Translate

Friday, December 22, 2017

ഉത്ഭവപാപവും മാമ്മോദീസായും



ജോസഫ് മറ്റപ്പള്ളി ഫോണ്‍: 9495875338

2017 ഡിസംബർ ലക്കം 'സത്യജ്വാല'യിൽനിന്ന്


ഉത്ഭവപാപവുമായി ബന്ധപ്പെടുത്തിയാണ് മാമ്മോദീസായെ നാം കാണുന്നത്. രണ്ടിനേപ്പറ്റിയും തൃപ്തികരമായ വിശദീകരണങ്ങള്‍ എല്ലാവര്‍ക്കും കിട്ടിയിരുന്നെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും ഉണ്ടാവുമായിരുന്നില്ല.

രണ്ടാം നൂറ്റാണ്ടില്‍ ലിയോണ്‍ മെത്രാനായിരുന്ന ഐറേനിയൂസാണ് വി. പൗലോസിന്റെ 'ഉത്ഭവപാപ'ത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്. പൂര്‍ണ്ണനും സ്വതന്ത്രനുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നതിന്റെ ലംഘനമാണ് ഉത്ഭവപാപവാദമെന്നതാണ് ഇതിനെതിരെയുള്ള ഏറ്റവും വലിയ ആരോപണം. ആദവും ഹവ്വയും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ ഏഴെഴുപത് തലമുറകളും കടന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജനിക്കുന്ന ഒരു ശിശുവിനെ ബാധിക്കുന്നതെങ്ങനെ? തിന്നാന്‍ പാടില്ലാത്ത പഴവുമായി ഒരു മരം സൃഷ്ടിച്ചു പറുദീസായുടെ മദ്ധ്യത്തില്‍ കൊണ്ടുവച്ച്, സംസാരിക്കുന്ന ഒരു സര്‍പ്പത്തെയും ഒരുക്കിനിര്‍ത്തിയ ദൈവമല്ലേ എല്ലാത്തിനും കാരണക്കാരന്‍? ചോദിക്കുന്നവരുടെ എണ്ണം കൂടുന്നു, ചോദ്യങ്ങളുടെയും.

മറ്റൊരു സത്യംകൂടി ഇതിനോടു ചേര്‍ത്തു വായിക്കാതിരിക്കാന്‍ വയ്യ. ആദ്യ മനുഷ്യന്‍ ഇവിടുണ്ടായിട്ട് പരമാവധി ആറായിരം വര്‍ഷങ്ങള്‍ (ബൈബിള്‍ വംശാവലിയനുസരിച്ച്) എന്നു വിശ്വസിച്ച് അത്രയും കാലമേയായിട്ടുള്ളൂ മനുഷ്യനിവിടെ ഉണ്ടായിട്ടെന്നു കരുതുന്നതു തെറ്റാണ്, എന്നതാണത്. ഒരു രീതിയിലും ബന്ധപ്പെടാന്‍ കഴിയാതിരുന്ന കാലത്തും എല്ലാ ഭൂഖണ്ഡങ്ങളിലും മനുഷ്യന്‍ ഉണ്ടായിരുന്നുവെന്നത് സത്യവുമാണ് - ഒരു മാതാപിതാക്കന്മാരില്‍ നിന്നല്ല അവരെല്ലാമുണ്ടായതും. പുതിയനിയമത്തിനുമുമ്പ് ആരും കേട്ടിട്ടേയില്ലാത്ത ജ്ഞാനസ്‌നാനമെന്ന പദംകൊണ്ട് യേശു ഉദ്ദേശിച്ചത്, തന്നില്‍ വിശ്വസിക്കുന്നവരുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്നല്ലെന്നു സ്പഷ്ടം! ഉത്ഭവപാപം ഉണ്ടായിരുന്നില്ലെങ്കില്‍ ജ്ഞാനസ്‌നാനവും ആവശ്യമില്ലെന്ന രീതിയിലുള്ള സഭയുടെ കാഴ്ച്ചപ്പാട് സംഗതി വളരെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ സുരക്ഷാസൈന്യത്തില്‍ സജീവസേവനം നടത്തുന്ന 'സ്‌നിഫര്‍ ഡോഗ്'സ് ആറാമിന്ദ്രിയം ഉപയോഗിച്ചാണ് മണ്ണിനടിയിലും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഇടയിലുമൊക്കെ കുടുങ്ങിപ്പോകുന്ന മനുഷ്യരെ തിരിച്ചറിയുന്നത്. പൂച്ചകള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ അസാമാന്യ കഴിവ് - അവയെ ശ്രദ്ധിച്ചാല്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അവ പെരുമാറുന്നതു കാണാം. ജന്തുലോകവും സസ്യലോകവും ഈ ആറാമിന്ദ്രിയം സമൃദ്ധമായി ഉപയോ

ഗിക്കുന്നു. മനുഷ്യന്റെ ആറാമിന്ദ്രിയ(ഉള്‍ക്കാഴ്ച്ച)വും വളരെ ശക്തിയേറിയതാണ് എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. അതു പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ ഒരു മതവിശ്വാസിയായിരിക്കണമെന്നില്ലതാനും. ഇതുമായി ബന്ധപ്പെട്ട ടെലിപ്പതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. ഈ ഉള്‍ക്കാഴ്ചയെ, പ്രത്യേകിച്ചും അത്മായസമൂഹവുമായി ബന്ധപ്പെട്ടുരുവാകുന്നവയെ, കത്തോലിക്കാസഭ എന്നും എതിര്‍ത്തിരുന്നു. ഇതിന് ഉത്തമോദാഹരണമാണ്, ക്രൈസ്തവസഭയിലെ ആദ്യദൈവശാസ്ത്രജ്ഞനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒറിഗണ്‍ അഡ്മാന്റിയൂസ് എന്ന അത്മായന്‍. വിശുദ്ധ പൗലോസിന്റെ പ്രമാണങ്ങളെമാത്രമല്ല ഒറിഗണ്‍ ചോദ്യംചെയ്തത്; പുനര്‍ജന്മം സംബന്ധിച്ചുള്ള സഭയുടെ നിലപാടിനെയും, പുത്രന്‍ദൈവവും പിതാവുദൈവവും തുല്യരാണെന്നുള്ള സഭയുടെ പഠനങ്ങളെയുമൊക്കെ അദ്ദേഹം ചോദ്യംചെയ്തു. അദ്ദേഹത്തെ മാര്‍പാപ്പായും സിനഡുകളും അപ്പാടെ തള്ളിക്കളഞ്ഞുവെങ്കിലും, വളരെ ഉള്‍ക്കാഴ്ചയുള്ള ഒരു ജ്ഞാനിയായിരുന്നദ്ദേഹം. ആദിമസഭ അനുവര്‍ത്തിച്ചുപോന്ന പല ആചാരങ്ങളുടെയും അര്‍ത്ഥം അറിയുന്നവരെയാണ് സഭ മത്സരിച്ചു നിശ്ചലരാക്കിക്കൊണ്ടിരുന്നത്. അജ്ഞതയുടെ പിന്തുടര്‍ച്ചക്കാരായതുകൊണ്ടായിരിക്കണം, പാരമ്പര്യത്തിന്റെ പേരില്‍ കുരിശെന്ന അടയാളം മാറ്റി, പാഷണ്ഡസഭയായ മാനിക്കേയന്‍ മതത്തിന്റെ വകയെന്നു പരക്കെ ആരോപിക്കപ്പെടുന്ന 'മാര്‍ത്തോമ്മാക്കുരിശെ'ന്ന  അടയാളം അള്‍ത്താരയില്‍ വരാന്‍ കാരണമായത്. ഈ കുരിശ് മാര്‍ത്തോമ്മാ കൊത്തിയതാണെന്ന വാദഗതി ഉപേക്ഷിക്കാന്‍ സഭയ്ക്ക് ഇരുപത്തിയഞ്ചുവര്‍ഷം വേണ്ടിവന്നു. കുരിശിനുപകരം അള്‍ത്താരയുടെ മധ്യത്തില്‍വച്ച് ആരാധിക്കപ്പെടാനുള്ള യോഗ്യത ഇതിനില്ലെന്നു സമ്മതിക്കാന്‍ സഭയ്ക്ക് അല്പംകൂടി സമയം വേണ്ടിവരും.

ആകൃതികള്‍ക്ക് വലിയ അര്‍ത്ഥമുണ്ട്. ജപിച്ചു കെട്ടുകയെന്ന ആചാരംതന്നെ അടയാളങ്ങളുടെയും ആകൃതികളുടെയും ശക്തിക്കടിവരയിടുന്നു. കുരിശടയാളത്തിന്റെ ശക്തി തെളിയിക്കുന്ന എത്രയോ സംഭവങ്ങള്‍! ഡ്രാക്കുളക്കഥകളിലെല്ലാം തോക്കല്ലല്ലോ, കുരിശല്ലേ ആയുധം? കുരിശിന്റെ അടയാളസ്ഥാനം മാറ്റി, യേശുവിനെ കൊല്ലാനുപയോഗിച്ച ഒരുപകരണമായി കണ്ടത് ദര്‍ശനശേഷി നഷ്ടപ്പെട്ടവരായിരുന്നുവെന്നു പറയാതെ വയ്യ. യേശു മരിച്ചത് കുരിശാകൃതിയിലുള്ള ഒരു മരത്തിലായിരുന്നില്ല. ഇക്കാര്യത്തില്‍ ഗവേഷകരെല്ലാംതന്നെ യോജിക്കുകയും ചെയ്യുന്നു (Ref. 'Mysteries of the Bible' Published by Readers Digest).

