To read the first parts visit
http://almayasabdam.blogspot.in/2017/05/blog-post_12.html
and
http://almayasabdam.blogspot.in/2017/05/blog-post_18.html
റവ.ഡോ.ജെ. ഔസേപ്പറമ്പില്‍
[തുടര്‍ച്ച]
നീതിയുടെ നിയമം! (Law of Equity)
ബ്രിട്ടണില്‍ ഒരാള്‍
കീഴ്‌ക്കോടതിമുതല്‍ ഉന്നതകോടതിവരെ പോയിട്ടും നീതി ലഭിച്ചില്ലെങ്കില്‍ ശുദ്ധമായ
മനഃസാക്ഷിയോടെ തന്റെ കാര്യങ്ങള്‍ ചാന്‍സലറെ ബോധിപ്പിക്കും. അപ്പോള്‍ ചാന്‍സലര്‍
അറിയപ്പെട്ട നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും അപ്പുറത്തുള്ള അപൗരുഷേയ
നിയമങ്ങളിലേക്കു നോക്കി അയാള്‍ക്കു നീതി കിട്ടാന്‍ എന്തുചെയ്യണമെന്ന് തീരുമാനിച്ച്
നീതി നടത്തണം. ഇതാണ് നീതിയുടെ നിയമം (Law
of Equity).
മതങ്ങളുടെയും ധാര്‍മ്മികതയുടെയും
ഭരണഘടനയുടെയും നീതിന്യായത്തിന്റെയുമെല്ലാം പരമസ്രോതസ്സ് അപൗരുഷേയസത്യമാണ്. ഇത്
സത്യങ്ങളുടെ ജനനിയാണ്. മനുഷ്യന് പരമമായ ജീവിതനിര്‍ദ്ദേശം നല്‍കുന്നത്
അപൗരുഷേയസത്യമാണ്, മതങ്ങളല്ല.
മതങ്ങളും പുരോഹിതപ്പരിഷയും സ്വയംകൃതബന്ധനത്തിലിരിക്കുന്ന കുരങ്ങന്മാരാണ്. ഈ
വാനരപ്പരിഷ അടുത്തുചെന്നാല്‍ കടിക്കും, അകലെ നിന്നാല്‍
പല്ലിളിച്ചു കാണിക്കും. അവയോട് അടുക്കുകയോ അകലുകയോ വേണ്ടാ; സാര്‍വത്രികമായ
സെക്കുലറിസമുണ്ടല്ലോ, അതുമതി. ഈ സെക്കുലറിസത്തിലെ മോക്ഷമാണ്
യഥാര്‍ത്ഥ മോക്ഷം, അതുമതി. സെക്കുലറിസത്തിന്റെ
ചുരുങ്ങിക്കൂടിയതും അധഃപതിച്ചതുമായ രൂപമാണ് മതങ്ങള്‍. മതങ്ങളില്‍ കുറേ നല്ല
പുരോഹിതര്‍ ഉണ്ട്. അവര്‍ ചെകുത്താനും കടലിനുമിടയ്ക്കാണ്. അവര്‍ സഹതാപം അര്‍ഹിക്കുന്നു
- കഞ്ഞിക്കും പുഴുക്കിനും മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തവര്‍! തൊണ്ണൂറു ശതമാനം
അച്ചന്മാരും കന്യാസ്ത്രീകളും ശൗര്യമില്ലാത്തവരും ഭയം പൈതൃകമായി
കൊണ്ടുനടക്കുന്നവരും ഉളുപ്പുകൂടാതെ നുണ പറയുന്നവരുമാണ്.
മതനിരപേക്ഷത
പാലിക്കുന്ന ഇന്ത്യന്‍ സെക്കുലറിസവും മതത്തെ ഭരണവ്യവസ്ഥയില്‍ തൊടുവിക്കാതെ
നീങ്ങുന്ന യൂറോപ്യന്‍ സെക്കുലറിസവും സെക്കുലറിസം എന്താണെന്ന് ശരിക്കും
അറിയുന്നില്ല. സത്യവും നന്മയും ധാര്‍മ്മികതയും നമ്മുടെ ജീവിതാനുഭവമാണ്, മോക്ഷം ഭൗതികമാണ്. സ്‌നേഹത്തിലും
അന്തഃകരണത്തിലും ബന്ധപ്പെട്ട ദൈവം നന്മ പ്രവര്‍ത്തിക്കുന്നതിനും
മോക്ഷപ്രാപ്തിക്കും കാരണമാകും.
