സത്യജ്വാല മാർച്ച് 2021 എഡിറ്റോറിയൽ
രാഷ്ട്രീയനേതാക്കന്മാരുടെ കണ്ണുകളിൽ കർദ്ദിനാൾമാരും മെത്രാന്മാരും ഏറ്റവും വിലപിടിപ്പുള്ളവരായിത്തീരുന്ന കാഴ്ച ഓരോ ഇലക്ഷൻ അടുക്കുമ്പോഴും നാം കാണാറുണ്ട്. മോതിരംമുത്തൽമുതൽ സാഷ്ടാംഗപ്രണാമംവരെ നടത്തി ജനപ്രതിനിധികളായ കക്ഷിനേതാക്കൾ തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങൾക്കുമുമ്പിൽ സ്വയം വിലയിടിച്ച് അവഹേളിതരാകുന്ന ഈ പരമ്പരാഗത കപടരാഷ്ട്രീയ കലാപരിപാടി അവസാനിപ്പിക്കണമെ ചിന്ത ഇതുവരെ ഒരു രാഷ്ട്രീയകക്ഷിക്കും ഉണ്ടായിട്ടില്ല എന്നത് നമ്മുടെ ജനാധിപത്യ സങ്കല്പത്തെത്തന്നെ കളങ്കിതമാക്കുന്നു. വന്നുവന്ന്, രാജ്യത്തിന്റെ പ്രധാനമന്ത്രിവരെ ഈ മതരാഷ്ട്രീയ ദല്ലാളന്മാരെ ക്ഷണിച്ചുവരുത്തി ആദരിച്ച് അവരുമായി രാഷ്ട്രീയചർച്ചയ്ക്ക് ഒരുങ്ങുകയാണ്!
തത്ത്വത്തിൽ, ഇന്ത്യ ഒരു മതേതര-ജനാധിപത്യരാഷ്ട്രമാണ്. മതേതരം എന്നു പറയുമ്പോൾ, ഏതെങ്കിലും മതത്തിനോ മതസമൂഹത്തിനോ പ്രത്യേക പ്രാമുഖ്യമോ അവഗണനയോ ഉണ്ടാവില്ല എന്ന് ഉറപ്പുനൽകുന്ന വ്യവസ്ഥയായിരിക്കണം, അത്. എന്നാൽ, മതത്തിന്റെ അടിസ്ഥാനത്തിലറിയപ്പെടുന്ന വിവിധ സമുദായങ്ങൾ അധിവസിക്കുന്ന ഒരു ബഹുമതസമൂഹത്തിൽ, എല്ലാ വിഭാഗക്കാർക്കും തുല്യ അവസരവും പ്രാതിനിധ്യവും ലഭിക്കാതെപോകുന്ന സാഹചര്യമുണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ ഓരോ സമൂഹത്തെയും പ്രതിനിധീകരിക്കുന്ന സമുദായനേതൃത്വങ്ങളുമായി ചർച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള നീക്കുപോക്കുകളും ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, കേരളത്തിലെ നായർസമുദായത്തെ പ്രതിനിധീകരിക്കുന്ന എൻ.എസ്.എസ്. നേതൃത്വവുമായും ഈഴവസമുദായത്തെ പ്രതിനിധീകരിക്കുന്ന എസ്.എൻ.ഡി.പി. നേതൃത്വവുമായുമൊക്കെ ഭരണകൂടത്തിനും രാഷ്ട്രീയകക്ഷികൾക്കും ഓരോ കാര്യങ്ങളിൽ ചർച്ചനടത്തേണ്ടിവരും. അതിൽ അപാകത ചൂണ്ടിക്കാണിക്കാൻ കഴിയാത്തത്, ആ പ്രസ്ഥാനങ്ങളുടെ നേതാക്കൾ സമുദായാംഗങ്ങളാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്നതുകൊണ്ടാണ്. ആ സമുദായങ്ങൾ തിരഞ്ഞെടുത്തു എന്നതിനാൽ അവർക്ക് ആ സമുദായത്തെ പ്രതിനിധീകരിക്കാൻ അവകാശമുണ്ട്.
