Translate

Thursday, August 26, 2021

പാലാ രൂപതയുടെ പ്രസവ ഓഫര്‍!

ആന്റോ മാങ്കൂട്ടം (ട്രഷറര്‍, KCRM) ഫോണ്‍: 9447136392

(ആഗസ്റ്റ് - സെപ്തംബർ ലക്കം 'സത്യജ്വാല' -യിൽ നിന്ന്) 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 1- ഞായറാഴ്ച, പാലാ രൂപതയുടെ പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ മലയാളികളെ ആകെ അമ്പരിപ്പിച്ചിരിക്കുകയാണ്. 5 കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് മാസംതോറും 1500 രൂപ ധനസഹായം; നാലാമത്തെ കുട്ടിക്ക് ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍; നാലാമത്തെ പ്രസവം മുതല്‍ മള്‍ട്ടിസ്റ്റാര്‍ സൗകര്യമുള്ള ചേര്‍പ്പുങ്കല്‍ ആശുപത്രിയില്‍ സുഖകരമായ പ്രസവശുശ്രൂഷ! എന്താ, പോരേ?

അല്ല, കല്ലറങ്ങാട്ട് മെത്രാനേ, താങ്കള്‍ ഏതു ലോകത്തില്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? നിങ്ങളുടെ ഈ പ്രസവഓഫര്‍ എത്രമാത്രം അവജ്ഞയോടെയാണ് കേരളസമൂഹം ചര്‍ച്ചചെയ്തതെന്ന് ഇതിനകം സോഷ്യല്‍ മീഡിയാവഴി കണ്ടുകാണുമല്ലോ. നിങ്ങള്‍ക്കും നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണോ ഉള്ളത്. 5 മക്കളില്‍ക്കൂടുതലുള്ള കുടുംബങ്ങള്‍ക്ക് മാസംതോറും 1500 ഉലുവ തരുമത്രേ! താങ്കള്‍ വസിക്കുന്ന അരമനയുള്‍പ്പെടെ രൂപതാവക സകലതിന്റെയും ഉടമകളും താങ്കളെ തീറ്റിപ്പോറ്റുന്നവരുമായ ഞങ്ങളോട്, ഒരു രാജാവിനെപ്പോലെ ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്കു നാണമില്ലേ?
 
നിങ്ങള്‍ പറയുന്നതുവച്ച് ആറ് കുട്ടികളുള്ള ഒരു വീട്ടില്‍ അവരെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും മാതാപിതാക്കള്‍ക്കുപുറമേ ഗ്രാന്റ്‌പേരന്റ്‌സ്‌കൂടി ഉണ്ടായേ പറ്റൂ. അപ്പോള്‍ ആകെ 2+2+6= 10 അംഗങ്ങള്‍! ഇനി വല്യപ്പച്ചനമ്മമാര്‍ ഇല്ലെങ്കില്‍, കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ഒരാളിനെ ജോലിക്കുവയ്‌ക്കേണ്ടിവരില്ലേ? അപ്പോള്‍ കുറഞ്ഞത് 15000 രൂപയെങ്കിലും ശമ്പളം കൊടുക്കേണ്ടിവരും. എന്തിനേറെ, ഈ കുഞ്ഞുങ്ങളുടെ വിസര്‍ജ്യം വൃത്തിയാക്കുവാനാവശ്യമായ ഡയഫര്‍ വാങ്ങിക്കുവാന്‍തന്നെ തുക എത്രയാകുമെന്നറിയാമോ മെത്രാന്‍വൈദികസംഘമേ?

സാധാരണ വിശ്വാസികളായ ഞങ്ങളെപ്പറ്റി നിങ്ങള്‍ ഒരു നിമിഷമെങ്കിലും ചിന്തിച്ചുവോ? കോവിഡ് മഹാമാരി ലോകത്തെ നടുക്കി കടന്നുവന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇക്കാലഘട്ടത്തില്‍ ഞങ്ങള്‍, വിശ്വാസികള്‍ എങ്ങനെയാണ് ജീവിച്ചുപോന്നത് എന്ന കാര്യം നിങ്ങള്‍ സഭാപിതാക്കന്മാര്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്രയോ ആളുകള്‍, കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു! എത്ര പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങി? എത്രയോ രോഗികള്‍ ചികിത്സ മുടങ്ങി മരണപ്പെട്ടു. പട്ടിണിമൂലവും ചികിത്സ ലഭിക്കാതെയും, ഒരിറ്റു സ്‌നേഹം, കരുതല്‍, കാരുണ്യം, തലോടല്‍, സ്‌നേഹസ്പര്‍ശം എന്നിവ ലഭിക്കാതെയും പതിനായിരങ്ങള്‍ മരിച്ചില്ലേ? ഇവരുടെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ പക്കലേക്ക് നിങ്ങളില്‍ എത്രപേര്‍ കടന്നുചെന്നു? ലക്ഷങ്ങളും കോടികളും നീക്കിയിരിപ്പുള്ള പള്ളികളിലും അരമനകളിലും നിങ്ങള്‍ സുഖലോലുപതയില്‍ ആഞ്ഞമര്‍ന്നിരുന്ന് രസിച്ചുകളിച്ച് സുഖിച്ചുമദിച്ചപ്പോള്‍, ഈ പാവപ്പെട്ട വിശ്വാസിസമൂഹത്തെപ്പറ്റി നിങ്ങള്‍ ഒട്ടും ചിന്തിച്ചില്ല. അടിമവിശ്വാസികളുടെ എണ്ണം കുറയുന്നതുകണ്ടപ്പോള്‍ വിശ്വാസികളുടെ അംഗസംഖ്യകൂട്ടുവാന്‍ പുതിയ പ്രസവമത്സര പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണല്ലേ? ഇല്ല മെത്രാന്മാരേ, നിങ്ങളുടെ പ്രസവസഹായമത്സരത്തില്‍ ഒരൊറ്റ പെണ്‍കുട്ടിപോലും പങ്കെടുക്കില്ല, തീര്‍ച്ച.
  
അഞ്ചും ആറും പ്രസവിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ ഈ നാട്ടിലെ പെണ്‍കുട്ടികളുടെ ആരോഗ്യനിലയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചോ? ഇവിടുത്തെ പെണ്‍കുട്ടികളെന്താ പ്രസവയന്ത്രമാണോ? ഈ പെണ്‍കുട്ടികളുടെ മാനസികനിലയെപ്പറ്റി ഒരു നിമിഷം നിങ്ങള്‍ ചിന്തിച്ചോ? 'ഇടു കുടുക്കേ ചോറും കറിയും' എന്നു പറയുന്ന അമ്മൂമ്മക്കഥയിലെ നായികമാരാണോ ഞങ്ങളുടെ ഭാര്യമാരും മക്കളും സഹോദരികളുമായ സ്ത്രീസമൂഹം. ഇത് സ്ത്രീത്വത്തെ അപമാനിക്കലല്ലേ. പാലാ മെത്രാന്‍ ഇറക്കിയ ഈ സര്‍ക്കുലര്‍ പിന്‍വലിച്ച് ഇവിടുത്തെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച സ്ത്രീസമൂഹത്തോട്, മാപ്പു പറയണമെന്നാണ് ഈയുള്ളവന്റെ പക്ഷം. KCBC യും ഈ സര്‍ക്കുലറിന് സപ്പോര്‍ട്ട് ചെയ്തതായാണ് വാര്‍ത്തകള്‍ വരുന്നത്. ഉളുപ്പുവേണം മെത്രാന്മാരേ, ഉളുപ്പ്!
 
അല്പം ചരിത്രംകൂടി പറയാതെവയ്യ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യയില്‍ 40 കോടിയാണ് ജനസംഖ്യ. അന്ന് ജനസംഖ്യയിലും ജനപ്പെരുപ്പനിരക്കിലും ലോകത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കായിരുന്നു. ഈ രീതിയില്‍ ജനസംഖ്യ പെരുകിയാല്‍ അപകടമാണെന്നു തിരിച്ചറിഞ്ഞ നെഹൃവിനെപ്പോലുള്ള ഭരണകര്‍ത്താക്കള്‍ 1952-ല്‍ ഒരു ദേശീയ ജനസംഖ്യനിയന്ത്രണനിയമം പാസ്സാക്കി. എന്നാല്‍ അതിനു പ്രതീക്ഷിച്ചത്ര ഫലമുണ്ടായില്ല. 1970-കളില്‍ വളരെ കാര്‍ക്കശ്യത്തോടുകൂടി സര്‍ക്കാര്‍ ഇടപെട്ടു.  മുതിര്‍ന്ന തലമുറക്കാരുടെ മനസ്സുകളില്‍ അക്കാലത്തെ പല മുദ്രാവാക്യങ്ങളും ഓര്‍മ്മയില്‍ വരുന്നുണ്ടാകും:  'കുട്ടികള്‍ രണ്ടോ മൂന്നോ മതി; പിന്നീട്, 'നമ്മള്‍ രണ്ട്, നമുക്ക് രണ്ട്'; തുടര്‍ന്ന്, 'കുട്ടികള്‍ ആണായാലും പെണ്ണായാലും രണ്ടു മതി;' അവസാനം, 'നമ്മള്‍ ഒന്ന് നമുക്ക് ഒന്ന്'. ഈ മുദ്രാവാക്യങ്ങളെല്ലാം ഒന്നിനുപുറകെ ഒന്നായി ജനങ്ങള്‍ സ്വീകരിച്ച കാര്യം മെത്രാന്‍സംഘം മറന്നുപോയോ? 1970-ല്‍ എറണാകുളം കളക്ടറായിരുന്നു ശ്രീ. എസ് കൃഷ്ണകുമാര്‍ (പിന്നീട് കേന്ദ്രമന്ത്രിയായി) നടപ്പിലാക്കിയ വന്ധ്യ#ംകരണശസ്ത്രക്രിയാപദ്ധതി ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു.
 
ഇത്രയൊക്കെ ശ്രമങ്ങളുണ്ടായിട്ടുപോലും, 2021-ലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 140 കോടിയിലേക്കെത്തിയ ഭയാനകമായ കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ വിദ്യാസമ്പന്നരായ പൊതുസമൂഹം തങ്ങളുടെ സാമ്പത്തികസൗകര്യമനുസരിച്ച് മക്കളുടെ എണ്ണം 4-ഉം 3-ഉം 2-ഉം 1-ഉം ഒക്കെയായി പരിമിതപ്പെടുത്തി.  അതിലൂടെ ഇവിടെ സംഭവിച്ച ഗുണപരമായ മാറ്റം എന്തുകൊണ്ട് മെത്രാന്‍സംഘത്തിനുമാത്രം മനസ്സിലാകുന്നില്ല?