അയ്യായിരം വര്‍ഷത്തിനുമുമ്പുപോലും അത്ഭുതങ്ങള്‍ കാണിക്കാനുള്ള വിദ്യ പഠിപ്പിക്കുന്ന രഹസ്യവിദ്യാലയങ്ങള്‍ ഈജിപ്ത്തിലും ടിബറ്റിലുമുണ്ടായിരുന്നുവെന്നതിനു സൂചനകളുണ്ട്. റെയ്കി സമ്പ്രദായത്തിന്റെ ഉറവിടം അന്വേഷിച്ചുപോയ മൈക്കോ ഉസൂയി  എന്ന വൈദികനാണിതു പറയുന്നത്. അടയാളങ്ങളുപയോഗിച്ചുള്ള വിദ്യകള്‍ അവര്‍ ഉപയോഗിച്ചിരുന്നു. പാപിനിയെ അടുത്തു കൊണ്ടുവന്ന് ഇവള്‍ക്കെന്തു ശിക്ഷയാണു കൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍, 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ'യെന്നു പറഞ്ഞു നിലത്തെന്തോ വരച്ചുകൊണ്ടിരുന്ന യേശുവിനെ ബൈബിള്‍ കാണിക്കുന്നു. എന്തെങ്കിലും പ്രത്യേകതയില്ലായിരുന്നുവെങ്കില്‍ സുവിശേഷം അതെടുത്തു പറയുമായിരുന്നോ? കുരിശടയാളത്തിന്റെ ശക്തി മനസ്സിലാക്കിയവര്‍ അതു ശിശുവായ വ്യക്തിയിലും സംരക്ഷണത്തിന്റെ അടയാളമായി ചാര്‍ത്തിക്കൊടുക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കും. അതിനെ ഉത്ഭവപാപവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. പുതിയ നിയമത്തിനുമുമ്പ് ജ്ഞാനസ്‌നാനം എന്ന് കേട്ടിട്ടില്ലെന്നോര്‍ത്തു വിഷമി

ക്കണ്ട; ഒരുതരത്തിലുള്ള അഭിഷേകമായോ ഒരു ലയവത്കരണ ശുശ്രൂഷയായോ ഇതിനെ എടുത്താല്‍ മതി. ഭാരതീയകാഴ്ച്ചപ്പാടില്‍, ഒരു ദീക്ഷ! സ്ഥല-കാല പരിമിതികള്‍ക്കപ്പുറത്തേക്കും സഞ്ചരിക്കാന്‍ കെല്‍പ്പുള്ള, ക്രൈസ്തവരുടെ അടയാളമായി മാറിയ കുരിശിനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്.

'Sin' എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഉത്ഭവപാപത്തിനുള്ള മറുപടിയും കിട്ടിയേക്കാം. ഷൂട്ടിങ് പരിശീലിക്കുമ്പോള്‍ കുറെയേറെ കറുത്ത വളയങ്ങളും അതിന്റെ നടുവില്‍ ഒരു കറുത്തപൊട്ടുമായുള്ള 'ടാര്‍ജറ്റ്' കാണാത്തവരാരുമുണ്ടായിരിക്കില്ലല്ലോ. ഗ്രീസില്‍ അമ്പെയ്ത്തു വിദഗ്ദ്ധന്മാരും പരിശീലനത്തിനിതുപയോഗിച്ചിരുന്നു. മദ്ധ്യത്തില്‍നിന്ന് എത്രയകലെയാണ് അസ്ത്രം പതിച്ചതെന്നത് അളക്കുന്ന യൂണിറ്റായിരുന്നു അവര്‍ക്കു 'sin'. അതായത്, മധ്യത്തിലുള്ളതല്ലാത്തതെല്ലാം 'sin'കള്‍! ദൈവമെന്ന കേന്ദ്രത്തില്‍നിന്നു പുറപ്പെട്ടതെല്ലാം അവിടെ തിരിച്ചെത്താത്തിടത്തോളം കാലം, വിവിധ അകലങ്ങളിലുള്ള നാമെല്ലാം വ്യത്യസ്ത അളവുകളില്‍ 'sin'ner മാര്‍. അതുകൊണ്ടുതന്നെ നാമ-രൂപ-ഗുണങ്ങളുള്ള എന്തും 'ഉത്ഭവപാപി'കളും.
ആദ്യമനുഷ്യരുടെ പ്രതീകംമാത്രമായ ആദത്തിനെയും ഹവ്വയെയും നമ്മുടെ ആരോപണങ്ങളില്‍നിന്നു മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നു പ്രചാരത്തിലിരിക്കുന്ന അര്‍ത്ഥത്തില്‍ 'നാം പാപികള്‍' എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ വളരെ ഗുരുതരമായ ഒരു പിശകുണ്ടെന്നതും പറയാതെ വയ്യ. എന്നെക്കൊണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ അങ്ങനെയായിത്തീരുമെങ്കില്‍, 'ഞാന്‍ പാപി'യെന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ അങ്ങനെതന്നെ ആയിക്കൂടെന്നില്ലല്ലോ.   

Wednesday, December 20, 2017

കത്തോലിക്കാ പള്ളികൾ നാടകശാലകളോ?