എന്നാൽ, ക്രൈസ്തവസഭാമേലധ്യക്ഷന്മാർക്ക്, പ്രത്യേകിച്ച് കത്തോലിക്കാസഭയിലെ മെത്രാന്മാർക്കും, കർദ്ദിനാളന്മാർക്കും സമുദായത്തെ പ്രതിനിധീകരിക്കുന്നതിനുള്ള യോഗ്യതയോ അവകാശമോ അശേഷമില്ലെന്ന് ഉറപ്പിച്ചു പറയാനാവും. കാരണം, അവരാരും കത്തോലിക്കാസമുദായാംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവരല്ല. പൗരോഹിത്യശ്രേണിയിലുള്ള ഒരാളുടെപോലും തിരഞ്ഞെടുപ്പിൽ കത്തോലിക്കാസമൂഹത്തിന് യാതൊരു പങ്കുമില്ല എന്നതാണ് വാസ്തവം. മെത്രാന്മാരെയും കർദ്ദിനാൾമാരെയും തിരഞ്ഞെടുത്ത് നിയോഗിക്കുന്നത്, ക്രൈസ്തവസമൂഹം തിരഞ്ഞെടുക്കാത്ത മെത്രാൻസമിതിയുടെ ശിപാർശപ്രകാരം, വത്തിക്കാൻ എന്ന മതരാഷ്ട്രത്തിന്റെ അധിപനായ മാർപാപ്പയാണ്. അവരെ നിയോഗിക്കുന്നത് കത്തോലിക്കാസമുദായത്തിന്റെ പ്രതിനിധികളായിട്ടല്ലതാനും; മറിച്ച്, കത്തോലിക്കാസഭയുടെ പഠിപ്പിക്കലുകൾപ്രകാരം രൂപതകളിലെയും വിവിധ റീത്തുകളിലെയും വിശ്വാസിസമൂഹത്തെ ആധ്യാത്മികതയിലും സന്മാർഗ്ഗത്തിലും നയിക്കാനാണ്. അല്ലെങ്കിൽത്തന്നെ, കത്തോലിക്കരുടെ ആധ്യാത്മികപരമാദ്ധ്യക്ഷൻ എന്നതിലുപരി, വത്തിക്കാൻ എന്ന രാഷ്ട്രത്തിന്റെ ഭരണാധികാരികൂടിയായ മാർപാപ്പയ്ക്കെങ്ങനെ, മറ്റൊരു പരമാധികാരരാഷ്ട്രമായ ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെമേൽ തന്റെ പ്രതിനിധികളുടെ സാമൂഹികനേതൃത്വം അടിച്ചേൽപ്പിക്കാനാകും? അങ്ങനെ സംഭവിക്കുന്നുവെങ്കിൽ, അതിനെ വിദേശരാഷ്ട്രീയ ഇടപെടലായല്ലാതെ വേറെ ഏതു വിധത്തിലാണ് കാണാൻ സാധിക്കുക?
ഇക്കാര്യങ്ങളിൽ ഏറ്റവും ജാഗ്രത പുലർത്തേണ്ട ഇന്ത്യയിലെ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളാണ് ഇവിടത്തെ കർദ്ദിനാൾമാരെയും മെത്രാന്മാരെയും കത്തോലിക്കാസമുദായത്തിന്റെ പ്രതിനിധികളും നേതാക്കന്മാരുമായി കാണുന്നത് എന്നോർക്കുക. അതുപോലെതന്നെ, കേവലം ആധ്യാത്മികഉപദേഷ്ടാക്കളായാണ് തങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായി അറിയാവുന്ന സഭാമേലദ്ധ്യക്ഷന്മാരാണ് സമുദായത്തിന്റെ നേതാക്കളായി സ്വയം അവരോധിക്കുന്നത് എന്നും കാണുക. കാണേണ്ട മറ്റൊരു വിരോധാഭാസം, വിദ്യാഭ്യാസനിലവാരത്തിലും ലോകപരിചയത്തിലും ഏറ്റവും മുന്നിൽനിൽക്കുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്, തങ്ങളുടെ സാമുദായികനേതൃത്വം തികച്ചും അനധികൃതമായി തങ്ങളുടെ മതമേലധ്യക്ഷന്മാർ കവർന്നെടുത്തിരിക്കുന്നു എന്ന തിരിച്ചറിവ് ഇന്നുവരെ ഉണ്ടായിട്ടില്ല എന്നതാണ്. അതേസമയം, വടക്കേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും പുലരുന്ന ജന്മിത്വവ്യവസ്ഥയെക്കുറിച്ചും, ജന്മികൾ ഗ്രാമസമൂഹങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന അവസ്ഥയെക്കുറിച്ചും, അവർ നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെയോർത്ത് ആ ജനതകളോടു സഹതപിക്കാനും അവരെ പരിഹസിക്കാനും, അതിലൂടെ തങ്ങളുടെ ഔന്നത്യം സ്ഥാപിക്കാനും ഏറ്റം മിടുക്കരുമാണവർ! എന്നാൽ, തങ്ങളെ ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും നേതാക്കളും കാണുന്നത്, ഇവിടുത്തെ മെത്രാൻജന്മിമാരുടെ കുടിയാന്മാരും ആജ്ഞാനുവർത്തികളുമെന്ന നിലയിൽ അവരെക്കാളും പരിഹാസ്യരും വിലകെട്ടവരുമായിട്ടാണെന്ന യാഥാർത്ഥ്യം ഇവിടുത്തെ ക്രൈസ്തവസമൂഹം ഇതുവരെ മനസ്സിലാക്കിയിട്ടില്ല.
