ജോസഫ് മറ്റപ്പള്ളി ഫോണ്‍: 9495875338
2017 ഡിസംബർ ലക്കം 'സത്യജ്വാല'യിൽനിന്ന്
ഉത്ഭവപാപവുമായി
ബന്ധപ്പെടുത്തിയാണ് മാമ്മോദീസായെ നാം കാണുന്നത്. രണ്ടിനേപ്പറ്റിയും തൃപ്തികരമായ
വിശദീകരണങ്ങള്‍ എല്ലാവര്‍ക്കും കിട്ടിയിരുന്നെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട് ഒരു
ചോദ്യവും ഉണ്ടാവുമായിരുന്നില്ല.
രണ്ടാം
നൂറ്റാണ്ടില്‍ ലിയോണ്‍ മെത്രാനായിരുന്ന ഐറേനിയൂസാണ് വി. പൗലോസിന്റെ 'ഉത്ഭവപാപ'ത്തെ
ലോകത്തിനു പരിചയപ്പെടുത്തിയത്. പൂര്‍ണ്ണനും സ്വതന്ത്രനുമായി ദൈവം മനുഷ്യനെ
സൃഷ്ടിച്ചുവെന്നതിന്റെ ലംഘനമാണ് ഉത്ഭവപാപവാദമെന്നതാണ് ഇതിനെതിരെയുള്ള ഏറ്റവും വലിയ
ആരോപണം. ആദവും ഹവ്വയും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ ഏഴെഴുപത്
തലമുറകളും കടന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജനിക്കുന്ന
ഒരു ശിശുവിനെ ബാധിക്കുന്നതെങ്ങനെ? തിന്നാന്‍ പാടില്ലാത്ത
പഴവുമായി ഒരു മരം സൃഷ്ടിച്ചു പറുദീസായുടെ മദ്ധ്യത്തില്‍ കൊണ്ടുവച്ച്, സംസാരിക്കുന്ന ഒരു സര്‍പ്പത്തെയും ഒരുക്കിനിര്‍ത്തിയ ദൈവമല്ലേ
എല്ലാത്തിനും കാരണക്കാരന്‍? ചോദിക്കുന്നവരുടെ എണ്ണം കൂടുന്നു,
ചോദ്യങ്ങളുടെയും.
മറ്റൊരു സത്യംകൂടി
ഇതിനോടു ചേര്‍ത്തു വായിക്കാതിരിക്കാന്‍ വയ്യ. ആദ്യ മനുഷ്യന്‍ ഇവിടുണ്ടായിട്ട്
പരമാവധി ആറായിരം വര്‍ഷങ്ങള്‍ (ബൈബിള്‍ വംശാവലിയനുസരിച്ച്) എന്നു വിശ്വസിച്ച്
അത്രയും കാലമേയായിട്ടുള്ളൂ മനുഷ്യനിവിടെ ഉണ്ടായിട്ടെന്നു കരുതുന്നതു തെറ്റാണ്, എന്നതാണത്. ഒരു രീതിയിലും
ബന്ധപ്പെടാന്‍ കഴിയാതിരുന്ന കാലത്തും എല്ലാ ഭൂഖണ്ഡങ്ങളിലും മനുഷ്യന്‍
ഉണ്ടായിരുന്നുവെന്നത് സത്യവുമാണ് - ഒരു മാതാപിതാക്കന്മാരില്‍ നിന്നല്ല
അവരെല്ലാമുണ്ടായതും. പുതിയനിയമത്തിനുമുമ്പ് ആരും കേട്ടിട്ടേയില്ലാത്ത ജ്ഞാനസ്‌നാനമെന്ന
പദംകൊണ്ട് യേശു ഉദ്ദേശിച്ചത്, തന്നില്‍ വിശ്വസിക്കുന്നവരുടെ
ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്നല്ലെന്നു സ്പഷ്ടം! ഉത്ഭവപാപം
ഉണ്ടായിരുന്നില്ലെങ്കില്‍ ജ്ഞാനസ്‌നാനവും ആവശ്യമില്ലെന്ന രീതിയിലുള്ള സഭയുടെ
കാഴ്ച്ചപ്പാട് സംഗതി വളരെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.
