Translate

Wednesday, October 10, 2012

ഭക്തിയും പരിസ്ഥിതിയും

ഈയിടെ ജോസഫ് മാത്യു പോസ്റ്റ്‌ ചെയ്ത ഭക്തിയുടെ മനശാസ്ത്രം എന്ന ലേഖനത്തിന് അനുബന്ധമായി കരുതിയാണ് ഈ കുറിപ്പ്. വിശേഷിച്ച്, മനുഷ്യര്‍ ഭൂമിയെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരിസ്ഥിതിയെപ്പറ്റി ആഴമായി ധ്യാനിക്കാതെ ആരോഗ്യകരമായ ഭക്തിയില്‍ വളരുക എന്നത് ഇന്ന് ചിന്തനീയമേയല്ല. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്താന്‍ നാം സുവിശേഷങ്ങളിലും ഗീതയിലും ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയവ്യക്തിത്വമായ ഗന്ധിജിയിലും അന്വേഷിച്ചാല്‍ മതി. ചരാചരങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തനിയെ വേറിട്ടൊരു അസ്തിത്വം ഒന്നിനും സാദ്ധ്യമല്ല എന്നത് അതിപുരാതനമായ ഒരു ഭാരതീയദര്‍ശനമാണ്. എല്ലാ പൂര്‍വ്വ സംസ്കാരങ്ങളിലും ഈ ചിന്തയുണ്ടായിരുന്നു. അതാകട്ടെ വളരെ ലളിതവുമാണ്. അവയവങ്ങളെല്ലാം ശരീരത്തിന്റെ ഭാഗമാണെന്നും അങ്ങനെയായിരുന്നാല്‍ മാത്രമേ അതിനു ശരിയായ ആരോഗ്യം നിലനിര്‍ത്താനാകൂ എന്നതുപോലെ, നാമോരോരുത്തരും ഈ മഹാപ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു, ജീവികളെല്ലാം അന്യോന്യം പങ്കുവയ്ക്കുക എന്നത് ഓരോന്നിന്റെയും അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും കാതലാണെന്നും ഓര്‍ത്തുകൊണ്ടാല്ലാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ പ്രകൃതിനിയമം അനുവദിക്കുകയില്ല. ഈ സ്വരച്ചേര്‍ച്ചയിലൂടെയാണ് ഓരോ ജീവനും പൂര്‍ണ്ണതയിലെത്തുന്നത്. അറിഞ്ഞോ അറിയാതെയോ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന വ്യതിരിക്തത ഏതെല്ലാം വിനാശങ്ങളിലേയ്ക്കാണ് മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടെത്തിക്കുന്നത് എന്ന് നാം കണ്ടുതുടങ്ങിയിരിക്കുന്നു.  

നമ്മുടെ ഇപ്പോഴത്തെ സഭാനേതൃത്വം ഈ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണല്ലോ, പരിസ്ഥിതിക്ക് ദൂഷ്യം ചെയ്യുന്ന പ്രവൃത്തികള്‍ പാപമാണെന്നും അവയെപ്പറ്റി കുറ്റബോധം ഉണ്ടായി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കേണ്ടവയാണെന്നും അടുത്ത കാലത്തുണ്ടായ KCBCയുടെ ഓര്‍മ്മപ്പെടുത്തല്‍. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ആഴമായ സന്ദേശം ഇതാണ്. ഭൂമിയും അവളുടെ ധാരാളിത്വവും നമുക്ക് മുന്‍തലമുറയില്‍ നിന്ന് കിട്ടിയിട്ടുള്ള വീതമല്ല, മറിച്ച്, ഭാവിയെലെ കുഞ്ഞുങ്ങളില്‍ നിന്ന് നാം താത്ക്കാലികമായ ഉപയോഗത്തിനായി കടംകൊണ്ടിട്ടുള്ളവയാണ്‌ എന്നതത്രേ. ഭൂമിയെ നാം കുറെ നാളത്തേയ്ക്ക് മാത്രം ഉപയോഗിക്കുന്ന വാടകവീടായും കണക്കാക്കാം. അതില്‍ നമ്മള്‍ കേടുപാടുകള്‍ വരുത്തിയാല്‍ ഒരു പക്ഷെ, വാട്കചീട്ടു പുതുക്കിത്തരാതിരിക്കാന്‍ ഉടമസ്ഥന് തീരുമാനിക്കാം. അശ്രദ്ധ ഗുരുതരമെന്ന് കണ്ടാല്‍, താമസക്കാരെ നേരത്തെ ഒഴിപ്പിക്കാനും വകുപ്പുണ്ട് എന്ന് നാം മറക്കാതിരിക്കുന്നത് നന്ന്. എന്റെ വീടും പറമ്പും എന്ന ചിന്തക്ക് പകരം ഭൂമി മുഴുവന്‍ നമ്മുടെ വീടാണ് എന്നുകരുതാന്‍ പഠിക്കുക എന്നതാണ് ഇക്കൊളജിയുടെ അന്തരാര്‍ത്ഥം.

