ഓശാനമാസികയുടെ ആദ്യലക്കത്തിൽതന്നെ
(1975 ഒക്ടോബര്) ആരംഭിച്ച
യുവാക്കന്മാര്ക്കുള്ള പംക്തിയാണ്
'യുവശക്തി'
ജോസഫ് പുലിക്കുന്നേൽ എഴുതിയ
ജോസഫ് പുലിക്കുന്നേൽ എഴുതിയ
അതിന്റെ ആമുഖം ഇങ്ങനെയായിരുന്നു :
(കേരളത്തിലെ കത്തോലിക്കാ യുവാക്കന്മാരുടെ
സാമൂഹികപ്രശ്നങ്ങളാണ് ഇതില് ചര്ച്ച ചെയ്യപ്പെടുന്നത്. നാല്പതിലേറെ
കത്തോലിക്കാ കോളേജുകളില്, പഠിച്ചുകൊണ്ടിരിക്കുന്ന
വിദ്യാര്ഥികള്ക്കും പഠിച്ചുകഴിഞ്ഞ യുവാക്കള്ക്കും കത്തോലിക്കാസഭയിലെ
സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് തുറന്നെഴുതാനുള്ള ഒരു വേദിയാണിത്. സര്ഗശക്തിയും
നേതൃത്വസിദ്ധിയുമുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കാന് ഞങ്ങള് ശ്രമിക്കുന്നതാണ്.)
കേരളത്തിലെ
ഒരു സന്ന്യാസസഭയുടെ ഒരു പ്രത്യേക പ്രോവിന്സിന്റെ ഉടമസ്ഥതയിലുള്ള ഒരു ദിനപ്പത്രം (പണപ്പിരിവിനും
വരിക്കാരെ ചേര്ക്കുന്നതിനും 'കത്തോലിക്കാപത്രം' എന്നാണ് സ്വയ വിശേഷിപ്പിക്കാറ്) കത്തോലിക്കരുടെ
ഇടയില് ഉണ്ടെന്നു പറയപ്പെടുന്ന നേതൃത്വരാഹിത്യത്തെക്കുറിച്ച് ഏതാനും
വര്ഷങ്ങള്ക്കപ്പുറം ഒരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അന്ന്
ആ പത്രം കത്തോലിക്കരില് നേതാക്കന്മാരില്ല എന്ന നിഗമനത്തിലാണ് എത്തിയതെന്നാണ് ഓര്മ. 'നേതൃത്വം' എന്ന്
അവര് വിവക്ഷിച്ചിരുന്നത് അത്മായരുടെ ഇടയിലുള്ള നേതൃത്വത്തെയാണ്. കത്തോലിക്കാ
അല്മായരില് നേതാക്കന്മാരില്ലാത്തതിനെക്കുറിച്ച് അവര് അന്ന് പരിവേദനം നടത്തി.
അവരുടെ
'നേതൃത്വം'
നേതൃത്വം
എന്നതുകൊണ്ട് അന്നവര് വിവക്ഷിച്ചത്, ദിവസവും പള്ളിയില് പോകുകയും
കുര്ബ്ബാന കാണുകയും കുര്ബ്ബാന കൈക്കൊള്ളുകയും അച്ചന്മാരും മെത്രാനച്ചനും പ്രസ്തുത
പത്രവും പറയുന്നതനുസരിക്കുകയും ചെയ്ത് കേരളരാഷ്ട്രീയത്തില് വളര്ന്നു വിരാജിക്കുക
എന്നതായിരുന്നു. അങ്ങനെയുള്ള
ഒരു നേതൃത്വം കേരള രാഷ്ട്രീയത്തില് ഉണ്ടാകാത്തതിനെക്കുറിച്ചായിരുന്നു ഖേദം. അങ്ങനെ
ഒരു നേതൃത്വം വളര്ത്തിയെടുക്കുകയാണു സമുദായത്തിന്റെ അടിയന്തിരാവശ്യമെന്ന
നിഗമനത്തിലാണ് അവര് എത്തിച്ചേര്ന്നത് ശരിയാണ്. കേരളരാഷ്ട്രീയത്തില് അങ്ങിനെ ഒരു
നേതൃത്വം വളര്ത്തിയിരുന്നില്ല. ഈന്തങ്ങാക്കുടുക്കയില് കരിമീനുകളെ
വളര്ത്താന് പറ്റുകയില്ലല്ലോ?
