(5-ാം ഭാഗം)
പ്രൊഫ. പി.എല്‍. ലൂക്കോസ് ഫോണ്‍: 9446578174
ശിശുക്കളുടെ മാമ്മോദീസ എന്തിന്?
ഇല്ലായ്മയില്‍നിന്നു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു
വിശ്വസിക്കുന്നതുപോലെ ഇല്ലായ്മയില്‍നിന്ന് ആഗസ്തീനോസ് സൃഷ്ടിച്ച ഉത്ഭവപാപത്തിനു
ചില ക്രിസ്തീയസഭകള്‍ കണ്ടുപിടിച്ച പരിഹാരക്രിയയാണ് ശിശുക്കളുടെ മാമ്മോദീസാ.
ജ്ഞാനസ്‌നാനത്തിനുള്ള കല്പന യേശു നല്കിയിട്ടുണ്ടല്ലോ എന്ന വാദത്തിനു ഇവിടെ
പ്രസക്തിയില്ല. മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷങ്ങളുടെ സമാപനം ഉത്ഥിതനായ
ക്രിസ്തു ശിഷ്യഗണത്തെ ഏല്പിക്കുന്ന
പ്രേഷിതദൗത്യത്തോടും ജ്ഞാനസ്‌നാനപ്പെടുത്താനുള്ള നിര്‍ദ്ദേശത്തോടും
കൂടിയാണ് എന്നതു ശരിതന്നെ. പക്ഷേ, യേശു വളരെ വ്യക്തമായി പറഞ്ഞത്
ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിച്ച് വിശ്വസിക്കുന്നവരെ ജഞാനസ്‌നാനപ്പെടുത്താനാണ്.
മറ്റേതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നവനോ ഒരു മതത്തിലും വിശ്വസിക്കാത്തവനോ
കാര്യങ്ങള്‍ വേണ്ടവിധം പഠിച്ച് സ്വന്തം
ഇഷ്ടപ്രകാരം ക്രിസ്തീയവിശ്വാസം സ്വീകരിക്കുമ്പോള്‍ ജ്ഞാനസ്‌നാനം നല്കുന്നത് തീര്‍ച്ചയായും
അര്‍ത്ഥവത്താണ്. ഔപചാരികമായ വിശ്വാസപ്രഖ്യാപനം നടത്താതെതന്നെ ക്രിസ്ത്യാനികളായ
മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടി ക്രിസ്ത്യാനിയായിട്ടും ഹൈന്ദവര്‍ക്കു
പിറക്കുന്ന കുട്ടികള്‍ ഹിന്ദുക്കളായിട്ടുമല്ലേ സമൂഹം കണക്കാക്കുന്നത്? പത്തോ ഇരുപതോ ലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്നു എന്നു
സങ്കല്പിക്കപ്പെടുന്ന ആദിമാതാപിതാക്കള്‍ ചെയ്തതെന്നു കരുതുന്ന അജ്ഞാതമായ ഏതോ
പാപത്തിന്റെ കറ നീക്കാനായി ഏഴോ എട്ടോ ദിവസം പ്രായമുള്ള ശിശുവിന്റെ തലയില്‍
വെള്ളമൊഴിക്കാന്‍ യേശുവോ പൗലോസ് ശ്ലീഹയോ നിര്‍ദ്ദേശിച്ചിട്ടില്ല. റോമാക്കാര്‍ക്കെഴുതിയ
ലേഖനം 6:3-ലും ഗലാത്തിയക്കാര്‍ക്കുള്ള ലേഖനം 3:27-ലും പൗലോസ് ശ്ലീഹാ പരാമര്‍ശിക്കുന്നത്, യേശുവിനോട് ഐക്യപ്പെടാന്‍വേണ്ടി താനും അനുയായികളും സ്വീകരിച്ച മുതിര്‍ന്നവര്‍
ബോധപൂര്‍വ്വം പുതിയ വിശ്വാസം സ്വീകരിക്കുന്ന അനുരഞ്ജനത്തിന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ചാണ്.
പ്രായപൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെ ഒരാഴ്ചയോ ഒരു മാസമോമാത്രം പ്രായമായ
കുഞ്ഞിനു മാമോദീസനല്കുന്നത് ശൈശവവിവാഹം പോലെ ബാലാവകാശ ലംഘനമായി പരിഗണിക്കേണ്ടതാണ്.
