ഇപ്പന്‍
ഞാന്‍ - പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ.... എന്റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍
ചിന്തിയെന്നുള്ളില്‍ മനുജസ്‌നേഹം നിറയ്ക്കേണ....
(നിശ്ശബ്ദത. ഞാന്‍ ഗാനം കുറേക്കൂടി ഉച്ചത്തില്‍ ആലപിക്കുന്നു. വീണ്ടും
നിശ്ശബ്ദത. അത്യുച്ചത്തില്‍ ആവര്‍ത്തിക്കുന്നു. പ്രാവിന്റെ ചിറകടി)
റൂഹാ - തൊള്ള തൊറക്കാതെടാ... കരിസ്മാറ്റിക്
സ്റ്റുപ്പിഡുകളെക്കൊണ്ടുതന്നെ ഞങ്ങള്‍ക്കും നാട്ടുകാര്‍ക്കും കിടക്കപ്പൊറുതിയില്ല.
ഞാന്‍ - ഞാന്‍ പേടിച്ചു, അങ്ങു വരില്ലെന്ന്.
റൂഹാ - പറന്നിങ്ങെത്തണ്ടേ?
നീ ദൈവസ്‌നേഹത്തിനുപകരം
മനുജസ്‌നേഹം നിറയ്ക്കണേന്നു പ്രാര്‍ത്ഥിച്ചതുകൊണ്ടാ വരാമെന്ന് വെച്ചത്.
ഞാന്‍ - പ്രഭോ, നിങ്ങള്‍ക്കു സ്‌നേഹം
ആവശ്യമില്ലേ?
റൂഹാ - ആര്‍ക്കുവേണം നിന്റെയൊക്കെ സ്‌നേഹം! സ്വാര്‍ത്ഥന്മാര്‍!
വിഡ്ഢികള്‍! മെത്രാനു പത്രാസുകാണിക്കാനും ദര്‍ബാറു നടത്താനുമുള്ള കാശ്, സ്വന്തം കാര്യം സാധിക്കാന്‍ ഞങ്ങള്‍ക്കു കൈക്കൂലിയായി
തരുന്നവര്‍. ഞങ്ങളുടെ വിശക്കുന്ന മക്കളുടെ അപ്പമെടുത്ത് പട്ടം കിട്ടിയ പട്ടികള്‍ക്ക്
ഇട്ടുകൊടുക്കുന്നവര്‍. സ്തുതിച്ചു സ്തുതിച്ച് ചെവിതല കേള്‍പ്പിക്കാത്തവര്‍.
അതിരിക്കട്ടെ, നീയെന്തിനാണ് എന്നെ കൂവിക്കാറി
വരുത്തിയത്.
ഞാന്‍ - ഞങ്ങളെല്ലാവരും സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയത്തിന്റെ
ലഹരിയിലാണ്. അങ്ങയുടെ ഒരു പ്രതികരണം വേണം.
റൂഹാ - അതിനു നീതന്നെ അങ്ങു പ്രതികരിച്ചാല്‍ പോരേ?
ഞാന്‍ - കഴിഞ്ഞ തവണത്തെ 'അഡള്‍ട്ട്‌സ് ഒണ്‍ലി'യിലെ ഉരുളയ്ക്കുപ്പേരിപോലുള്ള അങ്ങയുടെ മറുപടികള്‍ പലര്‍ക്കും
ഇഷ്ടപ്പെട്ടു.
റൂഹാ - അതു നീ പിന്നെ മണ്ടന്‍ ചോദ്യങ്ങളങ്ങനെ ചോദിച്ചുകൊണ്ടേ
ഇരുന്നാല്‍....?
ഞാന്‍ - പാവനാത്മാ, പ്ലീസ്, ഐ ആം സീരിയസ്.