പണ്ട് നാടകത്തില്‍ അഭിനയിച്ചതിന് 

വിശ്വാസിയെ ശിക്ഷിച്ച അരമന കോടതി

ഇന്ന്  കത്തോലിക്കാപള്ളികള്‍ നാടകശാലകളാക്കി മാററുന്നു

പി.സി റോക്കി മൊ: 9961217493

കേരളത്തിലെ ഭൂരിഭാഗം കത്തോലിക്ക പള്ളികളിലും പത്തും ഇരുപതും ലക്ഷം രൂപ വരെ മുടക്കി പള്ളിപ്പരിസരത്തെ പിഡബ്യൂഡി,  എം.സി റോഡുകള്‍ എന്നിവയില്‍ പന്തലിട്ടും, കമാനങ്ങള്‍ സ്ഥാപിച്ചും, കൊടിതോരണങ്ങള്‍ കെട്ടിയും വര്‍ണ്ണ മനോഹരങ്ങളായ വൈദ്യുതാലങ്കാരങ്ങള്‍ കൊണ്ടലങ്കരിച്ചും പള്ളിപ്പെരുന്നാളുകളും, കപ്പേളപെരുന്നാളുകളും അത്യാഡംബരത്തോടെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പള്ളിയുടെ കീഴിലുള്ള ആറും ഏഴും കപ്പേളപ്പള്ളികളിലെ തിരുനാളുകള്‍, കുടുംബവാര്‍ഷികങ്ങള്‍, കുടുംബട്രസ്റ്റ് വാര്‍ഷിക ധൂര്‍ത്തുകള്‍ എന്നിവയും ലക്ഷങ്ങള്‍ മുടക്കി ആഘോഷിക്കുകയാണ്.
            തിരുനാളാഘോഷങ്ങള്‍ക്കും നേര്‍ച്ച സദ്യകള്‍ക്കും സ്‌പോണ്‍സറിംഗ് കലാപരിപാടികള്‍ക്കും വരെ പ്രവാസികളും, പ്രമുഖ വ്യവസായികളും എന്തിനേറെ കേരളത്തിലെ ചില പ്രൈവററ് ബാങ്കുകളും ക്യൂവില്‍ കാത്തുനില്‍ക്കുന്നു. ഓഖി ചുഴലിക്കാററ് ബാധിതര്‍ക്ക് ഇവര്‍ എന്തു സ്‌പോണ്‍സര്‍ ചെയ്തുവെന്ന് വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. പള്ളിപ്പെരുന്നാളുകളില്‍ സ്ഥിരം നാടകം, ഗാനമേള, മിമിക്രി, ഡാന്‍സ് എന്നിങ്ങനെയുള്ള എന്തെങ്കിലും കഷായത്തിലെ മേമ്പൊടി പോലെ ഇല്ലാതിരിക്കില്ല. എന്നാല്‍ ഏകദേശം 89 വര്‍ഷം മുമ്പ് മലയാററൂരിന് എതിര്‍വശത്തുള്ള ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ നാടകത്തില്‍ അഭിനയിച്ചതിന് ഒരു വിശ്വാസിക്ക് വിധിച്ച  അതിപ്രാകൃതമായ  ശിക്ഷ അറിയുന്നത് രസകരമായിരിക്കും.
            1928 ഡിസംബര്‍ മാസത്തില്‍ ചേരാനല്ലൂരില്‍ ഒരു വിശ്വാസിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ കൂടി പങ്കെടുത്ത ഒരു നാടകം അഭിനയിക്കപ്പട്ടിരുന്നു. അത് അന്നത്തെ പള്ളി വികാരി അരമന കച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നാടകത്തിലഭിനയിച്ച വ്യക്തിയെ കുര്‍ബാനയില്‍ കുര്‍ബാന സമയം മുഴുവന്‍ കുരിശു പിടിപ്പിച്ചും ഒരു കുര്‍ബാന കുരിശു പിടിക്കാതെയും കാണണമെന്ന് ശിക്ഷിച്ചിരുന്നു.
            കുരിശ് തലയില്‍ വച്ച് രണ്ടു കൈകൊണ്ടും പിടിച്ച് തലച്ചുമട് ഏററിയിരിക്കുന്നതു പോലെ ഒന്നാകാമായിരുന്നു എന്നു തോന്നുന്നു. നാടകത്തില്‍ അഭിനയിച്ചിരുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ മുന്‍ പള്ളി വികാരിയും അരമന കച്ചേരിയും മുതിരാതിരുന്നതിനെപ്പററി 1920 ലെ ചേരാനല്ലൂര്‍ പള്ളി രേഖകളില്‍ ആലേഖനം ചെയ്തതായി സൂചിപ്പിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് തുല്യ അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ അന്ന് അവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചതിന്  ആഘോഷം നടത്തിയിരുന്നോ ആവോ?. 2017ഡിസംബര്‍ മൂന്നിന് പള്ളി കോമ്പൗണ്ടില്‍ 'മനസ്സാക്ഷിയില്ലാത്ത സാക്ഷി' നാടകം നടത്തുകയുണ്ടായി. 1928നു ശേഷം ഈ പള്ളിയിലും മററനേകം പള്ളികളിലും ഒരുപാടു നാടകങ്ങള്‍ അരങ്ങേറിയിരുന്നു. അന്നൊക്കെ അരമന കച്ചേരി എവിടെയായിരുന്നാവോ?. നാടകത്തില്‍ അഭിനയിച്ചതിന് അന്ന് ശിക്ഷിച്ചവരില്‍ ഉള്‍പ്പെടുന്ന യേശുവിന്റെ ഇപ്പോഴത്തെ ഒരു പിന്‍ഗാമി പള്ളിക്കകത്തു പോലും ''എന്റെ അമ്മേടെ ജിമിക്കിക്കമ്മല്‍'' ഡാന്‍സ് ചെയ്യുന്നത് വാട്ട്‌സാപ്പിലൂടെ നമ്മളില്‍ പലരും കണ്ടിരുന്നു.
            ഇന്ന് കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള നാടകമത്സരം വര്‍ഷംതോറും നടത്തിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ 2016 സെപ്‌ററംബര്‍ 21 ബുധനാഴ്ച എറണാകുളത്തെ പാലാരിവട്ടം പി.ഒ.സി ഓഡിറേറാറിയത്തില്‍ നടന്നിരുന്നു. ശ്രീ ഗുരുവായൂരപ്പന്‍ എന്ന പേരുള്ള നാടകം ബിഷപ്പാണ് തെരഞ്ഞെടുത്തത്.  മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനായിരിക്കണം ഇത്. ഒരു മാപ്പിളപ്പാട്ട് കൂടി ഈ നാടകത്തോട് അനുബന്ധിച്ച് നടത്തിയിരുന്നെങ്കില്‍ ഹിന്ദു, മുസ്ലീം സൗഹാര്‍ദ്ദ അടിത്തറ കൂടുതല്‍ ബലപ്പെട്ടേനെ. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി സെന്റ് ജോര്‍ജ്ജ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സ്ഥിരം നാടകങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇന്നിതൊക്കെ അരങ്ങേറുമ്പോള്‍ പണ്ടത്തെ തെററിന് (1928)  (നാടകത്തിലഭിനയിച്ച് ശിക്ഷിക്കപ്പെട്ട കുടുംബത്തോട്) പള്ളിയധികാരികള്‍ ഖേദം പ്രകടിപ്പിക്കുമോ?    