എല്ലാ മതങ്ങളുടെയും
അടിസ്ഥാനതത്വം - ഏതു നിഷേധിച്ചാല്‍ മതം മതമല്ലാതാകുമോ അത്-മനുഷ്യന്റെ
ബലഹീനതയിലുള്ള അവബോധം ആണ്, ദൈവവും നരകവും മോക്ഷവും ഒന്നുമല്ല. ഈ ധാര്‍മ്മിക ബലഹീനതയിലുള്ള അവബോധത്തെ
മുതലെടുത്താണ് മതങ്ങളും അവയുടെ ദൈവങ്ങളും ജീവിക്കുന്നത്. നന്മ ചെയ്യുന്നവനാണ്
മതജീവി. നന്മമാത്രം ചെയ്യാനും തിന്മ പൂര്‍ണ്ണമായി ഒഴിവാക്കാനും ജാഗ്രതയോടെ
ജീവിക്കുന്നതാണ് മതജീവിതം - ഇതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥനയും. സെക്കുലറിസത്തിലെ
അപൗരുഷേയ നിയമങ്ങളോടു താരതമ്യംചെയ്താണ് മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിഗതനിയമങ്ങളുടെ
സാധുത നിശ്ചയിക്കേണ്ടത്. പൗരുഷേയമതങ്ങള്‍ നിലനില്‍ക്കുന്നത് പൗരുഷേയസത്യങ്ങള്‍
അതില്‍ ബഹുലമായി തമ്പടിച്ചിരിക്കുന്നതുകൊണ്ടാണ്.
ഏതാണ് പാപം, ഏതാണ് പുണ്യം എന്നു വ്യവച്ഛേദിക്കാന്‍
പ്രയാസമുള്ളപ്പോള്‍ വേദപുസ്തകങ്ങളും ശാസ്ത്രങ്ങളും ചണ്ഡാലനുമുതല്‍ പണ്ഡിതനുവരെ ഒരു
മനുഷ്യനും സഹായകമാകില്ല.
ഇദം പുണ്യം ഇദം
പാപം ഇത്യേതസ്മിന്‍ പദദ്വയേ
ആചണ്ഡാലം
മനുഷ്യാണാം അല്പം ശാസ്ത്രപ്രയോജനം (ഭര്‍തൃഹരി, വാക്യപദീയം, കാണ്ഡം -1.30)
നന്മതിന്മകളെ
വിവേചിക്കുവാന്‍ യുഗാന്തരങ്ങളായി മനുഷ്യനുള്ള അനുഭവപാരമ്പര്യമാണ് ദൃഢവിശ്വാസം
തരുന്നത്. വേദങ്ങളും ശാസ്ത്രങ്ങളും സത്യമാണെന്നു സമ്മതിക്കാന്‍ പ്രേരണനല്‍കുന്നതും
ഈ പാരമ്പര്യജ്ഞാനമാണ്. ഈ ജ്ഞാനം സമൂഹത്തില്‍ അന്തര്‍ലീനമാണ്. അതുകൊണ്ടാണ് ഫ്രാന്‍സീസ്
പാപ്പാ, ദൈവശാസ്ത്രമെന്നു
പറഞ്ഞാല്‍ പരസ്പരബന്ധമില്ലാത്ത ആശയങ്ങളുടെ കൂമ്പാരമല്ലെന്നും അറിവിന്റെ രത്‌നച്ചുരുക്കമല്ലെന്നും
ജൂഗുപ്‌സ നിറഞ്ഞ ആത്മപ്രേമമല്ലെന്നും ഒരു വൈദികരോഗമല്ലെന്നും പറഞ്ഞത്. ഇപ്പോഴത്തെ
ദൈവശാസ്ത്രം മേല്‍പ്പറഞ്ഞതെല്ലാമാണ് - ദൈവത്തെ അറിയാത്തവന്റെ ദൈവശാസ്ത്രം!
