Translate

Saturday, February 14, 2015

വൈദികര്‍, കന്യാസ്ത്രികള്‍ കളം വിട്ടു പോരുന്നവര്‍


മുഖക്കുറി - ജോര്‍ജ്ജ് മൂലെച്ചാലില്‍

(ചീഫ് എഡിറ്റര്‍ സത്യജ്വാല)

സത്യജ്വാല ഫെബ്രുവരി ലക്കം ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

ആദിമസഭയിൽ വൈദികരോ കന്യാസ്ത്രീകളോ ഉണ്ടായിരുന്നില്ല. ക്രൈസ്തവസമൂഹത്തിൽ അന്നുണ്ടായിരുന്നത് വചനപ്രഘോഷകരും സഭാശുശ്രൂഷകരുമായിരുന്നു (അപ്പോ.പ്രവ.6:1-6). സാധാരണജീവിതം നയിച്ചുകൊണ്ടുതന്നെ വചനപ്രഘോഷകർ സഭയിൽ ആദ്ധ്യാത്മികശുശ്രൂഷയും, സഭാശുശ്രൂഷകർ സഭയ്ക്കാവശ്യമായ ഭൗതികശുശ്രൂഷയും നിർവ്വഹിച്ചുപോന്നു. അത്മായരെന്ന ഒരു വിഭാഗവും അന്നുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്, 'തിരഞ്ഞെടുക്കപ്പെട്ട വർഗ്ഗം'  'രാജകീയ പുരോഹിതഗണം', 'വിശുദ്ധജനത', 'ദൈവത്തിന്‍റെ  സ്വന്തം ജനംഎന്നിങ്ങനെ ഏറ്റവും മഹനീയനാമങ്ങൾകൊണ്ട് പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ച (1 പത്രോ.2:9)ദൈവജനമായിരുന്നു.

മറ്റൊരു ആദിമസഭയായ ഭാരതനസ്രാണിസഭയിലും അത്മായരോ വൈദികരോ കന്യാസ്ത്രീകളോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് 'ഇണങ്ങർ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദൈവജനവും, അവരുടെ ആദ്ധ്യാത്മികശുശ്രൂഷയ്ക്കായി അവർതന്നെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ചെടുക്കുന്ന കത്തനാരന്മാരും, സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകർതൃത്വത്തിനായി കാലാകാലങ്ങളിൽ തിരഞ്ഞെടുത്തു നിയോഗിക്കുന്ന പള്ളിയോഗാംഗങ്ങളുമായിരുന്നു. ഈ എല്ലാ വിഭാഗങ്ങളും സാധാരണജീവിതം നയിച്ചുകൊണ്ടുതന്നെ തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചുപോന്നു.

ബൈബിളിൽ പരാമർശിച്ചിട്ടുള്ള ആദിമസഭ എ.ഡി. 312-ൽ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈനിന്‍റെ  മാനസാന്തരത്തോടെ അവസാനിച്ചു. റോമൻ കൊളോണിയലിസം അടിച്ചേൽപ്പിക്കാൻ പോർട്ടുഗീസ് മെത്രാപ്പോലീത്താ ഡോം മെനേസിസ്, രാഷ്ട്രീയ-സൈനിക-പിൻബലത്തോടെ കേരളത്തിൽ നടത്തിയ 1599-ലെ ഉദയംപേരൂർ സൂനഹദോസിലൂടെ ഭാരതനസ്രാണിസഭയും ഊർദ്ധ്വൻ വലിച്ചു.

