വര്‍ഗീസ് മാര്‍ കുറീലോസിന്റെ സമാന്തര ലോകങ്ങള്‍ വായിക്കുമ്പോള്‍
നിങ്ങള്‍ മനുഷ്യര്‍ക്കൊപ്പമാണോ അവര്‍ക്കെതിരാണോ എന്ന് ഭരണകര്‍ത്താക്കളോടും, നിങ്ങള്‍ എന്തുകൊണ്ടാണ് മനുഷ്യര്‍ക്കും ക്രിസ്തുവിനും എതിരാകുന്നത് എന്ന് സഭയോടും ആവര്‍ത്തിച്ചു ചോദിക്കുകയാണ് ഈ മെത്രാന്‍ തന്റെ ഏറ്റവും പുതിയ എഴുത്തിലൂടെ. അതിനായി അദ്ദേഹം കാലികമായ സംഭവവികാസങ്ങള്‍ പരിശോദ്ധിക്കുന്നു. അവയോരോന്നിലും സഭയും നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും ജനത്തെ നിര്‍ലജ്ജം വഞ്ചിക്കുന്നതിന്റെ എഴുന്നുനില്‍ക്കുന്ന ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ മെത്രാന്മാരില്‍ വെറും രണ്ട് ശതമാനമെങ്കിലും ഇദ്ദേഹത്തെപ്പോലെ ചിന്തയില്‍ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍, കേരളത്തിന്റെ വര്‍ത്തമാനവും ഭാവിയും കൂടുതല്‍ മാനുഷികമാകുമായിരുന്നു. തഴയപ്പെട്ടവരുടെ ഭാഗം പിടിക്കുന്ന ഒരു വൈദികശ്രേഷ്ഠന്റെ സന്ധിയില്ലാത്ത വക്കാലത്താണ് ഈ ഗ്രന്ഥം. ഈ കൃതിയില്‍ വിശകലനം ചെയ്തിട്ടുള്ള വിവിധ വിഷയങ്ങളില്‍ മൂന്നെണ്ണം മാത്രം തല്‍ക്കാലം സംഗ്രഹിച്ചെഴുതുകയാണ്. അതിന് ശേഷം, ഒരു പക്ഷേ, മറ്റ് ചിലതും - ( പരിസ്ഥിതിയും ലളിത് രാഷ്ട്രീയവും, ഒരു ബദല്‍ സാമ്പത്തിക ക്രമം, ചില ക്രൈസ്തവ മാര്‍ഗ്ഗരേഖകള്‍ ) സ്പര്‍ശിക്കാന്‍ ഒരു ശ്രമം നടത്താം.
1. വിദ്യാഭ്യാസമേഖല
സ്വയം പര്യാപ്തിയിലേയ്ക്കുള്ള ഒരു ശിശുവിന്റെ വളര്‍ച്ചയില്‍ രൂപകല്‍പ്പനയിലും കര്‍മ്മത്തിലും ദൈവത്തോടോത്തു സഹകരിക്കുക എന്നതാണ് വിദ്യനല്കല്‍ എങ്കില്‍, ഇവിടെ നാം കുറ്റക്കാരാണ്. കാരണം, നീതി, സമാധാനം, സ്നേഹം, സൃഷ്ടിയുടെ സമഗ്രത എന്നിവയില്‍ അധിഷ്ഠിതമായിരുന്ന യേശുവിന്റെ ബോധനശാസ്ത്രത്തില്‍ നിന്ന് വളരെ അകന്നുപോയിരിക്കുന്നു ഇന്ന് സഭയും രാഷ്ട്രവും ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസം. ക്രൈസ്തവ മാനേജ്മെന്റുകള്‍ അതിനെ ലാഭമുണ്ടാക്കാനുള്ള കറവപ്പശുവായി മാറ്റിയിരിക്കുന്നു എന്ന് മാത്രമല്ല, അവരുടെ സ്കൂളുകളില്‍ ഇന്ന് പഠിപ്പിക്കുന്നതും ലാഭമുണ്ടാക്കാനുള്ള വിദ്യകള്‍ മാത്രമാണ് എന്നദ്ദേഹം തെളിച്ചുതന്നെ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം സാമൂഹിക ആവശ്യവും (അതുകൊണ്ട് അത് ഗവ. ന്റെ ചുമതലയാണ്) ഉന്നത വിദ്യാഭ്യാസം സ്വകാര്യ ആവശ്യവും (അത് കാശ് മുടക്കാവുന്നവര്‍ക്ക് മാത്രം മതി) എന്ന വേര്‍തിരിവ് സഭയുടെ സ്വാര്‍ത്ഥമായ നിലപാടായി മാറിയിരിക്കുന്നു. അങ്ങനെ സ്വാശ്രയസ്ഥാപനങ്ങള്‍ ലാഭം കൊയ്യുന്ന ധനകാര്യസ്ഥാപനങ്ങളായിത്തീര്‍ന്നു. അത് വലിയ തെറ്റു തന്നെ. മനസ്സാക്ഷിയുള്ള ക്രൈസ്തവര്‍ക്ക് ഇത് അസ്സഹനീയമാണ്.
