Translate

Thursday, July 26, 2018

ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ പ്രസംഗം


''കത്തോലിക്കാസഭയിലെ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീകളും കുട്ടികളും പ്രതികരിക്കുക''

''സഭയുടെ സ്വത്തു കൈകാര്യം ചെയ്യേണ്ടത് വിശ്വാസസമൂഹമാണ്'' 

 കത്തോലിക്കാസഭയിലെ ഏകാധിപത്യപ്രവണതയ്‌ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതാ വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി. ഭൂമി കുംഭകോണങ്ങളും പീഡനവാര്‍ത്തകളും ഇന്ന് വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന ആദിവാസികളുടെ മക്കള്‍ പട്ടിണികിടന്നു മരിക്കുന്ന ഈ കേരളത്തില്‍ നമ്മള്‍ ജീവിക്കുമ്പോഴാണ്, ഈ ഭൂമികുംഭകോണങ്ങള്‍ നടക്കുന്നത്. 130 വര്‍ഷത്തിനു മുമ്പുള്ള, പണം നല്കാന്‍ കഴിയാത്ത മനുഷ്യന്‍, തന്റെ വിയര്‍പ്പിന്റെകൂടി വില പള്ളിക്ക് നല്കണമെന്ന് ആഗ്രഹിച്ച ഒരു തലമുറ, പിടിയരി പിരിച്ച് സമാഹരിച്ച സ്വത്താണ് ധൂര്‍ത്തടിക്കപ്പെടുന്നത്. ജനത്തിന്റെ നിശ്വാസമാണ് ആ സ്വത്ത്. ജനം വിശ്വസിച്ചേല്പിച്ച സ്വത്ത്. അത് ധൂര്‍ത്തടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
            ചേര്‍ത്തല കോക്കമംഗലം മാര്‍ത്തോമ്മാ തീര്‍ഥാടനദേവാലയത്തില്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ്, സഭയിലെ അടിച്ചമര്‍ത്തലുകള്‍ക്കും ഏകാധിപത്യത്തിനുമെതിരെ അദ്ദേഹം തുറന്നടിച്ചത്. 'രാഷ്ട്രത്തിന്റെ നിയമംകൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കാമെന്ന് ആരെങ്കിലും കരുതുന്നത് തെറ്റാണെ'ന്ന് ഭൂമിവിവാദം കത്തിനില്ക്കുന്ന സമയത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളിയാഴ്ച സന്ദേശം നല്കിയ അതേ വേദിയില്‍ നിന്നുകൊണ്ടാണ് ഫാ.അഗസ്റ്റിന്‍ വട്ടോളി സഭയിലെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
            ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഭയപ്പെടേണ്ട. ഇതിലും വലിയ പ്രതിസന്ധിയിലൂടെ മധ്യകാലഘട്ടത്തില്‍ സഭ കടന്നുപോയിരുന്നു. ഇപ്പോള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും നിരാശപ്പെടരുത്. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. പലതും വെളിച്ചത്തേക്ക് വരുന്നു. പലതും മറച്ചുവച്ചിരുന്നു. അവ ഇന്ന് വെളിച്ചത്തേക്ക് വരികയാണ്. ഭയപ്പെടരുത്. ക്രിസ്തുവാണ് നമ്മെ നയിക്കുന്നതെന്നും ഫാ.അഗസ്റ്റിന്‍ വട്ടോളി ഓര്‍മിപ്പിച്ചു.
            ആത്മീയത എന്നു പറഞ്ഞാല്‍ വായ്പൂട്ടിയിരിക്കലല്ല. മനുഷ്യജീവിതങ്ങള്‍ ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ സഭ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ആ ദുരന്തത്തില്‍നിന്നു കരകയറണം. സഭയുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത് വിശ്വാസിസമൂഹമാണ്. ക്രിസ്തുവിന്റെ കാലത്ത് സ്ഥാവര-ജംഗമ വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത് ശിഷ്യന്മാരാണ്. ആദിമസമൂഹത്തിലും ഇപ്രകാരമായിരുന്നു. സ്വത്ത് മെത്രാന്മാരുടെയും മാര്‍പാപ്പയുടെയും കൈകളിലേക്ക് മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
            ഇന്ന് നമ്മുടെ കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. എങ്ങനെയാണ് നമ്മുടെ അമ്മമാര്‍ ഈ ലോകത്ത് ജീവിക്കുന്നത്? നമ്മുടെ കന്യാസ്ത്രീകള്‍ ഈ ലോകത്ത് അനുഭവിക്കുന്ന പാടുപീഡകള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ അധ്വാനമാണ് നമ്മുടെ പല സ്വത്തും. അത് പുരോഹിതമേധാവികള്‍ ധൂര്‍ത്തടിക്കുന്നു. സന്ന്യാസിനികള്‍ എന്ത് സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്? പുരോഹിതനേതൃത്വത്തി
