Translate

Wednesday, May 3, 2017

ലൈംഗികസദാചാരം, സത്യജ്വാലയില്‍ കണ്ടത്

ഏപ്രിൽ ലക്കം 'സത്യജ്വാല'യിൽനിന്ന് 
പ്രൊഫ. പി.സി. ദേവസ്യാ
 ലൈംഗികപ്രധാനമാണല്ലോ നമ്മുടെ ഇപ്പോഴത്തെ സാമൂഹികചര്‍ച്ചകള്‍ എല്ലാംതന്നെ. സത്യജ്വാലയുടെ കഴിഞ്ഞ ലക്കവും അങ്ങനെതന്നെ ആയിരുന്നു. ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ലൈംഗികതയോടു ബന്ധപ്പെട്ട ക്രൈസ്തവധാര്‍മ്മികതയും സമര്‍പ്പിതരുടെ ഇടയിലുള്ള ലൈംഗിക അപഭ്രംശങ്ങളുമായിരുന്നു പല ലേഖനങ്ങള്‍ക്കും വിഷയം. ലൈംഗികതയുടെ പവിത്രതയെപ്പറ്റിയും അതിന്റെ സവിശേഷമാനങ്ങളെപ്പറ്റിയും എടുത്തുപറയുന്നതായിരുന്നു, എഡിറ്റോറിയല്‍. ലൈംഗികതയുടെമേല്‍ സഭാപഠനങ്ങള്‍ ഒരു സദാചാരഗുണ്ടയെപ്പോലെ പാത്തുകയറി പലപ്പോഴും വികലതകള്‍ സൃഷ്ടിക്കുന്നു എന്നൊരു വീക്ഷണവും അതില്‍ അവതരിപ്പിച്ചിരുന്നു. 
പക്ഷേ നമ്മുടെ ചര്‍ച്ചകളിലെല്ലാം അവശ്യം ഉണ്ടായിരിക്കേണ്ട, എന്താണ് ലൈംഗികത എന്ന അന്വേഷണംമാത്രം എഡിറ്റോറിയലിലും കണ്ടില്ല. ലിംഗം എന്ന വാക്കില്‍നിന്നു തുടങ്ങി അരക്കെട്ടിന്റെ പരിമിതികളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു ലൈംഗികതയെപ്പറ്റിയാണ് പലരും പറയുന്നത്. എഡിറ്റോറിയലിലെ ഒരു വാക്യം ഉദ്ധരിക്കട്ടെ-''പൗരുഷവും സ്‌ത്രൈണതയുമെന്ന പരസ്പരപൂരകങ്ങളായ വിരുദ്ധധ്രുവങ്ങള്‍ തമ്മിലടുത്തു വരുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജപ്രസരണവും ഒന്നുചേരുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജതാണ്ഡവവും മനുഷ്യജീവിതത്തെ എത്രയോ ഉന്നതമായ ആനന്ദാനുഭൂതിയിലാണ് എത്തിക്കുന്നത്.'' വാക്യം വായിച്ചുകഴിയുമ്പോള്‍ ലൈംഗികതയെപ്പറ്റിയുള്ള എഡിറ്ററുടെ വീക്ഷണവും പ്രകൃതിഗതമായ കേവലലൈംഗികപ്രക്രിയയിലേക്ക് ചുരുങ്ങിപ്പോയില്ലേ എന്ന സംശയമാണ് ഉയരുന്നത്. ഈ കേവലതാണ്ഡവമാണോ ഉയര്‍ന്ന ലൈംഗികത?
സത്യത്തില്‍ പവിത്രീകൃതമായ ലൈംഗികത വാസ്തവികതയിലാണോ ഭാവനയിലാണോ നിലകൊള്ളുന്നത് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 'പ്ലേറ്റോണിക് ലൗ' എന്ന് ഒരു ചൊല്ലുതന്നെ ഉണ്ടല്ലോ. പ്ലേറ്റോയെപ്പോലുള്ള ചിന്തകന്മാര്‍, കാളിദാസനെയും ഭവഭൂതിയെയുംപോലുള്ള കവികള്‍ ഇവരൊക്കെ ഒരു ജീവിതം മുഴുവന്‍ കടഞ്ഞു സത്തെടുത്താണ് ആദര്‍ശാത്മകലൈംഗികത കാണിച്ചുതരുന്നത്.
''അംഗാരത്തിലെരിഞ്ഞു ശുദ്ധിതടവും പൊന്നൊത്തു
സത്വാഗ്നിയില്‍ ശൃംഗാരക്കറ പോയ്‌ത്തെളിഞ്ഞു'' വരുമ്പോഴാണ് വിശിഷ്ടമായ ദമ്പതീപ്രണയം ഉണ്ടാകുന്നത്. ഒരു അപൂര്‍വ്വദര്‍ശനം എന്ന നിലയില്‍ത്തന്നെയാണ് ശാകുന്തളത്തില്‍ കാളിദാസന്‍ ഇതു കാണിച്ചുതരുന്നത്. ഉത്തരരാമചരിതത്തില്‍ ഭവഭൂതിയും, 'ജരയാല്‍ ഭേദിയാതുള്ളതായ' വിശിഷ്ടദാമ്പത്യം അവതരിപ്പിക്കുന്നുണ്ട്.