ഞാന്‍
നല്ലവനായിരിക്കുന്നത് ദൈവത്തെപ്പേടിച്ചോ നരകത്തെ പേടിച്ചോ അല്ല. നന്മ എന്റെ സത്തയുടെ
സത്തയായതുകൊണ്ടാണ്. നന്മമാത്രം ചെയ്യാനുള്ള ജാഗ്രതാപൂര്‍ണ്ണമായ ജീവിതമാണ്
സെക്കുലറിസം. ജീവിതാനുഭവമാണ് മതങ്ങളുടെ അടിസ്ഥാനം. ആ ജീവിതതാനുഭവത്തെ
സിദ്ധാന്തങ്ങള്‍കൊണ്ടും ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും പരസ്പരം സമര്‍ത്ഥിക്കാം. ഒരേ
അനുഭവത്തെ സമര്‍ത്ഥിക്കാന്‍ പല സിദ്ധാന്തങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉണ്ടാകാം.
സാധാരണഗതിയില്‍ സിദ്ധാന്തങ്ങളും ആചാരാനുഷ്ഠാനങ്ങളും ഏകാന്തരങ്ങള്‍ (alternative) ആണ്-ഒന്നിനു പകരം
മറ്റൊന്ന്. ജൈനമതം പഠിപ്പിച്ച ശ്യാദ്‌വാദം ഇവിടെ പ്രസക്തമാണ്. പല വീക്ഷണകോണങ്ങള്‍
എല്ലാറ്റിനും ഉണ്ട്. അതുകൊണ്ട് ഒരേ സിദ്ധാന്തം ഒരേ ആചാരാനുഷ്ഠാനം എന്നു വാദിച്ചു
കടിപിടികൂട്ടേണ്ടതില്ല. ജാഗ്രതയോടെ നന്മ ചെയ്യണം. ഈ ജാഗ്രതാപൂര്‍ണ്ണമായ ജീവിതമാണ്
മതജീവിതം - യഥാര്‍ത്ഥമതജീവിതം. അതു നവലോകം സൃഷ്ടിക്കും.
സെക്കുലറിസം
ദൈവനിഷേധവും മതനിഷേധവുമാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. യഥാര്‍ത്ഥ ദൈവം അപൗരുഷേയനാണ്, തത്വാധിഷ്ഠിതമായി - വിചാരം, ആചാരം, അനുഭവം ഇവയുടെ യുക്തധാരണയായി - നമ്മുടെ
ബോധത്തില്‍ സ്ഥാനംനേടുന്ന ദൈവമാണ്. ആ ദൈവത്തെ ആരും നിഷേധിക്കില്ല. ഒരു രണ്ടാംതരം
ദൈവമുണ്ട്-വ്യക്ത്യധിഷ്ഠിത ദൈവം. ഈ ദൈവങ്ങള്‍ ഇന്‍ക്വിസിഷന്‍വഴി അനേകലക്ഷങ്ങളെ
കൊന്ന് രക്തതാണ്ഡവമാടി. ഈ ദൈവങ്ങളുടെ വിദൂരനിയന്ത്രകരായി (remote control),
സ്വര്‍ഗ്ഗഭാഗധേയങ്ങള്‍ നിയന്ത്രിക്കുന്നവരായി മാര്‍പാപ്പാമാര്‍
അഭിനയിച്ച്, സ്വര്‍ഗ്ഗസൗഭാഗ്യങ്ങള്‍ വിറ്റ്
സാമ്പത്തികഅരാജകത്വം ഉണ്ടാക്കി. ഇന്ന് ഇസ്ലാമിക് സ്റ്റേറ്റ് കൊല്ലുന്നതിലും കൊടിയ
ക്രൂരതയോടെ ലക്ഷങ്ങളെ കൊന്നു. ഈ ദൈവങ്ങളെയാണ് ചിന്തിക്കുന്നവര്‍ നിഷേധിക്കുന്നത്.