വിലങ്ങുതടികള്
കേരളത്തിന്റെയും ഭാരതത്തിന്റെയും
സാമൂഹ്യരാഷ്ട്രീയ രംഗത്ത് ഉയര്ന്നു പ്രശോഭിച്ച അതികായകന്മാര് നമുക്കുണ്ട്.
ഇന്ഡ്യയുടെ സുപ്രീംകോടതിയില് ഒരു കത്തോലിക്കന് ജഡ്ജിയാണ്. ഗവര്ണറായിരുന്ന എ.ജെ.
ജോണ്, വൈസ് ചാന്സലറായിരുന്ന വി.വി. ജോണ്, ജോസഫ് മുണ്ടശ്ശേരി, സാഹിത്യ അക്കാഡമി
പ്രസിഡന്റായിരുന്ന പൊന്കുന്നം വര്ക്കി, സാഹിത്യനായകന്മാരുടെ ഉഷകാലനക്ഷത്രമായിരുന്ന
എം.പി. പോള്, കേരള രാഷ്ട്രീയത്തിലെ കരുത്തനായിരുന്ന മന്ത്രി പി.റ്റി. ചാക്കോ,
ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി. പ്രസിഡന്റായ എ.കെ. ആന്റണി, റബ്ബര് ബോര്ഡ്
ചെയര്മാനായ കെ.എം. ചാണ്ടി - ഇങ്ങനെ പലരും കത്തോലിക്കാസമുദായത്തില് ജനിച്ചവരാണ്.
അവരെല്ലാം പ്രവേശിച്ച തുറയില്, ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്ന്നു. പക്ഷേ അവരുടെ
വ്യക്തിത്വത്തിന്റെ വളര്ച്ചയില് വിലങ്ങുതടികളിടാനല്ലാതെ പ്രോത്സാഹിപ്പിക്കാന്
കത്തോലിക്കാസഭ നേതൃത്വം കയ്യടക്കിവെച്ചിരുന്ന പുരോഹിതന്മാര് തയ്യാറായില്ല. ഇവരില്
പലരെയും സഭ ഓരോ കാലഘട്ടത്തില് ശപിച്ചിട്ടുണ്ട്. 'കത്തോലിക്കാപത്രം' അവരില് പലരെയും
ഓരോ കാലഘട്ടത്തില് ആക്രമിച്ച് അവശരാക്കിയിട്ടുണ്ട്. എങ്കില് സര്ഗശക്തിയുള്ള ഇവര്
സ്വന്തം കഴിവില് വളര്ന്നു.
നേതൃത്വരഹസ്യം
ആരാണ് നേതാവ്? എന്താണീ നേതൃത്വം? അവനവന്
ജീവിക്കുന്ന സമൂഹത്തില് തൂത്തെറിയപ്പെടേണ്ട ചിന്തകള്ക്കും ചട്ടക്കൂടുകള്ക്കും
പാരമ്പര്യങ്ങള്ക്കും എതിരായി ജനങ്ങളെ പഠിപ്പിച്ച്, സംഘടിപ്പിച്ച്, വിശ്വാസം
ആര്ജിച്ച്, ആദര്ശത്തിന്റെ കൊടിക്കീഴില് അവരെ നയിക്കാന് കഴിയുന്നവനാണ് നേതാവ്. ആ
നേതാവിന് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുണ്ടായിരിക്കണം. അത് ബുദ്ധിയുടെ
ഉലയില്വെച്ച് തനി തങ്കമായി മാറ്റണം. സ്വന്തമായ കഴിവിലുള്ള വിശ്വാസം വളര്ത്തുകയും
അന്യരുടെ വിശ്വാസം ആര്ജിക്കുകയും വേണം. അതോടൊപ്പം കര്മപദ്ധതികള്ക്ക് രൂപം
കൊടുക്കണം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി അനവരതം പോരാടണം. ആ പോരാട്ടത്തിനുള്ള ആവേശവും
ശക്തിയും കൊടുക്കുന്നത് ലക്ഷ്യസാധ്യത്തിലുള്ള ശുഭപ്രതീക്ഷയും പ്രവര്ത്തിയിലുള്ള
ആത്മാര്ഥതയും സത്യസന്ധതയുമാണ്. ഇതത്രെ നേതൃത്വത്തിന്റെ രഹസ്യം.