ചെറിയ കുടുംബം സന്തുഷ്ടകുടുംബമായപ്പോള്‍, ഭവനങ്ങളില്‍ സമാധാനം കൈവന്നപ്പോള്‍, വഴക്കുകളും വക്കാണങ്ങളും കുറഞ്ഞപ്പോള്‍ ഇവിടുത്തെ മതത്തിന്റെ മൊത്തവ്യാപാരികള്‍ക്ക് പണിയില്ലാതായി. കുടുംബങ്ങളില്‍ അത്യാവശ്യം പണവും സൗകര്യങ്ങളും വിദ്യാഭ്യാസവും ലഭിച്ചപ്പോള്‍ അടിമവിശ്വാസികളുടെ എണ്ണം പൊതുവെ കുറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിപ്പുറം കന്യാസ്ത്രീമഠത്തിലേക്കു പോകുന്ന പെണ്‍കുട്ടികളുടെ സംഖ്യ തീരെ ഇല്ലാതായി. അതുകൊണ്ട് ഫ്രാങ്കോ മെത്രാന്മാര്‍ക്കും ജോമോന്‍ കണ്ടത്തിന്‍കരമാര്‍ക്കും തോമസ് കോട്ടൂരാന്‍മാര്‍ക്കും റോബിന്‍ വടക്കുംചേരിമാര്‍ക്കും പൊട്ടന്‍പ്ലാവ്-വെള്ളയാംകുടി-കാരക്കാമല മോഡല്‍ വൈദികകോമാളികള്‍ക്കും വ്യഭിചരിക്കാന്‍ കന്യാസ്ത്രീകളെ കിട്ടുക എളുപ്പമല്ലാതായി. നമ്മുടെ പെണ്‍മക്കളെ കന്യകാലയമെന്ന തടങ്കല്‍പ്പാളയങ്ങളിലേക്ക് വിടാന്‍ ഇനി മാതാപിതാക്കള്‍ തയ്യാറാകില്ല. കാരണം, ഇന്നു മിക്കവര്‍ക്കും കുട്ടികള്‍ ഒന്നോ രണ്ടോ മാത്രമേയുള്ളു.  അവരെ നല്ലനിലയില്‍ വിദ്യാഭ്യാസം നല്‍കി വളര്‍ത്താനും കുടുംബജീവിതത്തിലേക്ക് നയിക്കുവാനുമുള്ള ശേഷി അവര്‍ക്കിന്ന് കൂടുതലായുണ്ട്. വിശ്വാസിസമൂഹത്തിന്റെ  സമാധാനപരമായ ഈ ജീവിതത്തില്‍ അസൂയപൂണ്ട സഭാനേതൃത്വം കണ്ടുപിടിച്ച പ്രസവമത്സരചൂണ്ടയില്‍ ആരും കൊത്തില്ല മെത്രാന്മാരേ.
 
ചില സഭാന്യായീകരണത്തൊഴിലാളികള്‍ പറയുന്നതായി കേട്ടു, ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും ആസ്‌ട്രേലിയയിലും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതിന് പ്രോത്സാഹനം കൊടുക്കുന്നുണ്ടെന്ന്. ശരിയാണ്, പല യൂറോപ്യന്‍ രാജ്യങ്ങളും ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. അതുപക്ഷേ, പാലാ, പത്തനംതിട്ട, ഇടുക്കി മെത്രാന്മാര്‍ കൊടുക്കുന്നതുപോലെ നക്കാപ്പിച്ച തുകയല്ല എന്ന് തിരിച്ചറിയണം. ഇംഗ്ലണ്ടില്‍ ഒന്നിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പതിനായിരക്കണക്കിനു രൂപാ കൊടുക്കാറുണ്ട്. ഓസ്‌ട്രേലിയായില്‍ വിദ്യാഭ്യാസച്ചെലവ് വളരെ അധികമാണ്. അവിടെ കുട്ടികളുടെ എണ്ണമനുസരിച്ച് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാണ് (ഇംഗ്ലണ്ടിലും ആസ്‌ട്രേലിയായിലും വര്‍ഷങ്ങള്‍ ജീവിച്ചിട്ടുണ്ട്, ഈ ലേഖകന്‍). ഇന്ത്യയുടെ രണ്ടരമടങ്ങ് വലിപ്പമുള്ള ഓസ്‌ട്രേലിയായില്‍ വെറും രണ്ടുകോടിയില്‍പ്പരം ജനങ്ങളേ അധിവസിക്കുന്നുള്ളൂ എന്നുകൂടി അറിയണം.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍മൂലം ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിനു ജനങ്ങള്‍, പ്രത്യേകിച്ചു പുരുഷന്മാര്‍, മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവിടെ സിംഗിള്‍ മദര്‍ സമ്പ്രദായം ഉള്ള കാര്യവും നാം അറിഞ്ഞിരിക്കണം. ജര്‍മ്മനിയിലെ കാര്യവും ഇതുതന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അന്ധന്മാര്‍ ആനയെക്കണ്ടതുപോലെ മെത്രാന്മാര്‍ പറയരുത്. ഞങ്ങള്‍ സമാധാനമായും സന്തോഷമായും കുറച്ചുനാള്‍ ഒന്ന് ജീവിച്ചുമരിച്ചോട്ടെ. നിങ്ങള്‍ക്ക് ആര്‍ഭാടമായി കഴിയുവാനും തിന്നുതിമിര്‍ക്കുവാനും ഞങ്ങള്‍ വിശ്വാസികള്‍ വാരിക്കോരി പണം തരുന്നുണ്ടല്ലോ. അതുകൊണ്ട് ഞങ്ങളുടെ സഹോദരിമാരോട് പെറ്റുപെരുകുവാന്‍മാത്രം ഉപദേശിക്കരുത്. ഞങ്ങളുടെ ആവശ്യമനുസരിച്ച് കുട്ടികളെ ഉത്പാദിപ്പിക്കുവാന്‍ ഞങ്ങള്‍ക്കറിയാം.
 
ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജില്‍ കുട്ടികളെ നിറയ്ക്കുന്ന ചുമതല ഞങ്ങള്‍ തല്‍ക്കാലം ഏറ്റെടുക്കുന്നില്ല. ഈ കോളേജില്‍ ആവശ്യത്തിന് കുട്ടികള്‍ എത്തുന്നില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്! അതുപോലെ കോടാനുകോടി രൂപ പിരിച്ചുണ്ടാക്കിയ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രിയും നഷ്ടത്തിലാണ് പോകുന്നത് എന്നാണല്ലോ ജനസംസാരം. കോവിഡ് മാഹാമാരി വന്നില്ലായിരുന്നെങ്കില്‍ ആശുപത്രി പണ്ടേ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായേനെ എന്നും പറഞ്ഞു കേള്‍ക്കുന്നു.  

ഇനി താമസിയാതെ, കുടുംബങ്ങള്‍ക്ക് 1500 രൂപാ വച്ചുകൊടുക്കുന്ന കാര്യം പറഞ്ഞുള്ള പ്രസവപ്പിരിവ്  ആരംഭിക്കുമെന്നും ഞങ്ങള്‍ക്കറിയാം. നഷ്ടത്തില്‍പോകുന്ന ചേര്‍പ്പുങ്കല്‍ ആശുപത്രി ലാഭത്തിലാക്കേണ്ടതിന്റെ ബാധ്യത ഇവിടുത്തെ ക്രിസ്ത്യാനികുടുംബങ്ങളുടെ തലയില്‍ വച്ചുകെട്ടല്ലേ, പാലാ മെത്രാനേ. ഇനി സീറോ-മലബാര്‍ മക്കളുടെ വര്‍ദ്ധനവിലൂടെ കന്യാസ്ത്രീമഠങ്ങള്‍ നിറയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതും നടക്കില്ല. പകരം, പൗരസ്ത്യ കാനോന്‍ നിയമത്തിലെ 373-374 വകുപ്പുകള്‍പ്രകാരം വൈദികര്‍ക്ക് വിവാഹം കഴിക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ വല്ലതും ചെയ്യാന്‍ നോക്കുക. കട്ടുതിന്നുന്ന ഈ പുരോഹിതര്‍ക്കു വിവാഹം കഴിക്കുവാനുള്ള അനുമതി മെത്രാന്‍ സിനഡിനു നല്‍കിക്കൂടേ? സന്ന്യാസസഭകളിലെ താത്പര്യമുള്ള കന്യാസ്ത്രീകള്‍ക്ക് മാന്യമായി കുടുംബജീവിതം നയിക്കുവാനുള്ള സാഹചര്യം ഒരുക്കിക്കൂടേ? അതില്‍ ജനിക്കുന്ന വിശുദ്ധ കുഞ്ഞുങ്ങളെക്കൊണ്ട് സെമിനാരികളും മഠങ്ങളും സഭാവക എന്‍ജിനീയറിംഗ് കോളേജുകളും നിറയട്ടെ!
 
മേമ്പൊടി

നാലഞ്ചുവര്‍ഷം മുമ്പ് താമരശ്ശേരി രൂപതയിലെ ജോമോന്‍ കണ്ടത്തിന്‍കര എന്ന വൈദികന്‍ സ്വന്തം അര്‍ദ്ധസഹോദരിയും കന്യാസ്ത്രീയുമായിരുന്ന ഒരു എഇഇ സിസ്റ്ററിനെ ഗര്‍ഭിണിയാക്കുകയും അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്ത കാര്യം സത്യജ്വാല വായനക്കാര്‍ക്ക് അറിവുള്ളതാണല്ലോ. (കാണുക ലക്കം 2021 ഫെബ്രു. പേജ് 28) ആ കന്യാസ്ത്രീയെ സഭയില്‍നിന്നു പുറത്താക്കുകയും കുഞ്ഞിനെ അനാഥാലയത്തിലാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ കുഞ്ഞിനെ ഒരു ഹൈന്ദവകുടുംബം ദത്തെടുത്ത കാര്യം പാലാ മെത്രാന്‍ അറിയണം. അങ്ങനെ, മക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നു പറയുന്ന സീറോ-മലബാര്‍ സഭയ്ക്ക്  നിങ്ങളുടെ ചെയ്തികള്‍മൂലം ഒരംഗം നഷ്ടപ്പെട്ടു! ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! ആ കുഞ്ഞിനു ജന്മംകൊടുത്ത പുരോഹിതന്‍ ഇന്നു മറ്റൊരു രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി വിലസുകയാണെന്ന കാര്യവും നാം ഓര്‍ക്കണം.

 
അനുചിന്തനം                                                                         എഡിറ്റര്‍

 പാലാമെത്രാന്റെ 'പ്രസവപ്രോത്സാഹന ഓഫര്‍' കേട്ട്, 'ഇല്ല; പാലാമെത്രാന്‍  അങ്ങനെയൊന്നും പറഞ്ഞിരിക്കാനിടയില്ല' എന്നു വിചാരിച്ചുനിന്ന മാധ്യമപ്രവര്‍ത്തകരോട്, 'അതു ഞാന്‍ പറഞ്ഞതുതന്നെ; അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു' എന്ന് മാര്‍ കല്ലറങ്ങാട്ട് പറയുകയുണ്ടായി. അങ്ങനെ സ്വന്തം അഭിപ്രായങ്ങള്‍ പറയാനും അതിലെല്ലാം ഉറച്ചു നില്‍ക്കാനും മറ്റാരെയുംപോലെ ഓരോ മെത്രാനുമുള്ള അവകാശത്തെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ല. കാരണം, അത് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള അവരുടെ പൗരാവകാശമാണ്.

