Translate

Wednesday, December 20, 2017

കത്തോലിക്കാ പള്ളികൾ നാടകശാലകളോ?



പണ്ട് നാടകത്തില്‍ അഭിനയിച്ചതിന് 

വിശ്വാസിയെ ശിക്ഷിച്ച അരമന കോടതി

ഇന്ന്  കത്തോലിക്കാപള്ളികള്‍ നാടകശാലകളാക്കി മാററുന്നു

പി.സി റോക്കി മൊ: 9961217493

കേരളത്തിലെ ഭൂരിഭാഗം കത്തോലിക്ക പള്ളികളിലും പത്തും ഇരുപതും ലക്ഷം രൂപ വരെ മുടക്കി പള്ളിപ്പരിസരത്തെ പിഡബ്യൂഡി,  എം.സി റോഡുകള്‍ എന്നിവയില്‍ പന്തലിട്ടും, കമാനങ്ങള്‍ സ്ഥാപിച്ചും, കൊടിതോരണങ്ങള്‍ കെട്ടിയും വര്‍ണ്ണ മനോഹരങ്ങളായ വൈദ്യുതാലങ്കാരങ്ങള്‍ കൊണ്ടലങ്കരിച്ചും പള്ളിപ്പെരുന്നാളുകളും, കപ്പേളപെരുന്നാളുകളും അത്യാഡംബരത്തോടെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പള്ളിയുടെ കീഴിലുള്ള ആറും ഏഴും കപ്പേളപ്പള്ളികളിലെ തിരുനാളുകള്‍, കുടുംബവാര്‍ഷികങ്ങള്‍, കുടുംബട്രസ്റ്റ് വാര്‍ഷിക ധൂര്‍ത്തുകള്‍ എന്നിവയും ലക്ഷങ്ങള്‍ മുടക്കി ആഘോഷിക്കുകയാണ്.
            തിരുനാളാഘോഷങ്ങള്‍ക്കും നേര്‍ച്ച സദ്യകള്‍ക്കും സ്‌പോണ്‍സറിംഗ് കലാപരിപാടികള്‍ക്കും വരെ പ്രവാസികളും, പ്രമുഖ വ്യവസായികളും എന്തിനേറെ കേരളത്തിലെ ചില പ്രൈവററ് ബാങ്കുകളും ക്യൂവില്‍ കാത്തുനില്‍ക്കുന്നു. ഓഖി ചുഴലിക്കാററ് ബാധിതര്‍ക്ക് ഇവര്‍ എന്തു സ്‌പോണ്‍സര്‍ ചെയ്തുവെന്ന് വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. പള്ളിപ്പെരുന്നാളുകളില്‍ സ്ഥിരം നാടകം, ഗാനമേള, മിമിക്രി, ഡാന്‍സ് എന്നിങ്ങനെയുള്ള എന്തെങ്കിലും കഷായത്തിലെ മേമ്പൊടി പോലെ ഇല്ലാതിരിക്കില്ല. എന്നാല്‍ ഏകദേശം 89 വര്‍ഷം മുമ്പ് മലയാററൂരിന് എതിര്‍വശത്തുള്ള ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ നാടകത്തില്‍ അഭിനയിച്ചതിന് ഒരു വിശ്വാസിക്ക് വിധിച്ച  അതിപ്രാകൃതമായ  ശിക്ഷ അറിയുന്നത് രസകരമായിരിക്കും.
            1928 ഡിസംബര്‍ മാസത്തില്‍ ചേരാനല്ലൂരില്‍ ഒരു വിശ്വാസിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ കൂടി പങ്കെടുത്ത ഒരു നാടകം അഭിനയിക്കപ്പട്ടിരുന്നു. അത് അന്നത്തെ പള്ളി വികാരി അരമന കച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നാടകത്തിലഭിനയിച്ച വ്യക്തിയെ കുര്‍ബാനയില്‍ കുര്‍ബാന സമയം മുഴുവന്‍ കുരിശു പിടിപ്പിച്ചും ഒരു കുര്‍ബാന കുരിശു പിടിക്കാതെയും കാണണമെന്ന് ശിക്ഷിച്ചിരുന്നു.
            കുരിശ് തലയില്‍ വച്ച് രണ്ടു കൈകൊണ്ടും പിടിച്ച് തലച്ചുമട് ഏററിയിരിക്കുന്നതു പോലെ ഒന്നാകാമായിരുന്നു എന്നു തോന്നുന്നു. നാടകത്തില്‍ അഭിനയിച്ചിരുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ മുന്‍ പള്ളി വികാരിയും അരമന കച്ചേരിയും മുതിരാതിരുന്നതിനെപ്പററി 1920 ലെ ചേരാനല്ലൂര്‍ പള്ളി രേഖകളില്‍ ആലേഖനം ചെയ്തതായി സൂചിപ്പിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് തുല്യ അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ അന്ന് അവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചതിന്  ആഘോഷം നടത്തിയിരുന്നോ ആവോ?. 2017ഡിസംബര്‍ മൂന്നിന് പള്ളി കോമ്പൗണ്ടില്‍ 'മനസ്സാക്ഷിയില്ലാത്ത സാക്ഷി' നാടകം നടത്തുകയുണ്ടായി. 1928നു ശേഷം ഈ പള്ളിയിലും മററനേകം പള്ളികളിലും ഒരുപാടു നാടകങ്ങള്‍ അരങ്ങേറിയിരുന്നു. അന്നൊക്കെ അരമന കച്ചേരി എവിടെയായിരുന്നാവോ?. നാടകത്തില്‍ അഭിനയിച്ചതിന് അന്ന് ശിക്ഷിച്ചവരില്‍ ഉള്‍പ്പെടുന്ന യേശുവിന്റെ ഇപ്പോഴത്തെ ഒരു പിന്‍ഗാമി പള്ളിക്കകത്തു പോലും ''എന്റെ അമ്മേടെ ജിമിക്കിക്കമ്മല്‍'' ഡാന്‍സ് ചെയ്യുന്നത് വാട്ട്‌സാപ്പിലൂടെ നമ്മളില്‍ പലരും കണ്ടിരുന്നു.
            ഇന്ന് കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള നാടകമത്സരം വര്‍ഷംതോറും നടത്തിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ 2016 സെപ്‌ററംബര്‍ 21 ബുധനാഴ്ച എറണാകുളത്തെ പാലാരിവട്ടം പി.ഒ.സി ഓഡിറേറാറിയത്തില്‍ നടന്നിരുന്നു. ശ്രീ ഗുരുവായൂരപ്പന്‍ എന്ന പേരുള്ള നാടകം ബിഷപ്പാണ് തെരഞ്ഞെടുത്തത്.  മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനായിരിക്കണം ഇത്. ഒരു മാപ്പിളപ്പാട്ട് കൂടി ഈ നാടകത്തോട് അനുബന്ധിച്ച് നടത്തിയിരുന്നെങ്കില്‍ ഹിന്ദു, മുസ്ലീം സൗഹാര്‍ദ്ദ അടിത്തറ കൂടുതല്‍ ബലപ്പെട്ടേനെ. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി സെന്റ് ജോര്‍ജ്ജ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സ്ഥിരം നാടകങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇന്നിതൊക്കെ അരങ്ങേറുമ്പോള്‍ പണ്ടത്തെ തെററിന് (1928)  (നാടകത്തിലഭിനയിച്ച് ശിക്ഷിക്കപ്പെട്ട കുടുംബത്തോട്) പള്ളിയധികാരികള്‍ ഖേദം പ്രകടിപ്പിക്കുമോ?    

No comments:

Post a Comment