റൂഹാ - നിങ്ങളുടെ മാര്‍ച്ച് സ്വര്‍ഗ്ഗത്തിലിരുന്ന് ഞങ്ങള്‍
മൂന്നുപേരും കൂടിയാണ് കണ്‍കുളിര്‍ക്കെ കണ്ടത്. ആശാരിച്ചെറുക്കന്‍ ആനന്ദതുന്ദിലനായി
മൊഴിഞ്ഞു, 'ഇതു താന്‍ടാ വിപ്ലവം!' അവനതു പറയും. വിപ്ലവകാരിയായതിന്റെപേരില്‍ കുരിശേല്‍
കേറിയവനാണല്ലോ അവന്‍.
ഞാന്‍ - അയ്യോ തമ്പുരാനേ, യേശു
വിപ്ലവകാരിയാണെന്ന് ആരോ പറഞ്ഞതിന്റെപേരില്‍ ഇവിടെ എന്തെല്ലാം പുക്കാറുകളുണ്ടായെ
ന്നോ? തമ്പുരാനാണെങ്കിലും
തല്ലുമേടിച്ചെന്നിരിക്കും.
റൂഹാ - എനിക്കറിയാം. ഞങ്ങളുടെ ചെറുക്കനെ കുരിശേല്‍
കേറ്റിയവന്മാരല്ലേ? അതും അതിനപ്പുറോം
ചെയ്യും.
ഞാന്‍ - വിപ്ലവമെന്നു കേള്‍ക്കുമ്പോള്‍ കുഞ്ഞാടുകള്‍ക്കെന്താണിത്ര
ഹാലിളക്കം? എന്തോ 'ഇച്ചീച്ചിചപ്ലാച്ചിക്കൊപ്ലാച്ചി'യാണെന്നാ ഭാവം. വിപ്ലവമെന്ന വാക്കിന്റെ അര്‍ത്ഥം
മാറ്റമെന്നല്ലേ?
റൂഹാ - വെറും മാറ്റമല്ലെടാ,
ഗുണപരമായ
മാറ്റം. പരിവര്‍ത്തനം. മംഗ്ലീഷുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍, 'ക്വാളിറ്റേറ്റീവ് ചെയ്ഞ്ച്.'
ഞാന്‍ - അതിരിക്കട്ടെ, ഞങ്ങളുടെ
സെക്രട്ടേറിയറ്റ് മാര്‍ച്ച് നിങ്ങള്‍ ത്രിത്വം കണ്‍കുളിര്‍ക്കെ ആസ്വദിച്ചതിന്റെ
കാരണമെന്താണ്?
റൂഹാ - എത്രയോ സമരാഭാസങ്ങള്‍ നിത്യവും കാണുന്നവരാണു ഞങ്ങള്‍.
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍, പൊതുവഴി തടയുന്നവര്‍, പോലീസുകാരുടെ വായില്‍ കോലിട്ടുകുത്തി കടിവാങ്ങുന്നവര്‍.
ഞാന്‍ - ഞങ്ങളിതൊന്നും ചെയ്യാത്തതായിരിക്കും അങ്ങയെ
സന്തോഷിപ്പിച്ചത്.
റൂഹാ - അങ്ങനെ ഞെളിയെണ്ട. നിങ്ങളും റോഡ് നിറഞ്ഞു പോകാതെ കര്‍ക്കശമായും
ഒറ്റവരിയായി പോകണമായിരുന്നു. എങ്കില്‍ കണ്ടുനില്ക്കുന്നവര്‍ക്ക് നിങ്ങളോടും
നിങ്ങളുടെ ആശയങ്ങളോടും ബഹുമാനം കൂടുതല്‍ തോന്നിയേനേ. കൂട്ടംകൂടിയപ്പോള്‍ കുരങ്ങന്‍മാരുടെ
സ്വഭാവം നിങ്ങളും കാണിച്ചു.
ഞാന്‍ - തമ്പുരാനേ, തപ്പ്. മാപ്പാക്കണം.
ഇനി ശ്രദ്ധിക്കാം.
