Translate

Saturday, January 9, 2021

വൈദികകുറ്റവാളികളെ സംരക്ഷിക്കുന്ന കാനോൻ നിയമം

ചാക്കോ കളരിക്കൽ കെസിആർഎം നോർത് അമേരിക്കയുടെ ജനുവരി 13, 2021 ബുധനാഴ്ച 09 PM (EST) നടത്തുന്ന സൂം മീറ്റിംഗിൽ പ്രഫ. സെബാസ്റ്റ്യൻ വട്ടമറ്റം ‘വൈദികകുറ്റവാളികളെ സംരക്ഷിക്കുന്ന കാനോൻ നിയമം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. പ്രഫ. വട്ടമറ്റം 1945-ൽ തൊടുപുഴ താലൂക്കിലെ നെയ്യശ്ശേരിയിൽ ജനിച്ചു. 1975-മുതൽ 2000-വരെ ചങ്ങനാശേരി എസ്. ബി. കോളേജിൽ ഗണിതശാസ്ത്രവകുപ്പിൽ പ്രഫസർ ആയിരുന്നു. ഇപ്പോൾ ഏറ്റുമാനൂർ കാവ്യവേദിയുടെ കൺവീനറും കെ സി ആർ എം വൈസ് പ്രസിഡണ്ടുമാണ്‌. ഭാഷയും ആധിപത്യവും, സിഗ്മണ്ട് ഫ്രോയിഡ്, പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും, സ്വപ്‌നങ്ങൾ നമ്മോടു പറയുന്നത് (എൻ ബി എസ് - കോട്ടയം), ഭാഷയുടെ അബോധസഞ്ചാരങ്ങൾ (കറൻറ് ബുക്‌സ് - കോട്ടയം), യേശുവും മാർക്‌സും കാപ്പനച്ചൻറെ ചിന്തകളിൽ (ഹൊറൈസൺ ബുക്‌സ്), ഭൂതജീവിതത്തിലെ വഴിയോരക്കാഴ്ചകൾ (സഹായി ബുക്‌സ്) എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ കാപ്പൻറെ ദൈവത്തിൻറെ മരണവും മനുഷ്യൻറെ ജനനവും എന്ന കൃതി വിവർത്തനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംസ്‌കൃതി, മറിയാമ്മച്ചേടത്തിയുടെ മാണിക്കപ്പെണ്ണ്, ഫാദർ സെബാസ്റ്റ്യൻ കാപ്പൻറെ മാർക്‌സിയൻ ദർശനത്തിന് ഒരാമുഖം, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിൻറെ മോചനം സഭകളിൽ നിന്ന്, Divine Challenge and Human Response, Towards a Holistic Cultural Paradigm, Hindutva and Indian Religious Traditions, Marx Beyond Marxism, Ingathering, What the Thunder Says, Collected Works of Sebastian Kappan Vol. I എന്നീ കൃതികൾ അദ്ദേഹം എഡിറ്റ് ചെയ്തിട്ടുമുണ്ട്. ലോക വ്യാപകമായിക്കിടക്കുന്ന റോമൻ കത്തോലിക്ക സഭ എന്ന വമ്പിച്ച സംഘടനയെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും അതിൻറെ ദൈവശാസ്തത്തെ പ്രതിപാദിക്കുന്നതും സങ്കീർണ്ണവും ഏകീകൃത്യവും ബൃഹത്തുമായ കാനോനകൾ അഥവ നിയമങ്ങളാണ്. കാനോനകൾ സഭാ സ്ഥാപനങ്ങളുടെ പരിരക്ഷണത്തിനും സുതാര്യത ഇല്ലാത്ത രഹസ്യസ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വഴിപിഴച്ച വൈദികരെയും മെത്രാന്മാരെയും ശിക്ഷിക്കുന്നതിനുപകരം അവരെ സംരക്ഷിക്കുന്നതിനും അമിത പ്രാധാന്യം നൽകുന്ന ഒരു നിയമാവലിയാണ്. വൈദിക കുറ്റവാളികളെ സംരക്ഷിക്കുന്ന സുദീർഘമായ ഒരു പാരമ്പര്യം കത്തോലിക്ക സഭയ്ക്കുള്ളത് അക്കാരണത്താലാണ്. കുറ്റവാളികളെ ജയിലിലടയ്ക്കാനുള്ള സംവിധാനം സഭയ്ക്കില്ല. ഒരു വൈദികനോ മെത്രാനോ ലൈംഗിക അതിക്രമം ചെയ്‌തന്നിരിക്കട്ടെ. കാനോനകൾപ്രകാരം അവർ ചെയ്ത കുറ്റം നിയമത്തിൻറെ ലംഘനവും വിശ്വാസികൾക്ക് ഉതപ്പിന് കാരണമാകുന്നതുമാണ്. അതിനാൽ അത് പാപവുമാണ്. ആ പാപത്തിൻറെ പ്രതിവിധി കുമ്പസാരമാണ്. കുട്ടികളെയോ സ്ത്രീകളെയോ ഒരു വൈദികൻ ദുരുപയോഗം ചെയ്‌താൽ ആ വൈദികൻ മാത്രമല്ല ആ വൈദികൻറെ മെത്രാനും കുറ്റവാളിയാണെന്നാണ് കാനോൻ പറയുന്നതെന്ന് നാം മനസ്സിലാക്കണം. കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾപോലും പാപമാണെന്നും കുമ്പസാരത്തിലൂടെ ആ പാപം കഴുകിക്കളയാമെന്നുമുള്ള ധാരണയാണ് വൈദിക കുറ്റവാളികളെ സിവിൽ അധികാരികൾക്ക് വിട്ടുകൊടുക്കാൻ മെത്രാന്മാർ വിസമ്മതിക്കുന്നത്. ലൈംഗിക അതിക്രമം ചെയ്ത പുരോഹിതൻ പാപം ചെയ്തു എന്നല്ലാതെ മറ്റൊരു വ്യക്തിയുടെമേൽ അയാൾ ക്രിമിനൽ പ്രവർത്തിയാണ് ചെയ്തത് എന്ന അടിസ്ഥാനപരമായ കാര്യം കാനോൻ അംഗീകരിക്കുന്നില്ല എന്നതാണ് നാം ഇവിടെ തിരിച്ചറിയേണ്ടത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ (1962 - 1965) നിർദേശപ്രകാരം 1983-ൽ പരിഷ്‌ക്കരിച്ച കാനോനസംഹിത പാശ്ചാത്യ ലത്തീൻ സഭയ്ക്കുവേണ്ടിയും 1991-ൽ പുതിയ കാനോനസംഹിത പൗരസ്ത്യ സഭകൾക്കുവേണ്ടിയും ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രസിദ്ധീകരിച്ചു. അതിയാഥാസ്ഥിതികനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതുക്കിയ കാനോനിൻ കുറ്റവാളികളായ പുരോഹിതരെ പുറന്തള്ളാനുള്ള സാധ്യത മെത്രാന്മാർക്ക് ഇല്ലാതാക്കി. ഏറിയാൽ പൗരോഹിത്യ പ്രവർത്തികളിൽനിന്ന് ചുരുങ്ങിയ കാലത്തേയ്ക്ക് അകറ്റിനിർത്താം, അതും ആ വൈദികനുള്ള വേദനം നൽകിക്കൊണ്ട്! പൗരോഹിത്യത്തിൽനിന്നും ശാശ്വതമായി ഒരു പുരോഹിതനെ പുറംതള്ളാനുള്ള അധികാരം വത്തിക്കാനിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രൻസിസ്‌ പാപ്പ ഒരിക്കൽ പറഞ്ഞത് "We showed no care for the little ones; we abandoned them". സഭാനിയമങ്ങളെ മാറ്റിയെഴുതാനുള്ള പരമാധികാരം മാർപാപ്പയിൽ നിക്ഷിപ്തമാണെന്നുള്ള കാര്യം നാമിവിടെ വിസ്മരിക്കരുത്. പ്രൻസിസ് പാപ്പ നിയമ പരിഷ്കരണം ചെയ്തിട്ടില്ല. ക്രിസ്തു പഠിപ്പിച്ച പരസ്പര സ്നേഹമല്ല, പള്ളിനിയമങ്ങളാണ് സഭ ഇന്ന്. കാനോൻ നിയമസംഹിതയിലെ അധികാരവ്യവസ്ഥകളെ സംബന്ധിച്ചും അതുമൂലം വൈദിക കുറ്റവാളികളെ സംരക്ഷിക്കുന്നതെങ്ങനെ എന്നതിനെ സംബന്ധിച്ചും ആഴമായ ഒരു പഠനപ്രബന്ധം പ്രഫ. വട്ടമറ്റം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജനുവരി 13, 2021 ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. ലോകത്തിൻറെ നാനാഭാഗത്തുനിന്നുമുള്ളവർ ഇതിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൂം മീറ്റിംഗിൻറെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. Date and Time: January 13, 2020, 09:00 PM Eastern Standard Time (New York Time) To join the Zoom Meeting, use the link below: https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09 Meeting ID: 223 474 0207 Passcode: justice

No comments:

Post a Comment