കത്തോലിക്കാവേദപാഠത്തിന്റെ പ്രാഥമികതത്വങ്ങള്‍ അംഗീകരിക്കുക
സത്യജ്വാല മാസികയുടെ 2017 ഡിസംബർ ലക്കം എഡിറ്റോറിയൽ
കഴിഞ്ഞ ലക്കം
മുഖക്കുറി അവസാനിപ്പിച്ചത് കത്തോലിക്കാസഭയുടെ ആധികാരികവേദപാഠത്തിന്റെ 1730-ാം ഖണ്ഡിക ഉദ്ധരിച്ച് അതു
പ്രായോഗികമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നുവല്ലോ. ആ ഉദ്ധരണി വീണ്ടും
എടുത്തെഴുതട്ടെ: ''...മനുഷ്യന്‍ അവന്റെതന്നെ ആലോചനാശക്തിയുടെ
നിയന്ത്രണത്തിലായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചു. സ്വമേധയാ സ്വന്തം സ്രഷ്ടാവിനെ
അന്വേഷിക്കാനും അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ട് സമ്പൂര്‍ണ്ണവും
സൗഭാഗ്യപൂരിതവുമായ പൂര്‍ണ്ണതയിലേക്കു സ്വതന്ത്രമായി എത്താനും വേണ്ടിയാണത്.''
ഫാ. ഡേവീസ് കാച്ചപ്പിള്ളിയുടെ ലേഖനം (കാണുക, നവം.
ലക്കം: പേജ്, 28) കിട്ടുംവരെ ഇങ്ങനെയൊരു പ്രബോധനം
കത്തോലിക്കാ വേദപാഠത്തിലുണ്ടെന്ന് ഈ ലേഖകന് അറിഞ്ഞുകൂടായിരുന്നു. വേദപാഠത്തിന്റെ +2 കഴിഞ്ഞിറങ്ങുന്ന ഇന്നത്തെ തലമുറയ്ക്കും കത്തോലിക്കാവേദപാഠത്തില്‍ ഇത്തരം
പഠനങ്ങളുള്ളതായി അറിയാമെന്നു തോന്നുന്നില്ല. പള്ളിപ്രസംഗങ്ങളിലും
ധ്യാനപ്രസംഗങ്ങളിലുമൊന്നും ഇങ്ങനെയൊന്നും ഇന്നോളം കേള്‍ക്കുകയുണ്ടായിട്ടുമില്ല.
ഇവിടെ മുഖ്യമായും
രണ്ടു ചോദ്യങ്ങളാണ് ഈ ലേഖകന്റെ മനസ്സിലുയര്‍ന്നത്. ദൈവം മനുഷ്യനു നല്‍കിയ
സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്രമായിരിക്കേണ്ട മനുഷ്യന്റെ
ദൈവാന്വേഷണത്തെക്കുറിച്ചും ഇത്ര കൃത്യമായ ഉദാത്ത കാഴ്ചപ്പാട്
സഭയ്ക്കുണ്ടായിരുന്നിട്ടും, അതെന്തേ പറയ്ക്കടിയിലെ വിളക്കുപോലെ മൂടിവച്ചിരിക്കുന്നു എന്നതായിരുന്നു,
ആദ്യത്തെ ചോദ്യം. രണ്ടാമത്തെ ചോദ്യം, ഏറ്റം
സത്യമായിരിക്കുന്ന ഈ ഉദാര നിലപാടു പുലര്‍ത്തുന്ന സഭ എന്തുകൊണ്ട് സ്വതന്ത്രമായ
ദൈവാന്വേഷണത്തെ തടയുംവിധം ദൈവത്തെക്കുറിച്ച് തങ്ങള്‍ നിര്‍മ്മിച്ചെടുത്ത
സിദ്ധാന്തങ്ങളും വിശ്വാസസംഹിതകളും അതേ വേദപാഠഗ്രന്ഥമുപയോഗിച്ച് മനുഷ്യരില്‍
അടിച്ചേല്‍പ്പിക്കുന്നു എന്നതും. സഭാനവീകരണത്തിനുള്ള മരുന്ന് കത്തോലിക്കാ
വേദപാഠഗ്രന്ഥത്തിലുണ്ടെങ്കില്‍ അതിനി എന്തിനു വേറെ അന്വേഷിക്കണം എന്ന
ചിന്തയുമുണ്ടായി.