റൂഹാ - തെറ്റ് മനുഷ്യസഹജമാണ്. വന്നതുവന്നു. അത് അംഗീകരിക്കുന്നതിലും
തിരുത്തുന്നതിലുമാണ് മഹത്വം.
ഞാന്‍ - തെറ്റിരിക്കട്ടെ, അങ്ങു കണ്ട
ശരികളെന്തൊക്കെ?
റൂഹാ - പിന്നെല്ലാം ശരികളേ ഒള്ളൂ. ഒന്നാമത്തേത്, ഉള്ളിതൊലിച്ച കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല നിങ്ങളുടെ
സമരം. സമൂഹത്തിന്റെ ആത്യന്തികമായ നന്മയെ ലാക്കാക്കി ദീര്‍ഘവീക്ഷണത്തോടെവേണം
നിയമങ്ങള്‍ നിര്‍മ്മിക്കാന്‍. അത്തരം നിയമങ്ങള്‍ക്കുവേണ്ടിവേണം സമരം
ചെയ്യാന്‍. നിങ്ങളുടെ സമരം വളരെ വലിയ ഒരു നല്ലകാര്യത്തിനുവേണ്ടി ആയിരുന്നു.
ഞാന്‍ - വിശദീകരിക്കാമോ?
റൂഹാ - യേശു പറഞ്ഞില്ലേ, കരുണയാണയാള്‍
ആഗ്രഹിക്കുന്നതെന്ന്. കള്ളക്കടത്തുകാരന്‍പോലും നേര്‍ച്ചയിട്ടത്, സഭ അയാളുടെ നേര്‍ച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു
വിനിയോഗിക്കും എന്ന പ്രതീക്ഷയോടെ
യാണ്. അല്ലാതെ പുരോഹിതനു പുട്ടടിക്കാനും മെത്രാന് ഓഡി കാറേല്‍ കയറാനുമല്ല.
പുരോഹിതന്‍ പിടിച്ചുവച്ചിരിക്കുന്ന മതമൂലധനം വിശ്വാസികളുടെ കൈവശം എത്തണമെങ്കില്‍
ചര്‍ച്ച് ആക്ട് പാസാക്കണം. യേശുവിന്റെ പീഡാനുഭവം വ്യര്‍ത്ഥമാകാന്‍ പാടില്ല.
ഞാന്‍ - പള്ളി ഒരു ചക്കരക്കുടമാണ്. ചര്‍ച്ച് ആക്ട് നിലവില്‍ വന്നാല്‍
അതില്‍ കൈയിട്ടു നക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് ശത്രുക്കള്‍ പറയുന്നത്.
റൂഹാ - ശത്രുക്കളെന്നല്ല,
മിത്രങ്ങളും
അങ്ങനെ പറയുന്നുണ്ട്. അതു ശരിയുമാണ്, നിങ്ങളെപ്പോലുള്ളവരുടെ
കൈകള്‍ പുളിപറിക്കാന്‍ പോകുമെങ്കില്‍. ചര്‍ച്ച് ആക്ട് ഒരു തുടക്കംമാത്രമാണ്.
ഒന്നാമത്തെ പടി. ജനാധിപത്യം പൗരന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു. ഓരോ
പൗരനും ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടിയായി മാറാത്തിടത്തോളംകാലം ജനാധിപത്യം
യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല.
ഞാന്‍ - അങ്ങ് ബുദ്ധിജീവികളുടെ ഭാഷയില്‍ സംസാരിക്കുന്നു.