അനുതാപവും മാനസാന്തരവും പരസ്യമായി വെളിപ്പെടുത്തുന്ന
മമ്മോദീസ അനാവശ്യമാണെന്ന് വിവരമുള്ളവരാരും വാദിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍,
ഉത്ഭവപാപം ഇല്ലെന്ന് നൂറുശതമാനം ഉറപ്പുള്ളപ്പോള്‍, ഇല്ലാത്ത ആ ബാധ
നവജാതശിശുക്കളില്‍നിന്ന് ഒഴിപ്പിക്കാനായി ആഭിചാരക്രിയ നടത്തുന്നതുപോലെ
കാട്ടിക്കൂട്ടുന്ന കോപ്രായം വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ശക്തിയായി എതിര്‍ക്കണം.
ഇടവകജനങ്ങളെ വരുതിക്കു നിറുത്താനായി സഭ
ദുരുപയോഗിക്കുന്ന ഒരായുധമാണ് ശിശുക്കളുടെ മാമ്മോദീസ എന്ന് എല്ലാവരും
മനസ്സിലാക്കുക.. ഈ അനുഷ്ഠാനത്തിന്റെ
ആദ്യഭാഗം എത്രമാത്രം അരോചകമാണെന്ന് പ്രബുദ്ധരായ ദൈവജനം ശ്രദ്ധിക്കുന്നില്ല.
ഒരാള്‍ക്കു ചെയ്യാന്‍ പറ്റുന്ന എല്ലാ ദുഷ്‌കൃത്യങ്ങളും ചെയ്യുന്ന കൊടിയ പാപികളും
അഭിസാരികകളും നിര്‍ബ്ബാധം പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ 'മാലാഖാക്കുഞ്ഞ്
' എന്നു വിശേഷിപ്പിക്കാറുള്ള നവജാത ശിശുവിനെ പള്ളിക്കകത്തു കയറ്റാതെ
വാതിലിനുപുറത്തു നിറുത്തി പിശാചുക്കളെ ഓടിക്കാനുള്ള മന്ത്രവാദംപോലെ നടത്തുന്ന
അനുഷ്ഠാനത്തെ എങ്ങനെ നീതീകരിക്കാനാകും? പള്ളിയിലേക്കു നേരെ
കടന്നുവരുന്ന മഹാപാപികളുടെ കൂടെ വരാത്ത എത്ര കുപ്പിണി പിശാചുക്കളാണ് ഈ
മാലാഖാക്കുഞ്ഞിന്റെ പിറകേ വരുന്നത് ? എത്ര അപലപനീയമായ
അനുഷ്ഠാനം!
പ്രായപൂര്‍ത്തിയായ ഒരാള്‍ ദൈവഹിതത്തിനു വിധേയമായി
ജീവിച്ചുകൊള്ളാം എന്ന പ്രതിജ്ഞയോടെ സ്വീകരിക്കേണ്ട വിശ്വാസത്തിന്റെ കൂദാശയായ
മാമ്മോദിസാ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നല്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്യുന്നവരോട്
ചിലര്‍ ചോദിക്കാറുള്ളത് യേശു സ്‌നാപകയോഹന്നാനില്‍നിന്നു
മാമ്മോദിസാ സ്വീകരിച്ചില്ലേ എന്നാണ്.
