Translate

Saturday, April 11, 2015

ആത്മാഭിമാനത്തിന്റെ അടിവസ്ത്രമുരിഞ്ഞെടുത്ത് കേരളത്തെ പട്ടണിയിക്കുന്നവര്‍!

കോടികളുടെ കെട്ടുകൾക്കിടയിൽ കിടന്നുരുളുന്ന നക്ഷത്രങ്ങൾ കേരളീയരെ ഉടുപ്പിക്കുകയും, കുളിപ്പിക്കുകയും, ഉറക്കുകയും ചെയ്യുമ്പോൾ, നക്ഷത്രങ്ങളെണ്ണി കഴിയുന്ന അനേകം മനസ്സുകൾ വിതുമ്പുന്നത് ആരും കാണുന്നില്ല. ത്രിശ്ശൂരിന്റെ പൊന്നൊമനയായ ഒരു മഹാന്റെ മുമ്പിൽ കൈകൂപ്പി നിൽക്കുന്ന സ്ത്രിത്വത്തിന്റെ സ്വരം ആരും കേൾക്കുന്നില്ല. വളരെ ഹൃദയ സ്പർശിയായി അത് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു; ചെവിയുള്ളർക്ക് കേൾക്കാം, കണ്ണുള്ളവർക്ക് കാണാം - എഡിറ്റർ



ദേശീയ അവാര്‍ഡിന് അര്‍ഹമായ പ്രിയദര്‍ശന്റെ 2008-ലെ ചലച്ചിത്രമാണ് 'കാഞ്ചീവരം'. കാഞ്ചീപുരം എന്ന തമിഴ്‌നാടന്‍ പട്ടണത്തിലെ പട്ടുനെയ്ത്തുകാരുടെ ശോചനീയമായ അതിജീവന കഥ പറയുന്ന ചിത്രമാണിത്. 1948-ല്‍ ജയില്‍ മോചിതനാകുന്ന വെങ്കിടം എന്ന പട്ടുനെയ്ത്തുകാരന്റെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലാണ് കഥ ആവിഷ്‌ക്കരിക്കപ്പെടുന്നത്.

കാഞ്ചീപുരത്തിന്റെ വിദഗ്ദ്ധ നെയ്ത്തുകാരനായിരുന്ന വെങ്കിടത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഒരു പട്ടുസാരിയുടുപ്പിച്ച് തന്റെ ജീവിതപങ്കാളിയെ കതിര്‍മണ്ഡപത്തില്‍ എത്തിക്കുക എന്നത്. എന്നാല്‍ പട്ടു നെയ്യുന്നവന് അവന്റെ ജീവിതത്തിന്റെ ദരിദ്രമായ പരിമിതികള്‍ക്കുള്ളിലേക്ക് തന്റെ സ്വപ്നങ്ങളെ ഒതുക്കിനിര്‍ത്തേണ്ടിവന്നു. ഓരോ പട്ടുസാരിക്കും വെറും ഏഴുരൂപ മാത്രം നെയ്ത്തുകൂലി കിട്ടുന്ന നെയ്ത്തുകാരനെങ്ങനെയാണ് പട്ടുടുത്ത ഭാര്യയെ വിവാഹപ്പന്തലില്‍ സ്വപ്നം കാണാനാവുന്നത്!
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വെങ്കിടത്തിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈയ്യിലെടുത്ത് അവളുടെ കാതുകളില്‍ അപ്പ മന്ത്രിക്കുന്ന രഹസ്യമിതാണ്: ''രാശാത്തി, ഞാന്‍ നിന്നെ പട്ടുപുടവയണിയിച്ച് സുമംഗലിയാക്കും.'' തന്റെ നഷ്ടസ്വപ്നങ്ങളെ മകള്‍ക്കുവേണ്ടി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അപ്പ. ആ കുഞ്ഞുചെവിയില്‍ മന്ത്രിച്ച രഹസ്യം നടപ്പാക്കാന്‍ വേണ്ടിയാണ് തുണ്ടുംപൊട്ടുമായി കൈവന്ന ചെറുസമ്പാദ്യമെല്ലാം അയാള്‍ സ്വരുക്കൂട്ടിവെച്ചത്. എന്നാല്‍ കൊടുക്കാത്ത സ്ത്രീധനത്തിന്റെ പേരില്‍ തന്റെ സഹോദരിയെ ഉപേക്ഷിക്കുമെന്ന ഭീഷണി സഹോദരീഭര്‍ത്താവില്‍ നിന്ന് വന്നപ്പോള്‍ അവളുടെ ജീവിതം രക്ഷിക്കാനായി തന്റെ സമ്പാദ്യം അയാള്‍ക്ക് കൈമാറേണ്ടിവന്നു.
ഇക്കാലത്താണ് വെങ്കിടം കമ്മ്യൂണിസത്തിന്റെ സാമ്പത്തികസമത്വം എന്ന ആദര്‍ശത്തോട് അവിചാരിതമായി അടുക്കാന്‍ ഇടയാകുന്നത്. സാവകാശം നെയ്ത്തുതൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ സ്ഥാപിച്ചുകൊണ്ട് തൊഴിലാളികള്‍ നേരിടുന്ന ചൂഷണത്തിനും തുച്ഛവരുമാനത്തിനും അവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് നിഷിദ്ധമാകുന്നതിനുമെതിരെ ജന്മിമാര്‍ക്ക് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ധീരമായ സമരങ്ങളിലൂടെ തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നതില്‍ വെങ്കിടം വിജയിച്ചു.
ഒരു പണിമുടക്കു സമരത്തിന്റെ കാലത്താണ് വളരെ തിരക്കുപിടിച്ച രീതിയില്‍ വെങ്കിടത്തിന് തന്റെ മകളുടെ വിവാഹം നടത്തേണ്ടിവരുന്നത്. പട്ടുസാരി തയ്യാറായിട്ടില്ല, വാങ്ങാന്‍ കൈയില്‍ പണമില്ല. ആകെക്കൂടി ജീവിതത്തില്‍ കൊണ്ടുനടന്ന ഒരു സ്വപ്നം, മകള്‍ക്ക് കൊടുത്ത ഏക വാക്ക്. എന്തു ചെയ്യും? യൂണിയന്‍ നേതാവ് എന്ന നിലയില്‍ പെട്ടെന്ന് തന്നെ സമരം ഒത്തുതീര്‍പ്പാക്കുന്നു. തൊഴിലാളികളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. വെങ്കിടം ഓരോ ദിവസവും നെയ്ത്തുശാലയിലെ ജോലിക്കുശേഷം മോഷ്ടിച്ചെടുക്കുന്ന ഒന്നോ രണ്ടോ പട്ടുനൂലുകള്‍  കൊണ്ട് വീട്ടിലെത്തി ഒളിച്ചിരുന്ന് മകള്‍ക്കുവേണ്ടി പുടവ നെയ്യുന്നു. എന്നാല്‍ പുടവ  പൂര്‍ത്തിയാക്കുംമുമ്പ് പട്ടുനൂല്‍ മോഷണത്തില്‍ അയാള്‍ പിടിക്കപ്പെടുകയാണ്. പിന്നെ പീഡനം, ജയില്‍ വാസം.
വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ ചിത്രീകരിക്കുന്നത് ആള്‍ത്തിരക്കില്‍ ചവിട്ടേറ്റ് മരിച്ച വെങ്കിടത്തിന്റെ ഭാര്യയും കിണറ്റില്‍ വീണ് തളര്‍ന്ന് കിടപ്പിലായ മകളും ആരും കൈത്താങ്ങില്ലാത്ത ജീവിതാന്തരീക്ഷവും ചേര്‍ന്ന് ശോകമൂകമാക്കിയ കുടുംബപശ്ചാത്തലമാണ്. കള്ളന്റെ മകളെ നോക്കാനാവില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് കണിശമായി പറഞ്ഞ് കൈയൊഴിയുന്നതോടെ ജീവിതം വഴിമുട്ടിപ്പോയ വെങ്കിടത്തിന് സ്വന്തം മകള്‍ക്ക് വിഷം കൊടുത്ത് അവഗണനകളും വേദനകളും ചൂഷണങ്ങളും ഇല്ലാത്ത ഒരു ലോകത്തിലേക്ക് യാത്രയാക്കുകയെന്നതു മാത്രമായിരുന്നു പോംവഴി. നെയ്തു പൂര്‍ത്തിയാക്കാത്ത പട്ടു പുടവ കൊണ്ട് അവളുടെ മൃതശരീരം മൂടുമ്പോള്‍ ചിരിച്ചുകൊണ്ട് ചിത്തഭ്രമത്തിന്റെ രക്ഷാമാര്‍ഗ്ഗത്തിലേക്ക് വെങ്കിടത്തിന്റെ മനസ്സ് ചേക്കേറുകയാണ്.
എന്തിനാണിപ്പോള്‍ ഈ കഥ ഓര്‍ത്തെടുത്തത്? തൃശ്ശൂര്‍ കല്യാണ്‍ സില്‍ക്‌സിന് മുന്നില്‍ കുറച്ച് സ്ത്രീകള്‍ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇരിക്കാന്‍ തുടങ്ങിയതാണ്, ഇരിപ്പ് സമരം എന്ന പേരില്‍. മൂന്ന് കാര്യങ്ങളാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് - ഒന്നിരിക്കണം, പെടുക്കണം, പിന്നെ ശ്വാസം ഉള്ളിലേയ്ക്ക് എടുത്തുകൊണ്ടുതന്നെ എന്തെങ്കിലും കഴിക്കണം. അവ മനുഷ്യാവകാശ പ്രശ്‌നങ്ങളാണ്. പിന്നെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന തുച്ഛമായ വേതനം, സ്ഥിരതയില്ലാത്ത നിയമനം, സ്ഥലംമാറ്റം എന്നീ തൊഴിലാളി പ്രശ്‌നങ്ങളും ഇവര്‍ ഉന്നയിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തുച്ഛവേതനത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനല്ല ഈ സമരം എന്നതാണ് ലളിതമായ ഒരു ചിന്ത. കാര്യങ്ങള്‍ മാനവിക മൂല്യത്തില്‍ നിന്നുതന്നെ ആരംഭിക്കണം.
പ്രായം കൂടിയ ഒരാളെ അയാള്‍ സീപ്പറോ പ്യൂണോ കുക്കോ ആണെന്ന ഒറ്റക്കാരണത്താല്‍ ബഹുമാനമില്ലാതെ പേരു വിളിക്കാനും ആജ്ഞാപിക്കാനും ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നത്? വീട്ടില്‍ പാചകജോലി ചെയ്യുന്ന ഒരാളോട് നിങ്ങളുടെ തുണി അലക്കുന്നതടക്കം തോട്ടത്തിലെ ജോലികള്‍ വരെ ചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങനെ? എട്ട് മണിക്കൂര്‍ ജോലി എന്ന തൊഴില്‍ നിയമത്തിനുമപ്പുറം നിര്‍ബന്ധിച്ചോ നയത്തിലോ എങ്ങനെയാണ് ഒരു മനുഷ്യന്റെ ശാരീരികശേഷിയെ പ്രതിഫലമില്ലാതെ മുതലെടുക്കാനാവുന്നത്? ജോലി ചെയ്യിക്കുന്നവര്‍ മാത്രമല്ല ജോലി ചെയ്യുന്നവരും മനുഷ്യരാണ്. അവര്‍ യന്ത്രങ്ങളാണെന്ന കണക്കെ ആവശ്യം വേണ്ട വിശ്രമത്തിനും ആഹാരം കഴിക്കാനും ജോലിയിടങ്ങളില്‍ സംസാരത്തിലൂടെ സ്‌നേഹം പങ്കു വയ്ക്കാനും ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ തൊഴില്‍ ദാതാവിന് കഴിയുന്നതെങ്ങനെ?
ഇനി വേതനത്തെക്കുറിച്ച്. വേതനം ഔദാര്യമല്ല, അവകാശമാണ്. ജോലിക്കാരനായി ജീവിക്കേണ്ട മനുഷ്യന്‍ തൊഴിലാളിയായി ജീവിക്കുന്നത് തന്നെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണാതെ പോകുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി ജോലിക്കാരനാണ്, അയാള്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളുടെ മേല്‍ അയാള്‍ക്കാണ് അവകാശം. എന്നാല്‍ മുതലാളിത്ത സംവിധാനത്തില്‍ മനുഷ്യന്റെ ഉത്പാദനശേഷിയെ പണം കൊടുത്ത് വാങ്ങിക്കുകയാണ് തൊഴില്‍ദാതാവ്. ഉത്പാദിപ്പിക്കുന്ന വസ്തുവില്‍ തൊഴിലാളിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ല താനും. മുതലാളിയുടെ സമ്പത്ത് തൊഴിലാളിയുടെ വിയര്‍പ്പാണ്. തൊഴിലാളിക്ക് കിട്ടുന്നതാകട്ടെ തുച്ഛവേതനവും. നിങ്ങള്‍ മനുഷ്യനല്ലാതായി മാറുന്നത് അനുഭവിച്ചറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ചൂഷണ സാമ്പത്തികവ്യവസ്ഥിതിയില്‍ ഒരു തൊഴിലാളിയായി ജീവിക്കണം. മാര്‍ക്‌സിന്റെ തത്വങ്ങള്‍ ക്ലാസ്മുറിയുടെ ചുമരുകള്‍ക്കിടയിലിരുന്ന് പഠിച്ച കാലത്ത് അതൊന്നും സത്യത്തില്‍ മനസ്സിലായിരുന്നില്ല. പിന്നീട് ഒരുവേള കൂലിവേലക്കിറങ്ങുമ്പോഴാണ് മനുഷ്യന്‍ എങ്ങനെ മറ്റൊരു മനുഷ്യന്റെ മുന്നില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് ഒരു വസ്തുവായി തീരുന്നു എന്നത് ബോധ്യമാകാന്‍ തുടങ്ങിയത്.
'കല്യാണ്‍ സില്‍ക്‌സ്' കേരളത്തെ പട്ടുപുടവയണിയിച്ചവര്‍ എന്ന് അവകാശപ്പെടുമ്പോള്‍ ഓര്‍ത്തുകൊള്ളണം അവിടെ തൊഴില്‍ ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അവസാന കീറത്തുണിയും വലിച്ചുപറിച്ചെടുത്തിട്ടാണ് അവരങ്ങനെ ചെയ്യുന്നതെന്ന്. ഇത് കല്യാണിന്റെ മാത്രം പ്രത്യേകതയല്ല, തുണിവ്യാപാരമേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന ഒരു മാരകരോഗമാണ്. തുടര്‍ച്ചയായി എട്ടും പത്തും മണിക്കൂര്‍ നിന്നനില്‍പ് നില്‍ക്കുന്നവര്‍, ധാര്‍ഷ്ട്യം കാണിക്കുന്നവനും അപമാനിക്കുന്നവനും സദാ സമയം ഒരു പ്ലാസ്റ്റിക് പുഞ്ചിരി കൈമാറേണ്ടവര്‍. അത് സ്വര്‍ണ്ണവ്യാപാര മേഖലയിലാവട്ടെ, നേഴ്‌സിംങ് മേഖലയിലാവട്ടെ, അംസഘടിതരായ അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലാകട്ടെ, കൈത്തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലാവട്ടെ കാര്യങ്ങള്‍ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ്.
നെയ്ത്തിനെ ഒരു സമരായുധമായി സ്വീകരിച്ചപ്പോള്‍ ആ കൊച്ചുമനുഷ്യന്‍ കണ്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നതമായിരുന്നു. അല്ലാതെ ഈ ഇന്ത്യാ മഹാരാജ്യത്തിലെ സകല അഴിമതിയുടെയും കൂട്ടിക്കൊടുപ്പുകാര്‍ ഭാര്യയോ ധോബിയോ പശമുക്കി തേച്ചുകൊടുക്കുന്ന ഉടയാത്ത, ചെളി പുരളാത്ത ഖദറും ധരിച്ച് ആഡംബരക്കാറില്‍ തെക്കുവടക്ക് ചീറിപ്പായും എന്നതായിരുന്നില്ല. ആ ഗാന്ധിമാര്‍ഗ്ഗം പരാശ്രയം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനുള്ള ശ്രമമായിരുന്നു. പട്ടുപുടവയുടെ  ആഡംബരത്തില്‍ ലയിക്കാതെ ലളിതജീവിതവും ഉന്നതചിന്തയും ജീവിതചര്യയാക്കാനുള്ള ആഹ്വാനവുമായിരുന്നു. മണ്ണിനേയും ജലത്തേയും ഭീതിദമായ രീതിയില്‍ മലിനമാക്കുന്ന തീവ്രമായ നിറക്കൂട്ടുകളില്‍ നിന്ന് അകലം പാലിക്കാനുള്ള ഒരു പാരിസ്ഥിതിക ദര്‍ശനമായിരുന്നു.
പെണ്ണേ, നിന്നെ സുന്ദരിയാക്കുന്നത് പൊന്നോ പുടവയോ അല്ല, കല്‍ക്കട്ടാത്തെരുവിലെ കാരുണ്യത്തിന്റെ നീലക്കരയുള്ള കോട്ടണ്‍സാരിയാണ്.  തുഞ്ചാണി എളിയില്‍ മുറുക്കിക്കുത്തിയ നര്‍മ്മദയുടെ കരയില്‍ നിന്നുള്ള ധീരമായ നിലപാടിന്റെ ഖാദിസാരിയാണ്. ഇരിപ്പ് ഒരു പ്രതീകം മാത്രമാണ്. ഇരുന്നു വാഴുന്നവരുടെ ഇരിപ്പിടങ്ങളെ ഇളക്കുന്ന പ്രതീകം. 

