Translate

Saturday, July 14, 2018

അസാന്മാർഗിക വൈദീകരും വിശുദ്ധ നുണകളും


ജോസഫ് പടന്നമാക്കൽ 

'ഓർത്തോഡോക്സ്', 'കത്തോലിക്ക' എന്ന രണ്ടു പ്രബല ക്രിസ്ത്യൻ സമൂഹങ്ങളിലുള്ള പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങൾ അടുത്ത കാലത്തായി ദൃശ്യ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയാകളിലും  പ്രധാന വാർത്തകളായി സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മലങ്കര ഓർത്തോഡോക്സ് പുരോഹിതരുടെയിടെയിലാണ് പുതിയ സംഭവവികാസങ്ങളിൽ ആദ്യത്തെ പീഡന കഥയാരംഭിച്ചത്. സാധാരണ ഇത്തരം കേസുകൾ കത്തോലിക്ക പുരോഹിതരുടെ ഇടയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു ഓർത്തോഡോക്സ് പുരോഹിതരുടെ ലൈംഗിക കുറ്റാരോപണങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങൾ പഴി ചാരുന്നത് കത്തോലിക്കാ സഭയെയാണ്. ഓർത്തോഡോക്സ് സഭയിൽ അഞ്ചു പുരോഹിതർ വിവാഹിതയായ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആ സ്ത്രീയുടെ ഭർത്താവ് പരാതി നൽകിയിരിക്കുന്നത്. അവരിൽ നാലു പുരോഹിതരുടെ പേരിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു.

കത്തോലിക്ക സഭയിൽ ലൈംഗിക അപവാദത്തിൽ പ്രതി ഒരു ബിഷപ്പായതുകൊണ്ടാണ് വാർത്തകൾക്കു കോളിളക്കം സൃഷ്ടിക്കാൻ കാരണമായത്. ബിഷപ്പിനെതിരെ കുറ്റം ആരോപിച്ചത് ഒരു കന്യാസ്ത്രീയും. 2016 മുതൽ ജലന്ധറിലെ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ തന്റെ കീഴിലുള്ള ഒരു കോൺവെന്റിലെ കന്യാസ്ത്രിയെ പല കാലങ്ങളായി പതിമൂന്നു തവണകൾ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. പക്ഷെ ഈ രണ്ടു കേസുകളിലെയും സഭാ നേതൃത്വങ്ങൾ കേസുകളെ മറച്ചുവെക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട്ട് കന്യാസ്ത്രീകളുടെ മഠം വക അതിഥി മന്ദിരത്തിലെ ഇരുപതാം നമ്പർ മുറിയിൽ വെച്ച് കന്യാസ്ത്രിയെ പീഡിപ്പിച്ചുവെന്നാണ്, പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ജലന്ധറിൽ നിന്നും കൂടെ കൂടെ ബിഷപ്പ് അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും മഠത്തിൽ വെച്ച് അവരെ പ്രകൃതി വിരുദ്ധത ഉൾപ്പടെ പതിമൂന്നു തവണകൾ പീഡിപ്പിച്ചുവെന്നും   പീഡനം 2014 മുതൽ 2016 വരെയെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. 2014 മെയ് എട്ടാം തിയതി വൈദികരുടെ പട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് കാർമ്മികനായിരുന്നു. അതിനുശേഷമാണ് കുറവിലങ്ങാട്ട് ബിഷപ്പ് താമസിക്കാൻ വന്നത്. തൊട്ടടുത്ത ദിവസം തന്നെ കന്യാസ്ത്രീയുടെ കുടുംബത്തിലുള്ള ഒരു കുട്ടിയുടെ ആദ്യ കുർബാനയിലും ബിഷപ്പ് പങ്കുകൊണ്ടിരുന്നു. പീഡനം നടത്തിയ നാളുകളിലെല്ലാം ഫ്രാങ്കോ മഠത്തിൽ താമസിച്ചിരുന്നതായുള്ള രേഖകൾ മഠം വക രജിസ്റ്ററിൽനിന്നു പോലീസിനു ലഭിച്ചിട്ടുമുണ്ട്.