ആദ്യ കമ്യൂണിസ്റ്റ് ഗവ.നെ താഴെയിറക്കിയ "വിമോചനസമരം" മൂലം കര്‍ഷകരുടെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടിയുള്ള സ്വപ്നങ്ങള്‍ ആണ് സഭ തകര്‍ത്തുകളഞ്ഞത്......; പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറയേണ്ട ഒരു വലിയ തെറ്റായി അതിനെ വിലയിരുത്തണം എന്ന് ഇദ്ദേഹത്തോട് ചേര്‍ന്ന് സമ്മതിക്കാന്‍ ഇന്നും മറ്റൊരു മെത്രാനും ധൈര്യപ്പെടുകയില്ല. അതല്ല, അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍, അദ്ദേഹം അല്മായശബ്ദത്തിലെ ഈ ചര്‍ച്ചയില്‍ മുഖം കാണിക്കട്ടെ.
2. ഇടതുപക്ഷത്തിന്റെ വിലയിടിവ്
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഇതുവരെ അടങ്ങിയിരുന്നത് സാമൂഹിക നീതി, സാമ്പത്തിക നീതി, മതനിരപേക്ഷത, സാമ്രാജ്യത്വ വിരുദ്ധത എന്നിവയാണ്. ഇവയില്‍
മതനിരപേക്ഷത ഒഴിച്ചുള്ളവ ഇടതുപക്ഷം മന:പ്പൂര്‍വം കൈയൊഴിഞ്ഞിരിക്കുകയാണ്. ബംഗാളില്‍ എന്നപോലെ കേരളത്തിലും - സിന്ഗൂരും നന്ദിഗ്രാമും മൂന്നാറും ചെങ്ങരയും മുത്തങ്ങയും ഉദാഹരണങ്ങള്‍ - ഇടതുപക്ഷം എപ്പോഴും സ്വന്തം ജനത്തിനെതിരെയാണ് നീങ്ങിയത്. അപ്പോഴൊക്കെ, ബംഗാളില്‍ ബുദ്ധിജീവികള്‍ എങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കാനുണ്ടായിരുന്നു. കേരളത്തില്‍ അതുപോലും ഇല്ലാതെപോയി. ജനകീയാസൂത്രണത്തിലെ ലോകബാങ്ക് താല്പര്യങ്ങളെയോ, എ.ഡി.ബി, ഐ.എം. എഫ്, എന്നിവയുടെ അട്ടിമറി അജണ്ടാകളെയോ നിഷ്പക്ഷമായി വിലയിരുത്തി തിരിച്ചറിയാനോ
പ്രതിരോധിക്കാനോ കഴിയാത്ത ഒരു തരം റ്റീന (TINA- There is no alternative) സിണ്ട്രോമിലാണ് ഇന്ന് ഇടതുപക്ഷം. മുതലാളിത്ത മാതൃകയിലുള്ള വികസനം ജനദ്രോഹപരമാണെന്നു വാചാലരാകുമ്പോഴും പ്രവൃത്തിയില്‍ അവര്‍ ഇവയെയെല്ലാം പുല്‍കുന്നു എന്ന വൈരുദ്ധ്യാത്മക നിലപാട് ഖേദകരമാണ്. ഇടതുപക്ഷ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സാമ്പത്തിക ബന്ധങ്ങള്‍ക്കും ജീവിതശൈലിക്കും അടിപ്പെട്ടുപോയ ഇടതുപക്ഷ നേതൃത്വമാണ് ഇന്നിവിടെയുള്ളത്. അവര്‍ക്കിടയില്‍ അല്പമെങ്കിലും മന:സാക്ഷിയുള്ളവര്‍ നിശബ്ദരാക്കപ്പെടുകയുമാണ്.