യോഹന്നാന്‍ എതിര്‍ത്തിട്ടും യേശു എന്തിന് പശ്ചാത്താപത്തിന്റെയും
മാനസാന്തരത്തിന്റെയും പ്രതീകമായ ജ്ഞാനസ്‌നാനം ചോദിച്ചു വാങ്ങി എന്നതിന്
സ്വീകാര്യമായ ഒരുത്തരം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. തന്റെ പരസ്യജീവിതം
ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്വന്തം ഭവനത്തോടും ബന്ധുമിത്രാദികളോടും വിടപറയുന്നതിന്റെ
പ്രതീകാത്മകമായ ചടങ്ങായിരുന്നു യേശുവിന്റെ ജ്ഞാനസ്‌നാനം എന്ന വിശദീകരണമാണ്
എറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ യോഹന്നാനില്‍നിന്നു മാമ്മോദിസാ സ്വീകരിക്കുന്നതിന്
16 വര്‍ഷം മുന്‍പു തന്നെ യേശുവിന്റെ പരസ്യജീവിതം തുടങ്ങിയിരുന്നുവെന്ന് വിശ്വാസികളില്‍
ബഹുഭൂരിപക്ഷവും ഇന്നുവരെ അറിഞ്ഞിട്ടില്ല ; സഭയാകട്ടെ അറിഞ്ഞിട്ട്
അറിഞ്ഞതായി ഭാവിക്കുന്നില്ല. യേശുവിന്റെ മുന്‍കാല ജീവിതം അജ്ഞാതമായിരുന്നു. അല്പം
ചിലതൊക്കെ അറിഞ്ഞിരുന്ന ലൂക്കാ 'യേശു ജ്ഞാനത്തിലും പ്രായത്തിലും
ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു' എന്ന് ഒഴുക്കന്‍ മട്ടിലെഴുതി യേശുവിന്റെ ചരിത്രത്തിന്റെ പൂര്‍വ്വാര്‍ദ്ധം
ഉപസംഹരിച്ചു. ഉല്പത്തിപ്പുസ്തകത്തിന്റെ ആദ്യഭാഗം ചികഞ്ഞുപെറുക്കി കഴിയുന്നിടത്തോളം
വിശ്വാസസത്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള വ്യഗ്രതയില്‍ യേശുവിന്റെ 16 വര്‍ഷങ്ങളെപ്പറ്റി
ഗവേഷണം നടത്താന്‍ ക്രിസ്തീയസഭകള്‍ക്കൊന്നും താത്പര്യമുണ്ടായില്ല.
മറിയത്തെയും
ജോസഫിനെയും വിട്ട് 13-ാ മത്തെ വയസ്സില്‍ സാര്‍ത്ഥവാഹകസംഘത്തിന്റെ കൂടെ യേശു
പോന്നത് ഇന്ത്യയിലേക്കായിരുന്നു. ഹിന്ദു-ബുദ്ധ മതക്കാരുടെ ഗ്രന്ഥങ്ങളും വിശ്വാസ-
നിയമ
സംഹിതകളും പഠിയ്ക്കുകയായിരുന്നു ലക്ഷ്യം. 14-ാ മത്തെ വയസ്സു
മുതല്‍ ആറു വര്‍ഷക്കാലം ആര്യന്മാരുടെ ഊഷ്മളമായ ആതിഥ്യം സ്വീകരിച്ച് സിന്ധുനദീതടമായ
ഓറിസ് പ്രോവിന്‍സിലെ Juggernaut, Rajegriha എന്നിവിടങ്ങളിലും
ബനാറസ്സിലുമായി താമസിച്ചു. വേദങ്ങളും പുരാണങ്ങളും ആര്യന്മാര്‍തന്നെ പഠിപ്പിച്ചു.
എന്നാല്‍ ത്രിമൂര്‍ത്തികള്‍, ബ്രഹ്മാവും വിഷ്ണുവും ശിവനും, പരബ്രഹ്മത്തില്‍ നിന്നുടലെടുത്ത അവതാരങ്ങളാണെന്ന സിദ്ധാന്തം യേശു നിഷേധിച്ചു.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും വിധികര്‍ത്താവുമായ അനശ്വരശക്തി അവിഭാജ്യമായ
(indivisible) ഒരേയോരു അരൂപിയാണെന്ന് അവരെ ബോധ്യപ്പെടുത്താനാണ് യേശു
ശ്രമിച്ചത്. വിഗ്രഹാരാധനയെയും
മനുഷ്യ-മൃഗബലികളെയും എതിര്‍ക്കുകയും, ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കുമുള്ള എല്ലാ യോഗ്യതകളും അവകാശങ്ങളും വൈശ്യര്‍ക്കും
ശൂദ്രര്‍ക്കും ഉണ്ടെന്നു വാദിക്കുകയും ചെയ്തതോടെ സവര്‍ണ്ണരുടെ അപ്രീതിക്കു
പാത്രമായി. ബന്ധം വഷളായതോടെ ഇസ്സാ (ISSA) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യേശു
ബുദ്ധമത കേന്ദ്രങ്ങളിലേക്കു കടന്നു. ഈ ആത്മീയതിര്‍ത്ഥാടകനെ ബുദ്ധഭിക്ഷുക്കള്‍
സന്തോഷത്തോടെ സ്വീകരിച്ചു. ബുദ്ധമത ഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരുന്ന പാലി
(Pali) ഭാഷ പഠിച്ച് ആറുവര്‍ഷം കൊണ്ട് ആ ഗ്രന്ഥസമുച്ചയങ്ങള്‍ ഹൃദിസ്ഥമാക്കി.