സ്ത്രീകൾ മാത്രം താമസിക്കാറുള്ള ഒരു മഠത്തിനുള്ളിൽ ബിഷപ്പിന് താമസിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഫോണിൽക്കൂടി നിത്യം ബിഷപ്പിന്റെ ശല്യം സഹിക്ക വയ്യാതെ സന്യാസിനി ജീവിതം ഉപേക്ഷിക്കാനായും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നതായും  പോലീസിനോടു ഇരയായ ഈ കന്യാസ്ത്രി  പറഞ്ഞു.  പള്ളി വികാരിയോട് പീഡന കഥകൾ പറഞ്ഞപ്പോൾ അദ്ദേഹം ഈ വിവരം പാലാ ബിഷപ്പിനെ അറിയിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. പാലാ ബിഷപ്പ് കുറവിലങ്ങാട്ടുള്ള പള്ളി മേടയിൽ വെച്ച് നേരിട്ട് കന്യാസ്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അതിനുശേഷം താൻ അനുഭവിച്ചതായ പീഡന കഥകളെപ്പറ്റി കന്യാസ്ത്രി ആലഞ്ചേരിക്ക് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു. വിവരങ്ങൾ ഒന്നൊന്നായി സത്യാവസ്ഥകൾ സഹിതം പുറത്തു വന്നതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമം നൂറ്റി അറുപത്തിനാലാം വകുപ്പനുസരിച്ചാണ് പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കന്യാസ്ത്രിയോട് മജിസ്‌ട്രേറ്റിന്റെ മുമ്പിൽ രഹസ്യ മൊഴി നൽകാനും പോലീസ് ആവശ്യപ്പെടുകയും അതനുസരിച്ച് അവർ മൊഴി നൽകുകയും ചെയ്തു. കന്യാസ്ത്രീയുടെ കന്യകാത്വത്തെ അറിയാൻ വൈദ്യ പരിശോധന നടത്തിയതിലും പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. അക്കാര്യം ഡോക്ടറും സ്ഥിതീകരിച്ചു. പതിമൂന്നു തവണകൾ പീഡിപ്പിച്ച ദിനങ്ങളിലെല്ലാം ബിഷപ്പ് മഠത്തിൽ വന്നതായി രജിസ്റ്റർ ബുക്കിൽ രേഖകളുമുണ്ട്. ഇക്കാലയളവിൽ മഠത്തിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴികളും ബിഷപ്പിന് അനുകൂലമായിരുന്നില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരങ്ങൾ കർദ്ദിനാൾ ആലഞ്ചേരിയെ അറിയിച്ചിട്ടും അദ്ദേഹത്തിൻറെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ജലന്ധർ രൂപതയിലെ ഒരു പുരോഹിതന്റെ റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹം പറയുന്നു, "കേരള കത്തോലിക്ക സഭകളുടെ തലവനെന്ന നിലയിൽ കർദ്ദിനാൾ ആലഞ്ചേരിയിൽനിന്ന് മാന്യമായ പ്രതികരണം പ്രതീക്ഷിച്ചു. അദ്ദേഹത്തിന് ഫോൺ നമ്പറും ഇമെയിലും കൊടുത്തിരുന്നു. കന്യാസ്ത്രീയുടെ ദുഃഖത്തിൽ പങ്കുചേർന്നുള്ള ഒരു മറുപടി പോലും ആലഞ്ചേരിയുടെ അരമനയിൽ നിന്നും ലഭിച്ചില്ല. അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തിയത് റോമിൽ നിന്നാണ്. റോമ്മാ സഭയിലെ കർദ്ദിനാളെന്ന സ്ഥാനത്തിന്റെ പേരിൽ ജലന്ധർ ബിഷപ്പിനു മുകളിൽ ആലഞ്ചേരിക്ക് തീർച്ചയായും ആദ്ധ്യാത്മിക അധികാരവും കാണേണ്ടതാണ്. എന്നാൽ അദ്ദേഹം സംസാരിക്കുന്നതെല്ലാം വസ്തുതകളെ മറച്ചുവെച്ചുകൊണ്ടായിരുന്നു. ചാനലുകാരുടെ മുമ്പിൽ ഒന്നും അറിഞ്ഞില്ലാത്ത വിധം കാര്യ കാരണ വിരുദ്ധമായി സംസാരിക്കുകയും ചെയ്യുന്നു. റോമിൽ നിന്ന് തുടങ്ങിയ സീറോ മലബാർ സഭ നിരുത്തരവാദപരമായ ഒരു സമീപനമാണ് കന്യാസ്ത്രീയുടെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്."

ഒരു കന്യാസ്ത്രീയുടെ ജീവിതം തുടങ്ങുന്നത് കൂട്ടിനകത്ത് അടച്ചിട്ട കിളിയെപ്പോലെയാണ്. പല പുരോഹിതരും കന്യാസ്ത്രീകളെ വീക്ഷിക്കുന്നത് അവരുടെ ഭോഗ വസ്തുവായിട്ടും. സഭയെ വിശ്വസിച്ചേൽപ്പിച്ച പെൺകുട്ടികളെ കന്യാസ്ത്രി മഠങ്ങളിൽ ചിലർ അധികാരത്തിന്റെ മറവിൽ  ചവുട്ടി മെതിക്കുകയാണ് ചെയ്യുന്നത്. വീടും സ്വന്തം മാതാപിതാക്കളെയും സഹോദരരേയും ഉപേക്ഷിച്ചുകൊണ്ടാണ് ഒരു പെൺക്കുട്ടി മഠത്തിൽ ചേരുന്നത്. അങ്ങനെയുള്ള ഒരു കന്യാസ്ത്രീയുടെ ഹൃദയം തകർന്നുള്ള ശബ്ദമാണ് ജലന്ധർ ബിഷപ്പിനെതിരെ പ്രതികരിച്ചത്.

