ജോയി ഒറവണക്കളം
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ
ദൈവങ്ങളെസൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു
പങ്കുവെച്ചു മനസ്സു പങ്കുവെച്ചു
കോവിഡ് 19 എന്ന കൊറോണവൈറസ്
വ്യാപകമായതിനെ തുടർന്ന് വീടിനുള്ളിൽ കഴിയുന്ന എൻറ്റെ മനസ്സിൽ വന്ന ചിന്തയാണ് ‘അച്ഛനും ബാപ്പയും’ എന്ന സിനിമയ്ക്കുവേണ്ടി വയലാർ എഴുതി യേശുദാസ് പാടിയ ഗാനത്തിൻറ്റെ മേലുദ്ധരിച്ച
ആദ്യരണ്ടു വരികൾ. നാം ഇന്നുകാണുന്ന ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച
ഒരു ശക്തി, ആ ശക്തിയെയാണ് നാം ദൈവമെന്ന പേരിൽ
സങ്കൽപ്പിക്കുന്നത്. ആ ഏകദൈവ സങ്കല്പത്തെ മനുഷ്യൻ സൃഷ്ടിച്ച ഓരോ മതവും അവരവരുടേതായ
രൂപഭാവങ്ങൾ നല്കി അവരവരുടേതായ ആചാരാനുഷ്ഠാനങ്ങൾ ഉണ്ടാക്കി. ഇതിനായി അവരവരുടേതായ മതകർമങ്ങൾ
നടത്തുവാൻ അധിവിശാലമായ ആരാധനാലയങ്ങളാണ് പണിതുയർത്തിയിരിക്കുന്നത്. മനുഷ്യരുടെ
ആകുലതകളെയും വേദനകളെയും മാറ്റി ആയുസ്സും ആരോഗ്യവും നല്കി സ്വർഗത്തിലേക്ക്
എത്തിക്കുക എന്നതാണ് ഓരോ മതാചാര്യന്മാരുടെയും കർമംകൊണ്ടുള്ള ദൗത്യം. ഒട്ടനവധി
രോഗശാന്തിശുശ്രൂഷകരും ആൾദൈവങ്ങളും 365 ദിവസവും 24 മണിക്കൂറും പൂജകളും പ്രാർത്ഥനകളും കർമങ്ങളും നടത്തിയിട്ടും
കൊറോണവൈറസ് കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടു ഇപ്പോൾ അവരെല്ലാം മാളങ്ങളിൽ
ഒളിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ ഇപ്പോഴാണ് അവരുടെ ശക്തി തെളിയിക്കേണ്ടത്. ഇവരുടെ
ആചാരാനുഷ്ഠാനങ്ങളെല്ലാം ദൈവത്തിന് നിരക്കാത്തതും കാപട്യവുമായിരിക്കുന്നതുകൊണ്ട് അവയിൽ
ദൈവം പ്രസാദിച്ചില്ല. എന്നാൽ സ്നേഹസ്വരൂപനായ യേശുക്രിസ്തു രോഗിയെ തൊട്ടപ്പോൾ തന്നെ
സൗഖ്യം പ്രാപിച്ചു. അവൻ മരിച്ചവരെ സ്പർശിച്ചപ്പോഴും ആജ്ഞാപിച്ചപ്പോഴും ഉടൻതന്നെ
ജീവൻ പ്രാപിച്ചവരായി. കാരണം അവൻറ്റെ
പ്രാർത്ഥനയിൽ ദൈവം പ്രസാധിച്ചു.
കോവിഡ് 19 എന്ന കൊറോണവൈറസ്
വ്യാപനത്തെ തുടർന്ന് ലോകത്തെമ്പാടും ലക്ഷക്കണക്കിന് മനുഷ്യർ
മരിച്ചുകഴിഞ്ഞിരിക്കുന്നു. ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഫലപ്രദമായ ഒന്നുംതന്നെ
ദൈവശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ഭാവിയിൽ കഴിഞ്ഞേക്കാം. അതിനുവേണ്ടി
പ്രാർത്ഥിക്കാം. ജനങ്ങൾ കൂട്ടംകൂടുന്നതിനാലാണ് വൈറസ് പടർന്ന് വ്യാപിക്കുന്നതെന്ന്
മനസ്സിലാക്കി ലോകമെമ്പാടും നിരോധനാജ്ഞയും കർഫ്യുവും പ്രഖ്യാപിച്ചിരുന്നു.
ഇകാരണത്താൽ ആരാധനാലയങ്ങളും പൂട്ടപ്പെട്ടിരിക്കുന്നു. പിതാവിൻറ്റെ മക്കളെന്ന നിലയിൽ
മനുഷ്യരെല്ലാവരും ഒന്നാണെന്ന് പരസ്യമായി
പ്രഖ്യാപിച്ച യേശുനാഥൻ, താൻ കാൽവരിയിൽ ക്രൂശിക്കപ്പെട്ടതു ഒരു പ്രത്യേക
ജനവിഭാഗത്തിനുവേണ്ടി ആയിരുന്നില്ല. പ്രത്യുത, സകല ജനത്തിൻറെയും പാപപരിഹാരാർത്ഥമായിരുന്നു.