http://standawayfrommysun.blogspot.in/2015/04/blog-post.html

കാ – കാക്ക, കോ – കോഴി, കു – കുറുക്കന്‍

നോയമ്പ് വീടലും കഴിഞ്ഞ് ജോണ്‍സണ്‍ വൈദ്യര്‍ ഗള്‍ഫില്‍ തിരിച്ചെത്തിയത്‌ തൃശൂര്‍ രൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’യുടെ ഏപ്രില്‍ ലക്കവുമായാണ്. കഞ്ചാവ് കൊണ്ടുവരുന്നതുപോലെ സൂക്ഷിച്ചു കൊണ്ടുവന്നതുകൊണ്ട് ഞാനത് മുഴുവന്‍ അരിച്ചു കലക്കി വായിച്ചു. തൃശ്ശൂരു കോളേജിനു സര്‍ക്കാര്‍ സ്ഥലം പതിച്ചു കൊടുത്തത് ആഘോഷമാക്കിയ പത്രക്കാര്‍, വേറെ മതങ്ങളുടെ കോളെജുകള്‍ക്ക്‌ സേക്രട്ടറിയേറ്റ് തന്നെ പതിച്ചു കൊടുത്തത് കാണാത്തതെന്തേയെന്നാണ് പത്രം ചോദിക്കുന്നത്. അതെനിക്കിഷ്ടപ്പെട്ടു. നാട്ടില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത എല്ലാവരെയും അകത്താക്കിയിട്ടേ എഡ്വിന്‍ അച്ചനെ പിടിക്കാവൂ എന്നും വായിക്കാം. വട്ടായിയുടെ സൂക്തം അനുസരിച്ചാണെങ്കില്‍ കുഴപ്പം ഇത്തരം അച്ചന്മാരെ പടച്ചു വിടുന്ന സമൂഹത്തിന്, അപ്പോള്‍ ഒളിവില്‍ പോകേണ്ടത് അത്മായരാണ്. ഹോ! ഭയങ്കരം!!! പത്രത്തിന്‍റെ അധിപര്‍ പറയുന്നു, ചിലര്‍ ചീഞ്ഞതേ കാണൂ, അത് തിന്നാലേ അവര്‍ക്കുറക്കം വരൂവെന്ന്. ചെരിഞ്ഞ മാധ്യമങ്ങളെ അങ്ങേര് കാക്കകളോടാണ് ഉപമിച്ചിരിക്കുന്നത്; കാക്ക ചെരിഞ്ഞേ നോക്കൂ, അഴുക്കേ തിന്നൂ. ഈ പത്രം മുഴുവന്‍  വായിച്ചാല്‍ വാടിയതോ കരിഞ്ഞതോ ചെരിഞ്ഞതോ ആയ ഒരു വാര്‍ത്തയും അതിലില്ലായെന്ന് കാണാം. നഷ്ട പരിഹാരമെന്നോ, കന്യാസ്ത്രീ എന്നോ ഒന്നും അതിലില്ല. എങ്കിലും ഒരു കാക്കയവിടെയുണ്ട്, അല്ലെങ്കില്‍ പട്ടയ പ്രശ്നം ഏതൊക്കെ പത്രങ്ങളില്‍ എങ്ങനെയൊക്കെ അച്ചടിച്ചിരിക്കുന്നു എന്ന് നോക്കുകയില്ലായിരുന്നല്ലോ. വിശ്വാസികള്‍ ആടിനെപ്പോലെ നോക്കുന്നിടത്തല്ല കടിക്കുന്നതെന്ന് അധിപര്‍ അറിഞ്ഞിരിക്കുന്നതും നല്ലതാ. പത്രാധിപര്‍ ഒരു കാര്യം കൂടി ഓര്‍ക്കുക, നിങ്ങള്‍ ആരെയെങ്കിലും കാക്കെയെന്നു വിളിക്കുമ്പോള്‍ അവര്‍ നിങ്ങളെ കോഴികളെന്നോ കുറുക്കന്മാരെന്നോ വിളിച്ചെന്നിരിക്കും.

തൃശ്ശൂര്‍ രൂപത, അടുത്ത പഞ്ചായത്ത്  ഇലക്ഷന്‍  മുതല്‍  (ഇന്ത്യന്‍ പ്രസിഡന്റ് ഇലക്ഷന്‍ വരെ?) സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. AKCC ഇല്ലാത്ത എല്ലാ ഇടവകകളിലും, AKCC ഉണ്ടാക്കുവാനുള്ള തത്രപ്പാടിലാണ് രൂപതയെന്നും പത്രം  വായിച്ചാല്‍ മനസ്സിലാകും. AKCC ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ‘കാസായും പീലാസാ’യും കിട്ടിയാല്‍ നന്നായിരുന്നു. സഭ രാഷ്ട്രിയം കളിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഇടുക്കിയിലെ കാട്ടു കുഴിയില്‍ നിന്ന് വന്നവര്‍ പോലും മനസ്സിലാക്കിക്കഴിഞ്ഞു. ഇത് മനസ്സിലാക്കാതെ താഴത്ത് നിന്നവര്‍ക്ക് പോലും ജീവന്‍ പോയ കഥകളും ഇല്ലാതില്ല. കൊച്ചു പുരക്കകത്തുണ്ടായിരുന്നവര്‍ അത് വിട്ടു പഴയ കൂരകളിലേക്ക് പോയതും ഈയ്യിടെ. (വെഞ്ചരിച്ച മെമ്പറെ കാണാനില്ലെന്ന പരാതിയുള്ളവരും ഉണ്ട്). അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. അല്ലാതെന്തു പറയാന്‍? തൃശ്ശൂരുള്ള അത്മായര്‍ മെത്രാന്‍ തിരഞ്ഞെടുപ്പിന് സ്വന്തം സ്ഥാനാര്‍ഥികളെ  നിശ്ചയിക്കാന്‍ അവസരം കാത്തുനില്‍ക്കുന്നു. പക്ഷേ, AKCC സ്വന്തം അടുപ്പില്‍ കളിക്കണ്ടാന്നാണ് പിതാക്കന്മാരുടെ എളിയ അഭിപ്രായം. AKCC മേയര്‍ തൃശ്ശൂര്‍ നഗരസഭ മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്നത്‌ സ്വപ്നം കാണാന്‍ ഏതായാലും ക്രിസ്ത്യാനികളെ കിട്ടാന്‍ ഇടയില്ല. അപ്പോ ഇത് വിരട്ടല്‍ മാത്രം! അല്ലേ, കാക്കകളല്ലാത്തവരെ?

അത്മായശബ്ദം ഒളിഞ്ഞും തെളിഞ്ഞും സര്‍വ്വ മാലോകരോടുമായി എത്ര പ്രാവശ്യം പറഞ്ഞതാ, കുട്ടികളും (കുട്ടികളുടെ കാര്യത്തില്‍ ആണ്‍ പെണ് ഭേദമില്ല) സ്ത്രീകളും അച്ചന്മാരെ കാണാന്‍ ഒറ്റയ്ക്ക് പോവരുതെന്ന്. അതും പോരാഞ്ഞ് വൈദികവൃത്തി ഉപേക്ഷിച്ചവരും പരസ്യമായി പലതും പറഞ്ഞു. പുറത്തുവന്നവരും അകത്തു നില്‍ക്കുന്നവരുമായ നിരവധി കന്യകമാരുടെ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് അത്മായശബ്ദം ഇപ്പോഴും താഴ്മയായി പറയുന്നു, ദയവായി മഠങ്ങളിലേക്ക് മക്കളെ വിടരുത്. അനുസരിക്കാത്തവര്‍ ഇപ്പോള്‍ അനുഭവിച്ചു തുടങ്ങി. ഈയ്യിടെ മഠത്തിന് മുമ്പില്‍ സമരത്തിനൊരുങ്ങിയ കന്യാസ്ത്രീ, മഠത്തില്‍ നടന്ന ഒരു പീഢാനുഭവം നേരില്‍ കണ്ടു, അത് മദറിനോട്‌ നേരിട്ട് പറഞ്ഞ്, SSLC പാസ്സായി. പ്ലസ്‌ റ്റുവിന് അടുത്ത കളത്തില്‍ ചെന്നപ്പോള്‍ കുരിശു സ്വന്തം തോളിലേക്ക് വന്നു. അത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവിടെ നിന്നും പുറത്തായി. വെള്ളയുടുപ്പിട്ട മുസലിയാരെ കണ്ടാലും കല്ലുപെറുക്കി എറിയുമെന്ന പരുവത്തിലാണ്‌ സി. ജെസ്മിയെപ്പോലുള്ളവര്‍. നല്ലവരായ കുറെയേറെപ്പേര്‍ ഇതിനിടയിലുണ്ട്. അവര്‍ ഈ റോഷനോട് സദയം ക്ഷമിക്കുക. മണി മണിയെന്ന് പറയേണ്ടിടത്ത് മാണി മാണിയെന്ന് പറഞ്ഞാല്‍ ശരിയാവില്ലല്ലോ; അതുകൊണ്ട് പറഞ്ഞു പോകുന്നതാ.

വല്യ ആഴ്ച നിറയെ ഹൌസ്ഫുള്‍ ധ്യാനങ്ങള്‍ നടന്നു. ഇതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം കിട്ടിയെന്നു ചോദിക്കരുത്. കാഞ്ഞിരപ്പള്ളിയില്‍ ചെന്നാല്‍ മോനിക്കായെ അങ്ങനെ തീറ്റിക്കുന്നില്ലായെന്നു കേള്‍ക്കാം; ചങ്ങനാശ്ശേരിയില്‍  ചെന്നാല്‍ പത്രക്കാരെ വെടിവെച്ചു കൊല്ലണമെന്ന് കേള്‍ക്കാം; ഇടുക്കിയില്‍ ചെന്നാല്‍ പി റ്റി തോമസ്സിനെ ഉലക്കക്കുരുട്ടുമെന്നു കേള്‍ക്കാം; കോതമംഗലത്ത് ചെന്നാല്‍ പ്രഫസ്സറെ മണ്ണ് തീറ്റിക്കുമെന്ന് കേള്‍ക്കാം; പാലായില്‍ വന്നാല്‍ ആ ശവം ഇവിടെ കുഴിച്ചിടണ്ടായെന്ന് കേള്‍ക്കാം; അങ്ങനെ എവിടെ നോക്കിയാലും ഏഴെഴുപതു പ്രാവശ്യം ക്ഷമിക്കുന്നതിന്‍റെ  കഥകള്‍ മാത്രം. ഈയ്യിടെ മന്ത്രി മാണി ഒരുഗ്രന്‍ ധ്യാനം കൂടി. ഇറങ്ങി വന്നതേ പറഞ്ഞത്, ജോര്‍ജ്ജിനെ ക്രൂശിക്കുക എന്നായിരുന്നല്ലോ. ഇപ്പോള്‍ ധ്യാനങ്ങളുടെ പൊതുവായ തീം അച്ചന്മാരെയും മെത്രാന്മാരെയും കുറ്റം പറയരുതെന്നാണ് (തങ്ങളെക്കൂടി ലിസ്റ്റില്‍ പെടുത്താത്തതിന് മഠംകാര്‍ക്ക് പിണക്കമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട് താനും). ധ്യാനത്തിന് പേഴ്സുമായും കുമ്പസ്സാരത്തിനു പേഴ്സണുമായും ബന്ധമുണ്ട്. കുമ്പസ്സാര രഹസ്യം പുറത്തു പറഞ്ഞതായി അറിവില്ല; പക്ഷേ, കുമ്പസ്സാരം പള്ളിയില്‍ തുടങ്ങി പള്ളിമുറികളില്‍ അവസാനിക്കുന്നതിന്‍റെ കഥകള്‍ ധാരാളം. കല്യാണത്തിന് A കുറി B കുറി C കുറി എന്നിങ്ങനെ കുറെ കുറികളുണ്ടല്ലോ. അതുപോലെ  അച്ചന്മാര്‍ പള്ളി മാറുമ്പോള്‍ ഇടവകക്കാരുടെ വക ഒരു ‘S’ കുറിയും (സ്വഭാവ സര്ടിഫികെറ്റ്) നിര്‍ബന്ധമായി കൊണ്ടുപോകണമെന്ന് ഒരു നിയമം ഉണ്ടാക്കാം. ഞാനൊരു നല്ല കാര്യം പറയട്ടെ, എല്ലാ പള്ളിമുറികളിലും നിര്‍ബന്ധമായും ഒളിക്യാമാറാകള്‍ വെയ്ക്കുകയും, അത് പരിശോധിക്കാനുള്ള അവകാശം അത്മായനു കൊടുക്കുകയും ചെയ്യുക. പകുതി പ്രശ്നം തീരും.

നമ്മുടെ അച്ചന്മാര്‍ക്ക് പൊതുവേ ഒട്ടകത്തിന്‍റെ സ്വഭാവമാണ്. എവിടെ തല വെയ്ക്കാന്‍ ഇടം കൊടുക്കുന്നുവോ അവിടെ ഉടലും കൂടി കയറ്റും. ഇയ്യിടെ ആസ്ട്രേലിയയില്‍ സീറോ മലബാര്‍ സഭയെ കമ്പനി ആയി രെജിസ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്ത ദിവസം തന്നെ, ആസ്ട്രേലിയായില്‍ എവിടെ പള്ളി പണിയാനും സഭക്ക് അനുമതി ഉണ്ടെന്ന് ഒരു വിരുതന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വര്ഷം (പണ്ട് അങ്ങാടിയത്ത് പറഞ്ഞതു പോലെ) ഇവിടെ മതസ്വാതന്ത്ര്യം ഇല്ലെന്നായിരിക്കും പുത്തൂര്‍ ബിഷപ്പിന്‍റെ വായില്‍ നിന്ന് കേള്‍ക്കാന്‍ പോകുന്നത്. ഫരീദാബാദില്‍ ഒരു രൂപത വന്നത് കാരണം കാശ്മീരിലുള്ളവരും ഭയന്നിരിക്കുകയാണ്. എപ്പോഴാണ് അത് അങ്ങോട്ട്‌ നീളുന്നതെന്നറിയില്ലല്ലോ. അമേരിക്കക്കാര്‍ക്ക് ധ്യാനം ഹോട്ടലില്‍ വരെ നടത്തേണ്ടി വന്നു, എല്ലാം മാര്‍ത്തോമ്മാ പാരമ്പര്യം! അമ്പതു ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത ചത്തിസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ നിന്ന് കേട്ടു.  ഇന്ത്യാ മുഴുവന്‍ മാര്‍ക്ക് ചെയ്ത KCBC സിനഡിന് പറ്റിയത് പുത്തൂരിനും പറ്റരുതെന്നേ എനിക്ക് പറയാനുള്ളൂ.

വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യാനികളെ എല്ലാവര്‍ക്കും ഇഷ്ടമാ; പള്ളി, പട്ടക്കാര്‍, ഇവയെ കണ്ടുകൂടാ താനും. സത്യം പറഞ്ഞാല്‍, ഈ മനോഭാവം ക്രിസ്ത്യാനികളുടെ ഇടയിലും വ്യാപകമായി ഉണ്ട്. ഇപ്പോ പുകക്കല്‍ തുടങ്ങി. വല്യ താമസിയാതെ സീറോ മലബാര്‍ ഒട്ടകത്തിന്‍റെ തലയും കൂടാരത്തിന് പുറത്തു വരും. നല്ല വെയിലത്ത് ഒട്ടകത്തിനു ചാണകം ഇടേണ്ടിയും വരും. ഇതൊന്നും കാണാന്‍ എനിക്ക് ഒരു ധൃതിയുമില്ല. വെറുതെ തുടങ്ങിയ ഒരു അത്മായാശബ്ദം ബ്ലോഗ്ഗ് ഇപ്പോള്‍ ദിവസവും ആയിരങ്ങള്‍ വായിക്കുന്നു. പാലായില്‍ ചായ കുടിച്ചു പിരിഞ്ഞുകൊണ്ടിരുന്ന KCRMനെ ഇപ്പോള്‍ ആരൊക്കെയോ ഭയക്കുന്നു. സത്യജ്വാല ഒരു ലക്കം രണ്ടു പ്രാവശ്യം അച്ചടിക്കേണ്ടി വരുന്നൂ.... ഈ പോക്ക് മുമ്പോട്ടാണെന്ന് കാണാന്‍  കണിയാന്‍ വേണ്ടല്ലോ, ഈ പോക്കിങ്ങനെ പോയാല്‍ എവിടെവരെ പോകുമെന്ന് കാണാനും കണിയാന്‍ വേണ്ട. പിമ്പോട്ടായിരുന്നെങ്കില്‍, കുമ്പസ്സാരിക്കാത്ത സര്‍വ്വ പെണ്‍കുട്ടികളും (തൃശൂര്‍ മോഡലില്‍) അച്ചന്മാരുടെ അടി മേടിച്ചേനെ.
തേലക്കാട്ടച്ചനെ എല്ലാവരും കൂടി പറ്റിച്ചു; കന്യാസ്ത്രീ 12 ലക്ഷം രൂപയും കൊണ്ട് പോവുകയും ചെയ്തു. സഭാവസ്ത്രം തിരിച്ചു കൊടുക്കണമെന്നല്ലാതെ അതുക്കൂട്ടു വേറെ തയ്പിക്കരുതെന്നു വ്യവസ്ഥയില്ല, പ്രശ്നക്കാരനായ ധ്യാനഗുരുവിന്റെ പേര് പുറത്തു പറയരുതെന്ന് വ്യവസ്ഥയുണ്ടെന്നു പറയപ്പെടുന്നു. പക്ഷേ, മുദ്രപ്പത്രത്തില്‍ അത്മായന്‍ ഒപ്പ് വെച്ചിട്ടില്ല. സരിതയുടെ കത്ത് നൂറടി അകലെനിന്ന് ഒരു വിരുതന്‍ സൂം ചെയ്തതുപോലെ കന്യാസ്ത്രീയുടെ വാക്കുകള്‍ സൂം ചെയ്തവര്‍ക്ക് ആ ധന്യന്‍റെ പേരും വായിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എല്ലാ പ്രശ്നങ്ങളും ഒതുക്കിയെന്ന മട്ടിലാണ് തേലക്കാട്ടച്ചന്‍. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്ന് അങ്ങേര് താമസിയാതെ മനസ്സിലാക്കിയേക്കാം. മാര്‍പ്പാപ്പാ പറഞ്ഞത് ആദിമകാലത്ത് സഭ അനുഭവിച്ചതിനേക്കാള്‍ വലിയ പീഢനമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ്. റോമന്‍ ചക്രവര്‍ത്തിമാരെക്കാളും സുഖിമാന്മാരാണ് ഇപ്പോഴത്തെ മെത്രാന്മാരെന്നു കൂടി മാര്‍പ്പാപ്പാ താമസിയാതെ പറയാന്‍ ഇടയുണ്ട്.  ഒരു ബയോളജിക്കല്‍ ചങ്ങലപോലെ കാര്യങ്ങള്‍ നീങ്ങുന്നു. വിശ്വാസികളെ സഭ പീഢിപ്പിക്കുന്നു, സഭയെ വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന് പീഢിപ്പിക്കുന്നു.

ശങ്കരാചാര്യര്‍ പറഞ്ഞു, ഗോവധം രാജ്യമാകെ നിരോധിക്കണമെന്ന്. ‘പുല്ലല്ലാത്തതെല്ലാം തിന്നുന്നവന്‍ ക്രിസ്ത്യാനി’ എന്ന വിശേഷണം പോകാതെ നമ്മളും പിടിക്കണം. കശാപ്പുശാലകള്‍ അടച്ചാല്‍ ഞായറാഴ്ച്ചകളില്‍ പള്ളിയില്‍ വരുന്നവരുടെ എണ്ണം കുറയുമെന്ന് കണ്ടുപിടിച്ച് അത് ശങ്കരാചാര്യരോട് പറഞ്ഞവന്‍ ആരെടാ? കൊള്ളാമല്ലോ!

ഈ യുവജനദ്രോഹം കർശനമായി തടയണം

പൂര്ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്ണം, പൂര്ണങ്ങള്‍ ചേര്ന്നീടില്‍
പൂര്ണംതന്നെ,യതില്നിന്നും
പൂര്ണം നീക്കുക ഹാ! പൂര്ണം!!

പൂര്ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!
പൂര്ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'പൂര്ണം പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!  (ജോസാന്റണി)

ശൂന്യതയുടെ ശക്തിവൈഭവം എന്ന പോസ്റ്റിനുള്ള ഒരു പ്രതികരണമായി എഴുത്തുന്നതാണെങ്കിലും ഇന്നത്തെ സഭാന്തരീക്ഷത്തിൽ നടമാടുന്ന ഒരു പാഴ് വേലയെപ്പറ്റി സൂചിപ്പിക്കേണ്ടതുകൊണ്ട് ഇതൊരു പ്രത്യേക പോസ്റ്റായി ഇടുന്നുവേന്നെയുള്ളൂ. 

മുകളിലുള്ള ജോസാന്റണിയുടെ കൊച്ചു കവിത വളരെ കൃത്യമായും സംക്ഷിപ്തമായും ഒരു സത്യം അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യഭാഷ ദുർബലമായതിനാൽ സനാതനമായവയെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും കൂടുതൽ ശരി അതിൽ ഉണ്ടാവാനാണ് സാദ്ധ്യത. ഈ വാക്യം ഇങ്ങനെ നീട്ടി പറയുന്നതുകൊണ്ട്, കൂടുതൽ ശരിയും കുറച്ചു ശരിയും ഇല്ലെന്ന സത്യം തന്നെ ഇവിടെ മറയ്ക്കപ്പെട്ടിരിക്കുന്നു. സനാതനമായവയെന്നു പറഞ്ഞതും അധികമാണ്. കാരണം, സനാതനമായത് ഒന്നേയുള്ളൂ - അതാണ്‌ ഉണ്മ. അസ്തിത്വം, ആത്മാവ്, ദൈവം, സത്യം, ശൂന്യത - എല്ലാം അതുതന്നെ. ഒന്നുതന്നെ.

ഉണ്മയെ ഇതിലേതെങ്കിലും ഒന്നായി അനുഭവിക്കുന്നതിന് പൊതുവേ പറയുന്ന ഉപമ പ്രകാശമെന്നാണ്. പ്രകാശത്തെ നാം കാണുന്നില്ല. പ്രകാശിപ്പിക്കപ്പെടുന്നതിനെയേ നാം കാണുന്നുള്ളൂ. ശരിക്ക് ആലോചിച്ചു നോക്കൂ. പ്രകാശത്തിന്റെ രശ്മിയെ ഒരുക്കലും നാം കാണുന്നില്ല. എന്തെങ്കിലും പ്രകാശിതമാകുമ്പോൾ, അത് കണ്ടിട്ട്, ഹാ, അവിടെ പ്രകാശമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. ആകാശത്തിൽ എപ്പോഴും സൂര്യരശ്മ്നിയുണ്ട്, എന്നാൽ ഏതെങ്കിലും പദാര്ഥത്തിൽ അത് തട്ടുന്നില്ലെങ്കിൽ നമുക്ക് പ്രകാശം ദൃശ്യമല്ല. ദൈവത്തെപ്പറ്റി അല്ലെങ്കിൽ ആത്മാവിനെപ്പറ്റി, അല്ലെങ്കിൽ ഉണ്മയെപ്പറ്റി  ഇത് തന്നെ പറയാം.

മൗനമെന്നും ശൂന്യതയെന്നും വിരക്തിയെന്നുമൊക്കെ പറയുന്നത് ആത്മാവിന്റെ പ്രതിഫലനം ഗോചരമാകുന്നതിനുള്ള പശ്ചാത്തലം എന്ന അർഥത്തിലാണ്.  അതുകൊണ്ടാണ് അത് ആധ്യാത്മികതയുടെ അടിത്തറയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ക്രിസ്തീയ സഭകളിൽ ശക്തിപ്രാപിച്ചുവരുന്ന വചനോത്സവങ്ങളും അഭിഷേകാഗ്നിയുമൊന്നും ആദ്ധ്യാത്മികതയെ ഒരു തരിപോലും വളർത്താത്തത്. അവയെല്ലാം സൃഷ്ടിക്കുന്നത് വെറും കോലാഹലമാണ്.
 
മേല്പറഞ്ഞ അർഥത്തിൽ ദൈവസാന്നിദ്ധ്യം രുചിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാതെ, സഭാനിയമങ്ങളും അനുഷ്ഠാനങ്ങളും ഹൃദിസ്ഥമാക്കാൻവേണ്ടി, സമയം കളയുന്ന വേദപാഠക്ലാസുകൾ അറിഞ്ഞുകൊണ്ടുള്ള യുവജനദ്രോഹമാണ് എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സ്കൂൾ അവുധിക്കാലം പോലും അതിനായി കവർന്നെടുക്കുന്നത്‌ ശക്തമായി തടയണം.       

