( ഭാഗം I 'സത്യജ്വാല' മെയ് ലക്കത്തിൽനിന്ന് )
ഫാ. ജോണ്‍ കൊച്ചുമുട്ടം ഫോണ്‍: 9961436124
[മീങ്കുന്നം സെന്റ് ജോസഫ്‌സ് ചര്‍ച്ച്
വികാരിയായ ലേഖകന്‍ 'നസ്രാണിദീപം' മാസികയുടെ ചീഫ് എഡിറ്റര്‍ കൂടിയാണ്. 2018 ഏപ്രില്‍ ലക്കം 'നസ്രാണിദീപ'ത്തിലെ 'മുഖക്കുറി'യാണ് ഈ ദീര്‍ഘലേഖനം. ഇത് രണ്ടു ലക്കങ്ങളിലായി
പ്രസിദ്ധീകരിക്കുന്നു.]
സഭാസ്വത്തുക്കള്‍ ഭരിക്കാന്‍ ഒരു സിവില്‍ നിയമം ആവശ്യമാണെന്ന മുറവിളി എമ്പാടും
ഇന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ അടയാളങ്ങള്‍ ഇതിന്റെ
അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ടുതാനും.
മാര്‍ത്തോമ്മാ നസ്രാണികളുടെ ചിരപുരാതനമായ ജീവിതശൈലിക്ക് ഒറ്റവാക്കില്‍ പറയുന്ന
ചുരുക്കപ്പേരാണ് മാര്‍ത്തോമ്മാനിയമം എന്നത്. എഴുതപ്പെട്ട നിയമം
കാണാനാവില്ലെങ്കിലും നസ്രാണികളുടെ സഭാഭരണക്രമം, ആരാധനക്രമം, ശിക്ഷണക്രമം, ആത്മീയത, വേദശാസ്ത്രം
എന്നിവയെല്ലാം ഇത് ഉള്‍ക്കൊള്ളുന്നു. എഴുതപ്പെട്ട ഒരു നിയമമല്ലാത്തതുകൊണ്ടുതന്നെ
ഇതിനെ മാര്‍ത്തോമ്മാനിയമവും വഴിപാടും എന്നാണ് വിശേഷിപ്പിച്ചു പോന്നത്. രണ്ടാം
വത്തിക്കാന്‍ കൗണ്‍സില്‍ ഉറവിടങ്ങളിലേക്ക് മടങ്ങുവാന്‍ ആഹ്വാനം
ചെയ്യുന്നുണ്ടെങ്കിലും സീറോ-മലബാര്‍ സഭ എന്നറിയപ്പെടുന്ന നസ്രാണിസഭ സ്രോതസ്സ്
തേടി കല്ദായത്തൊഴുത്തില്‍ എത്തിയിരിക്കുന്നു! ഭരണക്രമത്തിന്റെ കാര്യത്തില്‍ മാര്‍ത്തോമ്മാനിയമം
മറികടന്ന് പൗരസ്ത്യ കാനോന്‍നിയമത്തെ കെട്ടിപ്പുണര്‍ന്നിരിക്കുന്നു! സഭാശിക്ഷണം, ആത്മീയത എന്നൊക്കെ പറയുന്നത് പൗരസ്ത്യ കാനോന്‍ നിയമംകൊണ്ട്
വരിഞ്ഞുമുറക്കുന്നു!! കാനോന്‍നിയമം ദൈവ ത്തിന്റെ നിയമമെന്ന് വ്യാഖ്യാനിക്കുന്നത്
ശരിയല്ല. മാനുഷികനിയമങ്ങളെ ദൈവികനിയമങ്ങളായി വ്യാഖ്യാനിക്കരുതെന്ന് യേശുതന്നെ നിഷ്‌കര്‍
ഷിച്ചിട്ടുണ്ട്. കാനോന്‍നിയമം വിജാതീയവും വ്യാജരേഖകളില്‍ അധിഷ്ഠിതവുമാണ്.
വേദപുസ്തകത്തിലെ കല്പനകള്‍മാത്രമാണ് ദൈവത്തിന്റെ നിയമം എന്ന് ആര്‍ക്കാണ്
അറിഞ്ഞുകൂടാത്തത്? വത്തിക്കാന്‍ കൗണ്‍സില്‍
സാംസ് കാരികാനുരൂപണത്തിന് വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും, ഭാരതീയ ആത്മീയത പണിതുയര്‍ത്തുന്നതിനോ ആരാധനക്രമത്തില്‍
വേണ്ടത്ര ഭാരതീയത ഉള്‍ക്കൊള്ളു ന്നതിനോ കഴിഞ്ഞിട്ടില്ല. ഭാരതീയ വേദശാസ്ത്രം
നമുക്കിനിയും വിദൂരസ്വപ്നമാണ്.