ചുരുക്കത്തിൽ ഈ മൂന്നു തലങ്ങളിലും, അതായത് രാഷ്ട്രീയനേതൃതലത്തിലും ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ തലത്തിലും ക്രൈസ്തവസമുദായത്തിന്റെ തലത്തിലും ഇക്കാര്യത്തിൽ ഇന്നു പുലരുന്നത് തികഞ്ഞ അന്ധതയാണ്. ഈ അന്ധത നമ്മളെയും നമ്മുടെ രാജ്യത്തെയും തള്ളിയിടാൻ പോകുന്നത്, ചരിത്രത്തിൽ മനുഷ്യകുലം മറികടന്ന പുരോഹിതജന്മിത്വത്തിന്റെ പടുകുഴിയിലേക്കായിരിക്കും എന്നു കാണാൻ വലിയ ദീർഘദർശിത്വമൊന്നും ആവശ്യമില്ല.
ഇന്ത്യയിലെ ക്രൈസ്തവരുടെയിടയിൽ, വിശിഷ്യാ കത്തോലിക്കരുടെയിടയിൽ, തങ്ങളുടേതായ ഒരു സാമൂഹികനേതൃനിര ഉരുത്തിരിഞ്ഞുവരാനുള്ള എല്ലാ വഴികളും, എല്ലാ സാധ്യതകളും, അനധികൃതമായി നിലനിന്നുപോരുന്ന ഈ പുരോഹിതനേതൃത്വംമൂലം അടഞ്ഞുപോയിരിക്കുകയാണ് എന്ന വസ്തുത നാം തെളിഞ്ഞു കാണേണ്ടതുണ്ട്. പരമാവധി അനുവദിക്കപ്പെടുക, 'കത്തോലിക്കാ കോൺഗ്രസ്' നേതൃത്വംപോലെയോ 'ഇൻഫാം' നേതൃത്വംപോലെയോ ഉള്ളൂ തങ്ങളുടെ അധീശത്വം അംഗീകരിക്കുന്ന എറാൻമൂളി നേതാക്കളെമാത്രമാണ്. അതായത്, രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും ഇനി ധൈര്യപ്പെട്ടാൽതന്നെയും ക്രൈസ്തവസമൂഹത്തെ പ്രതിനിധീകരിക്കുന്നവരുടേതായി അവർക്കു ബന്ധപ്പെടാൻ മറ്റൊരു അംഗീകൃതനേതൃത്വം അവർക്കുമുമ്പിൽ നിലവിലില്ല എന്ന അവസ്ഥയാണുള്ളത്.
ഇവിടത്തെ ക്രൈസ്തവസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും ഈ സമൂഹത്തിന് ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ ഒരു നേതൃത്വമില്ല എന്നതാണ്. നാം സ്വയം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാതെ, ഈ ദുരവസ്ഥയുടെ കാര്യ-കാരണങ്ങൾ സ്വയം കണ്ടെത്തി പരിഹരിക്കാതെ നമ്മുടെ സമൂഹം അകപ്പെട്ടിരിക്കുന്ന നേതൃത്വശൂന്യതയെന്ന, അഥവാ മെത്രാൻജന്മിത്വമെന്ന ഇന്നത്തെ ദുരവസ്ഥയെ ദൂരീകരിക്കാൻ സാധ്യമല്ലതന്നെ.
സഭയും സമുദായവും രണ്ടു കാര്യങ്ങൾ
സഭയെയും സമുദായത്തെയും വേർതിരിച്ചുകാണാൻ കഴിഞ്ഞാൽമാത്രമേ, ഇവിടുത്തെ ക്രൈസ്തവസമുദായത്തിലെ നേതൃത്വശൂന്യതയുടെ വേരുകൾ കണ്ടെത്താൻ കഴിയൂ. സഭയെന്നാൽ ആദ്ധ്യാത്മിക കൂട്ടായ്മയാണ്. സമുദായമെന്നാൽ ഭൗതികജീവിതതലത്തിലുള്ള സാമൂഹികകൂട്ടായ്മയും. ആദ്ധ്യാത്മികകൂട്ടായ്മയെ പരിപോഷിപ്പിക്കാൻ ആദ്ധ്യാത്മികനേതൃത്വം, അഥവാ ആദ്ധ്യാത്മികാചാര്യന്മാർ ഉണ്ടായിരിക്കണം. പ്രഘോഷിക്കണമെന്ന് യേശു പറഞ്ഞ സ്നേഹത്തിലധിഷ്ഠിതമായ ദൈവരാജ്യമൂല്യങ്ങൾ മനുഷ്യഹൃദയങ്ങളിൽ സന്നിവേശിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ ദൗത്യം. അതേസമയം, സഭയെന്ന ഈ ആദ്ധ്യാത്മിക കൂട്ടായ്മയ്ക്ക് ആ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു സാമൂഹികജീവിതവുമുണ്ട്. അതു കെട്ടിപ്പടുക്കുകയും അംഗങ്ങൾ തമ്മിലുള്ള ബന്ധം ഉത്തരോത്തരം സ്നേഹ-സേവനസാന്ദ്രമാക്കുകയും മറ്റു സമുദായങ്ങളിലേക്ക് അതു പകരുകയും ചെയ്യുകയെന്നതാണ് ക്രൈസ്തവസമുദായത്തിലെ സാമൂഹികനേതൃത്വത്തിന്റെ ചുമതല. തങ്ങൾ ആധ്യാത്മികനേതൃത്വംമാത്രമേ ഏറ്റെടുക്കുകയുള്ളുവെന്നു പ്രസ്താവിച്ചു സമുദായകാര്യങ്ങൾക്ക് നേതൃത്വംകൊടുക്കാൻ, 'നിങ്ങളിലെ മികവുറ്റവരെ നിങ്ങളിൽനിന്നു നിങ്ങൾതന്നെ തിരഞ്ഞെടുക്കാൻ' ആവശ്യപ്പെട്ടു 12 ശ്ലീഹന്മാർ ഒന്നിച്ചുചേർന്നു നടത്തിയ നയപ്രഖ്യാപനത്തിന്റെ അർത്ഥവും മറ്റൊന്നല്ല. അതിൻപ്രകാരം ആദിമസഭയിൽ സമുദായനടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നേതൃത്വം പൂർണമായും ആ വിശ്വാസിസമൂഹത്തിനായിരുന്നുതാനും.