3. മതവും മാര്‍ക്സിസവും
ചുരുക്കിപ്പറഞ്ഞാല്‍ "എല്ലാ മുന്നേറ്റങ്ങളും ആരംഭിക്കുന്നത് പ്രവാചകരിലാണ്; അവസാനിക്കുന്നതോ പോലീസുകാരിലും." (കര്‍ദിനാള്‍ ന്യൂമാന്‍ )
ഭാരതത്തിലെ ക്രൈസ്തവ സഭയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഗതകാല-വര്‍ത്തമാനങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയാണ്.... മുമ്പെങ്ങും ഉണ്ടാകാത്ത ഒരു ജനകീയ മുന്നേറ്റമായിരുന്നു യേശുവിന്റെ അനുയായികളുടെ സഭ. ശ്രേണീബദ്ധ പൌരോഹിത്യമേല്‍ക്കോയ്മ, ജാതി/വംശ വിവേചനം, ധനികവര്‍ഗ്ഗ, പുരുഷാധിപത്യങ്ങള്‍ അനുഷ്ഠാനങ്ങളിലുറച്ച അനാചാരങ്ങള്‍ എന്നിവയെ അത് എതിര്‍ത്തു. മര്‍ദിതരുടെയും ദരിദ്രരുടെയും പതിതരുടെയും മോചനമായിരുന്നു അതിന്റെ ലക്ഷ്യം. സ്വകാര്യസ്വത്തിന്റെ കുന്നുകൂടലിനെതിരെ വിഭവങ്ങളുടെ പങ്കിടലിനെ വളര്‍ത്തി. വെളിപാട് പുസ്തകം തന്നെ സാമ്രാജ്യത്വത്തോടുള്ള സഭയുടെ രാഷ്ട്രീയ പ്രതിരോധമാണ്. പിന്നത്തെ ചരിത്രം നമുക്കറിയാം. ഇന്ന് സഭ നവ മുതലാളിത്തത്തിന്റെയും ആണ്‍കോയ്മയുടെയും സ്വാധീനത്തിലാണ്. വര്‍ണ, വര്‍ഗ്ഗ, ലിംഗ വിവേചനങ്ങള്‍ വഴി ഇന്ന് ദളിതരും ദരിദ്രരും സ്ത്രീകളും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുവിന്റെ ദര്‍ശനങ്ങളും മൂല്യങ്ങളും കണികാണാന്‍ പോലുമില്ലെന്നായി.
ഇന്ത്യയില്‍ പൊതുവെയും, കേരളത്തില്‍ വിശേഷിച്ചും ഇത് തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ചത്. എ.കെ.ജിയും പി. കൃഷ്ണപിള്ളയുമൊക്കെ പ്രതിനിധാനം ചെയ്തത് ഒരു യഥാര്‍ത്ഥ അനകീയ മുന്നേറ്റമായിരുന്നു. അതിന് സംഭവിച്ച അപജയം നാം നേരത്തേ സൂചിപ്പിച്ചു. മാര്‍ കുറീലോസ് എടുത്ത് പറയുന്ന ഒരു കാര്യം ജാതിവ്യവസ്ഥയെ തള്ളിപ്പറഞ്ഞു മുന്നേറിയ ഈ പ്രസ്ഥാനം അധികാരത്തില്‍ വന്നതോടെ, ദര്‍ശനത്തിലും പ്രയോഗത്തിലും ജാതിപ്രശ്നങ്ങളെ പാടേ നിരാകരിക്കുന്നു എന്നതാണ്. അതുകൊണ്ട് സംഭവിച്ചതെന്തെന്നാല്‍, സ്വത്വമില്ലാത്ത സഖാക്കളായി പാര്‍ട്ടിയുടെ പിന്നണിയില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്ന പട്ടികജാതിക്കാര്‍ (ദളിതര്‍ എന്ന സംജ്ഞ പാര്‍ട്ടി ഒരിക്കലും അംഗീകരിച്ചില്ല) എല്ലായിടത്തും ഒഴിവാക്കപ്പെട്ടു, കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്ക്കരണത്തില്‍ പോലും. ഇക്കാര്യം ദളിതര്‍ തിരിച്ചറിഞ്ഞതിന്റെ ഭാഗമാണ് ചെങ്ങറയും മുത്തങ്ങയും നന്ദിഗ്രാമും പ്ലാച്ചിമടയും മരങ്ങാടും മറ്റും. ഈ സമരങ്ങള്‍ ഭൂമിയുടെ രാഷ്ട്രീയത്തില്‍കൂടിയുള്ള സാമ്പ്രദായിക തൊഴിലാളിവര്‍ഗ്ഗ സമീപനത്തെ നിരാകരിക്കുകയാണ് എന്നതിനാല്‍, പാര്‍ട്ടി അവയെ എതിര്‍ക്കുന്നു. ക്രിസ്തീയ സഭയുടെ കാര്യത്തിലെന്നപോലെ, കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഒരു തരം സവര്‍ണ-ബ്രാഹ്മണിക മേല്‍ക്കോയ്മയായി വേഷം കെട്ടുന്നു. അതുകൊണ്ടവര്‍ ടാറ്റ, ഹാരിസന്‍ തുടങ്ങിയ കുത്തകകളോടു വിധേയത്വം പുലര്‍ത്തുന്നു. രണ്ടിലും നാം കാണുന്നത് കീഴാള മേലാള രാഷ്ട്രീയങ്ങളുടെ ഇടച്ചിലാണ്.