സീറോ-മലബാര്‍സഭ ഭരണക്രമത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാട് അത്യന്തം ആക്ഷേപകരവും
അതിലേറെ കുറ്റകരവുമാണെന്നു പറയാതെ വയ്യ. പൗരസ്ത്യ കാനോന്‍
നിയമം അനുശാസിക്കുന്ന ഭരണക്രമമല്ല നസ്രാണികളുടേത്. സീറോ-മലബാര്‍സഭയ്ക്ക് ഇന്ന്
പാരീഷ് കൗണ്‍സിലും പാസ്റ്ററല്‍ കൗണ്‍സിലും എപ്പാര്‍ക്കിയല്‍ അസംബ്ലിയും ആര്‍ക്കി
എപ്പാര്‍ക്കിയല്‍ അസംബ്ലിയുമൊക്കെയുണ്ടെന്ന് അവകാശപ്പെടാമെങ്കിലും, അതെല്ലാം മാര്‍ത്തോമ്മാനിയമമനുസരിച്ചുള്ള ഭരണക്രമത്തിന്റെ
വികൃതരൂപംമാത്രമാണ്. മാര്‍ത്തോമ്മാനിയമമനുസരിച്ച് പള്ളി പള്ളിക്കാരുടേതാണ്.
പള്ളിയോഗമെടുക്കുന്ന തീരുമാനങ്ങള്‍ക്കാണ് അവിടെ പ്രസക്തി. പള്ളിസംബന്ധമായ
വികസനപ്രവര്‍ത്തനങ്ങള്‍ക്കോ ഭൗതിക ആവശ്യങ്ങള്‍ക്കോവേണ്ടി വൈദികരുടെയോ മറ്റ്
മേലധികാരികളുടെയോ നിയന്ത്രണമോ ഇടപെടലോ ഉണ്ടായിരുന്നില്ല. ഓരോ പള്ളിയും സ്വതന്ത്ര
കൂട്ടായ്മകളായിരുന്നു. പള്ളിഭരണത്തില്‍ വൈദികര്‍ തലയിടാറില്ല. അവര്‍
ആത്മീയാചാര്യന്മാരും വഴികാട്ടികളുമായിരുന്നു. ആവശ്യാനുസരണം പ്രാദേശിക പള്ളിയോഗങ്ങളും
ആകമാനപള്ളിയോഗങ്ങളും ഉണ്ടായിരുന്നു. അവയുടെയെല്ലാം തീരുമാനങ്ങള്‍
അന്തിമമായിരുന്നുതാനും.
ഇന്ന് കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞ് വികൃതമായിരിക്കുന്നു.
പള്ളിയോഗങ്ങളുടെയും എപ്പാര്‍ക്കിയല്‍ -ആര്‍ക്കി എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും
തീരുമാനങ്ങള്‍ കേവലം നിര്‍ദ്ദേശങ്ങളായി തരംതാഴ്ത്തിയിരിക്കുന്നു. പാസ്റ്ററല്‍ കൗണ്‍സില്‍
വെറും നോക്കുകുത്തികളായി നിലകൊള്ളുന്നു. അന്തിമതീരുമാനം രൂപത എപ്പാര്‍ക്കും
(ബിഷപ്പ്), ആകമാനസഭയില്‍ മെത്രാന്‍ സിനഡും
അപ്പാടെ കൈയടക്കിയിരിക്കുന്നു. മെത്രാന്‍ സിനഡിലാകട്ടെ, അല്മായരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും പ്രതിനിധികളെ
അകറ്റിനിര്‍ത്തിയിരിക്കുകയുമാണ്!