ഇപ്പോൾ എല്ലായിടത്തുമുള്ളത്, യേശു അരുതെന്നു വിലക്കിയ (മത്താ 20:2528, മർക്കോ. 9:35; 10:42-45; ലൂക്കോ. 22:24-27; യോഹ. 13:13-17) വിജാതീയ അധികാരക്കമ്മട്ടത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി വാർത്തെടുത്ത് യേശുവിന്‍റെ പേരുകൊണ്ടു വെള്ളപൂശിയ റോമൻനിർമ്മിത (Made in Rome) സഭയാണ്. ഈ നിർമ്മിതസഭയിൽ ഇന്നു കാണുന്ന സകലതും ആ കമ്മട്ടത്തിൽത്തന്നെ കൃത്രിമമായി നിർമ്മിക്കപ്പെട്ടവയാണ്. അങ്ങനെ നിർമ്മിക്കപ്പെട്ട പലതിൽ ഒന്നുമാത്രമാണ്, നാലാം നൂറ്റാണ്ടിലാരംഭിച്ച്, എ.ഡി 500-ൽ പ്രത്യേക വസ്ത്രമുടുപ്പിച്ച്, എ.ഡി. 1079-ൽ വിവാഹനിരോധനത്തിലൂടെ ഷണ്ഡന്മാരാക്കി, കത്തോലിക്കാസഭ അവതരിപ്പിച്ച പൗരോഹിത്യം. ഇത്തരമൊരു പൗരോഹിത്യത്തിനനുകൂലമായി യേശു ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല എന്നതിൽനിന്നുതന്നെ, ഇന്നു കാണപ്പെടുന്ന കത്തോലിക്കാ പൗരോഹിത്യം യേശു വിഭാവനംചെയ്തതോ സഭയ്ക്ക് ആവശ്യമുള്ളതോ അല്ലെന്നു മനസ്സിലാക്കാം. ഒന്നര സഹസ്രാബ്ദത്തിലേറെയായി എത്രയോ തലമുറകളിലെ എത്രയോ ലക്ഷം മനുഷ്യജന്മങ്ങൾക്കാണ് അവർക്കവകാശപ്പെട്ട സ്വാഭാവികജീവിതം ഈ സംവിധാനം നിഷേധിച്ചത് എന്നോർത്തു നോക്കുക. മനുഷ്യനെ മയക്കുന്ന ഒരു തരം ദൈവികപരിവേഷത്തിൽ അത് ഇന്നും ശക്തിയാർജ്ജിച്ചുനിൽക്കുന്നു എന്ന വസ്തുതയും കാണുക.

ഇതെല്ലാം മനസ്സിലാക്കി പൗരോഹിത്യത്തെ നിഷേധിച്ചു ജീവിക്കുന്നവർ ക്രൈസ്തവസമൂഹത്തിൽ വളരെയുണ്ട്. ഇക്കാരണംകൊണ്ടുതന്നെ പള്ളികളിൽനിന്നും സഭയിൽനിന്നും മാറിനിൽക്കുന്നവരും വിട്ടുപോകുന്നവരും വളരെയാണ്. പക്ഷേ, അതുകൊണ്ടുമാത്രം ഒരു മാറ്റവും സംഭവിക്കുന്നില്ല. മനുഷ്യന്‍റെ ആദ്ധ്യാത്മികവളർച്ചയ്ക്കു തടസ്സംസൃഷ്ടിച്ചുകൊണ്ട് പൗരോഹിത്യം ഓരോ മനുഷ്യനെയും മുഴുവൻ ലോകത്തെയും ചൂഴ്ന്നുനിൽക്കുന്നു എന്ന യാഥാർത്ഥ്യബോധത്തോടെയുള്ള സൃഷ്ടിപരവും പ്രതിരോധാത്മകവുമായുള്ള പ്രവർത്തനങ്ങളാണ് ഇന്നാവശ്യമായിരിക്കുന്നത്. ഇതിൽ ആത്യന്തികമായിട്ടുള്ളത്, മതത്തെയും മതദർശനങ്ങളെയും പൗരോഹിത്യത്തിൽനിന്നു മോചിപ്പിച്ച് ആദ്ധ്യാത്മികാചാര്യന്മാരെ ഏല്പിക്കുക എന്നതാണ്. ഈ ആത്യന്തികലക്ഷ്യത്തിൽ ദൃഷ്ടിപതിപ്പിച്ചുകൊണ്ടുതന്നെ അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യം, പൗരോഹിത്യസമ്പ്രദായത്തിനിരകളാകുന്ന മനുഷ്യരെ രക്ഷിക്കാനുള്ള സംഘടിതശ്രമങ്ങൾക്കു തുടക്കംകുറിക്കുക എന്നതാണ്.