നെതിരെ സംസാരിച്ചതിന്റെ പേരില്‍ ഒരു കന്യാസ്ത്രീയെ ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചു. ഭയന്നുപോയ അവര്‍ എഴുത്തുനിര്‍ത്തി. എന്നാല്‍ എഴുത്തു നിര്‍ത്തരുതെന്നും സംസാരം തുടരണമെന്നും അവരോട് നിര്‍ദ്ദേശിച്ചു. നാം സംസാരിക്കണം. സംസാരിക്കാത്തതാണ്, നിശ്ശബ്ദതയാണ,് ഈ സമൂഹത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.
            കൂട്ടായ്മകളില്ലാത്തതാണ് സഭയും ഓരോ കുടുംബവും മക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രശ്‌നങ്ങളില്‍ കൂട്ടുനില്ക്കാന്‍ ആരുമില്ലെന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. ലോകത്തെ 121 സംസ്‌കാരങ്ങളില്‍ 119 എണ്ണവും നശിക്കാന്‍ കാരണം പുറമേനിന്നുള്ള ആക്രമണമല്ല, ഉള്ളില്‍നിന്നുള്ള ചീഞ്ഞഴുകലായിരുന്നു. ഇതുതന്നെയാണ് ക്രിസ്തുവും പറഞ്ഞത്, അന്തഃഛിദ്രമുള്ള ഭവനങ്ങള്‍ തകര്‍ന്നുപോകു മെന്ന്. യൂറോപ്പിലും മറ്റും നമ്മുടെ പല പള്ളികളും ഇന്ന് ബാറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഡാന്‍സ്ബാറുകളുമായി മാറിക്കഴിഞ്ഞു. അതിന്റെ കാരണമന്വേഷിച്ചുപോകുമ്പോഴാണ് ചീഞ്ഞഴുകലിന്റെ ബാക്കിപത്രമാണ് അവിടെ സംഭവിച്ചതെന്ന് തിരിച്ചറിയുന്നത്.
            അകവും പുറവും ഒരുപോലെയാണെങ്കില്‍ ഉള്ളിലോട്ട് നോക്കാന്‍ ഭയപ്പെടേണ്ടതില്ല. ചിന്തയും പ്രവൃത്തിയും സമാനമാണെങ്കില്‍ ഉള്ളിലോട്ട് നോക്കാന്‍ ഭയപ്പെടേണ്ടതില്ല. അതുതന്നെയാണ് ക്രിസ്തുവിന്റെ ജീവിതവും. എന്നാല്‍ ചിന്തയും പ്രവൃത്തിയും വിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് നമ്മെ ഇല്ലാതാക്കുന്നത്. ക്രിസ്തുവിന്റെ ആത്മീയത ക്രിസ്തുവിന്റെ ജീവിതംതന്നെയാണ്.
            മധ്യകാല നൂറ്റാണ്ടുകളില്‍ സഭ ഇതിലും വലിയ പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ഭയപ്പെടേണ്ട. ഇതിലും ഭീകരമായ ചെയ്തികളാണ് നമ്മുടെ നേതാക്കള്‍ ചെയ്തത്. അതിന്റെ അടിസ്ഥാനകാരണം ചോദ്യംചെയ്യപ്പെടലുകളും വിലയിരുത്തലുകളും ഇല്ലാതെപോയതാണ്. ഏതൊരു സംസ്‌കാരവും നശിക്കാന്‍ കാരണം വിമര്‍ശനങ്ങള്‍ ഇല്ലാതെ പോകുന്നതാണ്. ഏകാധിപത്യ
പ്രവണതകള്‍ ഏറെ സജീവമാണ് എന്നു കാണാം. ലോകത്ത് ഒരുപാട് സംസ്‌കാരങ്ങള്‍ വന്നുപോയിട്ടുണ്ട്. ഒരിക്കലും നശിക്കാത്ത ഒരു സംസ്‌കാരം നിലനില്ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അതിന്റെ കൂട്ടുത്തരവാദിത്തമാണ്, കൂട്ടായ്മയാണ്. ഏകാധിപത്യപ്രവണതകളാണ് പല സംസ്‌കാരങ്ങളെയും നശിപ്പിച്ചത്; പല പ്രസ്ഥാനങ്ങളെയും നാടുകളെയും ഭവനങ്ങളെയും ഇല്ലാതാക്കിയത്. ഒറ്റയ്ക്കു തീരുമാനിക്കുന്ന പതിവ് ആദിവാസികള്‍ക്കിടയില്‍ ഇല്ല. അവിടെ താനാണ് രാജാവ് എന്ന ചിന്തയില്ല. എല്ലാവരും രാജാക്കന്മാരാണ്. കൂട്ടായ്മയിലേ തീരുമാനിക്കൂ. ഏതൊരു രാജ്യവും സ്ഥാപനവും ഭവനവും നിലനില്ക്കണമെങ്കില്‍ കൂട്ടുത്തരവാദിത്വമാണ് വേണ്ടത്.
            മുന്‍കാലത്ത് വന്ന വീഴ്ചകളില്‍, ഏകാധിപത്യപ്രവവണതകളില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടത്തിയ സ്വയം തിരുത്തലുകളാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന നേതാവാക്കിത്തീര്‍ത്തത്. ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തെ വിമര്‍ശിച്ചവരെ അദ്ദേഹം നിശ്ശബ്ദരാക്കിയിരുന്നു, അടിച്ചമര്‍ത്തിയിരുന്നു. അന്നത്തെ ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ത്തവരെ കുര്‍ബാന ചൊല്ലുന്നതില്‍നിന്നുവരെ വിലക്കിയിരുന്നു. ആ ജീവിതത്തില്‍നിന്ന് അദ്ദേഹത്തിനുണ്ടായ മാനസാന്തരമാണ്, തിരിച്ചറിവാണ് കൂട്ടുത്തരവാദിത്തവും കൂട്ടായ്മയും വളര്‍ത്തുന്ന ഒരു പ്രവര്‍ത്തനശൈലിയിലേക്ക് മാറുമെന്ന ഒരു തീരുമാനത്തിലെത്തിച്ചത്. ആ മാറ്റം ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും ഒളിഞ്ഞുനില്ക്കുന്ന സത്യം, അതുമാത്രല്ല. ആ സത്യം അദ്ദേഹം പ്രഘോഷിക്കുന്നതും നടപ്പാക്കുന്നതും കൂട്ടുത്തരവാദിത്വത്തിലും പങ്കാളിത്തത്തിലുമാണ്. ഇത്തരം കൂട്ടായ്മകളാണ് സഭയെ, ഭവനത്തെ, വ്യക്തിയെ നിലനിര്‍ത്തുന്നത്.