1599-ലെ ഉദയംപേരൂർ സുന്നഹദോസുവരെ കേരളസഭയിലും അതേ രീതിയായിരുന്നു പുലർന്നുപോന്നിരുന്നത് എന്ന് ചരിത്രകാരന്മാർ സാക്ഷിക്കുന്നു. ഉദാഹരണത്തിന്, റവ. ഡോ. ജോസ് കുറിയേടത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''സമുദായത്തിന്റെ ഭൗതികഭരണകാര്യങ്ങളിൽ മെത്രാന്മാർ ഉൾപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ചരിത്രകാരന്മാർ ഏതാണ്ട് ഐകകണ്ഠ്യേന അഭിപ്രായപ്പെടുന്നത്, വളരെ വിരളവും അസാധാരണവുമായ സന്ദർഭങ്ങളിലൊഴികെ, മെത്രാന്മാർ ഒരിക്കലും, അത്തരം അധികാരപ്രയോഗങ്ങൾ നടത്തിയിട്ടില്ല എന്നാണ്. സമുദായത്തിന്റെ സാമൂഹിക-ഭൗതികകാര്യങ്ങളിൽ ഭരണനിർവഹണം നടത്തിയിരുന്നത് സാധാരണഗതിയിൽ ജാതിക്കുകർത്തവ്യനും പള്ളിയോഗവുമായിരുന്നു'' (Authority in the Catholic Community in
Kerala, പേജ് 86-സ്വന്തം തർജമ) വിഖ്യാത സഭാചരിത്രകാരനായ റവ. ഡോ. സേവ്യർ കൂടപ്പുഴയും ഇതേകാര്യം ഇങ്ങനെ എഴുതിയിരിക്കുന്നു: ''മെത്രാൻ ആത്മീയകാര്യങ്ങളിൽമാത്രം ശ്രദ്ധിക്കുകയെന്നതായിരുന്നു മലബാറിലെ രീതി. നസ്രാണികളുടെ ആർച്ച് ഡീക്കനായിരുന്നു സാമ്പത്തികവും സാമൂഹികവും സാമുദായികവും ഭരണപരവുമായ എല്ലാ കാര്യങ്ങളും നടത്തിപ്പോന്നത്. മെത്രാന്റെയും ആർച്ച് ഡീക്കന്റെയും അധികാരമണ്ഡലങ്ങൾ രണ്ടായിരുന്നു'' (ഭാരതസഭാചരിത്രം, പേജ് 337). ചുരുക്കത്തിൽ, പുതിയനിയമത്തിൽ പരാമർശിച്ചിട്ടുള്ള ആദിമസഭാസമ്പ്രദായത്തിലും, പതിനാറു നൂറ്റാണ്ടുകാലം നിലനിന്ന കേരളസഭാസമ്പ്രദായത്തിലും സഭയുടെ ആദ്ധ്യാത്മികനേതൃത്വവും സാമൂഹികനേതൃത്വവും രണ്ടായിരുന്നു. ബൈബിൾ പരാമർശിതമായ ആദിമസഭയിൽ ഈ സഭാസമ്പ്രദായത്തിന് പീഡനങ്ങൾമൂലവും, പിന്നീടത് റോമൻ സാമ്രാജ്യമതമായി അംഗീകരിക്കപ്പെട്ടതുമൂലവും സ്വാഭാവികമായ വളർച്ചയും വികാസവുമുണ്ടായില്ല. എന്നുമാത്രമല്ല, അത് റോമൻ സാമ്രാജ്യത്വമൂശയിൽ ഉടച്ചുവാർക്കപ്പെടുകയുംചെയ്തു. എന്നാൽ, കേരളസഭയിൽ ഈ ആദിമസഭാസമ്പ്രദായം കൃത്യമായ രൂപ-ഭാവങ്ങളോടെ വളർന്നു വികസിക്കുകയാണുണ്ടായത്. 'മാർത്തോമ്മയുടെ മാർഗ്ഗവും വഴിപാടും' എന്നറിയപ്പെടുന്ന ഈ സഭാസമ്പ്രദായത്തെ കുഴിച്ചുമൂടാൻ സമീപകാലത്ത് നേതൃത്വംകൊടുത്ത മാർ ജോസഫ് പൗവ്വത്തിലിനുപോലും അതിനെ തള്ളിപ്പറയാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം അതേക്കുറിച്ച് റോമിൽപോയി പ്രസംഗിച്ചതിങ്ങനെയാണ്:
''അവരുടെ (കേരളക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകത്തിന്റെ ആകെത്തുക, 'മാർത്തോമ്മയുടെ നിയമം' (മാർത്തോമ്മായുടെ മാർഗ്ഗം) എന്ന പദസമുച്ചയത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയിൽ പ്രത്യേകം പ്രകടമാകുന്ന മുഴുവൻ ക്രൈസ്തവപൈതൃകവും അതിൽ അന്തർലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്കാരമാണ് മാർത്തോമ്മായുടെ മാർഗ്ഗം'' ('Acts of the Synod of Bishops of the Syro-Malabar Church,'പേജ് 71, സ്വന്തം തർജമ). ഈ സഭാസമ്പ്രദായത്തിന് സുവിശേഷവുമായുള്ള ഗാഢബന്ധത്തെ തന്റെ Ecclesial