റൂഹാ - എടാ മരങ്ങോടാ, കുറേ വിശുദ്ധഗുണ്ടകളെ
പള്ളി ഭരിക്കാന്‍ അഞ്ചുകൊല്ലത്തേക്ക് തെരഞ്ഞെടുത്തിട്ട് നീയൊക്കെ കാല്‍ക്കൂട്ടില്‍
കൈയും തിരുകി ചുരുണ്ടുകൂടരുത്. അഴിമതി കാണിക്കുന്നവനെ നിലംതൊടീക്കരുത്. ചര്‍ച്ച്
ആക്ട് പാസാകുന്നതോടെ കോടതിയെ സമീപിക്കാം. കേസിനു കേസ്, സമരത്തിനു സമരം. ഒറ്റ പള്ളി പുതിയതു പണിയാന്‍
സമ്മതിക്കരുത്. പള്ളി വരുമാനം മുഴുവന്‍ പാവങ്ങളുടെ വിദ്യാഭ്യാസച്ചെലവിനും
ചികിത്സച്ചെലവിനും നീക്കിവയ്ക്കണം. ഇടവക പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എല്ലാ
ഇടവകയിലും ഒരു പ്രതിപക്ഷ തിരുത്തല്‍ശക്തി താനേ രൂപപ്പെട്ടുവരാന്‍ കാരണമാകും. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും
ജനാധിപത്യം കാലക്രമേണ ശുദ്ധീകരിക്കപ്പെടും. ഏകാധിപത്യം ദുഷിച്ചുവരികയേയുള്ളൂ.
ഞാന്‍ - പിന്നെ അങ്ങയെ ആകര്‍ഷിച്ചതെന്താണ്?
റൂഹാ - അംബേദ്കര്‍ പറഞ്ഞില്ലേ,
സമൂഹം നിയമത്തിനുവേണ്ടി കൊതിക്കുന്ന ഒരു ഘട്ടത്തിലേ
നിയമം നിര്‍മ്മിച്ചിട്ടു കാര്യമുള്ളൂ എന്ന്. സെക്രട്ടേറിയറ്റ് മാര്‍ച്ച്
അങ്ങനെയൊരു ഘട്ടത്തിലായിരുന്നു.
ഞാന്‍ - സമരത്തെ പുകഴ്ത്തുന്ന അങ്ങ് സമരത്തിനു പശ്ചാത്തലമൊരുക്കിയ
ആശയപ്രചാരണത്തെ വിസ്മരിക്കുകയാണോ?
റൂഹാ - കോന്താ, 'കോ'ന്നു പറയുമ്പോഴേ കോഴിക്കോട്ടെത്തരുത്. ഞാനതിലേക്കാണു
വരുന്നത്. അജ്ഞസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ദൂരവ്യാപമായ സദ്ഫലങ്ങള്‍ ഉളവാക്കുന്ന
ഒരു നിയമം സര്‍ക്കാരിനെക്കൊണ്ട് പാസാക്കിക്കുന്നതിന് കടന്നുപോകേണ്ട വഴികളിലൂടെ
പടിപടിയായി കടന്നുപോയി ഉജ്ജ്വലമായ മാതൃകയാണ് നിങ്ങള്‍ കാട്ടിയത്.
ഞാന്‍ - പ്രഭോ, മേപ്പടി
അജ്ഞസമൂഹത്തിനുവേണ്ടി അതൊന്നു വിശദീകരിച്ചാലും.
റൂഹാ - യേശുവിന്റെ ആശയങ്ങളാണ് ആദിമസഭയില്‍ വസന്തം കൊണ്ടുവന്നത്.
വേള്‍ട്ടയറുടെ ആശയങ്ങളാണ് ഫ്രഞ്ചുവിപ്ലവത്തിനു വഴിതെളിച്ചത്. പുലിയുടെ ഓശാന
പ്രസവിച്ച ആശയങ്ങളെ, നിങ്ങള്‍
പുലിക്കുട്ടികള്‍, നല്ല റിലേ ഓട്ടക്കാരെപ്പോലെ
കേരളത്തിലെമ്പാടും എത്തിച്ചു.
ഞാന്‍ - ക്രെഡിറ്റു മുഴുവന്‍ ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിനു നല്‍കുകയാണോ
അങ്ങ്?