ആര്‍ഷഭാരതത്തിന്റെ ലൈംഗികസങ്കല്പം എന്നു തോന്നാത്തവിധം ഒരുകൂട്ടം ഋഷികളുടെ കാമകഥയും സത്യജ്വാലയില്‍ കണ്ടു. പരാശരന്‍ മുതല്‍ ഋശ്യശൃംഗന്‍വരെയുള്ള മുനിമാരുടെ കഥ പറഞ്ഞ പ്രൊഫസര്‍ ഇപ്പന് മഹാനായ ഭീഷ്മര്‍ ആരായിരുന്നു എന്ന് അറിഞ്ഞുകൂടാ എന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ അതു പറഞ്ഞാല്‍, പറഞ്ഞുവച്ചതൊന്നുമല്ല ആര്‍ഷഭാരതപാരമ്പര്യം എന്നു പറയേണ്ടിവരും. കാമം തലയ്ക്കുപിടിച്ചുകെട്ടിമറിഞ്ഞ ആളായിരുന്നു ശന്തനു എന്ന് ഇപ്പന്‍ പറഞ്ഞു. ഈ ശന്തനുവിനുതന്നെ മറ്റൊരു അവിഹിതവേഴ്ചയില്‍നിന്നുണ്ടായ പുത്രനാണ് ഭീഷ്മര്‍. ഒരേ അച്ഛന് ഒരേപോലെയുള്ള ലൈംഗികപ്രക്രിയയില്‍നിന്നുണ്ടായ മൂന്നുമക്കള്‍ - ഭീഷ്മരും ചിത്രാംഗദനും വിചിത്രവീര്യനും-എന്തുകൊണ്ട് മൂന്നുതരം ലൈംഗികപ്രതീകങ്ങളായി? ഇവിടെയാണ് ലൈംഗികതയുടെ ഉയര്‍ച്ചതാഴ്ചകള്‍ വ്യക്തമാകുന്നത്. ഇവിടെയാണ് പവിത്രമായ ലൈംഗികത എന്ത്, എങ്ങനെ എന്നു വ്യക്തമാകുന്നത്.
ഒരുകാര്യംകൂടി പറയട്ടെ, നമ്മുടെ പുരോഹിത ബ്രഹ്മചാരികള്‍ മുഴുവന്‍ ഒന്നുകില്‍ വിവാഹിതരാകണം, അല്ലെങ്കില്‍ ലിംഗഛേദം ചെയ്യപ്പെടണം എന്നൊക്കെ പ്രസംഗിച്ചുനടക്കുന്നവര്‍ ഉണ്ടല്ലോ. അവര്‍ ഭീഷ്മരുടെ കഥ, ഒരു കഥ എന്ന നിലയിലെങ്കിലും ഒന്നു വായിക്കണം. നമുക്ക് എന്തുകൊണ്ട് വേദവ്യാസന്റെയും ചിത്രാംഗദന്റെയും കൂട്ടത്തില്‍നിന്ന് ഈ ഭീഷ്മരെ വേര്‍തിരിച്ചു നിറുത്തിക്കൂടാ? എന്തുകൊണ്ട് ആ നൈഷ്ഠികബ്രഹ്മചാരിയുടെമുമ്പില്‍ ശിരസ്സു നമിച്ചുകൂടാ? ഇങ്ങനെ ചിന്തിക്കുമ്പോഴും ഒരു കാര്യം ഊന്നിപ്പറയുന്നു; ഒരേപോലെയുള്ള ബന്ധത്തില്‍നിന്ന് ഒരാള്‍മാത്രമേ ഭീഷ്മരാകുന്നുള്ളൂ. മറ്റുരണ്ടുപേരും വേറെ രണ്ട് ഉദാഹരണങ്ങളാണ്.
ഫോണ്‍: 9961255175
-ലൈംഗികാനുഭൂതി, മനുഷ്യനെ സംബന്ധിച്ചെങ്കിലും, അരക്കെട്ടിന്റെയെന്നല്ല ശരീരത്തിന്റെതന്നെ പരിമിതിയെ ഉല്ലംഘിക്കുന്നതാണെന്നു ഞാന്‍ കരുതുന്നു. കാരണം, അവന് ശരീരം മാത്രമല്ല, മനസ്സും ഭാവാത്മകമായ ഹൃദയവുമുണ്ട്. അതെല്ലാം ഒരുമിച്ചുചേര്‍ന്ന് ഒരുവനിലെ സത്ത ആകമാനം ഒന്നായി അനുഭവിക്കുന്ന ആനന്ദം മനുഷ്യനു സാധ്യമാണെന്നാണ് എന്റെ വിചാരം. അതുകൊണ്ടാണ്, 'സ്ത്രീക്കും പുരുഷനും ശാരീരികമായും മാനസികമായും ആത്മീയമായും തമ്മില്‍ വിലയിക്കുമ്പോഴത്തെ സ്വര്‍ഗ്ഗീയാനുഭൂതി'യെപ്പറ്റി എഴുതിയിരുന്നത്. 'പ്ലേറ്റോണിക് ലൗ'-വിനും വിശിഷ്ടമായ 'ദമ്പതീപ്രണയ'ത്തിനുമപ്പുറം പോകാനുള്ള സംഭാവ്യത (potential) മനുഷ്യന്റെ ലൈംഗികതയ്ക്ക്, അതിന്റെ നൈസര്‍ഗികമായ അവസ്ഥയിലുണ്ട് എന്നുതന്നെയാണ് എന്റെ വിചാരം. പൗരോഹിത്യം ആ നൈസര്‍ഗികതയെ നശിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് അതാര്‍ക്കും അനുഭവിക്കാനോ സങ്കല്പിക്കാന്‍പോലുമോ കഴിയാത്തത് എന്നും ഞാന്‍ കരുതുന്നു.'
-എഡിറ്റര്‍