പൗരോഹിത്യസമ്പ്രദായത്തിന്‍റെ മുഖ്യ ഇരകൾ, മുമ്പു സൂചിപ്പിച്ചതുപോലെ, സ്വാഭാവികജീവിതം നിഷേധിക്കപ്പെട്ട പുരോഹിതർതന്നെയാണ്. എല്ലാ സന്ന്യാസിനീ-സന്ന്യാസികളും ആ ഗണത്തിൽപ്പെടുന്നു. മനുഷ്യസാധാരണമായ ഒരു ജീവിതം നിഷേധിക്കപ്പെട്ട് പുരോഹിത-സന്ന്യസ്താന്തസുകളിൽ ജീവിക്കേണ്ടിവരുന്ന ഇവർ തികച്ചും അക്രൈസ്തവമായ ഒരു സഭാസംവിധാനത്തിന്‍റെ ഇരകൾ മാത്രമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു മനസ്സിലാക്കൽ (understanding) ഉണ്ടാകുന്നപക്ഷം, ഈ വിഭാഗങ്ങളിലുള്ളവരോട് വലുതായ ഒരു അനുകമ്പ ആരുടെമനസ്സിലും കിനിയാതിരിക്കില്ല. സഭാധികാരഘടനയോടു ചേർന്നുനിന്ന് വിശ്വാസിസമൂഹത്തെ വർഗ്ഗാടിസ്ഥാനത്തിൽ അടിച്ചൊതുക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്നവരാണിവരിലേറെയും എന്ന അനുഭവമുള്ളവരിൽ ഉയർന്നുനിന്നേക്കാവുന്ന അമർഷത്തിന്‍റെ ജ്വാലകൾപോലും, പച്ചയായ മനുഷ്യജീവിതത്തിന്‍റെ അനുഭവാനുഭൂതികൾ നഷ്ടമായ അവരുടെ ജീവിതത്തെയോർത്തുള്ള നെടുവീർപ്പിൽ അമർന്നടങ്ങാനാണിട. ഓർത്തുനോക്കിയാൽ, അത്രയ്ക്കും ദൈന്യവും ഊഷരവുമാണ് ഓരോ വൈദികന്‍റെയും കന്യാസ്ത്രീയുടെയും ജീവിതം. വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയും മെരുക്കലിലൂടെയും സ്വതന്ത്രചിന്തയും തനതു വ്യക്തിത്വവും നഷ്ടമാകുന്ന ഭൂരിപക്ഷം യാഥാസ്ഥിതിക പുരോഹിതർക്കും കന്യാസ്ത്രീകൾക്കും, ഒരുപക്ഷേ, ഇതു മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ദൈവവിളിക്കനുസൃതമായ ഒരു മഹത്ജീവിതമാണ് തങ്ങൾ നയിച്ചുകൊണ്ടിരിക്കുന്നത് എന്ന വിശ്വാസം മരിക്കുവോളം അവർ പുലർത്തിയേക്കാംതാനും.