ശബ്ദിക്കാൻ കഴിയാത്തവരെ അതിക്രമിച്ചു കീഴടക്കുകയെന്നതാണ്, അധികാരം കൈമുതലായുള്ള  പുരോഹിതരുടെ നയം. സ്വന്തം കാമം പൂർത്തികരിക്കപ്പെട്ടശേഷം ഇവർ പാവപ്പെട്ട കന്യാസ്ത്രീകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരു മുതിർന്ന സിസ്റ്ററിനോട് ഇത്രമാത്രം അപകീർത്തികരമായ പ്രവർത്തികൾ ചെയ്ത ഈ ബിഷപ്പ് തീർച്ചയായും കൊച്ചു കന്യാസ്ത്രികളുടെയും കന്യകാത്വം അപഹരിച്ചു കാണും. സഭയ്ക്ക് അപകീർത്തികരമായ ലൈംഗിക കഥകൾ പുറത്തു വരുമെന്ന് ഭയപ്പെട്ട് 'ജലന്തർ രൂപത', കന്യാസ്‌ത്രിയെയും കന്യാസ്ത്രീയുടെ കുടുംബത്തെയും ഭീക്ഷണിപ്പെടുത്തിയതായ വാർത്തകളും പുറത്തു വരുന്നു.

പണവും പ്രതാപവും അധികാരവുമില്ലാത്ത പാവപ്പെട്ട ഒരു സാധാരണ വ്യക്തി എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്‌താൽ യാതൊരു ദയാ ദാക്ഷണ്യവും ഇല്ലാതെ നിയമവും വ്യവസ്ഥിതികളും പ്രതിയെ ഉടൻ അറസ്റ്റു ചെയ്യും. എന്നാൽ ഭാരതത്തിൽ ബിഷപ്പിനും പുരോഹിതർക്കും മറ്റൊരു നിയമമാണ് നിലവിലുള്ളത്. പരാതി കൊടുത്ത കന്യാസ്‌ത്രിയെയും കുടുംബത്തെയും കേസിൽ നിന്ന് പിൻവാങ്ങാനായി സമ്മർദ്ദവും കൊടുക്കുന്നുണ്ട്. കുറ്റക്കാരെ രക്ഷിക്കാൻ സഭ എത്ര പണം ചെലവാക്കിയും അധികാരികളെ പ്രീതിപ്പെടുത്തുകയും ചെയ്യും.

കന്യാസ്ത്രി മഠങ്ങളിൽ പോയി കന്യാസ്ത്രീകളെ പീഡിപ്പിക്കുകയെന്നത് ജലന്ധർ ബിഷപ്പിന്റെ വർഷങ്ങളായുള്ള പ്രവൃത്തികളായിരുന്നുവെന്ന് മറ്റു കന്യാസ്ത്രികളും ആരോപിക്കുന്നു. ഇന്ത്യയുടെ ശിക്ഷാ വിധിയനുസരിച്ച് ലൈംഗികാക്രമണ കേസുകളിൽ അറസ്റ്റ് ഉടൻ ഉണ്ടാവേണ്ടതാണ്. എന്നാൽ അങ്ങനെയൊന്ന് നിയമവ്യവസ്ഥ പാലിക്കേണ്ടവരുടെ വശത്തുനിന്നും ഉണ്ടായില്ല. നിരപരാധികളെ സ്വന്തം വീട്ടിൽനിന്നും പുറത്തിറക്കി ചവുട്ടി കൊല്ലാനുള്ള തന്റേടം പോലീസ് പ്രകടിപ്പിക്കാറുണ്ട്. കന്യാസ്ത്രിയുടെയും അവരുടെ സുഹൃത്തുക്കളായ കന്യാസ്ത്രികളുടെയും സ്വന്തം പിതാവിന്റെയും പരാതികൾ പോലീസിന്റെ കൈവശമുണ്ട്. പുരോഹിതർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപെടാൻ മതവും പൗരാഹിത്യവും അവരുടെ കുപ്പായങ്ങളും ദുരുപയോഗപ്പെടുത്തുന്നു. ഇന്ത്യയിലെ നിയമങ്ങൾ അവർക്ക് ബാധകമല്ലെന്നുള്ള മട്ടിൽ പെരുമാറുകയും ചെയ്യുന്നു. ഇതെല്ലാം മനസ്സിലാക്കിയിട്ടും വിശ്വാസികൾ അഴിമതിക്കാരായ പുരോഹിതരോടും വിധേയത്വം പുലർത്തി അവരെ ദൈവതുല്യരായി കരുതുകയും ചെയ്യുന്നു. ചൂഷണവും പീഡനവും അനുഭവിക്കുകയെന്നത് അല്മെനികളുടെ മതപരമായ താല്പര്യത്തിനും ആവശ്യമാണ്. അതുകൊണ്ടു ബിഷപ്പിന് ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയുമായിരിക്കും.