1 comment:

  1. "ഉലകമിതു നിന്റെ ചിത്രഭവനം ഒന്നോർക്കിൽ,
    പാറും ശലഭ ചിറകിൽ അധിക രമ്യ രചന കാണ്മൂ ഞാൻ ;
    നിമിഷ താളങ്ങൾ രാഗ സ്തുതികളാണെങ്ങും ,
    ദേവാ, അനുവദിക്കീ കൃപണനെന്നെ ഏറ്റുപാടീടാൻ ..."
    എന്റെ ''സാമാസംഗീതത്തിലെ'' ഒരു ഗാനത്തിന്റെ അനുപല്ലവിയാണീ വരികൾ! ഇതിൽ "നിമിഷതാളങ്ങൾ രാഗ സ്തുതികളാണെങ്ങും " എന്ന് ഞാൻ പാടിയത് ,ഈ ജീവിതമേ ആത്മാവിന്റെ ഒരു ഗാനാലാപമാണെന്ന ബോധത്തിലാണ്! രാഗ സ്തുതികളാണ് നാം ജീവനുള്ളവയിലെല്ലാം കാണുന്ന ഈ ലയനം / സംഗമം / ഇണചേരൽ പരാഗണം ബട്ടിംഗ് അങ്ങനെ എല്ലാമെല്ലാംതന്നെ !