Identity of the Thomas Christians' എന്ന പുസ്തകത്തിൽ കൂടപ്പുഴയച്ചൻ ഇങ്ങനെ സ്ഥാപിക്കുന്നു: ''പുതിയനിയമപശ്ചാത്തലത്തിന്റെ സ്വഭാവസവിശേഷതകളുമായി മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭാഭരണസമ്പ്രദായത്തിനു വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ വികേന്ദ്രീകൃതമായ സഭാഭരണരീതി, അപ്പോ. പ്രവ. 6:1-6 വാക്യങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ടുള്ളതായിരുന്നു. അപ്പോസ്തലന്മാർ നൽകിയ മുൻഗണനയ്ക്കുള്ള ഉത്തമമാതൃകയാണ് നാമിവിടെ കാണുന്നത്'' (പേജ് 74-സ്വന്തം തർജമ). ഇതേ മാതൃക അനുകരിച്ച് ജസ്റ്റീസ് കൃഷ്ണയ്യർ കമ്മീഷൻ ക്രോഡീകരിച്ച് ഗവൺമെന്റിനു നൽകിയിട്ടുള്ള 'ചർച്ച് ആക്ടി'നെതിരെ ഏറ്റവും ശക്തമായി നിലകൊള്ളുന്ന തൃശ്ശൂർ രൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെത്രാൻ സിംഹാസനത്തിന് അർഹനായതുതന്നെ, 'Law of Thomas' എന്ന കേരള സഭാസമ്പ്രദായത്തെക്കുറിച്ചു പഠനപ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിക്കൊണ്ടാണ് എന്നോർക്കുക. 'The Juridical
Sources of the Syro-Malabar Church' എന്ന പഠനഗ്രന്ഥത്തിൽ, ''ഒരു ക്രിസ്ത്യൻ ശിക്ഷണക്രമം എന്ന നിലയിൽ മാർത്തോമ്മായുടെ നിയമം ക്രിസ്തുവിലും ക്രിസ്തുവിന്റെ പ്രബോധനങ്ങളിലും അടിസ്ഥാനമിട്ടിട്ടുള്ളതാണ്'' (The Law of Thomas, as a Christian discipline, is founded on Christ
and his teachings') എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്!
അങ്ങനെ സഭാചരിത്രകാരന്മാരായ വൈദികരും സഭാധ്യക്ഷന്മാരായ മെത്രാന്മാരുമെല്ലാം സഭയുടെ ആദ്ധ്യാത്മികനേതൃത്വത്തെയും സാമൂഹികനേതൃത്വത്തെയും വേർതിരിച്ചുനിറുത്തിയിരുന്ന കേരളസഭയുടെ ശ്ലൈഹികപാരമ്പര്യമായ മാർത്തോമ്മയുടെ നിയമത്തെ 'ദീപസ്തംഭം മഹാശ്ചര്യം' എന്നു വാഴ്ത്തിപ്പാടുന്നതിൽ മുമ്പന്മാരും, തങ്ങൾക്കത് അധികാരവും പണവും പദവിയും നൽകില്ല എന്നതിനാൽ, അതംഗീകരിച്ചു നടപ്പാക്കുന്നതിനെതിരെ മുഖംതിരിഞ്ഞു നിൽക്കുന്നവരുമായിരിക്കുന്നു! വിദേശിമെത്രാന്മാർക്കുപകരം സ്വദേശി മെത്രാന്മാരെ കിട്ടിയതോടെ എല്ലാം ശരിയായി എന്നു കരുതിവശായി ഉറങ്ങിപ്പോയ കേരള കത്തോലിക്കാസമൂഹം ഉറക്കമുണർന്നപ്പോൾ കാണുന്നത്, സ്വന്തം പൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ് റോമൻ സായിപ്പിനെ അപ്പനായി കാണുന്ന തങ്ങളുടെ മെത്രാന്മാരെയാണ്! കേരളക്രൈസ്തവരുടെ കാലം തെളിയിച്ച 'കാനോൻനിയമ'മായ മാർത്തോമ്മയുടെ നിയമത്തെ, അധികാരമെന്ന മുപ്പതു വെള്ളിക്കാശിനുവേണ്ടി ഒറ്റിക്കൊടുത്ത് റോമൻ കാനോൻ നിയമമെന്ന കുരിശിൽ തറയ്ക്കാൻ കൂട്ടുനിന്നവരാണ് നമ്മുടെ സകല മെത്രാന്മാരും.