എന്നാൽ പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ പൂർത്തീകരണമായി യേശു ഉത്ഥിതനായി. ക്രിസ്തീയ
വിശ്വാസികൾ ഏറ്റവും പ്രധാനമായി ആചരിക്കപ്പെടുന്ന ദിവസങ്ങളാണ് ദുഃഖവെള്ളിയും
ഉയർപ്പുഞായറും. ഈ ദിവസങ്ങൾ ആചരിക്കാൻ വിശ്വാസികൾ കൂട്ടത്തോടെ പോയിരുന്നതു
ദേവാലയങ്ങളിലായിരുന്നു. എന്നാൽ ഇന്ന് അവയെല്ലാം പൂട്ടപ്പെട്ടിരിക്കുന്നു. ഇതു
സംഭവിച്ചത് ദൈവഹിതപ്രകാരമായിരിക്കാം. അത്രമാത്രം നമ്മൾ ദൈവത്തെ
അപകീർത്തിപ്പെടുത്തി. കാപട്യത്തോടെ നടത്തിയിരുന്ന ആചാരാനുഷ്ഠാനങ്ങളിൽ ദൈവം
പ്രസാദിച്ചില്ല. ധനലാഭമായിരുന്നു അവരുടെ ലക്‌ഷ്യം. അതുകൊണ്ടു ദൈവം അവരിൽനിന്ന്
മുഖം തിരിച്ചു. ഇവിടെയാണ് യേശു ശമരിയാക്കാരിയോടു പറഞ്ഞ ആരാധനയെക്കുറിച്ചു നാം
ചിന്തിക്കേണ്ടത്. "യേശു പറഞ്ഞു: സ്ത്രീയേ എന്നെ വിശ്വിക്കുക. ഈ മലയിലോ ജറുസലെമിലോ
നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. .....എന്നാൽ യഥാർത്ഥ ആരാധകർ
ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾ
തന്നെയാണ് (യോഹ. 4: 21-23). ഈ വചനം ഇപ്പോൾ അർത്ഥവത്തായിരിക്കുന്നു. ഇന്നു
നമ്മൾ അവരവരുടെ ഭവനങ്ങളിൽ മാത്രമായി ദൈവത്തെ ആരാധിക്കുന്നു. അതാണ് യഥാർത്ഥ
പ്രാർത്ഥന. അതായത് ഒരു വ്യക്തിയുടെ ഹൃദയത്തിൽനിന്ന് ഉയർന്നുവരുന്ന ദൈവിക ചിന്തയുടെ
മുറവിളിയാണ് പ്രാർത്ഥന. വിശുദ്ധഗ്രന്ഥത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്
ദൈവസന്നിധിയിലേയ്ക്ക് ഹൃദയം തുറന്നുള്ള പ്രാർത്ഥനയായിരിക്കണം ഓരോ വ്യക്തിയും
സായുക്തമാക്കേണ്ടത്. ഇതിന് മണികിലുക്കമോ കുന്തിരിക്കം പുകയ്ക്കലോ ആവശ്യമില്ല. ഒരു
കാർമികൻറെയും ആവശ്യമില്ലാതെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു കഴിയുമെന്ന് ഈ അവസരം
ദൈവം നമുക്ക് ബോധ്യപ്പെടിത്തിത്തരുന്നു. എന്തിനേറെ പറയുന്നു, വൈറസ് ബാധയെത്തുടർന്ന് ഓരോ
ദിവസവും മരണമടയുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതുകൊണ്ട് സംസ്കരിക്കാൻപോലും
സ്ഥലമില്ലാതെ കൂട്ടത്തോടെ കുഴിച്ചിടുന്നു. ഈ കുഴികളിൽ ജാതിയും മതവും കൂടാതെ, ഒരു
മതാനുഷ്ഠാനങ്ങളും കൂടാതെ ഒരേ33കുഴിയിൽ അടക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ഇവരുടെ സ്ഥിതി എന്തായിരിക്കും?
ആകയാൽ
ആചാരാനുഷ്ഠാനങ്ങളിൽ കാർമികൻ നടത്തുന്ന കർമങ്ങളിൽ ദൈവം പ്രസാദിക്കുന്നില്ലെന്നും
വീട്ടിലിരുന്നു ഹൃദയം തുറന്നുള്ള പ്രാർത്ഥനയും ആരാധനയുമാണ് ദൈവസന്നിധിയിൽ
പ്രീതിജനകമായിരിക്കുകയൊള്ളൂ എന്ന അവബോധം ഇപ്പോൾ ഓരോരുത്തരും
മനസ്സിലാക്കിയിരിക്കുന്നു. പ്രവാചകരുടെ മനസ്സിൽ ഉണ്ടായിരുന്ന മനുഷ്യ സ്നേഹത്തിൻറ്റെ
മഹനീയതയും അതിൻറ്റെ സംസ്കാരവുമാണ് നിലനില്ക്കേണ്ടത്; ആചാരങ്ങളും അനുഷ്ഠാനങ്ങളുമല്ല. ആകയാൽ നിങ്ങൾ
സമചിത്തരും പ്രാർത്ഥനയിൽ ജാഗരൂകരുമായിരിക്കുവിൻ. സർവോപരി നിങ്ങൾക്കുള്ള ഗാഢമായ
പരസ്പര സ്നേഹത്തോടെ സമൂഹ സേവനത്തിലൂടെ വൈറസ് ബാധയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ
കഴിയുന്നതെല്ലാം ചെയ്യുന്നതോടൊപ്പം രോഗാവസ്ഥയിൽ നിന്ന് സൗഖ്യം പ്രാപിക്കാൻവേണ്ടി
പ്രാർത്ഥിക്കുകയും ചെയ്യാം.
No comments:
Post a Comment