ഇന്ന് സംഭവിക്കുന്നതോ? എല്ലാം കച്ചവടമായി മാറുകയാണ്. ധനമാണ് എവിടെയും ചാലകവസ്തു. 'സമാന്തര ലോകങ്ങള്‍' എന്ന കൃതിയില്‍ മാര്‍ കുരീലോസ്‌ മെത്രാന്‍ പറയുന്നു: Economy (ധനവിനിമയം) oikos (വീട്) nomos (നിയമം) എന്ന ഗ്രീക്ക് മൂലങ്ങളില്‍ നിന്നാണ് ഉണ്ടായത്. ഇക്കോണമി എന്നാല്‍ വീടിന്റെ (ഭൂമിയുടെ) കാര്യനിര്‍വഹണം ആയിരിക്കണം. അപ്പോള്‍ സാമ്പത്തികശാസ്ത്രം ഒരു മതേതര വിഷയമായിരിക്കാനാവില്ല. അത് ഈ ഭൂമിയുമായി, അതിന്റെ നീതിപൂര്‍വമായ നടത്തിപ്പുമായി, ബന്ധപ്പെട്ടിരിക്കണം. ഈ നീതിയാകട്ടെ, മനുഷ്യനെ മാത്രം ബാധിക്കുന്നവയല്ല, മറിച്ച്, പരിസ്ഥിതിയെ മൊത്തം കണക്കിലെടുക്കുന്ന ഒന്നായിരിക്കേണ്ടതുമുണ്ട്.

ഫാ. ബോബിജോസ് യേശുവിന്റെ മരുഭൂവിലെ ഉപവാസത്തിനും ധ്യാനത്തിനും ശേഷമുള്ള പിശാചിന്റെ മൂന്നു പ്രലോഭനങ്ങളെ ആഴമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോള്‍ യേശു തനിച്ചായിരുന്നു. എന്നാല്‍ മൂന്നു സുവിശേഷങ്ങളിലും അതെപ്പറ്റി പരാമര്‍ശമുണ്ട്. ഇങ്ങനെയൊരു അനുമാനം ശരിയാകാം: അതില്‍ വളരെ കാതലായ സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നതിനാല്‍, യേശുതന്നെ ശിഷ്യരോട് തന്റെ അനുഭവം പങ്കുവച്ചിട്ടുണ്ടാവണം. ഈ പ്രലോഭനങ്ങളെല്ലാം ദൂരെക്കാഴ്ച്ചയെ മറക്കാനും തൊട്ടടുത്തുള്ള നേട്ടങ്ങളെ തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം വിശന്നുവലഞ്ഞിരിക്കുന്ന യേശുവിന് കല്ലിനെ അപ്പമാക്കിക്കൂടേ എന്നായിരുന്നു അതിലൊന്ന്. എന്നാല്‍ അപ്പം അത്ര പെട്ടെന്ന് കൈയില്‍ വരുന്ന ഒന്നല്ല. കല്ല്‌ പൊടിഞ്ഞുണ്ടാകുന്ന പാറപ്പൊടി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ പരിണാമത്തിനു ശേഷമാണ് ഉര്‍വ്വരതയുള്ള മണ്ണായിത്തീര്‍ന്ന് അപ്പമുണ്ടാക്കാനുള്ള ധാന്യത്തെ വളര്‍ത്തുന്ന മൂലകമായിത്തീരുന്നത്. അതിന് നീണ്ട ക്ഷമയും കാത്തിരിപ്പും ആവശ്യമുണ്ട്. അതിനു തയ്യാറല്ലാത്തവരാണ് കാണുന്ന പാറയെല്ലാം പൊട്ടിച്ച് ഉടനടി കാശാക്കി മാറ്റാന്‍ നോക്കുന്നത്. ഇത്തരം കുറുക്കുവഴികള്‍ പ്രകൃതിയെ കൊല്ലുന്നു എന്നു മനസ്സിലാക്കുക ഓരോരുത്തരുടെയും ഭക്തിയുടെ ഭാഗമായിത്തീരണം. അത് മറക്കുന്നിടത്തു ആത്മീയതയില്ല എന്ന് യേശുവിന്റെ പെരുമാറ്റത്തില്‍ നിന്ന് നാമറിയണം. രാസവളങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ നേരംകൊണ്ട് അധികം വിളവുണ്ടാക്കുന്നതും ഇതേ രീതിയിലുള്ള മണ്ണിനോടുള്ള കയ്യേറ്റമാണ്. കീടനാശിനികള്‍ ഒരു കണക്കുമില്ലാതെ മണ്ണില്‍ ചേര്‍ക്കുന്നത് ഭൂമിയെ വിഷംകൊടുത്ത് കൊല്ലുന്നതിനു തുല്യമാണ്. ഭൂമിയും അവള്‍ പോറ്റുന്ന ജീവികളും മനുഷ്യനെ വിശ്വസിക്കുന്നു, എന്നാല്‍ നമ്മള്‍ ആ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട്, വിഷംകൊടുത്ത് അവയെ സാവധാനം കൊല്ലുക എന്നത് വളരെ ഹീനമായ പാപമാണ്.