            നമ്മുടെ സഭയെ, സംസ്‌കാരത്തെ നിലനിര്‍ത്തുന്നത് വിയോജിപ്പുകളാണ്. പറയാനുള്ളത് പറയാന്‍ ധൈര്യം കാണിക്കണം. വിശ്വാസിസമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണത്. മാര്‍ത്തോമ്മാപാരമ്പര്യത്തിലേക്ക് തിരിച്ചുപോകണമെന്ന് എല്ലാവരും ഇപ്പോള്‍ പറയുന്നു. എന്താണ് മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പാരമ്പര്യം? അവിടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത് വിശ്വാസിസമൂഹമാണ്. ക്രിസ്തുവിന്റെ കൂട്ടത്തിലും പണം സൂക്ഷിച്ചിരുന്നത് ആരാണ്? ആ പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാനും മാര്‍പാപ്പയും ഏറ്റെടുത്തു. അന്നാരംഭിച്ചു, മാര്‍ത്തോമ്മാപാരമ്പര്യത്തിന്റെ തകര്‍ച്ച. വിശ്വാസിസമൂഹം ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം.
            ക്രിസ്തു പരിശോധിക്കാനാണ് പറഞ്ഞത്. വന്നു കാണുക എന്നാണ് പറഞ്ഞത്. എന്റെ അടുത്തുവരിക എന്നാണ് പറഞ്ഞത്. ഈ ആത്മാര്‍ഥതയിലേക്കാണ് ക്രിസ്തു നമ്മെ വിളിക്കുന്നത്; മാര്‍തോമ്മാ
ശ്ലീഹാ നമ്മെ ക്ഷണിക്കുന്നത്. മനുഷ്യജീവിതങ്ങള്‍ ഇല്ലാതെപോകുന്നതാണ് ഇന്നത്തെ സഭ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ആ ദുരന്തത്തില്‍നിന്ന് കരകയറണം. കരകയറും. അത് മിണ്ടാതിരുന്നു
കൊണ്ടല്ല, ചോദ്യം ചെയ്യാതിരുന്നുകൊണ്ടല്ല, സംസാരിക്കാതിരുന്നുകൊണ്ടല്ല, ഇടവക സംസാരിക്കണം. വിശ്വാസിസമൂഹം സംസാരിച്ചുതുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സന്ന്യാസിനീസമൂഹം സംസാരിക്കണം. പെണ്‍കുട്ടികള്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകള്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്നത് കുഞ്ഞുങ്ങളാണ്. അവര്‍ സംസാരിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
            അങ്ങനെയുള്ള ഒരു കാലഘട്ടത്തില്‍ കൂട്ടായ്മയെക്കുറിച്ച്, ഒന്നിച്ചുനില്‌ക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ട കാലമാണ്. സൗഹൃദങ്ങളും കൂട്ടായ്മകളും ബന്ധങ്ങളുമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‌കേണ്ടത്. അതിനു കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ജാതിമതങ്ങള്‍ക്കും ലിംഗത്തിനും വര്‍ണത്തിനും ഭാഷയ്ക്കും ലോകത്തിനും അതീതമായിരിക്കണം ബന്ധങ്ങള്‍. ലോകത്ത് അത്രയ്ക്കും ധ്രുവീകരണമുണ്ട്. ജാതി-മത വര്‍ഗീയതകള്‍ ഏറ്റവും തീവ്രമാകുന്ന കാലഘട്ടമാണിത്. ഇത്തരം വര്‍ഗീയതകളെ നേരിടാന്‍ ഈ ക്രിസ്തീയസമൂഹത്തിന് പറ്റുന്നില്ല എന്നത് അതിഭീകരമാണ്.
            ആത്മീയത എന്നു പറഞ്ഞാല്‍ വായ്പൂട്ടിയിരിക്കലല്ല, നിശ്ശബ്ദമായിരിക്കലല്ല, സംസാരിക്കേണ്ടത് സംസാരിക്കുകയും അറിയേണ്ടതും തിരിച്ചറിയേണ്ടതും അന്വേഷിക്കുകയും ചെയ്യണം. പറയാനുള്ളത് പറയുന്നതും മുഖത്തുനോക്കി സംസാരിക്കുന്നതും നിര്‍ഭയമായി പറയുന്നതുമാണ് ആത്മീയത. ഒളിച്ചിരിക്കുന്നതും മറഞ്ഞിരിക്കുന്നതും മൗനംപാലിക്കുന്നതും ഭയപ്പെട്ടിരിക്കുന്നതുമല്ല ആത്മീയത. തോമാശ്ലീഹായും ക്രിസ്തുവും ശിഷ്യന്മാരും അപ്രകാരമാണ്. 'വെളളയടിച്ച കുഴിമാടങ്ങളേ' എന്ന് പുരോഹിതവര്‍ഗത്തെ നോക്കി ഗര്‍ജിച്ച സിംഹത്തിന്റെ ശിഷ്യന്മാരാണ് നമ്മള്‍. ആ ആത്മീയത തിരിച്ചെടുക്കണം. ആ ആത്മീയതയിലേക്കാണ് തോമാശ്ലീഹാ നമ്മെ വിളിച്ചിരിക്കുന്നത്. 'നമുക്കും ആ ഗര്‍ജിക്കുന്ന സിംഹത്തിന്റെ കൂടെപ്പോയി മരിക്കാം' എന്നു പറയുന്ന ആത്മീയത. അതിലേക്ക് നമ്മെ ജ്ഞാനസ്‌നാപ്പെടുത്താന്‍ നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, കൂട്ടായ്മകള്‍ക്ക്,  തിരുനാളുകള്‍ക്ക്  കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
(കടപ്പാട്: 2018 ജൂലൈ 2-ന് newsgil.comല്‍ വന്ന വാര്‍ത്ത)