 എന്നാല്‍, വ്യക്തിപരമായ ഇത്തരം അഭിപ്രായങ്ങള്‍ ഒരു സമുദായത്തെ മുഴുവന്‍ ബാധിക്കുംവിധം സര്‍ക്കുലറുകളാക്കി പ്രഖ്യാപിക്കാനോ, ആ സമുദായത്തിന്റെതന്നെ സമ്പത്തെടുത്ത് തന്നിഷ്ടപ്രകാരം ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രാജാവ്കളിക്കാനോ ഒരു മെത്രാനും അധികാരമില്ല. മെത്രാന്മാരെ വത്തിക്കാന്‍ നിയോഗിക്കുന്നത് രൂപതയിലുള്ളവരെ ആധ്യാത്മികതയിലും ധാര്‍മ്മികമൂല്യങ്ങളിലും വളര്‍ത്താനാണ്; അല്ലാതെ, രൂപതാസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനധികാരമുള്ള സമുദായനേതാവായിട്ടല്ല. വിശ്വാസിസമൂഹം അവരെ സമുദായനേതാക്കളായി തിരഞ്ഞെടുത്തിട്ടുമില്ല. പിന്നെ എന്തധികാരത്തിലാണ് പാലാമെത്രാനും മറ്റു മെത്രാന്മാരും രൂപതാ സമൂഹങ്ങള്‍ക്കുമേല്‍ രാജാവ് ചമയുന്നത്? മെത്രാന്മാരുടെ ഈ സമീപനം 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന യേശുവചനത്തെ ധിക്കരിച്ചുള്ള സീസര്‍ വിളയാട്ടമാണെന്ന് വിശ്വാസിസമൂഹം തിരിച്ചറിയണം.

സഭാസ്വത്തുക്കളുടെ ഉടമകളും സഭയിലെ രാജകീയപുരോഹിതഗണവുമായ വിശ്വാസികളെ, ഇത്തരം തരം താണ ഓഫറുകളും സൗജന്യങ്ങളും നല്‍കി, പ്രജകളും ആശ്രിതരും യാചകരുമാക്കുന്ന മെത്രാന്മാരുടെ നടപടി ക്രൈസ്തവവീക്ഷണത്തില്‍ എത്രയോ അപലപനീയമാണെന്നും സമുദായം മനസ്സിലാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍, സമുദായത്തിന്റെ നേതാവുചമഞ്ഞും സഭയിലെ സകലതിന്റെയും ഉടമചമഞ്ഞും മെത്രാന്മാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളെയും നടപടികളെയും, അതില്‍ വീണുപോകുന്ന ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ മനോഭാവത്തെയും, ''വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം ചെലുത്തുന്നു; അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു വിളിക്കുകയും ചെയ്യുന്നു....'' (മത്താ. 22:25) എന്ന യേശുവചസ്സിന്റെ വെളിച്ചത്തില്‍ വിലയിരുത്തി വ്യക്തമായി നോക്കിക്കാണേണ്ടിയിരിക്കുന്നു. ഇന്നത്തെ മെത്രാന്‍ രാജാക്കന്‍മാരെ ഉപകാരികളെന്നു വാഴ്ത്തി അടിമകളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസിസമൂഹത്തിന് സുവിശേഷവെളിച്ചത്തിന്റെ കാഴ്ചനല്‍കി സമുദ്ധരിക്കേണ്ടിയിരിക്കുന്നു, നാം.

Wednesday, May 19, 2021

'ഫാദർ ബെനഡിക്ടും മറിയക്കുട്ടികൊലപാതകവും' എന്ന ഗ്രന്ഥത്തെപ്പറ്റി


 


ആന്റോ മാങ്കൂട്ടം, (ട്രഷറർ, KCRM), ഫോൺ: 9447136392

 ശ്രീ. പി.കെ മാത്യു ഏറ്റുമാനൂർ എഴുതിയ 'ഫാദർ ബെനഡിക്ടും മറിയക്കുട്ടി കൊലപാതകവും' എന്ന കുറ്റാന്വേഷണ പഠനഗ്രന്ഥം ഇക്കഴിഞ്ഞദിവസം വായിക്കുകയുണ്ടായി. അരനൂറ്റാണ്ട് മുമ്പുനടന്ന മറിയക്കുട്ടിവധം കേരളക്രൈസ്തവരെ മൊത്തത്തിലും കത്തോലിക്കരെ പ്രത്യേകിച്ചും നാണംകെടുത്തിയ ഒരു സംഭവമാണ്. ഒരുപക്ഷേ, ആധുനികകേരളസഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഹീനസംഭവമെന്ന് മറിയക്കുട്ടി കൊലപാതകത്തെ വിശേഷിപ്പിക്കാനാകും.

 മാടത്തരുവി കൊലക്കേസ്, മന്ദമരുതി കൊലക്കേസ്, മൈനത്തരുവി കൊലക്കേസ്, മറിയക്കുട്ടി കൊലക്കേസ്, ഓണംകുളത്തിലച്ചന്റെ കൊലപാതക കേസ് എന്നിങ്ങനെ വിവിധ പേരുകളിൽ ഈ കൊലപാതകം മലയാളികളുടെ മനസ്സുകളിൽ വേലിയേറ്റമുണ്ടാക്കിയ ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസംഭവമാണ്. ഈ വേലിയേറ്റത്തിന്റെ തിരയിളക്കമിതാ, പുസ്തകത്തിന്റെ പ്രതികരണത്തോടെ വീണ്ടും ഉയരാൻപോകുന്നു!

 ഇതിലെ പ്രതി ഒരു കത്തോലിക്കാ വൈദികനായതുകൊണ്ടുമാത്രമല്ല ഈ കേസിന് ഇത്രമാത്രം വാർത്താപ്രാധാന്യം ഉണ്ടായത്; ഇന്നത്തെപ്പോലെ അക്കാലത്തും വൈദികതെറ്റുകൾ പുതപ്പിട്ടുമൂടുവാൻ സഭാനേതാക്കളും അടിമവിശ്വാസികളും വല്ലാതെ തത്രപ്പെട്ടു എന്നതാണ് അതിനെ ഇത്രയേറെ വിവാദവിഷയമാക്കിയത്. യഥാർത്ഥ കുറ്റവാളിയെന്ന് കോടതി വിധിച്ച ഫാദർ ബെനഡിക്ട് ഓണംകുളത്തെ വെള്ളപൂശി 'സഹനദാസ'നാക്കുവാൻവേണ്ടി കത്തോലിക്കാസഭയിലെ കുറെ മെത്രാന്മാരും അച്ചന്മാരും ശ്രമിച്ചതാണ് ഫാ. ബനഡിക്ട് ചെയ്തതിലും വലിയതെറ്റ്. ഈ കൊലപാതകം മറ്റാരോ ചെയ്തതാണെന്നു സ്ഥാപിക്കുവാനാവശ്യമായ കള്ളത്തെളിവുണ്ടാക്കുകയും കള്ളസാക്ഷികളെ നിരത്തുകയുംചെയ്ത സഭാനേതൃത്വത്തോട് വരുംതലമുറകളും ക്ഷമിക്കുകയില്ല. ഉന്നത സാംസ്‌കാരികനിലവാരവും സത്യസന്ധതയും കാത്തുസൂക്ഷിക്കേണ്ട കത്തോലിക്കാമെത്രാന്മാരും പുരോഹിതരും ഏഴാംകിട നുണക്കഥകൾ ചമച്ച് വിശ്വാസികളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടത് യഥാർത്ഥ വിശ്വാസികളുടെ വിശ്വാസമാണ്.

 ഈ കൊലപാതകവിഷയത്തിൽ വൈദികലോബി പൂഴ്ത്തിവച്ചിരുന്ന ഒത്തിരിക്കാര്യങ്ങൾ ഈ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യുവാൻ ഗ്രന്ഥകർത്താവായ ശ്രീ പി.കെ. മാത്യുവിന് സാധിച്ചിട്ടുണ്ട്. അതിൽ ശ്രീ മാത്യുവിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.

1966 ജൂൺ 15-ാം തീയതി റാന്നി മാടത്തരുവി തേയിലത്തോട്ടത്തിൽവച്ചാണ് മറിയക്കുട്ടി എന്ന ആരോഗ്യദൃഢഗാത്രയും സുന്ദരിയുമായിരുന്ന യുവതിയെ കൊലപ്പെടുത്തിയത്. പാതിരാത്രി നേരത്ത് ഫാദർ ബെനഡിക്ട് ലൈംഗികവേഴ്ച നടത്തിയതിനുശേഷം കൊലപ്പെടുത്തിയെന്നത് കോടതിയിൽ ശക്തമായ സാഹചര്യത്തെളിവുകളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ വസ്തുത അക്കാലത്തെ ചങ്ങനാശ്ശേരി മെത്രാൻ മാർ മാത്യു കാവുകാട്ടിനും സഹപ്രവർത്തകർക്കും അറിവുണ്ടായിരുന്ന കാര്യവുമായിരുന്നു.  34 വർഷത്തിനുശേഷം കൊലപാതകിയായ ഈ വൈദികനെ പുണ്യവാനാക്കുവാനുള്ള സഭയിലെ ചില മുട്ടാളന്മാരുടെ ശ്രമത്തെയാണ് ശ്രീ പി.കെ. മാത്യു ഈ ചരിത്രാന്വേഷണഗ്രന്ഥത്തിലൂടെ പൊളിച്ചടുക്കുന്നത്.

 അതിരമ്പുഴയിലെ ഓണങ്കുളം കുടുംബത്തിൽ പാപ്പൂട്ടി എന്ന് വിളിക്കുന്ന ബനഡിക്ടും ഗ്രന്ഥകർത്താവായ ശ്രീ. പി. കെ. മാത്യുവും അയൽവാസികളും ഒരേ സ്‌കൂളിൽ പഠിച്ചുവളർന്ന സുഹൃത്തുക്കളുമായിരുന്നു. പരമഭക്തനും സൽസ്വഭാവിയും ശാന്തമായിരുന്നു പാപ്പൂട്ടി അച്ചന്മാരുടെയും അധ്യാപകരുടെയും സ്‌നേഹഭാജനമായിരുന്നുവെന്ന കാര്യം ഗ്രന്ഥകർത്താവ് സ്‌നേഹത്തോടെ സ്മരിക്കുന്നുണ്ട്. പാപ്പൂട്ടി ഫാ.ബനഡിക്ട് ആയശേഷവും അദ്ദേഹത്തിന്റെ നന്മ വശങ്ങൾക്ക് കാര്യമായ പോറൽ ഏറ്റിരുന്നില്ല എന്ന് ശ്രീ മാത്യു സാക്ഷ്യപ്പെടുത്തുന്നുണ്ട്. സത്യത്തിൽ ഒരു പരസ്യ വ്യഭിചാരിയും കൊലപാതകിയും ആകേണ്ടിവന്ന ഹതഭാഗ്യനാണ് ഫാ. ബെനഡിക്ട് ഓണങ്കുളം. വൈദികർ അവിവാഹിതരായിരിക്കണമെന്ന അന്യായമായ സഭാനിയമമാണ് ഈ സാധുമനുഷ്യനെ ഒരു പരസ്യ വ്യഭിചാരിയും  കൊലപാതകിയും ആക്കിത്തീർത്തത്.