വി. ജോണ്‍ പോള്‍ രണ്ടാമന്‍ ഗലീലീയോയെ പീഡിപ്പിച്ചതിന് ക്ഷമാപണം നടത്തിയപ്പോള്‍, ആ പീഡിപ്പിക്കലിന് ഒരു നീതീകരണവും പറഞ്ഞു: അന്നു പരിശുദ്ധാത്മാവിന്റെ
സഹായം അത്ര ലഭ്യമായിരുന്നില്ല, എന്ന്! ഇപ്പോള്‍ പരിശുദ്ധാത്മാവിന്റെ
സഹായം സുലഭമായി കിട്ടുന്നു എന്ന ഒരു ദുഃസൂചനയും ഇതില്‍ അടങ്ങിയിരിക്കുന്നു!
പഴയനിയമത്തിലെ ദൈവങ്ങളും അവരെ ആശ്രയിച്ച് സുഖഭോഗങ്ങളും അധികാരവും സമ്പത്തും
നേടിയിരുന്ന യഹൂദപുരോഹിതവര്‍ഗ്ഗവും കൂടിയാണ് ക്രിസ്തുവിനെ കൊന്നത്. ക്രിസ്തു
മനുഷ്യപുത്രനാണെന്നു പറഞ്ഞു; ദൈവപുത്രനാണെന്ന് പറഞ്ഞില്ല.
ദൈവപുത്രനാണെന്ന് പറഞ്ഞിരുന്നെങ്കില്‍, ഇസ്രായേലിലെ
ദൈവങ്ങളും പുരോഹിതരും ചേര്‍ന്ന് അടിച്ചമര്‍ത്തിയിരുന്ന ജനങ്ങള്‍ ക്രിസ്തുവിനെ
കല്ലെറിയുമായിരുന്നു. ക്രിസ്തു പഴയനിയമത്തിലെ ദൈവത്തിന്റെ കൊച്ചുമകനല്ല. വേറൊരു
ദൈവത്തെ, പിതാവായ ദൈവത്തെയാണ് ക്രിസ്തു അവതരിപ്പിച്ചത്. ഈ
ദൈവം അനിഷേധ്യനാണ്.
മതങ്ങളുമായി
ബന്ധമുള്ള ദൈവം നിഷേധ്യനാണ്. യഥാര്‍ത്ഥ ദൈവവും മതവുമായി ബന്ധമില്ല.
ചിത്തശുദ്ധിയാണ് പ്രാര്‍ത്ഥനയുടെ ലക്ഷ്യം. കുറ്റിച്ചൂലു മുമ്പില്‍വച്ചു പ്രാര്‍ത്ഥിച്ചാലും
അദൃശ്യനായ ദൈവത്തെ മുമ്പില്‍ കണ്ടു പ്രാര്‍ത്ഥിച്ചാലും ചിത്തശുദ്ധിയുണ്ടാകും. അതു
പ്രാര്‍ത്ഥിക്കുന്നവന്റെ കാര്യമാണ്, മുമ്പിലിരിക്കുന്ന വസ്തുവിന്റെ ശക്തിയല്ല. ദൃശ്യനായ ദൈവത്തിന്റെമുമ്പില്‍
എല്ലാ നല്ല വിചാരങ്ങളും ചീത്ത വിചാരങ്ങളും ഉണ്ടാകാം. ദൃശ്യമായ
കുറ്റിച്ചൂലിന്റെമുമ്പിലും നല്ല വിചാരവും ചീത്തവിചാരവും ഉണ്ടാകാം. അദൃശ്യനായ
ദൈവവും കുറ്റിച്ചൂലും, പ്രാര്‍ത്ഥിക്കുന്നവന് ഫലപ്രാപ്തിയെ
സംബന്ധിച്ച് ഒരുപോലെയാണ്.
വ്യക്ത്യധിഷ്ഠിതസ്ഥാപിതമതങ്ങളിലെ
ദൈവങ്ങള്‍ക്കു ശവപ്പറമ്പൊരുക്കാന്‍ സെക്കുലറിസത്തിനേ കഴിയൂ. സെക്കുലറിസത്തിന്മേല്‍
പൗരോഹിത്യം നടത്തിയ തട്ടിപ്പൊത്തലാണ് സ്ഥാപിതമതങ്ങള്‍. മതവും സെക്കുലറിസവും
എന്താണെന്ന് നമ്മുടെ ഭരണഘടനയും നീതിന്യായക്കോടതിയും കാര്യമായി ഇനിയും
പഠിക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
ഫോണ്‍: 9822256275
No comments:
Post a Comment