സഭാനവീകരണത്തിന്റെ
കാര്യമല്ലേ, അമാന്തം
പാടില്ലല്ലോ! IICS (ഓശാന) ലൈബ്രറിയില്‍ പുസ്തകമുണ്ടോ
എന്നന്വേഷിച്ചു. തുടര്‍ന്ന് അവിടെച്ചെന്ന് 660-ല്‍ ചില്വാനം
പേജുകളുള്ള 'Catechism of the Catholic Church' എന്ന
ബൃഹത്ഗ്രന്ഥം ഏതാനും മണിക്കൂറെടുത്ത് ഓടിച്ചു നോക്കി. വേണ്ടപോലെ പഠിച്ചു എന്നു
പറയാനാവില്ലെങ്കിലും, കത്തോലിക്കാസഭയുടെ ഒരു പൊതുസമീപനം
എന്താണെന്നു മനസ്സിലാക്കാന്‍ ഓടിച്ചുള്ള ആ വായനതന്നെ ധാരാളമായിരുന്നു.
അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും ആവാത്തവിധം അത്രമേല്‍ കൃത്യതയോടും സ്പഷ്ടമായും
ആദ്യം തത്വങ്ങള്‍ പറഞ്ഞുവയ്ക്കുന്നു; പിന്നീട് തങ്ങള്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്ന
സിദ്ധാന്തങ്ങളുടെ 'വെളിച്ച'ത്തില്‍
അവയെയെല്ലാം മറികടക്കുന്നു! യേശുവചനങ്ങളില്‍ത്തുടങ്ങി, ഏതുകാര്യത്തെയും
തങ്ങള്‍ നിര്‍മ്മിച്ച കാനോന്‍നിയമത്തിലെത്തി
ക്കുന്ന അതേ
പുരോഹിതതന്ത്രമാണ് 'കത്തോലിക്കാ
വേദപാഠഗ്രന്ഥ'ത്തിലും ഈ ലേഖകനു കാണാന്‍ കഴിഞ്ഞത്.
തുടക്കത്തില്‍ കൊടുത്തിട്ടുള്ള ഉദ്ധരണിയുടെ അതേ ഔന്നത്യം പുലര്‍ത്തുന്ന മഹത്തായ
ധാരാളം ആശയങ്ങള്‍ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു കാണാം. (ഈ ലേഖനം മുന്നോട്ടു
പോകുന്നതിനനുസരിച്ച്, അവയില്‍ ചിലത് സ്വയം തര്‍ജ്ജമ ചെയ്ത്
ഇതില്‍ ചേര്‍ക്കുന്നുണ്ട്.)
ആമുഖ (prologue)ത്തില്‍, 'മനുഷ്യജീവിതം, ദൈവത്തെ അറിയാനും സ്‌നേഹിക്കാനും'
എന്ന ആദ്യ ഉപശീര്‍ഷകത്തിനു താഴെത്തുടങ്ങുന്ന ഗ്രന്ഥത്തിന്റെ
ആദ്യഖണ്ഡികതന്നെ എത്ര ഉദാത്തമായ ആശയമാണുള്‍ക്കൊണ്ടിരിക്കുന്നതെന്നു നോക്കുക: ''അനന്തസമ്പൂര്‍ണ്ണനും തന്നില്‍ത്തന്നെ അനുഗൃഹീതനുമായ ദൈവം തന്റെ തികഞ്ഞ
നന്മയിലും സ്വാതന്ത്ര്യത്തിലും, സ്വയം അനുഗൃഹീതമായ തന്റെ
ജീവിതത്തില്‍ പങ്കാളിയാക്കുന്നതിനായി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താല്‍, എല്ലാ സമയത്തും എല്ലാ സ്ഥലത്തും ദൈവം മനുഷ്യനിലേക്ക് തന്നെ
അടുപ്പിക്കുന്നു (draws close to man). തന്നെ
അന്വേഷിക്കുന്നതിനും തന്നെ അറിയുന്നതിനും തന്നെ സ്‌നേഹിക്കുന്നതിനുമായി ദൈവം തന്റെ
മുഴുവന്‍ ശക്തിയോടുംകൂടി മനുഷ്യനെ വിളിച്ചുകൊണ്ടിരിക്കുന്നു'' (1-ാം ഖണ്ഡിക). സര്‍വ്വശക്തനായ ദൈവം തന്റെ സര്‍വ്വശക്തിയോടുംകൂടി
വിളിച്ചിട്ടും അതു കേള്‍ക്കാതിരിക്കാന്‍മാത്രം ബധിരത ആ ദൈവത്തിന്റെതന്നെ സൃഷ്ടിയായ
മനുഷ്യനെങ്ങനെയുണ്ടായി എന്നൊരു ചോദ്യം ഇതു വായിക്കുന്നവര്‍ക്കു തോന്നാനിടയുണ്ട്
എന്ന ന്യൂനത അവഗണിച്ചാല്‍, മനുഷ്യനിലെ ദൈവികതയും അവന്റെ
മഹോന്നതസ്ഥാനവും സ്ഥാപിക്കുന്ന ഈ കത്തോലിക്കാദര്‍ശനം വളരെ ഉദാത്തമാണെന്നു
സമ്മതിക്കാതെ വയ്യ.