അമേരിക്കന്‍
സുരക്ഷാസൈന്യത്തില്‍ സജീവസേവനം നടത്തുന്ന 'സ്‌നിഫര്‍ ഡോഗ്'സ് ആറാമിന്ദ്രിയം ഉപയോഗിച്ചാണ്
മണ്ണിനടിയിലും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഇടയിലുമൊക്കെ കുടുങ്ങിപ്പോകുന്ന
മനുഷ്യരെ തിരിച്ചറിയുന്നത്. പൂച്ചകള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ അസാമാന്യ കഴിവ് -
അവയെ ശ്രദ്ധിച്ചാല്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അവ പെരുമാറുന്നതു
കാണാം. ജന്തുലോകവും സസ്യലോകവും ഈ ആറാമിന്ദ്രിയം സമൃദ്ധമായി ഉപയോ
ഗിക്കുന്നു.
മനുഷ്യന്റെ ആറാമിന്ദ്രിയ(ഉള്‍ക്കാഴ്ച്ച)വും വളരെ ശക്തിയേറിയതാണ് എന്ന് പലര്‍ക്കും
അറിഞ്ഞുകൂടാ. അതു പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ ഒരു
മതവിശ്വാസിയായിരിക്കണമെന്നില്ലതാനും. ഇതുമായി ബന്ധപ്പെട്ട ടെലിപ്പതി ശാസ്ത്രീയമായി
തെളിയിക്കപ്പെട്ട കാര്യമാണ്. ഈ ഉള്‍ക്കാഴ്ചയെ, പ്രത്യേകിച്ചും അത്മായസമൂഹവുമായി
ബന്ധപ്പെട്ടുരുവാകുന്നവയെ, കത്തോലിക്കാസഭ എന്നും എതിര്‍ത്തിരുന്നു.
ഇതിന് ഉത്തമോദാഹരണമാണ്, ക്രൈസ്തവസഭയിലെ
ആദ്യദൈവശാസ്ത്രജ്ഞനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒറിഗണ്‍ അഡ്മാന്റിയൂസ് എന്ന
അത്മായന്‍. വിശുദ്ധ പൗലോസിന്റെ പ്രമാണങ്ങളെമാത്രമല്ല ഒറിഗണ്‍ ചോദ്യംചെയ്തത്;
പുനര്‍ജന്മം സംബന്ധിച്ചുള്ള സഭയുടെ നിലപാടിനെയും, പുത്രന്‍ദൈവവും പിതാവുദൈവവും തുല്യരാണെന്നുള്ള സഭയുടെ പഠനങ്ങളെയുമൊക്കെ
അദ്ദേഹം ചോദ്യംചെയ്തു. അദ്ദേഹത്തെ മാര്‍പാപ്പായും സിനഡുകളും അപ്പാടെ
തള്ളിക്കളഞ്ഞുവെങ്കിലും, വളരെ ഉള്‍ക്കാഴ്ചയുള്ള ഒരു
ജ്ഞാനിയായിരുന്നദ്ദേഹം. ആദിമസഭ അനുവര്‍ത്തിച്ചുപോന്ന പല ആചാരങ്ങളുടെയും അര്‍ത്ഥം
അറിയുന്നവരെയാണ് സഭ മത്സരിച്ചു നിശ്ചലരാക്കിക്കൊണ്ടിരുന്നത്. അജ്ഞതയുടെ പിന്തുടര്‍ച്ചക്കാരായതുകൊണ്ടായിരിക്കണം,
പാരമ്പര്യത്തിന്റെ പേരില്‍ കുരിശെന്ന അടയാളം മാറ്റി, പാഷണ്ഡസഭയായ മാനിക്കേയന്‍ മതത്തിന്റെ വകയെന്നു പരക്കെ ആരോപിക്കപ്പെടുന്ന 'മാര്‍ത്തോമ്മാക്കുരിശെ'ന്ന അടയാളം അള്‍ത്താരയില്‍ വരാന്‍ കാരണമായത്. ഈ
കുരിശ് മാര്‍ത്തോമ്മാ കൊത്തിയതാണെന്ന വാദഗതി ഉപേക്ഷിക്കാന്‍ സഭയ്ക്ക്
ഇരുപത്തിയഞ്ചുവര്‍ഷം വേണ്ടിവന്നു. കുരിശിനുപകരം അള്‍ത്താരയുടെ മധ്യത്തില്‍വച്ച്
ആരാധിക്കപ്പെടാനുള്ള യോഗ്യത ഇതിനില്ലെന്നു സമ്മതിക്കാന്‍ സഭയ്ക്ക് അല്പംകൂടി സമയം
വേണ്ടിവരും.