മടക്കയാത്രയില്‍ ഏതാനും മാസക്കാലം പേര്‍ഷ്യയില്‍ താമസിച്ച് സൊറോവാസ്ട്രിയന്‍
മതക്കാരുമായി സംവദിച്ചശേഷമാണ് ഇരുപത്തൊന്‍പതാമത്തെ വയസ്സില്‍ ഇസ്സാ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. അത് പരസ്യജീവിതം
ആരംഭിക്കാനല്ല, അതു പൂര്‍ത്തിയാക്കാനായിരുന്നു. പതിനാറു വര്‍ഷത്തെ
പ്രവാസം കഴിഞ്ഞു വന്നപ്പോള്‍ സ്വന്തക്കാരുടെകൂടെ തിരിച്ചുചേരുന്നതിന്റെ
പ്രതീകമായിട്ടായിരിക്കാം യേശു ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മരപ്പണിക്കാരനായി
നസ്രത്തിലോ അടുത്തെവിടെയെങ്കിലുമോ യേശു താമസിച്ചിരുന്നെങ്കില്‍, 'ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ?' എന്നൊക്കെ യഹൂദര്‍ വിസ്മയഭരിതരായി ചോദിക്കേണ്ടിവരുമായിരുന്നില്ല.
പശ്ചിമേഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍വഴി കൂടെക്കൂടെ ഇന്ത്യയിലും ടിബറ്റിലും
എത്തിയിരുന്ന സാര്‍ത്ഥവാഹകരില്‍ നിന്നാണ് തങ്ങളുടെ പ്രിയപ്പെട്ട ഇസ്സായെ
പീലാത്തോസ് തൂക്കിലേറ്റിയ വിവരം ബുദ്ധഭിക്ഷുക്കള്‍ അറിയുന്നത്. ദുഃഖിതരായ അവര്‍
ഇസ്സായെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നതും ഇസ്സായുടെ അന്ത്യത്തെപ്പറ്റി സാര്‍ത്ഥവാഹകര്‍
പറഞ്ഞ് അറിഞ്ഞതുമായ കാര്യങ്ങള്‍ ചര്‍മ്മപത്രങ്ങളില്‍ (Parchments) എഴുതി ഭദ്രമായി
സൂക്ഷിച്ചു.
ഉല്പത്തിപ്പുസ്തകംപോലെ
ഇതൊന്നും ആരുടെയും ഭാവനാസൃഷ്ടിയല്ല. 1887- ല്‍ സഞ്ചാര പ്രിയനായിരുന്ന നിക്കോളാസ്
നോട്ടോവിച്ച് (Nicolas Notovitch) എന്ന റഷ്യാക്കാരന്‍ അഫ്ഗാനിസ്ഥാനിലും പശ്ചിമ ഭാരതത്തിലും സഞ്ചാരം പൂര്‍ത്തിയാക്കി
ഹിമാലയത്തിലെത്തി. പിന്നീട് അക്കാലത്തു ടിബറ്റിന്റെ ഭാഗമായിരുന്ന, ലിറ്റില്‍ ടിബറ്റ് എന്നറിയപ്പെട്ടിരുന്ന, ലഡാക്കില്‍ എത്തിച്ചേര്‍ന്നു.