ഒരു പുരോഹിതൻ വ്യപിചാരക്കുറ്റത്തിനു പിടിക്കപ്പെട്ടാൽ സഭ കുറ്റം ചെയ്തവന്റെ പക്ഷത്തായിരിക്കും. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിക്ഷ്യരിൽ ഒരാളായ യൂദാ പിഴച്ച കഥയും വിളമ്പും. കൂടാതെ അനേകം പുരോഹിതർ നല്ലവരായി ജീവിക്കുന്ന മഹത്വവും മാതൃകയായി അവതരിപ്പിക്കും.  പിഴച്ചു പോയ പുരോഹിതരല്ല ക്രിസ്തുവാണ് സഭയെന്നൊക്കെ പറഞ്ഞു വിശ്വാസികളുടെ കണ്ണിൽ പൊടിയിടും. ഒരിക്കലും കുറ്റകൃത്യങ്ങൾക്കു ബലിയാടാകുന്നവരുടെ പക്ഷം കൂടി സംസാരിക്കുന്ന ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. 2017 ഫെബ്രുവരിയിൽ റോബിൻ വടക്കഞ്ചേരി എന്ന ലൈംഗിക കുറ്റവാളിയായ പുരോഹിതൻ പ്രായ പൂർത്തിയാകാത്ത പെൺക്കുട്ടിയെ ഗർഭിണിയാക്കി. അയാൾ മാനേജരായിരുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു, ആ കുട്ടി. എന്നാൽ പോലീസ് കുറ്റവാളിയെപ്പറ്റി അന്വേഷണം നടത്തുന്ന വേളകളിൽ അയാളുടെ കുറ്റകൃത്യങ്ങളെ മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടൻ മറച്ചു വെക്കാനാണ് ശ്രമിച്ചിരുന്നത്.

ഒരു പുരോഹിതനിൽ നിന്നും അവിഹിത ബന്ധത്തിൽ കുട്ടികളുണ്ടായാൽ അക്കാര്യം രഹസ്യമാക്കുവാൻ ഹോസ്പിറ്റലുകളും അനാഥാലയങ്ങളും സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചാലും സഭാവക ഹോസ്പിറ്റലുകളോ അവിടുത്തെ ഡോക്ടർമാരോ ഈ വിവരം അധികാരികളെ അറിയിക്കുകയുമില്ല. അവിഹിതമായി ജനിക്കുന്ന കുഞ്ഞുങ്ങളെ കന്യാസ്ത്രികൾ എടുത്തുകൊണ്ടു പോയി സഭാവക അനാഥാലയങ്ങളിൽ വളർത്തുകയും ചെയ്യും.

ക്രിസ്ത്യൻ സഭകളുടെ പ്രസിദ്ധീകരണമായ ശാലോം മാഗസിനിൽ വന്ന വാർത്തയും വിചിത്രമായിരുന്നു. ലൈംഗിക കുറ്റാരോപണ വിധേയനായ ഫാദർ റോബിനെ ന്യായികരിച്ചുകൊണ്ടുള്ള വാർത്തയായിരുന്നു അത്. ശാലോം മാസിക റോബിന്റെ കുഞ്ഞിനെ പ്രസവിച്ച കൗമാരക്കാരിയായ  അമ്മയെ ഉപദേശിച്ചുകൊണ്ടു എഴുതി, "മോളെ നിനക്ക് പതിനഞ്ചു വയസു കഴിഞ്ഞവളായിരുന്നു. എന്റെ മകളെപ്പോലെ നിന്നോട് ഞാൻ പറയട്ടെ, നീയും തെറ്റുകാരിയാണ്. ദൈവത്തിന്റെ മുമ്പിൽ ആദ്യം ഉത്തരം പറയേണ്ടത് നീയായിരിക്കും. നീ ഫാദർ റോബിനുമായി ലൈംഗിക ബന്ധം തുടർന്നപ്പോൾ അദ്ദേഹം ഒരു പുരോഹിതനായിരുന്ന കാര്യം നീ എന്തുകൊണ്ട് ചിന്തിച്ചില്ല? ദുർബല നിമിഷങ്ങളിൽ ബലഹീനതകൾ ഏതു മനുഷ്യനും വന്നു ഭവിക്കാം. അദ്ദേഹം ഒരു പുരോഹിതനെന്ന കാര്യവും ഓർത്തുകാണില്ലായിരിക്കാം. പരിശുദ്ധ കുർബാന സ്വീകരിക്കുന്ന കുഞ്ഞേ നീ എന്തുകൊണ്ട് അദ്ദേഹത്തെ തടഞ്ഞില്ല! തെറ്റാണെന്ന് അദ്ദേഹത്തെ ബോധവൽക്കരിച്ചുകൊണ്ടു തിരുത്തിയില്ല?"