 എ.ഡി 1079-ൽ ബോണിഫസ് എട്ടാമൻ മാർപാപ്പയാണ് വൈദികരുടെ ബ്രഹ്‌മചര്യം നിർബന്ധമാക്കിയത്. അതുവരെ സഭയിലെ വൈദികർക്ക് വിവാഹം കഴിക്കാമായിരുന്നു. കേരളസഭയിൽ 1599-ലെ ഉദയംപേരൂർ സുന്നഹദോസ്‌വരെ വിവാഹിതർ പുരോഹിതശുശ്രൂഷ ചെയ്തിരുന്നു. (യാക്കോബായ-ഓർത്തഡോക്‌സ്, മാർത്തോമ്മാ, സി.എസ്.ഐ. സഭകളിലെല്ലാം ഇന്നും വൈദികർ വിവാഹം കഴിക്കുന്നു.)

ഈ പശ്ചാത്തലത്തിലാണ്, പൗരസ്ത്യസഭകളിൽപ്പെട്ട വൈദികർക്ക് വിവാഹം കഴിക്കുന്നതിനുള്ള അനുമതി രണ്ടാം വത്തിക്കാൻ കൗൺസിൽ നൽകിയത്. ഈ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ട കാനോൻ നിയമത്തിലെ 373, 374 വകുപ്പുകൾ അനുസരിച്ച് സീറോ-മലബാർ സഭയിലെയും മലങ്കരസഭയിലെയും വൈദികർക്ക് വിവാഹംകഴിക്കുവാനുള്ള അനുമതി നൽകാവുന്നതാണ്. അതിനാവശ്യമായ പ്രത്യേക നിയമം അതാതു സഭകളുടെ മെത്രാന്മാരുടെ സിനഡുകൂടി പാസ്സാകണമെന്നൊരു നിബന്ധന മാത്രമേയുള്ളൂ. അങ്ങനെ വിവാഹം കഴിക്കുന്ന വൈദികരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സമ്പത്തും മറ്റാനുകൂല്യങ്ങളും നൽകുവാൻ രൂപതാമെത്രാൻ ബാധ്യസ്ഥനാണെന്ന് കാനോൻ നിയമം 192-(5) വകുപ്പ് അനുശാസിക്കുന്നുണ്ട്.

കാനോൻ നിയമത്തിന്റെ അനുമതിയും പരിരക്ഷയും ഉണ്ടായിരുന്നിട്ടും വൈദികർ വിവാഹം കഴിച്ച് അന്തസ്സായി ജീവിക്കുവാൻ ശ്രമിക്കാതെ ജീവിതകാലംമുഴുവൻ 'കട്ടുതിന്നു' ലൈംഗികവിശപ്പടക്കാം എന്ന ചിന്തയിലെ ദുഷ്ടലാക്ക് നാം തിരിച്ചറിയണം. കുടുംബജീവിതത്തിലെ പ്രാരാബ്ധങ്ങൾ ഒഴിവാക്കി രതിസുഖം ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ പള്ളിയോടനുബന്ധിച്ച് വേണ്ടുവോളമുണ്ടല്ലോ. ഇക്കാര്യത്തിൽ പുരോഹിതരും കന്യാസ്ത്രീകളും അൽമായരും രഹസ്യധാരണ യിലാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. രതിവൈകൃതങ്ങളുടെ കെണിയിൽ അകപ്പെട്ട് കൊലപാതകങ്ങൾവരെ ചെയ്യുന്നതിന് പരിശുദ്ധരായി അഭിനയിച്ചുനടക്കുന്ന പുരോഹിതർക്ക് യാതൊരു ഭയവും മടിയുമില്ലാതെതായിരിക്കുന്നു! സഭാധികാരികൾ ശതകോടികൾ പുല്ലുപോലെ മുടക്കി പോലീസിനെയും നീതിപീഠത്തെയും വിലയ്‌ക്കെടുക്കുന്നു. ഏതു കൊലപാതകവും രൂപതാകേന്ദ്രങ്ങൾ ആത്മഹത്യയാക്കി മാറ്റും എന്ന ഉറപ്പ് വൈദികർക്കുണ്ട്.  ഇമ്മാതിരിയുള്ള നിരീക്ഷണങ്ങളും വിമർശനങ്ങളും ഈ പുസ്തകത്തിലെമ്പാടും വെളിച്ചംവീശി നിൽക്കുന്നു. മറിയക്കുട്ടിയുടെ കൊലപാതകവിവരണത്തോടൊപ്പം സഭാപരമായ വൈദിക-മെത്രാൻകൂട്ടുകെട്ടിന്റെ അപകടകരമായ സ്ഥിതിവിശേഷം ചർച്ച ചെയ്യുവാനും ശ്രീ മാത്യു ശ്രമിച്ചിട്ടുണ്ട്, ഇതിൽ.

ഇതുവരെ നിയമമാകാതെ മാറ്റിവെച്ചിരിക്കുന്ന 'ചർച്ച് ആക്ട്' നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കുകൂടി ഗ്രന്ഥകാരൻ തന്റെ ചിന്ത തിരിച്ചിട്ടുണ്ട്. രൂപതാതലത്തിലുള്ള വരുമാനങ്ങൾക്ക് അക്കൗണ്ടബിലിറ്റി ഇല്ലാതെ അച്ചന്മാരുടെ രതിവൈകൃതങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുവാൻ പോകുന്നില്ല എന്ന് മുന്നറിയിപ്പും അദ്ദേഹം നൽകുന്നു, ഈ പുസ്തകത്തിൽ.

 39 അദ്ധ്യായങ്ങളായിട്ടാണ് ഈ കൊലപാതകക്കേസ് വിശദീകരിച്ചിരിക്കുന്നത്. KCRM-ന്റെ ഏതാനും പ്രവർത്തകരോടൊപ്പം ശ്രീ മാത്യു നടത്തിയ മാസങ്ങൾനീണ്ട അന്വേഷണത്തിലെ കണ്ടെത്തലുകളുടെകൂടി പശ്ചാത്തലം ഈ ഗ്രന്ഥരചനയ്ക്ക് പിന്നിലുണ്ട്.

ഈ പുസ്തക രചനയ്ക്കായി കേരളത്തിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്യുവാനും അനവധി ആളുകളുമായി സംസാരിച്ചു വിവരങ്ങൾ ശേഖരിക്കുവാനും  ഗ്രന്ഥകാരൻ കാണിച്ച ശുഷ്‌കാന്തി അഭിലഷണീയംതന്നെ.

ചങ്ങനാശ്ശേരി അരമനതലത്തിൽ നടന്ന ഗൂഢാലോചനയുടെ പരിണിതഫലമാണ് ഈ കൊലപാതകമെന്ന് നിസ്സംശയം സമർത്ഥിക്കുവാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. അന്നത്തെ മെത്രാനായിരുന്ന മാർ കാവുകാട്ടിനെ ഒരു നോക്കുകുത്തിയാക്കുവാൻ അരമനയിലെ വൈദികഗൂഢസംഘത്തിനു സാധിച്ചുവെന്ന് ഈ പുസ്തകം പറയുന്നു.

കൊല്ലം സെഷൻസ് കോടതിയിൽനിന്നു 1966 നവംബർ 19-ന് ഫാ. ബെനഡിക്ടിനെ തൂക്കിക്കൊല്ലാൻ വിധിയുണ്ടായി. 1966 ജൂൺ 15-ന് നടന്ന കൊലപാതകത്തിന്റെ ശിക്ഷയാണ് വെറും 5 മാസങ്ങൾക്കുള്ളിൽ സാക്ഷിവിസ്താരവും വാദവും കേട്ട് വിധി പ്രസ്താവിച്ചത് എന്നോർക്കണം. (അഭയക്കേസ് വിധി വരാൻ 28 വർഷം വേണ്ടിവന്നു എന്നകാര്യം ഇത്തരുണത്തിൽ ഓർമിച്ചു പോകുന്നു) കാരണം, അത്യാവശ്യം നീതിബോധമുണ്ടായിരുന്ന കാവുകാട്ട് പിതാവ് മറിയക്കുട്ടി കൊലപാതകത്തിലെ പ്രതിയായ ഫാ. ബനഡിക്ടിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്ന ആശയക്കാരനായിരുന്നു. എന്നിരുന്നാലും ഹൈക്കോടതിയിലെത്തിയ ആപ്പിലീൽ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടതിന്റെ യഥാർത്ഥ കാരണവും ശ്രീ മാത്യു ഈ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.  പൊതുവേ കരുതിയിരുന്നതുപോലെ, സുപ്രീംകോടതി വക്കീലായ അഡ്വക്കേറ്റ് ചാരിയുടെ വാക്‌സാമർത്ഥ്യമായിരുന്നില്ല ഓണങ്കുളത്തിനെ വെറുതെ വിടാൻ കാരണം. പേജ് 91-ൽ പറയുന്നു: ''കൊല്ലം സെഷൻസ് കോടതിയാണ് ദീർഘമായ വിചാരണക്കുശേഷം ബെനഡിക്ട് അച്ചനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ എതിർതെളിവുകൾക്കുള്ള പഴുതുകളടച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത വിധി. കാവുകാട്ട് പിതാവ് വ്യക്തിപരമായി ഇടപെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.റ്റി. രാമൻനായരെ സ്വാധീനിച്ചതുകൊണ്ടു മാത്രമായിരുന്നു അച്ചനെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്.''

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് രാമൻനായർ കളമശ്ശേരിയിലാണ് അന്ന് താമസിച്ചിരുന്നത്. അദ്ദേഹത്തെയും മറ്റു പല പ്രമുഖരെയും വിളിച്ച് ഫാ. സാലസ് സി.എം.ഐ ഒരു വിരുന്നു നൽകിയകാര്യം ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഫാ. സാലസ് സി.എം.ഐ.യുടെ അഭ്യർത്ഥനയ്ക്കു വഴങ്ങിയായിരിക്കാം, ജസ്റ്റീസ് രാമൻനായരുടെ ബെഞ്ചാണ് അപ്പീൽ കേട്ടതും സംശയത്തിന്റെ ആനുകൂല്യംനൽകി ഫാ. ബനഡിക്ടിനെ വെറുതെവിട്ടതും. 1967 ഏപ്രിൽ 7-നായിരുന്നു ഈ വിധി. കൊലപാതകം നടന്ന് പത്തുമാസത്തിനകം തെളിവെടുപ്പും ശിക്ഷയും അപ്പീലും വെറുതെവിടലും എല്ലാം നടന്നു.

