് മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കുന്നത്. മനുഷ്യനിലുള്ള അവ്യക്തതയെ ഒഴിവാക്കാനും അത് സഹായകമാകുന്നു. അലോസരങ്ങളെയും മരണാനന്തര ജീവിത ഭയത്തെയും  ഒഴിവാക്കാൻ പ്രാർത്ഥനയും പൂജകളും ഉപയോഗിക്കുന്നു. മതങ്ങളിൽ പലവിധ വിശ്വാസികൾ ഉണ്ട്-മത വിശ്വാസി, വിധി വിശ്വാസി, ആചാരാനുഷ്ഠാന വിശ്വാസി.

യുക്തിസഹജമായി ചിന്തിക്കാത്തവർക്ക് കൊറോണവൈറസ് എന്ന പകർച്ചവ്യാധി വിശ്വാസ പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം മതങ്ങൾക്ക് കൊറോണപ്രശ്നത്തിന് ഉത്തരമില്ല. ശാസ്ത്രമാണ് അത് കൈകാര്യം ചെയ്യുന്നത്. ആത്മീയവ്യാപാരികൾ അതിനിപ്പോൾ ഉത്തരം കിട്ടാതെ നട്ടംതിരിയുകയാണ്. സൈക്കോട്ടിക്കും ന്യൂറോട്ടിക്കുമായ (psychotic and neurotic) മാതാനുഷ്ഠാന അടിമകൾ ധാരാളമുള്ളതിനാൽ കൊറോണവ്യാധി മാറിക്കഴിയുമ്പോൾ ആത്മീയകച്ചവടക്കാർ പൂർവാധികം ശക്തിയോടെ തിരിച്ചുവരും.

മതം മനുഷ്യർക്ക് പ്രതീക്ഷയെ നൽകുന്നു. അതുകൊണ്ട് മതം ബഹുഭൂരിപക്ഷത്തിനും ആവശ്യമാണ്. എന്നാൽ ബൈബിൾ പറയുന്നത് "ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ ആവശ്യം" (മത്താ. 9: 12) എന്നാണ്, എന്നുവച്ചാൽ മതം. മതം ആവശ്യമില്ലാത്തവരെയും ജീവിക്കാൻ അനുവദിക്കണം. രണ്ടുതരം മനുഷ്യരുണ്ട്: സ്വയം ഉള്ളിലേയ്ക്ക് തിരിയുന്നവരും, മറ്റുള്ളവർ പിന്തുടരുന്നതിനെ സ്വീകരിക്കുന്നവരും. അവനവനെക്കുറിച്ച് മതിപ്പ് കുറഞ്ഞവർ (ആത്മാഭിമാനം കുറഞ്ഞവർ) മതപരമായ കാര്യങ്ങളിൽ പ്രധാനമായി ആകർഷിക്കപ്പെടും. പ്രയാസങ്ങളും ദുരിതങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുമ്പോൾ അവർ മതത്തെ ആശ്രയിക്കും. കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ മാനസിക വൈകല്യങ്ങൾ ഉള്ളവരെ ചൂഷണം ചെയ്യുന്നുണ്ട്. യോഗ, ധ്യാനം, ആധ്യാത്മദർശനം, ഡ്രഗ്സ് എല്ലാം തീവ്രദിവ്യാനുഭവങ്ങളെ, പരമാനന്ദത്തെ (ecstesy) കൃതിമമായി സൃഷ്ടിക്കാൻ പര്യാപ്തമാണ്. അതിന് മതങ്ങളുടെയോ ആചാരാനുഷ്ടാനങ്ങളുടെയോ ആവശ്യമില്ല.

വിഷയാവതരണത്തിനുശേഷം സുദീർഘവും സജീവവുമായ ചോദ്യോത്തരങ്ങളും ചർച്ചയും നടക്കുകയുണ്ടായി.          ചർച്ചയിൽ സംബന്ധിച്ച എല്ലാവരുംതന്നെ മാത്യുസാറിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് മാത്യുസാറിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് മെയ് 13, 2020 (May 13, 2020) ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സഖറിയ ആയിരിക്കും. വിഷയം: 'കൊറോണവൈറസും മതങ്ങളും'.
 
Audio link:
 

No comments:

Post a Comment