എന്നാൽ, പള്ളിയിൽനിന്നുള്ള മണിമുഴക്കംമുതൽ, ധൂമക്കുറ്റിയിൽനിന്നുയരുന്ന കുന്തിരിക്കപ്പുകയുടെ അലൗകികമെന്നുതോന്നിക്കുന്ന പരിമളവും പാട്ടുകളുടെ ഇമ്പവും, മുത്തുക്കുടകളും മെഴുകുതിരിനാളങ്ങളും പുരോഹിതരുടെ സ്വർണ്ണവർണ്ണാങ്കിതമായ അങ്കിവസ്ത്രങ്ങളും അൾത്താരയും അരുളിക്കയും ആശീർവ്വാദവും, പശ്ചാത്തലത്തിൽ പറന്നു നിൽക്കുന്ന മാലാഖമാരും പെരുന്നാളും പ്രദക്ഷിണവും, പ്രദക്ഷിണമദ്ധ്യേ 'ദൈവഭയ'മുണർത്തി മുട്ടുകുത്തിക്കുന്ന എരിപൊരി മാലപ്പടക്ക-ഗുണ്ടുപ്രയോഗവുമെല്ലാം ചേർന്ന് ബാല-കൗമാര മനസ്സുകളിലുണർത്തുന്ന വിഭ്രാന്തമായ വ്യാജഭക്തിയിൽനിന്നുറവെടുത്തതായിരുന്നു തങ്ങളുടെ 'ദൈവവിളി' എന്ന് കാലംതെറ്റിയാണെങ്കിലും മനസ്സിലാക്കുന്നവരുടെ എണ്ണം ഇന്നു ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. പക്ഷേ, അവരിൽത്തന്നെ മഹാഭൂരിപക്ഷവും ജീവിതസുരക്ഷിതത്വത്തെയോർത്തുള്ള ആപത്ശങ്കയിൽ തങ്ങൾ അകപ്പെട്ടുപോയ ജീവിതാന്തസുകളിൽ എങ്ങനെയെങ്കിലുമൊക്കെ പൊരുത്തപ്പെടാൻ ശ്രമിച്ച് അസ്വസ്ഥജീവിതമാണു നയിച്ചുപോരുന്നത്. അവരിൽ പ്രതിഭാധനരായ ചിലർ സഭയ്ക്ക് എതിർപ്പുണ്ടാവില്ല എന്നുറപ്പുള്ളതും തങ്ങളുടെ അഭിരുചിക്കു ചേരുന്നതുമായ ഏതെങ്കിലും പ്രവർത്തനമേഖല കണ്ടെത്തി തങ്ങളുടെ ജീവിതത്തിന് അർത്ഥംനൽകാൻ ശ്രമിക്കുന്നു. ലോകത്തിൽനിന്നു മുഖംതിരിച്ച് തീർത്തും അന്തർമുഖരായി ഏകാന്തജീവിതം നയിക്കുന്ന ചുരുക്കം ചിലർ വേറെയുമുണ്ട്.  വളരെ കുറച്ചുപേർമാത്രം, ''ഈ ഇരട്ടമുഖജീവിതം അവസാനിപ്പിക്കൂകൈമോശം വന്ന സ്വാഭാവികജീവിതം തിരിച്ചുപിടിക്കൂ''എന്ന തങ്ങളിലെ ദൈവികസ്വരത്തിനു കാതുകൊടുക്കുന്നു. എങ്കിലും അവർക്ക്, വൈദിക-കന്യാസ്ത്രീജീവിതാന്തസുകൾ പ്രദാനംചെയ്യുന്ന ബഹുമാന്യതയും സാമൂഹികാന്തസ്സും ഭൗതികസുരക്ഷിതത്വവും ഒരുവശത്തും, സ്വന്തം കുടുംബത്തിന്‍റെയും സമുദായത്തിന്‍റെയും സഭയുടെയും തിരസ്‌കാരവും അവജ്ഞയും സാമ്പത്തികസുരക്ഷിതത്വമില്ലായ്മയും മറുവശത്തും കാണാതിരിക്കാനാവില്ല. തന്മൂലം, സംഘർഷത്തിന്‍റെതായ വലിയ വേലിയേറ്റങ്ങൾക്ക് അവർ വിധേയരാകുന്നു. വളരെ നാളുകളിലെ പ്രാർത്ഥനയ്ക്കും മൗനമുദ്രിതമായ ധ്യാനത്തിനും മനനത്തിനുമൊടുവിൽ മാത്രമേ, ഈ യഥാർത്ഥ ദൈവവിളിക്കു സ്വന്തം ജീവിതംകൊണ്ടു മറുപടി പറയാൻ അവർക്കാകൂ. അങ്ങനെ കടുത്ത തീരുമാനം സുചിന്തിതമായെടുത്ത സാഹസികരാണ് പൊതുവെ കളംവിട്ടു പുറത്തുപോരുന്ന വൈദികരും കന്യാസ്ത്രീകളും എന്നു നാം കാണേണ്ടതുണ്ട്. അതിന്‍റെതായ ആദരവും അംഗീകാരവും പിന്തുണയും അവർക്കു നൽകേണ്ടതുമുണ്ട്.