ആകൃതികള്‍ക്ക് വലിയ
അര്‍ത്ഥമുണ്ട്. ജപിച്ചു കെട്ടുകയെന്ന ആചാരംതന്നെ അടയാളങ്ങളുടെയും ആകൃതികളുടെയും
ശക്തിക്കടിവരയിടുന്നു. കുരിശടയാളത്തിന്റെ ശക്തി തെളിയിക്കുന്ന എത്രയോ സംഭവങ്ങള്‍!
ഡ്രാക്കുളക്കഥകളിലെല്ലാം തോക്കല്ലല്ലോ, കുരിശല്ലേ ആയുധം? കുരിശിന്റെ അടയാളസ്ഥാനം മാറ്റി,
യേശുവിനെ കൊല്ലാനുപയോഗിച്ച ഒരുപകരണമായി കണ്ടത് ദര്‍ശനശേഷി
നഷ്ടപ്പെട്ടവരായിരുന്നുവെന്നു പറയാതെ വയ്യ. യേശു മരിച്ചത് കുരിശാകൃതിയിലുള്ള ഒരു
മരത്തിലായിരുന്നില്ല. ഇക്കാര്യത്തില്‍ ഗവേഷകരെല്ലാംതന്നെ യോജിക്കുകയും ചെയ്യുന്നു
(Ref. 'Mysteries of the Bible' Published by Readers Digest).
അയ്യായിരം വര്‍ഷത്തിനുമുമ്പുപോലും
അത്ഭുതങ്ങള്‍ കാണിക്കാനുള്ള വിദ്യ പഠിപ്പിക്കുന്ന രഹസ്യവിദ്യാലയങ്ങള്‍
ഈജിപ്ത്തിലും ടിബറ്റിലുമുണ്ടായിരുന്നുവെന്നതിനു സൂചനകളുണ്ട്. റെയ്കി
സമ്പ്രദായത്തിന്റെ ഉറവിടം അന്വേഷിച്ചുപോയ മൈക്കോ ഉസൂയി എന്ന വൈദികനാണിതു പറയുന്നത്.