2016 ഫെബ്രുവരിയിൽ 'എഡ്വിൻ ഫിഗരേസ്' എന്ന പുരോഹിതൻ! പതിന്നാലു വയസുള്ള ഒരു കുട്ടിയെ  പീഡിപ്പിച്ചിരുന്നു. 2015 ജനുവരിക്കും മാർച്ചിനും ഇടയ്ക്കായിരുന്നു അയാൾ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിന് അയാൾക്ക് ഇരട്ടി ജീവപര്യന്തം ലഭിക്കുകയും ചെയ്തു. ഒമ്പതു വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 2014-ൽ തൃശൂരുള്ള 'രാജു കൊക്ക'നെന്ന മറ്റൊരു പുരോഹിതനെയും   അറസ്റ്റ് ചെയ്തിരുന്നു. ആദ്യകുർബാനയ്ക്കുള്ള ഡ്രസ്സിന്റെ അളവെടുക്കുന്ന വ്യാജേനയാണ് ഈ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. 2016-ൽ കോയമ്പത്തൂരിൽ ഫാദർ ആരോഗ്യ രാജിനെ പ്രായപൂർത്തിയാകാത്ത പതിനേഴു വയസുളള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നു കളഞ്ഞതിലും അറസ്റ്റു ചെയ്തു. നാളിതു വരെയായിട്ടും കേരള ഹൈക്കോടതി കേസിനു യാതൊരു തീരുമാനവും എടുത്തിട്ടില്ല. 2013ൽ ദുരൂഹ സാഹചര്യത്തിൽ ഈ പെൺകുട്ടി ഫാദർ ആരോഗ്യ രാജിന്റെ മുറിയിൽ മരിച്ചുകിടക്കുന്നതായിരുന്നു കണ്ടത്. ആദ്യം ഈ കേസ് ആത്മഹത്യയായി വരുത്തി വെച്ചു. എന്നാൽ കുട്ടിയുടെ അമ്മയുടെ തീവ്ര പരിശ്രമം മൂലം അതൊരു കൊലപാതകമെന്നും തെളിഞ്ഞു. പുരോഹിതൻ ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നു സമ്മതിച്ച പ്രകാരം പൗരാഹിത്യത്തിന്റെ ചുമതലകളിൽ നിന്നും അയാളെ മാറ്റുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഒരു കോൺവെന്റിലുണ്ടായിരുന്ന യുവ കന്യാസ്ത്രിയായ 'സിസ്റ്റർ അനിതയുടെ' പരാതിയും വാർത്തകളിൽ പ്രാധാന്യം നേടിയിരുന്നു. 2011-ൽ അവർ ഒരു ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന സമയം ഒരു പുരോഹിതൻ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ നിന്നുകൊടുത്തില്ല. അതിന്റെ പേരിൽ ആ പുരോഹിതൻ കന്യാസ്ത്രിയ്ക്കെതിരെ അധികാരം ഉപയോഗിച്ച് പലവിധ മാനസിക പീഡനങ്ങളും നല്കിപ്പോന്നു. കാമഭ്രാന്തു പിടിച്ച ആ പുരോഹിതന്റെ പീഡന വിവരം അധികാരികളെ അറിയിച്ചതിന് എല്ലാവിധ സഹനങ്ങളും ആ യുവ കന്യാസ്ത്രിക്ക് മഠത്തിലെ സഹ സിസ്റ്റേഴ്‌സിൽനിന്നും സഹിക്കേണ്ടി വന്നു. അതിന്റെ പേരിൽ ഇറ്റലിയിലേക്ക് അവർക്കു സ്ഥലം മാറ്റം കൊടുക്കുകയും ചെയ്തു. അവിടെയും ഇതിന്റെ പേരിൽ കൂടുതൽ പീഡനങ്ങൾ നേരിടേണ്ടി വന്നു. പാതിരാത്രിക്ക് യുവതിയായ ഈ കന്യാസ്ത്രിയെ മഠത്തിൽ നിന്നു ഇറക്കി വിടുകയുമുണ്ടായി. ചില മലയാളി സംഘടനകളുടെ സഹായത്തോടെ അവർ ഇന്ത്യയിൽ മടങ്ങി വന്നു. അവരുടെ ആലുവായിലുള്ള മഠം അവരെ അകത്തു കയറാൻ അനുവദിക്കാതെ വീണ്ടും പുറത്താക്കുകയും ചെയ്തു. കൊണ്ടുവന്ന പെട്ടിയും കിടക്കയും പുറത്തേക്ക് അവിടുത്തെ ക്രൂരരായ കന്യാസ്ത്രികൾ വലിച്ചെറിഞ്ഞു. സിസ്റ്റർ അനിത കോൺവെന്റിനു മുമ്പിൽ നിരാഹാര സത്യാഗ്രഹം കിടക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ എറണാകുളം രൂപത ഇതിൽ ഇടപെടുകയുണ്ടായി. പന്ത്രണ്ടു ലക്ഷം രൂപ കൊടുത്ത് കേസ് ഒത്തുതീർപ്പിലാക്കുകയും ചെയ്തു.