കാനോന്‍നിയമത്തിന്റെ മറവില്‍ നിയമനിര്‍മ്മാണം, നിയമവ്യാഖ്യാനം, നിയമം നടപ്പാക്കല്‍
എന്നീ ത്രിവിധ അധികാരങ്ങളും കവര്‍ന്നെടുത്തുകൊണ്ട് സര്‍വ്വാധിപത്യഅധികാരഭരണം
നടത്തുന്ന മെത്രാന്‍ സിനഡിന്റെ അധികാരകേന്ദ്രീകരണം തികച്ചും വിജാതീയവും
അപലപനീയവുമാണ്. ഇത്തരം സര്‍വ്വാധിപത്യപരമായ അധികാരപ്രയോഗം കൈവെള്ളയില്‍
ഒതുക്കിക്കൊണ്ടാണ് മെത്രാന്മാര്‍ മാര്‍ത്തോമ്മാ നിയമത്തെ
വികൃതമാക്കിയിരിക്കുന്നത്. അധികാരവും സമ്പത്തും ശക്തിയും പൗരോഹിത്യത്തിന്റെ
കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്താനുള്ള നിയമങ്ങളാണ് ഇവ. യേശു ഇവയൊന്നും
പൗരോഹിത്യത്തോട് ചേര്‍ത്തുവച്ചിട്ടില്ല. മാത്രമല്ല, ഇവയെല്ലാം സാത്താനികമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇത്തരം ഒരു പശ്ചാത്തലത്തിലാണ് മാര്‍ത്തോമ്മാനിയമത്തിന്റെ ചുവടുപിടിച്ച്
സഭാസ്വത്തുക്കള്‍ ഭരിക്കാന്‍ ഒരു സിവില്‍ നിയമം എന്ന ആശയം ഒട്ടേറെ പേര്‍ സ്വാഗതം
ചെയ്യുന്നത്. 'ഇപ്പോള്‍ എന്താ കുഴപ്പം? സഭയ്ക്ക് കാനോന്‍നിയമവും പ്രത്യേക നിയമങ്ങളുമില്ലേ? എപ്പാര്‍ക്കിയല്‍ അസംബ്ലിയും ആര്‍ക്കി എപ്പിസ്‌കോപ്പല്‍
അസംബ്ലിയുമില്ലേ?' എന്നും മറ്റും
ചോദിക്കുന്നവരുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം ഇതിന് കൃത്യമായ
ഉത്തരം നല്കുന്നു. കാനോന്‍നിയമം വിദേശനിര്‍മ്മിതനിയമമാണ്. വിദേശനിര്‍മ്മിതമായ
നിയമങ്ങളും സമാന്തരകോടതികളുംമറ്റും നിലകൊള്ളുന്നത് ഒരു
സ്വതന്ത്രപരമാധികാരരാജ്യത്തിന് ചേര്‍ന്നതല്ല. മാത്രമല്ല, രാജ്യത്തെ നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ
ബാധകമായിരിക്കുകയും വേണം. ഒരാള്‍ എത്ര ഉന്നതനായിരുന്നാലും അയാള്‍ രാജ്യനിയമങ്ങളാല്‍
ബന്ധിതനായിരിക്കണം. ''അഹഹ മൃല ലൂൗമഹ െയൗ േീൊല
മൃല ാീൃല ലൂൗമഹ'െ' (ഏലീൃഴല ഛൃ്‌ലഹ) എന്ന സമീപനം പാടില്ലല്ലോ.
മാര്‍ത്തോമ്മാനിയമത്തിന്റെ അരൂപിയിലല്ലേ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന്
ചോദിക്കുന്നവരുണ്ട്. ഇപ്പോഴത്തെ ഭരണശൈലി മാര്‍ത്തോമ്മാനിയമത്തിന് ഇണങ്ങുന്നതല്ല; അതിന്റെ വികൃതരൂപം മാത്രമാണ്. മറ്റൊരു വിമര്‍ശനം പലരും
ഉന്നയിക്കുന്നത് സഭാസ്വത്തുക്കള്‍ ദേവസ്വം ബോര്‍ഡ് പോലെയോ, വഖഫ് ബോര്‍ഡ് പോലെയോ സര്‍ക്കാരിന്റെ ഇടപെടല്‍ വഴി
അലങ്കോലപ്പെടാന്‍ ഇടയാവുകയില്ലേ എന്നതാണ്?