ഇതുമൂലമുണ്ടായ കെടുതിയായിട്ടാണ്, കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ, വിശിഷ്യാ ഇവിടുത്തെ കത്തോലിക്കാ സമുദായത്തിന്റെ തനതു നേതൃത്വമില്ലാത്ത അവസ്ഥയെ കാണേണ്ടത്. പുരോഹിതാധികാര ശ്രേണിയുടെ അത്യുന്നതസ്ഥാനി, അതേ അധികാരശ്രേണിയിൽനിന്ന്, അതേ അധികാരശ്രേണിക്കുവേണ്ടി തിരഞ്ഞെടുത്ത്, വിശ്വാസികൾക്കുവേണ്ടിയെന്ന വ്യാജേന ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരക്കടിഞ്ഞാണുകളുമായി സഭാസമൂഹത്തിലേക്ക് അയയ്ക്കുന്നവരാണ് ഫലത്തിൽ ഇന്നത്തെ മെത്രാന്മാർ. അവരുടെയോ സഭാപുരോഹിതന്മാരുടെപോലുമോ തിരഞ്ഞെടുപ്പിൽ യാതൊരു പങ്കാളിത്തവും ഇവിടുത്തെ ക്രൈസ്തവപൗരന്മാർക്കില്ലാത്ത സാഹചര്യത്തിൽ, ഈ നേതൃത്വത്തെ അംഗീകരിക്കേണ്ട യാതൊരു ബാധ്യതയും ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനുണ്ടാകാൻ പാടില്ലാത്തതാണ്. 'പ്രാതിനിധ്യമില്ലാത്ത നികുതിപിരിവ് അംഗീകാരയോഗ്യമല്ല' (No taxation without representation) എന്നതുപോലെതന്നെയുള്ള ഒരു ജനാധിപത്യതത്ത്വമാണ്,
'ജനങ്ങൾ തിരഞ്ഞെടുക്കാത്ത നേതൃത്വം അംഗീകാരയോഗ്യമല്ല' എന്നതും.
ആധ്യാത്മികപരിവേഷം ചാർത്തി നിൽക്കുന്ന പുരോഹിതരുടെ പ്രവൃത്തികളെയും ഇടപെടലുകളെയും ആധ്യാത്മികം, ഭൗതികം എന്ന് വേർതിരിച്ചു കാണാൻ മഹാഭൂരിപക്ഷം വിശ്വാസികൾക്കും സാധിക്കാതെ പോകുന്നതിനാൽ, അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം ആദ്ധ്യാത്മികതയുടെയും മതത്തിന്റെയും പരിധിയിൽ വരുന്നതാണെന്നുള്ള അന്ധമായ ധാരണ പരക്കെയുണ്ട് എന്നതാണ് ഇവിടുത്തെ പ്രശ്‌നം. ഈ അന്ധതയിലാണ് സഭാസ്ഥാപനങ്ങളുടെ നടത്തിപ്പ്, രാഷ്ട്രീയകാര്യങ്ങളിലെ ഇടപെടൽ മുതലായ സാമൂഹികകാര്യങ്ങൾപോലും പൗരോഹിത്യത്തിന്റെ കുത്തകയായിത്തീരുന്നത്. അങ്ങനെ, വിജാതീയർ എന്നു യേശു വിശേഷിപ്പിച്ച റോമാക്കാരുടെ രാജാക്കന്മാരെപ്പോലെ, കേരളസഭാപൗരന്മാരുടെമേൽ മെത്രാന്മാർ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മാത്രമല്ല തങ്ങളുടെമേൽ അധികാരം നടത്തുന്ന ഇവരെ 'ഉപകാരികൾ' എന്ന് കേരളക്രൈസ്തവർ കരുതുകയും ചെയ്യുന്നു (ലൂക്കോ.22:25). അങ്ങനെ കേരളകത്തോലിക്കാസമൂഹത്തിന്റെ അടിമത്തം പൂർണമായിരിക്കുകയാണ്. നേതൃത്വമില്ലാതാക്കപ്പെട്ട കേരളക്രൈസ്തവസമൂഹത്തിന്റെ ഭാഗധേയം മെത്രാന്മാരുടെയും കർദ്ദിനാളന്മാരുടെയും കൈകളിലമരുകയാണ്; അവരുടെ ആജ്ഞാനുവർത്തികളായ ശിങ്കിടികളെ സ്ഥാനാർത്ഥിപ്പട്ടികകളിൽ സമൂദായമറിയാതെ ഉൾപ്പെടുത്തുകയാണ്; ജഡ്ജിമാരെവരെ അവർ തീരുമാനിക്കുകയാണ്. ചുരുക്കത്തിൽ, ക്രൈസ്തവസമുദായത്തിന്റെ സാമൂഹികനേതൃത്വം കർദ്ദിനാർക്കും മെത്രാന്മാർക്കുമാണെന്നമട്ടിൽ രാഷ്ട്രീയകക്ഷികളും അവയുടെ നേതാക്കന്മാരും അവരുമായി, സമുദായത്തിലെ പ്രഗത്ഭമതികളെപ്പോലും അവഗണിച്ച്, രാഷ്ട്രീയവിലപേശലുകൾ നടത്തുകയും പുതിയ രാഷ്ട്രീയസമവാക്യങ്ങൾക്കുപോലും രൂപംകൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അങ്ങനെ സഭയിൽമാത്രമല്ല, പൊതുസമൂഹത്തിലും കേരളക്രൈസ്തവർ പുരോഹിതാധിപത്യത്തിന് വിധേയരായിരിക്കുകയാണ്.