മാടത്തരുവി കേസും അഭയാ കേസും സഭയുടെ ചരിത്രത്തിൽ ഏറ്റവും വിവാദപരമായ രണ്ടു കേസുകളായിരുന്നു. മാടത്തരുവി കേസ്സിൽ മറിയക്കുട്ടിയെന്ന വിധവയായ സ്ത്രീയെ ഫാദർ ബെനഡിക്ക്റ്റ് കത്തികൊണ്ട് കുത്തി കൊന്നശേഷം മൃതദേഹം റാന്നിയ്ക്കടുത്തുള്ള മാടത്തരുവിൽ ഉപേക്ഷിച്ചു. ഈ കേസിൽ കീഴ്കോടതി അയാളെ തൂക്കാൻ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ സുപ്രസിദ്ധനായ വക്കീൽ 'ചാരി'യുടെ വാദത്താൽ ബെനഡിക്റ്റ് മോചിതനാവുകയും ചെയ്തു.  ബെനഡിക്റ്റ് കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയില്ലെങ്കിലും തെളിവുകളുടെ അഭാവത്തിൽ നിരുപാധികം മോചിപ്പിക്കുന്നുവെന്നായിരുന്നു വിധി.

1992-ൽ സിസ്റ്റർ അഭയ എന്ന ഇരുപതു വയസുകാരി കോട്ടയം പയസ് മൗണ്ടിലുള്ള കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തെ പോലീസ് ഈ കേസ് ഒരു ആത്മഹത്യയാക്കി മാറ്റി കേസ് ഇല്ലാതാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം 1993-ൽ കേസ് വീണ്ടും പുനാരാരംഭിച്ചു. സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ചെയ്തു. ഫാദർ പുതൃക്കയിലും ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഈ കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നുവെന്ന ആരോപണവും ഉയർന്നു. കുറ്റവാളികളെന്നു കരുതുന്ന ഇവർ മൂവരെയും അറസ്റ്റു ചെയ്യുകയും ചെയ്തു. സി.ബി.ഐ.യുടെ അന്വേഷണത്തിൽ ഈ രണ്ടു പുരോഹിതരും ഒന്നിച്ച് സിസ്റ്റർ സെഫിയുമായി പ്രകൃതി വിരുദ്ധ ലൈംഗികതയിൽ ഏർപ്പെട്ടിരുന്നത് സിസ്റ്റർ അഭയ കണ്ടുവെന്നായിരുന്നു. സിസ്റ്റർ സെഫി കോടാലിയുടെ കൈകൊണ്ട് സിസ്റ്റർ അഭയയുടെ തലക്കിട്ടു അടിച്ചുവെന്നും സി.ബി.ഐ. കരുതുന്നു. അതിനു ശേഷം പുരോഹിതരും കന്യാസ്ത്രിയുംകൂടി അഭയായെ കിണറ്റിൽ തള്ളിയെന്നും അനുമാനിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നീണ്ട ഒരു കുറ്റാന്വേഷണ ചരിത്രമാണിത്. ആ കേസ് ഇന്നും കോടതിയിൽ തീരുമാനമാകാതെ കിടക്കുന്നു.