താഴേയ്ക്ക് ചാടൂ, മാലാഖാമാര്‍ നിന്നെ താങ്ങിക്കൊള്ളും എന്ന് പിശാചു പറയുമ്പോള്‍, പ്രകൃതിനിയമത്തെ ലംഘിക്കാം, ഒന്നും വരാന്‍ പോകുന്നില്ല എന്നാണ്‌ അവന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്നത്. കുറെ ചില്ലറ നേര്ച്ചയിട്ടിട്ട്, അല്ലെങ്കില്‍ ഒരു കുര്‍ബാന ചൊല്ലാന്‍ പണം കൊടുത്തിട്ട്, എന്റെ കാര്യത്തില്‍ ദൈവം പ്രകൃതിനിയമത്തെ വകവയ്ക്കാതെ ചില അത്ഭുതങ്ങള്‍ കാണിക്കണം എന്ന് ആവശ്യപ്പെടുന്നതും ഇത്തരം പ്രലോഭനത്തിനു വഴങ്ങുകതന്നെയാണ്. എല്ലാ പരിഷ്കൃതരാജ്യങ്ങളും കൈവെടിഞ്ഞ ആണവോര്‍ജ്ജ-സാങ്കേതികവിദ്യയുമായി കൂടംകുളം സ്റ്റൈലില്‍ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനുത്തരവാദികള്‍ പ്രതീക്ഷിക്കുന്നത്, നമ്മുടെ കാര്യത്തില്‍ ഒരദ്ഭുതം തന്നെ നടക്കും, ഇതിനു മുമ്പ് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ ഒരാപത്തും ഇവിടെ ഉണ്ടാവില്ല എന്നല്ലേ? പരിസരത്തിനും മനുഷ്യര്‍ക്കും വിപത്താകുമെന്ന്‌ നന്നായി അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം സാഹസങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന അധികാരികള്‍ക്കെതിരെ എല്ലാ വിധത്തിലും പ്രധിരോധം സൃഷ്ടിക്കാന്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കടമയുണ്ട്.