Monday, December 18, 2017

വിശേഷബുദ്ധിയെ സ്വതന്ത്രമാക്കുവാൻ

കത്തോലിക്കാവേദപാഠത്തിന്റെ പ്രാഥമികതത്വങ്ങള്‍ അംഗീകരിക്കുക 

സത്യജ്വാല മാസികയുടെ 2017 ഡിസംബർ ലക്കം എഡിറ്റോറിയൽ 

കഴിഞ്ഞ ലക്കം മുഖക്കുറി അവസാനിപ്പിച്ചത് കത്തോലിക്കാസഭയുടെ ആധികാരികവേദപാഠത്തിന്റെ 1730-ാം ഖണ്ഡിക ഉദ്ധരിച്ച് അതു പ്രായോഗികമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നുവല്ലോ. ആ ഉദ്ധരണി വീണ്ടും എടുത്തെഴുതട്ടെ: ''...മനുഷ്യന്‍ അവന്റെതന്നെ ആലോചനാശക്തിയുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചു. സ്വമേധയാ സ്വന്തം സ്രഷ്ടാവിനെ അന്വേഷിക്കാനും അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ട് സമ്പൂര്‍ണ്ണവും സൗഭാഗ്യപൂരിതവുമായ പൂര്‍ണ്ണതയിലേക്കു സ്വതന്ത്രമായി എത്താനും വേണ്ടിയാണത്.'' ഫാ. ഡേവീസ് കാച്ചപ്പിള്ളിയുടെ ലേഖനം (കാണുക, നവം. ലക്കം: പേജ്, 28) കിട്ടുംവരെ ഇങ്ങനെയൊരു പ്രബോധനം കത്തോലിക്കാ വേദപാഠത്തിലുണ്ടെന്ന് ഈ ലേഖകന് അറിഞ്ഞുകൂടായിരുന്നു. വേദപാഠത്തിന്റെ +2 കഴിഞ്ഞിറങ്ങുന്ന ഇന്നത്തെ തലമുറയ്ക്കും കത്തോലിക്കാവേദപാഠത്തില്‍ ഇത്തരം പഠനങ്ങളുള്ളതായി അറിയാമെന്നു തോന്നുന്നില്ല. പള്ളിപ്രസംഗങ്ങളിലും ധ്യാനപ്രസംഗങ്ങളിലുമൊന്നും ഇങ്ങനെയൊന്നും ഇന്നോളം കേള്‍ക്കുകയുണ്ടായിട്ടുമില്ല.
ഇവിടെ മുഖ്യമായും രണ്ടു ചോദ്യങ്ങളാണ് ഈ ലേഖകന്റെ മനസ്സിലുയര്‍ന്നത്. ദൈവം മനുഷ്യനു നല്‍കിയ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്രമായിരിക്കേണ്ട മനുഷ്യന്റെ ദൈവാന്വേഷണത്തെക്കുറിച്ചും ഇത്ര കൃത്യമായ ഉദാത്ത കാഴ്ചപ്പാട് സഭയ്ക്കുണ്ടായിരുന്നിട്ടും, അതെന്തേ പറയ്ക്കടിയിലെ വിളക്കുപോലെ മൂടിവച്ചിരിക്കുന്നു എന്നതായിരുന്നു, ആദ്യത്തെ ചോദ്യം. രണ്ടാമത്തെ ചോദ്യം, ഏറ്റം സത്യമായിരിക്കുന്ന ഈ ഉദാര നിലപാടു പുലര്‍ത്തുന്ന സഭ എന്തുകൊണ്ട് സ്വതന്ത്രമായ ദൈവാന്വേഷണത്തെ തടയുംവിധം ദൈവത്തെക്കുറിച്ച് തങ്ങള്‍ നിര്‍മ്മിച്ചെടുത്ത സിദ്ധാന്തങ്ങളും വിശ്വാസസംഹിതകളും അതേ വേദപാഠഗ്രന്ഥമുപയോഗിച്ച് മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതും. സഭാനവീകരണത്തിനുള്ള മരുന്ന് കത്തോലിക്കാ വേദപാഠഗ്രന്ഥത്തിലുണ്ടെങ്കില്‍ അതിനി എന്തിനു വേറെ അന്വേഷിക്കണം എന്ന ചിന്തയുമുണ്ടായി.
സഭാനവീകരണത്തിന്റെ കാര്യമല്ലേ, അമാന്തം പാടില്ലല്ലോ! IICS (ഓശാന) ലൈബ്രറിയില്‍ പുസ്തകമുണ്ടോ എന്നന്വേഷിച്ചു. തുടര്‍ന്ന് അവിടെച്ചെന്ന് 660-ല്‍ ചില്വാനം പേജുകളുള്ള 'Catechism of the Catholic Church' എന്ന ബൃഹത്ഗ്രന്ഥം ഏതാനും മണിക്കൂറെടുത്ത് ഓടിച്ചു നോക്കി. വേണ്ടപോലെ പഠിച്ചു എന്നു പറയാനാവില്ലെങ്കിലും, കത്തോലിക്കാസഭയുടെ ഒരു പൊതുസമീപനം എന്താണെന്നു മനസ്സിലാക്കാന്‍ ഓടിച്ചുള്ള ആ വായനതന്നെ ധാരാളമായിരുന്നു. അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും ആവാത്തവിധം അത്രമേല്‍ കൃത്യതയോടും സ്പഷ്ടമായും ആദ്യം തത്വങ്ങള്‍ പറഞ്ഞുവയ്ക്കുന്നു; പിന്നീട് തങ്ങള്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്ന സിദ്ധാന്തങ്ങളുടെ 'വെളിച്ച'ത്തില്‍ അവയെയെല്ലാം മറികടക്കുന്നു! യേശുവചനങ്ങളില്‍ത്തുടങ്ങി, ഏതുകാര്യത്തെയും തങ്ങള്‍ നിര്‍മ്മിച്ച കാനോന്‍നിയമത്തിലെത്തി
ക്കുന്ന അതേ പുരോഹിതതന്ത്രമാണ് 'കത്തോലിക്കാ വേദപാഠഗ്രന്ഥ'ത്തിലും ഈ ലേഖകനു കാണാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ കൊടുത്തിട്ടുള്ള ഉദ്ധരണിയുടെ അതേ ഔന്നത്യം പുലര്‍ത്തുന്ന മഹത്തായ ധാരാളം ആശയങ്ങള്‍ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു കാണാം. (ഈ ലേഖനം മുന്നോട്ടു പോകുന്നതിനനുസരിച്ച്, അവയില്‍ ചിലത് സ്വയം തര്‍ജ്ജമ ചെയ്ത് ഇതില്‍ ചേര്‍ക്കുന്നുണ്ട്.)
ആമുഖ (prologue)ത്തില്‍, 'മനുഷ്യജീവിതം, ദൈവത്തെ അറിയാനും സ്‌നേഹിക്കാനും' എന്ന ആദ്യ ഉപശീര്‍ഷകത്തിനു താഴെത്തുടങ്ങുന്ന ഗ്രന്ഥത്തിന്റെ ആദ്യഖണ്ഡികതന്നെ എത്ര ഉദാത്തമായ ആശയമാണുള്‍ക്കൊണ്ടിരിക്കുന്നതെന്നു നോക്കുക: ''അനന്തസമ്പൂര്‍ണ്ണനും തന്നില്‍ത്തന്നെ അനുഗൃഹീതനുമായ ദൈവം തന്റെ തികഞ്ഞ നന്മയിലും സ്വാതന്ത്ര്യത്തിലും, സ്വയം അനുഗൃഹീതമായ തന്റെ ജീവിതത്തില്‍ പങ്കാളിയാക്കുന്നതിനായി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താല്‍, എല്ലാ സമയത്തും എല്ലാ സ്ഥലത്തും ദൈവം മനുഷ്യനിലേക്ക് തന്നെ അടുപ്പിക്കുന്നു (draws close to man). തന്നെ അന്വേഷിക്കുന്നതിനും തന്നെ അറിയുന്നതിനും തന്നെ സ്‌നേഹിക്കുന്നതിനുമായി ദൈവം തന്റെ മുഴുവന്‍ ശക്തിയോടുംകൂടി മനുഷ്യനെ വിളിച്ചുകൊണ്ടിരിക്കുന്നു'' (1-ാം ഖണ്ഡിക). സര്‍വ്വശക്തനായ ദൈവം തന്റെ സര്‍വ്വശക്തിയോടുംകൂടി വിളിച്ചിട്ടും അതു കേള്‍ക്കാതിരിക്കാന്‍മാത്രം ബധിരത ആ ദൈവത്തിന്റെതന്നെ സൃഷ്ടിയായ മനുഷ്യനെങ്ങനെയുണ്ടായി എന്നൊരു ചോദ്യം ഇതു വായിക്കുന്നവര്‍ക്കു തോന്നാനിടയുണ്ട് എന്ന ന്യൂനത അവഗണിച്ചാല്‍, മനുഷ്യനിലെ ദൈവികതയും അവന്റെ മഹോന്നതസ്ഥാനവും സ്ഥാപിക്കുന്ന ഈ കത്തോലിക്കാദര്‍ശനം വളരെ ഉദാത്തമാണെന്നു സമ്മതിക്കാതെ വയ്യ.
ആമുഖം അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെ: ''മുഴുവന്‍ സിദ്ധാന്ത (doctrine)വും അതിന്റെ പഠിപ്പിക്കലുകളും ശ്രദ്ധയൂന്നേണ്ടത്, ഒരിക്കലും അവസാനിക്കാത്ത ആ സ്‌നേഹത്തിലേക്കു നയിക്കുക എന്നതിലായിരിക്കണം. വിശ്വാസത്തിലേക്കോ പ്രത്യാശയിലേക്കോ പ്രവൃത്തിയിലേക്കോ കൊണ്ടുവരുന്നതിനായി എന്തുതന്നെ നിര്‍ദ്ദേശിക്കപ്പെട്ടാലും, പൂര്‍ണ്ണമായ ക്രൈസ്തവധര്‍മ്മം സ്‌നേഹത്തില്‍നിന്നുത്ഭവിക്കുന്നതാണെന്നും സ്‌നേഹത്തിലെത്തുക എന്നതിനപ്പുറം മറ്റൊരുദ്ദേശ്യവും അതിലൊന്നുമില്ലെന്നും ആര്‍ക്കും ബോധ്യപ്പെടാന്‍ കഴിയുംവിധം നമ്മുടെ കര്‍ത്താവിന്റെ സ്‌നേഹം എല്ലായ്‌പ്പോഴും അഭിഗമ്യമാക്കി(made accessible)യിരിക്കണം'' (25-ാം ഖണ്ഡിക).  