സഭയ്ക്കുള്ളിലെ പീഡനങ്ങൾമൂലം ബലിയാടാകുന്നവർ മറ്റാരോടും പറയാതെ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ തൃശൂർ സെന്റ് മേരീസ് കോളേജിലെ പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ജെസ്മി 'ആമേൻ' എന്ന തന്റെ ആത്മകഥയിൽ പുരോഹിതരുടെ ലൈംഗിക അസാന്മാർഗിക ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. കോൺവെന്റിലെ സ്വവര്‍ഗ്ഗാനുരാഗികളായ കന്യാസ്ത്രികളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുരോഹിതരുമൊത്തുളള ലൈംഗികതയിൽ ഏർപ്പെടുന്ന കന്യാസ്ത്രികളും അവരുടെ മറ്റു ബന്ധങ്ങളും ജെസ്മിയുടെ പുസ്തകത്തിലുണ്ട്. 178 പേജുകളുള്ള ഈ പുസ്തകം സഭയ്ക്കുള്ളിലും പുറംലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സിസ്റ്റര്‍ മേരി ചാണ്ടിയുടെ "നന്മ നിറഞ്ഞവരേ സ്വസ്തി"യെന്ന ആത്മകഥാപുസ്തകം ഒരു കന്യാസ്ത്രീയുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍നിറഞ്ഞ ജീവിതകഥയാണ്. സഭയെ ഞെട്ടിപ്പിക്കുന്ന പൌരാഹിത്യ ലൈംഗിക വാര്‍ത്തകളുമായി ഗ്രന്ഥപ്പുരയില്‍ ഈ പുസ്തകം സ്ഥാനം പിടിച്ചു കഴിഞ്ഞു. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ അമ്മ മതിൽക്കെട്ടിനുള്ളില്‍, ജീവിതം ഹോമിച്ച് സന്യാസിനീജീവിതം ഉപേക്ഷിച്ച മേരി ചാണ്ടിയുടെ സ്വാനുഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. പണമുള്ള വീടുകളിലെ അവിഹിതഗര്‍ഭങ്ങളെല്ലാം സാധാരണ പുറത്തു വരുന്നതിനുമുമ്പു ആ കഥതന്നെ നാമാവിശേഷമാകും. അരമനക്കു പണം ഉള്ളടത്തോളംകാലം കന്യാസ്ത്രീമതില്‍ക്കെട്ടിലുള്ളിലെ അരമനരഹസ്യങ്ങളും ക്രൂരതകളും തുടരുക തന്നെചെയ്യും. അസഹ്യമായ അപമാനത്തിന്‍റെയും വേദനകളുടെയും കഥകളാണ് ആശ്രമ ജീവിതത്തിനുള്ളിലുള്ളത്. ചില പെൺകുട്ടികൾ ആശ്രമത്തില്‍‍നിന്നും രക്ഷപ്പെട്ട് ഒളിച്ചോടുന്നു. മറ്റു ചിലർ ആത്മഹത്യ ചെയ്യുന്നു. പെണ്‍ക്കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന പല പുരോഹിതരെയും കന്യാസ്ത്രീവളപ്പില്‍ കാണാം. അത്തരം സംഭവങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ ‍കുറ്റവാളിയായ പുരോഹിതനൊപ്പമേ സഹകന്യാസ്ത്രീകളും നില്‍ക്കുകയുള്ളൂ.