ആമുഖം
അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെ: ''മുഴുവന്‍ സിദ്ധാന്ത (doctrine)വും അതിന്റെ
പഠിപ്പിക്കലുകളും ശ്രദ്ധയൂന്നേണ്ടത്, ഒരിക്കലും
അവസാനിക്കാത്ത ആ സ്‌നേഹത്തിലേക്കു നയിക്കുക എന്നതിലായിരിക്കണം. വിശ്വാസത്തിലേക്കോ
പ്രത്യാശയിലേക്കോ പ്രവൃത്തിയിലേക്കോ കൊണ്ടുവരുന്നതിനായി എന്തുതന്നെ നിര്‍ദ്ദേശിക്കപ്പെട്ടാലും,
പൂര്‍ണ്ണമായ ക്രൈസ്തവധര്‍മ്മം സ്‌നേഹത്തില്‍നിന്നുത്ഭവിക്കുന്നതാണെന്നും
സ്‌നേഹത്തിലെത്തുക എന്നതിനപ്പുറം മറ്റൊരുദ്ദേശ്യവും അതിലൊന്നുമില്ലെന്നും ആര്‍ക്കും
ബോധ്യപ്പെടാന്‍ കഴിയുംവിധം നമ്മുടെ കര്‍ത്താവിന്റെ സ്‌നേഹം എല്ലായ്‌പ്പോഴും
അഭിഗമ്യമാക്കി(made accessible)യിരിക്കണം'' (25-ാം ഖണ്ഡിക). സഭയുടെ
അതിരുകടന്നുപോയേക്കാവുന്ന സിദ്ധാന്തവത്ക്കരണപ്രവണതയ്‌ക്കെതിരായ ഒരു
സ്വയംതാക്കീതെന്ന നിലയില്‍ ഈ പ്രബോധനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ഒന്നാമദ്ധ്യായം
ആദ്യഖണ്ഡിക ഇങ്ങനെ പറയുന്നു: ''ദൈവത്തിനുവേണ്ടിയുള്ള അഭിലാഷം മനുഷ്യഹൃദയത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ദൈവത്താലും ദൈവത്തിനുവേണ്ടിയുമാണ്
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്, മനുഷ്യനെ
തന്നിലേക്കു വലിച്ചടുപ്പിക്കുന്നതില്‍നിന്ന് (to draw man to himself) ദൈവം ഒരിക്കലും വിരമിക്കുകയുമില്ല. മനുഷ്യന്‍ അവിരാമം അന്വേഷിക്കുന്ന
സത്യവും സന്തോഷവും ദൈവത്തില്‍മാത്രമേ കണ്ടെത്തുകയുള്ളു'' (27-ാം ഖണ്ഡിക). ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ചും
മനുഷ്യനിലെ അസ്തിത്വസംബന്ധിയായ അന്വേഷണവ്യഗ്രതയെക്കുറിച്ചും വ്യക്തതനല്‍കുന്ന
മറ്റൊരു ഉദ്ധരണി ഇതാ: ''സത്യത്തോടും സൗന്ദര്യത്തോടുമുള്ള
തുറന്ന മനോഭാവത്തോടുകൂടിയും തന്നിലെ ധാര്‍മ്മികനന്മയെക്കുറിച്ചും തന്റെ
സ്വാതന്ത്ര്യത്തെക്കുറിച്ചും തന്റെ മനഃസാക്ഷിയുടെ സ്വരത്തെക്കുറിച്ചുമുള്ള
ധാരണയോടുകൂടിയും, അനന്തമായ സത്യത്തെയും തന്റെ സന്തോഷത്തെയും
പ്രാപിക്കാനുള്ള അഭിനിവേശത്തോടുകൂടിയും, മനുഷ്യന്‍
ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ തന്നോടുതന്നെ ചോദിക്കുന്നു.