സഭയുടെ അതിരുകടന്നുപോയേക്കാവുന്ന സിദ്ധാന്തവത്ക്കരണപ്രവണതയ്‌ക്കെതിരായ ഒരു സ്വയംതാക്കീതെന്ന നിലയില്‍ ഈ പ്രബോധനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ഒന്നാമദ്ധ്യായം ആദ്യഖണ്ഡിക ഇങ്ങനെ പറയുന്നു: ''ദൈവത്തിനുവേണ്ടിയുള്ള അഭിലാഷം മനുഷ്യഹൃദയത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ദൈവത്താലും ദൈവത്തിനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്, മനുഷ്യനെ തന്നിലേക്കു വലിച്ചടുപ്പിക്കുന്നതില്‍നിന്ന് (to draw man to himself) ദൈവം ഒരിക്കലും വിരമിക്കുകയുമില്ല. മനുഷ്യന്‍ അവിരാമം അന്വേഷിക്കുന്ന സത്യവും സന്തോഷവും ദൈവത്തില്‍മാത്രമേ കണ്ടെത്തുകയുള്ളു'' (27-ാം ഖണ്ഡിക). ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ചും മനുഷ്യനിലെ അസ്തിത്വസംബന്ധിയായ അന്വേഷണവ്യഗ്രതയെക്കുറിച്ചും വ്യക്തതനല്‍കുന്ന മറ്റൊരു ഉദ്ധരണി ഇതാ: ''സത്യത്തോടും സൗന്ദര്യത്തോടുമുള്ള തുറന്ന മനോഭാവത്തോടുകൂടിയും തന്നിലെ ധാര്‍മ്മികനന്മയെക്കുറിച്ചും തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും തന്റെ മനഃസാക്ഷിയുടെ സ്വരത്തെക്കുറിച്ചുമുള്ള ധാരണയോടുകൂടിയും, അനന്തമായ സത്യത്തെയും തന്റെ സന്തോഷത്തെയും പ്രാപിക്കാനുള്ള അഭിനിവേശത്തോടുകൂടിയും, മനുഷ്യന്‍ ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ തന്നോടുതന്നെ ചോദിക്കുന്നു. ഇതിലെല്ലാം പ്രത്യക്ഷീഭവിക്കുന്നത് അവന്റെ ആന്തരികതയിലുള്ള ആത്മാവിനെസംബന്ധിച്ച സൂചനകളാണ്...'' (33-ാം ഖണ്ഡിക).
'കത്തോലിക്കാ വേദപാഠഗ്രന്ഥം' മനുഷ്യന്റെ യുക്തിബോധത്തെ നിഷേധാത്മകമായിട്ടല്ല കാണുന്നത് എന്നു തെളിയിക്കുന്ന ഒന്നുരണ്ടു പ്രസ്താവനകളിതാ: ''... ദൈവാസ്തിത്വംസംബന്ധിച്ച തെളിവുകള്‍ ഒരുവന്റെ മനസ്സിനെ വിശ്വാസത്തിനനുകൂലമാക്കുകയും വിശ്വാസം യുക്തിക്കു വിരുദ്ധമല്ലെന്നു ബോധ്യപ്പെടാന്‍ അവനെ സഹായിക്കുകയും ചെയ്യുന്നു''; ''നമ്മുടെ തിരുസഭാമാതാവ് ഉറപ്പിച്ചു പറയുന്നതും പഠിപ്പിക്കുന്നതും, ആദിതത്വവും എല്ലാറ്റിന്റെയും അവസാനവുമായ ദൈവത്തെ മനുഷ്യന്റെ സ്വാഭാവിക യുക്തിയുടെ വെളിച്ചത്തില്‍, ഈ സൃഷ്ടലോകത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ, സുനിശ്ചിതമായി അറിയാന്‍ കഴിയും എന്നാണ്...'' (36-ാം ഖണ്ഡിക).
മനുഷ്യനില്‍ അന്തര്‍ഹിതമായിട്ടുള്ള ദൈവാ(സത്യാ)ന്വേഷണത്വരയെയും മനുഷ്യന്റെ യുക്തിബോധത്തെയും സ്വതന്ത്രചിന്തയെയും വളരെ പോസിറ്റീവായി കാണുകയും അംഗീകരിക്കുകയുംചെയ്യുന്ന സഭയുടെ ഈ അത്യുദാത്ത താത്വികനിലപാടുകള്‍ ഏതൊരു കത്തോലിക്കാവിശ്വാസിയെയും അഭിമാനംകൊള്ളിക്കാന്‍ പോന്നതാണ്. എന്നാല്‍, ഈ അഭിമാനത്തിന് അല്പായുസ്സ്മാത്രമേയുള്ളൂ എന്ന് തൊട്ടടുത്ത ഖണ്ഡികമുതല്‍ നമുക്കു മനസ്സിലായിത്തുടങ്ങുകയായി.
37-ാം ഖണ്ഡിക നോക്കുക: ''എന്നിരുന്നാലും, താന്‍ ആയിരിക്കുന്ന ചരിത്രപരമായ അവസ്ഥകളില്‍ മനുഷ്യന്‍ സ്വയം മനസ്സിലാക്കുന്നത്, യുക്തിയുടെമാത്രം വെളിച്ചത്തില്‍ ദൈവത്തെ അറിയാന്‍ അവന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു എന്നാണ്.
കൃത്യമായി പറഞ്ഞാല്‍, തന്റെ കൃപാകടാക്ഷത്താല്‍ ഈ ലോകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഏകവ്യക്തിദൈവത്തെ(the one personal God)ക്കുറിച്ച്, തന്റെ സഹജനിയമങ്ങള്‍ മനുഷ്യഹൃദയത്തില്‍ ആലേഖനംചെയ്ത സൃഷ്ടികര്‍ത്താവിനെക്കുറിച്ച്, സത്യവും സുനിശ്ചിതവുമായ അറിവിലെത്താനുള്ള തികഞ്ഞ കഴിവ് മനുഷ്യയുക്തിക്ക്, അതിന്റെതന്നെ സ്വാഭാവികശക്തിയാലും വെളിച്ചത്താലുമുണ്ട്. എന്നിരുന്നാലും, യുക്തിബോധമെന്ന മനുഷ്യന്റെ ജന്മനാലുള്ള ഈ സിദ്ധിയെ ഫലപ്രദമായും ഫലസമൃദ്ധിയോടുകൂടിയും വിനിയോഗിക്കുന്നതിനു വിഘാതമായി പല തടസ്സങ്ങളും നിലനില്ക്കുന്നു. കാരണം, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ സംബന്ധിച്ച സത്യങ്ങള്‍ കാണാവുന്നതരത്തിലുള്ള കാര്യങ്ങള്‍ക്കെല്ലാം അതീതമാണ്. അവയെ മനുഷ്യന്റെ പ്രവൃത്തിയിലേക്കു രൂപാന്തരപ്പെടുത്തുകയും അതിനു വശംഗതനാകുകയും ചെയ്യുന്നപക്ഷം അവ ആത്മസമര്‍പ്പണവും സ്വയം നിഷേധവും ആവശ്യപ്പെടും. തന്മൂലം, അത്തരം സത്യങ്ങള്‍ പ്രാപിക്കുന്നതിനു വിഘാതമായി മനുഷ്യമനസ്സ് നിലകൊള്ളുന്നു. ഇത് ഇന്ദ്രിയങ്ങളും കല്പനാശക്തിയും മനുഷ്യമനസ്സിനേല്പിക്കുന്ന ആഘാതംകൊണ്ടുമാത്രമല്ല, ഉത്ഭവപാപ(original sin)ത്തിന്റെ ഫലമായി മനുഷ്യനില്‍ സംഭവിച്ച താത്പര്യങ്ങളി(appetites)ലെ ക്രമംതെറ്റലുകള്‍ കൊണ്ടുംകൂടിയാണ്.''
അങ്ങനെ സഭയുടെ ദാര്‍ശനികമായ ഉള്‍ക്കാഴ്ച വ്യക്തമാക്കിക്കൊണ്ട് മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ദൈവാന്വേഷണത്വരയെ സംബന്ധിച്ചും, തന്റെ അസ്തിവാരമായ ദൈവത്തെ കണ്ടെത്താനുള്ള അവന്റെ ജന്മസിദ്ധമായ ധിഷണാശേഷിയെക്കുറിച്ചുമെല്ലാമുള്ള അടിസ്ഥാനതത്വങ്ങള്‍ തികഞ്ഞ പ്രാഗല്ഭ്യത്തോടെ അവതരിപ്പിച്ച അതേ പുരോഹിതകരങ്ങള്‍തന്നെ, 'ഉത്ഭവപാപ'മെന്ന തങ്ങളുടെ സിദ്ധാന്തത്തിലൂടെ അതിനെയെല്ലാം അട്ടിമറിക്കുകയാണ്, 'കത്തോലിക്കാവേദപാഠ'ഗ്രന്ഥത്തിലൂടെ!
അതില്‍ തുടര്‍ന്നിങ്ങനെ പറയുന്നു: ''ദൈവത്തെ അറിയുന്നതിനുള്ള മനുഷ്യന്റെ കഴിവിനെ സംരക്ഷിക്കുന്നതിന്, അവിടുത്തെക്കുറിച്ച് എല്ലാവരോടും എല്ലാവര്‍ക്കുമൊപ്പവും പറയുന്നതില്‍ക്കൂടിയും ഇതരമതങ്ങളുമായും തത്വശാസ്ത്രവും ശാസ്ത്രവുമായും ഒപ്പം അവിശ്വാസികളും നിരീശ്വരരുമായും ആശയസംവാദം നടത്തുന്നതില്‍ക്കൂടിയും സഭ അവളുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്'' (39-ാം ഖണ്ഡിക). ഇപ്രകാരം, മനുഷ്യനെയും ദൈവത്തെ അറിയാന്‍ കഴിവുള്ള അവന്റെ സവിശേഷബുദ്ധിയെയും സൂത്രത്തില്‍ തള്ളിമാറ്റി, മനുഷ്യന്റെ ആ കഴിവു സംരക്ഷിക്കാനെന്ന വ്യാജേന, ആ ഇടത്തേക്കു രംഗപ്രവേശംചെയ്യുകയാണ് സഭ എന്ന പുരോഹിതസ്ഥാപനം. തുടര്‍ന്നങ്ങോട്ട്സഭാസിദ്ധാന്തങ്ങളും വചനവ്യാഖ്യാനങ്ങളും ഒന്നൊന്നായി അവതരിപ്പിച്ച് മനുഷ്യന്റെ വിശേഷബുദ്ധിയെ, മാര്‍പാപ്പയും മെത്രാന്മാരുമടങ്ങുന്ന ഒരു 'ആധികാരികസംഘ' (majisterium)ത്തിന്റെ കീഴിലാക്കുന്നു! ഇവിടെ ആരിലും ഉയര്‍ന്നേക്കാവുന്ന ഒരു ചോദ്യമുണ്ട്-ഈ 'മജിസ്റ്റീരിയ'ത്തിലുള്ളവര്‍ക്കും ഉത്ഭവപാപജന്യമായ 'താത്പര്യങ്ങളിലെ ക്രമംതെറ്റലു'കളുടെ പരിമിതിയുണ്ടാവില്ലേ എന്ന ചോദ്യം. ''നിങ്ങളെ കേള്‍ക്കുന്നവന്‍ എന്നെ കേള്‍ക്കുന്നു'' (ലൂക്കോ. 10:16) എന്ന യേശുവചനത്തെപ്പിടിച്ചാണ് 'കത്തോലിക്കാവേദപാഠം' ആ ചോദ്യത്തെ മറികടന്നിരിക്കുന്നത്! അങ്ങനെ, ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും മനുഷ്യനു കഴിവും കടമയുമുണ്ടെന്നു പ്രബോധിപ്പിച്ച അതേ വേദപാഠം, ദൈവികാധികാരം അവകാശപ്പെടുന്ന ഒരു 'മജിസ്റ്റീരിയ'ത്തെ സൃഷ്ടിച്ച് മനുഷ്യനെ ആ അന്വേഷണത്തില്‍നിന്നു വിലക്കുകയാണ്; ഒപ്പം, 'മജിസ്റ്റീരിയം' പിന്തുടരുന്നതും നിര്‍മ്മിക്കുന്നതുമായ സിദ്ധാന്തങ്ങള്‍ മനുഷ്യനില്‍ അടിച്ചേല്പിക്കുകയുമാണ്.