Friday, April 10, 2015

കത്തോലിക്കാസഭയിലെ നേതൃത്വഹത്യ

ഓശാനമാസികയുടെ ആദ്യലക്കത്തിൽതന്നെ 
(1975 ഒക്ടോബര്) ആരംഭിച്ച 
യുവാക്കന്മാര്ക്കുള്ള പംക്തിയാണ് 'യുവശക്തി'
ജോസഫ് പുലിക്കുന്നേൽ എഴുതിയ 
അതിന്റെ ആമുഖം ഇങ്ങനെയായിരുന്നു : 

(കേരളത്തിലെ കത്തോലിക്കാ യുവാക്കന്മാരുടെ സാമൂഹികപ്രശ്നങ്ങളാണ് ഇതില് ചര്ച്ച ചെയ്യപ്പെടുന്നത്. നാല്പതിലേറെ കത്തോലിക്കാ കോളേജുകളില്, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്ഥികള്ക്കും പഠിച്ചുകഴിഞ്ഞ യുവാക്കള്ക്കും കത്തോലിക്കാസഭയിലെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് തുറന്നെഴുതാനുള്ള ഒരു വേദിയാണിത്. സര്ഗശക്തിയും നേതൃത്വസിദ്ധിയുമുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കാന് ഞങ്ങള് ശ്രമിക്കുന്നതാണ്.)

കേരളത്തിലെ ഒരു സന്ന്യാസസഭയുടെ ഒരു പ്രത്യേക പ്രോവിന്സിന്റെ ഉടമസ്ഥതയിലുള്ള ഒരു ദിനപ്പത്രം (പണപ്പിരിവിനും വരിക്കാരെ ചേര്ക്കുന്നതിനും 'കത്തോലിക്കാപത്രം' എന്നാണ് സ്വയ വിശേഷിപ്പിക്കാറ്) കത്തോലിക്കരുടെ ഇടയില് ഉണ്ടെന്നു പറയപ്പെടുന്ന നേതൃത്വരാഹിത്യത്തെക്കുറിച്ച് ഏതാനും വര്ഷങ്ങള്ക്കപ്പുറം ഒരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അന്ന് ആ പത്രം കത്തോലിക്കരില് നേതാക്കന്മാരില്ല എന്ന നിഗമനത്തിലാണ് എത്തിയതെന്നാണ് ഓര്മ. 'നേതൃത്വം' എന്ന് അവര് വിവക്ഷിച്ചിരുന്നത് അത്മായരുടെ ഇടയിലുള്ള നേതൃത്വത്തെയാണ്. കത്തോലിക്കാ അല്മായരില് നേതാക്കന്മാരില്ലാത്തതിനെക്കുറിച്ച് അവര് അന്ന് പരിവേദനം നടത്തി.
അവരുടെ 'നേതൃത്വം'
നേതൃത്വം എന്നതുകൊണ്ട് അന്നവര് വിവക്ഷിച്ചത്, ദിവസവും പള്ളിയില് പോകുകയും കുര്ബ്ബാന കാണുകയും കുര്ബ്ബാന കൈക്കൊള്ളുകയും അച്ചന്മാരും മെത്രാനച്ചനും പ്രസ്തുത പത്രവും പറയുന്നതനുസരിക്കുകയും ചെയ്ത് കേരളരാഷ്ട്രീയത്തില് വളര്ന്നു വിരാജിക്കുക എന്നതായിരുന്നു. അങ്ങനെയുള്ള ഒരു നേതൃത്വം കേരള രാഷ്ട്രീയത്തില് ഉണ്ടാകാത്തതിനെക്കുറിച്ചായിരുന്നു ഖേദം. അങ്ങനെ ഒരു നേതൃത്വം വളര്ത്തിയെടുക്കുകയാണു സമുദായത്തിന്റെ അടിയന്തിരാവശ്യമെന്ന നിഗമനത്തിലാണ് അവര് എത്തിച്ചേര്ന്നത് ശരിയാണ്. കേരളരാഷ്ട്രീയത്തില് അങ്ങിനെ ഒരു നേതൃത്വം വളര്ത്തിയിരുന്നില്ല. ഈന്തങ്ങാക്കുടുക്കയില് കരിമീനുകളെ വളര്ത്താന് പറ്റുകയില്ലല്ലോ?
വിലങ്ങുതടികള്
കേരളത്തിന്റെയും ഭാരതത്തിന്റെയും സാമൂഹ്യരാഷ്ട്രീയ രംഗത്ത് ഉയര്ന്നു പ്രശോഭിച്ച അതികായകന്മാര് നമുക്കുണ്ട്. ഇന്ഡ്യയുടെ സുപ്രീംകോടതിയില് ഒരു കത്തോലിക്കന് ജഡ്ജിയാണ്. ഗവര്ണറായിരുന്ന എ.ജെ. ജോണ്, വൈസ് ചാന്സലറായിരുന്ന വി.വി. ജോണ്, ജോസഫ് മുണ്ടശ്ശേരി, സാഹിത്യ അക്കാഡമി പ്രസിഡന്റായിരുന്ന പൊന്കുന്നം വര്ക്കി, സാഹിത്യനായകന്മാരുടെ ഉഷകാലനക്ഷത്രമായിരുന്ന എം.പി. പോള്, കേരള രാഷ്ട്രീയത്തിലെ കരുത്തനായിരുന്ന മന്ത്രി പി.റ്റി. ചാക്കോ, ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി. പ്രസിഡന്റായ എ.കെ. ആന്റണി, റബ്ബര് ബോര്ഡ് ചെയര്മാനായ കെ.എം. ചാണ്ടി - ഇങ്ങനെ പലരും കത്തോലിക്കാസമുദായത്തില് ജനിച്ചവരാണ്. അവരെല്ലാം പ്രവേശിച്ച തുറയില്, ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്ന്നു. പക്ഷേ അവരുടെ വ്യക്തിത്വത്തിന്റെ വളര്ച്ചയില് വിലങ്ങുതടികളിടാനല്ലാതെ പ്രോത്സാഹിപ്പിക്കാന് കത്തോലിക്കാസഭ നേതൃത്വം കയ്യടക്കിവെച്ചിരുന്ന പുരോഹിതന്മാര് തയ്യാറായില്ല. ഇവരില് പലരെയും സഭ ഓരോ കാലഘട്ടത്തില് ശപിച്ചിട്ടുണ്ട്. 'കത്തോലിക്കാപത്രം' അവരില് പലരെയും ഓരോ കാലഘട്ടത്തില് ആക്രമിച്ച് അവശരാക്കിയിട്ടുണ്ട്. എങ്കില് സര്ഗശക്തിയുള്ള ഇവര് സ്വന്തം കഴിവില് വളര്ന്നു.
നേതൃത്വരഹസ്യം
ആരാണ് നേതാവ്? എന്താണീ നേതൃത്വം? അവനവന് ജീവിക്കുന്ന സമൂഹത്തില് തൂത്തെറിയപ്പെടേണ്ട ചിന്തകള്ക്കും ചട്ടക്കൂടുകള്ക്കും പാരമ്പര്യങ്ങള്ക്കും എതിരായി ജനങ്ങളെ പഠിപ്പിച്ച്, സംഘടിപ്പിച്ച്, വിശ്വാസം ആര്ജിച്ച്, ആദര്ശത്തിന്റെ കൊടിക്കീഴില് അവരെ നയിക്കാന് കഴിയുന്നവനാണ് നേതാവ്. ആ നേതാവിന് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുണ്ടായിരിക്കണം. അത് ബുദ്ധിയുടെ ഉലയില്വെച്ച് തനി തങ്കമായി മാറ്റണം. സ്വന്തമായ കഴിവിലുള്ള വിശ്വാസം വളര്ത്തുകയും അന്യരുടെ വിശ്വാസം ആര്ജിക്കുകയും വേണം. അതോടൊപ്പം കര്മപദ്ധതികള്ക്ക് രൂപം കൊടുക്കണം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി അനവരതം പോരാടണം. ആ പോരാട്ടത്തിനുള്ള ആവേശവും ശക്തിയും കൊടുക്കുന്നത് ലക്ഷ്യസാധ്യത്തിലുള്ള ശുഭപ്രതീക്ഷയും പ്രവര്ത്തിയിലുള്ള ആത്മാര്ഥതയും സത്യസന്ധതയുമാണ്. ഇതത്രെ നേതൃത്വത്തിന്റെ രഹസ്യം.
പൊരുത്തക്കേട് വാക്കിലും പ്രവൃത്തിയിലും
കത്തോലിക്കാ സമുദായത്തില് ഒരു ബാലന് ആദ്യം ചെന്നെത്തുന്ന സാമൂഹികസംഘടന പള്ളിയാണ്. അവന് പ്രവര്ത്തിക്കാന് ലഭിക്കുന്ന മണ്ഡലങ്ങള് സൊഡാലിറ്റിയും ലീജിയന് ഓഫ് മേരിയും അഖില കേരള ചെറുപുഷ്പ മിഷന് ലീഗും മറ്റുമാണ്. ഇവയിലെല്ലാം പ്രാര്ഥനയ്ക്കും പണപ്പിരിവിനും വേണ്ടതായ ഭാവനയ്ക്കപ്പുറം ഒന്നും ആവശ്യമില്ല. അവന്റെ ചിന്തയുടെയും വിജ്ഞാനത്തിന്റെയും ചക്രവാളം വളരുന്നതോടുകൂടി അവന് ജീവിക്കുന്ന സമൂഹത്തിലെ അനീതിയിലേക്കും പൊയ്മുഖങ്ങളിലേക്കും അവന്റെ ആദര്ശം ഛേദം സംഭവിക്കാത്ത ദൃഷ്ടി ചെന്നു പതിക്കുന്നു. 'മനുഷ്യപുത്രനു തലചായ്ക്കാന്' സ്ഥലമില്ലെന്ന് അഭിമാനപൂര്വ്വം പ്രഖ്യാപിച്ച മനുഷ്യപുത്രന്റെ അനുയായി, സിംഹാസനത്തിന്റെ വേഷഭൂഷാഡംബരങ്ങളോടെ ഇരിക്കുന്നു.  ''നിങ്ങള് ഭൂമിയില് പിതാവേ എന്ന് ആരേയും വിളിക്കരുത്'' (മത്തായി 23: 3) എന്നു കല്പിച്ച മിശിഹായുടെ പള്ളിയകത്തുവെച്ച് 'ഞങ്ങളുടെ പിതാവിനും മേല്പ്പട്ടക്കാരനും' വേണ്ടി പ്രാര്ഥനകള് നടത്തുന്നു. ധനവാന് സ്വര്ഗ്ഗരാജ്യത്തില് പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴിയില്ക്കൂടി പ്രവേശിക്കുന്നതുപോലെ ക്ലേശകരമാണ് എന്നു കല്പിച്ച ക്രിസ്തുവിന്റെ അനുയായികള് എട്ടും പത്തും പേര് പണക്കാരന്റെ ശവക്കല്ലറക്കടുക്കല് 'നെറ്റിപ്പട്ടങ്ങള്ക്കു വീതികൂട്ടി കുപ്പായങ്ങളുടെ തൊങ്ങലുകള് നീട്ടി നില്ക്കുന്നു' (മത്തായി 23-5). ''നീ പ്രാര്ഥിക്കുമ്പോള് മനുഷ്യരാല് കാണപ്പെടുവാന് സംഘങ്ങളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്ഥിക്കുവാന് ഇഷ്ടപ്പെടുന്ന കപടഭക്തരേപ്പോലെ ആകരുത്..... നീ പ്രാര്ഥിക്കുമ്പോള് നിന്റെ മുറിയില്വെച്ച്, രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവിനോട് പ്രാര്ഥിക്കുക'' (മത്തായി 6:6) എന്നു ഉപദേശിച്ച മിശിഹായുടെ അനുയായികള് പരിഹാരപ്രദക്ഷിണങ്ങളും പ്രാര്ഥനയുടെ അലര്ച്ചയുമായി തെരുവീഥികളില് യാത്രാതടസ്സം വരുത്തി പ്രാര്ഥനപ്രകടനം നടത്തുന്നു. 'സഞ്ചികളോ ഭാണ്ഡങ്ങളോ ചെരിപ്പുകളോ എടുക്കാതെ' (ലൂക്കാ 10: 4) മിശിഹായുടെ വചനങ്ങളുടെ സംരക്ഷണക്കുടക്കീഴില് ആശ്വാസം കണ്ടെത്താന് കല്പിച്ച മിശിഹായുടെ അനുയായികള് അരമനകളും എസ്റ്റേറ്റുകളും വേനല്ക്കാല വസതികളും മത്സരിച്ചു വാങ്ങുന്നു. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവര്, മൂന്നുനില കെട്ടിടങ്ങളില് സമ്പന്നരായി ജീവിക്കുന്നു.
അസ്വസ്ഥത ആരംഭിക്കുന്നു.
ഈ വൈരുദ്ധ്യങ്ങള് നിഷ്കളങ്കവും ആദര്ശനിര്ഭരവുമായ ഹൃദയത്തില് ആഴമേറിയ ചലനങ്ങള് സൃഷ്ടിക്കുന്നു. ഈ അനാചാരങ്ങളുടെ മാറാലകളും പൊയ്മുഖവും വലിച്ചു ചീന്താന് അവന് ആഗ്രഹിക്കുന്നു. അവന്റെ ചിന്ത അസ്വസ്ഥമാകുന്നു.
മാര്ഗ്ഗങ്ങള് രണ്ടേ ഉള്ളു.
പക്ഷേ, ഒരു കത്തോലിക്കന് അതു ചെയ്യാന് പാടില്ല! സമൂഹത്തിന്റെ ആധിപത്യം നീണ്ടവസ്ത്രങ്ങളില് പൊതിഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള അധികാരം കല്പിക്കും. ''പ്രാര്ഥിക്കുക, പരിഹാരം ചെയ്യുക, പെരുന്നാളു കഴിക്കുക, വിയാസാക്ര നടത്തുക, പണം പിരിക്കുക'' ഇവയൊക്കെ നല്ലവണ്ണം അനുസരിക്കുന്നവന് നല്ല കത്തോലിക്കന്റെ പട്ടികയില് കടന്നുകൂടുന്നു. ഒന്നുകില് സ്വയം വേറൊരു പൊയ്മുഖമണിഞ്ഞ് 'നല്ല കുട്ടിയായി', 'ഭക്തനായി' കഴിയുക അല്ലെങ്കില് പൊയ്മുഖങ്ങള് സ്വയം ഒളിക്കുന്ന സാമൂഹിക മാന്യതയുടെ പൊന്തക്കാടുകള് തല്ലിത്തകര്ക്കുക.
രണ്ടാമത്തേതാണ് നേതൃത്വസിദ്ധിയുള്ളവര് സ്വീകരിക്കുക. അപ്പോള് അവര് പുറത്താക്കപ്പെടുന്നു. സഭയ്ക്കു പുറത്ത്. സമുദായത്തിനു പുറത്ത്.
സ്വഭാവഹത്യ-ഒരായുധം
അങ്ങനെ കത്തോലിക്കാ സമുദായം നേതൃത്വവാസനയുള്ള അനേകം യുവാക്കളെ സ്വഭാവഹത്യ ചെയ്തു നശിപ്പിക്കുന്നു. അവരുടെ കലാപങ്ങള് പൊക്കിപ്പിടിച്ചുകൊണ്ട്, വരുംതലമുറയെ ഭയപ്പെടുത്തുന്നു. എം.പി. പോളിനു കൊടുത്ത തെമ്മാടിക്കുഴി, പി.റ്റി. ചാക്കോയെ വലിച്ചു താഴെയിട്ട രാഷ്ട്രീയക്കളി, മുണ്ടശ്ശേരിയെ സ്വന്തം സ്ഥാപനത്തില് നിന്നു പിരിച്ചുവിട്ട അധികാരശക്തി, ഇവ കണ്ട് വരും തലമുറ അജയ്യമായ ശക്തിയെ ഭയപ്പെടണം!!
എം.പി. പോളും റോമയോ തോമസും
ഒരു റോമയോ തോമസ്സിന്റെ ഇടുങ്ങിയ മനസ്സിനുള്ളില് എം.പി. പോളിന്റെ മുറ്റിത്തഴച്ചു വളര്ന്നുകൊണ്ടിരുന്ന വ്യക്തിത്വത്തെ ഒതുക്കിനിര്ത്താന് കഴിഞ്ഞില്ല. അത് എം.പി. പോളിന്റെ കുറ്റമാണെന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന് ശ്രമിച്ചു. പക്ഷേ, റോമയോ തോമസ്സിനെയും ആ ഇടുങ്ങിയ മനസ്സിനെയും സമൂഹം മറന്നുകഴിഞ്ഞു. ഇന്നാകട്ടെ എം.പി. പോളിന്റെ തേജസ്സുമാത്രമാണ് ജനം കാണുന്നത്. ആ തേജപുഞ്ജത്തിന്റെ കിരണങ്ങള് തട്ടിയാണ് ഇന്നു റോമയോ തോമസ്സിന്റെ മങ്ങിയ മുഖം മനുഷ്യര് ഓര്ക്കുന്നത്.
മുണ്ടശ്ശേരിയും
ഒരു കല്ലുങ്ങന്റെ ചെറിയ മനസ്സില് ജോസഫ് മുണ്ടശ്ശേരിയെ തളച്ചിടാന് ശ്രമിച്ചു. ആ സര്ഗശക്തി അതിനു വഴങ്ങിയില്ല. മുണ്ടശ്ശേരിയെ കല്ലെറിയാന് കൊന്ത വലിച്ചെറിഞ്ഞു, കല്ലുകളെടുത്തു. ഇന്നു കല്ലുങ്ങന് മറക്കപ്പെട്ടു. മുണ്ടശ്ശേരിയുടെ സര്ഗപ്രതിഭ ശാശ്വതമായി.
ശിംശോന്മാരുടെ തലമുടി അറത്ത്, കണ്ണ് കുത്തിപ്പിടിച്ച് ചക്കു തിരിപ്പിക്കാമെന്ന വ്യാമോഹമാണ് സമുദായ നേതൃത്വത്തിനുണ്ടായത്. പക്ഷേ അവര് തകര്ത്ത പാരമ്പര്യത്തിന്റെ തൂണുകള്ക്കിടയില് ഈ ചെറിയ മനുഷ്യര് മൂടിപ്പോയി.
സര്ഗശക്തിയും കര്മശേഷിയും സത്യസന്ധതയുള്ള യുവനേതൃത്വത്തെ, കാലാകാലങ്ങളില് തകര്ക്കേണ്ടത് സ്ഥാപിതതാത്പര്യക്കാരുടെ ആവശ്യമായിരുന്നു.
''വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്ക്കു ദുരിതം. കാരണം നിങ്ങള് സ്വര്ഗരാജ്യം മനുഷ്യരുടെ മുന്നില് അടച്ചുകളയുന്നു. നിങ്ങള് അവിടെ പ്രവേശിക്കുന്നില്ല. പ്രവേശിക്കാന് തുനിയുന്നവരെ അതിന്ന് അനുവദിക്കുന്നതുമില്ല''.... ''അല്ലയോ ജെറൂശലേമേ, ജെറൂശലേമേ, പ്രവാചകരെ കൊല്ലുന്നവളേ, നിന്റെ അടുക്കലേക്ക് അയയ്ക്കപ്പെട്ടവരെ കല്ലെറിയുന്നവളേ, സ്വന്തം കുഞ്ഞുങ്ങളെ പിടക്കോഴി ചിറകിന്കീഴില് അണയ്ക്കുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്ക്കാന് ഞാന് എത്രയധികം അഭിലഷിച്ചു! പക്ഷേ നിങ്ങള് സമ്മതിച്ചില്ല''.... ''സര്പ്പങ്ങളേ! അണലി സന്തതികളേ, നരകവിധിയില്നിന്നു നിങ്ങള് എങ്ങനെ രക്ഷപ്പെടും? ''  (മത്തായി (23: 14, 37, 33).


ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവായി ;അവന്‍ ഒന്നും ഉരുവാക്കിയുമില്ല ! അവനല്ലാതെ ഒന്നും ഉരുവായില്ല ,അവനില്‍നിന്നും അവന്‍ മൂലവും ഉരുവായതെല്ലാം അവനില്‍ത്തന്നെ ലയിച്ചു സദാ അവനില്‍ മരുവുന്നു ! അവനല്ലാതെ മറ്റൊന്നും സാരപ്രപന്ച്ചത്തില്‍ ഇല്ല എന്നിരിക്കെ ;അവനെയൂരുവാക്കുന്ന മനുഷ്യനും മതങ്ങളും എന്തെന്നറിയാന്‍" pk "എന്ന അമീര്‍ഖാന്റെ സിനിമ ഒന്ന് കാണുക തന്നെ വേണം ! മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ,മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു ;എന്ന വയലാറിന്റെ ഗാനം ആരുമറിയാതെ മനസ്സില്‍ മൂളിപ്പോകും ! അവടെയാണീ പാഴന്‍/പഴഞ്ചന്‍ പാതിരി കര്‍ത്താവെന്ന ഒരു കുലദൈവത്തെ ഗോതമ്പ്അപ്പമായി ആടുകളുടെ നാവില്‍ ഒട്ടിക്കുന്നു ! ദൈവം ഒരു വ്യക്തിയല്ല /ശക്തിയാണ് എന്നീ മതമുതലാളിമാര്‍ എന്ന് തിരിച്ചറിയുമോ ആവൊ?

“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM|BY SAMUEL KOODAL
608,189 Views

Thursday, April 9, 2015

ശൂന്യതയുടെ ശക്തിവൈഭവം


ജെയ്സണ്‍ എന്ന് പേരുള്ള വളരെ സ്മാർടായ ഒരനന്തിരവൻ എനിക്കുണ്ട്. ആൾക്കാരെ കളിയാക്കാൻ അവനൊരു നമ്പർ ഇറക്കാറുണ്ട്‌. ഒർക്കാപ്പുറത്ത് വല്ല മുറിയുടെയും വാതുക്കലോ, വരാന്തയിലോ, കല്ലുപാകിയ മുറ്റത്തോ കക്ഷി ചത്തതുപോലെ കിടക്കും. ആദ്യം കാണുന്നവർ ശരിക്കും ഭയപ്പെടും. ചിലപ്പോൾ അവൻ കാനഡയിൽ ഒരു പെരുവഴിയിൽ ഇങ്ങനെ കിടക്കുന്ന ഫോട്ടോ നിങ്ങൾക്ക് അയച്ചു കിട്ടും!

ഇതിപ്പോൾ മനസ്സിൽ വന്നത് ഞാനെഴുതാൻ പോകുന്ന വിഷയത്തിന് പറ്റിയ ഒരുദാഹരണം ആണ് എന്നതുകൊണ്ടാണ്. ബോധപൂർവം ഒരു ശവമായി രൂപാന്തരപ്പെടാൻ ശ്രമിച്ചു നോക്കുക. ഒരു ശവമെന്നപോലെ കട്ടിലിലോ നിലത്തോ കൈകാലുകൾ വിരിച്ചോ ഒടിച്ചോ കിടക്കുക. ശ്വസിക്കുന്നുണ്ടെന്നതുപോലും മറക്കുക. അവയവങ്ങളിൽ 
ഒരൂർജ്ജവും ഇല്ലാത്ത അവസ്ഥയിലെത്തുക. പരിസരങ്ങൾ മറക്കുക. ബന്ധങ്ങളും സ്ഥാനങ്ങളും മറക്കുക. നിങ്ങൾ ആരെന്നുള്ള സകല അടയാളങ്ങളും മറക്കുക. ആ നിലയിൽ കുറേ നേരം കഴിയാനാകുമെങ്കിൽ, അല്പനേരംകൊണ്ട്, ഊർജ്ജസംഭരണിയായ ഒരു വിത്തായി നിങ്ങൾ മാറും. ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ശവാസനത്തിന്റെ ഈ പതിപ്പ് അഞ്ചു മിനിറ്റ് നേരം പരീക്ഷിക്കുക. ക്ഷീണമെല്ലാം പമ്പകടക്കും.

ശൂന്യതയുടെ ശക്തിയാണ് ഇവിടെ നാം കണ്ടെത്തുന്നത്. എന്തേ 'അപൂർണമായ പൂർണത' എന്നെഴുതി എന്ന് ഇതിനു മുമ്പത്തെ കുറിപ്പ് വായിച്ച ചിലർ ചോദിച്ചു. സൗന്ദര്യസമ്പന്നമായ ഈ ആവാസസ്ഥലത്ത് എങ്ങനെയെങ്കിലും കഴിഞ്ഞുകൂടി ഒഴിഞ്ഞുപോകാനുള്ളവരല്ല നമ്മൾ. സംസാരസാഗരത്തിൽ പെട്ടുപോയെങ്കിൽ, ഒരു പരിവർത്തനം അത്യന്താപേക്ഷിതമാണ്. ആ പരിവർത്തനത്തിന്റെ രാസവിദ്യ അറിഞ്ഞിരിക്കേണ്ടതുണ്ട്. എവിടെയാണ് തുടങ്ങുക?
(ഉറങ്ങിക്കിടക്കുന്ന ഒരു വിത്തിന്റെ ശക്തിയും സൌന്ദര്യവും ആസ്വദിക്കാൻ ഈ വീഡിയോ കാണുക. ശ്രീ മാത്യു തറക്കുന്നേലിനോട് കടപ്പാട്. 
https://www.facebook.com/video.php?v=882874915080082&set=vb.368333776534201&type=2&theater


അസ്തിത്വത്തോട് ഉവ്വ് എന്ന് പറയാൻ പഠിക്കുകയാണ് തുടക്കം. ശരി, അതങ്ങനെയാണ് എന്ന് ഏതു സാഹചര്യത്തിലും പറയാനാകുക എകീകരണത്തിന്റെ പാതയുടെ തുടക്കമാണ്. 'തഥാത' എന്ന വാക്കുകൊണ്ട് ബുദ്ധൻ ഉദ്ദേശിക്കുന്നത് ഇതാണ്. അംഗീകരിക്കാനാവാത്തപ്പൊഴും അവിടെ സംഘർഷമില്ല. ഏത്  അപൂർണതയെയും പൂർണതയിലെത്തിക്കുന്നത് ഈ മനോഭാവമാണ്. കാരണം, സമഗ്രതയിൽ ആരും ആരുമായും പോരാട്ടത്തിലല്ല. സഭവിക്കുന്നതെന്തുമാകട്ടെ, അതുമായി നിങ്ങൾ സ്വരുമയിലാകുകയാണ്. ഇപ്പോൾ നിങ്ങൾ എന്തിനെ അഭിമുഖീകരിക്കുന്നുവൊ, അതാണ്‌ നിങ്ങളുടെ ലക്‌ഷ്യം. അതിനപ്പുറത്തേയ്ക്ക് നോക്കുന്നതേയില്ല. അപ്പോൾ, അതെ എന്ന് പറയാൻ നിങ്ങൾക്ക് ഒന്നും ചെയ്യേണ്ടതില്ല.

ബോധോദയം സംഭവിക്കുക എന്നത് ഒരു വലിയ സംഭവമല്ല. അത് തീര്ത്തും സ്വാഭാവികമായിരിക്കേണ്ടതാണ്. അസ്തിത്വത്തിന്റെ യാഥാർഥ്യം കണ്ടെത്തുക എന്നേ അതിനർഥമുള്ളൂ. അത്രയേ ബുദ്ധനും യേശുവും ചെയ്തുള്ളൂ. അവരുടെ മുമ്പിലേതുപോലെ തന്നെയാണ് യാഥാർഥ്യം നമ്മുടെ മുമ്പിലും. അത് വകവയ്ക്കുന്ന നിമിഷത്തിൽ ബോധോദയമായി.