ഇതിലെല്ലാം പ്രത്യക്ഷീഭവിക്കുന്നത് അവന്റെ ആന്തരികതയിലുള്ള ആത്മാവിനെസംബന്ധിച്ച
സൂചനകളാണ്...'' (33-ാം ഖണ്ഡിക).
'കത്തോലിക്കാ
വേദപാഠഗ്രന്ഥം' മനുഷ്യന്റെ യുക്തിബോധത്തെ
നിഷേധാത്മകമായിട്ടല്ല കാണുന്നത് എന്നു തെളിയിക്കുന്ന ഒന്നുരണ്ടു പ്രസ്താവനകളിതാ: ''...
ദൈവാസ്തിത്വംസംബന്ധിച്ച തെളിവുകള്‍ ഒരുവന്റെ മനസ്സിനെ
വിശ്വാസത്തിനനുകൂലമാക്കുകയും വിശ്വാസം യുക്തിക്കു വിരുദ്ധമല്ലെന്നു ബോധ്യപ്പെടാന്‍
അവനെ സഹായിക്കുകയും ചെയ്യുന്നു''; ''നമ്മുടെ തിരുസഭാമാതാവ്
ഉറപ്പിച്ചു പറയുന്നതും പഠിപ്പിക്കുന്നതും, ആദിതത്വവും
എല്ലാറ്റിന്റെയും അവസാനവുമായ ദൈവത്തെ മനുഷ്യന്റെ സ്വാഭാവിക യുക്തിയുടെ
വെളിച്ചത്തില്‍, ഈ സൃഷ്ടലോകത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ,
സുനിശ്ചിതമായി അറിയാന്‍ കഴിയും എന്നാണ്...'' (36-ാം ഖണ്ഡിക).
മനുഷ്യനില്‍ അന്തര്‍ഹിതമായിട്ടുള്ള
ദൈവാ(സത്യാ)ന്വേഷണത്വരയെയും മനുഷ്യന്റെ യുക്തിബോധത്തെയും സ്വതന്ത്രചിന്തയെയും വളരെ
പോസിറ്റീവായി കാണുകയും അംഗീകരിക്കുകയുംചെയ്യുന്ന സഭയുടെ ഈ അത്യുദാത്ത
താത്വികനിലപാടുകള്‍ ഏതൊരു കത്തോലിക്കാവിശ്വാസിയെയും അഭിമാനംകൊള്ളിക്കാന്‍
പോന്നതാണ്. എന്നാല്‍, ഈ
അഭിമാനത്തിന് അല്പായുസ്സ്മാത്രമേയുള്ളൂ എന്ന് തൊട്ടടുത്ത ഖണ്ഡികമുതല്‍ നമുക്കു
മനസ്സിലായിത്തുടങ്ങുകയായി.
37-ാം ഖണ്ഡിക
നോക്കുക: ''എന്നിരുന്നാലും, താന്‍
ആയിരിക്കുന്ന ചരിത്രപരമായ അവസ്ഥകളില്‍ മനുഷ്യന്‍ സ്വയം മനസ്സിലാക്കുന്നത്, യുക്തിയുടെമാത്രം വെളിച്ചത്തില്‍ ദൈവത്തെ അറിയാന്‍ അവന് വളരെയേറെ
ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു എന്നാണ്.