    "കരയുന്നോ പുഴ ചിരിക്കുന്നോ?
    കണ്ണീരുമൊലിപ്പിചു കൈവഴികൾ പിരിയുമ്പോൾ
    കരയുന്നോ പുഴ ചിരിക്കുന്നോ?"
    എന്ന കവിയുടെ ചോദ്യം തന്നെ ഈ അനന്തമായ പ്രകൃതിയുടെ ലയനത്തെയും, അതിലെ സ്വർഗീയതയെയും, പിന്നീടുള്ള വിരഹത്തിന്റെ നരകത്തെയുമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത് !
    "കദനത്താൽ തേങ്ങുന്ന ഹൃദയവുമായി
    കരകളിൽ തലതല്ലും ഓളങ്ങളെ ,
    തീരത്തിനറിയില്ല തിരകൾക്കുമറിയില്ല
    തീരാത്ത നിങ്ങളുടെ വേദനകൾ " എന്ന സിനിമാഗാനം അച്ചായന്മാർ മനസ്സിരുത്തിയൊന്നു പാടൂ ...അപ്പോൾ സ്വയമറിയും ലൈംഗീകത ദൈവീകമാണെന്നു / സ്വാര്ഗ്ഗീയമാണെന്നു ! ഈ പ്രകൃതിയുടെ അതിമനോഹരമായ വിനോദം സൃഷ്ടിക്കു ആധാരമാകയാൽ അത് ബ്രഹ്മപ്രേരിതവുമാകുന്നു! അത് ബ്രഹ്മമാകുന്നു ! ''god is love ''/ദൈവം സ്നേഹമാകുന്നു '' സ്നേഹം ലായനമാകുന്നു! സ്നേഹം അദ്വൈതം ആകുന്നു ! 'ദ്വൈതം ' ദുഖമാകുന്നു , കലഹത്തിന്റെ ഭയത്തിന്റെ തുടക്കമാകുന്നു ! 'ദ്വൈതം ' നരകത്തിൻലേക്കുള്ള കമാനവും,
    ''അദ്വൈതം'' സ്വര്‍ഗകവാടവും ആകുന്നു!,

    "സംഗമം ത്രിവേണി സംഗമം, സ്രിംഗാര പദമാടും യാമം മദാലസയാമം"
    ഇവിടെ ഓരോ മാംസ പുഷ്പങ്ങളും ഇണയെ തെടുന്നീ രാവില്‍ ,
    നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍ ഉടയാട നെയ്യും നിലാവില്‍ , ഞാനും നീയും നമ്മുടെ പ്രേമവും കൈമാറാത്ത രഹസ്യമുണ്ടോ?" എന്നൊക്കെ കേട്ട ചെവികളെ, ലൈഗീകത പാപമല്ല സ്വര്‍ഗത്തോളം പുണ്യം തന്നെയാണ് ! പക്ഷെ നമ്മെ 'പാപികള്‍' എന്ന് പേരിട്ട പാതിരിക്കോ പുളിക്കുന്ന മുന്തിരിങ്ങായുമാണ്!

    രാജീവന്ച്ചലിന്റെ 'പൈലോട്സ്' എന്ന സിനിമയിലൊരു ഗാനം ഞാന്‍ എഴുതി ! ഒടുവിലത്തെ ചരണത്തില്‍ ''രാഗോല്ലാസയായ്‌ രാജകുമാരീ നീ സങ്കീര്‍ത്തനം പാടിവാ " എന്ന് ഞാന്‍ പാടിയപ്പോള്‍ , ശ്രീ രാജീവ്‌ എന്നോട് "എന്തിനാ അച്ചായ രാഗോല്ലസയാകുംപോള്‍ സംകീര്‍ത്തനം പാടുന്നതു '' എന്ന് ! ഉത്തരമായി "ഏതു കര്‍മ്മവും ദൈവത്തിൽ
    അര്‍പ്പിച്ചാല്‍ ,ഫലം നല്ലതാകും / സല്സന്താനങ്ങളെ ലഭിക്കാന്‍ സംകീത്തനം പാടിക്കെണ്ടാകട്ടെ [ദൈവത്തെ സ്മരിച്ചുകൊണ്ടാകട്ടെ] ആ കർമ്മവും " എന്നായിരുന്നു! പാതിരിയെ നമ്പല്ലേ ..അയ്യാള് പോഴനാണ് ! samuelkoodal

    ReplyDelete