അത്യധികം അപകടകരമായി മുന്നോട്ടു നീങ്ങുന്ന ഈ സാമൂഹിക-രാഷ്ട്രീയസാഹചര്യങ്ങളെ ഇവിടുത്തെ ക്രൈസ്തവർ, പ്രത്യേകിച്ച് കത്തോലിക്കർ സഗൗരവം വിശകലനംചെയ്തു വിലയിരുത്തേണ്ടിയിരിക്കുന്നു.
ഒന്നാമതായിത്തന്നെ, ഒരു വിദേശരാഷ്ട്രത്തലവനായ മാർപാപ്പയുടെ പ്രതിനിധികൾമാത്രമായ മെത്രാൻസ്ഥാനികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുകയെന്നാൽ അത് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കലാണ്. അതോടൊപ്പംതന്നെ, മാർപാപ്പ നൽകാത്ത ഒരധികാരം മെത്രാന്മാർ ഇന്ത്യയിൽ പ്രയോഗിക്കുകയെന്നാൽ, അത് ഒരേസമയം മാർപാപ്പയെയും ഇവിടത്തെ വിശ്വാസികളെയും വഞ്ചിക്കലാണ്. മാർപാപ്പയായി അവരോധിക്കപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പോപ്പ് ഫ്രാൻസീസ് പറഞ്ഞിരുന്നു, താൻ മാർപാപ്പയായി തുടരുന്ന കാലത്തോളമെങ്കിലും സഭ പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുകയില്ല, എന്ന്. ഏറ്റവും അവസാനം അദ്ദേഹമെഴുതിയ എൃമലേഹഹശ ഠൗേേശ (ഏവരും സോദരർ) എന്ന ചാക്രികലേഖനത്തിലും, 'പാർട്ടിരാഷ്ട്രീയം അല്മായരുടെ മേഖലയാണെ'ന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അതായത്, കത്തോലിക്കാസമുദായത്തെ പ്രതിനിധീകരിച്ച് ഇവിടുത്തെ മഹാപുരോഹിതർ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ മാർപാപ്പയെ തിരസ്കരിച്ചുകൊണ്ട് ഇന്ത്യയുടെ പരമാധികാരത്തിനെതിരെ നടത്തുന്ന വിദേശമതരാഷ്ട്രീയമാണ്.
രണ്ടാമതായി, കത്തോലിക്കരുടെ ആദ്ധ്യാത്മികനേതൃത്വത്തെ അവരുടെ സാമൂഹികനേതൃത്വമായി ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥ അംഗീകരിക്കുകയെന്നാൽ, ഇന്ത്യൻ കത്തോലിക്കർക്ക് അവരുടെ തനതു നേതൃത്വത്തിനുള്ള സാധ്യതതന്നെ നിഷേധിക്കലാണ്; അതായത്, അവരുടെ സമുദായത്തിലോ പൊതുസമൂഹത്തിലോ ജനാധിപത്യപരമായി തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കാനുള്ള അവസരം ഈ റെഡിമെയ്ഡ് പുരോഹിതനേതൃത്വം ഇല്ലായ്മചെയ്യുകയാണ്.
മൂന്നാമതായി, ക്രൈസ്തവപൗരോഹിത്യത്തിന്റെ രാഷ്ട്രീയ ഇടപെടൽ അപകടകരമായ ഒരു കീഴ്വഴക്കമാകുകയും, മറ്റു മതസമുദായങ്ങളിലെ പുരോഹിതവിഭാഗങ്ങളും അതനുകരിക്കാൻ ഇടയാക്കുകയും ചെയ്യും. അതു തീർച്ചയായും മതവർഗീയപാതയിലേക്ക് നമ്മുടെ രാഷ്ട്രീയത്തെ വഴിതിരിച്ചുവിടുകയും മതഭിന്നതകൾക്കും സാമുദായികകലഹങ്ങൾക്കും കലാപങ്ങൾക്കുംവരെ കാരണമാകുകയും ചെയ്യും.