തന്നെ കുമ്പിട്ടാരാധിക്കുക എന്നാണ് യേശുവിനോട് മൂന്നാമതായി ശെയ്ത്താന്‍ പറഞ്ഞത്. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിക്കുന്നു എന്ന് (രക്ഷകര്‍ത്താക്കള്‍ വഴി) വാക്കുകൊടുത്തിട്ടാണ് ഓരോ കുഞ്ഞും ജ്ഞാനസ്നാനം ചെയ്യപ്പെടുന്നത്. സമ്പന്നതയുടെയും താത്ക്കാലിക സൌകര്യത്തിന്റെയും ഇത്തരം പ്രലോഭനങ്ങള്‍ക്കു സമ്മതം മൂളുമ്പോള്‍ അത് ഭൂമിയോടും സഹോദരങ്ങളോടും ഭാവിയിലെ കുഞ്ഞുങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്ന്, അത് തിന്മകള്‍ക്കു (പിശാചിനു) മുമ്പില്‍ മുട്ടുമടക്കുകയാണെന്ന് തിരിച്ചറിയുക ആത്മീയതയുടെ ഭാഗമാണ്. ഒരു കടിഞ്ഞാണുമില്ലാതെ, പരോക്ഷമായ തിന്മകളെയും പ്രത്യക്ഷമായ ആഡംബരങ്ങളെയും തിരഞ്ഞെടുത്ത്‌, സുഖലോലുപമായ ഒരു ജീവിതചര്യയെ മെനഞ്ഞെടുക്കാന്‍ മാടിവിളിക്കുന്ന റ്റി.വി. പരസ്യങ്ങള്‍ മണിക്കൂറില്‍ മുപ്പതു തവണയെങ്കിലും കാണുകയും അവയില്‍ ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു താക്കീതുപോലും നല്‍കാന്‍ കഴിയാതെവരികയും ചെയ്യുന്ന വിശ്വാസികളെ കാര്യത്തിന്റെ ഗൌരവം പറഞ്ഞു ബോധ്യപ്പെടുത്താന്‍ പള്ളിയില്‍ ദൈവവചനം പ്രഘോഷിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് അവസരം കണ്ടെത്തുന്നില്ല? അടിസ്ഥാന മൂല്യങ്ങള്‍ക്കു വിലയില്ലാതാകുമ്പോള്‍ പരിസ്ഥിതി നശിക്കും. പരിസ്ഥിതിബഹുമാനം തെല്ലും  ശീലിക്കാത്തവരുടെ ഭക്തി വെറും പുറംപൂച്ചാണ്.   

ഗീതയിലെ ഒരദ്ധ്യായം തന്നെ ഭക്തിയോഗത്തെപ്പറ്റിയാണ്‌. പാരിസ്ഥിതികമായ ധാരാളം കാഴ്ചപ്പാടുകള്‍ അതിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാരതീയര്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ നമുക്കും ആകണം. ഉദാ. പന്ത്രണ്ടാമദ്ധ്യായത്തില്‍ ഇങ്ങനെ വായിക്കാം.
              യേ തു ധര്മ്മ്യാ മൃതമിദം
              യഥോക്തം പര്യുപാസ തേ
              ശ്രദ്ധധാനാ മത്പരമാ:
              ഭക്താസ്തേ/തീവ മേ പ്രിയാ:
എന്നെത്തന്നെ പരമമായി കരുതി, ഈ ധര്മ്മ്യാമൃതത്തെ ഇപ്പറഞ്ഞതിന്‍പടി ആരെല്ലാം വേണ്ടുംവണ്ണം ഉപാസിക്കുന്നുവോ, ആ ഭക്തന്മാര്‍ എനിക്ക് ഏറ്റവും പ്രിയരാകുന്നു. സി. രാധാകൃഷ്ണന്‍ (ഗീതാദര്‍ശനം) ഇതിന്റെ അര്‍ത്ഥം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ഭക്തി എന്നത് സാര്‍വ്വലൌകികമായ നൈസര്‍ഗ്ഗിക ധര്‍മ്മമാണ്. കാരണം, എല്ലാ ജീവനും പ്രപഞ്ചജീവനോട്‌ സഹാജാഭിമുഖ്യമുണ്ട്. ജീവന്റെ അടിസ്ഥാനപരമായ ശേഷിയാണ് പങ്കുവയ്ക്കാനുള്ള (സ്നേഹിക്കാനുള്ള) കഴിവ്. ഭക്തി അതിന്റെ ഒരു ഭാഗമാണ്. മനുഷ്യജീവി എന്ന നിലയില്‍ നമുക്കുള്ള ധര്‍മ്മം അനുഷ്ഠിച്ചാല്‍ നമുക്കാവശ്യമുള്ളതൊക്കെ വന്നോളും എന്ന മനസ്സുറപ്പാണ് വേണ്ടത്. അതുണ്ടായാല്‍, എല്ലാ ദാരിദ്ര്യവും അവസാനിക്കും. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ആരുടേയും സ്വകാര്യസ്വത്തല്ല, ഉല്പന്നങ്ങളും സേവനങ്ങളും കച്ചവടച്ചരക്കാക്കരുത് എന്നാണു ഗീതയുടെ പാഠം. 