ഈ രണ്ട് പ്രസ്ഥാനങ്ങളിലും ആരംഭത്തില്‍ ഭൂരിപക്ഷം അനുയായികളും ദളിതരും തദ്ദേശീയരും ആയിരുന്നതിനാലും അവരുടെ ഉന്നമനം അന്തിമലക്ഷ്യം ആയിരുന്നതിനാലും ദര്‍ശനപരമായോ പ്രായോഗികതലത്തിലോ മുതലാളിത്ത വ്യവസ്ഥയുമായി സമരസപ്പെടാന്‍ ഇവയ്ക്കു സാധ്യമല്ല. അക്കാര്യം എത്ര വേഗം തിരിച്ചറിയുന്നുവോ, അത്രയും കൂടുതലായിരിക്കും വരുംകാലങ്ങളിലെ ഇവയുടെ നിലനില്‍പ്പിനുള്ള സാദ്ധ്യത തന്നെ. "The greatest tactical problem with modern Christianity is to reconcile its dependence upon the rich with its natural devotion to the poor." (Will Durant)
പ്രൊഫ. റ്റി.എം. യേശുദാസന്‍ തന്റെ പഠനത്തില്‍ പറയുമ്പോലെ, ഈ പുസ്തകം നമ്മളെ അസ്വസ്ഥമാക്കുന്നില്ലെങ്കില്‍ കേരളത്തിന്റെ സാമൂഹികമാറ്റത്തിന് എന്തെങ്കിലും സംഭാവന ചെയ്യാന്‍ നമ്മളെക്കൊണ്ടാവുമെന്നു കരുതേണ്ടതില്ല.
കൂറില്ലോസ് തിരുമെനിയല്ല സാക്ഷാല്‍ യേശു ക്രിസ്തു തന്നെ വന്നു പറഞ്ഞാലും തിരുന്നതല്ല നമ്മുടെ പ്രശ്നം. സമൂഹത്തില്‍ എക്കാലവും ഉരുണ്ടുകൂടുന്ന അപചയങ്ങള്‍ക്കെല്ലാം ഒറ്റമൂലിയായാണ് യേശുവിന്റെ മലയിലെ പ്രസംഗത്തെ ഞാന്‍ കാണുന്നത്. എന്തുകൊണ്ട് ഇങ്ങിനെയൊരു അസ്വസ്തത വിശ്വാസികളില്‍ വ്യാപിക്കുന്നു എന്ന് കാണാന്‍ നമുക്ക് സ്വയം കുറെ ചോദ്യങ്ങള്‍ ചോദിച്ചു നോക്കാം.
ReplyDeleteനാം ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത് നിയമങ്ങളെയോ മനസാക്ഷിയെയോ?
സഭ ഇന്നൊരു ആല്‍മിയ സ്ഥാപനമോ സാമ്പത്തിക പ്രസ്ഥാനമോ?
നാം ജീവിക്കുന്നത് ആര്‍ഭാടത്തിലോ ലാളിത്യത്തിലോ?
നമുക്ക് പരിചയം അധികാരമോ സ്നേഹമോ?
ആര്‍ക്കെങ്കിലും ഒരു നല്ല മാതൃക കാട്ടാന്‍ നാമെന്തു ചെയ്യുന്നു?
ദൈവത്തെ വിശ്വസിച്ചു ഒരു തിരുമാനമെങ്കിലും എടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?
മറ്റൊരാള്‍ക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി എന്തെങ്കിലും ത്യജിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?