'കത്തോലിക്കാ വേദപാഠ'ത്തിന്റെ 3-ാം ഭാഗം 3-ാം അദ്ധ്യായം 'മനുഷ്യന്റെ സ്വാതന്ത്ര്യ'ത്തെക്കുറിച്ചും, 6-ാം അദ്ധ്യായം 'ധാര്‍മ്മിക മനഃസാക്ഷി'യെക്കുറിച്ചുമുള്ളതാണ്. (ഈ രണ്ട് അദ്ധ്യായങ്ങളിലെയും പ്രസക്തഭാഗങ്ങള്‍ കഴിഞ്ഞ ലക്കം 'സത്യജ്വാല'യിലെ ഫാ. ഡേവീസ് കാച്ചപ്പിള്ളി CMIയുടെ ലേഖനത്തില്‍-പേജ്, 28- കൊടുത്തിട്ടുള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ദയവായി അതുകൂടി വായിച്ചിട്ടുവേണം ഇതിനി തുടര്‍ന്നു വായിക്കാന്‍ എന്നഭ്യര്‍ത്ഥിക്കുന്നു-എഡിറ്റര്‍)
ഏതു വിധത്തിലാണോ 'കത്തോലിക്കാവേദപാഠം' ആദ്യം ഉയര്‍ത്തിക്കാട്ടിയ സഭയുടെ പ്രാഥമികതത്വങ്ങളെ സ്വയം തള്ളിക്കളഞ്ഞ് സഭയില്‍ പുരോഹിതസിദ്ധാന്തങ്ങളെ പ്രതിഷ്ഠിച്ചത്, അതേ വിധത്തില്‍ത്തന്നെയാണ് 1730, 1731, 1738 എന്നീ ഖണ്ഡികകളില്‍ മനുഷ്യന്റെ ദൈവദത്തമായ സ്വാതന്ത്ര്യത്തെ ശരിയായി നിര്‍വ്വചിച്ചതിനുശേഷം, 1739-ാം ഖണ്ഡികയിലെ, ''മനുഷ്യന്റെ സ്വാതന്ത്ര്യം പരിമിതവും തെറ്റുപറ്റാവുന്നതുമാണ്'' (man's freedom is limited and fallible) എന്നുതുടങ്ങുന്ന ഭാഗംമുതല്‍, ആ സ്വാതന്ത്ര്യത്തെ സഭാ'മജിസ്റ്റീരിയ'ത്തിന്റെ കീഴിലാക്കിയിരിക്കുന്നത്. ഇതുപോലെതന്നെ, 'ധാര്‍മ്മികമനഃസാക്ഷി' (Moral conscience)യെപ്പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് 1776, 1778, 1782 എന്നീ ഖണ്ഡികകളിലൂടെ കൃത്യവും യുക്തിഭദ്രവുമായി അവതരിപ്പിച്ചതിനുശേഷം, ''...തങ്ങളുടെ സ്വന്തം വിധിത്തീര്‍പ്പുകളെ സ്വീകരിക്കാനും ആധികാരികപ്രബോധനങ്ങളെ നിരാകരിക്കാനും പ്രേരിതരാകുന്ന, നിഷേധാത്മകസ്വാധീനങ്ങള്‍ക്കു വിധേയപ്പെട്ടവര്‍ക്കും പാപത്തിന്റെ പ്രലോഭനത്തില്‍പ്പെട്ടവര്‍ക്കും മനഃസാക്ഷിവിദ്യാഭ്യാസം (education of conscience) നല്‍കേണ്ടത് അനിവാര്യമാണ്'' (1783-ാം ഖണ്ഡിക) എന്നു പ്രസ്താവിച്ച്, മനുഷ്യന്റെ മനഃസാക്ഷിസ്വാതന്ത്ര്യത്തെയും സഭാമജിസ്റ്റീരിയത്തിനു കീഴിലാക്കുകയാണ്, 'കത്തോലിക്കാ വേദപാഠം'!
'ദൈവശാസ്ത്ര സംഗ്രഹം' (Summa Theologia) എന്ന അഞ്ചു തടിയന്‍ പുസ്തകങ്ങളുടെ മൂന്നു വാല്യങ്ങളെഴുതിയ തോമസ് അക്വീനാസ്തന്നെ, അതെല്ലാം വെറും വൈക്കോലായിരുന്നുവെന്ന് പിന്നീട് പ്രസ്താവിക്കുകയുണ്ടായല്ലോ. അതുപോലെഅതിബൃഹത്തായ ഈ വേദപാഠഗ്രന്ഥത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഒന്നോടിച്ചുനോക്കിയ ഈ ലേഖകനും അതെല്ലാം സിദ്ധാന്തവല്‍ക്കരണത്തിലുള്ള പുരോഹിതവിരുതുമാത്രം തെളിയിക്കുന്ന വെറും വൈക്കോല്‍ക്കെട്ടുകളായി മാത്രമാണ് അനുഭവപ്പെട്ടതെന്നു പറയട്ടെ. ഇതിലുദ്ധരിച്ചിട്ടുള്ള 25-ാം ഖണ്ഡികയിലെ സ്വയംതാക്കീതിനെപ്പോലും കാറ്റില്‍ പറത്തിക്കൊണ്ട്, യേശുവിന്റെ സ്‌നേഹത്തെ അനഭിഗമ്യമാക്കിയിരിക്കുകയാണ്, ഇതിലുയര്‍ത്തിക്കെട്ടിയിരിക്കുന്ന 'സഭാമജിസ്റ്റീരിയ'ത്തിന്റെ വന്‍മതില്‍. യേശു കനപ്പെട്ട കാര്യങ്ങളായി പഠിപ്പിച്ച നീതികരുണ, വിശ്വാസം മുതലായ കാര്യങ്ങളെയും അതു സംബന്ധിച്ച താത്വികദര്‍ശനങ്ങളെയും ഈ ആധികാരിക ഗ്രന്ഥത്തില്‍ തപ്പിപ്പരതിയാല്‍ കഷ്ടിച്ച് എട്ടോ പത്തോ പേജുകള്‍ മാത്രമേ വരൂ. ബാക്കി 650-ലേറെ പേജുകളില്‍ അതിനെയെല്ലാം മറികടക്കാനുള്ള ചപ്പുചവറുവിതണ്ഡവാദങ്ങള്‍ നിരത്തിയിരിക്കുകയാണ്!
പക്ഷേ, വിശ്വാസികളുടെ കൂട്ടായ്മയായ യഥാര്‍ത്ഥ സഭയെ സംബന്ധിച്ച്, 8-10 പേജുകള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നു പറയാതെവയ്യ. കാരണം, സഭയുടെ പ്രാഥമികവും പ്രാമാണികവുമായ തത്വദര്‍ശനങ്ങളാണ് അവിടവിടെയായി ഈ പേജുകളിലുള്ളത്. അവ വചനാധിഷ്ഠിതവുമാണ്. അതിന്റെ ഉജ്ജ്വലപ്രകാശത്തിന്, സിദ്ധാന്തങ്ങള്‍ പടര്‍ത്തിയിരിക്കുന്ന കൂരിരുട്ടിനെ അപ്രത്യക്ഷമാക്കാനുള്ള, അവയെയെല്ലാം അസാധു(nullify)വാക്കാനുള്ള തെളിച്ചവും കരുത്തുമുണ്ട്. സത്യത്തില്‍, ഇന്നത്തെ കത്തോലിക്കാസഭയെ യഥാര്‍ത്ഥ ക്രൈസ്തവസഭയാക്കിമാറ്റാന്‍ അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്താല്‍ മാത്രംമതിയാകും. അതിനു തയ്യാറാകണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാന്‍ ചിന്തിക്കുന്ന സഭാപൗരന്മാര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. കാരണം, സ്വന്തം അസ്തിത്വത്തിനും വ്യക്തിത്വത്തിനും അടിസ്ഥാനമാകേണ്ട തനതുവിശ്വാസം കരുപ്പിടിപ്പിക്കാന്‍ മനുഷ്യനു ജന്മാവകാശമായി സിദ്ധിച്ചിരിക്കുന്ന അവന്റെ വിശേഷബുദ്ധിയെ സ്വതന്ത്രമാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സഭയുടെ സുപ്രധാനദര്‍ശനങ്ങളാണവ. സിദ്ധാന്തങ്ങളുടെ പറയ്ക്കടിയില്‍നിന്ന് അവയെ പുറത്തെടുത്തേപറ്റൂ. ഇത് മനുഷ്യന്റെ അസ്തിവാരത്തിന്റെ പ്രശ്‌നമായതിനാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇവിടെ പ്രസക്തിയില്ലതന്നെ.
നമ്മുടെ സഭാമേലദ്ധ്യക്ഷന്മാര്‍ക്കും പണ്ഡിതന്മാരായി അറിയപ്പെടുന്ന പുരോഹിതശ്രേഷ്ഠര്‍ക്കും ബൗദ്ധികമായ സത്യസന്ധതയുണ്ടായിരുന്നെങ്കില്‍, അവര്‍ ഒന്നുകില്‍ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കുകയും, അല്ലെങ്കില്‍ കാര്യ-കാരണങ്ങള്‍ യുക്തിസഹമായി വിശദമാക്കി നിരാകരിക്കുകയും ചെയ്യുമായിരുന്നു. ബുദ്ധിയും സത്യസന്ധതയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളായിരിക്കേ, പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചഇവര്‍ക്കെങ്ങനെ അതില്ലാതെവരും?                         