ഇന്നു സ്ഥിതി നേരെ മറിച്ചാണെന്ന് എല്ലാവർക്കും അറിയാം. അംഗീകാരത്തിനുപകരം അവഗണനയും, ആദരവിനു പകരം അവജ്ഞയുമാണ് അവർക്കു സ്വന്തം സഭയിൽനിന്നും സമുദായത്തിൽനിന്നും വീട്ടുകാരിൽ നിന്നും നാട്ടുകാരിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തിനു പേരുദോഷമുണ്ടാക്കിയ ആൾ എന്നപോലെ സ്വന്തം വീട്ടുകാരും, ഒരു പരസ്യപാപി എന്നപോലെ സ്വന്തം സമുദായവും, അവരെ കാണുകയും കൈയൊഴിയുകയും ചെയ്യുന്നു. പ്രതിജ്ഞ ലംഘിച്ച് സഭയെ  വഞ്ചിച്ചയാൾ എന്ന നിലയിൽ സഭയും കൈവിടുന്നു. അങ്ങനെ സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലർ ത്താൻ തീരുമാനിച്ചിറങ്ങിയതിന്‍റെ പേരിൽ ഓരോ വൈദികനും കന്യാസ്ത്രീയും നാനാവശങ്ങളിൽനിന്നും ഒറ്റപ്പെടുകയാണ്, ക്രൂശിക്കപ്പെടുകയാണ്. അതിനുപുറമേയാണ്, അവർ നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി.

സാധാരണ നിലയിൽ ഓരോരുത്തരുടെയും സാമ്പത്തികജീവിതം ഊന്നിനിൽക്കുന്നത്, സ്വന്തം കുടുംബസ്വത്തിലും ജോലിയിൽനിന്നുള്ള വേതനം, പെൻഷൻ എന്നിവയിലുമാണ്. ഔപചാരിക വിദ്യാഭ്യാസയോഗ്യതയുള്ള ചുരുക്കം ചിലർക്കുമാത്രമേ ജോലി സാധ്യതയുള്ളൂ. ബഹുഭൂരിപക്ഷവും ഒരു വരുമാന മാർഗ്ഗവും മുന്നിൽ കാണാതെയാണു വരുന്നത്. കുടുംബസ്വത്ത്, പലപ്പോഴും അവരെ ഉൾപ്പെടുത്താതെതന്നെ ഭാഗംവച്ചു കഴിഞ്ഞിരിക്കും. കന്യാസ്ത്രീകൾക്കു തീർച്ചയായും ഒരു ഓഹരിയും നീക്കിവച്ചിട്ടുണ്ടാവില്ല. കുടുംബത്തിന് അപമാനമുണ്ടാക്കിയ അംഗമെന്ന നിലയിൽ, മറ്റംഗങ്ങൾ ചേർന്ന് തിരിച്ചുവന്ന വൈദികനെ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടാകും. അല്ലെങ്കിൽ, ഓഹരിയെന്ന നിലയിൽ ഒരു ചെറിയ തുക നൽകി നാട്ടിൽനിന്നുതന്നെ ഒഴിവാക്കാൻ നോക്കും. സ്വന്തം തറവാട്ടുസ്വത്തിൽ ഒരു വീടുവയ്ക്കാനുള്ള സ്ഥലത്തിനുവേണ്ടി വീട്ടുകാർക്കെതിരെ കേസുകൊടുക്കേണ്ടിവന്ന അനുഭവം പല വൈദികർക്കുമുണ്ട്. രണ്ടാമത്തെ കുടുംബമെന്നപോലെ ജീവിക്കുകയും സേവനംചെയ്യുകയും ചെയ്ത സഭയും, പുകഞ്ഞ കൊള്ളി പുറത്ത് എന്ന സമീപനം സ്വീകരിച്ച്, തിരിച്ചുപോരുന്നവരുടെ ഭാവിജീവിതത്തിലുള്ള ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകി പിന്മാറുന്നു. എന്തെങ്കിലും ചോദിച്ചാൽ, പഠിപ്പിച്ചതിന്‍റെയും പരിശീലിപ്പിച്ചതിന്‍റെയും അത്രയും കാലം തീറ്റിപ്പോറ്റിയതിന്‍റെയും തുക തിരിച്ചുചോദിക്കും.