കുതിരപ്പുറത്തുനിന്നു തെറിച്ചുവീണ നിക്കോളാസ് ലഡാക്കിലെ പ്രസിദ്ധമായ ഹിമിസ് (HIMIS) സന്ന്യാസിമഠത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള ചര്‍മ്മപത്രച്ചുരുളുകളുടെ
(Scrolls)
കാര്യം മഠാധിപനായ ലാമാ പറയുന്നതും, ലാമാ വായിച്ചു കേള്‍പ്പിച്ച പാലി ഭാഷയിലുള്ള ചുരുളുകളുടെ ഉള്ളടക്കം ദ്വിഭാഷിയുടെ സഹായത്തോടെ നിക്കോളാസ്
കുറിച്ചെടുത്തതും. തനിക്കു ലഭിച്ച
അത്ഭുതകരമായ വിവരം ചില പുരോഹിതശ്രേഷ്ഠന്മാരെ നിക്കോളാസ് അറിയിച്ചതാണ്. തന്റെ
കൈവശമുണ്ടായിരുന്ന കൈയെഴുത്തുപ്രതി തട്ടിയെടുത്ത് മറച്ചുവയ്ക്കാനും
നശിപ്പിക്കാനുമായിരുന്നു കുടിലമനസ്‌കരായ ആ പുരോഹിതരുടെ ഉന്നം എന്നു മനസ്സിലാക്കിയ
നിക്കോളാസ് അവരുടെ താത്പര്യത്തിനു വഴങ്ങിയില്ല. പിന്നീട് നിക്കോളാസ് നോട്ടോവിച്ച്
തനിയെ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണ് 'The Unknown Life of Jesus Christ.'
നാലു
സുവിശേഷങ്ങളും എഴുതപ്പെട്ടത് എ.ഡി. 65-95 കാലഘട്ടത്തിലാണെങ്കില്‍ ഹിമിസിലേയും
ലാസ്സായിലെയും ബുദ്ധമഠങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ചര്‍മ്മപത്രങ്ങള്‍
ക്രിസ്തുവിന്റെ മരണശേഷം മൂന്നു വര്‍ഷത്തിനുള്ളിലാണ് തയ്യാറാക്കിയത് എന്ന വസ്തുത
വളരെ പ്രധാനമാണ്. (തുടരും)
അനുതാപവും മാനസാന്തരവും പരസ്യമായി വെളിപ്പെടുത്തുന്ന
മമ്മോദീസ അനാവശ്യമാണെന്ന് വിവരമുള്ളവരാരും വാദിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍,
ഉത്ഭവപാപം ഇല്ലെന്ന് നൂറുശതമാനം ഉറപ്പുള്ളപ്പോള്‍, ഇല്ലാത്ത ആ ബാധ
നവജാതശിശുക്കളില്‍നിന്ന് ഒഴിപ്പിക്കാനായി ആഭിചാരക്രിയ നടത്തുന്നതുപോലെ
കാട്ടിക്കൂട്ടുന്ന കോപ്രായം വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ശക്തിയായി എതിര്‍ക്കണം.
ഇടവകജനങ്ങളെ വരുതിക്കു നിറുത്താനായി സഭ
ദുരുപയോഗിക്കുന്ന ഒരായുധമാണ് ശിശുക്കളുടെ മാമ്മോദീസ എന്ന് എല്ലാവരും
മനസ്സിലാക്കുക.. ഈ അനുഷ്ഠാനത്തിന്റെ
ആദ്യഭാഗം എത്രമാത്രം അരോചകമാണെന്ന് പ്രബുദ്ധരായ ദൈവജനം ശ്രദ്ധിക്കുന്നില്ല.
ഒരാള്‍ക്കു ചെയ്യാന്‍ പറ്റുന്ന എല്ലാ ദുഷ്‌കൃത്യങ്ങളും ചെയ്യുന്ന കൊടിയ പാപികളും
അഭിസാരികകളും നിര്‍ബ്ബാധം പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ 'മാലാഖാക്കുഞ്ഞ്
' എന്നു വിശേഷിപ്പിക്കാറുള്ള നവജാത ശിശുവിനെ പള്ളിക്കകത്തു കയറ്റാതെ
വാതിലിനുപുറത്തു നിറുത്തി പിശാചുക്കളെ ഓടിക്കാനുള്ള മന്ത്രവാദംപോലെ നടത്തുന്ന
അനുഷ്ഠാനത്തെ എങ്ങനെ നീതീകരിക്കാനാകും? പള്ളിയിലേക്കു നേരെ
കടന്നുവരുന്ന മഹാപാപികളുടെ കൂടെ വരാത്ത എത്ര കുപ്പിണി പിശാചുക്കളാണ് ഈ
മാലാഖാക്കുഞ്ഞിന്റെ പിറകേ വരുന്നത് ? എത്ര അപലപനീയമായ
അനുഷ്ഠാനം!
No comments:
Post a Comment