-ജോർജ് മൂലേച്ചാലിൽ, 
മൊബൈൽ നമ്പർ:  9497088904ഡിറ്റര്‍ 

Sunday, December 17, 2017

സത്യജ്വാല 2017 ഡിസംബർ ലക്കം



http://almayasabdam.com/sathyajvala/sathyajvala-2/

പുരോഹിതരേ ക്രിസ്തു വിളിച്ച തെറിക്ക് കണക്കുണ്ടോ?

പുരോഹിതരേ ക്രിസ്തു വിളിച്ച തെറിക്ക് കണക്കുണ്ടോ? സാമാന്യ മനുഷ്യനാവശ്യമുള്ള സാധനമ്മല്ല പുരോഹിതൻ..

 174  159  0 Google +0  0
പള്ളികൾ നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കി.പുരോഹിതനേ ഒരിക്കലും ആവശ്യമില്ലെന്നാണ്‌ സത്യം.ഇത് വിശ്വാസി എന്ന മഠയനു വേണ്ടി ഉണ്ടാക്കിയതാ..ക്രിസ്തു എവിടേലും പുരോഹിതരേ കാര്യങ്ങൾ ഏല്പ്പിച്ചിട്ടുണ്ടോ? ഇവൻ ഞങ്ങളേ വിളിക്കുന്ന പേരെന്താ..ആട്..(കുഞ്ഞാട്) ഞങ്ങളുടെ മനുഷ്യത്വം പോലും അവൻ അംഗീകരിക്കുന്നില്ല..കുഞ്ഞാട്..പെണ്ണാട് എന്നുക്കൊയാ വിളി..ഞാൻ മുതുക്കനാ..എന്നെ പേരുവിളിക്കുന്ന കത്തനാർ മാരുണ്ടായിരുന്നു. ഞാൻ ചോദിച്ചു ..ഇങ്ങേർക്ക് കുപ്പായം കിട്ടിയപ്പോൾ മുതൽ ഇങ്ങേരുടെ തന്തയേ ഇങ്ങേർ പേരാണോ വിളിക്കുന്നേ..അപ്പച്ചാന്ന് അല്ലിയോ വിളിക്കുന്നേ..വൃദ്ധനായ എന്നെ പേരു വിളിക്കാതെ എന്നെ മിനിമം അച്ചായാ എന്നേലും വിളി..അല്ലേൽ അന്തസായി നീ മിസ്റ്റർ സാമുവേൽ എന്നേലും വിളിക്ക്..നീയെന്നാ ചാടി കേറി എന്നെ സാമുവേൽ എന്ന് വിളിക്കുന്നേ?…എന്റെ മോന്റെ പ്രായം പോലും ഇല്ലാത്ത ഇഡിയറ്റ്..ഹായ് പുരോഹിതാ..നിനക്ക് എന്ത് വിവരമുണ്ട്? ലോക പരിചയമുണ്ട്?..നിനക്ക് എന്റെ അത്ര വിവരമുണ്ടോ? വിദ്യാഭ്യാസമുണ്ടോ? ലോകം പരിചയമുണ്ടോ? നികക്ക് എന്ത് പുട്ട് ഉണ്ട്… ഒരു തക്കാ മലർത്തി വയ്ച്ചിട്ട് (കുർബാന പുസ്തകം) വായിക്കാനല്ലാതെ നിനക്ക് എന്താ യോഗ്യത..എന്നെ കൺ ട്രോൾ ചെന്നാൻ..
ഒരു സത്യം പറയാം..ഞങ്ങടെ ആലുവാ തൃക്കുന്നത്ത് സിനിമാരിയിൽ കാതോലിക്കാ ബാവക്ക് ഒരു കുർബാന ചെല്ലാൻ 8ലക്ഷം രൂപ പോലീസ് ഡിപാർട്ട്മെന്റിൽ കൊടുക്കണം.സ്റ്റൺ ഗണുമായി പോലീസ് നിക്കും. എന്നിട്ടാണ്‌ കുർബാന ചെല്ലുന്നത്. ഇത് വല്ലാത്ത വിശുദ്ധ കുർബ്ബാനയാണല്ലോ..ഇത് കണ്ട് മാലാഖമാർ യേശുവിനോട് പറയും..അരുതെന്റെ ജേഷ്വാ..വേഗം വെടിയൂ മലങ്കരയേ..അവർ നിന്നെ ക്രൂശിലേറ്റും..ഒരു കുർബാന പുസ്തകം മലർത്തിവയ്ച്ച് അയ്യേ….അത് നീട്ടി ചെല്ലാനോ കുരിശിൽ നീ ത്യാഗം ചെയ്തത്..യേശുവേ…കവിതയും പ്രതിരോധവുമായി കത്തോലിക്കാ സഭകളേ വളഞ്ഞിട്ട് സാമുവേൽ അക്രമിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളാൻ കുരുക്കുന്നു.
കർത്താവ്‌ പറയുന്നു…..അയ്യേ..എന്റെ പേരിൽ ഇവർ 2.5 കോടിയുടെ മേഴ്സിഡസേ കയറി നടക്കുവാ..അവന്റെ വിദ്യാഭ്യാസമോ..നാലാം ക്ലാസും റബർ വെട്ടും..റബ്ബർ വെട്ടി നാലാം ക്ളാസുമായി നടന്നവനാ ഇന്ന് 40 മീറ്റർ തുണിയും ചുറ്റി അയ്യേ…..ഫൂളാക്കുന്നത്..ഇവന്‌ ദൈവത്തേ അറിയാമോ..കൃസിതുവിനേ അറിയാമോ..കാലി തൊഴുത്തിന്റെ എളിമ അറിയാമോ..
രാജാക്കന്മാരുടെ രാജാവേ എന്ന് യേശുദാസ് പാടിയവൻ എവിടെയാ പിറന്നത്… കാലി തൊഴുത്തിൽ..സഞ്ചരിച്ചതോ..കഴുത പുറത്ത്..ഉടുതുണിക്ക് മറുതുണിയില്ലാതെ ..കുരിശിൽ കിടക്കുന്നത് കണ്ടില്ലേ..ഒരു ബനിയൻ ഉണ്ടായിരുന്നോ..ഇതിന്റെ എല്ലാം കാരണം മനുഷ്യന്‌ ആവശ്യമില്ലാത്ത ഈ പുരോഹിത സമൂഹമാ,…സാമുവേൽ ഫൂ ടോസിൽ പറയുന്നു.ആരാണ്‌ പുരോഹിതൻ ആകുന്നത്..വീട്ടിൽ കൊള്ളാത്തവനേ..നാട്ടിൽ കൊള്ളാത്തവനേ..പഠിക്കാത്തവനേ..ഒന്നിനും കൊള്ളാത്തവനേ അച്ഛൻ പട്ടത്തിനു വിടും. കൊള്ളാവുന്നവനാണേൽ അവനേ ഇപ്പണിക്ക് വിടുമോ..വല്ല എഞ്ചീയറും ഡോക്ടറും ആകാൻ കഴിവുള്ള ഏതേലും പിള്ളേരേ ഇപ്പണിക്ക് വിടുമോ?..അവനാണ്‌ കത്തനാർ..അവൻ ഇച്ചിരി മൂക്കുമ്പോൾ കേറി ബിഷപ്പാകും..അവൻ മൂക്കുന്നതാ ഈ കർദ്ദിനാൾ..അല്ലാത കൂടിയ ചരക്കൊന്നുമല്ല..
ഇവനൊക്കെ മാറി മാറി തൊപ്പിവയ്ച്ച് ചിന്താ ശേഷിയില്ലാത്ത മനനം ഇല്ലാത്ത..ഈ ആടെന്ന് പറയുന്ന വിശ്വാസ കൂട്ടമായ ഇഡിയറ്റുകളേ..പറ്റിക്കുന്നു. ആടുകൾ കിട്ടുന്ന കാശെല്ലാം ഇവന്‌ അരമന പണിയാനും കാറു വാങ്ങാനും, കെട്ടിടം വയ്ക്കാനും, വിമാന കൂലിക്കും നല്കി ജനം കോച്ചുന്നു.വീഡിയോ കേൾക്കുക

Wednesday, December 13, 2017

ലത്തീൻ കത്തോലിക്കാസഭ ജനങ്ങളോട് മാപ്പുപറയണം ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.