മേരി ചാണ്ടിയുടെ ജീവിതത്തിലും ദുഖകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആറാംവയസ്സുമുതല്‍ യേശുവിനെമാത്രം ഹൃദയത്തിലെന്നും താലോലിച്ചുനടന്ന ഈ സഹോദരിയെ ഒരു പുരോഹിതന്‍ ബലാല്‍സംഗം ചെയ്യാനായി ശ്രമിച്ചതും സംഭവിക്കരുതാത്ത ഒരു അനുഭവം ആയിരുന്നു. ‍തന്‍റെ ചാരിത്രത്തിനു കളങ്കം വരുത്തുവാന്‍ ശ്രമിച്ച അയാളെ മേരി നല്ലവണ്ണം കൈകാര്യം  ചെയ്തു. പുരോഹിതൻ എന്തു  തെറ്റുചെയ്താലും പ്രതികരിക്കരുതെന്നുള്ള എഴുതപ്പെടാത്ത ഒരു നിയമവും കന്യാസ്ത്രി മഠങ്ങളിലുണ്ടായിരുന്നു. അന്നു മേരിക്കു പ്രായം ഇരുപതുവയസ്സു മാത്രം. ചേവായൂര്‍മഠം ആശ്രമത്തിലാണു ബലാല്‍സംഗത്തിനു പുരോഹിതൻ തുനിഞ്ഞത്. ഒരു സുപ്രഭാതത്തില്‍ കുര്‍‍ബാനയ്ക്കുശേഷം രാവിലത്തെ ഭക്ഷണം നല്കിയപ്പോഴായിരുന്നു സംഭവം. പുരോഹിതന്‍റെ കള്ളനോട്ടം കണ്ടപ്പോഴേ മേരി വിറക്കുവാൻ തുടങ്ങിയിരുന്നു. പ്രഭാതഭക്ഷണം കൊടുക്കാതെ പിന്‍‍വാങ്ങാൻ ശ്രമിച്ചു. പുരോഹിതന്‍, ‍കസേരയില്‍നിന്നും എഴുന്നേറ്റു വാതിലിനു കുറ്റിയിടുകയും ബലമായി കൈകളില്‍ കയറിപ്പിടിക്കുകയും ചെയ്തു. "മേരി നിനക്ക് ഇതൊക്കെ അറിയില്ലേ" എന്നു പറഞ്ഞു അയാള്‍ മേരിയെ മാറോടമര്‍‍ത്തി. തന്‍റെ നിലവിളിച്ചുള്ള കരച്ചിലിന് ആരും ചെവികൊടുത്തില്ല. അയാളില്‍നിന്നും വിടുവിച്ച് ഓടിയ ഈ സഹോദരിയുടെ പിന്നാലെ പിടിക്കുവാന്‍ അയാൾ വീണ്ടും വന്നു. അപ്പോഴാണു കയ്യില്‍കിട്ടിയ സ്റ്റൂള്‍വെച്ച് നിര്‍ദ്ദയമായി പുരോഹിതനെ മര്‍ദ്ദിക്കേണ്ടിവന്നത്. അയാളുടെ നെറ്റിത്തടത്തില്‍നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു. മേരിയെ മഠം അധികാരികൾ ദ്രോഹിയായും കുറ്റവാളിയായും ചിത്രീകരിച്ചു.

ജെസ്മിയുടെ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത് !"ഒരു സ്ത്രീയുടെ ചാരിത്രം കവർ‍ന്നെടുത്താൽ, ലൈംഗികമായി പീഡിപ്പിച്ചാൽ‍ പ്രതികരിക്കുന്നവരില്ലേ? ആയിരത്തിലൊരാളെങ്കിലും പ്രതികരിക്കുകയില്ലേ? കന്യാസ്ത്രീ സഹോദരികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കൂ? നിസ്സഹായരായ അവർ ഒരിക്കലും പ്രതികരിക്കുകയില്ല. കന്യകാത്വം നഷ്ടപ്പെട്ടാൽ, സന്യാസിനിജീവിതം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു."

ബിഷപ്പ് ഫ്രാങ്കോയുടെ ഇരയായ കന്യാസ്ത്രീ കരഞ്ഞു. ചാരിത്രവ്രതം നഷ്ടപ്പെട്ടതിൽ ഒറ്റക്കും കരഞ്ഞു. ഒരു തീരുമാനത്തിനായി മുട്ടാവുന്ന വാതിലുകൾ എല്ലാം അവർ മുട്ടി. സഭയുടെ മൗനം മാത്രമായിരുന്നു അവർക്കുള്ള മറുപടി. പൂർവികരുടെ അദ്ധ്വാനഫലവും പിടിയരിയും കൊടുത്തു സമ്പാദിച്ച സ്വത്തുക്കൾ പുരോഹിതരുടെ ലൈംഗിക പീഡന കേസുകൾക്കായി ചെലവഴിക്കുന്ന കാഴ്ചകളാണ് ഇന്ന് കേരള കത്തോലിക്ക സഭയിൽ കാണുന്നത്. മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും അഭയാക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത അൾത്താരപ്പണം കുറ്റവാളികളായ പുരോഹിതർക്കു വേണ്ടി ചെലവഴിക്കുകയായിരുന്നു. പണവും പ്രതാപവും പിടിപാടും കാരണം ഈ രണ്ടു കേസുകളിലും ഉൾപ്പെട്ടിരുന്ന പുരോഹിതർ ഇന്ത്യൻ നിയമവ്യവസ്ഥയെ തന്നെ വിലയ്ക്കു വാങ്ങുകയും ചെയ്തു. ബെനഡിക്റ്റ് ഓണംകുളവും, സെഫിയും, കൊട്ടൂരും പുതൃക്കയുമെല്ലാം കുറ്റക്കാരെന്ന് യുക്തിപൂർവം ചിന്തിക്കുന്നവർക്ക് അറിയാമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതരുടെ നെയ്തെടുത്ത നുണകളേ വിശ്വസിക്കുള്ളൂ. അതുപോലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും വിശുദ്ധ നുണകൾകൊണ്ട് വിശ്വാസികളെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു.











No comments:

Post a Comment