കൃത്യമായി പറഞ്ഞാല്‍, തന്റെ കൃപാകടാക്ഷത്താല്‍ ഈ ലോകത്തെ
നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഏകവ്യക്തിദൈവത്തെ(the one personal God)ക്കുറിച്ച്, തന്റെ സഹജനിയമങ്ങള്‍ മനുഷ്യഹൃദയത്തില്‍
ആലേഖനംചെയ്ത സൃഷ്ടികര്‍ത്താവിനെക്കുറിച്ച്, സത്യവും
സുനിശ്ചിതവുമായ അറിവിലെത്താനുള്ള തികഞ്ഞ കഴിവ് മനുഷ്യയുക്തിക്ക്, അതിന്റെതന്നെ സ്വാഭാവികശക്തിയാലും വെളിച്ചത്താലുമുണ്ട്. എന്നിരുന്നാലും,
യുക്തിബോധമെന്ന മനുഷ്യന്റെ ജന്മനാലുള്ള ഈ സിദ്ധിയെ ഫലപ്രദമായും
ഫലസമൃദ്ധിയോടുകൂടിയും വിനിയോഗിക്കുന്നതിനു വിഘാതമായി പല തടസ്സങ്ങളും
നിലനില്ക്കുന്നു. കാരണം, ദൈവവും മനുഷ്യനും തമ്മിലുള്ള
ബന്ധങ്ങള്‍ സംബന്ധിച്ച സത്യങ്ങള്‍ കാണാവുന്നതരത്തിലുള്ള കാര്യങ്ങള്‍ക്കെല്ലാം
അതീതമാണ്. അവയെ മനുഷ്യന്റെ പ്രവൃത്തിയിലേക്കു രൂപാന്തരപ്പെടുത്തുകയും അതിനു
വശംഗതനാകുകയും ചെയ്യുന്നപക്ഷം അവ ആത്മസമര്‍പ്പണവും സ്വയം നിഷേധവും ആവശ്യപ്പെടും.
തന്മൂലം, അത്തരം സത്യങ്ങള്‍ പ്രാപിക്കുന്നതിനു വിഘാതമായി
മനുഷ്യമനസ്സ് നിലകൊള്ളുന്നു. ഇത് ഇന്ദ്രിയങ്ങളും കല്പനാശക്തിയും
മനുഷ്യമനസ്സിനേല്പിക്കുന്ന ആഘാതംകൊണ്ടുമാത്രമല്ല, ഉത്ഭവപാപ(original
sin)ത്തിന്റെ ഫലമായി മനുഷ്യനില്‍ സംഭവിച്ച താത്പര്യങ്ങളി(appetites)ലെ ക്രമംതെറ്റലുകള്‍ കൊണ്ടുംകൂടിയാണ്.''
അങ്ങനെ സഭയുടെ ദാര്‍ശനികമായ
ഉള്‍ക്കാഴ്ച വ്യക്തമാക്കിക്കൊണ്ട് മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ദൈവാന്വേഷണത്വരയെ
സംബന്ധിച്ചും, തന്റെ
അസ്തിവാരമായ ദൈവത്തെ കണ്ടെത്താനുള്ള അവന്റെ ജന്മസിദ്ധമായ ധിഷണാശേഷിയെക്കുറിച്ചുമെല്ലാമുള്ള
അടിസ്ഥാനതത്വങ്ങള്‍ തികഞ്ഞ പ്രാഗല്ഭ്യത്തോടെ അവതരിപ്പിച്ച അതേ പുരോഹിതകരങ്ങള്‍തന്നെ,
'ഉത്ഭവപാപ'മെന്ന തങ്ങളുടെ സിദ്ധാന്തത്തിലൂടെ
അതിനെയെല്ലാം അട്ടിമറിക്കുകയാണ്, 'കത്തോലിക്കാവേദപാഠ'ഗ്രന്ഥത്തിലൂടെ!