 ഫാ.ബനഡിക്ടിന് സംശയത്തിന്റെ ആനുകൂല്യംനൽകി ഹൈക്കോടതി വെറുതെ വിട്ടെങ്കിലും, സുപ്രീംകോടതിയിൽ പോകുവാൻ അന്നത്തെ ഇ.എം.എസ്. സർക്കാർ തയ്യാറായില്ല. ഫാ. ജോസഫ് വടക്കൻ, കർഷകപാർട്ടിയായിരുന്ന കെ.റ്റി.പി.-യുടെ മന്ത്രി ബി. ബല്ലിംഗ്ടൺ മുഖേന ഇ.എം.എസ്. സർക്കാരിനെ സ്വാധീനിച്ച്, സുപ്രീം കോടതിയിൽ അപ്പീൽ പോകാതെ സഭ തടഞ്ഞു.

സഭ എല്ലാക്കാലത്തും തെറ്റിന്റെ പക്ഷത്താണല്ലോ. ''അരിയുംതിന്ന് ആചാരിച്ചിയെയും കടിച്ചിട്ട് പട്ടി പിന്നെയും മുറുമുറുക്കുകയാണെ'ന്നു പറഞ്ഞതുപോലെ, സഭാനേതൃത്വം അടങ്ങിയിരുന്നില്ല. ദീപിക പത്രത്തിൽ 'കൊച്ചേട്ടൻ' എന്ന പേരിൽ കോളമ്‌നിസ്റ്റും കർമ്മകുസുമം മാസികയുടെ പത്രാധിപരുമായിരുന്ന ഫാ. എം.ജെ. കളപ്പുരയ്ക്കൽ സി.എം.ഐ. എന്ന വൈദികൻ 'അഗ്‌നിശുദ്ധി' എന്ന പേരിൽ ഫാ. ബനഡിക്ടിനെ നിരപരാധിയാക്കിക്കൊണ്ടും മണിമേലത്തു പൗലോച്ചൻ എന്ന മുതലാളിയാണ് യഥാർത്ഥ കുറ്റവാളിയെന്ന് സ്ഥാപിച്ചുകൊണ്ടും കുറെ നുണക്കഥകൾ നിരത്തി ഒരു പുസ്തകം അടിച്ചിറക്കി. ഇതറിഞ്ഞ മണിമേലത്ത് പൗലോച്ചന്റെ  പുത്രൻ എം.പി. ജേക്കബ് മണിമലേത്ത് അച്ചനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ, താൻ വെറും കേട്ടുകേൾവിവച്ച് എഴുതിയതാണെന്ന് അച്ചന് സമ്മതിക്കേണ്ടിവന്നു. മാത്രമല്ല, പ്രമുഖപത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടിവരികയുംചെയ്തു, അദ്ദേഹത്തിന്. അത് അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. പകരം, കുറെ നിഷ്‌കളങ്കമനസ്സുകളെ സ്വാധീനിക്കുവാൻ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

തുടർന്ന്, 'അതിരമ്പുഴയുടെ അഗ്‌നിനക്ഷത്രം' എന്ന പേരിൽ ഒരു സിസ്റ്റർ പൊട്ടനാനി പൗലോച്ചൻ മുതലാളിയുടെ കഥമാത്രം ഒഴിവാക്കി, 'അഗ്‌നിസാക്ഷി'ക്കു സമാനമായി മറ്റൊരു പുസ്തകം ഇറക്കി. ഇപ്രകാരം ഫാ. ബെനഡിക്ടിനെ സഹനദാസനാക്കുവാൻ ചങ്ങനാശ്ശേരിയിലെ ആധുനിക വൈദികനേതൃത്വം തയ്യാറായി എന്നത് കേരളസഭയ്ക്ക് കളങ്കമാണ്. അതിരമ്പുഴയിൽ അദ്ദേഹത്തിന്റെ കബറിടത്തിനു മുകളിൽ 'സഹനദാസൻ' എന്നെഴുതി പണപ്പെട്ടിവെച്ച് പാവം വിശ്വാസികളുടെ പണം ഇപ്പോഴും പിടുങ്ങിക്കൊണ്ടിരിക്കുന്ന കാര്യം ശ്രീ പി. കെ. മാത്യു തന്റെ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

 ഒരു ചരിത്രവിദ്യാർത്ഥിയുടെ അന്വേഷണത്വരയോടുകൂടി നടത്തിയ നീണ്ടവർഷത്തെ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ ചരിത്രവസ്തുതകൾ ശ്രീ പി.കെ മാത്യു വസ്തുനിഷ്ഠമായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അന്വേഷണസംഘത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സർവ്വശ്രീ കെ. ജോർജ് ജോസഫ്, പ്രൊഫ. ഇപ്പൻ, ജയിംസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, സ്റ്റീഫൻ മാത്യു വെള്ളാന്തടം, തമ്പി കരിക്കാട്ടൂർ എന്നിവരെക്കൂടി അഭിനന്ദിക്കുവാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

ഈ ഗ്രന്ഥത്തിന് പ്രൗഢഗംഭീരമായ ഒരു അവതാരികയാണ് കെ.സി.ആർ.എം.  തൊടുപുഴ യൂണിറ്റ് മുൻപ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് എഴുതിയിരിക്കുന്നത്. 'ഫാദർ ബെനഡിക്ടും മറിയക്കുട്ടി കൊലപാതകവും' എന്ന ഈ കുറ്റാന്വേഷണ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തയ്യാറായ 'സത്യജ്വാല പബ്ലിക്കേഷ'നെയും അഭിനന്ദിക്കട്ടെ! മലയാള വായനക്കാർക്ക് ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടായിരിക്കും, തീർച്ച.

Saturday, May 1, 2021

സർവ്വരാജ്യ അത്മായപ്രസ്ഥാനങ്ങളേ, സംഘടിക്കുവിൻ! നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു സഭ!

 ജോർജ് മൂലേച്ചാലിൽ

എഡിറ്റോറിയൽ, സത്യജ്വാല  മെയ് 2021  

'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിലെ പ്രസിദ്ധമുദ്രാവാക്യത്തെ അനുകരിച്ചുള്ള ഈ ശീർഷകവാക്യം, ആ കമ്യൂണിസ്റ്റ് മുദ്രാവാക്യംപോലതന്നെ ഒരു പാഴ്മുദ്രാവാക്യമല്ലേയെന്ന് ആർക്കും പെട്ടെന്ന് തോന്നിയേക്കാം. മാർക്‌സിന്റെ കമ്യൂണിസ്റ്റ് മുദ്രാവാക്യം പാഴ്‌വാക്കായത്, അദ്ദേഹത്തിന്റെ ചരിത്രവിശകലനത്തിലും വർഗസമരസിദ്ധാന്തത്തിലും ദാർശനികനിലപാടിൽത്തന്നെയും അന്തർഭവിച്ചിട്ടുള്ള പാളിച്ചകളും ആന്തരികവൈരുദ്ധ്യങ്ങളും മൂലമാണെന്ന് മുമ്പെന്നത്തെയുംകാൾ ഇന്നു മനസ്സിലാക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, മനുഷ്യന്റെ മൂല്യാവബോധവും സംസ്‌കാരമാകെത്തന്നെയും രൂപംകൊള്ളുന്നത് സാമ്പത്തികഘടനകളുടെ ഉല്പന്നമായിമാത്രമാണെന്നാണ് മാർക്‌സ് സിദ്ധാന്തിച്ചത്. അതായത്, സാമ്പത്തികഘടനയാണ് അടിത്തറ; സംസ്‌കാരമെന്നത് അതിനുമേൽ പണിയപ്പെടുന്ന മേൽക്കൂരമാത്രം! ഇപ്രകാരം, മനുഷ്യനെ അടിസ്ഥാനപരമായി കേവലമൊരു സാമ്പത്തികജീവിയാക്കിക്കൊണ്ട് അവന്റെ സാംസ്‌കാരികമാനത്തെ മൗലികമായിത്തന്നെ നിരാകരിക്കുകയാണ് മാർക്‌സ് ചെയ്തത്. അതൊരു പാളിച്ച. അതേസമയം, ഇന്ത്യയിൽ എന്താണ് ചെയ്യേണ്ടതെന്നതു സംബന്ധിച്ച് ബ്രിട്ടന് മാർക്‌സ് നൽകിയ നിർദ്ദേശം, 'ഇന്ത്യയിലെ പുരാതനമായ ഏഷ്യാറ്റിക് സംസ്‌കാരത്തെ തകർത്ത്, അതിന്റെ സ്ഥാനത്ത് പാശ്ചാത്യസംസ്‌കാരത്തിന് ഭൗതികമായ അടിത്തറയിടണം' എന്നതായിരുന്നു! (കാണുക, പവനൻ തർജമ ചെയ്ത 'ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരം' by മാർക്‌സ് & എംഗൽസ്). ഒരിടത്ത്, സംസ്‌കാരത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണെന്നു പറയുന്നു! മറ്റൊരിടത്ത് പാശ്ചാത്യസംസ്‌കാരം അടിച്ചേല്പിച്ച് ഇന്ത്യയിൽ പാശ്ചാത്യസാമ്പത്തിക സംഘടനയ്ക്ക് അടിത്തറയിടണമെന്ന് പറയുന്നു! മാർക്‌സിസത്തിലെ വീക്ഷണവൈകല്യത്തിനും ആന്തരികവൈരുദ്ധ്യത്തിനും ഇതിൽപ്പരം എന്ത് ഉദാഹരണമാണ് വേണ്ടത്? 

എന്നാൽ, സാമൂഹികമാറ്റംസംബന്ധിച്ച യേശുവിന്റെ, ''നിങ്ങൾ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കിൽ ഇവയൊക്കെയും (ലൗകികക്ഷേമവും) കൂടി നിങ്ങൾക്കു നൽകപ്പെടും'' (മത്താ. 6: 33) എന്ന പ്രബോധനവും അതിനോടു ചേർന്നുപോകുന്ന മറ്റു പഠിപ്പിക്കലുകളും യാതൊരു ന്യൂനതയുമില്ലാതെ, ഒരു ആന്തരികവൈരുദ്ധ്യവുമില്ലാതെ, സനാതനസത്യംപോലെ സത്യംസത്യമായി ഇന്നും പരിലസിക്കുന്നു. ലോകത്തിൽ എപ്പോഴൊക്കെ, എവിടെയൊക്കെ യേശുവിന്റെ പ്രാവർത്തിക ആദ്ധ്യാത്മികദർശനം പ്രവർത്തിമായിട്ടുണ്ടോ, അവിടെയൊക്കെ യേശു പറഞ്ഞതരത്തിൽ ഐശ്വര്യം നിറഞ്ഞതും പരസ്പരാനന്ദകരവുമായ സമൂഹങ്ങൾ, ദൈവരാജ്യമാതൃകകൾ, മുളപൊട്ടിവളർന്നിട്ടുണ്ട്. 