ജീവിതത്തില്‍ മനോസുഖവും ശാന്തിയും ആഗ്രഹിക്കുന്നെങ്കില്‍, അതിനു പ്രഥമപ്രധാനമായി വേണ്ട കാര്യം അകത്തും പുറത്തും സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ്. ഭൂമിയെ സംബന്ധിച്ചു പറയുമ്പോള്‍, കടലും മലകളും പുഴകളും വൃക്ഷങ്ങളും പക്ഷിമൃഗാദികളും അവരവരുടെ കൃത്യം നിര്‍വഹിക്കുന്നുണ്ട്. ഇവയെല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നു. ആന്തരികമായ ഈ ബന്ധത്തെ തകര്‍ത്ത്, അസ്വാരസ്യമുണ്ടാക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഒരു മരത്തിന്റെ ഉദാഹരണം മാത്രമെടുത്താല്‍, അത് വെട്ടിമാറ്റപ്പെടുമ്പോള്‍, ചുറ്റുപാടുമുണ്ടായിരുന്ന തണല്‍ നഷ്ടപ്പെടുന്നു. നിലം ചൂടാകുന്നു. ആ വൃക്ഷത്തെ ആശ്രയിച്ചിരുന്ന പക്ഷികളും മറ്റനേകം ജീവികളും സ്ഥലംവിടുന്നു. മരത്തിന്റെ ഇലകളുടെയും പൂക്കളുടെയും കനികളുടെയും ഗന്ധം ഇല്ലാതാകുന്നു. മണ്ണില്‍ ആഴ്ന്നിറങ്ങി അതിന്റെ വേരുകള്‍ സ്ഥാപിച്ചിരുന്ന വായു- ജൈവോര്‍ജ്ജസഞ്ചാരങ്ങള്‍ നിലക്കുന്നു. സന്തുലിതമായിരുന്ന ആ ഇടം അസന്തുലിതമായ മറ്റൊരു ഇടമായി മാറുന്നു.

മറ്റൊരു പ്രധാന വിഷയത്തിലേയ്ക്ക് വരാന്‍, നമുക്ക് മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ ഓരോ മരത്തെയും ഓരോ മനുഷ്യസ്ത്രീയുമായി പകരംവയ്ക്കുക. കാരണം, ഓരോ സ്ത്രീയും പടര്‍ന്നു പന്തലിച്ച ഒരു മരംപോലെ തനിക്കു ചുറ്റും വിശാലമായ ഒരു പരിസ്ഥിയെ സൃഷ്ടിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ അഭാവം ഒരു ചെറിയ കുടുംബത്തില്‍ പോലും തീരാനഷ്ടങ്ങള്‍ക്ക് കാരണമാകും. സഭയിലും അതിലെ ഭക്തിക്കാര്യങ്ങളിലും നിലനിന്നുപോന്നിട്ടുള്ള പുരുഷപ്രാധാന്യം പാരിസ്ഥിതികമായി നോക്കിയാല്‍ അങ്ങേയറ്റം വികൃതവും പാപപങ്കിലവുമാണ്. പല പ്രവാചകന്മാരും ജ്ഞാനികളും ഗുരുക്കന്മാരും, എന്തിന്, മുഹമ്മദ്‌ നബിയും യേശു തന്നെയും, സ്ത്രീകളെ ഒപ്പം നിര്‍ത്തിയാണ് ജീവിതകലയുടെ സന്തുലിതാവസ്ഥക്കും പൂര്‍ണ്ണതക്കും കളമൊരുക്കിയത്. സൂഫിസത്തിന്റെ ഹൃദയം എന്ന കൃതിയില്‍ ഇ. എം. ഹാഷിം ഇത്തരം ഗുരുക്കന്മാരുടെ ഒരു നിരതന്നെ എണ്ണിപ്പറയുന്നുണ്ട്. എന്നാല്‍, ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും  പരിണാമചരിത്രത്തില്‍ കൈമോശം വന്നുപോയ ഒരു പുണ്യമാണിത്. സ്ത്രീകള്‍ സഭയില്‍ അവഹേളിതരും നിഷ്ക്കാസിതരും ആയിത്തീര്‍ന്നു. പുരുഷാധിപത്യത്തിന്റെ ഈ പ്രവണതക്കെതിരെ എത്രമാത്രം വിമര്‍ശനമുണ്ടായിട്ടും, അതില്‍ ഭക്തിയുടെ പരിസ്ഥിതിയില്‍ സംഭവിച്ച ഒരു താളപ്പിഴയുണ്ടെന്ന് തിരിച്ചറിയാന്‍ ഇന്നും സഭാധികാരത്തിന്‌ സാധിച്ചിട്ടില്ല. ചരിത്രത്തിലുടനീളം, വിഖ്യാതരായിരുന്ന ധാരാളം മാന്യന്മാര്‍ കടുത്ത സ്ത്രീദ്വേഷികളായിരുന്നു. വി. അഗസ്റ്റിന്‍, വി. ജറം, വി. ക്ലെമെന്റ്, വി. അക്വീനാസ്, ലുതര്‍, റ്റെര്‍ടൂല്യന്‍, ജോണ്‍ വെസ്ലി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പെടും. ഇവരില്‍ സഭ വിശുദ്ധപദവി കൊടുത്തിട്ടുള്ളവരെ തിരഞ്ഞുപിടിച്ച്, ലിസ്റ്റില്‍ നിന്ന് പേര് വെട്ടേണ്ടതാണ്. കാരണം, സ്ത്രൈണവിരോധത്തിലൂന്നിയ ഏതെങ്കിലും ഭക്തിമാര്‍ഗ്ഗത്തിലൂടെ ആത്മവിശുദ്ധി അപ്രാപ്യമാണ്. അവരില്‍ എല്ലാവരും തന്നെ സത്യാന്വേഷികള്‍ ആയിരുന്നിരിക്കാം, പക്ഷെ, അവര്‍ കണ്ടെത്തിയതും മുറുകെപ്പിടിച്ചതും അര്‍ദ്ധസത്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവരെല്ലാം മതഭ്രാന്തരുമായിരുന്നു. ഇവരില്‍ ചിലരുടെ എഴുത്തുകളില്‍ കാണുന്ന സ്ത്രീവിദ്വേഷം നമ്മുടെ സര്‍വ്വ ഭാവനയെയും അതിശയിക്കുന്നതാണ്. അത്തരം ചിലത് താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ വായിക്കാം.
http://www.biblewheel.com/forum/showthread.php?3349-Anti-Woman-Quotes-by-Church-Fathers  

പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട മറ്റൊരു പ്രധാന കാര്യം മനുഷ്യരാശിക്ക് കൈമോശം വന്നുപോയ പ്രകൃതിയുടെ നിഗൂഡഭാഷയാണ്‌. പ്രകൃതിക്ക് ഒരു ഗൂഡാത്മകതയുണ്ട്. പ്രകൃതിയുടെ ഒരു കണ്ണിയായി കഴിഞ്ഞിരുന്നത്രയും കാലം മനുഷ്യനും അതില്‍ പങ്കുപറ്റിയിരുന്നു. തനതായ ഭാഷകള്‍ രൂപപ്പെടുത്തിയെടുക്കുന്നതുവരെ ജീവജാലങ്ങളുടെ മൌനഭാഷയുപയോഗിച്ച് അവനും മരങ്ങളും മൃഗങ്ങളും പക്ഷികളുമായി സംവദിച്ചിരുന്നു എന്നത് സ്വാഭാവികമാണ്. സാര്‍വത്രികവും ദൈവികവുമായ ഒരു തലം ആ ബന്ധത്തിലുണ്ടായിരുന്നു. പ്രപഞ്ചത്തിലുള്ള ബാക്കിയെല്ലാം ഇന്നും ഇങ്ങനെ പരസ്പരം സംവദിക്കുമ്പോള്‍, മനുഷ്യന്‍ മാത്രം ഒന്നും മനസ്സിലാക്കാനാവാതെ, സ്വന്തം വഴിക്ക് ചരിക്കുകയും അത് പ്രകൃതിക്ക് എതിരാവുകയും ചെയ്യുന്നു. പ്രാകൃതികമായ ഈ സംവാദനവിരുത് നാം തിരിച്ചുപിടിക്കണം. നമ്മുടെ ഇടപെടലുകള്‍ പ്രകൃതിയെ എങ്ങനെയെല്ലാം നോവിക്കുന്നു, മുറിപ്പെടുത്തുന്നു, കൊല്ലുന്നു എന്നൊക്കെ തിരിച്ചറിയാന്‍ അതാവശ്യമാണ്. പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറിയുന്നതിലൂടെ മാത്രമേ അതിലൊളിഞ്ഞിരിക്കുന്ന വശ്യതയും മനോഹാരിതയും നാം അനുഭവിച്ചറിയുകയുള്ളൂ.      
  

No comments:

Post a Comment