അതില്‍ തുടര്‍ന്നിങ്ങനെ
പറയുന്നു: ''ദൈവത്തെ
അറിയുന്നതിനുള്ള മനുഷ്യന്റെ കഴിവിനെ സംരക്ഷിക്കുന്നതിന്, അവിടുത്തെക്കുറിച്ച്
എല്ലാവരോടും എല്ലാവര്‍ക്കുമൊപ്പവും പറയുന്നതില്‍ക്കൂടിയും ഇതരമതങ്ങളുമായും
തത്വശാസ്ത്രവും ശാസ്ത്രവുമായും ഒപ്പം അവിശ്വാസികളും നിരീശ്വരരുമായും ആശയസംവാദം
നടത്തുന്നതില്‍ക്കൂടിയും സഭ അവളുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്''
(39-ാം ഖണ്ഡിക). ഇപ്രകാരം, മനുഷ്യനെയും
ദൈവത്തെ അറിയാന്‍ കഴിവുള്ള അവന്റെ സവിശേഷബുദ്ധിയെയും സൂത്രത്തില്‍ തള്ളിമാറ്റി,
മനുഷ്യന്റെ ആ കഴിവു സംരക്ഷിക്കാനെന്ന വ്യാജേന, ആ ഇടത്തേക്കു രംഗപ്രവേശംചെയ്യുകയാണ് സഭ എന്ന പുരോഹിതസ്ഥാപനം. തുടര്‍ന്നങ്ങോട്ട്, സഭാസിദ്ധാന്തങ്ങളും
വചനവ്യാഖ്യാനങ്ങളും ഒന്നൊന്നായി അവതരിപ്പിച്ച് മനുഷ്യന്റെ വിശേഷബുദ്ധിയെ, മാര്‍പാപ്പയും മെത്രാന്മാരുമടങ്ങുന്ന ഒരു 'ആധികാരികസംഘ'
(majisterium)ത്തിന്റെ കീഴിലാക്കുന്നു! ഇവിടെ ആരിലും ഉയര്‍ന്നേക്കാവുന്ന
ഒരു ചോദ്യമുണ്ട്-ഈ 'മജിസ്റ്റീരിയ'ത്തിലുള്ളവര്‍ക്കും
ഉത്ഭവപാപജന്യമായ 'താത്പര്യങ്ങളിലെ ക്രമംതെറ്റലു'കളുടെ പരിമിതിയുണ്ടാവില്ലേ എന്ന ചോദ്യം. ''നിങ്ങളെ
കേള്‍ക്കുന്നവന്‍ എന്നെ കേള്‍ക്കുന്നു'' (ലൂക്കോ. 10:16)
എന്ന യേശുവചനത്തെപ്പിടിച്ചാണ് 'കത്തോലിക്കാവേദപാഠം'
ആ ചോദ്യത്തെ മറികടന്നിരിക്കുന്നത്! അങ്ങനെ, ദൈവത്തെ
അന്വേഷിക്കാനും കണ്ടെത്താനും മനുഷ്യനു കഴിവും കടമയുമുണ്ടെന്നു പ്രബോധിപ്പിച്ച അതേ
വേദപാഠം, ദൈവികാധികാരം അവകാശപ്പെടുന്ന ഒരു 'മജിസ്റ്റീരിയ'ത്തെ സൃഷ്ടിച്ച് മനുഷ്യനെ ആ
അന്വേഷണത്തില്‍നിന്നു വിലക്കുകയാണ്; ഒപ്പം, ആ 'മജിസ്റ്റീരിയം' പിന്തുടരുന്നതും
നിര്‍മ്മിക്കുന്നതുമായ സിദ്ധാന്തങ്ങള്‍ മനുഷ്യനില്‍ അടിച്ചേല്പിക്കുകയുമാണ്.
'കത്തോലിക്കാ
വേദപാഠ'ത്തിന്റെ 3-ാം ഭാഗം 3-ാം അദ്ധ്യായം 'മനുഷ്യന്റെ സ്വാതന്ത്ര്യ'ത്തെക്കുറിച്ചും, 6-ാം അദ്ധ്യായം 'ധാര്‍മ്മിക മനഃസാക്ഷി'യെക്കുറിച്ചുമുള്ളതാണ്. (ഈ രണ്ട്
അദ്ധ്യായങ്ങളിലെയും പ്രസക്തഭാഗങ്ങള്‍ കഴിഞ്ഞ ലക്കം 'സത്യജ്വാല'യിലെ ഫാ. ഡേവീസ് കാച്ചപ്പിള്ളി CMIയുടെ ലേഖനത്തില്‍-പേജ്,
28- കൊടുത്തിട്ടുള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ദയവായി
അതുകൂടി വായിച്ചിട്ടുവേണം ഇതിനി തുടര്‍ന്നു വായിക്കാന്‍ എന്നഭ്യര്‍ത്ഥിക്കുന്നു-എഡിറ്റര്‍)