പൊരുത്തക്കേട്
വാക്കിലും പ്രവൃത്തിയിലും
കത്തോലിക്കാ സമുദായത്തില് ഒരു ബാലന്
ആദ്യം ചെന്നെത്തുന്ന സാമൂഹികസംഘടന പള്ളിയാണ്. അവന് പ്രവര്ത്തിക്കാന് ലഭിക്കുന്ന
മണ്ഡലങ്ങള് സൊഡാലിറ്റിയും ലീജിയന് ഓഫ് മേരിയും അഖില കേരള ചെറുപുഷ്പ മിഷന് ലീഗും
മറ്റുമാണ്. ഇവയിലെല്ലാം പ്രാര്ഥനയ്ക്കും പണപ്പിരിവിനും വേണ്ടതായ ഭാവനയ്ക്കപ്പുറം
ഒന്നും ആവശ്യമില്ല. അവന്റെ ചിന്തയുടെയും വിജ്ഞാനത്തിന്റെയും ചക്രവാളം
വളരുന്നതോടുകൂടി അവന് ജീവിക്കുന്ന സമൂഹത്തിലെ അനീതിയിലേക്കും പൊയ്മുഖങ്ങളിലേക്കും
അവന്റെ ആദര്ശം ഛേദം സംഭവിക്കാത്ത ദൃഷ്ടി ചെന്നു പതിക്കുന്നു. 'മനുഷ്യപുത്രനു
തലചായ്ക്കാന്' സ്ഥലമില്ലെന്ന് അഭിമാനപൂര്വ്വം പ്രഖ്യാപിച്ച മനുഷ്യപുത്രന്റെ
അനുയായി, സിംഹാസനത്തിന്റെ വേഷഭൂഷാഡംബരങ്ങളോടെ ഇരിക്കുന്നു. ''നിങ്ങള് ഭൂമിയില് പിതാവേ എന്ന് ആരേയും
വിളിക്കരുത്'' (മത്തായി 23: 3) എന്നു കല്പിച്ച മിശിഹായുടെ പള്ളിയകത്തുവെച്ച്
'ഞങ്ങളുടെ പിതാവിനും മേല്പ്പട്ടക്കാരനും' വേണ്ടി പ്രാര്ഥനകള് നടത്തുന്നു. ധനവാന്
സ്വര്ഗ്ഗരാജ്യത്തില് പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴിയില്ക്കൂടി
പ്രവേശിക്കുന്നതുപോലെ ക്ലേശകരമാണ് എന്നു കല്പിച്ച ക്രിസ്തുവിന്റെ അനുയായികള്
എട്ടും പത്തും പേര് പണക്കാരന്റെ ശവക്കല്ലറക്കടുക്കല് 'നെറ്റിപ്പട്ടങ്ങള്ക്കു
വീതികൂട്ടി കുപ്പായങ്ങളുടെ തൊങ്ങലുകള് നീട്ടി നില്ക്കുന്നു' (മത്തായി 23-5). ''നീ
പ്രാര്ഥിക്കുമ്പോള് മനുഷ്യരാല് കാണപ്പെടുവാന് സംഘങ്ങളിലും തെരുവീഥികളുടെ
കോണുകളിലും നിന്നു പ്രാര്ഥിക്കുവാന് ഇഷ്ടപ്പെടുന്ന കപടഭക്തരേപ്പോലെ ആകരുത്..... നീ
പ്രാര്ഥിക്കുമ്പോള് നിന്റെ മുറിയില്വെച്ച്, രഹസ്യത്തിലിരിക്കുന്ന നിന്റെ
പിതാവിനോട് പ്രാര്ഥിക്കുക'' (മത്തായി 6:6) എന്നു ഉപദേശിച്ച മിശിഹായുടെ അനുയായികള്
പരിഹാരപ്രദക്ഷിണങ്ങളും പ്രാര്ഥനയുടെ അലര്ച്ചയുമായി തെരുവീഥികളില് യാത്രാതടസ്സം
വരുത്തി പ്രാര്ഥനപ്രകടനം നടത്തുന്നു. 'സഞ്ചികളോ ഭാണ്ഡങ്ങളോ ചെരിപ്പുകളോ എടുക്കാതെ'
(ലൂക്കാ 10: 4) മിശിഹായുടെ വചനങ്ങളുടെ സംരക്ഷണക്കുടക്കീഴില് ആശ്വാസം കണ്ടെത്താന്
കല്പിച്ച മിശിഹായുടെ അനുയായികള് അരമനകളും എസ്റ്റേറ്റുകളും വേനല്ക്കാല വസതികളും
മത്സരിച്ചു വാങ്ങുന്നു. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവര്, മൂന്നുനില
കെട്ടിടങ്ങളില് സമ്പന്നരായി ജീവിക്കുന്നു.