ഒന്നും നിർവചിക്കരുത്. വാക്കുകൾ ആരെയും വഴിതെറ്റിക്കും. ഒരു പൂവിൻറെ മുൻപിൽ ചെന്ന് നിന്ന് പൂവെന്നു പറഞ്ഞാൽ അതോടെ പൂവവിടെ ഇല്ലാതാകും. അപ്പോൾ ഉള്ളത് പൂവെന്ന വാക്കുമാത്രം. ഒരു യഥാർഥ പ്രപഞ്ചോപാസകൻ ഒരു പൂവിന്റെ സമീപത്ത് ഒരു പൂവായിത്തീരുയാണ് ചെയ്യുക. ഒരു മരത്തിന്റെയടുത്ത് ഒരു മരവും ഒരാദിവാസിയുടെയടുത്ത് ഒരാദിവാസിയും. അതിരുകൾ ഇല്ലാതാകുന്നു എന്നാണത്തിനർഥം. ഒന്നിനെയും ഊര്ജമില്ലാത്ത വാക്കുകളിലേയ്ക്കു താഴ്ത്തരുത്‌. മൌനമാണ് യഥാർഥ്യത്തിന്റെ ഉള്ള് എന്ന് മനസ്സിലാക്കാൻ അതേയുള്ളൂ വഴി. വാക്കുകൾ അതിരുകളെ നിർമിക്കുമ്പോൾ മൌനം അതിരുകളെ അതിലംഘിക്കുന്നു. നമ്മുടെ അതിരുകൾ നമ്മൾ അഭിമുഖീകരിക്കുന്നവയെയും ബാധിക്കും. മറിച്ചും. അതിരുകൾ ഇല്ലാത്ത അവസ്ഥക്കാണ്‌ അദ്വൈതം എന്ന് പറയുന്നത്. 

ഏകത്വം എന്ന  വാക്ക് തന്നെ ദ്വൈതമായതിന്റെ ഭാഗമാണ് എന്നാണ് ഓഷോ ലോജിക്. ദ്വൈതമില്ലെങ്കിൽ പിന്നെങ്ങനെ ഏകത്വം? അതുകൊണ്ട് ഹൈന്ദവചിന്തയിൽ ഏകത്വം എന്ന വാക്കിന്റെ ഉപയോഗമില്ല. ശ്രീ ശങ്കറിന് ബ്രഹ്മാണ്ഡം രണ്ടല്ലാത്ത അദ്വൈതമാണ്. അദ്ദേഹം ഒരിക്കലും ഒന്ന് എന്ന് പറയില്ല. "ഒന്നേയുള്ളൂ എന്നെനിക്ക് പറയാനാവില്ല, അങ്ങേയറ്റം പറയാനാവുന്നത് രണ്ടില്ല എന്നാണ് ." ആകെ ഒന്ന് മാത്രമേ ഉള്ളൂവെങ്കിൽ നമുക്കെങ്ങനെ ഒന്നെന്ന് പറയാനാവും? ഒന്ന് അർഥപൂർണമാകണമെങ്കിൽ രണ്ടെങ്കിലും ഉണ്ടായിരിക്കണം.  അതിനാണ് ശങ്കരൻ മനസ്സില്ലാമനസോടെ അദ്വൈതം എന്ന വാക്ക് ഉപയോഗിച്ചത്. വാസ്തവത്തിൽ, വാക്കുകൾ ഒരിക്കലും ശരിയായ അർത്ഥത്തെ ഉൾക്കൊള്ളുന്നില്ല. 

'ഞാൻ' ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ശൂന്യത, ഒന്നും പറയാത്തപ്പോൾ സംഭവിക്കുന്ന മൌനം എല്ലാത്തിനെയും ഏകീകരിക്കുന്നു. ഭാഷയ്ക്ക്‌ വാക്കുകൾ വേണം. സമൂഹത്തിന് ഭാഷയും. സമൂഹത്തിന്റെ ഭാഗമായിരിക്കാൻ വേണ്ടുന്ന അനിവാര്യമായ ഒരു സാങ്കേതികത മാത്രമാണ് ഭാഷ. ഇവയെയെല്ലാം മറികടക്കുമ്പോഴാണ് നാം നമ്മിലെത്തുന്നത്. തുടക്കത്തിൽ പറഞ്ഞുതുടങ്ങിയ ശവാസനത്തിന്റെ രീതി അതിനു സഹായിക്കുന്നതുകൊണ്ടാണ് ഊർജ്ജം സംഭരിക്കപ്പെടുന്നത്‌.
ഒരു ശിശുവിനെപ്പോലെ ആകുക (യേശുവിന്റെ ഏറ്റവും സുന്ദരമായ ചൊല്ല്) എന്നാൽ എല്ലാം വിസ്മരിച്ച് ഭാഷയില്ലാതെ ശൂന്യമാകുക എന്നാണ്. അനന്തതയുടെ ഒരു കിരണം മാത്രമാകുക. അതിൽ നിലയുറപ്പിച്ചാൽ പ്രകാശത്തിൽ കുളിച്ചു നില്ക്കുക എന്നാണ്. കാരണം, ഞാൻ എന്ന തോന്നൽ ഇരുട്ടുണ്ടാക്കും. ഞാൻ ആണ് എറ്റവും വലിയ ബഹളം. ബഹളത്തിൽ കാണാനും കേൾക്കാനുമാവില്ലല്ലോ. അധികമായാൽ ബോധം തന്നെ മറയും. പൂർണമായത്‌ ശൂന്യമാണ് എന്നത് ചിലര്ക്ക് മാത്രമുണ്ടാകുന്ന ഒരു തിരിച്ചറിവാണ്. അതുവരെ അപൂർണമായ പൂർണതയാണുള്ളത്. എന്നാൽ പരമമായ ശൂന്യതയിൽ പരിപൂർണത കാത്തിരിക്കുന്നുണ്ട് എന്നതാണ് നാമറിയാൻപോകുന്ന സത്യം.

ബുദ്ധന്മാർ മാത്രമേ ഈ സത്യം മനോഹരമായി പറയുന്നുള്ളൂ. അവർ പറയുന്നു, ആത്മാവില്ലെന്ന്. അതിരുകൾ ഇല്ലാത്തിടത്ത് ആത്മാവ് എങ്ങനെ നിലനില്ക്കും? അതിരുകൾ ഇല്ലാത്തപ്പോൾ മനസ്സ് പൂർണമായും നിശ്ശബ്ദമാണ്. പിന്നെയെങ്ങനെ 'ഞാൻ' നിലനില്ക്കും? എല്ലാ വ്യതിരിക്തതയും അടയാളങ്ങളും എന്നെ നിർവചിക്കാനുള്ളവയാണ്. ഓരോ ഞാനും കോലാഹലത്തിന്റെ സൃഷ്ടാവാണ്. സാധാരണക്കാരനായിരിക്കുക എന്ന് ചുവാൻസു പറയുന്നതിന്റെ അർഥം ഒരു തരത്തിലും സ്വയം നിർവചിക്കരുത് എന്നാണ്; എപ്പോഴും ഇഴുകി ചേരാൻ തയ്യാറായി, ഒഴുകുന്ന അതിരുകളോടെ ജീവിക്കുക; ഓരോന്നും സ്വയമേവ മുഴുവൻ സത്തയേയും തന്നിലൊതുക്കുന്നു എന്ന് അറിയുംവരെ. അപൂർണമായതെല്ലാം പൂർണമാണ് എന്ന് വെളിപ്പെടുത്തുന്ന  ശക്തിവൈഭവമാണ് ശൂന്യത. 

Tuesday, April 7, 2015

പൂര്‍ണ്ണമല്ലാത്ത പൂര്‍ണ്ണത !





സക്കറിയാസ് നെടുങ്കനാല്‍ 

സമഗ്രത:
"നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." യേശു അങ്ങനെ പറഞ്ഞിട്ടുണ്ടാവുമോ? സംശയമാണ്. ഉണ്ടെങ്കിൽ തന്നെ അത് വാച്യാർഥത്തിൽ എടുക്കാനാവില്ല. വിവർത്തനത്തിലും ആശയം കണ്ടമാനം മാറിപ്പോകാം. പൂർണതയും സമഗ്രതയും ഒന്നല്ല. ഞാൻ ഞാനാകുന്നത്‌ സമഗ്രതയിലൂടെയാണ്. നമ്മുടെ ഊർജ്ജം സമഗ്രതയുടെ ഭാഗമാണ്. പൂർണമാകുക എന്നത് മതാത്മകമായ ആശന്കയുള്ളവന്റെ, ഒരിക്കലും പൂർത്തീകരിക്കാത്ത, ലക്ഷ്യമാണ്‌. അത് ഭ്രാന്തിലേയ്ക്ക് നയിക്കും. ഒരു തിരക്കെങ്ങനെ മഹാസമുദ്രമാകാനാവുംഞാൻ-ഭാവമെന്ന വിഭ്രാന്തിയാണ് അതിനു പിന്നിൽ. അപ്പോൾ ചെയ്യാവുന്നത് ഇതാണ്. ചെയ്യുന്നതെല്ലാം അപൂർണമാനെന്നറിഞ്ഞു കൊണ്ട് അതെല്ലാം ആസ്വദിക്കുക. ഈ ലോകത്തിൽ അപൂർണമായതിനേ ഇടമുള്ളൂ എന്നങ്ങു സമ്മതിക്കുക. ഒരു തിര തിരയായിരുന്നുകൊണ്ടാണ് മഹാസമുദ്രത്ത്ന്റെ ഭാഗമാകുന്നത്. അതാണ്‌ സമഗ്രത. സമഗ്രതയെന്തെന്ന് മനസ്സിലാക്കുന്നത് ഈ ഭൂവിലെ ഏറ്റവും വലിയ നേട്ടമായി എണ്ണാം.

ഇന്നലെ, ഈസ്റ്ററിനു കഴിച്ചത് എന്നത്തേയും പോലെ തനി പച്ചക്കറി ഭക്ഷണം ആയിരുന്നിട്ടും വളരെക്കാലമായി ചെയ്യാതിരുന്ന ഒന്ന് സംഭവിച്ചു - രാത്രിയിൽ ശർദ്ദിച്ചു. ശരീരത്തിന് യോജിക്കാത്തെ എന്തോ അകത്തു കടന്നു എന്നാണ് അതിനർഥം. അതിനെ തള്ളിക്കളയാൻ എത്ര ശക്തമായ തീരുമാനമാണ് എന്റെ ശരീരം കൈക്കൊണ്ടത്! അകത്തുനിന്നും വേണ്ടാത്തതെല്ലാം പോകുന്നതുവരെ തള്ളിക്കളയൽ. എതിർക്കാനാവില്ല, അവിടെ ശരീരമാണ് തീരുമാനിക്കുന്നത്. നമ്മൾ വഴങ്ങണം. വേണ്ടത് ഉൾക്കൊള്ളുന്നതുപോലെ തന്നെ പ്രധാനമാണ് ശരീരത്തിന് വേണ്ടാത്തത് തള്ളുക എന്നതും.

നമ്മുടെ ശരീരം എന്നതുപോലെ, പ്രകൃതി മുഴുവനും ഒരു മഹാദ്ഭുതമാണ്. എന്തെല്ലാം സാധനങ്ങൾ ഭക്ഷണമായി നമ്മൾ അകത്തേയ്ക്ക് വിടുന്നു. അവയിൽനിന്ന് വേണ്ടത് അരിച്ചെടുത്ത് നമ്മുടെ രക്തവും മജ്ജയുമാക്കാൻ ശരീരത്തിനറിയാം. ഞാൻ കഴിക്കുന്ന ഒരു പഴം തന്നെ ഇതിനു മുമ്പ് മറ്റു പലരുടേയും ഭക്ഷണമായിരുന്നിട്ടുണ്ടാവാം. മനുഷ്യരുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും ഭാഗമായിരുന്നതൊക്കെ വീണ്ടും സ്വാംശീകരിച്ചാണല്ലോ ഭൂമി അതിനെ വീണ്ടും പാറയുടെയും മണ്ണിന്റെയും നമ്മുടെയും സസ്യങ്ങളുടെയും ഭാഗമാക്കി, വീണ്ടും പൂവും കായുമായി തിരികെ തരുന്നത്. ആ പഴത്തിലെ ഊര്ജ്ജം സനാതനമാണ്. പലരൂപങ്ങളിൽ അത് വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്നു. ഇതല്ലേ ജീവൻറെ ഏറ്റവും വലിയ വിസ്മയം? ഈ അൽപ ഊര്ജം വീണ്ടും ഭൂമിയെയും ജലത്തെയും രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നതുപോലെ ചരാചരത്തിലെ ഓരോ അംശവും പ്രവർത്തിക്കുന്നു. മൊത്തത്തിലുള്ള ഊർജ്ജത്തിന് ഒരു കുറവും വരുന്നുമില്ല. ഇന്നത്തെ അഴുക്കും ചെളിയും നാളത്തെ സ്വാദുള്ള ഭക്ഷണമായി നമ്മിലേയ്ക്ക് തിരിച്ചുവരുന്നു! അതുതന്നെ നമ്മുടെ ശുക്ലമായി ഒരു പുതിയ പിറവിക്കു കാരണമാകുന്നു. അതിരുകൾ കല്പിക്കാൻ നാമാരാണ്? ശിശു മനുഷ്യനിലേയ്ക്കും മനുഷ്യൻ വീണ്ടും മണ്ണിലേയ്ക്കും രൂപാന്തരപ്പെടുന്നു. സത്യത്തിൽ ജീവിതവും മരണവും ഒരേപോലെ സുന്ദരമാണ്. ഈ അറിവാണ് സമഗ്രതയുടെ കാതൽ. നമ്മൾ നമ്മുടെ ജീവിതമെന്നു കരുതുന്നത് പ്രാപഞ്ചിക സമഗ്രതയുടെ ഭാഗമാണ്. എല്ലാം നമ്മുടെയും ഭാഗമാണ് എന്നിരുന്നാലും പൂർണത വ്യക്തിയുടേതല്ല, സമഗ്രതയുടേതാണ്. സമഗ്രതയിൽ പൂര്ണത സ്ഥിതിചെയ്യുന്നു.

