Translate

Thursday, December 5, 2019

നടന്നുപോയ ആധാരം പള്ളിമേടയിൽ തിരിച്ചെത്തി!

പുല്ലിച്ചിറയിൽ വൻ ആഘോഷം!

അഡ്വ ബോറിസ് പോൾ



ഇക്കഴിഞ്ഞ ഓശാന ഞായറിലെ ദിവ്യബലിയർപ്പണശേഷം കൊല്ലം പുല്ലിച്ചിറ ഇടവക വികാരി ഫാ അരുൺ ആറാടൻ വെളിപ്പെടുത്തി:
"പള്ളി വസ്തുവിന്റെ ആധാരം കാണാതായി"!
കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസ് ആധാരം അടിച്ചു മാറ്റിയെന്ന് പാതിരി ശിങ്കിടികൾ നാടാകെ പ്രചരിപ്പിച്ചു.
ഇടവക പൊതുയോഗം കൂടി.
പാതിരി ആധാരം പോയ കദനകഥ വിവരിച്ചു. കൈക്കാരൻ കടത്തി എന്ന നിലയിൽ തുടങ്ങിയ ചർച്ച വഴിതിരിഞ്ഞ് പാതിരിയുടെ പങ്കിലേക്കെത്തി!
ഉടൻ പാതിരി പ്രഖ്യാപിച്ചു:
"എന്നെ സംശയിച്ചാൽ ദൈവകോപം ഉണ്ടാകും"!
കുഞ്ഞാടുകൾ ഭയവിഹ്വലരായി.
പാതിരി ഒന്നുകൂടി വെളിപ്പെടുത്തി:
"ആധാരം നടന്നുപോകില്ല. അതിന് കൈയും കാലുമില്ല."
എന്നു വെച്ചാൽ അടിച്ചുമാറ്റിയത് തന്നെയെന്ന്!
വെളിപാടുണ്ടായ കുഞ്ഞാടുകൾ അടങ്ങി. പാതിരി കൊല്ലം മെത്രാസനത്തിലേക്ക് വാറോല അയച്ചു:
"കൈക്കാരൻ ആധാരം കടത്തി".
മെത്രാൻ റവ. പോൾ ആന്റണി മുല്ലശ്ശേരിയും വികാരി ജനറൽ റവ. വിൻസെന്റ് മച്ചാടോയും ചേർന്ന് ഉടനെ കുറ്റപത്രം തയ്യാറാക്കി: "കൈക്കാരൻ ആധാരമടിച്ചു മാറ്റി".
പിന്നെ മേമ്പൊടിക്ക് കുറച്ച് സാമ്പത്തിക ആരോപണങ്ങളും!
അന്വേഷണത്തിന് റിട്ടയർഡ് എസ്.പി ജയിംസിനെ നിയമിച്ചു.
എസ്.പിയദ്ദേഹം തകൃതിയായി അന്വേഷിച്ചു.
ആധാരം കൈക്കാരൻ അടിച്ചു മാറ്റിയത് തന്നെയെന്ന് സാക്ഷിമൊഴികളാലും രേഖകളാലും തനിക്ക് വെളിവായി എന്ന് ടിയാൻ കണ്ടുപിടിച്ച് റിപ്പോർട്ട് തയ്യാറാക്കി മെത്രാച്ചന് നൽകി.
റിപ്പോർട്ടിന് കാത്തുനിൽക്കാതെ സത്യം അരമണിക്കൂർ മുമ്പേ "ബോധ്യപ്പെട്ട" മെത്രാൻ കൈക്കാരനെ മാത്രമല്ല അജപാലന സമിതിയെ മൊത്തം പിരിച്ചുവിട്ടു.
19 ശിങ്കിടികളെ പുതിയ കമ്മിറ്റിയായി വികാരി ജനറൽ പ്രഖ്യാപിച്ചു. അജപാലന സമിതി ഓഫീസ് അന്ന് തന്നെ സീൽ വച്ചു പൂട്ടുകയും ചെയ്തു.
കേസ് കൊല്ലം മുൻസിഫ് കോടതിയിലെത്തി. സെക്രട്ടറി രാഹുൽ വിൻസെന്റ്, കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസ്, സമിതിയംഗം രാജൻ വിൻസെന്റ് എന്നിവരാണ് കേസ് ഫയൽ ചെയ്തത്. കേസ് നിലനിൽക്കേ, അജപാലന സമിതി ഓഫീസ് പൊളിച്ചു കയറുമെന്ന് കാണിച്ച് വികാരി ജനറൽ സെക്രട്ടറിക്കും കൈക്കാരനും നോട്ടീസയച്ചു.
വികാരിയുടെ ദുരുദ്ദേശം മനസ്സിലാക്കിയ അവർ കോടതിയെ സമീപിച്ചു.
കോടതി നിയമിക്കുന്ന അഭിഭാഷക കമ്മീഷൻ ഓഫീസ് തുറന്ന് സാധന സാമഗ്രികളുടെ പട്ടിക തയ്യാറാക്കാൻ ഉത്തരവായി.
പൊളിച്ചു കയറാനുള്ള മെത്രാസന ശ്രമം പാളി.
