അഡ്വ. ബോറിസ് പോള് (ചെയര്മാന്, അഖില കേരള ചര്ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍)
[ലേഖകന്‍ നിരാഹാരസമരത്തിന്റെ 31-ാം ദിനമായ സെപ്തം. 18-നു നടത്തിയ പ്രസ്താവന]
സഖാവേ, നിരാഹാരസമരം 30 ദിവസം പിന്നിട്ടപ്പോള്‍, മനഃസാക്ഷിയില്ലാത്ത സര്ക്കാരിനോട് മാന്യമായ സമരമുറകൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന് കരുതി വിവിധ സംഘടനകള്‍ റമ്പാനച്ചനോട് സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അതൊക്കെ അദ്ദേഹം സ്നേഹപൂര്വ്വം നിരസിച്ചു. ഇന്നിതാ, നിരാഹാരസമരം 31-ാം ദിവസത്തിലേക്ക്! മനഃസാക്ഷി നശിച്ച ഒരു ഭരണകൂടത്തിനുമാത്രമേ, ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുകയുള്ളു. അമ്പിളിമാമനെ പിടിച്ചു തരാനൊന്നുമല്ല റമ്പാനച്ചന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്ന വ്യവസ്ഥപ്രകാരം ക്രൈസ്തവരുടെ സ്വത്തുഭരണത്തിന് ഒരു നിയമം നിര്മ്മിച്ച് നല്കാന്മാത്രമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കി സര്‍ക്കാരിന് നല്കിയതാണ് ചര്ച്ച് ആക്ട് എന്നറിയപ്പെടുന്ന കരടു നിയമം! ഏതാനും മെത്രാന്മാരുടെ ഭീഷണിക്കുവഴങ്ങി ഈ കരട് നിയമം ഒളിപ്പിച്ചുവച്ച താങ്കളല്ല ഇരട്ടചങ്കന്‍; മറിച്ച്, ഒരു സമൂഹത്തിന്റെ ന്യായമായ ആവശ്യത്തിനുവേണ്ടി ജീവന്‍ വെടിയാന്‍ ധീരത കാണിക്കുന്ന റമ്പാനച്ചനാണ് യഥാര്ത്ഥ ഇരട്ടചങ്കന്‍!
മെത്രാന്‍ പറയുന്നിടത്ത് ക്രിസ്ത്യാനി വോട്ട് കുത്തുന്നത് ചരിത്രത്തിന്റെ പഴയ ഏടുകളില്‍ മാഞ്ഞുപോയി സഖാവേ! ഇന്ന് വോട്ട് ചെയ്യുന്ന ക്രിസ്ത്യാനി മെത്രാന്മാരുടെ വാക്കല്ല കേള്ക്കുന്നത്. സ്വന്തം ചിന്താശേഷി അവന്‍ ഉപയോഗിക്കും. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ എന്ന മഹാമേരു 2009-ല്‍ തയ്യാറാക്കിയ നിയമമാണ് സഖാവേ താങ്കള്‍ ഫയലുകള്‍ക്കിടയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്. ജസ്റ്റീസ് കൃഷ്ണയ്യരുടെ സൂര്യപ്രഭ മറയ്ക്കാന്‍ താങ്കളുടെ കൈയിലുള്ള മുറത്തിന് സാധിക്കില്ല. റമ്പാനച്ചനും ഞങ്ങളും പല ദിവസങ്ങളില്‍ താങ്കളെ ഒന്ന് കണ്ടു സംസാരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിണ്ണ നിരങ്ങിയതാണ്. താങ്കളുടെ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ രണ്ട് ദിവസം ഞങ്ങളെ പറഞ്ഞു പറ്റിച്ചു. അയാള്‍ നിശ്ചയിച്ചു തന്ന തീയതിയും സമയവും വിശ്വസിച്ച് റമ്പാനച്ചനും ഞങ്ങളും ദൂരയാത്ര ചെയ്ത് തിരുവനന്തപുരത്തുവന്ന്, താങ്കളുടെ ഓഫീസ് വരാന്തയില്‍ കാത്തിരുന്ന് മണിക്കൂറുകള്‍ നഷ്ടപ്പെടുത്തി.
കാലം മാറി വരും. താങ്കള്‍ റമ്പാനച്ചനെയും ചര്‍ച്ച് ആക്റ്റ് സമരനേതാക്കളെയും തേടിവരുന്ന ഒരു കാലവും ഉണ്ടായേക്കാം. നീതി എന്നെങ്കിലും നടപ്പാകാതിരിക്കില്ല. പല വന്‍വൃക്ഷങ്ങള്‍ നിലംപതിച്ചത് കണ്ട നാടാണിത്. റമ്പാനച്ചന്‍ നിരാഹാരം ആരംഭിച്ചശേഷം താങ്കള്‍ക്ക് ഭരണത്തില്‍ സ്വസ്ഥതയുണ്ടായിട്ടില്ല. അതൊരു ദുരന്തമാകാതിരിക്കട്ടെ...
No comments:
Post a Comment