ഏതു വിധത്തിലാണോ 'കത്തോലിക്കാവേദപാഠം' ആദ്യം ഉയര്‍ത്തിക്കാട്ടിയ സഭയുടെ പ്രാഥമികതത്വങ്ങളെ സ്വയം തള്ളിക്കളഞ്ഞ്
സഭയില്‍ പുരോഹിതസിദ്ധാന്തങ്ങളെ പ്രതിഷ്ഠിച്ചത്, അതേ
വിധത്തില്‍ത്തന്നെയാണ് 1730, 1731, 1738 എന്നീ ഖണ്ഡികകളില്‍
മനുഷ്യന്റെ ദൈവദത്തമായ സ്വാതന്ത്ര്യത്തെ ശരിയായി നിര്‍വ്വചിച്ചതിനുശേഷം,
1739-ാം ഖണ്ഡികയിലെ, ''മനുഷ്യന്റെ
സ്വാതന്ത്ര്യം പരിമിതവും തെറ്റുപറ്റാവുന്നതുമാണ്'' (man's freedom is
limited and fallible) എന്നുതുടങ്ങുന്ന ഭാഗംമുതല്‍, ആ സ്വാതന്ത്ര്യത്തെ സഭാ'മജിസ്റ്റീരിയ'ത്തിന്റെ കീഴിലാക്കിയിരിക്കുന്നത്. ഇതുപോലെതന്നെ, 'ധാര്‍മ്മികമനഃസാക്ഷി'
(Moral conscience)യെപ്പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് 1776,
1778, 1782 എന്നീ ഖണ്ഡികകളിലൂടെ കൃത്യവും യുക്തിഭദ്രവുമായി
അവതരിപ്പിച്ചതിനുശേഷം, ''...തങ്ങളുടെ സ്വന്തം വിധിത്തീര്‍പ്പുകളെ
സ്വീകരിക്കാനും ആധികാരികപ്രബോധനങ്ങളെ നിരാകരിക്കാനും പ്രേരിതരാകുന്ന, നിഷേധാത്മകസ്വാധീനങ്ങള്‍ക്കു വിധേയപ്പെട്ടവര്‍ക്കും പാപത്തിന്റെ
പ്രലോഭനത്തില്‍പ്പെട്ടവര്‍ക്കും മനഃസാക്ഷിവിദ്യാഭ്യാസം (education of
conscience) നല്‍കേണ്ടത് അനിവാര്യമാണ്'' (1783-ാം ഖണ്ഡിക) എന്നു പ്രസ്താവിച്ച്, മനുഷ്യന്റെ
മനഃസാക്ഷിസ്വാതന്ത്ര്യത്തെയും സഭാമജിസ്റ്റീരിയത്തിനു കീഴിലാക്കുകയാണ്, 'കത്തോലിക്കാ വേദപാഠം'!
'ദൈവശാസ്ത്ര
സംഗ്രഹം' (Summa Theologia) എന്ന അഞ്ചു തടിയന്‍
പുസ്തകങ്ങളുടെ മൂന്നു വാല്യങ്ങളെഴുതിയ തോമസ് അക്വീനാസ്തന്നെ, അതെല്ലാം വെറും വൈക്കോലായിരുന്നുവെന്ന് പിന്നീട്
പ്രസ്താവിക്കുകയുണ്ടായല്ലോ. അതുപോലെ,
അതിബൃഹത്തായ ഈ വേദപാഠഗ്രന്ഥത്തിന്റെ ബാക്കി ഭാഗങ്ങള്‍
ഒന്നോടിച്ചുനോക്കിയ ഈ ലേഖകനും അതെല്ലാം സിദ്ധാന്തവല്‍ക്കരണത്തിലുള്ള
പുരോഹിതവിരുതുമാത്രം തെളിയിക്കുന്ന വെറും വൈക്കോല്‍ക്കെട്ടുകളായി മാത്രമാണ്
അനുഭവപ്പെട്ടതെന്നു പറയട്ടെ. ഇതിലുദ്ധരിച്ചിട്ടുള്ള 25-ാം
ഖണ്ഡികയിലെ സ്വയംതാക്കീതിനെപ്പോലും കാറ്റില്‍ പറത്തിക്കൊണ്ട്, യേശുവിന്റെ സ്‌നേഹത്തെ അനഭിഗമ്യമാക്കിയിരിക്കുകയാണ്, ഇതിലുയര്‍ത്തിക്കെട്ടിയിരിക്കുന്ന 'സഭാമജിസ്റ്റീരിയ'ത്തിന്റെ വന്‍മതില്‍. യേശു കനപ്പെട്ട കാര്യങ്ങളായി പഠിപ്പിച്ച നീതി, കരുണ, വിശ്വാസം
മുതലായ കാര്യങ്ങളെയും അതു സംബന്ധിച്ച താത്വികദര്‍ശനങ്ങളെയും ഈ ആധികാരിക
ഗ്രന്ഥത്തില്‍ തപ്പിപ്പരതിയാല്‍ കഷ്ടിച്ച് എട്ടോ പത്തോ പേജുകള്‍ മാത്രമേ വരൂ.