ചോദ്യങ്ങള്‍ നിരവധിയുണ്ട്. ഒന്നിനും മറുപടിപറയാന്‍ ചലിക്കുന്ന കൊട്ടാരങ്ങളില്‍ കഴിയുന്ന നികൃഷ്ട ജിവികള്‍ക്ക് കഴിയുന്നില്ല. അവര്‍ക്കൊഴിച്ചു ബാക്കിയെല്ലാവര്‍ക്കും ഇതറിയുകയും ചെയ്യാം. സത്യത്തിനുവേണ്ടി, നിതിക്ക് വേണ്ടി, സ്നേഹത്തിനു വേണ്ടി..... ഇന്ന് മനുഷ്യന്‍ ദാഹിക്കുന്നു. അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നവര്‍ ........ അവര്‍ നിത്യ സൌഭാഗ്യത്തിലെത്തി ഒരു കോടി വര്‍ഷങ്ങള്‍ക്കൂടി കഴിഞ്ഞാലും ഒരൊറ്റ മെത്രാനും സ്വര്‍ഗ്ഗത്തിന്റെ പടി ചവിട്ടാന്‍ പോവുന്നില്ല. ഇവിടെ positive ആയതു പരലോകത്ത് negative ആയിരിക്കും എന്നത് യേശു പഠിപ്പിച്ച സത്യം. ഇവിടെ ലോകത്തില്‍ സൌഭാഗ്യത്തില്‍ തിന്നു മദിച്ചു നടന്നവര്‍ അവിടെ മറ്റുള്ളവരുടെ വൃണങ്ങള്‍ നക്കി തുടയ്ക്കും. തിര്‍ച്ച. ശ്രി. നെടുങ്കനാലിന്റെ ശ്രമത്തിനു നന്ദി.
ReplyDeleteഡോ. ഗീവര്‍ഗീസ് മാര്‍ കുറീലോസ് തന്റെ പുസ്തകങ്ങളുടെ മുഖക്കുറികള്‍ അവസാനിപ്പിക്കുന്നത് വെറുതേ ഗീവര്‍ഗീസ് കുറീലോസ് നാലുന്നാക്കല്‍ എന്നെഴുതിയാണ്. പുറന്താളിലും മറ്റും ഡോ. ഗീവര്‍ഗീസ് മാര്‍ കുറീലോസ് എന്ന് കാണുന്നത്, മിക്കവാറും പ്രസാധകരുടെ വകയായിരിക്കണം എന്നൂഹിക്കുകയാണ് ന്യായം. കാരണം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ അറിയുന്നവര്‍ക്കറിയാം സ്ഥാനത്തെയും പാണ്ഡിത്യത്തെയും ദ്യോതിപ്പിക്കുന്ന ചിഹ്നങ്ങള്‍ അദ്ദേഹത്തിന് ഒട്ടും പ്രാധാന്യമുള്ള കാര്യങ്ങളല്ലെന്ന്.
ഒരു വ്യക്തിയും അദ്ദേഹത്തിന്‍റെ സ്ഥാനവും വ്യത്യസ്തമാണ്. ഒരാളുടെ വ്യക്തിത്വം അയാളുടെ സ്ഥാനത്തേക്കാള്‍ ഉയരുമ്പോളാണ് അയാള്‍ ഉന്നതനാവുന്നത്. മറിച്ച്, സ്ഥാനചിഹ്നമില്ലാത്തപ്പോള്‍ തകര്‍ന്നുപോകുന്നതാണ് ഉള്‍ക്കട്ടിയില്ലാത്തവരുടെ പ്രതിച്ഛായ. അതുകൊണ്ട് തന്നെയാണ് അത്തരക്കാര്‍ സ്ഥാനങ്ങളുടെ പിന്നാലെ ഓടുന്നത്. നമ്മുടെ എല്ലാ മെത്രാന്മാരും മന്ത്രിമാരും പ്രോഫെസര്‍മാരുമൊക്കെ ഇക്കാര്യത്തില്‍ മുന്പന്തിയിലാണല്ലൊ.
ഒരു മറുവശവുമുണ്ട്. യഥാര്‍ത്ഥ ആത്മജ്ഞാനികള്‍ ഒരിക്കലും ആളുകളുടെ സ്ഥാനത്തെ പരിഗണിക്കുകയില്ല. കാരണം, സത്തയില്ലാത്ത വ്യക്തികളോട് എന്തെല്ലാം കൂട്ടിച്ചേര്‍ത്താലും അവര്‍ക്ക് വില കൂടുന്നില്ല എന്നറിയുന്ന അവര്‍ക്ക് വിശുദ്ധിയാണ് പ്രധാനം. യേശുവാണ് ഇക്കാര്യത്തില്‍ ഒന്നാന്തരം ഉദാഹരണം എന്ന് സുവിശേഷങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.