അസ്വസ്ഥത ആരംഭിക്കുന്നു.
ഈ വൈരുദ്ധ്യങ്ങള് നിഷ്കളങ്കവും
ആദര്ശനിര്ഭരവുമായ ഹൃദയത്തില് ആഴമേറിയ ചലനങ്ങള് സൃഷ്ടിക്കുന്നു. ഈ അനാചാരങ്ങളുടെ
മാറാലകളും പൊയ്മുഖവും വലിച്ചു ചീന്താന് അവന് ആഗ്രഹിക്കുന്നു. അവന്റെ ചിന്ത
അസ്വസ്ഥമാകുന്നു.
മാര്ഗ്ഗങ്ങള്
രണ്ടേ ഉള്ളു.
പക്ഷേ, ഒരു
കത്തോലിക്കന് അതു ചെയ്യാന് പാടില്ല! സമൂഹത്തിന്റെ ആധിപത്യം
നീണ്ടവസ്ത്രങ്ങളില് പൊതിഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള അധികാരം കല്പിക്കും. ''പ്രാര്ഥിക്കുക, പരിഹാരം
ചെയ്യുക, പെരുന്നാളു
കഴിക്കുക, വിയാസാക്ര
നടത്തുക, പണം
പിരിക്കുക'' ഇവയൊക്കെ
നല്ലവണ്ണം അനുസരിക്കുന്നവന് നല്ല കത്തോലിക്കന്റെ പട്ടികയില് കടന്നുകൂടുന്നു. ഒന്നുകില്
സ്വയം വേറൊരു പൊയ്മുഖമണിഞ്ഞ് 'നല്ല കുട്ടിയായി', 'ഭക്തനായി' കഴിയുക
അല്ലെങ്കില് പൊയ്മുഖങ്ങള് സ്വയം ഒളിക്കുന്ന സാമൂഹിക മാന്യതയുടെ പൊന്തക്കാടുകള്
തല്ലിത്തകര്ക്കുക.
രണ്ടാമത്തേതാണ്
നേതൃത്വസിദ്ധിയുള്ളവര് സ്വീകരിക്കുക. അപ്പോള് അവര് പുറത്താക്കപ്പെടുന്നു. സഭയ്ക്കു പുറത്ത്. സമുദായത്തിനു
പുറത്ത്.
സ്വഭാവഹത്യ-ഒരായുധം
അങ്ങനെ കത്തോലിക്കാ സമുദായം
നേതൃത്വവാസനയുള്ള അനേകം യുവാക്കളെ സ്വഭാവഹത്യ ചെയ്തു നശിപ്പിക്കുന്നു. അവരുടെ
കലാപങ്ങള് പൊക്കിപ്പിടിച്ചുകൊണ്ട്, വരുംതലമുറയെ ഭയപ്പെടുത്തുന്നു. എം.പി. പോളിനു
കൊടുത്ത തെമ്മാടിക്കുഴി, പി.റ്റി. ചാക്കോയെ വലിച്ചു താഴെയിട്ട രാഷ്ട്രീയക്കളി,
മുണ്ടശ്ശേരിയെ സ്വന്തം സ്ഥാപനത്തില് നിന്നു പിരിച്ചുവിട്ട അധികാരശക്തി, ഇവ കണ്ട്
വരും തലമുറ അജയ്യമായ ശക്തിയെ ഭയപ്പെടണം!!
എം.പി. പോളും
റോമയോ തോമസും
ഒരു റോമയോ തോമസ്സിന്റെ ഇടുങ്ങിയ
മനസ്സിനുള്ളില് എം.പി. പോളിന്റെ മുറ്റിത്തഴച്ചു വളര്ന്നുകൊണ്ടിരുന്ന
വ്യക്തിത്വത്തെ ഒതുക്കിനിര്ത്താന് കഴിഞ്ഞില്ല. അത് എം.പി. പോളിന്റെ കുറ്റമാണെന്ന്
സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന് ശ്രമിച്ചു. പക്ഷേ, റോമയോ തോമസ്സിനെയും ആ
ഇടുങ്ങിയ മനസ്സിനെയും സമൂഹം മറന്നുകഴിഞ്ഞു. ഇന്നാകട്ടെ എം.പി. പോളിന്റെ
തേജസ്സുമാത്രമാണ് ജനം കാണുന്നത്. ആ തേജപുഞ്ജത്തിന്റെ കിരണങ്ങള് തട്ടിയാണ് ഇന്നു
റോമയോ തോമസ്സിന്റെ മങ്ങിയ മുഖം മനുഷ്യര് ഓര്ക്കുന്നത്.