ജസ്റ്റീസ്
കൃഷ്ണയ്യര്‍ അവതരിപ്പിച്ച ചര്‍ച്ച് ആക്ടിന്റെ കരട് ബില്ലിനെപ്പറ്റി വിശദമായി
പഠിക്കുമ്പോള്‍ സഭാസ്വത്തുക്കളുടെ ഭരണവും നിയന്ത്രണവും സഭയുടെ വിവിധതലങ്ങളില്‍നിന്ന്
തിരഞ്ഞെടുക്കപ്പെട്ടവരുടെ കരങ്ങളിലാണെന്ന് കാണാനാകും. സര്‍ക്കാരിന്റെ
ആകെക്കൂടിയുള്ള നിയന്ത്രണം എന്നു പറയുന്നത് സര്‍ക്കാര്‍ നിയമിക്കുന്ന ഒരു
കമ്മീഷണര്‍ കാര്യങ്ങളുടെ മേല്‍നോട്ടക്കാരനായിരിക്കും എന്നതാണ്. അതിനാല്‍ കാര്യങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കുകയോ
കുരുടര്‍ ആനയെക്കണ്ടതുപോലെ ആശയം സ്വരൂപിക്കുകയോ പാടില്ല. കരട് ബില്ല് ഗൗരവപൂര്‍വ്വം
പഠിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായി പ്രതികരിക്കുകയാണ് വേണ്ടത്. കമ്മീഷണറുടെ
അധികാരാവകാശങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ച യാകാം; ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാം.
ദയാവധം, ഭ്രൂണഹത്യ തുടങ്ങിയ
മനുഷ്യമാഹാത്മ്യത്തെ ഹനിക്കുന്നതും ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ
നിയമനിര്‍മ്മാണ ശിപാര്‍ശകള്‍ പല്ലും നഖവും ഉപയോഗിച്ച് ക്രൈസ്തവര്‍ എതിര്‍ക്കേണ്ടതു
തന്നെ. എന്നാല്‍ ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കാന്‍ ഒരു സിവില്‍ നിയമം വേണം
എന്ന ആശയം എതിര്‍ക്കപ്പെടേണ്ടതുണ്ടോ? ബൈബിള്‍ പ്രബോധനം അനുസരിച്ച്
ദൈവത്തെയും മാമോനെയും ഒരേ സമയം സേവിക്കുക സാധ്യമല്ല (മത്താ. 6:24, ലൂക്കോ. 16:13). സീസറിനുള്ളത് സീസറിനും
ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം (മത്താ. 22:21). 'സീസര്‍' ക്രൈസ്തവരുടെ സമൂഹ
സമ്പത്ത് നീതിപൂര്‍വ്വം ഭരിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതില്‍
തെറ്റ് ആരോപിക്കുവാന്‍ കഴിയുമോ?
സ്വത്തുക്കളും സമ്പത്തും പൊതുവിലുള്ളതാണെങ്കില്‍ അവ
നിയമത്തിനുകീഴിലായിരിക്കണമെന്നത് ഒരു റിപ്പബ്‌ളിക്കന്‍ പ്രമാണമാണ്. ഇന്ത്യ ഒരു
സ്വതന്ത്രപരമാധികാരറിപ്പബ്ലിക്കാണ്. നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാത്ത ഒരു
പൊതുപ്രവര്‍ത്തനവും ഈ റിപ്പബ്‌ളിക്കില്‍ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ട് ഒരു
സാമൂഹികപ്രസ്ഥാനം എന്ന നിലയില്‍ സഭയുടെ വരുമാനങ്ങളും സ്വത്തുക്കളും
രാഷ്ട്രനിയമത്തിന് വിധേയമായിരിക്കണമെന്നത് അടിസ്ഥാനആവശ്യമാണ്.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് വില്യം പീറ്റ്
ജൂണിയര്‍. അദ്ദേഹം പറയുന്നു: 'Where law ends there anarchey begins' (എവിടെ നിയമം ഇല്ലാതാകുന്നുവോ
അവിടെ അരാജകത്വം ആരംഭിക്കുന്നു). ഒലിവര്‍ ഗോള്‍ഡ് സ്മിത്ത് തന്റെ പ്രസിദ്ധമായ 'Vicar of Wakefield' എന്ന കൃതിയില്‍ എഴുതി: Where wealth accumulates there men decay'(എവിടെ സമ്പത്ത്
കുന്നുകൂടുന്നുവോ അവിടെ മനുഷ്യര്‍ ജീര്‍ണിക്കുന്നു). ഒരു ജനാധിപത്യ റിപ്പബ്‌ളിക്കിനെ
സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അധികാരിയും നിയമത്തിന് കീഴിലാണ് (Even the highest person in a republic would be
below the law) - ഇതാണ് തത്ത്വം. ഈവക ചിന്താധാരകള്‍ വച്ചുനോക്കുമ്പോള്‍ സ്റ്റേറ്റിന്
മതസ്ഥാപനങ്ങളുടെ സ്വത്ത് ഭരിക്കുന്നതിനെ സംബന്ധിച്ച് നിയമം നിര്‍മ്മിക്കുവാന്‍
അവകാശമുണ്ട്.