ക്രിസ്തുവിന് ഏതാണ്ട് നാലു സഹസ്രാബ്ദങ്ങൾക്കുമുമ്പ് കാർഷികവ്യവസ്ഥയിലേക്കു മനുഷ്യൻ കാലുകുത്തിയ ഇന്ത്യയിലുൾപ്പെടെ പല നാടുകളിലും ഉദയംകൊണ്ട കാർഷികവ്യവസ്ഥിതിയിലാണ് മനുഷ്യരിൽ അസ്തിത്വസംബന്ധിയായ അന്വേഷണബുദ്ധി ഉണർന്നതെന്നും ആദ്ധ്യാത്മികദർശനങ്ങൾ മുളപൊട്ടിത്തുടങ്ങിയതെന്നും മൂല്യാവബോധമുള്ള ഒരു സാംസ്‌കാരികജീവിയായി അവൻ ഉയർന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ സംസ്‌കൃതിയിൽ, ഒരു വിശാലകുടുംബോധത്താലെന്നവണ്ണം, ഗ്രാമീണരെല്ലാം പരസ്പരം ഹൃദയബന്ധം പുലർത്തുകയും ഒരു കൂട്ടായ്മാജീവിതവ്യവസ്ഥ, അഥവാ ഗണജീവിതസമ്പ്രദായം സ്വാഭാവികമെന്നപോലെ രൂപപ്പെടുകയും ചെയ്തിരുന്നുവത്രേ! ഉദാഹരണമായി, വടക്കേ അമേരിക്കയിലുള്ള ഇറാക്വായിലെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന കൂട്ടായ്മാജീവിതസമ്പ്രദായത്തെക്കുറിച്ച് ഫ്രെഡറിക് എംഗൽസ് ഇങ്ങനെ എഴുതുന്നു: ''ശിശുസഹജമായ ലാളിത്യം നിറഞ്ഞൊഴുകുന്ന ഈ ഗണസംവിധാനം ആശ്ചര്യകരംതന്നെയാണ്. പട്ടാളമോ പോലീസോ ഇല്ലെങ്കിലും പ്രഭുക്കന്മാരോ രാജാക്കന്മാരോ ഗവർണ്ണർമാരോ ന്യായാധിപരോ ഇല്ലെങ്കിലും, ജയിലുകളില്ലെങ്കിലും വിചാരണകളില്ലെങ്കിലും ഇവിടെ കാര്യങ്ങളെല്ലാം എത്ര സൈ്വരമായിട്ടാണ് നടക്കുന്നത്! നമ്മുടെ ഭരണക്രമത്തിലെ വ്യാപകവും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതുമായ നടപടികളൊന്നും അവർക്ക് ആവശ്യമില്ലതന്നെ. ബന്ധപ്പെട്ടവർ ചേർന്ന് എല്ലാ കാര്യങ്ങൾക്കും തീരുമാനമെടുക്കും'' (K Marx and F Engels, Selected Works, Vol. 3  പേജ് 266- മലയാളം ഉദ്ധരണി: സെബീനാ റാഫി, പോഞ്ഞിക്കര റാഫി എന്നിവർ ചേർന്നെഴുതിയ 'ശുക്രദശയുടെ ചരിത്രം' എന്ന ഗ്രന്ഥത്തിൽനിന്ന്; പേജ് 99).

'പ്രാചീനകമ്യൂണിസ്റ്റ് വ്യവസ്ഥിതി' എന്നു പരിചയപ്പെടുത്തി അതിനുദാഹരണമായി എംഗൽസ് എഴുതിയ ഈ ഭാഗം ഇവിടെ ഉദ്ധരിച്ചതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ആദ്യത്തേത്, ആദിമക്രൈസ്തവസമൂഹവുമായി അതിനുള്ള സാമ്യം എടുത്തു കാട്ടുക എന്നതാണ്. ''വിശ്വാസികളുടെ ആ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു; തങ്ങളുടെ സ്വത്തുക്കൾ തങ്ങളുടേതുമാത്രമാണെന്ന് ആരും അവകാശപ്പെട്ടില്ല; അവർക്കുണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു... അവരുടെയിടയിൽ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല'' എന്നാണല്ലോ, അപ്പോ. പ്രവ. 4: 32-34 വാക്യങ്ങളിൽ ആദിമക്രൈസ്തവസമൂഹത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ ഉദ്ദേശ്യം, സാമൂഹികമാറ്റം സംബന്ധിച്ച യേശുവിന്റെ മുൻസൂചിപ്പിച്ച മാർഗ്ഗനിർദ്ദേശം, യേശുവിന് മുമ്പെന്നോ പിമ്പെന്നോ വ്യത്യാസമില്ലാതെ, ക്രൈസ്തവസമൂഹമെന്നോ ഇതരസമൂഹങ്ങളെന്നോ വ്യത്യാസമില്ലാതെ എവിടെയും എന്നും സാധ്യവും പ്രയോഗക്ഷമവുമാണെന്നും, അതിനാൽ ശാസ്ത്രീയമാണെന്നുമുള്ള സത്യം എടുത്തുകാട്ടുക എന്നതാണ്. മതമേതായാലും, മതമില്ലെങ്കിലും മനുഷ്യരിൽ സ്‌നേഹമെന്ന ആത്മീയത ഉണ്ടായാൽമതി, അവിടെ മാനുഷികമായ ഒരു നവസമൂഹം സ്വർഗ്ഗത്തിൽനിന്നെന്നപോലെ ഭൂമയിലേക്കിറങ്ങിവരും. അതായത്, ഭൗതികസമൃദ്ധിയോടുകൂടിയ സാമൂഹികനവോത്ഥാനം ആഗ്രഹിക്കുന്നെങ്കിൽ, അതിനുള്ള ആദ്ധ്യാത്മികാടിത്തറ മനുഷ്യൻ ആദ്യമേതന്നെ കെട്ടിപ്പെടുക്കണം. സമസൃഷ്ടിസ്‌നേഹവും പരാർത്ഥതാഭാവവും മനസ്സുകളിൽ നിറയണം. ഇവിടെയാണ് യേശുവിന്റെയും മറ്റ് ആദ്ധ്യാത്മാകാചാര്യന്മാരുടെയും ഊന്നൽ മാർക്‌സിന്റേതിനു നേർവിപരീതമാകുന്നത്. സാമ്പത്തികഘടനയാണ് പ്രാഥമികം എന്ന് മാർക്‌സ് പറയുമ്പോൾ, യേശുവും മറ്റാചാര്യന്മാരും പറയുന്നു, പ്രാഥമികം മനുഷ്യന്റെ ആദ്ധ്യാത്മികമനോഭാവമാണെന്ന്, മനോഘടനയാണെന്ന്. അപ്പോൾമാത്രമേ, ദൈവാജ്യത്തിന്റെയും ദൈവനീതിയുടെയും തേടലിന് യേശു ആവശ്യപ്പെടുന്നതുപോലെ, പ്രഥമപരിഗണന നൽകാൻ മനുഷ്യൻ പ്രാപ്തനാകൂ.

ഈ പ്രാപ്തി നേടിയെടുക്കുകയെന്നതാണ്, അവനവനിൽനിന്ന് അപരനിലേക്കു മനസ്സുകളെ വിടർത്തുകയെന്നതാണ്, പരാർത്ഥതാഭാവത്തിലേക്കു മാനസാന്തരപ്പെടുക എന്നതാണ് ഒരു പുതിയ ലോകം കാംക്ഷിക്കുന്ന എല്ലാ മതസ്ഥരുടെയും അടിസ്ഥാനപരമായ കടമ. എന്നാൽ ദൈവരാജ്യത്തിന്റെ, 'വസുധൈവകുടുംബകം' എന്ന വിശ്വകുടുംബസങ്കല്പത്തിന്റെ ഈ സുവിശേഷം ഏറ്റവും വ്യക്തതയോടെ പ്രത്യക്ഷമായി പറഞ്ഞതും, അതു ലോകമെങ്ങും പ്രഘോഷിക്കണം എന്നു കല്പിച്ചതും യേശുവാണ് എന്നതുകൊണ്ട് അതിനുള്ള ഉത്തരവാദിത്വം ഏറ്റവും കൂടുതലുള്ളത് ക്രൈസ്തവർക്കാണെന്നും പറയണം. അതിന്, സഭാസംവിധാനം ഈ കൃത്യനിർവ്വഹണത്തിനുള്ള ഉപകരണമാകുകയേ വേണ്ടൂ. 

ഇവിടെയാണ് ഇന്നത്തെ ക്രൈസ്തവർക്കുമുമ്പിൽ ഏറ്റവും വലിയ പ്രതിസന്ധി പ്രത്യക്ഷമാകുന്നത്. അതായത്, ഈ ദിശയിൽ ഒരിഞ്ചു നീങ്ങാൻപോലും നിലവിലുള്ള ഒരു ക്രൈസ്തവസഭയും വിശ്വാസികളെ അനുവദിക്കില്ല എന്നതാണത്. കാരണം, എല്ലാ ക്രൈസ്തവസഭകളും ഇന്ന് പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിലാണ്. മാത്രമല്ല, 'നിങ്ങളുടെയിടയിൽ അധികാരികളുണ്ടായിരിക്കരുത്' എന്നു കല്പിച്ച യേശുവിന്റെ പേരിലുള്ള ഓരോ സഭയുമിന്ന് ഓരോ അധികാരസാമ്രാജ്യമാണ്. അധികാരഭരണം ഭൗതികതയായതിനാൽ അവയെല്ലാം യഥാർത്ഥത്തിൽ കേവലം ഭൗതികസ്ഥാപനങ്ങളുമാണ്. 'രാജകീയപുരോഹിതഗണ'മെന്നും 'വിശുദ്ധജനത'യെന്നും 'ദൈവത്തിന്റെ സ്വന്തം ജന'മെന്നും പത്രോസ് ശ്ലീഹാ വിശേഷിപ്പിച്ച ക്രൈസ്തവവിശ്വാസികളെ, ശുശ്രൂഷാപൗരോഹിത്യമെന്നു സ്വയം വിശേഷിപ്പിച്ചു കടന്നുവന്ന അനുഷ്ഠാനപൗരോഹിത്യം അടിമജനമാക്കിയിരിക്കുന്നു. ''ജീവനുള്ള കല്ലുകൾപോലെ നിങ്ങൾ സ്വയം ഒരു ആദ്ധ്യാത്മികഭവനമായി പരിണയപ്പെടുക'' (പത്രോ.2:5) എന്ന പത്രോസ് ശ്ലീഹായുടെ ആഹ്വാനം അപ്രസക്തമാക്കുംവിധം, ഈ പൗരോഹിത്യം അവരിലെ ആദ്ധ്യാത്മികജീവൻ ചോർത്തിക്കളഞ്ഞിരിക്കുന്നു. സഭയിൽ സ്‌നേഹത്തിന് ഒഴുക്കാനാകാത്ത തരത്തിൽ, ഏറ്റക്കുറച്ചിലുകളുള്ള അധികാരപദവികളുടെ മതിലുകൾ കെട്ടിയുയർത്തിരിക്കുന്നു. യേശുവിന്റെ ഒരേയൊരു സ്‌നേഹനിയമത്തിനുപകരം, ആയിരക്കണക്കിന് പുരോഹിതനിയമങ്ങൾകൊണ്ട്, 613 നിയമങ്ങളുമായി നിലകൊണ്ടിരുന്ന യഹൂദപൗരോഹിത്യത്തെ അതിശയിച്ചിരിക്കുന്നു, ഇന്നത്തെ ക്രൈസ്തവസഭകൾ. പിതാവായ ദൈവത്തിലും പിതാവിലായിരിക്കുന്ന തന്നിലും വിശ്വസിച്ചാൽമതി എന്നുപറഞ്ഞ യേശുവിന്റെ സഭകളിൽ ഇന്നൊന്നു ജീവിച്ചുപോകാൻ, അന്ധമായ നിരവധി 'വിശ്വാസസത്യ'ങ്ങളിലും പുരോഹിതസൃഷ്ടമായ അനവധി ദൈവശാസ്ത്രസിദ്ധാന്തങ്ങളിലുംകൂടി  വിശ്വസിക്കേണ്ടിവന്നിരിക്കുന്നു, ക്രൈസ്തവർക്ക്. മാത്രമല്ല, ശ്രേണീബദ്ധമായ അധികാരപൗരോഹിത്യത്തെയും ദൈവകല്പിതമെന്ന് വിശ്വസിച്ച് അനുസരിക്കേണ്ടിവന്നിരിക്കുന്നു, അവർക്ക്! 

