2014-ൽ ഞാൻ പ്രസിദ്ധീകരിച്ച താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ലേഖനത്തിന്
കമെൻറ്റുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഈ ലേഖനം എഴുതിയിരിക്കുന്നത് സദ്ദുദ്ദേശ്യത്തോടെയല്ലാ
എന്ന് ചില കമെൻറ്റുകളിൽ കണ്ടു. കള്ളപ്പേരുകൾവച്ച് കമെൻറ്റുകൾ എഴുതുന്നതിൻറെ
ഉദ്ദേശ്യമെന്ത്? എൻറെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല. ലേഖനത്തിൽ
പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിമർശനാത്മക മനസ്സോടെ വിശകലനം ചെയ്യുന്നതായിരിക്കും
ഉത്തമം.
പ്രധാനമായി മൂന്ന് ആശയങ്ങളാണ് ആ ലേഖനത്തിൽ ഞാൻ
മുമ്പോട്ടുവെച്ചത്: അത് മനസ്സിലാകണമെങ്കിൽ റീത്ത് എന്താണെന്ന് പഠിക്കക്കണം. 1. കാനോന: 28: §1. "ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം
ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും
വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം
ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്". “ജനപദങ്ങളുടെ ചരിത്രപരമായ
സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും” എന്നുപറയുമ്പോൾ മാർതോമ വേദം പ്രസംഗിച്ച് മലങ്കരയിൽ രൂപപ്പെട്ട മാർതോമ നസ്രാണികൾ എന്നല്ലേ മനസിലാക്കേണ്ടത്. അപ്പോൾ അമേരിക്കയിൽ
ജനിച്ചുവളരുന്ന കുട്ടികൾക്ക് അമേരിക്കയിലെ റീത്തല്ലേ (ലത്തീൻ റീത്ത്) വേണ്ടത്? റീത്ത് പറിച്ചുനടാൻ
സാധിക്കുമോ? 2. സീറോ മലബാർ റീത്തിൽ ജനിച്ച ഒരു സ്ത്രീയ്ക്ക് ലത്തീൻ
റീത്തിലെ ഒരു സഭയിൽ കന്ന്യാസ്ത്രിയാകാനോ സീറോ മലബാർ റീത്തിൽ ജനിച്ച ഒരു പുരുഷന്
ലത്തീൻ റീത്തിലെ മെത്രാനോ, വൈദികനോ ആകാനോ തടസങ്ങളൊന്നുമില്ല.
ഒരു സീറോ മലബാർ കുടുംബത്തിന് ലത്തീൻ ഇടവകയിൽ ചേരാൻ പാടില്ല. അത് ഇരട്ടത്താപ്പ്
നയമല്ലേ? ആ കന്ന്യാസ്ത്രികളും വൈദികരും മാർതോമ പൈതൃകത്തിൽ
ജീവിക്കണ്ടേ? 3. മകളെയോ മകനെയോ കെട്ടിക്കണമെങ്കിൽ ഇടവക വികാരിയുടെ കുറിവേണം.
കന്ന്യാസ്ത്രിയോ വൈദികനോ ആകാൻ, അത് ലത്തീൻ റീത്തിലേയ്ക്ക് ആയാൽപോലും, ഇടവക വികാരിയുടെ കുറിയുടെ
ആവശ്യമില്ല. അതും ഇരട്ടത്താപ്പ് നയമല്ലേ?
അധികാരം സ്ഥാപിച്ചെടുക്കാൻവേണ്ടി പണ്ടുകാലങ്ങളിൽ
പാത്രിയാക്കാമാർ പരസ്പരം ശണ്ഠകൂടി പല റീത്തുകളുണ്ടാക്കി സഭയെ വീതിച്ചെടുത്തു. ആ
ശാപം വിശ്വാസികൾ ഇന്നും ചുമക്കുന്നു!
ചാക്കോ കളരിക്കൽ
No comments:
Post a Comment