സത്യജ്വാല പത്രാധിപരുടെ കറിപ്പ്:

സീറോ-മലബാര്‍സഭ ജീര്‍ണ്ണതയില്‍ അമര്‍ന്നടങ്ങാതിരിക്കണമെന്നും പിളരാതിരിക്കണമെന്നും നവചൈതന്യത്തോടെ ഉയര്‍ത്തെണീക്കണമെന്നും ആഗ്രഹിക്കുന്ന മുഴുവന്‍ സഭാസമൂഹവും ഗൗരവപൂര്‍ണ്ണമായി എടുക്കേണ്ടവയാണ് ഈ വാക്കുകള്‍ എന്നുപറയാതെവയ്യ. സത്യത്തിനും നീതിക്കും സഭയിലെ സുതാര്യതയ്ക്കും വേണ്ടി മുറവിളികൂട്ടുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികസമൂഹത്തെയും അത്മായപ്രസ്ഥാനത്തെയും അടിച്ചൊതുക്കി അമര്‍ച്ചചെയ്യാന്‍ റോമിലെ പൗരസ്ത്യസംഘവും കേരളത്തിലെ കല്‍ദായവല്‍കൃത രൂപതകളും കൈകോര്‍ത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സീറോ-മലബാര്‍സഭയിലെ കണ്ണും കാതും നാവുമുള്ള മുഴുവന്‍ ജനത്തെയും ഉണര്‍ത്താനും നയിക്കാനും പോരുന്ന, പ്രവാചകശക്തിമുഴങ്ങുന്ന കാഹളനാദമായി ബഹു. വട്ടോളിയച്ചന്റെ ഈ പ്രസംഗത്തെ കാണാം.

No comments:

Post a Comment