അനാത്മ
ബുദ്ധന്റെ കണ്ടെത്തലിൽ 'അനാത്മ' എന്നൊരു മനോഹര വാക്കുണ്ട്. ആത്മാവ് ഇല്ലായ്മ എന്നാണർഥം. സമഗ്രതയുടെ ധാരാളിത്തത്തിൽ 'ഞാൻ' അലിഞ്ഞില്ലാതാകുന്ന അവസ്ഥയാണത്. വ്യക്തിത്വത്തിലൊതുങ്ങാത്ത, ഒരു നിർവചനത്തിലും ഒതുങ്ങാത്ത, തരംതിരിവുകളിൽ ഞെരുങ്ങാത്ത, അനന്ത വിശാലമായ ഒരു ശൂന്യതയാണത് (all inclusive nothingness). നക്ഷത്രങ്ങളും ഗ്രഹങ്ങളും, മരവും പൂവും, പക്ഷികളും മൃഗങ്ങളും സ്വാഭാവികമായി അതിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യന് ബോധപൂർവം മാത്രമേ അങ്ങനെയാകാനാവൂ. അപ്പോൾ മാത്രമേ മേൽപ്പറഞ്ഞവയുടെ ധന്യമായ ശൂന്യാവസ്ഥയെ നമുക്ക് ഉള്കൊള്ളാനാവൂ. അപ്പോൾ നമ്മൾ ഇവയെയൊന്നും സ്വന്തമാക്കാൻ ആഗ്രഹിക്കുകയില്ല. അദ്വൈതമെന്ന സത്യം, ശൂന്യതയുടെ ഏകീഭാവം, ആ അനുഭവമാണ്, ആ കണ്ടെത്തലാണത്.
സമഗ്രത എന്നാൽ അതിരുകളില്ലായ്മയാണ്. അതിനപ്പുറത്തേയ്ക്ക് ഒന്നിനും വളരേണ്ട ആവശ്യമില്ല. ഞാൻ നിശബ്ദവും ശൂന്യവുമാകുമ്പോൾ, ശരീരവും ആത്മാവും എന്ന ദ്വന്ദ്വം ഇല്ലാതാകുമ്പോൾ നാം എന്താകുന്നുവോ അതാണ്‌ അനാത്മ.

വിത്തിലെ പരിപൂർണത 
(ഉറങ്ങിക്കിടക്കുന്ന ഒരു വിത്തിന്റെ ശക്തിയും സൌന്ദര്യവും ആസ്വദിക്കാൻ ഈ വീഡിയോ കാണുക. ശ്രീ മാത്യു തറക്കുന്നേലിനോട് കടപ്പാട്. 
https://www.facebook.com/video.php?v=882874915080082&set=vb.368333776534201&type=2&theater

ചക്കയുടെയും ഓമക്കായുടെയും ആഞ്ഞിലിക്കായുടെയുമൊക്കെ കാലമാണിത്. ഓരോ വർഷവും ഒരു പ്ലാവ് എത്ര ചക്ക, അതിലോരോന്നിലും എത്ര ചുളകളും ഓരോന്നിലും കുരുവും ആണുണ്ടാക്കുന്നത്. ഇങ്ങനെ ഓരോ സസ്യവും ചെയ്തുകൊണ്ടിരിക്കുന്നു. നമ്മൾ മനുഷ്യരും കോടിക്കണക്കിനു ബീജത്തെയും അണ്‍ഡത്തെയും സൃഷ്ടിക്കുന്നു. പ്രകൃതിയുടെ ധാരാളിത്തം ഏറ്റവും കൂടുതൽ ഇക്കാര്യത്തിലാണ്. ഓരോ ചക്ക മുറിക്കുമ്പോഴും, ഓരോ പേരയ്ക്ക തിന്നുമ്പോഴും ഇതൊക്കെ കാണുമ്പോൾ, എന്തുകൊണ്ട് നമ്മുടെ ഭാവനയും ചിന്തയും പ്രപഞ്ചത്തോളം വികസിക്കുന്നില്ല? ഒന്നാലോചിച്ചാൽ ഓരോ സസ്യവും അതിന്റെ ഓരോ കുരുവും അതിനുള്ള സന്ദർഭമൊരുക്കുന്നുണ്ട്.

വിത്ത്‌ - ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അദ്ഭുതമാണത്. കാരണം, ആദിയും അന്ത്യവും അതിൽ സമ്മേളിക്കുന്നു. അതുകൊണ്ട് അത് പൂർണമാണ്, പൂർണമായതിനാൽ അത് ആനന്ദമാണ്. സ്വര്ഗരാജ്യം (പരിപൂർണത) ഒരു കടുകുമണി പോലെയാണെന്ന് യേശു. എന്തൊരുൾക്കാഴ്ച! പ്രപഞ്ചത്തിലെ ഓരോ ജീവനും ചീരപ്പൂവിലെ കണ്ണിൽ പെടാനില്ലാത്ത ആയിരക്കണക്കിന് അരികളെപ്പോലെ ഓരോ കുരുവിൽനിന്നുണ്ടായവയാണ്. അതിലോരോന്നും സമഗ്രതയെ, പരിപൂർണതയെ ഉള്ളിൽ വഹിക്കുന്നതുകൊണ്ടാണത് സാദ്ധ്യമാകുന്നത്. വഹിക്കുന്നു എന്നാൽ അതുതന്നെയാണത് എന്ന് മനസ്സിലാക്കണം.
ക്രിസ്തു 'ഞാൻ' എന്ന് പറയുന്നിടത്തെല്ലാം 'നീ' എന്ന ഉള്ളർഥമുണ്ട് എന്ന് ധരിച്ചാലേ സുവിശേഷരഹസ്യം പിടികിട്ടുകയുള്ളൂ. ഞാൻ വഴിയാണ്, ജീവനാണ്, സത്യമാണ് എന്ന വചനംപോലെ അദ്ദേഹത്തിൻറെ കടുകുമണിയുടെ ഉപമ വിഖ്യാതമാണ്. സ്വർഗരാജ്യം ഒരു കടുകുമണിപോലെയാണെന്ന്! നീയാണ് ഈ കടുകുമണി എന്നാണ് യേശു ഉദ്ദേശിച്ചത്. ഈ പ്രപഞ്ചത്തിലല്ലെങ്കിൽ അടുത്തതിൽ ഈ വിത്ത്‌ അനന്തമായി പ്രഫുല്ലമാകേണ്ടതുണ്ട്. ഇവിടെ സമയം ആപേക്ഷികമാണ്, വേണമെങ്കിൽ തീർത്തും ഉപേക്ഷിക്കാവുന്നതാണ്. ഒരു കുരുവിനെ സമയത്തിൽനിന്നു വേർപെടുത്തി ചിന്തിക്കുമ്പോഴേ അതിൻറെ പരിപൂര്ണതയുടെ അർഥം വെളിപ്പെട്ടു കിട്ടൂ. ഇപ്പോൾ പൂർണമല്ലാത്തത് ഒരിക്കലും പരിപൂർണമല്ല, ആവുകയുമില്ല. വിത്തിലെ ഊര്ജ്ജത്തിന്റെ സമഗ്രത, അനന്തമാകാനുള്ള അതിന്റെ സാദ്ധ്യത എപ്പോഴും ഒരേപോലെയാണ്. അത് സമയപരിധിയെ അതിലംഘിക്കുന്നതാണ്. ഓരോ വിത്തുംപോലെ, സമഗ്രതയുടെ ഭാഗമാകുക, ആയിരിക്കുക എന്നതാണ് നമ്മുടെയും പൂര്ണത. അത് ഇന്ന്, ഇപ്പോൾ, ഇവിടെയായിരിക്കണം എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. അതു സംഭവിക്കുന്നതുവരെ അതിന് ഒരർഥവുമില്ല. ഈ തിരിച്ചറിവ് ഉണ്ടാകുന്നില്ലെങ്കിൽ, ഈ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ, അതിന്റെ അഭാവം ജന്മാന്തരങ്ങൾ വരെ നീളാം. ജീവമുകുളത്തെ ഉള്ളിൽ ഞെരുക്കുന്ന ഒരു വിത്തായി തുടരാം. ജന്മാന്തരങ്ങൾ എന്നത് വേണമെങ്കിൽ പാടേ ഉപേക്ഷിക്കാവുന്ന, ആപേക്ഷികമായ സമയത്തിന്റെ കണക്കാണ്. അതാകട്ടെ സ്ഥിരം നിലനില്ക്കുന്ന ഒരു പ്രലോഭനവുമാണ്‌. അതിൽ വീണാൽ പെട്ടു. അപ്പോൾ ഭാവിയും ഭൂതവും ഒരുപോലെ ഇടതടവില്ലാതെ നമ്മെ സമഗ്രതയിൽനിന്നകറ്റി നിർത്തും. മിക്കവാറും ഏവരും വീണുപോകുന്ന വല്ലാത്ത ഒരു കെണിയാണത്.

ഓരോ കുരുവിനെയും കൈയിലെടുത്തു ലാളിക്കുക. അത്രക്ക് മനോഹരമാണത്. അവയിലോരോന്നും പരിപൂർണതയുടെ തനി പകർപ്പാണ് എന്ന് തിരിച്ചറിയുക ഒരാഹ്ലാദമാണ്. ഈ ആഹ്ലാദം ഉള്ളിൽ കൊണ്ടുനടന്നവനാണ് യേശു. താനൊരു വിത്താണെന്ന് ഓരോരുത്തരും അറിയുന്നതാണ് ധ്യാനം. ധ്യാനം ഒരദ്ഭുതമാണ്.

എങ്കിൽ നമുക്ക് തുടങ്ങിയിടത്തേയ്ക്ക് പോകാം. "നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." ഒരു പക്ഷേ, യേശു അങ്ങനെത്തന്നെ പറഞ്ഞിട്ടുണ്ടാവണം.

Monday, April 6, 2015

യേശുവിന്റെ മരണം നമ്മുടെ ക്രിസ്ത്യാനിപ്പത്രങ്ങളുടെ മുഖപ്രസംഗത്തിൽ

'ക്രിസ്തു വധിക്കപ്പെട്ട ദിവസം മനോരമ അല്ലെങ്കിൽ ദീപിക എഴുതുമായിരുന്ന മുഖപ്രസംഗം'
ജോസഫ് പുലിക്കുന്നേൽ 
(ഓശാന, ജൂലൈ 1983)
(ഇതു കേവലം ഭാവനയാണെങ്കിലും വാസ്തവവുമായി തോളുരുമ്മി നില്ക്കുന്നു; ആ മരണം ഇന്നായിരുന്നെങ്കിലും നമ്മുടെ പത്രങ്ങൾ ഇങ്ങനെത്തന്നെ എഴുതുമായിരുന്നു എന്നനുമാനിക്കുന്നതിൽ തെറ്റുകാണില്ല. കയ്യഫാസിനും ഹന്നാസിനും പകരം ആലഞ്ചേരി, പവ്വത്തിൽ, ആനിക്കുഴിക്കാട്ടിൽ തുടങ്ങിയ പേരുകൾ ആയിരിക്കും കാണുന്ന എന്നുമാത്രം.)


കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി യഹൂദ സമുദായത്തിലും റോമന്‍ സാമ്രാജ്യത്തിലും അസമാധാനവും ഛിദ്രവാസനയും വിതച്ചുകൊണ്ടു സമാധാനകാംക്ഷികളും ഈശ്വര വിശ്വാസികളുമായ പാലസ്തീന്‍ ജനതയെ ആകെ അസ്വസ്ഥമാക്കി വിഹരിച്ചിരുന്ന നസ്രായനായ യേശു തന്റെ പ്രവൃത്തിക്ക് അര്‍ഹമാംവിധം കുരിശിലേറ്റി വധിക്കപ്പെട്ടു എന്നത് സമാധാനകാംക്ഷികളും ഈശ്വരവിശ്വാസികളുമായ ഏവര്‍ക്കും ആശ്വാസകരമാണ്. മോശയുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന അത്യുന്നത മോറോന്‍ മാര്‍ കയ്യാഫാസു തിരുമേനിയും നിയുക്ത അത്യുന്നതനായ മോറോന്‍ മാര്‍ ഹന്നാസു തിരുമേനിയും ചക്രവര്‍ത്തിയും പ്രജാവത്സലനുമായ അഗസ്റ്റസ് തിരുമേനിയുടെ പ്രതിനിധി ബഹുമാന്യനായ പൊന്തിയെസ് പീലാത്തോസും ചേര്‍ന്നു ദീര്‍ഘനേരം കൂടിയാലോചന നടത്തി, രാജ്യത്തിന്റെയും ഈശ്വരവിശ്വാസികളായ യഹൂദരുടെയും നന്മയ്ക്കുവേണ്ടി ധീരമായി എടുത്ത തീരുമാനമനുസരിച്ചാണ് യേശൂ വധിക്കപ്പെട്ടത്. മോറോന്‍ മാര്‍ കയ്യാഫാസ് തിരുമേനി എക്കാലവും യഹൂദസമുദായത്തിന്റ സുസ്ഥിതിക്കും ഈശ്വരവിശ്വാസത്തിനും സമാധാനത്തിനും കോട്ടം തട്ടുന്ന സംഭവങ്ങള്‍ക്കെതിരെ ജാഗ്രരൂകനാണ് എന്ന് ഏവര്‍ക്കും അറിയാവുന്നതാണല്ലോ!
ഇത്തരുണത്തില്‍ യേശുവിന്റെ വധത്തിനു കാരണമായ സംഭവങ്ങളെക്കുറിച്ചു പഠിക്കുന്നത് ഉചിതമായിരിക്കും എന്നു ഞങ്ങള്‍ കരുതുന്നു. നസ്രായനായ ഈ യേശു കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ചെയ്തിരുന്ന പ്രവൃത്തികള്‍ നമ്മുടെ സമുദായത്തിനും ചക്രവര്‍ത്തി തിരുമനസ്സിലെ സാമ്രാജ്യത്തിന്റെ അന്തസ്സിനും യോജിച്ചതായിരുന്നില്ല. ഈ അടുത്തയിടെ യേശു 'ഞാന്‍ സമാധാനം കൊണ്ടുവരുന്നതിനാണു വന്നിരിക്കുന്നത് എന്നു നിങ്ങള്‍ കരുതുന്നുവോ? ഞാന്‍ വാളാണു കൊണ്ടുവന്നിരിക്കുന്നത്' എന്നു പറയുകയുണ്ടായി. രാജ്യത്ത് ആഭ്യന്തരകലാപമുണ്ടാക്കുന്നതിന് യേശുവിനും അനുയായികള്‍ക്കും ലക്ഷ്യമുണ്ടായിരുന്നു എന്നതിന് ഇതില്‍കൂടുതല്‍ എന്തു തെളിവാണാവശ്യം? ഇതിനും പുറമേ ഈശ്വരവിശ്വാസികളുടെ വികാരത്തെ കഠിനമായി വ്രണപ്പെടുത്തിക്കൊണ്ട് നമ്മുടെ ബഹുമാന്യരായ പുരോഹിതരെ ഈ അടുത്തയിടെ യേശു നിര്‍ലജ്ജം 'വെളളയടിച്ച ശവക്കല്ലറകളേ, അണലിക്കൂട്ടമേ' എന്നെല്ലാം വിളിക്കുകയുണ്ടായി. പഠിത്തത്തിലും വിദ്യാഭ്യാസത്തിലും പിന്നാക്കം നില്‍ക്കുന്ന ഒരു തച്ചന്റെ മകന്റെ കേവല വിക്രിയകളായി ഇതിനെ തള്ളിക്കളയാന്‍ സാധ്യമല്ല. യഹൂദസമുദായത്തിന്റെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്ന അര്‍പ്പിത മനസ്‌കരായ പുരോഹിതന്മാരെ തെരുവുഭാഷയില്‍ ആക്രമിക്കാന്‍ തയ്യാറായ യേശുവിന്റെ സംസ്‌കാരരാഹിത്യം സമുദായത്തില്‍ കടത്തിവിടുന്നത് വളരെ അപകടകരമാണെന്നു പറയേണ്ടതില്ലല്ലോ. അടുത്തയിടെ യഹൂദരുടെ സമാരാധ്യമായ ജെറുശലേം ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ പാരമ്പര്യമായി ദൈവസേവ ചെയ്തുകൊണ്ട് ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാക്കികൊടുന്നിരുന്ന ബഹു. പുരോഹിതരെയും ബഹുമാന്യരായ മറ്റുള്ളവരെയും ചാട്ടയ്ക്കടിക്കുകയും മേശ തല്ലിപ്പൊളിക്കുകയും ചെയ്യുകയുണ്ടായി. റോമാചക്രവര്‍ത്തി തിരുമനസ്സിന്റെ കീഴില്‍ സമാധാനപരമായി കഴിഞ്ഞുവരുന്ന സമൂഹത്തില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലാത്തതാണ്. യേശു നിയമം കയ്യിലെടുക്കയാണു ചെയ്തത്. അന്നു സമാധാന ഭഞ്ജനം ഉണ്ടാകേണ്ട പരിസ്ഥിതിതന്നെ ദേവാലയത്തില്‍ ഉണ്ടായെങ്കിലും മാന്യ പുരോഹിതരുടെ തികഞ്ഞ ആത്മനിയന്ത്രണമാണു സമാധാനംഘനം ഉണ്ടാകാതിരിക്കാന്‍ കാരണമായത്.
തെരുവിലെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അയാള്‍ പുരോഹിതരെയും ആഭിജാത്യമുളളവരെയും കളിയാക്കി. അവരില്‍ സമാധാനകാംക്ഷികളില്‍ പോലും പുച്ഛമുണ്ടാക്കും വിധം യേശൂ തെരുവുനാടകം അഭിനയിക്കുകയുണ്ടായി. നമ്മുടെ അഭിവന്ദ്യരായ പുരോഹിതശ്രേഷ്ഠന്മാരെ കളിയാക്കുന്നതുനായി രാജകീയപ്രൗഢിയോടെ ഒരു കഴുതപ്പുറത്തു അനഭിജ്ഞരും വിദ്യാവിഹീനരുമായ കുറേപ്പേരുടെ അകമ്പടിയോടെ ജെറൂശലേം ദേവാലയത്തിലേക്ക് ഒരു എഴുന്നള്ളത്തു നടത്തി! അന്നും സംഘട്ടനമുണ്ടാകേണ്ടതായിരുന്നു. പൗരോഹിത്യശ്രേഷ്ഠന്മാരുടെ സമചിത്തതയാണ് അന്നും സംഘട്ടനം ഒഴിവാക്കിയത്. ഇതിനുശേഷം നമ്മുടെ പിതാക്കന്മാര്‍ പണിതതും നമ്മുടെ അഭിമാനസ്തംഭവും ദൈവാരാധനാസ്ഥലവുമായ ജെറൂശലേം ദേവാലയത്തെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ചിന്തിക്കുന്നവരും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ യേശുവിനെ അവജ്ഞയോടെ തളളുകയാണുണ്ടായത്. എന്നാല്‍ യേശു കുറെ മുക്കുവരെയും ചുങ്കക്കാരെയും സംഘടിപ്പിച്ചു. മോശയുടെ പാരമ്പര്യമനുസരിച്ച് ഒരു വേശ്യാസ്ത്രീയെ നിയമമനുസരിച്ച് കല്ലെറിഞ്ഞു വധിക്കാന്‍ തുടങ്ങിയപ്പോള്‍ യേശു അനുചരന്മാരോടൊത്തു അവളെ ബലമായി മോചിപ്പിക്കുകയുണ്ടായി. വേശ്യാവ്യത്തി യഹൂദയാസമുദായം അപലപിച്ചിട്ടുളളതാണ്. എന്നാല്‍ യേശു വേശ്യകളെ സംഘടിപ്പിക്കുകയും അവരെ സദാ കൂടെ കൊണ്ടുനടക്കുകയും ചെയ്തുവന്നു. ഇതു നമ്മുടെ യുവാക്കളില്‍ എത്രമാത്രം ധര്‍മ്മബോധരാഹിത്യം ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.


ഇങ്ങനെ യേശു യഹൂദയാസമുദായത്തിലെ സമാധാനകാംക്ഷികളും ദൈവവിശ്വാസികളുമായ ജനങ്ങളുടെ മതവികാരങ്ങളെ വേദനപ്പെടുത്തിയ സാഹചര്യത്തിലാണ് സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും സുസ്ഥിതിയില്‍ അതീവ ഉല്‍ക്കണ്ഠാകുലരായ അത്യുന്നത മോറോന്‍ മാര്‍ കയ്യാഫാസു തിരുമേനിയും നിയുക്ത അത്യുന്നതന്‍ അന്നാസു തിരുമേനിയും ചക്രവര്‍ത്തി തിരുമനസ്സിലെ പ്രതിനിധി പീലാത്തോസും കൂടി ജനവികാരത്തെ മാനിച്ച് അയാളെ മരണത്തിനു വിധിക്കാന്‍ നിര്‍ബ്ബന്ധിതരായത്. ഈ തീരുമാനം ഈശ്വരവിശ്വാസികളെയും സമാധാനകാംക്ഷികളെയും തികച്ചും സമാശ്വസിപ്പിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.


ഇത്തരുണത്തില്‍ യേശുവിന്റെ സമുദായവിരുദ്ധ പ്രവര്‍ത്തനത്തില്‍ ആകുലചിത്തനായി സത്യം ഗ്രഹിച്ചു പ്രവര്‍ത്തിച്ച മഹാനായ ഒരു സമുദായസ്‌നേഹിയെക്കുറിച്ച് നാം ഓര്‍ക്കാതിരിക്കുന്നത് ക്യതഘ്‌നതയായിരിക്കും. യേശൂവിന്റെ പാര്‍ട്ടിയില്‍ വളരെക്കാലം ഖജാന്‍ജിസ്ഥാനം വഹിച്ചിരുന്ന യൂദാസ് സ്‌കറിയാത്തായെയാണ് ഞങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്. അദ്ദേഹം സത്യം കണ്ടറിഞ്ഞ് തക്കസമയത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് യേശുവിന് കെണിയൊരുക്കാന്‍ പട്ടാളത്തിനു കഴിഞ്ഞത്. നാട്ടില്‍ കലാപം വിതച്ചശേഷം അനുചരന്മാരുമൊത്ത് യേശു കെദ്രോന്‍ താഴ്‌വരയിലെ വനത്തില്‍ ഒളിച്ചു താമസിക്കയായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ അനുചരനായ പത്രോസും അനുയായികളും പട്ടാളത്തിന്റെമേല്‍ വാളുമായി എടുത്തുചാടിയെങ്കിലും പട്ടാളത്തിന്റെ തന്ത്രപരമായ നീക്കം അവരെ പരാജയപ്പെടുത്തി. അവസാനം യേശു പട്ടാളത്തിനു കീഴടങ്ങി. യേശുവിന്റെ സംഘടിതമായ കൊളളസംഘത്തില്‍പ്പെട്ട പത്രോസിന്റെ വെട്ടേറ്റു ചെവി നഷ്ടപ്പെട്ട പട്ടാളക്കാരനു ഗവണ്മെന്റില്‍ നിന്ന് അര്‍ഹമായ പ്രതിഫലം നല്‍കും എന്നു ഞങ്ങള്‍ ആശിക്കുന്നു. യൂദാസ് സ്‌കറിയാത്തായുടെ ധീരമായ സഹകരണമില്ലാതിരുന്നെങ്കില്‍ തീര്‍ച്ചയായും യേശു എന്ന കൊളളക്കാരനെ പിടിക്കാന്‍ പട്ടാളക്കാര്‍ക്കു കഴിയുമായിരുന്നില്ല.

എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ ധീരദേശാഭിമാനിയെ ഇന്നലെത്തന്നെ ആരോ വധിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഞങ്ങളെ ആകുലചിത്തരാക്കുന്നു. വയര്‍ പിളര്‍ന്ന നിലയില്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കിയ വിധത്തിലാണ് അദ്ദേഹത്തിന്റെ ജഡം കാണപ്പെട്ടത്. യേശുവിന്റെ കൊളളസംഘത്തില്‍പ്പെട്ട ആരോ ചെയ്ത ദുഷ്‌ക്യത്യമാണിതെന്ന് ഞങ്ങള്‍ക്ക് തികച്ചും ഉറപ്പുണ്ട്. യേശുവിന്റെ അനുയായികള്‍ മുഴുവന്‍ ഇനിയും പട്ടാളത്തിന്റെ പിടിയില്‍ അമര്‍ന്നിട്ടില്ല. അവര്‍ നാട്ടില്‍ വിപ്ലവം വിതയ്ക്കുന്നതിനു പതുങ്ങി നടക്കുന്നു എന്നതിലേക്കാണ് യൂദാസ് സ്‌കറിയാത്തായുടെ വധം കൈ ചൂണ്ടുന്നത്. രാജ്യത്തിനും സമുദായത്തിനും വേണ്ടി ധീരമായ സേവനം ചെയ്ത് അക്രമികളുടെ കൈകൊണ്ട് ധീരമരണം വരിച്ച യൂദാസ് സകറിയാത്തായുടെ ആത്മാവിന് ഞങ്ങള്‍ നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.


ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ മുളയിലെ നുള്ളിക്കളയാന്‍ ഞങ്ങള്‍ ഗവണ്മെന്റിനോടഭ്യര്‍ഥിക്കുന്നു. അക്രമം ശക്തമായി അടിച്ചമര്‍ത്താന്‍ ഗവണ്മെന്റിനു കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇത്തരം അവസരങ്ങളില്‍ ജനങ്ങള്‍ക്കുളള പ്രാഥമിക കടമകളെക്കുറിച്ചു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടതില്ലെങ്കിലും അതും ഇത്തരുണത്തില്‍ സംഗതമാണെന്ന് ഞങ്ങള്‍ക്കു തോന്നുന്നു. മോശയുടെ അത്യുന്നത സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന മോറോന്‍ മാര്‍ കയ്യാഫാസ് തിരുമേനിയോടും നിയുക്ത അത്യുന്നതനായ ഹന്നാസ് തിരുമേനിയോടും അവിടുത്തെ സിംഹാസനത്തോടും നമുക്കുള്ള ഭക്തിയും അചഞ്ചലമായ കൂറും പ്രഖ്യാപിക്കുന്നതോടൊപ്പം ഛിദ്രവാസനകളെ നേരിടുന്നതിനുളള ഗവണ്മെന്റിന്റെ എല്ലാ പരിശ്രമങ്ങളിലും തുണനല്‍കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.

Sunday, April 5, 2015

സഭാനേതൃത്വം നുണ പറയുന്നവര്‍: മാര്‍ ക്രിസോസ്റ്റം

mar-chrysostom

തിരുവല്ല: നുണ പറയാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സഭാനേതൃത്വത്തില്‍ നിന്നും മാറിയതെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്ത. സഭാനേതൃത്വം ഇന്ന് നുണ പറയുന്നവരുടെ കൈയിലാണ്. പള്ളിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ ഭയപ്പെടുന്നവരാണ് കൂടുതല്‍ പേരും. താനൊരു സാധാരണ മനുഷ്യനാണെന്നും സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ‘തെഹല്‍ക്ക’യ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സഭാനേതാക്കള്‍ മാത്രമല്ല ഇന്നത്തെ രാഷ്ട്രീയക്കാരും കള്ളന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും കുംഭകോണവും പതിവാക്കിയവാരാണവര്‍. താന്‍ രാഷ്ട്രീയക്കാരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയെന്നും വലിയ മെത്രോപൊലീത്ത പറഞ്ഞു. ഒരുകാലത്ത് നമ്മളെ സായിപ്പ് ഭരിച്ചെങ്കില്‍ പിന്നെ മദാമ്മയാണ് ഭരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവുമായി നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം നന്മയുള്ള മനുഷ്യനായിരുന്നുവെന്നും വലിയ മെത്രോപൊലീത്ത കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്ത തന്റെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞു. രണ്ടു പെണ്‍കുട്ടികളെ താന്‍ സ്‌നേഹിച്ചിരുന്നു. ആദ്യത്തെ പ്രണയം സ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു. പുരോഹിതനായ ശേഷം അവളെ കാണുമ്പോള്‍ കുര്‍ബാനയ്ക്കിടയില്‍ പോലും കണ്ണടച്ചു കാണിക്കുന്നത് പതിവായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു പെണ്‍കുട്ടി തന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന ആളുടെ മകളായിരുന്നു. അവള്‍ ദളിത് വിഭാഗത്തില്‍ ജനിച്ചതിനാല്‍ വീട്ടുകാര്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്തു. അത്തരത്തിലുള്ള വര്‍ണ വിവേചനം ഇന്നും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
(സ്രോതസ്: ഇന്ത്യാവിഷൻ ലൈവ്)