റൂഹാ - ഒരിക്കലുമല്ല. നിങ്ങളുടെ 'സത്യജ്വാല'യുടെ ജന്മം സഫലമായി. പുറമേ, നിങ്ങളെ പ്രോത്സാഹിപ്പിച്ച മാധ്യമങ്ങള്‍, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ. ചര്‍ച്ചാവിഷയമെങ്കിലുമാകട്ടെ
എന്നു കരുതി ഭൂമികുംഭകോണങ്ങളില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍, ലഘുലേഖ വിതരണം ചെയ്തവര്‍, പാതിരാത്രി പോസ്റ്ററൊട്ടിച്ചവര്‍, തല്ലുമേടിച്ചവര്‍, വേട്ടയാടപ്പെട്ടവര്‍.... ബോധജ്ഞാനത്തിന്റെ സിംഹാസനമായ
എനിക്കുപോലും ലിസ്റ്റു പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല.
ഞാന്‍ - ആ യാക്കോബായക്കാരന്‍ റമ്പാച്ചന്റെ ആള്‍ക്കാരുകൂടി
വന്നതുകൊണ്ടാണ് ആളും ഓളവും കൂടിയത്.
റൂഹാ - സുപ്രീംകോടതി വിധി ആ പാവങ്ങളുടെ സഭതന്നെ ഇല്ലാതാക്കിയല്ലോ.
തുല്യദുഃഖിതര്‍ ഒരുമിച്ചു. അത്രതന്നെ. ഇനി മുന്നോട്ടും നിങ്ങള്‍ ഒന്നിച്ചുതന്നെ
നില്‍ക്കണം. രണ്ടേകാലും കോപ്പും കൊതിച്ചുവന്നവരല്ല അവിടെ തടിച്ചുകൂടിയവര്‍.
കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും എത്തിയ ചിന്താശീലരായ പ്രബുദ്ധര്‍. അതൊരപൂര്‍വ്വ
സംഗമംതന്നെയായിരുന്നു.
ഞാന്‍ - യേശുവിന്റെ ടാബ്ലോ ശരിയായില്ലെന്നും എന്റെ മുദ്രാവാക്യങ്ങള്‍ക്കു
നീളം കൂടിയെന്നും വിലയിരുത്തല്‍കമ്മറ്റിയില്‍ അഭിപ്രായമുണ്ടായി.
റൂഹാ - തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. നിങ്ങളുടെ യേശുവിനെ
ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ യേശുവിനെ കളിയാക്കി. യേശുവായി വേഷം കെട്ടുന്നവന്‍പോലും
യേശുവിന്റെ സഹനസന്നദ്ധതയും കാരുണ്യവും ഉള്‍ക്കൊണ്ടവനായിരിക്കണം. സ്റ്റീഫന്‍
വെള്ളാന്തടത്തിലിനതുള്ളതുകൊണ്ടാണ് ദുഃഖവെള്ളിയാഴ്ച നിങ്ങള്‍ അവതരിപ്പിച്ച യേശു
വിജയിച്ചത്.
ഞാന്‍ - ചന്ദ്രനില്‍ കളങ്കം വാരിപ്പൂശിയ തമ്പുരാന്‍ ഒന്നും
തികയ്ക്കുകയില്ലല്ലോ. സമയത്ത് സ്റ്റീഫനെ കിട്ടിയില്ല. അതിരിക്കട്ടെ, ഞങ്ങളുടെ ഈ സമരവിജയത്തില്‍നിന്നും മറ്റുള്ളവര്‍
പഠിക്കാനുള്ള ഒന്നാമത്തെ പാഠമെന്താണ്?
റൂഹാ - ഒരാശയത്തിനുവേണ്ടി പൊട്ടിത്തെറിക്കുന്ന തീവ്രവാദിയായ ചാവേറിന്റെ
ആത്മാര്‍ത്ഥതയെ ആര്‍ക്കു തള്ളിപ്പറയാനാവും?