പുല്ലിച്ചിറയിൽ ഡിസംബറിൽ പെരുന്നാളാണ്.
വീണ്ടും ശിങ്കിടികൾ കുപ്രചരണം തുടങ്ങി.
ഓഫീസിൽ പെരുന്നാൾ സാധനങ്ങൾ പെട്ടു പോയതിനാൽ പെരുന്നാൾ മുടങ്ങുമെന്നായി പ്രചരണം.
രാഹുൽ വിൻസെന്റും, സെബാസ്റ്റ്യൻ കാർളോസും, രാജൻ വിൻസെന്റും അടുത്ത ഹർജി ഫയൽ ചെയ്തു.
അത് കോടതി അനുവദിച്ചു.
പെരുന്നാളിന് ആവശ്യമുള്ളതെല്ലാം കമ്മീഷണർ എടുത്ത് വികാരിക്ക് കൊടുത്ത് രസീത് വാങ്ങണം എന്ന് കോടതി ഉത്തരവായി.
കള്ള പ്രചരണം അതോടെ പൊളിഞ്ഞു.
ഇനിയാണ് ക്ലൈമാക്സ്:
കമ്മീഷനും കക്ഷികളും ഇരുഭാഗം വക്കീലന്മാരും പള്ളിയിലെത്തി.
ഓഫീസ് തുറന്നു.
പെരുന്നാളിന്‌ ഉപയോഗിക്കുന്ന ചില സാധനങ്ങൾ പള്ളിമേടയ്ക്കുള്ളിലെ മുറിക്കുള്ളിലെ ലോക്കർ മുറിയിലാണ്.
വികാരി സൂക്ഷിക്കുന്നതുൾപ്പെടെയുള്ള മൂന്ന് താക്കോലുകൾ ഉപയോഗിച്ച് ലോക്കർ തുറന്നു.
സ്വർണ്ണക്കിരീടമൊക്കെ പരിശോധിച്ച് വികാരി ഏറ്റുവാങ്ങി.
ലോക്കറിൽ അതാ ഒരു സ്യൂട്ട് കേസ് ഇരിക്കുന്നു.
ഉള്ളിൽ വിവിധ ആധാരങ്ങൾ.
കമ്മീഷണർ എല്ലാം പരിശോധിച്ച് ലിസ്റ്റ് തയ്യാറാക്കി.
അപ്പോഴതാ കൂട്ടത്തിൽ കൈക്കാരൻ "അടിച്ചുമാറ്റിയ" ആധാരം!
ഇപ്പോഴത്തെ വികാരിയും കൂട്ടരും ഞെട്ടി.
പള്ളിമേടയിൽ വികാരിയുടെ ഓഫീസ് മുറിക്കുള്ളിലാണ് ഈ ലോക്കർ മുറി!
അരുൺ ആറാടൻ എന്ന മുൻ വികാരി കൈക്കാരനെ പ്രതിയാക്കാനുപയോഗിച്ച ആരോപണം വെറും പച്ചക്കള്ളമെന്ന് തെളിഞ്ഞു.
റവ. മുല്ലശ്ശേരി മെത്രാൻ കൈയ്യൊപ്പിട്ട കുറ്റാരോപണ ചാർജ് വെറും പച്ചക്കള്ളമെന്നും തെളിഞ്ഞു.
കൈക്കാരന്റെ കുറ്റം തെളിഞ്ഞെന്ന് വിധി പറഞ്ഞ റിട്ട എസ്.പി ജയിംസിന്റെ വിധി നട്ടാൽ കുരുക്കാത്ത പച്ചക്കള്ളമായി മാറി.
ഇതാണ് ദൈവവിധി.
പക്ഷെ, ഈ ദൈവവിധി പുല്ലിച്ചിറക്കാരെ അറിയിക്കാനായി പള്ളിയിൽ വിളിച്ച് പറയണമെന്ന് സഭാധികാരികൾക്ക് തോന്നുന്നതേയില്ല!
മുൻ വികാരി പള്ളിമേടയ്ക്കുള്ളിലെ ലോക്കറിൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ചുവെച്ച സത്യം പുല്ലിച്ചിറ മാതാവിന്റെ ദിവ്യശക്തിയാലാവണം ഇത്ര പെട്ടെന്ന് പുറത്ത് വന്നതെന്ന് പുല്ലിച്ചിറക്കാർ വിശ്വസിക്കുന്നു.
ദൈവത്തിന്റെ കനത്ത പ്രഹരം കരണത്ത് ഏറ്റ ഈ കള്ളസാക്ഷ്യക്കാർ കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസിനോട് മാപ്പ് പറയണം.
അല്പമെങ്കിലും അന്തസ്സ് ഉണ്ടെങ്കിൽ.....
പുല്ലിച്ചിറ പെരുന്നാൾ വന്നെത്തി.
ഈ കള്ള സാക്ഷ്യക്കാർ പുല്ലിച്ചിറക്കാരോടും പരസ്യമായി മാപ്പിരക്കണം.
അതിനുള്ള ക്രൈസ്തവികത അവർ കാണിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


No comments:

Post a Comment