ദൈവരാജ്യസംസ്ഥാപനമെന്ന യേശുവിന്റെ അത്യുദാത്ത സാമൂഹികലക്ഷ്യം മറച്ചുവച്ച്, യേശുവിനെ ദൈവമായി ആരാധിച്ചാൽ ലഭ്യമാകുന്ന ഒരു സ്വർഗ്ഗം സൃഷ്ടിക്കുകയാണ് പൗരോഹിത്യം ചെയ്തത്. തുടർന്ന് തങ്ങൾ സ്ഥാപിച്ചിട്ടുള്ള കൂദാശകളിലൂടെയും ആരാധനക്രമങ്ങളിലൂടെയും അവിടെയെത്താം എന്നു വ്യാമോഹിപ്പിച്ച് സ്വകാര്യസ്വർഗ്ഗമെന്ന സ്വാർത്ഥലക്ഷ്യത്തിലേക്ക് ജനങ്ങളെ ആകർഷിച്ചടുപ്പിക്കുന്നു. യഥാർത്ഥത്തിൽ ഇവിടെ സ്വാർത്ഥതയ്ക്ക് മതസാധൂകരണം ലഭിക്കുകകൂടിയാണ്. അങ്ങനെ, യേശുവിന്റെ ഒരു ഉപദേശവും പാലിക്കാതെയും, ആരെയും സ്‌നേഹിക്കുകയോ സേവിക്കുകയോ ചെയ്യാതെയും, നീതിക്കുവേണ്ടി അല്പംപോലും പാടുപീഡകൾ സഹിക്കാതെയും മനുഷ്യന് സർഗ്ഗം ലഭ്യമാക്കുന്ന ഒരു സംവിധാനമായി തഴച്ചുവളർന്നു, സഭ. യേശു പഠിപ്പിച്ച പ്രമാണതത്വങ്ങളും ഉപദേശിച്ച ദൈവരാജ്യമൂല്യങ്ങളും കാണിച്ച ജീവിതമാതൃകകളും ഈ സഭകളിൽ വിസ്മൃതമാക്കുകയും, പകരം റോമൻ സാമ്രാജ്യത്തിന്റെ അധികാരഘടനയോടുകൂടിയ ഒരു ഭൗതികസാമ്രാജ്യം യേശുവിന്റെ നാമത്തിൽ കെട്ടിപ്പടുക്കുകയുമാണ് പൗരോഹിത്യം ചെയ്തത്. അങ്ങനെ ശുശ്രൂഷാപൗരോഹിത്യം എന്നുപറഞ്ഞ് കയറിക്കൂടിയവർ വൈകാതെതന്നെ, യാതൊരു മറയുംകൂടാതെ സാമ്രാജ്യാധികാരചിഹ്നങ്ങളായ ചെങ്കോലും കിരീടവും മറ്റു രാജകീയവേഷവിധാനങ്ങളുമണിഞ്ഞ്, തങ്ങൾ അധികാരികൾതന്നെയാണെന്നും വിശ്വാസികൾ തങ്ങൾക്കധീനരായിരിക്കേണ്ടതുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു. ചുരുക്കത്തിൽ, ദൈവരാജ്യമാതൃകയിൽ രൂപംകൊണ്ട ആദിമസഭയെ പൗരോഹിത്യം ശീർഷാസനത്തിൽ നിർത്തിയിരിക്കുകയാണ്. അതിന്റെ അസ്വസ്ഥകളാണിന്ന് പല തട്ടുകളിൽ വിശ്വാസിസമൂഹവും സഭയാകെത്തന്നെയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

അക്രൈസ്തവമായ ഈ സഭാസാഹചര്യത്തെ തിരിച്ചാക്കിക്കൊണ്ടേ സഭയെ ക്രൈസ്തവമാക്കാനാവൂ. അതായത് യേശുവിന്റെ ഉപദേശസാരത്തെ, മൂല്യസംഹിതയെ സഭയിൽ തിരികെ കൊണ്ടുവന്നേ ഒക്കൂ. അതിനുള്ള പ്രാപ്തി  മറ്റേതു ക്രൈസ്തവസമൂഹത്തെയുംകാൾ ഇന്ത്യൻ ക്രൈസ്തവർക്കുണ്ട്. അതിനു കാരണം, അവർ ക്രൈസ്തവരാണ് എന്നതല്ല, ഇന്ത്യാക്കാരാണ് എന്നതാണ്; ഇന്ത്യയുടെ ആദ്ധ്യാത്മികപൈതൃകത്തിന്റെ പാരമ്പര്യരേണുക്കൾ (DNA)  ഇവിടുത്തെ ക്രൈസ്തവരും സംവഹിക്കുന്നു എന്നതാണ്. ഇന്ത്യയുടെ സവിശേഷതയെക്കുറിച്ച് ഓഷോ രജനീഷ് ഇങ്ങനെ പറയുന്നു: ''ഒരുപക്ഷേ, ഇന്ത്യമാത്രമാണ് അവബോധത്തിന്റെ പരിണാമത്തെക്കുറിച്ച് അഗാധമായ അന്വേഷണത്തിൽ മുഴുകിയത്, അതിലല്ലാതെ മറ്റൊന്നിലുംതന്നെ താത്പര്യം കാണിക്കാതിരുന്ന ഒരേയൊരു രാജ്യം... അത് ഈ രാജ്യത്തിനുചുറ്റും അതിഭീമമായ ഒരു ഊർജമണ്ഡലത്തെ സൃഷ്ടിച്ചിരിക്കുന്നു. അത് ഈ നാട്ടിലുടനീളമുണ്ട്. നിങ്ങൾ തയ്യാറാകുകയേ വേണ്ടൂ'' (ഇന്ത്യ എൻ പ്രിയങ്കരി- പേജ്:22). 

ഇതിനുപുറമേ, ക്രൈസ്തവസഭകളുടെ ഇന്നത്തെ അപചയത്തിന് സമാനമെന്നു പറയാവുന്ന ഒരു മഹാപ്രതിസന്ധിഘട്ടത്തെ ഇന്ത്യൻ മനസ്സ് വിജയകരമായി തരണം ചെയ്ത ഒരു അനുഭവപശ്ചാത്തലവും ഈ സംസ്‌കൃതിക്കുണ്ട്. യജ്ഞങ്ങളും യാഗങ്ങളും അതിലൂടെ കൈവരുന്ന പ്രമാണിത്തവും ലക്ഷ്യംവച്ച് വൈദികബ്രാഹ്‌മണർ 'ബ്രാഹ്‌മണങ്ങൾ' എന്ന പേരിൽ ഇന്ത്യയുടെ ആദ്ധ്യാത്മകദർശനങ്ങളായ വേദങ്ങൾക്ക്, അവയെ വളച്ചൊടിച്ചും അക്ഷരാർത്ഥത്തിലെടുത്തും വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും പുരാണകഥകളാക്കി അവതരിപ്പിക്കുകയും ചെയ്ത് മൃഗങ്ങളെ ബലികഴിച്ചുള്ള യാഗങ്ങളിലേക്കും യജ്ഞങ്ങളിലേക്കും ജനങ്ങളെ ആകർഷിച്ച ഒരു ബ്രാഹ്‌മണകാലഘട്ടം വേദകാലത്തെത്തുടർന്ന് ഇന്ത്യയിലുണ്ടായി. ''ഗാന്ധാരംമുതൽ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ ആകാശം അന്ന് ഏറ്റവും കലുഷിതമായിരുന്നു'' എന്നാണ് ഡോ.സുകുമാർ ആഴീക്കോട് ഈ കാലഘട്ടത്തെപ്പറ്റി എഴുതിയിരിക്കുന്നത് (തത്ത്വമസി - 12-ാം പതിപ്പ്, പേജ് 80). ഈ അവസ്ഥയിൽനിന്നാണ് ഉപനിഷത്തുകളിലൂടെ വേദസാരത്തെ തിരിച്ചുപിടിക്കാൻ ഭാരതസംസ്‌കാരത്തിന് കഴിഞ്ഞത്. സുകുമാർ അഴീക്കോട് എഴുതുന്നു: ''ഉപനിഷത്ത് എന്ന ഈ നവപ്രസ്ഥാനം അന്നത്തെ ചിന്താമേഖലയെയും സമൂഹത്തിലെ ആചാരമണ്ഡലത്തെയും നടുക്കംകൊള്ളിച്ചത്, അന്ന് ഭാരതീയ ജീവിത്തിൽ വേരുറച്ചുപോയ യജ്ഞപ്രസ്ഥാനത്തിനെതിരെ ഋഷികൾ തങ്ങളുടെ ഹിരണ്യസൂക്തങ്ങളെക്കൊണ്ട് ആഞ്ഞടിച്ചപ്പോഴായിരുന്നു'' (പേജ് 107). 

ആചാര്യന്മാരിലൂടെ പുരോഹിതജന്യമായ വികലതകളെ തിരുത്തി മതത്തെയും സമൂഹത്തെയും ശുദ്ധീകരിച്ച് മുന്നോട്ടുപോകാനുള്ള ആർജ്ജവവും ആന്തരികോർജ്ജവും ഇന്ത്യൻ സംസ്‌കാരത്തിന് എന്നുമുണ്ടായിട്ടുണ്ട് എന്നോർക്കുക. അതുകൊണ്ടാണല്ലോ, ജാതിവ്യവസ്ഥയും തീണ്ടലും തൊടീലുമായി വീണ്ടുമിവിടെ ബ്രാഹ്‌മണകാലം ശക്തമാവുകയും, 'ബ്രഹ്‌മസ്വ'മെന്നപേരിൽ മുഴുവൻ ക്ഷേത്രസ്വത്തും കൈക്കലാക്കി ഭൂസുരന്മാരും തിരുമേനിമാരുമായി കേരളത്തിൽ വാണരുളുകയും ചെയ്ത നമ്പൂതിരിബ്രാഹ്‌മണർക്കൊക്കെ ഇന്ന് വെറും പൂജാരിമാരായി ജീവിക്കേണ്ടിവന്നത്. 