മതസ്ഥാപനങ്ങള്‍ക്ക് സ്വത്തുക്കള്‍ സമാഹരിക്കുന്നതിനും സമ്പത്ത് ആര്‍ജിക്കുന്നതിനും
വിനിയോഗിക്കുന്നതിനും ഭരണഘടനാനുസൃതമായ അവകാശമുണ്ട് (വകുപ്പ് 25). എന്നാല്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ. റ്റി.
തോമസ് പറയുന്നു: ''മതസ്ഥാപനങ്ങള്‍ക്ക്
സ്വത്തുക്കള്‍ സമാഹരിക്കുന്നതിനോ, സമ്പത്ത് ആര്‍ജിക്കുന്നതിനോ
വിനിയോഗിക്കുന്നതിനോ ഉള്ള ഒരു മൗലികാവകാശമായി ഭരണഘടനാശില്പികള്‍ ഈ വകുപ്പിനെ
ഉദ്ദേശിച്ചിട്ടില്ല''. അദ്ദേഹം തന്റെ
വ്യാഖ്യാനത്തിന് ഉപോല്‍ബലകമായി ഭരണഘടനയുടെ 25-ാം വകുപ്പിന്റെ രണ്ടാം
ഉപവകുപ്പ് എടുത്തുകാട്ടുന്നു. അതിന്‍പ്രകാരം ''ഈ അനുച്ഛേദത്തിലെ യാതൊന്നും മതാചരണത്തോട് ബന്ധപ്പെടുന്ന സാമ്പത്തികമോ, ധനപരമോ, രാഷ്ട്രീയമോ ആയ
ഏതെങ്കിലും പ്രവര്‍ത്തനത്തെയോ, മതേതരമായ മറ്റ്
ഏതെങ്കിലും പ്രവര്‍ത്തനത്തെയോ ക്രമപ്പെടുത്തുന്നതോ, നിയന്ത്രിക്കുന്നതോ..... ആയ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ പ്രവര്‍ത്തനത്തെ
ബാധിക്കുകയോ, അങ്ങനെയുള്ള ഏതെങ്കിലും നിയമം
നിര്‍മ്മിക്കുന്നതില്‍നിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല.'' ഭരണഘടനയുടെ 26-ാം വകുപ്പുകൂടി
ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു: പൊതുസമാധാനത്തിനും സാന്മാര്‍ഗികതയ്ക്കും
ആരോഗ്യത്തിനും വിധേയമായി ഓരോ മതവിഭാഗത്തിനും അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും
ഭാഗത്തിനും ......സ്ഥാവരവും ജംഗമവുമായ വസ്തുക്കള്‍ ഉടമയില്‍ വയ്ക്കുന്നതിനും ആര്‍ജ്ജിക്കുന്നതിനും; അങ്ങനെയുള്ള വസ്തുവിന്റെ ഭരണം നിയമാനുസൃതമായി
നടത്തുന്നതിനും അവകാശം ഉണ്ടായിരിക്കുന്നതാണ്''
(21-08-2004-ല്‍ കോട്ടയത്ത് ക്രൈസ്തവ സംയുക്തകര്‍മ്മസമിതിയുടെ ആശയപ്രചരണയോഗം ഉദ്ഘാടനം
ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍നിന്ന്). ഇവിടെ, നിയമാനുസൃതമായി (according to law) എന്ന പ്രയോഗം പ്രത്യേകം
ശ്രദ്ധേയമാണ്; പാര്‍ലമെന്റിനോ, നിയമസഭകള്‍ക്കോ മാത്രമേ ഒരു റിപ്പബ്‌ളിക്കില്‍ പൊതുനിയമം
നിര്‍മ്മിക്കാനുള്ള അധികാരമുള്ളൂ. മതസ്ഥാപനങ്ങളെന്നപേരില്‍ രാഷ്ട്രനിയമത്തിന്
വിധേയമായല്ലാതെ വസ്തുവകകള്‍ ഭരിക്കാന്‍ മതസമൂഹങ്ങള്‍ക്ക് അവകാശമില്ല. (തുടരും)
No comments:
Post a Comment