പക്ഷേ
അവന്റെ ആത്മാര്‍ത്ഥത അജ്ഞതയുടെ ശവക്കുഴിയില്‍നിന്നാണ് പിറക്കുന്നത്. സ്‌ഫോടനം സ്‌ഫോടനപരമ്പരകളെ
സൃഷ്ടിക്കുന്നു. വാളെടുക്കുന്നവന്‍ വാളാലേ. പടിപടിയായുള്ള ആശയപ്രചാരണം
കൊണ്ടുണ്ടാകുന്ന പരിവര്‍ത്തനമേ ശാശ്വതമാകൂ. ഒരു പുതിയ ആശയത്തെ അജ്ഞസമൂഹം
ആനന്ദഭരിതരായി എറ്റുവാങ്ങുമ്പോഴാണ് വസന്തത്തിന്റെ ഇടിമുഴക്കം കേട്ടുതുടങ്ങുന്നത്.
ഞാന്‍ - ചര്‍ച്ച് ആക്റ്റ് ഉടനടി പാസാകുമെന്ന് പ്രതീക്ഷിക്കാമോ?
റൂഹാ - മണ്ടാ, എവറസ്റ്റു കീഴടക്കാന്‍
എളുപ്പവഴികളില്ല.
ഞാന്‍ - ഞങ്ങള്‍ എന്തു ചെയ്യണം?
റൂഹാ - ഭര്‍ത്തൃഹരിയുടെ ഒരു ശ്ലോകമാണ് എന്റെ മറുപടി.
ഞാന്‍ - ഭര്‍ത്തൃഹരിയോ? അങ്ങേരു ഹിന്ദുവല്ലേ? ബൈബിളില്‍നിന്നു വല്ലതും?
റൂഹാ - നിനക്കൊക്കെയല്ലേ ജാതി-മത വ്യത്യാസങ്ങള്‍? ഞങ്ങള്‍ ദൈവങ്ങള്‍ക്കെവിടെ? നല്ല ആശയങ്ങള്‍ എവിടെനിന്നും സ്വീകരിക്കാം. ഏതു വിശുദ്ധഗ്രന്ഥത്തില്‍
നിന്നാണെങ്കിലും ചീത്ത ആശയങ്ങള്‍ സ്വീകരിക്കുകയും അരുത്. കേട്ടോളൂ:
''പ്രാരഭൃതേ ന ഖലുവിഘ്‌നഭയേന നീചൈഃ
പ്രാരഭ്യ വിഘ്‌നവിഹതാവിരമന്തി
മധ്യാഃ
വിഘ്‌നൈഃ പുനഃ
പുനരപി പ്രതിഹന്യമാനാഃ
പ്രാരബ്ധമുത്തമജനാഃ
ന പരിത്യജന്തി.''
ഞാന്‍ - അയ്യോ തമ്പുരാനേ, സമുസ്‌കൃതം! ഒന്നും
പിടികിട്ടിയില്ല.
റൂഹാ - നീചന്മാര്‍ തടസ്സങ്ങള്‍ പേടിച്ച് ഒന്നിനും
തുനിഞ്ഞിറങ്ങുന്നില്ല. മധ്യമന്മാര്‍ തുടങ്ങിയിട്ട് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍
പിന്മാറുന്നു. ഉത്തമന്മാര്‍ എന്തെല്ലാം വിഘ്‌നങ്ങളുണ്ടായാലും വിജയംവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.
നിങ്ങളുംവിജയംവരെ പ്രവര്‍ത്തിക്കുക. എനിക്ക് ഉടനടി പോകണം. മറിയക്കുട്ടിയെ
പിഴപ്പിച്ചു കൊന്ന ബെനഡിക്റ്റ് നരകത്തില്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നു!
മെത്രാന്മാര്‍ വിശുദ്ധനാക്കിയ സ്ഥിതി്ക്ക് സ്വര്‍ഗ്ഗത്തില്‍
പ്രവേശിപ്പിക്കണമെന്നാണവന്റെ ആവശ്യം. ഒരു ഭരണഘടനാഭേദഗതിതന്നെ ആവശ്യമായി
വന്നേക്കാം.
ഫോണ്‍- 9446561252