കത്തോലിക്കാസമൂഹത്തിൽ നിലനിൽക്കുന്ന ഈ ദുഷിച്ച സാഹചര്യം അപ്പാടെ മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി, സഭയിലെ ചിന്താശേഷിയും മനുഷ്യത്വവുമുള്ള എല്ലാവരും രംഗത്തിറങ്ങണം. സഭാതലത്തിൽത്തന്നെ അതിനു മുൻകൈയെടുക്കണമെന്നാവശ്യപ്പെടാൻ വിശ്വാസിസമൂഹം തയ്യാറാകണം. വൈദിക-കന്യാസ്ത്രീ ജീവിതാന്തസുകളിൽ തുടരാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ അതു വേണ്ടെന്നുവച്ചു തിരിച്ചുപോരുന്നത് ഒരു തെറ്റല്ലെന്നും, മനഃസാക്ഷിയെ വഞ്ചിച്ച് അതിൽ തുടരുന്നതിനെക്കാൾ കൂടുതൽ ശരി അതാണെന്നുമുള്ള അവബോധം സമൂഹത്തിനു പകരണം. തിരിച്ചുപോന്നാലത്തെ അരക്ഷിതാവസ്ഥ ഭയന്ന് ആവൃതിക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്നവർക്ക് ധൈര്യം പകരുന്ന പുനരധിവാസ ഷെൽട്ടറുകൾ ഉണ്ടാകണം.

ഇതെല്ലാം ലക്ഷ്യംവച്ചാണ് കെ.സി.ആർ.എം. ഈ മാസം 28-ന് കൊച്ചിയിൽ ഇവർക്കുവേണ്ടി ഒരു ദേശീയസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതു വലിയ പ്രതീക്ഷകൾ സമുദായത്തിൽ ഉയർത്തിക്കഴിഞ്ഞു. ഈ സംരംഭത്തിന് ലോകമെമ്പാടും നിന്നുള്ള വിജയാശംസാ പ്രവാഹം അതാണു സൂചിപ്പിക്കുന്നത്. ധാരാളം വൈദികരും കന്യാസ്ത്രീകൾപോലും, പേരു വെളിപ്പെടുത്തരുതെന്നഭ്യർത്ഥിച്ച്, അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും ഈ ഉദ്യമത്തിലുള്ള അവരുടെ പ്രതീക്ഷകളും പങ്കുവച്ചുകൊണ്ടിരിക്കുന്നു.