ഇക്കാരണങ്ങളാൽ, താൽക്കാലികനേട്ടത്തിനുവേണ്ടി മെത്രാന്മാരെ സമുദായനേതാക്കളായി കാണുന്ന പ്രവണത രാഷ്ട്രീയകക്ഷികളും നേതാക്കളും ഉപേക്ഷിച്ചേതീരൂ. ക്രൈസ്തവരിൽനിന്നും അവരുടെ സ്വതന്ത്ര പ്രസ്ഥാനങ്ങളിൽനിന്നും അതിനുള്ള സമ്മർദ്ദം രാഷ്ട്രീയകക്ഷികളുടെമേൽ ചെലുത്തേണ്ടിയിരിക്കുന്നു. കൂടാതെ, ക്രൈസ്തവസമൂഹത്തെ വ്യാപകമായി പ്രതിനിധീകരിക്കാനുള്ള ശേഷിയിലേക്ക് സ്വതന്ത്ര അൽമായപ്രസ്ഥാനങ്ങൾ വളരേണ്ടതുമുണ്ട്. വളർന്നു വികസിച്ച് കാഴ്ചപ്പാടിലും സമീപനത്തിലും വിശാലമായിക്കൊണ്ടിരിക്കുന്ന അത്തരം പ്രസ്ഥാനങ്ങളുമായിട്ടാകട്ടെ, രാഷ്ട്രീയകക്ഷികളുടെ ചർച്ച!
ചർച്ച് ആക്ടിലൂടെ കൈവരുന്ന സമുദായനേതൃത്വം
'മാർത്തോമ്മായുടെ നിയമ'പ്രകാരമുള്ള പള്ളി ഭരണസമ്പ്രദായത്തിന്റെ കാലാനുസൃത ആവിഷ്കാരമായ 'ചർച്ച് ആക്ട്' നടപ്പിലായാൽ, അത് സഭാസ്വത്തുക്കളുടെ ഭരണനിർവ്വഹണത്തിലേക്കുമാത്രമല്ല, സമുദായത്തിന്റെ നേതൃത്വത്തിലേക്കും വിശ്വാസികളെ നയിക്കുമെന്ന് നാം കാണേണ്ടതുണ്ട്. ഇടവകതല ട്രസ്റ്റ് അസംബ്ലികൾ തിരഞ്ഞെടുക്കുന്ന ട്രസ്റ്റ് കമ്മിറ്റിയംഗങ്ങൾ സ്വാഭാവികമായും ആ ഇടവകക്കാരുടെ നേതാക്കളായിക്കൂടി പരിഗണിക്കപ്പെടും. അതുപോലെതന്നെ, എല്ലാ ഇടവകകളുടെയും പ്രതിനിധികൾ ചേർന്ന രൂപതാ അസംബ്ലിയംഗങ്ങളും അവർ തിരഞ്ഞെടുക്കുന്ന രൂപതാ ട്രസ്റ്റ് കമ്മിറ്റിയംഗങ്ങളും രൂപതാസമൂഹത്തിന്റെ നേതാക്കളായിക്കൂടി രൂപതാസമൂഹത്തിന്റെ മനസ്സിൽ സ്ഥാനംപിടിക്കും. സമാനരീതിയിൽ, തിരഞ്ഞെടുക്കപ്പെടുന്ന സീറോ-മലബാർസഭാ അസംബ്ലിയംഗങ്ങളും ട്രസ്റ്റ് കമ്മിറ്റിയംഗങ്ങളും, സ്വാഭാവികമായിത്തന്നെ മൊത്തം സീറോ-മലബാർ സമൂഹത്തിന്റെ നേതാക്കന്മാരായിത്തീരും. അവരിൽനിന്ന് ഒരു തലവനെ തിരഞ്ഞെടുക്കാനുള്ള വകുപ്പുകൂടി എഴുതിച്ചേർത്താൽമതി, സീറോ-മലബാർ സഭാസമൂഹത്തിന്, 'ജാതിക്കു കർത്തവ്യൻ' എന്ന് സ്ഥാനിക്കു സമാനമായ ഒരു പൊതുനേതൃത്വവും ഉണ്ടാകും. സീറോ-മലബാർ സമുദായത്തിൽമാത്രമല്ല, സമാനമായ സാമൂഹികനേതൃത്വം, ചർച്ച് ആക്ട് നടപ്പിലായാൽ എല്ലാ സഭാസമൂഹങ്ങളിലുമുണ്ടാകും.
അതുകൊണ്ട്, ഈ ലക്ഷ്യംകൂടി മുൻനിറുത്തി ചർച്ച് ആക്ടിനായുള്ള പ്രവർത്തനങ്ങൾ അതിശക്തമാക്കേണ്ടതുണ്ട്, നാം. -
എഡിറ്റർ
No comments:
Post a Comment