ബാക്കി 650-ലേറെ പേജുകളില്‍ അതിനെയെല്ലാം മറികടക്കാനുള്ള
ചപ്പുചവറുവിതണ്ഡവാദങ്ങള്‍ നിരത്തിയിരിക്കുകയാണ്!
പക്ഷേ, വിശ്വാസികളുടെ കൂട്ടായ്മയായ യഥാര്‍ത്ഥ
സഭയെ സംബന്ധിച്ച്, ആ 8-10 പേജുകള്‍
വളരെ പ്രധാനപ്പെട്ടതാണ് എന്നു പറയാതെവയ്യ. കാരണം, സഭയുടെ
പ്രാഥമികവും പ്രാമാണികവുമായ തത്വദര്‍ശനങ്ങളാണ് അവിടവിടെയായി ഈ പേജുകളിലുള്ളത്. അവ
വചനാധിഷ്ഠിതവുമാണ്. അതിന്റെ ഉജ്ജ്വലപ്രകാശത്തിന്, സിദ്ധാന്തങ്ങള്‍
പടര്‍ത്തിയിരിക്കുന്ന കൂരിരുട്ടിനെ അപ്രത്യക്ഷമാക്കാനുള്ള, അവയെയെല്ലാം
അസാധു(nullify)വാക്കാനുള്ള തെളിച്ചവും കരുത്തുമുണ്ട്.
സത്യത്തില്‍, ഇന്നത്തെ കത്തോലിക്കാസഭയെ യഥാര്‍ത്ഥ
ക്രൈസ്തവസഭയാക്കിമാറ്റാന്‍ അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അര്‍ഹിക്കുന്ന
ഗൗരവത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്താല്‍ മാത്രംമതിയാകും. അതിനു
തയ്യാറാകണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കാന്‍ ചിന്തിക്കുന്ന സഭാപൗരന്മാര്‍
തയ്യാറാകേണ്ടിയിരിക്കുന്നു. കാരണം, സ്വന്തം അസ്തിത്വത്തിനും
വ്യക്തിത്വത്തിനും അടിസ്ഥാനമാകേണ്ട തനതുവിശ്വാസം കരുപ്പിടിപ്പിക്കാന്‍ മനുഷ്യനു
ജന്മാവകാശമായി സിദ്ധിച്ചിരിക്കുന്ന അവന്റെ വിശേഷബുദ്ധിയെ സ്വതന്ത്രമാക്കുകയും
ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സഭയുടെ സുപ്രധാനദര്‍ശനങ്ങളാണവ. സിദ്ധാന്തങ്ങളുടെ
പറയ്ക്കടിയില്‍നിന്ന് അവയെ പുറത്തെടുത്തേപറ്റൂ. ഇത് മനുഷ്യന്റെ അസ്തിവാരത്തിന്റെ
പ്രശ്‌നമായതിനാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇവിടെ പ്രസക്തിയില്ലതന്നെ.
നമ്മുടെ
സഭാമേലദ്ധ്യക്ഷന്മാര്‍ക്കും പണ്ഡിതന്മാരായി അറിയപ്പെടുന്ന പുരോഹിതശ്രേഷ്ഠര്‍ക്കും
ബൗദ്ധികമായ സത്യസന്ധതയുണ്ടായിരുന്നെങ്കില്‍, അവര്‍ ഒന്നുകില്‍ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കുകയും, അല്ലെങ്കില്‍ കാര്യ-കാരണങ്ങള്‍ യുക്തിസഹമായി വിശദമാക്കി നിരാകരിക്കുകയും
ചെയ്യുമായിരുന്നു. ബുദ്ധിയും സത്യസന്ധതയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളായിരിക്കേ,
പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചഇവര്‍ക്കെങ്ങനെ അതില്ലാതെവരും?
-ജോർജ് മൂലേച്ചാലിൽ,
മൊബൈൽ നമ്പർ: 9497088904, എഡിറ്റര്‍
No comments:
Post a Comment