ശ്രീലങ്കക്കു സമീപം രൂപംകൊണ്ട  ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഓഖി എന്ന ചുഴലികൊടുങ്കാറ്റായി ഭീകരരൂപം പ്രാപിച്ച് (60) അറുപതിലധികം മൽസ്യതൊഴിലാളികളുടെജീവനെടുക്കുകയും പാവപ്പെട്ട തീരദേശ വാസികൾക്കും ഹൈറേഞ്ചു നിവാസികൾക്കും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഈ ദാരുണസംഭവം ലത്തീൻ സഭ അവരുടെ കൊയ്ത്തുൽസവമാക്കിയിരിക്കുകയാണിപ്പോൾ. അവർക്കിത് ചാകരയാണ്. രാഷ്ട്രീയക്കാരെയും ഭരണാധികാരികളേയും വരിധിയിൽ കൊണ്ടുവരുന്നതിനും ചിലരുമായി പുതിയ ചങ്ങാത്തം ഉറപ്പിക്കുന്നതിനുമുള്ള നെറികെട്ട അവസരമായിട്ടാണ് സഭയിതിനെ ഉപയോഗിക്കുന്നത്. ജനങ്ങളെ കലാപത്തിനും പ്രക്ഷോഭത്തിനും പ്രേരിപ്പിക്കുകയാണ്. ഇത് അപലപനീയവും് ദുഖകരവുമാണ്. അതുപോലെ അപകടകരവും രാജ്യസുരക്ഷക്ക് ഭീക്ഷണിയുമാണ്. 

റോമിന്റെ നേരിട്ട്‌നിയന്ത്രണമുള്ളതും പാവപ്പെട്ട ജനങ്ങളുടെ നേർച്ചപ്പണവും പാവപ്പെട്ടവരുടെ പേരിൽ വിദേശത്തുനിന്നെത്തുന്ന പണവും നികുതിയിനത്തിൽ സർക്കാരിനെ വെട്ടിച്ച് ഉണ്ടാക്കുന്ന പണവും ചേർത്തുവച്ചു നോക്കിയാൽ ദശലക്ഷകോടികളുടെ സമ്പത്തുള്ള സംഘടനയാണ് ലത്തീൻകത്തോലിക്കാസഭ. ദുരന്തത്തിലകപ്പെട്ട പ്രദേശങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും ക്രിസ്ത്യാനികളുമാണ്.  അമൃതാനന്തമയീ മഠം പോലും സഹായങ്ങളുമായി എത്തി .തങ്ങളുടെ ജനസമൂഹങ്ങൾക്ക് യാതോരു സഹായവും ചെയ്യാതെ  ജനത്തിനെ തെരുവിലിറക്കി സമരം ചെയ്യിക്കുന്നത് നികൃഷ്ടവും നീചവുമാണ്.ദുരന്തബാധിതർക്കായി മെത്രാൻമാരും വൈദീകരും ഒന്നു ചെയ്തില്ലെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ആഡംബരജീവിതം നയിക്കുന്ന ഇവരെങ്ങനെയാണ് പാവപ്പെട്ടവന്റെ വിലാപം കേൾക്കുക.
അത്യാധുനിക ശാസ്ത്ര സംവിധാനങ്ങൾ രാജ്യത്തിനകത്തും വിദേശത്തുമുള്ളപ്പോൾ കോടിക്കണക്കിനുരൂപയുടെ സമ്പത്തും റോമിന്റെ നിയന്ത്രണവുമുള്ള ലത്തീൻ സഭക്ക് ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ മൂൻകൂട്ടി അറിയുന്നതിനും അതു അതിവേഗം മൽസ്യത്തൊഴിലാളികളേയും മറ്റുള്ളവരേയും നേരിട്ടറിയിക്കുവാനും ഏതാനും ലക്ഷങ്ങൾ മുടക്കി സംവിധാനമുണ്ടാക്കിയാൽ മതിയാകും. ഇതിന് ജനങ്ങളിൽനിന്നും പിരിക്കുന്ന ഒരാഴ്ച്ചത്തെ നേർച്ചപ്പണത്തിന്റെ പത്തിലൊന്നു പോലും വേണ്ടിവരില്ല. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ദുരന്തനിവാരണ അഥോറിറ്റി പോലുള്ള സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന് രണ്ടു ക്ലാർക്ക്മാരെ നിയോഗിച്ച് ഒരു ഇൻഫർമേഷൻ സെന്റർ തുടങ്ങിയാൽ മതി. വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കായി ഒരു സർക്കാർ സഹായം പോലുമില്ലാതെ പുനരധിവാസം പൂർത്തിയാക്കുന്നതിന് സഭക്ക് ഒരുമാസം പോലും വേണ്ട. ദുരന്തബാധിതർക്കായി ഒരു ചെറുവിരൽ പോലും അനക്കുവാൻ സഭ തയ്യാറല്ല .

 ഇരുപത്തഞ്ചു കോടിമുതൽ  നൂറ്റിപത്തു കോടിവരെ ചിലവുവരുന്ന പള്ളികളും പരിഷ്ഹാളുകളും നിർമ്മിക്കുന്നതിന് സഭ ഒരുവർഷം പോലും എടുക്കാറില്ല. കഴിഞ്ഞ സുനാമികാലത്ത് ഇടുക്കിക്കടുത്തുള്ള കാഞ്ഞിരപ്പള്ളിയിൽ പോലും സുനാമിയുണ്ടായത്രേ. ദുരന്തത്തിൽപെട്ടവർക്ക് രൂപതവഴി വിദേശസഹായം ഒഴുകിയെത്തിയതു കേട്ട് ലോകം ഞെട്ടിയതാണ്.

ഇതെല്ലാം മെത്രാൻമാരുടെ സ്വന്തമായതിനാലുള്ള ആവേശമണ്. ഒരു പള്ളി പണിയുന്ന കാശുണ്ടെങ്കിൽ മേൽപറഞ്ഞ വിഭാഗങ്ങൾക്ക് കയറിക്കിടക്കുവാൻ ഒരു കൂരയെങ്കിലുമായേനേ. യേശുവിന്റെ പേരിലുള്ള കച്ചവടം കൊഴുക്കുകയാണിവിടെ. അർത്തുങ്കലും കൊല്ലം കുരീപ്പുഴയിലുമൊക്കെ തീർക്കുന്ന പള്ളികൾ എത്രകോടിയുടേതാണ്. യേശുവിനു വിരുദ്ധമായി പ്രവർത്തിക്കുകയും, തങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് തടിച്ചുകൊഴുത്ത് തിമിർത്തുനിൽക്കുന്ന മെത്രാന്മാരുടെയും വൈദികരുടെയും പൊള്ളത്തരങ്ങളും ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ഇവരുടെ കപടമുഖം പൊതുസമൂഹത്തിൽ പിച്ചിച്ചീന്താൻ യേശുവിൽ വിശ്വസിക്കുന്ന പ്രിയപ്പെട്ട വിശ്വാസികൾ തയ്യാറാകണം. യേശുവിനോട് ചേർന്ന് നിന്ന് ജീവിതം ധന്യമാക്കണം . ഞായറാഴ്ചകളിലും തിരുനാളുകളിലും ദൈവത്തിന്റെ പേരിൽ മേത്രാന്മാരുടെ നേർച്ചപ്പെട്ടികളിലേയ്ക്ക് നിങ്ങൾ നിക്ഷേപിക്കുന്ന പണം നിങ്ങൾ തന്നെ സ്വരൂപിച്ച് വച്ചാൽ ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോൾ ആരുടേയും കാൽക്കീഴിൽ ഓശ്ചാനിച്ചുനിൽക്കാതെ നിങ്ങൾക്കുതന്നെ സ്വയം പിടിച്ചുനിൽക്കുന്നതിനുകഴിയും .

ഓഖി ദുരന്തത്തിന്റെ പേരിൽ ജനങ്ങളെ തെരുവിലിറക്കിയും അവരെ കബളിപ്പിച്ചും രാഷ്ട്രീയം കളിക്കുന്ന ലത്തീൻസഭ ജനങ്ങളോട് മാപ്പുപറയുകയും മേൽസൂചിപ്പിച്ച പ്രകാരമുള്ള  പ്രതിരോധ പ്രവർത്തനങ്ങൾ  ഉടൻ നടപ്പാക്കുന്നതിന് നടപടി സ്വീ്കരിക്കണമെന്നും ഓപ്പൺ ചർച്ച് മൂവ്‌മെന്റെ് സഭാ നേതൃത്വത്തോട് ആവശ്യപ്പെടുകയാണ്.


                                                                                                                      റെജി ഞളളാനി

                                                                                                                 സംസ്ഥാന ചെയർമാൻ
                                                                                                             ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്
                                                                                                                                             9447105070.