മുണ്ടശ്ശേരിയും
ഒരു കല്ലുങ്ങന്റെ ചെറിയ മനസ്സില് ജോസഫ്
മുണ്ടശ്ശേരിയെ തളച്ചിടാന് ശ്രമിച്ചു. ആ സര്ഗശക്തി അതിനു വഴങ്ങിയില്ല.
മുണ്ടശ്ശേരിയെ കല്ലെറിയാന് കൊന്ത വലിച്ചെറിഞ്ഞു, കല്ലുകളെടുത്തു. ഇന്നു കല്ലുങ്ങന്
മറക്കപ്പെട്ടു. മുണ്ടശ്ശേരിയുടെ സര്ഗപ്രതിഭ ശാശ്വതമായി.
ശിംശോന്മാരുടെ
തലമുടി അറത്ത്, കണ്ണ്
കുത്തിപ്പിടിച്ച് ചക്കു തിരിപ്പിക്കാമെന്ന വ്യാമോഹമാണ് സമുദായ
നേതൃത്വത്തിനുണ്ടായത്. പക്ഷേ അവര്
തകര്ത്ത പാരമ്പര്യത്തിന്റെ തൂണുകള്ക്കിടയില് ഈ ചെറിയ മനുഷ്യര് മൂടിപ്പോയി.
സര്ഗശക്തിയും കര്മശേഷിയും
സത്യസന്ധതയുള്ള യുവനേതൃത്വത്തെ, കാലാകാലങ്ങളില് തകര്ക്കേണ്ടത് സ്ഥാപിതതാത്പര്യക്കാരുടെ
ആവശ്യമായിരുന്നു.
''വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ
നിങ്ങള്ക്കു ദുരിതം. കാരണം
നിങ്ങള് സ്വര്ഗരാജ്യം മനുഷ്യരുടെ മുന്നില് അടച്ചുകളയുന്നു. നിങ്ങള്
അവിടെ പ്രവേശിക്കുന്നില്ല.
പ്രവേശിക്കാന് തുനിയുന്നവരെ അതിന്ന്
അനുവദിക്കുന്നതുമില്ല''....
''അല്ലയോ ജെറൂശലേമേ, ജെറൂശലേമേ, പ്രവാചകരെ കൊല്ലുന്നവളേ, നിന്റെ
അടുക്കലേക്ക് അയയ്ക്കപ്പെട്ടവരെ കല്ലെറിയുന്നവളേ, സ്വന്തം കുഞ്ഞുങ്ങളെ
പിടക്കോഴി ചിറകിന്കീഴില് അണയ്ക്കുന്നതുപോലെ നിന്റെ സന്താനങ്ങളെ
ഒന്നിച്ചുചേര്ക്കാന് ഞാന് എത്രയധികം അഭിലഷിച്ചു! പക്ഷേ നിങ്ങള്
സമ്മതിച്ചില്ല''....
''സര്പ്പങ്ങളേ! അണലി സന്തതികളേ, നരകവിധിയില്നിന്നു
നിങ്ങള് എങ്ങനെ രക്ഷപ്പെടും? '' (മത്തായി
(23: 14, 37, 33).
ശ്രീ. പുലിക്കുന്നേല്‍ 1975 ഒക്ടോബര്‍ മുതല്‍ എഴുതിയ, ഓശാന മാസികയിലൂടെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇന്നും എത്ര പ്രസക്തമാണെന്നറിയാന്‍ ദിവസവും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ലേഖനങ്ങള്‍ക്കു പുറമേ അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍നിന്നുള്ള പ്രസക്തമായ ഓരോ ഉദ്ധരണിയും ഫലിതാസ്ത്രവും ഓരോ ദിവസവും ഉണ്ടാവും.
ReplyDeletehttp://www.josephpulikunnel.com/%E0%B4%95%E0%B5%87%E0%B4%B0…
pls go to this link www.josephpulikunnel.com
Delete