അടയാളങ്ങളുപയോഗിച്ചുള്ള വിദ്യകള്‍ അവര്‍ ഉപയോഗിച്ചിരുന്നു. പാപിനിയെ അടുത്തു
കൊണ്ടുവന്ന് ഇവള്‍ക്കെന്തു ശിക്ഷയാണു കൊടുക്കേണ്ടതെന്നു ചോദിച്ചപ്പോള്‍, 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം
കല്ലെറിയട്ടെ'യെന്നു പറഞ്ഞു നിലത്തെന്തോ വരച്ചുകൊണ്ടിരുന്ന
യേശുവിനെ ബൈബിള്‍ കാണിക്കുന്നു. എന്തെങ്കിലും പ്രത്യേകതയില്ലായിരുന്നുവെങ്കില്‍
സുവിശേഷം അതെടുത്തു പറയുമായിരുന്നോ? കുരിശടയാളത്തിന്റെ ശക്തി
മനസ്സിലാക്കിയവര്‍ അതു ശിശുവായ വ്യക്തിയിലും സംരക്ഷണത്തിന്റെ അടയാളമായി ചാര്‍ത്തിക്കൊടുക്കുന്നതിന്റെ
അര്‍ത്ഥം മനസ്സിലാക്കും. അതിനെ ഉത്ഭവപാപവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് എന്റെ
അഭിപ്രായം. പുതിയ നിയമത്തിനുമുമ്പ് ജ്ഞാനസ്‌നാനം എന്ന് കേട്ടിട്ടില്ലെന്നോര്‍ത്തു
വിഷമി
ക്കണ്ട; ഒരുതരത്തിലുള്ള അഭിഷേകമായോ ഒരു
ലയവത്കരണ ശുശ്രൂഷയായോ ഇതിനെ എടുത്താല്‍ മതി. ഭാരതീയകാഴ്ച്ചപ്പാടില്‍, ഒരു ദീക്ഷ! സ്ഥല-കാല പരിമിതികള്‍ക്കപ്പുറത്തേക്കും സഞ്ചരിക്കാന്‍ കെല്‍പ്പുള്ള,
ക്രൈസ്തവരുടെ അടയാളമായി മാറിയ കുരിശിനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്.
'Sin' എന്ന
ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഉത്ഭവപാപത്തിനുള്ള മറുപടിയും കിട്ടിയേക്കാം.
ഷൂട്ടിങ് പരിശീലിക്കുമ്പോള്‍ കുറെയേറെ കറുത്ത വളയങ്ങളും അതിന്റെ നടുവില്‍ ഒരു
കറുത്തപൊട്ടുമായുള്ള 'ടാര്‍ജറ്റ്' കാണാത്തവരാരുമുണ്ടായിരിക്കില്ലല്ലോ.
ഗ്രീസില്‍ അമ്പെയ്ത്തു വിദഗ്ദ്ധന്മാരും പരിശീലനത്തിനിതുപയോഗിച്ചിരുന്നു.
മദ്ധ്യത്തില്‍നിന്ന് എത്രയകലെയാണ് അസ്ത്രം പതിച്ചതെന്നത് അളക്കുന്ന
യൂണിറ്റായിരുന്നു അവര്‍ക്കു 'sin'. അതായത്, മധ്യത്തിലുള്ളതല്ലാത്തതെല്ലാം 'sin'കള്‍! ദൈവമെന്ന
കേന്ദ്രത്തില്‍നിന്നു പുറപ്പെട്ടതെല്ലാം അവിടെ തിരിച്ചെത്താത്തിടത്തോളം കാലം,
വിവിധ അകലങ്ങളിലുള്ള നാമെല്ലാം വ്യത്യസ്ത അളവുകളില്‍ 'sin'ner
മാര്‍. അതുകൊണ്ടുതന്നെ നാമ-രൂപ-ഗുണങ്ങളുള്ള എന്തും 'ഉത്ഭവപാപി'കളും.
ആദ്യമനുഷ്യരുടെ
പ്രതീകംമാത്രമായ ആദത്തിനെയും ഹവ്വയെയും നമ്മുടെ ആരോപണങ്ങളില്‍നിന്നു
മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നു പ്രചാരത്തിലിരിക്കുന്ന അര്‍ത്ഥത്തില്‍
'നാം
പാപികള്‍' എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ വളരെ
ഗുരുതരമായ ഒരു പിശകുണ്ടെന്നതും പറയാതെ വയ്യ. എന്നെക്കൊണ്ട് ചുക്കിനും
ചുണ്ണാമ്പിനും കൊള്ളില്ലെന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ അങ്ങനെയായിത്തീരുമെങ്കില്‍,
'ഞാന്‍ പാപി'യെന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
അങ്ങനെതന്നെ ആയിക്കൂടെന്നില്ലല്ലോ.
No comments:
Post a Comment