ഇത്രയും പറഞ്ഞത്, പ്രബലമായ ഊർജസ്വലത പുറമേക്കു കാണാനില്ലെങ്കിലും, ഇന്ത്യൻ സംസ്‌കൃതിക്ക് ആന്തരികമയൊരു പുനരുജ്ജീവനശക്തി സഹജമായുണ്ട് എന്ന് എടുത്തുകാണിക്കാനാണ്; അതേ സാംസ്‌കാരിപൈതൃമുള്ളവരെന്ന നിലയിൽ, അതേ പുനരുജ്ജീവനശേഷിയുമായാണ് ഇവിടുത്തെ ക്രൈസ്തവരും പിറവികൊള്ളുന്നതെന്ന് ഓർമ്മിപ്പിക്കാനാണ്. ഈ ശേഷി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നപക്ഷം, അപചയം സംബന്ധിച്ച ഇവിടുത്തെ സഭകളെ പുനരുജ്ജീവിപ്പിക്കാൻപോരുന്ന, യേശുവിന്റെ ഉപദേശസാരത്തെ തിരിച്ചുപിടിക്കാൻപോരുന്ന, ഒരു 'ക്രൈസ്തവ ഉപനിഷത്ത് പ്രസ്ഥാന'ത്തിന് തുടക്കം കുറിക്കാൻ ഇന്ത്യൻ ക്രൈസ്തവർക്ക്, പ്രത്യേകിച്ച കേരളക്രൈസ്തവർക്ക്, അതിലും പ്രത്യേകിച്ച് കേരളകത്തോലിക്കർക്ക് സാധിക്കുകതന്നെ ചെയ്യും. 

അതിനനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. വ്യത്യസ്ത ഊന്നലുകളോടുകൂടിയാണെങ്കലും, സഭാനവീകരണം ലക്ഷ്യമാക്കിയും പുരോഹിതചൂഷണങ്ങൾക്കെതിരായും പ്രവർത്തിക്കുന്ന മലയാളികത്തോലിക്കരുടെ ഒട്ടേറെ പ്രസ്ഥാനങ്ങൾ കേരളത്തിലും സംസ്ഥാനത്തിനു പുറത്ത് ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്ത് അനേകരാജ്യങ്ങളിലുമുണ്ട്. പ്രത്യേകിച്ച്, ഒരു സീറോ-മലബാർ സാമ്രാജ്യം കെട്ടിപ്പടുക്കാനും സാമ്പത്തികചൂഷണത്തിനുവേണ്ടിയും, സീറോ-മലബാർ വിശ്വാസികൾ എത്തിച്ചേർന്നിട്ടുള്ള ഇതരസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപതകൾ സ്ഥാപിച്ചുസ്ഥാപിച്ചു 'മുന്നേറിക്കൊണ്ടിരിക്കുന്ന' ഇന്നത്തെ സാഹചര്യത്തിൽ, സീറോ-മലബാർ വിശ്വാസികൾക്കിടയിൽ അത്തരം സ്വതന്ത്രവിശ്വാസിപ്രസ്ഥാനങ്ങൾ വർദ്ധിച്ചുവരികയുമാണ്. ഈ രംഗത്ത് കൂടിവരുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളെ ശ്രദ്ധിച്ചാൽത്തന്നെ ഈ വസ്തുത മനസ്സിലാക്കാനാവും. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം നേതൃത്വങ്ങളെ അന്വേഷിച്ചുകണ്ടെത്തി അവയുടെ ഒരു ഏകോപനവേദി ഉണ്ടാക്കുകയെന്നതാണ്, അനുകൂലമായ സാഹചര്യമൊരുക്കാൻ നാം ആദ്യമായി ചെയ്യേണ്ടത്. 

സ്വതന്ത്ര അത്മായപ്രസ്ഥാനങ്ങളുടെ ഒരു ഏകോപനസമിതി എപ്പോൾവേണമെങ്കിലും സംഘടിപ്പിക്കാവുന്ന തരത്തിൽ, കേരളത്തിലെ അറിയപ്പെടുന്ന നവീകരണപ്രസ്ഥാനങ്ങളും അവയുടെ കൂട്ടായ്മകളായ 'അഖിലകേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ' (AKCAAC), 'ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ' (JCC), ‘JSL ആഗോളകൂട്ടായ്മ' എന്നിവയുടെ നേതൃത്വങ്ങൾ പരസ്പര ഐക്യത്തിലാണ്. കാഴ്ചപ്പാടിലും ഊന്നലിലും വ്യത്യസ്തതപുലർത്തുന്നുണ്ടെങ്കിലും, കർദ്ദിനാൾ ആലഞ്ചേരിയെ ഒരു കോണിലേക്കു തള്ളിയൊതുക്കി കൽദായഫാസിസത്തിൽനിന്ന് സഭയെ താല്ക്കാലികമായെങ്കിലും രക്ഷിക്കാൻ നേതൃത്വം കൊടുത്ത എറണാകുളത്തെ അത്മായമുന്നേറ്റവും 'അതിരൂപതാ സുതാര്യപ്രസ്ഥാന'വും, ആ ഒറ്റക്കാര്യംകാണ്ടുതന്നെ, മറ്റെല്ലാ പ്രസ്ഥാനങ്ങൾക്കും അഭിമതരുമാണിന്ന്. അത്മായശാക്തീകരണത്തിന് ഒരു ഏകോപനസമിതിക്കായി ശ്രമമുണ്ടായാൽ ആൾബലമുള്ള അവരും ഉറപ്പായും ഒപ്പമുണ്ടാവും. 

അതുകൊണ്ട്, കേരളത്തിനുവെളിയിലുള്ള സ്വതന്ത്രസഭാപ്രസ്ഥാനങ്ങളെയും അവയുടെ നേതൃത്വങ്ങളെയും കണ്ടെത്തി ബന്ധപ്പെടുകയെന്നതാണ് ഇപ്പോൾ അവശ്യം ആവശ്യമായിരിക്കുന്നത്. അതെങ്ങനെ സാധ്യമാക്കാമെന്ന് ഗൗരവപൂർവ്വം ആലോചിക്കേണ്ടിയിരിക്കുന്നു, നാം. 

അതു സാധ്യമായാൽ, ലോകത്തുള്ള സകല സ്വതന്ത്ര സഭാപ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയുള്ള  നേതൃതലസമ്മേളനങ്ങൾ ഓൺലൈനിൽ നടത്തി, എല്ലാവർക്കും സൗകര്യപ്രദമായ ഒരു സമയത്ത് കേരളത്തിൽ ഒരു പ്രതിനിധിസമ്മേളനം നടത്താനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാകും. ക്രമേണ, വിശ്വാസിസമൂഹത്തെ തരിമ്പും പ്രതിനിധീകരിക്കാത്ത മെത്രാൻസിനഡിനെ അപ്രസക്തമാക്കുംവിധം 'അത്മായസിനഡു'കൾ കൂടാനും, സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുവാനും, അവ നടപ്പാക്കാൻ മെത്രാൻസമിതിയോടാവശ്യപ്പെടാനുമുള്ള ശക്തി ഈ ആഗോളകൂട്ടായ്മയ്ക്കുണ്ടാകും. അതോടെ, വിശ്വാസികളുടെ പൗരോഹിത്യത്തോടുള്ള ഭയപ്പാടുകളകലുകയും കൂടുതൽകൂടുതൽ പേർ ഈ അത്മായശാക്തീകരണനീക്കത്തോട് അനുഭാവം പുലർത്തി മുന്നോട്ടുവരികയും ചെയ്യും.  

ഇങ്ങനെ കേരളസഭയെന്ന ആദ്ധ്യാത്മികമരുഭൂമിക്കുമേൽ ആത്മീയതയുടെ മഴപെയ്യിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും യേശുശിഷ്യർ ജലധൂളികളായെത്തി ആകാശത്ത് മേഘപാളികൾ തീർക്കുമ്പോൾ, അതിനുള്ളിൽനിന്നുതന്നെ ആദ്ധ്യാത്മികതയുടെ മിന്നൽപ്പിണരുകൾ പായിച്ചും ഇടിമുഴക്കങ്ങളുയർത്തിയും പ്രവാചകന്മാരും, യേശുവിന്റെ ഉപദേശസാരം ആലിപ്പഴങ്ങളായുതിർത്ത് ആചാര്യഗുരുക്കന്മാരും പ്രത്യക്ഷപ്പെടും. ഒപ്പം സംഭവിക്കുന്ന ആത്മീയതയുടെ പെരുമഴപ്രളയത്തിൽ രണ്ടു കാര്യങ്ങൾ സംഭവിക്കും. ഒന്ന്, സഭാ മരുഭൂമികൾ നനഞ്ഞു കുതിർന്ന് ആർദ്രമാവുകയും അവിടങ്ങളിൽ മൂല്യങ്ങളുടെ ഓയസ്സിസുകൾ ഉണ്ടായിവരികയും ചെയ്യും. രണ്ടാമതായി, ആ പ്രളയക്കുത്തൊഴുക്കിൽ 'ക്രൈസ്തവബ്രാഹ്‌മണ'ങ്ങളും യാഗബലികളും എല്ലാത്തരം യാന്ത്രികാനുഷ്ഠാനങ്ങളും കടപുഴകി ഒഴുകിപ്പോകും. അതോടെ, 'ക്രൈസ്തവ ഉപനിഷത്ത്' ദർശനത്തിന്റെയും  മാനുഷികമൂല്യങ്ങളുടെയും പച്ചപ്പിൽ സ്വർഗ്ഗസമാനമായ ഒരു മാനുഷികജീവിതവ്യവസ്ഥ മുളപൊട്ടിവളരുകയും ചെയ്യും. 

ഇന്ത്യയിൽ ഇതു സാധ്യമാണ്. മറ്റെല്ലായിടത്തും പുരോഹിതക്രിസ്തുമതം അസ്തമിച്ചതോടെ യേശുദർശനത്തിന്റെ സാധ്യതയും അസ്തമിക്കുകയാണു ചെയ്തത്. എന്നാൽ ഒരിക്കലും കെടാത്ത ആദ്ധ്യാത്മികനെരിപ്പോടു സൂക്ഷിക്കുന്ന ഇന്ത്യയിൽ യേശുവിന്റെ ആത്മീയദർശനം കെട്ടടങ്ങുകയില്ല. നെരിപ്പോട് ഊതിയുണർത്താൻ ആളുണ്ടായാൽമതി. ലോകത്തിനുതന്നെ വെളിച്ചംപകരാൻപോന്ന ക്രൈസ്തവ ആദ്ധ്യാത്മികതയുടെ പ്രകാശധാര ഇവിടെനിന്നു പ്രസരിച്ചുകൊള്ളും.