2015 ഫെബ്രുവരി 28 കേരളാസഭാചരിത്രത്തിൽ ഒരു സുപ്രധാന വഴിത്തിരിവിനു നാന്ദിയാകട്ടെ! അന്നു തുടക്കം കുറിക്കുന്ന ‘KCRM Priests & Ex Priests - Nuns Association’ വൈദികരുടെയും സന്ന്യസ്തരുടെയും തിരിച്ചുപോന്നവരുടെയും ഇനി പോരാനാഗ്രഹിക്കുന്നവരുടെയും ഒരു വലിയ ആശാകേന്ദ്രമായി വളരട്ടെ! ഈ മഹാസംരംഭത്തി‘KCRM Priests & Ex Priests - Nuns Association’ വിജയത്തിനായി സമുദായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാകട്ടെ!

1 comment:

  1. "ക്രിസ്ത്യാനി" എന്നാല്‍ ക്രിസ്തുവിനെ അനുയാനം ചെയ്യുന്നവന്‍ എന്നല്ലേ അര്‍ഥം? കേരളത്തില്‍ ഈ ഇനത്തെ ഇന്ന് കണികാണാനില്ലാതായി! കാരണം ക്രിസ്തുമതത്തെ, ക്രിസ്തുവിനെ,അവന്റെ തിരുവചനങ്ങളെ അവരവരുടെ വയറ്റിപ്പാടിന്റെ 'ഈസി ഉപാധിയായി' കരുതിയ പലയിനം പാസ്സ്റെര്‍/പുരോഹിതര്തന്നെ ! അവര്‍ കുഴിച്ച "ആത്മീയചതിക്കുഴിയില്‍" വീണു ജന്മം തകര്‍ന്ന കര്‍ത്താവിന്റെ മണവാട്ടിമാരെ, പുരോഹിതരെ പുനരധിവസിപ്പിക്കുവാൻ ഇന്ത്യയില്‍ത്തന്നെ ആദ്യമായി "നല്ലശമരായന്‍" എന്ന കേരള ക്രിസ്ത്യന്‍ റിഫോര്‍മേഷോണ്‍ മൂവ്മെന്റ് KCRM , ഈ ഫെബ്രുവരിമാസം ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച, എറണാകുളം പാലാരിവട്ടം SNDP ഹാളില്‍ , രാവിലെ പത്തുമണി മുതല്‍ നടക്കുന്ന സെമിനാറില്‍ കേരളത്തിലെ (സഭാഭേധമെന്ന്യേ)ക്രിസ്തുവിന്റെ "നല്ലശമരായരേ" ,നമുക്കൊത്തുചേരാം...കുരിശിതന്‍ നിങ്ങളെ അവിടെ അന്നു കാണാന്‍ കൊതിക്കുന്നു ! പുരോഹിതന്റെ അച്ചടക്കമില്ലാത്ത ,ദൈവത്തെ അറിയാത്ത അഹന്ത, ഭോഗാസക്തി ഇനിയും കാലം പൊറുക്കുമോ? ഇല്ല! കൊല്ലത്തിലൊരിക്കലെങ്കിലും ക്രിസ്തുവിന്‍റെ പ്രിയനായ നല്ല ശമരായനാകൂ ..ആ വര്ഷം മുഴുവന്‍ നിങ്ങള്‍ പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകേണ്ടാ ..നിങ്ങള്‍ രക്ഷിക്കപ്പെട്ടു!!,ക്രിസ്തു നിങ്ങള്ക്ക് രക്ഷകനായില്ലേ പിന്നെന്തിനീ "പാഷാണംപാതിരി" ??
    "ഉന്തിന്റെ കൂടൊരു തള്ളല്‍"എന്ന കണക്കെ ശ്രീ ജോര്‍ജ്ജ്മൂലെച്ചാലിയുടെ ഉഗ്രന്‍ മുഖക്കുറിക്ക് ഇതാ എന്റെ കുറിപ്പ്!

    ReplyDelete